ജോലിയുടെ ഭാഗമായി എഞ്ചിനിയർമാരുമായി സഹകരിക്കേണ്ടിവരും എന്ന് ജോലിക്ക് ചേർന്ന അന്ന് തന്നെ പ്രൊഫസർ പറഞ്ഞു തന്നിരുന്നു. കൂടെയുള്ള മറ്റ് ഡോക്ടർമാരുമായി ഇടപെട്ട് തുടങ്ങിയപ്പോൾ അവരുടെ സംസാരത്തിൽ നിന്നും, എഞ്ചിനിയറുമായുള്ള സഹകരണം അത്ര എളുപ്പമുള്ള പണിയല്ല എന്ന് മനസിലാക്കി. കൂടാതെ, വീട്ടിൽ തന്നെ സഹകരിക്കാൻ മുട്ടി നിൽകുന്ന ഒരു എഞ്ചിനിയർ ഉള്ളപ്പോൾ പുറത്തു നിന്നും ആരെയും എടുക്കുന്നില്ല എന്ന് തീരുമാനിച്ചു. എൻ്റെ റിസേർച്ച് പ്രൊജക്റ്റിന് ആവശ്യമുള്ള കമ്പ്യൂട്ടിങ് ജോലികൾ ചെയ്ത് തന്നത് വീട്ടിലെ എഞ്ചിനിയറാണ്. ഈ സഹായത്തിനു പകരമായി ഞാൻ ബിരിയാണി ഉണ്ടാക്കിക്കൊടുക്കും. അല്പമൊക്കെ കോഡിങ് പഠിച്ചതിൽപ്പിന്നെ ഇപ്പോൾ ആവശ്യമുള്ള സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് ഒക്കെ സ്വയമാണ് ചെയ്യുന്നത്.
ഒരാൾ ചെയ്യുന്ന ജോലി അയാളുടെ ചിന്താരീതിയെ സ്വാധീനിക്കുന്നുണ്ടെന്ന് തോന്നിയിട്ടുണ്ട്. കമ്പ്യൂട്ടിങ്ങുകാർക്ക് ഡേറ്റ അടുക്കിപ്പെറുക്കി വയ്ക്കുന്നതിലും, മെറ്റാ-ലെവൽ സൊലൂഷനുകൾ ഉണ്ടാക്കുന്നതിലും ആസക്തിയുണ്ടെന്ന് തോന്നിയിട്ടുണ്ട്. ഡോക്ടർമാർക്ക് മെറ്റാ-തിയറികൾ ഇല്ല. ഇവിടെ ചികിത്സ തീരുമാനിക്കുന്നത് രോഗികളുടെയും, രോഗത്തിൻ്റെയും പ്രത്യേകതകളെയും, അവരുടെ സാമൂഹ്യസാഹചര്യങ്ങളെയും അടിസ്ഥാനമാക്കിയാണ്. ഒരേ രോഗമുള്ള രണ്ട് വ്യക്തികൾക്ക് ചിലപ്പോൾ രണ്ട് രീതിയിലാകാം ചികിത്സ. ടെക്നിക്കൽ മേഖലകളിൽ നിന്നും വരുന്നവർക്ക് ഡോക്ടർമാരുടെ ചിന്താരീതി മനസിലാകണമെന്നില്ല, തിരിച്ചും. ടെക്നിക്കൽ മേഖലയിലുള്ളവർ മെഡിക്കൽ സയൻസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രസക്തമായ വിഷയങ്ങളാണ് ഈ പോസ്റ്റിൽ പ്രതിപാദിച്ചിരിക്കുന്നത്. പതിവുപോലെ, ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ കൂടി ഒരു ഒഴുക്കിൽ എഴുതിവച്ചിട്ടുണ്ട്, ക്ഷമിക്കുക.
ഒരു ഫ്ലോചാർട്ട് നോക്കി കണ്ടുപിടിക്കുന്ന തരത്തിലുള്ളതല്ല പ്രക്രിയയല്ല രോഗനിർണ്ണയം. എന്നാൽ രോഗിയുടെ ലക്ഷണങ്ങൾ ഏതാണ്ടൊക്കെ കൃത്യമായി മനസിലാക്കാൻ കഴിഞ്ഞാൽ പിന്നെ, സംശയിക്കുന്ന നാലോ അഞ്ചോ രോഗങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി, അതിൽ നിന്നും ഓരോന്നും തള്ളിക്കളയാനുള്ള ടെസ്റ്റുകൾ ചെയ്യുകയുമാവാം. രോഗലക്ഷണങ്ങൾ മനസിലാക്കുന്നതും ബുദ്ധിമുട്ടുള്ള പ്രക്രിയയാണ്. താൻ എന്ത് പ്രശ്നമാണ് അനുഭവിക്കുന്നത് എന്ന് രോഗിക്ക് ഡോക്ടറോട് കൃത്യമായി പറഞ്ഞുതരാൻ തക്കവണ്ണം ഉള്ള യൂണിവേഴ്സൽ ടെർമിനോളജി ഇല്ല. എല്ലാ രോഗികളും ടെക്സ്റ്റ്ബുക്കുകളിൽ കൊടുത്തിരിക്കുന്ന രോഗലക്ഷണങ്ങൾ കൃത്യമായി പറഞ്ഞു തരണം എന്നാണ് എല്ലാ ഡോക്ടർമാരുടെയും ആഗ്രഹമെങ്കിലും അത് പലപ്പോഴും നടക്കാറില്ല. GERD എന്നൊരു അവസ്ഥയുണ്ട്. ഇതുള്ള രോഗികൾ പറയുന്ന പ്രധാന രോഗലക്ഷണങ്ങൾ നെഞ്ചുവേദന, നെഞ്ചിൽ പിരുപിരുപ്പ്, നെഞ്ചിൽ കാളിച്ച, വായിൽ പുളിപ്പ്, വയറ്റിൽ തുള്ളിക്കളിക്കൽ, ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട്, തൊണ്ടയിൽ മുഴ പോലെ തോന്നുന്നു, എടക്കനെ ചുമ, വായിലേക്ക് വരുന്ന ഛർദ്ദി, ഓക്കാനവും കയിപ്പും എന്നിങ്ങനെ നൂറുകണക്കിന് വ്യത്യസ്ഥമായ കാര്യങ്ങളായിരിക്കും. ഇതെല്ലാം കേട്ട് ഒരു ഡിറ്റക്റ്റീവിനെപ്പോലെ ചില ലക്ഷണങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ചോദിച്ചും, ഏത് സാഹചര്യങ്ങൾ മാറ്റിയപ്പോഴാണ് അസുഖം കൂടാനോ കുറയാനോ തുടങ്ങിയത് എന്ന് അന്വേഷിച്ചും, ഒരു സാധാരണ ദിവസം ചെയ്യുന്ന കാര്യങ്ങളെന്തൊക്കെയാണെന്ന് മനസിലാക്കിയും, ശരീരപരിശോധന ചെയ്തും ഒക്കെയാണ് സാധ്യതയുള്ള മൂന്നോ നാലോ ഡയഗ്നോസിസുകളിലേക്ക് ചുരുക്കുന്നത്. അസുഖങ്ങൾ ഫ്ലോചാർട്ട് ഉപയോഗിച്ച് കണ്ടുപിടിക്കാനാവുമായിരുന്നെങ്കിൽ ഈ ജോലി എത്ര ബോറിങ് ആകുമായിരുന്നെന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഒരു ഡിറ്റക്റ്റീവിൻ്റെ ജോലി പോലെ സംഭവബഹുലമായതുകൊണ്ടും, ഓരോ രോഗിയും വ്യത്യസ്തരായതുകൊണ്ടുമാണ് പല ഡോക്ടർമാർക്കും ജോലി ഒരിക്കലും മടുക്കാത്തതെന്നും തോന്നിയിട്ടുണ്ട്.
