നീറ്റ്-പി.ജി പരീക്ഷ കഴിഞ്ഞ് എം.ബി.ബി.എസ്സുകാർ ചോദിക്കുന്ന ചോദ്യമാണിത്. നിങ്ങൾക്ക് ഏറ്റവും താല്പര്യമുള്ള വിഷയത്തിൽ പി.ജി എടുക്കണം എന്നാണ് ലളിതമായ ഉത്തരം. എന്നാൽ, പലർക്കും താല്പര്യമുള്ള വിഷയത്തിൽ തന്നെ പി.ജി.ക്ക് ചേരാനുള്ള റാങ്ക് ഉണ്ടാവണമെന്നില്ല. കൂടാതെ, ‘താല്പര്യം’ എന്നത് നൈസർഗികമായി വരുന്ന ഒന്നല്ല. തങ്ങളുടെ ചുറ്റുപാടുകളും, പണമുണ്ടാക്കാനുള്ള സാധ്യതകളും, ജോലി നൽകുന്ന അംഗീകാരവും, സർക്കാർ ജോലിയിൽ പ്രവേശിക്കാനുള്ള എളുപ്പവും, വിദേശത്ത് പോകാനുമുള്ള സാധ്യതയും, വീടിനടുത്തുള്ള കോളേജും, കുടുംബവുമായി ചിലവഴിക്കാനുള്ള സമയലഭ്യതയും, രോഗിയുടെ അടികിട്ടാനുള്ള റിസ്കും, ഭർത്താവ്/ഭാര്യ പഠിക്കുന്ന കോളേജിലേക്കുള്ള ദൂരവും, നല്ല അധ്യാപകരുടെ ക്ലാസുകളും ഒക്കെ പരിഗണിച്ചാവും പലരും ഈ ‘താല്പര്യം’ തീരുമാനിക്കുന്നത്. ഒരു ഉദാഹരണം പറയാം. കഴിഞ്ഞ പത്ത് വർഷമായി പലർക്കും പെട്ടെന്ന് ‘താല്പര്യം’ ഉണ്ടായ വിഷയമാണ് ‘റേഡിയോഡയഗ്നോസിസ്’. ഈ വിഷയം എടുത്തവർക്ക് താരതമ്യേന കുറഞ്ഞ ജോലിഭാരവും, ആകർഷകമായ ശമ്പളവും കിട്ടിത്തുടങ്ങിയതിനു ശേഷമാണ് ഭൂരിഭാഗം പേർക്കും ഈ വിഷയം വളരെ പ്രിയപ്പെട്ടതാകുന്നത്. പലരും ഇത് ബോധപൂർവ്വം ചെയ്യുന്നതാകണമെന്നില്ല. റേഡിയോഡയഗ്നോസിസ് പഠിച്ചാലുള്ള ഗുണങ്ങൾ അബോധമനസ്സിനെ നിരന്തരം സ്വാധീനിക്കുന്നതുകൊണ്ട് അങ്ങനെ സംഭവിച്ചതാകാനും സാധ്യതയുണ്ട്. അതേപോലെ എം.ബി.ബി.എസ് പഠിക്കുന്ന സമയത്ത് ഓർത്തോപീഡിക്സിൽ താല്പര്യമുണ്ട് എന്ന് പറയുന്ന സ്ത്രീകളെയാരെയും ഞാൻ കണ്ടിട്ടില്ല. സ്ത്രീകൾക്ക് പറ്റിയ പണിയല്ല ഓർത്തോപീഡിക്സ് എന്ന് പറയാൻ വരട്ടെ. ഞാൻ ജോലിചെയ്യുന്ന ഗോഥൻബർഗ് യൂണിവേഴ്സിറ്റിയിൽ ഇഷ്ടം പോലെ സ്ത്രീകൾ ഓർത്തോപീഡിക്സ് ഡിപ്പാർട്ട്മെൻ്റിലുണ്ട്. സ്ത്രീകൾക്ക് പറ്റിയ പണി ഇതല്ല എന്ന് പ്രത്യക്ഷമായും പരോക്ഷമായും പറയുന്നതിലൂടെ അവരുടെ വിഷയത്തിലുള്ള താല്പര്യം ഇല്ലാതാക്കുകയാണ് അധ്യാപകർ ചെയ്യുന്നത്.
ചുരുക്കം ചിലർ പ്രത്യേക ക്ലിനിക്കൽ പോസ്റ്റിങ്ങുകളിൽ അതിസമർത്ഥരാകുന്നതും, നന്നായി ശോഭിക്കുന്നതും കാണാറുണ്ട്. അത്തരക്കാർക്ക് അതേ വിഷയത്തിൽ പി.ജി ചെയ്യാൻ ശരിക്കും താല്പര്യം ഉണ്ടായിരിക്കണം എന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ട്, പി.ജി എടുക്കാൻ പോകുന്ന വിഷയത്തിലെ താല്പര്യം നിങ്ങൾക്ക് എങ്ങനെയാണ് ഉണ്ടായി വന്നത് എന്നതും കൂടി ചിന്തിക്കുന്നത് വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ സഹായമായേക്കും. സമ്മർദ്ദങ്ങളെ സമ്മർദ്ദങ്ങളായി തന്നെ വിലയിരുത്താനും, താല്പര്യങ്ങളായി പരിഗണിക്കാതിരിക്കാനും ശ്രദ്ധിക്കുക. പി.ജി സമയത്തെ ജോലിയെപ്പറ്റിയും, പഠനം കഴിഞ്ഞാലുള്ള ജോലിസാധ്യതയെപ്പറ്റിയും ഒരു വിവരവുമില്ലാത്ത കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും ഫ്രീ ഉപദേശങ്ങളും അവഗണിക്കുക.
എം.ബി.ബി.എസ് എൻട്രൻസ് പരീക്ഷയിൽ ആദ്യ റാങ്കുകൾ നേടിയവരെ പത്രക്കാർ ഇൻ്റർവ്യൂ ചെയ്യുമ്പോൾ സ്ഥിരം ചോദിക്കുന്ന ക്ലീഷേ ചോദ്യമുണ്ട് : “ഭാവിയിൽ ഏത് വിഷയത്തിൽ ഉപരിപഠനം നടത്താനാണ് ആഗ്രഹം?”. ഭൂരിഭാഗം പേരും പറയുന്ന ക്ലീഷേ ഉത്തരം ഇതാണ് : “കാർഡിയോളജിയിൽ സ്പെഷ്യലൈസേഷൻ നേടി പാവപ്പെട്ടവരെ സഹായിക്കണം”. ഒന്നാം വർഷ എം.ബി.ബി.എസ് പഠിക്കുമ്പോഴും ക്ലാസിലെ പകുതിയിൽ അധികം പേരും ആരാധിക്കുന്നത് കാർഡിയോളജിസ്റ്റിനെയാണ്. പയ്യെപ്പയ്യെ, എല്ലാവർക്കും കാർഡിയോളജിസ്റ്റാകാൻ പറ്റില്ലെന്ന സത്യം മനസിലാക്കുകയും, ഇഷ്ടങ്ങൾ മാറി മാറി വരികയും ചെയ്യും. എം.ബി.ബി.എസ്സിനു ചേർന്ന അന്നു മുതൽ എളാമയുടെ നാത്തൂൻ തൊട്ട് പത്രമിടാൻ വരുന്ന ചേട്ടൻ വരെ ചോദിക്കുന്ന ചോദ്യമാണ് “ഏത് പി.ജി ആണ് ഇഷ്ടം?” എന്നത്. എം.ബി.ബി.എസ് പാസാകുമോ എന്ന് പോലും സംശയിച്ചിരിക്കുന്ന സമയത്താണ് ഇത്തരത്തിലുള്ള ചോദ്യങ്ങൾ വരുന്നതെന്നതുകൊണ്ട് ചോദ്യകർത്താവിനോട് ദേഷ്യമാണ് ആദ്യം വരിക എന്ന് പറയേണ്ടതില്ലല്ലോ. ഞാൻ സ്ഥിരമായി കൊടുക്കാറുള്ള ഉത്തരം ‘പബ്ലിക്ക് ഹെൽത്ത്’ എന്നാണ്. ഇതെന്താണ് സാധനം എന്ന് പലർക്കും അറിഞ്ഞുകൂടാത്തതുകൊണ്ട് അവർ ചർച്ച മെല്ലെ മറ്റ് വിഷയങ്ങളിലേക്ക് തിരിച്ചു വിടുകയാണ് പതിവ്. നിങ്ങൾക്കും ഈ ഐഡിയ പരീക്ഷിച്ചു നോക്കാവുന്നതാണ് – ന്യൂക്ലിയാർ മെഡിസിൻ എന്നോ, ട്രോപ്പിക്കൽ മെഡിസിൻ എന്നോ ഒക്കെ തരം പോലെ മാറ്റി മാറ്റി പറയുകയുമാകാം.
