ഡോക്ടർമാർക്ക് ചില വ്യത്യസ്ത ജോലിസാദ്ധ്യതകൾ

ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിൽ ഏറ്റവും ജോലിസാദ്ധ്യതയുള്ളത് ഡോക്ടർക്കു തന്നെ എന്നതിൽ എനിക്ക് സംശയമില്ല. എന്നാൽ, ജോലി മാത്രം പോരല്ലോ. അർഹിക്കുന്ന ശമ്പളവും, നല്ല ജോലിസാഹചര്യങ്ങളും, പഠിച്ച കാര്യങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള സാഹചര്യങ്ങളും, നൈറ്റ് ഡ്യൂട്ടിക്ക് തക്കതായ പ്രതിഫലവർദ്ധനയും ഒക്കെ വേണം. ചെയ്യുന്ന ജോലിയിൽ സംതൃപ്തി കിട്ടുന്നില്ലെങ്കിലും, മോശം ജോലിസാഹചര്യങ്ങളാണെങ്കിലുമൊക്കെ ചിലപ്പോൾ ജോലി ഉപേക്ഷിക്കേണ്ടി വന്നേക്കാം. കൂണുപോലെ മെഡിക്കൽ കോളേജുകൾ അനുവദിക്കുകയാണെങ്കിൽ നമ്മൾ തൊഴിൽരഹിതരായേക്കാം. അതുകൊണ്ട് ഡോക്ടർമാർ ശോഭിക്കാൻ സാധ്യതയുള്ള മറ്റ് ജോലികളാണ് ഈ പോസ്റ്റിൽ പരിചയപ്പെടുത്തുന്നത്. ഗവേഷണം, സിവിൽ സർവീസ്, ഹോസ്പിറ്റൽ മാനേജ്മെൻ്റ്, ഇൻഷുറൻസ് – ലീഗൽ കമ്പനികളിൽ മെഡിക്കൽ അഡ്വൈസിങ്, ഹെൽത്ത് ബിസ്നസ് അനാലിസിസ്, ക്ലിനിക്കൽ ട്രയൽ മാനേജ്മെൻ്റ്, ഹെൽത്ത് ജേണലിസം, പുസ്തകമെഴുത്ത് എന്നിവയൊക്കെ പലരും പയറ്റിത്തെളിഞ്ഞ ഏരിയകളാണ്. ഇതിൽ നിന്നൊക്കെ വിട്ട്, അല്പം വ്യത്യസ്തമായ മേഖലകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഈ ലിസ്റ്റിലെ ഒരു ജോലി തിരഞ്ഞെടുത്തശേഷം നിങ്ങൾക്ക് ധനനഷ്ടമോ, ശാരീരിക-മാനസിക പ്രശ്നങ്ങളോ ഉണ്ടായാൽ ഞാൻ ഉത്തരവാദിയായിരിക്കുന്നതല്ല 🙂

1. കൊട്ടേഷൻ ടീം ലീഡർ : കേരളത്തിൽ വളരെ സ്കോപ്പുള്ള ജോലിയാണ്. മെഡുല്ല ഒബ്ളങ്കാറ്റ നോക്കി തലയ്ക്കടിക്കാനും, സ്പ്ലീൻ നോക്കി ചവിട്ടാനും, ലിവറിൽ കത്തി കുത്തിയിറക്കാനുമൊക്കെ അറിയുന്നവരെ കൊട്ടേഷൻ സംഘങ്ങൾ റിക്രൂട്ട് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഇതിനുള്ള തയ്യാറെടുപ്പ് ഒന്നാം വർഷം അനാട്ടമി മുതൽ തുടങ്ങിയിരിക്കണം. രണ്ടാം വർഷം ഫോറൻസിക് മെഡിസിൻ, പിന്നീട് സർജറി എന്നിവയൊക്കെ കൃത്യമായി പഠിച്ചിരിക്കണം. ഏതൊരു സ്പെഷ്യലിസ്റ്റിനെക്കാളും കൂടുതൽ ആകർഷകമായ ശമ്പള പാക്കേജ് ഈ ജോലിക്ക് ലഭിക്കും. മെഡിസിൻ പഠിക്കുന്നതിനൊപ്പം തന്നെ നാടൻ തല്ലും പഠിക്കാൻ പോകുന്നത് നല്ലതാണ് – ഇരയെ അടിച്ച് നിരപ്പാക്കാൻ ഇത് അത്യാവശ്യവുമാണ്. ജോലി കിട്ടിയാൽ പിന്നെ മാസത്തിൽ ഒന്നോ രണ്ടോ ദിവസം മാത്രം പണിക്ക് പോയാൽ മതിയാവും. കൂടാതെ, മുൻനിര നേതാക്കൾ, പോലീസുകാർ, ദിലീപേട്ടൻ എന്നിവരുമായി സുഹൃദ്ബന്ധവും ഉണ്ടാക്കിയെടുക്കാം. ഈ ആശയം കടമെടുത്തിരിക്കുന്നത് കുഞ്ഞാലി കുട്ടിയുടെ പോസ്റ്റിൽ നിന്നാണ്.

