“എൻട്രൻസ് കടമ്പ കടന്ന് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിനു ചേരുന്ന വിദ്യാർത്ഥികൾ ഒന്നാം വർഷത്തിൽ എന്താണ് ചെയ്യുന്നത്?”
കടപ്പുറത്ത് വച്ച് കണ്ടവരും, ട്രൈനിൽ അടുത്ത സീറ്റിലുരിക്കുന്നവരുമായ, ആരോഗ്യമേഖലയെക്കുറിച്ച് ഉപരിതലത്തിൽ മാത്രം അവബോധമുള്ളവരോട് ഞാൻ ഈ ചോദ്യം ചോദിക്കാറുണ്ട്. ഉത്തരങ്ങൾ കേട്ടാൽ തലയിൽ കൈവച്ച് പോകും. നമ്മൾ മലയാളികൾക്ക് ഒരു സ്വഭാവമുണ്ട്. പത്ത് പൈസയ്ക്ക് വിവരമില്ലെങ്കിലും കോൺഫിഡൻ്റായിട്ട് മറുപടിയും ഉപദേശവും തരും (ഈ ഞാൻ തന്നെ ഉദാഹരണം). ഇവരുടെ ഉത്തരങ്ങളിൽ നിന്ന് മനസിലായത് ഇതാണ്:
ഒന്നാം വർഷ വിദ്യാർത്ഥികൾ ചെറിയ രോഗങ്ങൾ ചികിത്സിക്കാനാണ് ആദ്യം പഠിക്കുന്നത്. പനി, ചുമ, ജലദോഷം എന്നിങ്ങനെ ചെറിയ കാര്യങ്ങളുടെ ചികിത്സാരീതി, ക്ലാസ് കേട്ടും, രോഗികളെ സ്റ്റെതസ്കോപ്പ് വച്ച് പരിശോധിച്ചും ഒക്കെ പഠിച്ചെടുക്കുന്നു. പിന്നെ, ഒന്ന്-രണ്ട് വർഷക്കാര് സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരെ ഓപ്പറേഷനിൽ സഹായിക്കാറുണ്ട്. പക്ഷെ രാത്രി ജോലി ചെയ്യാൻ സർക്കാർ ഡോക്ടർമാർക്ക് താല്പര്യമില്ലാത്തതുകൊണ്ട് ചിലപ്പോൾ രാത്രിസമയങ്ങളിലെ ഓപ്പറേഷൻ വിദ്യാർത്ഥികളെ ഏൽപ്പിക്കാറുണ്ട്. കാല് മാറി ഓപ്പറേഷൻ ചെയ്യുന്ന അബദ്ധമൊക്കെ ഒന്ന്-രണ്ട് വർഷക്കാർ ചെയ്യുന്നതാണ്.
കാലുമാറി സർജറി ചെയ്യുന്ന കാര്യം പറഞ്ഞത് 2015-ലോ മറ്റോ ഒരു പഞ്ചായത്ത് മെമ്പർ ആണെന്നാണ് ഓർമ്മ. കേട്ട അന്ന് തന്നെ ഈ പോസ്റ്റ് എഴുതണം എന്ന് കരുതിയിരുന്നതാണ്. എഴുതാൻ ഇത്രയും വൈകിയതിന് ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ ചരിത്രത്തിലെ എല്ലാ ഗുരുക്കന്മാരോടും ക്ഷമചോദിക്കുന്നു. പുതിയ ആളുകളെ പരിചയപ്പെടുമ്പോൾ നിങ്ങളും ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുക. ഉദാഹരണത്തിന്:
1. വാക്സിൻ എടുത്താൽ ഓട്ടിസം വരുമോ? (ഉത്തരം: ഇല്ല)
2. ചിക്കൻ പോക്സ് വന്നാൽ കുളിക്കാമോ? (ഉത്തരം: കുളിക്കാം)
3. സർക്കാർ കോളേജുകളിൽ എം.ബി.ബി.എസ് പഠിക്കാൻ കാശ് കൊടുക്കണോ? (ഉത്തരം: കൊടുക്കണം, പക്ഷെ ആധാരം പണയം വയ്ക്കേണ്ടി വരില്ല)
4. ഗർഭിണികൾ അയേൺ ഗുളികകൾ കഴിക്കേണ്ടതുണ്ടോ? (ഉത്തരം: ഉണ്ട്)
കൊച്ചി മുതൽ കോഴിക്കോട് വരെ ട്രെയിനിൽ ബോറടിച്ച് ഇരിക്കുന്നതിനു പകരം അടുത്തിരിക്കുന്ന ആളുകളോട് ഇത്തരം ചോദ്യങ്ങൾ ചോദിക്കുക. ബോറടി മാറും എന്ന് മാത്രമല്ല, ചർച്ച കേട്ട് ബോഗിയിലുള്ള എല്ലാവരും അങ്ങോട്ട് വന്നോളും. ഹൃദയവാൽവ് ശസ്ത്രക്രിയകളും, റേഡിയോഅയഡിൻ അബ്ലേഷനും ചെയ്യുന്നവർ മാത്രമല്ല ആരോഗ്യമേഖലയിൽ ഗുണഫലങ്ങളുണ്ടാക്കുന്നത്. അത്രതന്നെയോ അതിലേറയോ ഗുണം ചെയ്യുന്നത് ഇത്തരം ചെറിയ ഇടപെടലുകളാണ്. ഒരു അമ്മ റുബെല്ല വാക്സിൻ എടുക്കാത്തതിനാൽ കുഞ്ഞിൻ്റെ ഹൃദയത്തിന് സർജറി ചെയ്യേണ്ടി വന്നു എന്നിരിക്കട്ടെ. സർജറി വിജയകരമായാൽ തന്നെയും കുഞ്ഞിൻ്റെ തുടർന്നുള്ള ജീവിതനിലവാരം (quality of life) തുലോം കുറവായിരിക്കും. ഇതേ അമ്മ, ഗർഭിണിയാകുന്നതിനു മുൻപ് കോഴിക്കോട്ടേക്ക് ട്രൈനിൽ പോകുന്ന സമയത്ത് നിങ്ങളുടെ വാക്ക് കേട്ട് റുബെല്ല വാക്സിൻ എടുക്കാൻ തീരുമാനിച്ചാൽ, ഒരുപക്ഷെ നിങ്ങൾ തടഞ്ഞത് ഒരു congential rubella sydrome ആയിരിക്കാം. നിങ്ങൾ പറഞ്ഞത് കേട്ട് ഒരു വ്യക്തിയെങ്കിലും അയേൺ ഗുളിക കഴിച്ചാൽ, ശേഷം ഒരു അമ്മയെങ്കിലും പോസ്റ്റ്-പാർട്ടം ഹെമറേജ് അതിജീവിച്ചാൽ അത് വലിയ മുന്നേറ്റം തന്നെയാണ്. ഒന്നാം വർഷ വിദ്യാർത്ഥികളായിരിക്കുന്ന കാലം തൊട്ടേ നിങ്ങൾക്ക് ഇത്തരം ആരോഗ്യ അവബോധ പ്രവർത്തനങ്ങളിൽ ഭാഗവാക്കാവുന്നതാണ്. (പഠിച്ചിട്ട് ചെല്ലണം എന്ന് മാത്രം, അല്ലെങ്കിൽ നാട്ടുകാർ ചോദ്യം ചോദിച്ച് അലക്കി ഉണക്കാനിടും)
ഇനി ഒന്നാം വർഷത്തിലേക്ക് തിരിച്ചുവരാം. എം.ബി.ബി.എസ്സിനു ചേരാൻ ചെല്ലുമ്പോൾ വിദ്യാർത്ഥികളുടെ മനസ്സിൽ കുന്നോളം പ്രതീക്ഷയാണ്. വെള്ളക്കോട്ടിട്ട്, സ്റ്റെതസ്കോപ്പും തൂക്കി രോഗികളെ ആശ്വസിപ്പിക്കുന്ന ചിത്രമാണ് കണ്ണാടിയിൽ നോക്കുമ്പോൾ കാണുന്നത്. കുടുംബത്തിൽ വേറെയും ഡോക്ടർമാർ ഉണ്ടെങ്കിൽ അവർക്കൊക്കെ നമ്മളോട് ‘ഇതൊക്കെ ഞാൻ എത്ര കണ്ടതാ’ എന്ന പുച്ഛഭാവം ഉണ്ടാകും. എൻ്റെ കുടുംബത്തിലെ ആദ്യത്തെ ഡോക്ടർ ഞാനായിരുന്നതുകൊണ്ട് ഈ എം.ബി.ബി.എസ്സിൽ എന്താണ് പഠിപ്പിക്കുന്നത് എന്ന് അറിഞ്ഞുകൂടായിരുന്നു. എം.ബി.ബി.എസ്സിനു ചേർന്ന് അടുത്തതായി എന്താണ് നടക്കാൻ പോകുന്നതെന്ന് അറിയാത്തവർക്ക് വേണ്ടിയാണീ പോസ്റ്റ്. 2009-ൽ നടന്ന കഥയായതുകൊണ്ടും, പൊടിപ്പും തൊങ്ങലും ആവോളം ചേർത്തിട്ടുള്ളതുകൊണ്ടും ഇനി വായിക്കാൻ പോകുന്നതൊന്നും അപ്പടി വിശ്വസിക്കാതിരിക്കുക.