ഏത് വിഷയത്തിൽ പി.ജി എടുക്കണം എന്നത് എനിക്കൊരാൾക്ക് പറഞ്ഞു തരാൻ കഴിയുന്ന കാര്യമല്ല. അത് നിങ്ങളുടെ ‘താല്പര്യം’ അനുസരിച്ച് തീരുമാനിക്കേണ്ടതാണ്. എന്നാൽ പല വിഷയങ്ങളുടെയും ഭാവി ഏതാണ്ട് ഇരുപത് കൊല്ലങ്ങൾക്കു ശേഷം എന്തായിരിക്കും എന്നതിനെപ്പറ്റി എനിക്ക് തോന്നുന്ന കാര്യങ്ങളാണ് ഈ പോസ്റ്റിലുള്ളത്. ഇപ്പോൾ പി.ജി എടുക്കുന്നവർ തങ്ങളുടെ മേഖലകളിൽ അഗ്രഗണ്യരാകുന്ന സമയപരിധിയാണ് ഇരുപത് വർഷം. അന്നന്നത്തെ കാലാവസ്ഥ മാത്രം നോക്കി വിഷയം തിരഞ്ഞെടുക്കുന്നവർക്ക് ചിന്തിക്കാൻ വക നൽകുന്നതാണീ പോസ്റ്റ്.
റേഡിയോഡയഗ്നോസിസ് വച്ചു തന്നെ തുടങ്ങാം. ഓട്ടോമേഷൻ വന്നാൽ ഡോക്ടർമാരുടെ പണി പോകും എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നവർ ആദ്യം കയറിപ്പിടിക്കുന്ന വിഷയം ഇതാണ്. എക്സ്-റേയും, എം.ആർ.ഐയുമൊക്കെ ‘വായിച്ച്’ ഡയഗ്നോസിസ് പറയാൻ കഴിവുള്ള സോഫ്റ്റ്വേറുകൾ വരുന്ന കാലം വിദൂരമല്ല (ചിലത് ഇപ്പോൾ തന്നെ വന്നു കഴിഞ്ഞു). ഇങ്ങനെ ഡയഗ്നോസിസ് പറയുന്ന സോഫ്റ്റ്വേറുകൾക്ക് തെറ്റുപറ്റാമല്ലോ എന്നും, സോഫ്റ്റ്വേർ ചെയ്യുന്ന ജോലി ശരിയാണോ എന്ന് പരിശോധിക്കാൻ റേഡിയോളജിസ്റ്റുകൾ വേണ്ടേ എന്നും ചോദ്യം വരാം. സോഫ്റ്റ്വേറിന് വ്യക്തമായ തീരുമാനം നൽകാനാവാത്ത സാഹചര്യങ്ങളിൽ തീർച്ചയായും മനുഷ്യൻ ഇടപെടേണ്ടി വന്നേക്കാം. പക്ഷെ, പത്ത് റേഡിയോളജിസ്റ്റുകൾ ചെയ്യുന്ന ജോലി കമ്പ്യൂട്ടറിൻ്റെ സഹായത്തോടെ ഒരാൾക്ക് ചെയ്യാവുന്ന സാഹചര്യം ഉണ്ടായാൽ ഈ മേഖലയിൽ കുറച്ച് പേരെ മാത്രമേ ആവശ്യമുള്ളൂ എന്ന് വരികയും, ജോലിസാധ്യത വളരെ കുറയുകയും ചെയ്യും. എങ്ങനെയാണ് കമ്പ്യൂട്ടർ, ഫിലിം നോക്കി ഡയഗ്നോസ് ചെയ്യാൻ സഹായിക്കുന്നത്? ഉദാഹരണത്തിന് ചെസ്റ്റ് എക്സ്-റേയുടെ കാര്യം എടുക്കാം. രോഗിയുടെ എക്സ്-റേ സോഫ്റ്റ്വേറിലൂടെ കടത്തിവിട്ടാൽ വിലക്ഷണമായ ഭാഗങ്ങൾ ഹൈലൈറ്റ് ചെയ്യുകയും, ഡിഫറൻഷ്യൽ ഡയഗ്നോസിസുകളും ഓരോ ഡയഗ്നോസിസിൻ്റെയും പ്രോബബിളിറ്റിയും പറഞ്ഞ് തരികയും ചെയ്യും. കമ്പ്യൂട്ടർ പറയുന്ന സാധ്യതകളെല്ലാം പരിശോധിച്ച്, സ്വന്തം പ്രവൃത്തിപരിചയത്തിൻ്റെയും കൂടി വെളിച്ചത്തിൽ ഡോക്ടർക്ക് കുറഞ്ഞ സമയത്തിൽ തീരുമാനത്തിലെത്താൻ സാധിക്കും. മനുഷ്യ മസ്തിഷ്കത്തെ ബാധിക്കുന്ന inattentional blindness, ക്ഷീണം എന്നിവ കമ്പ്യൂട്ടറിനു ബാധകമല്ല (ഈ പഠനവും കാണുക). കമ്പ്യൂട്ടർ നിങ്ങളുടെ ജോലി മുഴുവനായും ഏറ്റടുക്കുകയല്ല, നിങ്ങളെ ജോലി ചെയ്യാൻ സഹായിക്കുന്നതു വഴി ഒരാൾക്ക് പത്താളുടെ ജോലി ചെയ്യാൻ സഹായിക്കുകയാണ് ചെയ്യുന്നത് എന്നത് മനസിലാക്കുക. പണ്ട് വാഷിങ് മെഷീനിനെപ്പറ്റി കേട്ടിട്ടില്ലാത്ത അലക്കുകാരനോട്, താങ്കളുടെ ജോലി മെഷീൻ ഏറ്റെടുക്കും എന്ന് പറഞ്ഞപ്പോൾ അദ്ദേഹം തിരിച്ചു ചോദിച്ചത്, “ഈ വാഷിങ്ങ് മെഷീൻ എന്നത് സ്വിച്ചിട്ടാൽ തുണി അടിച്ചലക്കുന്ന യന്ത്രമനുഷ്യനാണോ?” എന്നാണ്. മനുഷ്യൻ ചെയ്യുന്ന ജോലി മെഷീനിനു ചെയ്യാൻ കഴിയണമെങ്കിൽ, അതിന് മനുഷ്യൻ്റെ കോലവും, തലച്ചോറുമൊന്നും വേണമെന്നില്ല എന്നത് നമ്മൾ പലപ്പോഴും മറക്കുന്ന കാര്യമാണ്. (മറ്റൊരു കാര്യം: ഞാൻ പഠിക്കുന്ന കാലത്ത് റേഡിയോഡയഗ്നോസിസ് ഡിപ്പാർട്ട്മെൻ്റിൽ ഏറ്റവും സമയനഷ്ടം ഉണ്ടാക്കുന്ന കാര്യമായി മനസിലാക്കിയത് ടൈപ്പിങ് സ്പീഡ് ആണ്. രണ്ട് ചൂണ്ടുവിരലുകൾ മാത്രം ഉപയോഗിച്ച് കീബോർഡിലേക്ക് നോക്കി ടൈപ്പ് ചെയ്യുന്ന ഡോക്ടർക്ക് റിപ്പോർട്ട് ടൈപ്പ് ചെയ്ത് തീർക്കാൻ ആവശ്യത്തിലധികം സമയമെടുക്കും. റേഡിയോഡയഗ്നോസിസ് പി.ജി എടുക്കുന്നവർ ആദ്യം പഠിക്കേണ്ടത് ടൈപ്പിങ് ആണെന്നാണ് എനിക്ക് തോന്നുന്നത്.)
റേഡിയോഡയഗ്നോസിസിനെക്കുറിച്ച് പറഞ്ഞത് വിഷ്വലുകളെ അടിസ്ഥാനമാക്കി ചെയ്യുന്ന ജോലികൾക്കെല്ലാം ബാധകമാണ്. ഹിസ്റ്റോപത്തോളജി, ഡെർമറ്റോളജി, റെറ്റിനോസ്കോപ്പി, ന്യൂക്ലിയാർ മെഡിസിൻ എന്നിവിടങ്ങളിലൊക്കെ ഓട്ടോമേഷനു സാധ്യതയുണ്ട്. അലക്കുകാരൻ പണ്ട് ചിന്തിച്ചതു പോലെ, രോഗി ഫീഡ് ചെയ്ത രോഗലക്ഷണങ്ങൾ നോക്കി കമ്പ്യൂട്ടർ സ്വയം പ്രിസ്ക്രിപ്ഷൻ ഉണ്ടാക്കുകയല്ല, മറിച്ച് നിങ്ങളുടെ ജോലിയിലെ ചില പ്രസക്ത ഭാഗങ്ങൾ പതിന്മടങ്ങ് വേഗത്തിൽ ചെയ്യാൻ സഹായിക്കുകയാണ് ചെയ്യുന്നതെന്ന് ഞാൻ ആവർത്തിച്ച് പറയുകയാണ്. അതൊകൊണ്ടു തന്നെ, ‘ജോലി പോകുകയല്ല’, ജോലിസാധ്യത കുറയുകയാണ് ചെയ്യുക എന്നതും മനസിലാക്കുക. കൂടാതെ, ഗ്രോസ് പത്തോളജിയെയും, സർജിക്കൽ ഡെർമറ്റോളജിയെയും, ഒഫ്താല്മോളജിക് എമർജൻസികളെയും, ഇൻ്റർവെൻഷണൽ ന്യൂക്ലിയാർ മെഡിസിനെയുമൊന്നും അത്ര പെട്ടെന്ന് ഓട്ടോമേഷൻ ബാധിക്കില്ല. അപ്പോൾ പി.ജി തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ ലക്ഷ്യം ഓട്ടോമേഷന് അത്ര പെട്ടെന്നും, അമിതമായും കൈകടത്താൻ സാധ്യതയില്ലാത്ത മേഖലകൾ തിരഞ്ഞെടുക്കുക എന്നതായിരിക്കണം.
