പണ്ട് ഞങ്ങളുടെ നാട്ടിൽ ഒരു ദാമോദരൻ ഡോക്ടർ ഉണ്ടായിരുന്നു. ഇദ്ദേഹം നല്ല നൈപുണ്യവും, സ്വഭാവവുമുള്ള ആളായിരുന്നു. ഫീസ് വെറും പത്ത് രൂപയായിരുന്നു. പാവപ്പെട്ടവരെ ഇദ്ദേഹം ഫ്രീയായി ചികിത്സിക്കും. ഇപ്പോഴത്തെ ഡോക്ടർ കുട്ടികൾക്കൊക്കെ എന്തൊരു ഗമയാണ്. നൂറും ഇരുന്നൂറും ഒക്കെയാണ് ഫീസ് വാങ്ങുന്നത്. പാവപ്പെട്ടവർക്ക് പൈസ ഇല്ലെങ്കിൽ ഇവരെ കാണിക്കാൻ കഴിയില്ല എന്ന അവസ്ഥയാണ്. മെഡിക്കൽ പ്രൊഫഷൻ കഴിഞ്ഞ കുറേ വർഷങ്ങളായി ഒരുപാട് അധഃപതിച്ചു പോയി.
ഈ മോണോലോഗ് കേൾക്കാത്ത യുവഡോക്ടർമാർ ഉണ്ടാകില്ല. ദാമോദരൻ ഡോക്ടർക്ക് പകരം അബ്ദുല്ല ഡോക്ടർ എന്നോ, ജോസഫ് ഡോക്ടർ എന്നോ പേരുകൾ മാറി മാറി വരും എന്ന വ്യത്യാസമേ ഉള്ളൂ (ബാലൻസിങ്ങിനു വേണ്ടി മൂന്ന് മതക്കാരുടെ പേരുകളും ചേർത്തിരിക്കുന്നു). പണ്ട് ഞാൻ ഇതിനെക്കുറിച്ച് വളരെയധികം ആലോചിച്ചിട്ടുണ്ട്. പണ്ടത്തെ ഡോക്ടർമാർക്കുള്ള എന്താണ് പുതിയ ഡോക്ടർമാരിൽ ഇല്ലാത്തത്? പിന്നീട് മനസിലായത് മലയാളികൾ എപ്പോഴും പഴയകാലമഹിമയും പേറി നടക്കുന്നവരാണെന്നാണ്. പണ്ടത്തെ വിദ്യാർത്ഥികളാണ് അച്ചടക്കമുള്ളവർ എന്നും, പണ്ടത്തെ മനുഷ്യർക്കാണ് ആരോഗ്യം കൂടുതലുണ്ടായിരുന്നതെന്നും, പണ്ടത്തെ സിനിമയിലെ കഥയായിരുന്നു നല്ലതെന്നും പറയുന്നതിൻ്റെ കൂട്ടത്തിൽ പണ്ടത്തെ ഡോക്ടർമാരെയും കൂട്ടി പറഞ്ഞു എന്നേ ഉള്ളൂ. പിന്നെ, ഫീസ് പണ്ടത്തേതിനെക്കാൾ കൂടുതലാണെന്ന കാര്യം ശരിയാണ്. ജനങ്ങളുടെ വരുമാനം കൂടിയതോടും, രൂപയ്ക്ക് വിലയിടിഞ്ഞതോടും, അവശ്യസാധനങ്ങളുടെ വില കൂടിയതുകൊണ്ടും ഇരുപത് രൂപയ്ക്ക് പ്രൈവറ്റ് ഡോക്ടറെ കാണിക്കാൻ പറ്റാതായിട്ടുണ്ട്. എന്നാൽ രണ്ട് രൂപയ്ക്ക് ഡോക്ടറെ അതേദിവസം തന്നെ കാണാനുള്ള സൗകര്യവും കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഉണ്ട്. ഒരു ദിവസം കാണിക്കാൻ വന്ന എല്ലാ രോഗികളെയും പരിശോധിച്ച ശേഷമേ പി.എച്ച്.സികളിലെ ഡ്യൂട്ടി ഡോക്ടർമാർ സാധാരണഗതിയിൽ ഇറങ്ങാറുമുള്ളൂ. ഡോക്ടർമാർ പണം പിടുങ്ങുന്നതിനെക്കുറിച്ച് പറയുന്നവർ സർക്കാർ ഡോക്ടർമാർ നൽകുന്ന ഈ മികച്ച സർവീസിനെ കണ്ടില്ലെന്ന് നടിക്കുന്നുണ്ട്.
