വൈവിധ്യങ്ങൾ പ്രതിനിധീകരിക്കുന്ന വിക്കിപീഡിയ

വിക്കിപീഡിയയുടെ ലക്ഷ്യം എന്തായിരിക്കണം?

2001-ൽ വിക്കിപീഡിയ സ്ഥാപിച്ചതുമുതൽ പലരും ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണിത്. മനുഷ്യരാശിയുടെ മുഴുവൻ വിജ്ഞാനവും എല്ലാവർക്കും സ്വതന്ത്രമായി ലഭ്യമാക്കുക എന്നതാണ് വിക്കിപീഡിയയുടെ സ്ഥാപകൻ ജിമ്മി വേൽസ് മുന്നിൽ കണ്ട ലക്ഷ്യം (ആംഗലേയം: Imagine a world in which every single person on the planet is given free access to the sum of all human knowledge)കാലക്രമേണ ഇതു തന്നെ വിക്കിമീഡിയയുടെ അപ്രഖ്യാപിത ലക്ഷ്യവുമായി മാറി. ഈ ലക്ഷ്യത്തിൻ്റെ അടുത്തെങ്കിലും എത്തണമെങ്കിൽ വൈവിധ്യപൂർണ്ണമായ വിജ്ഞാനസ്രോതസ്സുകളെ ഉൾക്കൊള്ളിക്കാൻ വിക്കിപീഡിയ തയ്യാറാവണം. ഇത്രയും ശ്രമകരമായ ഒരു ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ ഇന്നത്തെ സാഹചര്യത്തിൽ വിക്കിമീഡിയ പ്രാപ്തമാണോ?

അല്ല എന്നാണ് എനിക്ക് തോന്നുന്നത്. എല്ലാതരം വിജ്ഞാനങ്ങളും ഉൾക്കൊള്ളിക്കുവാനുള്ള കഴിവ് വിക്കിമീഡിയയ്ക്കില്ല. വിക്കിമീഡിയയിൽ നാം കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് തെളിവുകളെ അടിസ്ഥാനമാക്കിയും, എഴുത്തുരൂപത്തിലുമുള്ള വിജ്ഞാനത്തെയാണ്. ഇത്തരം വിജ്ഞാനം സുപ്രധാനമായതുതന്നെ എന്ന് സമ്മതിക്കുന്നു. എന്നാൽ, മറ്റ് വിജ്ഞാനസ്രോതസ്സുകളെ ഉൾക്കൊള്ളാൻ നമുക്ക് പരിമിതികളുണ്ട്. ഉദാഹരണത്തിന്, ടിൻ്റുമോനെ അറിയാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ, ഇംഗ്ലിഷ് വിക്കിപീഡിയയുടെ നയങ്ങൾക്കനുസരിച്ച് ടിൻ്റുമോൻ (diff) എന്ന ലേഖനത്തിന് ശ്രദ്ധേയതയില്ല. ടിൻ്റുമോനെക്കുറിച്ച് ആധികാരികമായ അവലംബങ്ങളൊന്നും ഇല്ലാത്തതു തന്നെ കാരണം. ആഫ്രിക്കയിലെ പല പൈതൃക വിജ്ഞാനങ്ങളും ഇത്തരത്തിൽ അവലംബങ്ങൾ ഇല്ലാത്തതുകൊണ്ട് വിക്കിപീഡിയയുടെ ഭാഗവാക്കാവാൻ കഴിയാത്തവയാണ്. കൊച്ചിക്കോയ (കോഴിക്കോട് ഭാഗത്തെ ഒരു ഭക്ഷണം) എന്ന ലേഖനം മലയാളം വിക്കിപീഡിയയിൽ കൃത്യമായ അവലംബങ്ങളോടു കൂടി എഴുതാൻ കഴിയുമോ എന്നത് സംശയമാണ്.  ആമാടപ്പെട്ടി  എന്ന ലേഖനത്തിന് ഇപ്പോഴും ആവശ്യത്തിനു തെളിവുകളില്ല (diff), എന്നാൽ ആമാടപ്പെട്ടി എന്നൊരു വസ്തു ഉള്ളതായി നമുക്കാർക്കും സംശയവുമില്ല. മറ്റൊരു പ്രശ്നം വിക്കിപീഡിയ മൂന്നാം കക്ഷി സ്രോതസ്സുകളെ അമിതമായി ആശ്രയിക്കുന്നു എന്നതാണ്. ഒരു നർത്തകിയുടെ ജനനത്തിയതി വിശ്വസിനീയമായ ഒരു പത്രത്തിൽ തെറ്റായി രേഖപ്പെടുത്തി എന്നിരിക്കട്ടെ. പിന്നീട് ഈ നർത്തകി സ്വന്തം ഫേസ്ബുക്ക് ലൈവിലൂടെ വന്ന് ജനനസർട്ടിഫിക്കറ്റിൻ്റെ കോപ്പി കാണിച്ചാലും വിക്കിപീഡിയയ്ക്ക് വിശ്വസിനീയമായിട്ടുള്ളത് പത്രത്തെയായിരിക്കും. ഒരു വ്യക്തി നേരിട്ട് പറയുന്നതിനേക്കാൾ ആധികാരികത, സ്വതന്ത്രവും വിശ്വസിനീയവുമായ മൂന്നാം കക്ഷി പറയുമ്പോൾ ഉണ്ട് എന്നതാണ് വിക്കിപീഡിയയുടെ നയം.