ഇനി സർജിക്കൽ സ്പെഷ്യാലിറ്റികളുടെ കാര്യം എടുക്കാം. വളരെ സൂക്ഷ്മമായ ചലനങ്ങൾ മനുഷ്യനേക്കാൾ എളുപ്പത്തിൽ റോബോട്ടിനു ചെയ്യാൻ പറ്റും. ലേസർ ഒഫ്താല്മോളജി, ചില തരം കോസ്മെറ്റിക്ക് സർജറികൾ എന്നിവിടങ്ങളിൽ ഇപ്പോഴേ മെഷീൻ കൈകടത്തിക്കഴിഞ്ഞു. ലാപ്രോസ്കോപ്പിക്ക് രീതിയിൽ ചെയ്യാവുന്ന സർജറികളിൽ കൃത്യത കൂടുതൽ ആവശ്യമുള്ള ഇടങ്ങളിൽ മെഷീൻ കൂടുതൽ ഇടപെടാൻ സാധ്യതയുണ്ട്. ഇ.എൻ.ടി, ഒഫ്താല്മോളജി, പ്ലാസ്റ്റിക് സർജറി എന്നിവിടങ്ങളിലെ ചെറുചലനങ്ങൾ ആവശ്യമുള്ള ശസ്ത്രക്രിയകളിൽ മെഷീൻ സഹായത്തോടു കൂടിയുള്ള സർജറികൾ സാധാരണമായി വരും. അതേസമയം, സിസേറിയൻ ചെയ്യാനോ, എല്ലിൽ നെയിൽ ഇടാനോ ഒക്കെ അടുത്ത ഇരുപത് വർഷങ്ങളിലേക്കെങ്കിലും മനുഷ്യനു തന്നെയായിരിക്കും മുൻകൈ. അതുപോലെ, സെബേഷ്യസ് സിസ്റ്റും, ഇൻഗ്വൈനൽ ഹെർണിയയും, മാസ്റ്റൈറ്റിസുമൊക്കെ കണ്ടും, തൊട്ടും, മണത്തുമൊക്കെ ഒരു മിനുട്ടിൽ ഡോക്ടർ ഡയ്ഗ്നോസ് ചെയ്യുന്നതുപോലെ മെഷീനിനു ചെയ്യാനാവണമെന്നില്ല. മെഷീനിനെ അപേക്ഷിച്ച് തുലോം ചുരുങ്ങിയ ചിലവിൽ മനുഷ്യന് ചെയ്യാൻ കഴിയുന്ന ജോലികൾ ഓട്ടോമേറ്റഡ് ആക്കിയാലും ധനനഷ്ടം മാത്രമേ ഉണ്ടാകുകയുള്ളൂ എന്നതുകൊണ്ട് അത്തരം ജോലികൾ വേഗത്തിൽ ഓട്ടോമേറ്റഡ് ആകില്ല. ഭാവിയിൽ ‘കഞ്ഞി കുടി’ മുട്ടാതിരിക്കാൻ സർജന്മാർ ലാപ്രോസ്കോപ്പിക് ടെക്നിക്കുകൾ അറിഞ്ഞിരിക്കേണ്ടതാണ്. പല ലാപ്രോസ്കോപിക് സർജറികൾക്കും ഓപ്പൺ സർജറികളെക്കാൽ റിസ്ക് കൂടുതലാണെന്നൊക്കെ പറഞ്ഞു നോക്കിയാലും, അവസാനം “വയറ് കീറി മുറിക്കേണ്ട ഡോക്ടറേ, കുഴലിട്ട് ചെയ്താൽ മതി” എന്നേ രോഗി പറയുകയുള്ളൂ. നിങ്ങൾ ചെയ്തു കൊടുത്തില്ലെങ്കിൽ ചെയ്യുന്ന ഡോക്ടറുടെയടുത്തേക്ക് രോഗി പോകും. ഈ സാങ്കേതികവിദ്യ കൂടുതൽ പുരോഗമിച്ച് ലാപ്രോസ്കോപ്പിയുടെ റിസ്കുകൾ കുറഞ്ഞ് വരാനും സാധ്യതയുണ്ട്.
ഇപ്പോഴേ ഓട്ടോമേഷൻ്റെ പരകോടിയിൽ നിൽക്കുന്ന ഒരു ഫീൽഡ് ഉണ്ട് : അനസ്തേഷ്യ. ഇവിടെ മരുന്ന് കൃത്യ അളവിൽ കൊടുക്കുന്നതും, മോണിറ്റർ ചെയ്യുന്നതുമൊക്കെ ഇപ്പോഴേ മെഷീൻ ആണ്. ഇനി, അത്യാഹിത സന്ദർഭങ്ങൾ കൈകാര്യം ചെയ്യാനും, മെഷീനുകളെ നിയന്ത്രിക്കാനും ഒരു ഡോക്ടർ കൂടിയേ തീരൂ. വിമാനം പറത്തുന്നത് ഏറെക്കുറേ മെഷീൻ ചെയ്യുന്ന ജോലിയാണെങ്കിലും, പൈലറ്റില്ലാതെ വിമാനം പറത്താൻ ആർക്കും ധൈര്യമില്ലാത്തതുപോലെ അനസ്തറ്റിസ്റ്റ് ഇല്ലാതെ അനസ്തേഷ്യ നൽകുന്നത് അടുത്തകാലത്തൊന്നും പ്രായോഗികമാകാത്ത കാര്യമാണ്. ഇവിടെ ജോലിസാധ്യതകൾ പഴയതു പോലെ നിലനിൽക്കുകയോ കൂടുകയോ ചെയ്യുമെന്നാണ് തോന്നുന്നത്. കൂടാതെ, ജനങ്ങൾ കൂടുതലായി ആരോഗ്യത്തിൽ ശ്രദ്ധാലുക്കളാകുമ്പോൾ, പണ്ടത്തെപ്പോലെ ‘ഓപ്പറേഷൻ പേടി’ ഇല്ലാതാകും. ലാപ്രോസ്കോപ്പി മുതലായ റിക്കവറി സമയം കുറവുള്ള സർജറികൾ വ്യാപകമാകുമ്പോൾ, മരുന്ന് കഴിച്ച് രോഗലക്ഷണങ്ങൾ അടക്കിനിർത്തുന്നതിനു പകരം സർജറിയിലൂടെ ശാശ്വതപരിഹാരം തേടാനും രോഗികൾ തയ്യാറാകും. അടുത്ത ഇരുപത് വർഷത്തിൽ കൂടുതൽ സർജറികൾ നടത്തേണ്ടി വരികയും, ഇവയിലെല്ലാം അനസ്തറ്റിസ്റ്റിൻ്റെ സഹായം ആവശ്യമായും വരും. പ്രൈമറി കെയർ സെറ്റപ്പുകളിൽ എപ്പിഡ്യൂറൽ കൊടുക്കാൻ സർജൻ തന്നെ പഠിച്ചാലും, ലാപ്രോസ്കോപ്പി മുതലായവയിൽ ജനറൽ അനസ്തേഷ്യ കൊടുക്കാൻ അനസ്തറ്റിസ്റ്റിനു മാത്രമേ കഴിയുകയുള്ളൂ എന്നതുകൊണ്ട് ഈ വിഷയത്തിൽ ഭാവിയുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.
