ബ്രസീലിലെ ഹയോ ഡെ ജെനേറൊ എയർപോർട്ടിൽ വച്ചാണ് അർപ്പൺ സൂര്യവംശിയെ പരിചയപ്പെടുന്നത്. എയർപ്പോർട്ടിന്റെ വിശാലമായ വെയ്റ്റിങ് ഏരിയയ്ക്ക് അഭിമുഖമായുള്ള വലിയ ഗ്ലാസ് പാളികളിലൂടെ സൂര്യാസ്തമയം നോക്കിയിരിക്കുകയായിരുന്നു ഞാൻ. അവിടെയിരുന്നു നോക്കിയാൽ ആമസോൺ നദിയുടെ കൈവഴിയും, കൊർകൊവാഡോ മലയും മുതല് അങ്ങകലെ ചക്രവാളം വരെ കാണാം. എല്ലാം കണ്ട് അൽഭുതപ്പെട്ടിരിക്കുന്ന എന്റെ തൊട്ടടുത്ത സീറ്റിലാണ് അർപ്പൺ വന്നിരുന്നത്. ഒറ്റനോട്ടത്തിൽ പറയാം ഇന്ത്യക്കാരനാണെന്ന്. കയ്യിൽ ഇന്ത്യൻ പാസ്പോട്ടുമുണ്ട്. ഒന്നു പരിചയപ്പെട്ടാലോ എന്നെനിക്ക് തോന്നി. അല്ലെങ്കിലും കേരളത്തിനു പുറത്തെത്തിയാൽ മലയാളം സംസാരിക്കുന്നവരോടും, ഇന്ത്യക്ക് പുറത്തെത്തിയാൽ ഇന്ത്യൻ പാസ്പോർട്ടുള്ളവരോടും, കാട്ടിലെത്തിയാൽ മനുഷ്യരോടും, വിക്കിപീഡിയയിലെത്തിയാൽ സ്ത്രീകളോടും എനിക്ക് എന്തെന്നില്ലാത്ത മമതയാണ്. ഇനി എന്നെങ്കിലും ചൊവ്വയിലേക്കോ വ്യാഴത്തിലേക്കോ പോകാൻ പറ്റിയാൽ ഭൂലോകനിവാസികളോടും വല്ലാത്ത സ്നേഹമായിരിക്കും. അല്ലെങ്കിലും, അതങ്ങനെയാവാനേ വഴിയുള്ളൂ. നമ്മളെപ്പോലുള്ളവരോടാണ് നാം കൂടുതലായും അടുക്കാൻ ശ്രമിക്കുക.
അങ്ങനെ അർപ്പൺ അവിടെ ഇരിക്കുകയാണ്. നോക്കിയപ്പൊൾ എന്നോട് ചിരിച്ചു. സംസാരിച്ചു വന്നപ്പോൾ ഞങ്ങൾ ഒരേ ഫ്ലൈറ്റിന്റെ ഏകദേശം അടുത്തടുത്ത സീറ്റുകളിലാണ് ബ്യൂണസ് അയേഴ്സിലേക്ക് യാത്ര ചെയ്യേണ്ടതെന്നു മനസ്സിലാക്കി. എന്റെ കൂടെ യാത്ര ചെയ്യേണ്ടിയിരുന്ന ജക്കാർത്തയിൽ നിന്നും വരുന്ന കാർഥിക വന്നിട്ടില്ല എന്നതുകൊണ്ട് വിരോധമില്ലെങ്കിൽ എന്റെ അടുത്തുള്ള സീറ്റിൽ ഇരിക്കാം എന്ന് ഞാൻ പറഞ്ഞതും അദ്ദേഹം സമ്മതിച്ചു.
യാത്രയിലുടനീളം തന്റെ നാടായ പൂനെ നഗരത്തിനടുത്തുള്ള ഗ്രാമത്തെപ്പറ്റിയും, അവിടുത്തെ ആളുകളെപ്പറ്റിയും, ജോലി ചെയ്യുന്ന ഹൈദരാബാദ് നഗരത്തെപ്പറ്റിയും, സ്വന്തം കുടുംബത്തെപ്പറ്റിയും, ബ്യൂണസ് അയേഴ്സിൽ കാണാൻ ഉദ്ദേശിക്കുന്ന മനോഹരമായ സ്ഥലങ്ങളെപ്പറ്റിയും, മഴയെപ്പറ്റിയുമൊക്കെ അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു. കേരളത്തെപ്പറ്റിയും, വിക്കിപീഡിയയെപ്പറ്റിയും, കോളേജിനെപ്പറ്റിയുമൊക്കെ ഞാനും കത്തിവച്ചു. കഥകൾ എഴുതാറുണ്ടെന്ന് പറഞ്ഞപ്പോൾ തന്നെപ്പറ്റി എഴുതുമോ എന്ന് എന്നോട് തമാശയായി ചോദിച്ചു. എഴുതാം എന്ന് ഞാൻ വാക്കുകൊടുത്തു.