aamaadappetty
ആമാടപ്പെട്ടിയെക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനം.

മറ്റൊരു പ്രശ്നം വാമൊഴികളെ അടിസ്ഥാനമാക്കാൻ കഴിയാത്തതാണ്. “മാവേലി നാടു വാണീടും കാലം, മാനുഷ്യരെല്ലാരുമൊന്നുപോലെ” എന്ന വാമൊഴിയെ അടിസ്ഥാനമാക്കി “മഹാബലി എന്ന പുരാണങ്ങളിൽ പരാമർശിച്ചിരിക്കുന്ന രാജാവ് നീതിമാനും, പ്രജാവത്സലനുമായിരുന്നു” എന്ന് വിക്കിപീഡിയയിൽ എഴുതാൻ പറ്റില്ല. ഉണ്ണിയാർച്ച ധീരയായ വനിതയായിരുന്നു എന്നതിന് അവലംബം വേണമെങ്കിൽ വടക്കൻ പാട്ടിനെ നേരിട്ട് അവലംബമാക്കാൻ കഴിയില്ല. എന്നാൽ വടക്കൻ പാട്ടിനെക്കുറിച്ച് നടത്തിയ ആധികാരികമായ പഠനത്തെ ആസ്പദമാക്കി ലേഖനമെഴുതാവുന്നതാണ്. പല രാജ്യങ്ങളിലും, പ്രത്യേകിച്ച് വികസ്വരരാജ്യങ്ങളിൽ വാമൊഴികളെക്കുറിച്ച് വിശദമായ പഠനങ്ങളൊന്നും നടക്കാത്തതുകൊണ്ടുതന്നെ, ഇവയെ ആധികാരികമായ അവലംബങ്ങളാക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ, ചുള്ളിക്കാടിൻ്റെ കവിത തലങ്ങും വിലങ്ങും വായിച്ച് തല്ലിക്കൂട്ടി തീസിസ് എഴുതുന്നതിലുപരി, മലബാറിൻ്റെ ഭക്ഷ്യസംസ്കാരത്തെക്കുറിച്ചോ, തിരുവതാംകൂറിലെ വാമൊഴികളെക്കുറിച്ചോ, ദളിത് കലാരൂപങ്ങളിലെ സംഗീതത്തെക്കുറിച്ചോ ഒക്കെയാണ് കേരളത്തിൽ ഗവേഷണങ്ങൾ ഉണ്ടാകേണ്ടത്.

