സോഷ്യൽ മീഡിയയിൽ സ്ഥിരം കാണാറുള്ള കാഴ്ചയാണ് കാര്യകാരണബന്ധം (causation) ആരോപിക്കൽ. കോഴി കൂവിയതുകൊണ്ടാണ് നേരം വെളുത്തത്, ഹലുവ തിന്നതുകൊണ്ടാണ് തടി വച്ചത്, ചക്ക തിന്നതുകൊണ്ടാണ് ഷുഗർ കുറഞ്ഞത്, ഏലസ്സ് കെട്ടിയതുകൊണ്ടാണ് രോഗം മാറിയത്, കീടനാശിനി അടിച്ച പച്ചക്കറി കഴിച്ചതുകൊണ്ടാണ് ക്യാൻസർ വന്നത് എന്നിങ്ങനെ ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും ഒക്കെ കാര്യകാരണബന്ധം ആരോപിക്കൽ മലയാളികളുടെ ഹോബിയാണ്. ഇതിനിടയ്ക്ക് ചിലർ ‘Correlation does not imply causation’ എന്നൊക്കെ പറയുന്നതും കേട്ടു. ‘പരസ്പരബന്ധം ഉണ്ടെന്നതുകൊണ്ട് മാത്രം കാര്യകാരണബന്ധം ആരോപിക്കാനാവില്ല’ എന്ന് ഇതിനെ മലയാളീകരിച്ച് പറയാം. ഇത് ശരിയാണ്. അപ്പോൾ സ്വാഭാവികമായും വരുന്ന ചോദ്യം, പിന്നെ എങ്ങനെയാണ് കാര്യകാരണബന്ധം തെളിയിക്കുക എന്നതാണ്. കോഴി കൂവിയതിനു ശേഷമാണ് നേരം വെളുക്കുന്നത് എന്ന് കൃത്യമായി നമുക്ക് അറിയാമെങ്കിലും, കോഴി കൂവിയതുകൊണ്ടല്ല നേരം വെളുക്കുന്നത് എന്ന് തെളിയിക്കുന്നതെങ്ങനെ? തിരിച്ച് പറഞ്ഞാൽ, സിഗററ്റ് വലിക്കുന്നതുകൊണ്ടാണ് ശ്വാസകോശ ക്യാൻസർ ഉണ്ടാവുന്നതെന്ന് തെളിയിക്കുന്നതെങ്ങനെ? ഐ.സി.യുവിൽ പ്രവേശിപ്പിച്ചതുകൊണ്ടല്ല മരിച്ചു പോകുന്നത് എന്ന് തെളിയിക്കുന്നതെങ്ങനെ?
മുകളിലുള്ളത് ചീള് ഉദാഹരണങ്ങൾ മാത്രം. പത്രമാധ്യമങ്ങൾ ഇത്തരം അനവസരമായ ഫലനിർണ്ണയം നടത്തുന്നതിൽ മുൻപന്തിയിലാണ്, പ്രത്യേകിച്ചും ഗവേഷണഫലങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ. വാക്സിനുകൾ ഓട്ടിസം ഉണ്ടാക്കുന്നു, ഇതരസംസ്ഥാന തൊഴിലാളികൾ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു, മൊബൈൽ ടവർ അടുത്തുള്ളതുകൊണ്ട് ക്യാൻസർ വരുന്നു, കിണറിൻ്റെ സ്ഥാനം ശരിയല്ലാത്തതുകൊണ്ട് അത്യാഹിതം സംഭവിക്കുന്നു എന്നീ വാർത്തകൾക്ക് വല്ലാത്ത മൈലേജ് ഇപ്പോഴും ഉണ്ട്. ഇത്തരം അടിസ്ഥാനരഹിതമായ കാര്യകാരണബന്ധങ്ങൾ മൂലം വ്യക്തികൾക്കും സമൂഹത്തിനും വളരെയധികം നാശനഷ്ടം ഉണ്ടാകുന്നുമുണ്ട്.