അടുത്തത് പൾമണറി മെഡിസിൻ ആണ്. അലർജികളും ആസ്ത്മയും വർഷാവർഷം കൂടി വരുന്നതായാണ് കാണുന്നത്. പൊടിയും, മലിനീകരണവും ഇപ്പോഴേ കൂടുതലാണ്. ഇത്തരം അസുഖങ്ങളെക്കൂറിച്ചുള്ള അവബോധം കൂടിയതുകൊണ്ടും, നൂതന ചികിത്സാരീതികൾ പ്രചാരത്തിലായതുകൊണ്ടും, ആയുർവേദം-ഹോമിയോപ്പതിയിൽ ഇവ ചികിത്സിക്കാൻ ആളുകൾ മടിക്കും. കപടചികിത്സകർ ഉണ്ടാവുന്നത് ആധുനിക വൈദ്യത്തിലെ ബലഹീനതകളെ മുതലെടുത്തുകൊണ്ടാണ് – പണ്ട് മീൻ വിഴുങ്ങി ആസ്ത്മ ചികിത്സിക്കുന്ന പരിപാടിക്കായിരുന്നു പ്രചാരമെങ്കിൽ ഇപ്പോൾ പച്ചക്കറി കഴിച്ച് ക്യാൻസർ മാറ്റുന്ന പരിപാടിക്കാണ്. ശ്വാസകോശ സംബന്ധിയായ രോഗങ്ങളിൽ നിന്നും കപട ചികിത്സകർ മെല്ലെ പിൻവാങ്ങുന്ന കാലമായതുകൊണ്ട് ഈ വിഭാഗത്തിൽ രോഗികൾ കൂടാൻ സാധ്യതയുണ്ട്. പണ്ട് പങ്കജകസ്തൂരി മാത്രം കഴിച്ചിരുന്നവർ, ഇപ്പോൾ ‘ഇംഗ്ലിഷ്’ മരുന്നിൻ്റെ കൂടെ അല്പം പങ്കജകസ്തൂരി എന്ന ലൈനിലേക്ക് മാറിയിട്ടുണ്ട്. ടി.ബി ചികിത്സിക്കാൻ വ്യക്തമായ പ്രോട്ടോക്കോൾ ഉള്ളതു പോലെ, COPD മുതലായ മറ്റ് പല ശ്വാസകോശരോഗങ്ങളുടെയൂം ചികിത്സയ്ക്ക് പ്രോട്ടോക്കോൾ ഉണ്ടായേക്കാം. എന്നാൽ, പ്രോട്ടോക്കോൾ അനുസരിച്ച് മരുന്നുകൾ കുറിച്ചു നൽകാനുള്ള അനുമതി പൾമണോളജിസ്റ്റിനു തന്നെയായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഈവക മരുന്നുകളുടെ ഡോസ് അഡ്ജസ്റ്റ് ചെയ്യാനും, സൈഡ് എഫക്റ്റുകൾ മാനേജ് ചെയ്യാനും, കൗൺസിലിങ് കൊടുക്കാനുമൊക്കെ ഡോക്ടർ തന്നെ വേണ്ടിവരും. ഇവിടെ ഡയഗ്നോസ് ചെയ്യാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാത്തതുകൊണ്ടും, ചികിത്സ ഏതാണ്ടൊക്കെ പ്രോട്ടോക്കോൾ രൂപത്തിൽ ആയിത്തീരുമെന്നതുകൊണ്ടും, ഈ പ്രോട്ടോക്കോൾ ഉറക്കത്തിൽ വിളിച്ചെഴുന്നേൽപ്പിച്ചാലും ഉരുവിടാൻ കഴിയുമെന്നതുകൊണ്ടും ഏതാണ്ടെല്ലാ ജോലികളും മനുഷ്യൻ ചെയ്യുന്നതായിരിക്കും ലാഭകരം. ഇതുപോലെ റേഡിയോതെറപ്പിയിലും കൂടുതലായി പ്രോട്ടോക്കോൾ അധിഷ്ഠിത ചികിത്സാരീതികൾ ഉണ്ടാകുമെന്നാണ് തോന്നുന്നത്. ആയുർദൈർഘ്യം കൂടിവരുന്നതിനാൽ ക്യാൻസർ രോഗികളുടെ എണ്ണത്തിൽ വർദ്ധനവേ വരികയുള്ളൂ.
അടുത്തത് ഇൻ്റേണൽ മെഡിസിൻ/പീഡിയാട്രിക്സ് എന്നിവ. ഇവിടെ സീൻ അല്പം കോമ്പ്ലിക്കേറ്റഡാണ്. എക്സ്പീരിയൻസിൻ്റെ അടിസ്ഥാനത്തിൽ മരുന്ന് എഴുതിയിരുന്ന രോഗങ്ങളിൽ എവിഡെൻസ്-ബേസ്ഡ് മെഡിസിൻ പിടിമുറുക്കും. അതുകൊണ്ട് ചികിത്സ നിർണയിക്കുന്നതിലുപരി ഡയഗ്നോസിസ് കൃത്യമായി ചെയ്യുന്നതിലാകകും ഡോക്ടർ മിടുക്ക് കാണിക്കേണ്ടത്. രോഗലക്ഷണങ്ങൾ കമ്പ്യൂട്ടറിൽ ഫീഡ് ചെയ്താൽ ഉടനെ ഡയഗ്നോസിസ് പ്രിൻ്റ് ചെയ്ത് തരുന്ന കിണാശേരിയൊന്നും വിദൂരഭാവിയിൽ പോലും വരാൻ സാധ്യതയില്ല. കാരണം:
1. തൻ്റെ രോഗലക്ഷണങ്ങൾ എന്താണെന്ന് രോഗിക്ക് തന്നെ കൃത്യമായി അറിയില്ല. വയറ്റിലാകെ പരവേശം, കൈ തൂക്കിയിടുമ്പോൾ വേദന, കക്കൂസിൽ നിന്നും തിരിച്ചു വരുമ്പോൾ കിതപ്പ്, മരുമോൾ വീട്ടിൽ വന്നതിനു ശേഷം ചുമ എന്ന രീതിയിലാണ് രോഗി വിവരം പറഞ്ഞു തരുന്നത്. Chest pain radiating to the left shoulder എന്നതിന്, “ആകെ കൊയക്ക്, കൊയക്ക് മാറാൻ പടച്ചോനെ വിളിച്ചപ്പോ കുറച്ച് ആശ്വാസം കിട്ടി, പിന്നെ കഞ്ഞി കുടിച്ചപ്പോൾ നെഞ്ഞത്ത് കെട്ടി, നെഞ്ഞത്ത് കെട്ടിയ കഞ്ഞി പൊറത്ത് കളയാൻ വേണ്ടി എത്രങ്ങാനും പ്രാശ്യം കൊരച്ച് നോക്കി, അങ്ങനെ കൊരച്ച് കൊരച്ച് രണ്ട് തോളത്തും വേദന വന്ന്” എന്നേ പറയുകയുള്ളൂ. കൊരച്ചതുകൊണ്ടല്ല തോളത്ത് വേദന വന്നതെന്ന് എത്ര പറഞ്ഞ് നോക്കിയാലും ലവര് വിശ്വസിക്കാൻ പോകുന്നില്ല. നമ്മൾ ഡോക്ടർമാർ അഞ്ചര കൊല്ലം പഠിക്കുന്നത് കീറാമുട്ടി ഡയഗ്നോസിസുകൾ ശടപടേന്ന് ഉണ്ടാക്കാൻ വേണ്ടിയല്ല, മറിച്ച് രോഗി പറയാത്തതും, അവ്യക്തമായി പറഞ്ഞതുമായ സൂചനകളും, ബോഡി ലാംഗ്വേജും, വസ്ത്രധാരണവും, ഇഷ്ടാനിഷ്ടങ്ങളും, സാമൂഹ്യപശ്ചാത്തലവും ഒക്കെ നിരീക്ഷിച്ച് രോഗത്തെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ചോദിച്ച് ഡയഗ്നോസിസ് ഉണ്ടാക്കാൻ പരിശീലിക്കുകയാണ് ചെയ്യുന്നത് എന്ന് പലർക്കും അറിയില്ല. ഗൂഗിൾ ചെയ്ത് ഓ.പിയിൽ വന്ന രോഗികളെ കണ്ടാൽ ഒറ്റനോട്ടത്തിൽ നമുക്ക് മനസിലാവുന്നത് അവർ തങ്ങളുടെ രോഗലക്ഷണങ്ങൾ സമയബന്ധിതമല്ലാതെ ഒന്നൊന്നായി എണ്ണിപ്പറയുമ്പോഴാണ്. വായിച്ചതും കേട്ടതുമായ വായിൽ കൊള്ളാത്ത മെഡിക്കൽ ടേംസ് ഒക്കെ സ്വന്തം രോഗലക്ഷണമായിട്ട് രോഗി പറയാറുണ്ട്. ചിലപ്പോൾ രോഗി തനിക്കാവശ്യമുള്ള ഒരു ഡയഗ്നോസിസ് മനസിൽ കണ്ടിട്ടുള്ളതുകൊണ്ട് ആ രോഗത്തിനനുസൃതമായിട്ടുള്ള ഇല്ലാത്ത രോഗലക്ഷണങ്ങളും പറഞ്ഞു തരും. മുഴുവൻ ക്ലിനിക്കൽ ഹിസ്റ്ററി വിശദമായി എടുത്തില്ലെങ്കിൽ നമുക്ക് പണി പാലും വെള്ളത്തിൽ കിട്ടും, ഗൂഗിൾ വിദ്വാൻ നമ്മളെപ്പറ്റി ‘നെറ്റിൽ എഴുതി’ ഉള്ള സൽപ്പേരും കൂടി കളയുകയും ചെയ്യും.
