വയനാട്ടില്‍ താമസിച്ചിരുന്ന കാലത്താണ് ഓണം ഏറ്റവും കേമമായി ആഘോഷിച്ചിരുന്നത്.ഹൌസിംഗ് കോളനിയായതുകൊണ്ട് ധാരാളം കൂട്ടുകാരൊക്കെ കാണും.ഓണത്തിന് രണ്ടു ദിവസം മുമ്പേ ഒരുക്കം തുടങ്ങും.ആദ്യപടി ഊഞ്ഞാലിടുക എന്നതാണ്.മുതിര്‍ന്ന ചേട്ടന്മാര് മരത്തില്‍ കയറി ഊഞ്ഞാല് കെട്ടിത്തരും.പിന്നെ ഊഞ്ഞാലാടാന്‍ ഒരു മത്സരമാണ്.ഓലപ്പന്ത് കൊണ്ടുള്ള നാനാവിധ കളികളാണ് എല്ലാര്ക്കും താല്പര്യം.
അത്തമായാല്‍ പൂപറിക്കാന്‍ ഒരോട്ടമാണ്.സൈക്കിളെടുത്തു കുട്ടിപ്പട ഇറങ്ങിയാല്‍ പിന്നെ വീടായ വീടുകളിലെയൊക്കെ ചെടികള്‍ മൂടടക്കം പറിച്ചിട്ടെ മടങ്ങിവരൂ.വട്ടയിലയിലാണ് പൂക്കള്‍ ശേഖരിക്കുക.കൊങ്ങിണി, മല്ലിക, തെച്ചി എന്നിവയാണ് ഫേവറേറ്റു പൂക്കള്‍. എന്നാലും ആന്തൂറിയം മുതല്‍ ശവംനാറിപൂവ് വരെ ഉപയോഗിക്കും.പച്ചില അരിഞ്ഞിടാറുണ്ട്. പച്ച പപ്പായ അരിഞ്ഞത് സ്കെച്ച് പെന്‍ കളറില്‍ കുതിര്‍ത്തു ബ്രൌണും നീലയും പിങ്കും നിറങ്ങളിലുള്ള ആര്‍ട്ടിഫിഷ്യല്‍ പൂക്കളും ഉണ്ടാക്കാറുണ്ട്.പൂ പൈസ കൊടുത്തു വാങ്ങുന്ന പതിവില്ല. ഓരോ ദിവസവും കൂട്ടുകാരുടെ വീട്ടുകളില്‍ പോയി അവരുടെ പൂക്കളം നോക്കി എന്തെങ്കിലുമൊക്കെ കുറ്റം കണ്ടുപിടിക്കും.
തിരുവോണം കേമമാണ്. ഏറ്റവും വലിയ പൂക്കളമിടുന്നതും അന്നാണ്.അന്നത്തെ പൂക്കാളത്തിന്റെ ഡിസൈന്‍ എല്ലാവരും സീക്രട്ടാക്കിവയ്ക്കും, മറ്റുള്ളവര്‍ നമ്മുടെ ഡിസൈന്‍ കോപ്പി അടിക്കാന്‍ പാടില്ലല്ലോ. കൂട്ടുകാര്‍ ആരെങ്കിലും സദ്യയ്ക്ക് വിളിച്ചിട്ടുണ്ടാകും.കാളന്, ഓലന്‍ പുളിശ്ശേരി പിന്നെ പേരറിയാത്ത പലതരം കറികള്‍ എന്നിവ ഉണ്ടാകും.സദ്യ കഴിഞ്ഞാല്‍ പിന്നെ മഹാബലി മന്നനെ മേക്കപ്പ് ഇടീക്കാന്‍ പോകും. കൂട്ടത്തിലെ ഏറ്റവും തടിച്ച ചേട്ടനാണ് മഹാബലിയായി വേഷം കെട്ടുക. കണ്മഷി കൊണ്ട് മീശയൊക്കെ വരച്ചുകൊടുക്കും.കുപ്പിവള ഇട്ടുകൊടുക്കും.ഓലക്കുട ഇല്ലാത്തതുകൊണ്ട് പോപ്പി കുടയാണ് ഉപയോഗിക്കുക.പിന്നെ മഹാബലിയുടെ പിന്നില്‍ നാടന്‍ പാട്ടുകളൊക്കെ പാടി കോളനിയിലെ വീടുകള്‍ തോറും കയറിയിറങ്ങും.പീപ്പി, സൈക്കിള്ഹോണ് മുതലായ വാദ്യോപകരണങ്ങളൊക്കെ ബാക്ക്ഗ്രൌണ്ടില് പ്രവര്‍ത്തിപ്പിക്കും.വൈകുന്നേരമാണ് ഓണക്കളികള്‍. കസേരക്കളി മുതല്‍ ഉറിയടി വരെ ഉണ്ടാകും.ജയിക്കന്നവര്ക്ക് ശര്‍ക്കര ഉപ്പേരി മുതല്‍ ലഡ്ഡു വരെയാണ് സമ്മാനങ്ങള്‍. സന്ധ്യയായാല്‍ അടുത്ത വീട്ടുകാര്‍ പായസമോ, പ്രഥമനോ ഒക്കെ കൊണ്ട് തരും.രാത്രി ക്ഷീണിച്ചു ഉറങ്ങുമ്പോള്‍ അടുത്ത ഓണത്തെ കുറിച്ചുള്ള ചിന്തകളായിരിക്കും.
