ടെഡ് പ്രസംഗങ്ങൾ തർജമ ചെയ്യുന്നതെങ്ങനെ?

റിമ കല്ലിങ്കലിന്റെ ടെഡ്-എക്സ് പ്രസംഗം വൈറലായിക്കൊണ്ടിരിക്കുകയാണല്ലോ. എന്താണീ ടെഡ്-എക്സ് എന്നറിയാമോ?

ടെഡ് എന്നത് ഒരു സംഘടനയാണ്. ടെക്നോളജി (T), എന്റർടെയ്ന്മെന്റ് (E), ഡിസൈൻ (D) എന്നതിന്റെ ചുരുക്കെഴുത്താണ് . ഈ സംഘടന നടത്തുന്ന കോൺഫറൻസുകൾ ലോകപ്രസിദ്ധമാണ്. ടെഡ് കോൺഫറൻസുകളിൽ സംസാരിക്കാൻ ക്ഷണം കിട്ടുന്നത് ഏതെങ്കിലും മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കാണ്. ബിൽ ഗേറ്റ്സ്, സ്റ്റീഫൻ ഹോക്കിങ്, മിഷേൽ ഒബാമ എന്നീ പ്രമുഖരൊക്കെ ടെഡ് ടോക്കുകൾ നടത്തിയിട്ടുണ്ട്. ഗഹനമായ ആശയങ്ങളെ സാധാരണക്കാർക്ക് മനസിലാകുന്ന വിധത്തിൽ ലഘൂകരിച്ച്, രസകരമായ രീതിയിലാണ് ടെഡ് ടോക്കുകൾ അവതരിപ്പിക്കുന്നത്. ശാസ്ത്ര-സാങ്കേതിക വിദ്യയിലെ പുതിയ കണ്ടുപിടുത്തങ്ങൾ മുതൽ നൂറ്റാണ്ടുകൾക്കു മുൻപ് നടന്ന സംഭവങ്ങൾ വരെ ടെഡ് ടോക്കുകളിൽ കടന്നു വരാറുണ്ട്. ഒരോ ടെഡ് ടോക്കിനും പതിനെട്ടു മിനിറ്റിൽ താഴെ ദൈർഘ്യമേ ഉണ്ടാകുകയുള്ളൂ. ഈ ചെറിയ ഇടവേളയ്ക്കുള്ളിൽ ഒരു പ്രധാനപ്പെട്ട ആശയം കഴിയുന്നതും ലളിതമായി പറയുക എന്നതാണ് ടെഡ് പ്രാസംഗികരുടെ രീതി. ഏതാണ്ട് 2600 ടെഡ് ടോക്കുകൾ ഇപ്പോൾ നിലവിലുണ്ട്. തീരെ അറിവില്ലാത്ത ഒരു വിഷയത്തെക്കുറിച്ച് പെട്ടെന്ന് ഒരു ധാരണ ഉണ്ടാക്കിയെടുക്കാൻ ടെഡ് ടോക്കുകളെക്കാൾ നല്ല ഉപാധി വേറെയില്ല.

ടെഡ് എന്ന സംഘടന മാത്രം വിചാരിച്ചാൽ ലോകത്തിലെ എല്ലാ വിഷയങ്ങളെക്കുറിച്ചും ടോക്കുകൾ നിർമ്മിക്കാൻ പറ്റില്ല. അതുകൊണ്ടാണ് ടെഡ്-എക്സ് എന്ന ആശയം തുടങ്ങിയത്. ടെഡ് മാതൃസംഘടന നൽകുന്ന ലൈസൻസ് ലഭിച്ച ആർക്കും ടെഡ്-എക്സ് ടോക്കുകൾ സംഘടിപ്പിക്കാവുന്നതാണ്. ഇങ്ങനെ ലോകമെമ്പാടും പ്രാദേശികമായി ടെഡ്-എക്സ് ടോക്കുകൾ നടക്കുന്നുണ്ട്. ഇങ്ങനെ തിരുവനന്തപുരത്ത് നടന്ന ടെഡ് എക്സ് ടോക്കിലാണ് റിമ കല്ലിങ്കൽ സംസാരിച്ചത്.

