ഞാനൊരു പൂച്ചസ്നേഹിയാണ്!
എന്നെ അടുത്തറിയുന്നവർക്ക് ഇത് പുതിയ വിവരമൊന്നുമല്ല. പൂച്ചസ്നേഹം തലയ്ക്ക് പിടിച്ചതിന് പലപ്പോഴും സ്നേഹപൂർവ്വം ശകാരിച്ചിട്ടുമുണ്ട്. പഠനാവശ്യത്തിനായി കുഷ്ഠരോഗാശുപത്രിയിൽ പോയപ്പോൾ അവിടെ കണ്ട പൂച്ചയെ താലോലിക്കുന്നത് കണ്ട് കൂട്ടുകാർ മൂക്കത്ത് വിരൽ വച്ചിട്ടുണ്ട്. ഫേസ്ബുക്കിലെ പൂച്ചപ്പോസ്റ്റുകളും, ബ്ലോഗിലെ പൂച്ചവിശേഷങ്ങളും കേട്ട് വേറെ പണിയൊന്നുമില്ലേ എന്ന് ചോദിച്ചവരുണ്ട്. ഓർമ്മ വച്ച കാലം മുതൽ പൂച്ചകളുമായാണ് സഹവാസം എന്നതുകൊണ്ട് ആർക്കും ഇന്നേവരെ എന്റെ പൂച്ചസ്നേഹത്തിൽ വെള്ളം ചേർക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ പൂച്ചകളെ വച്ചുള്ള പല (കു)പ്രസിദ്ധമായ പരീക്ഷണങ്ങളും ഞാൻ നടത്തി നോക്കിയിട്ടുമുണ്ട്. ചത്ത പൂച്ചകൾ സംസാരിക്കാറില്ലാത്തതുകൊണ്ട് എന്റെ പരീക്ഷണ-ക്രൂരതകൾ ലോകമറിയുന്നില്ല എന്നാണ് ദോഷൈകദൃക്കുകളുടെ വാദം. എന്നാൽ പൂച്ചകളെ വേദനിപ്പിക്കുന്ന പരീക്ഷണങ്ങൾ ഒന്നും നടത്തിയിട്ടില്ല എന്ന് ഞാന്. പിടിക്കപ്പെടുന്നത് വരെ ഹിറ്റ്ലറും ഇങ്ങനെയൊക്കെത്തന്നെയാണ് പറഞ്ഞിരുന്നതെന്ന് അവര്.

എന്റെ ഗവേഷണ ചോദ്യങ്ങൾ ഇത്തരത്തിലുള്ളവയാണ്. പൂച്ചയ്ക്ക് പച്ചമീനാണോ ഉണക്കമീനാണോ കൂടുതൽ ഇഷ്ടം? പച്ചമീനുകളിൽ തന്നെ അയലയാണോ മത്തിയാണോ കൂടുതൽ ഇഷ്ടം? മത്തിയുടെ തന്നെ തലയാണോ വാലാണോ കൂടുതലിഷ്ടം? രണ്ട് മീറ്റർ നീളമുള്ള വരയുടെ ഒരറ്റത്ത് മത്തിയുടെ തല വയ്ക്കുന്നു. മറ്റേയറ്റത്ത് വാൽ ഭാഗവും. എന്നിട്ട് നടുക്ക് പൂച്ചയെ നിർത്തുന്നു. ഏത് ഭാഗത്തേക്കാണ് പൂച്ച ആദ്യം പോകുന്നത് എന്ന് നോക്കുന്നു (കൺസ്ട്രക്ട് വാലിഡിറ്റി ഇല്ല എന്നൊന്നും പറഞ്ഞ് വരരുത്. എന്റെ ഗവേഷണം, എന്റെ രീതി. പീർ റിവ്യൂ ആവശ്യമില്ല). അങ്ങനെ മൂന്നാല് പൂച്ചകളെ വച്ച് പലതവണ ഈ ടെസ്റ്റ് നടത്തുന്നു. വളരെ ചെറിയ സാമ്പിൾ സൈസിൽ നടത്തിയ ഈ പഠനങ്ങളിൽ നിന്ന് മനസിലാവുന്നത് പൂച്ചകളുടെ ഇഷ്ടവിഭവം പച്ച മത്തിയുടെ തലയാണെന്നതാണ്.
