ലോകത്തിലെ ഏറ്റവും വലിയ വിജ്ഞാനകോശമായ വിക്കിപീഡിയ പരിപാലിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷനും, ജർമൻ വിക്കിമീഡിയ ചാപ്റ്ററും ചേർന്ന് നടത്തുന്ന ഡൈവേഴ്സിറ്റി കോൺഫറൻസിൽ പങ്കെടുക്കാനാണ് ഞാൻ ബർലിനിലെത്തിയത്. രണ്ട് ദിവസത്തെ കോൺഫറൻസും, ഒരു ദിവസത്തെ ഔദ്യോഗിക പരിപാടിയും ഉൾക്കൊള്ളുന്ന അഞ്ച് ദിവസത്തെ സന്ദർശനമായിരുന്നു എന്റെ ബർലിൽ യാത്ര.
കോൺഫറൻസിനിടയിൽ. ഫോട്ടോ : ക്രിസ്റ്റഫർ ഷ്വാർപ്കോഫ്, സിസി-ബൈ-എസ്.എ
ബർലിൻ നഗരത്തിന്റെ ആകാശക്കാഴ്ച വിസ്മയകരമാണ്. അംബരചുംബികളോടൊപ്പം തീപ്പെട്ടിക്കൂടിന്റെ വലിപ്പത്തിലുള്ള ചെറുകെട്ടിടങ്ങളും, പച്ചപ്പുൽത്തകിടികളും, നിരത്തിലൂടെ പതിയെ നീങ്ങുന്ന വാഹനങ്ങളും കാണാം. വിമാനമിറങ്ങുന്ന യാത്രക്കാരെ എതിരേൽക്കുന്നത് തിരക്ക് വളരെക്കുറഞ്ഞ ആഗമന വിഭാഗവും, പുഞ്ചിരിക്കുന്ന ഉദ്യോഗസ്ഥരുമാണ്.

കോൺഫറൻസ് നടക്കുന്നതിനു തൊട്ടു മുൻപുള്ള ദിവസം വിക്കിമീഡിയ ജർമനിയുടെ ബോർഡംഗവും, സഞ്ചാരപ്രിയനുമായ മാർട്ടിൻ റസ്സൾ നേതൃത്വം നൽകുന്ന നഗരയാത്രയിൽ സുഹൃത്തുക്കൾക്കൊപ്പം പങ്കെടുക്കാൻ അവസരമുണ്ടായി. ജർമനിയെക്കുറിച്ച്, പ്രത്യേകിച്ച് ബർലിനെക്കുറിച്ച്, ചില ധാരണകൾ സ്കൂൾ പഠനകാലം മുതൽക്കേ മനസ്സിൽ രൂപം കൊണ്ടിരുന്നു. പൈശാചികമായ നരനായാട്ട് നടത്തിയ നാസി ഭരണകൂടത്തിന്റെ സിരാകേന്ദ്രം, പൊളിക്കപ്പെട്ട ബർലിൻ മതിൽ, യൂറോപ്പിന്റെ പ്രതാപകാലത്തിന്റെ നിറം മങ്ങിയ പ്രതീകങ്ങളായ കെട്ടിടങ്ങൾ എന്നീ ചിത്രങ്ങളായിരുന്നു മനസിലുണ്ടായിരുന്നത്. എന്നാൽ പ്രതീക്ഷകൾക്കപ്പുറമായി ബർലിന്റെ വ്യത്യസ്ഥമായൊരു ചിത്രമാണ് യാത്രയിലുടനീളം മാർട്ടിൻ കാണിച്ചു തന്നത്. ജർമൻ ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങൾ മനസിലാക്കിക്കൊണ്ടുതന്നെ മനുഷ്യാവകാശങ്ങൾക്കു വേണ്ടിയും, ചൂഷണങ്ങൾക്കെതിരെയും പൊരുതുന്ന ഒരു യുവജനതയെയാണ് മാർട്ടിനെപ്പോലുള്ളവരിൽ എനിക്ക് കാണാനായത്. വംശവെറിയേയും, യുദ്ധത്തെയും എതിർക്കുന്ന സമാധാനപ്രിയരായ ജനതയാണ് ജർമൻകാർ എന്ന് മാർട്ടിൻ അഭിപ്രായപ്പെടുകയുണ്ടായി.