ടെഡ് ടോക്കുകൾക്ക് മലയാളം സബ്ടൈറ്റിലുണ്ടായിരുന്നെങ്കിൽ എന്തെളുപ്പമായേനേ എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? നിങ്ങൾക്കും ടെഡ് ടോക്കുകൾക്ക് മലയാളം സബ്ടൈറ്റിലുകൾ നിർമ്മിക്കാം. നിലവിൽ വിരലിലെണ്ണാവുന്നത്ര ടെഡ് തർജ്ജമകർ മാത്രമേ മലയാളത്തിലുള്ളൂ. കൂടുതൽ പേർ സന്നദ്ധപ്രവർത്തകരായി ടെഡ്/ടെഡ്-എക്സ് ടോക്കുകൾ തർജ്ജമ ചെയ്യാൻ മുന്നോട്ടു വന്നാൽ ഇംഗ്ലിഷ് അറിയാത്തവർക്കും ടെഡ് ടോക്കുകൾ പ്രാപ്യമാകും. ഒരുപക്ഷെ, നിങ്ങൾ ചെയ്യുന്ന ഓരോ ടെഡ് തർജ്ജമയും ഒരുപാടുപേരെ പഠനത്തിൽ സഹായിച്ചേക്കാം.

എല്ലാ വർഷവും നടക്കുന്ന ആഗോള ടെഡ് കോൺഫറൻസുകളിൽ മുപ്പതോളം ടെഡ് തർജ്ജമകരെയും ക്ഷണിക്കാറുണ്ട്. ഞാൻ ക്യാനഡയിലെ വിസ്ലറിലും (2015), ബാൻഫിലും (2016) നടന്ന ടെഡ് കോൺഫറൻസുകളിൽ പങ്കെടുത്തിട്ടുണ്ട്. വിമാനയാത്രയും, താമസച്ചിലവുമൊക്കെ ടെഡ് വഹിക്കും. ടെഡ് കോൺഫറൻസിൽ പങ്കെടുക്കുന്നത് മറക്കാനാവാത്ത അനുഭവമാണ്. അതിപ്രശസ്തരായ പല വ്യക്തികളും ടെഡ് കോൺഫറൻസുകളിൽ കാഴ്ചക്കാരായും, പ്രാസംഗികരായും വരാറുണ്ട്. ഇവരെയൊക്കെ പരിചയപ്പെടാനും, ടെഡ് ആക്റ്റിവിറ്റികളിൽ പങ്കെടുക്കാനുമൊക്കെ സാധിക്കും. ചിലപ്പോൾ അടുത്ത ടെഡ് കോൺഫറൻസിൽ നിങ്ങൾക്കും പങ്കെടുക്കാൻ സാധിച്ചേക്കാം!

ടെഡ്.കോം എന്ന വെബ്സൈറ്റിൽ ചെന്ന് എല്ലാ ടെഡ് ടോക്കുകളും സൗജന്യമായി കാണാവുന്നതാണ്. ടെഡ് ടോക്കുകൾ തർജ്ജമ ചെയ്യുന്നതിനെപ്പറ്റി കൂടുതലറിയാൻ താൾ കാണുക. ഈ താളിലെ ‘അപ്ലൈ നൗ’ എന്ന ബട്ടൺ ഞെക്കി, ടെഡ് അക്കൗണ്ട് എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ താഴെ കമന്റായോ, നേരിട്ട് ഈ-മെയിൽ വഴിയോ ചോദിക്കുമല്ലോ.

വിസ കിട്ടാനുള്ള മുന്നൊരുക്കങ്ങൾ

ഇന്ത്യക്ക് പുറത്തേക്ക് കോൺഫറൻസിൽ പങ്കെടുക്കാനും പരീക്ഷകൾ എഴുതാനും പോകുന്ന മലയാളി മെഡിക്കൽ വിദ്യാർത്ഥികളുടെ എണ്ണം കൂടിവരികയാണ്. യാത്രയ്ക്ക് ആവശ്യമുള്ള ഡോക്യുമെന്റുകൾ സംഘടിപ്പിക്കുന്നതെങ്ങനെ, വിസ കിട്ടാൻ എന്തൊക്കെ ചെയ്യണം എന്ന ചോദ്യങ്ങളുമായി പലരും എന്നെ സമീപിക്കാറുമുണ്ട്. ഇത്തരക്കാർക്ക് വേണ്ടിയാണ് ഈ പോസ്റ്റ്.

