ഞാൻ ഹൗസ് സർജൻസി ചെയ്തത് 2014-15-ലാണ്. മുപ്പത്താറും, നാല്പത്തെട്ടും ചിലപ്പോൾ അതിൽക്കൂടുതലും മണിക്കൂറുകൾ തുടർച്ചയായി ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. ഈ ജോലിക്ക് 15,000 രൂപയാണ് മാസശമ്പളമായി കിട്ടിയിരുന്നത് (അതും പലപ്പോഴും സമയത്തിനു കിട്ടിയിരുന്നില്ല). ന്യായമായും ഇത്രയധികം ജോലിക്ക് ഇത്ര കുറച്ച് ശമ്പളമോ എന്ന് മറ്റ് പലരേയും പോലെ ഞാനും ചിന്തിച്ചു. അങ്ങനെയിരിക്കെയാണ് ഒരു സർക്കാർ മെഡിക്കൽ കോളേജിലെ ഹൗസ് സർജനെ രോഗി തല്ലുന്നത്. ഇതേത്തുടർന്ന് കേരളത്തിലെ മുഴുവൻ ഹൗസ് സർജന്മാരും ശമ്പളവർദ്ധനവും, മെച്ചപ്പെട്ട ജോലിസാഹചര്യങ്ങളും ആവശ്യപ്പെട്ട് പണിമുടക്ക് തുടങ്ങി. പണിമുടക്കിനെത്തുടർന്ന് സർക്കാർ ചർച്ചയ്ക്ക് വിളിക്കുകയും ശമ്പളം 5,000 രൂപ വർദ്ധിപ്പിച്ച് 20,000 ആക്കുകയും ചെയ്തു. എന്നാൽ ജോലിസാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ സർക്കാർ യാതൊന്നും ചെയ്തില്ല.
പൈസ കൂടുതൽ കിട്ടിയപ്പോൾ എനിക്ക് സന്തോഷമായി. പുതിയ ലാപ്ടോപ് വാങ്ങിക്കുക എന്നതായിരുന്നു ആഗ്രഹം. അതിനായി മാസാമാസം ഒരു തുക മാറ്റിവയ്ക്കുന്നുണ്ടായിരുന്നു. അന്ന് മാറ്റിവച്ച തുകകൊണ്ട് വാങ്ങിയ ലാപ്ടോപ്പിലാണ് ഞാൻ ഈ പോസ്റ്റ് ടൈപ്പ് ചെയ്തുകൊണ്ടിരിക്കുന്നത്. പക്ഷെ, ഇന്ന് ചിന്തിക്കുമ്പോൾ അന്നത്തെ സമരം അർത്ഥവത്തായിരുന്നോ എന്ന സംശയമുണ്ട്. ശമ്പളം കൂട്ടിക്കിട്ടാൻ വേണ്ടിയാണോ നമ്മൾ സമരം ചെയ്യേണ്ടത്?
അല്ല എന്നാണ് എനിക്ക് തോന്നുന്നത്. മാന്യമായ ശമ്പളം അടിസ്ഥാനമായ ആവശ്യം തന്നെ എന്നത് സമ്മതിക്കുന്നു. എന്നാൽ പഠനശേഷം പിന്നീടുള്ള കാലം 5000 രൂപ എന്നതൊക്കെ വളരെ ചെറിയ തുകയായി മാറിയേക്കും. എൻ്റെ ബാച്ചിൽ നിന്നും (2009-15, കോഴിക്കോട് മെഡിക്കൽ കോളേജ്) പഠിച്ചിറങ്ങിയ പകുതിയിലധികം പേരും ഇപ്പോൾ ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു ഡോക്ടർക്ക് ബിരുദാനന്തര ബിരുദമുണ്ടെങ്കിൽ 50,000 രൂപയ്ക്കടുത്തും ബിരുദം മാത്രമാണെങ്കിൽ (നാട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ, ‘വെറും എം.ബി.ബി.എസ്’ ആണെങ്കിൽ) 35,000 രൂപയ്കടുത്തും മാസം ശരാശരി സമ്പാദിക്കാൻ പറ്റും. പ്രവൃത്തിപരിചയം കൂടുന്നതിനനുസരിച്ച് ചിലർ മാസം ആറു മുതൽ പത്ത് ലക്ഷം വരെ സമ്പാദിക്കുന്നതായിട്ടറിയാം. മാസം രണ്ട് ലക്ഷം ശമ്പളം വാങ്ങുന്ന ജോലിയൊക്കെ ചെയ്തുകൊണ്ടിരിക്കുമ്പോൾ തിരിഞ്ഞ് ഹൗസ് സർജൻസി കാലഘട്ടത്തിലേക്ക് നോക്കുമ്പോൾ അന്ന് കിട്ടിയ 5000-ത്തെക്കാൾ കൂടുതൽ ഓർക്കുക അന്നത്തെ പ്രവൃത്തിപരിചയമില്ലായ്മയായിരിക്കും.
