ഈ പോസ്റ്റ് എഴുതുമ്പോൾ ഞാൻ ബെൽജിയത്തിലെ ബ്രസ്സൽസിലാണ്. ഇന്ന് പകൽ മുഴുവനും സിറ്റിയിൽ തെണ്ടിനടന്നതുകൊണ്ട്, ക്ഷീണിച്ച് റൂമിൽ വന്ന് ഇരിക്കുകയാണിപ്പോൾ. അതുകൊണ്ട് യാത്രചെയ്യുമ്പോൾ ഞാൻ സാധാരണയായി എടുക്കാറുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് ഒരു ബ്ലോഗ് പോസ്റ്റ് എഴുതിയേക്കാമെന്ന് വച്ചു. വർഷങ്ങളായി യാത്ര ചെയ്തുള്ള പരിചയമുള്ളതുകൊണ്ട് ഇപ്പോൾ യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ ചിന്തിക്കേണ്ടി വരാറില്ല, എങ്കിലും ചിലപ്പോഴൊക്കെ അബദ്ധങ്ങൾ പറ്റാറുണ്ട്. ചിലപ്പോൾ പ്രധാനപ്പെട്ട കാര്യങ്ങൾ മറന്നു പോകാറും ഉണ്ട്. ആദ്യത്തെ കുറച്ച് തവണകൾ യാത്ര ചെയ്തപ്പൊൾ വരുത്തി വച്ച പല അബദ്ധങ്ങളും ഓർമ്മയിലുണ്ട്. ഞാൻ യാത്രകളിൽ നിന്ന് പഠിച്ച പാഠങ്ങൾ ഒരു പോസ്റ്റായി ഇവിടെ എഴുതിയിടുന്നു.
ഇവിടെ “യാത്ര” എന്ന് ഉദ്ദേശിക്കുന്നത് ഫ്ലൈറ്റിൽ വിദേശരാജ്യങ്ങളിലേക്ക് പോകുന്ന യാത്രയാണ് കെട്ടോ. ബാഗ് തയ്യാറാക്കുന്നത് മുതലുള്ള വിശേഷങ്ങൾ പറയാം. മൂന്നോ നാലോ ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന യാത്രയാണെങ്കിൽ ഞാൻ കഴിവതും ചെക്ക്-ഇൻ ലഗേജ് ഒഴിവാക്കുകയാണ് പതിവ്. ഒരു ട്രോളി ബാഗ് മാത്രം കയ്യിൽ കരുതും. ഈ ട്രോളി ക്യാരി-ഓൺ ലഗേജ് ആയി ഫ്ലൈറ്റിൽ ഒപ്പം കൊണ്ടുപോകും. വിലയല്പം കൂടുതലാണെങ്കിലും ഗുണമേന്മയുള്ള ട്രോളി ബാഗാണ് ഞാൻ കൊണ്ടുനടക്കാറ്. യാത്രയ്ക്കിടയിൽ ബാഗിൻ്റെ വീൽ പൊട്ടുകയോ, സിബ്ബ് കേടുവരികയോ, ഹാൻ്റിൽ പൊളിയുകയോ ചെയ്താൻ മുട്ടൻ പണി കിട്ടും എന്നതുകൊണ്ടാണ് ഗുണമേന്മയുള്ള ബാഗ് തന്നെ വേണം എന്ന് ആവർത്തിച്ച് പറയുന്നത്. നിർഭാഗ്യവശാൽ ബാഗ് കേടു വന്നാൽ അത് പൊക്കിയെടുത്തോ, തലച്ചുമടായോ കൊണ്ടു നടക്കേണ്ടി വരും. അല്ലെങ്കിൽ പുതിയതൊരെണ്ണം വാങ്ങേണ്ടി വരും. എൻ്റെ കയ്യിലുള്ളത് അമേരിക്കൻ ടൂറിസ്റ്റർ എന്ന കമ്പനിയുടെ ട്രോളി ബാഗാണ്. ഈ കമ്പനിയുടെ ട്രോളി ബാഗുകൾ പൊതുവിൽ നല്ലതാണെന്നാണ് എൻ്റെ അഭിപ്രായം. ഇതിന് 360 ഡിഗ്രി തിരിയുന്ന ചക്രങ്ങളുണ്ട്. ഫ്ലൈറ്റിലെ ഓവർഹെഡ് ക്യാബിനിലൊതുങ്ങുന്ന വലിപ്പമേ ഉള്ളൂ. ഞാൻ ഈ ബാഗും ഉരിട്ടിക്കൊണ്ട് കിലോമീറ്ററുകൾ നടന്നിട്ടുണ്ട്. ബാഗ് അനായാസമായി