ആരെയാണ് ശരിക്കും സൂക്ഷിക്കേണ്ടത്?

2015-ലെ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ക്യാമ്പൈനിൽ അരീക്കോട്-കൊണ്ടോട്ടി ഭാഗങ്ങളിലേക്ക് ലോകാരോഗ്യ സംഘടനയുടെ എക്സ്റ്റേണൽ മോണിറ്റർ ആയി പോയിരുന്നത് ഞാനായിരുന്നു. പണി എന്താണെന്നുവച്ചാൽ പൾസ് പോളിയോ ഇമ്യൂണൈസേഷൻ പ്രോഗ്രാം കൃത്യമായി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കലാണ്. ഇതിൻ്റെ ഭാഗമായി നാടോടികളെ കണ്ടെത്തി, അവരുടെ കുഞ്ഞുങ്ങൾ പോളിയോ തുള്ളിമരുന്ന് കഴിച്ചിട്ടുണ്ടോ എന്നത് കയ്യിലെ മഷിയടയാളം നോക്കി ഉറപ്പുവരുക, പോളിയോ മരുന്ന് കൊടുത്തിട്ടില്ലെങ്കിൽ ഉടൻ തന്നെ മരുന്ന് കൊടുക്കുകയും ചെയ്യുക എന്നതാണ് ഒരു ജോലി. നാടോടികൾ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കും എന്നതിനാൽ, ഇവർക്ക് പ്രദേശത്തെ പോളിയോ ബൂത്ത് ഏതാണെന്നോ, കുഞ്ഞിന് പോളിയോ വാക്സിൻ കൊടുക്കണമെന്നുപോലുമോ അറിയുന്നുണ്ടാവില്ല. ഇതുകൊണ്ടാണ്, നാടോടികളുടെ കാര്യത്തിൽ പൾസ് പോളിയോ ഇമ്യൂണൈസേഷൻ പ്രോഗ്രാം പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. എൻ്റെ മോണിറ്ററിങ് ജോലി തീരണമെങ്കിൽ, നിർബന്ധമായും നാലോ, അഞ്ചോ നാടോടിസമൂഹങ്ങളെ കണ്ടെത്തി, ഇവർക്ക് വാക്സിൻ കിട്ടിയതാണോ എന്നത് ഉറപ്പുവരുത്തേണ്ടതുണ്ട്. എനിക്കാണെങ്കിൽ ആ ഏരിയ പരിചയമില്ലാത്തതുകൊണ്ട് അവിടത്തെ ഹെൽത്ത് ഇൻസ്പെക്ടറെയും കൂട്ടിയാണ് പോകുന്നത്. സ്ഥലത്തിൻ്റെ പേര് ഓർമ്മയില്ല, കാവനൂർ ഭാഗത്താണെന്നാണ് ഓർമ്മ. ഹെൽത്ത് ഇൻസ്പെക്ടർക്ക് നാടോടികൾ താമസിക്കുന്ന സ്ഥലമറിയാം. കുത്തനെയുള്ള മലയിലെ, ടാർ റോഡില്ലാത്ത പ്രദേശത്താണ് ഇവർ താമസിക്കുന്നത് എന്നതുകൊണ്ട് കാറെടുക്കാൻ പറ്റില്ല. അതുകൊണ്ട് ജീപ്പിൽ പോകാൻ തീരുമാനമായി.

