പുതിയതായി പ്രാക്ടീസ് തുടങ്ങുന്ന ഡോക്ടർമാർക്ക് കുറച്ച് ഉപദേശങ്ങൾ പറഞ്ഞു തരാം.
- നിങ്ങൾ വീട്ടിൽ പ്രാക്ടീസ് തുടങ്ങുമ്പോൾ ദിവസക്കൂലി കൊടുത്ത് പത്ത് പതിനഞ്ചാളെ റോഡിൽ നിന്ന് നോക്കിയാൽ കാണുന്ന വിധത്തിൽ വെറുതേ ക്യൂവിൽ നിർത്തുക. ക്യൂ കണ്ട് കൂടുതൽ രോഗികൾ നിങ്ങളെത്തേടി വന്നോളും (പക്ഷെ ഇതരസംസ്ഥാന തൊഴിലാളികളെ ക്യൂ നിർത്തിയാൽ പണി പാളും. ‘ബംഗാളി’ കാണിക്കുന്ന ഡോക്ടറെപ്പോലും മലയാളിക്ക് പുച്ഛമാണ്).
- സ്വന്തം വീടിന് അത്ര വലിപ്പമില്ലെങ്കിൽ മണിമാളിക പോലെയിരിക്കുന്ന, പോർച്ചിൽ നിർത്തിയിട്ട കാറുള്ള ഏതെങ്കിലും വീടിൻ്റെ ഒരു റൂം വാടകയ്ക്ക് എടുത്ത് പ്രാക്ടീസ് തുടങ്ങിയാലും മതി. ചെറിയ വീട്ടിൽ താമസിക്കുന്ന, കാറിൽ യാത്ര ചെയ്യാത്ത ഡോക്ടർമാരെ രോഗികൾക്ക് അത്ര ഇഷ്ടമില്ല എന്നതുകൊണ്ടാണിത്.
- ഇത് കൂടാതെ സ്വന്തം പേരിൽ ഫ്ലക്സ് അടിച്ച് നഗരത്തിൻ്റെ പലഭാഗത്തും, ബസ്സിൽ നിന്നും നോക്കിയാൽ കാണുംവിധം തൂക്കുക. ഒരു ഉദാഹരണം ഇതാ:

- പ്രൈവറ്റ് കോളേജിലാണ് പഠിച്ചതെങ്കിൽ മരുന്ന് മാഫിയ ബന്ധം ആരോപിക്കാതിരിക്കാൻ കോളേജിൻ്റെ പേര് ചേർക്കാതിരിക്കുന്നതാണ് നല്ലത്.
- ന്യൂ ജെനറേഷനെ ആകർഷിക്കാനായി, മലയാളം വിക്കിപീഡിയയിൽ നിന്നും കോപ്പിയടിച്ച, രോഗങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ ഫേസ്ബുക്കിൽ എഴുതി പോസ്റ്റൊന്നിന് അഞ്ഞൂറ് രൂപ കൊടുത്ത് സ്പോൺസർഡ് ആക്കുക. ജനകീയ ആരോഗ്യം എന്നോ മറ്റോ പേരിട്ട് വാട്ട്സാപ്പ് ഗ്രൂപ്പ് തുടങ്ങി, അറിയാവുന്ന നാട്ടുകാരെയൊക്കെ ചേർത്ത് ഇതേ പോസ്റ്റുകളൊക്കെത്തന്നെ ഷെയർ ചെയ്യുക.
- ഫ്രീ പബ്ലിസിറ്റി കൊടുക്കാൻ സാധ്യതയുള്ള രാഷ്ട്രീയനേതാക്കൾ, ചായക്കടക്കാർ, പത്രം-പാൽ വിതരണം ചെയ്യുന്നവർ എന്നിവർക്ക് കുറഞ്ഞ ചിലവിൽ ചികിത്സ നൽകുക. പരിസരത്തുള്ള സ്വർണ്ണക്കടയിൽ ചെന്ന് ആഭരണങ്ങൾ വാങ്ങിയിട്ട് പ്രത്യുപകാരമായി നിങ്ങൾക്ക് അവാർഡ് തരാൻ പറയുക. അങ്ങനെ, “ജനകീയ ഡോക്ടർക്ക് മേലകത്ത് ജ്വല്ലറി സ്പോൺസർ ചെയ്യുന്ന പൊന്നാട” എം.എൽ.എയെക്കൊണ്ട് അണിയിപ്പിക്കുക. പൊന്നാട വാങ്ങിയതിനു ശേഷം പ്രധാനമന്ത്രി സ്റ്റൈലിൽ സന്തോഷാശ്രു തുടയ്ക്കുക. പ്രാദേശിക പത്രക്കാരെ വിളിച്ചുകൂട്ടി ഈ ഇവെൻ്റ് നന്നായി കവർ ചെയ്യിക്കുക.
നിങ്ങൾ ഒരു ഡോക്ടറാണെങ്കിൽ, ഇതൊന്നും നൈതികമല്ലല്ലോ എന്നല്ലേ ചിന്തിക്കുന്നത്? തീർച്ചയായും അല്ല എന്നാണ് ഉത്തരം. പക്ഷെ വർഷങ്ങളായി വ്യാജവൈദ്യന്മാർ ചെയ്തുകൊണ്ടിരിക്കുന്നത് ഇതൊക്കെത്തന്നെയാണ്.
വാട്ട്സാപ്പിൽ കയറിയാൽ തോന്നുക ശരിക്കും ഡോക്ടർമാരെക്കാൾ എണ്ണത്തിൽ കൂടുതലുള്ളത് വ്യാജഡോക്ടർമാരാണോ എന്നാണ്. മൊബൈലെടുത്തവരൊക്കെ വൈദ്യരാവുന്ന കാലമാണിത്. മുള്ളാത്ത കഴിച്ച് ക്യാൻസർ മാറ്റാനും, പഴം തിന്ന് ഡയബെറ്റിസ് ഇല്ലാതാക്കാനുമൊക്കെയുള്ള ഉപദേശങ്ങൾ തലങ്ങും വിലങ്ങും ഫോർവേഡുകൾ ആയി ഡോക്ടറായ എനിക്ക് പോലും കിട്ടുന്നുണ്ട്. ഒരു ഡോക്ടർക്ക് മുള്ളാത്തയുടെ മാഹാത്മ്യം ഉപദേശിച്ചു കൊടുക്കാനുള്ള കോൺഫിഡൻസ്, അകന്ന ബന്ധത്തിലുള്ള, സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള ബന്ധുക്കൾക്ക് വരെ ഉണ്ടെങ്കിൽ നമ്മൾ വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്. പണ്ടൊക്കെ ഇൻ്റർനെറ്റിലൂടെയുള്ള വ്യാജപ്രചാരങ്ങൾ ഒരു പരിധിവരെ നിയന്ത്രിച്ച് നിർത്തിയിരുന്നത് വിക്കിപീഡിയയായിരുന്നു. ഇപ്പോൾ അതും അതിജീവിച്ച്, വാട്ട്സാപ്പും, ഫേസ്ബുക്കും വഴി വ്യാജവാർത്തകളും, വ്യാജ ആരോഗ്യ മുന്നറിയിപ്പുകളും, ഭീതിപ്പെടുത്തുന്ന ക്ലിപ്പുകളുമൊക്കെ പറന്ന് കളിച്ചുകൊണ്ടിരിക്കുകയാണ്. വ്യാജവാർത്തകളുടെ പ്രശ്നം കേരളത്തിൽ മാത്രമല്ല ഉള്ളത്. ലോകമൊന്നടങ്കം നേരിടുന്ന പ്രശ്നമാണിത്. ഓരോ രാജ്യത്തിൻ്റെയും സാമൂഹിക പശ്ചാത്തലം അനുസരിച്ച് വ്യാജവാർത്തകളുടെ തോതും, മാധ്യമവും, വിഷയവും മാറിക്കൊണ്ടിരിക്കും എന്നേ ഉള്ളൂ. സയൻസിനു വേണ്ടി മാർച്ച് നടത്തേണ്ട ഗതികേട് വികസിത രാജ്യങ്ങളിൽ പോലും ഉണ്ടായി.

