ഒരിക്കൽ ഐ.സി.യുവിൽ പോസ്റ്റിങ് ഉണ്ടായിരുന്ന സമയത്ത് കൂടെ ജോലി ചെയ്തിരുന്നത് പുരുഷനായ നേഴ്സായിരുന്നു. നേഴ്സിങ് മേഖലയിൽ പുരുഷന്മാർ തുലോം കുറവാണെന്നത് അറിയാമല്ലോ. ഒരു രോഗി എന്തുകൊണ്ടോ ഇദ്ദേഹത്തെ ‘ആൺ സിസ്റ്റർ’ എന്നാണ് വിളിച്ചിരുന്നത്. പുരുഷനായ ഒരു നേഴ്സിനെ ഇവർ കണ്ടിട്ടില്ലാത്തതുകൊണ്ട് എന്ത് വിളിക്കണം എന്ന് അറിഞ്ഞുകൂടാത്തതുകൊണ്ടാകണം ഇത്. അല്ലെങ്കിൽ അങ്ങനെ വിളിക്കുന്നതിൻ്റെ ശരികേട് അറിഞ്ഞുകൂടാത്തതുകൊണ്ടാവാം. നേഴ്സ് എന്നാൽ സ്ത്രീ ആയിരിക്കണം എന്നും, ഈ ജോലി പുരുഷന്മാർക്ക് പറ്റിയതല്ല എന്നുമുള്ള പൊതുബോധം ശക്തമായി തന്നെ നിലവിലുണ്ട്.
പാട്രിയാർക്കി മൂലം പ്രശ്നങ്ങൾ അനുഭവിക്കുന്നത് സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരെയും ഇത് പല വിധത്തിലും ബാധിക്കുന്നുണ്ട് എന്നതിന് ഒരു ഉദാഹരണമാണ് മുകളിലുള്ളത്. ഫെമിനിസം എന്നാൽ, സ്ത്രീകൾക്ക് മേൽക്കോയ്മ കിട്ടാൻ വേണ്ടിയുള്ള, കൂളിങ് ഗ്ലാസും പട്ടിയും ഉള്ള വരേണ്യ സ്ത്രീകൾ നടത്തുന്ന ജല്പനങ്ങളാണെന്ന ചിന്ത നമ്മുടെയിടയിൽ പ്രബലമായി ഉണ്ട്. ഇത് തെറ്റാണ്. ഫെമിനിസ്റ്റുകൾ എതിർക്കുന്നത് പാട്രിയാർക്കിയെയാണ്, പുരുഷന്മാരെയല്ല. സ്ത്രീകൾക്ക് മേൽക്കോയ്മയുള്ള സമൂഹത്തിനു വേണ്ടിയല്ല ഫെമിനിസ്റ്റുകൾ പ്രവർത്തിക്കുന്നത്. സ്ത്രീകളും, പുരുഷന്മാരും, ഇതര ജെൻ്ററുകളിൽ പെട്ടവരും തുല്യ അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഐക്യത്തോടും കൂടി സഹവർത്തിക്കുന്ന സമൂഹമാണ് ഫെമിനിസ്റ്റുകളുടെ ലക്ഷ്യം. പാട്രിയാർക്കി, പുരുഷന്മാരെയും സ്ത്രീകളെയും വെവ്വേറെ കള്ളികളിൽ നിർത്തുകയും, ട്രാൻസ് ജെൻ്റർ വ്യക്തികളെ പാടെ അവഗണിക്കുകയും, ജെൻ്റർ മാത്രം അടിസ്ഥാനമാക്കി വ്യക്തികൾക്ക് ധർമ്മങ്ങൾ കൽപ്പിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്. ഞാനറിയുന്ന ചില മികച്ച ഫെമിനിസ്റ്റുകൾ പുരുഷന്മാരാണ്. പാട്രിയാർക്കി കാരണം സ്ത്രീകൾ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിക്കുന്നുണ്ടെങ്കിലും, പുരുഷന്മാരും ഇതിൻ്റെ ഇരകളാണ് എന്നതും കൂടി വ്യക്തമാക്കുക എന്നതാണ് ഈ പോസ്റ്റിൻ്റെ ലക്ഷ്യം.