അങ്ങനെ മല കയറി ഞങ്ങൾ പോയി. ചെറിയ ഒന്നോ-രണ്ടോ മുറികളുള്ള ഷെഡ്ഡുകൾ അടുപ്പിച്ചടുപ്പിച്ച് പണിതുവച്ചിരിക്കുന്നു. ആസ്ബെസ്റ്റോസ് ഷീറ്റുകൊണ്ടാണ് മേൽക്കൂര മൂടിയിരിക്കുന്നത്. വെള്ളം വീടിനു പുറത്ത് വീപ്പക്കുറ്റികളിലായാണ് നിറച്ച് വച്ചിരിക്കുന്നത്. പാത്രം കഴുകുന്നതും അലക്കുന്നതും ഈ വീപ്പകൾക്കടുത്തു നിന്നാണ്. വീടിനിപ്പുറം ഒരു ക്വാറിയാണ്. കണ്ണൊന്നു തെറ്റിയാൽ വീടിൻ്റെ പരിസരത്ത് കളിക്കുന്ന കുട്ടികൾ ക്വാറിയിലേക്ക് വീണുപോയേക്കാം. ഞങ്ങളുടെ ജീപ്പ് വന്നു നിന്നപ്പോൾ വീടുകൾക്ക് പുറത്തുണ്ടായിരുന്നവരും കൂടി പേടിച്ച് ഓടി അകത്ത് കയറി ഇരിപ്പായി. ഹെൽത്ത് ഇൻസ്പെക്ടർ വാതിലുകളിൽ മുട്ടി, ഞങ്ങൾ പോളിയോ വാക്സിനിൻ്റെ ആളുകളാണെന്ന് പറഞ്ഞു മനസിലാക്കി. കുട്ടികളെ കാണണം എന്ന് പറഞ്ഞു. അതോടു കൂടി മെലിഞ്ഞ, സാരിത്തുമ്പ് തലവഴി ചുറ്റിയ സ്ത്രീകൾ വീടുകൾക്കകത്തു നിന്നും കുട്ടികളെയും ഒക്കത്തേറ്റി പുറത്തു വന്നു തുടങ്ങി. എൻ്റെ മുന്നിൽ അമ്മമാരുടെ ഒരു ചെറിയ ക്യൂ തനിയെ രൂപപ്പെട്ടു.  തോളത്തുറങ്ങുന്നതും, വിരൽത്തുമ്പ് പിടിച്ചു നിൽക്കുന്നതും, ഒക്കത്തിരിക്കുന്നതുമായ കുട്ടികളുടെ ഇടത്തേ കൈവിരലുകൾ ഞാൻ പരിശോധിച്ചു. എല്ലാവരും വാക്സിൻ എടുത്തിട്ടുണ്ട്. അച്ചടക്കത്തോടും, ക്ഷമയോടും കൂടിയാണ് ഇവർ ക്യൂ നിൽക്കുന്നത്. മലയാളികൾ ഇങ്ങനെ അച്ചടക്കത്തോടുകൂടി ക്യൂ നിൽക്കുന്നത് ബിവറേജസിൽ മാത്രമേ കണ്ടിട്ടുള്ളൂ. ഈ സ്ത്രീകളുടെ ഭർത്താക്കന്മാർ കൽപ്പണി ചെയ്യുന്നവരാണ്. ഒരിടത്ത് പണി കഴിഞ്ഞാൽ ഇവർ പണിയുള്ള മറ്റൊരിടത്തേക്ക് പോകും. അതുകൊണ്ട് ഇവർ യഥാർത്ഥത്തിൽ നാടോടികളല്ലെങ്കിലും, ജോലിസംബന്ധമായി പലയിടങ്ങളിൽ മാറി മാറി താമസിക്കുന്നവരാണ്. ഇതിൽ ഒരു സ്ത്രീയോട് ഞാൻ എന്തിനാണ് കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് കൊടുക്കുന്നത് എന്ന് അറിയാമോ എന്ന് മുറി ഹിന്ദിയിൽ ചോദിച്ചു. ആദ്യം നിശബ്ദത. പിന്നെ, അവർ പതിഞ്ഞ സ്വരത്തിൽ ‘പോളിയോ’ എന്ന് പറഞ്ഞു. അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇവർക്കും പോളിയോ തുള്ളിമരുന്നിനെക്കുറിച്ച് അറിയാം. പക്ഷെ, ഇവർക്ക് ഭാഷയറിയാത്തതുകൊണ്ട് മലയാളികളുമായി ഇടപഴകാൻ പറ്റുന്നില്ല. ഭാഷ അറിയുമെങ്കിലും മലയാളികൾ നേരേ വന്ന് ഇടപഴകും എന്ന് തോന്നുന്നുമില്ല. എങ്കിലും, ബസ്സിൻ്റെ ബോർഡ് വായിക്കാനും, കടയിൽ ചെന്ന് സാധനങ്ങൾ വാങ്ങാനും, ചുറ്റുപാടും നടക്കുന്ന വാർത്തകൾ അറിയാനും മലയാളം അറിഞ്ഞേ പറ്റൂ. ഇവർക്ക് വേണ്ടി സൗജന്യമായി സ്പോക്കൺ മലയാളം ക്ലാസുകൾ തുടങ്ങിയാലെന്താ എന്നാണ് ഞാൻ ചിന്തിക്കുന്നത്. മലയാളം എഴുതാനും വായിക്കാനും അറിയുന്ന ആർക്കും സ്പോക്കൺ മലയാളം പഠിപ്പിക്കാൻ കഴിയുന്നതേ ഉള്ളൂ. എല്ലാ പഞ്ചായത്തിലും ഒരു സ്പോക്കൺ മലയാളം ക്ലാസാവാം. താല്പര്യമുള്ള സന്നദ്ധസേവകർക്ക് ടീച്ചർമാരുമാവാം. ഇങ്ങനെ പഠിച്ചു വന്ന കുറച്ച് സ്ത്രീകളെങ്കിലും പത്താം ക്ലാസ് പരീക്ഷ പാസാകുകയും, ജോലി ചെയ്ത് പണം സമ്പാദിക്കുകയും ചെയ്യുന്ന ഭാവി കേരളത്തെയാണ് ഞാൻ സ്വപ്നം കാണുന്നത്.