അഡ്മിഷൻ എടുക്കാൻ പോകുന്ന ദിവസം നല്ല ദിവസമാണ്. സ്നേഹമുള്ള സീനിയർ ചേട്ടന്മാർ എല്ലാ സഹായങ്ങളും ചെയ്ത് തരും (ഒന്ന് രണ്ടാഴ്ച കഴിയുമ്പോൾ ഇവരുടെ സ്വഭാവം മാറും). പ്രൊഫസർമാർ സല്മാർഗത്തിൽ നടക്കേണ്ടതെങ്ങനെയാണെന്ന് പ്രസംഗിക്കുന്നത് കേട്ട്, വിദ്യാഭ്യാസത്തിലുടനീളം നല്ല കുട്ടിയായിരിക്കുമെന്ന് നമ്മൾ സ്വയം പ്രതിജ്ഞ എടുക്കും. ആദ്യ ദിവസം തന്നെ ഗ്രേയ്സ് അനാട്ടമി, ഗാനോങ്, പിന്നെ എടുത്താൽ പൊങ്ങാത്ത വേറെയും പുസ്തകങ്ങൾ എന്നിവ മേടിക്കാൻ സ്റ്റോറിൽ തിരക്കാണ്. ചില പേരൻ്റ്സ് പി.ജിക്ക് പഠിക്കാനുള്ള പുസ്തകങ്ങൾ വരെ വാങ്ങിത്തരാൻ ഒരുമ്പെടും (പിന്നെ, അടുത്ത ആറ് കൊല്ലത്തേക്ക് അവരെ മഷിയിട്ടു നോക്കിയാൽ കാണില്ല. രണ്ടാം തവണ അവർ കോളേജിൽ കാലുകുത്തുന്നത് കോൺവൊക്കേഷനായിരിക്കും). പത്ത് രൂപയുടെ മീൻ മേടിക്കുമ്പോൾ പോലും വിലപേശുന്ന പേരൻ്റ്സ് അഡ്മിഷൻ സമയത്ത് ഒന്നും ചോദിക്കാതെ തന്നെ, പലവക ഫീ, സി.ഡി ഫീ മുതലങ്ങോട്ട് എല്ലാത്തിനും ലാവിഷായി പൈസ അടയ്ക്കും. അച്ഛൻ്റെ കയ്യിൽ ഇത്രയും പൈസ ഉണ്ടോ എന്ന് നമ്മൾ അദ്ഭുതപ്പെടും. ഒന്നാം റാങ്ക്, രണ്ടാം റാങ്ക് എന്നിവ കിട്ടിയവരുടെ ഫോട്ടോ ഒക്കെ പത്രത്തിൽ കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് കാണുന്നത് ഫീസടയ്ക്കാൻ പോകുമ്പോഴാണ്. ലവരെയൊക്കെ പഠിച്ച് തോൽപ്പിച്ച് ഗോൾഡ് മെഡൽ വാങ്ങണമെന്ന് നമ്മൾ ഗ്രേയ്സ് അനാട്ടമി തൊട്ട് സത്യം ചെയ്യും. ഒരു സീനിയറെ കിട്ടിയിരുന്നെങ്കിൽൽൽൽ……(ജയൻ സ്റ്റൈൽ), പി.ജി ടിപ്സ് ചോദിക്കാമായിരുന്നൂൂൂൂ…. എന്നൊക്കെ ചിന്തിക്കും. അങ്ങനെ, വീട്ടുകാർ നമ്മളെ സന്തോഷത്തോടെ ഹോസ്റ്റലിൽ കൊണ്ടുചെന്നാക്കിയിട്ട് തിരിച്ചുപോകും. ഇനിയങ്ങോട്ട് നമ്മൾ ഹോസ്റ്റലിൽ ഒറ്റയ്ക്കാണ്.
ഹോസ്റ്റൽ എന്ന് വിളിക്കുന്നത് അത്ര ശരിയല്ല. കാലിത്തൊഴുത്ത് എന്ന് വിളിക്കുന്നതായിരിക്കും കൂടുതൽ അഭികാമ്യം. ഇത് വായിക്കുന്ന ആരുടെയെങ്കിലും കയ്യിൽ ഒന്നാം വർഷക്കാരുടെ മുറി/ഡോർമിറ്ററിയുടെ ചിത്രം ഉണ്ടെങ്കിൽ അയച്ചു തന്നാൽ കടപ്പാടോടുകൂടി ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. അടച്ചുറപ്പുള്ള മുറിയിൽ ജീവിച്ചും, ക്യൂ നിൽക്കാതെ ടോയ്ലറ്റിൽ പോയും, ആവശ്യത്തിന് സ്വകാര്യത കിട്ടിയും, കൊതുകു കടിക്കാതെ ഉറങ്ങിയും, ഷോമാനെ പേടിക്കാതെ വസ്ത്രം മാറ്റിയും, ശബ്ദമില്ലാത്ത സ്ഥലത്തിരുന്ന് പഠിച്ചും, ഇൻ്റർനെറ്റ് ആവശ്യമുള്ളപ്പോൾ ഉപയോഗിച്ചുമൊക്കെ വളർന്ന ഭൂരിഭാഗം വരുന്ന കുട്ടികളാണ് ഇതൊന്നുമില്ലാത്ത മുറികളിൽ ആടുമാടുകളെപ്പോലെ തിങ്ങിപ്പാർക്കേണ്ടി വരുന്നത്. ഹോസ്റ്റലിൽ വന്ന് ഒന്ന് രണ്ടാഴ്ച കഴിയുമ്പോഴേക്കും ആരോഗ്യപ്രശ്നങ്ങൾ തുടങ്ങുകയായി. ഭക്ഷണം പരിചയമില്ലാത്തതിനാൽ വയറിളക്കം, തിങ്ങി ജീവിക്കുന്നതുകൊണ്ട് പനി, ജലദോഷം മുതലായവ, മാനസികസംഘർഷങ്ങൾ കാരണം ആസ്ത്മ, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ എന്നിവയൊക്കെ സാധാരണമാണ്. പകരുന്ന അസുഖങ്ങൾ കൂട്ടത്തിലുള്ള ഒരാൾക്ക് കിട്ടിയാൽ എല്ലാവർക്കും പകരും. സെപ്റ്റിക് ടാങ്കിലെ വെള്ളം വാട്ടർ ടാങ്കിൽ കലർന്നുവെന്ന സംശയം മൂലവും, പല വിദ്യാർത്ഥികൾക്കും ഫുഡ് പോയ്സണിങ് വന്നതിനാലും ഹോസ്റ്റൽ അടച്ചിടേണ്ട അവസ്ഥ പണ്ട് ഉണ്ടായിട്ടുണ്ട്.