ഡോക്ടർ സൗജന്യമായി ചികിത്സിക്കണോ? 2002-ലെ കോഡ് ഓഫ് മെഡിക്കൽ എത്തിക്സ് റെഗുലേഷൻ പറയുന്നത് ഡോക്ടർക്ക് ചെയ്യുന്ന സർവീസിനുള്ള ന്യായമായ ഫീസ് വാങ്ങിക്കാം എന്നാണ്. ചികിത്സയ്ക്ക് മുൻപ് ഈ ഫീസ് എന്താണെന്ന് രോഗിയെ അറിയിച്ചിരിക്കണം. ചികിത്സ ഫലിച്ചാൽ മാത്രം ഫീസ് തന്നാൽ മതി, ഫലിച്ചില്ലെങ്കിൽ ഫീസ് വേണ്ട എന്ന രീതിയിൽ ഓഫർ കൊടുക്കാൻ പാടില്ല. രോഗി ഫീസ് തരാൻ സമ്മതിക്കുന്നില്ലെങ്കിൽ ചികിത്സിക്കേണ്ട ആവശ്യമില്ല. പ്രത്യേക മരുന്നുകൾ എഴുതിയതിനോ, ഡയഗ്നോസ്റ്റിക് സംവിധാനങ്ങൾ നിർദ്ദേശിച്ചതിനോ കമ്മീഷനോ, പ്രതിഫലമോ വാങ്ങാൻ പാടില്ല. പക്ഷെ, ചിലപ്പോൾ ഡോക്ടർമാർ മാനുഷിക പരിഗണന കാണിച്ച് ചില രോഗികൾക്ക് സൗജന്യ ചികിത്സ നൽകാറുണ്ട്. ഇങ്ങനെ ഇടയ്ക്കൊക്കെ സൗജന്യ ചികിത്സ ചെയ്യാത്ത ഡോക്ടർമാർ ആരും തന്നെ ഉണ്ടാവില്ല എന്നാണ് എനിക്ക് തോന്നുന്നത്. പുറത്ത് പറയാറില്ല എന്നേ ഉള്ളൂ. പുറത്ത് പറയുന്നത് നല്ലതല്ല താനും. സർക്കാർ ആശുപത്രിയിൽ റൗണ്ട്സ് കഴിഞ്ഞ ശേഷം എല്ലാവരും നോക്കിനിൽക്കേ ഏതെങ്കിലുമൊരു രോഗിയുടെ കീശയിൽ നൂറ് രൂപ ഇട്ടുകൊടുക്കുന്ന ഡോക്ടറെ അറിയാം. മാസം ഒരു ലക്ഷത്തിനും മീതെ ശമ്പളമുള്ള വ്യക്തിയാണിതെന്നോർക്കണം. ഇത്തരത്തിൽ ചാരിറ്റി ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. പക്ഷെ, എവിടെ വച്ച്, എങ്ങനെ ചാരിറ്റി ചെയ്യുന്നു, എന്നതിലാണ് പ്രശ്നം. താനൊരു ദാനശീലനാണെന്ന ധാരണ വരുത്തി വയ്ക്കാൻ വേണ്ടി ചെയ്യുന്ന പ്രഹസനമാണ് പരസ്യമായി ഈ നൂറ് രൂപ കൊടുക്കൽ എങ്കിൽ കഷ്ടം എന്നേ പറയാനുള്ളൂ. നൂറു രൂപ സന്തോഷത്തോടുകൂടിത്തന്നെ പരസ്യമായി ദാനം വാങ്ങാനുള്ളത്ര ഗതികേടുള്ള രോഗികൾ നമുക്ക് ചുറ്റുമുണ്ടെന്ന യാഥാർത്ഥ്യം എനിക്ക് ഞെട്ടലോടുകൂടിയല്ലാതെ ഓർക്കാൻ പറ്റുന്നില്ല.
