ഒറ്റവാക്കിൽ ഉത്തരം : ഏതാണ്ട് 60 ശതമാനം. വിശദമായി കണക്കുകൾ അറിയണമെങ്കിൽ തുടർന്ന് വായിക്കാം.
ബഹുഭൂരിപക്ഷം വരുന്ന ഡോക്ടർമാർക്ക് ഉന്നതബിരുദമില്ലെന്നും, എം.ബി.ബി.എസ് ഡിഗ്രി മാത്രമേ ഉള്ളൂ എന്നും പലയിടത്തു നിന്നും അഭിപ്രായം വന്നു കണ്ടു. ഇതിൽ എത്രമാത്രം ശരിയുണ്ടെന്നത് പരിശോധിക്കാൻ ഞാൻ ഒരു ചെറിയ പഠനം നടത്തി. 2009-10 അക്കാദമിക വർഷം പാസ് ആയതും, 2016-17, 2017-18 അക്കാദമിക വർഷങ്ങളിൽ പി.ജിക്ക് ചേർന്നതുമായ കേരളത്തിലെ ഗവണ്മെൻ്റ്-സ്വകാര്യ മെഡിക്കൽ കോളേജുകളിൽ നിന്നും പഠിച്ചിറങ്ങിയവരെ വച്ചാണ് പഠനം നടത്തിയിരിക്കുന്നത്. കൃത്യമായ കണക്കുകൾ പലപ്പോഴും ലഭ്യമല്ലാത്തതുകൊണ്ട് പലയിടത്തും guesstimation നടത്തിയിട്ടുണ്ട്. കൃത്യമായ ഡേറ്റ കയ്യിലുള്ളപക്ഷം ഷെയർ ചെയ്യുകയാണെങ്കിൽ കണക്കുകൾക്ക് കൂടുതൽ കൃത്യത വരുത്താൻ സാധിക്കും.
കോഴിക്കോട് മെഡിക്കൽ കോളേജിൽ 2009 ബാച്ചിൽ നിന്നും 2016-17, 2017-18 വർഷങ്ങളിൽ മാത്രം ഉന്നതപഠനത്തിനു ചേർന്നവർ 105 പേരാണ് (അവലംബം). ആകെ 200 വിദ്യാർത്ഥികൾ ഉള്ള ബാച്ചിൽ നിന്നാണിത്. 2018-19-ൽ ഏതാണ്ട് 20-30 പേരോളം കൂടി ചേരുമെന്നാണ് പ്രതീക്ഷ. പാസ് ആയി മൂന്ന് വർഷത്തിനുള്ളിൽ 130 പേരോളം ഉന്നതവിദ്യാഭ്യാസത്തിനു പോയിട്ടുണ്ടെങ്കിൽ 65% പേർ ഉന്നതപഠനത്തിനു അർഹത നേടി എന്ന് അനുമാനിക്കാം. കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ സമർത്ഥരാണെന്നും, അതുകൊണ്ട് അവരുടെയിടയിൽ പി.ജി അഡ്മിഷൻ റേറ്റ് മറ്റ് കോളേജുകളെക്കാൽ കൂടുതലായിരിക്കും എന്നുള്ള വാദം ഉയർന്നു വന്നേക്കാം. എന്നാൽ ഇത് ശരിയല്ല എന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങൾ പഠിച്ചിറങ്ങിയ വർഷം ഒന്നാം റാങ്ക് നേടിയത് ജൂബിലി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയാണ്. ഫൈനൽ ഇയർ പരീക്ഷയിൽ തോൽവി നേരിട്ടവരുടെ ശതമാനം ഏതാണ്ട് 9 ശതമാനമായിരുന്നു – കോഴിക്കോടും, കെ.എം.സി.റ്റി മെഡിക്കൽ കോളേജിലും ഇത് ഒരേപോലെയായിരുന്നു എന്നാണ് ഓർമ്മ. ഡിസ്റ്റിങ്ഷൻ വാങ്ങിയവർ കെ.എം.സി.റ്റിയിൽ 6 ശതമാനമായിരുന്നപ്പോൾ കോഴിക്കോട് അത് 2 ശതമാനമോ മറ്റോ ആയിരുന്നു. കൂടാതെ പ്രൈവറ്റ് കോളേജുകൾ തങ്ങളുടെ പേര് നിലനിർത്താൻ വേണ്ടി കൂടുതൽ തിയറി ക്ലാസുകൾ എടുക്കുകയും, പി.ജി പരീക്ഷകൾക്ക് പഠിക്കാൻ കൂടുതലായി പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട് എന്നാണ് മനസിലാകുന്നത്.