ഫേക്ക് കാര്യകാരണബന്ധങ്ങൾ ആരോപിച്ച് നടക്കുന്നവർ പണ്ടും ഉണ്ടായിരുന്നു. ഇത്തരക്കാരെ തിരിച്ചറിയാനും, കാര്യകാരണബന്ധങ്ങൾ ആരോപിക്കപ്പെടുമ്പോൾ നെല്ലും പതിരും തിരിച്ചറിയാനും വേണ്ടി ബ്രാഡ്ഫോഡ് ഹിൽ എന്ന ശാസ്ത്രജ്ഞൻ ചില മാർഗരേഖകൾ അവതരിപ്പിച്ചു. ഇദ്ദേഹത്തിന്റെ ‘ഹിൽ മാനദണ്ഡങ്ങളാണ്’കാര്യകാരണബന്ധം ആരോപിക്കാനായി ശാസ്ത്രജ്ഞർ ഉപയോഗിക്കുന്നത്. കാര്യകാരണബന്ധം നിശ്ചയിക്കാൻ കഴിയുന്ന കൃത്യമായ സ്റ്റാറ്റിസ്റ്റിക്കൽ മെത്തേഡുകൾ ഇല്ലാത്തതുകൊണ്ട് ഹിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന ഗവേഷകയുടെ വസ്തുനിഷ്ഠ തീരുമാനത്തിനാണ് എപ്പോഴും മുൻതൂക്കം. അതുകൊണ്ട് ശാസ്ത്രപ്രബന്ധങ്ങൾ എഴുതുമ്പോൾ വെറും കോറിലേഷൻ മാത്രം സ്ഥാപിച്ചാൽ പോര. ഈ കോറിലേഷൻ ഉണ്ടായിവരാനുള്ള കാരണങ്ങൾ വസ്തുനിഷ്ഠമായി അവതരിപ്പിക്കുകയും ചെയ്താലേ ശാസ്ത്രസമൂഹം അംഗീകരിക്കുകയുള്ളൂ. പണ്ട് വാക്സിനുകൾ ഓട്ടിസം ഉണ്ടാക്കുന്നു എന്ന ഗവേഷണം ഇല്ലാക്കഥകൾ ചേർത്തും, സാങ്കൽപ്പികമായ കാര്യകാരണ ബന്ധങ്ങൾ കണ്ടെത്തിയും, സംഖ്യകളിൽ തിരിമറി നടത്തിയും അവതരിപ്പിച്ചപ്പോൾ ശാസ്ത്രസമൂഹം ആദ്യം അംഗീകരിച്ചുവെങ്കിലും പിന്നീട് കള്ളി വെളിച്ചത്തായപ്പോൾ ഗവേഷണപ്രബന്ധം പിൻവലിക്കുകയും, അവതരിപ്പിച്ച ശാസ്ത്രജ്ഞന് വിലക്കുകൾ ഏർപ്പെടുത്തുകയും ചെയ്യുകയുണ്ടായി. ഒന്ന് ആഞ്ഞ് ശ്രമിച്ചാൽ ഏതെങ്കിലുമൊക്കെ ഡേറ്റ ചേർത്ത് വച്ച് കോറിലേഷൻ പ്രസ്താവിക്കാവുന്നതാണ്. സ്വീഡനിലെ പൂച്ചകളുടെ എണ്ണത്തിൻ്റെ വർദ്ധനവും, കേരളത്തിലെ താപനിലയുടെ വർദ്ധനവും ചിലപ്പോൾ വൃത്തിയായി കോറിലേറ്റ് ചെയ്യുന്നുണ്ടാവാം. പക്ഷെ അതുകൊണ്ട് മാത്രം സ്വീഡനിൽ പൂച്ചകൾ ഉണ്ടാകുന്നതിനനുസരിച്ചാണ് കേരളത്തിൽ താപനില കൂടുന്നത് എന്ന നിഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ലല്ലോ. അതുകൊണ്ട്, കാര്യകാരണം ആരോപിക്കുന്നതിനു മുൻപ് താഴെക്കൊടുത്തിരിക്കുന്ന ഹിൽ മാനദണ്ഡങ്ങൾ കൂടി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടത് നിർബന്ധമാണ് :

ബന്ധത്തിലെ ദൃഢത : കാര്യകാരണബന്ധം ആരോപിക്കണമെങ്കിൽ ഹേതുവും (cause) ഫലവും (effect) തമ്മിൽ ദൃഢമായ ബന്ധം ഉണ്ടായിരിക്കണം. ബാലരമ വായിച്ചാൽ ഐ.ക്യു കൂടും എന്ന വാദം ആരെങ്കിലും ഉന്നയിച്ചു എന്നിരിക്കട്ടെ. കുറേ കുട്ടികൾ ബാലരമ വായിച്ചിട്ടും പലർക്കും കാര്യമായിട്ട് ഐ.ക്യു കൂടുന്നില്ലെങ്കിൽ ഹേതുവും (ബാലരമ) ഫലവും (ഐ.ക്യു) തമ്മിൽ ദൃഢബന്ധം ഇല്ല എന്ന് അനുമാനിക്കാം. അതേസമയം, ബാലരമ വായിച്ച മിക്കവാറും കുട്ടികൾക്ക് ഐ.ക്യുവും കൂടുതലാണെങ്കിൽ ദൃഢബന്ധം ഉണ്ട് എന്നാണ് അനുമാനിക്കുക.
