ഫയാസിനു ബ്ലഡ് കൊടുക്കണോ ഡോക്ടർ?

ഈയടുത്തായി ഡോക്ടർമാർ സാധരണ ജനങ്ങളിൽ നിന്നും അകന്നതോടു കൂടിയാണ് കൂട്ടിരിപ്പുകാരുടെ കയ്യിൽ നിന്ന് ഡോക്ടർമാർക്ക് തല്ല് കിട്ടുന്ന സംഭവങ്ങൾ കൂടുതലായി ഉണ്ടാവാൻ തുടങ്ങിയത് എന്ന് ഒരു സുഹൃത്ത് സംസാരത്തിനിടയിൽ പറഞ്ഞിരുന്നു. ഇത് മുഴുവനായും ശരിയല്ല എന്നാണ് തോന്നുന്നത്. പണ്ട് ഡോക്ടറെ തല്ലാൻ ചെന്ന കാര്യം, വാട്ട്സാപ്പും ഫേസ്ബുക്കും ഒന്നും ഇല്ലാത്തതുകൊണ്ട് തല്ല് വാങ്ങിയ ആളും കിട്ടിയ ആളും ഒഴികെ ആരും അറിയില്ലായിരുന്നു. തല്ലിയതിനു ശേഷവും കാര്യങ്ങൾ വ്യക്തമായി പറഞ്ഞ് മനസിലാക്കിയാൽ, തെറ്റ് തങ്ങളുടെ ഭാഗത്താണെങ്കിൽ കൂട്ടിരിപ്പുകാർക്ക് സത്യാവസ്ഥ പിടികിട്ടുകയും, മനസ്താപം വന്ന് മാപ്പ് പറയുകയും ചെയ്യുമായിരുന്നു. ഇപ്പോൾ അങ്ങനെയല്ലല്ലോ. ഉടനടി ലൈവായിട്ട് തല്ലുന്നതിൻ്റെ വീഡിയോ അപ്ലോഡ് ചെയ്താൽ മിനിറ്റുകൾക്കകം അത് ആയിരക്കണക്കിന് ആളുകൾ ഷെയർ ചെയ്യും. അപ്ലോഡ് ചെയ്തയാൾക്ക് പിന്നീട് മനം മാറ്റം ഉണ്ടായാലും, ഷെയർ ചെയ്തവർ ഏറ്റെടുത്ത് പ്രശ്നം ഗുരുതരമാക്കിത്തരും. കമൻ്റിലൂടെ സപ്പോട്ട ചെയ്തവരുടെ വാക്കും കേട്ട് പുളകം കൊണ്ട രോഗി പിന്നീട് ഡോക്ടറുടെ അടുത്തേക്ക് ചർച്ചയ്ക്ക് പോകില്ല. ഓൺലൈൻ പോർട്ടലുകൾ ഡോക്ടറുടെ ജാതകം വരെ ചികഞ്ഞ്, ഡോക്ടറുടെ പൂർവ്വജീവിതത്തെക്കുറിച്ച് മഞ്ഞമൂല്യം ഉള്ള വാർത്തകൾ ഉണ്ടാക്കിയെടുക്കും. അവസാനം ഡോക്ടർ ഫേസ്ബുക്കിൽ ലൈവ് വന്ന് നിരപരാധിത്വം തെളിയിക്കേണ്ട ദയനീയ അവസ്ഥയാണുള്ളത്. ഡോക്ടറുടെ പോസ്റ്റ് മാക്സിമം നൂറാൾ ഷെയർ ചെയ്യുമ്പോൾ രോഗിയുടേത് രണ്ടായിരം പേർ ഷെയർ ചെയ്ത് കാണും. ഡോക്ടറെ തല്ലുന്നത് കാണാൻ നല്ല ശേലായതുകൊണ്ട് വാട്ട്സാപ്പിലും ക്ലിപ്പ് കറങ്ങിനടക്കും. ചെയ്യാത്ത കുറ്റത്തിന് തല്ലും വാങ്ങി, അതിൻ്റെ വീഡിയോ വയറലും ആയി, സത്യാവസ്ഥ ബോധിപ്പിക്കാൻ കഴിയാതെയും ആയി, കേരളം മുഴുവനുമുള്ള ആളുകൾ ഡോക്ടറെ തല്ലുന്ന സീൻ ക്ലിപ്പായി കണ്ടശേഷം സത്യം തെളിയിച്ചാൽ തന്നെ അത് ആർക്കും വേണ്ടാതെയും ആകുന്ന അവസ്ഥ എന്ത് പരിതാപകരമാണെന്ന് ആലോചിച്ച് നോക്കൂ.

രോഗി രാത്രി ഉറങ്ങിയില്ലെങ്കിലും ബൈസ്റ്റാൻ്റർ ഉറങ്ങിയിരിക്കണം എന്ന് ഹൗസ് സർജന്മാർ കളിയായി പറയാറുണ്ട്. ഇതിൽ സത്യം ഇല്ലാതില്ല. രാത്രി ഉറങ്ങാൻ കഴിയാത്ത ബൈസ്റ്റാൻ്റർ കുറച്ച് കലിപ്പിലായിരിക്കും. ഇവർ രോഗിക്ക് പ്രത്യേകിച്ച് കുഴപ്പമില്ലെങ്കിലും എന്തെങ്കിലും കാരണം കണ്ടുപിടിച്ച് രാത്രി ഡോക്ടറെ എഴുന്നേൽപ്പിച്ച് വരുത്തും. ഞാൻ ഉറങ്ങാത്തതുകൊണ്ട് ഡോക്ടറും ഉറങ്ങണ്ട എന്ന ലൈൻ. അതേസമയം രോഗിക്ക് ശരിക്കും പ്രശ്നമുണ്ടെങ്കിലും, ഡോക്ടറെ എഴുന്നേൽപ്പിക്കുന്നത് മോശമല്ലേ എന്ന് വിചാരിക്കുന്ന കൂട്ടിരിപ്പുകാരും ഉണ്ട്. ഏറെ ദയനീയം, ചില സാമൂഹികമായി പിന്നോക്കം നിൽക്കുന്ന രോഗികളുടെ കാര്യമാണ്. രാത്രി എന്തെങ്കിലും എമർജൻസി ഉണ്ടെങ്കിൽ ഡോക്ടറെ വിളിക്കാമെന്നു പോലും ഇവർക്കറിഞ്ഞുകൂടാ. അതുകൊണ്ട് അല്പം സീരിയസ് ആയ രോഗി ആണെങ്കിൽ, ഡോക്ടർ പച്ച കതകുള്ള റൂമിൽ ഉണ്ടാകും, രോഗിക്ക് ശ്വാസം മുട്ടൽ വന്നാൽ കതക് മുട്ടി വന്ന് പറയണം എന്നൊക്കെ പറഞ്ഞ് മനസിലാക്കി കൊടുക്കേണ്ടി വരും.

രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് രോഗിയുടെ കാര്യത്തിൽ ശ്രദ്ധയുണ്ടോ എന്നത് നോക്കാൻ ഞാൻ ചില സൂത്രപ്പണികൾ ചെയ്യാറുണ്ട്. രാത്രി കൃത്യം എട്ട് മണിക്ക് തന്നെ യൂറിൻ ബാഗിലെ മൂത്രത്തിൻ്റെ അളവ് നോക്കി പറഞ്ഞുതരണം എന്ന് പറയും. കൃത്യം എട്ട് മണിക്ക് അളവ് റിപ്പോർട്ട് ചെയ്യാൻ വരുന്ന കൂട്ടിരിപ്പുകാരി, രോഗിയുടെ കാര്യത്തിൽ നല്ല ശ്രദ്ധ കൊടുക്കുന്ന ആളായിരിക്കും. എട്ടുമണിയിൽ നിന്നും വ്യതിചലിക്കുന്ന മിനിറ്റുകളോരോന്നും ശ്രദ്ധയില്ലായ്മയുടെ മാനകം ആയി കണക്കാക്കാം. ശ്രദ്ധയുള്ള കൂട്ടിരിപ്പുകാരി നല്ലവണ്ണം പരിചരിക്കുന്നതുകൊണ്ടും, രോഗിയിൽ ഉണ്ടായ ചെറിയ മാറ്റങ്ങൾ വരെ കണ്ടുപിടിക്കുന്നതുകൊണ്ടും രോഗം വേഗത്തിൽ മാറാൻ വലിയ പങ്കു വഹിക്കുന്നുണ്ട്. വെൻ്റിലേറ്ററിലുള്ള രോഗികൾക്കും, മസ്തിഷ്കസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും സ്വയം തീരുമാനങ്ങൾ എടുക്കാൻ കഴിയാത്തതുകൊണ്ട് കൂട്ടിരിപ്പുകാരായിരിക്കും തീരുമാനങ്ങൾ എടുക്കുന്നത്. ചിലവേറിയ ചികിത്സ വേണ്ടിവരുമെന്ന് പറയുമ്പോൾ, കിടപ്പാടം പണയം വച്ചും ചികിത്സിക്കാം ഡോക്ടറേ എന്നു പറയുന്ന കൂട്ടിരിപ്പുകാരനും, ഇത്രയൊക്കെ ചെലവുള്ള ചികിത്സ ചെയ്യേണ്ടതുണ്ടോ എന്ന് പറയുന്ന കൂട്ടിരിപ്പുകാരനും തമ്മിൽ രോഗിയെ സംബന്ധിച്ചിടത്തോളം വലിയ വ്യത്യാസമുണ്ട്. “എല്ലാം മാറും, ഞാനില്ലേ കൂടെ” എന്ന് പറയുന്ന കൂട്ടിരിപ്പുകാരിയും, “നാളെയെങ്കിലും ഡിസ്ചാർജ്ജ് ആയില്ലെങ്കിൽ ഞാൻ വീട്ടിൽ പോകും” എന്ന് പറയുന്ന കൂട്ടിരിപ്പുകാരിയും രോഗിയെ മാനസിക തലത്തിൽ സ്വാധീനിക്കുന്നത് വ്യത്യസ്ഥമായാണ്. അതുകൊണ്ട് ഏറ്റവും അടുപ്പമുള്ളവരെ മാത്രം കൂട്ടിരിപ്പിനായി കൂടെ കൊണ്ടുപോകുക. കൂട്ടിരിപ്പുകാരുടെ പ്രവൃത്തികളും, മാനസികനിലയും, സാഹചര്യങ്ങളും നിങ്ങൾ വിചാരിക്കുന്നതിലധികം നിങ്ങളുടെ രോഗമുക്തിയെ സ്വാധീനിക്കുന്നുണ്ട്.

ചില ആളുകൾ ഉണ്ട്. രോഗി ‘കോളേജി’ലാണെന്ന് നാട്ടിൽ വിവരം അറിഞ്ഞാൽ മുഴുവൻ കൂട്ടുകാരെയും കൂട്ടി ജീപ്പിൽ കോഴിക്കോട്ടങ്ങാടിയിലേക്ക് വരും. രോഗിയേയും കാണാം, പാരഗണിൽ പോയി ബിരിയാണിയും അടിക്കാം, ബീച്ചിൽ പോയി ആർമ്മാദിക്കുകയും ചെയ്യാം എന്നതാണ് ഇവരുടെ ലൈൻ. ചങ്ക് ബ്രോയെ നേരിൽ കണ്ട് കോൺഫിഡൻസ് കൊടുക്കാൻ വേണ്ടിയാണ് ഇവരുടെ വരവ്. ബൈക്കിൽ നിന്ന് വീണതോ, ഡങ്കു വന്ന് അഡ്മിറ്റായതോ, അപ്പൻഡിസൈറ്റിസിന് ഓപ്പറേഷൻ കഴിഞ്ഞതോ ഒക്കെ ആയ യുവാക്കൾക്കാണ് ഇത്തരം ബൈസ്റ്റാൻ്റർമാർ കടന്നൽക്കൂട്ടം പോലെ വന്നെത്തുന്നത്. ചങ്കിൻ്റെ കൂടെ ഗ്രൂപ്പ് ഫോട്ടോ, സെൽഫി ഒക്കെ എടുക്കും. അതിലൊരുത്തൻ വന്നിട്ട്, “ഞാൻ ഫയാസ് എന്ന പത്താം ബെഡ്ഡിലെ രോഗിയുടെ ഫ്രണ്ട്സ് ആണ്, ഇപ്പോൾ ഫയാസിൻ്റെ കണ്ടീഷൻ എന്താണ്, അവനെ ഐസിയുവിൽ അഡ്മിറ്റ് ആക്കേണ്ടിവരുമോ, ഞാൻ ബ്ലഡ് തരേണ്ടിവരുമോ” എന്നൊക്കെ ഡോക്ടറോടും, നേഴ്സിനോടും മാറി മാറി ചോദിക്കും. പയറുപോലെ കിടക്കുന്ന ഫയാസിനെ പിറ്റേ ദിവസം ഡിസ്ചാർജ് ആക്കാൻ പ്ലാൻ ചെയ്യുമ്പോഴായിരിക്കും ഈ ചോദ്യം. ഫയാസിന് നാടകീയമായ കോമ്പ്ലിക്കേഷനുകൾ വരുമ്പോൾ സഹായത്തിനെത്തുന്ന ഹീറോ ആകാൻ ഇവർക്ക് വലിയ ആക്രാന്തമാണ്. ഇവർക്ക് എന്തെങ്കിലുമൊക്കെ ഉത്തരം കൊടുത്ത്, എങ്ങനെയെങ്കിലും പറഞ്ഞു വിടുന്നതാണ് നല്ലത് എന്ന് ഡോക്ടർക്കും, നേഴ്സിനും അറിയാം. ഇതിൽ ഒരാളുടെ ചോദ്യങ്ങളോട് ഡോക്ടർ കൃത്യമായി പ്രതികരിച്ചില്ലെങ്കിൽ സംശയം വ്യക്തമായി ക്ലിയർ ആക്കാൻ വേണ്ടി അടുത്തവൻ വരും. അതിനു പിറകെ അടുത്തവൻ. അതുകൊണ്ട് ആദ്യം വരുന്നവനെ അനുഭാവപൂർവ്വം കൈകാര്യം ചെയ്ത് പറഞ്ഞ് വിടുന്നതാണ് നല്ലത്. ബ്ലഡ് വേണമെങ്കിൽ ഉടനെ വിളിക്കാം എന്നൊക്കെ പറഞ്ഞാൽ ഇവർക്ക് സന്തോഷമാകും. മൊട്ടയിൽ നിന്നും വിരിയാത്ത പയ്യന്മാരാണെങ്കിലും ഇവർക്ക് സ്ത്രീ ഡോക്ടർമാരോട് പ്രത്യേകം അനുഭാവവുമുണ്ട്. അതുകൊണ്ട് ഫയാസിൻ്റെ ഡീറ്റെയിൽസ് അറിയാൻ ഫോൺ നമ്പർ തരുമോ എന്നൊക്കെ ചോദിക്കും. നമ്പർ കൊടുത്താൽ ദിവസവും ഇയാളുടെ വക ഗുഡ് മോണിങ്, ഗുണപാഠകഥകൾ, ഫലിതബിന്ദുക്കൾ എന്നിവ കേൾക്കേണ്ടി വരും. ഒരാവശ്യവുമില്ലാതെ വിളിച്ചെന്നും വരും. അതുകൊണ്ട് ആശുപത്രി നിയമങ്ങൾ പ്രകാരം ആർക്കും പേഴ്സണൽ നമ്പർ കൊടുക്കാൻ പാടില്ല എന്ന് പറഞ്ഞ് ഇവരെ ഒഴിവാക്കിവിടണം. അങ്ങനെ ഒരു നിയമം ആശുപത്രിയിൽ ഇല്ലെങ്കിൽ പോലും.