കൊണ്ട് നടക്കാവുന്നതുകൊണ്ട് ടാക്സിയുടെ പൈസ ഒരുപാട് തവണ ലാഭിക്കാൻ പറ്റി. ഈ ബാഗിൽ തൂങ്ങിക്കിടക്കുന്ന ഒരു നെയിം ടാഗും പിടിപ്പിച്ചുവച്ചിട്ടുണ്ട്. എന്തെങ്കിലും കാരണവശാൽ ബാഗ് ചെക്ക് ഇൻ ചെയ്യേണ്ടി വന്നാൽ ഒരേപോലെ ഇരിക്കുന്ന ബാഗുകൾക്കിടയിൽ നിന്ന് എൻ്റെ ബാഗ് തിരിച്ചറിയാനുള്ള എളുപ്പത്തിനു വേണ്ടിയാണിത്. ബാഗ് കാണാതെപോയാൽ തിരിച്ചു കിട്ടാനുള്ള എളുപ്പത്തിന് നെയിം ടാഗിൽ സ്വന്തം പേരും, നമ്പറും, ഈമെയിൽ ഐഡിയും എഴുതിച്ചേർത്തിട്ടുണ്ട്.

എന്തൊക്കെ സാധനങ്ങളാണ് പാക്ക് ചെയ്യേണ്ടത്?
ക്യാരി-ഓൺ ലഗേജ് പരമാവധി 8 കിലോയേ പല എയർലൈനുകളും അനുവദിക്കാറുള്ളൂ. അതുകൊണ്ട് വലിച്ചുവാരി പാക്ക് ചെയ്യാൻ പറ്റില്ല. വസ്ത്രങ്ങൾ മൂന്നോ നാലോ ജോഡി കയ്യിൽ കരുതും. ഇസ്തിരി ഇടേണ്ട ആവശ്യമില്ലാത്ത വസ്ത്രങ്ങളേ ഞാൻ യാത്രയിൽ ഉപയോഗിക്കാറുള്ളൂ. ഇസ്തിരിയിട്ട് കുട്ടപ്പനാക്കി വച്ച ഡ്രസ്സൊക്കെ വിമാനത്തിലെ കുലുക്കത്തിലും, പിന്നീടുള്ള നെട്ടോട്ടത്തിലും ചുളുങ്ങിപ്പോകും. ഇസ്തിരിയിടേണ്ട ആവശ്യമില്ലാത്ത ഡ്രസ്സാണെങ്കിൽ എത്ര കുലുങ്ങി മറിഞ്ഞാലും കുഴപ്പമില്ലല്ലോ. സ്ലീവ്-ലെസ് ഷർട്ടുകൾ, മുട്ടിനു മുകളിൽ വരെ മാത്രം നീളമുള്ള ട്രൗസറുകൾ, വയറ് കാണിക്കുന്ന സാരി എന്നിവ യാത്രയിൽ ഉപയോഗിക്കാതിരിക്കുന്നതാണ് ബുദ്ധി എന്നാണ് എനിക്ക് മനസിലായിട്ടുള്ളത്. പല ഏഷ്യൻ – അറബ് രാജ്യങ്ങളിലും ഇത്തരം വസ്ത്രങ്ങൾ അത്ര സാധാരണമല്ലാത്തതുകൊണ്ട് നാട്ടുകാർ തുറിച്ചു നോക്കും. ജീൻസ് പാൻ്റ് ആണെങ്കിൽ രണ്ടോ മൂന്നോ ദിവസം മുഷിയാതെ ഉപയോഗിക്കാവുന്നതുകൊണ്ട് രണ്ട് ടോപ്പിന് ഒരു പാൻ്റ് എന്ന രീതിയിലേ ഞാൻ പാക്ക് ചെയ്യാറുള്ളൂ. ഏത് രാജ്യത്തേക്കാണോ പോകുന്നത്, അവിടുത്ത വസ്ത്രസംസ്കാരത്തെക്കുറിച്ച് അല്പം വായിച്ചിട്ട് പോകുന്നത് നല്ലതാണ്. ജീൻസും, പ്ലെയിൻ ടോപ്പും മിക്കവാറും രാജ്യങ്ങളിൽ ഉപയോഗിക്കുന്ന വസ്ത്രങ്ങളാണ്. ചെരിപ്പിനു പകരം റണ്ണിങ് ഷൂസാണ് ഞാൻ ഉപയോഗിക്കാറ്. കാല് കടയാതെ കിലോമീറ്ററൂകളോളം നടക്കാനോ, ആവശ്യമെങ്കിൽ ഓടാനോ റണ്ണിങ് ഷൂസ് നല്ലതാണ്. യാത്ര പ്രധാനമായും കോൺഫറൻസിനു വേണ്ടിയും, ശേഷം സ്ഥലങ്ങൾ കാണാനും ആണെങ്കിൽ രണ്ട് അവസരങ്ങൾക്കും ഈ ഷൂസ് തന്നെ ഉപയോഗിക്കാം എന്ന മെച്ചവുമുണ്ട്.

