ഒരിക്കൽ ഐ.സി.യുവിൽ പോസ്റ്റിങ് ഉണ്ടായിരുന്ന സമയത്ത് കൂടെ ജോലി ചെയ്തിരുന്നത് പുരുഷനായ നേഴ്സായിരുന്നു. നേഴ്സിങ് മേഖലയിൽ പുരുഷന്മാർ തുലോം കുറവാണെന്നത് അറിയാമല്ലോ. ഒരു രോഗി എന്തുകൊണ്ടോ ഇദ്ദേഹത്തെ ‘ആൺ സിസ്റ്റർ’ എന്നാണ് വിളിച്ചിരുന്നത്. പുരുഷനായ ഒരു നേഴ്സിനെ ഇവർ കണ്ടിട്ടില്ലാത്തതുകൊണ്ട് എന്ത് വിളിക്കണം എന്ന് അറിഞ്ഞുകൂടാത്തതുകൊണ്ടാകണം ഇത്. അല്ലെങ്കിൽ അങ്ങനെ വിളിക്കുന്നതിൻ്റെ ശരികേട് അറിഞ്ഞുകൂടാത്തതുകൊണ്ടാവാം. നേഴ്സ് എന്നാൽ സ്ത്രീ ആയിരിക്കണം എന്നും, ഈ ജോലി പുരുഷന്മാർക്ക് പറ്റിയതല്ല എന്നുമുള്ള പൊതുബോധം ശക്തമായി തന്നെ നിലവിലുണ്ട്.
പാട്രിയാർക്കി മൂലം പ്രശ്നങ്ങൾ അനുഭവിക്കുന്നത് സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരെയും ഇത് പല വിധത്തിലും ബാധിക്കുന്നുണ്ട് എന്നതിന് ഒരു ഉദാഹരണമാണ് മുകളിലുള്ളത്. ഫെമിനിസം എന്നാൽ, സ്ത്രീകൾക്ക് മേൽക്കോയ്മ കിട്ടാൻ വേണ്ടിയുള്ള, കൂളിങ് ഗ്ലാസും പട്ടിയും ഉള്ള വരേണ്യ സ്ത്രീകൾ നടത്തുന്ന ജല്പനങ്ങളാണെന്ന ചിന്ത നമ്മുടെയിടയിൽ പ്രബലമായി ഉണ്ട്. ഇത് തെറ്റാണ്. ഫെമിനിസ്റ്റുകൾ എതിർക്കുന്നത് പാട്രിയാർക്കിയെയാണ്, പുരുഷന്മാരെയല്ല. സ്ത്രീകൾക്ക് മേൽക്കോയ്മയുള്ള സമൂഹത്തിനു വേണ്ടിയല്ല ഫെമിനിസ്റ്റുകൾ പ്രവർത്തിക്കുന്നത്. സ്ത്രീകളും, പുരുഷന്മാരും, ഇതര ജെൻ്ററുകളിൽ പെട്ടവരും തുല്യ അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഐക്യത്തോടും കൂടി സഹവർത്തിക്കുന്ന സമൂഹമാണ് ഫെമിനിസ്റ്റുകളുടെ ലക്ഷ്യം. പാട്രിയാർക്കി, പുരുഷന്മാരെയും സ്ത്രീകളെയും വെവ്വേറെ കള്ളികളിൽ നിർത്തുകയും, ട്രാൻസ് ജെൻ്റർ വ്യക്തികളെ പാടെ അവഗണിക്കുകയും, ജെൻ്റർ മാത്രം അടിസ്ഥാനമാക്കി വ്യക്തികൾക്ക് ധർമ്മങ്ങൾ കൽപ്പിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്. ഞാനറിയുന്ന ചില മികച്ച ഫെമിനിസ്റ്റുകൾ പുരുഷന്മാരാണ്. പാട്രിയാർക്കി കാരണം സ്ത്രീകൾ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിക്കുന്നുണ്ടെങ്കിലും, പുരുഷന്മാരും ഇതിൻ്റെ ഇരകളാണ് എന്നതും കൂടി വ്യക്തമാക്കുക എന്നതാണ് ഈ പോസ്റ്റിൻ്റെ ലക്ഷ്യം.