രോഗലക്ഷണങ്ങൾ പലപ്പോഴും സാമാന്യയുക്തിക്ക് നിരക്കുന്ന ഡയഗ്നോസിസുകൾ തരണമെന്നില്ല. തലകറക്കമുള്ള രോഗിയുടെ യഥാർത്ഥ പ്രശ്നം തലയിലല്ല, ചെവിയുടെ ഉള്ളിലായിരിക്കാം. ഭ്രാന്തിൻ്റെ ലക്ഷണങ്ങൾ കാണിക്കുന്നയാൾക്ക് തൈറോയിഡിനായിരിക്കാം തകരാറ്. തോൾവേദന ലിവറിലുള്ള തകരാറു മൂലമായിരിക്കാം. വെറുമൊരു തോൾവേദനയുമായി ചെന്ന എന്നെ ബില്ല് കൂടുതൽ അടപ്പിയ്കാൻ വേണ്ടി അഡ്മിറ്റ് ചെയ്തു എന്ന് കുടുംബക്കാർ പറയുമ്പോൾ, ആ ചർച്ച ഡോക്ടർമാരുടെ പണക്കൊതിയെക്കുറിച്ചുള്ള സൈദ്ധാന്തീകരണത്തിലേക്ക് തെന്നിനീങ്ങി പോകുന്നതു കാണുമ്പോൾ കഷ്ടം തോന്നാറുണ്ട്. അതുപോലെ, ഡോക്ടർ ഇഞ്ചക്ഷൻ എടുത്തതിനു ശേഷം വെള്ളപ്പാണ്ട് വന്നു, ഡോക്ടർ മരുന്ന് മാറി തന്നതിനു ശേഷം കാഴ്ച കുറഞ്ഞു, സിസേറിയന് അനസ്തേഷ്യ എടുത്തതിനു ശേഷം നടുവേദന വന്നു എന്നീ ആരോപണങ്ങൾ സാധാരണമാണ്. ഇത്തരക്കാരോട് പറയാനുള്ളത്, നിങ്ങളുടെ ആരോഗ്യം ഡോക്ടറുടെ അനാസ്ഥ മൂലമാണ് നഷ്ടപ്പെട്ടതെന്ന് അറിയാമെങ്കിൽ ആശുപത്രിക്കെതിരെ കേസുകൊടുത്ത് നഷ്ടപരിഹാരം വാങ്ങണം എന്നാണ്. ഇത്തരക്കാരോട് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചാൽ, കൃത്യസമയത്ത് ചികിത്സ എടുക്കാത്തതോ, സ്ത്രീകളിൽ സാധാരണമായ നടുവേദന ഓപ്പറേഷനു ശേഷം ശ്രദ്ധയിൽ പെട്ടതോ, വ്യാജവൈദ്യന്മാരെ കാണിച്ച് എല്ലാ സങ്കീർണ്ണതകളും വരുത്തി വച്ചതിനു ശേഷം ഡോക്ടറെ സമീപിച്ചതോ ഒക്കെയായിരിക്കാം യഥാർത്ഥ കാരണം. അതേപോലെ, നിങ്ങളുടെ ക്ലിനിക്കിലേക്ക്, മറ്റൊരു ഡോക്ടറുടെ അനാസ്ഥയുടെ കദനകഥയുമായി വരുന്നയാളെ, ‘ഇതൊക്കെ എത്ര കേട്ടതാ’ എന്ന ലൈനിൽ തള്ളിക്കളയാതെ, പ്രശ്നത്തിൻ്റെ നിജസ്ഥിതി ചോദിച്ചു മനസിലാക്കുകയും, ഡോക്ടറുടെ കൈപ്പിഴയല്ലെങ്കിൽ അത് എങ്ങനെ സംഭവിച്ചു എന്ന് വ്യക്തമാക്കിക്കൊടുക്കുകയും വേണം. രോഗികളെ വ്യാജവൈദ്യന്മാരുടെ അടുത്തെത്തിക്കുന്നതിൽ ഈ ‘ഡോക്ടറുടെ കൈപ്പിഴ’ എന്ന കിംവദന്തി വലിയ പങ്ക് വഹിക്കുന്നുണ്ട്. ഡോക്ടർക്ക് കൈപ്പിഴ സംഭവിച്ചു എന്ന് എങ്ങനെയെങ്കിലും വരുത്തിത്തീർക്കാൻ പൊതുജനത്തിന് ഉത്സാഹം അല്പം കൂടുതലാണെന്നും തോന്നിയിട്ടുണ്ട്. സത്യാവസ്ഥ മനസിലാകാൻ നേരത്തെ പറഞ്ഞതു പോലെ വിശദാംശങ്ങൾ ചോദിക്കുകയും, ഡോക്ടറുടെ അനാസ്ഥയാണെന്നത് സ്ഥിതീകരിച്ചത് ആരാണെന്ന് അവരോട് അന്വേഷിക്കുകയും, നിയമനടപടികൾ എടുക്കാത്തതിൻ്റെ കാരണം തിരക്കുകയും ചെയ്യുക.