ചിലർ ഇത്തരത്തിൽ ചില്ലറ ചാരിറ്റിയൊക്കെ പരസ്യമായി നടത്തി, “ദാനശീലനായ ഡോക്ടർ” എന്ന പേരുണ്ടാക്കുന്നത് എന്തിനായിരിക്കും എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. ചിലപ്പോൾ ഇദ്ദേഹത്തിൻ്റെ ‘ഉദാരമനസ്കത’ കണ്ട് രോഗികൾ ഇദ്ദേഹത്തിന് മുകളിൽ പറഞ്ഞ ‘ദാമോദരൻ ഡോക്ടറുടെ’ സ്റ്റാറ്റസ് കൊടുക്കും എന്ന് വിചാരിക്കുന്നുണ്ടാവാം. നല്ല ഡോക്ടറാണെന്ന ഖ്യാതി നേടിയാൽ കൂടുതൽ പ്രൈവറ്റ് കൺസൾട്ടേഷനുകൾ ലഭിക്കും എന്ന് ചിന്തിക്കുന്നുണ്ടാവാം. ആഴ്ചയിൽ വെറും നൂറ് രൂപയുടെ ചിലവിൽ നൂറ് രോഗികളെ അധികം വീട്ടിലെ ക്ലിനിക്കിൽ എത്തിക്കാം എന്ന് വിചാരിക്കുന്നുണ്ടാവാം. എന്തോ, ഇത്തരം ചീപ്പ് ചാരിറ്റികളിൽ എനിക്ക് കച്ചവടമനോഭാവം മാത്രമേ കണ്ടെത്താൻ കഴിയുന്നുള്ളൂ. പോപ്പുലിസം കളിക്കുന്നവർക്ക് വ്യക്തമായ അജണ്ടകൾ ഉണ്ടാകുമെന്നും കൂടി ഓർക്കുക.
പണം പിടുങ്ങുന്ന കാര്യത്തിൽ രാഷ്ട്രീയക്കാർ കഴിഞ്ഞാൽ ഡോക്ടർമാരെയാണ് സമൂഹം മുൻപന്തിയിൽ നിർത്തിയിരിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ എന്ന് ഞാൻ പലവട്ടം ആലോചിച്ചിട്ടുണ്ട്. ഡോക്ടർ പത്ത് മിനിറ്റ് കൺസൾട്ടേഷന് 150 രൂപ മേടിക്കുന്നതുകൊണ്ടാവാം. ഒരു ശരാശരി രോഗി 150 രൂപ സമ്പാദിക്കുന്നത് ഏതാണ്ട് മൂന്ന് മണിക്കൂർ ജോലി ചെയ്തിട്ടാണ്. തങ്ങളുടെ മൂന്ന് മണിക്കൂറിൻ്റെ അധ്വാനം ഡോക്ടറുടെ വെറും പത്ത് മിനിറ്റിലെ അധ്വാനമാണെന്ന് ചിന്തിക്കുമ്പോൾ ഇത് അന്യായമാണെന്ന് തോന്നുന്നത് സ്വാഭാവികം. ജീവിതത്തിലെ നല്ലകാലത്തിൽ ഭൂരിഭാഗം സമയവും മാറ്റിവച്ച്, വർഷങ്ങൾ നീണ്ടുനിൽക്കുന്ന ട്രൈനിങ് നേടിയതു കൊണ്ടാണ് ഡോക്ടർക്ക് പത്ത് മിനിറ്റിൽ പരിശോധന നടത്തി മരുന്ന് കുറിക്കാൻ കഴിയുന്നത് എന്നത് പല രോഗികളും ഓർക്കാറില്ല. സമയവും കാലവും മറന്നുള്ള, റിസ്കുകൾ വളരെയധികമുള്ള ജോലിയാണ് ഡോക്ടറുടേതെന്നും