‘ലേഡി ഡോക്ടറേ’ എന്ന വിളി കേൾക്കാത്ത ഒരു സ്ത്രീ ഡോക്ടർ പോലും ഉണ്ടാവില്ല. എം.ബി.ബി.എസ് ഡിഗ്രി ഉള്ള എല്ലാവരും വെറും ഡോക്ടർമാരാണെന്നിരിക്കെ ഇതിൽ സ്ത്രീകളെ മാത്രം ‘ലേഡി ഡോക്ടർ’ എന്നാണ് വിളിക്കുന്നത്. ഒരു സ്ത്രീ, ഡോക്ടറാകുന്നത് ഒരു നോർമൽ കാര്യമല്ല എന്ന തോന്നലിനു പുറത്താണല്ലോ ‘ലേഡി’ എന്ന് കൂടെ ചേർക്കാനുള്ള തോന്നൽ ഉണ്ടായിവരുന്നത്. ‘വെള്ള’ക്കടുവ എന്നൊക്കെ പറയുന്നത് പോലെ. പലരും ഇത് ബോധപൂർവ്വം വിളിക്കുന്നതല്ല. ബുദ്ധിയും നൈപുണ്യവും വേണ്ടുന്ന ജോലികളിൽ സ്ത്രീകൾക്ക് പുരുഷന്മാരുടെയത്ര തൃപ്തികരമായി പ്രവർത്തിക്കാൻ കഴിയില്ല എന്ന പാട്രിയാർക്കൽ ചിന്തയിൽ നിന്നാണ് ‘ലേഡി ഡോക്ടർ’ വിളിയും ‘സിസ്റ്റർ’ വിളിയും ‘മോളേ’ വിളിയും ഒക്കെ ഉടലെടുക്കുന്നത്. ‘സിസ്റ്റർ വിളി’ വിളിക്കുന്നത് സ്വന്തം വാർഡിലെ രോഗിയാണെങ്കിൽ ഞാൻ മിണ്ടാതിരിക്കാറാണ് പതിവ്. നമ്മൾ ഇവരുടെ ഡിസ്ചാർജ് കാർഡ് സീലു വച്ച് എഴുതിക്കൊടുക്കുമ്പോൾ ഇവർക്ക് കാര്യം പിടികിട്ടും. സ്വന്തം വാർഡിലെ രോഗികൾ അല്ലെങ്കിൽ ‘സിസ്റ്ററല്ല’ എന്ന് മാത്രം ഒറ്റവാക്കിൽ പറഞ്ഞാൽ അവർ കാര്യം മനസിലാക്കിക്കോളും. നേഴ്സിൻ്റെ ജോലി മോശമായതുകൊണ്ടല്ല ഇങ്ങനെ പറയേണ്ടിവരുന്നത്. സ്ത്രീകൾക്ക് മാക്സിമം പോയാൻ നേഴ്സാകാനേ പറ്റൂ എന്ന പൊതുബോധത്തെയാണ് ഞാൻ അറ്റാക്ക് ചെയ്യുന്നത്.
മറ്റ് പ്രൊഫഷനുകളെ അപേക്ഷിച്ച് ഡോക്ടർമാർക്ക് കൂടുതൽ സ്ത്രീപക്ഷ ചിന്തകൾ ഉണ്ട് എന്ന് തോന്നിയിട്ടുണ്ട്. ഭാര്യയ്ക്ക് ബെഡ് റെസ്റ്റ് ആവശ്യമുണ്ട് എന്ന് ഭർത്താവിനോട് പറയുമ്പോൾ “ഡോക്ടറേ, ഇവൾ റെസ്റ്റെടുക്കുകയാണെങ്കിൽ എൻ്റെ കാര്യം ആര് നോക്കും?” എന്ന് വിലപിക്കുന്ന ഭർത്താക്കന്മാർക്ക് ഡോക്ടർമാരുടെ ശകാരം മിക്കവാറും കേൾക്കേണ്ടി വരും. മറ്റു പ്രൊഫഷനുകളിലുള്ളവരെക്കാലും കൂടുതൽ മനുഷ്യരുമായി ഇടപഴകുന്നതുകൊണ്ട് പല സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളിലുള്ളവരുടെ പ്രശ്നങ്ങൾ പലതാണെന്നും, എങ്കിലും എല്ലാ ശ്രേണിയിലുമുള്ള സ്ത്രീകൾ ഒന്നല്ലെങ്കിൽ മറ്റൊരുതരത്തിലുള്ള വിവേചനം അനുഭവിക്കുന്നുണ്ട് എന്നതൊക്കെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ ഡോക്ടർമാർക്ക് മനസിലാകുന്നുണ്ട്. പക്ഷെ സ്വന്തം ജീവിതത്തിൽ പങ്കാളിയുമൊത്ത് തുല്യത പാലിക്കാൻ അത്ര ആർജവം ഉള്ളതായി തോന്നുന്നില്ല. ഫെമിനിസം ഒക്കെ വീട്ടിനു പുറത്ത് നടക്കേണ്ട കാര്യങ്ങളാണെന്നാണ് പലരും ചിന്തിക്കുന്നത്. ഈ ചിന്തയിൽ നിന്ന് ഉടലെടുക്കുന്ന ചില പ്രശ്നങ്ങളെക്കുറിച്ചും, അവയ്ക്ക് സാധ്യമായ പരിഹാരങ്ങളെക്കുറിച്ചുമാണ് ഈ പോസ്റ്റിൽ എഴുതിയിട്ടുള്ളത്.