ടൂത്ത് ബ്രഷ്, ചെറിയ പേസ്റ്റ്, ചീപ്പ്, റബ്ബർ ബാൻ്റുകൾ, പിന്നുകൾ, സ്ലൈഡുകൾ, ലിപ് ബാം, ചെറിയ പെർഫ്യൂം, മെൻസ്ട്രുവൽ കപ്പ്/പാഡ് എന്നിവ ഒരു സിപ്പ്-ലോക്ക് കവറിലാക്കി സൂക്ഷിക്കും. യാത്രയിൽ പാഡിനെക്കാൾ എളുപ്പം മെൻസ്ട്രുവൽ കപ്പാണ്. പാഡ് എവിടെ കളയും എന്നതോർത്ത് ടെൻഷൻ അടിക്കേണ്ടതില്ല എന്നതുതന്നെയാണ് മെച്ചം. പാക്ക് ചെയ്യുന്നത് സിപ്പ് ലോക്ക് കവറിൽ ആയതുകൊണ്ട് എന്തെങ്കിലും വസ്തു ലീക്ക് ആയാൽ പുറത്ത് ചാടുകയില്ല. അബദ്ധവശാൽ പെർഫ്യൂം ലീക്ക് ആയാൽ എല്ലാ വസ്ത്രങ്ങൾക്കും ഒടുക്കത്തെ മണമായിരിക്കും. അത്തരം “പരിമളമുള്ള” വസ്ത്രങ്ങൾ ധരിച്ച് നടക്കുന്നതും ദുസ്സഹമായിരിക്കും. അതുകൊണ്ട് ഇവയെല്ലാം സിപ്പ് ലോക്കിൽ കരുതുക. യാത്ര പോകുമ്പോൾ ഒരു നേർത്ത വെള്ളിമാലയും, വെള്ളി കമ്മലും മാത്രമേ ആഭരണങ്ങളായി ഞാൻ ഉപയോഗിക്കാറുള്ളൂ. വില കൂടിയ ആഭരണങ്ങൾ ധരിച്ചാൽ കളവു പോകാൻ സാധ്യത അധികമാണെന്ന് പറയേണ്ടതില്ലല്ലോ.