എല്ലാ ടെക്സ്റ്റ്ബുക്കുകളിലും angina യുടെ ലക്ഷണം നെഞ്ചുവേദനയാണെന്ന് പറയുമെങ്കിലും, കൊയക്ക്/ആകെ ക്ഷീണം/നെഞ്ഞത്ത് തടവാൻ തോന്നൽ/ചോറ് വയറ്റിൽ കെട്ടൽ/പുറത്ത് വെയ്റ്റ് വെച്ച പോലെ തോന്നുന്നു/മേലാകെ ചൂട് പിടിച്ചിട്ടും മാറാത്ത എല്ലുവേദന/പുതിയാപ്ല വന്നപ്പോൾ ആകെ ബേജാറ്/വെശർപ്പ് എന്നീ നൂറായിരം സംഭവങ്ങളും angina തന്നെയാണെന്ന് സംശയിക്കണമെങ്കിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മതിയാവില്ല. Chest pain radiating to the left shoulder എന്ന് കൃത്യമായി പറഞ്ഞ ഒരു രോഗിയെപ്പോലും ഞാൻ ഇതുവരെ കണ്ടിട്ടുമില്ല. (ഓഫ് ടോപ്പിക്ക്: ഹാർട്ട് അറ്റാക്ക് ഉണ്ടാകുമ്പോൾ വേദന തോൾഭാഗത്തേക്ക് വരുന്നത് സാധാരണമാണ്. അങ്ങനെ ഒരിക്കൽ അറ്റാക്ക് വന്ന രോഗിക്ക് പ്രധാന പ്രശ്നമായി തോന്നിയത് നെഞ്ചുവേദനയായിരുന്നില്ല, തോൾവേദനയായിരുന്നു. തോൾവേദനയ്ക്ക് കാണിക്കാൻ അങ്ങനെ ഓർത്തോപീഡിക്സിൽ ചെന്നു. അവിടെ ചെന്ന് തോൾവേദന എന്ന് പറഞ്ഞതും ഡോക്ടർ തിരക്കിൽ എക്സ്-റേ ഒക്കെ എടുപ്പിച്ച്, “സാരമില്ല, പെയിൻ കില്ലർ കഴിച്ചാൽ മാറിക്കോളും” എന്ന് പറഞ്ഞു. മരുന്ന് വാങ്ങി വീട്ടിൽ ചെന്ന രോഗി ഉടനെ ഹൃദയസ്ഥംഭനം വന്ന് മരണപ്പെട്ടു. ഗുണപാഠം: രോഗലക്ഷണം നോക്കി സ്പെഷ്യലിസ്റ്റിനെ സ്വയം തിരഞ്ഞെടുക്കരുത്. ആദ്യം ജനറൽ പ്രാക്റ്റീഷണറെ കണ്ട് റഫറൽ ആവശ്യമെങ്കിൽ സ്പെഷ്യലിസ്റ്റിനെ കാണുക.)
2. എല്ലാ രോഗങ്ങളും ലോകത്താകെ ഒരേ അളവിലല്ല കാണുന്നത്. മുഖത്തുള്ള ചുവന്ന പാട് കേരളത്തിൽ കൊതുകുകടി മൂലമാണ് ഉണ്ടാവുന്നതെങ്കിൽ, സ്വീഡനിൽ ആക്റ്റിനിക് കെരറ്റോസിസ് ആകാനാണ് സാധ്യത കൂടുതൽ. പല രോഗങ്ങളും പല സ്ഥലങ്ങളിലും, കാലാവസ്ഥയെയും, ജീവിതശൈലിയെയുമൊക്കെ അനുസരിച്ച് പല രീതിയിലും, പല അളവിലുമാണ് കാണപ്പെടുന്നത്. The most uncommon symptom of a common disease is more common than the most common symptom of an uncommon disease എന്നും ഓർത്തിരിക്കുക (ആശയത്തിന് കടപ്പാട്: ഡോ. പി.കെ. ശശിധരൻ, കോഴിക്കോട് മെഡിക്കൽ കോളേജ്).
രോഗം ഡയഗ്നോസ് ചെയ്യുന്ന കമ്പ്യൂട്ടർ അമേരിക്കയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നു എന്ന വാർത്ത കേട്ട് ഇത് വ്യാവസായികാടിസ്ഥാനത്തിൽ വരുമെന്ന് വിശ്വസിക്കാൻ വരട്ടെ. ഡയഗ്നോസിസ് പറയുന്ന കമ്പ്യൂട്ടറുകൾ എന്താണ് ചെയ്യുന്നത് എന്ന് ആദ്യം മനസിലാക്കാം. എല്ലാ രോഗികൾക്കും സാമാന്യം ഒരേപോലെ കാണപ്പെടുന്ന രോഗലക്ഷണങ്ങൾ ഉള്ള ഡയഗ്നോസിസുകൾക്ക്, ഡോക്ടർമാർ രോഗിയോട് വിശദമായി രോഗലക്ഷണങ്ങൾ ചോദിച്ചശേഷം ഈ വിവരങ്ങളും, ഡയഗ്നോസിസും കമ്പ്യൂട്ടറിൽ ചേർക്കുന്നു. ഈ ഡേറ്റയുമായി താരതമ്യം ചെയ്തിട്ടാണ്, അതേ ആശുപത്രിയിൽ നിന്നുള്ള രോഗികളിൽ പരിമിതമായ രോഗസാധ്യതകളിൽ മാത്രം കമ്പ്യൂട്ടർ രോഗനിർണ്ണയം നടത്തിക്കൊണ്ടിരിക്കുന്നത്. അമേരിക്കയിൽ ടെസ്റ്റ് ചെയ്ത സാധനം അതേപടി കോഴിക്കോട് മെഡിക്കൽ കോളേജിലെ ഓ.പിയിൽ കൊണ്ടു വയ്ക്കാൻ പറ്റില്ല. അതിന് ആദ്യം കമ്പ്യൂട്ടറിനെ പരിശീലിപ്പിക്കാൻ ആവശ്യമുള്ള ട്രൈനിങ് ഡേറ്റ കളക്ട് ചെയ്യണം. ആ ഡേറ്റ ഉപയോഗിച്ച് കമ്പ്യൂട്ടർ കൃത്യമായ ഡയഗ്നോസിസ് തന്നെ തരുന്നുണ്ടോ എന്ന് പല തരത്തിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ ടെസ്റ്റിങ്ങുകളിലൂടെ പഠിച്ച് ഉറപ്പാക്കണം. ഇത്ര ടെസ്റ്റിങ് ഒക്കെ ചെയ്തിട്ടും അതിനനുസൃതമായ ഫലം കിട്ടിയെന്നു വരില്ല. ഡയേറിയ ഉള്ള കുട്ടിയെ അഡ്മിറ്റ് ചെയ്യണോ, വീട്ടിൽ വിടണോ എന്ന തരം തീരുമാനങ്ങൾ കമ്പ്യൂട്ടറിനോട് ചോദിക്കുന്നതിനു പകരം അഞ്ച് സെക്കൻ്റിൽ കണ്ണും വായയും നോക്കി മനസിലാക്കാൻ കഴിയുകയാണെങ്കിൽ പിന്നെ കമ്പ്യൂട്ടറിൻ്റെ ആവശ്യം എന്താണ്? എങ്കിലും ക്യാൻസറുകളുടെ സർവൈവൽ അനാലിസിസും, കണ്ടുപിടിക്കപ്പെടാത്ത സിൻഡ്രോമുകളും, രോഗങ്ങളുടെ ജനിതക ഉല്പത്തിയും, സൈക്യാട്രിക്ക് അസുഖങ്ങളുടെ കണ്ടുപിടിക്കപ്പെടാത്ത ന്യൂറോളജിക്കൽ മെക്കാനിസങ്ങളുമൊക്കെ കണ്ടുപിടിക്കാൻ തീർച്ചയായും കമ്പ്യൂട്ടറിനെ ഏൽപ്പിക്കാവുന്നതാണ്. അതുകൊണ്ടു തന്നെ, ആശുപത്രി ഡിജിറ്റൈസ് ചെയ്ത് കുന്നു കണക്കിന് ഡേറ്റ ശേഖരിച്ചുവയ്ക്കുന്നത് നിങ്ങളുടെ ജോലി കളയുകയല്ല, പക്ഷെ, പലതരം രോഗങ്ങൾ തമ്മിലുള്ള ഇൻ്ററാക്ഷനുകളും, സ്റ്റാറ്റിസ്റ്റിക്കൽ പ്രഡിക്ഷനുകളുമൊക്കെ നടത്തി പുതിയ വിജ്ഞാനം ഉൽപ്പാദിപ്പിച്ച്, ശാസ്ത്രത്തെ മുന്നോട്ട് നടത്തുകയാണ് ചെയ്യുക എന്നത് അറിഞ്ഞിരിക്കുക. ഇവിടെ മെഷീൻ ലേണിങ്ങിൻ്റെ ‘ബ്ലാക്ക് ബോക്സ്‘ ഡയഗ്നോസിസ് രീതി പ്രശ്നകരമാകുമെങ്കിലും വൈദ്യശാസ്ത്ര ഗവേഷണത്തിൽ ഒരുപാട് അപ്ലിക്കേഷനുകൾ ഉണ്ടായേക്കും എന്ന് തന്നെയാണ് ഞാൻ കരുതുന്നത്.