സ്തീകൾ വീട്ടിനു പുറത്തുള്ള ജോലികൾ ചെയ്യണോ? ബൗദ്ധികവളർച്ചയ്ക്കും, സ്വാതന്ത്ര്യത്തിനും, സാമ്പത്തികലാഭത്തിനും വേണ്ടി സ്ത്രീകൾ വരുമാനം ലഭിക്കുന്ന ജോലി ചെയ്യേണ്ടതുണ്ട്. കഷ്ടപ്പെട്ട് മെഡിസിൻ പാസായത് വെറുതേ ഇരിക്കാൻ വേണ്ടിയല്ലല്ലോ. വെറുതേ ഇരിക്കാനായിരുന്നു പ്ലാൻ എങ്കിൽ സേവനസന്നദ്ധയായ മറ്റൊരാൾക്ക് മെഡിസിൻ പഠിക്കാനുള്ള അവസരം ഇല്ലാതാക്കി, ആ മെഡിക്കൽ സീറ്റ് നിങ്ങൾ വാങ്ങിയെടുത്തത് എന്തിനാണ്? ഭർത്താവ് അധ്വാനിച്ച് പണിയെടുത്തോട്ടെ, ഞാൻ വീട്ടിൽ ‘വെറുതേ’ ഇരിക്കും എന്നൊക്കെ ഇപ്പോൾ പറയാൻ നല്ല സുഖമുണ്ടാകും. സാമ്പത്തികമായ പരാശ്രയത്വം കാരണമാണ് പല സ്ത്രീകളും മോശം വിവാഹബന്ധമാണെങ്കിലും അതിൽ കടിച്ച് തൂങ്ങി നിൽക്കേണ്ടി വരുന്നത്. ഞാൻ ഇപ്പോൾ ജോലിക്ക് പോകുന്നില്ല, പത്ത് വർഷം കഴിഞ്ഞ് ജോലിക്ക് പോകാം എന്ന് പറയുന്നവരുണ്ട്. അവരോട് പറയാനുള്ളത് നിങ്ങൾ പഠിച്ചതിൽ ഒരു നല്ല പങ്കും പത്ത് വർഷം കഴിഞ്ഞാൽ മറന്നോ, കാലഹരണപ്പെട്ടോ പോകും എന്നാണ്. ഇനി, വീട്ടിൽ ‘വെറുതേ’ ഇരിക്കാൻ പറ്റും എന്നൊന്നും വിചാരിക്കരുത്. ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ ചെയ്യേണ്ടതില്ലായിരുന്ന പല പണികളും ജോലി ഇല്ലാത്തതുകൊണ്ട് നിങ്ങളെ തേടി വരും. എല്ലാ നേരവും പുതിയ ഭക്ഷണം തന്നെ പാചകം ചെയ്യുക, ദിവസവും വീടിൻ്റെ മുറ്റം അടിക്കുക, ചമ്മന്തി അമ്മിയിൽ തന്നെ അരയ്ക്കുക തുടങ്ങി നിർബന്ധമല്ലാത്തതും, ആവശ്യമില്ലാത്തതുമായ പല പണികളും നിങ്ങൾക്ക് കിട്ടും. കാരണം നിങ്ങൾ ‘വെറുതേ’ ഇരിക്കുന്നവളാണല്ലോ.
ചില പുരുഷ ഡോക്ടർമാരുണ്ട്. ഭാവിവധുവിനെ കുറിച്ച് എല്ലാവർക്കും ഉള്ളതുപോലെ ഇവർക്കും സങ്കൽപ്പങ്ങളുണ്ട്. വധു ഇ.എൻ.ടി, ഒഫ്താല്മോളജി എന്നിവയിലെ സ്പെഷ്യലിസ്റ്റ് ആയിരിക്കണം എന്നതാണ് ഇവരുടെ സങ്കൽപ്പം. പക്ഷെ, ഇവർക്ക് സ്വയം സൂപ്പർ സ്പെഷ്യലിസ്റ്റ് ആകണമെന്നാണ് ആഗ്രഹം. ഇവരെ സൂക്ഷിക്കേണ്ടതുണ്ട്. ഇവർ പറയാതെ പറയുന്നത്, “എനിക്ക് കുടുംബത്തിനു വേണ്ടി ചിലവഴിക്കാൻ ഒട്ടും സമയമില്ല, അതുകൊണ്ട് എൻ്റെ ഭാര്യ ഘനമേറിയ സ്പെഷ്യാലിറ്റി എടുക്കാതെ, എനിക്കും കുടുംബത്തിനും വേണ്ടി സമയം കണ്ടെത്തുന്ന തരത്തിലുള്ള സ്പെഷ്യാലിറ്റി ആണ് എടുക്കേണ്ടത്” എന്നാണ്. അല്ലാതെ ഇവർക്ക് ഒഫ്താല്മോളജിയോട് ഭയങ്കര ഇഷ്ടം തോന്നിയിട്ടൊന്നുമല്ല ഈ ആഗ്രഹം ഉണ്ടായി വന്നത്. “എനിക്ക് ഫാമിലിക്ക് വേണ്ടി സമയം കണ്ടെത്തേണ്ടതുകൊണ്ട് ഞാൻ നോൺ-ക്ലിനിക്കൽ പി.ജിയേ എടുക്കുകയുള്ളൂ” എന്ന് പറയുന്ന അവിവാഹിതകളായ സ്ത്രീകളുണ്ട്. ഇവർ എന്തിനാണ് തങ്ങളുടെ ആഗ്രഹങ്ങളെ ഇപ്പോഴേ നിയന്ത്രിക്കുന്നത് എന്നെനിക്ക് മനസിലാകുന്നില്ല. ക്ലിനിക്കൽ പി.