അടുത്ത ഗ്രൂപ്പിനെ പരിചയപ്പെടാം. ഇവർ കുടുംബക്കാരാണ്. കാറിലോ, ഓട്ടോയിലോ ഒക്കെയാണ് വരുന്നത്. മെഡിക്കൽ കോളേജ് സർക്കിളിൽ നിന്നും ഒരുകിലോ ഓറഞ്ചും, ഒരു കിലോ മുന്തിരിയും വാങ്ങിയിട്ടാണ് വരവ്. രോഗി മിക്കവാറും ഹൃദയാഘാതം കഴിഞ്ഞ മധ്യവയസ്കനോ, ഓപ്പറേഷൻ കഴിഞ്ഞ സ്ത്രീയോ ഒക്കെ ആയിരിക്കും. പൊടിക്കുഞ്ഞുങ്ങളെ വരെ കയ്യിലെടുത്തുകൊണ്ടാണ് വരവ്. വന്നിട്ട് എല്ലാവരും കൂടി രോഗിയുടെ ബെഡ്ഡിൽ രോഗിയായ വലിയച്ഛൻ്റെ ചുറ്റും ഇരിക്കും. ചിലപ്പോൾ അവർ കൊണ്ടുവന്ന ഓറഞ്ച് അവർ തന്നെ തൊലിച്ച് തിന്നും. എന്നിട്ട് സൊറ പറച്ചിലാണ്. ഹോസ്പിറ്റലിൽ ആയിപ്പോയതുകൊണ്ട് വലിയച്ഛന് മിസ്സായ കുടുംബത്തിലെ ലേറ്റസ്റ്റ് ഗോസിപ്പുകൾ ഒക്കെ ഇവർ അപ്ഡേറ്റ് ചെയ്തുകൊടുക്കും. അടുത്തവീട്ടിലെ ചേച്ചിയുടെ അമ്മായി അറ്റാക്ക് വന്നപ്പോൾ മരിച്ചു പോയി, പക്ഷെ വലിയച്ഛൻ അറ്റാക്കിൽ നിന്ന് രക്ഷപെട്ടത് മഹാഭാഗ്യം എന്ന മോഡലിൽ ഡയലോഗ് പുരോഗമിക്കും. അറ്റാക്ക് വന്നവർ കഴിക്കേണ്ട ആഹാരക്രമം (വാട്ട്സാപ്പിൽ കണ്ടത്), അറ്റാക്കിനെ ചെറുക്കാനുള്ള ഒറ്റമൂലി (അയൽക്കാരൻ പറഞ്ഞത്) എന്നിവയൊക്കെ കാര്യമായി ഇരുന്ന് ചർച്ച ചെയ്യും. കേട്ടിരിക്കുന്ന രോഗിയായ വലിയച്ഛന്, അറ്റാക്ക് വന്ന് തട്ടിപ്പോകുന്നതായിരുന്നു ഈ വെറുപ്പിക്കലിനെക്കാൾ ഭേദം എന്ന തോന്നൽ ഉണ്ടായില്ലെങ്കിലേ അദ്ഭുതമുള്ളൂ. അതിൻ്റെ ഇടയിൽ ഡോക്ടർ വന്നാൽ എല്ലാ ചുറ്റിരിപ്പുകാരും എഴുന്നേറ്റ് നിന്ന് ബഹുമാനിക്കും. പരിശോധന കഴിഞ്ഞാൽ കൂട്ടത്തിലെ ഒരാൾ വന്ന് “കുഴപ്പമൊന്നുമില്ലല്ലോ ഡോക്ടർ” എന്ന് വെറുതേ കുശലം ചോദിക്കും. ഇവർക്ക് ചോദിച്ചു എന്ന് വരുത്തിത്തീർക്കുക എന്നതാണ് ഉത്തരം കിട്ടുക എന്നതിനെക്കാൾ പ്രധാനം. അതുകൊണ്ട്, “കുഴപ്പമൊന്നുമില്ല” എന്ന് ഒറ്റവാക്കിൽ ഉത്തരം പറഞ്ഞാൽ സമാധാനമായി.

വേറൊരു ഗ്രൂപ്പുണ്ട്. ഇവർ ലോക്കൽ നേതാക്കളോ, അനീതിക്കെതിരെ ചോര തിളപ്പിക്കുന്ന സിംഹങ്ങളോ ആയിരിക്കും. മൂന്നോ നാലോ പേരുള്ള ഗ്രൂപ്പുകളായിട്ടാണ് ഇവർ രോഗിയെ സന്ദർശിക്കാൻ എത്തുക. കുറച്ചുകൂടി വലിയ ഗ്രൂപ്പാണെങ്കിൽ കൂടെ ക്യാമറാമാനും കാണും. നഴ്സിങ് സ്റ്റേഷനിൽ നേരേ പോയി മാസ്കെടുത്ത് കെട്ടുന്നവരും, ആശുപത്രിയെ സ്വന്തം വീടുപോലെ കാണുന്നവരും, ഐസിയുവിലേക്ക് ഇരച്ച് കേറുന്നവരും ഈ ഗ്രൂപ്പിൽ പെട്ടവരാണ്. ഇവർക്ക് ആകെ പരവേശമാണ്. ഞങ്ങളുടെ രോഗിയുടെ റിസൾട്ട് കിട്ടുന്നില്ല, വൈകുന്നേരത്തെ റൗണ്ട്സിൽ ബി.പി നോക്കിയില്ല എന്നൊക്കെ ഡോക്ടറോട് പരാതി പറയും. സൗകര്യക്കുറവുകൾ ഉണ്ടെങ്കിൽ സൂപ്രണ്ടിനോടാണ് പരാതി പറയേണ്ടത് എന്ന് നമ്മൾ പറയും. സൂപ്രണ്ട് ഇവരുടെ പാർട്ടിവഴി ബന്ധത്തിലെ സ്വന്തം ആളാണ് എന്നൊക്കെ ഇവർ നമ്മളെ പറഞ്ഞ് മനസിലാക്കിത്തരും. നഴ്സിനെ ഇവർക്ക് പുച്ഛമാണ്. നുമ്മടെ സ്റ്റാൻ്റേർഡ് അനുസരിച്ച് ഡോക്ടറോട് മാത്രമേ സംസാരിക്കുകയുള്ളൂ എന്നതാണ് ഇവരുടെ ലൈൻ. രോഗിയുടെ മുന്നിൽ നിന്ന് നിർത്താതെ ഫോൺ വിളിക്കുന്നതും ഇവരുടെ പ്രത്യേകതയാണ്. വെള്ളമുണ്ടും ഷർട്ടുമാണ് ഇവരുടെ സ്ഥിരം വേഷമെങ്കിലും മറ്റ് വേഷക്കാരെയും കാണാറുണ്ട്. ഇവർ ചൂടായാലും നമ്മൾ സംയമനം പാലിക്കണം. ഇവരുടെ അഹങ്കാരം കണ്ടിട്ട് നമ്മളും കൂടി ചൂടായിക്കഴിഞ്ഞാൽ ഇവരുടെ അനുയായികൾ എല്ലാം ക്യാമറയിൽ പകർത്തി വാട്ട്സാപ്പിലിടും. അപമര്യാദയായി പെരുമാറുന്ന ഡോക്ടറെ ഡിസ്മിസ് ചെയ്യാൻ വേണ്ടി ഷെയർ മാക്സിമം എന്ന ക്യാപ്ഷനും കൊടുത്ത് ഈ വീഡിയോ ഷെയർ ചെയ്യാൻ വേറെയും കുറെ ഊളകളും കാണും. അതുകൊണ്ട് എല്ലാത്തിനും പുഞ്ചിരിച്ചുകൊണ്ട് മറുപടി പറയുക. ചെയ്യാൻ കഴിയാത്ത കാര്യം, “നടക്കില്ല” എന്ന് കട്ടായം പറയരുത്. വിഷയം സൂപ്രണ്ടിൻ്റെ ശ്രദ്ധയിൽ പെടുത്താം, ചർച്ച ചെയ്യാം എന്നൊക്കെ മാത്രമേ പറയാവൂ. സൂപ്രണ്ടിനോട് സംസാരിക്കേണ്ട വിഷയമൊക്കെ ഇവരാണ് ഉന്നയിച്ചത് എന്ന് ആലോചിക്കുമ്പോൾ ഇവർക്ക് സ്വയം മതിപ്പൊക്കെ തോന്നും. അങ്ങനെ, ഇവരുടെ പൊങ്ങച്ചത്തിന് വെയിറ്റിട്ട് വെയിറ്റിട്ട് വേണം പയ്യെ ഇവരെ ഒതുക്കിയെടുക്കാൻ. ഇവരുടെ എല്ലാ പൊങ്ങച്ചങ്ങളും ഡോക്ടർ അംഗീകരിച്ചു എന്ന തോന്നൽ വന്നാൽ പിന്നെ ഇവർ ഡീസൻ്റ് ആയിക്കോളും. ചിലപ്പോൾ നിങ്ങൾക്ക് പ്രൊമോഷൻ റെഡിയാക്കാൻ സൂപ്രണ്ടിനോട് പറയാം എന്നൊക്കെ പറഞ്ഞ് കളയും 🙂