ഓർക്കാറില്ല. ജോലി ചെയ്യുന്നവർക്ക് ന്യായമായ കൂലി കൊടുക്കാനാണ് മലയാളികൾക്ക് മടി. അതിന് കൃഷിത്തൊഴിലാളിയെന്നോ ഡോക്ടറെന്നോ വ്യത്യാസമില്ല. അതേസമയം, പൈസ ഇരട്ടിപ്പിച്ചു തരുന്ന ഫ്രോഡുകൾക്കും, മണി ചെയിനുകൾക്കുമൊക്കെ എത്ര പൈസ കൊടുക്കാനും തയ്യാറുമാണ്. ലക്ഷങ്ങൾ നഷ്ടം വരുന്ന ബിസിനസുകളും എത്ര റിസ്ക് എടുത്തും ചെയ്യും. ഇത്തരം അബദ്ധങ്ങൾക്ക് തലവെച്ചു കൊടുത്ത് ഭീമമായ നഷ്ടം സംഭവിക്കുമ്പോൾ ഇരുപുറം നോക്കി, ആരും കണ്ടിട്ടില്ലെന്ന് ഉറപ്പുവരുത്തി, ഒന്നും അറിയാത്തതുപോലെ നടക്കാനാണ് മലയാളി താല്പര്യപ്പെടുന്നത്. അപ്പോഴും കൃഷിത്തൊഴിലാളിയും ഡോക്ടറും കൂലി കൂടുതൽ ചോദിക്കുന്നതിനെക്കുറിച്ച് നിരന്തരം പരാതി പറയും.
പണം പിടുങ്ങുന്ന വേറൊരു കൂട്ടരുണ്ട്. ജേണലുകളും പുസ്തകങ്ങളും പബ്ലിഷ് ചെയ്യുന്ന കമ്പനികളാണിവർ. എൽസവെയർ എന്ന കമ്പനിയൊക്കെ കഴുത്തറപ്പൻ ലാഭമുണ്ടാക്കുന്നതിൽ മുൻപന്തിയിലാണ്. ഗവേഷകർ തങ്ങളുടെ ശാസ്ത്രപ്രബന്ധങ്ങൾ സൗജന്യമായാണ് ഇത്തരം കമ്പനികളുടെ ജേണലുകളിൽ പ്രസിദ്ധീകരിക്കുന്നത്. എന്നാൽ, ഈ പ്രബന്ധങ്ങൾ സബ്സ്ക്രൈബ് ചെയ്യാൻ ഉയർന്ന ഫീസാണ് ഗവേഷകരിൽ നിന്ന് ഈടാക്കുന്നത്. ഫിൻലാൻ്റ് മാത്രം പബ്ലിഷിങ് കമ്പനികൾക്ക് പ്രതിവർഷം 29 മില്യൺ യൂറോ ആണ് (ഏതാണ് 230 കോടി രൂപ) കൊടുത്തുകൊണ്ടിരുന്നത്. ജർമനി, സ്വീഡൻ, ഫിൻലൻ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യൂണിവേഴ്സിറ്റികൾ, എൽസവെയർ അടക്കമുള്ള കമ്പനികൾ ഭീമമായ തുക ഈടാക്കുന്നതിൽ പ്രതിഷേധിച്ച്, ഇവരുമായുള്ള കോണ്ട്രാക്റ്റ് പിൻവലിച്ചിരിക്കുകയാണ്. അതുകൊണ്ട് സ്വീഡനിൽ 2018 ജൂലൈ 1 മുതൽ പ്രസിദ്ധീകരിച്ച എൽസവയർ ജേണൽ പേപ്പറുകളൊന്നും നേരിട്ട് ലഭ്യമല്ലാതായി. എൽസവെയർ ഒരു പാഠം പഠിക്കുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്.
