വിക്കിപീഡിയ നിരോധിക്കുക എന്നത് പലരുടെയും ആഗ്രഹമാണ്. സ്വന്തം ഭൂതകാലത്തെ ഭയപ്പെടുന്നവരും, അശാസ്ത്രീയ രീതികളിലൂടെ പ്രവർത്തിക്കുന്നവർക്കുമാണ് വിക്കിപീഡിയ എതിരാളിയാകുന്നത്. ഇലക്ഷനു നിൽക്കുന്ന സ്ഥാനാർത്ഥി അഞ്ച് വർഷം മുൻപ് നടത്തിയ അഴിമതിയെക്കുറിച്ചൊക്കെ വിക്കിപീഡിയയിൽ ഉണ്ടാകും. ഇത് അവരുടെ വിജയസാധ്യതയെ ബാധിച്ചേക്കാം. എത്ര പണവും, അധികാരവും ഉപയോഗിച്ചാലും വിക്കിപീഡിയയിലെ ഈ ഭാഗം നീക്കം ചെയ്യാൻ കഴിയുകയുമില്ല. അഴിമതിയുടെ ചരിത്രം വിക്കിപീഡിയയിലെ ഇദ്ദേഹത്തിൻ്റെ പേജിൽ കാലാകാലം നിലനിൽക്കും. ഇങ്ങനെ, തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം വിവരങ്ങളുടെ ആധികാരികത തീരുമാനിക്കുന്ന വിക്കിപീഡിയയുടെ നയം പലരെയും ചൊടിപ്പിച്ചിട്ടുണ്ട്. തുർക്കിയിലെ ഭരണകൂടം ഒരുദാഹരണമാണ്. തുർക്കി ഭരണകൂടത്തിന് ഇഷ്ടമില്ലാത്ത വസ്തുതകൾ വിക്കിപീഡിയയിൽ പ്രസിദ്ധീകരിച്ചു വന്നപ്പോൾ അവർ തുർക്കി രാജ്യത്തിൽ വിക്കിപീഡിയ നിരോധിച്ചു. ഇതുപോലെ ചൈനയും, ഉത്തരകൊറിയയുമൊക്കെ പണ്ടേ വിക്കിപീഡിയ നിരോധിച്ചിരിക്കുകയാണ്.
ഇത് ഓർമ്മ വരാൻ കാരണം, ഹോമിയോ ഡോക്ടർമാർ വിക്കിപീഡിയ ഇന്ത്യയിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം കൊടുത്തു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ കേട്ടു (മുഖ്യധാരാ മാധ്യമങ്ങൾ സ്ഥിതീകരിച്ചിട്ടില്ല). ഹോമിയോപ്പതി കപടശാസ്ത്രമാണെന്ന സത്യം വിക്കിപീഡിയയിൽ തുറന്നെഴുതിയതാണ് ഇവരെ ചൊടിപ്പിച്ചത്. ഈ നിവേദനം വിക്കിപീഡിയയ്ക്ക് കിട്ടിയ അംഗീകാരമായിട്ടാണ് ഞാൻ കണക്കാക്കുന്നത്. ഒരു പ്രൊഫഷണൽ ബോഡി കിണിഞ്ഞു ശ്രമിച്ചിട്ടും, വിക്കിപീഡിയയിൽ നിന്ന് അവർ പ്രാക്ടീസ് ചെയ്യുന്ന വൈദ്യത്തെ സംബന്ധിച്ച ഒരു വാക്യം എടുത്ത് മാറ്റാൻ കഴിയാത്തത്ര കെട്ടുറപ്പുള്ള നിയമങ്ങളാണ് വിക്കിപീഡിയയിലുള്ളത്. എല്ലാവർക്കും വിക്കിപീഡിയയിൽ കയറി എഴുതാമെങ്കിലും, എന്തും എഴുതാമെന്ന് വിചാരിക്കരുത്. തെളിവുകളുടെ പിൻബലമില്ലാതെ എഴുതുന്നതെന്തും, ചോദ്യം ചെയ്യുന്നതും, ഡിലീറ്റ് ചെയ്യുന്നതും സാധാരണമാണ്.