ജർമൻ പാർലമെന്റായ റെഗ്സ്റ്റാഗാണ് ബർലിനിലെ ഏറ്റവും മനോഹരമായ കെട്ടിടമെന്ന് നിസ്സംശയം പറയാനാകും. പാർലമെന്റ് മന്ദിരത്തിലേക്ക് കടക്കാനുള്ള ഗേറ്റിൽ അനേകം കൊത്തുപണികൾ ചെയ്തിരിക്കുന്നു. ഗേറ്റ് കടന്നാൽ ഒരറ്റത്ത് സൗജന്യമായി പുസ്തകങ്ങൾ വിതരണം ചെയ്യുന്ന പാർലമെന്റ് പുസ്തകശാലയുണ്ട്. ജർമൻ പാർലമെന്റിന്റെ ചരിത്രത്തെപ്പറ്റിയും, പ്രവർത്തനത്തെപ്പറ്റിയുമൊക്കെ വിവരിക്കുന്ന പുസ്തകങ്ങളും വർത്തമാനപത്രങ്ങളും സൗജന്യമായിട്ടാണ് ഇവിടെ വിതരണം ചെയ്യുന്നത്. റെഗ്സ്റ്റാഗ് കെട്ടിടത്തിന്റെ അകത്തളത്തിലുള്ള മ്യൂസിയത്തിൽ ഇവിടെ നടന്ന യുദ്ധങ്ങളുടെ ചിത്രങ്ങളും, യുദ്ധത്തിൽ ധീരമൃത്യു വരിച്ച സൈനികരുടെ രേഖാചിത്രങ്ങളും ബർലിൻ മതിലിന്റെ ശേഷിപ്പുകളുമൊക്കെ പ്രദർശനത്തിനു വച്ചിരിക്കുന്നു. ഈ കെട്ടിടത്തിനു മുകളിലുള്ള കൂറ്റൻ കമാനത്തിലെ പിരിയൻ ഗോവണി കയറി മുകളിലെത്തിയാൽ ബർലിൻ നഗരം ഏതാണ്ട് മുഴുവനായും കാണാനാകും.

മറ്റൊരു പ്രധാന കാഴ്ച ബ്രാഡൻബർഗ് ഗേറ്റാണ്. പൂർവ്വ ജർമനിയും പശ്ചിമ ജർമനിയും വെവ്വേറെ രാജ്യങ്ങളായിരുന്നപ്പോൾ ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് കടക്കാനുള്ള കവാടമായിരുന്നു ബ്രാഡൻബർഗ് ഗേറ്റ്. കുതിരകളെ കെട്ടിയ രഥത്തിൽ സഞ്ചരിക്കുന്ന സമാധാന ദേവതയുടെ മനോഹരമായ ശില്പമാണ് ബ്രാഡൻബർഗ് ഗേറ്റിൽ കൊത്തിവച്ചിട്ടുള്ളത്. 1791-ൽ പണികഴിപ്പിച്ച ഈ കവാടം അനേകം യുദ്ധങ്ങൾക്കും, പ്രകടനങ്ങൾക്കും, ഉടമ്പടികൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ബർലിനിലെ ബസ് യാത്രകൾക്കിടയിൽ വെള്ളം പമ്പ് ചെയ്ത് പ്രവർത്തിക്കുന്ന ഒരു ഭീമൻ ക്ലോക്കും, കൂറ്റൻ ക്രിസ്മസ് ട്രീയും, ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ എംബസികളും കാണാനായി. നഗരത്തിന്റെ ഹൃദയഭാഗത്തു തന്നെ സ്ഥിതിചെയ്യുന്ന ഏക്കറുകളോളം വിസ്താരമുള്ള കാടുകൾ കണ്ട് ഞാൻ അമ്പരപ്പെട്ടു. ആക്രമണകാരികളായ വന്യജീവികളോ, വിഷമുള്ള ഇഴജന്തുക്കളോ ഇവിടെയില്ലെങ്കിലും ഈ കാടുകളിലേക്ക് പ്രവേശനം നിഷിദ്ധമാണത്രെ. ബർലിൻ നഗരത്തിന്റെ മറ്റൊരാകർഷണമാണ് തെരുവുഗായകർ. പാശ്ചാത്യസംഗീതം ഗിറ്റാറിന്റെ അകമ്പടിയോടുകൂടി ആലപിക്കുന്ന ഗായകരെ എല്ലാ പ്രധാന നഗരചത്വരങ്ങളിലും ഞാൻ കണ്ടു. ചോക്കലേറ്റ് നിർമ്മിക്കുന്ന ഫാക്ടറിയും ഞങ്ങൾ സന്ദർശിച്ചു.