3. അടുത്ത പ്രശ്നം മെഷീനിന് രോഗിയെ സമാധാനിപ്പിക്കാൻ കഴിയാത്തതാണ്. ക്യാൻസറാണെന്നോ, സ്ട്രോക്ക് ആണെന്നോ ഒരു മെഷീൻ വന്ന് പറയുന്നത് ഒന്നാലോചിച്ച് നോക്കൂ. മാസാമാസം നടുവേദനയ്ക്ക് കാണിക്കാൻ വരുന്ന അമ്മാമ്മ നമ്മുടെയടുത്തെത്തുന്നത് ‘കറുപ്പാതൈലവും”, പെയിൻ കില്ലറും വാങ്ങിക്കാൻ വേണ്ടിയല്ല. പലവിധ സമ്മർദ്ദങ്ങളിൽ നിന്നും അല്പസമയം മോചനം നേടാനും, ഡോക്ടർ പറയുന്ന ആശ്വാസവാക്കുകൾ കേൾക്കാനുമാണ്. ക്ഷീണം/നടുവേദന/തലവേദന എന്നീ ഇല്ലാക്കഥകൾ പറഞ്ഞ് ‘ഡോക്ടർ ഷോപ്പിങ്’ നടത്തുന്ന എത്രപേരെ നിങ്ങൾ കണ്ടിട്ടുണ്ടാകും! പലർക്കും ഡോക്ടർ ഒരു ആശ്വാസമാണ്, ചിലപ്പോൾ പ്രതീക്ഷയാണ്. മെഷീനിനു സ്വതന്ത്രമായി ആശയവിനിമയം നടത്താൻ കഴിയാത്തതുകൊണ്ടുതന്നെ, സൈക്യാട്രി, പാലിയേറ്റീവ് മെഡിസിൻ എന്നിവിടങ്ങളിൽ ജോലിസാധ്യത ഒട്ടും കുറയില്ല. സോഫിയ എന്ന റോബോട്ടിന് മനുഷ്യരെപ്പോലെ സംവദിക്കാൻ കഴിവുണ്ടല്ലോ എന്നാണ് ചോദ്യമെങ്കിൽ, ഒരു രോഗിയെ ആശ്വസിപ്പിക്കാനും, കൗൺസിലിങ് നൽകാനും, തലോടാനും, അവരുടെ സാമൂഹിക പശ്ചാത്തലത്തിനനുസരിച്ച് പെരുമാറാനും പ്രജ്ഞയില്ലാത്ത മെഷീനിനു സാധ്യമല്ല എന്നാണ് ഉത്തരം. എന്നെങ്കിലും മനുഷ്യനെപ്പോലെ പ്രജ്ഞ നേടിയ റോബോട്ടുകൾ ഉണ്ടാകുമെങ്കിൽ, പിന്നെ മനുഷ്യനും റോബോട്ടും തമ്മിൽ വ്യത്യാസമില്ലാത്ത അവസ്ഥ വരികയും, ഡോക്ടറുടെ ജോലി മാത്രമല്ല, എല്ലാ മേഖലയിലുള്ളവരുടെയും ജോലി ഇല്ലാതാവുകയും ചെയ്യും.
ഇവിടെ പ്രശ്നം എന്തെന്നുവച്ചാൽ കമ്പ്യൂട്ടിങ്ങിൻ്റെ സാധ്യതകൾ എന്താണെന്ന് ഡോക്ടർമാർക്കും, ദൈനംദിന പ്രാക്ടീസിലെ പ്രശ്നങ്ങളും സമ്മർദ്ദങ്ങളും എന്താണെന്ന് എഞ്ചിനിയർമാർക്കും അറിഞ്ഞുകൂടാ. വിദേശത്തൊക്കെ പല കമ്പനികളിലെയും ഡേറ്റ സയൻ്റിസ്റ്റുകൾ കയ്യിൽ സ്പാനറും പിടിച്ച്, “ഡേറ്റ തന്നാൽ ഇപ്പം ശര്യാക്കിത്തരാം” എന്ന് കുതിരവട്ടം പപ്പു സ്റ്റൈലിൽ പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ വ്യക്തമായ ഇൻസൈറ്റ് ഇല്ലാതെ ചെയ്യുന്ന അനാലിസിസ് ഉപയോഗശൂന്യമാണ്. എത്തിക്കൽ അപ്രൂവൽ വാങ്ങുന്നത് മുതൽ കിട്ടിയ ഡേറ്റയിലെ അസാധാരണമായ ഒബ്സർവേഷനുകളുടെ കാരണം കണ്ടെത്തി നീക്കം ചെയ്യുന്നതു വരെയുള്ള പരിപാടികൾ വളരെ ആയാസകരമാണെന്ന് മാത്രമല്ല, ‘വൃത്തിയില്ലാത്ത‘ ഡേറ്റ അനലൈസ് ചെയ്താൽ തെറ്റായ നിഗമനങ്ങൾ കിട്ടുകയും ചെയ്യും. ഭാവിയിൽ ഡേറ്റ ചോദിച്ച് പല കമ്പനികളും നിങ്ങളുടെ ക്ലിനിക്കിനെ സമീപിക്കാൻ സാധ്യതയുണ്ട്. ഇത്തരം കമ്പനികളുമായി സഹകരിക്കുകയാണെങ്കിൽ അവരുടെ റിസേർച്ച് ഔട്ട്പുട്ട് എന്താണെന്നും, ഡേറ്റ എങ്ങനെയാണ് ഉപയോഗിക്കാൻ പോകുന്നതെന്നും, കൊടുക്കുന്ന ഡേറ്റയിൽ എത്രമാത്രം ‘വൃത്തി’ ആവശ്യമുണ്ടെന്നും, ഡേറ്റ തരുന്ന രോഗികൾക്ക് കോമ്പൻസേഷൻ കൊടുക്കുമോ എന്നും, പ്രൈവസി പോളിസി എന്താണെന്നുമൊക്കെ ചോദിച്ച് മനസിലാക്കിയിട്ട് മാത്രം സഹകരിക്കുക. ശാസ്ത്രം വളച്ചൊടിച്ചുകൊണ്ട് തങ്ങളുടെ പ്രൊഡക്റ്റിനെ ‘കുളിപ്പിച്ച് കുട്ടപ്പനാക്കി’ അവതരിപ്പിക്കുന്ന ചവറ് പ്രൊജക്റ്റുകളുടെ ഗിനിപ്പന്നികളാകാതിരിക്കുക.
സൈക്യാട്രിയുടെ പ്രാധാന്യം കൂടുതലായി ആളുകൾ അറിഞ്ഞു വരുന്നുണ്ട്. പണ്ടൊക്കെ ‘മുഴുഭ്രാന്ത്’ എന്ന് സമൂഹം മുദ്ര കുത്തിയവരെ മാത്രം സൈക്യാട്രിസ്റ്റിൻ്റെ അടുത്ത് കൊണ്ടുപോകാറുണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ഉൽകണ്ഠ മുതൽ ചെറിയ മാനസിക സംഘർഷങ്ങൾക്ക് വരെ രോഗികൾ സൈക്യാട്രിസ്റ്റിൻ്റെ സഹായം തേടുന്നുണ്ട്. ഭാവിയിൽ ഇവിടെ ജോലിസാധ്യത കൂടും. കേരളത്തിൽ പ്രായമേറിയവരുടെ സംഖ്യ കൂടിവരുന്നതുകൊണ്ടും, രോഗാവസ്ഥയിലും ആളുകൾക്ക് കൂടുതൽ ആയുർദൈർഘ്യം ഉള്ളതുകൊണ്ടും, മുന്തിയ ചികിത്സ താങ്ങാനാവുന്നവരുടെ എണ്ണം കൂടിവരുന്നതുകൊണ്ടും റീഹാബിലിറ്റേഷൻ മെഡിസിന് കൂടുതൽ സാധ്യതകളുണ്ട്. ഉഴിച്ചിൽ-യോഗ-പഥ്യം ഇത്യാദി ചികിത്സകർ ഇപ്പോൾ പച്ചപിടിച്ചിട്ടുള്ളത് റീഹാബ് മെഡിസിനിലാണ്. ഈ വിഭാഗത്തിൽ കൂടുതൽ ചികിത്സകരും, ശാസ്ത്രീയമായ ചികിത്സാസൗകര്യങ്ങളും വരുന്നതോടുകൂടിയും, രോഗികളുടെ യാഥാർത്ഥ്യബോധമില്ലാത്ത പ്രതീക്ഷകൾ കുറഞ്ഞു വരുന്നതോടു കൂടിയും ഈ മേഖലയിൽ ജോലിസാധ്യതകൾ ഏറിവരും എന്നാണെനിക്ക് തോന്നുന്നത്. അതേസമയം ജോലിസാധ്യതയിൽ വ്യക്തതയില്ലാത്ത ഏറോസ്പേസ് മെഡിസിൻ, ട്രാവൽ മെഡിസിൻ മുതലായ കോഴ്സുകൾക്കൊന്നും ലോകത്തെവിടെപ്പോയും ചേരുന്നത് ബുദ്ധിയല്ല. ഇത്തരം ജോലികൾക്ക് പരിമിതമായ ജോലിസാധ്യതകളേ ഉള്ളൂ. മെഡിക്കൽ കൗൺസിലുകൾ അംഗീകരിക്കാത്ത എം.എസ്.സി കോഴ്സുകൾക്കും പോകുന്നത് സുരക്ഷിതമല്ല. ഭാവിയിൽ ഡോക്ടറുടെ റെജിസ്ട്രേഷൻ വിവരങ്ങൾ പബ്ലിക്ക് ആകുകയും, ആർക്കും എം.സി.ഐയുടെ വെബ്സൈറ്റിൽ കയറി, ഡോക്ടറുടെ റെജിസ്ട്രേഷൻ നമ്പർ അടിച്ചു നോക്കി, ഡോക്ടറുടെ യോഗ്യതകളും പഠിച്ച കോഴ്സുകളൂം വേരിഫൈ ചെയ്യാനാകുന്ന സാഹചര്യം വരും. അപ്പോൾ, എം.സി.ഐ അംഗീകരിക്കാത്തതായ, അമേരിക്കൻ യൂണിവേഴ്സിറ്റികളൊക്കെ നടത്തുന്ന ഡിസ്റ്റൻ്റ് കോഴ്സുകൾ റജിസ്റ്ററിൽ കാണാത്തതുകൊണ്ട് ഫലത്തിൽ നിങ്ങൾ വ്യാജഡോക്ടർ ആയി മാറും.