2. പ്രസവരക്ഷ, ബേബി സിറ്റിങ്, വയറ്റാട്ടി : നല്ല ഡിമാൻ്റുള്ള പ്രൊഫഷനാണ്. നാചുറൽ ബർത്ത് എന്ന് കേൾക്കേണ്ട താമസം ജനം ഓടിക്കൂടിക്കോളും. ഗൈനക്കോളജി/ഒബ്സ്റ്റട്രിക്സ് ഒക്കെ പഠിച്ചതായതുകൊണ്ട് ലേബർ സമയത്ത്  കോമ്പ്ലിക്കേഷനുകൾ മുന്നിൽ കണ്ട് നേരത്തേ റെഫർ ചെയ്യാൻ പറ്റും. പ്രസവരക്ഷ എന്നൊരു പരിപാടിയുണ്ട്. പ്രസവശേഷം 40 മുതൽ 90 ദിവസം വരെ ഉള്ള കാലഘട്ടത്തിൽ അമ്മയെയും കുഞ്ഞിനെയും വീട്ടിൽ വച്ച് പരിചരിക്കുന്ന പരിപാടിയാണിത്. കുഞ്ഞിന് തേനും വയമ്പും കലക്കിക്കൊടുക്കുക, അമ്മയുടെ വയറ് ചാടാതിരിക്കാൻ തുണി മുറുക്കി ചുറ്റി കെട്ടി കൊടുക്കുക, ലേഹ്യമെന്ന പേരിൽ നെയ്യിൽ കലക്കിയ പച്ചമരുന്നുകൾ കൊടുക്കുക, അമ്മയെയും കുഞ്ഞിനെയും കുഴമ്പു തേപ്പിച്ച് കിടത്തുക, സ്വർണ്ണമോതിരം ഉരച്ച് കുഞ്ഞിനെ കഴിപ്പിക്കുക, നവജാതശിശുവിനെ പുണ്യജലം കുടിപ്പിക്കുക എന്നീ അശാസ്ത്രീയ പ്രവർത്തനങ്ങൾ ചെയ്തുകൊടുക്കുക എന്നതാണ് പ്രധാന ജോലികൾ. കുഞ്ഞിനെ പരിചരിക്കുന്ന ബേബിസിറ്റിങ്ങും ട്രൈ ചെയ്യാവുന്നതാണ്. പീഡിയാട്രിക്സ് നന്നായി പഠിച്ചിരിക്കണം എന്നു മാത്രം.

3. അന്തിച്ചർച്ച തൊഴിലാളി : സീരിയൽ കാണാത്ത മലയാളികൾക്ക് സീരിയലിനോട് ഒപ്പത്തിനൊപ്പം നിൽക്കുന്ന എൻ്റർടൈന്മെൻ്റ് നൽകുന്നത് അന്തിച്ചർച്ചകളാണ്. പൈസ കിട്ടുന്ന ജോലിയല്ലെങ്കിലും ഭാവിയിൽ ഇലക്ഷനിൽ മത്സരിക്കണമെങ്കിലോ, ബുദ്ധിജീവിയായി പേരെടുക്കണമെങ്കിലോ ഈ ജോലിസാധ്യത പരിഗണിക്കാവുന്നതാണ്. ഈ ജോലി ചെയ്യണമെങ്കിൽ പ്രത്യേകിച്ച് ഒരു വിഷയത്തിലും വിവരം ഉണ്ടാവേണ്ടതില്ല. വികാരഭരിതനായി സംസാരിക്കാനും, ആക്രോശിക്കാനും, സിനിമാ സ്റ്റൈൽ ഡയലോഗുകൾ പറയാനും അറിഞ്ഞിരിക്കണം. പ്രത്യേകിച്ച് ന്യൂസ് ഒന്നും ഇല്ലാത്ത ദിവസങ്ങളിൽ വിവാദപ്രസ്താവനകൾ നടത്താൻ അറിയുന്നവർക്ക് മുൻഗണനയുണ്ട്. എന്നാൽ ഡോ. ജിനേഷ് പി.എസ്, പ്രൊഫ. മോഹൻ ദാസ് എന്നിവരെപ്പോലെ ചാനലുകളിൽ യുക്തിസഹവും, ശാന്തവുമായി സംസാരിക്കുന്നവർക്ക് ജോലിസാധ്യത തീരെ ഇല്ല.

4. മരുന്ന് മാഫിയ : മരുന്ന് മാഫിയ എന്ന ചെളിവെള്ളത്തിൽ എല്ലാ ഡോക്ടർമാരുടെയും കാല് ഒരിക്കലെങ്കിലും നനഞ്ഞിട്ടുണ്ടാകും. ഇനി മുതൽ ശരിക്കും മരുന്ന് മാഫിയയായി കുളിച്ച് കയറാം. സ്വന്തം മരുന്നുഷാപ്പ്, ലാബ് എന്നിവയൊക്കെ നടത്താം. ‘ബൈ വൺ ഗെറ്റ് വൺ ഫ്രീ’ ഓഫർ കൊടുക്കാം. പനിയുള്ള നാല് പേരെ ക്ലിനിക്കിലെത്തിച്ചാൽ നൂറു രൂപയുടെ മരുന്നുകൾ ഫ്രീ ആയി നൽകുന്ന ഓഫർ കൊടുക്കാം. ഇംഗ്ലിഷ് വായിക്കാൻ അറിയാത്തവർക്ക് എക്സ്പയറി ഡേറ്റ് കഴിഞ്ഞ മരുന്നുകൾ കൊടുത്തുവിടാം. ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട മരുന്നുകൾ കടലാസുപെട്ടിയിലാക്കി തട്ടിൻ പുറത്ത് കയറ്റി വച്ചിട്ട് ഫ്രിഡ്ജ് ഓഫാക്കിയിട്ട് കരണ്ട് ലാഭിക്കാം. കമ്യൂണിസ്റ്റ് പച്ച കലക്കി മുടി വളരാനുള്ള ഷാമ്പുവും, ഉരുളക്കിഴങ്ങും മഞ്ഞളും അരച്ചെടുത്ത് വെളുക്കാനുള്ള ക്രീമും ഉണ്ടാക്കി വിൽക്കാം. പ്രകൃതിയിൽ നിന്നും നേരിട്ട് കിട്ടിയതാണെന്ന രീതിയിലുള്ള പേരും പ്രൊഡക്റ്റിന് ഇടണം എന്നത് നിർബന്ധമാണ്. ചാണകം കലക്കി ഹെൽത്ത് ഡ്രിങ്കായി വിറ്റ് പണം ഉണ്ടാക്കുന്നവരെ പൊതുജനത്തിനു ബഹുമാനവും, ചെയ്യുന്ന ജോലിക്ക് മാന്യമായ ഫീസ് മേടിക്കുന്ന ഡോക്ടർമാരെ പൊതുജനത്തിന് വെറുപ്പും ആണ് എന്നത് അറിയാമല്ലോ.