കാലഗതി : കാര്യകാരണബന്ധം ആരോപിക്കണമെങ്കിൽ ഹേതു ആദ്യവും, ഫലം പിന്നീടുമാണ് സംഭവിക്കേണ്ടത്. ചക്ക വീണതുകൊണ്ടാണ് മുയൽ ചത്തത് എന്ന് സ്ഥാപിക്കണമെങ്കിൽ ആദ്യം ചക്ക വീണിരിക്കുകയും, മുയൽ ശേഷം ചത്തിരിക്കുകയും വേണം. ചത്ത മുയലിനു മേലെ ചക്കയിട്ട ശേഷം, ചക്ക വീണതുകൊണ്ടാണ് മുയൽ ചത്തത് എന്ന് കാര്യകാരണബന്ധം ആരോപിക്കാൻ കഴിയില്ലല്ലോ.
കാരണ-പ്രതികരണ ബന്ധം : ഹേതുവിൻ്റെ തോത് കൂടുമ്പോൾ ഫലത്തിൻ്റെ തോതും കൂടുകയോ, വേഗത്തിലാകുകയോ ചെയ്യണം. മൊബൈൽ റേഡിയേഷൻ ക്യാൻസർ ഉണ്ടാക്കുന്നു എന്നതാണ് ആരോപണം. ഇവിടെ കാര്യകാരണബന്ധം ആരോപിക്കണമെങ്കിൽ, കൂടുതൽ റേഡിയേഷൻ കിട്ടിയ ആൾക്ക് കൂടുതൽ ഗുരുതരമായ ക്യാൻസർ വന്നിരിക്കണം. അല്ലെങ്കിൽ ഇയാൾക്ക് കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ ക്യാൻസർ വന്നിരിക്കണം. ഹേതുവായി പ്രവർത്തിക്കുന്ന ഘടകം കൂടിയ അളവിൽ ഏൽക്കുമ്പോൾ ഫലമായി കിട്ടുന്ന ഘടകവും കൂടുതലായി ഉണ്ടാകണം എന്ന ലളിതമായ യുക്തിയാണിത്.
ഫലസ്ഥിരത : ഒരേ ഹേതു പല സമയത്തായി പല ഫലങ്ങളാണ് നൽകുന്നതെങ്കിൽ കാര്യകാരണബന്ധം ആരോപിക്കാൻ പറ്റില്ല. തവളക്കല്യാണം മഴ ഉണ്ടാക്കുന്നു എന്നതാണ് വാദം എന്നിരിക്കട്ടെ. ഒന്നോ രണ്ടോ തവണ തവളക്കല്യാണം നടത്തിയതിനു ശേഷം ചിലപ്പോൾ ആകസ്മികമായി മഴ ഉണ്ടായേക്കാം. എന്നാൽ, എല്ലാ തവണയും, എല്ലാ കാലത്തും, എല്ലാ പ്രദേശത്തും ഇത് സംഭവിക്കുന്നില്ല. ഹേതു സ്ഥിരമായും, സ്ഥായിയായും ഫലം തരാത്തപക്ഷം കാര്യകാരണബന്ധം ആരോപിക്കാൻ പറ്റില്ല.
സഹജയുക്തിപരമായ ബന്ധം : ഹേതുവും ഫലവും തമ്മിലുള്ള ബന്ധം സഹജയുക്തിക്ക് നിരക്കുന്നതായിരിക്കണം. കാലാട്ടിയാൽ കുടുംബാംഗം മരണപ്പെടും എന്നതാണ് വാദം എന്നിരിക്കട്ടെ. എൻ്റെ കാലിൻ്റെ ചലനവും, മറ്റൊരു വ്യക്തിയുടെ ആയുസ്സും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ട് എന്ന വാദം യുക്തിക്ക് നിരക്കുന്നതല്ല. രണ്ട് ഘടകങ്ങൾ തമ്മിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത കാരണങ്ങളാണ് ഉന്നയിക്കുന്നതെങ്കിൽ, ഉദാഹരണത്തിന്, കാല് ആട്ടുമ്പോൾ ഉണ്ടാവുന്ന നെഗറ്റീവ് എനർജി മുതിർന്നവരിൽ ഏറ്റാൽ ഹൃദയത്തിൻ്റെ പ്രവർത്തനം കുറയും എന്നതുപോലെയുള്ള ഉടായിപ്പുകൾ ആണെങ്കിൽ, കാര്യകാരണബന്ധം ആരോപിക്കാൻ പറ്റില്ല. പൂച്ച കുറുകെ ചാടിയാൽ ദോഷമാണ്, ഏകാദശി വ്രതമെടുത്താൽ നല്ല ഭർത്താവിനെ കിട്ടും എന്നിങ്ങനെ ഭൂരിഭാഗം അന്ധവിശ്വാസങ്ങളും ഇപ്രകാരം തള്ളിക്കളയാൻ പറ്റും.