മെഡിസിൻ പഠിച്ചതുകൊണ്ട് മറ്റ് മേഖലയിൽ നിന്നുള്ളവരിൽ നിന്നും വ്യത്യസ്തമായ ചില ഉൾക്കാഴ്ചകൾ ഉണ്ടാകുമെന്ന് തോന്നിയിട്ടുണ്ട്. സിനിമയിൽ തെറ്റായ രീതിയിൽ സി.പി.ആർ കൊടുത്തിട്ടും നായികയെ രക്ഷപെടുത്തുന്നതും, വയറ്റിൽ കുത്തിയ കത്തി സാഹസികമായി സ്വയം വലിച്ചൂരുന്നതും ഒക്കെ കാണുമ്പോൾ ആവേശത്തിലുപരി സിനിമാക്കാർക്ക് യാഥാർത്ഥ്യബോധമില്ലാത്തതിൻ്റെ നിരാശയാണ് തോന്നാറ്. ഒരിക്കൽ നവജാതശിശുവിന് പള്ളിയിൽ അഞ്ച് ബാങ്ക് കൊടുക്കുന്നതുവരെ പാല് നിഷേധിച്ച കുടുംബത്തിൻ്റെ വാർത്ത കൂട്ടുകാരുടെ കൂടെ ടി.വിയിൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ചുറ്റുമിരിക്കുന്നവർക്ക് ‘കഷ്ടം’ എന്ന രീതിയിലുള്ള വികാരമേ ഉള്ളൂ. നവജാത ശിശുവിന് പാല് കൊടുക്കാതിരുന്നാൽ ഹൈപ്പോഗ്ലൈസീമിയ വന്ന് ഉടൻ മരണം സംഭവിക്കാം എന്നത് കൂട്ടത്തിൽ എൻ്റെ തലയിൽ മാത്രമേ ഓടുന്നുള്ളൂ. അപസ്മാരം വന്ന് മരിച്ചു എന്നോ, പൊള്ളലേറ്റ് മരിച്ചു എന്നോ പറയുമ്പോൾ അതിൻ്റെ ഭീകരത മറ്റുള്ളവരേക്കാൾ കൂടുതൽ ഡോക്ടർക്ക് ഉൾക്കൊള്ളാൻ സാധിക്കും. വയറിളക്കം ബാധിച്ച് മരിച്ച ആദിവാസി ശിശുവിൻ്റെ യഥാർത്ഥ മരണകാരണം പോഷകാഹാരക്കുറവാണെന്ന് മനസിലാക്കാൻ ചിന്തിക്കേണ്ട ആവശ്യമില്ല. ഇതുപോലെ പല അവസരങ്ങളിലും ഒരു ഡോക്ടറായതിൻ്റെ അനുഭവങ്ങൾ കൈമുതലായിട്ടുള്ളതുകൊണ്ട് പ്രായോഗികജ്ഞാനവും, അവസരോചിതമായി ഇടപെടാനുള്ള കഴിവും ഉണ്ടാകുമെന്ന് തോന്നിയിട്ടുണ്ട്. ഓരോ പ്രാവശ്യവും ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ തല്ലി എന്നു കേൾക്കുമ്പോഴും, അവസരോചിതമായ ഇടപെടൽ മൂലം തല്ല് ഒഴിവാക്കിയ മറ്റ് നൂറ് ഡോക്ടർമാർ ഉണ്ടാകും എന്നോർക്കണം. നാലു മാസമായി വായയ്ക്ക് കയിപ്പ് ഉണ്ട് എന്നു പറഞ്ഞ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ വന്ന അമ്മൂമ്മയെ എമർജൻസി കേസല്ലാത്തതുകൊണ്ട് ലോക്കൽ ഒ.പിയിലേക്ക് പറഞ്ഞു വിട്ടതിന് കൂടെവന്ന മകൻ എന്നെ തല്ലിയില്ലന്നേ ഉള്ളൂ. സെക്യൂരിറ്റിയെ ഇടപെടുത്തിയാണ് അന്നയാളെ പുറത്താക്കിയത്. രാത്രി ഒരുമണി-രണ്ടുമണി സമയത്ത് കയ്യിലെ ചുണങ്ങും, കാലിലെ ചൊറിയും ഒക്കെ അത്യാഹിത വിഭാഗത്തിൽ കാണിക്കാൻ വരുന്നയാൾ ഏതോ രോഗിയുടെ കൂട്ടിരിപ്പുകാരനാണെന്ന് അറിയാൻ സവിശേഷ ബുദ്ധിയൊന്നും വേണ്ട.
അടുത്ത ചോദ്യം: രോഗങ്ങൾക്ക് വേണ്ടി ലാബ് പരിശോധനകൾ ചെയ്ത് ഉറപ്പാക്കിയിട്ട് പോരേ മരുന്നെഴുതൽ? ഉദാഹരണത്തിന്, വിളർച്ച ഉണ്ട് എന്ന് സംശയിക്കുന്ന പതിനാറു വയസ്സുകാരിക്ക് ഹീമോഗ്ലോബിൻ ടെസ്റ്റ് ചെയ്യാതെ തന്നെ അയേൺ ഗുളിക കൊടുത്തതെന്തിനാണ്? പലപ്പോഴും ലാബ് പരിശോധന നടത്തി സ്ഥിതീകരിച്ചാലേ ചികിത്സ നിർണ്ണയിക്കാനാവൂ എങ്കിലും ചിലപ്പോൾ അതിൻ്റെ ആവശ്യമുണ്ടായിരിക്കില്ല. ടീനേജ് പെൺകുട്ടികളിൽ അയേൺ കുറവുമൂലമുള്ള വിളർച്ച അതിസാധാരണമാണ്. കൺപോളകളിൽ നോക്കി അയേൺ കുറവാണെന്ന് മനസിലാക്കിയാൽ അയേൺ ഗുളികകൾ തുടങ്ങാവുന്നതാണ്. ഇവരിൽ ടെസ്റ്റുകൾ നടത്തിയാലും ഭൂരിഭാഗം പേർക്കും ഹീമോഗ്ലോബിൻ കുറവ് തന്നെയായിരിക്കും. ചുരുക്കം പേരിൽ ഹീമോഗ്ലോബിൻ നോർമ്മൽ ആണെങ്കിൽ തന്നെയും അയേൺ കഴിച്ചാൽ ആരോഗ്യത്തിന് നല്ലതുതന്നെയാണ്. പല രോഗങ്ങൾക്കും ലാബ് ടെസ്റ്റുകൾ ചിലവേറിയതാണ്. വിറ്റാമിൻ ഡിയുടെ കുറവ് സംശയിക്കുന്നുണ്ടെങ്കിൽ രക്തത്തിൽ ഇതിൻ്റെ അളവ് രക്തത്തിൽ പരിശോധിക്കുന്നതിലും ചിലവ് കുറവ് വിറ്റാമിൻ ഗുളികകൾ ഒരു മാസം കഴിച്ചിട്ട് രോഗാവസ്ഥയ്ക്ക് വ്യത്യാസമുണ്ടോ എന്ന് നോക്കുന്നതാണ്. നേരത്തേ പറഞ്ഞതുപോലെ അല്പം വിറ്റാമിൻ അധികം കഴിച്ചതുകൊണ്ട് ശരീരത്തിൽ പ്രശ്നമൊന്നുമുണ്ടാവുന്നില്ല. ത്വക്ക് രോഗങ്ങൾക്ക് പലതിനും ലാബ് പരിശോധനകൾ ആവശ്യമില്ലാതെതന്നെ രോഗനിർണ്ണയം നടത്താൻ കഴിയുന്നതുകൊണ്ട് പലപ്പോഴും ലാബ് പരിശോധനകൾ വേണ്ടിവരില്ല. ലാബ് ടെസ്റ്റ് ചെയ്യാത്തതുകൊണ്ട് മാത്രം ഡോക്ടർ പറഞ്ഞ രോഗം തെറ്റാകണമെന്നില്ല എന്ന് സാരം.
