ഡി.എൻ.എ ഘടന ചിത്രീകരിച്ച ശാസ്ത്രപ്രതിഭ

ശരീരത്തിലെ കോശങ്ങളിൽ അടങ്ങിയിട്ടുള്ള ഡി.എൻ.എ എന്ന പദാർഥം ആണ് ശരീരഘടന നിർണ്ണയിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണെല്ലോ. എന്നാൽ, ഈ ഡി.എൻ.എയുടെ ഘടന എന്താണ്? എങ്ങനെയാണ് ഡി.എൻ.എ യുടെ പല കോപ്പികൾ ഉണ്ടാവുന്നത്? ഏതാണ്ട് അര നൂറ്റാണ്ടോളം ഉത്തരമില്ലാതെ കിടന്നിരുന്ന ചോദ്യങ്ങളാണിവ. ഡി.എൻ.എയെ അതിന്റെ മൂലപദാർത്ഥങ്ങളായി വേർതിരിച്ചെടുത്താൽ അവയുടെ ഘടനയ്ക്ക് സാരമായ മാറ്റം സംഭവിക്കും എന്നതുകൊണ്ട് ഡി.എൻ.എയുടെ ഘടനയും, അവ പിളർന്ന് പുതിയ ഡി.എൻ.എകൾ ഉണ്ടാവുന്ന പ്രക്രിയയെയുമൊന്നും വളരെക്കാലത്തേക്ക് ശാസ്ത്രലോകത്തിന് കണ്ടുപിടിക്കാനായിരുന്നില്ല. ഈ ചോദ്യത്തിന്റെ ചുരുളഴിച്ച പ്രധാന ശാസ്ത്രജ്ഞരിലൊരാളാണ് റോസലിന്റ് ഫ്രാങ്ക്ലിൻ.

1920-ൽ റോസലിന്റ് ജനിച്ചത് പുരോഗമന ആശയങ്ങൾ പിന്തുടരുന്ന ഒരു ധനികകുടൂംബത്തിലായിരുന്നു. അതുകൊണ്ടു തന്നെ സ്ത്രീകൾ ഉന്നതവിദ്യാഭ്യാസം നടത്തുന്നതിനോട് കുടുംബത്തിൽ വലിയ എതിർപ്പുകളൊന്നുമില്ലായിരുന്നു. എന്നാൽ, റോസയുടെ അച്ഛൻ അവരെ വിദ്യാഭ്യാസത്തിൽ നിന്നും നിരുത്സാഹപ്പെടുത്തിയിരുന്നെന്നും, സ്ത്രീവിമോചകപ്രവർത്തകയായ അവരുടെ അമ്മായിയുടെ പ്രയത്നഫലമായാണ് റോസയ്ക്ക് പഠനം സാധ്യമായതെന്നും ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ശാസ്ത്രവിഷയങ്ങളിൽ ഉന്നത ഗ്രേഡുകൾ കരസ്ഥമാക്കിയ റോസലിന്റ്, ക്യാംബ്രിഡ്ജിലെ ന്യൂഹാം കോളേജിൽ ബിരുദപഠനം നടത്തി. അക്കാലത്ത്, സ്ത്രീകൾക്ക് ഉന്നതപഠനത്തിനായി പ്രത്യേകം വനിതാകോളേജുകൾ ഉണ്ടായിരുന്നു. ഇത്തരം കോളേജുകളിൽ പരീക്ഷ ജയിച്ചാലും ഔദ്യോഗികമായി ഡിഗ്രി നൽകുന്നത് പതിവില്ലായിരുന്നു. 1941-ൽ പഠനം പൂർത്തിയാക്കിയ റോസയ്ക്ക് ഉടനടി ഗവേഷണം ചെയ്യാൻ അനുമതിയുണ്ടായിരുന്നെങ്കിലും, ഔദ്യോഗികമായി ഡിഗ്രി ലഭിക്കാൻ വീണ്ടും ആറു വർഷം കൂടി കാത്തിരിക്കേണ്ടി വന്നു. കൽക്കരിക്കട്ടകളിലെ സുഷിരങ്ങളുടെ സ്വഭാവങ്ങളും, സാന്ദ്രതയും പഠനവിഷയമാക്കി 1945-ൽ റോസലിന്റ് പി.എച്ച്.ഡി നേടി. ശാസ്ത്രസാങ്കേതിക രംഗത്ത് സ്ത്രീകൾ വളരെ കുറവായിരുന്ന 1950-കളിൽ സ്ത്രീ ശാസ്ത്രജ്ഞർ വളരെയധികം അവഗണനകൾ നേരിടേണ്ടി വന്നിരുന്നു. സ്ത്രീ ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തങ്ങളെ അംഗീകരിക്കാൻ വിസമ്മതിക്കുകയും, അവരോട് സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്യുന്നവരായിരുന്നു റോസാലിന്റിന്റെ സഹപ്രവർത്തകരിൽ പലരും. ധൈര്യത്തോടെ സംസാരിക്കുകയും, സ്വന്തം ആശയങ്ങളെ മുറുകെപ്പിടിക്കുകയും ചെയ്യുന്ന റോസലിനെ തങ്ങൾക്ക് ഭയമായിരുന്നെന്ന് ചില സഹപ്രവർത്തകർ പിൽക്കാലത്ത് എഴുതിയിട്ടുണ്ട്. അതേസമയം, തന്റെ കണ്ടുപിടുത്തങ്ങളിൽ അവകാശം സ്ഥാപിക്കാനാവാത്ത ദുർബലയായിരുന്ന റോസലിന്റ് ചൂഷണം ചെയ്യപ്പെടുകയായിരുന്നെന്ന് മറ്റ് ചിലരും എഴുതുകയുണ്ടായി.

