അർജന്റീനയുടെ തലസ്ഥാനവും, ലാറ്റിൻ അമേരിക്കയുടെ റാണി എന്ന് പരക്കെ വിഖ്യാതമായതുമായ മനോഹര നഗരമാണ് ബ്യൂണസ് ഏയഴ്സ്. ഈ സുന്ദര നഗരം സന്ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചത് വിക്കിമീഡിയ സംരംഭങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സ്ത്രീകളുടെ കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ വേണ്ടി അർജന്റീനയിലെത്തിയപ്പോഴാണ്. വിമാനം താഴ്ന്നു പറക്കുമ്പോൾ ആദ്യം കാണുന്നത് രാത്രി വെളിച്ചത്തിൽ കുളിച്ച നഗരവും,നേരിയ വരപോലെ കാണാവുന്ന റിയാഷുവേലോ നദിയുമാണ്. നദിക്ക് രണ്ടറ്റത്തുമായി അംബരചുംബികളും, നഗരചത്വരങ്ങളും, വളഞ്ഞു പുളഞ്ഞു പോകുന്ന റോഡുകളും ദൃശ്യമാകും. ലാറ്റിനമേരിക്കയുടെ മാസ്മരികത നുണയാൻ പ്രതിവർഷം ലക്ഷോപലക്ഷം സഞ്ചാരികൾ ഒഴുകിയെത്തുന്നത് ഈ സ്വപ്നനഗരത്തിലേക്കാണ്. ഫ്ലൈറ്റ് ഇറങ്ങിയപ്പോൾ താപനില പത്ത് ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഇവിടെ മഞ്ഞുകാലങ്ങളിൽ താപനില മൈനസ് 5 വരെയൊക്കെ പോകാറുണ്ടത്രെ.
എന്റെ സഹയാത്രികർ രണ്ടുപേർ
നഗരം ചുറ്റാൻ എനിക്ക് കൂട്ട് കംബോഡിയ സ്വദേശിനി കുനിലയും, ബ്രസീൽ സ്വദേശിനി ബേരിയയും, സൗത്ത് ആഫ്രിക്കക്കാരിയായ ഷാർലിനുമായിരുന്നു. ദിവസവും രാവിലെ ഞങ്ങൾ നടക്കാൻ പോകും. ഹോട്ടലിലെ ടൂറിസ്റ്റ് ഡെസ്കിൽ അന്വേഷിച്ച് യാത്ര ചെയ്യാൻ പറ്റിയ സ്ഥലങ്ങൾ ഏതെല്ലാമാണെന്ന് കണ്ടെത്തും. വൈകുന്നേരങ്ങളിൽ ബസ്സിലും, മെട്രോയിലുമായി ഊരുചുറ്റും. ചിത്രങ്ങളെടുക്കും. വഴിയോരത്തുള്ള പലതരം കടകളിൽ കയറിയിറങ്ങും. ഒരിക്കൽ യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ നഗരത്തിൽ സമരം നടക്കുന്നു. അവശ്യ സാധനങ്ങൾക്ക് വില കൂടിയതിൽ പ്രതിഷേധിച്ചാണ് സമരം. ഇവിടെ റോഡിനു നടുവിൽ നിന്ന് പാട്ടുപാടിയും, ഗിറ്റാർ വായിച്ചും, ടാംഗോ നൃത്തം ചവിട്ടിയുമാണ് പ്രതിഷേധപ്രകടനം നടത്തുക. പ്രകടനം നടത്തുന്ന എല്ലാവരെയും കൂടാതെ, അതു കണ്ടു നിൽക്കുന്നവരെപ്പോലും മിനിറ്റുകൾക്കുള്ളിൽ പൊലീസ് വാനിൽ കയറ്റിക്കൊണ്ടുപോകുമത്രെ.