മോണിറ്ററിങ്ങിൻ്റെ ഭാഗമായി പോളിയോ തുള്ളിമരുന്ന് നിഷേധിച്ച മാതാപിതാക്കളുള്ള വീടുകളിലും പോകണം. വാക്സിൻ എടുക്കാത്തവർ എല്ലാം മലയാളികളുടെ കുഞ്ഞുങ്ങളായിരുന്നു. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന, പ്രത്യക്ഷത്തിൽ വിദ്യാഭ്യാസമുള്ളവരെന്നു തോന്നുന്ന ഒരു അമ്മ പറഞ്ഞത്, ഗൾഫിലുള്ള ഭർത്താവ് സമ്മതിക്കാത്തതുകൊണ്ടാണ് മകൾക്ക് പോളിയോ വാക്സിൻ കൊടുക്കാത്തതെന്നാണ്. ഭർത്താവിനു കുട്ടിയുടെ ആരോഗ്യത്തിൽ ശ്രദ്ധയൊന്നുമില്ലേ എന്ന് ചോദിച്ചപ്പോൾ, അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള കുട്ടികൾകൾക്കൊന്നും പാരമ്പര്യമായി വാക്സിൻ കൊടുക്കാറില്ലെന്നും, അതേ ‘പാരമ്പര്യ’ത്തിൽ തന്നെ തങ്ങളുടെ മക്കളെയും വളർത്തിയാൽ മതിയെന്നുമായിരുന്നത്രെ ഭർത്താവിന്റെ നിലപാട്. അന്ന് പല വീടുകളിൽ നിന്നായി എനിക്ക് കേൾക്കേണ്ടി വന്ന ബാക്കി ആരോപണങ്ങൾ ഇവിടെ വായിക്കാം. എന്നാൽ അടുത്തകാലത്തായി പല മതനേതാക്കളും വാക്സിനുകൾക്ക് അനുകൂലമായുള്ള നിലപാട് എടുക്കുകയും, പ്രചരിപ്പിക്കുകയും ചെയ്തു. മാധ്യമങ്ങളിലും ഇപ്പോൾ വാക്സിൻ വിരുദ്ധ റിപ്പോർട്ടുകൾ കാണാനില്ല. ഫലത്തിൽ കഴിഞ്ഞ മൂന്ന് വർഷങ്ങൾ കൊണ്ട് വാക്സിൻ വിരുദ്ധരുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ഇതല്ല പറഞ്ഞു വന്ന വിഷയം. വിദ്യാഭ്യാസമുള്ള മലയാളികളാണ് യഥാർത്ഥ വാക്സിൻ വിരുദ്ധർ. വിദ്യാഭ്യാസം കുറഞ്ഞ ഇതരസംസ്ഥാനക്കാർ വരെ ഈ വിഷയത്തിൽ മലയാളികളെക്കാൾ മുന്നിലാണ്. ഇവർക്ക് പോളിയോ ബൂത്ത് എവിടെയാണെന്നോ, ഇമ്യൂണൈസേഷൻ ഡേ എന്നാണെന്നോ ഒന്നും അറിവില്ലായിരിക്കാം. ആരോഗ്യപ്രവർത്തകർ നേരിട്ട് ചെന്ന് വാക്സിൻ കൊടുക്കേണ്ടിവന്നേക്കാം. എങ്കിലും ഇവർക്ക് പോളിയോയെ പ്രതിരോധിക്കാനുള്ള ആർജവമുണ്ട്. 1989-ൽ പോളിയോ തുടച്ചു നീക്കിയ രാജ്യമാണ് വെനേസ്വല. ഇപ്പോൾ അവർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇവിടെ പോളിയോ തിരിച്ചുവന്നു എന്ന വാർത്ത കേട്ടു. കേരളത്തിലും വാക്സിൻ കവറേജ് കുറഞ്ഞുകൊണ്ടിരുന്നാൽ വെനേസ്വലയുടെ അവസ്ഥ വന്നുകൂടായ്കയില്ല. പണ്ട് കേട്ടുകേഴ്വിയില്ലാതിരുന്ന ഡിഫ്തീരിയയൊക്കെ ഇപ്പോൾ എല്ലാ വർഷവും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ പ്രാവശ്യം നാട്ടിൽ ചെന്നപ്പോൾ ഒരു കൂറ്റൻ ബോർഡ് കണ്ടു. ഇവരെ സൂക്ഷിക്കുക എന്ന് എഴുതിയ ബോർഡിൽ നൂറോളം ഇതരസംസ്ഥാനക്കാരുടെ ഫോട്ടോകൾ കൊടുത്തിട്ടുണ്ട്. ഇവർ കുട്ടികളെ തട്ടിക്കൊണ്ടുപോകും എന്നാണ് ആരോപണം. ഈ ആരോപണത്തിൽ വസ്തുതയുണ്ടോ എന്ന് പരിശോധിക്കാം. കഴിഞ്ഞ വർഷം കേരളത്തിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളിൽ പിടിയിലായ 199 പേരിൽ 188 പേരും മലയാളികൾ തന്നെയാണ്. അങ്ങനെയാണ് കാര്യങ്ങൾ എന്നിരിക്കെ, ബോർഡ് വച്ചവർ എങ്ങനെയായിരിക്കാം 100 ഇതരസംസ്ഥാനക്കാരുടെ ഫോട്ടോകൾ സംഘടിപ്പിച്ചത് എന്നാണ് ഞാൻ ആലോചിക്കുന്നത്. വഴിയിലൂടെ പോകുന്ന നിരപരാധികളായ ബീഹാറിയുടെയും, ബംഗാളിയുടെയും ചിത്രങ്ങൾ എടുത്ത്, പിള്ളേരെപിടുത്തക്കാർ എന്ന തലക്കെട്ടും കൊടുത്ത്, തിരക്കുള്ള ജങ്ഷനിൽ ബോർഡ് വയ്ക്കുന്ന മലയാളികൾ എത്ര ക്രൂരന്മാരായിരിക്കണം എന്ന് ആലോചിച്ച് നോക്കൂ. ഇതെഴുതുന്ന ഞാനും വിദേശത്താണ് ജോലി ചെയ്യുന്നത്. എൻ്റെ പടം വച്ച് ബോർഡ് അടിച്ചിറക്കി, “കുട്ടികളെ ഇവളിൽ നിന്നും സൂക്ഷിക്കുക” എന്ന തലക്കെട്ടും കൊടുത്ത് ഗോഥൻബർഗ് നഗരത്തിൽ തൂക്കിയിടുന്ന അവസ്ഥയൊന്ന് ആലോചിച്ചു നോക്കുമ്പോൾ തന്നെ എനിക്ക് അസ്വാസ്ഥ്യം തോന്നുന്നു. കുഞ്ഞുങ്ങളെ പിടിച്ചുകൊണ്ടുപോകാൻ കുറെ ഇന്ത്യക്കാർ ഇറങ്ങിയിട്ടുണ്ട് എന്ന മെസേജ് സ്വീഡനിൽ വാട്ട്സാപ്പിൽ കറങ്ങി നടക്കുന്നുണ്ടെങ്കിൽ ഞാനൊക്കെ ഇതുവരെ സമ്പാദിച്ച സൽപ്പേര് അവിടെ തീരും**. പക്ഷെ, സ്വീഡിഷുകാർക്ക് വിവരവും വകതിരിവും ഉള്ളതുകൊണ്ട് ഇത്തരം പ്രവൃത്തികളൊന്നും ചെയ്യുകയോ, മറ്റുള്ളവരെ ചെയ്യാൻ അനുവദിക്കുകയോ ഇല്ല. ഞാൻ സ്വീഡനിലാണെന്ന് പറയുമ്പോൾ പലരും ആദ്യം ചോദിക്കുന്ന ചോദ്യമാണ് അവിടെ റേസിസം ഉണ്ടോ എന്നത്. നമ്മൾ ഇതരസംസ്ഥാനക്കാരോട് പെരുമാറുന്നതുപോലെ, സ്വീഡിഷുകാർ ഇന്ത്യക്കാരോട് പെരുമാറുമോ എന്നതാണ് സംശയത്തിൻ്റെ കാതൽ. കഷ്ടമെന്ന് പറയട്ടെ, ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ റേസിസ്റ്റുകൾ ഇന്ത്യക്കാർ തന്നെയാണ്. മലയാളികൾ ഇതരസംസ്ഥാനക്കാരോട് പെരുമാറുന്നതു പോലെ സ്വീഡിഷുകാരാരും ഇന്ത്യക്കാരോട് പെരുമാറുന്നുണ്ടാവില്ല. ആരെങ്കിലും മോശമായി പെരുമാറിയാൽ തന്നെ, തൂക്കിയെടുത്ത് ജയിലിൽ അടയ്ക്കാവുന്ന നിയമങ്ങളും, ഇവ പ്രാവർത്തികമാക്കാൻ പൊലീസും ഇവിടെയുണ്ട്.

