അംബരചുംബികളുടെ ദ്വീപിലേക്കൊരു യാത്ര

ഏഷ്യാനെറ്റ് ന്യൂസിനു വേണ്ടി എഴുതിയ ഹോങ്കോങ് യാത്രാവിവരണത്തിന്റെ പുനഃപ്രസിദ്ധീകരണമാണിത്.

ഹോങ്കോങ് ദ്വീപുസമുച്ചയത്തിനു മുകളിലൂടെ വിമാനം താഴ്ന്നു പറക്കുമ്പോൾ ആദ്യം ദൃശ്യമാകുന്നത് കൂറ്റൻ കെട്ടിടങ്ങളാണ്. ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങൾക്കിടയിൽ വളഞ്ഞു പുളഞ്ഞു പോകുന്ന കടലിടുക്കുകൾ. ഒരു ഭൂപടം വരയ്ക്കുവാനാകത്തക്കവണ്ണം വളരെ വ്യക്തമായി കരയ്ക്കും കടലിനുമിടയ്ക്കുള്ള നേർത്ത രേഖ കാണാം. വിമാനം കൂടുതൽ താഴ്ന്നു പറക്കുന്നതോടെ റോഡുകളും പൊടിയുറുമ്പുകളുടെ വലിപ്പത്തിൽ മനുഷ്യരെയും കാണാം. വിമാനത്തിലിരുന്നുകൊണ്ട് ഒറ്റനോട്ടത്തിൽ തന്നെ വളരെ തിരക്കേറിയ നഗരമാണിതെന്ന് മനസ്സിലാക്കാൻ വിഷമമൊന്നുമില്ല. ഞാൻ ഹോങ്കോങിലേക്ക് യാത്ര ചെയ്തത് ഒക്ടോബർ മാസത്തിലാണ്. ഈ സമയത്ത് ഹോങ്കോങിൽ നല്ല കാലാവസ്ഥയാണെങ്കിലും ഇടയ്ക്കിടയ്ക്ക് ചുഴലിക്കാറ്റു വീശുന്ന സാധ്യതയെ തള്ളിക്കളയാനാകില്ല. വിക്കിപീഡിയയിലും സഹോദരസംരംഭങ്ങളിലും പ്രവർത്തിക്കുന്നവരുടെ ആഗോള വാർഷിക സമ്മേളനമായ വിക്കിമാനിയയിൽ പങ്കെടുക്കാനാണ് ഞാൻ ഇവിടെയെത്തിയത്. എഴുപതോളം രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തോളം പേരാണ് വിക്കിമാനിയയിൽ പങ്കെടുക്കാനുണ്ടായിരുന്നത്. വിക്കിമീഡിയ ഫൗണ്ടേഷനാണ് എന്റെ യാത്രയുടെയും, താമസത്തിന്റെയും, കോൺഫറൻസ് പങ്കാളിത്തത്തിന്റെയും ചിലവുകൾ വഹിച്ചത്. 2012-ൽ വിക്കിമാനിയ നടന്നത് അമേരിക്കയിലെ വാഷിങ്ടൺ ഡി.സിയിലായിരുന്നു. കോൺഫറൻസ് തീരുന്നതിന്റെ പിറ്റേദിവസം കോളേജിൽ പരീക്ഷയായിരുന്നതിനാൽ പ്രീ-കോൺഫറൻസ് ഇവെന്റായ എഡാ ക്യാമ്പിൽ മാത്രം പങ്കെടുക്കുകയും, വിക്കിമാനിയയുടെ ഓപ്പണിങ് പാർട്ടിയിൽ മാത്രം തല കാണിച്ച് പെട്ടെന്ന് തിരിച്ച് പോകുകയുമാണുണ്ടായിരുന്നത്. അതിനാൽ ഞാൻ മുഴുവനായും പങ്കെടുത്ത ആദ്യത്തെ വിക്കിമാനിയ ഹോങ്കോങിലേതായിരുന്നു.