ആധുനിക സാങ്കേതികവിദ്യ വരുമ്പോൾ ആദ്യം ജോലി ഇല്ലാതാവുന്നത് ജനറൽ പ്രാക്ടീസ്, ഫാമിലി മെഡിസിൻ എന്നിവർക്കാണെന്നത് തെറ്റിദ്ധാരണയാണ്. കാരണം നേരത്തേ പറഞ്ഞതു തന്നെ. രോഗിക്ക് രോഗലക്ഷണം അറിയാത്തതും, ആശ്വാസത്തിനായി മാത്രം ഡോക്ടറുടെ അടുത്ത് വരുന്നതും, രോഗി ഒരിക്കലും സംശയിക്കുക പോലും ചെയ്യാത്ത സാഹചര്യങ്ങൾ രോഗത്തിനു ഹേതുവാകുന്നതും എല്ലാം മെഷീനിനെ ‘വട്ട് പിടിപ്പിക്കുന്ന’ കാര്യങ്ങളാണ്. രോഗലക്ഷണങ്ങൾക്കനുസരിച്ച് ഏത് സ്പെഷ്യലിസ്റ്റിനെ കാണണം എന്നത് രോഗി തീരുമാനിച്ചാൽ അത് അപകടത്തിലേക്ക് നയിക്കാം എന്നത് പതുക്കെയാണെങ്കിലും സർക്കാറുകൾക്ക് മനസിലാകും. പല വിദേശരാജ്യങ്ങളിലും ഉള്ളതുപോലെ, രോഗിക്ക് ഫാമിലി ഡോക്ടറെ മാത്രമേ സ്വന്തം താല്പര്യപ്രകാരം കാണാൻ കഴിയുകയുള്ളൂ എന്നും, സ്പെഷ്യലിസ്റ്റിനെ കൺസൾട്ട് ചെയ്യണമെങ്കിൽ റഫറൽ വേണമെന്നുമുള്ള നിബന്ധന ഉണ്ടാകാൻ സാധ്യതയുണ്ട്.
പ്രീക്ലിനിക്കൽ മേഖലകളിൽ ജോലിസാധ്യത ഏതാണ്ട് അതേപോലെ തന്നെ നിലനിൽക്കുമെങ്കിലും, ഫിസിയോളജി, ബയോകെമിസ്ട്രി, ജെനറ്റിക്സ് എന്നീ ബേസിക് സയൻസുകളിൽ ഗവേഷണത്തിൽ മുന്നേറ്റങ്ങളുണ്ടാകും. നമ്മുടെ സർക്കാരുകൾക്ക് ഗവേഷണത്തിൽ ഇന്വെസ്റ്റ് ചെയ്യാൻ താല്പര്യമില്ലാത്തതുകൊണ്ട് ഇന്ത്യയിൽ കാര്യമായ സ്കോപ്പ് ഇല്ലെങ്കിലും യൂറോപ്പ്/യു.എസ്.എ എന്നിവിടങ്ങളിൽ അവസരങ്ങൾ കൂടാനാണ് സാധ്യത.
ഫോണിൽ ബട്ടൺ അമർത്തുമ്പോൾ സ്വയം ഓടി വരുന്ന ക്രാഷ് കാർട്ട്, ഓപ്പറേഷൻ കഴിഞ്ഞ് തിയേറ്റർ അടച്ചിട്ട് നിശ്ചിത സമയം കഴിയുമ്പോൾ തിയേറ്റർ സ്വയം സ്റ്റെറിലൈസ് ചെയ്യുന്ന പമ്പ്സെറ്റും വാക്വം ക്ലീനറും, കാലുകൾക്ക് സ്വാധീനശേഷി കുറഞ്ഞവർക്ക് ഊന്നുകൊടുക്കുന്ന യന്ത്രക്കാല് എന്നിവയൊക്കെ അടുത്തകാലത്ത് തന്നെ വരും എന്നാണ് എനിക്ക് തോന്നുന്നത്.
ഇത് വായിക്കുന്ന നിങ്ങൾ മെഡിക്കൽ ഫീൽഡിൽ ജോലി ചെയ്യുന്നയാൾ അല്ലെങ്കിൽ മൂക്കത്ത് വിരൽ വച്ചേക്കാം. ഇരുപത് വർഷങ്ങൾക്കുള്ളിൽ ഈ ചില്ലറ മാറ്റങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളോ? അപകടസ്ഥലത്തു നിന്ന് രോഗിയെ ക്ഷതങ്ങളേൽക്കാതെ ആംബുലൻസിൽ കയറ്റുന്ന റോബോട്ട് വരില്ലേ? ഹൃദയം സ്തംഭിച്ച രോഗിക്ക് സ്വയം സി.പി.ആർ നൽകുന്നതിനോടൊപ്പം രക്തസാമ്പിൾ കൂടി ശേഖരിക്കുന്ന റോബോട്ട്?
വെൽക്കം റ്റു കേരള. മറ്റിടങ്ങളിൽ ഗവേഷകർ ബിഗ് ഡേറ്റയുടെ നൂതനമായ അപ്ലിക്കേഷനുകൾ തേടുമ്പോൾ ഇവിടെ നമ്മൾ ചർച്ച ചെയ്യുന്നത് ഹോമിയോ മരുന്ന് കഴിച്ചാൽ രോഗം മാറുമോ എന്നാണ് (മാറും എന്ന് തന്നെയാണ് പൊതുജനാഭിപ്രായം എന്ന് തോന്നുന്നു). പുതിയ സാങ്കേതികവിദ്യകൾ എന്തെല്ലാമാണെന്നുപോലും നമ്മുടെ ഹെൽത്ത് പോളിസികൾ തീരുമാനിക്കുന്നവർക്ക് അറിവില്ല. അതുകൊണ്ടുതന്നെ മാറ്റങ്ങൾ അനിവാര്യമാകുന്ന സാഹചര്യത്തിൽ മാത്രമേ ഇവിടെ മാറ്റങ്ങൾ വരികയുള്ളൂ. ഒരുപാട് വർഷങ്ങൾ സർവീസ് ഉള്ള മെഡിക്കൽ കോളേജ് സ്റ്റാഫിനെ പരിചയപ്പെട്ടു കഴിഞ്ഞ് ഞാൻ സ്ഥിരം ചോദിക്കുന്ന ചോദ്യം, “കഴിഞ്ഞ 20 വർഷങ്ങളിൽ എന്തൊക്കെ മാറ്റങ്ങളാണ് ഈ മെഡിക്കൽ കോളേജിന് ഉണ്ടായത്?” എന്നതാണ്. ബ്ലഡ് കുപ്പിക്കു പകരം ബാഗ് വന്നു, ഹൗസ് സർജനെ വിളിക്കാൻ ഫോൺ വന്നു, ഡിസ്പോസബിൾ നീഡിൽ വന്നു, ആശുപത്രി വരാന്തയിൽ ടൈൽസ് ഇട്ടു, എം.ആർ.ഐ സ്കാൻ വന്നു, കീമോതെറാപ്പി മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് കൊടുത്തു തുടങ്ങി എന്നീ മാറ്റങ്ങളാണ് ഇവിടെ നടന്നിട്ടുള്ളതായി കേട്ടിട്ടുള്ളത്. മറ്റ് രാജ്യങ്ങളിൽ പണ്ടേ വന്ന മാറ്റങ്ങൾ വൈകിയാണ് ഇവിടെയെത്തുന്നത്. മൊബൈൽ ഫോണിലെ ആപ്പുകളിൽ ഉള്ളതുപോലെ ഒരു പുതിയ ഫീച്ചർ ലോകമൊന്നടങ്കം ഒറ്റയടിക്ക് അപ്ഡേറ്റ് ചെയ്യാൻ ആരോഗ്യരംഗത്ത് സാധ്യമല്ല. മെഷീനുകളെ ടെസ്റ്റ് ചെയ്യാൻ രോഗം സിമുലേറ്റ് ചെയ്ത് നോക്കാനും കഴിയില്ല. മെഷീൻ കൃത്യമായി ജോലി ചെയ്യുന്നുണ്ടോ എന്നറിയാൻ നൈതികമല്ലാത്ത പരീക്ഷണങ്ങൾ നടത്താനും സാധ്യമല്ല. പല മരുന്നുകളും ഓവർഡോസ് ആയാൽ എന്തു സംഭവിക്കും എന്നതിന് ഉത്തരം കിട്ടാൻ, ആരെങ്കിലും ഈ മരുന്ന് അബദ്ധത്തിൽ അമിതമായി കഴിക്കുവാൻ വേണ്ടി കാത്തിരിക്കണം എന്നതുകൊണ്ട് ദശകങ്ങൾ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്, അതേപോലെ നൈതികമല്ലാത്ത സാഹചര്യങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ മെഷീനിനെ ഉപയോഗിക്കണമെങ്കിൽ ദശകങ്ങൾ കാത്തിരിക്കേണ്ടി വന്നേക്കാം.
