പണ്ടെന്നോ കയ്യക്ഷരം നന്നാക്കാൻ വേണ്ടി എഴുതിക്കൂട്ടിയതാണ്. കയ്യക്ഷരം ഇവന്റ് പ്രമാണിച്ച് പഴയ എഴുത്തൊക്കെ കുത്തിപ്പൊക്കിയപ്പോൾ കിട്ടിയ ഈ അനുഭവക്കുറിപ്പ് ഫാൻസിന്റെ (?) അഭ്യർത്ഥന മാനിച്ച് പോസ്റ്റുന്നു.
ആദ്യമായി കോഴിക്കോട് വിശ്വവിദ്യാലയത്തിന്റെ പടി ചവിട്ടുന്നത് ഡ്രീംസ് ക്വിസ് ക്ളബ്ബിന്റെ ‘റിവർബറേറ്റ്സ്’ ക്വിസ്സിൽ പങ്കെടുക്കാനാണ്. ക്വിസ് മത്സരത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് ഒന്നാം വർഷ എം.ബി.ബി.എസ് പരീക്ഷാഫലം അനൗദ്യോഗികമായി പുറത്തുവന്നത്. യൂനിവേഴ്സിറ്റി ക്യാമ്പസിനുള്ളിലിരിക്കുമ്പോഴും കോളേജിലുള്ള കൂട്ടുകാർ വിളിച്ചു പറഞ്ഞപ്പോഴാണ് റിസൾട്ടറിയുന്നത് – എന്റെ പേര് ഫെയിൽഡ് ലിസ്റ്റിലില്ല. ഫെയിൽഡ് അല്ലെങ്കിൽ പിന്നെ ഞാൻ പാസ് ആണെല്ലോ എന്ന് വിചാരിച്ച് മനസിൽ പൂത്തിരി കത്തിച്ചുകൊണ്ടിരിക്കെയാണ് അടുത്ത വിളി – എന്റെ പേര് പാസ് ലിസ്റ്റിലുമില്ല. മനസിൽ കത്തിച്ചുവച്ച പൂത്തിരി വെള്ളമൊഴിച്ചു കെടുത്തി. ഔദ്യോഗികമായി റിസൾട്ട് വരുന്നത് വരെ കാത്തിരിക്കണമെന്നും, ആ ലിസ്റ്റിൽ പേരുണ്ടാകുമെന്നും, സ്ഥിരം ഒന്നാം ബെഞ്ചുകാരിയായ ഞാൻ പാസ് ആകുമെന്നും യു.യു.സി വിളിച്ചു പറഞ്ഞ് ധൈര്യം നൽകി. അങ്ങനെ മഴ കാത്തുനിൽക്കുന്ന വേഴാമ്പലിനെപ്പോലെ റിസൾട്ടും കാത്ത് ഞാൻ ഇന്റർനെറ്റിനു മുൻപിൽ കുത്തിയിരിപ്പായി (ഈ ഇരിപ്പിനിടയിലാണ് മലയാളം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത ലേഖനമായിരുന്ന കുങ്കുമം എന്ന ലേഖനം ജനിച്ചത് എന്നത് സ്വകാര്യം).
ഇനി റിസൾട്ട് വന്നിട്ട് ഞാൻ ഫെയിൽ ആകുകയാണെങ്കിൽ ചില പ്രശ്നങ്ങളൊക്കെയുണ്ട്. എൻജിനിയറിങ് പഠിക്കുന്നവരിൽ (അടിസ്ഥാന ശാസ്ത്രം പഠിക്കുന്നവരിലും :)) ഞാനറിയുന്ന എത്രയോ പേർ പല പേപ്പറുകളിൽ എട്ടു നിലയിൽ പൊട്ടുന്നു (ചിലര് പരീക്ഷ എഴുതാൻ പോകാറുപോലും ഇല്ല). എന്നാൽ വൈദ്യം പഠിക്കുന്നവർ ഒരു പേപ്പറിൽ ഫെയിൽ ആയാൽ പോലും 6 മാസം പിന്നോട്ടാവും (batch out എന്ന് ആംഗലേയം). അതുകൊണ്ട് തന്നെ ഏതെങ്കിലും പേപ്പർ എഴുതാതിരുന്നാലോ, എഴുതിത്തോറ്റാലോ സ്വന്തം ക്ളാസ്മേറ്റ്സ് സീനിയേഴ്സ് ആയി മാരും. ഈ അപകടം മുന്നിലുള്ളതുകൊണ്ട് മെഡിക്കോസ് പരീക്ഷയ്ക്ക് മരിച്ച് പഠിക്കും. സ്കൂളിൽ പഠിക്കുന്ന കാലത്ത് 90 ശതമാനത്തിനു താഴെയുള്ള മാർക്ക് എം.ബി.ബി.എസ്സുകാർ കണ്ടിരിക്കാൻ സാധ്യതയില്ല. എന്നാൽ എം.ബി.ബി.എസ് പരീക്ഷയിൽ പാസ് ആകുക (50 ശതമാനത്തിനു മുകളിൽ മാർക്ക് വാങ്ങുക) എന്നതു തന്നെ വല്ല്യ കാര്യമായിട്ടാണ് കണക്കാക്കപ്പെട്ടുവരുന്നത്.