സോപ്പിനു പകരം ബോഡി വാഷ് ആണ് ഞാൻ കരുതാറ്. സോപ്പ് ഒരിക്കൽ ഉപയോഗിച്ച് കഴിഞ്ഞാൽ നനഞ്ഞിരിക്കും. അതുകൊണ്ട് ഉപയോഗശേഷം തിരിച്ച് കൊണ്ടുപോകാൻ പ്രത്യേകം പാക്ക് ചെയ്യേണ്ടിവരും. ബോഡി വാഷിന് ഈ പ്രശ്നമില്ല. ബോഡി വാഷ് 75 മില്ലി വലിപ്പമുള്ള സുതാര്യമായ കുപ്പിയിലാണ് കരുതാറ്. ആവശ്യമെങ്കിൽ ഇത് ഷാമ്പൂവായും ഉപയോഗിക്കാം. താമസിക്കുന്ന ഹോട്ടലിൽ സോപ്പൊക്കെ ഉണ്ടാവുമെങ്കിലും, ചിലതരം സോപ്പ് തേച്ചാൽ മേലാകെ ചൊറിയാൻ സാധ്യതയുണ്ട്. ഇതുകൊണ്ടാണ് ബോഡി ലോഷൻ കയ്യിൽ കരുതുന്നത്. ഡോവ് എന്ന കമ്പനിയുടെ ബോഡി ലോഷൻ ആണ് ഞാൻ ഉപയോഗിക്കാറ്. ഇതുപോലെ എണ്ണയും ഒരു സുതാര്യമായ കുപ്പിയിൽ കരുതും. വീട്ടിലാണെങ്കിൽ സാധാരണ വെളിച്ചെണ്ണയാണ് ഞാൻ തലയിൽ തേക്കാൻ ഉപയോഗിക്കുന്നത്. പക്ഷെ, തണുപ്പുള്ള രാജ്യങ്ങളിൽ വെളിച്ചെണ്ണ ഉറഞ്ഞു പോകും. ഉറഞ്ഞാൽ കുപ്പിയിൽ നിന്നും പുറത്തെടുക്കാൻ കിട്ടിയെന്ന് വരില്ല. അതുകൊണ്ട് സാധാരണഗതിയിൽ ഉറഞ്ഞു പോകാത്ത, പാരഷ്യൂട്ട് ജാസ്മിൻ ഹെയർ ഓയിൽ ആണ് ഞാൻ കയ്യിൽ കരുതാറ്. ഡിയോഡറൻ്റ് കരുതുകയാണെങ്കിൽ സ്പ്രേ പോലെ അടിക്കുന്ന ചെറിയ കുപ്പി കരുതണം. റോളർ ബോൾ ഉള്ള ഡിയോഡറൻ്റുകൾ കൊണ്ടുപോയാൽ വിമാനയാത്രയിൽ ഇത് ലീക്ക് ആകും. അതുകൊണ്ട് ഞാൻ ഡിയോഡറൻ്റിനു പകരം പെർഫ്യൂമാണ് കരുതാറ്. ചില ബോൾ പോയൻ്റ് പേനകളിലും റോളർ ബോൾ ആണുള്ളത്. ഇവയും ലീക്ക് ആകും. അതുകൊണ്ട് അടപ്പുള്ള പെന്നുകൾ ഉപയോഗിക്കുക. സാധാരണ ബോൾ പോയിൻ്റ് പെന്നുകളെക്കാൽ ജെൽ പെന്നുകൾക്കാണ് ലീക്ക് ചെയ്യാൻ സാധ്യത കൂടുതലുള്ളത്. പൈലറ്റ് എന്ന ബ്രാൻ്റിൻ്റെ ബോൾ പോയൻ്റ് പേനകളാണ് ഞാൻ പൊതുവേ കൊണ്ടുപോകാറ്. പാരസെറ്റമോൾ മാത്രമേ മരുന്നായി കയ്യിൽ കരുതാറുള്ളൂ.

എണ്ണ, ബോഡി വാഷ് മുതലായവ കരുതുന്ന കുപ്പി 100 മില്ലിയിൽ വലുത് ഉപയോഗിക്കാറില്ല. ക്യാരി-ഓൺ ചെയ്യാവുന്ന ദ്രാവകങ്ങളുടെ പരമാവധി അളവ് 100 മില്ലി ആണെന്നതുകൊണ്ടാണിത്. കുപ്പിയും, കുപ്പികൾ അടങ്ങിയ സിപ്പ് ലോക്ക് കവറൂം സുതാര്യമായതാണ് ഉപയോഗിക്കാറ്. അകത്തുള്ളത് എന്താണെന്ന് എളുപ്പത്തിലറിയാൻ ഇത് സഹായിക്കും. കൂടാതെ, സെക്യൂരിറ്റി ബെൽറ്റിൽ ഇവ പുറത്തെടുത്ത് വയ്ക്കുമ്പോൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്ക് ജോലി