യൂറോപ്പിലെ ഷെങ്കൻ ഏരിയയിൽ താമസിക്കുന്നവർക്ക് ഒരു സൗകര്യമുണ്ട്. എന്തെന്നല്ലേ? ഷെങ്കൻ ഏരിയയിലെ മറ്റ് രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാം. ഉദാഹരണത്തിന് സ്വീഡനിൽ ജീവിക്കുന്ന എനിക്ക് ഒരു ദിവസം രാവിലെ ഡെന്മാർക്കിലേക്ക് പോകണം എന്ന് തോന്നിയെന്നിരിക്കട്ടെ. ഉടനടി കാറെടുത്ത് നേരെ ഡെന്മാർക്കിലേക്ക് ഓടിക്കുകയേ വേണ്ടൂ. പലപ്പോഴും ബോർഡർ ചെക്കിങ് പോലും ഉണ്ടാവാറില്ല. ഇനി കാറ് താല്പര്യമില്ലെങ്കിൽ സൈക്കിളോ, ബസ്സോ, ട്രൈനോ, വിമാനമോ, കപ്പലോ പിടിച്ച് മറ്റ് ഷെങ്കൻ രാജ്യങ്ങളിലേക്ക് സുഖമായി ചെല്ലാം. ഇങ്ങനെ കപ്പല് പിടിച്ച് ഡെന്മാർക്ക് കാണാൻ പോയ എൻ്റെ (കുടുംബക്കാരുടെയും) കഥയാണ് സുഹൃത്തുക്കളേ ഇന്ന് ഞാൻ പറയാൻ പോകുന്നത്.
താമസം കോഴിക്കോട്ടാണെങ്കിലും, തൊട്ടതിനും പിടിച്ചതിനും ആഘോഷിക്കാൻ കടലിൽ പോകാറുണ്ടെങ്കിലും ബഷീർക്കാടെയും പിന്നെ വേറാരുടെയൊക്കെയോയും മീൻ പിടിക്കുന്ന ബോട്ടല്ലാത്ത വേറൊന്നും ഞാൻ കടലിൽ കണ്ടിട്ടില്ല. ചാലിയാർ പുഴ കടക്കാൻ ജീവനും കയ്യിൽ പിടിച്ച് തോണിയിൽ ഇരുന്നിട്ടുള്ളതല്ലാതെ വെള്ളത്തിൽ സഞ്ചരിച്ചിട്ടുമില്ല. ഇതൊക്കെക്കൊണ്ടുതന്നെ കപ്പൽ യാത്ര ഒരു വലിയ സംഭവമായിട്ടാണ് ഞാൻ കണക്കാക്കിയിരുന്നത്. “കപ്പലോളം വരില്ലല്ലോ ഇക്കണ്ട പാരിലെ മർത്യസൃഷ്ടി” എന്ന ചൊല്ല് ഉണ്ടായത് (ഉണ്ടാക്കിയത് ഞാൻ തന്നെ) ഈ പശ്ചാത്തലത്തിലാണെന്നും ഓർമ്മിക്കുക. ചൊല്ലിൽ ഒരു ഐറണിയുണ്ട്. ഭൂമിയുടെ പര്യായമാണ് ‘പാര്’. ഭൂമി പരന്നതാണെന്ന അനുമാനത്തിലാണ് പരന്ന പ്രതലം എന്ന് അർഥം വരുന്ന ‘പാര്’ എന്ന വാക്ക് നിലവിൽ വന്നത്. കപ്പൽ യാത്രകളിലൂടെയാണ് ഭൂമി പരന്നതല്ല, ഉരുണ്ടതാണ് എന്ന നിഗമനം പ്രായോഗികമായി തെളിയിക്കപ്പെട്ടത് എന്നത് മറ്റൊരു കൗതുകം.