ജർമനിയിലെ പ്രധാനപ്പെട്ട വിശ്വവിദ്യാലയമാണ് ഹംബോൾട്ട് യൂണിവേഴ്സിറ്റി. ഒട്ടനവധി പ്രമുഖർ പഠിച്ചിറങ്ങിയ വിശ്വവിദ്യാലയമാണിത്. ഇവിടെ ഗവേഷണങ്ങൾ നടത്തിയ നൊബേൽ സമ്മാന ജേതാക്കളുടെ ഛായാചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയമുണ്ടിവിടെ. വിശാലമായ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ പല പ്രധാനപ്പെട്ട ഗവേഷണ പ്രബന്ധങ്ങളുടെയും കയ്യെഴുത്തു പ്രതികൾ സൂക്ഷിച്ചിരിക്കുന്നു. യൂണിവേഴ്സിറ്റിക്കു മുൻപിലുള്ള മൈതാനത്തിൽ ഫുട്ബോൾ കളിക്കുന്നവരെയും, അതിനരികിൽ സംസാരിച്ചിരിക്കുന്ന വിദ്യാർത്ഥികളെയും കണ്ടു.
രണ്ടാം ലോകമഹായുദ്ധക്കാലത്ത് മരണപ്പെട്ട ജൂതന്മാർക്കായുള്ള സ്മാരകം കാണാൻ പോയപ്പോൾ അവിടെ നിശബ്ദരായി പുഷ്പാർച്ചന നടത്തുന്ന രണ്ട് സഹോദരങ്ങളെ പരിചയപ്പെട്ടു. അവരുടെ മുത്തച്ഛൻ ഹിറ്റ്ലറുടെ കോൺസൻഡ്രേഷൻ ക്യാമ്പിലിരിക്കെ മരണപ്പെട്ടതാണത്രെ. ജൂതന്മാരുടെ ശവക്കല്ലറകൾക്കിടയിലൂടെ സ്മാരകത്തിനു പുറത്തിറങ്ങുമ്പോൾ സമയം വൈകുന്നേരം അഞ്ചു മണി. അപ്പോഴേക്കും ഇരുട്ട് വീണുതുടങ്ങിയിരുന്നു. തിരക്കേറിയ ഷോപ്പിങ് സമുച്ചയങ്ങൾ സ്ഥിതി ചെയ്യുന്ന അലസ്സാണ്ട്രേപ്ലാസ് തെരുവിലെത്തിയപ്പോഴേക്കും വഴിവിളക്കുകൾ തെളിഞ്ഞു തുടങ്ങിയിരുന്നു. പുസ്തകങ്ങളും, മിഠായികളും, വസ്ത്രങ്ങളുമാണത്രെ ഇവിടെ ഏറ്റവുമധികം വിറ്റഴിയുന്ന വസ്തുക്കൾ.
ബർലിൻ നഗരത്തെ പൂർണ്ണമായും കാണണമെങ്കിൽ രണ്ട് ദിവസങ്ങൾ പോരാ. ബർലിനെ അടുത്തറിയാൻ വിശദമായ ഒരു യാത്രതന്നെ നടത്തണമെന്ന് ഉറപ്പിച്ചാണ് ഈ നഗരത്തോട് വിടപറഞ്ഞത്.
Very interesting… Expecting more from you.