Wikimania_2013_04327
വിക്കിമാനിയ: പ്രധാനവേദി

എയർപോർട്ടുകളെ സൗകര്യത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്ന സ്കൈട്രാക്സ് എന്ന സംഘടനയുടെ കണക്കുകൂട്ടൽ പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമാണ് ഹോങ്കോങ് വിമാനത്താവളം. വിമാനമിറങ്ങിയാൽ ഉടനെ ആരോഗ്യപ്രവർത്തകർ ഏതാനും യാത്രക്കാരുടെ തൊണ്ട പരിശോധിക്കുന്നതായി കണ്ടു. 1997-ൽ ചൈനയിൽ പടർന്നു പിടിച്ച പനിയുടെ രോഗകാരിയായ ഇൻഫ്ലുവെൻസാ വൈറസിന്റെ ഉറവിടം ഹോങ്കോങ് ആണെന്ന് സ്ഥിതീകരിക്കപ്പെട്ടിരുന്നു. 2003-ൽ ‘സാർസ്’ എന്ന പകർച്ചപ്പനി ബാധിച്ച മുന്നൂറോളം ആളുകൾ ഹോങ്കോങ്ങിൽ മരണമടഞ്ഞിരുന്നു. 2003-നു ശേഷവും സമാന വൈറസുകൾ മൂലം ഇവിടെ ഒറ്റപ്പെട്ട പനികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പകർച്ചപ്പനികൾക്കെതിരെയുള്ള മുൻകരുതലായാണീ പരിശോധന. കൂടാതെ, ജലദോഷത്തോടു കൂടിയ പനിയുള്ളവർ നിർബന്ധമായും എയർപോർട്ടിലെ മെഡിക്കൽ സെന്ററിൽ ചികിത്സ തേടേണ്ടതുണ്ട്. നീണ്ട നടപ്പാതയുടെ ഒരറ്റത്താണ് ഇമിഗ്രേഷൻ കൗണ്ടറുകൾ. 14 ദിവസത്തിൽ താഴെ ഹോങ്കോങ് സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ല. ആറു ദിവസങ്ങൾക്കു ശേഷം മടങ്ങാനുള്ള വിമാന ടിക്കറ്റ് കാണിച്ചു കൊടുത്തപ്പോൾ ഇമിഗ്രേഷൻ ഓഫീസർ ഹോങ്കോങ്ങിൽ പ്രവേശിച്ചതായി പാസ്പോർട്ടിൽ രേഖപ്പെടുത്തി തന്നു. നിമിഷങ്ങൾക്കുള്ളിൽ കഴിയുന്ന ആഗമന നടപടികൾ പൂർത്തീകരിച്ചാൽ നേരെ എയർപോർട്ടിന്റെ ആഗമന ഹാളിലെത്താം. അവിടെ വിക്കിമാനിയയുടെ സന്നദ്ധപ്രവർത്തകർ അതിഥികളെ സ്വീകരിക്കാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ബ്രസീലിൽ നിന്നുള്ള വൈദ്യവിദ്യാർത്ഥി വിനീഷ്യസും, സെർബിയയിൽ നിന്നുള്ള മറ്റ് രണ്ടുപേരുമാണ് എന്റെ കൂടെ താമസസ്ഥലത്തേക്ക് പോകുവാൻ ഉണ്ടായിരുന്നത്. യാത്രയ്ക്കിടയിൽ മൂവരേയും പരിചയപ്പെടുകയും അവരുടെ രാജ്യങ്ങളിലെ വിക്കിമീഡിയ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ച് മനസിലാക്കുകയും ചെയ്തു. ഹോങ്കോങ് യാത്രയുടെ പ്രധാന