ജി എടുത്താലും ദിവസത്തിൽ എത്ര മണിക്കൂർ ജോലി ചെയ്യണമെന്ന് ഇവർക്ക് തീരുമാനിക്കാവുന്നതേ ഉള്ളല്ലോ. ഉദാഹരണത്തിന് നിങ്ങൾ ഒരു ഓർത്തോപീഡീഷ്യൻ ആണെങ്കിൽ ദിവസം എട്ട് മണിക്കൂർ മാത്രമേ ജോലി ചെയ്യൂ എന്ന് ഹോസ്പിറ്റൽ മാനേജ്മെൻ്റിനെ അറിയിച്ചാൽ അവർക്ക് സമ്മതിച്ച് തരികയേ നിവൃത്തിയുള്ളൂ. കുടുംബത്തിനു വേണ്ടി കൂടുതൽ സമയം മാറ്റിവയ്ക്കണം എന്ന ആഗ്രഹമുണ്ടെങ്കിൽ വർഷത്തിൽ നാല് മാസം ലീവ് എടുക്കുകയോ, പാർട്ട് ടൈമായി ജോലി ചെയ്യുകയോ, എമർജൻസികൾ കൈകാര്യം ചെയ്യാതിരിക്കുകയോ ആകാമല്ലോ. അതുകൊണ്ട്, ഭാവിയിൽ കുടുംബം നോക്കണമെന്നതുകൊണ്ട് പി.ജി സ്പെഷ്യാലിറ്റി തിരഞ്ഞെടുക്കുമ്പോൾ തന്നെ ചോയ്സുകൾക്ക് അതിർത്തി വയ്ക്കുന്നത് ആത്മഹത്യാപരമാണ്.
ഒരു സ്ത്രീയുടെ ഏറ്റവും വലിയ കരിയർ ചോയ്സ് വിവാഹമാണ്. ഇത് പറഞ്ഞത് ഞാനല്ല, ഷെറിൽ സാൻ്റ്ബർഗ് ആണ്. വിവാഹം വേണോ വേണ്ടയോ, ആരെയാണ് വിവാഹം കഴിക്കുന്നത്, ഭാവിവരൻ്റെ ജോലി എന്താണ്, അദ്ദേഹത്തിൻ്റെ സ്ത്രീകളോടുള്ള സമീപനം എന്താണ് എന്നതൊക്കെ ഒരു ഇന്ത്യൻ സ്ത്രീയുടെ കരിയറിനെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട് എന്നത് സങ്കടകരമായ വസ്തുതയാണ്. നാട്ടിലെ ജോലി രാജിവച്ച് ഭർത്താവ് ജോലി ചെയ്യുന്ന സ്ഥലത്തേക്ക് പോകുന്ന ഭാര്യമാരാണ് ഭൂരിഭാഗവും. വരനെക്കാൾ കുറഞ്ഞ ശമ്പളവും, വിദ്യാഭ്യാസവുമേ വധുവിന് പാടുള്ളൂ എന്ന അലിഖിത നിയമവുമുണ്ട്. വരൻ പീഡിയാട്രിക്സ് ആണെങ്കിൽ വധു പി.ജി തിരഞ്ഞെടുക്കുമ്പോൾ ഗൈനക്കോളജി തിരഞ്ഞെടുക്കുന്നതാണ് നല്ലത്, വരൻ സർജൻ ആണെങ്കിൽ വധു അനസ്തേഷ്യ എടുക്കണം എന്നീ പൊതുബോധങ്ങൾ ഒരുപാടുണ്ട്. ഇത്തരം പൊതുബോധങ്ങളെ അവഗണിക്കുന്ന ആളാണ് ഭാവിവരനും നിങ്ങളും എങ്കിൽ വളരെ നല്ലത്. പക്ഷെ, മിക്കപ്പോഴും ഇതായിരിക്കില്ല സ്ഥിതി. കൂടാതെ മെഡിക്കൽ പ്രൊഫഷനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്ത ബന്ധുക്കളും, നാട്ടുകാരും എല്ലാം ചേർന്ന് നിങ്ങളുടെ കരിയർ ചോയ്സിൽ സമ്മർദ്ദം ചെലുത്തും. ഭാര്യ ജോലി ചെയ്യുന്നതിൽ വലിയ താല്പര്യമൊന്നുമില്ലാത്ത ഭർത്താവാണെങ്കിൽ കരിയർ മുന്നോട്ട് കൊണ്ടുപോകാനുള്ള അവകാശത്തിനു വേണ്ടി നിങ്ങൾക്ക് നിരന്തരം പ്രയത്നിക്കേണ്ടി വരും. വിവാഹത്തിനു ശേഷം നിങ്ങൾ സ്വന്തം കാര്യത്തിൽ എടുക്കുന്ന തീരുമാനങ്ങളിൽ ഭർത്താവിൻ്റെ ഇഷ്ടാനിഷ്ടങ്ങളൂം വലിയ പങ്ക് വഹിക്കുന്നുണ്ട്. തിരിച്ചും. അതുകൊണ്ട് വീട്ടുകാർ കാണിച്ചു തരുന്ന ആളെ നേരേ ചെന്ന് കല്യാണം കഴിക്കാതെ, വരനോട് ഭാവിയെക്കുറിച്ച് നല്ലപോലെ സംസാരിച്ച് മനസിലാക്കിയ ശേഷമേ തീരുമാനമെടുക്കാൻ പാടുള്ളൂ. ഓർക്കുക, വിവാഹം ഒരു പേഴ്സണൽ ചോയ്സ് മാത്രമല്ല, കരിയർ ചോയ്സും കൂടി ആണ്.