പരീക്ഷണത്തിലൂടെ സ്ഥിതീകരിക്കൽ : ഹലുവ കഴിച്ചാൽ തടി വയ്ക്കും എന്നതാണ് ആരോപണം എന്നിരിക്കട്ടെ. അങ്ങനെയാണെങ്കിൽ പണ്ട് സ്ഥിരമായി ഹലുവ കഴിച്ചുകൊണ്ടിരുന്ന ഒരു വ്യക്തി ഹലുവ കഴിക്കുന്നത് നിർത്തിയാൽ തടി കൂടുന്നതും നിൽക്കണമല്ലോ. ഹേതുവാണെന്ന് സംശയിക്കുന്ന വസ്തു നീക്കം ചെയ്യുന്നതോടു കൂടി ഫലം കുറഞ്ഞ് വരുന്നുണ്ടോ എന്നത് പരീക്ഷണം വഴി സ്ഥിതീകരിക്കുന്ന രീതിയാണിത്.
ഇതര ഹൈപോതസസുകൾ : ഒരേ ഫലം കിട്ടുന്നത് പല ഹേതുക്കൾ മൂലമാകാം. സൂര്യപ്രകാശം കിട്ടുന്നതുകൊണ്ടാണ് ചെടി വളരുന്നത് എന്ന പ്രസ്താവന പരിശോധിക്കാം. ചെടി വളരാൻ സൂര്യപ്രകാശം മാത്രം പോരാ, വളക്കൂറുള്ള മണ്ണും, വെള്ളവും, അനുകൂലമായ കാലാവസ്ഥയും വേണം. അതുകൊണ്ട്, ഒരു ഫലത്തിന് കാരണമായി ഒരു ഹേതു കിട്ടിക്കഴിഞ്ഞാൽ അവിടെ പഠനം നിർത്തിപ്പോകാൻ പാടില്ല. ഫലത്തിനു കാരണമായ പല ഹേതുക്കൾ ഏതാണെന്നും, അവ ഏതൊക്കെ അളവിലാണ് ഫലത്തിൽ പ്രഭാവം ചെലുത്തുന്നതെന്നും കൂടി കണ്ടെത്തേണ്ടതുണ്ട്.
മുൻ വിജ്ഞാനശൃംഗലയുമായുള്ള യോജിപ്പ് : നമ്മൾ പ്രസ്താവിക്കുന്ന കാര്യകാരണബന്ധം മുൻപുള്ള ശാസ്ത്രീയ വിജ്ഞാനവുമായി യോജിപ്പുള്ളതായിരിക്കണം. ഉദാഹരണത്തിന്, ഭൂമിയാണ് സൂര്യനു ചുറ്റും കറങ്ങുന്നത് എന്ന പ്രസ്താവന ശരിയാണെന്ന് തെളിയിക്കണമെങ്കിൽ, ഇതുവരെ മനുഷ്യകുലം കണ്ടുപിടിച്ച ഗണിതശാത്രം, ഖഗോളശാസ്ത്രം എന്നിവയിലെ വിജ്ഞാനം തെറ്റാണെന്നും കൂടി തെളിയിക്കേണ്ടി വരും. ഇതൊന്നും ചെയ്യാത്തപക്ഷം കാര്യകാരണബന്ധം സാധുവല്ല.