അടുത്ത ചോദ്യം: ഒരേ രോഗലക്ഷണങ്ങൾ ഉള്ള പലർക്ക് പലതരം ചികിത്സ നിർദ്ദേശിക്കുന്നത് എന്തുകൊണ്ടാണ്? കൂടെക്കൂടെ മൂത്രമൊഴിക്കാൻ തോന്നുന്നു എന്ന് നാല് പ്രസവം കഴിഞ്ഞ സ്ത്രീ പറഞ്ഞാൽ മൂത്രത്തിൽ പഴുപ്പോ, മൂത്രസഞ്ചി താഴ്ന്നതോ ഒക്കെയാകാം കാരണം. ഇതേ രോഗലക്ഷണം എഴുപത് വയസ്സുള്ള പുരുഷൻ പറഞ്ഞാൽ പ്രോസ്ട്രേറ്റ് ക്യാൻസർ സംശയിക്കണം. ഒച്ചയടപ്പ് സ്കൂൾ കുട്ടിയ്ക്കാണ് വരുന്നതെങ്കിൽ ഒരു പക്ഷെ ജലദോഷമായിക്കാമെങ്കിലും പ്രായം ചെന്ന വ്യക്തിയിൽ വന്നാൽ തൊണ്ടയിലെ ക്യാൻസർ സംശയിക്കണം. ആരോഗ്യവാനായ യുവാവ് പനി ചികിത്സയ്ക്ക് വന്നാൽ വൈറൽ പനിയാണെന്ന് അനുമാനിച്ച് പാരസറ്റമോളും, വിശ്രമവുമാണ് നിർദ്ദേശിക്കുക. എന്നാൽ ഇതേ വ്യക്തിയുടെ സഹോദരന് ഹെപ്പറ്റൈറ്റിസ് എ സ്ഥിതീകരിച്ചിട്ടുണ്ടെങ്കിൽ ഹെപ്പറ്റൈറ്റിസ് തന്നെ ആയിരിക്കും ആദ്യം സംശയിക്കുക. അതേസമയം, രക്താർബുദത്തിനു ചികിത്സ എടുത്തുകൊണ്ടിരിക്കുന്ന കുട്ടിയ്ക്കാണ് പനി എങ്കിൽ അഡ്മിറ്റ് ചെയ്ത് ആൻ്റിബയോട്ടിക് ചികിത്സ നൽകേണ്ടി വരും. പനിയോടൊപ്പം വെളിച്ചത്തേക്ക് നോക്കാൻ ബുദ്ധിമുട്ടും, തല കുനിക്കുമ്പോൾ വേദനയും ഉണ്ടെങ്കിൽ മെനിഞ്ചൈറ്റിസ് ആയിരിക്കും സംശയിക്കുക. രോഗി താമസിക്കുന്ന പ്രദേശത്ത് കാണപ്പെടാത്ത യെല്ലോ ഫീവർ, എബോള തുടങ്ങിയ രോഗങ്ങൾ തീരെ സംശയിക്കില്ല. നിപാ വൈറസ് രോഗം തീരെ കേട്ടുകേഴ്വിയില്ലാഞ്ഞിട്ടും, അസാധാരണമായി പനി ബാധിതരുടെ ആരോഗ്യം ക്ഷയിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് കൂടുതൽ അന്വേഷണം ഉണ്ടായതും, നിപാ വൈറൽ രോഗം സ്ഥിതീകരിക്കുന്നതും. രണ്ടാമത്തെ നിപാ കേസ് വന്നപ്പോൾ തന്നെ പനിയുടെ അസാധാരണത്വം മനസിലാക്കി രോഗനിർണ്ണയം നടത്തിയ ഡോക്ടർമാർ അഭിനന്ദനം അർഹിക്കുന്നുണ്ട്. ചില രോഗങ്ങൾ രോഗി കയറിവരുമ്പോൾ തന്നെ മനസിലാകാറുണ്ട്. അടിവയറ്റിൽ കൈവച്ച് സ്വല്പം മുന്നോട്ടാഞ്ഞ് വേദനകൊണ്ട് പുളഞ്ഞ്, മറ്റൊരാളുടെ സഹായത്തോടെ എമർജൻസി മെഡിസിൻ വിഭാഗത്തിലേക്ക് പയ്യെ നടന്നു വരുന്ന ആൾക്ക് മൂത്രത്തിൽ കല്ലാണെന്നാണ് ആദ്യം സംശയിക്കുക. പനിയും തലവേദനയുമായി വരുന്ന രോഗി ഡോക്ടറുടെ റൂമിലേക്ക് നേരെ നടന്നു കയറുകയാണെങ്കിൽ സാധാരണ രോഗങ്ങളേ സംശയിക്കുകയുള്ളൂ. എന്നാൽ ഇതേ ആളെ കിടത്തി കൊണ്ടുവരികയാണെങ്കിൽ കൂടുതൽ മാരകമായ രോഗങ്ങൾ സംശയിക്കും.
മുകളിലുള്ള കാരണങ്ങൾ കൊണ്ടുതന്നെ വീട്ടിനടുത്തുള്ള ആശുപത്രിയിൽ രോഗം ചികിത്സിക്കുന്നതാണ് ഏറ്റവും നല്ലത്. നിങ്ങളുടെ സംസാരരീതിയും, ജീവിതസാഹചര്യങ്ങളും, സംസ്കാരവും, ചുറ്റുവട്ടത്ത് കൂടുതലായി കാണുന്ന രോഗങ്ങളുമൊക്കെ ഏറ്റവും വിശദമായി അറിയുന്നത് പരിസരത്ത് തന്നെ ജോലി ചെയ്യുന്ന ഡോക്ടർക്കാണ്. ഇവർക്ക് രോഗം മനസിലാകാത്ത പക്ഷമോ, രോഗം ചികിത്സിക്കാൻ സൗകര്യമില്ലാത്ത പക്ഷമോ മാത്രമേ കൂടുതൽ സൗകര്യങ്ങളുള്ള മറ്റ് ആശുപത്രികളിലേക്ക് രോഗിയെ കൊണ്ടുപോകേണ്ടതുള്ളൂ. എത്രയോ ഡോക്ടർമാരെ കാണിച്ചിട്ടും, അപൂർവ്വ രോഗം എന്താണെന്ന് കണ്ടുപിടിക്കാത്തതുകൊണ്ട് അമേരിക്കയിലേക്ക് രോഗിയെ കൊണ്ടുപോകുകയാണ് എന്നൊക്കെ സിനിമകളിൽ കാണിക്കുന്നത് വെറും കോമഡിയാണ്. പ്രാദേശികമായി കണ്ടുപിടിക്കാൻ കഴിയാത്ത അസുഖം അമേരിക്കയിലെത്തിച്ചാലും കണ്ടുപിടിക്കാൻ കഴിയില്ല എന്നതാണ് വാസ്തവം. രോഗം എന്താണെന്നറിയാത്ത പക്ഷം, പകരുന്ന രോഗമാണോ എന്നതിൽ സംശയമുള്ളതുകൊണ്ട് വിദേശത്ത് പോകാൻ മെഡിക്കൽ വിസ കിട്ടുകയുമില്ല. എന്നാൽ, ഫലപ്രദമായ മരുന്നില്ലാത്ത അസുഖങ്ങൾക്ക് മരുന്ന് കണ്ടുപിടിക്കുന്നതിനായി അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഡ്രഗ് ട്രയലുകൾ നടക്കുന്നുണ്ട്. പരീക്ഷണഘട്ടത്തിലുള്ള പുതിയ മരുന്നുകൾ ഉപയോഗിച്ച് ചികിത്സ നൽകുകയും, മരുന്നിൻ്റെ പ്രവർത്തനത്തെക്കുറിച്ച് ഗവേഷണം നടത്തുകയും ചെയ്യുന്ന രീതിയാണിത്. ഇത്തരം ചികിത്സ ചെയ്താലും രോഗം മാറണമെന്ന് ഉറപ്പൊന്നുമില്ല. ഇത്തരം ഡ്രഗ് ട്രയലുകൾ നടത്തുന്നത് വിദേശ ഗവണ്മെൻ്റുകൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പുതിയ മരുന്നുകൾ കണ്ടുപിടിക്കുന്നത് ശാസ്ത്രത്തിൻ്റെ പുരോഗതിയ്ക്ക് നിർണ്ണായകമാണ്. എന്നാൽ കേരളത്തിൽ ഒരു ഡ്രഗ് ട്രയൽ പോലും നടക്കുന്നതായി അറിയില്ല. മരുന്ന് മാഫിയ പാവപ്പെട്ട രോഗികളുടെ മേൽ മരുന്ന് കുത്തി വച്ച് പരീക്ഷണം നടത്തുന്നു എന്ന ആരോപണം കേൾക്കേണ്ടി വരാതിരിക്കാനായിരിക്കണം ഇത്. ഗവേഷണത്തിനു വേണ്ടി ഗവണ്മെൻ്റുകൾ പണം വകയിരുത്താത്തതും ഒരു കാരണമായിരിക്കണം.