“ഞങ്ങളുടേത് കഴിവുള്ള കുടുംബമാണ്, അതുകൊണ്ട് ഭാര്യ പ്രാക്ടീസ് ചെയ്ത് പൈസ സമ്പാദിക്കേണ്ട ഗതികേടൊന്നും ഞങ്ങൾക്കില്ല. പക്ഷെ, ഭാര്യയ്ക്ക് ഇഷ്ടമുണ്ടെങ്കിൽ പ്രാക്ടീസ് തുടങ്ങാവുന്നതേ ഉള്ളൂ” എന്ന് പറയുന്ന ഭാവിവരന്മാർ ഉണ്ട്. ഇവരുടെ വിചാരം പ്രാക്ടീസ് ചെയ്യുന്നത് വെറും പണം സമ്പാദിക്കാൻ വേണ്ടി മാത്രമാണ് എന്നാണ്. സ്വാതന്ത്ര്യബോധം, ആത്മവിശ്വാസം, ബൗദ്ധികനിലവാരം എന്നിവ ഉയർത്താൻ വേണ്ടിയും കൂടിയാണ് ജോലി ചെയ്യുന്നത് എന്ന് ഇവർക്ക് മനസിലായിട്ടില്ല. ചിലപ്പോൾ, “എൻ്റെ ഭാര്യയ്ക്ക് ഇത്തരം ഗുണങ്ങളൊന്നും ഉണ്ടാവുന്നത് എനിക്കിഷ്ടമല്ല, അവൾ എപ്പോഴും എൻ്റെ ചൊൽപ്പടിയിൽ തന്നെ നിൽക്കണമെങ്കിൽ കുറഞ്ഞ ബുദ്ധിയും, ആത്മവിശ്വാസവും മതി” എന്ന നിലപാടായിരിക്കും ഇവരുടേത്. ഇവരെയാണ് കൂടുതൽ സൂക്ഷിക്കേണ്ടത്. ഇവർ നമ്മുടെ ആത്മവിശ്വാസം കാലക്രമേണ ചോർത്തിക്കളയും. വീട്ടിലെ പണിയൊക്കെ കൃത്യമായി ചെയ്തിട്ട് ബാക്കി സമയം ജോലി ചെയ്താൽ മതി എന്നതായിരിക്കും ഇവരുടെ നിലപാട്. ആദ്യമൊക്കെ വലിയ കുഴപ്പമില്ലാതെ വീട്ടുകാര്യങ്ങളും ജോലിയും നിങ്ങൾക്ക് ഒറ്റയ്ക്ക് മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞേക്കാം. പ്രശ്നം വരുന്നത് കുഞ്ഞുണ്ടാകുമ്പോഴാണ്. “നോക്കൂ, നമുക്ക് പണം ആവശ്യത്തിനുണ്ടല്ലോ, അതുകൊണ്ട് കുഞ്ഞിനു വേണ്ടി വീട്ടിലിരിക്കൂ” എന്ന് ഇവർ നിരന്തരം ധ്വനിപ്പിച്ചുകൊണ്ടിരിക്കും. പ്രാക്ടീസിൽ നിന്ന് വലിയ വരുമാനമൊന്നും ഇല്ലാത്തതുകൊണ്ട് നമ്മൾ പണി നിർത്തും. എനിക്ക് തോന്നുന്നത് വലിയ വരുമാനമൊന്നും കിട്ടിയില്ലെങ്കിലും ജോലിക്ക് പോയേ തീരൂ എന്നതാണ്. ഇപ്പോൾ ലക്ചറർ ആയി ജോലി ചെയ്യുമ്പോൾ വലിയ വരുമാനമൊന്നും കാണുകയില്ല. കുറച്ച് വർഷങ്ങൾക്കു ശേഷം അസിസ്റ്റൻ്റ് പ്രൊഫസർ, പിന്നീട് പ്രൊഫസർ, ഡിപ്പാർട്ട്മെൻ്റ് ഹെഡ് എന്നിങ്ങനെ പ്രവൃത്തി പരിചയം കൂടുമ്പോൾ കരിയറിൽ വളർച്ച ഉണ്ടാകുമെന്ന് പലരും ഓർക്കാറില്ല. സ്വന്തം ക്ലിനിക്കാണെങ്കിൽ വർഷങ്ങളുടെ പ്രാക്ടീസിനു ശേഷം കൂടുതൽ എസ്റ്റാബ്ലിഷ്ഡ് ആകാൻ കഴിയും. അതുകൊണ്ട് ഇപ്പോൾ ലാഭകരമല്ല എന്ന ഒറ്റ കാരണം കൊണ്ട് കരിയർ അവസാനിപ്പിക്കാതിരിക്കുക. ഇപ്പോഴത്തെ മുഴുവൻ ശമ്പളവും ഡൊമസ്റ്റിക് ഹെൽപ്പിനെ വയ്ക്കാനേ തികയുന്നുള്ളൂ എങ്കിലും, ശമ്പളം കൊടുത്ത് ജോലിക്കാരിയെ വീട്ടിൽ നിർത്തിയിട്ട് നിങ്ങൾ പ്രാക്ടീസ് തുടരുകയാണ് വേണ്ടത്. ഭാവിയിൽ പ്രവൃത്തിപരിചയം കൂടുന്നതിനനുസരിച്ച് നിങ്ങളുടെ വരുമാനം കൂടാനേ സാധ്യതയുള്ളൂ.