ഇരുപത്തിനാലും മുപ്പത്താറും മണിക്കൂർ പണിയെടുക്കുന്ന നമുക്കെങ്ങനെയാണ് പ്രവൃത്തിപരിചയക്കുറവ് ഉണ്ടാകുന്നത്? നമ്മൾ ഒരുപാട് സമയം ജോലി ചെയ്യുന്നുണ്ടെന്നതുകൊണ്ട് മാത്രം പ്രവൃത്തിപരിചയം ഉണ്ടാകുന്നില്ല. ഉദാഹരണത്തിന് മെഡിസിൻ വിഭാഗത്തിൽ ജോലി ചെയ്യുമ്പോൾ കൾച്ചർ റിപ്പോർട്ടെടുക്കാനും, സൗജന്യ മരുന്നുകൾ ഫോമിലേക്ക് മാറ്റിയെഴുതാനും, പരിശോധനാ ഫോമുകൾ പൂരിപ്പിക്കാനും, ഡിസ്ചാർജ് കാർഡ് എഴുതാനും, പേഷ്യൻ്റ് ഡേറ്റ കമ്പ്യൂട്ടറിലേക്ക് ടൈപ്പ് ചെയ്ത് കയറ്റാനും മാത്രം ജോലിസമയത്തിൻ്റെ ഏറിയ പങ്കും നാം ചിലവഴിക്കേണ്ടി വന്നിട്ടുണ്ട്. ഇത്തരം പണികൾ ഡോക്ടർമാർ തന്നെ ചെയ്യണമെന്നില്ല. ബോധമുള്ള ആർക്കും ചെയ്യാവുന്ന ജോലിയാണിത്. വിദേശ രാജ്യങ്ങളിലൊക്കെ ഈ പണി കമ്പ്യൂട്ടറൈസ്ഡ് ആയിക്കഴിഞ്ഞു. ഡോക്ടർ സ്വന്തം ഐ.ഡി കാർഡ് ഉപയോഗിച്ചോ, പാസ്വേഡ് ഉപയോഗിച്ചോ വാർഡിലെ കമ്പ്യൂട്ടറിലെ പേഷ്യൻ്റ് ഡാറ്റാബേസിലേക്ക് പ്രവേശിക്കുന്നു. രോഗിയുടെ ഐ.പി നമ്പർ അടിച്ചു കൊടുത്താലുടനെ പേരും മറ്റ് വിവരങ്ങളും തെളിയുന്നു. ഇതേ സിസ്റ്റത്തിൽ തന്നെ പരിശോധനകൾ ഓർഡർ ചെയ്യാനും, റിസൾട്ടുകൾ തയ്യാറായ പക്ഷം കാണാനുമുള്ള സൗകര്യങ്ങളുണ്ടായിരിക്കും. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാ റിസൾട്ടുകളും ഹൗസ് സർജൻ അതത് ഡിപ്പാർട്ട്മെൻ്റുകളിൽ പോയി തിരഞ്ഞെടുത്ത് കൊണ്ടുവരേണ്ട അവസ്ഥയാണുള്ളത്. രോഗിയുടെ കൂട്ടിരിപ്പുകാർ ക്യൂ നിന്ന് ചില റിസൾട്ടുകളും, സ്കാൻ റിപ്പോർട്ടുകളും വാങ്ങിക്കൊണ്ടുവരേണ്ട സ്ഥിതിവിശേഷവും ഉണ്ട്. നിമിഷനേരം കൊണ്ട് വിവരവിനിമയം നടത്താനുള്ള സങ്കേതങ്ങൾ ഫോണിൽ പോലും ഉള്ളപ്പോഴാണ് മെഡിക്കൽ കോളേജിൽ മാത്രം ഇപ്പോഴും ഡോക്ടർ അല്ലെങ്കിൽ കൂട്ടിരിപ്പുകാർ നേരിട്ടു പോയി പേപ്പർ റിസൾട്ടുകൾ ശേഖരിച്ചുകൊണ്ട് വരേണ്ട അവസ്ഥയുള്ളത്. ഡോക്ടർ കേസ് റെക്കോർഡ് പറഞ്ഞു കൊടുക്കുകയും, മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ് എഴുതുകയും ചെയ്യുന്ന രീതി പല വിദേശരാജ്യങ്ങളിലുണ്ട്. ഇതേ സംഭവം കമ്പ്യൂട്ടർ ഉപയോഗിച്ച് സ്പീച്ച്-റ്റു-ടെക്സ്റ്റ് ആയും എഴുതാവുന്നതാണ് – തെറ്റുള്ള ഭാഗങ്ങൾ പിന്നീട് ഡോക്ടർ തിരുത്തിക്കൊടുക്കുകയേ വേണ്ടൂ. രോഗിയുടെ വിവരങ്ങൾ വീട്ടിലിരുന്നും അറിയാനായുള്ള ഫോൺ ആപ്പുകളും ഇന്ന് ലഭ്യമാണ്. ഡിജിറ്റൈസേഷൻ പൂർണ്ണമാണെങ്കിൽ രോഗി രണ്ടാമത്തെ പ്രാവശ്യം വരുമ്പോൾ പഴയ റെക്കോർഡുകൾ ഉടനടി നോക്കാനും ബുദ്ധിമുട്ടില്ല. ഓ.പി ടിക്കറ്റും, ലാബ് റിസൾട്ടുകളും കളഞ്ഞുപോയെന്ന് പറഞ്ഞ് വരുന്ന അഞ്ചാറ് രോഗികളെങ്കിലും എല്ലാ ദിവസവും ഉണ്ടാകാറുണ്ട്. ഇവർക്കൊക്കെ ഡിജിറ്റൈസ്ഡ് റെക്കോർഡുകൾ വലിയ ആശ്വാസമായേക്കും. രക്തപരിശോധനയുടെ റിസൾട്ടൊക്കെ പ്രത്യേകതരം പേപ്പറിൽ അച്ചടിക്കുന്നതിനാൽ മൂന്നാല് മാസം കഴിഞ്ഞാൽ പ്രിൻ്റ് മുഴുവൻ മാഞ്ഞു പോകും. ഇതു കാരണം രോഗി വീണ്ടും വരുമ്പോൾ റിസൾട്ടുകൾ ഇല്ലാത്ത അവസ്ഥ വരാറുണ്ട്. ഡിജിറ്റൈസേഷൻ ഉണ്ടെങ്കിൽ ഈ പ്രശ്നം ലളിതമായി പരിഹരിക്കാവുന്നതേ ഉള്ളൂ.
