അടുത്തകാലത്ത് ഷിക്കാഗോയിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്ത എന്റെ സുഹൃത്തുമായി സംസാരിക്കുകയുണ്ടായി. അദ്ദേഹം കുവൈത്ത് എയർലൈൻസിലാണ് യാത്രചെയ്തിരുന്നതെന്ന് പറഞ്ഞു. താരതമ്യേന വിലകുറഞ്ഞ ടിക്കറ്റ് ഖത്തർ എയർലൈൻസിന്റേതായിരുന്നെങ്കിലും 10 മണിക്കൂറിനു മുകളിൽ ദോഹയിൽ ട്രാൻസിറ്റ് ടൈം ഉണ്ട് എന്ന കാരണത്താൽ ഖത്തർ എയര്ലൈൻസ് വേണ്ടന്നു വയ്ക്കുകയായിരുന്നു. ഖത്തർ എയര്ലൈൻസ് ഭൂരിഭാഗം യാത്രക്കാർക്കും നൽകുന്ന സൗജന്യ വിസ-താമസ സൗകര്യത്തെക്കുറിച്ച് അറിവില്ലാതിരുന്നതുകൊണ്ടായിരുന്നു ഇത്. ഖത്തർ എയർവെയ്സിൽ യാത്ര ചെയ്തിരുന്നെങ്കിൽ അദ്ദേഹത്തിന് ഖത്തറിലുള്ള സുഹൃത്തുക്കളെ കാണുകയും, ദോഹ നഗരം സന്ദർശിക്കുകയും ചെയ്യാമായിരുന്നു. അതുകൊണ്ട് ഖത്തർ എയർവെയ്സ് ദീർഘദൂര യാത്രക്കാർക്ക് നൽകുന്ന സൗജന്യ വിസയെപ്പറ്റിയും താമസ സൗകര്യത്തെപ്പറ്റിയും എന്റെ അനുഭവത്തിൽ നിന്ന് എഴുതാം എന്നു കരുതി.

കോഴിക്കോട് മുതൽ വാഷിങ്ടൺ ഡി.സി വരെയായിരുന്നു എനിക്ക് യാത്ര ചെയ്യേണ്ടിയിരുന്നത്. കോഴിക്കോട്-ദോഹ വരെ ക്യു.ആർ 285-ൽ. ദോഹയിൽ 20 മണിക്കൂറാണ് തങ്ങേണ്ടത്. ദോഹ മുതൽ വാഷിങ്ടൺ വരെ ക്യു.ആർ 51-ൽ. 8 മണിക്കൂറിൽ കൂടുതൽ നേരം ദോഹയിൽ തങ്ങേണ്ടതുണ്ടെങ്കിൽ, മിഡിൽ ഈസ്റ്റിലെ ചില സ്ഥലങ്ങളിലേക്കൊഴിച്ചുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവർക്ക് താമസസൗകര്യം ലഭിക്കും. കൂടുതൽ വിവരങ്ങൾ ഇവിടെയുണ്ട്. ഇക്കാര്യം പല യാത്രക്കാർക്കും അറിയില്ല എന്നതിനാൽ ദീർഘമായ ട്രാൻസിറ്റ് ടൈം ഉണ്ടെങ്കിൽ പലരും ചിലവു കൂടിയ മറ്റ് എയർലൈൻസിനെ ആശ്രയിക്കുകയാണ് പതിവ്. മറ്റ് പല മുസ്ലീം രാജ്യങ്ങളിലുമുള്ള പോലെ സ്ത്രീയാത്രക്കാർക്ക് ഒറ്റയ്ക്ക് യാത്രചെയ്യുന്നതിന് ഖത്തറിൽ തടസ്സങ്ങളൊന്നുമില്ല, 18 വയസ്സ് തികഞ്ഞിട്ടുണ്ടായാൽ മതി. യാത്ര ചെയ്യുന്നതിനു മുൻപേ ഖത്തർ എയര്ലൈൻസിന്റെ ഓഫീസിൽ പോയി വിസയ്ക്കും താമസത്തിനും