മീഡിയ നിർമ്മിച്ചു വച്ച ഫെമിനിസ്റ്റ് സങ്കൽപ്പം. (കടപ്പാട്)
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, പാട്രിയാർക്കി പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളെയാണ് വളരെയധികം അടിച്ചമർത്തുന്നത്. സ്ത്രീകൾ പാട്രിയാർക്കി കൊണ്ട് അനുഭവിക്കുന്ന പ്രശ്നങ്ങളുടെ ഒരു അംശം പോലും പുരുഷന്മാർ അനുഭവിക്കുന്നില്ല. അതുകൊണ്ട്, പുരുഷന്മാരും സ്ത്രീകളും പാട്രിയാർക്കി മൂലം തുല്യ ദുരിതം അനുഭവിക്കുന്നില്ലേ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. പാട്രിയാർക്കൽ രീതി കാരണം സ്ത്രീകൾ വേതനമുള്ള ജോലികളിൽ നിന്നും, നേതൃസ്ഥാനങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെടുന്നതുകൊണ്ട് കൂടുതൽ പുരുഷന്മാർക്ക് ഇവ ചെയ്യാനുള്ള അവസരങ്ങൾ ഉണ്ടായി വരുന്നുണ്ട്. നിങ്ങളോടൊപ്പം സ്കൂളിൽ ഒരുമിച്ച് പഠിച്ച എത്ര സ്ത്രീകൾ ഉന്നതപഠനത്തിനു പോയിട്ടുണ്ട്, അതിൽ തന്നെ എത്ര പേർ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട് എന്നൊക്കെ അന്വേഷിച്ചു വന്നാൽ വലിയൊരു ശതമാനം വീട്ടമ്മമാരായി ഒതുങ്ങിപ്പോയതായി കാണാനാകും. മെഡിക്കൽ കോളേജിൽ ഒരുമിച്ച് പഠിച്ച പെൺകുട്ടികളിൽ എത്ര ശതമാനം പേർ പി.ജി കോഴ്സുകൾക്ക് ചേർന്നു, അതിൽ എത്ര പേർ സൂപ്പർ സ്പെഷ്യാലിറ്റി എടുത്തു എന്നതും ചിന്തിച്ച് നോക്കുന്നത് നന്നായിരിക്കും. ഫാഷനു വേണ്ടിയും, സമൂഹത്തിൽ കൂടുതൽ സ്വീകാര്യത കിട്ടാനും വേണ്ടിയാണ് പലരും പാട്രിയാർക്കിക്കെതിരെ സംസാരിക്കുന്നത് എന്ന ആക്ഷേപവും ഉണ്ട്. ഇത് കേൾക്കുമ്പോൾ വിഷമം തോന്നാറുണ്ട്. ഗതികേടുകൊണ്ടാണ് ഞാനടക്കം ഉള്ളവർക്ക് ഫെമിനിസം സംസാരിക്കേണ്ടി വരുന്നത്. കേരളത്തിലെ മെഡിക്കൽ കോളേജുകളിലെങ്കിലും ഫെമിനിസ്റ്റാകുക എന്നത് എന്തോ മോശം പരിപാടിയായിട്ടാണ് ഭൂരിഭാഗം വിദ്യാർത്ഥികളും കാണുന്നത്. കോളേജിൽ പെൺകുട്ടികൾ സ്വന്തം അവകാശങ്ങൾക്ക് വേണ്ടി സംസാരിച്ചാൽ ഉള്ള സ്വീകാര്യത കൂടി നഷ്ടപ്പെടുകയേ ഉള്ളൂ എന്നാണ് എന്നെ അനുഭവം പഠിപ്പിച്ചിട്ടുള്ളത്. കോളേജിനകത്തും പുറത്തും ഒരുപാട് വിവേചനങ്ങൾ സഹിക്കേണ്ടി വന്നിട്ടും, ധൈര്യമില്ലാത്തതുകൊണ്ട് തുറന്നെഴുതാനോ, പറയാനോ കഴിയാത്ത നിരവധി പെൺകുട്ടികൾ (ആൺകുട്ടികളും) ഇപ്പോഴും ഉണ്ടാകും എന്നത് ഉറപ്പാണ്. അവർക്ക് എഴുതാൻ കഴിയാതെ പോകുന്ന കാര്യങ്ങളാണ് ഞാൻ എഴുതാൻ ശ്രമിക്കുന്നത്.