പ്രതിഷേധപ്രകടനത്തിനു മുന്നിൽ ഞാനും ഷാര്ലിനും
ബെൽഗ്രാനോ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ചെഗുവേര,കാര്ലോസ് ഫെററുമൊന്നിച്ച് ആൻഡിസ് പർവ്വതനിരകളെ ലക്ഷ്യമാക്കി ആറു വർഷം നീണ്ട യാത്രയ്ക്ക് തുടക്കമിട്ടത്. ഇപ്പോൾ അവിടെ സാധാരണ ട്രൈനിനു പകരം മെട്രോ-റെയിൽ ആണുള്ളത്. ചെഗുവേര ബെൽഗ്രാനോയിൽ നിന്നാണ് ‘പാതയിലേക്കു വീണ്ടും‘ എന്ന യാത്രാക്കുറിപ്പുകളുടെ സഞ്ചയത്തെ സൃഷ്ടിക്കാനാസ്പദമായ യാത്ര തുടങ്ങിവച്ചത് എന്നത് ഒപ്പമുണ്ടായിരുന്ന അർജന്റൈൻ സ്വദേശി തെരേസയ്ക്ക് പോലും അറിയില്ലായിരുന്നു. ഇവിടെ നിന്നും പുറപ്പെട്ട രണ്ടു വർഷം നീണ്ടുനിന്ന യാത്രയിലാണ് അദ്ദേഹത്തിനെ തന്റെ ലക്ഷ്യത്തെക്കുറിച്ചും, ദൗത്യത്തെക്കുറിച്ചും അവബോധം ഉണ്ടാക്കാൻ സഹായിച്ചത്. വിടർന്ന പുഞ്ചിരിയുമായി തീവണ്ടിയുടെ കമ്പാർട്ട്മെന്റിലെ കമ്പിയിൽ ശ്രദ്ധയില്ലാതെ തൂങ്ങിപ്പിടിച്ചിരിക്കുന്ന, ക്രോപ്പ് ചെയ്ത മുടിയുള്ള, അലക്ഷ്യമായി വസ്ത്രധാരണം ചെയ്ത ‘ചെ‘ യുടെ രൂപം അവിടത്തെ പല യാത്രക്കാരിലും എനിക്ക് കണ്ടെത്താനായി.
ആദ്യത്തെ ദിവസം നഗരക്കാഴ്ച്ചകൾ കാണാൻ ഞങ്ങൾ പോയത് ലാ ബൊക്കയിലേക്കാണ്. 1950-കളിൽ മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്ന് ബ്യൂണസ് ഏയഴ്സിലേക്ക് ഒഴുകിയെത്തിയ പ്രവാസികൾ തിങ്ങിപ്പാർത്തിരുന്നത് ഇവിടെയാണ്. നദീമുഖത്ത് സ്ഥിതിചെയ്യുന്ന ഈ നഗരപ്രദേശത്ത് പണ്ടൊരു കപ്പൽ നിർമ്മാണശാല ഉണ്ടായിരുന്നത്രെ. കപ്പൽ നിർമ്മിച്ചിരുന്ന പാവപ്പെട്ട തൊഴിലാളികളുടെ ചെറുവീടുകൾ ചരിത്രത്തിന്റെ ശേഷിപ്പുകളായി ഇന്നും ലാ ബൊക്കയിൽ നിലകൊള്ളുന്നു. കപ്പലിനു ചായം പൂശാൻ ഉപയോഗിക്കുന്ന നിറങ്ങൾ കൊണ്ടാണ് വീടുകളുടെ പുറം ചുവരുകൾ പെയിന്റ് ചെയ്തിരിക്കുന്നത്. ഒരു തുള്ളി ചായം പോലും പാഴാക്കാതെ നിറം കൊടുത്തിരുന്നതിനാൽ വീടു മുഴുവനും ഒരേ നിറം കൊടുക്കാൻ കഴിയാതെ വരികയും, വ്യത്യസ്ത നിറങ്ങളിൽ ചായമടിക്കുകയും ചെയ്യേണ്ടിവന്നു. അതോടെ വീടുകളുടെ പല ഭാഗങ്ങൾക്ക് പല നിറങ്ങളായി. ഇത്തരം വർണ്ണശബളമായ വീടുകൾ ലാ ബൊക്കയുടെ മാത്രം സവിശേഷതയാണ്. കാമിനിറ്റോ എന്ന് വിളിക്കുന്ന ഒരുപാട് ചെറിയ നടപ്പാതകൾ ഇവിടെയുണ്ട്. പരിചയമില്ലാത്തവർ ഇതിലേ നടന്നാൽ വഴി തെറ്റുമെന്നത് ഉറപ്പാണ് എന്ന് സ്വദേശിയും ഞങ്ങളുടെ ആതിഥേയനുമായ പട്രീഷ്യോ മുൻപേ മുന്നറിയിപ്പ് തന്നിരുന്നതുകൊണ്ട് വഴിയടയാളങ്ങളുള്ള, പ്രധാന പാതയിലൂടെ മാത്രമേ ഞങ്ങൾ സഞ്ചരിച്ചുള്ളൂ.