വിക്കിമീഡിയയ്ക്ക് അവലംബസ്രോതസ്സുകളുടെ കാര്യത്തിൽ ന്യൂനത ഉണ്ട് എന്ന് നമ്മൾ മനസിലാക്കി. അതുകൊണ്ട് അവലംബസ്രോതസ്സുകൾ പരിധികളില്ലാതെ ഉദാരവൽക്കരിക്കുകയാണോ നമ്മുടെ ലക്ഷ്യമാകേണ്ടത്? തീർച്ചയായും അല്ല. അങ്ങനെ ചെയ്താൽ അശാസ്ത്രീയമായതും, തെറ്റായതുമായ വിവരങ്ങൾ വിക്കിമീഡിയയിൽ കയറിക്കൂടും. വേണ്ടത് അവലംബങ്ങളുടെ പ്രാധാന്യത്തെ ക്രമീകരിക്കുകയാണ്. ആമാടപ്പെട്ടിയെക്കുറിച്ച് എഴുതുകയാണെങ്കിൽ ഗവേഷണപ്രബന്ധങ്ങൾ ഇല്ലാത്ത പക്ഷം പത്രവാർത്തകളെയോ (അന്താരാഷ്ട്ര പത്രം > ദേശീയ പത്രം > പ്രാദേശിക പത്രം എന്ന ക്രമത്തിൽ), അതും ഇല്ലെങ്കിൽ വാമൊഴിയോ, അതും ഇല്ലെങ്കിൽ ആമാടപ്പെട്ടി ഉപയോഗിക്കുന്ന ഒരു മുത്തശ്ശിയുമായുള്ള വീഡിയോ ഇൻ്റർവ്യൂവോ, അതും ഇല്ലെങ്കിൽ ഓഡിയോ ഇൻ്റർവ്യൂവോ, അതും ഇല്ലാത്തപക്ഷം ആമാടപ്പെട്ടിയുടെ ചിത്രങ്ങളെയോ ആശ്രയിക്കാവുന്നതാണ്. എന്നാൽ ഇതേ മാനദണ്ഡം ശ്രദ്ധേയതയില്ലാത്ത ഒരു ലോക്കൽ കമ്മിറ്റി മെമ്പറെപ്പറ്റിയുള്ള ലേഖനം എഴുതാൻ ഉപയോഗിക്കാൻ പാടില്ല. അശാസ്ത്രീയത പ്രചരിപ്പിക്കാനും ഉപയോഗിക്കാൻ പാടില്ല. ഉദാഹരണത്തിന് ക്യാൻസറിനുള്ള ഹോമിയോ മരുന്ന് ഫലപ്രദമാണെന്നതിന് അവലംബം നൽകാനായി, മരുന്ന് ഉപയോഗിച്ച ഏതെങ്കിലും വ്യക്തിയുടെ അനുഭവസാക്ഷ്യം അടങ്ങുന്ന വീഡിയോ ഉപയോഗിക്കാൻ പാടുള്ളതല്ല. ഇത്തരം പ്രശ്നങ്ങളുള്ളതുകൊണ്ടുതന്നെ ഓരോ ലേഖനത്തിൻ്റെയും ശ്രദ്ധേയത പ്രത്യേകം പ്രത്യേകം നിർണ്ണയിക്കേണ്ടി വരും. അതിനാൽ, ഈ പ്രക്രിയ ശ്രമകമാണ്. ഇത്തരം സംവിധാനങ്ങൾ നടപ്പിലാക്കാനുള്ള ആൾബലവും, ആർജ്ജവവും മലയാളം പോലുള്ള ചെറിയ ഭാഷകൾക്കില്ല. ഈ പ്രശ്നത്തിന് മറ്റ് പരിഹാരമാർഗങ്ങൾ ഞാൻ കാണുന്നുമില്ല. വൈവിധ്യപരമായ വിജ്ഞാനം ഉൾക്കൊള്ളിക്കുവാനായി വിക്കിമീഡിയയുടെ നയങ്ങൾ അല്പമൊക്കെ വളച്ചൊടിച്ചാലും തെറ്റില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്.

അടുത്ത പ്രശ്നം നമ്മുടെ പെരുമാറ്റച്ചട്ടങ്ങളും, ധാരണകളുമാണ്. വിക്കിപീഡിയയിലെ അഡ്മിൻ മറ്റ് ഉപയോക്താക്കളെക്കാൽ മുകളിലാണെന്ന വിശ്വാസം ഒരുദാഹരണം. ഏറ്റവും കൂടുതൽ എഡിറ്റുകൾ ഉള്ള വ്യക്തി ചെയ്യുന്നതെല്ലാം ശരിയായിരിക്കുമെന്ന വിശ്വാസം മറ്റൊരുദാഹരണം. അഡ്മിന്മാർ വിക്കിപീഡിയ നിയമിച്ച ഉദ്യോഗസ്ഥരാണെന്ന വിചാരം വേറൊന്ന്. വിക്കിപീഡിയയിൽ എഴുതാൻ സാങ്കേതിക പരിജ്ഞാനവും ഉന്നതവിദ്യാഭ്യാസവും വേണമെന്ന ധാരണ മറ്റൊരുദാഹരണം. സ്ത്രീകൾക്ക് അഭിപ്രായപ്രകടനത്തിന് പറ്റിയ സ്ഥലമല്ല വിക്കിപീഡിയ എന്നത് മറ്റൊരു ധാരണ. വിക്കിപീഡിയയിൽ എഴുതിയാൽ പൈസ കിട്ടുമെന്നത് വേറൊന്ന്. ഇത്തരം ധാരണകൾ നമുക്കോ, മറ്റുള്ളവർക്കോ ഉള്ളതുകൊണ്ട് പലരും വിക്കിമീഡിയ സംരംഭങ്ങളിലേക്ക് വരാതിരിക്കുകയോ, വന്നാൽ തന്നെ അധികകാലം ചിലവഴിക്കാതിരിക്കുകയോ ചെയ്യുന്നു. ചില ധാരണകൾ ശരിയുമാണ് : വിക്കിപീഡിയയിൽ സ്ത്രീകൾ കുറവാണെന്നത്, വിക്കിപീഡിയയിലെ ലേഖനങ്ങളുടെ ആധികാരികത സംശയാതീതമല്ല എന്നിവ ഉദാഹരണം. ഇത്തരം ധാരണകളും (യാഥാർഥ്യങ്ങളും) കാരണം പലരും വിക്കിമീഡിയയിൽ നിന്ന് അകന്നു നിൽക്കുകയും, അതുമൂലം വൈവിധ്യപരമായ വിജ്ഞാനം ശേഖരിക്കാൻ കഴിയാതെയും വരുന്നു. ആധികാരികതയില്ല എന്ന കാരണം കൊണ്ട് വിക്കിപീഡിയയിൽ നിന്നും മാറിനിൽക്കുന്ന പക്ഷിശാസ്ത്രജ്ഞയെയും, തൻ്റെ സ്വത്വം വെളിവാകുമെന്ന് ഭയന്ന് ലൈംഗികന്യൂനപക്ഷങ്ങളെക്കുറിച്ച് എഴുതാൻ മടിക്കുന്ന വ്യക്തിയെയും എങ്ങനെയാണ് നമുക്ക് വിക്കിമീഡിയയിലേക്കെത്തിക്കാനാവുക?