കുഞ്ഞുണ്ടായശേഷം എത്ര കാലം കുഞ്ഞിനെ പരിചരിക്കാൻ വേണ്ടി വീട്ടിലിരിക്കണം? കുഞ്ഞ് ജനിച്ച് വെറും ദിവസങ്ങൾക്ക് ശേഷം ജോലിക്ക് തിരിച്ചു വരുന്നവരെയും, വർഷങ്ങൾക്ക് ശേഷം തിരിച്ചു വരുന്നവരെയും അറിയാം. ഇതൊക്കെ അവരവരുടെ സാഹചര്യങ്ങൾക്കനുസരിച്ച് എടുക്കേണ്ട തീരുമാനമാണ്. നിങ്ങൾ ജോലിക്ക് തയ്യാറാണ് എന്ന് തോന്നുമ്പോൾ ഉടൻ ജോലിക്ക് കയറുക. ഇത്ര നേരത്തേ ജോലിക്ക് പോയാൽ വീട്ടുകാർ എന്തു വിചാരിക്കും, നാട്ടുകാർ എന്ത് പറയും എന്നൊന്നും ചിന്തിച്ച് വ്യാകുലപ്പെടേണ്ടതില്ല. എല്ലാവരുടെയും പ്രഗ്നൻസി ഒരുപോലെയായിരിക്കില്ല. സ്വന്തം ആരോഗ്യത്തിനും, സന്തോഷത്തിനും മുൻഗണന കൊടുക്കുക. നിങ്ങൾ സന്തോഷത്തോടെയും, ആരോഗ്യത്തോടെയും ഇരുന്നാൽ കുഞ്ഞിനും ആരോഗ്യം ഉണ്ടാകും. തിരിച്ചും. ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്നുവച്ചാൽ, ഭർത്താക്കന്മാരെ കുഞ്ഞിനെ പരിചരിക്കുന്നതിന് പ്രോത്സാഹിപ്പിക്കണം. ചില സ്ത്രീകൾ “അയ്യോ, അതിയാന് ഡയപ്പർ മാറ്റലും, മാമു (ഭക്ഷണം) കൊടുക്കലും ഒന്നും അറിയില്ലന്നേ, എല്ലാം ഞാൻ തന്നെ ചെയ്താലേ ഭംഗിയാകുകയുള്ളൂ” എന്ന് പറയാറുണ്ട്. മാമു കൊടുക്കാനുള്ള സിദ്ധി നിങ്ങൾക്ക് ജന്മനാ കിട്ടിയതൊന്നുമല്ല. നിങ്ങൾ പഠിച്ചെടുത്തതു പോലെ ഭർത്താവിനും പഠിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കുക. ഭേദപ്പെട്ട രീതിയിൽ അദ്ദേഹം മാമു കൊടുത്തിട്ടുണ്ടെങ്കിൽ, ചെയ്ത ജോലിയിലെ ചെറിയ ചെറിയ കുറ്റങ്ങൾ കണ്ടുപിടിച്ച് ശകാരിക്കാതിരിക്കുക. കുഞ്ഞിന് അച്ഛനോടും മാനസികമായ അടുപ്പം വരണമെങ്കിൽ അവരും കുഞ്ഞിനെ പരിചരിക്കുന്നതിൽ പങ്കെടുക്കേണ്ടതുണ്ട്. അച്ഛനെ കുഞ്ഞിൽ നിന്ന് അകറ്റി നിർത്തി, എന്തിനും ഏതിനും അമ്മയെ സമീപിക്കുന്ന ‘അമ്മക്കുട്ടികളെ’ ഉണ്ടാക്കിയെടുക്കാതിരിക്കുക. കുഞ്ഞ് അമ്മയോട് മാത്രമേ അടുക്കൂ എന്നൊന്നുമില്ല. പ്രീസ്കൂളിൽ കൂടുതൽ സമയം ചിലവഴിക്കുന്ന കുട്ടി ടീച്ചറോടായിരിക്കും ഏറ്റവും അടുക്കുന്നത്. അച്ഛൻ്റെ ഒപ്പം കൂടുതൽ സമയം ചിലവഴിച്ചാൽ അച്ഛനോടും. അമ്മയായിപ്പോയതുകൊണ്ട് മാത്രം ഒരു സ്ത്രീയോട് കുഞ്ഞിന് പ്രത്യേക പ്രതിപത്തിയൊന്നും ഉണ്ടായി വരുന്നില്ല. മാതാപിതാക്കൾ ഗൾഫിൽ ജോലി ചെയ്യുന്നതുകൊണ്ട് മുത്തച്ഛൻ-മുത്തശ്ശിയുടെ കൂടെ നാട്ടിൽ വളർന്ന കുട്ടികളുണ്ട്. അമ്മ ഗൾഫിൽ നിന്ന് നാട്ടിൽ വരുമ്പോൾ ഇത്തരം കുഞ്ഞുങ്ങൾ (നാല്-അഞ്ച് വയസ്സ് പ്രായം) അപരിചിതരെ കണ്ടതു പോലെ ഓടിയൊളിക്കുന്നതും കണ്ടിട്ടുണ്ട്.