ഉദ്ദേശം വിക്കിമീഡിയ സംരംഭങ്ങളിൽ ഇന്ത്യൻ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനുള്ള സാധ്യതകളെപ്പറ്റി സംസാരിക്കുക എന്നതായിരുന്നു. ഇതിനായുള്ള പ്രബന്ധം ഞാനും കനേഡിയൻ വനിത ജേഡിൻ ലെനോണും ചേർന്നാണ് തയ്യാറാക്കിയിരുന്നത്. ഇതു കൂടാതെ വിക്കിവുമൺ ലഞ്ച് എന്ന വിക്കിമീഡിയയിലെ സ്ത്രീകളുടെ മീറ്റപ്പ് നടത്തിപ്പും ഞാൻ വഹിച്ചിരുന്നു. വിക്കിമീഡിയയിലൂടെ മാത്രം പരിചയമുള്ള പലരേയും നേരിൽ കാണാനും, സുഹൃത്ബന്ധം പുതുക്കാനും ഈ അവസരം ഉപയോഗിക്കണമെന്ന് തീർച്ചയാക്കിയിരുന്നു. ഹോങ്കോങിലെത്തിയതിനു ശേഷം വിക്കിമീഡിയയ്കു വേണ്ടി ഒരു ഇന്റർവ്യൂ നൽകാമെന്ന് ഞാൻ വാക്കുകൊടുത്തിരുന്നു. വിക്കിമാനിയയ്ക്കു ശേഷമുള്ള ദിവസത്തിൽ നടന്ന ‘ലേണിങ് ഡേ’ എന്ന പരിപാടിയിലും, ഗ്രാന്റ്സ് കമ്മിറ്റി നടത്തുന്ന ഐഡിയ ലാബ് മീറ്റിങ്ങിലും പങ്കെടുക്കേണ്ടിയിരുന്നു. വളരെ തിരക്കേറിയ മൂന്നു ദിവസത്തെ കോൺഫറൻസും, അനുബന്ധ ഇവെന്റുകൾക്കും ശേഷം നാട്ടിലെത്തി അല്പദിവസങ്ങൾക്കു ശേഷം ഫൈനൽ എം.ബി.ബി.എസ് പാർട്ട് – 1 പരീക്ഷയും എഴുതേണ്ടിയിരുന്നു.

 വിക്കിമാനിയ ഹോങ്കോങ് പ്രവേശനകവാടത്തിൽ

വിക്കിമാനിയ ഹോങ്കോങ് പ്രവേശനകവാടത്തിൽ.

കാന്റൊണീസ് ഭാഷയിൽ ‘ഹോങ് കോങ്’ എന്നാൽ സുഗന്ധപൂരിതമായ കടൽത്തീരം എന്നാണർഥം. 1839-ലെ ഒന്നാം ഒപ്പിയം യുദ്ധത്തിൽ ചൈനയെ പരാജയപ്പെടുത്തി ബ്രിട്ടൺ സ്വന്തമാക്കിയതായിരുന്നു ഹോങ്കോങ് പ്രവിശ്യ. 156 വർഷങ്ങൾക്കു ശേഷം 1997-ലാണ് ബ്രിട്ടീഷുകാർ ഹോങ്കോങിനെ ചൈനയ്ക്കു വിട്ടുകൊടുത്തത്. ഇപ്പോഴും ഹോങ്കോങ് ചൈനീസ് പ്രധാനപ്രവിശ്യയ്ക്ക് കീഴിലുള്ള സ്വയം ഭരണ പ്രവിശ്യയായി തുടരുന്നു. എങ്കിലും ഹോങ്കോങിലെ നിയമങ്ങളും, നീതിന്യായവ്യവസ്ഥയും ചൈനയിൽ നിന്നും വ്യത്യസ്ഥമാണ്. ഇരുന്നൂറിലധികം ചെറുദ്വീപുകൾ ചേർന്നതാണ് ഹോങ്കോങ് ദ്വീപ് സമുച്ചയം. ധനവിനിമയം ഹോങ്കോങ് ഡോളറിലും, യു.എസ് ഡോളറിലുമാണ്. വ്യവസായം നടത്താൻ ഏറ്റവും ഉചിതമായ ലോകരാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനമാണ് ഹോങ്കോങിനുള്ളത്. 