യൂറോപ്പിന്റെ മടിത്തട്ടിലേക്ക് ഒരു യാത്ര

ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സൽസ് നഗരത്തിലേക്ക് ഒരിക്കൽ യാത്രപോയാൽ വീണ്ടും പോകാതിരിക്കാൻ കഴിയില്ല എന്ന് എന്നോട് പറഞ്ഞത് വിമാനത്തിൽ അടുത്ത സീറ്റിലിരിക്കുന്ന ഫ്രഞ്ച് വനിതയാണ്. മനോഹരമായ കെട്ടിടങ്ങളും, വിശാലമായ പുൽത്തകിടികളും, ശാന്തരായ ജനതയുമുള്ള സുന്ദര നഗരമാണ് ബ്രസ്സൽസെന്നായിരുന്നു കേട്ടുകേഴ് വി. ഗൂഗിളിൽ  ചിത്രങ്ങൾ പരതിയപ്പോൾ കണ്ടത് അതിമനോഹരമായ ബ്രസ്സൽസ് നഗരചത്വരത്തിന്റെയും, വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന കെട്ടിടങ്ങളുടെയും മോഹിപ്പിക്കുന്ന ചിത്രങ്ങളാണ്. യൂറോപ്പിന്റെ പഴമ അതിന്റെ ഗാംഭീര്യത്തിൽ കാണണമെങ്കിൽ പോകേണ്ടത് ബ്രസ്സൽസിലേക്കാണെന്ന് സുഹൃത്തുക്കൾ പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. ലോകപ്രശസ്ത ചിത്രകാരനായ വിൻസന്റ് വാൻഗോഗ് ചിത്രകല പഠിച്ചതും, അദ്ദേഹത്തിന്റെ പല ചിത്രങ്ങളുടെ രചനയെ സ്വാധീനിച്ചതും ഈ നഗരമാണ്. ‘പാവങ്ങൾ’ എന്ന പുസ്തകത്തിന്റെ രചനയിലൂടെ പ്രശസ്തനായ ഗ്രന്ഥകാരൻ വിക്ടർ ഹ്യൂഗോ ഈ പുസ്തകത്തിന്റെ അവസാന അധ്യായങ്ങൾ എഴുതിയത് ബ്രസ്സൽസിൽ താമസിച്ചിരുന്ന കാലഘട്ടത്തിലാണത്രെ. ബ്രസ്സൽസിലെത്തും മുൻപു തന്നെ ഈ നഗരത്തോട് ഏറെ അടുപ്പം തോന്നാനുള്ള കാരണം ഇവയൊക്കെയായിരിക്കണം.

ബ്രസ്സൽസിന്റെ മുഖമുദ്ര ഇവിടെയുള്ള മനോഹരമായ ചെറു കെട്ടിടങ്ങളാണ്. തീപ്പെട്ടിക്കൂടുകൾ കണക്കെ ഇവ വിമാനത്തിൽ നിന്നും ദൃശ്യമാവും. വിമാനം താഴ്ന്നു പറന്നപ്പോൾ നഗരത്തെ കൂടുതൽ അടുത്തു കാണാനായി. പതിയെ നടന്നു പോകുന്ന ആളുകളും, തിരക്കില്ലാത്ത വീഥികളും കണ്ടപ്പോൾ തന്നെ വളരെ ശാന്തമായ നഗരമാണിതെന്ന് മനസിലാക്കി. തിരക്ക് വളരെക്കുറഞ്ഞ വിമാനത്താവളമാണ് ബ്രസ്സൽസിലേത്. ഇമിഗ്രേഷനിൽ പുഞ്ചിരിക്കുന്ന ഉദ്യോഗസ്ഥർ. വിമാനത്താവളത്തിലെ നീണ്ട ഇടനാഴി പിന്നിട്ട് പുറത്തെത്തിയപ്പോൾ എനിക്കുവേണ്ടി കാത്തു നിൽക്കുന്ന മോസില്ല സന്നദ്ധപ്രവർത്തകരെ കണ്ടു. അവർ നിർദ്ദേശിച്ച ബസ്സിൽ ഹോട്ടലിലേക്ക്. വിശാലമായ റോഡുകൾ. റോഡിനു സമാന്തരമായി ട്രാം പാതകൾ. റോഡുകൾക്കിരുവശത്തും ഇടതൂർന്നു വളരുന്ന മരങ്ങൾ. നഗരത്തിനുള്ളിലേക്ക് എത്തും തോറും റോഡിൽ വാഹനങ്ങളുടെ എണ്ണവും കൂടിവന്നു. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത ശേഷം റൂമിലേക്ക്. നീണ്ട യാത്രയ്ക്ക് വിരാമം.