5. ചവറ് പെറുക്കൽ : ചിരിച്ചു തള്ളാൻ വരട്ടെ. നിപ്പാ വൈറസ് ബാധയുണ്ടായപ്പോൾ വാർഡിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് മാസ്ക് കൊടുത്തിരുന്നു. ഇവര് വഴിയിലൊക്കെ തങ്ങളുടെ മാസ്ക് വലിച്ചെറിഞ്ഞതിൻ്റെ ഫോട്ടോ കണ്ട് എനിക്ക് ഒട്ടും അൽഭുതം തോന്നിയില്ല. ഇതുപോലെ മരുന്നുകുപ്പികൾ, രോഗികളുടെ രക്തവും വിസർജ്യങ്ങളും തുടച്ച തുണികൾ എന്നിവയൊക്കെ ലാവിഷായി വലിച്ചെറിയുന്നവരാണ് മലയാളികൾ. നിപ്പ രോഗികളുടേത് പോലെയുള്ള അപകടമേറിയ വേസ്റ്റ്, ഡിസ്പോസ് ചെയ്യാൻ ആരും തയ്യാറായെന്ന് വരില്ല. നിപ്പ രോഗികളെ പരിശോധിക്കുന്ന ഡോക്ടർക്ക് ഇത് പകരുന്നത് തടയുന്നതെങ്ങനെ എന്ന് കൃത്യമായി അറിയാവുന്നതുകൊണ്ട് ചവറു പെറുക്കുന്ന ജോലി ഏറ്റെടുക്കാം. നിപ്പ പകർച്ചയുടെ പ്രത്യേക അടിയന്തരാവസ്ഥ കണക്കിലെടുത്ത് ഡോക്ടർമാർക്ക് ശവമടക്ക് തൊഴിലാളികളായും പ്രവർത്തിക്കാവുന്നതാണ്. സാധാരണ മരണങ്ങൾ പോലും നിപ്പ ഭീതികാരണം അടക്കം ചെയ്യാൻ തൊഴിലാളികളെ കിട്ടുന്നില്ല എന്നു കേട്ടു. (നിപ്പ ഭീഷണിയിലും ഊണും, ഉറക്കവും മാറ്റിവച്ച് രോഗികളെ പരിചരിച്ച്, കൃത്യമായ ചികിത്സാവിധി ഇല്ലാഞ്ഞിട്ടും രോഗബാധിതരായ രണ്ടു പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ ജീവനക്കാരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല). ചവറു പെറുക്കൽ ജോലിക്ക് ഏറ്റവും ജോലിസാധ്യതയുള്ളത് ജെ.എൻ.യുവിലാണ്. ഇവിടെ കോണ്ടം പെറുക്കുന്നതിൻ്റെ കണക്കെടുത്ത് കൊടുത്താൽ നാഗ്പൂരിലോ മറ്റോ സ്ഥിരജോലി കിട്ടുമെന്ന് ഒരു കരക്കമ്പി കേട്ടു.

Colorful_Recycling_Containers_for_Trash
പൊതുസ്ഥലത്തെ മാലിന്യവർഗ്ഗീകരണപ്പെട്ടികൾ. കേരളത്തിൽ ഇത്തരം സംരംഭങ്ങൾ അത്യാവശ്യമാണ്. കടപ്പാട്: ഇപ്സോസ്, സി.സി-ബൈ-എസ്.എ. വിക്കിമീഡിയ കോമൺസ്

 

6. കല്യാണമുണ്ണി : ഡോക്ടർമാർക്ക് സൈഡ് ബിസ്നസ് ആയി കല്യാണമുണ്ണിയാകാവുന്നതാണ്. ഡോക്ടർമാരെ നേരിട്ടറിയുക എന്നത് പലർക്കും ഇപ്പോഴും അഭിമാനമാണ്. ചെറിയ പരിചയം മാത്രം ഉള്ളവരിൽ നിന്ന് പോലും വിവാഹക്ഷണക്കത്ത് കിട്ടും. പാലുകാച്ചൽ, നൂലുകെട്ട് പരിപാടികൾക്കും ഡോക്ടർ ചെന്നാൽ വലിയ സ്വീകാര്യതയാണ്. വേണമെങ്കിൽ ചെല്ലുമ്പോൾ ഒരു സ്റ്റെതസ്കോപ്പും കഴുത്തിൽ തൂക്കിയിടാം. എന്നാൽ, പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ നേരവും, ചുറ്റുമുള്ളവരുടെ ചൊറിക്കുത്തും ചെന്നിക്കുത്തുമൊക്കെ ഫ്രീയായി ചികിത്സിച്ച് കൊടുക്കേണ്ട ബാധ്യതയുണ്ടാകും. പിരുപിരുപ്പുള്ള കുട്ടികളെ അടക്കി നിർത്താൻ വേണ്ടി, “വഴക്കാളിക്കുട്ടികളെ ഈ ഡോക്ടറാൻ്റി സൂചിവയ്ക്കും” എന്നൊക്കെ നമ്മളെ ചൂണ്ടിക്കാണിച്ചിട്ട് അമ്മമ്മാർ പറയും. എൻ്റെ ഒരു ലുക്ക് കണ്ടാൽ തീരെ ‘ഗെറ്റപ്പ്’ ഇല്ലാത്തതുകൊണ്ട് ഇതുവരെ ഒരു ഇത്തിരിക്കുഞ്ഞ് പോലും പേടിച്ചിട്ടില്ല എന്നത് വേറെ കാര്യം.