ലാ ബൊക്കയിൽ നിന്ന്
അർജന്റീനക്കാർ കാപ്പി കുടിക്കാനുപയോഗിക്കുന്ന ‘മാഥേ‘ എന്ന കോപ്പ ധാരാളമായി വിൽക്കുന്ന വഴിവാണിഭക്കാരെയും, ചിത്രങ്ങളും,കൗതുകവസ്തുക്കളും, ഫുട്ബോളും,കടും നിറങ്ങളുള്ള വസ്ത്രങ്ങളും വിൽക്കുന്ന കടകളും കണ്ടു. വഴിയരികിലെ കടയിൽ നിന്ന് അർജന്റൈൻ രീതിയിൽ പൊരിച്ചെടുത്ത ഉരുളക്കിഴങ്ങും, ആപ്പിൾ ജൂസും, പിറ്റ്സയുമൊക്കെ ധാരാളമായി വാങ്ങിക്കഴിച്ചു. വഴിയരികിൽ ടാംഗോ നൃത്തത്തിന്റെ വേഷം ധരിച്ച് നിൽക്കുന്ന സുന്ദരിമാരായ നർത്തകിമാരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കാൻ 30 പെസോ നൽകണം. ജിംനാസ്റ്റിക്സ്സ് നർത്തകിമാരെപ്പോലെ വളരെയധികം മെയ് വഴക്കമുള്ള ഇവർ അസാധ്യമെന്ന് തോന്നുന്ന പൊസിഷനുകളിൽ നമ്മോടൊപ്പം നിന്ന് ചിത്രത്തിനു പോസ് ചെയ്തു തരും. നാട്ടിലെ കൂട്ടുകാർക്ക് കൊടുക്കാനായി സുവനീറുകൾ വാങ്ങിയത് ലാ ബൊക്കയിലെ വഴിയോരങ്ങളിൽ നിന്നാണ്. വിദേശികളാണെന്നു കണ്ടാൽ കച്ചവടക്കാർ വില കൂട്ടി പറയും. വിലപേശിയാൽ അവസാനവില ആദ്യം പറഞ്ഞ വിലയുടെ പകുതിയോളമൊക്കെയാവും. കൂടുതൽ ആളുകൾ വാങ്ങുകയാണെങ്കിൽ വില കുറച്ചു തരും. ലാ ബൊക്കയിലെ വീടുകളുടെ ചുവരുകൾ പോലെ തന്നെ വർണ്ണാഭമായവയാണ് വഴിയരികിൽ വച്ച് വിൽക്കുന്ന സ്കാഫുകളും, ആഭരണങ്ങളും, പാത്രങ്ങളും മറ്റും.