മെഡിക്കൽ കോളേജിലെ ഓർത്തോപീഡിക്സ് വാർഡിൽ ഹിന്ദി അറിയാതെ ഡ്യൂട്ടി എടുക്കാൻ കഴിയില്ല എന്ന അവസ്ഥ ഉണ്ടായിവരുന്നുണ്ട്. കെട്ടിടനിർമ്മാണമേഖലയിൽ ഏതാണ്ടെല്ലാ ശാരീരികാധ്വാനം വേണ്ട പണികളും ചെയ്യുന്നത് ഇതരസംസ്ഥാനക്കാരാണ്. മതിയായ സുരക്ഷിതത്വമില്ലാതെയും, വിശ്രമമില്ലാതെയും ജോലിചെയ്യേണ്ടിവരുന്ന ഇവർക്ക് അപകടങ്ങൾ സംഭവിക്കുക സ്വാഭാവികം. ഇങ്ങനെ ഗുരുതരമായ പരിക്കുകൾ പറ്റിയ ഇവരെ കൊണ്ടുവരുന്നത് മെഡിക്കൽ കോളേജിലേക്കാണ്. ഞാൻ ജോലിചെയ്തിരുന്ന സമയത്തൊന്നും ഇവർക്ക് സർക്കാറിൻ്റെ ആരോഗ്യപരിരക്ഷ ഇല്ലായിരുന്നു. 2017-ൽ ഇവർക്ക് 15,000 രൂപയുടെ ചികിത്സ സൗജന്യമായി നൽകാൻ തീരുമാനമായി. നല്ല കാര്യം. മകൻ വെൻ്റിലേറ്ററിൽ ആയതിനുശേഷം പണമില്ലാതെയും, ഭാഷയറിയാതെയും കഷ്ടപ്പെടുന്ന ഒരു തമിഴ് കുടുംബത്തെക്കുറിച്ച് ഇവിടെ എഴുതിയിട്ടുണ്ട്. എമർജൻസി മെഡിസിൻ വിഭാഗത്തിലും ഇത് തന്നെ സ്ഥിതി. സാംക്രമിക രോഗങ്ങൾ ബാധിച്ചും, അപകടങ്ങളിൽ പെട്ടും കൂടുതൽ മറുനാട്ടുകാർ വന്നു തുടങ്ങിയിരിക്കുന്നു. ഇവരുടെ കുടുംബങ്ങൾ ദൂരെയാണെന്നതിനാൽ ഇവരെ ആശുപത്രിയിൽ എത്തിക്കുന്നത് സുഹൃത്തുക്കളായിരിക്കും. അഡ്മിറ്റ് ആയാൽ യൂറിൻ ബാഗ് മാറ്റാനും, വസ്ത്രം മാറ്റിക്കൊടുക്കാനും, കുളിപ്പിക്കാനും വരെ സുഹൃത്തുക്കളാണ് ആശ്രയം. പലപ്പോഴും ഈ സുഹൃത്തുക്കൾക്ക് രോഗിയുമായി ആറു മാസത്തെ പരിചയമൊക്കെയേ ഉണ്ടാകുകയുള്ളൂ. വളരെയധികം കരുതൽ വേണ്ട സമയമാണല്ലോ ആശുപത്രിവാസം. ഇത്തരം അവസരങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടവർക്കാണ് കരുതലോടും, ശ്രദ്ധയോടും കൂടി പരിചരിക്കാനുള്ള മനസ്സും, ആഗ്രഹവും, ക്ഷമയും ഉണ്ടാകുക. ഇത്തരം അവസരങ്ങളിൽ അത്ര പരിചയമില്ലാത്തവരാണ് രോഗിയുടെ കൂട്ടിരിപ്പുകാരെങ്കിൽ, പ്രത്യേകിച്ചും മെഡിക്കൽ കോളേജ് പോലെ എല്ലാ കാര്യങ്ങൾക്കും കൂട്ടിരുപ്പുകാർ ഓടിനടക്കേണ്ട അവസ്ഥയിൽ, ഇവർ രോഗിയെ പരിചരിക്കുന്നതിൽ വീഴ്ച വരുത്തുന്നത് സ്വാഭാവികം മാത്രമാണ്. ഭാഷയും ആശുപത്രിയിലെ രീതികളും ഒന്നും അറിയാത്തതുകൊണ്ട് കൂട്ടിരിപ്പുകാർക്കും ആശുപത്രിവാസം വളരെ ബുദ്ധിമുട്ടാണ്. ഡോക്ടറും, നേഴ്സും എന്താണ് പറയുന്നത് എന്നതുപോലും ഇവർക്ക് പൂർണ്ണമായി മനസിലാകാറില്ല. പണത്തിനും ഭക്ഷണത്തിനും മറ്റു രോഗികളുടെ കൂട്ടിരിപ്പുകാർ സഹായിക്കേണ്ട അവസ്ഥയും കണ്ടിട്ടുണ്ട്. എൻ്റെ സംശയം ഇവരുടെയൊക്കെ തൊഴിൽദാതാക്കൾ എവിടെപ്പോയി എന്നതാണ്. ഇതുവരെയും ഇവരുടെ കോൺട്രാക്ടറോ, മാനേജറോ ഒന്നും വന്നതായി കണ്ടിട്ടില്ല. ഒരു തവണ കോൺട്രാക്ടറോട് ഫോണിൽ സംസാരിച്ചതായി മാത്രം ഓർക്കുന്നുണ്ട്. പട്ടികവർഗ്ഗ വിഭാഗക്കാർക്ക് പ്രൊമോട്ടർമാർ ഉള്ളതുപോലെ, ഇതരസംസ്ഥാനക്കാർക്കും പ്രൊമോട്ടറോ, കുറഞ്ഞത് ഒരു ഹെല്പ് ഡെസ്കോ വേണം എന്നാണ് എൻ്റെ അഭിപ്രായം. അപകടങ്ങളിൽ ഇവർക്ക് ന്യായമായ നഷ്ടപരിഹാരം കിട്ടാനുള്ള നടപടികളും, ആശുപത്രിയിൽ ലഭിക്കുന്ന സേവനങ്ങളും, ചികിത്സയുടെ പുരോഗതിയുമൊക്കെ ഇവർക്ക് പ്രൊമോട്ടർ മുഖാന്തരം അറിയാൻ കഴിയണം.

