1990-കളിൽ അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലെ കുറ്റകൃത്യനിരക്ക് കുത്തനെ ഇടിഞ്ഞു. ഇതിന് കാരണമെന്താണെന്ന് കണ്ടെത്തിയത് സാമ്പത്തികശാസ്ത്രജ്ഞരാണ്. 1970-കളിൽ അബോർഷൻ നിയമവിധേയമാക്കിയതാണ് കുറ്റകൃത്യങ്ങളുടെ എണ്ണം കുറയാൻ കാരണം എന്നാണ് ഇവർ കണ്ടെത്തിയത്. (ഗർഭച്ഛിദ്രം, ഭ്രൂണഹത്യ എന്നീ ആളുകളെ പേടിപ്പെടുത്തുന്ന വാക്കുകൾ ഉപയോഗിക്കുന്നതിനു പകരം ലളിതമായ ‘അബോർഷൻ’ എന്ന വാക്ക് ഉപയോഗിച്ച് പ്രചാരത്തിലാക്കണം എന്നാണ് എൻ്റെ അഭിപ്രായം. ഈ ലേഖനത്തിൽ തുടർന്നും അബോർഷൻ എന്ന വാക്കാണ് ഉപയോഗിക്കുന്നത്). 1970-കളിൽ അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും ആദ്യമായി അബോർഷൻ നിയമവിധേയമാക്കിയപ്പോൾ, ഒരുപാട് സ്ത്രീകൾ ഈ അവസരം വിനിയോഗിച്ചു. കുട്ടികളെ വളർത്താൻ കെൽപ്പില്ലാത്തവരും, സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവരും, ലൈംഗികപീഡനത്തിനിരയായി ഗർഭിണികളായവരുമൊക്കെ അബോർഷൻ ചെയ്യാൻ മുന്നോട്ടു വന്നു. അബോർഷൻ നിയമവിധേയമാക്കിയിരുന്നില്ലെങ്കിൽ 1990-കളിൽ ഇവർക്ക് ജനിച്ച കുട്ടികൾക്ക് 20-30 വയസ്സ് ഉണ്ടായിരുന്നേനെ. ഈ കുട്ടികളെ വേണ്ടാഞ്ഞിട്ടും ജന്മം കൊടുത്തതാണെന്നതുകൊണ്ട് ഇവർക്ക് നല്ല വിദ്യാഭ്യാസവും, സന്തോഷകരമായ ചുറ്റുപാടുകളും കിട്ടിയിട്ടുണ്ടായിരിക്കില്ല. ഇത്തരം കുട്ടികൾ പഠനത്തിൽ പിന്നോട്ടാകുകയും, മാനസികപ്രശ്നങ്ങൾക്ക് അടിമപ്പെടുകയും, അകാരണമായ ഭയമോ വിദ്വേഷമോ ദേഷ്യമോ പ്രകടിപ്പിക്കുകയും, ദുർഗുണങ്ങൾ കാണിക്കുകയും ചെയ്യാനുള്ള സാധ്യത മറ്റു കുട്ടികളെക്കാൽ കൂടുതലാണ്. വളർന്നതിനു ശേഷവും ഈ കുട്ടികൾ കുറ്റകൃത്യങ്ങൾ ചെയ്യാനും, സാമൂഹ്യവിരുദ്ധ സ്വഭാവം കാണിക്കാനുമുള്ള സാധ്യതയുണ്ട്. അമേരിക്കയിൽ അബോർഷൻ നിയമവിധേയമാക്കിയതോടെ ഇത്തരം കുട്ടികൾ ജനിക്കാതായി. നിയമം വന്ന് 20-30 കൊല്ലങ്ങൾ കഴിഞ്ഞതിനു ശേഷം (ജനിച്ചിരുന്നെങ്കിൽ ഇവർ മുതിർന്നവരാകേണ്ട സമയപരിധിക്ക് ശേഷം) അതോടെ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. അബോർഷനും കുറ്റകൃത്യങ്ങളൂം തമ്മിലുള്ള ഈ ബന്ധം അമേരിക്കയിൽ മാത്രമല്ല, മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ പഠനങ്ങളിലും തെളിയിക്കപ്പെട്ടിട്ടുള്ളതാണ് (അധികവായനയ്ക്ക്: ഫ്രീക്കണോമിക്സ്). പള്ളിയുടെ ഫ്ലക്സ് ബോർഡിൽ പത്താമതായി ജനിച്ച് ഡോക്ടറായ കുട്ടിയുടെ വിജയഗാഥ മാത്രമേ കാണുകയുള്ളൂ. ലക്ഷക്കണക്കിനു വരുന്ന നിരാലംബരായ കുട്ടികളുടെയും, അവരുടെ കുടുംബത്തിൻ്റെയും കഥകൾ അവർ പറഞ്ഞുകേട്ടിട്ടില്ല. ഇത്തരം കുട്ടികളുടെ ജീവിതച്ചെലവ് ഏറ്റെടുത്ത് കണ്ടിട്ടുമില്ല.