എന്നാൽ മാറി മാറി വരുന്ന സർക്കാറുകൾക്ക് ഡിജിറ്റൈസേഷൻ പോലുള്ള അടിസ്ഥാന സൗകര്യ വികസനം വലിയ താല്പര്യമുള്ള കാര്യമല്ല. ഇത്തരം മാറ്റങ്ങൾ നടപ്പിലാക്കണമെങ്കിൽ കുറേയേറെ നൂലാമാലകൾ ഉണ്ടെന്നുള്ളതാണിത്. ഇതിന് ആവശ്യമായ ചിലവ്, ലാബ്-ഫാർമസി തൊഴിലാളി സംഘടനകളുടെ എതിർപ്പ് മറികടക്കൽ, പുതിയ കമ്പ്യൂട്ടറുകൾ വയ്ക്കാനുള്ള സ്ഥലം, ലാൻ നെറ്റ്വർക്ക് സ്ഥാപിക്കൽ, അറ്റകുറ്റപ്പണികൾക്കായി സ്ഥിരം ജീവനക്കാർ, രോഗിയുടെ വിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് ചേർക്കാനായി പുതിയ ക്ലറിക്കൽ സ്റ്റാഫ് എന്നിങ്ങനെ ശ്രമകരമായ പലതും ചെയ്യേണ്ടി വരുന്നതുകൊണ്ടാണിത്. ഇത്രയൊക്കെ ചെയ്യുന്നതിനു പകരം നമ്മുടെ കണ്ണിൽ പൊടിയിടാനായി 5000 രൂപ കൂട്ടിത്തരാൻ സർക്കാറിനു വലിയ ബുദ്ധിമുട്ടൊന്നുമുണ്ടാകില്ല. ആകെയുള്ള 3500-ഓളം വരുന്ന ഹൗസ് സർജന്മാർക്ക് ശമ്പളവർദ്ധനവിനുള്ള പണം വകയിരുത്തിയാൽ മതി. ഇത്തരം ശ്രമകരമായ പണി ചെയ്യുന്നതിനു പകരം ആരോഗ്യമേഖലയിൽ സർക്കാരുകൾ പണം വകയിരുത്തുന്നത് സൗകര്യങ്ങൾ ലവലേശമില്ലാത്ത സ്ഥലങ്ങളിലും പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങാനും, സൂപ്പർ സ്പെഷ്യാലിറ്റി ഡിപ്പാർട്ടുമെൻ്റുകൾ തുറക്കാനുമൊക്കെയാണ്. വീടിനടുത്ത് മെഡിക്കൽ കോളേജ് വന്നാൽ ആരോഗ്യമേഖല മെച്ചപ്പെട്ടു എന്ന് പൊതുജനം കരുതുന്നതു കൊണ്ട് സർക്കാരുകൾക്കും ഇത്തരം ‘ഗുമ്മുള്ള’ ജോലികൾ ചെയ്യാനാണ് ആഗ്രഹം. ഇതിലെ പ്രശ്നങ്ങളെപ്പറ്റി വിശദമായി മറ്റൊരു പോസ്റ്റിൽ എഴുതാം.
ഇനി മറ്റൊരു ഉദാഹരണമായി ഗൈനക്കോളജി/ഒബ്സ്റ്റട്രിക്സ് എടുക്കാം. ഇവിടത്തെ സ്ഥിരം പണി ബി.പി നോക്കലും, ഐ.സി.യുവിൽ കിടക്കുന്ന രോഗിയെ 24/7 നോക്കിയിരിക്കലും, ക്യാനുല ഇടലും, ചായ ഓർഡർ ചെയ്യലും മറ്റുമാണ്. ഇത്തരം പണികളും ഡോക്ടർമാർ അറിയേണ്ടതല്ലേ എന്നു ചോദിച്ചാൽ അറിയേണ്ടതാണ് എന്നാണ് ഉത്തരം. എന്നാൽ ഈ ജോലി അറിയണമെങ്കിൽ എത്ര തവണ ചെയ്ത് പരിശീലിക്കണം എന്നുള്ളത് ചിന്തനീയമാണ്. ഒരു ശരാശരി ഒ.പി ദിവസത്തിൽ 100 മുതൽ 200 പേരുടെ ബി.പി ആണ് ഹൗസ് സർജൻ നോക്കുന്നത്. പഠിക്കാനായിരുന്നെങ്കിൽ ദിവസം നാലോ അഞ്ചോ തവണ ബി.പി നോക്കിയാൽ മതിയാകുമല്ലോ. അതുപോലെത്തന്നെ, ഐ.സി.യുവിലെ രോഗിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ സീനിയർ സ്റ്റാഫിനെ അറിയിക്കുക എന്നതു മാത്രമാണ് ഹൗസ് സർജൻ്റെ ഉത്തരവാദിത്വം. ഇങ്ങനെ മോണിറ്ററുകൾ നോക്കിയിരിക്കുന്ന ജോലി നഴ്സിങ് അസിസ്റ്റൻ്റിനു പോലും അറിയുന്നതാണ്. ഇത്തരം അനാവശ്യ ജോലികൾ ചെയ്യേണ്ടതുകൊണ്ടുതന്നെ ഓ.പിയിൽ വരുന്ന രോഗികളെ പരിശോധിക്കാൻ നമുക്ക് തീരെ കഴിയുന്നില്ല.