കപ്പൽ മനുഷ്യൻ്റെ ചരിത്രത്തോളം തന്നെ പഴക്കമുള്ള വസ്തുവാണ്. ആദിമ മനുഷ്യൻ മരത്തടികൾ കൂട്ടിക്കെട്ടിയായിരിക്കണം ചങ്ങാടങ്ങൾ ഉണ്ടാക്കി, കടൽയാത്ര ചെയ്തിട്ടുണ്ടാകുക. വളരെ വർഷങ്ങൾക്കു ശേഷം പായ്ക്കപ്പലുകൾ നിലവിൽ വന്നു. അവിടന്നങ്ങോട്ട് കപ്പലിന് വച്ചടി വച്ചടി കയറ്റമായിരുന്നു. 1500-കളിലൊക്കെ അച്ഛനമ്മമാർ “വെറുതേ കാറ്റും കൊണ്ട് ഇരിക്കാതെ കപ്പൽ പണിക്ക് പൊയ്ക്കൂടെടോ..” എന്ന് മക്കളെ ശകാരിച്ചിരുന്നു കാണണം. ഇന്നത്തെ കാലത്ത് “വെറുതേ ഇരിക്കുന്നതിനു പകരം എഞ്ചിനിയറിങ്ങിനു പൊയ്ക്കൂടെടാ” എന്ന് പറയുന്ന അതേ ഒറ്റബുദ്ധിയോടുകൂടിത്തന്നെ. നുമ്മടെ കൊളമ്പസ് മാമൻ, മഗല്ലൻ മാമൻ, വാസ്കോഡി-ഗാമൻ, ഉണ്ണിമാമൻ എന്നിവരൊക്കെ ഇല്ലായിരുന്നെങ്കിൽ ഈ ലോകത്തിൻ്റെ ചരിത്രം തന്നെ മറ്റൊന്നായേനെ (ഇതിൽ അവസാനം പറഞ്ഞ മാമൻ എൻ്റെ സ്വന്തം മാമനാണ്. മറൈൻ എഞ്ചിനിയർ ആയിരുന്നു). മുകളിൽ പറഞ്ഞ നാല് മാമന്മാരും വീട്ടുകാരുടെ ശല്യം സഹിക്കാൻ വയ്യാതെ കപ്പൽ കയറിപ്പോയതല്ല കെട്ടോ. വാസ്കോ മാമൻ പോർച്ചുഗീസ് രാജാവിനെ പഞ്ചാരയടിച്ചും, കൊളംബസ് മാമൻ സ്പാനിഷ് രാജാവിൻ്റെ കാലുപിടിച്ചും, മഗല്ലൻ മാമൻ അറിയാമ്പാടില്ലാത്ത കാരണങ്ങൾ കൊണ്ടും, ഉണ്ണിമാമൻ സ്വന്തം താല്പര്യപ്രകാരവുമാണ് കപ്പൽ കയറിയത്.
അങ്ങനെ കപ്പലു കയറാൻ തയ്യാറായി ഞാനും സംഘവും സ്റ്റെൻപിറൻ തുറമുഖത്തെത്തി. ടിക്കറ്റിൽ സീറ്റ് നമ്പർ എഴുതിയിട്ടില്ല എന്ന് അവിടുള്ള സ്റ്റാഫിനോട് പറഞ്ഞപ്പോൾ, ഇഷ്ടമുള്ള സീറ്റിൽ ഇരിക്കാം എന്നായിരുന്നു മറുപടി. വിമാനം കേറുമ്പോൾ പാലിക്കേണ്ട ചിട്ടവട്ടങ്ങളൊന്നും തന്നെ കപ്പല് കേറുമ്പോൾ ഇല്ല എന്ന് മനസിലായി. അങ്ങനെ ജനലിനടുത്തുള്ള സീറ്റ് പിടിക്കാൻ ഓടിച്ചാടി കയറിയ ഞാൻ കപ്പലിൻ്റെ അകം കണ്ട് വിജൃംഭിച്ചുപോയി.