അങ്ങനെ റിസൾട്ട് വെബ്സൈറ്റിൽ വന്നു. എന്റെ പേരിനു നേരെ ‘RESULT WITHHELD’ എന്നാണ് എഴുതിയിരിക്കുന്നത്. നേരെ കോളേജിലേക്ക് വിട്ടു. അപ്പോഴാണ് ആനി, ഗീത, ശ്രീഷ്മ എന്നീ നിർഭാഗ്യവതികൾക്കും ഇതേ പ്രശ്നമുണ്ടെന്നു മനസിലാക്കുന്നത്. അവരുമായുള്ള ചർച്ചയ്ക്കൊടുവിൽ ഞങ്ങൾ നാലു പേരും കേരള/സി.ബി.എസ്.ഇ അല്ലാത്ത ബോർഡുകളിലാണ് 12ആം തരം പാസായത് എന്നത് മനസിലായി. ഗീത ആന്ധ്ര ബോർഡും ബാക്കിയുള്ളവർ ഐ.സി.എസ്.സി ബോർഡും. കോളേജ് ഓഫീസിൽ ചെന്നപ്പോൾ ഞങ്ങളുടെ സർട്ടിഫിക്കറ്റുകൾ യൂണിവേഴ്സിറ്റിയിൽ എത്താത്ത പ്രശ്നമാണെന്നും രണ്ട് ദിവസത്തിനുള്ളിൽ ശരിയാകുമെന്നും നിർദ്ദേശം കിട്ടി. കാര്യം അന്വേഷിക്കാൻ പോയ യൂണിയങ്കാരും ഇതുതന്നെ പറഞ്ഞു.
അതും വിശ്വസിച്ച് വീട്ടിൽ പോയി മൂന്നു ദിവസം ഇരുന്നിട്ടും ഒന്നും സംഭവിച്ചില്ല. പിന്നീടാണറിയുന്നത് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഒരാഴ്ച ലീവിലാണെന്നും അങ്ങേര് വരാതെ ഞങ്ങളുടെ ഫയൽ നീങ്ങില്ലെന്നും. അതോടെ ഞങ്ങൾ സൂപ്രണ്ടിനെ പോയി കണ്ടു. അവർക്ക് വേറെന്തോ തിരക്കുണ്ടത്രെ. ഞാൻ ചൂടായി. അതു കേട്ട് സൂപ്രണ്ട് സ്വയം ഫയലെടുത്ത് ലെറ്റർ ടൈപ്പ് ചെയ്തു തന്നു. പരീക്ഷാ കോർഡിനേറ്ററെ റൂമിൽ പോയി കണ്ട് അവിടന്നും കത്ത് വാങ്ങി നേരിട്ട് യൂനിവേഴ്സിറ്റിയിലേക്ക് വിട്ടു.
അവിടെച്ചെന്ന് റിസൾട്ട് വിഭാഗത്തിൽ അന്വേഷിച്ചപ്പോൾ ഞങ്ങൾ സർട്ടിഫിക്കറ്റുകൾ അയയ്ക്കാത്തതുകൊണ്ടോ, വേരിഫിക്കേഷൻ ഫീ നൽകാത്തതുകൊണ്ടോ ആണ് റിസൾട്ട് വിത്ത് ഹെൽഡ് ആയത് എന്ന് പറഞ്ഞു. സർട്ടിഫിക്കറ്റ് വിഭാഗത്തിൽ അന്വേഷിച്ചപ്പോൾ സർട്ടിഫിക്കറ്റുകൾ എത്തിയിട്ടുണ്ടെന്നും എന്നാൽ വേരിഫിക്കേഷൻ ഫീ നൽകിയിട്ടില്ലെന്നുമായിരുന്നു മറുപടി. കൂടുതൽ അന്വേഷിച്ചപ്പോഴാണ് അറിയുന്നത്, ബാച്ചിലെ ഇരുന്നൂറു പേരുടെ ഫീ അടച്ച രസീതിയും അവിടെ എത്തിയിട്ടില്ല! പിന്നെ ഞങ്ങളുടെ റിസൾട്ട് മാത്രം എങ്ങനെ തടഞ്ഞു വയ്ക്കപ്പെട്ടു?