ഇത്തരം പതിവ് ജോലികൾ നമ്മളെക്കൊണ്ട് ചെയ്യിക്കുവാൻ വേണ്ടി പറയുന്ന മറ്റൊരു ഒഴിവുകഴിവാണ് സ്റ്റാഫിൻ്റെ എണ്ണക്കുറവ്. 1960-കളിലെ സ്റ്റാഫ് പാറ്റേൺ പിന്തുടരുകയും, ജനസംഖ്യയുടെയും, വിദ്യാർത്ഥികളുടെയും അനുപാതത്തിൽ ഡോക്ടർമാരുടെ എണ്ണം കൂട്ടാതിരിക്കുകയും, ഉള്ള വേക്കൻസികളിൽ പോലും നിയമനം നടത്താതിരിക്കുകയും ചെയ്യുന്ന സർക്കാറുകൾ തന്നെയാണ് ഇവിടെയും പ്രതിസ്ഥാനത്ത് നിൽക്കുന്നത്. ടീച്ചിങ് സ്റ്റാഫിൻ്റെ എണ്ണം കൂട്ടിയാൽ പി.ജി സീറ്റുകളുടെ എണ്ണവും വർദ്ധിപ്പിക്കാനാവും. ഇപ്പോൾ കൂടുതൽ പി.ജി സീറ്റുകൾ അനുവദിക്കാൻ വിലങ്ങുതടിയായിട്ടുള്ളത് അധ്യാപകരുടെയും, അടിസ്ഥാന സൗകര്യങ്ങളുടെയും കുറവുമൂലമാണെന്നാണ് ഞാൻ മനസിലാക്കുന്നത് (തെറ്റാണെങ്കിൽ തിരുത്താം). അങ്ങനെ, നമുക്ക് പഠിക്കാനായി ആവശ്യത്തിനു അധ്യാപകരും, പി.ജി ഡോക്ടർമാരും ഉണ്ടെങ്കിൽ നമ്മുടെ അക്കാദമിക് നിലവാരവും മെച്ചപ്പെടും. ആവശ്യത്തിനു നഴ്സിങ് സ്റ്റാഫ് ഉണ്ടെങ്കിൽ ക്യാനുള ഇടുക, രോഗിക്ക് കൂട്ടിരിക്കുക, ബി.പി നോക്കുക ഇത്യാദി ജോലികൾ അവർക്ക് ചെയ്യാവുന്നതേ ഉള്ളൂ. ഇത്തരം ജോലികൾ നഴ്സിങ് സ്റ്റാഫ് ഇപ്പോൾ ചെയ്യാത്തത് അവർക്കും ജോലിഭാരം അധികമായതുകൊണ്ടാണ്. ആവശ്യത്തിനു സ്റ്റാഫുണ്ടെങ്കിൽ ഈ ജോലികൾ അവരെ ഏൽപ്പിക്കാവുന്നതേ ഉള്ളൂ. ഇതു കൂടാതെ, സി.എച്ച്.സി പോസ്റ്റിങ്ങിൻ്റെ സമയത്ത് ഡോക്ടറില്ലാത്ത പി.എച്ച്.സിയിലേക്ക് ഹൗസ് സർജനെ ഡ്യൂട്ടിക്ക് വിടുക, മെഡിസിൻ പോസ്റ്റിങ്ങിനിടയിൽ ചിലർക്കു മാത്രം ഹെമറ്റോളജി ഡ്യൂട്ടി തരിക എന്നീ CRRI മാന്വലിൽ പറയാത്ത ജോലികളൊക്കെ നിങ്ങൾ ഏറ്റെടുക്കുകയാണെങ്കിൽ തന്നെ പ്രതിഷേധം അറിയിച്ചതിനു ശേഷം മാത്രം ചെയ്താൽ മതി. സ്റ്റാഫിൻ്റെ എണ്ണം കുറവാണെന്ന സത്യാവസ്ഥയെ അഭിമുഖീകരിക്കാതെ ഓരോ പണികളും നഴ്സ് ചെയ്യേണ്ടതാണോ അതോ ഹൗസ് സർജൻ ചെയ്യേണ്ടതാണോ എന്ന തരത്തിലുള്ള വാഗ്വാദങ്ങൾ വെറും പ്രഹസനം മാത്രമേ ആകുന്നുള്ളൂ. ഹൗസ് സർജന്മാർ ഇല്ലാത്ത സൂപ്പർ സ്പെഷ്യാലിറ്റി വാർഡുകളിൽ ഹൗസ് സർജൻ ചെയ്യുന്ന ജോലികളും നഴ്സുമാർ വൃത്തിയായി ചെയ്യുന്നുണ്ട്. (ഇത്തരം വാർഡുകളിൽ അവർക്ക് ഇരട്ടി ജോലിഭാരമായതിനാൽ കൈപ്പിഴവുകളും സംഭവിക്കുന്നുണ്ട് – രോഗിയുടെ രക്തം മാറി ട്രാൻസ്ഫ്യൂസ് ചെയ്ത നഴ്സ് തന്നെ ഉദാഹരണം)
ഇങ്ങനെ അനാവശ്യമായ പണികൾ ചെയ്യുന്നത് നിർത്തിയതിനാൽ ലാഭിച്ച സമയം കൊണ്ട് നമ്മൾ എന്തു ചെയ്യും? നേരത്തേ ജോലി നിർത്തി റൂമിൽ ചെന്ന് കിടന്നുറങ്ങും എന്നായിരിക്കും നമ്മുടെ അധ്യാപകർ പറയുന്ന ഉത്തരം. അവർ പറയുന്നത് ശരിയാണ് താനും. ഇപ്പോഴുള്ളത്ര ഭാരിച്ച ജോലിയെടുക്കേണ്ടി വരുമ്പോൾ എങ്ങനെയെങ്കിലുമൊന്ന് ജോലി തീർത്ത് ഉറങ്ങിയാൽ മതി എന്ന് ചിന്തിക്കുന്നത് സാധാരണമാണ്. എന്നാൽ ആവശ്യത്തിനു സമയമുണ്ടാകുമ്പോൾ നമ്മുടെ മനസ്ഥിതി മാറും. പഠനത്തിനും, മികച്ച രോഗീപരിചരണത്തിനും സമയമുണ്ടാകും. സീനിയർ ഡോക്ടർമാരെ നിരീക്ഷിച്ചും അവരെഴുതുന്ന പ്രിസ്ക്രിപ്ഷനുകൾ നോക്കിയും, രോഗികളെ വിശദമായി പരിശോധിച്ചും പഠിക്കാൻ നമുക്ക് സമയമുണ്ടാകും. വാർഡിൽ നല്ല കേസ് ഡിസ്ക്കഷനുകളൊക്കെ നടക്കുമ്പോൾ നമ്മൾ ഫോം എഴുതുകയോ, കേസ് റെക്കോർഡ് ടൈപ്പ് ചെയ്ത് കമ്പ്യൂട്ടറിലാക്കുകയോ ചെയ്യേണ്ടി വരുന്ന അവസ്ഥ മാറും. നിലവിലെ അവസ്ഥയിൽ ഹൗസ് സർജൻ ഡോക്ടർമാരെ മറ്റുള്ളവർ ടീം മെമ്പർ ആയി പരിഗണിക്കുന്നില്ലെന്നും, ഹൗസ് സർജന്മാർക്ക് തങ്ങളുടെ ജോലികൾ എന്താണെന്നത് കൃത്യമായി അറിയില്ലെന്നും, അവരെ മറ്റുള്ളവർ അനുഭാവപൂർവ്വം പരിഗണിക്കുന്നില്ലെന്നും, അവർക്ക് സീനിയർ ഡോക്ടർമാരെ ഭയം കൂടാതെ സമീപിക്കാനാവുന്നില്ലെന്നും, ചെയ്യുന്ന