ഡി.എൻ.എയുടെ ഘടന നിർവ്വചിക്കാൻ റോസലിന്റ് ഉപയോഗിച്ച സങ്കേതമാണ് എക്സ്-റേ ക്രിസ്റ്റലോഗ്രാഫി. ഡി.എൻ.എ എന്നത് അദൃശ്യമായ ഒരു വിമാനമാണെന്നിരിക്കട്ടെ. ഈ വിമാനത്തിലേക്ക് അസംഖ്യം റബ്ബർ പന്തുകൾ പല ദിക്കുകളിൽ നിന്നായി ഒരേ രീതിയിൽ എറിയുകയാണെന്നിരിക്കട്ടെ. വിമാനത്തിൽ വ്യത്യസ്ഥ ഭാഗങ്ങളിൽ തട്ടി തിരിച്ചു വരുന്ന റബ്ബർ പന്തുകളുടെ സ്വഭാവം പഠിക്കുന്നതിലൂടെ വിമാനത്തിന്റെ ഘടന മനസിലാക്കാൻ സാധിക്കും. ഇതേ രീതിയാണ് ഡി.എൻ.എയുടെ ഘടന പഠിക്കാൻ റോസലിന്റ് അവലംബിച്ചത്, റബ്ബർ പന്തുകൾക്കു പകരം അസംഘ്യം എക്സ്-റേ കണങ്ങളായിരുന്നതെന്ന് മാത്രം. ഡി.എൻ.എയുടെ ഘടന മനസിലാക്കുന്നതിന് സുപ്രധാന വഴിത്തിരിവായത് റോസലിന്റ് സൂക്ഷ്മതയോടെ പകർത്തിയ എക്സ്-റേ ചിത്രങ്ങളായിരുന്നു. റോസലിന്റിന്റെ സഹപ്രവർത്തകരായിരുന്നു ക്യാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഫ്രാൻസിസ്, ക്രിക്ക് എന്നീ ശാസ്ത്രജ്ഞർ. ഇവർക്ക് ഡി.എൻ.എയുടെ മോഡൽ നിർമിക്കാൻ പ്രചോദനമായത് റോസലിന്റെ എക്സ്-റേ ചിത്രങ്ങളാണ്. എന്നാൽ, മതിയായ വിവരങ്ങൾ പരീക്ഷണത്തിലൂടെ ലഭിച്ച ശേഷം മാത്രമേ ഡി.എൻ.എയുടെ മോഡൽ നിർമ്മിക്കാനാകൂ എന്നും, അല്ലാത്തപക്ഷം തെറ്റുകൾ സംഭവിക്കാമെന്നുമായിരുന്നു റോസലിന്റിന്റെ പക്ഷം. ഈ കണ്ടുപിടുത്തത്തിൽ റോസലിന്റിന്റെ പങ്ക് അംഗീകരിക്കാനും വാട്ട്സണും ക്രിക്കും തയ്യാറായില്ല. ഡി.എൻ.എയുടെ ഫ്രാൻസിസ്-ക്രിക്ക് മോഡൽ പ്രസിദ്ധീകരിച്ചതിനു വർഷങ്ങൾക്കു ശേഷമാണ് ശാസ്ത്രലോകം കൂടുതൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ മോഡൽ ശാസ്ത്രീയമാണെന്ന് അംഗീകരിച്ചത്. 1962-ൽ ഡി.എൻ.എയുടെ ഘടന കണ്ടുപിടിച്ചതിന് ഫ്രാൻസിസ്, ക്രിക്ക്, വിൽക്കിൻസ് എന്നിവർക്ക് നൊബേൽ സമ്മാനം ലഭിച്ചു.