വിക്കിപീഡിയയിൽ കൊടുത്തിരിക്കുന്നതൊക്കെ തെറ്റാണ്, അതുകൊണ്ട് വിക്കിപീഡിയ ഉപയോഗയോഗ്യമല്ല എന്ന് പറയുന്നവരുണ്ട്. വിക്കിപീഡിയയിലുള്ളത് ആധികാരികമായ വിജ്ഞാനമാണ് എന്ന് വിക്കിപീഡിയ പോലും അവകാശപ്പെടുന്നില്ല. വിക്കിപീഡിയയിൽ തെറ്റുകൾ കടന്നു കൂടിയിട്ടുണ്ടാകാം. കുറവ് പേർ വായിക്കുന്ന പേജുകളിലാണ് തെറ്റുകൾ കൂടുതലുണ്ടാകാൻ സാധ്യത. കൂടുതൽ വായനക്കാരുള്ള പേജുകൾക്ക് പൊതുവിൽ കൂടുതൽ എഴുത്തുകാരും ഉണ്ടാകും. അതുകൊണ്ട് തെറ്റുകൾ കടന്നു കൂടിയാലും പെട്ടെന്ന് തന്നെ തിരുത്തപ്പെടും. അതേസമയം, അത്ര റെഫറൻസുകൾ ഉൾക്കൊള്ളാത്ത, അധികം ആളുകൾ വായിക്കാത്ത, കുറച്ച് എഴുത്തുകാർ ചേർന്ന് എഴുതിയ ലേഖനങ്ങളിൽ തെറ്റുകൾ കടന്നു കൂടാനുള്ള സാധ്യത കൂടുതലാണ്. വിക്കിപീഡിയ ആധികാരികമല്ലാത്ത എൻസൈക്ലോപീഡിയ ആണ് എന്ന് സമ്മതിക്കുമ്പോൾ, പിന്നെ വേറാരാണ് ആധികാരികം എന്ന സംശയം സ്വാഭാവികമായും വരാം. അപ്പോൾ പലരും പറയുന്ന ഉത്തരമാണ് എൻസൈക്ലോപീഡിയ ബ്രിട്ടാണിക്ക. വിക്കിപീഡിയയുമായി തുലനം ചെയ്ത് നോക്കുമ്പോൾ ബ്രിട്ടാണിക്കയും ഏതാണ്ട് അതേ ആധികാരികത മാത്രമേ പാലിക്കുന്നുള്ളൂ എന്നാണ് 2005-ൽ നേച്ചർ പ്രസിദ്ധീകരിച്ച പഠനം തെളിയിക്കുന്നത്. 2005-ൽ വിക്കിപീഡിയയ്ക്ക് വെറും അഞ്ച് വയസ്സ് മാത്രമേ ഉള്ളൂ. അതിനുശേഷം വിക്കിപീഡിയയിൽ കൂടുതൽ എഴുത്തുകാരും, പോളിസികളും, ടെക്നോളജിയും വന്നു. 2018-ൽ ഇത്തരം ഒരു പഠനം ആവർത്തിച്ചാൽ, ലേഖനങ്ങളുടെ വൈവിധ്യത്തിൻ്റെ കാര്യത്തിലും ആധികാരികതയുടെ കാര്യത്തിലും ബ്രിട്ടാണിക്കയെക്കാൾ മുന്നിൽ നിൽക്കുക വിക്കിപീഡിയയാണെന്നാണ് എനിക്ക് തോന്നുന്നത്. വിക്കിപീഡിയയോടും, മറ്റ് ഡിജിറ്റൽ മാധ്യമങ്ങളോടും കിടപിടിച്ച് നിൽക്കാൻ ആകാതെ, 2012-ൽ ബ്രിട്ടാണിക്ക തങ്ങളുടെ പ്രിൻ്റ് പതിപ്പ് നിർത്തലാക്കി. 244 വർഷങ്ങളോളം പ്രിൻ്റ് ചെയ്തിരുന്ന പുസ്തകമാണിതെന്നോർക്കണം.