രോഗിയുടെ കൂടെ പ്രാർത്ഥിക്കാൻ വരുന്നവരുണ്ട്. ഇത്തരക്കാർ ചുരുക്കമാണെങ്കിലും നമ്മുടെ ട്രീറ്റ്മെൻ്റിൻ്റെ ക്രെഡിറ്റ് ഇവർ അടിച്ചുമാറ്റും. പ്രാർത്ഥനക്കാർ ചിലപ്പോൾ ഡോക്ടറെയും കണ്ട് അനുഗ്രഹിക്കും. പ്രാർത്ഥനകളുള്ള പുസ്തകം ഫ്രീയായി തരും. മെഡിസിനും, വിശ്വാസവും തമ്മിലുള്ള അഭേദ്യ ബന്ധത്തെക്കുറിച്ച് വാചാലരാകും. തമാശയിലൂടെ ഇത്തരക്കാരുടെ പൊള്ളത്തരം ഈ വീഡിയോയിൽ (9:00-12:00  sec) ചിത്രീകരിച്ചിട്ടുണ്ട്. എൻ്റെ ക്ലാസ്മേറ്റ്സ് ചേർന്ന് പണ്ട് എടുത്ത പടമാണ്. എല്ലാവരും കണ്ട് വിജയിപ്പിക്കണം 🙂

വാർഡിലെ കൂട്ടിരിപ്പുകാരെ നമ്മൾ പരിചയപ്പെട്ടു. ഇനി എമർജൻസി മെഡിസിനിലെ ബൈസ്റ്റാൻ്റർമാരെ പരിചയപ്പെടാം. ഇവർ താരതമ്യേനെ കൂടുതൽ ആക്ടീവ് ആയിരിക്കും. എന്താ ഇവിടെ ഒന്നും നടക്കാത്തത്, എൻ്റെ കൈ തരിക്കുന്നു എന്ന സീൻ. ബ്ലഡ് ടെസ്റ്റിൻ്റെ റിസൾട്ട് വന്നാലേ ഇനിയെന്തെങ്കിലും ചെയ്യാൻ പറ്റൂ എന്നൊക്കെ നമ്മൾ പറഞ്ഞു നോക്കും. പക്ഷെ, ഇവർ പ്രക്ഷുബ്ദരാകും. രോഗി വെറുതേ കിടക്കുന്നത് കണ്ടിട്ട് ഇവർക്ക് സഹിക്കുന്നുണ്ടാവില്ല. സീൻ ഡാർക്കാണെന്ന് മനസിലായാൽ യുക്തിപരമായി ഇവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കരുത്. പറഞ്ഞു തീരുന്നതിനു മുൻപ് അടി വീഴും എന്നതുകൊണ്ടാണിത്. ഇവിടെ ചെയ്യേണ്ട സ്ട്രാറ്റജി രോഗിയുടെ അടുത്ത് ചെന്ന് ബി.പി നോക്കുക എന്നതാണ്. ബി.പി എത്രയാണെന്ന് കൂട്ടിരിപ്പുകാരനോട് പറഞ്ഞുകൊടുക്കുക. ആ ബി.പി നോർമൽ ആണെന്നും പറയുക. ബി.പി നോർമൽ ആകാനുള്ള കാരണങ്ങളെക്കുറിച്ച് മുപ്പത് സെക്കൻ്റ് സംസാരിക്കുക. എന്നിട്ട് നേരത്തേ പറഞ്ഞ ബ്ലഡ് ടെസ്റ്റിൻ്റെ കാര്യം ഒന്നുകൂടി മയത്തിൽ പറയുക. ഇങ്ങനെ ചെയ്താൽ അടി വരുന്നത് തടയാം. ഒരാവശ്യവുമില്ലാതെയാണ് ബി.പി നോക്കുന്നതെങ്കിലും, വല്ലതും ചെയ്യുന്നുണ്ട് എന്ന തോന്നൽ വരുത്തി തീർക്കുക എന്നതാണ് ഇവിടെ പ്രധാനം. രോഗിക്ക് പുരോഗതിയുണ്ടോ എന്നതല്ല, ഡോക്ടർ എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നതാണ് ഈ കൂട്ടിരിപ്പുകാർ പെർഫോമൻസ് മെട്രിക്കാക്കി കണക്കാക്കുന്നത്.