അല്പബുദ്ധി ആളെ കൊല്ലും എന്ന് പറയുന്നത് വെറുതെയല്ല. ഒരു വിഷയത്തെപ്പറ്റി അല്പം മാത്രം വിവരമുള്ളവർ തങ്ങൾ എല്ലാം മനസിലാക്കി എന്ന മിഥ്യാബോധത്തിലാണ് ജീവിക്കുക. ഈ പ്രതിഭാസത്തിന് ഒരു പേരുണ്ട് : ഡണ്ണിങ്-ക്രൂഗർ പ്രതിഭാസം. അതേസമയം, വിഷയത്തിൽ അഗാധ ജ്ഞാനമുള്ളവർക്ക് തങ്ങൾക്ക് അറിയാത്തതെത്ര എന്നതിനെക്കുറിച്ചുള്ള കൃത്യമായ ബോധ്യമുണ്ട്. ജ്ഞാനമുള്ളവർ വിചാരിക്കുന്നത് ബാക്കിയുള്ളവർക്കും തങ്ങളുടേതിന് സമാനമായത്ര വിവരമുണ്ടെന്നും, അതുകൊണ്ട് തന്നെ പ്രാഥമികമായ കാര്യങ്ങൾ ആരെയും ഇരുത്തി പഠിപ്പിച്ചുകൊടുക്കേണ്ടതില്ല എന്നുമാണ്. തങ്ങൾക്ക് പൂർണ്ണബോധ്യമില്ലാത്ത വിഷയങ്ങളെക്കുറിച്ച് അവർ സംസാരിക്കുകയില്ലതാനും. സയൻ്റിസ്റ്റുകൾ എഴുതി വിടുന്ന പ്രബന്ധങ്ങളൊന്നും വായിച്ചാൽ മനസിലാകാത്തത് എന്തുകൊണ്ടാണെന്നതിന് ഇപ്പോൾ ഉത്തരമായല്ലോ. ശാസ്ത്രത്തെ ജനകീയവൽക്കരിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിൻ്റെ ആവശ്യകതയാണ്. ഇതിനെക്കുറിച്ച് മറ്റൊരു അവസരത്തിൽ എഴുതാം.
മുള്ളാത്ത ക്യാൻസർ മാറ്റുമോ എന്ന് ക്യാൻസർ സയൻ്റിസ്റ്റിനോട് ചോദിച്ചാൽ : “ഇതുവരെ നടന്ന പരീക്ഷണങ്ങളിലെ തെളിവുകൾ അടിസ്ഥാനമാക്കിയാൽ, മനുഷ്യരിലെ ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ കാരണമായിട്ടുള്ളതൊന്നും തന്നെ മുള്ളാത്തയിൽ കണ്ടുപിടിക്കപ്പെട്ടിട്ടില്ല” എന്ന് മാത്രമേ അദ്ദേഹത്തിന് പറയാൻ കഴിയൂ. അങ്ങനെയാണെങ്കിൽ പിന്നീടെപ്പൊഴെങ്കിലും മുള്ളാത്തയുടെ ഗുണങ്ങൾ കണ്ടുപിടിക്കപ്പെട്ടേക്കാം എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ എന്ന് തിരിച്ച് ചോദിച്ചാൽ ശാസ്ത്രത്തിൻ്റെ രീതിയനുസരിച്ച് ‘അറിയില്ല’ എന്ന് ഉത്തരം പറയുകയേ ശാസ്ത്രജ്ഞയ്ക്ക് നിവൃത്തിയുള്ളൂ. അതേസമയം, വ്യാജവൈദ്യൻ രോഗിക്ക് മുള്ളാത്ത കൊടുക്കുകയും, ഇത് കഴിച്ചാൽ രോഗം മാറും എന്ന് ഉറപ്പിച്ച് പറയുകയും, ആശ്വസിപ്പിക്കുകയും ചെയ്യുന്നു. പേവിഷബാധയ്ക്ക് വരെ മരുന്നുണ്ടെന്ന് പറഞ്ഞുകളയും. രോഗിക്ക് കൂടുതൽ ആശ്വാസം കിട്ടുന്നത് വ്യാജവൈദ്യൻ്റെ ഉറപ്പിലായിരിക്കും. വ്യാജന്മാരിലേക്ക് ഉള്ള ഒഴുക്ക് തടയാനായി ഡോക്ടർമാർ രോഗവിവരങ്ങൾ സാമാന്യവൽക്കരിച്ച് പറയുന്നതിൽ തെറ്റില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഉദാഹരണത്തിന്, മുള്ളാത്ത കഴിച്ചാൽ ക്യാൻസർ മാറില്ല എന്ന് ഉറപ്പിച്ച് പറഞ്ഞു കൊടുക്കുന്നതിൽ തെറ്റില്ല. ഡോക്ടർമാർ ശാസ്ത്രമെന്ന ഫുട്ബോൾ കോർട്ടിൽ മാത്രം കളിക്കുന്നവരാണെങ്കിൽ, വ്യാജവൈദ്യന്മാർ ഗ്യാലറിയിലിരുന്ന് ഗോളടിക്കുന്നവരാണ്. വ്യാജവൈദ്യന്മാരെ പോലെ ‘ഇപ്പ ശര്യാക്കിത്തരാം’ എന്ന് ഡോക്ടർക്ക് കോൺഫിഡൻ്റായി പറയാൻ കഴിയില്ലെന്ന് രോഗികൾ മനസിലാക്കി, അയാഥാർത്ഥ്യമായ ഉറപ്പുകൾ തരുന്നവരെ അകറ്റി നിർത്തുകയാണ് വേണ്ടത്. യാഥാർത്ഥ്യബോധമില്ലാത്ത ജനത ഡോക്ടർമാരെ സംബന്ധിച്ചിടത്തോളം പ്രശ്നകരമാണ്. ഡോക്ടർ അല്ലെങ്കിൽ വ്യാജഡോക്ടർ എന്തോ മാജിക്ക് കാണിച്ച് മരണാസന്നയായ രോഗിയെ ഉയർത്തെണീപ്പിക്കും എന്ന് അവസാനം വരെയും ബന്ധുക്കൾ വിശ്വസിക്കുന്നുണ്ട്. ചികിത്സകൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ലാത്ത അവസ്ഥയിൽ പാലിയേറ്റീവ് കെയറിലേക്ക് അയയ്ക്കുന്നതൊക്കെ രോഗികൾക്ക് തീരേ ഇഷ്ടമില്ലാത്ത കാര്യമാണ്. പ്രതീക്ഷ കൈവെടിയാതെ ഇവർ അടുത്ത ഡോക്ടറുടെ അടുത്തേക്ക് ചെല്ലും. അവിടെന്നും മടക്കുമ്പോൾ മൂന്നാമത്തെ ഡോക്ടറുടെ അടുത്തേക്ക്. അവസാനം ഏതെങ്കിലും ഒരു ഡോക്ടർ പരീക്ഷണാടിസ്ഥാനത്തിൽ ചികിത്സ ചെയ്ത് നോക്കാം എന്ന് സമ്മതിക്കും. അങ്ങനെ സമാധാനമായി മരിക്കേണ്ടിയിരുന്ന അപ്പൂപ്പനെ കീമോതെറാപ്പി കൊടുത്ത്, വെൻ്റിലേറ്ററിലും കിടത്തി, രണ്ട് ലക്ഷത്തിൻ്റെ ബില്ലും അടച്ച് മരണത്തിലേക്ക് തന്നെ തള്ളിവിടും. ഒരു ഡോക്ടറും രോഗിയെ സ്വീകരിച്ചില്ലെങ്കിൽ കൂടിയും വ്യാജഡോക്ടർ സ്വീകരിച്ചിരിക്കും. ഇവർ കറുകപ്പുല്ലും, വെള്ളവും മാത്രം കൊടുത്ത് അപ്പൂപ്പനെ പട്ടിണി കിടത്തി കൊന്നോളും. വിദ്യാഭ്യാസമുണ്ടെങ്കിലും ശാസ്ത്രീയമനോവൃത്തിയോ, യാഥാർഥ്യബോധമോ ഇല്ലാത്തതുകൊണ്ട് മലയാളികൾ നല്ലവണ്ണം അനുഭവിക്കുന്നത് പലപ്പോഴായി കാണാൻ ഇടവന്നിട്ടുണ്ട്. ഇതേക്കുറിച്ച് ഡോ. വിശ്വനാഥൻ എഴുതിയതും വായിക്കുക.