വിക്കിപീഡിയ മെഡിക്കൽ പഠനത്തിന് ഉപയോഗിക്കരുത് എന്നതാണ് അടുത്ത വാദം. ആരോഗ്യമേഖലയിലുള്ളവരെ സംബന്ധിച്ചിടത്തോളം ഇത് ശരിയാണ്. വിക്കിപീഡിയ എഴുതിയിരിക്കുന്നത് സാധാരണക്കാർക്ക് വേണ്ടിയാണ്. ഉദാഹരണത്തിന്, റോക്കറ്റ് വിക്ഷേപണത്തെക്കുറിച്ച് എനിക്ക് ഒന്നും അറിഞ്ഞുകൂടാ. അതുകൊണ്ട് ഇതിനെക്കുറിച്ച് അടിസ്ഥാനപരമായ വിവരം ഉണ്ടാക്കാൻ ഞാൻ വിക്കിപീഡിയ ഉപയോഗിക്കും. അതേസമയം, മസ്തിഷ്കാഘാതത്തെക്കുറിച്ച് എനിക്ക് അക്കാദമിക തലത്തിൽ അറിയാം. അതുകൊണ്ട്, ഈ വിഷയത്തിൽ വിക്കിപീഡിയ എനിക്ക് ഉതകുന്ന വിവരസ്രോതസ്സല്ല. എങ്കിലും, പല പ്രാഥമിക മെഡിക്കൽ ലേഖനങ്ങളും ടെക്സ്റ്റ്ബുക്ക് ലേഖനങ്ങളെക്കാൾ ലളിതമായും, സമഗ്രമായും വിക്കിപീഡിയയിൽ എഴുതിയിട്ടുണ്ട്. അൾഷൈമേഴ്സിനെക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനം ഉദാഹരണം. അൾഷൈമേഴ്സിനെക്കുറിച്ച് എത്ര അഗാധ ജ്ഞാനമുണ്ടെങ്കിലും, അൾഷൈമേഴ്സ് ലേഖനത്തിലുള്ളത്ര കൃത്യതയോടെയും, സമഗ്രമായും ഒരൊറ്റ വ്യക്തിക്ക് എഴുതാൻ കഴിയില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഒരുപാട് പേർ ചേർന്ന് എഴുതിയതുകൊണ്ടാണ് ഈ ലേഖനം വളരെ മികച്ചതാകുന്നത്. കേരളത്തിൽ അക്കാദമിക മേഖലയിലുള്ളവർ വിക്കിപീഡിയയോട് നിഷേധാത്മക സമീപനം എടുത്ത് കണ്ടിട്ടുണ്ട്. ഇവരോട് പറയാനുള്ളത് വിക്കിപീഡിയയെ അവഗണിച്ച് മുന്നോട്ട് പോകാനാവില്ല എന്നതാണ്. എന്തൊക്കെപ്പറഞ്ഞാലും വിദ്യാർത്ഥികൾ വിക്കിപീഡിയ നോക്കിയാണ് പല കാര്യങ്ങളും പഠിച്ചെടുക്കുന്നത്. ഇവർക്ക് മികച്ചരീതിയിൽ വിവരങ്ങൾ ലഭ്യമാകണമെങ്കിൽ വിക്കിപീഡിയയിലെ ലേഖനങ്ങളും നല്ല നിലവാരം പുലർത്തിയിരിക്കണം. അതുകൊണ്ട് അധ്യാപകർ വിക്കിപീഡിയയിൽ വിവരങ്ങൾ ചേർക്കാനും, നിലവിലുള്ള വിവരങ്ങൾ ക്രോഡീകരിക്കാനും മുന്നോട്ട് വരേണ്ടതായിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ വിദ്യാർത്ഥികളെ മാത്രമല്ല, ലോകം മുഴുവനുമുള്ള വിദ്യാർത്ഥികളെയാണ് സഹായിക്കുന്നത് എന്നും ഓർക്കുക. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിക്കിപീഡിയ മെച്ചപ്പെടുത്തുന്നതിൽ പങ്കെടുക്കാനായി വിക്കിപീഡിയ എഡ്യുക്കേഷൻ പ്രോഗ്രാമും നിലവിലുണ്ട്.
വിക്കിപീഡിയൻ ആയതുകൊണ്ട് എനിക്ക് ഏറ്റവുമധികം അഭിമാനം തോന്നിയത് നിപ്പ വൈറസ് രോഗത്തെക്കുറിച്ചുള്ള ലേഖനം എഴുതിയപ്പോഴാണ്. കേരളത്തിൽ നിപ്പ സ്ഥിതീകരിച്ചു എന്നറിഞ്ഞപ്പോൾ ഇതിനെക്കുറിച്ച് പഠിക്കാൻ വേണ്ടി ഒരുപാട് ശാസ്ത്രപ്രബന്ധങ്ങളിൽ പരതി. യൂണിവേഴ്സിറ്റിയുടെ അക്കൗണ്ട് ഉള്ളതുകൊണ്ട് എല്ലാ ശാസ്ത്രപ്രബന്ധങ്ങളും സൗജന്യമായി വായിക്കാൻ കഴിഞ്ഞു. ഒരു വൈകുന്നേരം മുഴുവൻ ഇതിനു വേണ്ടി മാറ്റിവച്ച്, പ്രബന്ധങ്ങൾ അരിച്ചു പെറുക്കി, രോഗത്തിൻ്റെ ലക്ഷണങ്ങളും, ചികിത്സയുമൊക്കെ കണ്ടെത്തി. പത്രവാർത്തകൾ തിരഞ്ഞ് മറ്റ് രാജ്യങ്ങളിൽ ഈ രോഗം ഉണ്ടാക്കിയ നാശനഷ്ടങ്ങളും അവിടെ ഉപയോഗിച്ച പ്രതിരോധ നടപടികളുമൊക്കെ വായിച്ച് പഠിച്ചു. പേജ് തുടങ്ങിയതിനു ശേഷം ലോകത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരും, ശാസ്ത്രജ്ഞരും കൂടി എഴുത്തിൽ പങ്കാളികളായി. മറ്റ് സംസ്ഥാനങ്ങളിലും, രാജ്യങ്ങളിലുമുള്ള സുഹൃത്തുക്കൾ ലേഖനം അവരവരുടെ ഭാഷകളിലേക്ക് തർജ്ജമ നടത്തി. നിങ്ങൾ ലാഘവത്തോടെ വായിച്ച് പോകുന്ന ഓരോ ലേഖനത്തിനും പിന്നിൽ ഒരുപാട് അധ്വാനമുണ്ട് എന്ന് മനസിലായല്ലോ.

