ഇന്ത്യക്ക് പുറത്തേക്ക് കോൺഫറൻസിൽ പങ്കെടുക്കാനും പരീക്ഷകൾ എഴുതാനും പോകുന്ന മലയാളി മെഡിക്കൽ വിദ്യാർത്ഥികളുടെ എണ്ണം കൂടിവരികയാണ്. യാത്രയ്ക്ക് ആവശ്യമുള്ള ഡോക്യുമെന്റുകൾ സംഘടിപ്പിക്കുന്നതെങ്ങനെ, വിസ കിട്ടാൻ എന്തൊക്കെ ചെയ്യണം എന്ന ചോദ്യങ്ങളുമായി പലരും എന്നെ സമീപിക്കാറുമുണ്ട്. ഇത്തരക്കാർക്ക് വേണ്ടിയാണ് ഈ പോസ്റ്റ്.
ഏതാണ്ട് ഒട്ടുമിക്ക രാജ്യങ്ങളിലേക്കും ഇന്ത്യക്കാർക്ക് വിസയോടെയേ യാത്ര ചെയ്യാൻ പറ്റൂ. ഇനി വിസ ആവശ്യമില്ലാത്ത രാജ്യമാണെങ്കിലും കൂടി കോൺഫറൻസ് നടത്തുന്നവരുടെ കയ്യിൽ നിന്നും എത്രയും പെട്ടെന്ന് ഇൻവൈറ്റ് ലെറ്റർ വാങ്ങി കയ്യിൽ വയ്ക്കണം. ഫ്ലൈറ്റ് ഇറങ്ങിക്കഴിഞ്ഞാൽ കസ്റ്റംസ്/ബോർഡർ പ്രൊട്ടക്ഷൻ ഓഫീസറോട് നമ്മുടെ യാത്രയുടെ ഉദ്ദേശം മനസിലാക്കിക്കൊടുക്കാൻ വേണ്ടിയാണിത്. ഈ ഇൻവൈറ്റ് ലെറ്റർ ഈ-മെയിലിലോ, തപാൽ വഴിയോ കിട്ടിക്കഴിഞ്ഞാൽ ഉടനെത്തന്നെ വിസ സംഘടിപ്പിക്കാനുള്ള പണികൾ ചെയ്ത് തുടങ്ങണം. പല കോൺഫറൻസുകളും നടക്കുന്നതിന് ഒന്നോ രണ്ടോ മാസം മുൻപാണ് ഇൻവൈറ്റ് ലെറ്റർ അയച്ചു തരാറ്. നമ്മളെ ക്ഷണിച്ച വ്യക്തിയുടെ തിരിച്ചറിയൽ രേഖകളോ, ക്ഷണിച്ച സംഘടനയുടെ ബാങ്ക് സ്റ്റേറ്റ്മെന്റോ ഒക്കെ ചില രാജ്യങ്ങൾ ആവശ്യപ്പെടാറുണ്ട്. ഇത്തരത്തിൽ ഏതെങ്കിലും ഡോക്യുമെന്റ് ആവശ്യമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ചോദിക്കണം. കോൺഫറൻസ് നടത്തിപ്പുകാർ എല്ലാം കണ്ടറിഞ്ഞ് അയച്ച് തന്നോളും എന്നൊന്നും വിചാരിക്കരുത്. ആവശ്യങ്ങൾ എത്രയും ചുരുക്കി ഈ-മെയിലായി അയച്ച് കൊടുക്കുക. മറുപടി ഇല്ലെങ്കിൽ, നിങ്ങളുടെ അടിയന്തര സാഹചര്യം വ്യക്തമാക്കി വീണ്ടും മെയിൽ അയയ്ക്കുക. മിക്ക രാജ്യങ്ങളും അപേക്ഷാർത്ഥിയുടെ (അല്ലെങ്കിൽ രക്ഷിതാവിന്റെ) ബാങ്ക് സ്റ്റേറ്റ്മെന്റ്, മെഡിക്കൽ ഇൻഷുറൻസ്, ഹോട്ടൽ ബുക്കിങ്, ഫ്ലൈറ്റ് ബുക്കിങ് എന്നിവയും കൂടി ചോദിക്കാറുണ്ട്.