ഏതാണ്ട് ഒട്ടുമിക്ക രാജ്യങ്ങളിലേക്കും ഇന്ത്യക്കാർക്ക് വിസയോടെയേ യാത്ര ചെയ്യാൻ പറ്റൂ. ഇനി വിസ ആവശ്യമില്ലാത്ത രാജ്യമാണെങ്കിലും കൂടി കോൺഫറൻസ് നടത്തുന്നവരുടെ കയ്യിൽ നിന്നും എത്രയും പെട്ടെന്ന് ഇൻവൈറ്റ് ലെറ്റർ വാങ്ങി കയ്യിൽ വയ്ക്കണം. ഫ്ലൈറ്റ് ഇറങ്ങിക്കഴിഞ്ഞാൽ കസ്റ്റംസ്/ബോർഡർ പ്രൊട്ടക്ഷൻ ഓഫീസറോട് നമ്മുടെ യാത്രയുടെ ഉദ്ദേശം മനസിലാക്കിക്കൊടുക്കാൻ വേണ്ടിയാണിത്. ഈ ഇൻവൈറ്റ് ലെറ്റർ ഈ-മെയിലിലോ, തപാൽ വഴിയോ കിട്ടിക്കഴിഞ്ഞാൽ ഉടനെത്തന്നെ വിസ സംഘടിപ്പിക്കാനുള്ള പണികൾ ചെയ്ത് തുടങ്ങണം. പല കോൺഫറൻസുകളും നടക്കുന്നതിന് ഒന്നോ രണ്ടോ മാസം മുൻപാണ് ഇൻവൈറ്റ് ലെറ്റർ അയച്ചു തരാറ്. നമ്മളെ ക്ഷണിച്ച വ്യക്തിയുടെ തിരിച്ചറിയൽ രേഖകളോ, ക്ഷണിച്ച സംഘടനയുടെ ബാങ്ക് സ്റ്റേറ്റ്മെന്റോ ഒക്കെ ചില രാജ്യങ്ങൾ ആവശ്യപ്പെടാറുണ്ട്. ഇത്തരത്തിൽ ഏതെങ്കിലും ഡോക്യുമെന്റ് ആവശ്യമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ചോദിക്കണം. കോൺഫറൻസ് നടത്തിപ്പുകാർ എല്ലാം കണ്ടറിഞ്ഞ് അയച്ച് തന്നോളും എന്നൊന്നും വിചാരിക്കരുത്. ആവശ്യങ്ങൾ എത്രയും ചുരുക്കി ഈ-മെയിലായി അയച്ച് കൊടുക്കുക. മറുപടി ഇല്ലെങ്കിൽ, നിങ്ങളുടെ അടിയന്തര സാഹചര്യം വ്യക്തമാക്കി വീണ്ടും മെയിൽ അയയ്ക്കുക. മിക്ക രാജ്യങ്ങളും അപേക്ഷാർത്ഥിയുടെ (അല്ലെങ്കിൽ രക്ഷിതാവിന്റെ) ബാങ്ക് സ്റ്റേറ്റ്മെന്റ്, മെഡിക്കൽ ഇൻഷുറൻസ്, ഹോട്ടൽ ബുക്കിങ്, ഫ്ലൈറ്റ് ബുക്കിങ് എന്നിവയും കൂടി ചോദിക്കാറുണ്ട്.