ലാ ബൊക്കയിൽ നിന്ന് അല്പം അകലെയാണ് ലാ ബൊംബനേറ എന്ന ഫുട്ബോൾ സ്റ്റേഡിയം. സ്പാനിഷ് ഭാഷയിൽ ‘ലാ ബൊംബനേറ‘ എന്നാൽ മിഠായിപ്പെട്ടി എന്നാണത്രെ അർഥം. നമ്മുടെ കുഞ്ഞുങ്ങൾക്ക് മിഠായിപ്പെട്ടിയോടെന്നപോലെ ഇവിടുത്തെ കുട്ടികൾക്ക് ഫുട്ബോളിനോടാണ് കമ്പം. എക്കാലത്തെയും കാൽപ്പന്തുകളിയിലെ രാജകുമാരനായ ഡീഗോ മറഡോണ ചെറുപ്പകാലത്ത് ബൊക്ക ജൂനിയേഴ്സ് ക്ലബ്ബിലെ അംഗമായിരുന്നപ്പോൾ ലാ ബൊംബനേറ സ്റ്റേഡിയത്തിലാണ് പതിവായി കളിച്ചിരുന്നത്. ഈ സ്റ്റേഡിയത്തിൽ കളിച്ച് വളർന്ന പലരും ഇപ്പോൾ വിലപിടിപ്പുള്ള താരങ്ങളാണെന്ന് അവിടെ ശിൽപങ്ങൾ വിൽക്കുന്ന ഗബ്രിയേൽ എന്ന മധ്യവയസ്കൻ ഞങ്ങളോട് പറഞ്ഞു. കളിക്കാനെത്തിയവരിൽ ഭൂരിഭാഗവും അർജന്റൈൻ ജേഴ്സി അണിഞ്ഞ യുവാക്കളും കുട്ടികളുമാണ്. ഞങ്ങൾ പോയ ദിവസം അവിടെ മത്സരങ്ങളൊന്നുമുണ്ടായിരുന്നില്ല. മത്സരങ്ങൾ നടക്കുന്ന ദിവസം സ്റ്റേഡിയം ആളുകളെക്കൊണ്ട് നിറഞ്ഞു കവിയുമെന്ന് അറിയാൻ കഴിഞ്ഞു.
കോൺഫറൻസിനിടയിൽ
പിന്നീട് പോയത് പിങ്ക് ഹൗസിലേക്കാണ്. അർജന്റൈൻ പ്രസിഡന്റിന്റെ ഉഷ്ണകാല വസതിയാണ് പിങ്ക് ഹൗസ്. പ്രസിഡന്റ് ഇവിടെ താമസിക്കാറില്ലെങ്കിലും ഈ പിങ്ക് കെട്ടിടം ചരിത്രസ്മാരകമായി നിലനിർത്തിയിരിക്കുന്നു. കെട്ടിടത്തിനകത്ത് ഒരു മ്യൂസിയവുമുണ്ട്. അർജന്റൈൻ ദേശീയ ദിനമായ മെയ് 25-നാണ് ഞങ്ങൾ ഇവിടം സന്തർശിച്ചത്. ഇറ്റാലിയൻ വാസ്തുശില്പകലയിലാണ് പിങ്ക് മന്ദിരം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ചിത്രങ്ങളിൽ മാത്രം കണ്ടു പരിചയമുള്ള ഇംഗ്ലണ്ടിലെ ബക്കിങാംഷെയർ ബംഗ്ലാവിന്റെ അകത്തളത്തെ പിങ്ക് മന്ദിരം അനുസ്മരിപ്പിച്ചു. അർജന്റീനയിലെ രണ്ട് പ്രധാന രാഷ്ട്രീയ പാർട്ടികളുടെ കൊടികളുടെ നിറമായിരുന്നു വെളുപ്പും, ചുവപ്പും. അതിനാലാണത്ര വെളുപ്പും ചുവപ്പും കലർത്തിയാലുണ്ടാവുന്ന പിങ്ക് നിറം ഈ കെട്ടിടത്തിനു കൊടുക്കാം എന്ന് അധികൃതർ തീരുമാനിച്ചത്.