അബോർഷൻ നിഷേധിക്കപ്പെടുന്ന സ്ത്രീകൾ വളരെ ദയനീയരാണ്. ഈ കുഞ്ഞിനെ പോറ്റിവളർത്താൻ കഴിയുമോ എന്ന ആധി അവരെ മാനസിക സമ്മർദ്ദത്തിലേക്കും, വിഷാദരോഗത്തിലേക്കും തള്ളിവിടും. കുഞ്ഞ് ജനിച്ചശേഷം വളർത്തി വലുതാക്കാനുള്ള ബുദ്ധിമുട്ട് വേറെ. നിയമപരമായി അബോർഷൻ ചെയ്യാനുള്ള അവകാശം പല കാരണങ്ങൾ കൊണ്ട് വിനിയോഗിക്കാൻ കഴിയാതെ വരുമ്പോളാണ് ജീവൻ പണയം വച്ചും അബോർഷൻ വീട്ടിൽ വച്ച് ചെയ്യാൻ പലരും നിർബന്ധിതരാകുന്നത്. ഇന്ത്യയിൽ 78% അബോർഷനുകളും ആശുപത്രികൾക്ക് പുറത്താണ് ചെയ്യപ്പെടുന്നത് എന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഞാനറിയുന്ന ആരും ഇതുവരെ അബോർഷൻ നടത്തിയിട്ടില്ല എന്ന് ചിലർ അടിച്ചുവിടുന്ന കമൻ്റുകളൊക്കെ വെറും ഉടായിപ്പാണ്. കണക്കിലൂടെ തെളിയിച്ചു തരാം. ഇന്ത്യയിൽ ഒരു വർഷം 130 മില്ല്യൺ ജനനങ്ങൾ നടക്കുന്നുണ്ട്, 15.6 മില്ല്യൺ അബോർഷനുകളും. എന്നു വച്ചാൽ, ഓരോ എട്ട് കുഞ്ഞുങ്ങൾ ജനിക്കുമ്പോഴും ഒരു കുഞ്ഞ് അബോർഷൻ്റെ ഫലമായി ജനിക്കപ്പെടാതെ പോകുന്നുണ്ട്. അബോർഷനുകളുടെ കണക്കെടുക്കുമ്പോൾ പെൺഭ്രൂണഹത്യകൾ അതിൽ പെടുന്നില്ലേ, ഇവയിൽ ഭൂരിഭാഗവും അങ്ങ് നോർത്തിന്ത്യയിലല്ലേ നടക്കുന്നത് എന്നൊക്കെ ചോദിച്ച് പിടിച്ച് നിൽക്കാമെന്നേ ഉള്ളൂ. കേരളത്തിലെ സമഗ്രമായ ഡേറ്റ ഇല്ലാത്തതുകൊണ്ട് അറിയാവുന്ന കണക്കുകൾ വച്ച് ഊഹിക്കുകയേ നിവൃത്തിയുള്ളൂ. എനിക്ക് തോന്നുന്നത്, നിങ്ങൾ പത്ത് കുഞ്ഞുങ്ങൾ ജനിച്ച വാർത്ത കേട്ടിട്ടുണ്ടെങ്കിൽ, നിങ്ങൾ അറിയുന്ന ഒരു കുടുംബത്തിൽ എങ്കിലും അബോർഷൻ നടന്നുകാണണം എന്നാണ്. ഭ്രൂണം തനിയേ അബോർട്ട് ആയി പോകുന്ന അവസ്ഥയെയല്ല ഇവിടെ പ്രതിപാദിക്കുന്നത്, മാതാവ് തീരുമാനിച്ച ശേഷം അബോർഷൻ നടത്തുന്നതിനെക്കുറിച്ചാണ് പറയുന്നത്. കുഞ്ഞ് ജനിക്കുമ്പോൾ ഫെയ്സ്ബുക്കിൽ പോസ്റ്റിടുന്നതുപോലെ, അബോർഷൻ നടത്തിയ ശേഷം ആരും പോസ്റ്റിടുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. സ്വന്തം ബന്ധുക്കളിൽ നിന്നുപോലും മറച്ചു വയ്ക്കപ്പെടുന്നതുകൊണ്ട് ഇതൊന്നും നിങ്ങൾ അറിയുന്നില്ലന്നേ ഉള്ളൂ, അതുകൊണ്ട് അബോർഷൻ നടക്കുന്നില്ല എന്നർത്ഥമില്ല. അബോർഷനു വിധേയമായ സ്ത്രീയും, അത് പൂർണ്ണസമ്മതത്തോടു കൂടിയാണ് ചെയ്തതെങ്കിലും, വളരെയധികം മാനസികസംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അബോർഷനു ശേഷം ഇവരുടെ സൗഖ്യം ഉറപ്പാക്കുന്നതിലുപരി, വിവരം മറച്ചുവയ്ക്കാനുള്ള ആകുലതയാണ് മിക്ക കുടുംബങ്ങൾക്കും എന്നതുകൊണ്ട്, മാനസിക സമ്മർദ്ദം സഹിച്ചും എല്ലാവരുടെയും മുന്നിൽ സന്തോഷം അഭിനയിക്കേണ്ടി വരുന്ന ദയനീയാവസ്ഥയും ഉണ്ട്.
അബോർഷൻ ആവശ്യപ്പെട്ട് വരുന്നവർക്ക് സദാചാര ക്ലാസുകൾ കൊടുത്ത് പിന്തിരിപ്പിക്കുന്ന ഡോക്ടർമാരും ഉണ്ട്. കുഞ്ഞുങ്ങളില്ലാത്ത മറ്റ് സ്ത്രീകളുടെ വിഷമങ്ങളാണ് സ്ഥിരം പറഞ്ഞു കൊടുക്കുന്ന കഥകൾ. സ്വന്തം കുഞ്ഞിനെ ഒരുപാട് കഷ്ടപ്പാട് സഹിച്ച് വളർത്തിയെടുത്ത കഥകളാണ് അടുത്തത്. എപ്പോൾ വേണമെങ്കിലും ജോലിക്ക് തിരിച്ചുകയറാം എന്ന ആത്മവിശ്വാസവും, വീട്ടുജോലി ചെയ്യാൻ ജോലിക്കാരും, ‘വയ്യ’ എന്ന് പറയുമ്പോഴേക്കും സഹായത്തിന് ഓടിയെത്തുന്ന മാതാപിതാക്കളും, ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഭർത്താവും, താമസിക്കാൻ ദന്തഗോപുരവുമുള്ളവർക്ക് വേണമെങ്കിൽ എട്ടോ പത്തോ കുഞ്ഞുങ്ങളെ നല്ലരീതിയിൽ വളർത്താം. ഇത്തരം പ്രിവിലേജുകൾ ഇല്ലാത്തവർക്ക് ഒരു കുഞ്ഞിനെ വളർത്തുക എന്നത് സാധ്യമല്ലായിരിക്കാം. ഓരോരുത്തരുടെയും അനുഭവങ്ങളും, ജീവിതസാഹചര്യങ്ങളും വ്യത്യസ്തമാണ്. അബോർഷനു വേണ്ടി ആശുപത്രിയിൽ വരുന്നവർ അതിന് ഒരുമ്പെടുന്നത് ഗത്യന്തരമില്ലാഞ്ഞിട്ടാണ്. അവരുടെ മുന്നിൽ സദാചാരപ്രസംഗം നടത്തുന്നതും, അവരുടെ ജീവിതയാഥാർത്ഥ്യങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നതും ലജ്ജാവാഹമാണ്. അവളവളുടെ ജീവിതത്തിന് ഉതകുന്ന തീരുമാനം എന്താണെന്ന് നിർണ്ണയിക്കാനുള്ള അധികാരം അവളവൾക്കു മാത്രമാണ്. ചില സ്ത്രീകൾ കൂസലില്ലാതെ ക്ലിനിക്കിൽ വന്ന് ‘ഇതിനെ ഒഴിവാക്കിത്തരണം’ എന്നൊക്കെ പറയാറുണ്ടെന്ന് കേട്ടിട്ടുണ്ട്. ഞാൻ ഇതുവരെ അത്തരം സ്ത്രീകളെ കണ്ടിട്ടില്ല. കൂസൽ ഉണ്ടോ ഇല്ലയോ എന്നതൊക്കെ വിധിക്കുന്നത് നമ്മുടെ ഉള്ളിൽ തന്നെയുള്ള കാലഹരണപ്പെട്ട സദാചാരബോധമാണ്. അബോർഷനു വേണ്ടി സമീപിക്കുന്ന സ്ത്രീയെ, ഇതുകൊണ്ടുണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ മാത്രം എന്താണെന്ന് ഭാവനയും, ഗുണപാഠകഥകളും ചേർക്കാതെ യുക്തിസഹമായി പറഞ്ഞ് മനസിലാക്കിക്കൊടുക്കുക. ഇതു മനസിലാക്കിയ ശേഷവും അബോർഷനുവേണ്ടി അവർ തയ്യാറാകുകയാണെങ്കിൽ അതിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയാണ് വേണ്ടത്. ഇവരെ അബോർഷൻ അനുവദിക്കാതെ തിരിച്ചുവിട്ടാൽ, അമേരിക്കയിൽ സംഭവിച്ചതുപോലെ, ഇവർക്കുണ്ടായ കുഞ്ഞുങ്ങൾ ക്രിമിനൽ പശ്ചാത്തലത്തിലേക്ക് നീങ്ങാനും, അവർ നിങ്ങളുടെ കാറിൻ്റെ ചില്ല് തന്നെ അടിച്ച് പൊളിക്കാനുമുള്ള സാധ്യതയും ഇല്ലാതില്ല.
എന്തുകൊണ്ടാണ് അളുകൾക്ക് അബോർഷൻ ചെയ്യേണ്ടിവരുന്നത്? ഫാമിലി പ്ലാനിങ് ചെയ്യുന്നതല്ലേ ഇതിനെക്കാൾ എളുപ്പമുള്ള രീതി? ഫാമിലി പ്ലാനിങ് തന്നെയാണ് എളുപ്പം എന്നതിൽ സംശയമില്ല. എന്നാൽ, ഇത് ഒഴുക്കിൽ അങ്ങ് പറയുന്നതുപോലെ പ്രാവർത്തികമാക്കാൻ ലേശം ബുദ്ധിമുട്ടാണ്. ഗർഭനിരോധന മാർഗ്ഗങ്ങൾ 100% ഗർഭങ്ങളും തടയുന്നില്ല. പുരുഷ കോണ്ടത്തിൻ്റെ പരാജയനിരക്ക് പ്രതിവർഷം 18% ആണെങ്കിൽ ഗർഭനിരോധനഗുളികയുടേത് 9% ആണ് (അവലംബം). രണ്ടും കൂടി ഒരുമിച്ചുപയോഗിച്ചാലും ഗർഭധാരണത്തിന് പ്രതിവർഷം 1.6% സാധ്യത ഉണ്ട്*. മതസ്ഥാപനങ്ങൾ നടത്തുന്ന വിവാഹപൂർവ്വ ക്ലാസുകളിലൊക്കെ ഫാമിലി പ്ലാനിങ്ങ് കൊടിയ പാപം എന്നതുപോലെയാണ് അവതരിപ്പിക്കുന്നത്. ഇനി, ഫാമിലി പ്ലാനിങ് ചെയ്യുന്നവർ മാക്സിമം പോയാൽ സേഫ് പിര്യഡ് മാർഗ്ഗം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് ഇവർ പറഞ്ഞ് ഫലിപ്പിക്കും. ഇതും വിശ്വസിച്ച് പോകുന്ന നവദമ്പതികളിൽ നൂറിൽ 24 പേരും ആദ്യ ഒരു വർഷത്തിൽ തന്നെ ഗർഭിണികളാവും, അടുത്ത പതിനെട്ട് പേർ രണ്ടാം വർഷത്തിലും. വിവാഹത്തിനു മുൻപ്, പോട്ടെ, വിവാഹത്തിനു ശേഷമെങ്കിലും ഫാമിലി പ്ലാനിങ്ങിനെക്കുറിച്ച് വിശദമായി സംസാരിച്ച്, ഏത് കോൺട്രാസെപ്ഷൻ രീതി ഉപയോഗിക്കണമെന്നും, എത്ര കുഞ്ഞുങ്ങൾ വേണമെന്നും, ആദ്യ കുഞ്ഞ് എത്ര വർഷത്തിനു ശേഷം വേണമെന്നുമെല്ലാം തീരുമാനിക്കുന്നവർ ചുരുക്കമാണ്. ഇന്ന് സെക്സ് വേണ്ട എന്നതിന് “ചേട്ടാ, തലവേദനയാണ്” എന്ന കോഡുഭാഷ ഉപയോഗിക്കേണ്ടത്ര ഗതികേടുള്ളവരാണ് മലയാളിസ്ത്രീകൾ. ഫാമിലി പ്ലാനിങ്ങിൻ്റെ മുഴുവൻ ചുമതലയും സ്ത്രീകളുടെ തലയിൽ കെട്ടിവയ്ക്കുന്ന പുരുഷന്മാരാണ് ഭൂരിഭാഗവും. വാസക്ടമി എളുപ്പത്തിൽ ഓ.