മലയാളിയായ പ്രൊഫ. നളിനി അമ്പാടി അമേരിക്കയിൽ നടത്തിയ ഒരു പരീക്ഷണമുണ്ട്. രോഗിയും ഡോക്ടറും തമ്മിലുള്ള സംഭാഷണം കേട്ടതിനു ശേഷം ആ ഡോക്ടർക്കെതിരെ രോഗികൾ അനാസ്ഥയ്ക്ക് കേസ് കൊടുക്കാനുള്ള ചെയ്യാനുള്ള സാധ്യത ഏറെക്കുറെ കൃത്യമായി പ്രവചിക്കാൻ കഴിയും എന്നാണ് ഇവർ കണ്ടുപിടിച്ചത്. അടുത്ത ഗവേഷണത്തിൽ ഇവർ ഒരു പടി കൂടി കടന്ന്, സംഭാഷണത്തിലെ വാക്കുകൾ മറച്ചുവച്ച്, സംഭാഷണത്തിൻ്റെ സ്വരഭേദം മാത്രം കേട്ടുനോക്കിയും രോഗി കേസ് കൊടുക്കാനുള്ള സാധ്യത ഏറെക്കുറെ കൃത്യമായി കണ്ടെത്തി. രോഗി കേസ് കൊടുക്കാനുള്ള സാധ്യതയും ഡോക്ടറുടെ വൈദഗ്ധ്യവുമായി യാതൊരു ബന്ധവും ഇല്ലതാനും. ഇത്തരം പഠനങ്ങളിൽ നിന്നും മനസിലാകുന്നത്, രോഗി താല്പര്യപ്പെടുന്നത് തങ്ങൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ സംസാരിക്കുന്ന ഡോക്ടറെയാണെന്നാണ്. രോഗം മാറാൻ മരുന്നിൻ്റെ കൂടെ വിശുദ്ധ ഗ്രന്ഥങ്ങളിലെ സൂക്തങ്ങളൊക്കെ ഓതിക്കൊടുക്കുന്ന ഡോക്ടമാർ പെട്ടെന്ന് ജനപ്രിയരാകുന്നതിൻ്റെ കാരണം ഇതാണ്. രോഗം മാറാൻ ‘ഇംഗ്ലിഷ് മരുന്നിൻ്റെ’ കൂടെ അല്പം നറുനെയ്യ് തുളസിനീരിൽ ചാലിച്ച് ഉറങ്ങുന്നതിനു മുൻപ് സേവിച്ചോളൂ എന്നൊക്കെ അടിച്ചു വിടുന്ന ഡോക്ടർമാരെയും രോഗികൾക്ക് ഇഷ്ടമാണ്. പ്രകൃതിചികിത്സയിലൊക്കെ വലിയ വിവരമുള്ള ഡോക്ടറാണെന്ന് ജനം ധരിച്ചോളും. ‘സൈഡ് എഫക്റ്റ് ഉള്ള കെമിക്കലുകൾക്ക്’ പകരം നാടൻ ചികിത്സ കുറിച്ച് തരാൻ പാണ്ഡിത്യമുള്ള ഡോക്ടർക്ക് വേണമെങ്കിൽ നാട്ടുകാർ ചേർന്ന് അവാർഡും കൊടുക്കും. ആധുനികവൈദ്യവും, നാടൻ ചികിത്സയും ഒരുമിച്ച് ഉപയോഗിച്ച് രോഗം മാറ്റി എന്ന് പറയുന്നത്, ഞാനും ദാവൂദ് ഇബ്രാഹിമും ചേർന്ന് പത്ത് പേരെ തട്ടി എന്ന് പറയുന്നത് പോലെയാണ്. ഉപമയിലെ ദാവൂദ് ഇബ്രാഹിം ആധുനികവൈദ്യമാണെന്ന് മാത്രം 🙂
എത്ര നല്ല ചികിത്സ നൽകിയാലും, ആശ്വാസവാക്കുകൾ പറഞ്ഞില്ലെങ്കിൽ, സ്റ്റെതസ്കോപ്പ് എടുത്ത് നെഞ്ചിൽ വെച്ചില്ലെങ്കിൽ, രോഗിയുടെ ഫസ്റ്റ് ഇമ്പ്രഷൻ പോയിക്കിട്ടും. പിന്നീടങ്ങോട്ട് എന്തൊക്കെ ചെയ്താലും ഡോക്ടറുടെ കുറ്റങ്ങൾ എണ്ണിക്കണ്ടുപിടിക്കാനായിരിക്കും രോഗി ശ്രമിക്കുന്നത്. ഫേസ്ബുക്കിലൊക്കെ പലരും ഡോക്ടർമാരുടെ അഹങ്കാരത്തെക്കുറിച്ച് പോസ്റ്റിടാറുണ്ട്. ഒരു ലിസ്റ്റ് കുറ്റങ്ങൾ ഉണ്ടാകും. ഇത്രയധികം കുറ്റങ്ങൾ വെറും പത്ത് മിനിറ്റ് കൺസൾട്ടേഷൻ സമയത്തിൽ സംഭവിച്ചോ എന്ന് ഞാൻ അൽഭുതപ്പെടാറുണ്ട്. പലപ്പോഴും സംസാരത്തിനിടയിൽ ഡോക്ടർ മൊബൈൽ ഫോൺ നോക്കിയതോ, രോഗിയുടെ അനാരോഗ്യകരമായ ശീലങ്ങളെ ഗുണദോഷിച്ചതോ, ഓപ്പറേഷൻ സമയത്ത് സഹ-ഡോക്ടറോട് കുശലം പറഞ്ഞതോ, ഡോക്ടറുടെ സംസാരരീതി ഇഷ്ടമില്ലാത്തതോ ഒക്കെയായിരിക്കും രോഗിയെ ചൊടിപ്പിക്കുന്ന പ്രാഥമിക കാരണം. പിന്നെയങ്ങോട്ട് ഡോക്ടർ ചെയ്യുന്നതൊക്കെ പ്രശ്നകരമാണെന്ന രീതിയിലേ രോഗി കാണൂ. എങ്കിലും, എല്ലാം കഴിഞ്ഞ് ഡോക്ടറോട് ചിരിച്ചും, നന്ദിപറഞ്ഞും ഒക്കെ രോഗി തിരിച്ചു പോകും. പക്ഷെ, അന്ന് രാത്രി വാട്ട്സാപ്പിൽ കയറി ഡോക്ടറുടെ അനാസ്ഥയ്ക്കെതിരെ ഗർജ്ജിക്കുന്ന സിംഹമാകും. ഡോക്ടറുമായി ഇത്തരം പ്രശ്നങ്ങളുണ്ടെങ്കിൽ നിങ്ങൾ ഇതേക്കുറിച്ച് സത്യസന്ധമായി