2012-ലെ കണക്കുകൾ പ്രകാരം ലോകത്തിൽ ശരാശരി ആയുർദൈർഘ്യം ഏറ്റവും കൂടുതലുള്ളത് ഹോങ്കോങുകാർക്കാണ്. ഹോങ്കോങിന്റെ ചക്രവാളം ദൃശ്യമാക്കുന്ന പനോരമ ചിത്രം ഇവിടെ കാണാം. വിക്കിമാനിയയിൽ പങ്കെടുക്കുന്നവർക്കായുള്ള സ്വാഗത വിരുന്ന് ലോകത്തിലെ ഏഴാമത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ഹോങ്കോങ് അന്താരാഷ്ട്ര കൊമേഴ്സ് സെന്ററർ എന്ന നൂറ്റിപ്പതിനെട്ട്-നില കെട്ടിടത്തിന്റെ സ്കൈ 100 എന്ന നൂറാമത്തെ നിലയിൽ വച്ചായിരുന്നു. ഇവിടെ നിന്ന് താഴേക്ക് നോക്കിയാൽ ആകാശത്തിൽ നിന്നെന്നപോലെ ഹോങ്കോങ് നഗരത്തെ മുഴുവനായും കാണാൻ കഴിയും. താഴത്തെ നിലയിൽ നിന്ന് ലിഫ്റ്റിൽ കയറിയാൽ 60 മിനിറ്റുകൾകൊണ്ട് നൂറാമത്തെ നിലയിലെത്താം. മുകളിലേക്ക് എത്താനുള്ള സമയത്തിന്റെ കൗണ്ട്ഡൗൺ ലിഫ്റ്റിനുള്ളിലെ വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കും. സ്വാഗതവിരുന്നിനെത്തിയവരിൽ വിക്കിപീഡിയയുടെ സ്ഥാപകൻ ജിമ്മി വേൽസും, വിക്കിമീഡിയ എക്സിക്യുട്ടീവ് ഡിറക്ടർ സ്യൂ ഗാർഡ്നറും ഉണ്ടായിരുന്നു. പല സുഹൃത്തുക്കളെയും ആദ്യമായി നേരിൽ കാണാൻ ഇവിടെ അവസരമുണ്ടായി. സ്കൈ 100-ൽ പ്രവർത്തിക്കുന്ന ചെറു മ്യൂസിയവും, വ്യൂ പോയിന്റും സുഹൃത്തുക്കളോടൊപ്പം കണ്ടു.

ഹോങ്കോങ് നഗരം : സ്കൈ-100 ൽ നിന്നുള്ള ദൃശ്യം, കടപ്പാട് : Deror_avi, CC-BY-SA, വിക്കിമീഡിയ കോമൺസ്

ഹോങ്കോങിന്റെ തനതു നൃത്തമായ ഡ്രാഗൺ ഡാൻസ് അവതരിപ്പിച്ചാണ് ഹോങ്കോങ് ടൂറിസം ബോഡ് വിക്കിമാനിയയിലെ അതിഥികളെ സ്വാഗതം ചെയ്തത്.കോൺഫറൻസിന്റെ ആദ്യദിവസം തുടങ്ങിയത് ജിമ്മി വേൽസിന്റെ പ്രസംഗത്തോടു കൂടിയാണ്. വിക്കിമീഡിയ സംരംഭങ്ങളിൽ മാധ്യമപ്രവർത്തകരുടെ പങ്കിനെക്കുറിച്ചും, വിക്കിമീഡിയ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. എട്ട് വ്യത്യസ്ത വേദികളിലായി പ്രബന്ധാവതരണങ്ങളും, വർക്ക്ഷോപ്പുകളും, ചർച്ചകളും നടന്നു. വിക്കിസമൂഹത്തെയും, ഗ്ലാം പ്രവർത്തനങ്ങളെയും പറ്റിയുള്ള സെമിനാറുകളാണ് താല്പര്യം എന്നതുകൊണ്ട് അത്തരം അവതരണങ്ങൾ നടക്കുന്ന ട്രാക്കുകളിലാണ് ഞാൻ കൂടുതലും പങ്കെടുത്തത്. എന്റെ പ്രബന്ധാവതരണം രണ്ടാം ദിവസമായിരുന്നു. ഗവേഷണങ്ങളുടെ രത്നച്ചുരുക്കം 30 മിനിറ്റിനുള്ളിൽ പറഞ്ഞു തീർക്കാൻ ഞാനും സഹ-ഗവേഷക ജേഡിനും വളരെ പാടുപെട്ടു. അവതരണത്തിനു ശേഷം ഞാൻ പ്രബന്ധത്തിൽ സൂചിപ്പിച്ച കാര്യങ്ങളെക്കുറിച്ചുള്ള വിശദീകരണം ആരാഞ്ഞുകൊണ്ട് പലരും നേരിട്ടും, ഓൺലൈനിലൂടെയും സമീപിക്കുകയുണ്ടായി. ഇന്ത്യയിൽ നടക്കുന്ന വിവിധ പരിപാടികളെപ്പറ്റി ഇടവേളകളിൽ പലരുമായും സംസാരിച്ചു. വിക്കിവുമൺ ലഞ്ച് എന്ന വിക്കിമാനിയയിൽ പങ്കെടുക്കുന്ന സ്ത്രീകളുടെ ഊൺ വിരുന്നിൽ ആതിഥേയയായിരുന്നതുകൊണ്ട് എല്ലാവരെയും ക്ഷണിക്കാനും, മുറി ഒരുക്കാനും മറ്റുമായി വളരെ നേരത്തെ എത്തിച്ചെല്ലേണ്ടി വന്നു. വിക്കിമീഡിയ സ്ത്രീകൾക്കു വേണ്ടി ചെയ്യുന്ന പല കാര്യങ്ങളും ഈ വിരുന്നിൽ ചർച്ചയായി. വിക്കിമീഡിയയിൽ നിന്ന് സ്ത്രീ ഉപയോക്താക്കൾ എന്താണ് പ്രതീക്ഷിക്കുന്നതെന്നതിന്റെ സംക്ഷേപരൂപം അന്നത്തെ ചർച്ചയിൽ നിന്ന് മനസിലാക്കാനായി. മൂന്നാം ദിവസം നടന്ന പ്രധാന പരിപാടികൾ സ്യൂ ഗാർഡ്നറുടെ അവതരണവും, വിക്കിമീഡിയ ട്രസ്റ്റികളുമായുള്ള ചോദ്യോത്തരവേളയുമായിരുന്നു. അടുത്ത വർഷം വിക്കിമീഡിയ ശ്രദ്ധകേന്ദ്രീകരിക്കുന്ന ലക്ഷ്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണ ഈ രണ്ട് പരിപാടികളിൽ നിന്നും ലഭിച്ചു. കൂടാതെ, ഇന്ത്യൻ ഉപഭൂകണ്ഡത്തിൽ നിന്നുള്ളവരുടെ സംഗമവും നടത്തുകയുണ്ടായി. ഇന്ത്യൻ ഭാഷകളെപ്പറ്റിയും, അന്തർ-ഭാഷാ സഹപ്രവർത്തനത്തെപ്പറ്റിയും ചർച്ച ചെയ്തു. വൈദ്യശാസ്ത്രത്തെ സംബന്ധിച്ച ലേഖനങ്ങളാണ് ഞാൻ കൂടുതലായും എഴുതാറുള്ളതെങ്കിലും വൈദ്യശാസ്ത്ര ലേഖനങ്ങളുടെ നിലവാരം വർദ്ധിപ്പിക്കാനുള്ള സംരംഭമായ വിക്കിപ്രൊജക്ട് : മെഡിസിനിൽ ഞാൻ അത്ര സജീവമല്ല. ഈ സംരംഭത്തിനു വേണ്ടി എനിക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെപ്പറ്റിയും പ്രൊജക്ടിനു നേതൃത്വം നൽകുന്ന ജേംസ് ഹീൽമാൻ സംസാരിച്ചു. കോൺഫറൻസിന്റെ അവസാനദിവസം പ്രസിദ്ധമായ ഷെക്-ഓ-ബീച്ചിൽ വച്ചായിരുന്നു