ഞാൻ വിക്കിപീഡിയയിൽ എന്താണ് ചെയ്യുന്നതെന്ന് പലരും ചോദിക്കാറുണ്ട്. സ്വതന്ത്രവിജ്ഞാനത്തെ പ്രോത്സാഹിപ്പിക്കുന്ന എന്തും ചെയ്യും എന്നാണ് ലളിതമായ ഉത്തരം. പങ്കെടുത്ത പ്രൊജക്ടുകളെക്കുറിച്ച് എൻ്റെ വിക്കിപീഡിയ ഉപയോക്തൃതാളിലുണ്ട്. ആധുനികവൈദ്യത്തെ കുറിച്ചാണ് ആദ്യം എഴുതിയിരുന്നത്. പിന്നീട്, വിക്കിപീഡിയയിൽ സ്ത്രീപ്രാതിനിധ്യം വളരെ കുറവാണെന്ന് മനസിലായപ്പോൾ സ്ത്രീകളെക്കുറിച്ച് എഴുതുന്നതിലും ശ്രദ്ധ ചെലുത്തി. അങ്ങനെയിരിക്കെയാണ് 2012-ൽ വിക്കിവുമൺ ക്യാമ്പ് നടക്കുന്നുണ്ടെന്ന് അറിഞ്ഞത്. വിക്കിമീഡിയ സംരംഭങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ കോൺഫറൻസായിരുന്നു ഇത്. അർജൻ്റീനയിലെ ബ്യൂണസ് എയഴ്സിൽ വച്ചായിരുന്നു പരിപാടി. എനിക്കാണെങ്കിൽ അർജൻ്റീന എന്ന രാജ്യത്തെക്കുറിച്ച് കേട്ടറിവ് മാത്രമേ ഉള്ളൂ. അതുവരെയും ഒരു വിദേശ രാജ്യത്തേക്ക് പോലും പോയിട്ടുമില്ല. എങ്കിലും പോകാൻ താല്പര്യമുണ്ട് എന്ന് സംഘാടകരെ അറിയിച്ചു. ഫുൾ സ്കോളർഷിപ്പോടുകൂടി അവർ എന്നെ അർജൻ്റീനയിലേക്ക് ക്ഷണിച്ചു. അങ്ങനെയാണ് ഞാൻ ആദ്യ വിദേശയാത്ര നടത്തുന്നതും, ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു വിദേശ കോൺഫറൻസിൽ പങ്കെടുക്കുന്നതും. അതിനു ശേഷം വിക്കിപീഡിയയിൽ ഞാൻ കൂടുതലായും പ്രവർത്തിച്ചിട്ടുള്ളത് വൈവിധ്യം (diversity), സ്ത്രീപ്രാതിനിധ്യം (gender gap) എന്നീ മേഖലകളിലാണ്. വിക്കിപീഡിയയ്ക്കകത്ത് ആധുനിക വൈദ്യത്തെക്കാൾ കൂടുതൽ പ്രവർത്തിപരിചയം ഉള്ളതും ഈ വിഷയങ്ങളിലാണ്. മെഡിക്കൽ മേഖലയിൽ നിന്നുള്ളവർക്ക് വിക്കിപീഡിയയിൽ പ്രവർത്തിക്കാൻ ഒരുപാട് സാധ്യതകളുണ്ട്. അവയിൽ ചിലതിനെപ്പറ്റി വിക്കിപ്രൊജക്ട് മെഡിസിനിൽ വായിക്കാം. വിക്കിപീഡിയയിൽ വെറും രണ്ട് തിരുത്തുകൾ നടത്തിയശേഷം, ഇനി വിദേശ കോൺഫറൻസിന് അപ്ലൈ ചെയ്യാമോ എന്ന് ചോദിക്കുന്നവരുണ്ട്. വിക്കിപീഡിയയിലെ ജോലി പൂർണ്ണമായും സന്നദ്ധപ്രവർത്തനമാണ്. നിങ്ങൾ നടത്തിയ പ്രവർത്തനങ്ങളിൽ നിന്നും ലോകത്തിലെ മറ്റു ഭാഗങ്ങളിലുള്ളവർക്ക് എന്തെങ്കിലും പഠിക്കാനുണ്ടെങ്കിൽ മാത്രമേ നിങ്ങളെ കോൺഫറൻസുകളിലേക്ക് ക്ഷണിക്കുകയുള്ളൂ. വിദേശയാത്രയ്ക്ക് വേണ്ടി വിക്കിപീഡിയയിൽ ലേഖനമെഴുതിത്തുടങ്ങിയാൽ ഒരുപക്ഷെ നിരാശപ്പെടേണ്ടി വരും.