കുഞ്ഞിന് ശ്രദ്ധ കൊടുക്കാൻ വേണ്ടിയും, കുഞ്ഞിൻ്റെ ഭാവി ശോഭനമാക്കാൻ വേണ്ടിയും കരിയർ ഉപേക്ഷിച്ച് വീട്ടിലിരിക്കുന്നവരുണ്ട്. ഇവർ കുഞ്ഞിനോട് ചെയ്യുന്നത് ദ്രോഹമാണെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. അമ്മ ജോലിക്ക് പോകുന്നുണ്ടെങ്കിൽ കുഞ്ഞുങ്ങൾ വേഗം സ്വയം പര്യാപ്തരാകുകയും, അമ്മയെപ്പോലെ ജോലി നേടണം എന്ന ആഗ്രഹമുള്ളവരാകുകയും, ചുമതലകൾ നിർവ്വഹിക്കാൻ വേഗം പഠിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള കുഞ്ഞുങ്ങളാണ് വളർന്ന് വന്ന് കൂടുതൽ ഉയർന്ന ഡിഗ്രികൾ കരസ്ഥമാക്കുന്നതും, കുറവ് മാനസികപ്രശ്നങ്ങൾ ഉള്ളവരാകുന്നതും, നേതൃത്വനിരയിൽ എത്തുന്നതും എന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. കുഞ്ഞിൻ്റെ മുന്നിൽ താലവും പിടിച്ച് സദാസമയവും വേലക്കാരിയുടെ ജോലി ചെയ്ത് കൊടുത്താൽ ‘അങ്ങനെ ചെയ്യേണ്ട’ എന്ന് കുഞ്ഞ് ഒരിക്കലും പറയില്ല. കൂടുതൽ കൂടുതൽ ആവശ്യങ്ങളുമായി അവർ നിങ്ങളെ സമീപിക്കുകയേ ഉള്ളൂ. ഇന്ന് രണ്ട് കൂട്ടം കറികൾ ഉണ്ടാക്കിയാൽ, നാളെ രുചി പോരാ എന്ന് പറഞ്ഞ് നാലു കൂട്ടത്തിന് വേണ്ടി വാശിപിടിക്കും. ഇത്തരം വീടുകളിൽ വളർന്ന് വന്ന ആൺകുട്ടികൾ വിവാഹം കഴിക്കുമ്പോൾ, തൻ്റെ അമ്മയിൽ നിന്ന് മാതൃക ഉൾക്കൊണ്ട്, ഭാര്യയും അതുപോലെ വീട്ടുകാര്യങ്ങൾ ചെയ്യണം എന്ന നിലപാട് ഉള്ളയാളായിത്തീരും. ഇത്തരം പഴഞ്ചൻ നിലപാടുകൾ ഇവരുടെ ഭാവി വൈവാഹിക ജീവിതത്തെയും ബാധിക്കും. ഇത്തരം വീടുകളിൽ വളർന്ന പെൺകുട്ടികൾ അമ്മയിൽ നിന്ന് മാതൃക ഉൾക്കൊണ്ട് ജോലി നേടണമെന്നോ, ഉപരിപഠനം നടത്തണമെന്നോ ഉള്ള ആഗ്രഹമില്ലാത്തവരായിത്തീരും. അതുകൊണ്ട് കുഞ്ഞുങ്ങൾ നല്ല പൗരന്മാരായി വളരാൻ വേണ്ടി അമ്മമാർക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം ജോലിക്ക് പോകുക എന്നതാണ്.
സ്ത്രീ ഡോക്ടർമാർ വിവേചനം നേരിടുന്നു എന്ന് പറയുമ്പോൾ പ്ലേറ്റ് മാറ്റാൻ വേണ്ടി ചിലർ ഉപയോഗിക്കുന്ന ടെക്നിക്ക് ആണ് സ്ത്രീ കൂലിപ്പണിക്കാർ അതിലും വലിയ വിവേചനം നേരിടുന്നില്ലേ എന്നത്. കേരളത്തിലെ സ്ത്രീകൾ വിവേചനം അനുഭവിക്കുന്നുണ്ടെന്ന് പറഞ്ഞാൽ, അങ്ങ് സൊമാലിയയിലേക്ക് നോക്കൂ, അവിടെ ഇതിലും കൂടുതൽ വിവേചനമാണ്, ഇത്രയൊക്കെ അവകാശങ്ങൾ നിങ്ങൾക്ക് കേരളത്തിൽ കിട്ടിയതുകൊണ്ട് നന്ദികാണിക്കണം എന്ന് പറയും. ഡോക്ടർമാരായ നമുക്ക് മറ്റ് പലരെക്കാളും മികച്ച ജീവിതസാഹചര്യങ്ങൾ കിട്ടി എന്നത് ശരിതന്നെ. എന്നാൽ സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കാതെ എങ്ങനെ മറ്റുള്ളവരുടെ പ്രശ്നം കൂടി പരിഹരിക്കാൻ പറ്റും? എല്ലാവർക്കും സ്വന്തം പ്രശ്നങ്ങളായിരിക്കുമല്ലോ വലുത്. ഒരു നാട്ടിലെ ഒരു കൂട്ടം ആളുകളുടെ പ്രശ്നം തീർത്തിട്ടേ അടുത്തതിലേക്ക് പോകാവൂ എന്ന നിർബന്ധബുദ്ധി എന്തിനാണ്? എല്ലാ കൂട്ടരുടെയും പ്രശ്നങ്ങളും ഒരുമിച്ച് പരിഹരിക്കാൻ ശ്രമിക്കാവുന്നതുമാണല്ലോ. ജെൻ്റർ ഈക്വാലിറ്റി ഇൻ്റക്സിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന സ്വീഡനിൽ പോലും, ഇപ്പോഴും സ്ത്രീപുരുഷ സമത്വത്തിന് വേണ്ടി സർക്കാറും, ജനങ്ങളും ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഇതേ ഇൻ്റെക്സിൽ 130-താം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിലിരുന്നാണ് അങ്ങ് സൊമാലിയയെ നോക്കി ആശ്വസിക്കാൻ പറയുന്നത്.