എത്ര ഉയരത്തിൽ നിന്നു വരെ പൂച്ച നാലുകാലിൽ വീഴാൻ തയ്യാറാവും എന്നറിയാനാണ് അടുത്ത പഠനം. പൂച്ചയെയും കയ്യിലെടുത്ത് വീടിന്റെ പുറകു വശത്ത് ചാരി വച്ചിരിക്കുന്ന കോണി കയറുന്നു. രണ്ട് സ്റ്റെപ്പ് കയറിയ ശേഷം അവിടെത്തന്നെ നിൽക്കുന്നു. നാലഞ്ച് സെക്കന്റിനുള്ളിൽ തന്നെ പൂച്ച കുതറിച്ചാടി താഴെ നാലുകാലിൽ ലാന്റ് ചെയ്യുന്നു. അടുത്തദിവസം ഇതേ പൂച്ചയെയും കൊണ്ട് നാലാമത്തെ കോണിപ്പടിയിൽ കയറി നിൽക്കുന്നു. “ഇതൊക്കെ എത്ര കണ്ടതാ” എന്ന ആത്മഗതത്തോടുകൂടി പൂച്ച വീണ്ടും ചാടുന്നു. അടുത്ത ദിവസം രണ്ട് സ്റ്റെപ്പുകൾ അധികം കയറുന്നു. പത്ത് സ്റ്റെപ്പ് കയറിയ ദിവസം പൂച്ച താഴോട്ട് ചാടാതെ എന്റെ ഡ്രസ്സിൽ അള്ളിപ്പിടിക്കുന്നു. ഈ സ്റ്റെപ്പിൽ നിന്നും താഴോട്ടുള്ള വെർട്ടിക്കൽ ഹൈറ്റ് ഞാൻ രേഖപ്പെടുത്തുന്നു. ഇങ്ങനെ പോകുന്നു എന്റെ ഗവേഷണ താല്പര്യങ്ങൾ.
ചെറുപ്പത്തിൽ ഞാൻ മീൻകറിയിൽ നിന്നും മീനെടുത്ത് ആരും കാണാതെ പൂച്ചകൾക്ക് കൊടുക്കാറുണ്ടായിരുന്നെന്ന് വിശ്വസിനീയമായ സ്രോതസ്സുകളിൽ നിന്നും റിപ്പോർട്ടുകളുണ്ട്. ഞാൻ പൂച്ചകളെ സ്വന്തം ബെഡ്ഡിൽ കൊണ്ടുപോയി കിടത്തുമായിരുന്നു എന്നും പറയുന്നുണ്ട്. (അതേ സ്രോതസ്സുകൾ തന്നെ ഞാൻ പൂച്ചയെ തൊഴിച്ചതായും പറയുന്നുണ്ട്, അത് നിങ്ങൾ കാര്യമായി എടുക്കേണ്ടതില്ല). തെളിവിനായി താഴെ ഒരു പടം കൊടുക്കുന്നു.