ചില കാഷ്വാലിറ്റി കൂട്ടിരിപ്പുകാർക്ക് ബോറടിയാണ്. ഇവർ ഇവിടെ നാടകീയത കാണാൻ വന്നതാണ്. അമ്മമാരുടെ അലറിക്കരച്ചിൽ,  രക്തത്തിൽ കുളിച്ചു കൊണ്ടുവന്ന രോഗികളുടെ പ്രാണവേദന എന്നിവയൊക്കെ കൂടി കണ്ട്, കഴിയുമെങ്കിൽ വീഡിയോയും എടുത്ത്, എൻ്റർടൈന്മെൻ്റ് ഉണ്ടാക്കാം എന്ന് വിചാരിച്ചാണ് ഇവർ ക്യാഷ്വാലിറ്റിയിലേക്ക് രോഗിയെയും കൊണ്ട് വരുന്നത്. ഇവർക്ക് കണ്ടുനിൽക്കാനുള്ള നാടകീയതയൊന്നും പലപ്പോഴും സംഭവിക്കില്ല. സംഭവിച്ചാൽ തന്നെ ഇവർക്ക് കാണാൻ പാകത്തിൽ രോഗിയെ തുറന്ന് വച്ച് കൊടുക്കുകയുമില്ല. നാടകീയത ഇല്ലാത്തതുകൊണ്ട് ഇവർക്ക് ബോറടിക്കും. അപ്പോൾ ഡോക്ടറോട് എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാം എന്ന് വിചാരിച്ച് അടുത്ത് കൂടാൻ ശ്രമിക്കും. ഡോക്ടർ ഡ്യൂട്ടിയിലാണെങ്കിൽ നിർത്താതെ പണി ചെയ്തുകൊള്ളണം എന്നാണ് ഇവർ വിചാരിക്കുന്നത്. പന്ത്രണ്ട് മണിക്കൂർ തുടർച്ചയായി ജോലി ചെയ്യുന്നത് സാധ്യമല്ല എന്നത് ഇവർ ചിന്തിക്കുന്നില്ല. എമർജൻസിക്ക് തയ്യാറെടുത്ത് ഇരിക്കുമ്പോൾ ശ്രദ്ധ വേണമെന്നും ഇവർക്കറിയില്ല. അതുകൊണ്ട് പണിയൊന്ന് കുറയുമ്പോൾ ഡോക്ടർ വിശ്രമിക്കുമ്പോൾ ഇവർ ഒപ്പം കൂടും. ചിലപ്പോൾ പൊതുവിൽ ആരോഗ്യകാര്യങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ ചോദിക്കും. അല്ലെങ്കിൽ കയ്യിലെ ചൊറി, കഴുത്തിലെ കുരു ഒക്കെ ചികിത്സിക്കുന്നതിനെക്കുറിച്ച് വിദഗ്ദാഭിപ്രായം ചോദിക്കും. ഇത്തരം ചെറിയ രോഗങ്ങൾ ചികിത്സിക്കുന്നത് അടുത്ത ദിവസത്തെ ലോക്കൽ ഓപ്പിയിലാണെന്നും, ഡ്യൂട്ടി സമയത്ത് തടസ്സം ഉണ്ടാക്കരുതെന്നും നമ്മൾ സംയമനം പാലിച്ചുകൊണ്ട് പറയും. അതോടെ ഇവർ ഇഷ്ടക്കേടോടുകൂടി എണീറ്റുപോകും. വെറുതേ ഇരിക്കുമ്പോൾ പോലും ഡോക്ടർക്ക് എന്തൊരു ജാഡ എന്നൊക്കെയായിരിക്കണം ഇവർ അപ്പോൾ ചിന്തിക്കുന്നത്. നമ്മുടെ പ്രശ്നങ്ങൾ നമുക്ക് മാത്രമല്ലേ അറിയൂ. അതുകൊണ്ട് ഇവരെ എത്രയും പെട്ടെന്ന് എണീപ്പിച്ച് വിടുന്നതാണ് നല്ലത്. അല്ലെങ്കിൽ നേരം പുലരും വരെ ഇവരുടെ കൊച്ചുവർത്തമാനം കേൾക്കേണ്ടി വരും.

ഇനിയും വേറെ ചിലരുണ്ട്. ഞാൻ രോഗിയുടെ ബന്ധുവാണ്, രോഗിക്കുള്ള എല്ലാ കോമ്പ്ലിക്കേഷനുകളും എന്നോട് തുറന്ന് പറഞ്ഞോളൂ, എല്ലാം സഹിക്കാൻ എനിക്കറിയാം, പക്ഷെ അവിടെ നിൽക്കുന്ന പച്ച ഷർട്ടിട്ടവനോട് പറയരുത്, അവൻ ലോലഹൃദയനാണ് എന്ന് നമ്മളോട് വന്ന് പറയും. കുറച്ച് നേരം കഴിഞ്ഞ് പച്ച ഷർട്ടുകാരൻ വരും. എന്നോട് എല്ലാ വിവരങ്ങളും പറയൂ, പക്ഷെ നാളെ വരുന്ന അമ്മാവനോട് വിവരങ്ങൾ ഒന്നും പറയരുത് എന്ന് അയാൾ പറയും. പച്ച ഷർട്ടിട്ടതാരാണ്, അമ്മാവൻ ആരാണ് എന്നൊന്നും നോക്കിയിരിക്കാൻ നമുക്ക് സമയമില്ലാത്തതുകൊണ്ട്, “രോഗിയുടെ അടുത്ത ബന്ധുക്കളോട് മാത്രം വിവരം പറയും, ആ വിവരം ആരെ അറിയിക്കണം എന്ന് അവർ തന്നെ തീരുമാനിക്കട്ടേ” എന്ന് നമ്മൾ കടുപ്പിച്ച് പറയും. രോഗിയിൽ നിന്നും രോഗവിവരം മറച്ചുവയ്ക്കുന്ന കൂട്ടിരിപ്പുകാരുണ്ട്. വല്യച്ഛന് ഒന്നുമില്ല, വെറുതേ ചെക്കപ്പിന് കൊണ്ടുവന്നതല്ലേ എന്നൊക്കെ രോഗിയോട് പറഞ്ഞ് വയ്ക്കും. നമ്മൾ സർജറിയുടെ തലേനാൾ ആമാശയത്തിൽ ഓപ്പറേഷൻ ചെയ്യാനുള്ള സമ്മതപത്രം ഒപ്പിടീക്കാൻ വല്ല്യച്ഛൻ്റെയടുത്ത് കൊണ്ടുചെല്ലും. അതിൽ “ആമാശയത്തിലെ മുഴ നീക്കം ചെയ്യുന്ന ഓപ്പറേഷന് സമ്മതമാണ്” എന്നൊക്കെ എഴുതിക്കാണും. അത് വായിച്ച വല്യച്ഛൻ പേടിച്ചരണ്ടുപോകും. ചെക്കപ്പിനു വന്നിട്ട് ഓപ്പറേഷൻ ചെയ്യുന്നോ എന്നൊക്കെയായിരിക്കും ആ പാവം വിചാരിക്കുന്നത്. എത്ര കാലമാണ് ഇങ്ങനെ രോഗവിവരം രോഗിയിൽ നിന്നു മറച്ചുവയ്ക്കാനാകുക! നേരത്തേ രോഗവിവരം അറിഞ്ഞാൽ അസുഖത്തെ നേരിടാനും, ഭാവി പരിപാടികൾ ചിന്തിക്കാനുമുള്ള അവസരമാണ് രോഗിക്ക് കിട്ടുക. സ്വന്തം രോഗത്തെക്കുറിച്ച് അറിയുക എന്നത് മനുഷ്യാവകാശവുമാണ്.