കല്യാണത്തിനു പോകുന്നത് എനിക്ക് പൊതുവേ ഇഷ്ടമുള്ള പരിപാടിയാണ്. നാട്ടിലെ ഏറ്റവും പുതിയ പരോപകാരകിംവദന്തികൾ എന്താണെന്ന് കല്യാണവീട്ടിൽ ചെന്നാൽ അറിയാം. കുട്ടികളെ പിടിച്ചുകൊണ്ടുപോകുന്ന നാടോടിസ്ത്രീകൾ ആരൊക്കെയാണ്, ചന്ദനമഴ സീരിയലിലെ നായിക ഇപ്പോൾ ആരെയാണ് പ്രണയിക്കുന്നത്, പുതിയ മരുമകൾ ബിരിയാണിയിൽ എത്ര ഇറച്ചിമസാല ചേർത്തു, അയൽവക്കത്തെ അമ്മായി കുശുമ്പ് കാണിക്കുന്നത് എന്തിനാണ്, എൽ.കെ.ജിയിൽ പഠിക്കുന്ന കൊച്ചുമോന് എത്ര മാർക്കിൻ്റെ വ്യത്യാസത്തിലാണ് റാങ്ക് നഷ്ടമായത്, ഗൾഫിലുള്ള മരുമോൻ എത്ര പൈസ ഉണ്ടാക്കുന്നുണ്ട്, നാട്ടിലെ റിയൽ എസ്റ്റേറ്റ് മാർക്കറ്റ് ഇപ്പോൾ ലാഭത്തിലാണോ, പിണറായി സർക്കാർ അടുത്ത പ്രാവശ്യം അധികാരത്തിൽ വരുമോ എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുന്നത് കല്യാണവീടുകളിൽ മാത്രമാണ്. ഹെൽത്ത് എഡ്യുക്കേഷന് ഏറ്റവും അധികം സാധ്യത ഉള്ളത് ഇവിടങ്ങളിലായതുകൊണ്ട്, ആരെങ്കിലും എന്തെങ്കിലും രോഗത്തെക്കുറിച്ച് സംശയം ചോദിച്ചാൽ ഒരു ഹെൽത്ത് ക്ലാസ് നടത്തിയിട്ടേ ഞാൻ അവരെ വെറുതേ വിടാറുള്ളൂ. ഇപ്പോൾ സ്വീഡിഷ് പരിഷ്കാരിയായി മാറിയതിൽ പിന്നെ, വർഷത്തിൽ ഒരു തവണ മാത്രം നാട്ടിൽ വരുന്നതുകൊണ്ട് എനിക്ക് നാട്ടിലുള്ള കല്യാണങ്ങളിൽ പങ്കെടുക്കാൻ പറ്റുന്നില്ല. അതുകൊണ്ട് പരോപകാരകിംവദന്തികൾ അറിയാൻ ഇപ്പോൾ വാട്ട്സാപ്പ് ആണ് ഉപയോഗിക്കുന്നത്.

7. കോൺഫ്ലിക്റ്റ് മാനേജർ : ചികിത്സയ്ക്ക് വന്ന രോഗി ഡോക്ടറെ തല്ലുന്നത് സ്ഥിരം ചടങ്ങായി മാറിയിട്ടുണ്ടല്ലോ. ഇവിടെയാണ് കോൺഫ്ലിക്റ്റ് മാനേജറുടെ പ്രസക്തി. തല്ലു കിട്ടും എന്ന് സംശയിക്കുന്ന വേളയിൽ ഡ്യൂട്ടി ഡോക്ടർ കോൺഫ്ലിക്റ്റ് മാനേജറെ വിളിക്കുന്നു. കോൺഫ്ലിക്റ്റ് മാനേജർ രോഗിയോട് അനുനയത്തിൽ സംസാരിച്ച്, ഡാർക്കായിരുന്ന സീൻ ലൈറ്റാക്കി മാറ്റുന്നു. മോബ് വയലൻസിൽ നിന്നും ഡോക്ടറുടെ തടി കേടാകാതെ രക്ഷപെടുത്തുന്ന വളരെ സെൻസിറ്റീവ് ആയ ജോലിയാണിത്.