കോഴിക്കോട് മെഡിക്കൽ കോളേജിലെ പത്തോളജി വിഭാഗം ഗുണമേന്മയുള്ള ചിത്രങ്ങളും, അവയുടെ വിവരണങ്ങളും വിക്കിമീഡിയ കോമൺസിലേക്ക് സംഭാവന ചെയ്യുകയുണ്ടായി. വിക്കിമീഡിയ കോമൺസ് എന്നത് വിക്കിപീഡിയയുടെ സഹോദര സംരംഭമാണ്. വിക്കിപീഡിയയിൽ കാണുന്ന ചിത്രങ്ങൾ കോമൺസിൽ നിന്നാണ് എടുക്കുന്നത്. ഈ പത്തോളജി ചിത്രങ്ങൾ പിന്നീട് പല പത്രങ്ങളും, ടെക്സ്റ്റ്ബുക്കുകളും, ശാസ്ത്രപ്രബന്ധങ്ങളും, വിക്കിപീഡിയ ലേഖനങ്ങളും പുനരുപയോഗിക്കുകയുണ്ടായി. ഇത്തരം ചിത്രങ്ങൾ പുനരുപയോഗിക്കുമ്പോൾ സംഭാവന ചെയ്ത വ്യക്തിക്ക്/സ്ഥാപനത്തിന് കടപ്പാട് നൽകണമെന്നുള്ള നിബന്ധനയുണ്ട്. ഇതുകൊണ്ട് കോളേജിൻ്റെ പേരും പലയിടങ്ങളിലും അറിയപ്പെട്ടു. പത്തോളജിയിൽ മെഡിക്കൽ കോളേജ് സംഭാവന ചെയ്ത ചിത്രങ്ങൾ ഇവിടെ കാണാം. മെഡിക്കൽ വിദ്യാഭ്യാസത്തിനുതകുന്ന ഏതാണ്ട് 50 ചിത്രങ്ങളെങ്കിലും കയ്യിലുണ്ടെങ്കിൽ നിങ്ങളുടെ ഡിപ്പാർട്ട്മെൻ്റിനു വേണ്ടിയും ഇത്തരം പ്രൊജക്ടുകൾ സൗജന്യമായി ചെയ്ത് തരാൻ ഞാൻ ഒരുക്കമാണ്. ചിത്രങ്ങൾ വെറുതേ അയച്ച് തന്നാൽ മതി. ചിത്രങ്ങൾക്ക് അനുയോജ്യമായ തലക്കെട്ടുകൾ ഉണ്ടെങ്കിൽ വളരെ നല്ലത്. വ്യക്തികളും ഇത്തരത്തിൽ ചിത്രങ്ങൾ നൽകാറുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോ. റോഷൻ നസീമുദ്ദീൻ സംഭാവന ചെയ്ത ചിത്രങ്ങൾ ഇവിടെ കാണാം. മെഡിക്കൽ വിദ്യാർത്ഥികൾക്കും ചിത്രങ്ങൾ നൽകാവുന്നതാണ്. ഒഫ്താല്മോളജി, ഡെർമറ്റോളജി, ഓർത്തോപീഡിക്സ് വിഷയങ്ങളിൽ പ്രത്യേകിച്ചും കൂടുതൽ ചിത്രങ്ങൾ വിക്കിപീഡിയയ്ക്കാവശ്യമുണ്ട്. രോഗിയുടെ സ്വകാര്യതയെ ഹനിക്കുന്ന ചിത്രങ്ങൾ ഒഴികെ എന്തും വിക്കിമീഡിയ കോമൺസിലേക്ക് ചേർക്കാവുന്നതാണ്. രോഗിയുടെ ഐഡൻ്റിറ്റി വ്യക്തമാക്കാത്തതുകൊണ്ട്, രോഗിയുടെ സമ്മതപത്രവും ആവശ്യമില്ല. കോളേജിലെ മെഡിക്കൽ മ്യൂസിയങ്ങളിൽ നിന്നെടുത്ത ചിത്രങ്ങളും സംഭാവന ചെയ്യാവുന്നതാണ്. കോഴിക്കോട് മെഡിക്കൽ കോളെജിൽ നടന്ന പ്രൊജക്ടിനെക്കുറിച്ച് നെതർലാൻഡ്സിലെ ഹേഗിൽ നടന്ന ഗ്ലാം-വിക്കി 2015 കോൺഫറൻസിൽ അവതരിപ്പിച്ച പ്രസൻ്റേഷൻ താഴെ കൊടുക്കുന്നു.