കാലം ആകെ മാറി. ഓണം വെക്കേഷന് പോലും സ്ടഡി ലീവാണ്. ഷിബ്ലുവിന്റെ നിര്യാണത്തെത്തുടർന്ന് ഈ വർഷം കോളേജില്‍ ഓണാഘോഷമില്ല. സ്ക്രാപ്പായും എസ്.എം.എസ് വഴിയും കുറെ ഓണാശംസകള്‍ കിട്ടും. പൂക്കളമിടാന്‍ പോയിട്ട് പൂപറിക്കാനുള്ള സാവകാശം പോലും ഇന്നില്ല, ഇനിയങ്ങോട്ട് ഉണ്ടാകുമെന്നും തോന്നുന്നില്ല. യന്ത്രത്തില്‍ ഇന്നത്തെ വാള്‍പേപ്പര്‍ പൂക്കളമാണ്, നാളെ അത് മാറ്റും. പരിചയമുള്ള ബ്ലോഗ്ഗര്‍മാരുടെ ഓണപ്പോസ്ടുകള് വായിക്കും. ടി.വിയില്‍ വരുന്ന തല്ലിപ്പൊളി പടങ്ങളൊന്നും കാണാന്‍ നിക്കാറില്ല. അങ്ങനെ നിശബ്ദമായി ഓരോണവും കൂടി കഴിഞ്ഞുപോകും.
കാലത്തിന്റെ കുത്തൊഴുക്കില്‍ ഓണത്തിന് സംഭവിച്ച മാറ്റങ്ങളെപ്പറ്റി വിലപിക്കാനൊനും ഞാനില്ല. വിലപിച്ചിട്ട് കാര്യവുമില്ല എന്ന് തോന്നുന്നു.
[…] ഓണസംബന്ധിയായ മറ്റു പോസ്റ്റുകള്‍ : ശ്വേതാംബരി, […]
ബ്ലോഗിലെ ആദ്യ കമന്റ് ഞാനിടാം. മലയാളം ബ്ലോഗിങ്ങ് ലോകത്തേക്ക് സ്വാഗതം. ഇവിടെ സസുഖം നീണാള്‍ വാഴുക 🙂
ആദ്യ കമന്റ് ഗുരുവിന്റെ വക തന്നെ കിട്ടിയതില്‍ അതിയായ സന്തോഷം ഉണ്ട്. ഇനിയും ധാരാളം എഴുതാനുള്ള പ്രചോദനം നല്‍കിയതിനു നന്ദി.
“പൂക്കളമിടാനൊക്കെ എന്തൊരു മെനക്കേടാ…”
-കൊള്ളാം, ചിന്ത വിപ്ലവകരം തന്നെ…
കമന്റിനു നന്ദി. വിപ്ലവകരമായ ചിന്തകള്‍ തന്നെയാണല്ലോ വിജയങ്ങളുടെ അടിസ്ഥാനം.
ശ്വേതാംബരീ നിനക്ക് മലയാള ബൂലോകത്തേക്ക് സ്വാഗതം………………………,
നന്ദി പ്രവീണ്‍.
“……കൊങ്ങിണി, മല്ലിക, തെച്ചി എന്നിവയാണ് ഫേവറേറ്റു പൂക്കള്‍…..”
——- ചെമ്പരത്തി ആയിരുന്നില്ലേ ഫേവറിറ്റ് പൂവ്….? ;-)
എന്ത് ചെയ്യാനാ..അവിടുണ്ടായിരുന്ന ചെമ്പരത്തിയെല്ലാം പാലക്കാട്ടുകാര്‍ പറിച്ചോണ്ട് പോയി.
Again another Onam…Wishing you a happy Onam…