ഇത്രയൊക്കെ മാനദണ്ഡങ്ങൾ ശരിയായി വന്നാലേ കാര്യകാരണബന്ധം ആരോപിക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ട് ശാസ്ത്രജ്ഞർ ഗവേഷണഫലങ്ങൾ പുറത്തിറക്കുമ്പോൾ കാര്യകാരണബന്ധം പ്രസ്താവിക്കാൻ വേണ്ടി മുകളിലുള്ള മാനദണ്ഡങ്ങൾ എല്ലാം സംബോധന ചെയ്തിരിക്കണം. ഇനി, ഇതൊന്നുമില്ലാതെ തന്നെ കാര്യകാരണബന്ധം കണ്ടെത്താൻ ചെയ്യാവുന്ന ഒരു കിടു ടെക്നിക്ക് ഉണ്ട്. അതാണ് റാൻഡമൈസ്ഡ് കണ്ട്രോൾ ട്രയൽ അഥവാ ആർ.സി.ടി. പുതിയ ഒരു മരുന്ന് പഴയ മരുന്നിനെക്കാൾ നന്നായി രോഗം മാറ്റുമോ എന്ന രീതിയിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നത് ആർ.സി.ടി യിലൂടെയാണ്. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. ഐ.സി.യു വിൽ പ്രവേശിപ്പിച്ചതുകൊണ്ടാണോ മരിച്ച് പോകുന്നത് എന്നതാണ് നമ്മുടെ ചോദ്യം എന്നിരിക്കട്ടെ. നമ്മൾ ഐ.സി.യു പ്രവേശനം ആവശ്യമുള്ള കുറേ പേരെ കണ്ടെത്തുന്നു. ഇവരെ തികച്ചും റാൻഡം ആയി രണ്ട് ഗ്രൂപ്പുകളായി തിരിക്കുന്നു. ഇതിൽ ഒരു ഗ്രൂപ്പിനെ ഐ.സി.യുവിൽ പ്രവേശിപ്പിക്കുന്നു. മറ്റേ ഗ്രൂപ്പിനെ ഐ.സി.യുവിൽ പ്രവേശിപ്പിക്കുന്നില്ല. ഐ.സി.യു പ്രവേശനത്തിലുള്ള വ്യത്യാസം ഒഴികെ മറ്റൊരു വ്യത്യാസവും ഈ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ ഉണ്ടാകാൻ പാടില്ല. മരുന്നിൻ്റെ കാര്യത്തിലോ, മോണിറ്ററിങ്ങിൻ്റെ കാര്യത്തിലോ ഒന്നും ഒന്നും ഒരു വ്യത്യാസവും ഉണ്ടാവരുത്. പഠനത്തിൻ്റെ അവസാനം രണ്ട് ഗ്രൂപ്പുകളിലും എത്ര പേർ വീതം മരിച്ചു എന്ന് കണ്ടെത്തണം. എന്നിട്ട് രണ്ട് ഗ്രൂപ്പുകളും തമ്മിൽ മരണസംഖ്യയിൽ ഉള്ള വ്യത്യാസം അർത്ഥപൂർണം (significant) ആണോ എന്നത് സ്റ്റാറ്റിസ്റ്റിക്സ് ഉപയോഗിച്ച് കണ്ടെത്തണം. ഒരു ഗ്രൂപ്പിൽ 10 പേരും മറ്റേതിൽ 11 പേരും ആണ് മരണപ്പെട്ടതെങ്കിൽ ചിലപ്പോൾ ഈ ചെറിയ വ്യത്യാസം അർത്ഥപൂർണ്ണമായിക്കൊള്ളണമെന്നില്ല, ആകസ്മികമാകാനേ സാധ്യതയുള്ളൂ. ഇങ്ങനെ, ആർ.സി.ടി. വഴി സ്ഥിതീകരിച്ച കാര്യകാരണബന്ധം സാധുവാണ്. അല്ലാത്തപക്ഷം, കാര്യകാരണബന്ധം ആരോപിക്കാൻ മുകളിൽ പറഞ്ഞ മാനദണ്ഡങ്ങൾ ഉപയോഗിക്കുക മാത്രമേ നിവൃത്തിയുള്ളൂ.