പിയിൽ ചെയ്യാവുന്ന ചെറിയ സർജറിയാണെന്നിരിക്കെ, ഇവർ സ്ത്രീകളെ സ്നേഹപൂർവ്വം നിർബന്ധിച്ച് വയറിൽ മുറിവിടുന്ന, സങ്കീർണ്ണതകൾ കൂടുതലുള്ള ട്യൂബെക്ടമി ചെയ്യിപ്പിക്കും. അഭ്യസ്തവിദ്യർ ഏറെയുള്ള ബെംഗളൂരുവിൽ വരെ 59% സ്ത്രീകളും ട്യൂബെക്ടമി ചെയ്യുമ്പോൾ വെറും 0.4 ശതമാനം പുരുഷന്മാർ മാത്രമേ വാസക്ടമി ചെയ്യുന്നുള്ളൂ എന്നാണ് കണക്കുകൾ കാണിക്കുന്നത്. നോ-സ്കാൽപ്പൽ വാസക്ടമിയെക്കുറിച്ച് 2013-ൽ ഞാൻ ഒരു വിക്കിപീഡിയ ലേഖനം തുടങ്ങിവച്ചിരുന്നു. ഇത് വായിക്കുന്ന സർജന്മാർ ആരെങ്കിലുമുണ്ടെങ്കിൽ ഈ ലേഖനം വികസിപ്പിക്കാൻ എന്നെ സഹായിക്കണം. വാസക്ടമി ചെയ്ത അനുഭവം പങ്കുവച്ച ചങ്ക് ബ്രോ ഹബീബിൻ്റെ ലേഖനവും വായിക്കുക.
ഐസ്ലാൻ്റിൽ ഡൗൺസ് സിൻഡ്രോം എന്ന രോഗത്തെ ഏതാണ്ട് നിർമ്മാർജ്ജനം ചെയ്തു. യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലും ഡൗൺസ് സിൻഡ്രോം കുത്തനെ കുറഞ്ഞു വരികയാണ്. ഇതിന് കാരണം ഈ രോഗത്തിനു മരുന്ന് കണ്ടുപിടിച്ചതൊന്നുമല്ല കെട്ടോ. കുഞ്ഞ് ജനിക്കുന്നതിനു മുൻപ് തന്നെ സ്കാനിങ്ങിലൂടെ കണ്ടെത്തി അബോർഷൻ ചെയ്യുന്നതുകൊണ്ട് ഇവിടെ ഡൗൺസ് സിൻഡ്രോം ഉള്ള കുഞ്ഞുങ്ങൾ ജനിക്കുന്നില്ല. ഇനി ഡൗൺസ് സിൻഡ്രോം ഉള്ള കുഞ്ഞ് ജനിച്ചാൽ തന്നെ, ഇവരുടെ വളർച്ചയ്ക്കാവശ്യമുള്ള സഹായങ്ങളെല്ലാം തന്നെ സർക്കാർ ചെയ്തുകൊടുക്കുന്നുമുണ്ട്. സ്വീഡനിൽ ഇവരുടെ സ്പെഷ്യൽ സ്കൂൾ വിദ്യാഭ്യാസം, സാധാരണ കുട്ടികളുടെ വിദ്യാഭ്യാസം പോലെത്തന്നെ സൗജന്യമാണ്. നിരാലംബരായ ഇത്തരം കുട്ടികളെ, മാതാപിതാക്കളുടെ കാലശേഷം സർക്കാർ സംരക്ഷണത്തിലാക്കും എന്നതുകൊണ്ട്, മരണശേഷം ഇവരെ ആരു നോക്കും എന്ന ആധിയും മാതാപിതാക്കൾക്ക് വേണ്ട. നമ്മുടെ നാട്ടിൽ ഇത്തരം സംവിധാനങ്ങളൊന്നും ഇല്ലാത്തതുകൊണ്ടുതന്നെ, വൈകല്യങ്ങൾ കണ്ടെത്തിയാൽ അബോർഷൻ ചെയ്യുന്നതാണ് മാനവികമായ പരിഹാരം. വൈകല്യമുള്ള കുട്ടികൾ ജനിച്ചാൽ അത് കുടുംബത്തിനും, കുട്ടിക്കുതന്നെയും ദുരിതമാണ്. സമൂഹത്തിന് അധികഭാരമാണ്. ജനനം നിഷേധിക്കുന്നതാണോ, ജനിപ്പിച്ചിട്ട് ജീവപര്യന്തം പീഡിപ്പിക്കുന്നതാണോ ഭേദം എന്ന് തലയിൽ ആൾത്താമസമുള്ള ആർക്കും ചിന്തിച്ചാൽ മനസിലാക്കാവുന്നതേ ഉള്ളൂ. ദൈവം തന്ന കുഞ്ഞുങ്ങളെ അബോർട്ട് ചെയ്യുന്നത് പാപമാണ് എന്നൊക്കെ മതങ്ങൾ പറയും. ഇതിൽ വീഴാതിരിക്കുക. മതങ്ങളുടെ അജണ്ട കൂടുതൽ അനുയായികളെ ഉണ്ടാക്കിയെടുക്കുക എന്നതാണ്. പ്രമുഖ മതങ്ങൾ പെട്ടെന്ന് വളരുന്നത് കുറേപ്പേർ ഈ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതുകൊണ്ടൊന്നുമല്ല, ആ മതവിശ്വാസികൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ കുട്ടികൾ ഉണ്ടാകുന്നതുകൊണ്ടാണ് എന്നത് മനസിലാക്കുക. മതത്തെ വളർത്താനുള്ള ഏറ്റവും ഫലവത്തായ ആയുധം പ്രസവമാണെന്ന് മതനേതാക്കൾക്ക് നന്നായി അറിയുന്നതുകൊണ്ടാണ് അവർ വിശ്വാസികളെ കൂടുതൽ കുഞ്ഞുങ്ങളുണ്ടാക്കാൻ നിർബന്ധിക്കുന്നത്.