ഹൈ പ്രൊഫൈൽ രാഷ്ട്രീയനേതാക്കൾ സാധാരണ അസുഖങ്ങൾ വന്ന് മരണാസന്നരാകുമ്പോൾ അമേരിക്കയിൽ നിന്നും ടീമിനെ കൊണ്ടുവരുന്നത് എന്തിനാണെന്ന് എനിക്ക് ഇനിയും മനസിലായിട്ടില്ല. അമേരിക്കൻ ഡോക്ടർക്ക് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ റെക്കഗ്നിഷൻ ഇല്ലാത്തപക്ഷം ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ കഴിയുകയുമില്ല. ഇനി ഹൈ-പ്രൊഫൈൽ വ്യക്തികളുടെ മരണകാരണത്തെ സംബന്ധിച്ച് ദുരൂഹതകൾ ഇല്ലാതാക്കാനാണ് നിഷ്പക്ഷരായ ഒരു ടീമിനെ അമേരിക്കയിൽ നിന്നും കൊണ്ടുവരുന്നതെന്നാണെങ്കിൽ, അടുത്ത തവണ ഒരു ചെയിഞ്ചിന് ഞാനടങ്ങുന്ന സ്വീഡിഷ് ടീമിനെ വിളിച്ചോളൂ. എനിക്ക് ചുരുങ്ങിയത് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാനുള്ള സർട്ടിഫിക്കറ്റെങ്കിലുമുണ്ട്.
ഇതുപോലെ, അമേരിക്കയിലും ക്യാനഡയിലുമൊക്കെ ജോലി കിട്ടിയിട്ടും പോയില്ല എന്ന് പുളുവടിക്കുന്ന ഡോക്ടർമാരെയും സൂക്ഷിക്കുക. ഈ രാജ്യങ്ങളിലൊക്കെ കൂടുതൽ ഡോക്ടർമാരെ ആവശ്യമാണെങ്കിലും വളരെ സൂക്ഷിച്ചേ പുറത്തു നിന്നുള്ള ഡോക്ടർമാർക്ക് മെഡിക്കൽ ലൈസൻസ് കൊടുക്കുകയുള്ളൂ. അതിനു കാരണം മുകളിൽ പറഞ്ഞതുതന്നെ. രോഗിയുടെ ഭാഷയും, സംസ്കാരവും, ജീവിക്കുന്ന പ്രദേശത്തുള്ള പ്രധാന രോഗങ്ങളുമൊക്കെ അറിഞ്ഞാലേ രോഗനിർണ്ണയം സാധ്യമാകുകയുള്ളൂ എന്നതുകൊണ്ടാണിത്. യു.എസ്/ക്യാനഡയിൽ ആധുനിക വൈദ്യത്തിൽ നൈപുണ്യമുണ്ടെന്ന് തെളിയിക്കുന്നതിനു പര്യാപ്തമായ തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ എഴുതി പാസായി, റെസിഡൻസിയും പൂർത്തിയാക്കിയാലേ ഇന്ത്യൻ ഡോക്ടർക്ക് സ്വതന്ത്രമായി പ്രാക്ടീസ് ചെയ്യാൻ കഴിയുകയുള്ളൂ. സ്വീഡനിൽ ഇവയ്ക്കെല്ലാം പുറമേ സ്വീഡിഷ് ഭാഷയും അറിഞ്ഞിരിക്കണം. വർഷങ്ങൾ എടുത്തേക്കാവുന്ന പ്രക്രിയയാണിത്. ഇത്രയും സമയം ചിലവഴിച്ചും, അധ്വാനിച്ചും കഴിഞ്ഞതിനു ശേഷം അമേരിക്കയിൽ ജോലിക്ക് പോകുന്നില്ല എന്ന് ആരും തീരുമാനിക്കാൻ വഴിയില്ല. എഞ്ചിനിയറിങ് മേഖലയിൽ നിന്നുള്ളവർക്ക് നേരേ പോയി വിദേശ കമ്പനികളിൽ ജോലിക്ക് കയറാവുന്നതുപോലെ ഡോക്ടർക്ക് വെറുതേ ചെന്ന് പ്രാക്ടീസ് തുടങ്ങാൻ കഴിയില്ല എന്ന് സാരം. വിദേശത്തെ ജോലി ഇഷ്ടപ്പെടാത്തതുകൊണ്ട് തിരിച്ചു വന്നവരാകട്ടെ, ഇത്തരം പുളുവടി നടത്തുകയുമില്ല.
ഇന്ത്യയിലുള്ളതിനെക്കാൾ നല്ല ഡോക്ടർമാരാണോ വികസിത വിദേശരാജ്യങ്ങളിൽ ഉള്ളത്? ഒരു സാധാരണ ദിവസം കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് മെഡിസിൻ ഒ.പിയിൽ ഒരു ഡോക്ടർ ഏതാണ്ട് 75-100 രോഗികളെ കാണുന്നുണ്ട്. സ്വീഡനിൽ ഇത് 30-40 ആണ്. കൂടുതൽ രോഗികളെ കുറഞ്ഞ സമയ പരിധിക്കുള്ളിൽ നോക്കി പരിശീലിക്കുന്നതുകൊണ്ട് പരിചയസമ്പത്ത് കൂടുതലുള്ളത് ഇന്ത്യൻ ഡോക്ടർമാർക്കു തന്നെ എന്നാണ് എനിക്ക് തോന്നുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ചെയ്ത അത്രയും തൈറോയിഡ് സർജറികൾ സ്വീഡനിലെ ഒരു സർജനും ചെയ്തു കാണില്ല എന്നാണ് തോന്നുന്നത്. അതേ സമയം ഗവേഷണം ചെയ്യുന്നതിലും, പുതിയ ടെക്നോളജി ഉപയോഗിക്കുന്നതിലുമൊക്കെ വികസിത രാജ്യങ്ങളിലുള്ള ഡോക്ടർമാർ ഏറെ മുന്നിലാണ്. അതുകൊണ്ടുതന്നെ, എൻ.ആർ.ഐ മലയാളികൾ രോഗത്തിൻ്റെ ചികിത്സാസാധ്യതകളെക്കുറിച്ച് പ്രാഥമിക ജ്ഞാനം ഉണ്ടാക്കിയശേഷം മാത്രം വിദേശത്ത് ചികിത്സിക്കണോ, ഇന്ത്യയിൽ ചികിത്സിക്കണോ എന്ന് തീരുമാനിക്കുക.
ഡോക്ടർ കുടുംബവുമായി സമയം ചിലവഴിക്കുന്നതോ, ദീർഘ അവധിയിൽ പ്രവേശിക്കുന്നതോ രോഗികൾക്ക് ഇഷ്ടമുള്ള കാര്യമല്ല. തങ്ങൾക്ക് ആവശ്യമുള്ളപ്പോൾ, അത് പാതിരാത്രിയിലായാലും, ആവശ്യമുള്ളത് ചെയ്തുതരുന്ന ഡോക്ടറെയാണ് രോഗികൾക്കിഷ്ടം. ഫോളോ അപ്പ് വിസിറ്റിനു വരുമ്പോൾ ഡോക്ടർ അവധിയിലാണ് എന്ന് കേൾക്കാൻ ആർക്കും താല്പര്യമില്ല. തങ്ങളുടെ രോഗികൾക്ക് തങ്ങളോട് അസ്വാരസ്യം ഉണ്ടാകുമോ എന്നും, കുറച്ചു കാലം പ്രാക്ടീസിൽ നിന്നും വിട്ടു നിന്നാൽ ഇതുവരെ നേടിയെടുത്ത വിശ്വസ്തത നഷ്ടപ്പെടുമോ എന്ന് ഭയന്ന്, ലീവെടുക്കാൻ മടിക്കുന്ന ഡോക്ടർമാർ ധാരാളമുണ്ട്. അതുകൊണ്ട് പേഴ്സണൽ ആവശ്യങ്ങൾക്ക് അവധിയിൽ പോകുകയാണെങ്കിൽ തന്നെയും, ഉപരിപഠനത്തിനു പോയെന്നോ, കോൺഫറൻസുകൾക്ക് പോയെന്നോ ഒക്കെയേ പലപ്പോഴും ഡോക്ടർമാർ പറയാറുള്ളൂ. ഡോക്ടർക്കും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കണമെന്നും, രാത്രി സമാധാനമായി ഉറങ്ങണമെന്നും പൊതുജനത്തിന് ഇനിയും മനസിലായിട്ടില്ല. ഡോക്ടർ ഒരു പൊതുസ്വത്തോ, ദൈവമോ ആണെന്ന പരിഗണന വെടിഞ്ഞ്, അവർ എല്ലാവരെയും പോലെ തൊഴിലെടുത്ത് ജീവിക്കുന്ന സാധാരണക്കാരാണെന്ന മനോഭാവം ഉണ്ടാകാത്ത പക്ഷം ഡോക്ടർ-രോഗി ബന്ധം ആരോഗ്യകരമാകുമെന്ന് എനിക്ക് പ്രതീക്ഷയില്ല.