ക്യാഷ്വാൽറ്റിയിൽ രോഗിയോടൊപ്പം കൂട്ടമായി കയറി വരുന്ന കൂട്ടിരിപ്പുകാരുണ്ട്. രോഗിയെ നമ്മൾ സ്റ്റെബിലൈസ് ചെയ്തതിനു ശേഷം ഇവർ പത്ത് പേർ, നിങ്ങൾ പറയുന്നത് കേൾക്കാൻ ചുറ്റും ആകാംക്ഷയോടെ നിൽക്കും. നല്ല വാർത്തയാണെങ്കിലും മോശം വാർത്തയാണെങ്കിലും കൂട്ടത്തിൽ സാമാന്യബോധം ഉണ്ടെന്ന് തോന്നുന്ന ഒരാളെ മാത്രം മാറ്റി നിർത്തി കാര്യങ്ങൾ വിശദീകരിച്ച് കൊടുക്കുന്നതാണ് നല്ലത്. എല്ലാവരോടും കൂടി ഒരുമിച്ച് വിശദീകരിക്കാൻ നിന്നാൽ ചിലപ്പോൾ അതിൽ ഒരാൾക്ക് അനിഷ്ടം തോന്നി ഒച്ചവയ്ക്കും. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അടുത്ത ആൾ കൂടുതൽ ഒച്ച വയ്ക്കും. അങ്ങനെ വാക്കേറ്റത്തിൽ എത്തും. അപ്പോൾ മൂന്നാമത്തെ ആൾ തല്ലും. ഒരു ഗ്രൂപ്പ് കൂടെയുണ്ടെന്ന തോന്നൽ ഉണ്ടാകുമ്പോൾ ആളുകൾക്ക് ആവേശം കൂടും. ചിലപ്പോൾ എല്ലാവരും ചേർന്ന് വളഞ്ഞിട്ട് തല്ലിയെന്നും വരും. സീൻ കണ്ട്, കാര്യമറിയാത്ത അപ്പുറത്തെ ബെഡ്ഡിലെ രോഗിയുടെ ആളുകളും തല്ലാൻ കൂടിയെന്ന് വരാം. അതുകൊണ്ട് ഒരു സമയം ഒരാളോടെ സംസാരിക്കാവൂ. കണ്ണിലേക്ക് നോക്കി,  വ്യക്തമായി, ആത്മാർഥതയോടു കൂടി വേണം സംസാരിക്കാൻ.

വിവരം കേട്ട് ബോധം കെടുന്ന കൂട്ടിരിപ്പുകാരും ഉണ്ട് കെട്ടോ. “ഓപ്പറേഷൻ സമയത്തോ ശേഷമോ, രക്തസ്രാവം, ഹൃദയസ്തംഭനം, കൂടാതെ മരണം വരെ സംഭവിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് മനസിലാക്കുന്നു” എന്നൊക്കെ രോഗിയുടെ സമ്മതപത്രത്തിൽ ഉണ്ടാകും. സർജറിക്കിടയിൽ രോഗിക്ക് ആകസ്മികമായി എന്തെങ്കിലും പ്രശ്നമുണ്ടായാലും ആശുപത്രിയെ പ്രതിയാക്കാതിരിക്കാനുള്ള നിയമപരമായ ഔദ്യോഗിക രേഖ ആണിത്. പക്ഷെ ഇത് വായിച്ച കൂട്ടിരിപ്പുകാരൻ ശരിക്കും മരണം സംഭവിച്ചേക്കാം എന്ന് പേടിക്കും. ഓപ്പറേഷനിടയിൽ മരണം, രക്തസ്രാവം ഒക്കെ വളരെ അപൂർവ്വമായി നടക്കുന്നതാണ്, കഴിഞ്ഞ രണ്ട് മൂന്ന് വർഷത്തിനിടയ്ക്ക് ഇത്തരം എമർജൻസി സംഭവിച്ചിട്ടേ ഇല്ല എന്നൊക്കെ പറഞ്ഞ് നമ്മൾ ധൈര്യം കൊടുത്താലേ ഇവർ സമ്മതപത്രം ഒപ്പിടുകയുള്ളൂ. അതുപോലെ സിസേറിയൻ ചെയ്യാനുള്ള സമ്മതപത്രം ഒപ്പിടാൻ വീട്ടുകാരെ കാണിക്കുമ്പോൾ അവർക്ക് ഭയങ്കര സംശയമാണ്. സിസേറിയൻ ഒക്കെ അനാവശ്യമല്ലേ എന്നതാണ് ഇവരുടെ ചിന്ത. ഇവർ ലേബർ റൂമിന് പുറത്ത് നിന്നുകൊണ്ട് അറിയാവുന്ന എല്ലാ ബന്ധുക്കളെയും, നാട്ടുകാരെയും ഫോണിൽ വിളിച്ച് അഭിപ്രായം ചോദിക്കും. അതേസമയം ലേബർ റൂമിന് അകത്തുള്ള ഗർഭിണി വേദനകൊണ്ട് പുളയുകയാകും. സമയം വൈകിക്കാതെ ഒപ്പിട്ടു തരൂ എന്ന് നമ്മൾ തിരക്കു കൂട്ടും. അവസാനം, ഓപ്പറേഷൻ ചെയ്യേണ്ടത് ഡോക്ടറുടെ ആവശ്യമാണെന്നപോലെ മനസില്ലാമനസ്സോടെയാണ് കൂട്ടിരിപ്പുകാരൻ സമ്മതപത്രം ഒപ്പിട്ടു തരിക. സർജറികൾക്ക് രോഗിയോടൊപ്പം ബന്ധുവിനെക്കൊണ്ടും സമ്മതപത്രം ഒപ്പിടീക്കുന്നതിൻ്റെ സാംഗത്യം എനിക്ക് ഇനിയും മനസിലായിട്ടില്ല. രോഗിക്ക് സ്വബുദ്ധിയാലേ തീരുമാനമെടുക്കാവുന്ന പക്ഷം ബന്ധു കൂടി സമ്മതം എഴുതിത്തന്നാലേ സമ്മതപത്രം നിയമപരമായി നിലനിൽക്കൂ എന്നും തോന്നുന്നില്ല. ഈ വിഷയത്തിൽ വിവരമുള്ളവരുടെ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.

അടുത്ത ഗ്രൂപ്പിനെ പരിചയപ്പെടാം. ഇവർ നേഴ്സിനോട് വാക്കുതർക്കം ഉണ്ടാക്കിയിട്ടാണ് വരുന്നത്. രാവിലെ റൗണ്ട്സിനു ചെല്ലുമ്പോൾ ഇവർ ഒരു നേഴ്സിൻ്റെ പേര് പറഞ്ഞിട്ട്, “ആ #&%!@$ മോൾക്ക് ഒരു ഇഞ്ചക്ഷൻ വച്ച് തരാൻ പറ്റുന്നില്ല” എന്നൊക്കെ അസഭ്യം വർഷിക്കും. ഇവിടെ സംയമനം വിടാതെ പ്രവർത്തിക്കണം. തെറ്റ് രോഗിയുടെ ഭാഗത്താണോ, നേഴ്സിൻ്റെ ഭാഗത്താണോ എന്നൊന്നും ഒരിക്കലും ചാടിക്കേറി പറയരുത്. നേഴ്സിൻ്റെ സൈഡ് പിടിച്ചാൽ നിങ്ങൾക്കും, രോഗിയുടെ സൈഡ് പിടിച്ചാൽ നേഴ്സിനും അടുത്ത മിനിറ്റിൽ അടി പൊട്ടും. അതുകൊണ്ട്, ഇവർ പറയുന്നത് മുഴുവനും അനുകമ്പയോടെ കേട്ട് നിന്നതിനു ശേഷം തല കുലുക്കിക്കൊണ്ട് കുറച്ച് നേരം നിശബ്ദമായി ആലോചിക്കുക. ശേഷം ഒരു എഫക്റ്റ് വരുത്താൻ വേണ്ടി കണ്ണട മുഖത്ത് നിന്ന് എടുത്ത് പോക്കറ്റിലിടുകയോ, കോട്ടിൻ്റെ പോക്കറ്റിൽ കയ്യിടുകയോ ഒക്കെ ആവാം. ഇത്ര ചെയ്യുന്നതോടു കൂടി ഇവർ അല്പം തണുക്കും. ശേഷം കാര്യങ്ങൾ നേഴ്സുമായി സംസാരിക്കാം എന്നും, നടപടി എടുക്കേണ്ട സാഹചര്യമുണ്ടെങ്കിൽ സൂപ്രണ്ടിനെ അറിയിക്കാം എന്നും ശാന്തമായി പറയുക. കൂടെ കുറച്ച് ആശ്വാസവാക്കുകളും. അതോടെ ഇവർ തൽക്കാലത്തേക്ക് അടങ്ങിക്കോളും.