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, പാട്രിയാർക്കി പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളെയാണ് വളരെയധികം അടിച്ചമർത്തുന്നത്. സ്ത്രീകൾ പാട്രിയാർക്കി കൊണ്ട് അനുഭവിക്കുന്ന പ്രശ്നങ്ങളുടെ ഒരു അംശം പോലും പുരുഷന്മാർ അനുഭവിക്കുന്നില്ല. അതുകൊണ്ട്, പുരുഷന്മാരും സ്ത്രീകളും പാട്രിയാർക്കി മൂലം തുല്യ ദുരിതം അനുഭവിക്കുന്നില്ലേ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. പാട്രിയാർക്കൽ രീതി കാരണം സ്ത്രീകൾ വേതനമുള്ള ജോലികളിൽ നിന്നും, നേതൃസ്ഥാനങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെടുന്നതുകൊണ്ട് കൂടുതൽ പുരുഷന്മാർക്ക് ഇവ ചെയ്യാനുള്ള അവസരങ്ങൾ ഉണ്ടായി വരുന്നുണ്ട്. നിങ്ങളോടൊപ്പം സ്കൂളിൽ ഒരുമിച്ച് പഠിച്ച എത്ര സ്ത്രീകൾ ഉന്നതപഠനത്തിനു പോയിട്ടുണ്ട്, അതിൽ തന്നെ എത്ര പേർ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട് എന്നൊക്കെ അന്വേഷിച്ചു വന്നാൽ വലിയൊരു ശതമാനം വീട്ടമ്മമാരായി ഒതുങ്ങിപ്പോയതായി കാണാനാകും. മെഡിക്കൽ കോളേജിൽ ഒരുമിച്ച് പഠിച്ച പെൺകുട്ടികളിൽ എത്ര ശതമാനം പേർ പി.ജി കോഴ്സുകൾക്ക് ചേർന്നു, അതിൽ എത്ര പേർ സൂപ്പർ സ്പെഷ്യാലിറ്റി എടുത്തു എന്നതും ചിന്തിച്ച് നോക്കുന്നത് നന്നായിരിക്കും. ഫാഷനു വേണ്ടിയും, സമൂഹത്തിൽ കൂടുതൽ സ്വീകാര്യത കിട്ടാനും വേണ്ടിയാണ് പലരും പാട്രിയാർക്കിക്കെതിരെ സംസാരിക്കുന്നത് എന്ന ആക്ഷേപവും ഉണ്ട്. ഇത് കേൾക്കുമ്പോൾ വിഷമം തോന്നാറുണ്ട്. ഗതികേടുകൊണ്ടാണ് ഞാനടക്കം ഉള്ളവർക്ക് ഫെമിനിസം സംസാരിക്കേണ്ടി വരുന്നത്. കേരളത്തിലെ മെഡിക്കൽ കോളേജുകളിലെങ്കിലും ഫെമിനിസ്റ്റാകുക എന്നത് എന്തോ മോശം പരിപാടിയായിട്ടാണ് ഭൂരിഭാഗം വിദ്യാർത്ഥികളും കാണുന്നത്. കോളേജിൽ പെൺകുട്ടികൾ സ്വന്തം അവകാശങ്ങൾക്ക് വേണ്ടി സംസാരിച്ചാൽ ഉള്ള സ്വീകാര്യത കൂടി നഷ്ടപ്പെടുകയേ ഉള്ളൂ എന്നാണ് എന്നെ അനുഭവം പഠിപ്പിച്ചിട്ടുള്ളത്. കോളേജിനകത്തും പുറത്തും ഒരുപാട് വിവേചനങ്ങൾ സഹിക്കേണ്ടി വന്നിട്ടും, ധൈര്യമില്ലാത്തതുകൊണ്ട് തുറന്നെഴുതാനോ, പറയാനോ കഴിയാത്ത നിരവധി പെൺകുട്ടികൾ (ആൺകുട്ടികളും) ഇപ്പോഴും ഉണ്ടാകും എന്നത് ഉറപ്പാണ്. അവർക്ക് എഴുതാൻ കഴിയാതെ പോകുന്ന കാര്യങ്ങളാണ് ഞാൻ എഴുതാൻ ശ്രമിക്കുന്നത്.