നേരിട്ട് സംസാരിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. അങ്ങനെ ചെയ്യുകയാണെങ്കിൽ തെറ്റായോ, ശ്രദ്ധിക്കാതെയോ ചെയ്ത കാര്യം തിരുത്താനുള്ള സാഹചര്യം ഡോക്ടർക്കുണ്ട്. രോഗിയെ നോക്കുന്നതിനിടയ്ക് ഫോൺ നോക്കിയതിന് മതിയായ കാരണമുണ്ടെങ്കിൽ ഡോക്ടർക്ക് അത് പറഞ്ഞ് തന്ന് തെറ്റിദ്ധാരണ മാറ്റാവുന്നതേ ഉള്ളൂ. ഓപ്പറേഷൻ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഡോക്ട്രർ ഓപ്പറേഷനെക്കുറിച്ചല്ലാതെ വേറൊന്നും സംസാരിക്കരുത് എന്നൊക്കെ വാശിപിടിക്കരുത് എന്നാണ് എൻ്റെ അഭിപ്രായം. ഒബ്സർവേഷനു വേണ്ടി അഡ്മിറ്റ് ചെയ്ത രോഗികൾക്കാണ് കൂടുതൽ അസംതൃപ്തി എന്ന് തോന്നിയിട്ടുണ്ട്. ചികിത്സ നടക്കുന്നുമില്ല, എന്നാൽ ആരോഗ്യത്തിന് പ്രത്യേക കുഴപ്പവും ഇല്ല, രോഗം കണ്ടുപിടിച്ചിട്ടും ഇല്ല എന്ന അവസ്ഥയിൽ രോഗി ഡോക്ടറെ ശല്യപ്പെടുത്താൻ സാധ്യത കൂടുതലാണ്. ഈ രോഗി കൂടെക്കൂടെ ജോലി തടസ്സപ്പെടുത്തുമ്പോൾ ഡോക്ടർ ശകാരിക്കും. അത് കേട്ട രോഗി ഡോക്ടറെ ഒരു പാഠം പഠിപ്പിക്കാനായി ഇറങ്ങിത്തിരിക്കുകയും ചെയ്യും. അതിനാൽ, മെഡിക്കൽ വിദ്യാഭ്യാസ കറിക്കുലത്തിൽ കമ്യൂണിക്കേഷൻ സ്കില്ലും, പേഷ്യൻ്റ് മാനേജ്മെൻ്റും പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇത് പഠിപ്പിക്കാൻ ഏറ്റവും കഴിവുള്ള വ്യക്തികൾ വ്യാജഡോക്ടർമാർ തന്നെയാണെന്നതിൽ എനിക്ക് സംശയമില്ല!
കേരളത്തിൽ മറ്റൊരു പ്രതിഭാസം കൂടിയുണ്ട്. ഏറ്റവും കൂടുതൽ ആളുകൾ ക്യൂ നിൽക്കുന്ന, മണിമാളികയുണ്ടാക്കിയ ഡോക്ടറുടെ വീട്ടിൽ പോയി ക്യൂ നിന്നും ചികിത്സിക്കാനാണ് മലയാളികൾക്ക് താല്പര്യം. ഈ ഡോക്ടർ തീർച്ചയായും രോഗങ്ങൾ എളുപ്പത്തിൽ ചികിത്സിച്ച് ഭേദമാക്കിത്തരുന്നതുകൊണ്ടാണല്ലോ എല്ലാവരും അങ്ങോട്ട് പോകുന്നത് എന്നതാണ് അവരുടെ നിഗമനം. വലിയ വീടുള്ള ഡോക്ടർ വിജയകരമായ പ്രാക്ടീസിലൂടെയായിരിക്കുമല്ലോ അത്രയും പണം സമ്പാദിച്ചിട്ടുണ്ടാകുക എന്നതാണ് മറ്റൊരു കാരണം. പലപ്പോഴും ഈ ഊഹം ശരിയാകണമെന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഡോക്ടറുടെ ജാതിയും മതവും ദേശവും ലിംഗവും ഒക്കെ നോക്കിയിട്ടാണ് പല രോഗികളും ഇഷ്ടപ്പെട്ട ഡോക്ടറെ തിരഞ്ഞെടുക്കുന്നത്. മുസ്ലീം സ്ത്രീകൾ മുസ്ലീം ഗൈനക്കോളജിസ്റ്റിനെയേ കാണാൻ പാടുള്ളൂ എന്ന് നേതാവ് പറയുമ്പോൾ അതിന് കയ്യടിക്കുന്ന ജനത ജീവിക്കുന്നത് ഇവിടെ കേരളത്തിൽ തന്നെയാണ്. അത്യാവശ്യം കുടവയറും, കഷണ്ടിയുമുള്ള, കണ്ണടവച്ച, തൊലിവെളുപ്പുള്ള, എപ്പോഴും ചിരിക്കുന്ന, കൊച്ചുവർത്തമാനം പറയുന്ന, ഉയർന്ന ജാതിയിലുള്ള, ലോറിപോലത്തെ കാറിൽ സഞ്ചരിക്കുന്ന, അൻപതിനോടടുത്ത പുരുഷ ഡോക്ടറെയാണ് രോഗികൾക്ക് കാണാൻ താല്പര്യം എന്നത് എന്നെ അനുഭവം പഠിപ്പിച്ചതാണ് (തെറ്റാവാം). രോഗിയെ സംസാരിച്ച് ‘വളച്ചെടുക്കാൻ’ കഴിയുന്നതും, അപ്രിയ സത്യങ്ങൾ തുറന്ന് പറയാത്തതും, അനുഭാവപൂർവ്വം പെരുമാറുന്നതുമൊക്കെയായ ഡോക്ടർമാരുടെ വീട്ടിനു മുൻപിലാണ് പലപ്പോഴും നീണ്ട ക്യൂ ഉണ്ടാവാറ്. വ്യാജവൈദ്യന്മാരുടെ കാര്യത്തിൽ, മരുന്ന് ഫലിക്കില്ലെങ്കിലും വാചകമടിച്ച് പിടിച്ച് നിൽക്കാൻ കഴിവുണ്ടെങ്കിൽ ഏറെക്കാലം ആളെപ്പറ്റിച്ച് കഴിഞ്ഞുകൂടാം.