“ഇന്ന് മിനിമം അഞ്ച് സ്ത്രീവിരുദ്ധ പ്രവൃത്തികൾ ചെയ്യണം” എന്ന് രാവിലെ എണീക്കുമ്പോൾ വിചാരിച്ച് ഉറപ്പിച്ചിട്ടൊന്നുമല്ല പലരും സ്ത്രീവിരുദ്ധ പ്രവൃത്തികൾ ചെയ്യുന്നത്. നാട്ടുനടപ്പ് പ്രകാരം കാര്യങ്ങൾ എങ്ങനെയാണോ, അതുപോലെ ഇവരും കാര്യങ്ങൾ ചെയ്യുന്നു എന്നേ ഉള്ളൂ. പാട്രിയാർക്കൽ സംസ്കാരം നമ്മുടെ ദൈനംദിന ജീവിതത്തിൽ ആഴ്ന്നിറങ്ങിയിട്ടുള്ളതുകൊണ്ട്, സ്ത്രീകളെ നിയന്ത്രിക്കുന്നതും, അടിച്ചമർത്തുന്നതും ഒക്കെ സാധാരണമായതുകൊണ്ട് ഇവരും അതേ രീതി കണ്ട് പഠിക്കുന്നു. ഇങ്ങനെയുണ്ടാവുന്ന പൊതുബോധത്തെ ഊട്ടിയുറപ്പിക്കുന്നതിൽ മതവിശ്വാസത്തിനും നല്ല പങ്കുണ്ട്. സഹജീവിക്ക് തുല്യ പരിഗണന കൊടുക്കണോ എന്നത് തീരുമാനിക്കാൻ പോലും മതപുസ്തകം എടുത്ത് നോക്കേണ്ട ഗതികേടുള്ളവരോട് കഷ്ടം എന്നേ പറയാനുള്ളൂ.
ആങ്ങള മനോഭാവത്തിൽ നിന്ന് തന്നെ തുടങ്ങാം. ഒരു ആൺകുട്ടിക്ക് പെൺകുട്ടികളോട് സൗഹൃദം ഉണ്ടാക്കാൻ കഴിയാത്ത വിധം പാട്രിയാർക്കി നമ്മുടെ സമൂഹത്തെ മാറ്റിയെടുത്തിട്ടുണ്ട്. ഇത് കാരണം, രണ്ട് വിധത്തിൽ മാത്രമേ ആൺകുട്ടിക്ക് പെൺകുട്ടികളെ കാണാൻ പറ്റുന്നുള്ളൂ : പെങ്ങളായോ, അല്ലെങ്കിൽ കാമുകിയായോ. ഈ രണ്ട് കാറ്റഗറിയിലും പെടാത്ത സാധാരണ സൗഹൃദം ഉണ്ടെങ്കിൽ തന്നെയും, അത് ആങ്ങള അഥവാ കാമുകൻ എന്നീ ഒപ്ഷനുകളിലേക്ക് ഒതുക്കിത്തീർക്കാൻ ചുറ്റുമുള്ളവർ ശ്രമിക്കും. ഇങ്ങനെ, ആരോഗ്യകരമായ സ്ത്രീ-പുരുഷ സൗഹൃദം ഇല്ലാതാകുന്നുണ്ട്. ഇങ്ങനെ സൗഹൃദങ്ങൾ ഇല്ലാതാകുമ്പോൾ, സ്ത്രീകൾ എങ്ങനെയാണ് ചിന്തിക്കുന്നതെന്നോ, അവർക്ക് എന്തെല്ലാം ആവശ്യങ്ങളും അഭിപ്രായങ്ങളും ഉണ്ടെന്നോ പുരുഷന്മാർക്ക് മനസിലാക്കാൻ കഴിയാതെ വരും. സ്ത്രീകളുമായി സൗഹൃദം ഇല്ലാത്ത പുരുഷന്മാർ, സ്ത്രീകളെക്കുറിച്ച് മനസിലാക്കാൻ ഉപയോഗിക്കുന്നത് സ്വന്തം അമ്മയുടെ സ്വഭാവവും, സിനിമയും, കൊച്ചുപുസ്തകങ്ങളും, കേട്ടുകേഴ്വികളുമൊക്കെയാണ്. ഇങ്ങനെ മനസിലാക്കിയ വികലസത്യങ്ങളും, തെറ്റുകളും, അയാഥാർത്ഥ്യമായ കാര്യങ്ങളും കൂടി ഉൾക്കൊണ്ടാണ് ഇവർ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. വിവാഹശേഷം, തങ്ങൾ പ്രതീക്ഷിച്ചതുപോലെയല്ല കാര്യങ്ങൾ എന്നത് മനസിലാകുമ്പോൾ നിരാശയായിരിക്കും ഫലം. പണ്ട് പ്രതീക്ഷിച്ചിരുന്നതുപോലെ, എന്നും കുളിച്ച് സാരിയുടുത്ത്, മുല്ലപ്പൂ ചൂടി, ഒരു ഗ്ലാസ് ചൂടുപാലുമായി വാതിൽക്കൽ കാത്ത് നിൽക്കുന്ന സീരിയൽ നടിയെപ്പോലെത്തെ ഭാര്യയല്ല കൂടെയുള്ളത് എന്നറിയുമ്പോൾ നിരാശ തോന്നുന്നത് സ്വാഭാവികമാണല്ലോ. തനിക്ക് ചേർന്ന പങ്കാളി എങ്ങനെയുള്ളയാൾ ആയിരിക്കണം എന്നതിനെക്കറിച്ച് പുരുഷന്മാർക്ക് അയാഥാർത്ഥ്യമായ പ്രതീക്ഷകൾ ഉണ്ടാവുന്നത് ചെറുപ്പത്തിൽ സ്ത്രീകളുമായി സൗഹൃദം ഇല്ലാത്തതുകൊണ്ടായിരിക്കണം. തിരിച്ചും. പലർക്കും തങ്ങൾക്ക് ചേർന്ന പങ്കാളിയെ കണ്ടെത്താൻ കഴിയാതെ വരുന്നത് എതിർലിംഗത്തിൽ പെട്ടവരെക്കുറിച്ച് യാതൊരു അറിവും ഇല്ലാത്തതുകൊണ്ടാണ്. അഭിപ്രായത്തിൽ യാതൊരു ചേർച്ചയുമില്ലാത്തവർ പോലും വിവാഹം കഴിക്കുന്നത് കണ്ടിട്ടുണ്ട്. ഇങ്ങനെ ചേർച്ചയില്ലാത്ത പങ്കാളിയുമൊത്ത് ജീവിക്കേണ്ടി വരുന്നത് ഭാവിയിൽ കുടുംബപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് വിവാഹം കഴിക്കാൻ തയ്യാറെടുക്കുന്നതിനു മുൻപേ ചെയ്യേണ്ടത് എതിർലിംഗത്തിൽ പെട്ട സുഹൃത്തുക്കളെ ഉണ്ടാക്കിയെടുക്കുകയും, അവരെ മനസിലാക്കാൻ ശ്രമിക്കുകയുമാണ്.
‘ആണത്തം’ എന്നത് പുരുഷൻ ജനനം മുതൽ മരണം വരെ സൂക്ഷിക്കേണ്ട സാധനമാണ് (അതേസമയം, പെണ്ണത്തം എന്ന ഒരു സാധനം ഇല്ല). ആണത്തമുള്ള പുരുഷൻ കരയാറില്ല എന്ന് മാത്രമല്ല, സങ്കടം പ്രകടിപ്പിക്കാറേ ഇല്ല. സങ്കടം വരേണ്ട അവസരങ്ങളിലൊക്കെ അത് ദേഷ്യമായി മാത്രമേ പുറത്ത് കാണിക്കാറുള്ളൂ. ആണത്തം കൂടിയ പുരുഷന്മാർ, ആണത്തം കുറഞ്ഞ പുരുഷന്മാരെ റാഗ് ചെയ്തും, കളിയാക്കിയുമൊക്കെ അവരുടെ ആണത്തം വളർത്താൻ സഹായിക്കും. ഇവർ പെങ്ങന്മാരുടെ സംരക്ഷകനായതുകൊണ്ട്, അവരുടെ ചാരിത്ര്യം സംരക്ഷിക്കാൻ വേണ്ടി മറ്റ് ആണുങ്ങളെ തല്ലാനും കൊല്ലാനും വരെ തയ്യാറാകും. അതേസമയം, ഫെമിനിസ്റ്റുകളെ വാചകക്കസർത്തിലൂടെയും ചിലപ്പോൾ ആക്രമിച്ചും ഒരു പാഠം പഠിപ്പിക്കും. വേണമെന്നു വച്ചിരുന്നെങ്കിൽ സിവിൽ സർവീസ് നേടാമായിരുന്നെങ്കിലും, അതിലൊന്നും താല്പര്യമില്ലാത്തതുകൊണ്ട്, നാട്ടിൽ തന്നെ നാടൻ തല്ലുമായി നടക്കലാണ് എല്ലാം തികഞ്ഞ ഈ പുരുഷൻ്റെ ജോലി. ഗ്രാമത്തിലെ ഉത്സവം നടന്നുകൊണ്ടിരിക്കുന്നതിനിടെ പെങ്ങളെ തുറിച്ചു നോക്കിയ വില്ലന്മാരെ ഒതുക്കുക എന്നതാണ് ഇദ്ദേഹത്തിൻ്റെ ഏറ്റവും വലിയ ജീവിതപ്രശ്നം. എന്തൊരു കഷ്ടമാണ് ഇത്തരം വാർപ്പുമാതൃകകൾ എന്ന് നോക്കൂ. നമ്മുടെ ആൺകുഞ്ഞുങ്ങൾ ഇത്തരം ‘ആണത്തമുള്ള’ പുരുഷന്മാരെ സിനിമയിലും ടിവിയിലും കണ്ടാണ് വളരുന്നത്. പ്രമുഖ നടന്മാരുടെ ഫാൻസ് അസോസിയേഷനുകളിൽ കൂട്ടം കൂട്ടമായി ചേരുന്ന യുവാക്കളും ഒരു പരിധി വരെ സിനിമയിലെ ഈ വിഷലിപ്തവും, അപ്രാപ്ര്യവുമായ ആണത്തത്തെ ആഘോഷിക്കുകയും, മാതൃകയാക്കുകയും ചെയ്യുന്നുണ്ട്. മനുഷ്യരുടെയിടയിൽ ആൽഫാ മെയിലുകൾ ഇല്ല എന്നത് രസകരമായി അവതരിപ്പിക്കുന്ന ഈ വീഡിയോയും കണ്ടുനോക്കൂ.