എളുപ്പമാകാൻ ഇവർ ചിലപ്പോൾ സുതാര്യമായ കവറുകൾ നിഷ്കർഷിക്കുകയും, അവ എയർപോർട്ടിൽ തന്നെ സജ്ജീകരിക്കുകയും ചെയ്യാറുണ്ട്. ഞാൻ ഒരു ചെറിയ ഒഴിഞ്ഞ കുപ്പിയും കയ്യിൽ കരുതാറുണ്ട്. പല യൂറോപ്യൻ രാജ്യങ്ങളിലും ടാപ്പുവെള്ളം നേരിട്ട് കുടിക്കാൻ പറ്റും. ഇത് കുപ്പിയിലാക്കി കൊണ്ടുനടന്നാൽ കുപ്പിവെള്ളം വാങ്ങുന്നത് ലാഭിക്കാം. റസ്റ്റൊറൻ്റുകളിൽ കഴിക്കാൻ ചെല്ലുമ്പോഴും കുപ്പി കയ്യിലുണ്ടെങ്കിൽ വെള്ളം റീഫിൽ ചെയ്ത് കൊണ്ടുനടക്കാം. കൂടാതെ, ബോഡി വൈപ്പിൻ്റെ രണ്ട് പാക്കറ്റും, രണ്ട് പ്ലാസ്റ്റിക് കവറുകളും, അന്നത്തെ പത്രവും ഞാൻ കയ്യിൽ കരുതും. പ്ലാസ്റ്റിക് കവറിന് പല ഉപകാരങ്ങളുമുണ്ട്. വഴിയരികിൽ നിന്ന് സാധനങ്ങൾ വാങ്ങിയാൽ അവ കൊണ്ടുനടക്കാനും, വേസ്റ്റ് കളയാനും, മുഷിഞ്ഞ വസ്ത്രങ്ങൾ പ്രത്യേകം പാക്ക് ചെയ്യാനും, നനഞ്ഞ കുട ഇട്ടുവയ്ക്കാനുമൊക്കെ കവർ ഉപയോഗിക്കാം. പത്രം കയ്യിൽ വച്ചാൽ ഫ്ലൈറ്റിലിരുന്ന് വായിക്കാം, ചെളി തുടയ്ക്കാൻ ഉപയോഗിക്കാം, വൃത്തിയില്ലാത്ത ബെഞ്ചുകളിലോ പുല്ലിലോ ഇരിക്കുമ്പോൾ വിരിക്കാനും ഭക്ഷണം പൊതിയാനും ഉപയോഗിക്കാം.
മൊബൈൽ ഫോണും, നീളത്തിലുള്ള കോർഡുള്ള ചാർജ്ജറും, പവർ ബാങ്കും, ട്രാവൽ അഡാപ്റ്ററും കയ്യിൽ കരുതും. കോർഡിനു നീളമുണ്ടെങ്കിൽ ചാർജ് ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ ഫോൺ ഉപയോഗിക്കാം. പല യൂറോപ്യൻ രാജ്യങ്ങളിലെയും പവർ പ്ലഗ്ഗ് ചുവരിൻ്റെ താഴെയായിരിക്കും. കോർഡിനു നീളമില്ലെങ്കിൽ നിലത്തിരുന്ന് ഫോൺ നോക്കേണ്ട ഗതികേട് വരും. മൊബൈൽ ഡേറ്റയും, ഡേറ്റാ റോമിങ്ങും ഫ്ലൈറ്റിൽ കയറുന്നതിനു മുൻപ് തന്നെ ഞാൻ ഓഫാക്കിയിടും. ഇത് രണ്ടും ഓണാണെങ്കിൽ ഫോൺ ചിലപ്പോൾ ഡേറ്റ വലിക്കുകയും, പിന്നീട് ഫോൺ ബില്ല് അടയ്ക്കണമെങ്കിൽ കിടപ്പാടം വിൽക്കണം എന്ന അവസ്ഥയിലെത്തിക്കുകയും ചെയ്യും. ട്രാവൽ അഡാപ്റ്റർ ഓൾ-ഇൻ-വൺ മോഡൽ വാങ്ങുന്നതാണ് ബുദ്ധി. ഇത് കയ്യിലുണ്ടെങ്കിൽ ഓരോ രാജ്യത്തിനും വേണ്ട പ്ലഗ് പോയൻ്റുകൾ പ്രത്യേകം വാങ്ങിക്കേണ്ട കാര്യമില്ല. യു.എസ്.ബി പോർട്ടുകൾ കൂടി ഉള്ള ചാർജ്ജർ ആണെങ്കിൽ കൂടുതൽ നന്ന് – ഒരേസമയം ലാപ്പ്ടോപ്പും മൊബൈൽ ഫോണും, പവർ ബാങ്കും ചാർജ് ചെയ്യാം.