ബ്യൂണസ് അയേഴ്സിലെത്തിയപ്പോൾ രാത്രിയായിരുന്നു. എന്റെ സ്വെറ്ററും, ഷോളുമൊക്കെ ലഗേജിലാണെന്നത് മനസിലാക്കി, പുറത്ത് നല്ല തണുപ്പായിരിക്കും എന്ന് പറഞ്ഞ് സ്വന്തം കമ്പിളിപ്പുതപ്പ് എനിക്കു തന്നു. അത് വാങ്ങാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല. (പിന്നീട്, വെറും ജീൻസും ടോപ്പുമിട്ട് കൂളായി ഇറങ്ങാൻ തയ്യാറായ എന്റെ ശോച്യാവസ്ഥ കണ്ട ഫ്ലൈറ്റ് സ്റ്റെവാർഡ് എന്നെ പിടിച്ച് വെച്ച് ഒരു ബാത്ത് ടവ്വൽ ഫ്രീയായി തരികയായിരുന്നു. 10 ഡിഗ്രി താപനിലയിൽ വെറുതേ അങ്ങിറങ്ങി ചെന്നാൽ മരവിച്ചു പോകുമെന്ന് അന്ന് ഞാൻ ആദ്യമായി പഠിച്ചു. :)).

എയർപ്പോർട്ടിനു പുറത്തെത്തുന്നതുവരെ അർപ്പൺ എന്റെ കൂടെ ഉണ്ടായിരുന്നു. 400 ഡോളറിനാണ് നല്ല എക്സ്ചേഞ്ച് റേറ്റ് എന്നു മനസിലാക്കിയപ്പോൾ ഞങ്ങൾ രണ്ടാളും ഒരേ ബില്ലിലാണ് കറൻസി മാറിയത്. കാപ്പി കുടിക്കാൻ അർപ്പൺ ക്ഷണിച്ചെങ്കിലും, 1 മണിക്കൂർ ദൂരത്തുള്ള എന്റെ ഹോട്ടലിൽ എങ്ങനെ ഈ രാത്രിയിൽ എത്തിപ്പെടും എന്ന ആധി കാരണം ഞാൻ വിസമ്മതിച്ചു. പുറത്തെത്തിയപ്പോൾ അർപ്പണിന്റെ കമ്പനി അയയ്ച്ച ആതിഥേയൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു (ആതിഥേയന്റെ പേര് ഓർമ്മയില്ല, തൽക്കാലം ബെഞ്ചമിൻ എന്ന് വിളിക്കാം). രാത്രിയിൽ നഗരത്തിന്റെ പല ഭാഗത്തും കൊള്ളക്കാരും, വെടിവെപ്പുകാരുമൊക്കെ ഇറങ്ങുമെന്നും ഒറ്റയ്ക്ക് പോകുന്നത് അത്ര പന്തിയല്ല എന്നും ബെഞ്ചമിൻ പറഞ്ഞു. എന്നിട്ടും അവരുടെ ക്ഷണം സ്വീകരിച്ച് കൂടെ പോകാൻ തോന്നിയില്ല. പിന്നീട് എന്റെ അഡ്രസ് വാങ്ങി നോക്കിയിട്ട്, എന്റെ ഹോട്ടലിലേക്കുള്ള വഴി അത്ര കുഴപ്പം പിടിച്ചതല്ലെന്നും വേഗം എത്താൻ പറ്റുമെന്നും പറഞ്ഞു. വീണ്ടും കാണാം എന്ന് പറഞ്ഞാണ് ഞങ്ങൾ പിരിഞ്ഞത്.
വീണ്ടും ഓണ്ലൈനിൽ കാണുകയും ചെയ്തു.
(അർപ്പണിനെക്കുറിച്ച് എഴുതാം എന്ന് വാക്കുകൊടുത്തിട്ട് മൂന്നാല് മാസമായി. ഇന്ന് രാത്രി ഉറക്കമില്ലാതിരിക്കുമ്പോൾ എന്താണെന്നറിയില്ല, പെട്ടെന്ന് പുള്ളിക്കാരനെ ഓർമ്മവന്നു. കഥയാക്കാനുള്ള നാടകീയതയൊന്നും കണ്ടുമുട്ടലിൽ ഇല്ലാത്തതുകൊണ്ട് തൽക്കാലം ഒരു കുറിപ്പിൽ ഒതുക്കുന്നു.)
Anyhow you kept your promise and this note is much enough to remember…
അർപ്പ്ണിന് മലയാളം വായിക്കാൻ അറിയില്ല എന്ന ഒരു കുറവ് മാത്രം ഉണ്ട്. 🙂
good narration
Thank you!
‘ഒരാൾ’ എന്നതിൽ നിന്നു സൂര്യവംശിയിലേക്കുൾപ്പ ഭാഷപ്പകർച്ച നന്നായിരുന്നു; ഓർമ്മകൾ ഈ വാക്കുകളിലേക്കു പകർത്തിയ മനസ്ഥിതിയും.
nice writing – keep your smiling always – best wishes
Thanks!
നന്നായിരിക്കുന്നു ………….@കഥയാക്കാനുള്ള നാടകീയതയൊന്നും കണ്ടുമുട്ടലിൽ ഇല്ലാത്തതുകൊണ്ട് തൽക്കാലം ഒരു കുറിപ്പിൽ ഒതുക്കുന്നു……………….എങ്കില് ചരിത്രത്തിന്റെ ഭാഗമായി നില്കട്ടെ …നന്മ നിറഞ്ഞ ഒരു സഹായത്രികന്റെ ചരിത്രമായി ……
ങേ..ജഗദീഷേട്ടനും എന്റെ ബ്ലോഗ് വായിക്കാറുണ്ടോ?
ഇവിടം വരെ വന്ന്, വായിച്ച്, നല്ലതു പറഞ്ഞതിന് ഒരുപാട് നന്ദി.
നന്നായിട്ടുണ്ട്……!