ജോലിക്ക് അഭിനന്ദനം ലഭിക്കുന്നില്ലെന്നും 2015-ലെ ഈ സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നു (ഡോ. ദിലീപ് ഉണ്ണികൃഷ്ണൻ, ഡോ. അരുൺ മംഗലത്ത് എന്നിവരും പിന്നെ ഞാനും തയ്യാറാക്കിയ പഠനമാണിത്). ഇങ്ങനെ മോശം രീതിയിൽ പെരുമാറിയാൽ എങ്ങനെയെങ്കിലുമൊക്കെ ജോലി തീർത്ത് പോയി കിടന്നുറങ്ങാനായിരിക്കും ഹൗസ് സർജന്മാരും ശ്രമിക്കുക. അനുഭാവപൂർവ്വം പെരുമാറുകയും, നല്ല പഠനാനുഭവം നൽകുകയും ചെയ്താൽ ഹൗസ് സർജൻ ഡോക്ടർമാർ കൂടുതൽ ആത്മാർഥമായി ജോലി ചെയ്യും എന്നാണ് ഞാൻ കരുതുന്നത്. ബാക്കി കിട്ടുന്ന സമയം കൊണ്ട് ഇഷ്ടമുള്ള വിഷയത്തിൽ ഒരു റിസേർച്ച് പ്രൊജക്റ്റ് എങ്കിലും ഓരോ ഹൗസ് സർജനും ചെയ്തിരിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. പി.ജിക്ക് പഠിക്കലും, നീറ്റ് പരീക്ഷാ പാറ്റേണും ഹൗസ് സർജൻസി പ്രോഗ്രാമിനെ നശിപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇതിനെക്കുറിച്ച് വിശദമായി മറ്റൊരു പോസ്റ്റിൽ പറയാം.
അടുത്തതായി നമ്മൾ ആവശ്യപ്പെടേണ്ടത് സുതാര്യമായ ഫീഡ്ബാക്ക് സിസ്റ്റമാണ്. ഓരോ ഡിപ്പാർട്ട്മെൻ്റും വിടുമ്പോൾ നമ്മളെ ടീച്ചർമാർ വിലയിരുത്തി കോൺഫിഡൻഷ്യൽ റിപ്പോർട്ട് കൊടുക്കുന്നതുപോലെ നമുക്കും ടീച്ചർമാരെപ്പറ്റി ഫീഡ്ബാക്ക് കൊടുക്കുവാനുള്ള സിസ്റ്റമാണ് വേണ്ടത്. ഇങ്ങനെ എല്ലാ ടീച്ചർമാർക്കും കിട്ടിയ റേറ്റിങ്ങ് അവരുടെ പ്രൊമോഷനെയും, ശമ്പളവർദ്ധനവിനെയും ബാധിക്കും എന്ന അവസ്ഥ ഉണ്ടാകണം. എല്ലാ അധ്യാപകരുടെയും അതത് വർഷത്തെ ശരാശരി റേറ്റിങ്ങ് അതത് ഡിപ്പാർട്ട്മെൻ്റിൻ്റെ നോട്ടീസ് ബോർഡിൽ ഇടണം എന്ന നിബന്ധന വച്ചാലും കുഴപ്പമില്ല. ഞങ്ങൾ 2015-ൽ നടത്തിയ പഠനത്തിൽ മനസിലായത് നാലിലൊന്ന് അധ്യാപകർ മാത്രമേ പഠനപ്രവർത്തനങ്ങൾക്കായി സമയം ചിലവഴിക്കുന്നുള്ളൂ എന്നാണ്. ഇങ്ങനെ ഫീഡ്ബാക്ക് കൊടുത്തു തുടങ്ങിയാൽ, തീരെ ക്ലാസുകൾ തരാത്തതും, ജോലിയിൽ പങ്കെടുപ്പിക്കാത്തതും, മോശം സ്വഭാവം കാണിക്കുന്നവരുമായ അധ്യാപകർക്ക് അവരുണ്ടാക്കുന്ന പ്രശ്നങ്ങളുടെ ആഴം മനസിലാവാനും തിരുത്താനും സാധിക്കും. അതേസമയം, നല്ല രീതിയിൽ ജോലി ചെയ്യുന്ന അധ്യാപകരെ അഭിനന്ദിക്കാനും ഈ കോൺഫിഡൻഷ്യൽ റേറ്റിങ് സിസ്റ്റം കൊണ്ട് സാധിക്കും. റേറ്റിങ് കൂടാതെ പരാതികളും, അഭിപ്രായങ്ങളും കൂടി നേരിട്ട് ടീച്ചർമാരുടെ അടുത്തെത്താനുള്ള സിസ്റ്റവും ഉണ്ടാകണം. ഇതൊന്നും അടുത്തകാലത്തെങ്കിലും DME ചെയ്ത് തരുമെന്ന പ്രതീക്ഷ എനിക്കില്ലാത്തതുകൊണ്ട് ഇത് നിങ്ങൾക്കു തന്നെ ചെയ്യാവുന്നതേ ഉള്ളൂ. ഒരു ഗൂഗിൾ ഫോം ഉപയോഗിച്ച് നിങ്ങൾ തന്നെ ബാച്ചിലെ മുഴുവൻ പേരെയും ഉൾക്കൊള്ളിച്ച് വോട്ടെടുപ്പ് നടത്തുക. 0 മുതൽ 10 വരെ ഉള്ള സ്കേലിൽ എല്ലാ അധ്യാപകരുടെയും അക്കാദമിക നിലവാരം, പ്രവൃത്തിപരിചയം, വിദ്യാർത്ഥികളോടുള്ള പെരുമാറ്റം, കൃത്യനിഷ്ഠത എന്നിവ വോട്ടെടുപ്പിനിടുക. വോട്ടെടുപ്പിൻ്റെ ഫലം അതാത് ഡിപ്പാർട്ട്മെൻ്റുകൾക്ക് അയച്ചു കൊടുക്കുക. ഇനി ഏതെങ്കിലും ഫാക്കൾട്ടിയോട് നേരിട്ട് ഒരു പരാതിയോ, അഭിപ്രായമോ രഹസ്യമായി ബോധിപ്പിക്കാനുണ്ടെങ്കിൽ മുഴുവൻ ബാച്ചിനും വേണ്ടി ഒരു ഈ-മെയിൽ ഐഡി തുടങ്ങുക (ഉദാഹരണത്തിന് 53rdbatchfeedback@gmail.com). ഈ ഐ.ഡിയുടെ പാസ്വേഡ് ബാച്ചിലെ എല്ലാവരും അറിഞ്ഞിരിക്കണം. ഈ ഈ-മെയിൽ വഴി നിങ്ങളുടെ പരാതി അതത് അധ്യാപകർക്ക് മെയിൽ ചെയ്യുക. കോഴിക്കോട് മെഡിക്കൽ കോളേജിലെ എല്ലാ സ്ഥിരം അധ്യാപകരുടെയും ഈ-മെയിൽ വിലാസം കോളേജിൻ്റെ വെബ്സൈറ്റിലുണ്ട്. മെയിലൊന്നും വായിക്കാത്ത അധ്യാപകനാണെങ്കിൽ ഒരു വെള്ളക്കടലാസിൽ പരാതി എഴുതി റൂമിൻ്റെ വാതിലിനടിയിലൂടെ ഇട്ടാലും മതി.