വൈകുന്നേരമായപ്പോൾ പിങ്ക് മന്ദിരത്തിനു മുന്നിൽ ആളുകൾ തടിച്ചുകൂടി. പ്രശസ്തമായ ഒരു ഗായകസംഘം പിങ്ക് മന്ദിരത്തിനഭിമുഖമായി കെട്ടിയ സ്റ്റേജിൽ ഗാനമേള അവതരിപ്പിക്കുന്നത് കാണാനായിരുന്നു ആളുകൾ വന്നുചേർന്നത്. ഗാനമേള ആസ്വദിക്കാനെത്തിയവരിൽ ഭൂരിഭാഗവും സ്ത്രീകളും,കുട്ടികളുമായിരുന്നു. വിദേശികളായ ഞങ്ങളെ കണ്ട് കൗതുകം തോന്നിയ, ഡാൽമേഷ്യൻ നായോടൊപ്പം ഗാനമേള ശ്രവിക്കാനെത്തിയ ഒരു മധ്യവയസ്കൻ ഞങ്ങൾക്ക് പിങ്ക് മന്ദിരത്തിന്റെ ചരിത്രത്തെക്കുറിച്ചും, അർജന്റീനയിൽ കണ്ടിരിക്കേണ്ട മറ്റ് സ്ഥലങ്ങളെക്കുറിച്ചും പറഞ്ഞുതന്നു. പിങ്ക് ഹൗസിനടുത്തുള്ള ഒരു ജാപ്പനീസ് ഭക്ഷണശാലയിൽ നിന്നാണ് അന്ന് ഞങ്ങൾ ഭക്ഷണം കഴിച്ചത്. നാലു ദിവസമായി അർജന്റീനയിലെങ്ങും ചോറ് കിട്ടാത്തതിന്റെ വിഷമം ജാപ്പനീസ് ഫ്രൈഡ് റൈസ് കഴിച്ചുകൊണ്ടാണ് ഏഷ്യക്കാരായ ഞാനും, കുനിലയും തീർത്തത്. മറ്റുള്ളവർക്ക് ചോറൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു എന്ന് മാത്രമല്ല, വലിയ കഷ്ണങ്ങളായി വേവിച്ച് വെട്ടിയിട്ടു തരുന്ന മാട്ടിറച്ചി തക്കാളി സോസിലും ചില്ലി സോസിലും മുക്കി അവർ രുചിയോടെ കഴിക്കുകയും ചെയ്തു.
കൂടെയുണ്ടായിരുന്ന റഷ്യക്കാരി അനസ്താസ്യ നന്നായി ചിത്രങ്ങളെടുക്കും. താമസിക്കുന്ന ഹൊട്ടേലിൽ നിന്ന് കോൺഫറൻസ് നടക്കുന്ന ലാ പ്ലാറ്റ യൂനിവേഴ്സിറ്റിയിലേക്ക് ഏതാണ് അരക്കിലോമീറ്റർ ദൂരമുണ്ട്. ഇത്രയും ദൂരം വഴിതെറ്റാതെ നടക്കുന്നതിലാകും എന്റെ ശ്രദ്ധ. എന്നാൽ അനസ്താസ്യ വഴിയൊന്നും ശ്രദ്ധിക്കാതെ, ക്യാമറയിൽ ചിത്രങ്ങൾ എടുക്കുന്ന തിരക്കിലായിരിക്കും. അവരുടെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ കെട്ടിടങ്ങളും ആളുകളും മാത്രമല്ല, ബ്യൂണസ് ഏയഴ്സിലെ തെരുവുകളും, കടകളും, വഴിയോരക്കാഴ്ചകളും ഒക്കെയുണ്ട്.
ടാംഗോ നൃത്തം. അനസ്താസ്യ ലവോവ എടുത്ത ചിത്രം. സമ്മതത്തോടെ പുനഃപ്രസിദ്ധീകരിച്ചത്.