അപ്പോൾ പുതിയ മരുന്ന് കണ്ടുപിടിച്ച് പരീക്ഷിക്കുമ്പോൾ ആർ.സി.ടി നടത്തുന്നപക്ഷം, ആദ്യ ഗ്രൂപ്പിന് മരുന്ന് കൊടുക്കുകയും, രണ്ടാം ഗ്രൂപ്പിന് മരുന്ന് കൊടുക്കാതെയും ഇരിക്കുകയാണോ ചെയ്യുന്നത്? ഒരിക്കലുമല്ല. രണ്ടാം ഗ്രൂപ്പിന് ഇതുവരെ ലഭ്യമായതിൽ വച്ച് ഏറ്റവും നല്ല മരുന്ന് കൊടുക്കുകയാണ് ചെയ്യുന്നത്. ആദ്യ ഗ്രൂപ്പ് കഴിച്ച പുതിയ മരുന്ന്, രണ്ടാമത്തെ ഗ്രൂപ്പ് കഴിച്ച നിലവിലെ നല്ല മരുന്നിനെക്കാൾ ഉപയോഗപ്രദമാണെന്ന് തെളിഞ്ഞാലേ പുതിയ മരുന്ന് വിപണിയിൽ ഇറക്കാനാവൂ. ഇത്തരം ആർ.സി.ടികൾ മനുഷ്യരിൽ നടത്തുന്നതിനു മുൻപേ ഇവ ആദ്യം കമ്പ്യൂട്ടർ മോഡലുകൾ ഉപയോഗിച്ചും, പിന്നീട് കോശങ്ങൾ ഉപയോഗിച്ചും, ശേഷം മൃഗങ്ങളെ ഉപയോഗിച്ചും പരീക്ഷിച്ച് ഫലസിദ്ധി ഉറപ്പു വരുത്തിയിരിക്കണം. ഇതിനെല്ലാം ശേഷമേ മനുഷ്യരിൽ പരീക്ഷിക്കാവൂ. ഈ കാരണം കൊണ്ട് പുതിയ മരുന്നുകൾ കണ്ടുപിടിക്കാൻ ദശലക്ഷക്കണക്കിന് ഡോളറുകൾ ചിലവഴിക്കേണ്ടി വരികയും, ഒരുപാട് വർഷങ്ങൾ എടുക്കുകയും ചെയ്യും. ഒരുപാട് ആർ.സി.ടി കൾ പരാജയപ്പെടുന്നുമുണ്ട്. ആർ.സി.ടിയുടെ അവസാനം, പരീക്ഷിച്ച പുതിയ മരുന്നിന് കൂടുതൽ ഫലസിദ്ധി ഒന്നും ഇല്ല എന്ന് കണ്ടുപിടിക്കാറുമുണ്ട്. ഇങ്ങനെ ട്രയൽ പരാജയപ്പെടുന്നതുകൊണ്ട് കമ്പനിക്ക് ഉണ്ടാകുന്ന നഷ്ടം കൂടി, വിജയിച്ച ട്രയലിലെ മരുന്നിൻ്റെ വിലയ്ക്കൊപ്പം ചേർക്കും. അതുകൊണ്ട് കമ്പനികൾ റിസർച്ചിനു വേണ്ടി ചിലവാക്കിയ പണം തിരിച്ച് പിടിക്കണമെങ്കിൽ ഓരോ മരുന്നുകുപ്പിക്കും ഭീമമായ വില ഈടാക്കേണ്ടി വരും. പുതിയതായി വിപണിയിൽ ഇറങ്ങിയ മരുന്നുകൾക്ക് വില കൂടുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ മനസിലായല്ലോ. എങ്കിലും, ചില കമ്പനികൾ മരുന്നുകൾക്ക് മുടക്കുമുതലിനപ്പുറവും വില കൂട്ടിയിട്ട്, അന്യായ ലാഭം ഉണ്ടാക്കുന്നുണ്ടാവാം എന്നതും തള്ളിക്കളയാനാവില്ല.
ആർ.സി.ടികൾ നടത്തുന്നത് ചിലവേറിയ പ്രക്രിയയാണെന്ന് പറഞ്ഞുവല്ലോ. ചില അവസരങ്ങളിൽ ആർ.സി.ടി കൾ നടത്തുന്നത് നൈതികവും ആയിരിക്കില്ല. ഓക്സിജൻ കൊടുത്താൽ ആസ്ത്മ അറ്റാക്ക് നിയന്ത്രിക്കാമോ എന്ന ഗവേഷണത്തിന്, ഓക്സിജൻ കൊടുക്കാതെ ഒരു ഗ്രൂപ്പിനെ വച്ച് താരതമ്യം ചെയ്യുന്നത് നൈതികമല്ലല്ലോ. കൂടാതെ, ചരിത്രത്തിലുള്ള, സംഭവിച്ച് കഴിഞ്ഞ, പല സംഭവങ്ങളുടെയും കാര്യകാരണബന്ധവും ഇപ്രകാരം കണ്ടെത്താൻ സാധിക്കില്ല. ഉദാഹരണത്തിന്, അബോർഷൻ നിയമവിധേയമാക്കിയതുകൊണ്ടാണ് മുപ്പത് വർഷങ്ങൾക്കു ശേഷം ക്രൈം റേറ്റ് കുറഞ്ഞത് എന്ന വാദം. ഇത് ശരിയാണോ എന്ന് പരിശോധിക്കണമെങ്കിൽ ചരിത്രത്തിൽ പിന്നോട്ട് പോയി, അബോർഷൻ നിയമവിധേയമല്ലാതിരുന്ന സാഹചര്യം പുനഃസൃഷ്ടിക്കേണ്ടി വരും. എന്നിട്ട് മുപ്പത് കൊല്ലങ്ങൾ കഴിഞ്ഞ് എന്തെല്ലാം മാറ്റങ്ങളാണ് നിയമവിധേയമായ അവസ്ഥയിൽ നിന്ന് വ്യത്യസ്ഥമായത് എന്ന് പരിശോധിക്കേണ്ടി വരും. ചരിത്രത്തിലേക്ക് ഒരു തിരിച്ചുപോക്ക് സാധ്യമല്ലാത്തതുകൊണ്ട് ഇത്തരം കാര്യകാരണബന്ധങ്ങൾ സ്ഥാപിക്കാൻ ഹില്ലപ്പൂപ്പനെ കൂട്ട് പിടിക്കുകയേ നിവൃത്തിയുള്ളൂ.