ഏതാണ്ടെല്ലാ രാജ്യങ്ങളും proof of employment/study യും leave sanction letter ഉം ചോദിക്കാറുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിച്ച എനിക്ക് ഏറ്റവും നൂലാമാലയായിട്ടുള്ളത് ഈ സാധനമാണ്. ഏറ്റവും ദ്രോഹിച്ചിട്ടുള്ളത് ഇവിടുത്തെ ഓഫീസ് സ്റ്റാഫും. നമ്മൾ ആദ്യം പോസ്റ്റിങ് ഉള്ള യൂണിറ്റിൽ പോയി ലീവ് ചോദിക്കണം. യൂണിറ്റ് ചീഫ് ലീവ് തന്നാൽ അത് ഡിപ്പാർട്ട്മെന്റ് HOD യെക്കൊണ്ട് അപ്രൂവ് ചെയ്യിപ്പിക്കണം. ഹൗസ് സർജൻ ആണെങ്കിൽ കോർഡിനേറ്ററുടെ ഒപ്പാണ് വേണ്ടത്. ഇതെല്ലാം കൊണ്ട് വേണം പ്രിൻസിപ്പാളുടെ ഓഫീസിൽ ചെല്ലാൻ. ഒരു കാരണവശാലും leave letter request തപ്പാൽ പെട്ടിയിൽ ഇടരുത്. നേരേ പ്രിൻസിപ്പാളിനെക്കണ്ട് കാരണം ബോധിപ്പിച്ച് സമ്മതം വാങ്ങിക്കുക. ശേഷം യഥാ തസ്തികയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥനെ കണ്ട് സംസാരിച്ച് ആവശ്യം ബോധ്യപ്പെടുത്തുക. കോൺഫറൻസ് നടക്കുന്നതിന് ഒരു മാസം മുൻപൊക്കെയായിരിക്കും ഈ നെട്ടോട്ടം എന്നതിനാൽ പ്രിൻസിപ്പാളിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരുടെ കയ്യും കാലും പിടിച്ചിട്ടാണെങ്കിലും സർട്ടിഫിക്കറ്റ് എത്രയും പെട്ടെന്ന് ശരിയാക്കണം. സാധാരണ ഗതിയിൽ ഇവരുടെ ആട്ടും തുപ്പും കേൾക്കേണ്ടി വരും. അല്പം സഹനശക്തിയൊക്കെ ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഈയടുത്ത് ഒരു പ്രൈവറ്റ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി യു.എൻ യൂത്ത് കോൺഫറൻസിൽ പങ്കെടുക്കാൻ പോയതായി അറിഞ്ഞു. എത്ര അഭിമാനത്തോടുകൂടിയാണ് ആ കോളേജിന്റെ ഡീൻ ഈ കുട്ടിയെപ്പറ്റി സംസാരിക്കുന്നത്! അതേസമയം, എന്റെ കോളേജിൽ, വിദേശയാത്ര പോകാൻ താല്പര്യമുള്ളവരെക്കൂടി ചടപ്പിക്കുന്ന നയമാണുള്ളത്. ഈ ബ്യൂറോക്രസി കാരണം നെതർലാന്റ്സിലേക്ക് പോകാനുള്ള എന്റെ വിസ അപ്ലിക്കേഷൻ വൈകുകയും, പോകാൻ ഉദ്ദേശിച്ചതിന്റെ പിറ്റേദിവസം മാത്രം വിസ കിട്ടുകയും ചെയ്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. അന്ന്, എംബസിയോട് സംസാരിച്ച് വിസ വേഗം കയ്യിൽ എത്തിച്ചുതന്നതും, ഏതാണ്ട് ഇരട്ടിയോളം പണം ചിലവാക്കി പുതിയ ടിക്കറ്റ് ബുക്ക് ചെയ്തതും സ്പോൺസറിങ്ങ് സംഘടനയാണ്.

കോളേജിൽ നിന്ന് ലെറ്റർ കിട്ടിക്കഴിഞ്ഞാൽ ഉടനെ വിസയ്ക്ക് അപ്ലൈ ചെയ്യുക. യൂറോപ്പ്-അമേരിക്ക എന്നിവിടങ്ങളിലേക്കാണെങ്കിൽ നേരിട്ട് കോൺസുലേറ്റിലോ വിസ ഓഫീസിലോ പോയി അപ്ലൈ ചെയ്യേണ്ടി വരും. യു.എസിലേക്കാണെങ്കിൽ ഇന്റർവ്യൂ ഉണ്ടാകും. വിസ ഫീസ് അടച്ച്, ഫിങ്കർപ്രിന്റ്, ഫോട്ടോ എന്നിവ എടുത്ത്, ഡോക്യുമെന്റുകളും പാസ്പോർട്ടും ഏൽപ്പിച്ച് മടങ്ങാം. എംബസികൾ പൊതുവേ 10-15 ദിവസങ്ങൾക്കുള്ളിൽ വിസ പതിച്ചു തരാറുണ്ട്. അനിശ്ചിതമായി വൈകുന്നതും സാധാരണമാണ്. യു.എസിലേക്ക് പൊതുവേ 10 വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി വിസ കിട്ടാറുണ്ട്, ക്യാനഡയിലേക്ക് അഞ്ചും. സൗത്ത് അമേരിക്കൻ രാജ്യങ്ങൾ പൊതുവേ മൂന്ന് മുതൽ ആറ് മാസം വരെയുള്ള വിസ അനുവദിക്കാറുണ്ട്. യൂറോപ്പിലെ ഷെങ്കൻ രാജ്യങ്ങൾ ഒന്നോ രണ്ടോ ആഴ്ചത്തേക്കൊക്കെയേ വിസ തരാറുള്ളൂ. കോൺഫറൻസ് കഴിഞ്ഞ് യൂറോപ്യൻ രാജ്യങ്ങൾ ചുറ്റാൻ താല്പര്യമുള്ളവർ ഇതും കണക്കിലെടുക്കണം. യു.കെ ആറു മാസത്തേക്ക് മൾട്ടിപ്പിൾ എൻട്രി ജനറൽ പർപ്പസ് വിസ തരാറുണ്ട്.