എന്ത് തരം പുരുഷന്മാരെയാണ് സ്ത്രീകൾ ഇഷ്ടപ്പെടുന്നത്? ആരോഗ്യദാർഢ്യരും, കുറ്റിത്താടിയുള്ളവരും, പ്രായക്കൂടുതലുള്ളവരോടുമാണ് സ്ത്രീകൾക്ക് കൂടുതൽ ആകർഷണം തോന്നുന്നത് എന്നാണ് പഠനങ്ങൾ പറയുന്നത്*. ഇത്തരക്കാരോട് ആകർഷണം തോന്നാനുള്ളതിന് പരിണാമ-മനഃശാസ്ത്രപരമായ കാരണങ്ങളുണ്ടായിരിക്കണം. ആകർഷണം തോന്നുന്നത് ഇത്തരക്കാരോടാണെങ്കിലും, സന്തുഷ്ടമായ ജീവിതം ഉണ്ടാകണമെങ്കിൽ വേറെ ചില ഗുണങ്ങളുള്ള പുരുഷന്മാരെ വിവാഹം കഴിക്കുന്നതാകും ബുദ്ധി എന്നും ഗവേഷണങ്ങൾ പറയുന്നുണ്ട്. കൂടുതൽ വീട്ടുജോലി ഏറ്റെടുക്കുന്ന പുരുഷന്മാരുള്ള കുടുംബങ്ങളിലാണ് കൂടുതൽ സന്തോഷം ഉണ്ടാകുന്നതത്രെ. വീട്ടുജോലി പങ്കിട്ടെടുക്കുന്ന പങ്കാളികൾ തമ്മിൽ ഡൈവോഴ്സിനുള്ള സാധ്യത കുറവായിരിക്കുമെന്നും കണ്ടെത്തലുകളുണ്ട്. രസകരമായ കാര്യം, ഭാര്യയും ഭർത്താവും വേതനമുള്ള ജോലി ചെയ്യുകയും, വീട്ടുജോലി പങ്കിട്ടെടുക്കുകയും ചെയ്യുന്ന കുടുംബങ്ങളിലാണ് ഇവർ തമ്മിൽ സെക്സ് കൂടുതലായി നടക്കുന്നത് എന്നാണ്. അതുകൊണ്ട്, ജിമ്മിൽ പോയി സിക്സ് പാക്ക് ഉണ്ടാക്കിയാൽ ഒറ്റനോട്ടത്തിൽ സ്ത്രീകൾക്ക് നിങ്ങളെ ഇഷ്ടപ്പെട്ടേക്കാം എങ്കിലും, കാര്യത്തിലേക്ക് കടക്കണമെങ്കിൽ മുറ്റമടിക്കുകയോ, പാത്രം കഴുകുകയോ ചെയ്യുന്നതാകും ബുദ്ധി എന്ന് സാരം. 🙂
പഠിക്കേണ്ട കാലത്ത് ക്ലാസിൽ പോകാനൊന്നും മെനക്കെടാതെ ബൈക്കിൽ അമിതവേഗത്തിൽ സഞ്ചരിക്കുക, പിനൈൽ സൈസ് കൂട്ടാൻ ലേപനങ്ങൾ തേക്കുക, രാത്രി കടലിലിറങ്ങുക, ഹെല്മെറ്റ് ഇടാതിരിക്കുക, ലഹരി ഉപയോഗിക്കുക, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിൽ ഏർപ്പെടുക എന്നിവയൊക്കെ ചിലർ ചെയ്യുന്നത് ആണെന്ന സ്വത്വത്തെ കാക്കാൻ വേണ്ടിയാണ്. യുക്തിസഹമായി ചിന്തിക്കുന്ന ആരും ഇത്തരം കാര്യങ്ങൾ ചെയ്യില്ല എന്നിരിക്കെ, ആണത്തം ഊട്ടിയുറപ്പിക്കാനുള്ള ത്വരയാണ് ഇവരെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്. ഡ്രൈവിങ് പഠിച്ചു വരുന്നതേ ഉള്ളുവെങ്കിലും ആണായതുകൊണ്ട് വണ്ടിയോടിക്കാൻ നിർബന്ധിതനായ ആൺ സുഹൃത്തിനെ അറിയാം. വണ്ടി ഇടിച്ച് മരിച്ചാലും കുഴപ്പമില്ല, ആണത്തം നഷ്ടപ്പെടാതിരുന്നാൽ മതി എന്ന തോന്നലായിരിക്കാം ഇദ്ദേഹത്തെ ഈ സാഹസത്തിനു പ്രേരിപ്പിച്ചത്. വണ്ടി ഓടിക്കാൻ അറിയില്ലെന്ന് പറഞ്ഞാൽ ‘ആണത്തം’ കുറഞ്ഞതിൻ്റെ പേരിൽ സുഹൃത്തുക്കൾ കളിയാക്കുമെന്ന ഭയവും ഉണ്ടായിരിക്കണം. സൗമ്യമായ സ്വഭാവമുള്ള ആൺകുട്ടികളെ ആണത്തം കുറഞ്ഞവരായി കണക്കാക്കി, നിരന്തരം ബുള്ളിയിങ്ങിന് വിധേയമാക്കി, സമൂഹം അവരെ കഠിനഹൃദയരായി അഭിനയിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ കഠിനഹൃദയരായി മാറിയ പുരുഷന്മാർ, തങ്ങളുടെ യഥാർത്ഥമായ സൗമ്യ സ്വത്വം വെളിവാകുമോ എന്ന പേടിയും കൊണ്ടാണ് നടക്കുന്നത്. ഇങ്ങനെ നിരന്തരമായ ആന്തരിക സംഘർഷങ്ങൾ അനുഭവിക്കുന്നതുകൊണ്ടായിരിക്കാം പല പുരുഷന്മാരും മദ്യത്തിനും, മയക്കുമരുന്നിനും, പുകവലിക്കുമൊക്കെ അടിമപ്പെട്ട് പോകുന്നത്.
ഭാര്യയെക്കാൾ (അല്ലെങ്കിൽ കുടുംബത്തിലെ മറ്റ് സ്ത്രീകളെക്കാൽ) പുരുഷൻ ഒരുപടി മുന്നിൽ നിൽക്കണമെന്ന അലിഖിത നിയമമുണ്ട്. ക്ലിനിക്കൽ പി.ജി ചെയ്യുന്ന ഭാര്യയുള്ള, നോൺ-ക്ലിനിക്കൽ പി.ജി ചെയ്യുന്ന ഭർത്താവിനോട് സഹപാഠികൾ പരിഹാസത്തോടെ അർത്ഥം വച്ച് സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. ഭാര്യയ്ക്ക് തന്നെക്കാളും ഉയർന്ന ശമ്പളമുള്ള ജോലി ഉണ്ടായാൽ എല്ലാവരും തന്നെ കളിയാക്കുമല്ലോ എന്ന ടെൻഷൻ കൊണ്ടുനടക്കുന്നവരും ഉണ്ട്. ഇങ്ങനെ, സദാസമയവും സ്ത്രീകളെക്കാൽ മികച്ച് നിൽക്കാൻ നിർബന്ധിതരാകുന്നതുകൊണ്ട് പുരുഷന്മാർ വലിയ തോതിൽ സംഘർഷം അനുഭവിക്കുന്നുണ്ട്. പല പുരുഷന്മാരെയും വിഷാദരോഗത്തിലേക്ക് തള്ളിവിടുന്നതിന് ഈ സ്ട്രെസ് കാരണമാകാം. ഇത് വായിക്കുന്ന നിങ്ങൾ ഒരു പുരുഷനാണെങ്കിൽ ഒരു ചെറിയ ചിന്താപരീക്ഷണം തരാം. നിങ്ങൾ വീട്ടിൽ ചെന്ന്, അടുത്ത ഒരു വർഷം ജോലിയിൽ നിന്ന് ശമ്പളരഹിത ലീവ് എടുക്കുകയാണെന്നും, എന്നിട്ട് ഒരു ജോലിയും ചെയ്യാതെ വീട്ടിൽ ഇരിക്കുകയാണെന്നും