മലയാളികൾക്ക് മറുനാട്ടുകാരെക്കുറിച്ച് എന്തറിയാം? ഞാനടക്കമുള്ള മലയാളികൾക്ക് ഒരു ചുക്കും അറിയില്ല എന്നാണ് ഇതുവരെയുള്ള അനുഭവത്തിൽ നിന്നും മനസിലാകുന്നത്*. മലയാളികളുടെ ഇഷ്ട വിഷയം കക്ഷിരാഷ്ട്രീയമാണ്. രണ്ട് മലയാളികൾ കണ്ടുമുട്ടിയാൽ സംസാരം ചെന്നെത്തുന്നത് മാണി സാറിലോ, മോഡി മാമനിലോ ആയിരിക്കും. പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞുകൊണ്ടിരുന്നും, എവിടന്നോ കേട്ട കാര്യങ്ങൾ ആവർത്തിച്ചും, ചാക്രികമായാണ് മലയാളികൾ സംസാരിക്കുന്നത്. അപ്പുറത്തിരിക്കുന്ന ആൾ കേൾക്കുന്നുണ്ടോ എന്നതൊന്നും ചിലർക്ക് വിഷയമേ അല്ല. ശ്രദ്ധിച്ചു കേൾക്കുക എന്നതിൽ കവിഞ്ഞ്, പറഞ്ഞ് തീർക്കുക എന്നതാണ് ഇവരുടെ പ്രിയോരിറ്റി. ചിലപ്പോൾ രണ്ട് മണിക്കൂർ ചർച്ചയ്ക്ക് ശേഷം തുടങ്ങിയിടത്ത് തന്നെ ചർച്ച തിരിച്ചെത്തും. കക്ഷിരാഷ്ട്രീയം ചർച്ച ചെയ്യുന്നത് നല്ലതാണ് എന്നതുതന്നെയാണ് എൻ്റെയും അഭിപ്രായം. നമ്മൾ ഭരണത്തിലേറ്റുന്നവരുടെ നിലപാടുകൾ നമ്മളെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. പക്ഷെ, മരത്തിനു ചുറ്റും ഓടുന്ന പോലെ, തുടങ്ങിയിടത്ത് തന്നെ നിൽക്കുന്ന കക്ഷിരാഷ്ട്രീയ ചർച്ചകൾ സൃഷ്ടിപരമാണെന്ന് തോന്നുന്നില്ല. മറുനാട്ടുകാർ കേരളത്തിൽ എന്തെല്ലാം പ്രശ്നങ്ങൾ നേരിടുന്നു? എന്ന ചോദ്യം ഒരു രാഷ്ട്രീയപ്രശ്നം തന്നെയാണ്. പരിസരശുചിത്വത്തിനു വേണ്ടി നമുക്ക് എന്ത് ചെയ്യാൻ പറ്റും? എന്നതും രാഷ്ട്രീയപ്രശ്നം തന്നെ. ദൈനംദിനജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ കൂടി കൂടുതൽ ചർച്ചകൾ ഉണ്ടായിവന്നാലേ അത്തരം പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുകയുള്ളൂ. ഇത്തരം പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനിടയിൽ, അത് നൈസർഗികമായി കക്ഷിരാഷ്ട്രീയത്തിൽ ചെന്നെത്തുമ്പോളേ സാമൂഹികപ്രസക്തിയുണ്ടാകുന്നുള്ളൂ. മാണിസാറിൽ തുടങ്ങി മാണിസാറിൽ തീരുന്ന ചർച്ചകൾ കൊണ്ട് വലിയ കാര്യമൊന്നുമില്ല. ഇതുപോലെ അന്താരാഷ്ട്ര പ്രശ്നങ്ങളെക്കുറിച്ചും മലയാളികൾക്ക് ക്ലീഷേ സങ്കല്പങ്ങളാണുള്ളത്. ഗൾഫ് ഒഴികെ ബാക്കിയുള്ള ലോകരാജ്യങ്ങളിൽ എന്തൊക്കെ നടക്കുന്നു എന്ന് മനസിലാക്കുവാൻ മലയാളികൾക്ക് വലിയ താല്പര്യമൊന്നുമില്ല. ♫ നല്ല നാട് ചൈന 𝄞, പോളണ്ടിനെക്കുറിച്ചാണെങ്കിൽ ഒന്നും മിണ്ടരുത്, നേപ്പാളിൽ എരപ്പാളികളുണ്ട് എന്ന രീതിയിലുള്ള സിനിമ നൽകുന്ന വിജ്ഞാനശകലങ്ങളാണ് ആകെ കയ്യിലുള്ളത്. വെനേസ്വലയെന്നാൽ ഹ്യൂഗോ ചാവേസ്, ഹ്യൂഗോ നുമ്മടെ ചുവപ്പൻ മുത്ത് എന്ന നിലയിലുള്ള വിവരമേ കേരളത്തിന് വെനേസ്വലയെക്കുറിച്ചുള്ളൂ. ഹ്യൂഗോ ചാവേസ് മരിച്ചുപോയിട്ട് അഞ്ച് വർഷങ്ങളായി. വെനേസ്വല ഇപ്പോൾ നേരിടുന്ന പ്രതിസന്ധി സമാനതകളില്ലാത്തതാണ്. നമ്മൾ മനോരമയുടെ അവസാനപേജിൽ വായിച്ച രണ്ട് കോളം വാർത്ത ഓർമ്മിച്ചെടുത്താണ് രാജ്യങ്ങളെക്കുറിച്ച് അഭിപ്രായം ഉണ്ടാക്കുന്നത്. പലപ്പോഴും ഇത് സമഗ്രമായ വീക്ഷണമാകണമെന്നില്ല. ചൈനയുടെ ‘നല്ല നാട്’ ഇമേജ് എൻ്റെ മനസിൽ നിന്നും പോയത് ഇവിടുത്തെ സ്വേച്ഛാധിപത്യ ഗവണ്മെൻ്റിനെക്കുറിച്ചും, സെൻസർഷിപ്പിനെക്കുറിച്ചും അറിഞ്ഞതോടെയാണ്. അതുപോലെ, ബംഗ്ലാദേശിൽ നിന്ന് രണ്ട് കോടി ജനങ്ങൾ ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയിട്ടുണ്ട് എന്ന വിവരം എന്നെ ഞെട്ടിപ്പിച്ചിട്ടുണ്ട്. എല്ലാ സമ്പാദ്യവും കെട്ടിപ്പെറുക്കി ഇന്ത്യയിലേക്ക് കുടിയേറാൻ ആളുകൾ തീരുമാനിക്കുന്നുണ്ടെങ്കിൽ, ബംഗ്ലാദേശിലെ അവരുടെ ജീവിതം എത്രമാത്രം ദുരിതപൂർണ്ണമായിരിക്കുമെന്നത് ആലോചിക്കാവുന്നതേ ഉള്ളൂ. കേരളത്തിലെ റേസിസം സഹിച്ചും, ഇവിടെ തുടരാൻ മറുനാട്ടുകാർ താല്പര്യപ്പെടുന്നുണ്ടെങ്കിൽ അവരുടെ ജന്മനാട്ടിൽ എത്രമാത്രം ദാരിദ്ര്യം ഉണ്ടായിരിക്കണം എന്നതും ചിന്തനീയം തന്നെ. എത്രയൊക്കെ മലയാളികളെ കുറ്റം പറഞ്ഞാലും, തൊട്ടുകൂടായ്മയും, ജന്മിത്തവ്യവസ്ഥയും, ശൈശവവിവാഹങ്ങളുമൊക്കെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ തുലോം കുറവ് തന്നെയാണ്, ശാരീരികാധ്വാനം വേണ്ടുന്ന ജോലികളിൽ വേതനം രണ്ടിരട്ടിയും. ഇതായിരിക്കണം കേരളത്തിലേക്ക് വരാൻ മറുനാട്ടുകാരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.

കേരളത്തിൽ അടി വാങ്ങിക്കുന്നവർ രണ്ട് തരത്തിൽ പെട്ടവരാണ്: മറുനാട്ടുകാരും, ഡോക്ടർമാരും. ഒരു പൊടിക്ക് കൂടുതൽ റിസ്ക് ഇപ്പോൾ മറുനാട്ടുകാർക്ക് തന്നെയാണെങ്കിലും, ഡോക്ടർമാരും തലനാരിഴ വ്യത്യാസത്തിൽ പിന്നിലുണ്ട്. രോഗം കേരളത്തിലേക്ക് കൊണ്ടുവന്നത് മറുനാട്ടുകാരും, രോഗമുള്ള ആളെ കൊന്നത് ഡോക്ടറും ആണെന്നാണെല്ലോ വെപ്പ്. കേരളത്തിൽ പടർന്നു പിടിച്ച നിപ്പാ വൈറസ് ബംഗ്ലാദേശ് സ്ട്രെയിനാണെന്ന് അറിഞ്ഞതിൽ പിന്നെ ബംഗാളികളെ അടിച്ചോടിക്കാൻ ആഹ്വാനം ചെയ്യുന്ന വാട്ട്സാപ്പ് മെസേജുകൾ ഇറങ്ങുമോ എന്നായിരുന്നു എൻ്റെ പേടി. ഭാഗ്യത്തിന് അത് ഉണ്ടായില്ല. ബംഗാളിൽ നിന്നാണ് രോഗം പിടിപെട്ടതെങ്കിൽ ആദ്യം അസുഖം വന്ന വ്യക്തി ബംഗാൾ സ്വദേശിയായിരിക്കണമല്ലോ. രോഗലക്ഷണങ്ങൾ തീവ്രമായ പനിയും, മസ്തിഷ്കവീക്കവുമാണെന്നിരിക്കെ കൂടെയുള്ളവർ എന്തായാലും ഈ രോഗിയെ ആശുപത്രിയിലെത്തിച്ചിരിക്കുകയും ചെയ്യും. കേരളത്തിൽ നിപ്പ ഉണ്ടായിരുന്ന സമയത്ത് ബംഗാളിൽ നിപ്പ ബാധ ഉണ്ടായിട്ടില്ലതാനും. ഇതൊന്നും സംഭവിക്കാത്തപക്ഷം ബംഗാൾ സ്വദേശികളെ ഒരിക്കലും നിപ്പ വിഷയത്തിൽ പ്രതിസ്ഥാനത്ത് നിർത്താൻ കഴിയില്ല. കോളറ, മലേറിയ എന്നീ സാംക്രമിക രോഗങ്ങൾ അടുത്തകാലത്തായി ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുന്നത് മറുനാട്ടുകാർ താമസിക്കുന്ന ഇടങ്ങളിലാണ്. ഇതുകൊണ്ട് തന്നെ, കേരളത്തിൽ ഇല്ലാത്ത അസുഖങ്ങൾ ഇങ്ങോട്ട് കയറ്റുമതി ചെയ്യുന്നവരെന്ന രീതിയിൽ മറുനാട്ടുകാരെ സമീപിക്കുന്നവരുണ്ട്. ഇതിൽ വലിയ കഴമ്പില്ല. ഡിഫ്തീരിയ, മീസിൽസ് മുതലായ സാംക്രമിക രോഗങ്ങൾ ഉണ്ടാവുന്നത് മലയാളികളുടെ വാക്സിൻ വിരോധം ഒന്നുകൊണ്ടു മാത്രമാണ്. ഇനി സാംക്രമിക രോഗങ്ങൾ പകരാനുള്ള സാഹചര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ഇതിന് രോഗകാരിയായ ഒരു രോഗാണു വേണം, രോഗം വരാൻ സാദ്ധ്യതയുള്ള ഒരു വ്യക്തി വേണം, രോഗം ഉണ്ടാകാൻ അനുകൂലമായ ചുറ്റുപാടുകൾ വേണം. ഇവ മൂന്നും ഒത്തുവന്നാലേ രോഗം ഉണ്ടാകുകയുള്ളൂ. രോഗാണു മാത്രമോ, വ്യക്തി മാത്രമോ പോര.