“ഇന്ന് മിനിമം അഞ്ച് സ്ത്രീവിരുദ്ധ പ്രവൃത്തികൾ ചെയ്യണം” എന്ന് രാവിലെ എണീക്കുമ്പോൾ വിചാരിച്ച് ഉറപ്പിച്ചിട്ടൊന്നുമല്ല പലരും സ്ത്രീവിരുദ്ധ പ്രവൃത്തികൾ ചെയ്യുന്നത്. നാട്ടുനടപ്പ് പ്രകാരം കാര്യങ്ങൾ എങ്ങനെയാണോ, അതുപോലെ ഇവരും കാര്യങ്ങൾ ചെയ്യുന്നു എന്നേ ഉള്ളൂ. പാട്രിയാർക്കൽ സംസ്കാരം നമ്മുടെ ദൈനംദിന ജീവിതത്തിൽ ആഴ്ന്നിറങ്ങിയിട്ടുള്ളതുകൊണ്ട്, സ്ത്രീകളെ നിയന്ത്രിക്കുന്നതും, അടിച്ചമർത്തുന്നതും ഒക്കെ സാധാരണമായതുകൊണ്ട് ഇവരും അതേ രീതി കണ്ട് പഠിക്കുന്നു. ഇങ്ങനെയുണ്ടാവുന്ന പൊതുബോധത്തെ ഊട്ടിയുറപ്പിക്കുന്നതിൽ മതവിശ്വാസത്തിനും നല്ല പങ്കുണ്ട്. സഹജീവിക്ക് തുല്യ പരിഗണന കൊടുക്കണോ എന്നത് തീരുമാനിക്കാൻ പോലും മതപുസ്തകം എടുത്ത് നോക്കേണ്ട ഗതികേടുള്ളവരോട് കഷ്ടം എന്നേ പറയാനുള്ളൂ.
ആങ്ങള മനോഭാവത്തിൽ നിന്ന് തന്നെ തുടങ്ങാം. ഒരു ആൺകുട്ടിക്ക് പെൺകുട്ടികളോട് സൗഹൃദം ഉണ്ടാക്കാൻ കഴിയാത്ത വിധം പാട്രിയാർക്കി നമ്മുടെ സമൂഹത്തെ മാറ്റിയെടുത്തിട്ടുണ്ട്. ഇത് കാരണം, രണ്ട് വിധത്തിൽ മാത്രമേ ആൺകുട്ടിക്ക് പെൺകുട്ടികളെ കാണാൻ പറ്റുന്നുള്ളൂ : പെങ്ങളായോ, അല്ലെങ്കിൽ കാമുകിയായോ. ഈ രണ്ട് കാറ്റഗറിയിലും പെടാത്ത സാധാരണ സൗഹൃദം ഉണ്ടെങ്കിൽ തന്നെയും, അത് ആങ്ങള അഥവാ കാമുകൻ എന്നീ ഒപ്ഷനുകളിലേക്ക് ഒതുക്കിത്തീർക്കാൻ ചുറ്റുമുള്ളവർ ശ്രമിക്കും. ഇങ്ങനെ, ആരോഗ്യകരമായ സ്ത്രീ-പുരുഷ സൗഹൃദം ഇല്ലാതാകുന്നുണ്ട്. ഇങ്ങനെ സൗഹൃദങ്ങൾ ഇല്ലാതാകുമ്പോൾ, സ്ത്രീകൾ എങ്ങനെയാണ് ചിന്തിക്കുന്നതെന്നോ, അവർക്ക് എന്തെല്ലാം ആവശ്യങ്ങളും അഭിപ്രായങ്ങളും ഉണ്ടെന്നോ പുരുഷന്മാർക്ക് മനസിലാക്കാൻ കഴിയാതെ വരും. സ്ത്രീകളുമായി