ഇതിൽ നമ്മൾ അത്ര ശ്രദ്ധ കൊടുക്കാത്ത വിഷയമാണ് പ്രൈവസി. നാം ഒറ്റയ്ക്കാകുമ്പോൾ ചെയ്യുന്ന അതേ കാര്യങ്ങളല്ല മറ്റുള്ളവരുടെ നിരീക്ഷണത്തിലിരിക്കുമ്പോൾ നാം ചെയ്യുന്നത്. ടീച്ചർ നോക്കിക്കൊണ്ടിരിക്കുമ്പോൾ ഉഷാറായി പെരിഫറൽ സ്മിയർ ചെയ്യുന്നവർ, ടീച്ചർ പുറത്ത് പോകേണ്ട താമസം വർത്തമാനം പറഞ്ഞ് തുടങ്ങും. ഇതേ പ്രശ്നം ഹോസ്റ്റലിലുമുണ്ട്. എല്ലാവരും ക്യാരംസ് കളിക്കുമ്പോൾ നമ്മൾ മാത്രം പഠിക്കാൻ പോയാൽ സഹമുറിയന്മാർ എന്ത് വിചരിക്കും എന്ന് ചിന്തിക്കുന്നതുകൊണ്ട്, ആഗ്രഹമുണ്ടെങ്കിലും നമുക്ക് പഠിക്കാൻ കഴിയാതെ പോകും. നമ്മുടെ അലക്കാനിട്ട ജട്ടിവരെ സഹമുറിയൻ കാണുന്നുണ്ട് എന്നതിനാൽ, വിലകൂടിയ സാധനങ്ങളൊന്നും കയ്യിലില്ലാത്ത, താരതമ്യേനെ സാമ്പത്തികശേഷി കുറഞ്ഞ വിദ്യാർത്ഥികൾക്ക് അപകർഷതാബോധം തോന്നിത്തുടങ്ങും. റൂമിൽ രണ്ടുപേർ സംസാരിച്ചിരിക്കുകയാണെങ്കിൽ മൂന്നാമത്തെയാൾക്ക് ജോലി ചെയ്യാൻ കഴിയാതെവരും. പയ്യെപ്പയ്യെ, പലരും സ്വന്തം വ്യക്തിത്വം വെടിഞ്ഞ്, ഒരുതരം സംഘബോധം രൂപപ്പെട്ടുവരും. വ്യത്യസ്തമായതെന്തും ചെയ്യുന്നവരെ ആവറേജ് സ്വഭാവത്തിലേക്ക് കൊണ്ടുവരുന്ന കാര്യത്തിൽ ഈ സംഘബോധം അബോധതലത്തിൽ സ്വാധീനിക്കുന്നുണ്ട്. പാവപ്പെട്ടവരുടെ ജീവിതസാഹചര്യങ്ങൾ വിദ്യാർത്ഥികൾക്ക് മനസിലാവാൻ വേണ്ടിയാണ് ഹോസ്റ്റലിൽ പരിമിതമായ സൗകര്യങ്ങൾ മാത്രം കൊടുക്കുന്നത് എന്ന വിചിത്ര വാദവും പണ്ട് കേട്ടിരുന്നു. അതാണ് ഉദ്ദേശമെങ്കിൽ ഡേ-സ്കോളർമാരായ വിദ്യാർത്ഥികൾക്ക് ഈ അമൂല്യ അവസരം നിഷേധിക്കുന്നതെന്തിനാണ്? ജീവിതസാഹചര്യങ്ങൾ പഠിക്കാനാണെങ്കിൽ കണ്ട് പഠിച്ചാലും പോരേ, അനുഭവിച്ച് പഠിക്കണമെന്ന് നിർബന്ധമുണ്ടോ? അനുഭവിച്ച് തന്നെ പഠിക്കണമെന്നാണെങ്കിൽ ഒന്നോ, രണ്ടോ മാസം അനുഭവിച്ചാൽ പോരേ, എന്തിനാണ് ആറ് വർഷങ്ങൾ? മോശമായ ജീവിതസാഹചര്യങ്ങൾ നമ്മുടെ ആരോഗ്യത്തെയും, സ്വസ്ഥതയെയും, സ്വഭാവത്തെയുമൊക്കെ അബോധമായും, പതുക്കെയും സ്വാധീനിക്കുന്നുണ്ട് എന്ന് ഓർത്തിരിക്കുക. ഹെപ്പറ്റൈറ്റിസ് എ, ബി, ചിക്കൻപോക്സ്, എം.എം.ആർ വാക്സിനുകൾ കോളേജിൽ ചേരുന്നതിനു മുൻപ് തന്നെ എടുത്ത്, എടുത്തതിനുള്ള തെളിവായി വാക്സിനേഷൻ കാർഡോ, ഓ.പി. ടിക്കറ്റുകളോ കരുതി വയ്ക്കുക. ഇത് സംബന്ധിച്ച സംശയങ്ങളുണ്ടെങ്കിൽ നേരിട്ട് പ്രിവൻ്റീവ് ക്ലിനിക്കിൽ ചെന്ന് ചോദിക്കുക. അഡ്മിഷൻ സമയത്ത് കോളേജിൽ കൊടുത്ത എസ്.എസ്.എൽ.സി ബുക്ക് ഉൾപ്പെടെയുള്ള എല്ലാ ഡോക്യുമെൻ്റുകളുടെയും സ്കാൻ ചെയ്ത സോഫ്റ്റ് കോപ്പി ഡ്രൈവിൽ സൂക്ഷിക്കുകയും, പത്തോ ഇരുപതോ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ ഗസറ്റഡ് ഓഫീസറെക്കൊണ്ട് (ഏതെങ്കിലും ടീച്ചർമാർ മതിയാകും) അറ്റസ്റ്റ് ചെയ്ത് കയ്യിൽ സൂക്ഷിക്കുകയും ചെയ്യുക. ഭാവിയിൽ സ്കോളർഷിപ്പ്, ഡ്രൈവിങ് ലൈസൻസ് ഇത്യാദികൾക്ക് വേണ്ടി ഒറിജിനൽ സർട്ടിഫിക്കറ്റ് വാങ്ങാൻ പ്രിൻസിപ്പാളുടെ ഓഫീസിലെ സ്റ്റാഫിൻ്റെ കയ്യും കാലും പിടിക്കേണ്ടി വരാതിരിക്കാനാണിത്.
ഒന്നാം വർഷം പഠിക്കാനുള്ള വിഷയങ്ങൾ അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി എന്നിവയാണ്. വരും വർഷങ്ങളിൽ ക്ലിനിക്കൽ വിഷയങ്ങൾ പഠിക്കാനുള്ള അടിത്തറ പണിയുകയാണ് ഒന്നാം വർഷം ചെയ്യുന്നത്. ഇത് പഠിക്കാതെ നേരെ ചെന്ന് മെഡിസിൻ, സർജറി ഒക്കെ പഠിക്കാൻ പോയാൽ ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിച്ച് മലയാളത്തിലേക്ക് തർജമ ചെയ്ത് വായിക്കുന്ന ഫീൽ ആണ് കിട്ടുക. പൊതുജനം വിചാരിക്കുന്നതുപോലെ ചെറിയ അസുഖങ്ങൾ ആദ്യം, വലിയ അസുഖങ്ങൾ പിന്നെ എന്ന ക്രമത്തിലല്ല പഠിക്കുന്നത്. ഒന്നാം വർഷ വിദ്യാർത്ഥികൾ രോഗികളെ കാണുന്നില്ല. പഠനം പൂർണ്ണമായും ലാബുകളിലും, ഡിസക്ഷൻ ഹാളിലുമാണ്.
ബയോകെമിസ്ട്രി അല്പമൊക്കെ ഹയർസെക്കൻ്ററി തലത്തിൽ പഠിച്ചിരുന്ന വിഷയമായതുകൊണ്ട് മനസിലാക്കാൻ അത്ര ബുദ്ധിമുട്ട് കാണില്ല. ഫിസിയോളജി അല്പം പുതിയതാണെങ്കിലും സ്കൂളിൽ പഠിച്ചതിൻ്റെ തുടർച്ചയായതുകൊണ്ട് അത്ര ബുദ്ധിമുട്ടേണ്ടി വരില്ല. കടലുപോലെ കിടക്കുന്ന അനാട്ടമിയാണ് പലർക്കും കീറാമുട്ടിയാകുന്നത്. പണ്ടൊക്കെ ഡിസക്ഷൻ ഹാളിലേക്ക് കണ്ണിങ്ഹാം മാത്രമേ കയറ്റാറുണ്ടായിരുന്നുള്ളൂ. കണ്ണിങ്ഹാം വായിച്ചാൽ മനസിലാകാത്തതുകൊണ്ട് പിള്ളേർ തോന്നിയപോലെ ഡിസക്ഷൻ ചെയ്യുകയും, ബാക്കി സമയം വർത്തമാനം പറഞ്ഞിരിക്കുകയും ചെയ്യുമായിരുന്നു. പിള്ളേർ ആകെ പുസ്തകം കൈകൊണ്ട് തൊടുന്നത് ഡിസക്ഷൻ സമയത്താണെന്നതുകൊണ്ട് അവർക്ക് വായിച്ചാൽ മനസിലാകുന്ന ഏത് പുസ്തകം കൊണ്ടുവന്നാലും വായിക്കാൻ അനുവദിക്കുകയാണ് ഡിപ്പാർട്ടുമെൻ്റുകൾ ചെയ്യേണ്ടത്. ഇത് അനുവദിച്ചില്ലെങ്കിൽ അവർ ആ സമയം കൂടി വെറുതേ കളയുകയും, ഡിസക്ഷനിൽ കണ്ട കാര്യങ്ങൾ തിയറിയുമായി റിലേറ്റ് ചെയ്യാനാവാതെ പഠിക്കാൻ ബുദ്ധിമുട്ടുകയും ചെയ്യും.