പല രോഗങ്ങൾക്കും പൂർണ്ണമായ ശമനമില്ല. ഉദാഹരണത്തിന് ഡയബെറ്റിസ്. ഇത്തരം രോഗങ്ങളെ നിയന്ത്രിച്ച് കൊണ്ടുനടക്കാനേ കഴിയുകയുള്ളൂ. ബ്ലഡ് ഷുഗർ കുറയ്ക്കാനായി ഡോക്ടർ മരുന്നു കൊടുക്കും. രണ്ടാഴ്ച മരുന്ന് കഴിച്ചതിനു ശേഷം രോഗി ഷുഗർ ടെസ്റ്റ് ചെയ്ത് നോക്കുമ്പോൾ സ്വാഭാവികമായും നോർമൽ ആയിക്കാണും. അതോടെ ഡയബെറ്റിസ് മാറി എന്ന് വിചാരിച്ച് മരുന്ന് നിർത്തുന്ന രോഗികളുണ്ട്. ‘ശരിക്കും ഉള്ള ഷുഗർ’ അറിയാൻ വേണ്ടി ടെസ്റ്റ് ചെയ്യുന്ന അന്ന് മാത്രം ഗുളിക കഴിക്കാതെ കൂടിയ ഗ്ലൂക്കോസ് ലെവലുകളുമായി വരുന്ന രോഗികളുണ്ട്. ഡോക്ടർ നോക്കുമ്പോൾ, മരുന്ന് എഴുതിക്കൊടുത്തിട്ടും കൂടിയ ഗ്ലൂക്കോസ് കാണുന്നതുകൊണ്ട്, മരുന്നിൻ്റെ ഡോസ് കൂട്ടുകയോ, ഇൻസുലിൻ തുടങ്ങുകയോ ഒക്കെ ചെയ്യും. രോഗിയാണെങ്കിൽ മരുന്ന് മുടക്കിയ കാര്യം ചോദിക്കാത്തതുകൊണ്ട് പറയുകയുമില്ല. പത്ത് മിനിറ്റ് മാത്രമാണ് ഓരോ രോഗിയ്ക്കും കിട്ടുന്നതെങ്കിൽ ഈ വിവരങ്ങൾ പ്രത്യേകം ചോദിക്കാൻ സമയമുണ്ടാകണമെന്നില്ല. ഇത്രയൊക്കെ പരിമിതികൾ ഉണ്ടായിട്ടും, ആരെയും ഹൈപ്പോഗ്ലൈസീമിയയിലേക്ക് തള്ളിവിടാതെ സർക്കാർ ആശുപത്രികൾ നടത്തിക്കൊണ്ടുപോകുന്ന ഡോക്ടർമരെ സമ്മതിച്ചു കൊടുക്കുക തന്നെ വേണം. ഇതേ പോലെ ചില രക്താർബുദങ്ങൾക്ക് പരിപൂർണ്ണ സൗഖ്യം ഉണ്ടാവുകയില്ല, remission (താൽകാലിക മുക്തി) മാത്രമേ ഉണ്ടാകുകയുള്ളൂ. Remission എന്നാൽ ക്യാൻസറിൻ്റെ ലക്ഷണങ്ങൾ സാധാരണ ടെസ്റ്റുകളിൽ കണ്ടുപിടിക്കാൻ കഴിയാത്ത അവസ്ഥയാണ്. ടെസ്റ്റെല്ലാം നെഗറ്റീവാകുമ്പോൾ രോഗിക്ക് എത്ര കൗൺസിലിങ് നൽകിയാലും ക്യാൻസർ മാറി എന്ന രീതിയിലാണ് അവർ ചിന്തിക്കുക. അതുകൊണ്ട് തന്നെ ഫോളോ അപ്പ് വിസിറ്റ് ചെയ്യുന്നത് ഡോക്ടർക്ക് പണമുണ്ടാക്കാനാണെന്നാണ് ഇവരുടെ ധാരണ. കുറച്ച് കാലം ഫോളോ അപ്പ് കഴിഞ്ഞാൽ പിന്നെ രോഗിയെ കാണാതാവും. നാലഞ്ച് കൊല്ലം കഴിഞ്ഞ് തിരിച്ച് വരുന്നത് ക്യാൻസർ മൂർച്ഛിച്ച അവസ്ഥയിലുമായിരിക്കും എന്ന് മാത്രം.
അപ്പൻഡിസൈറ്റിസ് ഉള്ള വ്യക്തിക്ക് സർജറി നിർദ്ദേശിക്കുന്നത് സാധാരണമാണ്. എന്നാൽ ഏതാണ്ട് 15 ശതമാനത്തോളം പേരിൽ സർജറി ചെയ്ത് വയറിൽ പ്രവേശിക്കുമ്പോൾ അപ്പൻഡിക്സ് നോർമ്മലാണെന്ന് കാണും. ഭൂരിഭാഗം സർജന്മാരും ഓപ്പറേഷൻ സമയത്ത് വയറ് തുറന്നതിനാൽ, ഇനിയൊരിക്കൽ അപ്പൻ്റിസൈറ്റിസ് ഉണ്ടാകാനുള്ള സാധ്യത മുൻകണ്ട് നോർമലായ അപ്പൻഡിക്സ് നീക്കം ചെയ്യും. അപ്പൻഡിക്സിന് ശരീരത്തിൽ പ്രത്യേകിച്ച് ധർമ്മങ്ങളൊന്നുമില്ല എന്നതുകൊണ്ട് അത് നീക്കം ചെയ്താൽ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല. എന്നാൽ അപ്പൻഡിസൈറ്റിസ് സർജറി ചെയ്തപ്പോൾ അപ്പൻഡിക്സ് നോർമൽ ആയിരുന്നു, എങ്കിലും അത് നീക്കം ചെയ്തു എന്ന് കേട്ടാൽ രോഗിക്ക് കലിപ്പാണ്. പണക്കൊതിയനായ ഡോക്ടർ ഒരു രോഗവുമില്ലാത്ത വ്യക്തിക്ക് വെറുതേ സർജറി നിർദ്ദേശിച്ച്, അപ്പൻഡിക്സ് മുറിച്ചെടുത്ത് അവയവമാഫിയയ്ക്ക് വേണ്ടി തട്ടിയെടുത്തു എന്നൊക്കെ പ്രചരിപ്പിച്ചുകളയും. അങ്ങനെയാണെങ്കിൽ ഡോക്ടർമാർ കുറച്ച് സമയം കൂടി കാത്തിരുന്ന് അപ്പൻഡിസൈറ്റിസ് ആണെന്ന് 100% ഉറപ്പിച്ച ശേഷം സർജറി ചെയ്താൽ പോരേ? അങ്ങനെ ചെയ്താൽ ശരിക്കും അപ്പൻഡിസൈറ്റിസ് ഉള്ളവരിൽ രോഗം മൂർച്ഛിച്ച്, അപ്പൻഡിക്സ് പിളരുകയും, മരണം വരെ സംഭവിക്കുകയും ചെയ്യാം.