പറയുന്നതായി സങ്കൽപ്പിക്കുക. ഒരുമാതിരിപ്പെട്ട വീട്ടുകാരൊക്കെ ഈ ഐഡിയയെ ഉറപ്പായും എതിർക്കും. നിങ്ങൾക്ക് പത്ത് വർഷങ്ങൾ ജീവിക്കാനുള്ള സമ്പാദ്യം കയ്യിലുണ്ടെങ്കിൽ കൂടിയും നിങ്ങളെ വാലിനു തീപിടിച്ചതുപോലെ പണിയെടുപ്പിക്കാനാണ് പാട്രിയാർക്കിക്ക് താല്പര്യം. അതേസമയം, സ്ത്രീകൾക്ക് ഇത്തരത്തിൽ പ്രശ്നങ്ങളൊന്നുമില്ല. ജീവിതകാലം മുഴുവനും ജോലി ചെയ്യുന്നില്ല എന്ന് തീരുമാനിക്കുകയാണെങ്കിൽ കൂടിയും വീട്ടുകാർ അവരുടെ തീരുമാനങ്ങളെ അംഗീകരിക്കുകയോ, ചിലപ്പോൾ സ്വാഗതം ചെയ്യുകയോ ചെയ്യും.
പാട്രിയാർക്കി കാരണം ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ കൂടുതൽ കൂടുതൽ പുരുഷന്മാർ മനസിലാക്കി വരുന്നുണ്ട്. പക്ഷെ, പരസ്യമായി ഫെമിനിസം പറയാൻ ഇവർക്കാകുന്നില്ല. ഫെമിനിസം സംസാരിക്കുന്ന പുരുഷന്മാർ സ്ത്രീകളുടെ അടിപ്പാവാട കഴുകുന്നവരാണെന്നും, ഭാര്യമാർക്ക് കീഴ്പ്പെട്ട് ജീവിക്കുന്നവരാണെന്നും ഉള്ള ധാരണ സമൂഹം ഉണ്ടാക്കിവച്ചിട്ടുള്ളതുകൊണ്ടാണിത്. അതുകൊണ്ട് തന്നെ, ബുദ്ധിജീവി ഇമേജ് ഉള്ള പുരുഷന്മാർക്ക് മാത്രമേ ഫെമിനിസം സംസാരിക്കാൻ പറ്റൂ എന്ന അവസ്ഥയുണ്ട്. ഫെമിനിസത്തെ പുരുഷന്മാരുടെ ഇടയിലും പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. പലർക്കും പാട്രിയാർക്കി ഒരു പ്രശ്നമാണെന്നു പോലും അറിയില്ല എന്നതുകൊണ്ടാണിത്. കഴിഞ്ഞ പോസ്റ്റുകളിൽ പറഞ്ഞത് പോലെ, അധികാരസ്ഥാനങ്ങളിൽ ഭൂരിഭാഗവും പുരുഷന്മാരുടെ കയ്യിലാണെന്നതുകൊണ്ട്, പുരുഷന്മാരുടെ സഹവർത്തിത്വത്തോടു കൂടി മാത്രമേ പാട്രിയാർക്കൽ സംസ്കാരത്തെ തുടച്ച് നീക്കാനാകൂ.
* പൾപ്പ് ഗവേഷണങ്ങളെ ഞാൻ സാധാരണ അവഗണിക്കാറാണ് പതിവ്. എങ്കിലും ഈ അവസരത്തിൽ അല്പം ശാസ്ത്രം നല്ലതായിരിക്കും എന്ന് തോന്നി എന്നതുകൊണ്ട് ഉപയോഗിച്ചു എന്ന് മാത്രം. സ്ത്രീ-പുരുഷ ആകർഷണത്തെക്കുറിച്ച് ആധികാരികമായ പഠനങ്ങൾ വളരെ കുറച്ച് മാത്രമേ നടന്നിട്ടുള്ളൂ എന്നതുകൊണ്ട് ഒന്നും ഉപസംഹരിച്ചെടുക്കാൻ കഴിയില്ല എന്ന് ഓർക്കുമല്ലോ.