ഏത് ടെക്സ്റ്റ്ബുക്ക് പഠിക്കണം എന്ന് വിദ്യാർത്ഥികൾ എപ്പോഴും ചോദിക്കുന്ന ചോദ്യമാണ്. പ്രൊഫസർമാരോട് ചോദിച്ചാൽ കടുകട്ടി പുസ്തകങ്ങളുടെ പേരും, സീനിയേഴ്സിനോട് ചോദിച്ചാൽ ഉടായിപ്പ് പുസ്തകങ്ങളുടെ പേരുമാണ് പറഞ്ഞു തരിക. എൻ്റെ അഭിപ്രായം സ്വന്തം നോട്ട്സ് എഴുതുക എന്നതാണ്. ഫിസിയോളജിയിൽ ടീച്ചർമാർ തരുന്ന നോട്ടുകൾ തന്നെ അടിസ്ഥാനമാക്കി, പ്രാധാന്യം കൂടുതലുള്ള ഭാഗങ്ങൾ പ്രത്യേകം മാർക്ക് ചെയ്തതിനു ശേഷം പഠിക്കുക. ആശയങ്ങളെ സംക്ഷിപ്തമാക്കാൻ ഉതകുന്ന ചിത്രങ്ങൾ നോട്ടുകളിൽ ഉണ്ടാകണം. പല ചാപ്റ്ററുകൾ പാരലൽ ആയി നടക്കുന്നതുകൊണ്ട് പേപ്പറിൽ നോട്ട്സ് എഴുതി ചാപ്റ്റർ തീരുമ്പോൾ ബൈൻ്റ് ചെയ്ത് വയ്ക്കുക. പിൽക്കാലത്ത് മറിച്ചു നോക്കാനും ഉപകരിക്കുന്ന വിധത്തിലായിരിക്കണം ഇത്. അനാട്ടമിയിൽ ചൗരസ്യയിൽ തന്നെ നോട്ടുകൾ എഴുതി ഒട്ടിച്ചു ചേർക്കാൻ സ്റ്റിക്കി നോട്ടുകൾ ഉപയോഗിക്കാം. തടിയൻ പുസ്തകങ്ങളിൽ ആവശ്യമുള്ള പേജുകളിൽ എത്തിച്ചേരാൻ തന്നെ സമയമെടുക്കും എന്നതിനാൽ പേജ് മാർക്കർ ഉപയോഗിക്കുക. ഇത്തരം പുസ്തകങ്ങൾ ചെറിയ കഷ്ണങ്ങളാക്കി ബൈൻ്റ് ചെയ്തെടുക്കുക. എഴുത്തിൽ കളർ കോഡിങ് ഉപയോഗിക്കുക – ഒറ്റ നോട്ടത്തിൽ കാണേണ്ടവ ചുവപ്പ്, പുതിയ വാക്കുകൾക്ക് പച്ച എന്നിങ്ങനെ പല കാര്യങ്ങൾക്കും കളർ കോഡിങ് ആവാം. സെമിനാറിനു വേണ്ടി ചാർട്ടുകൾ ഉണ്ടാക്കിയത് റൂമിൽ തൂക്കിയിടുകയും, വിഷയം നന്നായി കൈകാര്യം ചെയ്യുന്ന പ്രൊഫസർമാരുടെ വീഡിയോ ലെക്ചറുകൾ ഇൻ്റർനെറ്റിൽ കാണുകയും ചെയ്യുക. പരീക്ഷയുടെ തലേദിവസങ്ങളിൽ ഒറ്റനോട്ടത്തിൽ മനസിലാക്കാവുന്ന രീതിയിൽ വേണം നോട്ട്സ് ഉണ്ടാക്കാൻ – അന്നത്തെ ദിവസം ആദ്യവായനയ്ക്ക് സമയമുണ്ടാകില്ല എന്നത് ഓർക്കുക. ചിലർ ആകെ ഒന്നോ രണ്ടോ പാഠങ്ങൾ മാത്രം ആവർത്തിച്ച് പഠിക്കുകയും, വേറെ ഒന്നും തീരേ പഠിക്കാതിരിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. അറിയുന്നതെല്ലാം വ്യക്തമായി അറിയുന്നവരെയല്ല, എല്ലാത്തിനെക്കുറിച്ചും ഏതാണ്ട് കുറച്ചൊക്കെ ധാരണയുള്ളവരെ വിജയിപ്പിക്കുന്ന സിസ്റ്റമാണ് എം.ബി.ബി.എസ് പരീക്ഷകൾക്കുള്ളത്. റെക്കോർഡ് വരയ്ക്കാൻ ബുദ്ധിമുട്ടുള്ളവർ പ്രൊപ്പോർഷൻ ശരിയാക്കാൻ വേണ്ടി ലൈറ്റ് ബോക്സ് ഉപയോഗിക്കുക. ക്വാളിറ്റിയുള്ള കളർ പെൻസിലുകൾ ഉപയോഗിക്കുക. നല്ല വെളിച്ചമുള്ള ബൾബ് വാങ്ങി റൂമിൽ ഫിറ്റ് ചെയ്യുക. എല്ലാ നോട്ടുകളും ഒരിടത്ത് തന്നെ സൂക്ഷിക്കുക – കുറച്ചെണ്ണം സ്ലൈഡായും, ബാക്കി ഫോണിൽ ഫോട്ടോ ആയും, വേറെ ചിലത് ഫോട്ടോസ്റ്റാട്ട് ആയും, പിന്നെ കുറച്ച് സ്വന്തം എഴുത്തായും ഒക്കെ സൂക്ഷിക്കുകയാണെങ്കിൽ പണി കിട്ടും എന്ന് മനസിലാക്കുക. പരീക്ഷയുടെ തലേ ദിവസം ജിജിതയുടെ നോട്ടിൻ്റെ ഫോട്ടോകോപ്പി എടുക്കാൻ ക്യൂ നിൽക്കേണ്ട അവസ്ഥ ഉണ്ടാക്കാതിരിക്കുക. നന്നായി എഴുതുന്നവരുടെ നോട്ട്സ് ഗൂഗിൾ ഡ്രൈവിലോ മറ്റോ ഷെയർ ചെയ്ത് എല്ലാവർക്കും എപ്പോഴും വായിക്കാവുന്ന വിധത്തിൽ സൂക്ഷിക്കാവുന്നതുമാണ്. ബാച്ചിൽ പിരിവിട്ടിട്ടാണെങ്കിലും ഗൂഗിൾ ഡ്രൈവിലോ മറ്റോ ഒരു ടി.ബി സ്റ്റോറേജ് സ്പേസ് വാങ്ങിക്കുക. ഇതിന് മാസം 600 രൂപയോ മറ്റോ ആകുന്നുള്ളൂ. നോട്ട്സ് കൂടാതെ, ഹിസ്റ്റോളജി സ്ലൈഡുകൾ, പഠനസഹായികൾ, ബാച്ച് ഫോട്ടോകൾ, ബാച്ച് ഫണ്ട് വിവരങ്ങൾ, പരീക്ഷ റിസൾട്ടുകൾ എന്നിവയൊക്കെ ഡ്രൈവിൽ സ്റ്റോർ ചെയ്ത് വയ്ക്കാവുന്നതാണ്. ഉപയോഗപ്രദമായ ഫയലുകൾ വർഷങ്ങളോളം നഷ്ടപ്പെടാതെ സൂക്ഷിക്കാൻ ഇത് വളരെ ഉപകാരം ചെയ്യും – ചവറുപോലെ അപ്ലോഡ് ചെയ്തിടുന്നതിനു പകരം, ലേബൽ ചെയ്തും, ഓരോ വിഷയത്തിനും പ്രത്യേകം സബ് ഫോൾഡറുകൾ ഉണ്ടാക്കിയും വർഗ്ഗീകരിക്കണം എന്നു മാത്രം.