വൈദ്യശാസ്ത്രത്തിലെ മാത്രമല്ല, മറ്റിടങ്ങളിൽ നിന്നുമുള്ള ചിത്രങ്ങൾ ഉണ്ടെങ്കിലും അത് ഉപയോഗപ്രദമാണ്. ഉദാഹരണത്തിന്, നിങ്ങളുടെ വീട്ടിനടുത്തുള്ള മ്യൂസിയത്തിലെ വസ്തുക്കളുടെ ചിത്രങ്ങൾ നിങ്ങൾ എടുക്കുകയാണെങ്കിൽ, അവ വിക്കിമീഡിയ കോമൺസിൽ ചേർത്ത് സൂക്ഷിക്കാവുന്നതാണ്. നിലമ്പൂർ തേക്ക് മ്യൂസിയത്തിൽ ചെന്നപ്പോൾ അവിടെയുള്ള വസ്തുക്കളുടെ ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിൽ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനേ എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. ഇത്തരം ചിത്രങ്ങൾ കയ്യിലുണ്ടെങ്കിലും എന്നെ അറിയിച്ചാൽ ഇത് എങ്ങനെ ഒരു വിക്കിമീഡിയ പ്രൊജക്ടായി രൂപാന്തരം ചെയ്യാം എന്നത് നമുക്ക് ഒരുമിച്ച് ചിന്തിക്കാവുന്നതാണ്. കേരളത്തിൻ്റെ പൈതൃകം ലോകം മുഴുവൻ അറിയിക്കാനുള്ള ഒരു അവസരം കൂടിയാകും അത്. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലെ ഒരുപാട് കളക്ഷനുകൾ വിക്കിമീഡിയ കോമൺസിൽ എത്തിക്കഴിഞ്ഞു. ലോകമെമ്പാടുമുള്ള പല മ്യൂസിയങ്ങളും, ആർക്കൈവുകളും, ലൈബ്രറികളും തങ്ങളുടെ വിവരസമ്പത്ത് വിക്കിമീഡിയയിലൂടെ ഓൺലൈനിൽ എത്തിച്ചുകഴിഞ്ഞു. നമ്മൾ മലയാളികൾ മാത്രം ഇക്കാര്യത്തിൽ പിന്നിലാകാൻ പാടില്ല.
വിക്കിജേണൽ ഓഫ് മെഡിസിൻ എന്ന ശാസ്ത്രജേണൽ ഉണ്ട്. വിക്കിപീഡിയ ലേഖനത്തിൻ്റെ മാതൃകയിൽ എഴുതിയ ലേഖനങ്ങളാണ് ഈ ജേണൽ സ്വീകരിക്കുന്നത്. ആധുനികവൈദ്യത്തിലെ നിലവിലുള്ള വിക്കിപീഡിയ ലേഖനം മെച്ചപ്പെടുത്തി, ആധികാരികമായ അവലംബങ്ങൾ ചേർത്ത് നിങ്ങൾക്കും വിക്കിജേണൽ ഓഫ് മെഡിസിനിലേക്ക് അയയ്ക്കാം. ഇതുവരെ നിലവിലില്ലാത്ത പുതിയൊരു ലേഖനം എഴുതുകയുമാവാം. പിയർ റിവ്യൂവിനു ശേഷം മികച്ചതാണെങ്കിൽ ലേഖനം ജേണലിൽ പ്രസിദ്ധീകരിക്കും. മെഡിക്കൽ വിദ്യാർത്ഥികളും ഈ ജേണലിൽ പ്രസിദ്ധീകരിക്കാറുണ്ട്. പ്രസിദ്ധീകരണം പൂർണ്ണമായും സൗജന്യവുമാണ്. മെഡിക്കൽ വിദ്യാർത്ഥികൾക്ക് അസൈന്മെൻ്റുകൾ കൊടുക്കുമ്പോൾ അവർ പലപ്പോഴും വിക്കിപീഡിയ കോപ്പിയടിച്ച് കൊണ്ടുവരാറുണ്ട്. ഇത് ആശാസ്യമായ പരിപാടിയല്ല. അതുകൊണ്ട് ഇവരെ ഗ്രൂപ്പുകളായി തിരിച്ച് വിക്കിജേണലിനു വേണ്ടി പ്രബന്ധം എഴുതാൻ ആവശ്യപ്പെടാം. ജേണലിനു വേണ്ടി നിലവിലുള്ള വിക്കിപീഡിയ ലേഖനം തന്നെയാണ് വികസിപ്പിക്കേണ്ടത് എന്നതുകൊണ്ട് ഇവർ മറ്റ് സ്രോതസ്സുകൾ വായിക്കാൻ നിർബന്ധിതരാകും. അവസാനം ഇവർ തയ്യാറാക്കിയ പ്രബന്ധം വിക്കിജേണലിന് അയച്ചുകൊടുത്ത്, പബ്ലിഷ് ചെയ്യുകയുമാകാം. വിദേശരാജ്യങ്ങളിലൊക്കെ പബ്ലിക്കേഷനുകൾ ഉണ്ടാക്കാൻ മെഡിക്കൽ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതേസമയം ഇന്ത്യയിൽ എങ്ങനെയെങ്കിലും വേഗം പാസായി സർട്ടിഫിക്കെറ്റ് നേടാനാണ് എല്ലാവർക്കും താല്പര്യം. അസൈന്മെൻ്റുകൾ ഇൻ്റേണൽ മാർക്ക് വാങ്ങാനുള്ള കാട്ടിക്കൂട്ടലുകൾ ആണെന്നതുകൊണ്ട് പാസായി വരുന്ന വിദ്യാർത്ഥികൾക്ക് ശാസ്ത്രീയമനോവൃത്തിയും, ഗവേഷണത്തിൽ താല്പര്യവും ഉണ്ടായി വരുന്നില്ല.