മലയാളികളുടെ മറ്റൊരു പ്രശ്നം ആരെയും വിശ്വസിക്കാത്തതാണ്. രോഗി മരുന്ന് വാങ്ങാൻ പണം മുടക്കണ്ട എന്ന് കരുതി സാമ്പിൾ മരുന്നുകൾ സൗജന്യമായി കൊടുക്കുമ്പോൾ അവരുടെ വിചാരം ഏതോ മരുന്ന് കമ്പനിക്ക് പരസ്യം ഉണ്ടാക്കാനായി ഡോക്ടർ ചെയ്യുന്ന പണിയാണിതെന്നാണ്. സ്വന്തം പഠനവും, ജോലിയും, ഹോബിയുമൊക്കെ മാറ്റിവച്ച് ആളുകളെ ബോധവൽക്കരിച്ചു കളയാം എന്ന നല്ല ഉദ്ദേശത്തിലാണ് ലാഭേച്ഛയില്ലാതെ എട്ടു വർഷങ്ങൾക്ക് മുൻപ് വിക്കിപീഡിയയിൽ ആരോഗ്യസംബന്ധമായ ലേഖനങ്ങൾ ഞാൻ എഴുതാൻ തുടങ്ങിയത്. ഇതാണ് ഒഴിവുസമയത്തെ പണി എന്ന് പറയുമ്പോൾ പലരും ചോദിക്കുന്നത് ‘ലേഖനമെഴുതിയാൽ വിക്കിപീഡിയ കാശ് തരുമോ?’, ‘മരുന്ന് കമ്പനി പൈസ തരുമോ?’ എന്നൊക്കെയാണ്. രോഗിക്ക് മരുന്നുകൾ എഴുതിക്കൊടുക്കാതെ, “രോഗം കൂടുകയാണെങ്കിൽ വീണ്ടും വരൂ” എന്ന് പറഞ്ഞാൽ നിങ്ങൾ ഫോളോ അപ്പ് ചെയ്യിപ്പിച്ച് പണം പിടുങ്ങുന്ന ഡോക്ടറായി മാറും. എല്ലാ മരുന്നുകളും ഒറ്റയിരുപ്പിൽ എഴുതിക്കൊടുത്താൽ മരുന്ന് മാഫിയയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഡോക്ടറായും മാറും. എന്നാൽ, രോഗി ഉദ്ദേശിക്കുന്ന അത്ര വിലയുള്ള മരുന്നുകൾ, അത്ര അളവിൽ, അത്ര ദിവസങ്ങൾ തന്നെ കഴിക്കാൻ പറഞ്ഞാൽ രോഗം മാറിയില്ലെങ്കിലും രോഗി ഹാപ്പി തന്നെ. “കൈപ്പുണ്യമുള്ള ഡോക്ടറാണ്, പക്ഷെ ഇത്തവണ മാത്രം മരുന്ന് കഴിച്ചിട്ടും ചെറിയ ആശ്വാസമേ കിട്ടിയുള്ളൂ” എന്ന് വിചാരിച്ച് രോഗി സമാധാനിക്കും. പക്ഷെ, ആധുനികവൈദ്യം രോഗിയുടെ ഇംഗിതം നോക്കിയല്ല പ്രവർത്തിക്കുന്നത്. ഇവിടെയാണ് വ്യാജന്മാർ സ്കോർ ചെയ്യുന്നത്. ഇവർ രോഗിയുടെ സാഹചര്യങ്ങളും മടിശ്ശീലയുടെ കനവും ഒക്കെ നോക്കി, രോഗിയോട് ആശ്വസിപ്പിക്കാനെന്നേന സംസാരിച്ച് അവരുടെ ഇംഗിതങ്ങൾ മനസിലാക്കിയെടുത്ത്, രോഗിക്കിഷ്ടപ്പെട്ട രീതിയിൽ ചികിത്സ തുടങ്ങും. ഒറിജിനൽ ഡോക്ടർ എഴുതുന്ന ‘കെമിക്കലുകൾ’ കഴിച്ചാൽ ഉടനെ രോഗം മാറണം എന്നാണ് രോഗിയുടെ ശാഠ്യം എങ്കിൽ പ്രകൃതിചികിത്സ ചെയ്യുന്ന വ്യാജഡോക്ടറുടെ അടുക്കലെത്തുമ്പോൾ ഇവർക്ക് ഇത്തരം പ്രതീക്ഷകളൊന്നുമില്ല. ചികിത്സ പരാജയപ്പെട്ടാലും കെമിക്കലുകൾ കഴിക്കേണ്ടി വന്നില്ലല്ലോ എന്നതാണ് അവരുടെ ആശ്വാസം. ആധുനികവൈദ്യത്തിൽ ഡോക്ടറുടെ അഭിപ്രായം എന്താണെങ്കിലും അത് വിലയ്ക്കെടുക്കുകയും, ചികിത്സാരീതിയിൽ വിശ്വാസമർപ്പിക്കുകയും ചെയ്തില്ലെങ്കിൽ, മരുന്ന് സമയത്തിന് കഴിക്കാനും, ജീവിതശൈലി മാറ്റാനുമൊന്നും താല്പര്യമില്ലാതെവരും. ഫലത്തിൽ ചികിത്സ വിജയിക്കുകയുമില്ല.
മലയാളിയുടെ കീമോഫോബിയയും, പ്രകൃതിദത്തം എന്ന പേരിൽ വിൽക്കുന്ന എന്തിനോടുമുള്ള വിധേയത്വവും പലതരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. പച്ചക്കറിയിൽ കീടനാശിനി അടിച്ചിട്ടുണ്ടാവുമെന്നതുകൊണ്ട് കുട്ടികൾക്ക് പച്ചക്കറികൾ കൊടുക്കില്ല. ഇത്തരം കുട്ടികൾക്ക് പലതരം വിറ്റാമിനുകളുടെ കുറവുണ്ടാകുന്നതുകൊണ്ട് ക്ഷീണം, ശ്രദ്ധക്കുറവ്, വളർച്ച മുരടിപ്പ് എന്നിവയെല്ലാം ഉണ്ടാകാം. കീടനാശിനി അടിച്ച പച്ചക്കറി കഴിക്കുന്നതിലും പല മടങ്ങ് അധികം അപകടമാണ് പച്ചക്കറി കഴിക്കാതയേ ഇരിക്കുന്ന ആവസ്ഥ എന്ന് പലരും മനസിലാക്കുന്നില്ല. നന്നായി കഴുകിയെടുത്താൽ പോകാത്ത കീടനാശിനികളുമില്ല. 1950 കാലഘട്ടത്തിലെ പട്ടിണിമരണങ്ങളിൽ നിന്നും ആധുനിക കാലത്തെ ഭക്ഷ്യസമ്പന്നതയിലേക്ക് നമ്മളെ എത്തിച്ചതിൽ കീടനാശിനികൾക്കും പങ്കുണ്ട് എന്ന കാര്യം വിസ്മരിക്കാനുമാകില്ല. അതേ സമയം, കഷായം, ലേഹ്യം, ലേപനം എന്നൊക്കെ പേരുള്ള തികച്ചും പ്രകൃതിദത്തമാണെന്ന് അവകാശപ്പെടുന്ന മരുന്നുകൾ സേവിച്ചതിനു ശേഷം കരളിൽ വിഷബാധ ഉണ്ടാകുന്നത് സാധാരണമാണ്. പ്രകൃതിയിൽ നിന്ന് നേരിട്ട് പറിച്ചെടുക്കുന്ന പല ചെടികളും, കായ്കനികളും കൊടിയ വിഷങ്ങളാണ്. ഒതളങ്ങ തന്നെ ഉദാഹരണം.

ആധുനികവൈദ്യം വർഷങ്ങൾ നീണ്ടുനിൽക്കുന്ന പരീക്ഷണങ്ങൾക്കു ശേഷം കഴിയാവുന്നത്ര സൈഡ് എഫക്റ്റുകളും കണ്ടെത്തി, സത്യസന്ധമായി റിപ്പോർട്ട് ചെയ്യുന്നതുകൊണ്ട് ‘ഇംഗ്ലിഷ്’ മരുന്നിന് മാത്രമേ സൈഡ് എഫക്റ്റ് ഉള്ളൂ എന്നാണ് പൊതുജനത്തിൻ്റെ ധാരണ. അതുകൊണ്ട് തന്നെ, വ്യാജവൈദ്യന്മാരുടെ ചികിത്സയ്ക്കിടയിൽ എന്തെങ്കിലും സങ്കീർണ്ണതകൾ ഉണ്ടായാൽ ഉടനെ അവർ പറയുന്ന കാരണം, നിങ്ങൾ പണ്ട് കഴിച്ച ഇംഗ്ലിഷ് മരുന്നിൻ്റെ സൈഡ് എഫക്റ്റ് ആണിതെന്നാണ്. എന്നെങ്കിലുമൊക്കെ നമ്മളെല്ലാവരും ‘ഇംഗ്ലിഷ്’ മരുന്ന് കഴിച്ചിട്ടുണ്ടാകും എന്നതിനാൽ ഇത്തരം ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ ബുദ്ധിമുട്ടാണ്.