അവ്യക്തമായ രോഗലക്ഷണങ്ങൾക്ക് പല ഡോക്ടർമാർ വ്യത്യസ്ഥമായ രോഗനിർണ്ണയങ്ങൾ പറയാൻ സാധ്യതയുണ്ട്. എല്ലാവർക്കും തങ്ങളുടെ അനുഭവജ്ഞാനത്തിലുള്ളതും, ഉപരിപഠനമേഖലയിലുള്ളതുമായ രോഗങ്ങളാണ് ആദ്യം മനസിൽ വരിക. പഠിച്ച് പഠിച്ച് വരുന്നതിനനുസരിച്ച്, അസന്ദിഗ്ദതകളെ കൂടുതൽ അറിയുകയും, അറിയാത്തതിനെക്കുറിച്ച് കൂടുതൽ ബോധവതികളാകുകയും ചെയ്യും. ഞാൻ സ്ട്രോക്കിൽ പി.എച്ച്. ഡിക്ക് ചേർന്നതിൽ പിന്നെ, ഈ അസുഖം പലരിലും എത്ര വ്യത്യസ്തമായ രീതികളിൽ കാണപ്പെടാം എന്ന അറിവ് ഉണ്ടായിവന്നു. അതുകൊണ്ട് തന്നെ, പണ്ട് പുല്ലുപോലെ ഡയഗ്നോസ് ചെയ്തിരുന്ന ഈ അസുഖം, ഇപ്പോൾ അതിൻ്റെ ആഴത്തോടും, പരപ്പിനോടും കൂടിയേ അഭിമുഖീകരിക്കാനാകുന്നുള്ളൂ.
തോൾവേദനയ്ക്ക് ചികിത്സിക്കാൻ ഓർത്തോപീഡീഷ്യൻ്റെ അടുത്ത് ചെന്ന്, ഹൃദയാഘാതം മൂലം മരണപ്പെട്ട ആളെക്കുറിച്ച് മുൻപൊരു പോസ്റ്റിൽ എഴുതിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, ആദ്യം അടുത്തുള്ള പി.എച്ച്.സിയിലോ, ഒരു ജനറൽ പ്രാക്ടീഷണറുടെ അടുത്തോ കാണിച്ചതിനു ശേഷം, ആവശ്യമുണ്ടെങ്കിൽ മാത്രം സ്പെഷ്യലിസ്റ്റിൻ്റെ സഹായം തേടുക. തലവേദന വന്നാൽ ന്യൂറോളജിസ്റ്റിനെ തന്നെ കാണിക്കാൻ ചെല്ലുന്ന മലയാളിയോട് എനിക്ക് സഹതാപമാണ്. ചില രോഗികൾക്ക് സർക്കാർ സൗജന്യമായി തരുന്ന മരുന്നുകളോട് പുച്ഛമാണ്. സർക്കാർ മരുന്നുകൾ നിലവാരം കുറഞ്ഞതും, മെഡിക്കൽ ഷാപ്പുകളിൽ നിന്നും വാങ്ങുന്ന മരുന്നുകൾ നിലവാരം കൂടിയതുമാണെന്നാണ് ഇവരുടെ വിചാരം. ഇത് തെറ്റായ ധാരണയാണ്. മരുന്ന് കമ്പനികൾ ലാഭേച്ഛയോടുകൂടി പ്രവർത്തിക്കുന്നവരാണ്. ഇന്ത്യയിൽ മരുന്നിന് ക്വാളിറ്റി കണ്ട്രോൾ കാര്യമായി ഇല്ലാത്തതുകൊണ്ട് 500 മൈക്രോഗ്രാം മരുന്ന് ഉണ്ടായിരിക്കേണ്ട ഗുളികയിൽ ചിലപ്പോൾ 450 മൈക്രോഗ്രാമേ കാണുകയുള്ളൂ (ഗുളികയുടെ വലിപ്പം ഒരേപോലെയായിരിക്കും, പക്ഷെ അതിലടങ്ങിയിരിക്കുന്ന മരുന്നിൻ്റെ അംശം കുറവായിരിക്കും. ഗുളികയിൽ മുഴുവനും മരുന്നല്ല. അതിൽ മറ്റ് പദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ടാകും. ഇതുകൊണ്ടാണ് 500 മൈക്രോഗ്രാം ഗുളികയും 250 മൈക്രോഗ്രാം ഗുളികയും ചിലപ്പോൾ ഒരേ വലിപ്പത്തിൽ ഇരിക്കുന്നത്). പക്ഷെ സർക്കാർ ലാഭമെടുക്കാനല്ല മരുന്ന് ഉണ്ടാക്കുന്നത് എന്നതുകൊണ്ട്, കൊടുക്കുന്ന ഗുളികകളിൽ കൃത്യം അളവ് മരുന്ന് ഉണ്ടാകും. ആശാ വർക്കർ കൊണ്ടുകൊടുക്കുന്ന അയേൺ ഗുളികകൾ വലിച്ചെറിഞ്ഞ്, മെഡിക്കൽ ഷാപ്പിൽ പോയി ഇതേ ഗുളിക വാങ്ങിച്ച് കഴിക്കുന്ന ഗർഭിണികളോടും എനിക്ക് സഹതാപമേ ഉള്ളൂ. മരുന്നു കമ്പനികളിൽ തന്നെ കൃത്യം അളവിൽ മരുന്നു കൊടുക്കുന്നവരും, അളവ് കുറച്ച് മരുന്ന് കൊടുക്കുന്നവരും ഉള്ളതുകൊണ്ട്, ഡോക്ടർമാർ ഫലപ്രദമാണെന്ന് തങ്ങൾ വിശ്വസിക്കുന്ന ബ്രാൻ്റ് മരുന്നാണ് എഴുതുക. മരുന്നിൻ്റെ ജനറിക് പേര് എഴുതണം എന്ന നിയമം ഫലത്തിൽ മരുന്ന് തിരഞ്ഞെടുക്കുന്നതിനുള്ള അധികാരം ഡോക്ടറുടെ അടുക്കൽ നിന്നും, ഫാർമസിസ്റ്റിൻ്റെയോ രോഗിയുടെയോ അടുക്കലേക്ക് പറിച്ചു നടുകയേ ചെയ്യുന്നുള്ളൂ. ഫാർമ്മസിസ്റ്റ് ലാഭം ഉള്ള മരുന്നുകളും, രോഗി വിലകുറഞ്ഞ മരുന്നുകളും തിരഞ്ഞെടുക്കാനാണ് സാധ്യത. ഡോക്ടർക്ക് രോഗം മാറാഞ്ഞാൽ അത് തങ്ങളുടെ റെപ്യൂട്ടേഷനെ ബാധിക്കും എന്നതുകൊണ്ട് ക്വാളിറ്റി കുറഞ്ഞ മരുന്നുകൾ എഴുതാൻ ഡോക്ടർമാർ ഒരുമ്പെടില്ല. പക്ഷെ, ഫാർമസിസ്റ്റിനോ, രോഗിക്കോ ക്വാളിറ്റിയുള്ള മരുന്നേതാണെന്ന് അറിയുകയും ഇല്ല. മരുന്ന് നിർമ്മാണമേഖലയിൽ ക്വാളിറ്റി കണ്ട്രോൾ കൊണ്ടുവരാത്തപക്ഷം ജനറിക് മരുന്ന് വിഷയത്തിൽ സർക്കാർ എടുക്കുന്ന നിലപാടുകളൊക്കെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമുള്ളതാണ്.