പ്രായമേറി വന്നതോടെ പൂച്ചയെ കൂടപ്പിറപ്പായി കൊണ്ട് നടക്കുന്ന ശീലം ഉപേക്ഷിച്ചു. പൂച്ച തോഴനും സഹചാരിയും മാത്രമായി മാറി. പല സ്ഥലങ്ങളിലായി മാറി താമസിച്ചപ്പോഴും ആ പരിസരങ്ങളിലുള്ള പൂച്ചകളെ ‘വളച്ചെടുത്ത്’ സ്വന്തം ആളാക്കി മാറ്റി കൂടെ കൊണ്ടുനടക്കുമായിരുന്നു. അപ്പോഴും പരീക്ഷണ നിരീക്ഷണങ്ങൾ തുടർന്നു പോന്നു. കൂടുതൽ ശാസ്ത്രീയവും, സൂക്ഷ്മവുമായ പരീക്ഷണങ്ങളിലേക്ക് മാറി എന്ന് മാത്രം. ഈ പരീക്ഷണമൊക്കെ പൂച്ചരോമത്തിൽ ചെയ്ത് നോക്കിയിട്ടുണ്ട്. ക്രമേണ ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചതിനു ശേഷം ബാക്കി വരുന്ന ഭക്ഷണമൊക്കെ പൂച്ചകൾക്ക് വേണ്ടി പൊതിഞ്ഞ് വീട്ടിലെത്തിക്കാൻ തുടങ്ങി. മീൻകടയിൽ നിന്നും പൂച്ചകൾക്കായി പ്രത്യേകം മീൻ തലയും, മീൻ അവശിഷ്ടങ്ങളുമൊക്കെ ഞാൻ വാങ്ങാൻ തുടങ്ങി. പൂച്ച മരിച്ച ദിവസം കരച്ചിൽ മഹാമഹം നടത്തുന്ന ചടങ്ങൊക്കെ പയ്യെപ്പയ്യെ ഇല്ലാതായി. പൂച്ചയുടെ പിറന്നാൾ ആഘോഷിക്കുന്നതൊക്കെ നിർത്തി. ഇതിനിടയിൽ ഒരുപാട് പൂച്ചകൾ എന്റെ കൂടെ വന്നു. ഓരോ പൂച്ചയ്ക്കും വ്യത്യസ്ഥ സ്വഭാവങ്ങളാണുള്ളതെന്ന് മനസിലാക്കി. അംഗപരിമിതരായ പൂച്ചകളോടും, നിസ്സഹായരായ പൂച്ചക്കുഞ്ഞുങ്ങളോടും പ്രത്യേക സ്നേഹമൊക്കെ തോന്നിത്തുടങ്ങി. വീട്ടിലേക്ക് കയറുമ്പോൾ ഉടനെ കാലും കയ്യും നക്കിത്തോർത്തിത്തരുന്ന പീലു മുതൽ പുറത്തിറങ്ങിയാൽ കഴിയാവുന്ന അത്രയും ദൂരം പിന്തുടരുന്ന പുഷ്കു വരെ എന്റെ സുഹൃത്തുക്കളായി.
പൂച്ചസ്നേഹത്തിൽ വലിയ വഴിത്തിരിവുണ്ടാക്കിത്തന്നത് ഭർത്താവ് അൻവറാണ്. പ്രേമിച്ച് നടന്നിരുന്ന കാലത്ത് പൂച്ചസ്നേഹം പരിശോധിക്കാനുള്ള താത്വിക ചോദ്യങ്ങളൊക്കെ ഞാൻ പരോക്ഷമായി ചോദിക്കും. അൻവർ എല്ലാത്തിനും തൃപ്തികരമായ ഉത്തരങ്ങൾ തരും. അൻവർ ഐ.ഐ.ടി യിൽ പഠിക്കുന്ന കാലത്ത്, സ്വന്തം ഹോസ്റ്റൽ റൂമിന് തൊട്ടടുത്ത് പ്രാവുകൾ കൂടുകൂട്ടിയതും, ദുർഗന്ധം സഹിച്ചുകൊണ്ടും അവരെ ഭക്ഷണം കൊടുത്ത് വളർത്തിയതുമൊക്കെ കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. വീട്ടിൽ സ്ഥിരമായി വരുന്ന നായയെ ഭക്ഷണം കൊടുത്ത് വളർത്തിയ കഥയും കൂടി കേട്ടപ്പോൾ ഞാൻ മുടിഞ്ഞ അൻവർ ഫാനായി മാറി.