നേരത്തേ പറഞ്ഞ എൽസവെയർ എന്ന കമ്പനി ഒരു സ്റ്റുഡൻ്റ് അംബാസഡർ പ്രോഗ്രാം നടത്തുന്നുണ്ട്. 2013-ലെ സ്റ്റുഡെൻ്റ് അംബാസഡർ പ്രോഗ്രാമിൽ ഞാനും പങ്കെടുത്തിട്ടുണ്ട്. അന്നേ ഇവർ കഴുത്തറപ്പന്മാരാണെന്നത് അറിയാഞ്ഞിട്ടൊന്നുമല്ല. സ്വന്തമായി നയാപൈസ കയ്യിലില്ലാത്ത കാലമാണ്. പ്രോഗ്രാമിൽ ചേർന്ന്, അവരുടെ പുസ്തകങ്ങളിലെ തെറ്റുകളോ, അപൂർണ്ണ വിവരങ്ങളോ കണ്ടെത്തി, അതിനെക്കുറിച്ച് റിവ്യൂ എഴുതിക്കൊടുത്താൽ 20,000 രൂപ വിലയുള്ള ടെക്സ്റ്റ് ബുക്കുകൾ തരാം എന്ന എൽസവെയറിൻ്റെ ഓഫറിൽ ഞാൻ വീണു. നെൽസൺസ് പീഡിയാട്രിക്സ് ടെക്സ്റ്റ്ബുക്ക് ഒക്കെ എനിക്ക് റിവ്യൂ എഴുതിയതുകൊണ്ട് കിട്ടിയതാണ്. ഇപ്പോഴായിരുന്നെങ്കിൽ ഇത്തരം ഒരു കമ്പനിയെ എൻഡോർസ് ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കാൻ ഞാൻ തയ്യാറാകുമായിരുന്നില്ല. നൂറു രൂപ സക്കാത്ത് കിട്ടാൻ വേണ്ടി ഡോക്ടറെ വണങ്ങുന്ന രോഗിയുടെ അവസ്ഥയും, വിലകൂടിയ പുസ്തകങ്ങൾ കിട്ടാനായി എൽസവെയറിനെ താങ്ങി നടക്കുന്ന വിദ്യാർത്ഥിയുടെ അവസ്ഥയും ഏതാണ്ട് ഒരുപോലെത്തന്നെയാണ് ഇപ്പോൾ മനസിലാകുന്നു.
ചികിത്സയ്ക്ക് ചിലവേറുന്നതിനെക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്. ചികിത്സയ്ക്ക് ചിലവേറുന്നതിൻ്റെ മുഴുവൻ കുറ്റവും വന്നുചേരുന്നത് ഡോക്ടറുടെ തലയിലാണ്. ലാബ് പരിശോധനയ്ക്ക് വിലയേറിയാലും, മരുന്നിന് വില കൂടിയാലും, ഹോസ്പിറ്റൽ സർവീസുകളുടെ വില കൂട്ടിയാലും അവസാനം എല്ലാത്തിൻ്റെയും പഴി കേൾക്കേണ്ടി വരുന്നത് ഡോക്ടർമാർ മാത്രമാണ്. ആരോഗ്യമേഖലയിൽ രോഗി നേരിട്ട് സമ്പർക്കം പുലർത്തുന്നയാൾ എന്ന നിലയ്ക്ക് ആരോഗ്യമേഖല=ഡോക്ടർ എന്ന സമവാക്യം തന്നെ രൂപപ്പെട്ടു വന്നിട്ടുള്ളതിനാലാകാം എല്ലാ പഴിയും ഡോക്ടർക്ക് കേൾക്കേണ്ടി വരുന്നത്. ഇവിടെ നമ്മൾ മനസിലാക്കേണ്ട കാര്യം, ഈ പ്രശ്നം ഡോക്ടർമാരുടെ കയ്യിൽ ഒരുങ്ങുന്നതല്ല, എന്നതാണ്. ഒരു രാജ്യത്തെ പൗരന്മാരുടെ ആരോഗ്യസംരക്ഷണം അവിടുത്തെ സ്റ്റേറ്റിൻ്റെ ചുമതലയാണ്. നമ്മൾ കൊടുക്കുന്ന ടാക്സ് ഉപയോഗിച്ച്, ചിലവു കുറഞ്ഞതും, ഗുണമേന്മയുള്ളതുമായ ആരോഗ്യപരിരക്ഷ സർക്കാർ തരേണ്ടതുണ്ട്. കേരളത്തിലും, ഇന്ത്യയിൽ മറ്റിടങ്ങളിലും, സർക്കാർ സംവിധാനം