മൂന്നു മഴക്കവിതകൾ

കശുമാവിൻ തോട്ടത്തിൽ മഴ പെയ്യിക്കുന്ന

ആകാശപ്പറവയെ അവർ യന്ത്രപ്പക്ഷി എന്നുവിളിച്ചു.

യന്ത്രപ്പക്ഷിയുടെ മഴയേറ്റ തുക്കണാം കുരുവി ചത്തു.

ഈരേഴു പെരുമഴക്കാലങ്ങൾക്ക് ശേഷം ഞരമ്പുനശിച്ച് അവരും.

——————————————————————-

അവളുടെ മുറിവുകളും

മുറിവിൽ നുരയുന്ന പുഴുക്കളും

ആദ്യം കണ്ടത് മഴയാണ്.

പിന്നീട് പൊലീസും, പിന്നാലെ പത്രവും.

അവളുടെ സ്നേഹിതനെ ആദ്യം കണ്ടത്-

പത്രമാണ്, പിന്നാലെ പൊലീസും.

അവന്റെ മുറിവുകളില്ലാത്ത ദേഹം

മാവിൽ തൂങ്ങിയാടുമ്പോൾ

കുളിപ്പിച്ചത് മഴയായിരുന്നു.

——————————————————————-

ഇറ്റിവീണ മഴമുഴുവൻ കുപ്പിയിലാക്കി

അവർ വർണ്ണലേബലൊട്ടിച്ച് വിറ്റു.

ഒരിറ്റുവെള്ളം കിട്ടാതെ ദാഹിച്ച ഭൂമി

അവസാനശ്വാസം വലിച്ചു.

ഭൂമിയ്ക്കൊരു ചരമഗീതം പാടിയ കവി

മഴയ്ക്കൊരു മൃതിശാന്തി ഗീതം പാടാത്തതെന്തേ?

 

കാക്കക്കൂട്ടിലെ കൂട്ടുകാരുടെ മഴപ്പോസ്റ്റുകളും കാണുക.

ജന്മദിനം

അവൻ ജനിച്ചപ്പോൾ
പിതാവ് തെരുവുകളിൽ
നാലു വണ്ടി ഡെയ്സിപ്പൂക്കൾ വിതറിയിരുന്നു.
തെരുവന്ന് മഞ്ഞു മൂടിയപോലെ
തോന്നിച്ചിരുന്നു.
അന്ന് ഭക്ഷണശാലകളിൽ അദ്ദേഹം
പണം വാരിയെറിഞ്ഞിരുന്നു.
അലങ്കാരദീപങ്ങൾ വീടിനുമുന്നിൽ
തെളിക്കപ്പെട്ടിരുന്നു.
മകൻ പേരെടുത്ത ഒരു ഭിക്ഷഗ്വരനായിത്തീരുമെന്ന്
അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചിരുന്നു.

ഇന്നവന് ഇരുപത് തികഞ്ഞിരിക്കുന്നു.
വൈദ്യം പഠിക്കുന്ന അവൻ
പിറന്നാൾ മറന്നു പോയിരുന്നു.
നടുവു ചതഞ്ഞ ഉറുമ്പുപോലെ
വേച്ചു വേച്ചു വന്ന അച്ഛൻ നൽകിയ
കുഞ്ഞു പിറന്നാൾ സമ്മാനം
യാന്ത്രികമായി, തേച്ചുപിടിപ്പിച്ച ചിരിയോടെ വാങ്ങവേ
അവന്റെ ചിന്തകൾ
ആൽവിയോളുകളിലെ ഓക്സിജനളവുകളിലും
ഹൃദയത്തിന്റെ താളപ്പിഴകളിലും മാത്രമായിരുന്നു.

എന്റെ സുഹൃത്തിന് പിറന്നാള്‍ സമ്മാനമായി ഈ കവിത സമര്‍പ്പിക്കുന്നു.