ഇനി കണക്ക് വേറൊരു രീതിയിൽ ചെയ്ത് നോക്കാം. 2017-18 വർഷത്തിലെ നീറ്റ് കേരള അലോട്ട്മെൻ്റിൽ ആകെ 887 വിദ്യാർത്ഥികളാണ് അഡ്മിഷൻ നേടിയത് (അവലംബം: അഡ്മിഷൻ ലിസ്റ്റ്, വേക്കൻസി ലിസ്റ്റ്). 2009-ബാച്ചിലെ വിദ്യാർത്ഥികളാണ് ഈ ലിസ്റ്റിൽ ഭൂരിഭാഗവും*. ഓൾ ഇന്ത്യ ക്വാട്ടയിൽ അഡ്മിഷൻ നേടിയവരുടെ കണക്കും, ഡി.എൻ.ബി നേടിയവരുടെ കണക്കും, പ്രൈവറ്റ് കോളേജുകളിൽ ഡിപ്ലോമയ്ക്ക് ചേർന്നവരുടെ കണക്കും ഈ 887-ൽ പെടില്ല. ഇങ്ങനെ പോയവരുടെ കണക്ക് ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജ് 2009 ബാച്ചിൻ്റെ സംഖ്യകൾ വച്ച് extrapolate ചെയ്തെടുക്കുകയാണ് ചെയ്തത്. ഇതു പ്രകാരം, 2009-ബാച്ചിലെ 6.5 ശതമാനം കേരളത്തിനു പുറത്ത് പി.ജി ചെയ്യുന്നു. 14 ശതമാനം ഡി.എൻ.ബി അല്ലെങ്കിൽ പ്രൈവറ്റ് കോളേജിലെ ഡിപ്ലോമ ചെയ്യുന്നു.
2009-ൽ കേരളത്തിൽ എം.ബി.ബി.എസിനു 24 മെഡിക്കൽ കോളേജുകളിലായി 2350 സീറ്റുകൾ ഉണ്ടായിരുന്നു. ഇതിൽ 887/2350 പേരായിരിക്കണം കേരള അലോട്ട്മെൻ്റ് വഴി ഉപരിപഠനത്തിനു ചേർന്നിട്ടുണ്ടാകുക. ഇത് 37% ആണ്. അങ്ങനെ, ആകെ 37+14+6.5 = 57.5 ശതമാനം പേർ ഉപരിപഠനത്തിനു പോയിട്ടുണ്ട്.
ഈ കണക്കിൽ ഫെല്ലോഷിപ്പുകൾ ചെയ്യുന്നവരെയും, പി.എച്ച്.ഡി പ്രോഗ്രാം ചെയ്യുന്നവരെയും, വിദേശത്ത് പഠിക്കുന്നവരെയും, എം.എസ്.സി പ്രോഗ്രാം പഠിക്കുന്നവരെയും, മറ്റ് മേഖലകളിലേക്ക് പോയവരെയും (ഉദാ: എം.ബി.എ, സിവിൽ സർവീസ്) ഉൾപ്പെടുത്തിയിട്ടില്ല എന്നോർക്കണം. ഇവരെപ്പറ്റിയുള്ള കണക്കുകൾ തീരെ ലഭ്യമല്ല എന്നതുകൊണ്ടാണിത്. ഇവരെക്കൂടി കൂട്ടിയാൽ ശതമാനത്തിൽ ചെറിയ വർദ്ധന വരാം.
അടുത്തകാലത്തായി പഠിച്ചിറങ്ങുന്ന കേരളത്തിലെ ഭൂരിപക്ഷം ഡോക്ടർമാരും ഉന്നതബിരുദപഠനത്തിനു ചേർന്നിട്ടുണ്ടെന്നാണ് ഇത്രയും പഠിച്ചതിൽ നിന്നും എനിക്ക് മനസിലായിട്ടുള്ളത്.
* 887 പേരിൽ 2009-ബാച്ചിലെ വിദ്യാർത്ഥികളാണ് ഭൂരിഭാഗവും. എന്നാൽ മറ്റ് വർഷങ്ങളിൽ എം.ബി.ബി.എസ് പാസായവരും ലിസ്റ്റിൽ ഉണ്ടാകാം. എന്നാൽ, 2009-ബാച്ചിലെ, 2016-17, 2018-19 വർഷങ്ങളിൽ ഉപരിപഠനത്തിനു ചേർന്നവരുടെ സഖ്യ ഈ 887-ൽ പെടാത്തതുകൊണ്ട് കണക്കുകൾ ഏതാണ്ടൊക്കെ കൃത്യമാകാനാണ് സാധ്യത.