Angry_mob_of_four
തല്ലാൻ വരുന്നവർ ഇങ്ങനെത്തന്നെ ആയിരിക്കണമെന്നില്ല. സന്തോഷത്തോടു കൂടി സംസാരിക്കുമ്പോഴും ചിലപ്പോൾ വികാരത്തള്ളിച്ച വന്ന് അടിയിൽ കലാശിക്കാം. ചിത്രത്തിനു കടപ്പാട്: റോബർട്ട് കൂസ് ബെക്കർ, സി.സി-ബൈ-എസ്.എ, വിക്കിമീഡിയ കോമൺസ്.

ജീവിതത്തിൽ ഇതുവരെ പരിചയപ്പെട്ടിട്ടില്ലാത്തവരും മെഡിക്കൽ കോളേജിൽ നിങ്ങൾക്ക് സഹായവുമായി വരും. ഇവർ ക്യാഷ്വാലിറ്റിയിൽ രോഗികളെ ആംബുലൻസിൽ നിന്നും പുറത്തെടുക്കാനും, സ്ട്രെച്ചറുകൾ ഉന്തിക്കയറ്റാനും മുന്നിൽ ഉണ്ടാകും. അഡ്മിഷൻ ആയി വാർഡിലെത്തിയാൽ ക്ഷേമം അന്വേഷിക്കാൻ പിന്നാലെ വരും. രോഗികൾക്ക് ലാബിലേക്കുള്ള വഴി പറഞ്ഞു കൊടുക്കുന്നതും, രോഗിയുടെ വീൽചെയർ ഉന്തുന്നതും ഒക്കെ ഇവരായിരിക്കും. പ്രത്യക്ഷത്തിൽ ഇവർ ലാഭേച്ഛയില്ലാതെ സന്നദ്ധപ്രവർത്തനം ചെയ്യുകയാണെന്ന തോന്നൽ ഉണ്ടാകും. പക്ഷെ, ഇവരിൽ ചിലരുടെ തനിനിറം മനസിലായത് എൻ്റെതന്നെ ഒരു ബന്ധു മെഡിക്കൽ കോളേജിൽ ആക്സിഡൻ്റ് വന്ന് അഡ്മിറ്റ് ആയ ശേഷമാണ്. അത്യാവശ്യം പൈസയുള്ള രോഗിയാണെങ്കിൽ ഇവർ നമ്മുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷം മറ്റ് പ്രൈവറ്റ് ആശുപത്രികളുടെ ഗുണങ്ങൾ വർണ്ണിച്ച്, അങ്ങോട്ട് പോകാനുള്ള സഹായങ്ങൾ വാഗ്ദാനം ചെയ്യും. ഇവർ തന്നെ വക്കീലന്മാരുടെ ക്യാന്വാസിങ് ഏജൻ്റായും ജോലി ചെയ്യുന്നുണ്ട്. ആക്സിഡൻ്റ് കേസാണെങ്കിൽ രോഗിക്ക് ഇൻഷുറൻസ് കമ്പനിയുമായി കേസ് നടത്തേണ്ടി വരുമല്ലോ. ഇവർ രോഗിയെ കണ്ട് ഇൻഷുറൻസിൻ്റെ കാര്യങ്ങൾ സംസാരിച്ച്, വക്കീലുമായി ബന്ധപ്പെടുത്തിക്കൊടുക്കും. ‘കേസുപിടുത്തത്തിന്’ ഇവർക്ക് കമ്മീഷൻ കിട്ടുകയും ചെയ്യും. ഇത്തരക്കാർ ഓർത്തോ, സർജറി വാർഡുകളിലാണ് സ്ഥിരം കയറിയിറങ്ങാറ്. കാഷ്വാലിറ്റിയാണ് ഇവരുടെ കളിക്കളം. ഇവർ തരുന്ന സഹായം സ്വീകരിക്കുകയും, അതേസമയം ഉപദേശം തള്ളിക്കളയുകയും ചെയ്യുന്നതാണ് രോഗിക്ക് നല്ലത്. ഇത്തരം ‘വ്യാജ’സന്നദ്ധസേവകരെ ഇല്ലാതാക്കാൻ സർക്കാറിന് ചെയ്യാൻ കഴിയുന്നത് ആവശ്യത്തിന് സ്ട്രെച്ചറുകൾ ലഭ്യമാക്കുക, ക്യാഷ്വാലിറ്റിയിൽ വരുന്ന രോഗികളെ ആംബുലൻസിൽ നിന്നും പുറത്തേക്കെടുക്കാൻ എമർജൻസി മെഡിക്കൽ ടെക്നീഷ്യന്മാരെ നിയമിക്കുക എന്നിവയാണ്.

നിങ്ങളുടെ അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മുഴുവൻ പേര് നിങ്ങൾക്ക് കൃത്യമായി അറിയണമെന്നില്ല. കുടുംബത്തിനകത്ത് അമ്മു, അച്ചു, കുഞ്ഞു, ആമി മുതലായ പേരുകളായിരിക്കും ഉപയോഗിക്കുന്നത്. എൻ്റെ തന്നെ ചില ബന്ധുക്കളുടെ മുഴുവൻ പേര് ഞാൻ പഠിച്ചത് ഫേസ്ബുക്കിൽ ഇവരുടെ ഫുൾ നെയിം കണ്ടിട്ടാണ്. കൂട്ടുകാരുടെ ഇടയിൽ ശശി എന്ന് വിളിക്കപ്പെടുന്ന ആളുടെ മുഴുവൻ പേര് ശശികുമാർ എന്നായിരിക്കും. ഫയാസിൻ്റെ മുഴുവൻ പേര് മുഹമ്മദ് ഫയാസ് എന്നായിരിക്കും. റഹ്മാൻ, അബ്ദുൽ റഹ്മാനും. (റഹ്മാൻ്റെ കാര്യത്തിൽ ഞാൻ ബെറ്റ് വയ്ക്കാനും തയ്യാറാണ്. മതപരമായ കാരണങ്ങൾ കൊണ്ട് റഹ്മാൻ, ലത്തീഫ് മുതലായ പേരുകൾക്ക് മുന്നിൽ ഒരു അബ്ദു കൂടെ കാണും). ഇത് പ്രശ്നകരമാകുന്നത് മെഡിക്കോ ലീഗൽ കേസുകളിൽ എമർജൻസി ആയി രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോഴാണ്. ഓ.പി ടിക്കറ്റെടുക്കാൻ വന്ന റഹ്മാൻ്റെ സുഹൃത്ത് അറിയാത്തതുകൊണ്ടോ, ഓർമ്മയില്ലാത്തതുകൊണ്ടോ മുഴുവൻ പേര് പറഞ്ഞ് കൊടുക്കില്ല. ഹോസ്പിറ്റലിൽ റജിസ്റ്റർ ചെയ്ത പേരും, രേഖകളിലുള്ള പേരും വ്യത്യസ്തമായതുകൊണ്ട് പിന്നീട് ഇൻഷൂറൻസ് കിട്ടാനുള്ള കേസ് കൊടുക്കുമ്പോൾ, രണ്ടും ഒരേ ആളാണ് എന്ന് തെളിയിക്കേണ്ട പൊല്ലാപ്പ് കൂടി ഉണ്ടായിവരും.