വിശാലമായ അകത്തളം. സ്വർണ്ണം പൂശിയ തൂണുകൾ. പതുപതുത്ത പരവതാനി. പലതരം ഭക്ഷണവും ശീതളപാനീയങ്ങളും വിൽക്കുന്ന പീടികകൾ. വൈഫൈ. ഇളം തെന്നൽ. ഹൂറിമാരെപ്പോലുള്ള കപ്പൽ ജീവനക്കാർ. മദ്യപ്പുഴ കൂടിയുണ്ടായിരുന്നെങ്കിൽ സ്വർഗ്ഗപ്പൂങ്കാവനത്തിലാണോ എത്തിപ്പെട്ടത് എന്ന് തെറ്റിദ്ധരിച്ചേനെ. (പിന്നീട്, മദ്യപ്പെരുമഴ പെയ്യുന്നുണ്ടെന്ന് മനസിലായി. അതിനെപ്പറ്റി വഴിയേ പറയാം). അങ്ങനെ സീറ്റ് പിടിക്കാൻ ചെന്ന ഞാന് ക്യാറ്റ്ഫുഡിൻ്റെ ടിൻ കണ്ട പിങ്കുപ്പൂച്ചയെപ്പോലെ വായും പൊളിച്ച് നിൽപ്പായി. ജനാലകൾക്കരികിലുള്ള അനേകം കസേരകളിലൊന്നിൽ ഇരിപ്പുറപ്പിക്കുകയും ചെയ്തു. കുറച്ചു നേരം കഴിഞ്ഞ് വെറുതേയിരുന്ന് ബോറടിച്ചപ്പോൾ എണീറ്റ് ഡെക്കിലേക്ക് പോയി. ഏറ്റവും മുകളിലത്തെ ഡെക്കിൽ കയറിനിന്നപ്പോഴാണ് കാറ്റിന് ഇത്രേം ശക്തിയുണ്ടെന്നത് മനസിലായത്. ഭീകരമാംവിധം അടിച്ച കാറ്റിൽ മുഖത്തിരിക്കുന്ന കണ്ണട പറന്നു പോകുമോ എന്ന് വരെ തോന്നി.
നമ്മൾ ഇങ്ങനെ നിലാവത്തഴിച്ചുവിട്ട കോഴിയെപ്പോലെ നടക്കുകയാണെങ്കിലും ബാക്കിയുള്ള ഭൂരിഭാഗം പേർക്കും ഇതിലൊന്നും താല്പര്യമില്ല. അവർക്ക് താല്പര്യം മദ്യം വാങ്ങുന്നതിലാണ്. സ്വീഡനിൽ മദ്യത്തിന് വളരെയധികം ടാക്സ് ഉള്ളതുകൊണ്ട് വില വളരെ കൂടുതലാണ്. എന്നാൽ കടലിലെത്തുമ്പോൾ ഇതേ കപ്പലിൽ മദ്യം ഡ്യൂട്ടി ഫ്രീ ആയി വിൽക്കുന്നതുകൊണ്ട് വില തുലോം കുറവാണ്. മദ്യക്കുപ്പികൾ കട്ടിക്കടലാസുപെട്ടിയിൽ നിറച്ച് ചെറിയ ഉന്തുവണ്ടിയിൽ കെട്ടിവച്ചാണ് കൊണ്ടുപോകുന്നത്.
കപ്പലിറങ്ങി നേരേ പോയത് സ്കാഗൻ എന്ന സ്ഥലത്തേക്കാണ്. അര മണിക്കൂർ ട്രൈൻ യാത്രയുണ്ട്. ഡെന്മാർക്കിൻ്റെ വടക്കേ മുനമ്പാണ് സ്കാഗൻ. ഇവിടുത്തെ കടപ്പുറത്ത് നിന്നും നോക്കിയാൽ നോർത്ത് സീ, ബാൾട്ടിക്ക് സീ എന്നീ കടലുകൾ തമ്മിൽ ചേരുന്നത് കാണാം – നുമ്മടെ കന്യാകുമാരിയിൽ അറബിക്കടലും ബംഗാൾ ഉൾക്കടലും ചേരുന്നതു പോലെ. രണ്ട് കടലുകളുടെയും തിരമാലകൾ വിപരീതദിശകളിൽ അടിക്കുന്നതും കാണാം.