മലയാളത്തിലും വിക്കിപീഡിയ ഉണ്ട് കെട്ടോ. മലയാളം വിക്കിപീഡിയയിൽ ആധുനിക വൈദ്യത്തെക്കുറിച്ചുള്ള ലേഖനങ്ങളും ഉണ്ട്. എന്നാൽ വളരെ കുറച്ച് എഴുത്തുകാർ മാത്രമേ മലയാളം വിക്കിപീഡിയയിൽ ഉള്ളൂ എന്നതുകൊണ്ട് പല ലേഖനങ്ങളും ചെറുതും, അധികം അവലംബങ്ങളില്ലാത്തവയും ആണ്. നിങ്ങൾ ശാസ്ത്രലേഖനങ്ങൾ ഫേസ്ബുക്കിലോ ബ്ലോഗിലോ എഴുതുന്നവരാണെങ്കിൽ ഇവയും വിക്കിപീഡിയയിലേക്ക് ചേർക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട കാര്യം, വിക്കിപീഡിയ ലേഖനങ്ങളുടെ പൊതുശൈലിക്കനുസരിച്ചും, അവലംബങ്ങൾ ചേർത്തും വേണം എഴുതാൻ. ഒരു എൻസൈക്ലോപീഡിയയിൽ എങ്ങനെയുണ്ടാകുമോ, അതുപോലെ വേണം വിവരങ്ങൾ ക്രോഡീകരിക്കാൻ. തുടക്കത്തിൽ എഴുത്തുശൈലിയിൽ അല്പസ്വല്പം തെറ്റൊക്കെ വരുന്നത് സ്വാഭാവികമാണ്. മുതിർന്ന വിക്കിപീഡിയർ നിങ്ങളെ സഹായിച്ചോളും.
ചരിത്രത്തിൽ നടന്ന കാര്യങ്ങൾ നാം എങ്ങനെയാണ് മനസിലാക്കുന്നത്? പണ്ടത്തെ ആളുകൾ ഗുഹയുടെ ചുമരുകൾ മുതൽ ഇന്ന് ഇൻ്റർനെറ്റ് വരെയുള്ള ഇടങ്ങളിൽ രേഖപ്പെടുത്തി വച്ച വിവരങ്ങൾ ഇന്ന് നമ്മൾ ചരിത്രമായി പഠിക്കുന്നു. അങ്ങനെ നോക്കുകയാണെങ്കിൽ, വിക്കിപീഡിയയും ഒരു ചരിത്ര രേഖയാണ്. നൂറു വർഷങ്ങൾക്കു ശേഷം നമ്മളെക്കുറിച്ച് പഠിക്കുന്ന മനുഷ്യർ നമ്മുടെ ജീവിതത്തെ വിലയിരുത്താൻ ഇൻ്റർനെറ്റും, അതിൽ പ്രധാനമായും വിക്കിപീഡിയയുമായിരിക്കും ഉപയോഗിക്കുക. ചരിത്രം മായ്ക്കേണ്ടതും, തിരുത്തി എഴുതേണ്ടതും ചില സ്ഥാപിത താല്പര്യക്കാരുടെ ആവശ്യമാണ്. ഇന്ത്യക്കാർ പുഷ്പകവിമാനം പറപ്പിച്ചിരുന്നുവെന്നും, ഹിറ്റ്ലർ കരുണാമയനായ നേതാവായിരുന്നെന്നും, മാവോ സേതുങിൻ്റെ പോളിസികൾ കാരണം ആരും മരിച്ചിട്ടില്ലെന്നുമൊക്കെ വാദിക്കുന്ന കോടിക്കണക്കിനു പേർക്ക് സത്യസന്ധമായ ചരിത്രപുസ്തകങ്ങളെ എന്നും പേടിയാണ്. അത്തരക്കാർക്ക് മായ്ക്കാനോ വളച്ചൊടിക്കാനോ ആകാത്ത, സത്യസന്ധമായ ഒരു ചരിത്രരേഖ ഉണ്ടാക്കുക എന്നതും കൂടി വിക്കിപീഡിയ ചെയ്യുന്നുണ്ട്. വിക്കിപീഡിയയിൽ ചേർക്കപ്പെട്ട ഓരോരോ തെറ്റും കണ്ടുപിടിച്ച് തിരുത്തുന്നതിലൂടെ നിങ്ങൾ ചരിത്രത്തിൻ്റെ കാവലാൾ കൂടിയായി മാറുകയാണ് എന്ന് ഓർക്കുക. പുതിയ വിവരങ്ങൾ ചേർക്കുന്നതിലൂടെ ചരിത്രരേഖ നിർമ്മിക്കുകയാണെന്നും ഓർക്കുക.