കുഞ്ഞുണ്ടാകുക എന്നതാണ് ജീവിതത്തിൻ്റെ ലക്ഷ്യം എന്ന് കരുതി നടക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. കുഞ്ഞിനു ജന്മം കൊടുക്കാൻ പ്രാപ്തിയുണ്ട് എന്നത് തെളിയിക്കേണ്ട ബാധ്യത സമൂഹം നവദമ്പതികളുടെ തലയിൽ കെട്ടിവച്ചിട്ടുമുണ്ട്. സ്ത്രീജന്മം പൂർണ്ണമാകണമെങ്കിൽ കുഞ്ഞുണ്ടായേ തീരൂ എന്ന പൊതുബോധം ശക്തമായി നിലവിലുണ്ട്. പക്ഷെ, 132 കോടി ജനങ്ങളുള്ള രാജ്യമാണ് നമ്മുടേത്. ഇവിടെ ജനിച്ചു വീഴുന്ന വലിയൊരു വിഭാഗം കുഞ്ഞുങ്ങൾക്കും സമയത്തിന് ഭക്ഷണം പോലും കിട്ടുന്നില്ല. അതിനിടയിൽ ഒരു കുഞ്ഞിനെയും കൂടി വളർത്താനുള്ള പക്വതയും, കഴിവും, താല്പര്യവും, സാമ്പത്തികവും, സമയവുമുണ്ടെങ്കിലേ ഗർഭധാരണത്തെക്കുറിച്ച് ചിന്തിക്കാവൂ. ജനസംഘ്യയ്ക്കാനുപാതികമായി നോക്കിയാൽ ഏറ്റവും കൂടുതൽ ദത്തുകുട്ടികൾ ഉള്ള രാജ്യം സ്വീഡനാണ്. ഇവിടെ ആരും വെറുതേ കുട്ടികളെ ജനിപ്പിച്ച് ഉപേക്ഷിക്കാറില്ലാത്തതുകൊണ്ട്, ദത്തെടുക്കാൻ സ്വീഡിഷ് കുട്ടികളെ കിട്ടില്ല. അതുകൊണ്ട്, രാജ്യത്തിനു പുറത്ത് ചെന്നു വേണം ദത്തെടുക്കാൻ. ഒരു കുഞ്ഞിന് ജന്മം കൊടുത്ത ശേഷം, തങ്ങൾക്ക് മറ്റൊരു കുഞ്ഞിനെക്കൂടി വളർത്താനുള്ള കഴിവുണ്ടെങ്കിൽ, രണ്ടാമത്തെ കുഞ്ഞിനെ ദത്തെടുക്കുന്ന സ്വീഡിഷുകാരും ഉണ്ട്. ഇങ്ങനെ ഏഷ്യയിലും, ആഫ്രിക്കയിലും ചെന്ന് ദത്തെടുക്കപ്പെട്ട കുട്ടികൾ, മാതാപിതാക്കളിൽ നിന്നും വളരെ വ്യത്യസ്തമായ മുഖച്ഛായയും തൊലിനിറവുമാണെങ്കിലും കൂടി ആരും ഇവരെപ്പറ്റി ഗോസിപ്പുകൾ ഇറക്കാറില്ല. കേരളത്തിൽ ആയിരുന്നെങ്കിൽ ഇതിനകം കുട്ടിയുടെ അമ്മയുടെ ചാരിത്ര്യത്തെക്കുറിച്ച്, അല്ലെങ്കിൽ ദമ്പതികളുടെ വന്ധ്യതയെക്കുറിച്ച് കമ്പിക്കഥകൾ പാറിനടന്നേനെ.

മകൾക്ക് ഒരു കുഞ്ഞിക്കാല് കണ്ടിട്ട് മരിച്ചാൽ മതി എന്ന് പറയുന്ന വയോധികരുണ്ട്. ഇവരോട് നാഷണൽ ഹൈവേ സൈഡിലെ ആ ഒന്നരയേക്കർ പാടം പേരിൽ എഴുതിത്തന്നാൽ കുഞ്ഞിക്കാല് കാണിച്ചു തരാം എന്ന് പറഞ്ഞേക്കുക. അല്ലെങ്കിൽ കുഞ്ഞിനെ അഞ്ച് വയസ്സുവരെ വളർത്താൻ തയ്യാറാണോ എന്ന് ചോദിക്കുക. തനിനിറം അപ്പോൾ കാണാം. സ്വന്തം മരണം എന്ന യാഥാർത്ഥ്യത്തെ ഉപയോഗിച്ചുകൊണ്ട് മക്കളെയും, പേരമക്കളെയും ഇമോഷണൽ ബ്ലാക്ക്മെയിൽ ചെയ്യുന്നത് എന്തൊരു ചീപ്പ് പരിപാടിയാണെന്ന് ചിന്തിച്ചുനോക്കൂ. ഇതേ മുത്തച്ഛൻ പണ്ട് പറഞ്ഞ് നടന്നിരുന്നത് മോൾടെ കല്യാണം കഴിഞ്ഞിട്ട് കണ്ണടച്ചാൽ മതി എന്നായിരിക്കും. കല്യാണം കഴിയുന്നതോടുകൂടിയാണ് കുഞ്ഞിക്കാല് ചോദിച്ചു തുടങ്ങുക. അതിനു ശേഷം അടുത്ത കുഞ്ഞിക്കാല് ചോദിക്കും. അയ്യോ രണ്ട് കുഞ്ഞിക്കാലുകളും