ലോകമെമ്പാടുമുള്ള മോസില്ല/ഫയർഫോക്സിന്റെ സന്നദ്ധപ്രവർത്തകരും ജീവനക്കാരും ഒത്തുചേരുന്ന പരിപാടിയായ  ‘മോസില്ല/ഫയർഫോക്സ് സമ്മിറ്റിൽ‘ പങ്കെടുക്കാനാണ് ഞാൻ ബ്രസ്സൽസിൽ എത്തിച്ചേർന്നിരുന്നത്. 2013-ലെ മോസില്ല സമ്മിറ്റ് മൂന്ന് വ്യത്യസ്ത ലോകനഗരങ്ങളിൽ വച്ച് ഒരേസമയമാണ് നടന്നത് : ബ്രസ്സൽസിനെ കൂടാതെ അമേരിക്കയിലെ സാന്റാ ക്ലാര, കാനഡയിലെ ടൊറന്റോ എന്നിവിടങ്ങളിൽ. സ്വതന്ത്ര സോഫ്റ്റ്വേർ സംരംഭങ്ങൾക്ക് പൊതുവായും, മോസില്ല ഫൗണ്ടേഷന്റെ സംരംഭങ്ങൾക്ക് പ്രത്യേകിച്ചും സംഭാവനകൾ നൽകുന്നവരിൽ നിന്നും തിരഞ്ഞെടുത്തവരും, മോസില്ല ഫൗണ്ടേഷന്റെ ജീവനക്കാരും അടക്കം 1500-റോളം പേരാണ് മൂന്ന് നഗരങ്ങളിലായി മോസില്ല സമ്മിറ്റിൽ പങ്കെടുക്കാനുണ്ടായിരുന്നത്.

എന്നെ ക്ഷണിച്ചിരുന്നത് അമേരിക്കയിലെ സാന്റാ ക്ലാരയിലേക്കായിരുന്നു. കോളേജിൽ തിരക്കേറിയതുകൊണ്ട് യു.എസ് വിസ എടുക്കാൻ സമയമുണ്ടാകില്ല എന്ന് ബോധ്യമായതിന്റെ പേരിൽ സാന്റാ ക്ലാരയ്ക്കു പകരം ബ്രസ്സൽസിലെ സമ്മിറ്റിൽ പങ്കെടുക്കാൻ തീരുമാനിച്ചു. മോസില്ല ഫൗണ്ടേഷനെ ഇക്കാര്യം അറിയിച്ചപ്പോൾ എനിക്ക് സ്ഥലം മാറ്റിത്തന്നു. പരിപാടിയിൽ പങ്കെടുക്കുന്ന മറ്റ് ഇന്ത്യക്കാർ സാന്റാ ക്ലാരയിലേക്കാണ് പോകുന്നതെന്നുകൊണ്ട് ബ്രസ്സൽസിൽ സമ്മിറ്റിൽ പങ്കെടുക്കുന്ന ഒരേയൊരു ഇന്ത്യൻ ഞാനായിരുന്നു. ബ്രസ്സൽസിൽ മോസില്ല സമ്മിറ്റിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗവും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു, കൂടുതലും അപരിചിതരും. കോൺഫറൻസിൽ പങ്കെടുക്കുന്നതിലൂടെഒരുപാടു പുതിയ ആളുകളെ പരിചയപ്പെടാനും, അവരുടെ പ്രവർത്തനങ്ങളെപ്പറ്റി മനസിലാക്കാനും സാധിക്കുമെന്നത് എന്നെ കുറച്ചൊന്നുമല്ല ആഹ്ലാദിപ്പിച്ചത്.

എനിക്ക് താമസം ഏർപ്പാടാക്ക്കിയിരുന്ന റോയൽ വിൻഡ്സർ ഹോട്ടലിൽ എത്തിച്ചേർന്നത് പകൽ പത്തുമണിയോടെയാണ്. മോസില്ലയെക്കുറിച്ചും, വിക്കിമീഡിയയെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നതിനിടയിൽ പ്രഭാതഭക്ഷണം കഴിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി ബ്രസ്സൽസ് സന്ദർശിക്കുന്നുണ്ടെന്നും, അദ്ദേഹവുമായുള്ള പ്രസ്സ് കോൺഫറൻസ് ഞാൻ താമസിക്കുന്ന ഹോട്ടലിൽ വച്ച് നടന്നിരുന്നുവെന്നും അറിയാൻ കഴിഞ്ഞു. അന്നേ ദിവസം വൈകുന്നേരം ഇന്ത്യൻ ഹൈക്കമ്മീഷണറുമായുള്ള മുഖാമുഖം നടക്കുന്നുണ്ടെന്നും അറിഞ്ഞു. പത്രപ്രവർത്തകരടക്കം അനേകം ഇന്ത്യക്കാർ ഹോട്ടലിലുണ്ടായിരുന്നു. അതിൽ മലയാളികളായ രണ്ടുപേരെയും പരിചയപ്പെട്ടു.