ടിവിയിൽ കാണുന്ന ‘ഉത്തമ ഭാര്യ’ എന്ന വാർപ്പുമാതൃകയിൽ വീണുപോകരുത്. ഉത്തമ ഭാര്യ രാവിലെ എഴുന്നേൽക്കും. ഭർത്താവിനെ എഴുന്നേൽപ്പിച്ച് ബെഡ് കോഫി കൊടുക്കും. രണ്ട് കുഞ്ഞുങ്ങൾക്ക് വേണ്ടി വിഭവസമൃദ്ധമായ പ്രാതൽ തയ്യാറാക്കി കഴിപ്പിക്കും. ഉച്ചയ്ക്കത്തേക്കുള്ള ചോറും കറികളും പൊതിഞ്ഞുകൊടുക്കും. അമ്മായിയമ്മയെ മരുന്ന് കഴിക്കാൻ ഫോൺ വിളിച്ച് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കും. ക്ലിനിക്കിലെ ചിരിച്ചുകൊണ്ടിരിക്കുന്ന രോഗികളോട് സഹാനുഭൂതിയോടെ പെരുമാറും. ക്യാൻസർ ഉള്ള കുട്ടി കൺസൾട്ടേഷനു വരുമ്പോൾ ഡയറി മിൽക്ക് സമ്മാനമായി കൊടുക്കും. വൈകുന്നേരം ഭർത്താവ് കൂട്ടിക്കൊണ്ടുപോകാൻ വരുന്ന അതേ നിമിഷം ഡ്യൂട്ടി കഴിയും. വീട്ടിൽ എത്തുമ്പോൾ കുട്ടികൾ നൂറിൽ നൂറ് മാർക്ക് വാങ്ങിയതിൻ്റെ സർട്ടിഫിക്കറ്റ് കാണിക്കും. കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് തമാശ പറഞ്ഞുകൊണ്ട് ഭക്ഷണം കഴിക്കും. എന്ത് നല്ല കിണാശേരി! ഇത്തരം ഐഡിയൽ സ്ത്രീകൾ സ്ക്രീനിൽ മാത്രമേ ജീവിക്കുന്നുള്ളൂ എന്ന് മനസിലാക്കുക. എല്ലാ കാര്യങ്ങളും പെർഫക്ട് ആയി ചെയ്യാൻ ഒരിക്കലും പറ്റില്ല എന്നത് മനസിലാക്കുക. ഒരു ജോലി ചെയ്യാൻ അറിയുന്നതു കൊണ്ട് മാത്രം ആ ജോലി ചെയ്യേണ്ട ബാധ്യത നിങ്ങൾക്കില്ല. വീട്ടുജോലി ചെയ്യാനാണ് താല്പര്യമെങ്കിൽ ക്ലിനിക്കിലെ ജോലി പാർട്ട് ടൈം ആക്കുക. തിരിച്ചാണെങ്കിൽ, വീട്ടുജോലി ചെയ്യാൻ മറ്റാരെയെങ്കിലും നിയോഗിക്കുക. ഒരു നല്ല ഒപ്ഷൻ വീട്ടുജോലി പങ്കാളിയുമായി ഷെയർ ചെയ്യുക എന്നതാണ്. സ്ത്രീകൾ മൾട്ടി ടാസ്ക് ചെയ്യാനും, സമയബന്ധിതമായ വീട്ടുകാര്യങ്ങൾ ചെയ്യാനും നിർബന്ധിതരാകുന്നതുകൊണ്ട് അവരുടെ മാനസികാരോഗ്യം ക്രമേണ മോശമാകാനും സാധ്യതയുണ്ട്.

“ഞാൻ ഇപ്പോഴത്തെ ജീവിതത്തിൽ സന്തുഷ്ടയാണ്, ഞാൻ എന്തിനു വേണ്ടി ഫെമിനിസ്റ്റാകണം?” എന്ന് ചോദിക്കുന്നവരുണ്ട്. നിങ്ങൾക്ക് ഭാഗ്യം കൊണ്ട് സന്തുഷ്ടമായ ജീവിതം ലഭിച്ചെങ്കിലും, മറ്റുള്ളവരുടെ സ്ഥിതി അതല്ല. ചിലപ്പോൾ നിങ്ങൾ പാട്രിയാർക്കൽ രീതികൾ സ്വാംശീകരിച്ചിട്ടുള്ളതുകൊണ്ടായിരിക്കാം സന്തോഷം ഉണ്ടാകുന്നത്. നിങ്ങൾക്ക് പ്രിയപ്പെട്ട പലരും പാട്രിയാർക്കൽ സംസ്കാരത്തിൻ്റെ ദൂഷ്യഫലങ്ങൾ അനുഭവിക്കുന്നവരായിരിക്കും. പാട്രിയാർക്കിയെ തകർക്കാൻ നമ്മൾ ഇന്ന് തന്നെ ശ്രമിച്ചാലേ അടുത്ത തലമുറയ്ക്ക് കൂടുതൽ അവകാശങ്ങളും, സ്വാതന്ത്ര്യങ്ങളും ലഭ്യമാകൂ. നമ്മുടെ പൂർവ്വ തലമുറ നേടിയെടുത്ത അവകാശങ്ങളാണ് നാം ഇന്ന് ആസ്വദിക്കുന്നത്. അമേരിക്കയിൽ സ്ത്രീകൾ വോട്ട് ചെയ്യാനുള്ള അവകാശം നേടിയെടുത്തിട്ട് 100 വർഷങ്ങളേ ആയിട്ടുള്ളൂ. സൗദിയിൽ ഏഴു വർഷങ്ങളും. സ്ത്രീകൾക്ക് എല്ലാ രീതിയിലും തുല്യ അവകാശങ്ങളോടും, സ്വാതന്ത്ര്യങ്ങളോടും കൂടി ജീവിക്കാൻ കഴിയുന്ന ലോകമാണ് ഫെമിനിസ്റ്റുകൾ കാണുന്ന സ്വപ്നം. ഞാൻ ഒരു ഫെമിനിസ്റ്റാണെന്നത് പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ.