മുപ്പത്തിയാറാം വയസ്സിൽ റോസലിന്റിനു അണ്ഡാശയ ക്യാൻസർ ഉള്ളതായി കണ്ടുപിടിച്ചു. ക്യാൻസറിനു ചികിത്സ നടത്തിക്കൊണ്ടിരിക്കുമ്പോൾ തന്നെ റോസലിന്റ് ഗവേഷണത്തിൽ സജീവമായി പങ്കെടുത്തിരുന്നു. ഒരു വർഷത്തിനു ശേഷം അവർ മരണമടഞ്ഞു. 1958-ൽ മരണം വരെയും റോസലിന്റിനു നൊബേൽ നാമനിർദ്ദേശം ലഭിച്ചിരുന്നില്ല. റോസലിന്റിന്റെ ഗവേഷണം തുടർന്ന സഹപ്രവർത്തകന് 1982-ൽ രസതന്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ചു. ജീവിച്ചിരുന്നെങ്കിൽ റോസലിന്റ് രണ്ട് തവണ നൊബേൽ പുരസ്കാരം നേടിയിരുന്നേക്കാം എന്ന് പല ശാസ്ത്രജ്ഞരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

2016 ഒക്ടോബറിലെ സംഘടിതയിൽ പ്രസിദ്ധീകരിച്ച കുറിപ്പിന്റെ പുനഃപ്രസിദ്ധീകരണമാണിത്. ചിത്രത്തിന്റെ അവലംബം : തോമസ് സ്പ്ലെറ്റോസെറ്റർ, വിക്കിമീഡിയ കോമൺസ്, സി.സി.ബൈ.എസ്-എ 3.0.

സ്വീഡനിൽ പി.എച്ച്.ഡി പ്രവേശനം

എം.ബി.ബി.എസ് കഴിഞ്ഞ ഉടനെത്തന്നെ എങ്ങനെ പി.എച്ച്.ഡി പ്രവേശനം സാധ്യമായി എന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. അവർക്കുള്ള ഉത്തരമാണ് ഈ പോസ്റ്റ്. ഇനി ഭാവിയിൽ ആരെങ്കിലും ഇതേ ചോദ്യവുമായി വന്നാൽ അവർക്ക് ഉത്തരമായി ഈ പോസ്റ്റിന്റെ ലിങ്ക് അയച്ചു കൊടുത്താൽ മതിയല്ലോ എന്ന സൗകര്യം കൂടിയുണ്ട്. 

ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് എം.ബി.ബി.എസ് പാസായത്. കോളേജ് പഠനകാലം മുതലേ ഗവേഷണത്തിൽ താല്പര്യമുണ്ടായിരുന്നു. ഐ.സി.എം.ആർ നടത്തുന്ന എസ്.ടി.എസ് പ്രോഗ്രാമിൽ എന്റെ അബ്സ്ട്രാക്റ്റ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു (എന്നാൽ, പ്രൊജക്ട് മുഴുവനാക്കിയിരുന്നില്ല). ഗവേഷണത്തിൽ താല്പര്യമുള്ള എല്ലാ മെഡിക്കൽ വിദ്യാർത്ഥികളും പങ്കെടുത്തിരിക്കേണ്ട സ്റ്റുഡന്റ്ഷിപ്പാണ് ഐ.സി.എം.ആറിന്റേത്. ഇതിൽ നിന്നും ലഭിക്കുന്ന ഗവേഷണപരിചയം ഭാവിയിൽ മുതൽക്കൂട്ടാകും. എനിക്ക് എം.ബി.ബി.എസിനു ശേഷം കമ്യൂണിറ്റി മെഡിസിനിൽ പി.ജി ചെയ്യാനായിരുന്നു ആഗ്രഹം. ശേഷം പൊതുജനാരോഗ്യത്തിൽ ഗവേഷണവും അധ്യാപകവൃത്തിയുമായി കഴിഞ്ഞു കൂടാനായിരുന്നു താല്പര്യം. പി.എച്ച്.ഡിയെ കുറിച്ച് ചിന്തിച്ചിരുന്നതേ ഇല്ല.

എന്നാൽ Anver Hisham നെ പരിചയപ്പെട്ടതാണ് കരിയറിലെ (ജീവിതത്തിലെയും) വഴിത്തിരിവായത്. അൻവർ യൂറോപ്പിലെ സ്വീഡനിൽ പി.എച്ച്.ഡി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. എന്തുകൊണ്ട് എനിക്കും ഒരു വിദേശസർവ്വകലാശാലയിൽ നിന്നും പി.എച്ച്.ഡി എടുത്തുകൂടാ എന്നായിരുന്നു പിന്നീട് എന്റെ ചിന്ത. പല രാജ്യങ്ങളിലും ബിരുദാനന്തരബിരുദമില്ലാതെ പി.എച്ച്.ഡി ചെയ്യാൻ അവസരമില്ല. എന്നാൽ സ്വീഡനിൽ നാലര വർഷം കോളേജ് വിദ്യാഭ്യാസം ഉള്ളവർക്ക് പി.എച്ച്.ഡി ചെയ്യാനുള്ള യോഗ്യത ഉണ്ടെന്ന് ഞാൻ മനസിലാക്കി. അൻവറിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ, അദ്ദേഹത്തോടൊപ്പം സ്വീഡനിൽത്തന്നെ പി.എച്ച്.ഡി ചെയ്യാനുള്ള വിവരങ്ങൾ അന്വേഷിച്ചു കണ്ടെത്തി. അങ്ങനെ ഗോഥൻബർഗ് യൂണിവേഴ്സിറ്റിയിൽ വൈദ്യശാസ്ത്ര സംബന്ധിയായ പി.എച്ച്.ഡി വിഷയങ്ങൾക്ക് അപേക്ഷിച്ചു . ബിരുദാനന്തര ബിരുദമുള്ളവരും എന്നെപ്പോലെ പി.എച്ച്.ഡിക്ക് അപേക്ഷിക്കുമെന്നതിനാൽ വളരെ കടുപ്പമേറിയ മത്സരം നേരിടേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. ഡോക്ടറായി ജോലി ചെയ്യുമ്പോൾ ലഭിക്കുന്നതിന് തുല്യമായ ശമ്പളം പി.എച്ച്.ഡി വിദ്യാർത്ഥികൾക്ക് ലഭിക്കുമെന്നതുകൊണ്ട് സ്വീഡനിൽ നിന്നും, വിദേശങ്ങളിൽ നിന്നും ധാരാളം പേർ അപേക്ഷിക്കും.