എനിക്ക് തോന്നുന്നത് പ്രചരണ പരിപാടികൾ നടത്തുന്നതിലൂടെ ഈ പ്രശ്നം കുറച്ചൊക്കെ പരിഹരിക്കാം എന്നാണ്. തിരുത്തൽ യജ്ഞങ്ങളും, മീറ്റപ്പുകളും, സെമിനാറുകളും, പഠനക്ലാസുകളുമൊക്കെ നടത്തുന്നതിലൂടെ കുറേയേറെ ആളുകളുടെ തെറ്റിദ്ധാരണ മാറ്റാൻ കഴിയും. കൂടാതെ, വിക്കിപീഡിയ എന്താണ്? എന്തല്ല? എന്നതിനെക്കുറിച്ചും, വിക്കിപീഡിയയുടെ നയങ്ങളെക്കുറിച്ചും ലളിതമായ ഭാഷയിൽ ചെറിയ ലേഖനങ്ങൾ ഉണ്ടാകണം. വിക്കിപീഡിയയിൽ പ്രാതിനിധ്യം കുറവുള്ള സ്ത്രീകൾ, ഗവേഷകർ, സീനിയർ സിറ്റിസൺസ് എന്നിവരെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടികളും നടത്താവുന്നതാണ്. വിക്കിമീഡിയയെക്കുറിച്ചുള്ള ലേഖനങ്ങൾ പത്രമാധ്യമങ്ങളിൽ എഴുതാവുന്നതാണ്. സ്കൂളുകളിൽ ‘വിക്കിക്ലബ്ബുകൾ’ തുടങ്ങി വിദ്യാർത്ഥികളെ വിക്കിമീഡിയയിലേക്ക് ആകർഷിക്കാൻ പറ്റും. വിക്കിപീഡിയയിൽ ഒരു നല്ല ലേഖനം എഴുതിയാൽ അരക്കൊല്ലപ്പരീക്ഷയ്ക്ക് ഗ്രേസ് മാർക്ക് കൊടുക്കുകയാവാം (കൂടുതലറിയാൻ വിക്കിപീഡിയ എഡ്യുക്കേഷൻ പ്രോഗ്രാമിനെ കുറിച്ച് വായിക്കുക). ഓസ്ട്രേലിയയിലെ സന്നദ്ധപ്രവർത്തകർ ‘വിക്കിബസ്സ്’ ഓടിച്ച് ഗ്രാമങ്ങളിൽ ചെല്ലുകയും, അവിടുത്തെ ആളുകളോട് വിക്കിപീഡിയയെക്കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. നേപ്പാളിലെ വിക്കിപ്രവർത്തകർ ‘വിക്കിപീഡിയ റോഡ് ഷോ നടത്തുകയും’, പശ്ചിമ ബംഗാളിലെ പ്രവർത്തകർ അന്താരാഷ്ട്ര ബുക്ക്ഫെയറും മറ്റും നടക്കുമ്പോൾ ‘വിക്കി-സ്റ്റാളുകൾ’ നടത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരം സർഗ്ഗാത്മകമായ പരിപാടികൾ നമുക്കും നടത്താവുന്നതാണ്.