സൗഹൃദം ഇല്ലാത്ത പുരുഷന്മാർ, സ്ത്രീകളെക്കുറിച്ച് മനസിലാക്കാൻ ഉപയോഗിക്കുന്നത് സ്വന്തം അമ്മയുടെ സ്വഭാവവും, സിനിമയും, കൊച്ചുപുസ്തകങ്ങളും, കേട്ടുകേഴ്വികളുമൊക്കെയാണ്. ഇങ്ങനെ മനസിലാക്കിയ വികലസത്യങ്ങളും, തെറ്റുകളും, അയാഥാർത്ഥ്യമായ കാര്യങ്ങളും കൂടി ഉൾക്കൊണ്ടാണ് ഇവർ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. വിവാഹശേഷം, തങ്ങൾ പ്രതീക്ഷിച്ചതുപോലെയല്ല കാര്യങ്ങൾ എന്നത് മനസിലാകുമ്പോൾ നിരാശയായിരിക്കും ഫലം. പണ്ട് പ്രതീക്ഷിച്ചിരുന്നതുപോലെ, എന്നും കുളിച്ച് സാരിയുടുത്ത്, മുല്ലപ്പൂ ചൂടി, ഒരു ഗ്ലാസ് ചൂടുപാലുമായി വാതിൽക്കൽ കാത്ത് നിൽക്കുന്ന സീരിയൽ നടിയെപ്പോലെത്തെ ഭാര്യയല്ല കൂടെയുള്ളത് എന്നറിയുമ്പോൾ നിരാശ തോന്നുന്നത് സ്വാഭാവികമാണല്ലോ. തനിക്ക് ചേർന്ന പങ്കാളി എങ്ങനെയുള്ളയാൾ ആയിരിക്കണം എന്നതിനെക്കറിച്ച് പുരുഷന്മാർക്ക് അയാഥാർത്ഥ്യമായ പ്രതീക്ഷകൾ ഉണ്ടാവുന്നത് ചെറുപ്പത്തിൽ സ്ത്രീകളുമായി സൗഹൃദം ഇല്ലാത്തതുകൊണ്ടായിരിക്കണം. തിരിച്ചും. പലർക്കും തങ്ങൾക്ക് ചേർന്ന പങ്കാളിയെ കണ്ടെത്താൻ കഴിയാതെ വരുന്നത് എതിർലിംഗത്തിൽ പെട്ടവരെക്കുറിച്ച് യാതൊരു അറിവും ഇല്ലാത്തതുകൊണ്ടാണ്. അഭിപ്രായത്തിൽ യാതൊരു ചേർച്ചയുമില്ലാത്തവർ പോലും വിവാഹം കഴിക്കുന്നത് കണ്ടിട്ടുണ്ട്. ഇങ്ങനെ ചേർച്ചയില്ലാത്ത പങ്കാളിയുമൊത്ത് ജീവിക്കേണ്ടി വരുന്നത് ഭാവിയിൽ കുടുംബപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് വിവാഹം കഴിക്കാൻ തയ്യാറെടുക്കുന്നതിനു മുൻപേ ചെയ്യേണ്ടത് എതിർലിംഗത്തിൽ പെട്ട സുഹൃത്തുക്കളെ ഉണ്ടാക്കിയെടുക്കുകയും, അവരെ മനസിലാക്കാൻ ശ്രമിക്കുകയുമാണ്.