കൂടുതൽ അറിയണമെങ്കിൽ ഈ-മെയിലിൽ ചോദിച്ചാൽ കഴിയാവുന്നതുപോലെയൊക്കെ സഹായിക്കാം. “എനിക്ക് വിസ കിട്ടുമോ?” തുടങ്ങിയ ചോദ്യങ്ങൾ ചോദിച്ചിട്ടു കാര്യമില്ല. അത് കൃത്യമായി പറയാൻ അതാത് കോൺസുലേറ്റുകൾക്ക് മാത്രമേ കഴിയൂ.

ഇലക്ഷനാണത്രെ ഇലക്ഷൻ!

 

പണ്ടൊക്കെ (എന്നുവച്ചാൽ അത്ര പണ്ടല്ല, പതിനെട്ട് കഴിഞ്ഞിട്ടും വോട്ടൊന്നും ചെയ്യാതെ തേരാപാര നടന്നിരുന്ന കാലം) ഇലക്ഷൻ എന്ന് കേൾക്കുമ്പോഴേ ഒരു നിർവ്വികാരതയായിരുന്നു. വോട്ടേഴ്സ് ഐ.ഡി കാർഡുപോലും ഈ ഇരുപത്തഞ്ചാം വയസ്സുവരെ കൈവശമുണ്ടായിരുന്നില്ല. വേണ്ടാന്ന് വെച്ചിട്ടല്ല, ഇലക്ഷൻ കമ്മീഷൻ തരാത്തതോണ്ടാണ്. സിവിൽ സ്റ്റേഷനിൽ പറയുന്ന സമയത്ത് ചെന്നാലേ വോട്ടേഴ്സ് ഐ.ഡി. കിട്ടുകയൊള്ളൂ എന്നായിരുന്നു ആദ്യത്തെ ഡിമാന്റ്. പാവപ്പെട്ട വൈദ്യവിദ്യാർത്ഥിയായ എനിക്ക് എല്ലാ ദിവസവും ഒഴിവാക്കാനാവാത്ത ക്ലാസ്സും, ജോലിയും ഉണ്ടായിരുന്നത് കൊണ്ട് ആ വഴിക്ക് ചിന്തിക്കുവാനേ കഴിഞ്ഞിരുന്നില്ല. കോളേജിൽ വന്ന് ഫോട്ടം പിടിച്ച്, രണ്ടീസത്തിനുള്ളിൽ കാർഡ് കയ്യിൽ തരും എന്നതായിരുന്നു എന്നെ പോലുള്ള ഹതഭാഗ്യർക്ക് വേണ്ടി ഇലക്ഷൻ കമ്മീഷൻ കണ്ടുപിടിച്ച മറ്റൊരു എളുപ്പപ്പണി. അങ്ങനെ ഞാനും വിജൃംഭിച്ച് ഐ.ഡി. ഉണ്ടാക്കാൻ ചെന്നു. സമയനിഷ്ഠയുടെ കാര്യത്തിൽ നുമ്മ പുലിയാണ്. കമ്മീഷന്റാൾക്കാര് പടമെടുക്കാൻ എത്തുന്നതിനു മുൻപ്, അന്ന് പരീക്ഷയായിട്ടും ഞാൻ എത്തിപ്പെട്ടത് കണ്ടിട്ട് വൈസ് പ്രിൻസിപ്പാൾ വരെ എന്നെ അഭിനന്ദിച്ചു. കോളേജിലെ അരാഷ്ട്രീയരായ മറ്റ് പിള്ളരെയൊക്കെ കണ്ണുരുട്ടി പേടിപ്പിച്ചാണ് ഐ.ഡി എടുക്കാൻ വേണ്ടി നിർബന്ധിച്ചത്, എന്നാൽ ഞാൻ പ്രബുദ്ധത മൂത്ത് സ്വയം തയ്യാറായി വരികയായിരുന്നു. എന്നെപ്പോലെ വൻ രാഷ്ട്രീയ സാക്ഷരത ഉള്ളവരായി എല്ലാവരും മാറട്ടെ എന്നൊക്കെ വൈസ് പ്രി. പബ്ലിക്കായി വച്ചു കാച്ചി. അങ്ങനെ, ഫോട്ടം പിടിച്ച ശേഷം, ജനത്തിയതി ചോദിച്ചപ്പോൾ, 1993-ന് ശേഷം ജനിച്ചവർക്ക് (എന്നുവച്ചാൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക്) മാത്രമേ ഇത്തരത്തിൽ കാർഡ് കൊടുക്കുകയുള്ളൂ എന്ന് അവര് കട്ടായം പറഞ്ഞു. ഞാനാകട്ടെ, രണ്ടാം വർഷക്കാരിയും. എല്ലാ അരാഷ്ട്രീയക്കാർക്കും കാർഡ് കിട്ടി, എനിക്ക് മാത്രം കിട്ടീല. അങ്ങനെ, എന്റെ രാഷ്ട്രീയ പ്രബുദ്ധത കൊണ്ടുപോയി ചവറ്റു കുട്ടയിലെറിഞ്ഞ് ഞാൻ പരീക്ഷയെഴുതാൻ പോയി.