എത്രയൊക്കെ പൂച്ചസ്നേഹം ഉള്ളിലുണ്ടെങ്കിലും ഞാൻ പൂച്ചയ്ക്ക് വിലകൂടിയ ഭക്ഷണമൊന്നും വാങ്ങിക്കൊടുക്കാറുണ്ടായിരുന്നില്ല. അൻവർ ഒരു മടിയുമില്ലാതെ ഷവർമ്മയും, അയക്കൂറ പൊരിച്ചതുമൊക്കെ പൂച്ചയുമായി ഷെയർ ചെയ്യുന്നത് കണ്ട് ഞാൻ ആകെ വല്ലാതായി. അൻവർ സ്വീഡനിലെ പെറ്റ് ഷോപ്പുകളിൽ കയറിയിറങ്ങി പൂച്ചയ്ക്ക് കൊറിക്കാനുള്ള ബിസ്കറ്റ് വാങ്ങി നാട്ടിലേക്കയച്ചു തന്നിരുന്നു. പൂച്ചബിസ്കറ്റ് സ്വയം അകത്താക്കാനുള്ള മോട്ടിവേഷൻ ഉണ്ടായിട്ടും, അൻവറിനെ മനസിൽ ധ്യാനിച്ച്, മുഴുവനും പൂച്ചയ്ക്ക് തന്നെ കൊടുത്തുതീർത്തൂ. പൂച്ചയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്നും, ചെളി പുരണ്ട പാത്രത്തിൽ പൂച്ചയ്ക്ക് ഭക്ഷണം സെർവ് ചെയ്യരുതെന്നും അൻവർ വാദിച്ചു. ഞാൻ അച്ചാർ കഴിക്കുന്ന പാത്രം അങ്ങനെ അൻവർ പൂച്ചപ്ലേറ്റാക്കി മാറ്റി. ഞങ്ങൾ കിടക്കുന്ന മുറിയുടെ പിന്നിലുള്ള സ്ഥലത്തിന്റെ പട്ടയവും, കിടന്നുറങ്ങാൻ ഒരു പെട്ടിയും അൻവർ പിങ്കുവിന് നൽകി. അങ്ങനെ അൻവർ പൂച്ചകളുടെ കൺകണ്ട ദൈവമായി. പീലു ദിവസേന മൂന്ന് നേരം അൻവറിനെ നക്കിത്തുടയ്ക്കാൻ വരാൻ തുടങ്ങി. നല്ല ജീവിതസാഹചര്യങ്ങൾ നിങ്ങളുടെ അവകാശമാണെന്നും, നിങ്ങൾക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങൾ താൻ തിരിച്ചു തരുന്നെന്ന് മാത്രമേ ഉള്ളൂ എന്നും, അതുകൊണ്ട് തന്നോട് പ്രത്യേക വിധേയത്വമൊന്നും കാണിക്കേണ്ടതില്ലെന്നും അൻവർ പൂച്ചകളെ ഉദ്ബോധിപ്പിച്ചു. പൂച്ചപരിപാലനത്തിൽ ഞാൻ ഇടതുപക്ഷമാണെങ്കിൽ, അൻവർ വിപ്ലവകാരിയാണെന്ന് തെളിയിച്ചു.

ജീവിതം അല്പം കൂടി സിസ്റ്റമാറ്റിക്കായത് അൻവറിന്റെ കൂടെ കൂടിയതിൽ പിന്നെയാണ്. പൂച്ചകൾക്കായി പുതിയ നേമിങ് സിസ്റ്റം (പേരിടൽ രീതി) ഗവേഷകനും പ്രോഗ്രാമറുമായ അൻവർ അവതരിപ്പിച്ചു. വഴിയിൽ കൂടെ പോകുന്ന പൂച്ചകൾക്കൊക്കെ വെറുതേ പുതിയ പേര് കണ്ടുപിടിച്ച് മെനക്കെടേണ്ടതില്ലെന്നും, പൂച്ച സുഹൃത്താകുന്നതുവരെ അതിനെ പൂച്ച-0 എന്ന് വിളിച്ചാൽ മതിയെന്നും അൻവർ ഉപദേശിച്ചു. അത്ര വലിയ അടുപ്പമൊന്നുമില്ലാത്ത പൂച്ചകളെ പൂച്ച-1, പൂച്ച-2 എന്നിങ്ങനെ വിളിച്ചാൽ മതിയെന്നും, താല്പര്യമുണ്ടെങ്കിൽ ഡെസിമൽ സിസ്റ്റം ഒഴിവാക്കി ബൈനറിയിൽ നമ്പറിങ് നടത്താമെന്നുമൊക്കെ പറഞ്ഞുതന്നു.