8. കൊതുകുപിടുത്തം : മലയാളികൾ വേസ്റ്റ് ഒരു പ്ലാസ്റ്റിക് കവറിൽ ആക്കി, തലയിൽ മുണ്ടും ഇട്ട്, രാത്രി ബൈക്കിൽ പുറത്തിറങ്ങും. ആരെയും പുറത്ത് കാണാത്ത ഇടം നോക്കി കവർ എറിഞ്ഞ് കളയും. ഒരാൾ വേസ്റ്റ് എറിഞ്ഞാൽ ബാക്കിയുള്ളവരും കൂടി അവിടെത്തന്നെ വേസ്റ്റ് എറിയും. അങ്ങനെ അവിടം ഒരു ചവറുകൂന രൂപപ്പെട്ടുവരും. ഇവിടെ കൊതുക് വളർന്നും, പട്ടി നക്കിയും, ദുർഗന്ധം വമിപ്പിച്ചും വേസ്റ്റ് കുറേക്കാലം കിടക്കും. ഈ വേസ്റ്റിൽ വളർന്ന കൊതുക് ഡെങ്കു പരത്തുമ്പോൾ ആളുകൾ കൂട്ടം കൂട്ടമായി ആശുപത്രിയിലേക്ക് വരും. ഇവരെ ചികിത്സിക്കുന്നതിലും സമയലാഭം ഡോക്ടർമാർ നേരിട്ട് ഫീൽഡിൽ ഇറങ്ങി കൊതുകുനിർമാർജനം നടത്തുന്നതാണ്. അതിലും എളുപ്പം നേരത്തെ പറഞ്ഞതുപോലെ വേസ്റ്റ് പെറുക്കുന്നതാണ്. അതിലും എളുപ്പം നാട്ടുകാരെ ബോധവൽക്കരിക്കുന്നതാണ് എന്ന് കൂടി ഞാൻ പറയുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത് – ഈ വിഷയത്തിൽ മലയാളികളെ ബോധവൽക്കരിച്ച് നന്നാക്കാൻ ഒരിക്കലും കഴിയില്ല.

9. കല്യാണബ്രോക്കർ : മെഡിക്കൽ കോളേജിൽ പഠിക്കുമ്പോഴേ ചെയ്യാവുന്ന സൈഡ് ബിസിനസ് ആണിത്. സീനിയർ ചേട്ടന്മാർ ജൂനിയർ പെൺകുട്ടികളെ ഭാവി വധുവാക്കാൻ കണ്ണുവയ്ക്കും. പക്ഷെ, ഈ പെൺകുട്ടിക്ക് ‘അടക്കവും ഒതുക്കവും’ ഉണ്ടോ, സദാചാരിയാണോ എന്നൊക്കെയുള്ള സംശയം ബാക്കിയുള്ളതുകൊണ്ട് അതേ ക്ലാസിൽ പഠിക്കുന്ന ഒരു ‘കല്യാണബ്രോക്കറെ’ വിളിച്ച് ഈ കുട്ടിയുടെ സദാചാരചരിത്രം ചോദിക്കും. അതും പോരാഞ്ഞ്, ഈ പെൺകുട്ടിക്ക് കഷണ്ടിത്തലയുള്ളവരെ ഇഷ്ടമാണോ, സർജറി പി.ജി ഉള്ളവരെ ഇഷ്ടമാണോ മുതലായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ട ഡ്യൂട്ടി ഈ കല്യാണബ്രോക്കറുടേതാണ്. സീനിയറും, ജൂനിയറും തമ്മിലെ അന്തർധാര സജീവമാകുന്നതുവരെ അവർ തമ്മിലുള്ള സന്ദേശങ്ങൾ കൈമാറുന്ന ഹംസമായി പ്രവർത്തിക്കുന്നതും ഈ കല്യാണബ്രോക്കർ ആണ്. സീനിയർ-ജൂനിയർ ബന്ധങ്ങളിലാണ് ബ്രോക്കറെ ആവശ്യമുള്ളത്. ഒരേ ബാച്ചിൽ നിന്നും വിവാഹം കഴിക്കുന്നവർക്ക് തമ്മിൽത്തമ്മിൽ എല്ലാ ചരിത്രവും അറിയാമെന്നതുകൊണ്ട് ബ്രോക്കറുടെ ആവശ്യമില്ല. ബ്രോക്കർ ജോലി ചെയ്യുന്നതിന് പണം കിട്ടില്ലെങ്കിലും ലക്ഷ്വറി റെസ്റ്ററൻ്റിൽ നിന്നും ഭക്ഷണം കിട്ടും.

10. ഡിഫൻസീവ് മെഡിസിൻ കൺസൾട്ടൻ്റ് : ഡോക്ടർകെതിരെ രോഗി കേസുകൊടുത്തു എന്ന വാർത്ത സാധാരണമായി വരുന്നുണ്ടല്ലോ. ഇവിടെയാണ് ഡിഫൻസീവ് മെഡിസിൻ കൺസൾട്ടൻ്റിൻ്റെ ജോലി. അപൂർവ്വമായ സിറ്റുവേഷനുകളിൽ പ്രത്യേകിച്ച് ഗൈഡ്ലൈൻസ് ഒന്നും ഇല്ലാത്ത അവസ്ഥയിൽ തങ്ങളുടെ സാമാന്യബോധം ഉപയോഗിച്ച് ചികിത്സിക്കുന്നതിനു മുൻപ് ഡിഫൻസീവ് മെഡിസിൻ കൺസൾട്ടേഷൻ നടത്തേണ്ടതാണ്. ഇങ്ങനെ ചെയ്യാത്തപക്ഷം, രോഗിയുടെ അസുഖം ഭേദപ്പെട്ടില്ലെങ്കിൽ, കോടതി കയറേണ്ടി വരും. ഏത് പുസ്തകം റെഫർ ചെയ്തിട്ടാണ് നിപ്പാവൈറസിന് m102.4 ആൻ്റീബോഡി കൊടുക്കാൻ തീരുമാനിച്ചത് എന്നൊക്കെ വക്കീൽ ചോദിക്കും. പ്രത്യേകിച്ച് ഗൈഡ്ലൈൻസ് ഒന്നും ഇല്ലാത്തതുകൊണ്ട് കോമൺ സെൻസ് ഉപയോഗിച്ച് അറ്റകൈ പ്രയോഗം നടത്തിയതാണെന്ന് നുമ്മ പറയും. തോന്നിയപോലെ ചികിത്സിച്ചതിന് ചികിത്സാപിഴവ് ആരോപിച്ച് നമ്മളെക്കൊണ്ട് പിഴയടപ്പിക്കും. ചികിത്സിക്കുന്നതിനേക്കാൾ പ്രധാനം ഡോക്യുമെൻ്റേഷനാണെന്നും, ഡോക്യുമെൻ്റ് ചെയ്തില്ലെങ്കിൽ പണികിട്ടുമെന്നുമൊക്കെ ഉദാഹരണസഹിതം പഠിപ്പിച്ചുതരുന്നതും ഡിഫൻസീവ് മെഡിസിൻ കൺസൾട്ടൻ്റ് ആണ്.