അപര്യാപ്തമാണ്. അതുകൊണ്ടു തന്നെ, ചികിത്സയ്ക്കായി രോഗികൾക്ക് പ്രൈവറ്റ് സംവിധാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. പ്രൈവറ്റ് ആശുപത്രികൾ ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്. അതുകൊണ്ടു തന്നെ അവർക്ക് നഷ്ടം സഹിച്ചുകൊണ്ട് ചികിത്സ നടത്താൻ കഴിയില്ല. പ്രൈവറ്റ് ആശുപത്രികളിൽ ചികിത്സാചിലവ് കൂടുന്നുണ്ടെങ്കിൽ അത് സർക്കാർ എടുക്കുന്ന മോശം പോളിസികളുടെ പരിണിതഫലമായി സംഭവിക്കുന്നതാണ് എന്നതുകൊണ്ട്, ഡോക്ടർമാർ വിചാരിച്ചതുകൊണ്ട് മാത്രം ചികിത്സാചിലവ് കുറയുന്നില്ല. ഡോക്ടർ എന്നത് വേതനത്തിനു വേണ്ടി ജോലി ചെയ്യുന്ന വ്യക്തിയാണ്. ചെയ്യുന്ന ജോലിക്ക് ആനുപാതികമായ ശമ്പളം അവർക്ക് അർഹതപ്പെട്ടതാണ്. അതിനാൽ ഡോക്ടർമാരോട് നഷ്ടം സഹിച്ച് ചികിത്സിക്കണം എന്ന് ആവശ്യപ്പെടുന്നതും നീതിയല്ല. ചുരുക്കി പറഞ്ഞാൽ, ഗുണമേന്മയുള്ള ചികിത്സ കുറഞ്ഞ ചിലവിൽ സർക്കാർ ലഭ്യമാക്കാത്തപക്ഷം, രോഗികളുടെ ചികിത്സാചിലവ് ഇനിയും കൂടുകയേ ഉള്ളൂ. അതിനാൽ സർക്കാർ അടിയന്തരമായി ആരോഗ്യമേഖലയിൽ കൂടുതൽ ധനനിക്ഷേപം നടത്തുകയും, സർക്കാർ ആശുപത്രികളിൽ കൂടുതൽ സ്റ്റാഫിനെ നിയമിക്കുകയും, മരുന്നുകൾ വിലക്കുറവിൽ ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ട്. ആരോഗ്യമേഖല കോർപ്പറേറ്റ് ഭീമന്മാരുടെ കയ്യിലകപ്പെട്ടാൽ എന്തു സംഭവിച്ചേക്കാം എന്നതിനെക്കുറിച്ച് ഈ വീഡിയോയിൽ കാണാം.
ഇത്രയും വായിച്ചശേഷം, രോഗികളുടെ കയ്യിൽ നിന്നും ഒരുപാട് പണം പിടുങ്ങുന്ന കഴുത്തറപ്പൻ ഡോക്ടർമാരും ഇല്ലേ എന്ന സംശയം സ്വാഭാവികമായും വരാം. കൊള്ളലാഭം ഉണ്ടാക്കുന്ന ഡോക്ടർമാരും ഉണ്ട് എന്നതിൽ സംശയമൊന്നുമില്ല. നൈതികമല്ലാത്ത രീതിയിൽ പണം സമ്പാദിക്കുന്ന കുറച്ച് പേർ എല്ലാ മേഖലയിലും ഉള്ള പോലെ ഡോക്ടർമാർക്കിടയിലും ഉണ്ട്. എന്ന് വച്ച് തോന്നിയതു പോലെ ചികിത്സിക്കാനും പണം വാങ്ങാനും ഡോക്ടർക്ക് പരിമിതികളുണ്ട്. പാലം നിർമ്മിക്കാനായി വകയിരുത്തിയ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ഈസിയായി കയ്യിട്ട് വാരുന്നത് പോലെ എളുപ്പമുള്ള പണിയല്ല ഓരോ രോഗിയെയും കബളിപ്പിച്ച് പണം പിടുങ്ങുക എന്നത്. ആധുനിക കാലത്തെ രോഗികൾ ചികിത്സയുടെ ചിലവിനെക്കുറിച്ച് വളരെ ആശങ്കാകുലരാണ്. ചിലവ് കൂടുതലാണ് എന്ന നേരിയ തോന്നൽ ഉണ്ടായാൽ പോലും, മറ്റൊരു ഡോക്ടറെക്കൂടി കണ്ട് ചിലവിൻ്റെ കാര്യത്തിൽ ഉറപ്പു വാങ്ങിയതിനു ശേഷമേ രോഗി ചികിത്സയ്ക്ക് തയ്യാറാവാറുള്ളൂ. ഒരു ഡോക്ടർ താൻ ചെയ്ത ചികിത്സ കൃത്യമായി ഡോക്യുമെൻ്റ് ചെയ്യുകയും, അത് രോഗിക്ക് ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ട്. കാശുണ്ടാക്കാൻ വേണ്ടി അമിത ചികിത്സ നടത്തിയാൽ, ഹോസ്പിറ്റൽ ബില്ലും, പ്രിസ്ക്രിപ്ഷനും കയ്യിലുള്ള രോഗി എന്നെങ്കിലും സത്യാവസ്ഥ അറിഞ്ഞ്, ഡോക്ടർക്കെതിരെ നിയമനടപടിക്ക് മുതിർന്നേക്കാം. കൂടാതെ, ഡോക്ടർമാരെ സംബന്ധിച്ചിടത്തോളം സൽപ്പേര് വളരെ പ്രധാനമാണ്. “പണം പിടുങ്ങുന്ന ഡോക്ടർ” എന്ന അപഖ്യാതി നേടിയാൽ ചികിത്സയ്ക്ക് സമീപിക്കുന്ന രോഗികളുടെ എണ്ണവും കുറയും. ഇതൊന്നും പോരാതെ, സ്വന്തം മനസ്സാക്ഷി ഡോക്ടറെ നിരന്തരം അലട്ടിക്കൊണ്ടിരിക്കും. ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടാവുമെന്നറിഞ്ഞിട്ടും, വലിയ റിസ്കെടുത്തും ചില ഡോക്ടർമാർ കൊള്ളലാഭം വാങ്ങിക്കുന്നുണ്ട് എന്ന് തന്നെ വേണം കരുതാൻ. ഇവർ എണ്ണത്തിൽ കുറവായിരിക്കും എന്ന് മാത്രം. ഇത്തരക്കാരെ ഓഡിറ്റ് ചെയ്യാൻ ഡോക്ടർമാരുടെ സംഘടനകൾ തയ്യാറായാലേ രോഗികൾക്ക് നൈതികമായ ചികിത്സ ഉറപ്പാക്കാൻ പറ്റുകയുള്ളൂ.
ഈ സീരീസിലെ മറ്റ് പോസ്റ്റുകൾ:
1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?
2. ഏത് വിഷയത്തിൽ പി.ജി എടുക്കണം?
3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്?
4. ഡോക്ടർ ചിന്തിക്കുന്നത് എങ്ങനെയാണ്?
5. വ്യാജഡോക്ടർമാർ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?
6. ഡോക്ടർമാർക്ക് ചില വ്യത്യസ്ത ജോലിസാധ്യതകൾ
7. ആരെയാണ് ശരിക്കും സൂക്ഷിക്കേണ്ടത്?
8. ഫയാസിനു ബ്ലഡ് കൊടുക്കണോ ഡോക്ടർ?
10. ഐ.സി.യു വിൽ പ്രവേശിപ്പിച്ചതുകൊണ്ടാണോ മരിച്ചു പോകുന്നത്?
11. ലേഡി ഡോക്ടർ ഇല്ലാത്ത കാലം (ഭാഗം 1), (ഭാഗം 2)
13. വിക്കിപീഡിയയും ആധുനിക വൈദ്യവും
14. തല്ല് കിട്ടിക്കഴിഞ്ഞാൽ എന്ത് ചെയ്യണം?
15. ഡോക്ടർമാർ ഓൺലൈനിൽ ഇടപെടുമ്പോൾ
16. ഇൻ്റർനെറ്റും ആരോഗ്യ അവബോധവും