പെൺകാലുകളായിരുന്നേ, ഇനി ഒരു ആൺകാല് കൂടി വേണമെന്ന് പറയും. അങ്ങനെ അക്ഷയപാത്രം പോലെ ഇവരുടെ ആവശ്യങ്ങൾ ഒന്നിനു പിറകേ ഒന്നായി വന്നുകൊണ്ടേ ഇരിക്കും. ഇവരുടെ വാക്കും അനുസരിച്ച് നടക്കുകയാണെങ്കിൽ ജീവിതാന്ത്യം വരേയ്ക്കും അവർക്കു വേണ്ടി ജീവിക്കേണ്ടി വരും. ഇവരുടെ ആഗ്രഹങ്ങൾക്ക് വേണ്ടി ഒരിക്കലും സ്വന്തം ജീവിതം പന്താടിക്കളിക്കരുത്. കുഞ്ഞിനെ വളർത്തി വലുതാക്കാൻ ഇവരിൽ നിന്നും യാതൊരു സഹായവും ലഭിക്കാനും സാധ്യതയുമില്ല. കുഞ്ഞിക്കാല് വിഷയത്തിൽ നമ്മൾ ഇവരുടെ അഭിപ്രായം മൈൻ്റ് ചെയ്യുന്നില്ല എന്നത് ബോധ്യപ്പെട്ടാൽ അവർ വേറെ ഇരയെ തിരഞ്ഞ് പൊയ്ക്കോളും. നമ്മളെ സത്യസന്ധമായി സ്നേഹിക്കുന്നവരാകട്ടെ, ഇത്തരം ആവശ്യങ്ങളൊന്നും വയ്ക്കാതെ, പരിധിയില്ലാതെ സ്നേഹിക്കുകയാണ് ചെയ്യുക. ഒന്നരയേക്കർ പാടം വെറുതേ എഴുതിത്തന്നുവെന്നും വരും 🙂
വേറെയൊരു ടീമിന് ഭയങ്കര തിരക്കാണ്. മുപ്പത്തഞ്ച് കഴിഞ്ഞാൽ പിന്നെ എത്ര ശ്രമിച്ചാലും കുട്ടികളുണ്ടാവില്ല എന്നാണ് ഇവരുടെ വാദം. തെറ്റാണിത്. ഈ വിഷയത്തിൽ ഞാൻ കേട്ടതിൽ വച്ച് ഏറ്റവും ലളിതമായ വിശദീകരണം ആഡം ഇവിടെ പറയുന്നുണ്ട്. സ്ത്രീകളിൽ നാല്പത് വയസ്സിനു ശേഷമേ കാര്യമായ രീതിയിൽ ഫെർട്ടിലിറ്റി കുറയുന്നുള്ളൂ എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പണ്ടൊക്കെ, എട്ടും, പത്തും കുഞ്ഞുങ്ങളെ പ്രസവിച്ച അമ്മമാർക്ക് അവസാനത്തെ കുഞ്ഞ് അവരുടെ നാല്പതുകളിലാണല്ലോ ജനിച്ചിരുന്നത്. അടുത്ത ഭീതി ഡൗൺസ് സിൻഡ്രോം ആണ്. അമ്മയ്ക്ക് മുപ്പത്തഞ്ച് വയസ്സിനു ശേഷം കുഞ്ഞു ജനിക്കുമ്പോളാണ് ഡൗൺസ് സിൻഡ്രോമിനുള്ള ചാൻസ് കുത്തനെ കൂടുന്നത് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കുത്തനെ എന്നാൽ 25-29 വയസ്സുവരെയുള്ള അമ്മമാർക്ക് 0.001% ആണ് ചാൻസ് എങ്കിൽ 35 വയസ്സിൽ 0.002% വും, നാൽപ്പത് വയസ്സിൽ 0.01% വും ആണ്. കുത്തനെ കൂടി എന്നത് ശരിയാണെങ്കിലും സംഖ്യകൾ വളരെ ചെറുതാണെന്നതുകൊണ്ട് സംഭവ്യത വളരെ കുറവാണെന്ന് ഇപ്പോൾ മനസിലായല്ലോ. ഇനി സ്കാനിങ് വഴി ഡൗൺസ് സിൻഡ്രോം കണ്ടെത്തിക്കഴിഞ്ഞാലും അബോർഷനു വിധേയയായി, വീണ്ടും ഗർഭിണിയാകുക എന്ന മാനവികമായ തീരുമാനവും എടുക്കാവുന്നതേ ഉള്ളൂ. കേരളത്തിലെ ഡൗൺസ് സിൻഡ്രോം ബാധിതരെക്കുറിച്ച് ആധികാരികമായ പഠനങ്ങളൊന്നും നടന്നിട്ടില്ല എന്ന് തോന്നുന്നു. സ്കാനിങ് വഴി ഇത്തരം ജന്മവൈകല്യങ്ങൾ കണ്ടുപിടിക്കാമെന്നതുകൊണ്ട് കേരളത്തിൽ ഇത്തരം കുഞ്ഞുങ്ങളുടെ സംഖ്യ കുറഞ്ഞു വരുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്, കണക്കുകൾ അറിയില്ലെങ്കിലും.
വികസിത രാജ്യങ്ങളിൽ ഒക്കെ ആദ്യ കുഞ്ഞിനെ പ്രസവിക്കുമ്പോൾ അമ്മമാരുടെ ശരാശരി പ്രായം മുപ്പത് വയസ്സ് ആണ്. ഈ പ്രായം ആഫ്രിക്കയിലെ ചാഡിൽ 17 ഉം, ബംഗ്ലാദേശിലും ഉഗാണ്ടയിലും 18 ഉം, അഫ്ഗാനിസ്ഥാനിൽ 19 ഉമാണ്. ആദ്യ പ്രസവം വളരെ നേരത്തെ നടത്തുന്ന രാജ്യങ്ങളെല്ലാം ദരിദ്രരാജ്യങ്ങളാണ്. വികസിത രാജ്യങ്ങളിൽ കുഞ്ഞിനെ വളർത്താനുള്ള ഭൂരിഭാഗം സൗകര്യങ്ങളും സ്റ്റേറ്റ് ചെയ്തുകൊടുത്തിട്ടും, പൗരന്മാർ ഒന്നോ, രണ്ടോ കുഞ്ഞുങ്ങളെ വളർത്താനാണ് താല്പര്യപ്പെടുന്നത്. ഇതൊന്നും ഇല്ലാത്ത ഇന്ത്യയിലാണ് പതിനെട്ടിൽ കല്യാണം കഴിപ്പിച്ചുവിട്ട്, പത്തൊമ്പതിൽ ആദ്യ കുഞ്ഞിനെ ജനിപ്പിച്ച്, മുപ്പത് ആകുമ്പോഴേക്കും നാലു കുട്ടികളുടെ അമ്മയാക്കിവിടുന്നത്. സ്വീഡനിൽ കുഞ്ഞുങ്ങൾ ഉള്ളവർക്ക് മുന്തിയ പരിഗണനയാണ് സർക്കാർ കൊടുക്കുന്നത്. 480 ദിവസങ്ങളാണ് പേരൻ്റൽ ലീവ്. ഇത് കുഞ്ഞിന് എട്ട് വയസ്സ് തികയുന്നതിനുള്ളിൽ എടുത്ത് തീർത്താൽ മതി. ഇതിൽ 90 ദിവസങ്ങളെങ്കിലും അച്ഛൻ എടുക്കണമെന്നത് നിർബന്ധമാണ്. പേരൻ്റൽ ലീവ് കാലഘട്ടത്തിൽ ശമ്പളത്തിൻ്റെ 80% ആണ് കിട്ടുക. മാതാവിനോ പിതാവിനോ ജോലിയില്ലെങ്കിൽ ദിവസം 150 ക്രോണറാണ് (ഏതാണ്ട് 1200 രൂപ) ലഭിക്കുക. 12 വയസ്സ് തികയുന്നത് വരെ കുഞ്ഞിന് അസുഖങ്ങൾ ഉണ്ടായാൽ പരിചരിക്കാൻ കൂടെ നിൽക്കുന്ന മാതാപിതാക്കൾക്ക് വർഷം 120 ദിവസങ്ങൾ ലീവ് കൂടി അധികം ലഭിക്കും. ഒന്നര വയസ്സുമുതൽ കുഞ്ഞിനെ സൗജന്യമായി ഡേ കെയറിൽ ചേർക്കുകയുമാവാം. ആത്യന്തികമായി കുഞ്ഞിനെ വളർത്തേണ്ട ചുമതല സ്റ്റേറ്റിൻ്റേതാണെന്നും, അതുകൊണ്ട് കുഞ്ഞിനു വേണ്ടി മാതാപിതാക്കൾ ചിലവഴിക്കുന്ന സമയത്തിന് സ്റ്റേറ്റ് തന്നെ പ്രതിഫലം നൽകണമെന്നുമുള്ള ആശയമാണ് പേരൻ്റൽ ബെനിഫിറ്റുകൾക്ക് പിന്നിൽ ഉള്ളത്. അതേസമയം ഇവിടെ കേരളത്തിൽ, കുഞ്ഞിനെ വളർത്തുക എന്ന ഭാരിച്ച ചുമതല എന്തോ മഹത്തരമായ ജോലിയായി കണക്കാക്കി, ആ വേതനമില്ലാജോലി നൂറു ശതമാനവും അമ്മയുടെ തലയിൽ കെട്ടിവച്ച്, അവർക്ക് സർഗ്ഗാത്മകമായി മറ്റെന്തെങ്കിലും ചെയ്യാനുള്ള അവസരം കൂടി ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.
അമ്മയുടെ കൊല്ലാനുള്ള അവകാശമാണോ, കുഞ്ഞിൻ്റെ ജീവിക്കാനുള്ള അവകാശമാണോ വലുത് എന്നാണ് ‘പ്രോ ലൈഫു’കാർ ചോദിക്കുന്നത്. ഒറ്റനോട്ടത്തിൽ അമ്മ ഭീകരിയായ കൊലപാതകിയും, ഭ്രൂണം എന്നത് ജീവനുവേണ്ടി കേണപേക്ഷിക്കുന്ന കുഞ്ഞുമാണെന്ന തോന്നലാണ് ഈ വാദപ്രതിവാദത്തിൽ കുഞ്ഞിനോടൊപ്പം ഉറച്ച് നിൽക്കാൻ ചിലരെ പ്രേരിപ്പിക്കുന്നത്. കൃത്യമായി പറഞ്ഞാൽ ഭ്രൂണം ഒരു പരാദമാണ്. അമ്മയുടെ ശരീരത്തിൽ നിന്നും പോഷകങ്ങൾ ഊറ്റിയെടുക്കുന്ന പരാദം. അതിൽ കവിഞ്ഞ് ഭ്രൂണത്തിന് മനുഷ്യക്കോലമോ, പ്രജ്ഞയോ ഇല്ല. അബോർഷനെ എതിർക്കുന്ന ഗ്രൂപ്പ് പലപ്പോഴും സ്റ്റിൽബോൺ (ചാപിള്ള) യുടെ ചിത്രം ഉപയോഗിച്ചാണ് അബോർഷൻ പാപമാണെന്ന് പ്രചരിപ്പിക്കാറ്. ഗർഭധാരണത്തിനു ശേഷം ഇരുപത്തിനാലാം ആഴ്ച വരെ ഒരു തരത്തിലും വേദന അറിയാനുള്ള കഴിവ് ഭ്രൂണത്തിനില്ല. മസ്തിഷ്കവും ഞരമ്പുകളും തമ്മിലുള്ള ബന്ധം സ്ഥാപിക്കപ്പെട്ടിട്ടില്ലാത്തതുകൊണ്ടാണിത്. സാധാരണഗതിയിൽ അബോർഷൻ നടത്തുന്നത് 24 ആഴ്ചയിലും വളരെ മുന്നെയാണെന്നോർക്കണം. അതുകൊണ്ട്, അബോർഷൻ വിരോധികളെ പ്രോ ലൈഫുകാർ (ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി പോരാടുന്നവർ) എന്ന് വിളിക്കുന്നതേ തെറ്റാണ്. ജീവിതത്തിലേക്ക് കാലുവച്ചിട്ടേ ഇല്ലാത്ത ഭ്രൂണത്തിന് എങ്ങനെയാണ് ജീവിക്കാനുള്ള അവകാശം നിഷേധിക്കാനാവുക! കുഞ്ഞിനോട് സമ്മതം ചോദിക്കാതെയല്ലേ അബോർഷൻ ചെയ്തതത് എന്ന് ചോദിച്ചാൽ, കുഞ്ഞിനോട് സമ്മതം ചോദിച്ചിട്ടല്ല അതിനെ സൃഷ്ടിച്ചതും എന്നാണ് ഉത്തരം. എൻ്റെ സഹാനുഭൂതി മുഴുവനും ജനിച്ച ശേഷം ദുരിതം അനുഭവിച്ച് ജീവിക്കുന്ന കുഞ്ഞുങ്ങളോടാണ്, വയറ്റിലിരിക്കുന്ന ഭ്രൂണത്തോടല്ല.