11. സദാചാര അപ്പൂപ്പൻ : അറുപതിനോടടുത്ത പുരുഷഡോക്ടർമാർക്ക് പറ്റിയ പണിയാണ്. സ്കൂളുസ്കൂളാന്തരം നടന്ന് പിഞ്ചുകുട്ടികളിൽ സദാചാരബോധം വളർത്തുന്ന ജോലിയാണിത്. ഡോക്ടർ എന്ന ടൈറ്റിൽ ഉള്ളതുകൊണ്ട്, ജീൻസിട്ടാൽ യൂട്രസ് ചാടിപ്പോകും എന്ന കല്ലുവച്ച നുണകളൊക്കെ ഇറക്കിയാലും നാട്ടുകാർ വിശ്വസിച്ചോളും. ലളിതവസ്ത്രധാരികളും, സ്ഥിരബുദ്ധി ഇല്ലാത്തവരും, തലനരച്ചവരും, ഇല്ലാക്കഥ നിമിഷനേരം കൊണ്ട് ഉണ്ടാക്കാൻ കഴിയുന്നവരുമാണ് ഈ ജോലിയിൽ ശോഭിക്കുക (വിവരണം കേട്ടിട്ട് ആരെയെങ്കിലും ഓർമ്മ വരുന്നുണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികമല്ല). ഇതേരീതിയിൽ ആത്മീയ നേതാവും ആകാവുന്നതാണ്. ഭർത്താാവ് നാല് നിക്കാഹ് കഴിക്കുന്നത് അനുവദിച്ച് കൊടുക്കാത്ത പെണ്ണുങ്ങളെ പരലോകം കാണിക്കാൻ നീ എയിഡ്സ് വൈറസിനെ ദുനിയാവിലേക്കയച്ചുവല്ലോാാാാാ..(വയള് ട്യൂണിൽ വായിക്കുക) എന്നൊക്കെ തള്ളിവിടാവുന്നതാണ്. ചികിത്സയോടൊപ്പം കെട്ടിപ്പിടിക്കുകയും ഉമ്മ കൊടുക്കുകയും ചെയ്യുന്ന പരിപാടിയും പയറ്റിനോക്കാവുന്നതാണ്.

12. ആട് മേയ്ക്കൽ : ഐസിസിൽ ചേരാനായി പോയവരിൽ ഡോക്ടറും ഉണ്ടായിരുന്നു എന്ന വാർത്ത കേട്ടുകാണുമല്ലോ. വിവരവും വിദ്യാഭ്യാസവും ഉള്ള ഡോക്ടർ എങ്ങനെ ഇത്തരം ബുദ്ധിശൂന്യമായ തീരുമാനങ്ങൾ എടുക്കുന്നു എന്ന് നിങ്ങൾ അൽഭുതപ്പെട്ടേക്കാം. മെഡിസിൻ പഠിക്കുന്ന/പഠിപ്പിക്കുന്ന രീതി ശാസ്ത്രീയമനോവൃത്തി ഉണ്ടാക്കാൻ ഒന്നും ചെയ്യുന്നില്ല എന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഉദാഹരണം പറയാം. ഒരു പ്രീ സ്കൂൾ കുട്ടിയെ ഒരു ദിവസം കുട്ടികൾ കളിക്കുന്ന പാർക്കിൽ കൊണ്ടുപോയി. പാർക്കിൽ എത്തിയതും കുട്ടി, കൊച്ചു ടി.വിയിൽ കേട്ടുപഠിച്ച ഡയലോഗ് ഉടൻ എടുത്ത് പ്രയോഗിച്ചു : “നോക്കൂ അമ്മേ, ഈ ഉദ്യാനത്തിൽ അതാ കുട്ടികൾ സന്തോഷത്തോടെ കളിച്ചുകൊണ്ടിരിക്കുന്നു”, എന്ന്. (ഗൂഗിൾ പ്ലസ്സിൽ പണ്ട് കേട്ട തമാശയാണ്. ആരാണ് ഷെയർ ചെയ്തത് എന്നത് ഓർമ്മയില്ലാത്തതുകൊണ്ട് കടപ്പാട് വയ്ക്കാൻ കഴിയുന്നില്ല) ഇതുപോലെയാണ് മെഡിക്കൽ വിദ്യാഭ്യാസത്തിൻ്റെ അവസ്ഥ. പാർക്കിലെ കുട്ടി പറഞ്ഞത് മുഴുവനും തത്വത്തിൽ ശരിയാണെങ്കിലും, അത് എങ്ങനെയാണ് പഠിച്ചെടുത്തത് എന്നതിലാണ് കുഴപ്പം കിടക്കുന്നത്. ലാബ് പഠനവും, ക്ലിനിക്കൽ പോസ്റ്റിങ്ങുകളും ആവോളമുണ്ടെങ്കിലും അവസാനം പരീക്ഷയുടെ തലേദിവസങ്ങളിൽ വിദ്യാർത്ഥികൾ തലയ്ക്കകത്ത് വിവരം സ്റ്റോർ ചെയ്യുന്നത് കാഴ്ച്ചക്കുറവിനുള്ള അഞ്ച് കാരണങ്ങളെന്തെല്ലാം എന്ന രീതിയിൽ കാണാപ്പാഠം പഠിച്ചുകൊണ്ടാണ്. ക്ലിനിക്കൽ പോസ്റ്റിങ്ങിൽ കാണുന്നതും, പുസ്തകത്തിൽ പഠിക്കുന്നതുമായി കൃത്യമായി കോറിലേറ്റ് ചെയ്യാൻ പലർക്കും കഴിയാറില്ല. ഇങ്ങനെ കേവലബുദ്ധി പ്രയോഗിച്ച് ശാസ്ത്രം പഠിച്ചെടുക്കുമ്പോൾ ശാസ്ത്രീയമനോവൃത്തി ഉണ്ടായി വരുന്നില്ല. ഇത്തരക്കാർ, ഏതെങ്കിലും ഐഡിയോളജിയിൽ ആകൃഷ്ടരാകുന്നത് സ്വാഭാവികം മാത്രമാണ്.