Wiki_padanashibiram_ekm_2
എറണാകുളത്ത് നടന്ന വിക്കിപീഡിയ പഠനശിബിരം. ചിത്രത്തിനു കടപ്പാട്: ശിവഹരി, സി.സി.ബൈ.എസ്.എ, വിക്കിമീഡിയ കോമൺസ്

മറ്റൊരു ആശയം തൽപരകക്ഷികളുമായി സഹകരിച്ച് വിജ്ഞാനം പങ്കുവയ്ക്കുക എന്നതാണ് (ഉദാഹരണം). കേരളത്തിലെ മ്യൂസിയങ്ങൾ, പുരാതന പുസ്തകങ്ങളുള്ള വായനശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള രേഖകളും, ചിത്രങ്ങളും, അവലംബങ്ങളും വിക്കിമീഡിയയിൽ ഉൾക്കൊള്ളിച്ചാൽ വൈവിധ്യപൂർണ്ണമായ വിജ്ഞാനസമ്പത്ത് വിക്കിമീഡിയയിലേക്കെത്തിക്കാൻ പറ്റും. ഇത്തരം പ്രവർത്തനങ്ങൾക്ക് സർക്കാരിൻ്റെ സഹായം വളരെ പ്രധാനമാണ്. ഒഡീഷ സർക്കാർ തങ്ങൾ ഡിജിറ്റലായി പ്രസിദ്ധീകരിക്കുന്ന പ്രമാണങ്ങൾ സ്വതന്ത്ര ലൈസൻസിൽ പുറത്തിറക്കിയതു മൂലം മന്ത്രിമാരുടെയും മറ്റും പുതിയ ചിത്രങ്ങൾ വിക്കിപീഡിയയിൽ ലഭ്യമായി. സർക്കാർ പുറത്തിറക്കുന്ന വിജ്ഞാനശേഖരങ്ങൾക്ക് (ഉദാഹരണത്തിന് : സർക്കുലാറുകൾ, സ്ഥിതിവിവരക്കണക്കുകൾ, പാഠപുസ്തകങ്ങൾ, ചിത്രങ്ങൾ, വെബ്സൈറ്റിലെ വിവരങ്ങൾ) പകർപ്പുപേക്ഷ തീർച്ചയായും ഉണ്ടായിരിക്കണം എന്നാണ് എൻ്റെ അഭിപ്രായം. ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള സംഘടനകളുമായി ചേർന്നും വിജ്ഞാന സ്രോതസ്സുകൾ വിക്കിമീഡിയയിലേക്കെത്തിക്കാവുന്നതാണ്. നേപ്പിയർ മ്യൂസിയത്തിലെ മുഴുവൻ ഗാലറികളും വീട്ടിലിരുന്നുകൊണ്ടുതന്നെ പനോരമയായി കാണാൻ കഴിയുന്ന സാഹചര്യം ഒന്നോർത്തുനോക്കൂ. കേരളത്തിലങ്ങോളമിങ്ങോളമുള്ള താളിയോലഗ്രന്ഥങ്ങൾ ഡിജിറ്റൈസ് ചെയ്ത്, ഇൻ്റർനെറ്റിലൂടെ സൗജന്യമായി വായിക്കാൻ കഴിയുകയാണെങ്കിൽ അത് ചരിത്രഗവേഷകർക്ക് വലിയ മുതൽക്കൂട്ടാകില്ലേ? നിയമസഭയിലെ മുൻ എം.എൽ.എ മാരുടെ വിവരങ്ങൾ ഫോട്ടോകൾ അടക്കം സ്വതന്ത്ര ലൈസൻസിൽ പ്രസിദ്ധീകരിക്കുകയാണെങ്കിൽ അവ വിക്കിപീഡിയയിലും ഉപയോഗിക്കാൻ കഴിയും.