വിദ്യാർത്ഥികളുടെ മറ്റൊരു പ്രശ്നം എന്തിനാാാ.. പഠിക്കുന്നത് (ഇന്നസൻ്റ് സ്റ്റൈലിൽ വായിക്കുക) എന്ന് മനസിലാകാത്തതാണ്. സ്റ്റെതസ്കോപ്പും തൂക്കി രോഗികളെ ചികിത്സിക്കാൻ ത്വര മൂത്ത് വരുന്ന പിള്ളേരോട് കളർ പെൻസിൽ കൊണ്ട് ചിത്രം വരയ്ക്കാനും, മൂത്രം ടെസ്റ്റ് ചെയ്യാനുമൊക്കെ പറഞ്ഞാൽ ഇതൊക്കെ എന്തിനു വേണ്ടിയാണ് ചെയ്യുന്നതെന്ന് അറിയാത്ത സാഹചര്യത്തിൽ പഠിക്കാൻ താല്പര്യക്കുറവ് വന്നേക്കാം. എൻ്റെ അഭിപ്രായത്തിൽ പിള്ളേരെ പാഠഭാഗങ്ങൾ ഇരുത്തി പഠിപ്പിച്ചില്ലെങ്കിലും, പഠിക്കാനുള്ള പ്രേരണയും കൃത്യമായ ലക്ഷ്യബോധവും നിർബന്ധമായും കൊടുത്തിരിക്കണം. പ്രീ ക്ലിനിക്കൽ വിഷയങ്ങൾ പഠിച്ചതുകൊണ്ട് ഭാവിയിൽ അത് ക്ലിനിക്കൽ പഠനത്തെ എങ്ങനെ സഹായിക്കുമെന്നത് വ്യക്തമാക്കിക്കൊടുക്കണം. ചില പിള്ളേരുടെ വിചാരം ഇപ്പോൾ തന്നെ അങ്ങ് സ്പെഷ്യലൈസ്ഡ് ആകാം എന്നാണ്. നുമ്മ നെഫ്രോളജിസ്റ്റാകാൻ തീരുമാനിച്ചതുകൊണ്ട് റീനൽ സിസ്റ്റം മാത്രമേ പഠിക്കുകയുള്ളൂ എന്ന ലൈനിലാണ് പോക്ക്. മനുഷ്യശരീരത്തെക്കുറിച്ച് സമഗ്രമായ അറിവില്ലാതെ ഏത് സ്പെഷ്യാലിറ്റി എടുത്തിട്ടും കാര്യമില്ല എന്നത് ടീച്ചർമാർ ഊന്നൽ കൊടുത്ത് പറയേണ്ടതാണ്. മാർക്ക് കിട്ടാൻ വേണ്ടിയാണ് പഠിക്കേണ്ടത് എന്ന് പറഞ്ഞാൽ അച്ചടക്കമുള്ള, മെഡൽ വാങ്ങാൻ ഇറങ്ങിത്തിരിച്ച, യാഥാസ്ഥിതികരായ ചുരുക്കം പേർക്ക് മാത്രമേ പഠിക്കാൻ പ്രേരണ കിട്ടുന്നുള്ളൂ. അതേസമയം, ഒരു നല്ല ഡോക്ടറാവേണ്ടതിൻ്റെ ആവശ്യകതയും, അതിൽ പ്രീ-ക്ലിനിക്കൽ വിഷയങ്ങളുടെ പ്രാധാന്യവും വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുത്താൽ കൂടുതൽ പേർ പുസ്തകം ‘മനസിലാക്കി പഠിക്കാൻ’ തയ്യാറാകും എന്നാണ് എനിക്ക് തോന്നുന്നത്. പഠിക്കാനുള്ള മോട്ടിവേഷൻ കിട്ടാത്ത വിദ്യാർത്ഥികളാണ് മറ്റ് കാര്യങ്ങളിൽ ലക്ഷ്യബോധം കണ്ടെത്താൻ ശ്രമിക്കുന്നതും, ചിലപ്പോഴൊക്കെ മദ്യം, അമിതമായ മൊബൈൽ ഫോൺ ഉപയോഗം, കാർ/ബൈക്ക്, റാഗിങ് എന്നിവയിൽ ത്രില്ല് കണ്ടെത്തുകയും ചെയ്യുന്നത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് എല്ലാവരുടെയും അഭിനന്ദനങ്ങൾ കിട്ടി വളർന്ന് ശീലമുള്ള കുട്ടിക്ക്, പെട്ടെന്ന് കോളേജിൽ എത്തുമ്പോൾ ആരും മൈൻ്റ് ചെയ്യാതിരിക്കുന്നത് ചിലപ്പോൾ ഉൾക്കൊള്ളാൻ കഴിഞ്ഞു എന്നു വരില്ല. ഈ അവസ്ഥയിലാണ് പൂജ്യം മാർക്ക് വാങ്ങിയും, കോട്ട് ഇടാതെ പരീക്ഷയ്ക്ക് വന്നും, ടീച്ചർമാരെ തെറിവിളിച്ചുമൊക്കെ അറ്റൻഷൻ നേടിയെടുക്കാൻ ശ്രമിക്കുന്നത്. ഇവരെ പ്രശ്നക്കാരായ വിദ്യാർത്ഥികളായി എഴുതിത്തള്ളാതെ, ശരിക്കും പ്രശ്നം എന്താണെന്ന് മനസിലാക്കി മാർഗനിർദ്ദേശങ്ങൾ കൊടുക്കാനാണ് ടീച്ചർമാർക്ക് കഴിയേണ്ടത്. എൻട്രൻസ് പരീക്ഷയിൽ ഉയർന്ന റാങ്ക് വാങ്ങി വന്നവർ രണ്ട് മൂന്ന് മാസങ്ങൾക്കുള്ളിൽ ഉഴപ്പന്മാരായി മാറുന്നുണ്ടെങ്കിൽ അതിനു കാരണം പുതിയ സാഹചര്യങ്ങളാണെന്നത് ഓർക്കേണ്ടതാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചേരാനുള്ള എൻട്രൻസ് റാങ്കുണ്ടെങ്കിൽ എം.ബി.ബി.എസ് പരീക്ഷ പുഷ്പം പോലെ പാസാകാനുള്ള കഴിവും തീർച്ചയായും ഉണ്ടായിരിക്കേണ്ടതാണ്. എന്നിട്ടും കുറച്ചു പേർ തോറ്റുപോകുന്നുണ്ടെങ്കിൽ അതിന് കാരണമായ സാഹചര്യങ്ങൾ വിലയിരുത്തി പരിഹരിക്കേണ്ടതാണ്. പഠിക്കാൻ പരിമിതമായ സാഹചര്യങ്ങൾ മാത്രമുള്ള മെഡിക്കൽ കോളേജുകളിൽ വരെ കോഴിക്കോട് മെഡിക്കൽ കോളേജിനെക്കാൾ മികച്ച റിസൾട്ടുകൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ പഠനനിലവാരം ഉയർത്താൻ ആവശ്യമുള്ള നടപടികൾ എടുക്കേണ്ടതാണ്.
ഒന്നാം വർഷക്കാരോട് പ്രധാനമായും പറയാനുള്ള ഉപദേശം തലപുകഞ്ഞ് ചിന്തിക്കുക എന്നാണ്. രാഷ്ട്രീയം വേണോ, അരാഷ്ട്രീയം വേണോ? മതപഠനക്ലാസിനു പോകണോ, സിറ്റി ലൈബ്രറിയിൽ പോകണോ? ആഴ്ചയിലൊരിക്കൽ വീട്ടിൽ പോകണോ, അതോ മാസത്തിലൊരിക്കൽ മതിയോ? ഇങ്ങനെ, എന്ത് ചെയ്യുന്നതിനു മുൻപും എന്തിനാാാ… ചെയ്യുന്നത് എന്ന് ചിന്തിക്കുക. സാധുവായ കാരണമില്ലാതെ ഒന്നു ചെയ്യാതിരിക്കുക. ഭൂരിപക്ഷം പേരും ഒരു കാര്യം ചെയ്യുന്നു എന്നതുകൊണ്ടുമാത്രം അത് ശരിയാകണമെന്നില്ല എന്നത് എപ്പോഴും ഓർക്കുക – അടിമത്തവും, സതി സമ്പ്രദായവുമൊക്കെ ഒരിക്കൽ ഭൂരിപക്ഷം ആളുകളും ആഘോഷമായി ചെയ്തിരുന്നതാണ്. ‘ഒരു മെക്സിക്കൻ അപാരത’ കണ്ട് കുളിര് കേറിയതുകൊണ്ട് ഉടനെ പോയി എസ്.എഫ്.