‘ആണത്തം’ എന്നത് പുരുഷൻ ജനനം മുതൽ മരണം വരെ സൂക്ഷിക്കേണ്ട സാധനമാണ് (അതേസമയം, പെണ്ണത്തം എന്ന ഒരു സാധനം ഇല്ല). ആണത്തമുള്ള പുരുഷൻ കരയാറില്ല എന്ന് മാത്രമല്ല, സങ്കടം പ്രകടിപ്പിക്കാറേ ഇല്ല. സങ്കടം വരേണ്ട അവസരങ്ങളിലൊക്കെ അത് ദേഷ്യമായി മാത്രമേ പുറത്ത് കാണിക്കാറുള്ളൂ. ആണത്തം കൂടിയ പുരുഷന്മാർ, ആണത്തം കുറഞ്ഞ പുരുഷന്മാരെ റാഗ് ചെയ്തും, കളിയാക്കിയുമൊക്കെ അവരുടെ ആണത്തം വളർത്താൻ സഹായിക്കും. ഇവർ പെങ്ങന്മാരുടെ സംരക്ഷകനായതുകൊണ്ട്, അവരുടെ ചാരിത്ര്യം സംരക്ഷിക്കാൻ വേണ്ടി മറ്റ് ആണുങ്ങളെ തല്ലാനും കൊല്ലാനും വരെ തയ്യാറാകും. അതേസമയം, ഫെമിനിസ്റ്റുകളെ വാചകക്കസർത്തിലൂടെയും ചിലപ്പോൾ ആക്രമിച്ചും ഒരു പാഠം പഠിപ്പിക്കും. വേണമെന്നു വച്ചിരുന്നെങ്കിൽ സിവിൽ സർവീസ് നേടാമായിരുന്നെങ്കിലും, അതിലൊന്നും താല്പര്യമില്ലാത്തതുകൊണ്ട്, നാട്ടിൽ തന്നെ നാടൻ തല്ലുമായി നടക്കലാണ് എല്ലാം തികഞ്ഞ ഈ പുരുഷൻ്റെ ജോലി. ഗ്രാമത്തിലെ ഉത്സവം നടന്നുകൊണ്ടിരിക്കുന്നതിനിടെ പെങ്ങളെ തുറിച്ചു നോക്കിയ വില്ലന്മാരെ ഒതുക്കുക എന്നതാണ് ഇദ്ദേഹത്തിൻ്റെ ഏറ്റവും വലിയ ജീവിതപ്രശ്നം. എന്തൊരു കഷ്ടമാണ് ഇത്തരം വാർപ്പുമാതൃകകൾ എന്ന് നോക്കൂ. നമ്മുടെ ആൺകുഞ്ഞുങ്ങൾ ഇത്തരം ‘ആണത്തമുള്ള’ പുരുഷന്മാരെ സിനിമയിലും ടിവിയിലും കണ്ടാണ് വളരുന്നത്. പ്രമുഖ നടന്മാരുടെ ഫാൻസ് അസോസിയേഷനുകളിൽ കൂട്ടം കൂട്ടമായി ചേരുന്ന യുവാക്കളും ഒരു പരിധി വരെ സിനിമയിലെ ഈ വിഷലിപ്തവും, അപ്രാപ്ര്യവുമായ ആണത്തത്തെ ആഘോഷിക്കുകയും, മാതൃകയാക്കുകയും ചെയ്യുന്നുണ്ട്. മനുഷ്യരുടെയിടയിൽ ആൽഫാ മെയിലുകൾ ഇല്ല എന്നത് രസകരമായി അവതരിപ്പിക്കുന്ന ഈ വീഡിയോയും കണ്ടുനോക്കൂ.
എന്ത് തരം പുരുഷന്മാരെയാണ് സ്ത്രീകൾ ഇഷ്ടപ്പെടുന്നത്? ആരോഗ്യദാർഢ്യരും, കുറ്റിത്താടിയുള്ളവരും, പ്രായക്കൂടുതലുള്ളവരോടുമാണ് സ്ത്രീകൾക്ക് കൂടുതൽ ആകർഷണം തോന്നുന്നത് എന്നാണ് പഠനങ്ങൾ പറയുന്നത്*. ഇത്തരക്കാരോട് ആകർഷണം തോന്നാനുള്ളതിന് പരിണാമ-മനഃശാസ്ത്രപരമായ കാരണങ്ങളുണ്ടായിരിക്കണം. ആകർഷണം തോന്നുന്നത് ഇത്തരക്കാരോടാണെങ്കിലും, സന്തുഷ്ടമായ ജീവിതം ഉണ്ടാകണമെങ്കിൽ വേറെ ചില ഗുണങ്ങളുള്ള പുരുഷന്മാരെ വിവാഹം കഴിക്കുന്നതാകും ബുദ്ധി എന്നും ഗവേഷണങ്ങൾ പറയുന്നുണ്ട്. കൂടുതൽ വീട്ടുജോലി ഏറ്റെടുക്കുന്ന പുരുഷന്മാരുള്ള