ആവശ്യമായ രേഖകൾ കൈപ്പറ്റി. ഇത് ചെയ്തില്ലെങ്കിൽ, ഖത്തർ എയർവെയ്സുമായി പാർട്ട്നർഷിപ്പുള്ള ഹോട്ടലുകളിൽ റൂം ഒഴിവില്ലാത്തപക്ഷം റൂം കിട്ടാതെ വരാൻ സാധ്യതയുണ്ട് എന്ന് ഖത്തർ എയർവെയ്സിന്റെ വെബ്സൈറ്റ് പറയുന്നു. യാത്ര ചെയ്യുന്നതിന് 24 മണിക്കൂർ മുൻപ് ഓണ്ലൈൻ ചെക്ക്-ഇൻ ചെയ്തശേഷം, ‘Transit accommodation’ എന്ന ലിങ്കിൽ പോയി റജിസ്റ്റർ ചെയ്താൽ അനുവദിച്ചിരിക്കുന്ന ഹോട്ടൽ ഏതെന്ന് വ്യക്തമാകുന്നതാണ്. കോഴിക്കോട് വിമാനത്താവളത്തിൽ ചെന്നപ്പോൾ ഇങ്ങനെ ഒരു സംവിധാനത്തെക്കുറിച്ച് അവിടുത്തെ ഉദ്യോഗസ്ഥനും അറിവില്ല. ഖത്തർ എയർവെയ്സിന്റെ ഓഫീസിലെത്തി കാര്യങ്ങൾ സംസാരിച്ചപ്പോൾ ദോഹയിൽ താമസസൗകര്യം ലഭ്യമാണെന്ന അറിയിപ്പ് കിട്ടി. ഈ സൗകര്യം പ്രകാരം ദോഹയിൽ തങ്ങുന്ന യാത്രക്കാർക്ക് ഓറഞ്ച് നിറമുള്ള ബോഡിങ് പാസ് ആണു നൽകേണ്ടത് എങ്കിലും, എനിക്ക് നീല നിറത്തിലുള്ള ഒന്നാണ് തന്നത്. അത് കൊണ്ടുണ്ടായ അല്ലറ ചില്ലറ പ്രശ്നങ്ങൾ മറ്റൊരവസരത്തിൽ പറയാം.
ദോഹയിലെത്തിയപ്പോൾ ദോഹ ട്രാൻസ്ഫർ ഡെസ്കിൽ നിന്നും ഹോട്ടൽ വൗച്ചർ കൈപ്പറ്റി. എക്കണോമി ക്ലാസ് യാത്രക്കാർക്ക് ത്രീ സ്റ്റാർ ഹോട്ടലുകളേ അനുവദിച്ചിട്ടുള്ളൂ എങ്കിലും എനിക്ക് ഫൈവ് സ്റ്റാർ ഹോട്ടലായ മോവൻപിക് എന്ന ഹോട്ടലിലെ ബിസ്നസ് സ്വിറ്റിലാണ് താമസം ഏർപ്പാടാക്കിയിരുന്നത്. എമിഗ്രേഷനിൽ 24 മണിക്കൂർ വിസ സ്റ്റാമ്പ് ചെയ്തു തന്നു. ഹോട്ടലിന്റെ കൗണ്ടർ 24 മണിക്കൂറും പ്രവർത്തിക്കും, ഓരോ ഫ്ലൈറ്റിലും അവർ പ്രതീക്ഷിക്കുന്ന ഗസ്റ്റുകളുടെ പേര് വലിയ സ്ക്രീനിൽ കാണിച്ചുകൊണ്ടേ ഇരിക്കും. കൗണ്ടറിൽ എത്തി വൗച്ചർ നൽകിയാൽ അവിടുത്തെ ഉദ്യോഗസ്ഥൻ പുറത്തേക്ക് കൂട്ടിക്കൊണ്ടു പോകും. അവിടെ നമുക്കുള്ള കാർ കാത്തു നിൽക്കുന്നുണ്ടാവും. 20 മിനിറ്റ് യാത്ര ചെയ്തപ്പോൾ ഹോട്ടലിലെത്തി. 51 ഡിഗ്രിയായിരുന്നു പുറത്തെ താപനില. മുപ്പത് സെക്കന്റ് വെയിലത്ത് നടന്നപ്പോഴേക്കും ഒരു പരുവത്തിലായി.