വിജ്ഞാനവൈവിധ്യവൽക്കരണത്തിന് വിലങ്ങുതടിയായി നിൽക്കുന്ന മറ്റൊരു കാര്യം ഇൻ്റർനെറ്റിൻ്റെ ലഭ്യതക്കുറവ്, മൊബൈൽ ഫോണിൽ വിക്കിപീഡിയ തിരുത്താനുള്ള സൗകര്യക്കുറവ്, മലയാളത്തിൽ ടൈപ്പ് ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നീ പ്രശ്നങ്ങളാണ്. മലയാളത്തിൽ ടൈപ്പ് ചെയ്യാനറിയുന്നവർ ഇപ്പോഴും ചുരുക്കമാണെങ്കിലും, കൂടുതൽ കൂടുതൽ പേർ ഇത് സ്വയം പഠിച്ചെടുക്കുന്നുണ്ട് എന്നത് ആശാവാഹമായ മാറ്റമാണ്. വിക്കിപീഡിയയ്ക്കുള്ളിലെ മലയാളം ടൈപ്പ് ചെയ്യാനുള്ള എഴുത്തുപകരണം ഉപയോഗിക്കാൻ വളരെ എളുപ്പമാണെങ്കിലും പലരും സ്വന്തം സിസ്റ്റത്തിലെ എഴുത്തുപകരണം (ഗൂഗിൾ കീബോഡ്, ട്രാൻസ്ലിറ്ററേറ്റർ മുതലായവ) ഉപയോഗിക്കുന്നതായിട്ടാണ് അറിയാൻ കഴിഞ്ഞത്. കേരളത്തിൽ ഇൻ്റർനെറ്റ് ലഭ്യത കൂടിവരുന്നതുകൊണ്ട് വരും കാലങ്ങളിൽ കൂടുതൽ മലയാളികൾ വിക്കിപീഡിയയെ കണ്ടെത്തും എന്നാണ് എനിക്ക് തോന്നുന്നത്. അതേസമയം, ഈ വരുന്ന പുതിയ ഉപയോക്താക്കളിൽ ഭൂരിഭാഗവും മൊബൈൽ ഫോൺ വഴിയാണ് ഇൻ്റർനെറ്റ് ഉപയോഗിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വിക്കിപീഡിയയിൽ എഴുതുന്നത് വളരെ ബുദ്ധിമുട്ടാണ്. പ്രധാനമായും മൊബൈൽ വഴി ഇൻ്റർനെറ്റ് ഉപയോഗിക്കുന്ന യുവജനത അതുകൊണ്ടുതന്നെ വിക്കിപീഡിയ തിരുത്തുവാൻ ആർജ്ജവം കാണിക്കുന്നില്ല എന്നാണ് ഞാൻ സംശയിക്കുന്നത്. 2010 കാലഘട്ടത്തിൽ മലയാളം വിക്കിപീഡിയ പ്രവർത്തകരുടെ ശരാശരി വയസ്സ് 25-30 ആയിരുന്നെങ്കിൽ 2018-ൽ അത് 30-35 ആണ് എന്നാണ് എനിക്ക് തോന്നുന്നത്. വിക്കിപീഡിയയിൽ എഴുതുന്നതിൽ നിന്ന് യുവാക്കളും, വയോധികരും, സ്തീകളും മാറിനിന്നാൽ (അഥവാ മാറ്റിനിർത്തപ്പെട്ടാൽ) വൈവിധ്യപരമായ വിജ്ഞാനം ഉൽപ്പാദിപ്പിക്കാൻ സാധിക്കുകയില്ല. ആദിവാസി ആരാധനാരൂപങ്ങളെക്കുറിച്ച് അറിയാവുന്ന കുറിച്യമൂപ്പൻ്റെ വിജ്ഞാനം എങ്ങനെയാണ് വിക്കിമീഡിയയിലെത്തിക്കുന്നത്? മലയാളത്തിൽ ടൈപ്പ് ചെയ്യാൻ അറിയാത്തതുകൊണ്ട് അറബ്-മലയാളി സംസ്കാരത്തെക്കുറിച്ചെഴുതാൻ കഴിയാത്ത ഗൾഫ് മലയാളിയെ നാം എങ്ങനെ വിക്കിമീഡിയയുടെ ഭാഗവാക്കാക്കും? അറബിമലയാളത്തിലെഴുതിയ പുസ്തകങ്ങൾ എങ്ങനെ വിക്കിമീഡിയയിൽ ചേർക്കും? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം വിക്കിപീഡിയ സന്നദ്ധപ്രവർത്തകർ മാത്രമല്ല, നമ്മൾ ഓരോരുത്തരും ചോദിക്കേണ്ടതാണ്.