പ്രകൃതിദത്തത്തോട് സോഫ്റ്റ് കോർണ്ണർ ഉള്ള മലയാളി പൊതുജനതാല്പര്യാർത്ഥം വാട്ട്സാപ്പിൽ ഷെയർ ചെയ്യുന്ന മെസേജുകളൊക്കെ, “ഡോക്ചർ രാമൻ വൈദ്യർ പറയുന്നു: ഷുഗറിന് നാടൻ ചികിത്സ, ഇംഗ്ലിഷ് മരുന്ന് നിർത്തൂ 😡 , ദിവസവും പാവയ്ക്കാനീരും മുളകും സേവിക്കൂ ❗ ” എന്ന തരത്തിലുള്ളതായിരിക്കും. അതേസമയം, ഡയബറ്റിസ് ചികിത്സയെക്കുറിച്ച് ഒറിജിനൽ ഡോക്ടർ എഴുതുന്ന ശാസ്ത്രീയ ലേഖനം ആരും ഷെയർ ചെയ്യുകയോ, വായിച്ച് നോക്കുകയോ പോലുമില്ല. ഇതുകൊണ്ട് വ്യാജന്മാരുടെ പോസ്റ്റുകൾക്ക് എപ്പോഴും ഒറിജിനലിനെക്കാൾ കൂടുതൽ റീച്ച് ഉണ്ടാകും. ഈ സത്യാനന്തര കാലത്ത് വ്യാജവാർത്തകളെ സത്യം കൊണ്ട് ഒരിക്കലും നേരിടാൻ കഴിയില്ല എന്നാണ് എനിക്ക് തോന്നുന്നത്. നിപ്പ വൈറസ് ബാധ സ്ഥിതീകരിച്ച ഉടനെ പരിഭ്രാന്തി പരത്തുന്ന മെസേജുകളായിരുന്നു വാട്ട്സാപ്പ് നിറയെ. ഒന്നു രണ്ട് ദിവസം കഴിഞ്ഞപ്പോൾ വാട്ട്സാപ്പ് തൊഴിലാളികൾക്ക് അത് മടുത്തു. അതിനുശേഷം നിപ്പയെക്കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങൾ സർക്കാർ അടക്കം ഷെയർ ചെയ്ത് തുടങ്ങിയപ്പോൾ അത് ആർക്കും പ്രചരിപ്പിക്കാൻ താല്പര്യമില്ലാതായി. ത്രില്ലടിപ്പിക്കുന്നതും, പരിഭ്രാന്തി പരത്തുന്നതും, പൊതുബോധത്തെ പ്രീണിപ്പിക്കുന്നതും, വികാരപ്രകടനങ്ങൾ നടത്തുന്നതും, സ്ത്രീ-ദളിത് വിരുദ്ധ തമാശകൾ ഉൾക്കൊണ്ടതുമായ പോസ്റ്റുകൾക്കാണ് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കാൻ മൈലേജ് ഉള്ളത്. മതത്തിൻ്റെ ശാസ്ത്രീയവശങ്ങൾ, സെലബ്രിറ്റികളുടെ അപകടമരണങ്ങൾ, പെണ്ണുങ്ങളുടെ മണ്ടത്തരങ്ങൾ, അപകടങ്ങളുടെ വീഡിയോ റെക്കോർഡിങ്ങുകൾ എന്നിവയൊക്കെ കറങ്ങി നടക്കുമ്പോൾ ശാസ്ത്രസത്യങ്ങൾക്ക് ഇടം ഇല്ലാതെ വരുന്നു. വ്യാജ ആരോഗ്യപ്രചാരകരെ തടയാൻ ഞാനിനി ഒരു വഴിയേ കാണുന്നുള്ളൂ: കൂടുതൽ ഫേക്ക് ന്യൂസ് തള്ളിവിടുക. “അൽഭുതം കാണൂ! മരിച്ചയാളെ ഉയർത്തെണീപ്പിച്ച വടക്കാഞ്ചേരി ഡോക്ചർ പറയുന്നത് വായിക്കൂ”, “പച്ചില മാത്രം ഉപയോഗിച്ച് അഞ്ചു മിനിറ്റിൽ രക്തത്തിൽ കുളിച്ച ആളുടെ മുറിവുണക്കിയ വൈദ്യരുടെ രഹസ്യക്കൂട്ട് എന്താണ്?” എന്ന രീതിയിലുള്ള വമ്പൻ തള്ളുകൾ വാട്ട്സാപ്പിൽ ഇറക്കിവിടുക. വലിയ തള്ളുകൾക്കിടയിൽ ഇവരുടെ ചെറിയ തള്ളുകൾ നിഷ്പ്രഭമായിക്കോളും. കുറേ തള്ളുകൾ കേട്ട് മടുക്കുമ്പോൾ വാട്ട്സാപ്പിൽ വരുന്ന ഒന്നും വിശ്വസിക്കരുത് എന്ന മാനസികാവസ്ഥയിലേക്ക് ആളുകൾ മാറിക്കോളും. ചില തള്ളുകൾക്ക് മറുപടിയായി ശാസ്ത്രീയ വിശദീകരണം നൽകുന്നതിനു പകരം മറുതള്ള് ഇറക്കിയാലും മതി. ശാസ്ത്രീയ വിശദീകരണം മനസിലാകുകയോ, ഓർമ്മയിൽ നിൽക്കുകയോ ഇല്ല, പക്ഷെ തമാശയായ തള്ളോ, ട്രോളോ ഇറക്കിയാൽ കുറച്ചുകൂടി ഓർമ്മയിൽ നിൽക്കും, കൂടുതൽ റീച്ചും കിട്ടും. സുബ്രഹ്മണ്യൻ സ്വാമിയെയൊക്കെ പണ്ട് ഇങ്ങനെ അലക്കിയെടുത്തിട്ടുണ്ട്. സമം സമേന ശാന്തി (Similia Similibus Curentur) എന്ന ഹോമിയോ തത്വം മലയാളികളുടെ ഷെയറിങ് രോഗത്തിന് (മാത്രം) ഉള്ള ഉത്തമ ചികിത്സയാണ്.
