ഇതിന് ഒരു പരിഹാരമുണ്ടാവണമെങ്കിൽ കൂടുതൽ പെൺകുട്ടികൾ നേതൃത്വനിരയിലേക്ക് വരേണ്ടതുണ്ട്. ഇത്രയും കാലം ആൺകുട്ടികൾ മാറി-മാറി ഭരിച്ചിട്ടും യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, പെൺകുട്ടികളുടെ എണ്ണം വർഷാവർഷം കൂടിവരുന്നതുകൊണ്ട് കൂടുതൽ സൗകര്യക്കുറവുകൾ അവർക്ക് അനുഭവിക്കേണ്ടി വരുന്നുമുണ്ട്. വളരെ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ശ്രേയ സലീം എന്ന പെൺകുട്ടി മാഗസിൻ എഡിറ്ററായി വിജയിച്ചപ്പോൾ കോളേജിൽ ആശാവാഹമായ മാറ്റങ്ങളാണ് ഉണ്ടായത്. ശ്രേയ എഡിറ്ററായി പുറത്തിറക്കിയ തുടൽ എന്ന കോളേജ് മാഗസിൻ മനോരമയുടെ അവാർഡ് നേടി. ആർത്തവശുചിത്വത്തിനും, സ്ത്രീപക്ഷ ചിന്തകൾക്കും ക്യാമ്പസിൽ സ്വീകാര്യത വാങ്ങിക്കൊടുത്തത് ശ്രേയയാണ്. കോളേജിലും, ഹോസ്റ്റലിലും പെൺകുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ‘വെറും സ്ത്രീപ്രശ്നങ്ങൾ’ എന്ന രീതിയിൽ തഴയപ്പെടാതെ, മുഖ്യധാരാ പ്രശ്നങ്ങളാക്കി അവതരിപ്പിക്കാനും ശ്രേയയ്ക്ക് സാധിച്ചു. ലക്ചർ ഹാളിൽ മൈക്കുമെടുത്ത്, “ഗേൾസിനെ ബാച്ച് റെപ്രസൻ്റേറ്റീവ് ആയി വിജയിപ്പിക്കാൻ ഞങ്ങളെന്താ ശിഖണ്ഡികളാണോ” എന്നൊക്കെ വലിയവായിൽ ട്രാൻസ്-സ്ത്രീ വിരുദ്ധത പറയുന്ന ആൺസിംഹങ്ങളുടെ കുറ്റിയറ്റു. ഒരൊറ്റ പെൺകുട്ടി അധികാരസ്ഥാനത്തിലെത്തിയപ്പോൾ തന്നെ ഇത്തരം ആശാവാഹമായ മാറ്റങ്ങൾ ഉണ്ടായെങ്കിൽ, കൂടുതൽ സ്ത്രീകൾക്ക് അധികാരം കൊടുക്കേണ്ടതിൻ്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
കോളേജ് പൊളിറ്റിക്സിലൊക്കെ എന്തിരിക്കുന്നു, പെൺകുട്ടികളും ആൺകുട്ടികളും ഇതിൻ്റെ പേരിൽ സമയം കളയണോ എന്നൊക്കെ വേണമെങ്കിൽ അമ്മാവന്മാർക്ക് ചോദിക്കാം. വിദ്യാർത്ഥിരാഷ്ട്രീയത്തിൽ നിന്നും പഠിച്ച ജീവിത പാഠങ്ങൾ ഭാവിജീവിതത്തിൽ വിലപ്പെട്ടതാണെന്നും, കുട്ടികളെ ആട്ടിൻപറ്റം കണക്കെ വളർത്തിയാൽ അവർ ഭാവിജീവിതത്തിൽ സാമൂഹ്യബോധമില്ലാത്തവരും, സ്വന്തം കാര്യം മാത്രം നോക്കി കഴിഞ്ഞ് കൂടുന്നവരും, ജീവിതത്തിൽ നിർണ്ണായക തീരുമാനങ്ങൾ എടുക്കാൻ കഴിവില്ലാത്തവരും, പ്രതിസന്ധികളെ അതിജീവിക്കാൻ പറ്റാത്തവരും ആയി മാറുമെന്നാണ് എനിക്ക് തോന്നുന്നത്. കോളേജ് രാഷ്ട്രീയം എന്നാൽ വെട്ടും കുത്തുമാണെന്ന ഇമേജ് ഇല്ലാതാവണമെങ്കിൽ സ്ത്രീകൾ രാഷ്ട്രീയത്തിലിറങ്ങേണ്ടത് അനിവാര്യമാണ്.
ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ചരിത്രപരമായ ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയാണ്. കാരണം, ഇത്തവണത്തെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ ചെയർപേഴ്സൺ സ്ഥാനാർത്ഥി ഒരു പെൺകുട്ടിയാണ്, പേര് ലദീദ റയ്യ. കോളേജിലെ പെൺകുട്ടികൾക്ക് അഭിമാനത്തോടെയും, ധൈര്യത്തോടെയും, സമാധാനപരമായും നടക്കാൻ കഴിയണമെങ്കിൽ ലദീദ വിജയിക്കേണ്ടത് അനിവാര്യമാണ്. താലം പിടിക്കൽ, പൂച്ചെണ്ട് കൊടുക്കൽ, പ്രാർത്ഥന ചൊല്ലൽ, അടിച്ച് വാരൽ, ഭക്ഷണം വിളമ്പൽ എന്നീ ജോലികളിൽ തളച്ചിടപ്പെടാതെ, സ്റ്റേജിൽ കയറി സംസാരിക്കാനും, ചർച്ചകളിൽ അഭിപ്രായം പറയാനും, സുപ്രധാന തീരുമാനങ്ങൾ എടുക്കാനും പെൺകുട്ടികൾക്ക് കഴിയണമെങ്കിൽ ലദീദ വിജയിക്കേണ്ടത് അനിവാര്യമാണ്. സമത്വമെന്ന ശരിയിലേക്ക് നമ്മുടെ കോളേജിനെ ഉയർത്തണമങ്കിൽ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഭയലേശമന്യേ ഇടപഴകണമെങ്കിൽ, ലദീദ ജയിക്കേണ്ടത് അനിവാര്യമാണ്.

കക്ഷിരാഷ്ട്രീയഭേദം മാറ്റിവച്ച് എല്ലാവരും ലദീദയെ വോട്ട് ചെയ്ത് വിജയിപ്പിക്കുക.
അധികവായനയ്ക്ക്: ലേഡി ഡോക്ടർ ഇല്ലാത്ത കാലം (ഭാഗം 1)
I was the college union general secretary during my UG in a women’s college. All the activities were coordinated from A to Z by us, girls. The confidence and exposure we got was immense. We wandered in town meeting local business people for sponsorships, printed notices, made public announcements in college, and everything behind the stage was prepared. But when I did my PG in a mixed college, the picture was totally different. There was no girl in the forefront. Everything was done by boys and kept girls behind them for simpler tasks like campaigning among girls, do anchoring etc. There was a feeling in the air that all the important matters could only be handled by men- and they were ‘taking care of’ girls by sparing them from such difficult tasks. In fact, all these were handled by us in a different atmosphere and everything was as simple for us too. So that’s it. The attitude should change. The so called gender reservations should break.
Al the best to Ladeeda!
വളരെ സത്യമാണിത്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിനെങ്കിലും ഇത്തവണ കഴിയട്ടെ എന്നാണ് എൻ്റെ പ്രതീക്ഷ.