പി.എച്ച്.ഡിക്ക് അപേക്ഷിക്കുന്നത് അതാത് യൂണിവേഴ്സിറ്റികളുടെ വെബ്സൈറ്റിൽ തന്നെയാണ്. അപേക്ഷാ ഫീ ഇല്ല. ഡിഗ്രി കാലത്തെ വൈദ്യവിദ്യാഭ്യാസം ഇംഗ്ലിഷിലായതുകൊണ്ട് TOEFL പോലുള്ള ഇംഗ്ലിഷ് പ്രാവീണ്യ പരീക്ഷകളൊന്നും എഴുതേണ്ടിവന്നില്ല. മാർക്ക് ലിസ്റ്റുകളോടൊപ്പം സി.വിയും, ലെറ്റർ ഓഫ് മോട്ടിവേഷനും കൂടി തയ്യാറാക്കി അപ്ലോഡ് ചെയ്യണം. പ്രൊഫസമാർ അപ്ലിക്കേഷൻ വായിച്ച ശേഷം മികച്ച നാലോ അഞ്ചോ പേരെ ഇന്റർവ്യൂവിനു ക്ഷണിക്കും. രണ്ട് റൗണ്ട് ഇന്റർവ്യൂകൾക്കു ശേഷം ഇതിൽനിന്ന് ഒരാളെ പി.എച്ച്.ഡിക്ക് തിരഞ്ഞെടുക്കുക എന്നതാണ് എന്റെ ഡിപ്പാർട്ട്മെന്റിലെ രീതി.

പി.എച്ച്.ഡി മോഹം സഫലമായില്ലെങ്കിൽ സ്വീഡനിൽ നിന്നും പബ്ലിക്ക് ഹെൽത്തിൽ മാസ്റ്റേഴ്സ് ചെയ്ത ശേഷം വീണ്ടും പി.എച്ച്.ഡിക്ക് അപേക്ഷിക്കാനായിരുന്നു പ്ലാൻ. അതുകൊണ്ടുതന്നെ, മാസ്റ്റേഴ്സ് കോഴ്സിനും (പബ്ലിക്ക് ഹെൽത്ത്) അപ്ലൈ ചെയ്തിട്ടിരുന്നു. അങ്ങനെയിരിക്കെ, ക്ലിനിക്കൽ ന്യൂറോളജി വിഭാഗത്തിലെ പ്രൊഫസർ എന്നെ ഇന്റർവ്യൂവിനു ക്ഷണിച്ചു. അപ്പോഴേക്കും അൻവറിനെ ഞാൻ വിവാഹം കഴിച്ചിരുന്നു. സി.വി.യും ലെറ്റർ ഓഫ് മോട്ടിവേഷനുമൊക്കെ പ്രൊഫസർമാർ നേരത്തേ വായിച്ചിട്ടുണ്ടാകും. അതുകൊണ്ടുതന്നെ, ഇന്റർവ്യൂവിൽ പ്രധാനമായും അഭിരുചിയും, സാമൂഹികശേഷിയുമൊക്കെ അളക്കുന്ന രീതിയിലുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. ഇന്റർവ്യൂ കഴിഞ്ഞ പിറ്റേ ആഴ്ച തന്നെ നാലു വർഷത്തെ പി.എച്ച്.ഡിക്കായി എന്നെ തിരഞ്ഞെടുത്ത വിവരവും പ്രൊഫസർ അറിയിച്ചു. എൻ്റെ ഗവേഷണവിഷയത്തെക്കുറിച്ച് ഇവിടെ വായിക്കാം.

2017 ജനവരിയിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണിത്.