ഹീറോയിസം എന്താണെന്നതിന് പൊതുജനത്തിനും ഡോക്ടർമാർക്കും വ്യത്യസ്ത കാഴ്ചപ്പാടാണുള്ളത്. എമർജൻസി മെഡിസിൻ വിഭാഗത്തിൽ ഓടിനടന്ന് സി.പി.ആർ കൊടുത്തും, ഇൻജക്ഷൻ കൊടുത്തും ആക്ഷൻ കാണിക്കുന്ന ഡോക്ടറാണ് രോഗിയുടെ മനസിലെ വലിയ ഹീറോ. ഇതേസമയം, വിഷയത്തിൽ ഗാഢമായ ജ്ഞാനവും, പ്രവൃത്തിപരിചയവുമുള്ളവരെയും, തെളിഞ്ഞ ചിന്താരീതിയുള്ളവരെയും, രോഗി അവ്യക്തമായി പറഞ്ഞ കാര്യങ്ങളിൽ നിന്നും ‘ക്ലൂ’ കണ്ടുപിടിച്ച് അസാധാരണമായ രോഗങ്ങൾ കണ്ടുപിടിക്കുന്നവരെയും, യാതൊരു സൗകര്യങ്ങളുമില്ലാത്ത ആശുപത്രിയിലിരുന്നും സങ്കീർണ്ണമായ രോഗനിർണ്ണയങ്ങൾ നടത്തുന്നവരെയും, ഓപ്പറേഷനിടയിൽ രക്തസ്രാവം ഞൊടിയിടയിൽ നിർത്തിയ ഡോക്ടറെയുമൊക്കെയാണ് മെഡിക്കൽ കമ്യൂണിറ്റിയിൽ നിന്നുള്ളവർ ബഹുമാനത്തോടെ കാണുന്നതും, മാതൃകയാക്കുന്നതും. പരിശോധിക്കുന്നതിൻ്റെ ഇടയിൽ പുസ്തകം നോക്കുന്ന ഡോക്ടറെ രോഗികൾക്ക് പുച്ഛമാണെങ്കിലും, എനിക്ക് അത്തരക്കാരെ ബഹുമാനമാണ്. ഒരാളുടെ തലച്ചോറിൽ സൂക്ഷിക്കാവുന്നത്ര ചെറുതല്ല മെഡിക്കൻ സയൻസിലെ വിജ്ഞാനം. എവിടെയൊക്കെ തങ്ങളുടെ ജ്ഞാനം അപര്യാപ്തമാണെന്ന തോന്നൽ വരുന്നോ, അവിടെയൊക്കെ പുസ്തകം നോക്കി പഠിച്ച ശേഷം മാത്രമേ രോഗം നിർണ്ണയിക്കാൻ പാടുള്ളൂ എന്നാണ് എൻ്റെ അഭിപ്രായം. അതേസമയം എമർജൻസിയായി ചികിത്സിക്കേണ്ട അവസരങ്ങളിൽ പുസ്തകം നോക്കി വായിച്ചിരുന്ന് വിലപ്പെട്ട സമയം പാഴാക്കരുത് താനും.
മെഡിക്കൽ സയൻസിൽ കൃത്യമായ രോഗലക്ഷണങ്ങൾക്കേ രോഗനിർണ്ണയം നടത്താൻ കഴിയുകയുള്ളൂ എന്ന് നേരത്തേ പറഞ്ഞല്ലോ. രോഗിക്ക് ചിലപ്പോൾ അവ്യക്തമായ രോഗലക്ഷണങ്ങളായിരിക്കാം ഉള്ളത്. അതുകൊണ്ട് പ്രത്യേകിച്ച് അസുഖമൊന്നുമില്ല എന്ന് പറഞ്ഞ് ഡോക്ടർ പറഞ്ഞുവിടും. കുറച്ച് കാലത്തിനുശേഷം രോഗം അതിൻ്റെ മുഴുവൻ ശക്തിയോടും കൂടി പുറത്തുകാണുമ്പോൾ, പണ്ട് വെറും കയ്യോടെ പറഞ്ഞുവിട്ടതിന് രോഗി ഡോക്ടറെ ചീത്തവിളിക്കും. ഇത്തരം അവസരങ്ങളിൽ ഡോക്ടർ പലപ്പോഴും നിസ്സഹായയാണ് എന്നാണ് എനിക്ക് മനസിലായിട്ടുള്ളത്. വായിൽ കയിപ്പുമായി വരുന്ന അമ്മൂമ്മയ്ക്ക് ആമാശയ ക്യാൻസറിൻ്റെ തുടക്കമായേക്കാം എന്നത് ഡോക്ടറുടെ സാമാന്യബുദ്ധിയിൽ തെളിയുന്ന കാര്യമല്ല. നഖത്തിലുള്ള കറുത്ത വര ആന്തരാവയവങ്ങളിലെ മെലനോമയാണെന്നും ചിന്തിച്ചെന്നു വരില്ല. രോഗം നിർണ്ണയിക്കാൻ ചെയ്ത എല്ലാ ടെസ്റ്റുകളും നെഗറ്റീവ് ആയതുകൊണ്ട് വെറുതേ പൈസ പോയി എന്ന് വിചാരിക്കുന്ന രോഗികളുണ്ട്. ടെസ്റ്റ് ചെയ്യുന്നത് പോസിറ്റീവ് ആകാൻ വേണ്ടിയാണെന്നുള്ള മുൻധാരണ ഉള്ളതുകൊണ്ടാണ് ഈ പ്രശ്നം. എല്ലാ ടെസ്റ്റുകളൂം നെഗറ്റീവ് ആണ് മേഡം എന്ന് പറഞ്ഞ് സന്തോഷിച്ച് വരുന്നവരെയും കാണാറുണ്ട്. പൊതുവിൽ കാണാറുള്ള രോഗങ്ങൾക്കും, അത്യാസന്നമായി ഡയ്ഗ്നോസ് ചെയ്യേണ്ട രോഗങ്ങൾക്കുമുള്ള ടെസ്റ്റുകളാണ് ആദ്യം ചെയ്യുക. ഇവയെല്ലാം നെഗറ്റീവ് ആണെങ്കിൽ മാത്രമേ അപൂർവ്വമായ രോഗങ്ങൾക്കുള്ള ടെസ്റ്റുകൾ ചെയ്യാറുള്ളൂ. അദ്യ ടെസ്റ്റുകൾ എല്ലാം നെഗറ്റീവ് ആയാൽ സന്തോഷിക്കുകയല്ല, പകരം അപൂർവ്വമായ രോഗങ്ങൾ ഉണ്ടായിരിക്കാനുള്ള സാധ്യതയുണ്ട് എന്ന് മനസിലാക്കുകയാണ് വേണ്ടത്.
അപ്പോൾ അടുത്ത പോസ്റ്റിൽ കൂടുതൽ വിശേഷങ്ങളുമായി കാണാം.
ഈ സീരീസിലുള്ള പഴയ പോസ്റ്റുകൾ:
1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?