ഐയിൽ ചേർന്നു, കൂട്ടുകാർ എല്ലാം ചേർന്നതുകൊണ്ട് ഞാനും ഇൻ്റിപ്പെൻ്റൻസിൽ ചേർന്നു എന്നൊക്കെയുള്ള മുട്ടുന്യായങ്ങളുടെ അടിസ്ഥാനത്തിലാണ് നിങ്ങൾ തീരുമാനമെടുക്കുന്നതെങ്കിൽ വർഷങ്ങൾക്കു ശേഷം ആലോചിക്കുമ്പോൾ നിങ്ങൾക്ക് നിങ്ങളോടു തന്നെ പുച്ഛം തോന്നും. തീരുമാനം എടുത്ത ശേഷം, അതിൻ്റെ പ്രത്യാഘാതം എത്ര മോശമാണെങ്കിലും ഏറ്റെടുക്കാൻ പഠിക്കുകയും, വൈകിയാണെങ്കിലും തിരുത്തുകയും ചെയ്യുക. കോളേജിൽ ചേരുന്നതു വരെ പുസ്തകത്തിനു പുറത്തുള്ള കാര്യങ്ങളെക്കുറിച്ച് അധികം ചിന്തിക്കേണ്ടി വന്നിട്ടില്ലാത്തവരാണ് നമ്മൾ. ഇനി മുതൽ അങ്ങനെയല്ല എന്ന് മനസിലാക്കുക. നമ്മളെ ഹൈജാക്ക് ചെയ്യാൻ ആരെയും സമ്മതിച്ചു കൊടുക്കാതിരിക്കുക. വേറൊരു കൂട്ടരെ കണ്ടിട്ടുണ്ട്, തങ്ങളുടെ സംശയങ്ങൾക്ക് എന്തെങ്കിലും ഒരു ഉത്തരം കിട്ടിയാൽ പിന്നെ കൂടുതൽ ചിന്തിക്കാൻ മടിയാണ്. ഉദാഹരണത്തിന്, കമ്യൂണിസ്റ്റ് പച്ച കഴിച്ചാൽ ക്യാൻസർ മാറുമോ എന്ന ചോദ്യത്തിന്, കമ്യൂണിസ്റ്റ് പച്ചയിൽ അടങ്ങിയിരിക്കുന്ന ക്ലോറോഫിൽ ക്യാൻസർ മാറ്റും [1] എന്ന് ഉത്തരം കിട്ടിയാൽ ഇവർക്ക് സമാധാനമായി. സ്കൂൾ പഠനകാലത്ത് പുസ്തകത്തിലെ ചോദ്യത്തിന് ഉരുവിട്ട് പഠിച്ചു വച്ച റെഡിമെയ്ഡ് ഉത്തരം എഴുതി ശീലമായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് തോന്നുന്നു. ഇത്തരക്കാർ ഒരു ഉത്തരം കേൾക്കുമ്പോൾ അബോധതലത്തിലുണ്ടാകുന്ന ആദ്യ പ്രതികരണം, കേട്ടത് ശരിയോ തെറ്റോ എന്ന ആലോചനയല്ല, പകരം, ഈ വിവരം എങ്ങനെ മെമ്മറിയിൽ കയറ്റി, പരീക്ഷയിൽ പ്രയോഗിക്കാവുന്ന ഉത്തരമാക്കി മാറ്റാം എന്നാണ് എന്ന് തോന്നുന്നു. ഇതൊന്നും ബോധപൂർവ്വം ചെയ്യുന്നതല്ല, ഇത്തരത്തിൽ ചിന്തിക്കാൻ തലച്ചോറ് നിരന്തരം കണ്ടീഷൻ ചെയ്യപ്പെട്ടതുകൊണ്ട് അറിയാതെ സംഭവിക്കുന്നതായിരിക്കാം. കുഴപ്പം എന്താണെന്നു വച്ചാൽ, റാഷണൽ ആയി തീരുമാനങ്ങൾ എടുക്കേണ്ട ജീവിതത്തിൻ്റെ മറ്റ് തുറകളിലും അറിയാതെ ഇതേ രീതിയിൽ തീരുമാനങ്ങളെടുത്തു പോയേക്കാം. അതുകൊണ്ട് ഓർമ്മശക്തിക്ക് അമിത പ്രാധാന്യം കൊടുക്കുന്ന നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്.
അടുത്ത പ്രശ്നം റാഗിങ്ങ് ആണ്. ഞങ്ങൾ പഠിച്ചിരുന്നപ്പോൾ ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് സീനിയർമാരുടെ ശല്യം ഉണ്ടായിരുന്നു. ഞാൻ ഡേ-സ്കോളർ ആയിരുന്നതുകൊണ്ട് അത്ര പരിക്കില്ലാതെ രക്ഷപ്പെട്ടു. താൻ അനുഭവിച്ച റാഗിങിനെക്കുറിച്ച് ഡോ. അരുൺ മംഗലത്ത് ഇവിടെ എഴുതിയിട്ടുണ്ട്. ഇപ്പോഴും ഇതൊക്കെത്തന്നെ നടക്കുന്നുണ്ടെങ്കിൽ ശക്തമായ രീതിയിൽ പ്രതികരിക്കേണ്ടതാണ്. നേരിട്ട് ചെന്ന് കംപ്ലൈൻ്റ് കൊടുക്കാൻ പേടിയുണ്ടെങ്കിൽ, കഴിയാവുന്നിടത്തോളം തെളിവുകൾ ശേഖരിക്കുകയും (സീനിയറുടെ റെക്കോർഡ് എഴുതുന്നതിൻ്റെ വീഡിയോ, വികൃതമായ തമാശകൾ അഭിനയിപ്പിച്ചു കാണിക്കാൻ ആവശ്യപ്പെടുന്നതിൻ്റെ വീഡിയോ, പ്രേമലേഖനം ആവശ്യപ്പെട്ടതനുസരിച്ച് എഴുതിയതിൻ്റെ കോപ്പി, ഫോണിൽ മെസേജുകൾ അയച്ചതിൻ്റെ സ്ക്രീൻഷോട്ട് എന്നിവ) ഇവ പ്രിൻസിപ്പാളിൻ്റെ ഈ-മെയിൽ വിലാസത്തിലേക്ക് അയച്ചു കൊടുക്കുകയും ചെയ്യുക. ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞ് റാഗ് ചെയ്ത പ്രസ്തുത വ്യക്തിക്കും അയച്ചുകൊടുക്കാവുന്നതാണ്, അവർക്ക് പിന്നീടെങ്കിലും അസ്വസ്ഥത തോന്നട്ടെ. ജൂനിയർ വിദ്യാർത്ഥികളുടെ പരാതി കിട്ടിയതിനാൽ, ചില സീനിയർമാരെ പരീക്ഷ എഴുതുന്നതിൽ നിന്നും വിലക്കുകയും, പിന്നീട് സസ്പെൻഷൻ ഒഴിവാക്കാൻ അവരുടെ മാതാപിതാക്കൾ വന്ന് പ്രിൻസിപ്പാളിനോട് മാപ്പ് പറയേണ്ടിയും വന്നിട്ടുണ്ട്. തെളിവുകളില്ലെങ്കിലും, ഉപദ്രവിച്ചവരുടെ പേരറിയില്ലെങ്കിലും കംപ്ലൈൻ്റ് കൊടുക്കുന്നതിൽ യാതൊരു തടസ്സവുമില്ല. പരീക്ഷ പാസാവണമെങ്കിൽ സീനിയേഴ്സിൻ്റെ സഹായം വേണമെന്നൊക്കെ പറയുന്നത് വെറുതെയാണ്. സ്വയം പഠിച്ച് മനസിലാക്കാവുന്നത് മാത്രമേ പരീക്ഷയ്ക്ക് ചോദിക്കുകയുള്ളൂ. സീനിയേഴ്സ് സഹായിക്കാൻ സാധ്യതയില്ലാത്ത ഡേ സ്കോളർമാർ ആണ് പൊതുവിൽ പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങി കണ്ടിട്ടുള്ളതും. പൊതുവേ തങ്ങളുടെ കഴിവിൽ വിശ്വാസമില്ലാത്തവരും, കയ്യിലിരിപ്പ് കാരണം ആരും ബഹുമാനിക്കാത്തവരും, സാഡിസ്റ്റുകളും, ‘ആളാകാൻ’ നടക്കുന്നവരുമൊക്കെയാണ് റാഗ് ചെയ്യാൻ ഇറങ്ങുന്നത്. കുറച്ചെങ്കിലും റാഗ് ചെയ്തില്ലെങ്കിൽ ജൂനിയേഴ്സ് ബഹുമാനിക്കില്ല എന്നതാണ് നിങ്ങളുടെ പേടി എങ്കിൽ, ഇതുവരെ ആരെയും റാഗ് ചെയ്തിട്ടില്ലെങ്കിലും എനിക്ക് ആവശ്യത്തിലധികം ബഹുമാനം കിട്ടിയിട്ടുണ്ട് എന്നാണ് പറയാനുള്ളത്. നിങ്ങൾ വിളിക്കുമ്പോൾ കൂടെവന്ന് പോസ്റ്റർ ഒട്ടിക്കുകയും, റെക്കോർഡ് എഴുതിത്തരുകയും ചെയ്യുന്നതല്ല യഥാർത്ഥ ബഹുമാനം. പോസ്റ്റർ ഒട്ടിക്കാൻ സൗകര്യമില്ലെങ്കിൽ അത് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാവുന്നിടത്തും, അവനവൻ്റെ റെക്കോർഡ് സ്വയം എഴുതി അത് വൃത്തിയായി ചെയ്യുന്നതെങ്ങനെയാണെന്ന് ജൂനിയേഴ്സിനു പറഞ്ഞുകൊടുക്കുന്നിടത്തുമാണ് പരസ്പര ബഹുമാനവും, സുഹൃദ്ബന്ധവും ഉടലെടുക്കുന്നത്. റാഗിങ്ങിനെക്കുറിച്ച് ഇത്രയൊക്കെ പറയേണ്ടി വന്നതുതന്നെ ഗതികേടുകൊണ്ടാണ്. എത്രയൊക്കെ പറഞ്ഞാലും വീണ്ടും ഒളിഞ്ഞും തെളിഞ്ഞും റാഗിങ് തുടരും എന്ന് വ്യക്തമായി അറിവുള്ളതുകൊണ്ടാണ് ആവർത്തിക്കേണ്ടിവരുന്നത്.