ഇവിടെ എളുപ്പത്തിൽ എത്തിപ്പെടാം എന്നൊന്നും വിചാരിക്കരുത്. കുഗ്രാമമാണ്. സ്കാഗൻ സ്റ്റേഷനിൽ വന്നിറങ്ങിയാൽ ബീച്ചിലേക്ക് ബസ് സർവീസ് ഇല്ല. ഏക ആശ്രയം സൈക്കിൾ ആണ്, അല്ലെങ്കിൽ സ്വന്തം കാർ ഓടിച്ചെത്താം. ഉച്ച കഴിഞ്ഞാൽ സൈക്കിൾ സർവീസുമില്ല. അതുകൊണ്ട് ഞങ്ങൾ നാല് കിലോമീറ്റർ നടന്നാണ് ഇവിടെ എത്തിയത്. വഴിയൊന്നും അറിയേണ്ട യാതൊരാവശ്യവുമില്ല. പരന്ന സ്ഥലമായതുകൊണ്ട് നാല് കിലോമീറ്റർ ദൂരത്ത് നിന്നുതന്നെ കടൽ കാണാൻ പറ്റും. ഇവിടെ വന്നിട്ട് ഭൂമി പരന്നതാണോയെന്ന് ആർക്കെങ്കിലും സംശയം തോന്നിയാൽ അവരെ കുറ്റം പറയാൻ പറ്റില്ല. നാല് കിലോമീറ്റർ നടന്നിട്ടും ആവേശ് കുമാറായി മുന്നേറിയ അനിയത്തി ഫിദയായിരുന്നു ഞങ്ങളുടെ ഹൈലൈറ്റ്.

അങ്ങനെ ഓടിയും, ചാടിയും, ഇരുന്നും, നടന്നും ഒടുക്കം ഞങ്ങൾ ബീച്ചിലെത്തിപ്പെട്ടു. അവിടം വരെയ്ക്കും എത്തിയപ്പോൾ ഞങ്ങളിൽ പലരുടെയും കാറ്റ് പോയി. പിന്നീട് ആവേശ് കുമാറായി മുന്നേറിയത് ഭർത്താവ് അൻവർ ആണ്. കണ്ണിൽ കണ്ട കുന്നും മലയുമെല്ലാം പുള്ളി ഓടിക്കേറി.

ഞങ്ങളെക്കൂടാതെ വളരെക്കുറച്ച് സന്ദർശകർ മാത്രമേ ബീച്ചിൽ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അവരെല്ലാം വന്നത് കാറിലും, സൈക്കിലിലുമൊക്കെയാണെന്നത് ഞങ്ങളെ ഏറെ വേദനിപ്പിച്ചു (അവർക്ക് തിരിച്ചും നാല് കിലോമീറ്റർ നടക്കേണ്ടല്ലോ എന്ന വേദന). മഴയില്ലായിരുന്നെങ്കിലും നല്ലവണ്ണം കാറ്റു വീശുന്നുണ്ടായിരുന്നതുകൊണ്ട് കാറ്റിനെതിരേ കഷ്ടപ്പെട്ട് നടന്നു. തിരിച്ച് സ്വീഡനിലേക്കും കപ്പലിൽ തന്നെയാണ് പോയത്, പക്ഷെ കുറേ നേരം ക്ഷീണിച്ച് കിടന്നുറങ്ങിയത് മാത്രമേ ഇപ്പോൾ ഓർമ്മയുള്ളൂ.
Ticketum Visayum ellathe njangalekkoodi kondupoyathinu nandi
-Ourangaseeb
Seebus1@gmail.com
പ്രോത്സാഹനത്തിനു നന്ദി.
ഇതുപോലൊരു കപ്പലിലാണല്ലോ ഞാൻ ജർമ്മനിയിൽനിന്നു് ഡെൻമാർക്ക് വഴി ഗോഥെൻബർഗ്ഗിലേക്കു വന്നതു്!
തിരക്കിനിടേ അക്കഥയൊക്കെ പറയാൻ ഞാൻ വിട്ടുപോയി, അല്ലേ? 😦
എന്തായാലും ഗോഥൻബെർഗ്ഗിലെ കടൽ-കായൽ-യാത്രകൾ ഒരിക്കലും മറക്കില്ല. 🙂
സ്വീഡൻ-നെതർലാൻ്റ്സ്-സ്വിറ്റ്സർലൻ്റ്-ജർമനി യാത്ര ഒരു ബ്ലോഗ് പോസ്റ്റായി എഴുതൂ വിശ്വേട്ടാ.
ഉവ്വ്. ഒക്കെ എഴുതണം എന്നൊക്കെത്തന്നെ ആഗ്രഹം. സമയമാണില്ലാത്തതു്. 😦
[…] തികച്ചും സൗജന്യമായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ). കപ്പലിൽ ഓരോ […]