കുടുംബങ്ങളിലാണ് കൂടുതൽ സന്തോഷം ഉണ്ടാകുന്നതത്രെ. വീട്ടുജോലി പങ്കിട്ടെടുക്കുന്ന പങ്കാളികൾ തമ്മിൽ ഡൈവോഴ്സിനുള്ള സാധ്യത കുറവായിരിക്കുമെന്നും കണ്ടെത്തലുകളുണ്ട്. രസകരമായ കാര്യം, ഭാര്യയും ഭർത്താവും വേതനമുള്ള ജോലി ചെയ്യുകയും, വീട്ടുജോലി പങ്കിട്ടെടുക്കുകയും ചെയ്യുന്ന കുടുംബങ്ങളിലാണ് ഇവർ തമ്മിൽ സെക്സ് കൂടുതലായി നടക്കുന്നത് എന്നാണ്. അതുകൊണ്ട്, ജിമ്മിൽ പോയി സിക്സ് പാക്ക് ഉണ്ടാക്കിയാൽ ഒറ്റനോട്ടത്തിൽ സ്ത്രീകൾക്ക് നിങ്ങളെ ഇഷ്ടപ്പെട്ടേക്കാം എങ്കിലും, കാര്യത്തിലേക്ക് കടക്കണമെങ്കിൽ മുറ്റമടിക്കുകയോ, പാത്രം കഴുകുകയോ ചെയ്യുന്നതാകും ബുദ്ധി എന്ന് സാരം. 🙂
പഠിക്കേണ്ട കാലത്ത് ക്ലാസിൽ പോകാനൊന്നും മെനക്കെടാതെ ബൈക്കിൽ അമിതവേഗത്തിൽ സഞ്ചരിക്കുക, പിനൈൽ സൈസ് കൂട്ടാൻ ലേപനങ്ങൾ തേക്കുക, രാത്രി കടലിലിറങ്ങുക, ഹെല്മെറ്റ് ഇടാതിരിക്കുക, ലഹരി ഉപയോഗിക്കുക, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിൽ ഏർപ്പെടുക എന്നിവയൊക്കെ ചിലർ ചെയ്യുന്നത് ആണെന്ന സ്വത്വത്തെ കാക്കാൻ വേണ്ടിയാണ്. യുക്തിസഹമായി ചിന്തിക്കുന്ന ആരും ഇത്തരം കാര്യങ്ങൾ ചെയ്യില്ല എന്നിരിക്കെ, ആണത്തം ഊട്ടിയുറപ്പിക്കാനുള്ള ത്വരയാണ് ഇവരെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്. ഡ്രൈവിങ് പഠിച്ചു വരുന്നതേ ഉള്ളുവെങ്കിലും ആണായതുകൊണ്ട് വണ്ടിയോടിക്കാൻ നിർബന്ധിതനായ ആൺ സുഹൃത്തിനെ അറിയാം. വണ്ടി ഇടിച്ച് മരിച്ചാലും കുഴപ്പമില്ല, ആണത്തം നഷ്ടപ്പെടാതിരുന്നാൽ മതി എന്ന തോന്നലായിരിക്കാം ഇദ്ദേഹത്തെ ഈ സാഹസത്തിനു പ്രേരിപ്പിച്ചത്. വണ്ടി ഓടിക്കാൻ അറിയില്ലെന്ന് പറഞ്ഞാൽ ‘ആണത്തം’ കുറഞ്ഞതിൻ്റെ പേരിൽ സുഹൃത്തുക്കൾ കളിയാക്കുമെന്ന ഭയവും ഉണ്ടായിരിക്കണം. സൗമ്യമായ സ്വഭാവമുള്ള ആൺകുട്ടികളെ ആണത്തം കുറഞ്ഞവരായി കണക്കാക്കി, നിരന്തരം ബുള്ളിയിങ്ങിന് വിധേയമാക്കി, സമൂഹം അവരെ കഠിനഹൃദയരായി അഭിനയിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ കഠിനഹൃദയരായി മാറിയ പുരുഷന്മാർ, തങ്ങളുടെ യഥാർത്ഥമായ സൗമ്യ സ്വത്വം വെളിവാകുമോ എന്ന പേടിയും കൊണ്ടാണ് നടക്കുന്നത്. ഇങ്ങനെ നിരന്തരമായ ആന്തരിക സംഘർഷങ്ങൾ അനുഭവിക്കുന്നതുകൊണ്ടായിരിക്കാം പല പുരുഷന്മാരും മദ്യത്തിനും, മയക്കുമരുന്നിനും, പുകവലിക്കുമൊക്കെ അടിമപ്പെട്ട് പോകുന്നത്.