picture 1

ഇന്ത്യൻ ഹൈക്കമ്മീഷണറുടെ പ്രസ് കോൺഫറൻസ് നടന്ന ഹാളിനു മുൻപിൽ

സമ്മിറ്റിന്റെ ആദ്യ ദിവസത്തെ പ്രധാന പ്രഭാഷണം മോസില്ല ഫൗണ്ടേഷന്റെ ചീഫ് എക്സിക്യുട്ടിവ് ഓഫീസറായ മിറ്റ്ച്ചൽ ബെക്കറുടേതായിരുന്നു. മോസില്ല സംരംഭത്തെക്കുറിച്ചും, മോസില്ല പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെപ്പറ്റിയും, മോസില്ലയുടെ ഭാവിപരിപാടികളെക്കുറിച്ചും സംസാരിച്ചു. മോസില്ലയിലൂടെ നാം ഇന്റർനെറ്റ് വിപ്ലവമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു. പിന്നീടൊരുവേള, ചർച്ചകൾ നടന്നുകൊണ്ടിരിക്കെ ഇവരെ നേരിട്ട് പരിചയപ്പെടാനുമായി. ഇന്ത്യയിൽ മോസില്ല ഉൽപ്പന്നങ്ങളെയും, സ്വതന്ത്ര സോഫ്റ്റ്വേർ സംരംഭങ്ങളെയും കൂടുതലായി പ്രചരിപ്പിക്കണമെന്നായിരുന്നു മിറ്റ്ച്ചെൽ എന്നോട് ആവശ്യപ്പെട്ടത്.അടുത്ത ദിവസങ്ങളിൽ മോസില്ലയിൽ പ്രധാന പദവികൾ വഹിക്കുന്ന മറ്റ് പലരുടെയും പ്രഭാഷണങ്ങൾ കേൾക്കാൻ സാധിച്ചു.

ഉച്ചതിരിഞ്ഞ് നടക്കുന്നത് ബ്രേക്കൗട്ട് സെഷനുകളാണ്. പല ചെറിയ മുറികളിലായി വ്യത്യസ്ഥ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ച, അവലോകനം, ശിബിരം എന്നിവ നടക്കും. കാര്യപരിപാടികളുടെ പട്ടിക നോക്കി താല്പര്യമുള്ളവയിൽ പങ്കെടുക്കാം. മോസില്ലയുടെ ഭാവി, മോസില്ലയ്ക്ക് വെബ് സാക്ഷരതയിലുള്ള പങ്ക്, മോസില്ലയിലൂടെ വിദ്യാഭ്യാസം എന്നീ വിഷയങ്ങളിലായിരുന്നു എനിക്ക് കൂടുതലും താല്പര്യമുണ്ടായിരുന്നത്. കൂടാതെ, “ഒരുമില്ല്യൺ മോസില്ലർ എന്തു ചെയ്യും?” (What will one million Mozillians do?) എന്ന മോസില്ലയുടെ സന്നദ്ധപ്രവർത്തകരുടെ വൈവിധ്യത്തെക്കുറിച്ചും, അവർ ഏറ്റെടുക്കേണ്ട ചുമതലകളെക്കുറിച്ചും ചർച്ച ചെയ്യുന്ന പരിപാടിയുടെ സഹ-അവതാരകയുമായിരുന്നു ഞാൻ. വൈദ്യശാസ്ത്രരംഗത്തുള്ളവർക്ക് ആവശ്യമായേക്കാവുന്ന മൊബൈൽ അപ്ലിക്കേഷനുകളെപ്പറ്റിയും ചർച്ച ചെയ്യുകയുണ്ടായി. രാത്രി നടക്കുന്ന അത്താഴവിരുന്നുകളിൽ ഭക്ഷണത്തോടൊപ്പം സംഗീതവുമുണ്ടായിരുന്നു. ഈ വിരുന്നുകളിലാണ് മോസില്ലയോടൊപ്പം വർഷങ്ങളായി പ്രവർത്തിക്കുന്നവരെ പരിചയപ്പെടാൻ അവസരമുണ്ടായത്. എന്നോടൊപ്പം ഹോട്ടൽമുറി പങ്കിടുന്ന ക്രൊയേഷ്യൻ വനിത അന മരിയ ആന്റലോവിക്കും, അവരുടെ കൂട്ടുകാരുമാണ് ഡിന്നറിന് എന്നോടൊപ്പം ഉണ്ടായിരുന്നത്. മനസ്സ് നിറഞ്ഞ് ഉറക്കെ ചിരിക്കുകയും, ഉച്ചത്തിൽ സംസാരിക്കുകയും ചെയ്യുന്നവർ. വിരുന്നിനിടയ്ക് പ്രധാന വിഭവങ്ങളായ പുഴുങ്ങിയ കോഴിയിറച്ചിയും, വീഞ്ഞിൽ വേവിച്ച താറാവിന്റെ കരളും കണ്ണടച്ച് വിഴുങ്ങികൊണ്ടിരിക്കവേ ക്രൊയേഷ്യൻ മഞ്ഞുകാലത്തെക്കുറിച്ചും, ഡാന്യൂബ് നദിയുടെ കൈവഴികളെപ്പറ്റിയും, ക്രൊയേഷ്യൻ വീഞ്ഞിനെപ്പറ്റിയുമെല്ലാം അവർ വാചാലരായി. പിരിയുമ്പോൾ അവരുടെ സ്വദേശമായ സാഗ്രബിലേക്ക് ക്ഷണിക്കാനും അന മറന്നില്ല.