റിസപ്ഷനിസ്റ്റുകളിലൊരാൾ ഇന്ത്യക്കാരിയാണ്. 26 നിലകളുള്ള ഹോട്ടലിൽ പത്താം നിലയിലോ മറ്റോ ആണ് എനിക്ക് റൂം അനുവദിച്ചത്. ഭക്ഷണത്തിനുള്ള കൂപ്പണുകളും കീ കാഡും തരുന്നതിനു മുൻപ് അവിടെ സന്തർശിക്കാൻ പറ്റിയ സ്ഥലങ്ങളെപ്പറ്റിയും, ഹോട്ടൽ നേരിട്ടു നടത്തുന്ന ടൂർ പ്രോഗ്രാമുകളെപ്പറ്റിയും പറഞ്ഞു തന്നു. ഖത്തറിലെ സ്ഥലങ്ങൾ സന്ദർശിക്കാനും, അതുവഴി അവിടെയുള്ള ആളുകളെപ്പറ്റിയും, സംസ്കാരത്തെപ്പറ്റിയും മനസിലാക്കാനും അവസരം നൽകുകയുമാണ് ഖത്തർ എയർവെയ്സ് താമസസൗകര്യം സൗജന്യമാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത് എന്ന് തോന്നി. പുറത്തെ ചൂട് പരിഗണിച്ച്, മരുഭൂമിയിലെ യാത്ര അത്ര സുഖകരമാകില്ല എന്ന അനുമാനത്താൽ, യാത്രകൾ വേണ്ടെന്നു വച്ചു. എന്നാൽ വൈകുന്നേരം വെയിലാറിയപ്പോൾ ഹോട്ടലിനു മുന്നിലുള്ള റോഡിലൂടെ അല്പസമയം നടന്ന് നഗരം നേരിൽ കണ്ടു.

ഹോട്ടൽ മുറി
20 മണിക്കൂർ കാര്യമായി ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് പ്രധാന പരിപാടി ടി.വി കാണൽ തന്നെയായിരുന്നു. പ്രമുഖ ലോക ചാനലുകളുടെ അറബി പതിപ്പുകൾ ടി.വിയിൽ കാണാം. ഹോട്ടലിലെ സൗകര്യങ്ങൾ വിശദീകരിക്കുന്ന ഒരു വീഡിയോയും കാണാം. ഹോട്ടലിന്റെ റെസ്റ്റൊറെണ്ടിൽ ഇന്റർനെറ്റ് ഫ്രീ ആണെന്ന് വീഡിയോ കണ്ടപ്പോൾ മനസിലായി. റൂമിൽ ഇന്റർനെറ്റിന്റെ നിരക്ക് മണിക്കൂറിന് 18 ഡോളർ ആണ്. ഇത്ര പണം കൊടുത്ത് ഇന്റർനെറ്റ് ഉപയോഗിക്കേണ്ട എന്ന് തീരുമാനിച്ച് ഭക്ഷണം കഴിച്ച ശേഷവും റെസ്റ്റോറെന്റിലെ ലോഞ്ചിൽ പോയി ഇരുന്ന് രണ്ട് മണിക്കൂറോളം ഇന്റർനെറ്റ് ഉപയോഗിച്ച ശേഷമാണ് തിരിച്ച് റൂമിലേക്ക് പോയത്. എന്നെപ്പോലെ ഒരുപാട് നേരം ലോഞ്ചിലിരുന്ന് ഫ്രീയായി ഇന്റർനെറ്റ് ഉപയോഗിച്ചുകൊണ്ടിരുന്ന മറ്റൊരാളും ഇന്ത്യക്കാരനായിരുന്നു എന്നത് ആകസ്മികമാവാൻ ഇടയില്ല.