6 മണിക്കൂറിൽ കൂടുതലുള്ള യാത്രയാണെങ്കിൽ ഞാൻ പില്ലോ കയ്യിൽ കരുതും. ഫ്ലൈറ്റിൽ ഉറങ്ങുന്നതിനിടയിൽ കഴുത്ത്/പുറം വേദന വരാതിരിക്കാൻ ഇവലൂഷൻ പില്ലോ എന്ന തരം പില്ലോയാണ് ഞാൻ ഉപയോഗിക്കുന്നത്. ഇത് ഉപയോഗിച്ച ശേഷം ഒരു പന്തുപോലെ ചുരുട്ടി ബാഗിൻ്റെ സിബ്ബിൽ കോർത്ത് തൂക്കിയിടാം എന്നതുകൊണ്ടാണിത്. കഴിയുന്നതും വിൻഡോ സീറ്റാണ് ഫ്ലൈറ്റിൽ ബുക്ക് ചെയ്യാറ്. തല വിൻഡോയിലേക്ക് ചെരിച്ച് ഉറങ്ങാം എന്നതുകൊണ്ടാണിത്. നടുവിലെ സീറ്റിലൊക്കെ ഇരുന്നാൽ അടുത്തിരിക്കുന്ന ആളുടെ സീറ്റിലേക്ക് ചാഞ്ഞ് വീണ് ഉറങ്ങിപ്പോവാം. വിൻഡോ സീറ്റ് ആകുമ്പോൾ പുറത്തുള്ള കാഴ്ചകളും കാണാം.

അടുത്തതായി ഏറ്റവും പ്രധാനപ്പെട്ട ഐറ്റങ്ങൾ പറയാം. പാസ്പോർട്ട്, വിസ അല്ലെങ്കിൽ റെസിഡൻസ് പെർമിറ്റ്, ബോർഡിങ് പാസ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, കറൻസി എന്നിവയാണിത്. ഇവയെല്ലാം സ്ലിങ് ബാഗിലാക്കി തൂക്കിയിടുകയാണ് പതിവ്. സ്ലിങ് ബാഗിൽ ഇത് കൂടാതെ, മൊബൈൽ ഫോൺ, ചാർജർ കേബിൾ, ഇയർഫോൺ എന്നിവയും കൂടി ഉണ്ടാകും. ഈ സ്ലിങ് ബാഗ് ഒരിക്കലും അഴിച്ച് വയ്ക്കാറില്ല. സ്ലിങ് ബാഗ് കൂടാതെ മറ്റൊരു ഹാൻ്റ് ബാഗുകൂടി കയ്യിൽ കരുതും. ഈ ഹാൻ്റ് ബാഗ് ക്യാരി-ഓൺ ലഗേജിൽ മടക്കി വയ്ക്കാൻ കഴിയണം എന്നതുകൊണ്ട് തുണിയുടെ ബാഗാണ് ഉപയോഗിക്കാറ്. ക്യാരി ഓൺ ലഗേജ് ഹോട്ടലിൽ വച്ചശേഷം സ്ഥലങ്ങൾ കാണാനിറങ്ങുമ്പോൾ വെള്ളം, സ്നാക്സ്, കുട, പവർബാങ്ക് എന്നിവ കരുതാൻ സ്ലിങ് ബാഗ് മതിയാവില്ല എന്നതുകൊണ്ടാണ് കുറച്ചുകൂടി വലിപ്പമുള്ള മറ്റൊരു ബാഗ് കയ്യിൽ വയ്ക്കുന്നത്. പാസ്പോർട്ട്, ഡെബിറ്റ് കാർഡ് എന്നിവയൊക്കെ പാക്ക് ചെയ്യുമ്പോൾ എക്സ്പയറി ഡേറ്റ് കൂടെ നോക്കണം. വെടി തീർന്ന പാസ്പോർട്ടും കൊണ്ട് ചെന്നാൽ യാത്ര ക്യാൻസൽ ആകും എന്നത് പറയേണ്ടതില്ലല്ലോ. ഫ്ലൈറ്റിലിരുന്ന് ബോറടിക്കുമ്പോൾ പാട്ട് കേൾക്കാനും, വീഡിയോ കാണാനുമാണ് ഇയർഫോൺ സ്ലിങ് ബാഗിൽ തന്നെ കരുതുന്നത്.