കാലം പിന്നെയും കടന്നുപോയി. പുസ്തകം-യാത്ര-വിക്കിമീഡിയ-ജോലി എന്നിവയിൽ പെട്ട് നടു നിവർത്താൻ പറ്റാതായി. അവസാനമായി നടന്ന, ഞാൻ വോട്ടു ചെയ്യാത്ത ഇലക്ഷൻ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള കഴിഞ്ഞ തിരഞ്ഞെടുപ്പായിരുന്നു. അന്ന് ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൗസ് സർജനായിരുന്നു. ഉന്തും തള്ളും തല്ലുമൊക്കെ വാങ്ങി ക്യാഷ്വാലിറ്റിയിൽ എത്തുന്ന പാർട്ടി പ്രവർത്തകർ ധാരാളമായിരുന്നു. ബോംബ് നിർമ്മിക്കുന്നതിനിടയിൽ അറിയാതെ പൊട്ടി പരിക്കേറ്റ ആളുകളെ വരെ ചികിത്സിച്ചിട്ടുണ്ട്. “ദേ, ഇലക്ഷന്റെ പാട്ടുവണ്ടി പോകുന്നുണ്ട്, ഇപ്പോൾ നടക്കുന്നത് കേന്ദ്രത്തിലേക്കുള്ള തിരഞ്ഞെടുപ്പാണോ, കേരളത്തിലേക്കുള്ള തിരഞ്ഞെടുപ്പാണോ” എന്ന് നിഷ്കളങ്കമായി ചോദിച്ച ഒരു സഹ-പി.ജി ഉണ്ടായിട്ടുണ്ട്.