ഭാര്യയെക്കാൾ (അല്ലെങ്കിൽ കുടുംബത്തിലെ മറ്റ് സ്ത്രീകളെക്കാൽ) പുരുഷൻ ഒരുപടി മുന്നിൽ നിൽക്കണമെന്ന അലിഖിത നിയമമുണ്ട്. ക്ലിനിക്കൽ പി.ജി ചെയ്യുന്ന ഭാര്യയുള്ള, നോൺ-ക്ലിനിക്കൽ പി.ജി ചെയ്യുന്ന ഭർത്താവിനോട് സഹപാഠികൾ പരിഹാസത്തോടെ അർത്ഥം വച്ച് സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. ഭാര്യയ്ക്ക് തന്നെക്കാളും ഉയർന്ന ശമ്പളമുള്ള ജോലി ഉണ്ടായാൽ എല്ലാവരും തന്നെ കളിയാക്കുമല്ലോ എന്ന ടെൻഷൻ കൊണ്ടുനടക്കുന്നവരും ഉണ്ട്. ഇങ്ങനെ, സദാസമയവും സ്ത്രീകളെക്കാൽ മികച്ച് നിൽക്കാൻ നിർബന്ധിതരാകുന്നതുകൊണ്ട് പുരുഷന്മാർ വലിയ തോതിൽ സംഘർഷം അനുഭവിക്കുന്നുണ്ട്. പല പുരുഷന്മാരെയും വിഷാദരോഗത്തിലേക്ക് തള്ളിവിടുന്നതിന് ഈ സ്ട്രെസ് കാരണമാകാം. ഇത് വായിക്കുന്ന നിങ്ങൾ ഒരു പുരുഷനാണെങ്കിൽ ഒരു ചെറിയ ചിന്താപരീക്ഷണം തരാം. നിങ്ങൾ വീട്ടിൽ ചെന്ന്, അടുത്ത ഒരു വർഷം ജോലിയിൽ നിന്ന് ശമ്പളരഹിത ലീവ് എടുക്കുകയാണെന്നും, എന്നിട്ട് ഒരു ജോലിയും ചെയ്യാതെ വീട്ടിൽ ഇരിക്കുകയാണെന്നും പറയുന്നതായി സങ്കൽപ്പിക്കുക. ഒരുമാതിരിപ്പെട്ട വീട്ടുകാരൊക്കെ ഈ ഐഡിയയെ ഉറപ്പായും എതിർക്കും. നിങ്ങൾക്ക് പത്ത് വർഷങ്ങൾ ജീവിക്കാനുള്ള സമ്പാദ്യം കയ്യിലുണ്ടെങ്കിൽ കൂടിയും നിങ്ങളെ വാലിനു തീപിടിച്ചതുപോലെ പണിയെടുപ്പിക്കാനാണ് പാട്രിയാർക്കിക്ക് താല്പര്യം. അതേസമയം, സ്ത്രീകൾക്ക് ഇത്തരത്തിൽ പ്രശ്നങ്ങളൊന്നുമില്ല. ജീവിതകാലം മുഴുവനും ജോലി ചെയ്യുന്നില്ല എന്ന് തീരുമാനിക്കുകയാണെങ്കിൽ കൂടിയും വീട്ടുകാർ അവരുടെ തീരുമാനങ്ങളെ അംഗീകരിക്കുകയോ, ചിലപ്പോൾ സ്വാഗതം ചെയ്യുകയോ ചെയ്യും.