പോകുന്നതിനു മുൻപ് എന്തൊക്കെ ചെയ്തിരിക്കണം?
പോകുന്ന രാജ്യത്തെക്കുറിച്ചും, അവിടെ കാണാൻ പോകാവുന്ന സ്ഥലങ്ങളെക്കുറിച്ചും, അവിടുത്തെ യാത്രാസൗകര്യങ്ങളെക്കുറിച്ചും വായിക്കും. ഓരോ ദിവസവും എങ്ങോട്ടൊക്കെ പോകണമെന്ന ഒരു ഏകദേശ പ്ലാൻ ഉണ്ടാക്കിവയ്ക്കും. ഈ പ്ലാനിനും, മറ്റ് വഴിച്ചിലവുകൾക്കുമൊക്കെയായി ഏതാണ്ട് എത്ര പണം ചിലവാകും എന്ന് കണക്കുകൂട്ടും. ഇതെല്ലാം ഗൂഗിൾ കീപ്പിലാണ് സൂക്ഷിക്കാറ്. പോകുന്ന സ്ഥലത്തിൻ്റെ ഓഫ്ലൈൻ മാപ്പ് ഗൂഗിൾ മാപ്സിൽ ഡൗൺലോഡ് ചെയ്തു വയ്ക്കും. പോകുന്ന നഗരത്തിൻ്റെ വിക്കിവോയേജ് പേജ് പ്രിൻ്റെടുത്ത് കയ്യിൽ വയ്ക്കും. നഗരത്തിലെ പ്രധാന കാഴ്ചകൾ, എമർജൻസി ഫോൺ നമ്പറുകൾ, റെസ്റ്റൊറൻ്റുകൾ, ടൂറിസ്റ്റുകൾ കബളിപ്പിക്കപ്പെട്ടേക്കാവുന്ന ചതിക്കുഴികൾ എന്നിങ്ങനെ ഒരുപാട് വിവരങ്ങൾ വിക്കിവോയേജ് പേജിലുണ്ടാകും. പോകുന്ന രാജ്യത്ത് ഇൻ്റർനെറ്റ് കണക്റ്റിവിറ്റി ഉണ്ടാകുന്നത് വളരെ നല്ലതാണ്. ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്യാനും, തൊട്ടടുത്തുള്ള കടകളെക്കുറിച്ചുള്ള വിവരങ്ങളറിയാനും, ടാക്സി വിളിക്കാനും, ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുമൊക്കെ ഇൻ്റർനെറ്റ് ഉള്ളത് നല്ലതാണ്. പോകുന്നതിനു മുൻപേ അവിടുത്തെ സിം കാർഡിനെയും, ഡേറ്റ പ്ലാനുകളെയും കുറിച്ച് ഇൻ്റർനെറ്റിൽ വായിക്കും. ചെറിയ സമയപരിധിയുള്ള ഡേറ്റാ പ്ലാനിന് എത്ര ചിലവാകുമെന്നതിൻ്റെ ഒരു ഏകദേശ ധാരണ ഉണ്ടാക്കിവയ്ക്കും. ഏതാണ്ടെല്ലാ എയർപോർട്ടുകളിലും സിം കാർഡ് വില്പനയ്ക്കുണ്ടാകും. നേരത്തേ കണ്ടുവച്ച വിലയോട് അടുത്ത് നിൽക്കുന്ന വിലയാണെങ്കിൽ എയർപോർട്ടിൽ വച്ച് തന്നെ സിം കാർഡ് വാങ്ങും. അല്ലെങ്കിൽ, ഹോട്ടലിൽ എത്തിയശേഷവും. യാത്ര ചെയ്യുന്ന ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനം നോക്കണം. ഈ വെബ്സൈറ്റിൽ ഒട്ടുമിക്ക പ്രദേശങ്ങളിലെയും കാലാവസ്ഥാ പ്രവചനം കാണാം. ഒരു പതിനഞ്ച് ഡിഗ്രി വരെയൊക്കെയേ താപനില ഉള്ളൂ എങ്കിൽ സാധാരണ ജാക്കറ്റ് കൊണ്ടുപോകും. മഴയത്ത് നനയാത്ത ജാക്കറ്റ് ആണ് കൊണ്ടുപോകാറ്. സിപ്പുള്ള പോക്കറ്റുകൾ ഉള്ള ജാക്കറ്റ് ആണെങ്കിൽ കൂടുതൽ നല്ലത്, പോക്കറ്റടിക്കാരെ കുഴക്കാം. പതിനഞ്ച് ഡിഗ്രിയിലും കുറവ് താപനിലയാണെങ്കിൽ ഹെവി ജാക്കറ്റ് തന്നെ കൊണ്ടുപോകും. ഡെബിറ്റ് കാർഡുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലുള്ള പണം ഭൂരിഭാഗവും സേവിങ്സ് അക്കൗണ്ടിലേക്ക് മാറ്റും. യാത്രയ്ക്കിടയിൽ ആരെങ്കിലും കഴുത്തിന് പിടിച്ച് ഏ.ടി.എമ്മിൽ കൊണ്ടുപോയി കാർഡിലുള്ള മുഴുവൻ പണവും അടിച്ചുമാറ്റിയാലും വലിയ കോട്ടം തട്ടാതിരിക്കാനാണിത്.