ഏതാണ്ടെല്ലാ രാജ്യങ്ങളും proof of employment/study യും leave sanction letter ഉം ചോദിക്കാറുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിച്ച എനിക്ക് ഏറ്റവും നൂലാമാലയായിട്ടുള്ളത് ഈ സാധനമാണ്. ഏറ്റവും ദ്രോഹിച്ചിട്ടുള്ളത് ഇവിടുത്തെ ഓഫീസ് സ്റ്റാഫും. നമ്മൾ ആദ്യം പോസ്റ്റിങ് ഉള്ള യൂണിറ്റിൽ പോയി ലീവ് ചോദിക്കണം. യൂണിറ്റ് ചീഫ് ലീവ് തന്നാൽ അത് ഡിപ്പാർട്ട്മെന്റ് HOD യെക്കൊണ്ട് അപ്രൂവ് ചെയ്യിപ്പിക്കണം. ഹൗസ് സർജൻ ആണെങ്കിൽ കോർഡിനേറ്ററുടെ ഒപ്പാണ് വേണ്ടത്. ഇതെല്ലാം കൊണ്ട് വേണം പ്രിൻസിപ്പാളുടെ ഓഫീസിൽ ചെല്ലാൻ. ഒരു കാരണവശാലും leave letter request തപ്പാൽ പെട്ടിയിൽ ഇടരുത്. നേരേ പ്രിൻസിപ്പാളിനെക്കണ്ട് കാരണം ബോധിപ്പിച്ച് സമ്മതം വാങ്ങിക്കുക. ശേഷം യഥാ തസ്തികയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥനെ കണ്ട് സംസാരിച്ച് ആവശ്യം ബോധ്യപ്പെടുത്തുക. കോൺഫറൻസ് നടക്കുന്നതിന് ഒരു മാസം മുൻപൊക്കെയായിരിക്കും ഈ നെട്ടോട്ടം എന്നതിനാൽ പ്രിൻസിപ്പാളിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരുടെ കയ്യും കാലും പിടിച്ചിട്ടാണെങ്കിലും സർട്ടിഫിക്കറ്റ് എത്രയും പെട്ടെന്ന് ശരിയാക്കണം. സാധാരണ ഗതിയിൽ ഇവരുടെ ആട്ടും തുപ്പും കേൾക്കേണ്ടി വരും. അല്പം സഹനശക്തിയൊക്കെ ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഈയടുത്ത് ഒരു പ്രൈവറ്റ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി യു.എൻ യൂത്ത് കോൺഫറൻസിൽ പങ്കെടുക്കാൻ പോയതായി അറിഞ്ഞു. എത്ര അഭിമാനത്തോടുകൂടിയാണ് ആ കോളേജിന്റെ ഡീൻ ഈ കുട്ടിയെപ്പറ്റി സംസാരിക്കുന്നത്! അതേസമയം, എന്റെ കോളേജിൽ, വിദേശയാത്ര പോകാൻ താല്പര്യമുള്ളവരെക്കൂടി ചടപ്പിക്കുന്ന നയമാണുള്ളത്. ഈ ബ്യൂറോക്രസി കാരണം നെതർലാന്റ്സിലേക്ക് പോകാനുള്ള എന്റെ വിസ അപ്ലിക്കേഷൻ വൈകുകയും, പോകാൻ ഉദ്ദേശിച്ചതിന്റെ പിറ്റേദിവസം മാത്രം വിസ കിട്ടുകയും ചെയ്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. അന്ന്, എംബസിയോട് സംസാരിച്ച് വിസ വേഗം കയ്യിൽ എത്തിച്ചുതന്നതും, ഏതാണ്ട് ഇരട്ടിയോളം പണം ചിലവാക്കി പുതിയ ടിക്കറ്റ് ബുക്ക് ചെയ്തതും സ്പോൺസറിങ്ങ് സംഘടനയാണ്.