13. മിസ് വേൾഡ് : ഇത്തവണത്തെ മിസ് വേൾഡ് മെഡിക്കൽ വിദ്യാർത്ഥിനിയായ ഇന്ത്യക്കാരിയാണല്ലോ. മെഡിസിൽ പഠിക്കുന്നതിനിടയിൽ ഒരു വർഷം കോഴ്സ് നിർത്തിവച്ച് മിസ് ഇന്ത്യയാകാൻ ട്രൈനിങ് എടുത്തു എന്നൊക്കെ കേൾക്കുമ്പോൾ എനിക്ക് അൽഭുതമാണ്. സമൂഹത്തിന് എന്തെങ്കിലും ഉപകാരമുണ്ടാക്കുന്ന ജോലി ചെയ്ത് ജീവിക്കാൻ അവസരം കിട്ടിയിട്ടും, പ്രത്യേകിച്ച് യാതൊരു ഗുണവുമില്ലാത്ത സുന്ദരിപ്പട്ടം കരസ്ഥമാക്കുന്നത് കൂടി പ്രിയോരിറ്റിയാക്കാൻ പെൺകുട്ടികൾ ശ്രമിക്കുന്നുണ്ടെങ്കിൽ കഷ്ടം എന്നേ പറയാനുള്ളൂ. മിസ് വേൾഡ് ആകണമെങ്കിൽ ബുദ്ധി വേണ്ടേ, ഇവർ ചാരിറ്റിക്ക് വേണ്ടി പണം ശേഖരിക്കുന്നില്ലേ എന്നെല്ലാം മറുചോദ്യമായി ചോദിക്കാവുന്നതാണ്. പഠിച്ചുവച്ച ടെമ്പ്ലേറ്റ് ഉത്തരങ്ങളോ, ചിലപ്പോഴൊക്കെ മണ്ടത്തരങ്ങളോ ആണ് മിസ് വേൾഡ്/മിസ് യൂണിവേഴ്സ് പരിപാടികളിൽ കേൾക്കുന്നത് എന്നത് മനസിലാക്കാൻ, കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ പരിപാടികളിലെ ഫൈനൽ റൗണ്ട് കണ്ട് നോക്കിയാൽ മതിയാവും. മെലിഞ്ഞ് നീണ്ട, ചിരിക്കുന്ന, പ്രായം കുറഞ്ഞ സ്ത്രീ ചോദിച്ചാൽ മാത്രമേ കോടീശ്വരന്മാരും, കമ്പനികളുമൊക്കെ ചാരിറ്റിക്ക് വേണ്ടി പണം കൊടുക്കുകയുള്ളോ എന്നതാണ് എനിക്ക് തിരിച്ച് ചോദിക്കാനുള്ളത്. സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കാൻ ഒരുപാട് പണം വേണമെന്നതുകൊണ്ട് സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവർക്കേ പങ്കെടുക്കാൻ കഴിയുകയുള്ളൂ. സച്ചിൻ എന്ന താരം ഒരു തലമുറയിലെ കുട്ടികളെ മുഴുവൻ മറ്റ് പണികൾ മാറ്റിവച്ച് ക്രിക്കറ്റ് കളിക്കാൻ പ്രേരിപ്പിച്ചതും, ഈ മൈലേജ് ഉപയോഗിച്ച് ബൂസ്റ്റ്, പെപ്സി മുതലായ ഒരു ഉപകാരവുമില്ലാത്ത സാധനങ്ങളുടെ പരസ്യങ്ങളിൽ നിന്ന് വരുമാനമുണ്ടാക്കിയതും, സമ്പാദിച്ച പണത്തിൻ്റെ ഒരു ചെറിയ ഭാഗം കൊണ്ട് ചാരിറ്റി പ്രവർത്തനം നടത്തിയും വീണ്ടും ജനപ്രീതി പിടിച്ചുപറ്റിയതും പോലെ ഈ മിസ് വേൾഡ്, പെൺകുട്ടികൾക്ക് അയാഥാർത്ഥ്യമായ സ്വപ്നങ്ങൾ നൽകി, അനീമിയ ഉണ്ടാക്കുന്നത്ര പട്ടിണി കിടക്കാൻ പ്രോത്സാഹിപ്പിച്ച്, ശരീരവടിവും തൊലിനിറവും വരുത്താനുള്ള സാധനങ്ങളുടെ വിൽപ്പന കൂട്ടാൻ സഹായിക്കുന്നത് കാണാൻ ഇടവരാതിരിക്കട്ടേ എന്നേ പറയാനുള്ളൂ. ഓരോ വിജയിച്ച മിസ് വേൾഡിനും പുറകിൽ പട്ടിണി കിടന്നും, ക്രീമുകൾ തേച്ചും, മേക്കപ്പ് ചെയ്തും മിസ് വേൾഡ് ആകാൻ മോഹിക്കുന്ന കോടിക്കണക്കിന് പെൺകുട്ടികൾ ഉണ്ടാകുമെന്ന് ഓർമ്മവേണം. സച്ചിനെ വിമർശിച്ചാൽ ഫാനരന്മാർ എൻ്റെ നെഞ്ചത്ത് കേറി പൊങ്കാലയിടും എന്നറിയാം. പൊങ്കാലയിടൽ പരിപാടി ഇവിടെ നടക്കില്ല ബ്രോക്കളേ. ഈ മൂത്തമ്മ കുറേ പെരുന്നാള് കൂടിയിട്ടുള്ളതാണ്. കൂടാതെ, സച്ചിൻ എന്ന സ്പോർട്ട്സ്പേഴ്സണയല്ല ഞാൻ വിമർശിക്കുന്നത്, സച്ചിൻ എന്ന താരത്തെയാണ്. ഒരു സ്പോർട്ട്സ്പേഴ്സൺ എന്ന നിലയിൽ അദ്ദേഹം ഗംഭീര വിജയമായിരുന്നു എന്നത് അംഗീകരിക്കുന്നു.