പോകുന്നതിനു തലേദിവസം ഫ്ലൈറ്റിലേക്ക് ഓൺലൈൻ ചെക്കിൻ ചെയ്യും. ബോർഡിങ് പാസ് വാങ്ങാനുള്ള ക്യൂ ഇങ്ങനെ ബൈപാസ് ചെയ്യും. ട്രാവൽ ഇൻഷൂറൻസ് കാർഡ്, ലോക്കൽ ട്രാവലിനുള്ള ടിക്കറ്റുകൾ, രണ്ടാം ഡെബിറ്റ് കാർഡ്, കുറച്ച് കറൻസി, ഹോട്ടൽ ബുക്കിങ് കൺഫർമേഷൻ, വിക്കിവോയേജ് പ്രിൻ്റൗട്ട്, പാസ്പോർട്ട് സൈസ് ഫോട്ടോകൾ, എ4 പേപ്പറുകൾ എന്നിവ ഒരു ഫയലിലാക്കി ബാഗിലിടും. രണ്ട് ഡെബിറ്റ് കാർഡ് കയ്യിൽ കൊണ്ട് നടക്കുന്നതും, പണം രണ്ട് വ്യത്യസ്ഥ സ്ഥലങ്ങളിൽ സൂക്ഷിക്കുന്നതും ഒരെണ്ണം അടിച്ചുമാറ്റപ്പെട്ടാൽ ബാക്കപ്പിനു വേണ്ടിയാണ്. പോകുന്നതിനു മുൻപ് ബാങ്കിനെ ഫോൺ വിളിച്ച് യാത്ര ചെയ്യുന്ന രാജ്യവും, ദിവസങ്ങളും പറയും. ചില രാജ്യങ്ങളിൽ നിന്നും നമ്മുടെ ഡെബിറ്റ് കാർഡ് വഴി ട്രാൻസാക്ഷൻ നടന്നുവെന്ന് കണ്ടാൽ, ബാങ്ക് അത് സംശയാസ്പദമായ ട്രാൻസാക്ഷനാണെന്നു കരുതി, കാർഡ് ബ്ലോക്ക് ചെയ്യാറുണ്ട്. ഈ പുലിവാല് ഒഴിവാക്കാൻ വേണ്ടിയാന് നേരത്തേ വിളിച്ച് പറയുന്നത്. പോകുന്ന രാജ്യത്തെ കുറച്ച് കറൻസി, അല്ലെങ്കിൽ യൂറോയോ ഡോളറോ കയ്യിൽ വയ്ക്കും. യൂറോയോ ഡോളറോ ആണ് കയ്യിലുള്ളതെങ്കിൽ എയർപോർട്ടിൽ വച്ച് ലോക്കൽ കറൻസിയാക്കി മാറ്റും. കറൻസി കയ്യിൽ വയ്ക്കുന്നത്, കാർഡ് ട്രാൻസാക്ഷൻ ലഭ്യമല്ലാത്ത ഇടങ്ങളിൽ ഉപയോഗിക്കാൻ വേണ്ടിയാണ്.
അപ്പോൾ ശുഭയാത്ര!
ഇതെഴുതുമ്പോൾ ഞാൻ ബെൽജിയത്തിലെ ബ്രസൽസിലാണ്. ഇവിടെ വന്നതിൻ്റെ ഓർമ്മയ്ക്കായി ഒരു ചിത്രം ചേർക്കുന്നു.
Very good blogs