നാടകങ്ങളോട് വലിയ പ്രിയമാണ് അർജന്റീനക്കാർക്ക്. വൈകുന്നേരങ്ങളിൽ നടക്കാനിറുങ്ങുമ്പോൾ നാടകത്തിലെ കഥാപാത്രങ്ങളുടെ വേഷങ്ങൾ ധരിച്ച ഒരു സംഘം ആളുകൾ നാടകശാലകൾക്ക് മുന്നിലുണ്ടാവും. വഴിപോക്കരെ നാടകശാലയിലേക്ക് ആകർഷിക്കാനാണ് ആളുകൾ ഇത്തരത്തിൽ വേഷം കെട്ടി നിൽക്കുന്നത്. വസ്ത്രങ്ങളുടെ കടകൾ ധാരാളമാണ്, പക്ഷെ വസ്ത്രങ്ങളെല്ലാം തണുപ്പുള്ള കാലാവസ്ഥയ്ക്കനുയോജ്യമായവയാണ്. ഏഷ്യയിലെക്കാൾ താരതമ്യേന വിലക്കൂടുതലുമാണ്. തൊപ്പികളും, ബെൽറ്റുകളും, സ്കാർഫുകളും വിൽക്കുന്ന ഒരു കടയിൽ കയറി തൂക്കിയിട്ടിരിക്കുന്ന വസ്ത്രങ്ങൾ എടുത്തുനോക്കവേ പെട്ടെന്ന് വസ്ത്രവിൽപ്പനക്കാരി പിന്നിൽ നിന്ന് വിദഗ്ദമായി എന്റെ കഴുത്തിൽ സ്കാർഫ് അണിയിച്ചു. അത് ധരിച്ചുകൊണ്ടുള്ള എന്റെ ചിത്രം എടുത്തത് അനസ്തേസ്യയാണ്. അർജന്റൈൻ വസ്ത്രനിർമ്മാതാക്കളുടെ കരവിരുതിൽ അസൂയ തോന്നിയത് പല നിറങ്ങളിലും, വലിപ്പത്തിലുമുള്ള തൊപ്പികളുടെ പ്രൗഢി കണ്ടപ്പോഴാണ്. അയൽ നാടുകളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന തുണിത്തരങ്ങളും വിപണിയിൽ ധാരാളമായി കിട്ടാനുണ്ടത്രെ.
ബ്യൂണസ് ഏയഴ്സിൽ ഒരുപാട് കൃസ്തീയ പള്ളികൾ കാണാൻ കഴിഞ്ഞു. ഹോട്ടലിലെ വരാന്തയിൽ നിന്നാൽ പള്ളിമണി മുഴങ്ങുന്ന ശബ്ദം അടിക്കടി കേൾക്കാം. ഇവിടുത്തെ മെട്രപ്പോളിറ്റിയൻ കത്തീഡ്രലിലെ ആർച്ച് ബിഷപ്പായിരുന്ന ജോർജ് മരിയോ ബെർഗോഗ്ലിയോ ആണ് 2013 മാർച്ചിൽ മാർപ്പാപ്പയായി സ്ഥാനാരോഹണം ചെയ്യപ്പെട്ടത്. മറ്റ് മതങ്ങളുടെ ആരാധനാലയങ്ങളും ഇവിടെയുണ്ട്. 92 ശതമാനം അർജന്റീനക്കാരും കൃസ്തുമതത്തിൽ വിശ്വസിക്കുന്നു. ഒരുപാടു വിറ്റഴിഞ്ഞു പോകുന്നതുകൊണ്ടായിരിക്കണം കുരിശുമാലകളും, കൊന്തകളും വിൽക്കുന്ന ധാരാളം കടകൾ ഇവിടെയുണ്ട്.
തിരിച്ചുവരുമ്പോൾ അർജന്റൈൻ ഓർമ്മകളായിരുന്നു മനസ്സു നിറയെ. ഫുട്ബോളിനെയും, പാശ്ചാത്യ സംഗീതത്തെയും സ്നേഹിക്കുന്നവർ ജീവിതത്തിൽ ഒരിക്കലെങ്കിലും വന്നിരിക്കേണ്ട രാജ്യമാണിത്. ടാംഗോ നൃത്തം കാണാനും, ചിത്രങ്ങളെടുക്കാനും, അർജന്റൈൻ സുഹൃത്തുക്കളെ ഒന്നുകൂടി കാണാനും വീണ്ടും അർജന്റീനയിലേക്ക് യാത്രചെയ്യണം എന്ന് മനസിൽ ഉറപ്പിച്ചാണ് തിരിച്ചു പോന്നത്.

(y)
[…] അവർ എന്നെ അർജൻ്റീനയിലേക്ക് ക്ഷണിച്ചു. അങ്ങനെയാണ് ഞാൻ ആദ്യ വിദേശയാത്ര […]