14. കൊച്ചുവെബ്സൈറ്റ് എഴുത്ത് : നല്ല ഭാവിയുള്ള ഫീൽഡാണ്. ഇന്ത്യക്കാരുടെ പോൺ ഉപയോഗം കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ 121% ആണ് വർദ്ധിച്ചത്. കുറഞ്ഞ വിലയ്ക്ക് ഇൻ്റർനെറ്റ് ലഭ്യമാകുന്നതോടെയും, മൊബൈൽ ഫോൺ ഉപയോഗിച്ച് സ്വകാര്യതയിൽ ക്ലിപ്പ് കാണാമെന്നതോടുകൂടിയും പോൺ വെബ്സൈറ്റുകളുടെ സ്വീകാര്യത കൂടിക്കൂടിവരികയാണ്. പണ്ട് കലുങ്കിലിരുന്ന് പെൺകുട്ടികളെ ശല്യം ചെയ്തിരുന്ന പൂവാലന്മാർക്കൊന്നും ഇപ്പോൾ തീരെ സമയമില്ല. ഇവരൊക്കെ ഇപ്പോൾ മൊബൈലിൽ കൊച്ചുവെബ്സൈറ്റുകൾ കുത്തുന്ന തിരക്കിലാണ്. അല്പം ഭാവനയൊക്കെയുള്ള ഡോക്ടർമാർക്ക് ഈ മേഖലയിലെ പണി പയറ്റി നോക്കാവുന്നതാണ്. അനാട്ടമി ഒക്കെ കൃത്യമായി പഠിച്ചിട്ടുള്ളതുകൊണ്ട് ഈസിയായി കൊച്ചുകഥകൾ എഴുതി വിടാൻ പറ്റും. മലയാളം ന്യൂസ് പോർട്ടലുകളിലും ജോലി നോക്കാവുന്നതാണ്. “ഭർത്താവ് ബെഡ്രൂമിൻ്റെ വാതിൽ തുറന്നപ്പോൾ ഭാര്യയോടൊപ്പം കണ്ടത് ആരെയാണ്? ഞെട്ടിപ്പിക്കുന്ന വാർത്ത അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ” എന്ന രീതിയിൽ ത്രസിപ്പിക്കുന്ന ടൈറ്റിലുകൾ ഇടണമെന്ന് മാത്രം.

15. വ്യാജഡോക്ടർ : മുകളിൽ കൊടുത്ത എല്ലാ ജോലികളെക്കാലും ആകർഷകമായതും, എളുപ്പമുള്ളതുമായ ജോലിയാണ് വ്യാജഡോക്ടർ ആകുക എന്നത്. കഷ്ടപ്പെട്ട് പഠിച്ച് നേടിയ മെഡിക്കൽ ലൈസൻസ് ഒക്കെ അങ്ങ് കത്തിച്ച് കളഞ്ഞേക്കുക. എല്ലാ രോഗങ്ങൾക്കുമുള്ള ഒരൊറ്റ ഒറ്റമൂലി പച്ചില അരച്ചും, കായ ഉടച്ചുമൊക്കെ ഉണ്ടാക്കിയെടുക്കുക. ജലദോഷം മുതൽ ക്യാൻസർ വരെയുള്ള രോഗങ്ങൾക്ക് ഈ ഒറ്റമൂലി കൊടുക്കുക. ശിഷ്ടജീവിതം എളുപ്പത്തിൽ ഒരുപാട് പണം സമ്പാദിച്ചും, വിദേശയാത്ര നടത്തിയും, കെമിക്കൽ ചികിത്സയ്ക്കെതിരെ ഗർജ്ജിച്ചും കഴിഞ്ഞുകൂടാം.

 

ഈ സീരീസിലെ മറ്റു പോസ്റ്റുകൾ:

1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?

2. ഏത് വിഷയത്തിൽ പി.ജി എടുക്കണം?

3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്?

4. ഡോക്ടർ ചിന്തിക്കുന്നത് എങ്ങനെയാണ്?

5. വ്യാജഡോക്ടർമാർ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?

 

19 thoughts on “ഡോക്ടർമാർക്ക് ചില വ്യത്യസ്ത ജോലിസാദ്ധ്യതകൾ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.