എനിക്കറിയാവുന്ന ചില ഉത്തരങ്ങൾ പറയാം. വിക്കിപീഡിയയുടെ user interface വിപുലീകരിച്ചാൽ കൂടുതൽ ഉപയോക്താക്കൾക്ക് (പ്രത്യേകിച്ചും മൊബൈൽ ഉപയോക്തക്കൾക്ക്) തിരുത്തൽ എളുപ്പമായേക്കാം. ആദ്യ തിരുത്തൽ എളുപ്പത്തിൽ ചെയ്യാൻ സാധിച്ചാൽ കൂടുതൽ പേർ വീണ്ടും തിരുത്താൻ ശ്രമിക്കും എന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ പരിചയപ്പെട്ട പല മുതിർന്ന വിക്കിപീഡിയ പ്രവർത്തകരും ആദ്യമായി വിക്കിപീഡിയയിലെത്തിയത് തങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന ഒരു ലേഖനത്തിൽ പിഴവ് കണ്ടെത്തിയപ്പോൾ അത് തിരുത്തുവാൻ വേണ്ടിയാണ്. പിന്നീട് തിരുത്തൽ പ്രക്രിയ ഇഷ്ടപ്പെട്ടപ്പോൾ കൂടുതൽ ലേഖനങ്ങളെഴുതിത്തുടങ്ങി സജീവ പ്രവർത്തകരായി മാറിയവരാണ്. ഇൻ്റർനെറ്റ്, ലാപ്ടോപ്പ് എന്നിവ ഇല്ലാത്ത സന്നദ്ധപ്രവർത്തകർക്ക് സൗജന്യമായി ലപ്ടോപ്പ്, നെറ്റ് കണക്ഷൻ എന്നീ സൗകര്യങ്ങൾ നൽകുന്ന പരിപാടി വിക്കിപീമീഡിയ ഫൗണ്ടേഷനും ഗൂഗിളും സംയുക്തമായി നടത്തുകയുണ്ടായി. ഇത്തരം പരിപാടികളെ സർക്കാർ പ്രോത്സാഹിപ്പിക്കേണ്ടതും, വിദ്യാർത്ഥികൾക്ക് സർക്കാർ വക ലാപ്ടോപ് വിതരണം നടത്തുമ്പോൾ പകരമായി ഓരോ വിദ്യാർത്ഥിയും നിശ്ചിത എണ്ണം വിക്കിപീഡിയ ലേഖനങ്ങളെങ്കിലും എഴുതിയിരിക്കണം എന്ന നിബന്ധന വയ്ക്കേണ്ടതുമാണ്.

കഴിഞ്ഞ ഒരു വർഷമായി തുർക്കിയിൽ വിക്കിപീഡിയ നിരോധിച്ചിരിക്കുകയാണ്. കൂടാതെ, ചൈനയിലും, ഉത്തര കൊറിയയിലും വിക്കിപീഡിയ വായിക്കാനോ എഴുതാനോ കഴിയില്ല. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിക്കിപീഡിയ തിരുത്താൻ കഴിയാത്തതുകൊണ്ട് അവിടത്തെ കലയും, സംസ്കാരവും, രാഷ്ട്രീയവുമൊന്നും വിക്കിപീഡിയയിൽ എത്തുന്നില്ല. ഇത്തരം നിരോധനങ്ങൾ നീക്കം ചെയ്യാനുള്ള പ്രതിഷേധങ്ങൾ ഉണ്ടാവേണ്ടതും അതിന് അന്താരാഷ്ട്ര വിക്കിമീഡിയ സമൂഹം നേതൃത്വം നൽകേണ്ടതുമാണ്. ഐക്യരാഷ്ട്രസഭയും, ആമ്നെസ്റ്റി ഇൻ്റർനാഷണലും പോലുള്ള സംഘടനകൾ വിക്കിപീഡിയ നിരോധനത്തിനെതിരെ പ്രവർത്തിക്കേണ്ടതാണ്.