ചില വിദ്യാർത്ഥികൾ റിസേർച്ച് ചെയ്യുന്നത് പിശുക്കിലാണ്. ചിലവ് കുറയ്ക്കാൻ ആട്ടിൻ കാട്ടം പോലത്തെ കളർ പെൻസിലുകൾ വാങ്ങുക, വിലകുറഞ്ഞ പേപ്പറിൽ നോട്ട്സ് എഴുതുക, രണ്ട് രൂപ ലാഭിക്കാൻ വേണ്ടി പത്ത് മിനിറ്റ് നടന്ന് പോയി തട്ടുകടയിൽ ചെന്ന് ചായ കുടിക്കുക, നോട്ട്സ് ബൈൻ്റ് ചെയ്യാതിരിക്കുക, മഷി മറുപുറത്തേക്ക് പടരുന്ന വിലകുറഞ്ഞ പെന്നുകൾ ഉപയോഗിക്കുക, ലിറ്റ്മാൻ വാങ്ങുന്നത് വൈകിക്കാനായി വിലകുറഞ്ഞ സ്റ്റെതസ്കോപ്പ് വാങ്ങുക, ഓഫർ വരുന്ന സിം കാർഡുകൾ മാറ്റി മാറ്റി വാങ്ങി നൂറായിരം ഫോൺ നമ്പറുകൾ കൊണ്ടുനടക്കുക, ടെക്സ്റ്റ് ബുക്കുകൾ വാങ്ങാതെ സഹമുറിയന്മാരുമായി ഷെയർ ചെയ്ത് ഉപയോഗിക്കുക, കോട്ട് അലക്കാൻ കൊടുക്കാൻ മടിയായതുകൊണ്ട് ചെളിപുരണ്ട കോട്ട് ധരിച്ച് പോകുക, ചാർജ് നിക്കാത്ത ഫോൺ കൊണ്ടുനടക്കുക എന്നതൊക്കെ ഉദാഹരണങ്ങളാണ്. അതേസമയം, അനാട്ടമിക്കൽ സ്നഫ് ബോക്സ് വാങ്ങാനും, ബഫി കോട്ട് വാങ്ങാനും ഒക്കെ വീട്ടിൽ നിന്ന് പൈസ വാങ്ങുകയും ചെയ്യും. ബൈക്കിൽ പെട്രോൾ അടിക്കാനും, സനയിൽ പോയി ബിരിയാണി അടിക്കാനുമൊക്കെ എത്ര പൈസ വേണമെങ്കിലും ചെലവാക്കുന്നതിലും ബുദ്ധിമുട്ടില്ല. ഇനി വീട്ടുകാരെ ബുദ്ധിമുട്ടിക്കാതിരിക്കുക എന്ന ന്യായമായ ആവശ്യത്തിനു വേണ്ടി തന്നെയാണ് പിശുക്കുന്നതെങ്കിൽ അല്പം കണക്ക് പറഞ്ഞു തരാം. എത്രയൊക്കെ ശ്രമിച്ചാലും നിങ്ങൾ ദിവസം 25 രൂപയോ മറ്റോ ആയിരിക്കും ലാഭിക്കുന്നത്. ആറു കൊല്ലം എല്ലാ ദിവസവും 25 രൂപ ലാഭിച്ചാലും, ആറ് വർഷങ്ങൾക്കു ശേഷം 25*30*12*6 = 54,000 മാത്രമാണ് ലാഭിക്കുന്നത്. എം.ബി.ബി.എസ് പാസായതിനു ശേഷം വെറും ഒരു മാസം കാഷ്വാലിറ്റി ഡ്യൂട്ടി എടുത്താൽ തന്നെ ഇത്രയും പണം ഉണ്ടാക്കി വീട്ടുകാരെ ഏൽപ്പിക്കാവുന്നതാണ്. ദാരിദ്ര്യം ഒരു മാനസികാവസ്ഥയാണെന്ന് രാഹുൽ ഗാന്ധി പണ്ട് പറഞ്ഞത് മെഡിക്കൽ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ശരിയാണ്. പിശുക്കിനെക്കുറിച്ച് ചിന്തിച്ച് നടക്കുന്നതുകൊണ്ടും, പിശുക്ക് കാരണം ഉണ്ടായി വന്ന തൊല്ലകൾ സോൾവ് ചെയ്യാൻ ഊർജ്ജം ചിലവാക്കുന്നതുകൊണ്ടും, ആവശ്യമുള്ള മറ്റ് കാര്യങ്ങൾ ചിന്തിക്കാനും, പഠിക്കാനുമൊന്നും സമയം ഇല്ലാതെവരും. നിലവാരം കുറഞ്ഞ കളറുകൾ ഉപയോഗിക്കുന്നതുകൊണ്ട് അസൈന്മെൻ്റ് തീർക്കാൻ സമയം അധികം എടുക്കും. നിലവാരമില്ലാത്ത പേപ്പർ ഉപയോഗിക്കുന്നതുകൊണ്ട് യൂണിവേഴ്സിറ്റി പരീക്ഷ ആകുമ്പോഴേക്കും നോട്ട്സ് പത്തിരി പരുവത്തിലായിക്കാണും. നിലവാരമില്ലാത്ത സ്റ്റെതസ്കോപ്പ് ഉപയോഗിക്കുന്നതിനാൽ വൃത്തിയായി ഓസ്കൾട്ടേറ്റ് ചെയ്യാൻ പറ്റാത്തതുകൊണ്ട് ഫൈനൽ ഇയർ ആയാലും മര്യാദയ്ക്ക് ഒരു മർമർ പോലും കേട്ടിട്ടുണ്ടാവില്ല. പിശുക്ക് ഉള്ളതുകൊണ്ടുമാത്രം കാര്യക്ഷമത ഒരുപാട് കുറയുന്നുണ്ട് എന്നത് മനസിലാക്കുക.
ഒന്നാം വർഷത്തിൽ കാണുന്ന മറ്റൊരു പ്രതിഭാസം വേദനിക്കുന്ന കലാകാരന്മാരാണ്. വിദ്യാർത്ഥി ജീവിതത്തിൽ കലയും രാഷ്ട്രീയവുമൊക്കെ എന്തായാലും വേണമെന്നാണ് എൻ്റെ അഭിപ്രായം. പല ഡോക്ടർമാരും അരസികരായി മാറുന്നത് കലയിൽ അഭിരുചി ഇല്ലാത്തതുകൊണ്ടാണെന്ന് തോന്നിയിട്ടുണ്ട്. രാഷ്ട്രീയത്തെക്കുറിച്ച് അടിസ്ഥാന ധാരണ പോലുമില്ലാത്ത ഡോക്ടർമാർ ചെയ്യുന്നത് സാമൂഹ്യദ്രോഹത്തിൽ കുറഞ്ഞതൊന്നുമല്ല. പക്ഷെ ചിലരുടെ നടപ്പ് കണ്ടാൽ തോന്നുക, തൻ്റെ വിധി കലാകാരനാകാനായിരുന്നെങ്കിലും സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം മെഡിസിനു ചേർന്നു എന്ന രീതിയിലാണ്. ഒന്നാം വർഷത്തിൽ ബാത്രൂമിൽ പാടുന്ന ഏതെങ്കിലുമൊരുത്തിയെ ക്ലാസിൻ്റെ വാനമ്പാടിയായി പ്രതിഷ്ഠിക്കും. അടുത്ത ദിവസം മുതൽ എല്ലാ പരിപാടികളിലും പ്രാർഥന/പാട്ട് പാടാനുള്ള ഡ്യൂട്ടി ഇയാളുടെ തലയിലാകും. തൊലിവെളുപ്പുള്ള ആരെയെങ്കിലും മിസ്സ് ബാച്ച് ആയി പ്രഖ്യാപിക്കും. പിന്നെ, പരിപാടികൾക്ക് താലമെടുക്കാനും, അണിഞ്ഞൊരുങ്ങി നടക്കാനുമുള്ള അലിഖിത സമ്മർദ്ദം ഇവർക്ക് വന്നുചേരും. ജാങ്കോ ആയി പേരെടുത്തയാൾ പരീക്ഷ തോൽക്കും എന്ന പൊതുബോധം ഉള്ളതുകൊണ്ട് മാത്രം അയാൾ തോറ്റുപോയേക്കാം (Self-fulfilling prophecy). ക്ലാസിലുള്ള എല്ലാവരും കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് കൊണ്ടുനടക്കുന്നതുകൊണ്ട് മാത്രം ഒരു ജോലിയും ചെയ്യാൻ നിങ്ങൾ നിർബന്ധിതരാകേണ്ടതില്ല. കലാകായിക പ്രവർത്തനങ്ങളിൽ തീരെ പങ്കെടുക്കാതെ, പഠിക്കാനായി മാത്രം കോളേജിൽ വരുന്നവരുണ്ട്. ഇത്തരക്കാർക്ക് ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ മിസ് ആകുന്നുണ്ട് എന്നാണ് തോന്നുന്നത്. നൃത്തം പഠിച്ചിട്ടൊന്നുമില്ലെങ്കിലും വെറുതേ സ്റ്റേജിൽ കയറി ഡാൻസ് ചെയ്യുന്നതൊക്കെ രസമുള്ള കാര്യമാണ്. അതേസമയം, മറ്റ് മുൻഗണനകൾ മാറ്റിവച്ച്, ആഴ്ചയ്ക്കാഴ്ചയ്ക്ക് വരുന്ന പരിപാടികളിൽ മുഴുവനും ഡാൻസ് ചെയ്യേണ്ടുന്ന ബാധ്യതയൊന്നും ഏറ്റെടുക്കേണ്ട കാര്യവുമില്ല. നിങ്ങളുടെ പേഴ്സണാലിറ്റി തീരുമാനിക്കുന്നത് നിങ്ങൾ മാത്രമാണെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ തെറ്റി. നിങ്ങളെക്കുറിച്ചുള്ള ബാച്ച് മേറ്റ്സിൻ്റെ ധാരണ നിങ്ങളുടെ വ്യക്തിത്വത്തെ നിരന്തരം സ്വാധീനിക്കുന്നുണ്ട്. ഒന്നാം വർഷത്തിലെ നിങ്ങളുടെ ചെറിയ ചെറിയ സ്വഭാവ പ്രത്യേകതകൾ ഫൈനൽ ഇയർ ആകുമ്പോഴേക്കും ഊതിപ്പെരുപ്പിക്കുന്നതിൽ പൊതുധാരണകൾ നിങ്ങൾ വിചാരിക്കുന്നതിലധികം പങ്ക് വഹിക്കുന്നുണ്ട്.