കോളേജിൽ നിന്ന് ലെറ്റർ കിട്ടിക്കഴിഞ്ഞാൽ ഉടനെ വിസയ്ക്ക് അപ്ലൈ ചെയ്യുക. യൂറോപ്പ്-അമേരിക്ക എന്നിവിടങ്ങളിലേക്കാണെങ്കിൽ നേരിട്ട് കോൺസുലേറ്റിലോ വിസ ഓഫീസിലോ പോയി അപ്ലൈ ചെയ്യേണ്ടി വരും. യു.എസിലേക്കാണെങ്കിൽ ഇന്റർവ്യൂ ഉണ്ടാകും. വിസ ഫീസ് അടച്ച്, ഫിങ്കർപ്രിന്റ്, ഫോട്ടോ എന്നിവ എടുത്ത്, ഡോക്യുമെന്റുകളും പാസ്പോർട്ടും ഏൽപ്പിച്ച് മടങ്ങാം. എംബസികൾ പൊതുവേ 10-15 ദിവസങ്ങൾക്കുള്ളിൽ വിസ പതിച്ചു തരാറുണ്ട്. അനിശ്ചിതമായി വൈകുന്നതും സാധാരണമാണ്. യു.എസിലേക്ക് പൊതുവേ 10 വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി വിസ കിട്ടാറുണ്ട്, ക്യാനഡയിലേക്ക് അഞ്ചും. സൗത്ത് അമേരിക്കൻ രാജ്യങ്ങൾ പൊതുവേ മൂന്ന് മുതൽ ആറ് മാസം വരെയുള്ള വിസ അനുവദിക്കാറുണ്ട്. യൂറോപ്പിലെ ഷെങ്കൻ രാജ്യങ്ങൾ ഒന്നോ രണ്ടോ ആഴ്ചത്തേക്കൊക്കെയേ വിസ തരാറുള്ളൂ. കോൺഫറൻസ് കഴിഞ്ഞ് യൂറോപ്യൻ രാജ്യങ്ങൾ ചുറ്റാൻ താല്പര്യമുള്ളവർ ഇതും കണക്കിലെടുക്കണം. യു.കെ ആറു മാസത്തേക്ക് മൾട്ടിപ്പിൾ എൻട്രി ജനറൽ പർപ്പസ് വിസ തരാറുണ്ട്.
കൂടുതൽ അറിയണമെങ്കിൽ ഈ-മെയിലിൽ ചോദിച്ചാൽ കഴിയാവുന്നതുപോലെയൊക്കെ സഹായിക്കാം. “എനിക്ക് വിസ കിട്ടുമോ?” തുടങ്ങിയ ചോദ്യങ്ങൾ ചോദിച്ചിട്ടു കാര്യമില്ല. അത് കൃത്യമായി പറയാൻ അതാത് കോൺസുലേറ്റുകൾക്ക് മാത്രമേ കഴിയൂ.
പിന്നെ അവര് ചോദിച്ചില്ലെങ്കിലും കൂടി സ്വന്തം ബേങ്ക് എക്കൗണ്ട്, അച്ഛന്റേം അമ്മേന്റേം ബേങ്ക് എക്കൗണ്ട്, സ്പോണ്സറിങ്ങ് ഓര്ഗനൈസേഷന് ബേങ്ക് എക്കൗണ്ട് തുടങ്ങിയവയുടെ സ്റ്റേറ്റ്മെന്റ് ചേര്ക്കണം. എനിക്ക് UK visa കിട്ടാഞ്ഞത് അവര്ക്ക് sponsoring organization (mozilla) എന്നെ താങ്ങാനുള്ള ശേഷി ഉണ്ടോന്നറീല, എന്റെ സാമ്പത്തികാവസ്ഥ ശരിയില്ല, പരീക്ഷ date അടുത്ത് വരികയാണ് തുടങ്ങിയ കാരണങ്ങള്ക്കാ
ശരിയാണ്. കയ്യിലുള്ള എല്ലാ അൽക്കുൽത്ത് പേപ്പറുകളും അയച്ച് കൊടുക്കുന്നതാണ് നല്ലത്. പിന്നെ,ലവര് വിസ് തരണ്ടാന്ന് തീരുമാനിച്ചാൽ അതിനെ ന്യായീകരിക്കാൻ കാക്കത്തൊള്ളായിരം ന്യായങ്ങൾ നിരത്തും. ഏറ്റവും കൂടുതലായി പറഞ്ഞ് കേട്ടിട്ടുള്ളത് സംഘടനയുടെ സാമ്പത്തികാവസ്ഥ് ആണ്.