വിവരസാങ്കേതികവിദ്യ മെച്ചപ്പെട്ടുകൊണ്ടിരിക്കുമ്പോൾ വിക്കിമീഡിയ അതിനൊപ്പം നടക്കണം. വെർച്വൽ റിയാലിറ്റി ചിത്രങ്ങളെയും, ത്രീ.ഡി പ്രിൻ്റിങ് കോഡുകളെയും സന്നിവേശിപ്പിക്കാൻ വിക്കിപീഡിയയ്ക്കാവണം. കാഴ്ചയില്ലാത്തവർക്ക് വിക്കിപീഡിയ വായിക്കാൻ സ്പീച്ച്-റ്റു-ടെക്സ്റ്റ് സംവിധാനം ഉണ്ടാവണം. പണ്ടൊക്കെ പുസ്തകം വായിച്ചാണ് നാം വിജ്ഞാനം നേടിയിരുന്നതെങ്കിൽ, ഇന്നത്തെ വിദ്യാർത്ഥികളിൽ പലരും വീഡിയോകൾ കണ്ടാണ് വിജ്ഞാനമുണ്ടാക്കുന്നത്. ഓരോ വിക്കിപീഡിയ ലേഖനത്തിനും തത്തുല്യമായ ഒരു ‘വിക്കിവീഡിയോ’ കൂടിയുള്ള കിണാശേരിയാണ് ഞാൻ സ്വപ്നം കാണുന്നത്. ചെറിയ കുട്ടികൾക്ക് വായിക്കാനായി സരളമായ ഭാഷയിൽ എഴുതിയ ‘കളിപ്പീഡിയ’ പോലുള്ള പ്രൊജക്ടുകളും തുടങ്ങാവുന്നതാണ്. മനുഷ്യർക്ക് മാത്രമല്ല, മെഷീനുകൾക്കും വായിച്ച് ‘മനസിലാക്കാൻ’ പറ്റുന്ന വിക്കിപീഡിയകൾ വരണം (വിക്കിഡേറ്റ എന്ന സംരംഭം ഏതാണ്ട് ഇതാണ് ചെയ്തുകൊണ്ടിരിക്കുന്നത്). ഫേക്ക് ന്യൂസുകൾ ചേർക്കുന്നത് തടയാൻ ഉചിതമായ ആൽഗോരിതങ്ങൾ വിക്കിപീഡിയയിൽ ഉണ്ടായിരിക്കണം. ആർക്കും സ്വന്തം പ്രൊഫൈൽ വിക്കി ഫോർമാറ്റിൽ ചേർക്കാൻ പറ്റുന്ന ‘അഹം-പീഡിയകളും’ വരട്ടെ (ഭാവിയിൽ സോഷ്യൽ മീഡിയയ്ക്ക് പകരമായും, സി.വി നിർമ്മിക്കാൻ വേണ്ടിയുമൊക്കെ ഇവ ഉപയോഗിക്കാം) . ആധികാരിക പഠനങ്ങൾ സൗജന്യമായി പ്രസിദ്ധീകരിക്കാനായി വിക്കിജേണലുകൾ ഇപ്പോൾ തന്നെ നിലവിലുണ്ട്, പക്ഷെ പ്രചാരം കുറവാണ്. വിദൂരഭാവിയിൽ ബ്രെയിൻ-കമ്പ്യൂട്ടിങ് ഇൻ്റർഫേസ് സാങ്കേതികവിദ്യ വരുമ്പോൾ, തലച്ചോറിൽ നിന്നും വരുന്ന സിഗ്നലുകൾ മനസിലാക്കി, വിവരങ്ങൾ തിരിച്ച് തലച്ചോറിലേക്ക് നേരിട്ട് ഫീഡ് ചെയ്യാവുന്ന വിക്കിപീഡിയയെക്കുറിച്ചുപോലും ഞാൻ ഇന്നേ ചിന്തിക്കുന്നുണ്ട്. ഉദാഹരണത്തിന് “കായംകുളം കൊച്ചുണ്ണി ആരാണ്?” എന്ന് നിങ്ങൾ ചിന്തിക്കുമ്പോൾ ഉടനെ തന്നെ കൊച്ചുണ്ണിയെക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനം നിങ്ങളുടെ തലച്ചോറിലേക്ക് നേരിട്ട് ഫീഡ് ചെയ്ത് തരുന്ന വിക്കിപീഡിയ!

കൂടുതലറിയണമെങ്കിൽ വിക്കിമീഡിയ ഫൗണ്ടേഷനു വേണ്ടി ഡൈവേഴ്സിറ്റി കോൺഫറൻസിൽ തയ്യാറാക്കിയ വൈവിധ്യതാനയം ഇവിടെ വായിക്കാം. 2017-ലെ  Knowledge Equity എന്ന ആശയം ഉൾക്കൊള്ളുന്ന വിക്കിമീഡിയ ഫൗണ്ടേഷൻ്റെ നയം ഇവിടെ കാണാം. ഈ രണ്ട് നയങ്ങളുടെയും ഡ്രാഫ്റ്റിങ് കമ്മിറ്റികളിൽ ഞാൻ ഭാഗമായിട്ടുണ്ട്. 

 

 

2 thoughts on “വൈവിധ്യങ്ങൾ പ്രതിനിധീകരിക്കുന്ന വിക്കിപീഡിയ

    • ഇവിടെവരെ വന്ന് വായിച്ച് പ്രോത്സാഹിപ്പിച്ചതിനു നന്ദി. ഈയിടെയായി കിനാശേരികൾ മാത്രം ചിന്തിച്ചു നടക്കുന്നത് എൻ്റെ ഹോബിയായി മാറിയിട്ടുണ്ട്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.