അങ്ങനെ ഒരു ദിവസം അൻവർ സ്വീഡനിലേക്ക് തിരിച്ചുപോയി. റെസിഡൻസ് പെർമിറ്റ് ഉടനെ ശരിയാവാത്തതിനാൽ ഞാൻ നാട്ടിൽ ബാക്കിയായി. പിങ്കുവിന്റെ പണ്ടത്തെ വാസസ്ഥലമായ മച്ചിൻ പുറത്തേക്ക് തന്നെ ഞാൻ കണ്ണുരുട്ടി തിരിച്ച് പറഞ്ഞയച്ചു. പൂച്ചബിസ്കറ്റ് തീർന്നതോടെ ഇവർ മത്തിത്തലയും, കോഴിവേസ്റ്റും തിന്ന് ജീവിക്കാൻ തുടങ്ങി. എന്നാലും അൻവറിന്റെ പ്രേരണയുടെ പുറത്ത് വല്ലപ്പോഴുമൊക്കെ പൊരിച്ച മീനിന്റെ കഷ്ണവും, പ്ലം കേക്കുമൊക്കെ കൊടുക്കാൻ തുടങ്ങി.
സ്വീഡനിൽ ചെന്നിട്ട് ഒരു പൂച്ചയെ ദത്തെടുക്കണോ എന്ന ചോദ്യമാണിപ്പോൾ അവശേഷിക്കുന്നത്. ഈ വിഷയത്തിൽ ഇടതുപക്ഷക്കാരിയും വിപ്ലവകാരിയും തമ്മിൽ പ്രഥമദൃഷ്ട്യാ അകൽച്ചയിലാണ്. അന്തർധാര സജീവമാവാതിരുന്നാൽ ഒരു സ്വീഡിഷ് പൂച്ച കൂടി ഞങ്ങളുടെ കയ്യിൽ നിന്നും രക്ഷപെട്ടേനേ!
വാൽക്കഷ്ണം : ഇത് കേട്ടപാടെ വീട്ടുപരിസരത്ത് നിന്നും നിങ്ങൾ ചവിട്ടി പുറത്താക്കിയ പൂച്ചയെ ദത്തെടുക്കൊമോ എന്നും ചോദിച്ച് ഇങ്ങോട്ട് വരരുത്. അവരവരുടെ ചുറ്റുപാടുകളിൽ വളരുന്ന മൃഗങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത അവരവർക്കു തന്നെയാണെന്ന് വിശ്വസിക്കുന്നു. വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞതുപോലെ ഭൂമി എല്ലാവരുടേതുമാണ്.
കുറിഞ്ഞി പൂച്ചയുടെ കഥകളും അനുഭവങ്ങളും ഗവേഷണങ്ങളും വായിച്ചു രസിച്ചു; മാത്രമല്ല, കുറെ പുതിയ കാര്യങ്ങൾ മനസ്സിലാക്കാനും കഴിഞ്ഞു.
ഇനിയും അനുഭവങ്ങൾ പ്രതീക്ഷിക്കട്ടെ.
വളരെ നന്ദി, സർ.
Very nice Writing.
1) by the way ‘Poocha’s Manthal’ kittiyittundo?
2) how about experiment result which Fish they like ? Ayala or Matti? Unakka Meen or Pachameen?
1) പലവട്ടം. ഈ പൂച്ചകളുടെ പ്രശ്നം എന്താണെന്നാൽ,നമ്മളോട് ഭയങ്കര സ്നേഹം തോന്നുമ്പോൾ ഓടിവന്ന് മാന്തും. പിന്നെ, ഇതൊക്കെ ഒക്യുപേഷണൽ ഹസാർഡ് ആണെന്ന് കരുതി വെറുതേ വിടുന്നു.
2) മത്തിയാണ് ഇഷ്ടം. പച്ചമീനും.
Wow! Interesting!!
നന്ദി.
[…] ഞാന് ക്യാറ്റ്ഫുഡിൻ്റെ ടിൻ കണ്ട പിങ്കുപ്പൂച്ചയെപ്പോലെ വായും പൊളിച്ച് നിൽപ്പായി. […]