ഭക്ഷണമൊക്കെ കുശാലായിരുന്നു. നീരാളി പൊരിച്ചതിനെ ആദ്യമായി കഴിക്കുന്നത് അവിടെ വച്ചാണ്. ഒരറ്റത്തു നിന്ന് മറ്റേ അറ്റം വരെ വിഭവങ്ങൾ അങ്ങനെ നിരത്തി വച്ചിരിക്കുന്നു. ഇതുവരെ കഴിച്ചു നോക്കിയിട്ടില്ലാത്ത ചീസ് കൊണ്ടുള്ള വിഭവങ്ങളും, പലതരം ബ്രഡ്ഡുകളും, ടർക്കി ബിരിയാണിയുമൊക്കെ രുചിച്ചു നോക്കി. ഹലാലായ ഭക്ഷണം മാത്രമേ ലഭ്യമാവുകയുള്ളൂ. കൂട്ടത്തിൽ ഇന്ത്യക്കാരുടെ ചപ്പാത്തിയും, പനീർ കറിയും, പാവ് ഭാജിയുമൊക്കെ കണ്ടു. ഹോട്ടൽ സ്റ്റാഫിൽ ഭൂരിഭാഗവും ഏഷ്യക്കാരാണ്. സംസാരിച്ചവരിൽ എല്ലാവരും ഇംഗ്ലിഷ് മനസിലാവുന്നവരാണ്. വൈകുന്നേരം കാപ്പി കുടിക്കാൻ എത്തിയപ്പോൾ ഉച്ചയ്ക്ക് റെസ്റ്റോറെണ്ടിൽ കണ്ടിരുന്ന രണ്ട് ഇന്ത്യക്കാരെ വീണ്ടും കണ്ടുമുട്ടി. ഒരാൾ മുംബൈയിൽ നിന്നും മറ്റെയാൾ ഡെൽഹിയിൽ നിന്നുമാണ് വരുന്നത്. അവർ സീഫുഡ് ബിസ്നെസിന്റെ ഭാഗമായി ദോഹയിലെത്തിയവരാണ്. മുംബൈയിൽ നിന്നും വന്നയാൾ ഞാൻ രൂപത്തിൽ അവരുടെ മകളെപ്പോലെയിരിക്കുന്നു എന്ന് പറഞ്ഞു. പിന്നീട് ഒരുമിച്ച് കാപ്പി കുടിച്ച് പിരിഞ്ഞു.

ഹോട്ടലിന്റെ ജിം, സ്വിമ്മിങ് പൂൾ എന്നിവ സന്ദർശിക്കണം എന്നുണ്ടായിരുന്നെങ്കിലും നടന്നില്ല. എന്നാൽ ഹോട്ടലിന്റെ പൂമുഖത്തുള്ള പൂന്തോട്ടം സന്ദർശിച്ചു. ഹോട്ടലിലുള്ള യാത്രക്കാർക്കൊക്കെ തിരിച്ചു പോകാൻ ഒരു വാൻ ഏർപ്പാടാക്കിയിരുന്നു. രാവിലെ 8 മണിക്കുള്ള ഫ്ലൈറ്റായതുകൊണ്ട് നേരത്തെ പ്രാതൽ കഴിച്ച്, 5 മണിക്ക് തന്നെ എയർപോർട്ടിലേക്ക് പുറപ്പെട്ടു. കുറച്ചു കൂടി നേരം ദോഹയിൽ തങ്ങാമായിരുന്നു എന്ന് തോന്നി. ആ രാജ്യത്തെ കുറച്ചു കൂടി നന്നായി മനസിലാക്കാനായി. അടുത്ത തവണ യാത്ര ചെയ്യുകയാണെങ്കിൽ കഴിവതും ദോഹ വഴിയാക്കണം എന്ന് മനസിൽ കുറിച്ചു.