അധിക വായനയ്ക്ക്: ഡോ. ബീന കയിലൂരിൻ്റെ ഫെമിനിസത്തെക്കുറിച്ചുള്ള പ്രസംഗങ്ങളൊക്കെ മികച്ചതാണ്. ഇവ കണ്ടുനോക്കുക. സ്ത്രീകൾ ജോലിസ്ഥലങ്ങളിൽ പിന്തള്ളപ്പെട്ടു പോകുന്നതിൻ്റെ കാരണങ്ങൾ പ്രതിപാദിക്കുന്ന ഡോ. അരുൺ കുമാറിൻ്റെ പ്രസംഗവും കേൾക്കുക. ഫേസ്ബുക്കിൻ്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആയ ഷെറിൽ സാൻ്റ്ബർഗ് എഴുതിയ ലീൻ ഇൻ എന്ന പുസ്തകവും വായിക്കുക. കർശനമായും അക്കാദമികമായ രീതിയിൽ എടുത്താൽ ഫെമിനിസ്റ്റ് തത്വങ്ങളോട് മുഴുവനായും നീതി പുലർത്താത്ത പുസ്തകമാണ് ഷെറിലിൻ്റേത്. എങ്കിലും, പാട്രിയാർക്കി കൊണ്ടുണ്ടാവുന്ന ദൈനംദിന പ്രശ്നങ്ങൾക്കുള്ള പരിഹാരം എങ്ങനെ സ്വയം കണ്ടെത്താം എന്നതിനുള്ള മാർഗരേഖകൾ ഈ പുസ്തകത്തിലുണ്ട്. പാട്രിയാർക്കൽ ആങ്ങളമാരുടെ ശല്യം അനുഭവിക്കുന്നുണ്ടെങ്കിൽ ഇവരുടെ വാദങ്ങൾക്ക് എങ്ങനെ മറുപടി കൊടുക്കാം എന്നത് ഗീക്ക് ഫെമിനിസം വിക്കിയിൽ വായിക്കാം. ഫെമിനിസത്തെക്കുറിച്ച് ഒരു സീരീസ് എഴുതാൻ അതിയായ ആഗ്രഹമുണ്ട്. സമയക്കുറവ് കാരണമാണ് നടക്കാതെ പോകുന്നത്. ഫെമിനിസത്തെക്കുറിച്ച് മലയാളി എഴുത്തുകാർ കൂടുതലായി എഴുതിക്കൊണ്ടിരിക്കുന്നു എന്നതും സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്.
പിൻകുറിപ്പ്: ഈ പോസ്റ്റുകളിൽ ഒന്നടങ്കം ‘പുരുഷൻ’ എന്നത് ഹെറ്ററോസെക്ഷ്വൽ പുരുഷനെ വിശേഷിപ്പിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്. ഹോമോസെക്ഷ്വാലിറ്റിയെക്കുറിച്ച് പിന്നീട് എഴുതാം.
ഈ സീരീസിലെ വെടി തീർന്ന പോസ്റ്റുകൾ :
1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?
2. ഏത് വിഷയത്തിൽ പി.ജി എടുക്കണം?
3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്?
4. ഡോക്ടർ ചിന്തിക്കുന്നത് എങ്ങനെയാണ്?
5. വ്യാജഡോക്ടർമാർ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?
6. ഡോക്ടർമാർക്ക് ചില വ്യത്യസ്ത ജോലിസാധ്യതകൾ
7. ആരെയാണ് ശരിക്കും സൂക്ഷിക്കേണ്ടത്?
8. ഫയാസിനു ബ്ലഡ് കൊടുക്കണോ ഡോക്ടർ?
10. ഐ.സി.യു വിൽ പ്രവേശിപ്പിച്ചതുകൊണ്ടാണോ മരിച്ചു പോകുന്നത്?
11. ലേഡി ഡോക്ടർ ഇല്ലാത്ത കാലം (ഭാഗം 1)
ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ ഞാൻ കേപ് ടൗണിലാണ്. ഇവിടെ വന്നതിൻ്റെ ഓർമ്മയ്ക്കായി ഒരു ചിത്രം ചേർക്കുന്നു.
[…] 11. ലേഡി ഡോക്ടർ ഇല്ലാത്ത കാലം (ഭാഗം 1), (ഭാഗം 2) […]
[…] 11. ലേഡി ഡോക്ടർ ഇല്ലാത്ത കാലം (ഭാഗം 1), (ഭാഗം 2) […]
[…] 11. ലേഡി ഡോക്ടർ ഇല്ലാത്ത കാലം (ഭാഗം 1), (ഭാഗം 2) […]
[…] 11. ലേഡി ഡോക്ടർ ഇല്ലാത്ത കാലം (ഭാഗം 1), (ഭാഗം 2) […]
കാര്യങ്ങൾ വ്യക്തമാകുന്ന അൽനോളജി വളരെ ഇഷ്ട്ടപെട്ടു
[…] 11. ലേഡി ഡോക്ടർ ഇല്ലാത്ത കാലം (ഭാഗം 1), (ഭാഗം 2) […]
[…] 11. ലേഡി ഡോക്ടർ ഇല്ലാത്ത കാലം (ഭാഗം 1), (ഭാഗം 2) […]