ആരോഗ്യരംഗത്ത് ഒരു പാരഡൈം ഷിഫ്റ്റ് വന്നുകൂടേ എന്ന് പലരും ചോദിക്കുന്നതാണ്. വരാൻ സാധ്യതയുണ്ട് എന്നാണ് ഉത്തരം. മനുഷ്യന് ഡയ്ഗ്നോസ് ചെയ്യാൻ പാകത്തിനാണല്ലോ നാം വൈദ്യവിജ്ഞാനം നിർമ്മിച്ചിട്ടുള്ളത്. ഇത് മെഷീനിനു ഡയഗ്നോസ് ചെയ്യാവുന്ന വിധത്തിൽ എന്തുകൊണ്ട് പുനഃക്രമീകരിച്ചുകൂടാ? അച്ചടിയന്ത്രത്തിൽ ടൈപ്പ് ചെയ്യാനുള്ള എളുപ്പത്തിനു വേണ്ടി മലയാള ലിപി മാറ്റിയെഴുതിയവരാണ് മലയാളികൾ. ഒരു നീഡിൽ പ്രിക്ക് ചെയ്ത് കിട്ടുന്ന രക്തപരിശോധനയിലൂടെ ഡെങ്കിപ്പനി മുതൽ ഗില്ലൻ ബാരി സിൻഡ്രോം വരെ ബയോമാർക്കറുകൾ ഉപയോഗിച്ച് കണ്ടെത്താവുന്ന കിണാശേരി വന്നുകൂടായ്കയില്ല, പക്ഷെ പാരഡൈം ഷിഫ്റ്റുകൾ നടക്കണമെങ്കിൽ ശതവർഷങ്ങളോ, നൂറ്റാണ്ടുകളോ തന്നെ എടുത്തേക്കാം എന്നതുകൊണ്ട് അടുത്തകാലത്തൊന്നും വൈദ്യവിജ്ഞാനത്തിൽ ഇത്തരം അഴിച്ചുപണി ഉണ്ടാകില്ല.
ഇനി ഗവേഷണത്തെക്കുറിച്ച് രണ്ട് വാക്ക്. എൻ്റെ ഗവേഷണത്തെക്കുറിച്ച് ഇവിടെ എഴുതിയിട്ടുണ്ട്. ഓട്ടോമേഷനെ സഹായിക്കാനും, ക്ലിനിക്കൽ ജോലി ലഘൂകരിക്കാനുമുള്ള റിസർച്ച് ആണ് പല പി.എച്ച്.ഡി പ്രൊജക്ടുകളും. ഇന്ത്യയിൽ ഈ മേഖല ശൈശവദശയിലാണ്. ഇന്ത്യയിൽ ജനസംഖ്യ കൂടുതലുള്ളതുകൊണ്ടും, പേഷ്യൻ്റ് ഡേറ്റ ലഭിക്കാനുള്ള നടപടികൾ താരതമ്യേന എളുപ്പമായതുകൊണ്ടും പല കമ്പനികളും തങ്ങളുടെ റിസർച്ച് ഇന്ത്യയിൽ നടത്തിയേക്കാം. ഗവേഷണത്തിൽ ജോലിസാധ്യത കൂടിവരികയാണെങ്കിലും, ഇന്ത്യയെ അത് എത്രമാത്രം ബാധിക്കും എന്നത് സർക്കാർ നയങ്ങൾക്കനുസരിച്ചിരിക്കും. ഗോമൂത്രത്തിൽ നിന്നും സ്വർണ്ണം വേർതിരിക്കുന്ന റിസേർച്ച് ആണ് സർക്കാർ ഫണ്ട് ചെയ്യാൻ താല്പര്യപ്പെടുന്നതെങ്കിൽ, ഗവേഷണത്തിൽ കാര്യമായ ഭാവി ഞാൻ കാണുന്നില്ല.
അവസാനമായി വ്യക്തതയ്ക്ക് വേണ്ടി ഇതും കൂടി പറയാം. ഞാൻ ഓട്ടോമേഷനെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ്. സർഗാത്മകമല്ലാത്ത, repetitive ആയ ജോലികളൊന്നും മനുഷ്യൻ ചെയ്യേണ്ടതല്ല, അതൊക്കെ മെഷീനിനു വിട്ടുകൊടുക്കുക എന്നതാണ് എൻ്റെ അഭിപ്രായം. ഓട്ടോമേഷൻ മൂലം ജോലി നഷ്ടപ്പെട്ടവരെ സർക്കാർ മറ്റ് സ്കില്ലുകൾ പഠിപ്പിച്ച് പുതിയ ജോലികൾ കണ്ടെത്തുകയും, അത്രയും കാലം തൊഴിൽ ദാതാവ് തൊഴിലില്ലാവേതനം നൽകുകയുമാണ് ചെയ്യേണ്ടത്. കാളവണ്ടിക്കാരൻ്റെ ജോലി നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ട്രാക്ടറിനെതിരെ സമരം ചെയ്യുന്നതിൽ യുക്തിയില്ല. എന്നാൽ ട്രാക്ടർ വന്നതോടുകൂടി ജോലി നഷ്ടപ്പെട്ട കാളവണ്ടിക്കാരന് പഴയ വരുമാനം തന്നെ നിലനിർത്താനുള്ള അവകാശത്തിനു വേണ്ടി സമരം ചെയ്യുക തന്നെ വേണം. നമ്മൾ എത്രയൊക്കെ അവഗണിച്ചാലും അവസാനം ട്രാക്ടർ വരിക തന്നെ ചെയ്യും. അത് നമ്മുടെ നെഞ്ചത്തൂടെ കേറുമോ എന്നത് നേരത്തേ കണ്ടെത്തി മാറി നടക്കുകയേ നിവൃത്തിയുള്ളൂ. ഭൂരിഭാഗം ജോലികളും ഓട്ടോമേറ്റഡ് ആകുകയും, ദിവസത്തിൽ ആകെ നാല് മണിക്കൂർ മാത്രം ജോലി ചെയ്യേണ്ട അവസ്ഥയും വരുന്ന കാലമാണ് എൻ്റെ സ്വപ്നം. അന്ന് എല്ലാവരും നാല് മണിക്കൂർ മാത്രം ജോലി ചെയ്യുമ്പോൾ, നമ്മൾ ഡോക്ടർമാർ മാത്രം എന്നത്തെയും പോലെ 24-മണിക്കൂർ ജോലി ചെയ്യേണ്ടിവരുന്നത് എന്തൊരു ബോറായിരിക്കും എന്നൊന്ന് ആലോചിച്ച് നോക്കൂ!
ഡിസ്ക്ലൈമർ: ഇത്രയൊക്കെ പറഞ്ഞ ഞാൻ ഇതുവരെ ഒരു പി.ജി എൻട്രൻസ് പരീക്ഷ പോലും എഴുതിയിട്ടില്ല! അതുകൊണ്ട് എന്നെ പൂർണ്ണമായും വിശ്വസിക്കാതെ, സ്വയം ചിന്തിച്ചു തീരുമാനമെടുക്കുക. പത്തോളജി പി.ജി തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ഡോ. സജ്ന എഴുതിയത് ഇവിടെ വായിക്കുക.
Like this:
Like Loading...