അടുത്തതായി എല്ലാ ചില ടീച്ചർമാരും, രക്ഷിതാക്കളും പരിഹസിക്കാനായി സ്ഥിരം ചോദിക്കുന്ന ചില ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും പരിചയപ്പെടാം.
1. എൻട്രൻസിനു വേണ്ടി MCQ കാണാപ്പാഠം പഠിച്ച് വർഷങ്ങൾ റിപ്പീറ്റും ചെയ്ത് വരുന്ന ഒരു ബോധവുമില്ലാത്ത കുട്ടികളാണ് നിങ്ങളൊക്കെ.
ഉത്തരം: MCQ പഠിക്കുന്നതും, റിപ്പീറ്റ് ചെയ്യുന്നതുമൊന്നും ഇഷ്ടമുണ്ടായിട്ടല്ല. ഇതൊക്കെ ചെയ്താലേ എം.ബി.ബി.എസിനു ചേരാൻ പറ്റൂ എന്നതുകൊണ്ടാണ്. MCQ പഠിച്ചു വരുന്ന കുട്ടികളെ ഇഷ്ടമില്ലെങ്കിൽ എൻട്രൻസ് പരീക്ഷാ സിസ്റ്റം മാറ്റുകയാണ് ചെയ്യേണ്ടത്, അതിലൂടെ വന്ന വിദ്യാർത്ഥികളെ പരിഹസിക്കുകയല്ല.
2. ഒന്നാം വർഷ വിദ്യാർത്ഥിയായിരിക്കെ യൂറോപ്പിലെ ഏതോ ഒരാൾ വൈദ്യശാസ്ത്രത്തിൽ പുതിയ കണ്ടുപിടുത്തങ്ങൾ നടത്തിയിരുന്നു. ഉഴപ്പന്മാരായ നിങ്ങളൊക്കെ ഒരിക്കലും എന്തെങ്കിലും കണ്ടുപിടിക്കുമെന്ന് തോന്നുന്നതേയില്ല.
ഉത്തരം: 1800-കളിൽ പകുതിയിലധികം പേർക്ക് എഴുത്തും വായനയും പോലും അറിയാത്ത കാലത്ത്, വൈദ്യം പഠിക്കുക എന്നതുതന്നെ വലിയ കാര്യമായിരുന്നു. അന്ന് കാര്യമായി ഒന്നും കണ്ടുപിടിച്ചിട്ടില്ലാത്തതുകൊണ്ട് എന്ത് കണ്ടുപിടിച്ചാലും അത് പുതിയ കണ്ടുപിടുത്തമായി മാറുമായിരുന്നു. ഇന്ന് കണ്ടുപിടുത്തങ്ങൾ നടത്താൻ വേണ്ടി മില്യൺ യൂറോകളൊക്കെ ചിലവാക്കി, പത്ത് മുപ്പത് പേരുള്ള റിസേർച്ച് ഗ്രൂപ്പ് വർഷങ്ങളോളം ജോലി ചെയ്താലേ ഒന്നാം വർഷ ടെക്സ്റ്റ്ബുക്കുകളിൽ ചേർക്കാനാവുന്ന ground breaking കണ്ടുപിടുത്തങ്ങൾ നടത്താൻ പറ്റുകയുള്ളൂ.
3. ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മോശം ബാച്ച് നിങ്ങളാണ്.
ഉത്തരം: വർഷാവർഷം എല്ലാ ബാച്ചുകളോടും ഇത് തന്നെയാണ് പറയാറുള്ളത്. നിങ്ങളുടെ താഴെ വരുന്ന എല്ലാ ബാച്ചുകളും നിങ്ങളെക്കാൽ മോശമായിരിക്കും എന്ന് വിചാരിച്ച് സമാധാനിക്കുക.
അവസാനമായി, ഒരിക്കലും നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ട മനോഭാവമാണ് ജിജ്ഞാസ (curiosity). പുതിയതായി എന്ത് കാണുമ്പോഴും അത് എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് ചിന്തിച്ചു നോക്കുക. ന്യൂട്രോഫില്ലിന്റെ തെളിഞ്ഞ ന്യൂക്ലിയസും, സ്റ്റെതസ്കോപ്പ് വയ്ക്കുമ്പോൾ കേൾക്കുന്ന ഹൃദയമിടിപ്പും, മൈക്രോസ്കോപ്പിൽ തെളിയുന്ന ഇയോസിൻ-ഹെമറ്റോക്സിലിൻ ചിത്രങ്ങളുമൊക്കെ കൊച്ചുകൊച്ചു അദ്ഭുതങ്ങളാണ്. എല്ലാവർക്കും പഠിക്കാൻ അവസരം കിട്ടുന്ന കോഴ്സ് അല്ല മെഡിസിൻ. അതുകൊണ്ട് നിങ്ങൾക്ക് കിട്ടിയ ഈ അവസരം പരമാവധി മുതലെടുക്കുക. ലക്ഷ്യബോധവും, സഹാനുഭൂതിയും, ജിജ്ഞാസയും, ശാസ്ത്രീയ മനോവൃത്തിയും ഉള്ളവരായി മാറുക. കോളേജ് ജീവിതം ആസ്വദിക്കുക. ആശംസകൾ.
ഈ സീരീസിലുള്ള മറ്റ് പോസ്റ്റുകൾ:
1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?
2. ഏത് വിഷയത്തിൽ പി.ജി എടുക്കണം?
എല്ലാ അഭിപ്രായങ്ങളും വ്യക്തിപരമാണ്. മുകളിൽ പറഞ്ഞിരിക്കുന്ന സ്വഭാവ പ്രത്യേകതകൾ എല്ലാവരുടെ കാര്യത്തിലും ശരിയാകണമെന്നില്ല. ഞാൻ പ്രതിപാദിച്ചിരിക്കുന്ന പരിഹാരങ്ങൾ എല്ലാവർക്കും ബാധകമാകണമെന്നുമില്ല. അനുഭവത്തിൻ്റെ വെളിച്ചത്തിൽ എഴുതിയ നിഗമനങ്ങളാണിവ.
എം ബി ബി എസ് ഒന്നാം വർഷം എന്താണ് നടക്കുന്നതെന്ന് വ്യക്തമാക്കിയത്തിന് നന്ദി.
ഇവിടെ വന്നതിനും, വായിച്ചതിനും, പ്രോത്സാഹിപ്പിച്ചതിനും നന്ദി.
അടിപൊളി.ഏതെങ്കിലും ഡോക്ടര്മാര് ഇത് വായിക്കുമോ ആവോ??????
ഒന്നാം വർഷം ചേരാൻ പോകുന്നവരെ ഉദ്ദേശിച്ചാണ് എഴുതിയിട്ടുള്ളത്. ഡോക്ടർമാർക്ക് കതിരിൽ വളം വച്ചിട്ട് കാര്യമില്ല 🙂
[…] 3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക… […]