File_002
സാംക്രമികരോഗശാസ്ത്രത്തിലെ അടിസ്ഥാന ത്രയം. ഇവ മൂന്നുമില്ലാതെ രോഗം ഉണ്ടാകില്ല. ഇത്ര ലളിതമായ ചിത്രങ്ങൾ പോലും പകർപ്പുപേക്ഷയോടു കൂടി ലഭ്യമല്ല. നിങ്ങൾ വരയ്ക്കുന്നതും എടുക്കുന്നതുമായ ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലേക്ക് സി.സി ലൈസൻസിൽ അപ്ലോഡ് ചെയ്ത് മറ്റുള്ളവർക്ക് പുനരുപയോഗപ്രദമാക്കി മാറ്റുക.

മലേറിയയുടെ കാര്യം എടുക്കാം. മലേറിയ ബാധിച്ച വ്യക്തി മറുനാട്ടിൽ നിന്നും കേരളത്തിൽ എത്തി എന്നിരിക്കട്ടെ. കേരളത്തിൽ പരിസരശുചിത്വം ഇല്ലാത്തതുകൊണ്ട് അനോഫലിസ് കൊതുകുകൾ ധാരാളമായുണ്ട്. ഇവ രോഗം ബാധിച്ച വ്യക്തിയെ കടിച്ചശേഷമാണ് മറ്റുള്ളവർക്ക് കൂടി മലേറിയ പകർത്തുന്നത്. വ്യക്തിയും, രോഗാണുവും മറ്റിടങ്ങളിൽ നിന്നും വന്നതാണെങ്കിൽ കൂടിയും, രോഗപ്പകർച്ചയ്ക്ക് അനുകൂലമായ പരിസരം ഉള്ളതുകൊണ്ടാണ് ഇവിടെ മലേറിയ പോലുള്ള രോഗങ്ങൾ പകരുന്നത്. ധാരാളം മലയാളികളും മറുനാടുകളിൽ ജോലി ചെയ്യുന്നുണ്ട്. അവരും ഇതുപോലെ രോഗാണുക്കളെയും കൊണ്ടാവാം കേരളത്തിലേക്ക് വരുന്നത്. അവർ രോഗലക്ഷണങ്ങൾ കാണിച്ച് തുടങ്ങുമ്പോൾ തന്നെ ആശുപത്രിയിലെത്തുകയും, രോഗനിർണ്ണയം നടത്തുകയും, ചികിത്സ തുടങ്ങുകയും ചെയ്യുന്നതുകൊണ്ടാണ് അവരിൽ നിന്നും രോഗപ്പകർച്ച താരതമ്യേനെ കുറവായി കാണുന്നത്. മറുനാട്ടുകാർ പക്ഷെ പലപ്പോഴും വൃത്തിഹീനമായ സാഹചര്യങ്ങളിൽ തിങ്ങിനിറഞ്ഞാണ് ജീവിക്കുന്നത്. ഇവർക്ക് ആശുപത്രിയിൽ പോയി ചികിത്സിക്കാനുള്ള സാഹചര്യങ്ങളും, പണവും ഉണ്ടായെന്നു വരില്ല. നല്ല ഭക്ഷണവും, വെള്ളവും കിട്ടാത്തതുകൊണ്ട് പ്രതിരോധശക്തിയും കുറവായിരിക്കും. ഇതുകൊണ്ടാണ് ഇവർക്ക് വേഗത്തിൽ രോഗം വരുന്നതും, പകരുന്നതും. അതുകൊണ്ട്, മലയാളികൾക്ക് മെച്ചപ്പെട്ട ആരോഗ്യം ഉണ്ടാകണമെങ്കിൽ മറുനാട്ടുകാരുടെ ആരോഗ്യവും, ജീവിതസാഹചര്യങ്ങളും കൂടി മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ഇപ്പോൾ മനസിലായിക്കാണുമല്ലോ. പരിസരശുചിത്വം ഇല്ലാത്തപക്ഷം രോഗപ്പകർച്ചയുടെ സ്രോതസ്സായി മറുനാട്ടുകാരെ കാണുന്നത് യഥാർത്ഥ പ്രശ്നത്തിൽ നിന്നുള്ള മുഖംതിരിക്കലാണെന്നതും മനസിലായിക്കാണുമല്ലോ. അതിഥികളായി നമ്മുടെ സംസ്ഥാനത്ത് വന്ന് ജോലി ചെയ്യുന്നവരോട് മാനുഷിക പരിഗണനയെങ്കിലും കാണിച്ച് നല്ല മനുഷ്യരും, ആതിഥേയരുമായി മാറുക എന്നേ എനിക്ക് അവസാനമായി പറയാനുള്ളൂ.