ഇപ്പോഴത്തെ അവസ്ഥയിൽ വിദ്യാർത്ഥികളുടെ പരാതികൾ പ്രിൻസിപ്പാൾ നിയോഗിക്കുന്ന ഒരു കമ്മിറ്റി അന്വേഷിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ആരോപണവിധേയനായ അധ്യാപകനെതിരെ ഒരു നടപടിയും എടുക്കാറില്ല. ഇത്തരം കമ്മിറ്റി രൂപവൽക്കരിക്കുമ്പോൾ അതിൽ വിദ്യാർത്ഥികളായ അംഗങ്ങളും ഉണ്ടായിരിക്കണം എന്ന് നിങ്ങൾ നിബന്ധന വയ്ക്കുക. കമ്മിറ്റി ചർച്ചയുടെ സാരാംശവും, അന്തിമ തീരുമാനവും അടങ്ങിയ രേഖ, പ്രിൻസിപ്പാൾ ഒപ്പുവച്ച ശേഷം പരാതിക്കാരിക്ക് തീർച്ചയായും കൊടുത്തിരിക്കണം എന്ന നിബന്ധനയും വയ്ക്കുക. ഇത്തരം സുതാര്യമായ ഫീഡ്ബാക്ക് സിസ്റ്റം ഉണ്ടെങ്കിൽ അധ്യാപകരുടെ കാറിൻ്റെ ചില്ല് അടിച്ചു പൊട്ടിക്കുന്നതും, അവരെ അസഭ്യം വിളിക്കുന്ന പോസ്റ്റർ ഉണ്ടാക്കുന്നതും ഒക്കെ ഇല്ലാതാകും.
ഇതേ രീതിയിൽ അധ്യാപകരുടെ ഫീഡ്ബാക്ക് സ്വീകരിക്കാനും നമ്മൾ തയ്യാറാവണം. കോൺഫിഡൻഷ്യൽ ഫോം ഒക്കെ ഒരു പ്രഹസനമാണെന്ന് നമുക്ക് പണ്ടേ അറിയാമല്ലോ. പോസ്റ്റിങ് കഴിഞ്ഞ് പാർട്ടി ഒക്കെ കൊടുത്ത് പോകുമ്പോൾ ഓരോ അധ്യാപകരോടും നമ്മളെപ്പറ്റിയുള്ള അഭിപ്രായം ചോദിക്കുക. നമ്മൾ രോഗീപരിചരണത്തിലും, അക്കാദമിക്സിലും ഒക്കെ കാണിക്കുന്ന ന്യൂനതകൾ നമ്മളെക്കാലുപരി മനസിലാക്കാൻ കഴിയുന്നത് അധ്യാപകർക്കാണ്. വാർഡിൽ പണിയെടുക്കുന്ന സമയത്ത് പലപ്പോഴായി വഴക്കു പറയുമെങ്കിലും, ഒറ്റയ്ക്ക് നേരിട്ട് ചെന്ന് ഫീഡ്ബാക്ക് ചോദിച്ചാൽ പല അധ്യാപകരും അനുഭാവപൂർവ്വം നമ്മളെ സമീപിക്കും എന്നതാണ് എൻ്റെ അനുഭവം.