അത്താഴവിരുന്ന്. വരാനിരിക്കുന്ന പരീക്ഷയ്ക്ക് പഠിക്കേണ്ടിയിരുന്നതുകൊണ്ടും, മെയിലുകൾക്ക് മറുപടി അയയ്ക്കേണ്ടിയിരുന്നതുകൊണ്ടും ഈ പരിപാടിക്ക് പോകാൻ സാധിച്ചില്ല. വിക്കിമാനിയ കോൺഫറൻസ് കഴിഞ്ഞതിന്റെ അടുത്തദിവസം ‘ലേണിങ് ഡേ’ എന്നു പേരുള്ള, വിക്കിമീഡിയയിലെ വ്യത്യസ്ത പ്രൊജക്ടുകൾക്ക് നേതൃത്വം നൽകുന്ന മുപ്പതോളം പേരുടെ കൂടിക്കാഴ്ച നടന്നു. ഇന്ത്യയിൽ നിന്നും എനിക്കു പുറമേ വിക്കിമീഡിയ നേരിട്ട് ഫണ്ട് നൽകുന്ന ‘ആക്സസ് ടു നോളേജ്’ എന്ന പ്രസ്ഥാനത്തിന്റെ ഡിറക്ടർ ആയ ശ്രീ. വിഷ്ണു വർദ്ധനും പങ്കെടുത്തു. ഈ പരിപാടിയിൽ പങ്കെടുക്കേണ്ടതിനായാണ് ആദ്യം തീരുമാനിച്ച തിയ്യതിയെക്കാൾ ഒരു ദിവസം അധികം ഹോങ്കോങിൽ ചിലവഴിക്കേണ്ടി വന്നതും, വിക്കിമീഡിയ ഫൌണ്ടേഷൻ എനിക്ക് വേണ്ടി ആദ്യം ബുക്ക് ചെയ്തിരുന്ന ടിക്കറ്റ് മാറ്റേണ്ടി വന്നതും. ലേണിങ് ഡേയ്ക്ക് ശേഷം ഹോങ്കോങ് ടൂറിസം ബോഡ് വിക്കിമാനിയയ്ക്കു വേണ്ടി പ്രത്യേകം ജങ്ക് ബോട്ടു സവാരി സജ്ജീകരിച്ചിരുന്നു. നമ്മുടെ ഹൗസ്ബോട്ടുകൾ പോലെ രണ്ട് നിലകളിലായുള്ള, കാറ്റിന്റെ ഗതിയനുസരിച്ചും, മോട്ടോർ ഉപയോഗിച്ചും പ്രവർത്തിക്കുന്ന ബോട്ടാണിത്. ബോട്ടിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ അത് തെന്നിമാറും. ഓളങ്ങൾക്കനുസരിച്ച് ബോട്ട് നീങ്ങുന്നതിനാൽ അതിൽ കയറുന്നത് അല്പം സാഹസികത വേണ്ടുന്ന പരിപാടിയാണ്. തെന്നിക്കളിക്കുന്ന ജങ്ക് ബോട്ട് കണ്ടപ്പോൾ ആദ്യം കയറാൻ എല്ലാവർക്കും ചെറിയ പേടി. കേരളത്തിൽ നിന്നാണ് ഞാൻ വരുന്നതെന്നതുകൊണ്ട് എനിക്ക് ബോട്ടിൽ കയറി ഒരുപാട് പരിചയമുണ്ടാകുമെന്ന് എല്ലാവരും കൂടി തീരുമാനിച്ചു. അങ്ങനെ മനസില്ലാമനസ്സോടെയാണെങ്കിലും ആദ്യത്തെ ശ്രമത്തിൽ തന്നെ എനിക്ക് ബോട്ടിൽ കയറാൻ സാധിച്ചു. കയറിയതിനു ശേഷം ബോട്ടിനകത്തുള്ള ജീവനക്കാരെ വിളിച്ചു കൊണ്ടുവന്ന് ബാക്കിയുള്ളവരെയും കൈപിടിച്ച് കയറ്റിയ ശേഷമാണ് ബോട്ട് പുറപ്പെട്ടത്. സമയമാകുന്നതിനു മുൻപു തന്നെ ഞങ്ങൾ എത്തിച്ചേർന്നതിനാൽ ബോട്ടിലെ ജീവനക്കാർ ഞങ്ങൾ പുറത്ത് കാത്തുനിൽക്കുന്നത് കണ്ടതുമില്ല.