picture 2

ക്രൊയേഷ്യൻ സുഹൃത്തുക്കളോടൊപ്പം

ബ്രസ്സൽസിലെ പ്രധാന ആകർഷണം ഗ്രാന്റ് പ്ലേസ് എന്നറിയപ്പെടുന്ന നഗരചത്വരമാണ്. ഹോട്ടൽ മുറിയിൽ നിന്ന് നോക്കിയാൽ ചത്വരത്തിലുള്ള ടൗൺ ഹാളിന്റെ ഭീമൻ സ്തൂപം കാണാം. വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങുന്നത് ഗ്രാന്റ് പ്ലാസിലേക്കും, ചുറ്റുവട്ടത്തുള്ള മാളുകളിലേക്കുമാണ്. ടൂറിസ്റ്റ് മാപ്പ് നോക്കിയാണ് യാത്ര. വഴിയരികിലുള്ള ബോർഡുകളെല്ലാം ഫ്രഞ്ച് ഭാഷയിലാണ്, എന്നാലും അല്പമൊക്കെ വായിച്ചാൽ മനസിലാകും. വഴിപോക്കർക്ക് ഇംഗ്ലിഷ് അല്പമൊക്കെ മനസിലാകും, ആംഗ്യഭാഷയുടെ അകമ്പടിയോടുകൂടി സംസാരിക്കണം എന്നു മാത്രം. വൈകുന്നേരമാകുന്നതോടെ തണുപ്പ് കൂടിക്കൂടി വരും. ചിലപ്പോൾ സുഹൃത്തുക്കളാരെങ്കിലും കൂടെയുണ്ടാകും. ഈജിപ്ത് സ്വദേശിയായ എൽ ഷാർണോബി മുഹമ്മദിനോട് ഈജിപ്ഷ്യൻ വിപ്ലവത്തെപ്പറ്റിയും, അറബ് വസന്തത്തെപ്പറ്റിയുമൊക്കെ വളരെനേരം സംസാരിക്കാനായത് സെയ്ന്റ് മൈക്കിൾ കത്തീഡ്രൽ തേടിയുള്ള നടത്തത്തിനിടയിലാണ്. പിന്നീടൊരിക്കൽ ഫ്രഞ്ച് മോസില്ല ടീമിനോടൊപ്പം ബ്രസ്സൽസ് നഗരമധ്യത്തിലെ പാർക്കിലിരുന്ന് സ്വതന്ത്രവിജ്ഞാന സംരംഭങ്ങളെക്കുറിച്ച് ചർച്ച തുടങ്ങി, മറ്റ് പല വിഷയങ്ങളിലേക്കും തെന്നിമാറി, അവസാനം താജ് മഹലിൽ ചെന്ന് ചർച്ച അവസാനിച്ചതും ഓർക്കുന്നു.

picture 4

സെന്റ് മൈക്കിൾ കത്തിഡ്രലിൽ. ചിത്രത്തിനു കടപ്പാട് : എൽ ഷാർണോബി, CC-BY-SA, ഫ്ലിക്കർ