പ്രകൃതിചികിത്സകൊണ്ട് ശരിക്കും പൊല്ലാപ്പിലായിരിക്കുന്നത് ആരോഗ്യപ്രവർത്തകരല്ല, കാട്ടുമൃഗങ്ങളാണ്. ഉടുമ്പിൻ്റെ ചോരയും, കരിങ്കുരങ്ങിൻ്റെ കരളും, കരടിനെയ്യും, വെള്ളിമൂങ്ങയുടെ ശരീരഭാഗങ്ങളും, കാട്ടുകോഴിയുടെ ഇറച്ചിയുമൊക്കെ കരിഞ്ചന്തയിൽ ചൂടുള്ള ഐറ്റങ്ങളാണ്. ഈ ജീവികൾ വംശമറ്റ് പോകാനുള്ള പ്രധാന കാരണവും ഇവരെ മരുന്നിനും, ആരോഗ്യ പുഷ്ടിക്കും വേണ്ടി മനുഷ്യർ കൊന്നൊടുക്കുന്നതാണ്. കണ്ടാമൃഗത്തിൻ്റെ കൊമ്പിന് ഔഷധഗുണമുണ്ടെന്ന വിശ്വാസം ചൈനയിൽ ശക്തമായതുകൊണ്ട്, ഇവയെ വ്യാപകമായി കൊമ്പിനു വേണ്ടി കൊലചെയ്യപ്പെട്ടു. ഇതിൻ്റെ പരിണിതഫലമായി ആഫ്രിക്കയിൽ റൈനോകളുടെ വളരെ എണ്ണം കുറഞ്ഞ് വന്നു. സുഡാൻ എന്ന് പേരുള്ള ആൺ റൈനോ രണ്ട് മാസം മുൻപ് മരിച്ചതോടെ വടക്കൻ വെള്ള റൈനോ എന്ന സബ്സ്പീഷീസ് തന്നെ ഉന്മൂലനം ചെയ്യപ്പെട്ടു. കരടിനെയ്യാണെന്ന് പറഞ്ഞ് പാമോയിൽ തന്നുവിടുന്ന വ്യാജരായ വ്യാജഡോക്ടർമാർ ഉണ്ടെങ്കിലും, ശരിക്കും കരടിനെയ്യ് നിയമവിരുദ്ധമായി സംഘടിപ്പിച്ചു തരുന്ന ഒറിജിനൽ വ്യാജഡോക്ടർമാരും ഉണ്ടായിരിക്കണം.
ശാസ്ത്രസത്യങ്ങൾ, പ്രത്യേകിച്ചും ആധുനിക കണ്ടുപിടുത്തങ്ങൾ വിശദീകരിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. ഇവിടെ വ്യാജൻ എന്തു ചെയ്യുന്നു എന്ന് നോക്കാം. നടന്ന കഥയാണ്. ചെവിവേദന എത്ര ചികിത്സിച്ചിട്ടും ഭേദമാകുന്നില്ല, കൂടാതെ ചെവിയിൽ നിന്ന് പഴുപ്പ് ഒലിച്ച് തുടങ്ങുകയും ചെയ്തു. രോഗിയോട് വ്യാജൻ പറഞ്ഞത്, തലയ്ക്കകത്തുള്ള പഴുപ്പൊക്കെ ചെവിയിലൂടെ പുറത്ത് വന്ന് തല ക്ലീൻ ആകുകയാണ്, ഇത് രോഗം മാറുന്നതിൻ്റെ ലക്ഷണമാണ് എന്നാണ്. എത്ര സിമ്പിളായ വിശദീകരണമാണിതെന്ന് നോക്കൂ! ഇത് കേട്ട് വിശ്വസിച്ച രോഗി അവസാനം ഗുരുതരനിലയിലാണ് പിന്നീട് മെഡിക്കൽ കോളേജിനെ സമീപിച്ചത്.
സ്വീഡനിൽ 1177.se എന്ന വെബ്സൈറ്റും, ആരോഗ്യത്തെ സംബന്ധിച്ച സംശയങ്ങൾ ചോദിക്കാനായി 1177 എന്ന മുഴുവൻ സമയ ഹെല്പ് ലൈൻ ഫോൺ നമ്പറും ഉണ്ട്. ആളുകൾക്ക് സർക്കാർ നൽകുന്ന വിവരങ്ങളെ വിശ്വാസമാണ്. അതുകൊണ്ട് വ്യാജന്മാർക്ക് ഇവിടെ യഥേഷ്ടം കയറിക്കളിക്കാനൊന്നും പറ്റില്ല. വാട്ട്സാപ്പ് തൊഴിലാളികൾ ഇവിടെയില്ലാത്തതുകൊണ്ട് വ്യാജവാർത്തകൾ പ്രചരിക്കുകയുമില്ല. ആറു മാസം മുൻപേ ഇവിടെ മീസിൽസ് ഔട്ട്ബ്രേക്ക് ഉണ്ടായപ്പോൾ എല്ലാ വാർത്തകളും വൈബ്സൈറ്റിലൂടെയും, സർക്കാർ ചാനലിലൂടെയും, റേഡിയോയിലൂടെയും പ്രക്ഷേപണം ചെയ്തു. വെബ്സൈറ്റിലും, സോഷ്യൽ മീഡിയയിലും പുതിയ വിവരങ്ങൾ അനുനിമിഷം ലഭ്യമാക്കി. കേരളത്തിലും ഇത്തരം സംവിധാനങ്ങൾ എളുപ്പത്തിൽ കൊണ്ടുവരാവുന്നതേ ഉള്ളൂ. പൊതുജനം എത്രമാത്രം വിശ്വസിക്കാൻ തയ്യാറാവും എന്നതിലേ സംശയമുള്ളൂ. ഏത് പാർട്ടിയാണ് അധികാരത്തിലിരിക്കുന്നത് എന്ന് നോക്കി സർക്കാർ തരുന്ന വാർത്ത വിശ്വസിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ആളുകളാണ് ഇവിടെയുള്ളതല്ലോ.
ചില അസുഖങ്ങൾ സ്വകാര്യമാക്കി വയ്ക്കാനും, ആരും അറിയാതെ ചികിത്സ തേടാനുമാണ് രോഗികൾക്ക് താല്പര്യം. പൈൽസ്, ലൈംഗിക രോഗങ്ങൾ, മാനസിക രോഗങ്ങൾ എന്നിവ പുറത്തു പറയാൻ കൊള്ളാത്തതും, നാണക്കേടുളവാക്കുന്നതുമായ രോഗങ്ങളാണെന്നാണ് പൊതുജനം ചിന്തിക്കുന്നത്. ഇവിടെ വ്യാജന്മാർ ഒറ്റ ദിവസത്തിനുള്ളിൽ പൂർണ്ണ സൗഖ്യം വാഗ്ദാനം ചെയ്ത് ചികിത്സയ്ക്കിറങ്ങും. കടകളുടെ രണ്ടാം നിലകളിൽ അനേകായിരം ഡോ. ഭത്രമാർ പൈൽസ് ചികിത്സ ക്ലിനിക്കുകൾ തുറക്കുന്നുണ്ടെങ്കിൽ ആളുകൾ അവിടെ ചികിത്സയ്ക്കായി ചെല്ലുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. മാനസിക രോഗങ്ങൾക്ക് കൂട്ടപ്രാർത്ഥനയും, ഹോമവും, ഊതൽ ചികിത്സയും, ജാറം മുത്തലും, ചരട് കെട്ടലും, തകിട് കുഴിച്ചിടലുമൊക്കെയാണ് ഡിമാൻ്റിലുള്ളത്. മാനസികരോഗത്തിന് സൈക്യാട്രിസ്റ്റിനെ സമീപിക്കുകയാണെങ്കിൽ ആരും അറിയാതെയും, പ്രാർത്ഥനായോഗത്തിൽ ‘സുഖപ്പെടുത്തുകയാണെങ്കിൽ’ എല്ലാവരുടെയും മുൻപിൽ വച്ചുമാണ് (അതിൻ്റെ വീഡിയോ പിടിച്ചുമാണ്) ചികിത്സിക്കുന്നത്. ഒരേ രോഗത്തിന് ചെയ്യുന്ന ആധുനികവൈദ്യ ചികിത്സയെ മറച്ചുവയ്ക്കാൻ താല്പര്യപ്പെടുന്നതും, അതേസമയം വ്യാജചികിത്സ പൊതുജനസമക്ഷം ചെയ്യുന്നതുമായ രീതിയെ അൽഭുതത്തോടെയേ എനിക്ക് കാണാൻ കഴിയുന്നുള്ളൂ.