അടുത്ത തവണ ആരെങ്കിലും ‘ക’ എന്ന സംഭവം നടന്നതുകൊണ്ടാണ് ‘ഭ’ എന്ന ഫലം ലഭിച്ചത് എന്ന മാതൃകയിൽ വാദങ്ങളുമായി വരുമ്പോൾ ഹില്ലപ്പൂപ്പനെ മനസിൽ ധ്യാനിക്കുക. ഈ വാദം ഹിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ചിന്തിക്കുക. പാലിക്കുന്നില്ലെങ്കിൽ ചോദ്യം ചെയ്യുക. യുക്തിരഹിതമായ ആരോപണങ്ങൾ ഇത്തരത്തിൽ തുടച്ച് നീക്കുക.
ഈ സീരീസിലെ മറ്റ് പോസ്റ്റുകൾ:
1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?
2. ഏത് വിഷയത്തിൽ പി.ജി എടുക്കണം?
3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്?
4. ഡോക്ടർ ചിന്തിക്കുന്നത് എങ്ങനെയാണ്?
5. വ്യാജഡോക്ടർമാർ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?
6. ഡോക്ടർമാർക്ക് ചില വ്യത്യസ്ത ജോലിസാധ്യതകൾ
7. ആരെയാണ് ശരിക്കും സൂക്ഷിക്കേണ്ടത്?
8. ഫയാസിനു ബ്ലഡ് കൊടുക്കണോ ഡോക്ടർ?
പിൻകുറിപ്പ് 1: ഹിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത കാര്യകാരണബന്ധങ്ങളും ആധുനികവൈദ്യത്തിൽ ഉണ്ട്. രേഖീയത (linearity) പാലിക്കാത്ത ബന്ധങ്ങളും ഒരുപാട് ഉണ്ട്. ഇവ സ്വല്പം സങ്കീർണ്ണമായതുകൊണ്ട് വിശദീകരണത്തിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ്.
പിൻകുറിപ്പ് 2: ശ്വേതാംബരി ബ്ലോഗിലെ ആധുനിക വൈദ്യം സീരീസ് ഇന്ന് പത്ത് പോസ്റ്റുകൾ പിന്നിട്ടു. ആധുനിക വൈദ്യത്തെക്കുറിച്ചുള്ള ചിന്തകളും, ചിലപ്പോൾ ശാസ്ത്രീയ വിശദീകരണങ്ങളുമാണ് എഴുതുന്നത്. ഈ ലേഖനങ്ങൾ, ഹൈപ്പർലിങ്കുകളും ചിത്രങ്ങളും പിൻകുറിപ്പുകളും ഉപയോഗിച്ച് ഡെക്കറേറ്റ് ചെയ്തിട്ടുണ്ട് എന്നതിനാൽ ഫേസ്ബുക്കിൽ കോപ്പി ചെയ്ത് ഷെയർ ചെയ്യാൻ പരിമിതികളുണ്ട്. കൂടാതെ, ഫേസ്ബുക്ക് പോസ്റ്റുകളെ അപേക്ഷിച്ച് നീളം കൂടിയ ലേഖനങ്ങളാണ് ബ്ലോഗിൽ ഉള്ളത്. അതുകൊണ്ടാണ് പോസ്റ്റുകൾ ഫേസ്ബുക്കിൽ എഴുതുന്നതിനു പകരം ബ്ലോഗിൽ എഴുതുന്നത് ഞാൻ താല്പര്യപ്പെടുന്നത്. കൂടാതെ, ബ്ലോഗിലെ പോസ്റ്റുകൾ എളുപ്പത്തിൽ തിരയാനും, പഴയ പോസ്റ്റുകൾ വേഗം കണ്ടെത്താനും പറ്റും എന്ന സൗകര്യം കൂടി ഉണ്ട്. ആഴ്ചയിൽ ഒരു പോസ്റ്റ് എന്ന രീതിയിൽ പബ്ലിഷ് ചെയ്യുക എന്നതാണ് ആഗ്രഹം. ആധുനിക വൈദ്യം സീരീസിൽ ഇനിയും പോസ്റ്റുകൾ എഴുതിയ ശേഷം, സ്വീഡൻ, യാത്ര, ഗവേഷണം, വിക്കിപീഡിയ, ശാസ്ത്രീയമനോവൃത്തി, ഫെമിനിസം എന്നിവയെക്കുറിച്ചും സീരീസ് എഴുതണം എന്നതാണ് അത്യാഗ്രഹം. എത്ര കാലം പോകുമെന്ന് കണ്ടറിയണം. 🙂
ഈ സീരീസിലുള്ള പോസ്റ്റുകൾ എല്ലാം പബ്ലിക് ഡൊമൈനിൽ (cc-0) ആണ്. എന്നുവച്ചാൽ, ഈ പോസ്റ്റുകൾ ഭാഗികമായും പൂർണ്ണമായും ഷെയർ ചെയ്യുന്നതിനോ, തിരുത്തിയെഴുതി പ്രസിദ്ധീകരിക്കുന്നതിനോ, തർജമ ചെയ്യുന്നതിനോ, പുസ്തകമാക്കി അടിച്ചിറക്കി പണം സമ്പാദിക്കുന്നതിനോ യാതൊരു വിലക്കുമില്ല. ഇങ്ങനെ ചെയ്യുമ്പോൾ ലേഖികയായ എൻ്റെ പേര് പരാമർശിക്കേണ്ടതുമില്ല. പിന്നീട് ഇവയുടെ ഉടമസ്ഥാവകാശം ചോദിച്ച് ഞാൻ ഒരിക്കലും വരില്ല. അതേസമയം ഞാൻ ഉദ്ദേശിക്കാത്ത അർത്ഥതലങ്ങൾ എൻ്റേതെന്ന രീതിയിൽ അവതരിപ്പിക്കാൻ ഇവ ഉപയോഗിക്കരുത് എന്ന അഭ്യർത്ഥനയേ ഉള്ളൂ. പോസ്റ്റുകൾ പുനരുപയോഗിക്കുമ്പോൾ എന്നെ അറിയിക്കുകയാണെങ്കിൽ വളരെ സന്തോഷം. പക്ഷെ, അറിയിക്കണം എന്ന നിബന്ധനയും ഇല്ല.
ഈ സീരീസ് എഴുതാൻ എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന എല്ലാവർക്കും നന്ദി. ബ്ലോഗിലെ പോസ്റ്റുകൾ പബ്ലിഷ് ചെയ്യുന്ന മുറയ്ക്ക് ഇൻബോക്സിൽ ലഭ്യമാകണമെങ്കിൽ വലതു വശത്തെ കോളത്തിൽ ചെന്ന് ‘വരിക്കാരാകുക’ എന്ന ബട്ടൺ ഞെക്കി വരിക്കാരാകാവുന്നതാണ്. ബ്ലോഗിലെ പോസ്റ്റുകൾ കിട്ടാൻ വേണ്ടി മാത്രം എൻ്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഫോളോ ചെയ്യേണ്ടതില്ല.
[…] 10. ഐ.സി.യു വിൽ പ്രവേശിപ്പിച്ചതുകൊണ്ടാണോ… […]
[…] 10. ഐ.സി.യു വിൽ പ്രവേശിപ്പിച്ചതുകൊണ്ടാണോ… […]
[…] 10. ഐ.സി.യു വിൽ പ്രവേശിപ്പിച്ചതുകൊണ്ടാണോ… […]
[…] 10. ഐ.സി.യു വിൽ പ്രവേശിപ്പിച്ചതുകൊണ്ടാണോ… […]
[…] 10. ഐ.സി.യു വിൽ പ്രവേശിപ്പിച്ചതുകൊണ്ടാണോ… […]
[…] 10. ഐ.സി.യു വിൽ പ്രവേശിപ്പിച്ചതുകൊണ്ടാണോ… […]
[…] 10. ഐ.സി.യു വിൽ പ്രവേശിപ്പിച്ചതുകൊണ്ടാണോ… […]
[…] 10. ഐ.സി.യു വിൽ പ്രവേശിപ്പിച്ചതുകൊണ്ടാണോ… […]
[…] 10. ഐ.സി.യു വിൽ പ്രവേശിപ്പിച്ചതുകൊണ്ടാണോ… […]