ബ്രസ്സൽസിലെ ചോക്കലേറ്റ് പേരുകേട്ടതാണ്. ചൂടുള്ള ചോക്കളേറ്റ് പാനീയമാണ് നാഗരികരുടെ ഇഷ്ട പാനീയം. വൈകുന്നേരങ്ങളിൽ മാത്രം തുറന്നു പ്രവർത്തിക്കുന്ന ചോക്കളേറ്റ് സ്റ്റാളുകളുമുണ്ടിവിടെ. കോൺഫറൻസ് വേദിയുടെ തൊട്ടടുത്തുള്ള ചോക്കലേറ്റ് ഷോപ്പിൽ പ്രശസ്ത ചോക്കലേറ്റ് ഷെഫ് ലോറൻ ജെർബ്രാഡ് നടത്തുന്ന ചോക്കലേറ്റ് ക്ലാസിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ലോകത്തിന്റെ പല ഭാഗത്തുനിന്നും ശേഖരിച്ച അസംസ്കൃത വസ്തുക്കളിൽ നിന്നുമാണത്രെ ചോക്കലേറ്റിലേക്കുള്ള ചേരുവകൾ തയ്യാറാക്കുന്നത്. ഇതിൽ ഇന്ത്യൻ സുഗന്ധദ്രവ്യങ്ങൾ മുതൽ അമേരിക്കൻ ഹേസൽനട്ട് വരെയുണ്ട്. വിൽപ്പനയ്ക്കു വച്ചിരുന്ന പലതരം ചോക്കലേറ്റുകളുടെ സാമ്പിളുകളും രുചിക്കാനായി. ചോക്കലേറ്റ് നിർമ്മിക്കുന്ന വിധം കണ്ടു മനസിലാക്കി. നാട്ടിൽ സുഹൃത്തുക്കൾക്കു നൽകാനായി ചോക്കലേറ്റ് വാങ്ങുകയും ചെയ്തു.

യൂറോപ്യൻ യൂണിയന്റെ അനൗദ്യോഗിക തലസ്ഥാനമാണ് ബ്രസ്സൽസ്. യൂറോപ്യൻ യൂണിയനിന്റെ പല കെട്ടിടങ്ങളും സ്ഥിതിചെയ്യുന്ന ലക്സംബർഗ് പ്ലാസ് സന്ദർശിച്ചു. ബ്രസ്സൽസിലെ മറ്റൊരു ആകർഷണമാണ് അറ്റോമിയം. സ്റ്റീലിൽ നിർമ്മിച്ച ഇരുമ്പിന്റെ യൂനിറ്റ് സെൽ മാതൃകയാണിത്. 102 മീറ്റർ ഉയരമുള്ള ഈ ഭീമാകര ശില്പത്തിനു മുകളിൽ കയറിയാൽ ബ്രസ്സൽസ് നഗരം മുഴുവനായി കാണാം. തിരക്കുകൾ കാരണം അറ്റോമിയം കാണാൻ എനിക്ക് സാധിച്ചില്ല. ഇനിയും ബ്രസ്സൽസിലേക്ക് യാത്രചെയ്യുകയാണെങ്കിൽ തീർച്ചയായും അറ്റോമിയം കാണണമെന്ന് മനസ്സിലുറപ്പിച്ചു.

picture 3

ചോക്കലേറ്റ് ക്ലാസിൽ

തിരിച്ച് പോരുമ്പോൾ ഒരുപാട് പുതിയ കാര്യങ്ങൾ പഠിച്ചതിന്റെയും, പുതിയ ആളുകളെ കണ്ടുമുട്ടിയതിന്റെയും സന്തോഷമായിരുന്നു മനസ്സ് നിറയെ. വിമാനത്താവളത്തിലിറങ്ങുമ്പോൾ ഡ്രൈവർ ഫ്രാൻസിയാസ് യാത്രാമംഗളങ്ങൾ നേരുന്നതിനോടൊപ്പം വീണ്ടും കാണണമെന്ന് പറഞ്ഞാണ് പിരിഞ്ഞത്. യാത്ര ചെയ്യുന്ന സ്ഥലങ്ങളുടെ ഒരു കഷ്ണം ആത്മാവ് ഹൃദയത്തിലിട്ടാണ് നാം മടങ്ങുക എന്ന കവിവചനം അന്വർത്ഥമാക്കുന്നതായിരുന്നു ബ്രസ്സൽസ് യാത്ര.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.