അല്പബുദ്ധികൾക്ക് വേണ്ടി മുകളിൽ പറഞ്ഞ കാര്യങ്ങൾ വ്യക്തിപരമായ വീക്ഷണകോണിലൂടെ സമ്മറൈസ് ചെയ്ത് പറയാം. അല്പബുദ്ധികളോട് “ഇന്ത്യയിലെ ജനസാന്ദ്രത സ്ക്വയർ കിലോമീറ്ററിൽ 382 ആണ് എന്നതുകൊണ്ട് ജനപ്പെരുപ്പം ഉണ്ട്” എന്ന് പറഞ്ഞുകൊടുത്താൽ മനസിലാകണം എന്നില്ല. പക്ഷെ, നിങ്ങളുടെ വീടിനു ചുറ്റുപാടും കെട്ടിടങ്ങളല്ലേ, മാർക്കറ്റിൽ ഭയങ്കര തിരക്കല്ലേ, ബസ്സിൽ സൂചി കുത്താൻ ഇടമില്ലല്ലോ, അതുകൊണ്ട് ജനപ്പെരുപ്പം ഇല്ലേ എന്ന് ചോദിച്ചാൽ ചിലപ്പോൾ അംഗീകരിച്ചേക്കാം. ഇത്തരം അല്പബുദ്ധികൾ നിങ്ങളുടെ ചുറ്റിലും ഉള്ളതുകൊണ്ട് ഫാമിലി പ്ലാനിങ്ങിനെക്കുറിച്ച് നിങ്ങൾക്കുള്ള നിലപാട് ഇവർക്ക് വിശദീകരിച്ച് കൊടുക്കേണ്ടി വന്നേക്കാം. അവർക്കു പറഞ്ഞു കൊടുക്കാൻ വേണ്ടിയാണ് ഇനിപ്പറയുന്ന വിശദീകരണം.
“എനിക്ക് നിയമപ്രകാരം പ്രായപൂർത്തിയായതുകൊണ്ട് കുഞ്ഞ് വേണോ അഥവാ വേണ്ടയോ എന്ന തീരുമാനം ആദ്യം എടുക്കും. കുഞ്ഞ് വേണമെങ്കിൽ, കുഞ്ഞിനെ ഒരു നല്ല വ്യക്തിയായി വളർത്താനുള്ള കഴിവുണ്ടോ എന്ന് വീണ്ടും ചിന്തിച്ച് തീരുമാനമെടുക്കും. കഴിവുണ്ടെങ്കിൽ കുഞ്ഞിന് ജന്മം കൊടുക്കണോ അതോ ദത്തെടുക്കണോ എന്ന് തീരുമാനിക്കും. ഈ തീരുമാനം പൂർണ്ണമായും എൻ്റേതും, പങ്കാളിയുണ്ടെങ്കിൽ അവരുടേതും കൂടിയായിരിക്കും. കുടുംബക്കാരുടെയോ, പരിചയക്കാരുടെയോ, മതനേതാക്കളുടെയോ നിർബന്ധത്തിനു വഴങ്ങിയല്ല ഞങ്ങൾ കുഞ്ഞിൻ്റെ കാര്യത്തിൽ തീരുമാനമെടുക്കുന്നത്. അതുപോലെ, മറ്റുള്ളവരെ കുഞ്ഞുണ്ടാക്കാൻ ഞാനും നിർബന്ധിക്കുകയില്ല. കുഞ്ഞില്ലാത്തവരെ മുൻവിധിയോടുകൂടി കാണുകയുമില്ല. ഗർഭനിരോധനമാർഗ്ഗങ്ങൾ 100% ഫലപ്രദമല്ല എന്നെനിക്ക് അറിയാം. ഗർഭിണിയായാൽ, കുഞ്ഞിനെ വളർത്താൻ സാധിക്കാത്തപക്ഷം മാനവികമായ പരിഹാരം അബോർഷനാണ്. മറ്റുള്ളവർ അബോർഷൻ ചെയ്യുന്നത് അവരുടെ വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്ന് മനസിലാക്കി, അവരോട് ഞാൻ അനുകമ്പ കാണിക്കും. അവരുടെ ഈ തീരുമാനത്തിൽ ഞാൻ ഇടപെടുകയോ, അഭിപ്രായം പറയുകയോ ഇല്ല. ഞാൻ അബോർഷൻ ചെയ്യുന്നില്ല/ചെയ്തിട്ടില്ല എന്നതുകൊണ്ട് മറ്റുള്ളവരിൽ ഇതേ പൊതുബോധം അടിച്ചേൽപ്പിക്കാനുള്ള അവകാശം എനിക്കില്ല.”
* Assuming that both are independent events. Hence, 0.18*0.09 becomes 0.016.
ഈ സീരീസിലെ മറ്റു പോസ്റ്റുകൾ:
1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?
2. ഏത് വിഷയത്തിൽ പി.ജി എടുക്കണം?
3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്?
4. ഡോക്ടർ ചിന്തിക്കുന്നത് എങ്ങനെയാണ്?
5. വ്യാജഡോക്ടർമാർ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?
6. ഡോക്ടർമാർക്ക് ചില വ്യത്യസ്ത ജോലിസാധ്യതകൾ
7. ആരെയാണ് ശരിക്കും സൂക്ഷിക്കേണ്ടത്?
8. ഫയാസിനു ബ്ലഡ് കൊടുക്കണോ ഡോക്ടർ?