ഒരു ഡോക്ടർ ആദ്യം പരിഗണിക്കേണ്ടത് അവനവൻ്റെ ആരോഗ്യമാണ്. പലപ്പോഴും ഹൗസ് സർജൻസി നമ്മളെ കൂടുതൽ രോഗാതുരരാക്കുകയാണ് ചെയ്യുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ ഒരു നീഡിൽ പ്രിക്ക് കിട്ടിയാൽ, രോഗിയുടെ ചിലവിൽ HIV, HbSAg, Anti HCV ചെയ്യിക്കുന്നതാണല്ലോ രീതി. ഇത് മാറി ഹൗസ് സർജന്മാർക്ക് ഇൻഷൂറൻസ് സംവിധാനം വരണം. നീഡിൽ പ്രിക്ക് മുതലായ occupational hazards ഉണ്ടായാൽ അത് കോളേജ് നിയമിച്ച ഇൻഷൂറൻസ് ഓഫീസറെ അറിയിക്കുകയും, തനിക്കോ രോഗിക്കോ ആവശ്യമുള്ള ടെസ്റ്റുകളൂം മരുന്നുകളുമൊക്കെ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുകയും വേണം. Occupational hazards റിപ്പോർട്ട് ചെയ്യാൻ വെബ്-അധിഷ്ഠിത രഹസ്യ പോർട്ടൽ ഉണ്ടായിരിക്കണം. നീഡിൽ പ്രിക്ക് മാത്രമല്ല – കാഷ്വാലിറ്റി ഡ്യൂട്ടിക്കിടയ്ക്ക് കൂട്ടിരിപ്പുകാർ തല്ലിയതും, ലേബർ റൂം പോസ്റ്റിങ്ങിനിടയിൽ സൂര്യപ്രകാശം ഏൽക്കാത്തതുകൊണ്ട് വൈറ്റമിൻ ഡി ഡെഫിഷ്യൻസി ഉണ്ടായതും, രോഗിയിൽ നിന്ന് ക്ഷയരോഗം പിടിപെട്ടതും, ആമ്പുലൻസിൽ കൂട്ടിരിപ്പുകാരൻ ഹൗസ് സർജനെ (സ്ത്രീ) കടന്നു പിടിച്ചതും, 36 മണിക്കൂർ ഡ്യൂട്ടിക്കിടയിൽ കുഴഞ്ഞു വീണതും, ആഴ്ചകളായി അമിത ജോലിഭാരവും, ഉറക്കക്കുറവും കൊണ്ട് നിരാശാരോഗം ബാധിച്ചതും, സീനിയർ സ്റ്റാഫ് ചെയ്ത കൈപ്പിഴയുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നതും, ഹൗസ് സർജൻ ക്വാർട്ടേഴ്സിൻ്റെ മേൽക്കൂര ഇടിഞ്ഞു വീണതും, ഓക്സിടോസിൻ ആമ്പ്യൂൾ പൊട്ടിക്കാൻ സജ്ജീകരണമില്ലാത്തതുകൊണ്ട് കൈ മുറിഞ്ഞതും വരെ occupational hazard-ൻ്റെ പരിധിയിൽ വരും. ഇത്തരം പരാതികളൊന്നും പലപ്പോഴും യൂണിറ്റ് ചീഫിൻ്റെ അടുത്ത് എത്താത്തതുകൊണ്ട് അവർക്ക് ഈ പ്രശ്നം അത്ര ഗുരുതരമാണെന്ന ബോധ്യം ഉണ്ടായിരിക്കില്ല. ഹൗസ് സർജൻ-പി.ജി ഡോക്ടർമാർ അനുഭവിക്കുന്ന occupational hazards-നെക്കുറിച്ച് ഒരു വിശദമായ പഠനം നടത്തേണ്ടതും, പഠനഫലങ്ങൾക്കനുസൃതമായി സർക്കാർ ജോലിസാഹചര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുമാണ്. ഇത് കൂടാതെ occupational hazard-ൻ്റെ തീവ്രതയ്ക്കനുസരിച്ച് യൂണിറ്റ് ചീഫിൻ്റെ നിർണ്ണയാധികാരം ഉപയോഗിച്ച് എക്സ്റ്റെൻഷൻ ഇല്ലാത്ത ലീവ് അനുവദിക്കാനും നമ്മൾ ആവശ്യപ്പെടണം. PLWHA രോഗിയിൽ നിന്നും നീഡിൽ പ്രിക്ക് കിട്ടി, പോസ്റ്റ് എക്സ്പോഷർ പ്രൊഫൈലാക്സിസ് എടുത്തുകൊണ്ടിരിക്കുന്ന സമയത്തും, ഛർദ്ദിയും തലവേദനയും സഹിച്ച് ഡ്യൂട്ടി ചെയ്യേണ്ടി വന്ന ഹൗസ് സർജന്മാർ മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഇത്തരം ദയനീയ സാഹചര്യങ്ങൾ ഉണ്ടാകാൻ നമ്മൾ സമ്മതിച്ചുകൂടാ.
അടുത്ത പ്രശ്നം അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവാണ്. വേഗത്തിലും തടസ്സങ്ങളില്ലാതെയും ജോലി ചെയ്യാൻ അടിസ്ഥാന സൗകര്യങ്ങൾ വളരെ പ്രധാനമാണ്. വാർഡിലെ ബി.പി അപ്പാരറ്റസുകളിൽ പകുതിയും എന്തെങ്കിലും പ്രശ്നങ്ങളുള്ളവയായിരിക്കും. ഇത്തരം കേടുവന്ന അപ്പാരറ്റസുകൾ ഉപയോഗിച്ച് കൈ കഴയ്ക്കുമ്പോൾ ഞാൻ പലതവണ ആലോചിച്ചിട്ടുള്ളത് സ്വന്തം ബി.പി. അപ്പാരറ്റസ് കൊണ്ടുവന്ന് വാർഡിൽ ഉപയോഗിച്ചാലോ എന്നാണ്. നല്ല അപ്പാരറ്റസിനു വേണ്ടി അപ്പുറത്തെ വാർഡിൽ പോയി യാചിക്കേണ്ടി വരുന്നതും, സമയത്തിന് അപ്പാരറ്റസ് തിരിച്ച് കൊടുക്കാനാവാത്തതുകൊണ്ട് കശപിശയുണ്ടാകുന്നതും ഗതികേടാണ്. അതേ പോലെ, ഗ്ലാസ് കുപ്പിയിൽ ഇ.ഡി.റ്റി.