ഇലക്ഷൻ പ്രഖ്യാപിച്ച ദിവസം മുതൽ അത് തീരുന്ന വരെയ്ക്കും സംഘട്ടനങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് താരതമ്യേന കൂടുതലായിരിക്കും. തിരഞ്ഞെടുപ്പിൽ ജയിച്ച പാർട്ടിയുടെ അണികൾ പടക്കം പൊട്ടിച്ചും, ബിരിയാണി ഉണ്ടാക്കിയും പൊള്ളലേറ്റ് ക്യാഷ്വാൽറ്റിയിലെത്തും. പാർട്ടി ജയിച്ച സന്തോഷത്തിൽ, കൊടിപിടിച്ച് ഓവർസ്പീഡിൽ ബൈക്കോടിച്ച് പരിക്ക് പറ്റിയവർ വേറെ. മറുപാർട്ടിക്കാരുടെ അടി വാങ്ങിയശേഷം അടിച്ചവരെ കേസിൽ കുടുക്കാനായി ആശുപത്രിയിൽ അഡ്മിഷൻ വേണമേ എന്ന് നിർബന്ധിക്കുന്ന മറ്റുചിലര്. അടിവാങ്ങിയിട്ട്, ക്രൂരമർദ്ദനം നേരിട്ടതായി വരുത്തിത്തീർക്കാൻ ഗ്ലൂക്കോസ് ഡ്രിപ്പിടാൻ നിർബന്ധിക്കുന്ന വേറെ ചിലര്. വിജയാഹ്ലാദ പ്രകടനങ്ങൾക്കിടയിൽ കുഴഞ്ഞ് വീണവര് ചിലര്. ഇത്രയൊക്കെ പേരെ ചികിത്സിക്കുന്ന ഡോക്ടർക്ക് പറഞ്ഞിട്ടുള്ള സാധനമല്ല വോട്ട്. അതുകൊണ്ട് തന്നെ നേരത്തെ ചവറ്റുകൊട്ടയിലിട്ട ആ പ്രബുദ്ധതെയെ തിരിച്ച് പിടിക്കാനും ശ്രമിച്ചതില്ല.

അങ്ങനെ എം.ബി.ബി.എസ് പാസ്സായി സ്വീഡനിലേക്ക് വലിഞ്ഞ് കേറാൻ തയ്യാറായി നിൽക്കുന്ന കാലം വന്നു. പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തതുകൊണ്ട് ഇന്റർനെറ്റിൽ അപേക്ഷ നൽകി വോട്ടേഴ്സ് ഐ.ഡി. സമ്പാദിച്ചു. ജീവിതത്തിലാദ്യമായി സ്ഥാനാർത്ഥികളെയും, മുന്നണികളെയും കുറിച്ച് മനസിലാക്കാനും ആവശ്യത്തിന് സമയം കിട്ടി. ഇലക്ഷൻ സംബന്ധിച്ച കുറേ വിവരങ്ങൾ വിക്കിപീഡിയയിൽ കയറ്റി. കഴിഞ്ഞ നിയമസഭയിലെ മുഴുവൻ അംഗങ്ങൾക്കും വേണ്ടി വിക്കിപീഡിയ ലേഖനം ഉണ്ടാക്കുന്ന തിരുത്തൽ യജ്ഞം നടത്തി. കലാശക്കൊട്ടിന്റെ സമയത്ത് കൈപ്പമംഗലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചരണ പരിപാടിയുടെ സമാപനം നേരിട്ട് കണ്ടു. വളരെ ഉത്സാഹിച്ച് ആദ്യ വോട്ട് ചെയ്തു. വോട്ട് ചെയ്തതിന്റെ ഓർമ്മയ്ക്കായി മരം നട്ടു.

 

13235487_1181560148522383_2055119183491914827_o
ഓർമ്മ മരം. വോട്ട് ചെയ്തതിന്റെ ഓർമ്മയ്ക്കായി.

 

ഇലക്ഷൻ ഫലം പുറത്ത് വന്ന ദിവസം മുഴുവൻ സമയവും ടി.വിയിൽ വാർത്തകൾ കേട്ടുകൊണ്ടിരുന്നു. ഇലക്ഷൻ അവലോകനവും, സ്ഥാനാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങളുമൊക്കെ ഫേസ്ബുക്ക്/വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ ചർച്ച ചെയ്തു. പല ലേഖകരുടെയും ഇലക്ഷൻ സംബന്ധിച്ചുള്ള അവലോകനമൊക്കെ വായിച്ച് തൃപ്തിപ്പെട്ടു. ഇന്നലെ, സത്യപ്രതിജ്ഞയുടെ പ്രസക്തഭാഗങ്ങളും, എറനാട് മണ്ഡലത്തിലെ വിജയാഹ്ലാദ പ്രകടനങ്ങളും കണ്ട് ബോധിച്ചു.

ഈ തുടക്കം മുതൽ അവസാനം വരെ ഇലക്ഷൻ സംഭവവികാസങ്ങൾ ഫോളോ ചെയ്യാൻ കഴിയുന്നതിന്റെ സുഖമുണ്ടല്ലോ, അത് ഒന്നൊന്നര സുഖമാണ്!