വ്യാജ വൈദ്യൻ്റെ അടുക്കൽ ചെല്ലാനുള്ള മറ്റൊരു കാരണമാണ് പിശുക്കും, സമയക്കുറവും. കയ്യൊടിഞ്ഞ കുട്ടിയുടെ മാതാപിതാക്കൾക്ക് രണ്ട് ഒപ്ഷനാണുള്ളത് : (a) ഉഴിച്ചിലിനു കൊണ്ടുപോകുക, (b) ഡോക്ടറെ കാണിക്കുക. ഡോക്ടറെ കാണിക്കണമെങ്കിൽ ക്യൂ നിൽക്കണം, എക്സ് റേ എടുക്കണം, ഫീസ് കൊടുക്കണം, മരുന്ന് മേടിക്കണം, പ്ലാസ്റ്റർ വെട്ടാൻ ചെല്ലണം. ഉഴിച്ചിലിനു പോകുകയാണെങ്കിൽ ഒറ്റയിരുപ്പിന് പണി തീർന്നുകിട്ടും, ചിലവും കുറവ്. ഫ്രീ ചികിത്സ കിട്ടുന്ന സർക്കാർ ആശുപത്രികളെ പുച്ഛവുമാണ്. ചിലരുടെ വിചാരം ഉഴിച്ചിൽ കൊണ്ട് മാറാത്ത ചതവുകൾക്ക് മാത്രമേ ഡോക്ടറെ കാണിക്കേണ്ടതുള്ളൂ എന്നാണ്. എന്നാൽ, ഉഴിച്ചിലിൽ എല്ലിൻ്റെ സ്ഥാനം തെറ്റിയാൽ ഉണക്കം സംഭവിക്കുമ്പോൾ എല്ല് രണ്ട് കഷ്ണമായിട്ടാണ് ഉണങ്ങുക. ഇത് പിന്നീട് നേരെയാക്കിയെടുക്കണമെങ്കിൽ സർജറി വേണ്ടിവരും. പിശുക്കാൻ വേണ്ടി ചെയ്തുവച്ചത് അവസാനം കൂടുതൽ ചിലവേറിയ പരിപാടിയായി മാറുകയാണ് ചെയ്യുക. വേറൊന്ന് പ്രതിഭയോട് സംസാരിച്ചപ്പോൾ അറിഞ്ഞ കാര്യമാണ് : സാമ്പത്തികാവസ്ഥ വളരെ കുറഞ്ഞവർക്ക് അന്നന്നത്തേക്കുള്ള അരി വാങ്ങണമെങ്കിൽ അന്നന്ന് അധ്വാനിച്ചേ പറ്റൂ. ഇവർ പണിക്ക് പോകുന്ന അതേ സമയത്താണ് അർബൻ ഹെൽത്ത് സെൻ്റർ പ്രവർത്തിക്കുന്നത്. സെൻ്ററിൽ ചികിത്സ സൗജന്യമാണെങ്കിൽ പോലും ജോലിയിൽ നിന്ന് ലീവെടുത്ത് ഡോക്ടറെ കാണിക്കാൻ വരാൻ രോഗികൾ താല്പര്യപ്പടില്ല. അതേസമയം ചേരിയുടെ മൂലയ്ക്ക് ഒരു വ്യാജൻ ഇരിപ്പുണ്ട്. ഇദ്ദേഹം എപ്പോൾ രോഗികൾ വന്നാലും ചികിത്സിക്കും, മരുന്നും അവിടെനിന്നു തന്നെ കൊടുക്കും. വെറും ഇരുപത് രൂപയാണ് ഫീസ്. ഇദ്ദേഹത്തിന് നാട്ടുകാരെ നേരിട്ടറിയാം. ഇത് കാരണം രോഗികൾ വ്യാജൻ്റെ അടുക്കൽ ചികിത്സിക്കാനാണ് താല്പര്യപ്പെടുന്നത്. രണ്ട് രൂപയ്ക്ക് ഓ.പി ടിക്കറ്റ് എടുത്ത് ചികിത്സിക്കാനുള്ള സംവിധാനം കേരളത്തിലുണ്ട്. ഇതു കാരണം ഉത്തരേന്ത്യയിലുള്ളതുപോലെ ദാരിദ്ര്യമാണ് വ്യാജന്മാരെ വളർത്തുന്നത് എന്നത് ഞാൻ വിശ്വസിക്കില്ല. വിദ്യാഭ്യാസമുണ്ടെങ്കിലും തലച്ചോറ് പണയം വച്ച ജനതയാണ് വ്യാജന്മാരെ വളർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് എന്ന് ഇതിനകം മനസിലായിക്കാണുമല്ലോ.
ഈ സീരീസിലെ മറ്റു പോസ്റ്റുകൾ:
1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?
2. ഏത് വിഷയത്തിൽ പി.ജി എടുക്കണം?
3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്?
4. ഡോക്ടർ ചിന്തിക്കുന്നത് എങ്ങനെയാണ്?
കുറിപ്പ്: ഈ ബ്ലോഗ് swethaambari.com എന്ന ഡൊമൈനിലേക്ക് മാറ്റിയിട്ടുണ്ട്. പഴയ ലിങ്കുകൾ മാറ്റമില്ലാതെ തുടരും. പുതിയ സബ്സ്ക്രിപ്ഷൻ പ്ലാനിലേക്ക് മാറിയതോടെ ഇനി മുതൽ വേഡ്പ്രസ് വക പരസ്യങ്ങൾ ബ്ലോഗിൽ ഉണ്ടായിരിക്കുന്നതല്ല.
എഴുത്ത് നന്നാവുന്നുണ്ട്…. അഭിനന്ദനങ്ങൾ…
വളരെ നന്ദി, സർ.
[…] […]
രോഗി അടുത്ത ചെന്നിരിക്കുമ്പോള് തന്നെ രോഗിയെ നോക്കുക പോലും ചെയ്യാതെ ഒരു കൈയ്യിലെ
വാട്സാപ്പിലേയ്ക്ക് ശ്രദ്ധിച്ചുകൊണ്ട് മരുന്നെഴുതുന്ന ചെറിയ വിഭാഗം ഡോക്ടര്മാര് ഉണ്ടല്ലോ.
വാട്ട്സാപ്പിൽ നോക്കുന്ന ഡോക്ടർമാർ ഉണ്ട്. ഓ.പിയിൽ ഇരിക്കുമ്പോഴും ഐ.സി.യുവിൽ കിടക്കുന്ന രോഗികളുടെ ടെസ്റ്റ് റിസൾട്ടുകളൊക്കെ ഐ.സി.യു സ്റ്റാഫ് വാട്ട്സാപ്പിലെ ഗ്രൂപ്പിൽ ആണ് അപ്ഡേറ്റ് ചെയ്യാറ്. നോക്കാതെ മരുന്നെഴുതിയിട്ടുണ്ടെങ്കിൽ ഇതേക്കുറിച്ച് നേരിട്ട് ഡോക്ടറോട് സംസാരിക്കണം എന്നാണ് എനിക്ക് തോന്നുന്നത്.
ഉവ്വ ഉവ്വ.സമ്മതിച്ചു.
ഒരു ബ്ലോഗ്സ്പോട്ട് ഐഡി കൂടി ഉണ്ടാകക്കൂ ട്ടോ…………
[…] […]
[…] […]
[…] […]
[…] […]
[…] […]
[…] […]
[…] […]
[…] […]
[…] […]
[…] […]
[…] […]
[…] […]