അവസാനമായി ഏറ്റവും പ്രധാനപ്പെട്ട കാര്യം കൂടി പറയാം. രോഗിയെ കാണാൻ ചെന്നില്ലെങ്കിൽ അവരും വീട്ടുകാരും എന്തുവിചാരിക്കും എന്ന് കരുതി കഷ്ടപ്പെട്ട് സമയമുണ്ടാക്കി രോഗിയെ കാണാൻ ചെല്ലുന്നവരുണ്ട്. എനിക്ക് പറയാനുള്ളത് ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കുക എന്നതാണ്. നിങ്ങൾ രോഗിക്ക് പുതിയ രോഗങ്ങൾ കൊണ്ട് കൊടുക്കുന്നതും, ആശുപത്രിയിൽ നിന്ന് പുതിയ രോഗങ്ങൾ നിങ്ങൾക്ക്  കിട്ടുന്നതും ഇങ്ങനെ തടയാം. വൈറൽ രോഗങ്ങൾ എത്ര എളുപ്പത്തിലാണ് പകരുന്നതെന്ന് നിപ്പ രംഗപ്രവേശം ചെയ്തതോടുകൂടി എല്ലാവർക്കും മനസിലായിക്കാണുമല്ലോ. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം രോഗി വീട്ടിൽ വിശ്രമിക്കുമ്പോളും കാണാൻ പോകേണ്ട കാര്യമില്ല. നിങ്ങൾ രോഗിയുടെ കാര്യത്തിൽ ശ്രദ്ധ കാണിക്കുന്നുണ്ട് എന്നതിന് ഫോൺ വഴി വിവരം അന്വേഷിച്ചാൽ മതി. മച്ചാൻ കാലൊടിഞ്ഞ് പ്ലാസ്റ്ററിട്ട് കിടക്കുന്നത് കാണണം എന്നത് നിർബന്ധമാണെങ്കിൽ നേരിട്ട് പോകുന്നതിനു പകരം വീഡിയോ കോൾ വഴി കണ്ടാൽ മതി. ഓറഞ്ചും മുന്തിരിയും കൊണ്ട് കൊടുക്കുന്നതിനു പകരം, ആവശ്യമുള്ള മറ്റെന്തെങ്കിലും ആമസോൺ വഴി ഓർഡർ ചെയ്ത് എത്തിച്ചു കൊടുത്താലും മതിയാകും. രോഗി ഒരു ചങ്ക് ബ്രോ ആണെങ്കിൽ ബോറടിച്ച് ബെഡ്ഡിൽ കിടക്കുന്ന സമയത്ത് കാണാൻ പറ്റിയ സിനിമകൾ വല്ലതും ഗൂഗിൾ പ്ലേയിലോ മറ്റോ ഓർഡർ ചെയ്ത് കൊടുക്കാം.

ഇത്രയും വായിച്ചതിനു ശേഷം കൂട്ടിരുപ്പുകാരൊക്കെ ശല്യക്കാരാണെന്ന തോന്നൽ സ്വാഭാവികമായും ഉണ്ടായേക്കാം. അത് ശരിയല്ല എന്നാണ് എനിക്ക് പറയാനുള്ളത്. ഭൂരിഭാഗം കൂട്ടിരുപ്പുകരും ക്ഷമയോടെ പെരുമാറുന്നവരാണ്. ഡോക്ടർക്ക് തിരക്കാണെന്നത് വാർഡിൽ നമ്മൾ പണിയുന്നത് കണ്ട് സ്വയം മനസിലാക്കുന്നവരാണ്. ഡോക്ടർ ഭക്ഷണം കഴിച്ചില്ലെങ്കിൽ പുറത്ത് നിന്നും വാങ്ങിക്കൊണ്ടുവരാം എന്നും, ഡോക്ടർ ക്ഷീണിച്ചു കാണുമെന്നതുകൊണ്ട് വേദന വന്നപ്പോൾ അറിയിക്കാൻ തോന്നിയില്ല എന്നൊക്കെ പറയുന്ന രോഗികൾ ഉണ്ട്. പ്രശ്നക്കാരായ കൂട്ടിരിപ്പുകാരെ എങ്ങനെ നേരിടണം എന്നതാണ് ഈ പോസ്റ്റിൻ്റെ കാതൽ എന്നതുകൊണ്ട് അത്തരക്കാരെക്കുറിച്ച് കൂടുതൽ പറഞ്ഞൂ എന്നേ ഉള്ളൂ.

അപ്പോൾ മനസിലായല്ലോ. യുക്തിസഹമായ സംസാരം ശാന്തരായ കൂട്ടിരിപ്പുകാരോട് മാത്രമേ ആകാവൂ. തല്ലാനോങ്ങുന്ന കൂട്ടിരിപ്പുകാരെ പലപ്പോഴായി കാണേണ്ടിവരും. നിങ്ങൾ ഇവരുടെ മുന്നിൽ സംയമനം പാലിക്കുക എന്നതാണ് പ്രധാനം. എടുത്ത് ചാടി ഒന്നും പറയാതിരിക്കുക. ഉറപ്പ് കൊടുക്കാതിരിക്കുക. പറയുന്നത് മുഴുവൻ അനുകമ്പയോടെ കേൾക്കുക. എവിടെയും തൊടാതെ സംസാരിക്കുക. ആവശ്യമുള്ള സന്ദർഭങ്ങളിൽ സെക്യൂരിറ്റിയെ കണ്ണ് കാണിച്ച് അടിപിടി ഉണ്ടാവാൻ സാദ്ധ്യതയുണ്ട് എന്ന സൂചന കൊടുക്കുക.  ഒന്നും നടന്നില്ലെങ്കിൽ ഇടം വലം നോക്കാതെ ഇറങ്ങി ഓടുക. ഓൾ ദ ബെസ്റ്റ്.

പിൻകുറിപ്പ്: മെഡിക്കൽ സയൻസിനും പരിമിതികളുണ്ട്. മെഡിസിൻ്റെ പരിമിതികൾ ഡോക്ടറുടെ പരിമിതികളാണെന്ന് തെറ്റിദ്ധരിച്ചുകൊണ്ട് ഡോക്ടറെ തല്ലാനോങ്ങുന്ന രോഗികൾ ഉണ്ട്. ഇതിനെക്കുറിച്ച് മറ്റൊരു പോസ്റ്റിൽ എഴുതാം. 

ഈ സീരീസിലെ മറ്റ് പോസ്റ്റുകൾ:

1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?

2. ഏത് വിഷയത്തിൽ പി.ജി എടുക്കണം?

3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്?

4. ഡോക്ടർ ചിന്തിക്കുന്നത് എങ്ങനെയാണ്?

5. വ്യാജഡോക്ടർമാർ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?

6. ഡോക്ടർമാർക്ക് ചില വ്യത്യസ്ത ജോലിസാധ്യതകൾ

7. ആരെയാണ് ശരിക്കും സൂക്ഷിക്കേണ്ടത്?

13 thoughts on “ഫയാസിനു ബ്ലഡ് കൊടുക്കണോ ഡോക്ടർ?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.