പിന്നെയാണ് മനസിലായത്. കേരള സിലബസ്സ് പഠിച്ചവർക്ക് റെക്കഗ്നിഷൻ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. എണ്ണത്തിൽ ഒരുപാടുണ്ട് എന്നതുകൊണ്ടും, റിസൾട്ട് വിത്ത് ഹെൽഡ് ചെയ്താൽ അവർ വന്ന് വി.സി യെ ഘരാവോ ചെയ്യും എന്നതുകൊണ്ടും അവർ സി.ബി.എസ്.സി ക്കാരെ മുകളിൽ നിന്നുള്ള ഏതോ ഉത്തരവു പ്രകാരം കയറ്റിവിട്ടു. നമ്മൾ നാലഞ്ച് മറ്റ് സിലബസ്സുകാർ പോയില്ലെങ്കിലും ക്ളാസ് നടക്കും എന്നതുകൊണ്ടും, ഘരാവോ ചെയ്യാൻ മത്രമുള്ള ആൾബലം നമുക്കില്ല എന്നതുകൊണ്ടും നമ്മടെ റിസൾട്ട് പിടിച്ചുവച്ചു. അനീതി.
വേരിഫിക്കേഷൻ ഫീ 65 രൂപ ഞങ്ങൾ അടച്ചതാണ്, അതെങ്ങനെ യൂണിവേഴ്സിറ്റിയിൽ എത്താതെ വന്നു?
അന്വേഷിച്ചപ്പോൾ തപ്പാൽ വിഭാഗത്തിൽ ഫീ എത്തിയിട്ടുണ്ട് എന്ന് മനസിലായി. എന്നാൽ അവിടെ നിന്ന് എത്തേണ്ട സ്ഥലത്തേക്കല്ല അത് അയയ്ച്ചിരിക്കുന്നത്. പണ്ട് മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റും, റെക്കഗ്നിഷൻ സർട്ടിഫിക്കറ്റും വേരിഫൈ ചെയ്യാനുള്ള ഫീ ഒറ്റ ചെലാനായി അയയ്ക്കുകയായിരുന്നു പതിവ്. എന്നാൽ ഇപ്രാവശ്യം യൂണിവേഴ്സിറ്റിയിൽ അഴിച്ചുപണി ഉണ്ടായതിനാൽ രണ്ടും വെവ്വേറെ വിഭാഗങ്ങളിലേക്കാണ് അയയ്ക്കേണ്ടിയിരുന്നത്. ഈ കാര്യം 9 മാസം കഴിഞ്ഞിട്ടും മെഡിക്കൽ കോളേജിലെ ആദരണീയരായ ഓഫീസ് ഉദ്യോഗസ്ഥർ അറിഞ്ഞിരുന്നില്ല. അവര് അയയ്ച്ച ചെലാൻ പോയത് മെട്രിക്കുലേഷൻ വിഭാഗത്തിലേക്കാണ്. റെക്കഗ്നിഷൻ വിഭാഗത്തിലേക്ക് ഫീ എത്തിയില്ല, മെട്രിക്കുലേഷൻ വിഭാഗത്തിൽ അടയ്ക്കെണ്ടതിലധികം ഫീ എത്തുകയും ചെയ്തു! ഫീ എത്താത്തതുകൊണ്ട് സർട്ടിഫിക്കറ്റ് റെക്കഗ്നിഷൻ സെക്ഷൻ സർട്ടിഫിക്കെറ്റ് വേരിഫൈ ചെയ്തതുമില്ല. കേരള, സി.ബി.എസ്.സി ക്കാരെ വേരിഫിക്കേഷൻ ഇല്ലാതെ തന്നെ കയറ്റിവിടുകയും, ഞങ്ങളെ പിടിച്ചു വയ്ക്കുകയും ചെയ്തു!
സംഭവം ഇങ്ങനെയായിരുന്നെന്ന് കണ്ടുപിടിക്കാൻ പല പ്രാവശ്യം യൂണിവേഴ്സിറ്റി പടി ചവുട്ടി. അവിടത്തെ സെക്യൂരിറ്റി ചേട്ടന്മാർക്കും, മെസ്സ് ജീവനക്കാർക്കും ഞങ്ങൾ ചിരപരിചിതരായി. ചെരിപ്പുകൾ തേഞ്ഞു. ബസ്സ്കൂലി കൊടുത്ത് മുടിയാറായി. അവസാനം പല കാലുകളും മാറി മാറി പിടിച്ചെങ്കിലും ഞങ്ങളുടെ പരീക്ഷാഫലം പുറത്തു വരിക തന്നെ ചെയ്തു!
സമർപ്പണം : റിസൾട്ട് വിത്ത് ഹെൽഡ് ആയി ഇരിക്കുന്ന നേരത്ത് പരീക്ഷ പാസായതിനു ചെലവു വേണം എന്ന് എന്നോട് പറഞ്ഞതിന്റെ പേരിൽ ഞാൻ തെറി വിളിച്ച എല്ലാവർക്കും
<> സത്യം …
എൻജിനിയറിങ്ങിനു സപ്പ്ലി ഇല്ലേല് ഒരു ഒരു വില ഉണ്ടാകേം ഇല്ല അതും കൂടാതെ പേരുദോഷം വരും പടിപിസ്റ്റ് എന്ന്..ഒരു സപ്ലി വാങ്ങാന് പെടുന്ന പാടെ !!!!!!