വിക്കിമാനിയയിൽ പങ്കെടുത്ത ഇന്ത്യൻ വംശജരിൽ ചിലർ, കടപ്പാട് : Subhashish Panigrahi, CC-BY-SA, Wikimedia Commons

തിരക്കേറിയ പരിപാടികളായിരുന്നതിനാൻ വളരെ കുറച്ച് സ്ഥലങ്ങൾ മാത്രമേ കാണാൻ പറ്റിയുള്ളൂ. ഹോങ്കോങ് ദ്വീപുസമുച്ചയങ്ങൾക്കിടയിൽ പൊതുഗതാഗത സംവിധാനത്തിൽ യാത്ര ചെയ്യണമെങ്കിൽ ഒക്ടോപസ് കാർഡ് എന്ന യാത്രാകാർഡ് വാങ്ങേണ്ടതുണ്ട്. യാത്രക്കാരിൽ ഭൂരിഭാഗവും പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നു. യാത്രയ്ക്ക് ബ്രസീലിൽ നിന്നുള്ള ഓനയും സംഘവും, വിക്കിമീഡിയ ഇന്ത്യയുടെ ഭാരവാഹികൾ എന്നിവരായിരുന്നു കൂട്ട്. ഫെറിയിൽ യാത്ര ചെയ്ത് ക്വീൻസ് പൈർ എന്ന കപ്പൽ ആഗമന കേന്ദ്രവും, അവിടുന്ന് കാണാവുന്ന ലൈറ്റ് ഷോയും കാണാൻ സാധിച്ചു. ഹോങ്കോങ് കടൽത്തീരത്തുള്ള ബ്രൂസ്ലിയുടെ പ്രതിമ അനേകം സഞ്ചാരികളെ ഇങ്ങോട്ടാകർഷിക്കാറുണ്ട്. കടൽത്തീരത്ത് പതിച്ച കല്ലുകൾക്കിടയിൽ ഹോങ്കോങ് സന്ദർശിച്ച പ്രമുഖ വ്യക്തികളുടെ കയ്യടയാളം ആലേഖനം ചെയ്തിരിക്കുന്നു. ഹോങ്കോങ് ആർട്ട് മ്യൂസിയവും, ശാസ്ത്ര മ്യൂസിയവും കാണണമെന്നുണ്ടായിരുന്നെങ്കിലും പോകാൻ തീരുമാനിച്ചിരുന്ന ദിവസം അപ്രതീക്ഷിതമായി ചുഴലിക്കാറ്റിനെതിരെയുള്ള ജാഗ്രത പുറപ്പെടുവിച്ചിരുന്നതിനാൽ യാത്ര വേണ്ടെന്നു വയ്കുകയായിരുന്നു. ഹോങ്കോങിലെ ഗ്രാമപ്രദേശങ്ങൾ കാണാനാകാഞ്ഞത് ഇന്നും ഒരു നഷ്ടമായി അവശേഷിക്കുന്നു. പരിപാടിയുടെ സംഘാടകരിലൊരാളായ ഡെറിക് ചാൻ വിക്കിമാനിയയിലെ അതിഥികൾക്കു വേണ്ടി തന്റെ ജന്മനാട്ടിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചിരുന്നു. പരിപാടികൾ കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ മടങ്ങുകയായിരുന്നതിനാൽ ഈ യാത്രയ്ക്ക് ക്ഷണം കിട്ടിയിട്ടും പോകുവാൻ സാധിച്ചില്ല. ഹോങ്കോങിലെ പല പ്രധാന ചത്വരങ്ങൾക്കും, കടൽത്തീരങ്ങൾക്കും ബ്രിട്ടീഷ് രാജ്ഞിമാരുടെ പേരുകളാണുള്ളത്. വഴി കാണിക്കുന്ന സൈൻബോഡുകളും, നഗരത്തിന്റെ ഭൂപടങ്ങളും നഗരത്തിന്റെ പലയിടത്തായി പ്രദർശിപ്പിച്ചിരിക്കുന്നതുകൊണ്ട് വഴി തെറ്റാനുള്ള സാധ്യത വളരെക്കുറവാണ്. വളരെ കാര്യക്ഷമതയുള്ള മെട്രോ ട്രൈനുകൾ ഉള്ളതുകൊണ്ട് നഗരത്തിന്റെ ഏതുഭാഗത്തും പെട്ടെന്നു തന്നെ എത്താൻ സാധിക്കും. ഹോങ്കോങ് ദ്വീപിൽ നിന്ന് കവ്ലൂൺ ദ്വീപിലേക്ക് മെട്രോയിൽ പോകുന്ന വഴി കടലിന്റെ അടിയിലൂടെയുള്ള തുരങ്കത്തിലൂടെയാണ് ഒരു മിനിറ്റോളം നേരം സഞ്ചരിച്ചത്. കടലിനടിയിലായിരിക്കുമ്പോൾ കടലിന്റെ ഇരമ്പൽ വ്യക്തമായി കേൾക്കാം. ഡബിൾ ഡെക്കർ ബസ്സുകളാണ് ഹോങ്കോങ്ങിൽ ഭൂരിഭാഗവുമുള്ളത്. ബസ്സിൽ കയറുമ്പോളും ഇറങ്ങുമ്പോളും ബസ്സിലെ കാർഡ് റീഡറിനു മുന്നിൽ ഒക്ടോപസ് കാർഡ് കാണിക്കണം. യാത്രാചാർജ്ജായി കാർഡിൽ നിന്നും കിഴിച്ച തുകയും, കാർഡിൽ ബാക്കിയുള്ള തുകയും സ്ക്രീനിൽ ദൃശ്യമാകും. ഇതേ കാർഡുപയോഗിച്ച് പല കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുവാനുള്ള സൗകര്യവുമുണ്ട്. നാട്ടിലേക്ക് കൊണ്ടുപോകാനായി ചൈനീസ് മാതൃകയിലുള്ള കരകൗശലവസ്തുക്കളും, മിഠായികളുമാണ് വാങ്ങിയത്. മറ്റ് ലോകരാജ്യങ്ങളെ അപേക്ഷിച്ച് സാധനങ്ങളുടെ വില താരതമ്യേനെ കുറവായിരുന്നതിനാൽ കൂടെയുണ്ടായിരുന്ന പലരും ഒരുപാട് ഷോപ്പിങ് നടത്തുന്നുണ്ടായിരുന്നു. തിരിച്ചു പോകുമ്പോൾ എയർപോർട്ട് ഉദ്യോഗസ്ഥൻ ചിരിച്ചുകൊണ്ട് ‘ഹൗ ഡിഡ് യു ലൈക് ഹോങ്കോങ് ?’ (ഹോങ്കോങ് ഇഷ്ടപ്പെട്ടുവോ?) എന്ന് ചോദിക്കുകയുണ്ടായി. വളരെ ഇഷ്ടപ്പെട്ടു എന്ന് ഞാൻ പറഞ്ഞപ്പോൾ വീണ്ടും വരൂ എന്ന് അദ്ദേഹം ആശംസിച്ചു. മറ്റൊരവസരത്തിൽ ഹോങ്കോങിലേക്ക് തീർച്ചയായും വരണം എന്ന് മനസിലുറപ്പിച്ചുകൊണ്ടാണ് ഹോങ്കോങിൽ നിന്നും നാട്ടിലേക്ക് തിരിച്ചത്.

One thought on “അംബരചുംബികളുടെ ദ്വീപിലേക്കൊരു യാത്ര

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.