പാട്രിയാർക്കി കാരണം ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ കൂടുതൽ കൂടുതൽ പുരുഷന്മാർ മനസിലാക്കി വരുന്നുണ്ട്. പക്ഷെ, പരസ്യമായി ഫെമിനിസം പറയാൻ ഇവർക്കാകുന്നില്ല. ഫെമിനിസം സംസാരിക്കുന്ന പുരുഷന്മാർ സ്ത്രീകളുടെ അടിപ്പാവാട കഴുകുന്നവരാണെന്നും, ഭാര്യമാർക്ക് കീഴ്പ്പെട്ട് ജീവിക്കുന്നവരാണെന്നും ഉള്ള ധാരണ സമൂഹം ഉണ്ടാക്കിവച്ചിട്ടുള്ളതുകൊണ്ടാണിത്. അതുകൊണ്ട് തന്നെ, ബുദ്ധിജീവി ഇമേജ് ഉള്ള പുരുഷന്മാർക്ക് മാത്രമേ ഫെമിനിസം സംസാരിക്കാൻ പറ്റൂ എന്ന അവസ്ഥയുണ്ട്. ഫെമിനിസത്തെ പുരുഷന്മാരുടെ ഇടയിലും പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. പലർക്കും പാട്രിയാർക്കി ഒരു പ്രശ്നമാണെന്നു പോലും അറിയില്ല എന്നതുകൊണ്ടാണിത്. കഴിഞ്ഞ പോസ്റ്റുകളിൽ പറഞ്ഞത് പോലെ, അധികാരസ്ഥാനങ്ങളിൽ ഭൂരിഭാഗവും പുരുഷന്മാരുടെ കയ്യിലാണെന്നതുകൊണ്ട്, പുരുഷന്മാരുടെ സഹവർത്തിത്വത്തോടു കൂടി മാത്രമേ പാട്രിയാർക്കൽ സംസ്കാരത്തെ തുടച്ച് നീക്കാനാകൂ.
* പൾപ്പ് ഗവേഷണങ്ങളെ ഞാൻ സാധാരണ അവഗണിക്കാറാണ് പതിവ്. എങ്കിലും ഈ അവസരത്തിൽ അല്പം ശാസ്ത്രം നല്ലതായിരിക്കും എന്ന് തോന്നി എന്നതുകൊണ്ട് ഉപയോഗിച്ചു എന്ന് മാത്രം. സ്ത്രീ-പുരുഷ ആകർഷണത്തെക്കുറിച്ച് ആധികാരികമായ പഠനങ്ങൾ വളരെ കുറച്ച് മാത്രമേ നടന്നിട്ടുള്ളൂ എന്നതുകൊണ്ട് ഒന്നും ഉപസംഹരിച്ചെടുക്കാൻ കഴിയില്ല എന്ന് ഓർക്കുമല്ലോ.
ഈ സീരീസിലെ വെടി തീർന്ന പോസ്റ്റുകൾ :
1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?
2. ഏത് വിഷയത്തിൽ പി.ജി എടുക്കണം?
3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്?
4. ഡോക്ടർ ചിന്തിക്കുന്നത് എങ്ങനെയാണ്?
5. വ്യാജഡോക്ടർമാർ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?
6. ഡോക്ടർമാർക്ക് ചില വ്യത്യസ്ത ജോലിസാധ്യതകൾ
7. ആരെയാണ് ശരിക്കും സൂക്ഷിക്കേണ്ടത്?
8. ഫയാസിനു ബ്ലഡ് കൊടുക്കണോ ഡോക്ടർ?
[…] 12. ആൺ-സിസ്റ്റർ ഇല്ലാത്ത കാലം […]
[…] 12. ആൺ-സിസ്റ്റർ ഇല്ലാത്ത കാലം […]
[…] 12. ആൺ-സിസ്റ്റർ ഇല്ലാത്ത കാലം […]
[…] 12. ആൺ-സിസ്റ്റർ ഇല്ലാത്ത കാലം […]
[…] 12. ആൺ-സിസ്റ്റർ ഇല്ലാത്ത കാലം […]
[…] 12. ആൺ-സിസ്റ്റർ ഇല്ലാത്ത കാലം […]