എ നിറച്ച് രക്തസാമ്പിൾ എടുക്കേണ്ടി വരുന്നതും, നൈറ്റ് ഡ്യൂട്ടി എടുക്കുമ്പോൾ മൂട്ടയുള്ള ബെഡ്ഡിൽ കിടക്കേണ്ടി വരുന്നതും, നിറഞ്ഞ് കവിഞ്ഞ വാർഡിലെ ഡ്യൂട്ടി റൂമിൽ വാതിൽ കുറ്റിയിടാതെ ഉറങ്ങേണ്ടി വരുന്നതും, റൂമിൽ വച്ച സാധനങ്ങൾ മോഷണം പോകുന്നതും, ഹൗസ് സർജൻസ് ക്വാർട്ടേഴ്സിലെ ടോയ്ലറ്റുകൾ പ്രവർത്തനരഹിതമാകുന്നതും, ക്വാർട്ടേഴ്സിൻ്റെ മേൽക്കൂര ഇടയ്ക്കിടയ്ക്ക് ഇടിഞ്ഞു വീഴുന്നതും, CRRI സർട്ടിഫിക്കറ്റിനാവശ്യമായ രേഖകൾ കിട്ടാനായി വാർഡുവാർഡാനന്തരം നടക്കേണ്ടി വരുന്നതും, പത്താം തിയ്യതി കഴിഞ്ഞിട്ടും ശമ്പളം വരാത്തതും, ആമ്പ്യൂൾ പൊട്ടിക്കാനും നീഡിൽ ഇൻസിനറേറ്റ് ചെയ്യാനും സൗകര്യമില്ലാത്തതും, ഓപ്പറേഷൻ തീയേറ്ററിൽ ഫിറ്റ് അല്ലാത്ത, കീറിയ ഉടുപ്പുകൾ ഇടേണ്ടി വരുന്നതും, പേഷ്യൻ്റിൻ്റെ ട്രോളി ഉന്തേണ്ടി വരുന്നതും, രക്തബാങ്കിൽ പോയി പ്ലേറ്റ്ലെറ്റിനു വേണ്ടി യാചിക്കേണ്ടി വരുന്നതും, ആവശ്യത്തിന് HRIG ഇല്ലാത്തതുകൊണ്ട് അത് വാങ്ങിപ്പിക്കേണ്ടി വരുന്നതുമൊക്കെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ടാണ്. ഓരോ ജില്ലയിലും ഓരോ മെഡിക്കൽ കോളേജ് എന്ന രീതിയിലുള്ള ഗിമ്മിക്കുകൾ കാണിക്കുന്നതിനു മുൻപ് സർക്കാരുകൾ ശ്രദ്ധ ചെലുത്തേണ്ടത് ഈ സൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ്. നല്ല സൗകര്യങ്ങൾ ഉണ്ടായാൽ ഹൗസ് സർജനു മാത്രമല്ല, മറ്റ് ജീവനക്കാർക്കും സന്തോഷമായി ജോലി ചെയ്യാൻ സാധിക്കും. അതോടുകൂടി ഒരു ടീം ആയി പ്രവർത്തിക്കാനുള്ള ആർജ്ജവവും, സാഹചര്യവും രൂപപ്പെട്ടുവരും.
അപ്പോൾ നിങ്ങൾ ആവശ്യപ്പെടേണ്ടത്:
1. സമ്പൂർണ്ണ ഡിജിറ്റൈസേഷൻ
2. സ്റ്റാഫിൻ്റെ എണ്ണത്തിൽ ഗണ്യമായ വർദ്ധന
3. സുതാര്യമായ ഫീഡ്ബാക്ക് സിസ്റ്റം
4. Occupational hazards-ന് ന്യായമായ പ്രതിവിധികൾ
5. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കൽ
ഇതെല്ലാം കഴിഞ്ഞിട്ടേ ശമ്പളവർദ്ധനവ് ഒരു വിഷയമാകേണ്ടതുള്ളൂ. നിങ്ങളുടെ കരിയറിൽ പിന്നീടൊരിക്കലും കിട്ടാത്ത അവസരമാണ് ഹൗസ് സർജൻസി. നിങ്ങൾ സ്പെഷ്യലിസ്റ്റ് ആയി ഒരു വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ മറ്റ് ഡിപ്പാർട്ടുമെൻ്റുകളിൽ എന്തു നടക്കുന്നെന്നും, മറ്റ് രോഗങ്ങളെ എങ്ങനെ ചികിത്സിക്കുമെന്നും അറിയാൻ ഹൗസ് സർജൻസി കഴിഞ്ഞാൽ പിന്നെ അവസരങ്ങളില്ല. പിൽക്കാലത്ത് സ്വന്തം മേഖലയ്ക്ക് പുറത്തുള്ള രോഗങ്ങൾ ചികിത്സിക്കാനുള്ള ആത്മവിശ്വാസക്കുറവ് വരുന്നത് ഹൗസ് സർജൻസി സമയത്ത് നന്നായി പ്രവൃത്തിപരിചയം നേടാത്തതുകൊണ്ടാണ്. ഒരിക്കലെങ്കിലും നേരിൽ കാണാത്ത അസുഖം ഡയഗ്നോസ് ചെയ്യുക കഷ്ടകരമാണ്. അതുകൊണ്ട്, ഹൗസ് സർജൻസി കാലഘട്ടത്തിൽ നിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും, പഠനത്തിനും പ്രവൃത്തിപരിചയത്തിനും കഴിയുന്നത്ര സമയം നീക്കിവയ്ക്കുകയും ചെയ്യുക.
എല്ലാ ഹൗസ് സർജൻ ഡോക്ടർമാർക്കും, ഇനി ഹൗസ് സർജൻസിയിലേക്ക് കാലെടുത്ത് വയ്ക്കാൻ പോകുന്നവർക്കും ആശംസകൾ നേരുന്നു. നിങ്ങളുടെ ബാച്ച് കോളേജ് ചരിത്രത്തിൽ ഓർമ്മിക്കപ്പെടുന്നത് ദൃഢമായ അഭിപ്രായങ്ങളിലൂടെ ആസൂത്രിതമായ മാറ്റങ്ങൾ വരുത്തിയതിൻ്റെ പേരിലായിരിക്കണം എന്നു കൂടി ഓർമ്മിപ്പിച്ചുകൊണ്ട് മംഗളങ്ങൾ നേരുന്നു.
ഈ പോസ്റ്റ് എൻ്റെ സമ്മതമില്ലാതെതന്നെ അതേരൂപത്തിൽ കോപ്പി ചെയ്യുന്നതും, ഷെയർ ചെയ്യുന്നതും ഞാൻ പ്രോത്സാഹിപ്പിക്കുന്ന കാര്യമാണ്. ഈ ആശയങ്ങൾ പരമാവധി പേർ വായിക്കുകയും, ചർച്ചയ്ക്ക് വയ്ക്കുകയും ചെയ്യണമെന്ന ആഗ്രഹമുള്ളതുകൊണ്ടാണിത്. ഈ പോസ്റ്റിൽ പ്രതിപാദിച്ചിരിക്കുന്ന പഠനത്തിലെ നിഗമനങ്ങളും നിങ്ങളുടെ വാദങ്ങളെ പിന്താങ്ങാനായി ഉപയോഗിക്കാവുന്നതാണ്.
[…] 1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത്… […]
[…] 1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത്… […]