ഈ സീരീസിലെ മറ്റു പോസ്റ്റുകൾ:

1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?

2. ഏത് വിഷയത്തിൽ പി.ജി എടുക്കണം?

3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്?

4. ഡോക്ടർ ചിന്തിക്കുന്നത് എങ്ങനെയാണ്?

5. വ്യാജഡോക്ടർമാർ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?

6. ഡോക്ടർമാർക്ക് ചില വ്യത്യസ്ത ജോലിസാധ്യതകൾ

 

* ഇതെല്ലാം കേട്ട് എനിക്ക് അന്താരാഷ്ട്ര വിഷയങ്ങളിൽ അഗാധമായ ജ്ഞാനമാണെന്നൊന്നും തെറ്റിദ്ധരിക്കരുത്. അന്താരാഷ്ട്രതലത്തിൽ ആരോഗ്യമേഖലയെ ബാധിക്കുന്ന വിഷയങ്ങൾ വായിക്കാൻ ഇഷ്ടമാണ്. വേറെ ഒന്നിനെക്കുറിച്ചും കാര്യമായ വിവരമൊന്നുമില്ല. 

**ഇത് എഴുതി തീർന്നപ്പോഴേക്കും ഒരു മലയാളി സ്ത്രീഡോക്ടറെ കുറേപ്പേർ ചേർന്ന് സ്ലട്ട് ഷേമിങ് നടത്തുന്ന പോസ്റ്റ് കണ്ടു (ലിങ്ക് തരില്ല). ഇപ്പോൾ ഫേസ്ബുക്കിലാണ് സൈബർകൂട്ടം ഡോക്ടറെ വളഞ്ഞിരിക്കുന്നത്. പച്ചത്തെറികളാണ് പലരും കമൻ്റുകളിൽ എടുത്ത് പ്രയോഗിക്കുന്നത്. വൈകാതെ, ഈ വാനരക്കൂട്ടം നാൽക്കവലയിലും ഡോക്ടറെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ബോർഡ് വച്ചാൽ അദ്ഭുതമൊന്നും തോന്നേണ്ടതില്ല.

തല്ലുകൊള്ളാൻ ഡോക്ടറുടെയും, മറുനാട്ടുകാരുടെയും ജീവിതം ഇനിയും ബാക്കി. നാട്ടുകാർക്ക് നിങ്ങളെ വേണ്ടെങ്കിൽ ഡോക്ടർമാർ വിദേശത്തേക്ക് വരിക. സ്വീഡനിൽ ഉപരിപഠനം നടത്തുന്നതിനെക്കുറിച്ച് ഇവിടെ വായിക്കാം. തലക്കെട്ടിലെ ചോദ്യത്തിന് ഇപ്പോൾ ഉത്തരമായല്ലോ. മലയാളി ആൾക്കൂട്ടത്തെയാണ് ശരിക്കും സൂക്ഷിക്കേണ്ടത്. ഭയക്കേണ്ടത്. 

 

18 thoughts on “ആരെയാണ് ശരിക്കും സൂക്ഷിക്കേണ്ടത്?

  1. പ്രൊഫഷനെയും രോഗികളെയും മറന്ന ഒരു പറ്റം ഇംഗ്ലീഷ് വൈദ്യന്മാര്‍ മുഖേന വന്ന്‍ കൂടിയ വിനയാണ് ഇത്.കുറെ വര്‍ഷങ്ങള്‍ക്ക് മുന്പ് കേരളത്തില്‍ ഗവണ്മെന്റ് ഡോക്ടര്‍മാരുടെ പ്രൈവറ്റ് പ്രാക്ടീസ് നിര്‍ത്തലാക്കിയപ്പോള്‍ ആശുപത്രികള്‍ സ്തംഭിപ്പിച്ച് സമരം നടത്തിയ അക്കാലം മുതല്‍ ആണെന്ന്‍ തോന്നുന്നു ഈ പ്രശ്നം ഉണ്ടാകാന്‍ തുടങ്ങിയത്.

    [[[[[[[[മലയാളത്തില്‍ ബ്ലോഗ്‌ എഴുതുന്ന മൂന്ന്‍ ഡോക്ടര്‍മാര്‍ മാത്രേ കാണൂ എന്ന് തോന്നുന്നു.]]]]]]]]]]

  2. പ്രശ്നം പണ്ടും ഇന്നും ഉണ്ട്. പണ്ടത്തെ പ്രശ്നങ്ങൾ അധികം പുറത്ത് അറിയാറില്ലായിരുന്നു. ഇപ്പോൾ ലൈവായി റെക്കോർഡ് ചെയ്ത് പ്രൊഫൈലിലിടാൻ പറ്റും. ഡോക്ടർക്ക് അടികിട്ടുന്നത് കാണാൻ നല്ല ശേലായതുകൊണ്ട്, രോഗി മരിച്ചതിൻ്റെ ഷോക്കിൽ എന്ന പേരിൽ ഡോക്ടറെ ലൈംഗികമായി വരെ അധിക്ഷേപിക്കാമെന്നതുകൊണ്ട് പോസ്റ്റിന് വൈറാലിറ്റി കൂടും.

    ഒരു ഡോക്ടർ ഞാൻ. പിന്നെ ജിമ്മി മാത്യു. മൂന്നാമത്തതാരാ?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.