ഗവേഷണത്തിൽ താല്പര്യമുള്ള മെഡിക്കൽ വിദ്യാർത്ഥിയാണ് നിങ്ങൾ എങ്കിൽ ഇപ്പോഴേ വിക്കിപീഡിയയിൽ എഴുതിത്തുടങ്ങുക. തുടക്കത്തിൽ വരുത്തുന്ന തെറ്റുകളൊക്കെ പരിചയസമ്പന്നരായ വിക്കിപീഡിയന്മാർ തിരുത്തിത്തരും. ക്രമേണ എഴുത്ത് ആയാസരഹിതമാകും. വിക്കിപീഡിയ ലേഖനങ്ങൾക്ക് വേണ്ടി ഗവേഷണപ്രബന്ധങ്ങൾ വായിച്ച് പരിചയമുണ്ടായിരുന്നതുകൊണ്ട്, പിന്നീട് ഗവേഷണം മുഴുവൻ സമയ ജോലിയാക്കി മാറ്റിയപ്പോഴും എനിക്ക് തീരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല. ചിലപ്പോൾ പരസ്പര വിരുദ്ധമായ നിഗമനങ്ങൾ ഉള്ള ശാസ്ത്രപ്രബന്ധങ്ങൾ വായിക്കുമ്പോൾ, ഇതിൽ ഏത് നിഗമനത്തിനാണ് കൂടുതൽ ശാസ്ത്രീയത ഉള്ളത് എന്ന ചോദ്യം വരും. ഇത്തരം സന്ദർഭങ്ങളെ കൈകാര്യം ചെയ്യാൻ വിക്കിപീഡിയയിലെ പ്രവൃത്തിപരിചയം ഉപകാരപ്രദമായിരുന്നു.
എല്ലാ വായനക്കാർക്കും വിക്കിപീഡിയയിലേക്ക് സ്വാഗതം. വിക്കിപീഡിയയിൽ ലേഖനമെഴുതുന്നതിനെക്കുറിച്ച് സംശയങ്ങൾ ഉണ്ടെങ്കിൽ എനിക്ക് നേരിട്ട് എഴുതുമല്ലോ.
ഈ സീരീസിലെ പഴയ പോസ്റ്റുകൾ:
1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?
2. ഏത് വിഷയത്തിൽ പി.ജി എടുക്കണം?
3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്?
4. ഡോക്ടർ ചിന്തിക്കുന്നത് എങ്ങനെയാണ്?
5. വ്യാജഡോക്ടർമാർ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?
6. ഡോക്ടർമാർക്ക് ചില വ്യത്യസ്ത ജോലിസാധ്യതകൾ
7. ആരെയാണ് ശരിക്കും സൂക്ഷിക്കേണ്ടത്?
8. ഫയാസിനു ബ്ലഡ് കൊടുക്കണോ ഡോക്ടർ?
10. ഐ.സി.യു വിൽ പ്രവേശിപ്പിച്ചതുകൊണ്ടാണോ മരിച്ചു പോകുന്നത്?
[…] 13. വിക്കിപീഡിയയും ആധുനികവൈദ്യവും […]
[…] 13. വിക്കിപീഡിയയും ആധുനിക വൈദ്യവും […]
[…] 13. വിക്കിപീഡിയയും ആധുനിക വൈദ്യവും […]
[…] 13. വിക്കിപീഡിയയും ആധുനിക വൈദ്യവും […]