‘ലേഡി ഡോക്ടറേ’ എന്ന വിളി കേൾക്കാത്ത ഒരു സ്ത്രീ ഡോക്ടർ പോലും ഉണ്ടാവില്ല. എം.ബി.ബി.എസ് ഡിഗ്രി ഉള്ള എല്ലാവരും വെറും ഡോക്ടർമാരാണെന്നിരിക്കെ ഇതിൽ സ്ത്രീകളെ മാത്രം ‘ലേഡി ഡോക്ടർ’ എന്നാണ് വിളിക്കുന്നത്. ഒരു സ്ത്രീ, ഡോക്ടറാകുന്നത് ഒരു നോർമൽ കാര്യമല്ല എന്ന തോന്നലിനു പുറത്താണല്ലോ ‘ലേഡി’ എന്ന് കൂടെ ചേർക്കാനുള്ള തോന്നൽ ഉണ്ടായിവരുന്നത്. ‘വെള്ള’ക്കടുവ എന്നൊക്കെ പറയുന്നത് പോലെ. പലരും ഇത് ബോധപൂർവ്വം വിളിക്കുന്നതല്ല. ബുദ്ധിയും നൈപുണ്യവും വേണ്ടുന്ന ജോലികളിൽ സ്ത്രീകൾക്ക് പുരുഷന്മാരുടെയത്ര തൃപ്തികരമായി പ്രവർത്തിക്കാൻ കഴിയില്ല എന്ന പാട്രിയാർക്കൽ ചിന്തയിൽ നിന്നാണ് ‘ലേഡി ഡോക്ടർ’ വിളിയും ‘സിസ്റ്റർ’ വിളിയും ‘മോളേ’ വിളിയും ഒക്കെ ഉടലെടുക്കുന്നത്. ‘സിസ്റ്റർ വിളി’ വിളിക്കുന്നത് സ്വന്തം വാർഡിലെ രോഗിയാണെങ്കിൽ ഞാൻ മിണ്ടാതിരിക്കാറാണ് പതിവ്. നമ്മൾ ഇവരുടെ ഡിസ്ചാർജ് കാർഡ് സീലു വച്ച് എഴുതിക്കൊടുക്കുമ്പോൾ ഇവർക്ക് കാര്യം പിടികിട്ടും. സ്വന്തം വാർഡിലെ രോഗികൾ അല്ലെങ്കിൽ ‘സിസ്റ്ററല്ല’ എന്ന് മാത്രം ഒറ്റവാക്കിൽ പറഞ്ഞാൽ അവർ കാര്യം മനസിലാക്കിക്കോളും. നേഴ്സിൻ്റെ ജോലി മോശമായതുകൊണ്ടല്ല ഇങ്ങനെ പറയേണ്ടിവരുന്നത്. സ്ത്രീകൾക്ക് മാക്സിമം പോയാൻ നേഴ്സാകാനേ പറ്റൂ എന്ന പൊതുബോധത്തെയാണ് ഞാൻ അറ്റാക്ക് ചെയ്യുന്നത്.
മറ്റ് പ്രൊഫഷനുകളെ അപേക്ഷിച്ച് ഡോക്ടർമാർക്ക് കൂടുതൽ സ്ത്രീപക്ഷ ചിന്തകൾ ഉണ്ട് എന്ന് തോന്നിയിട്ടുണ്ട്. ഭാര്യയ്ക്ക് ബെഡ് റെസ്റ്റ് ആവശ്യമുണ്ട് എന്ന് ഭർത്താവിനോട് പറയുമ്പോൾ “ഡോക്ടറേ, ഇവൾ റെസ്റ്റെടുക്കുകയാണെങ്കിൽ എൻ്റെ കാര്യം ആര് നോക്കും?” എന്ന് വിലപിക്കുന്ന ഭർത്താക്കന്മാർക്ക് ഡോക്ടർമാരുടെ ശകാരം മിക്കവാറും കേൾക്കേണ്ടി വരും. മറ്റു പ്രൊഫഷനുകളിലുള്ളവരെക്കാലും കൂടുതൽ മനുഷ്യരുമായി ഇടപഴകുന്നതുകൊണ്ട് പല സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളിലുള്ളവരുടെ പ്രശ്നങ്ങൾ പലതാണെന്നും, എങ്കിലും എല്ലാ ശ്രേണിയിലുമുള്ള സ്ത്രീകൾ ഒന്നല്ലെങ്കിൽ മറ്റൊരുതരത്തിലുള്ള വിവേചനം അനുഭവിക്കുന്നുണ്ട് എന്നതൊക്കെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ ഡോക്ടർമാർക്ക് മനസിലാകുന്നുണ്ട്. പക്ഷെ സ്വന്തം ജീവിതത്തിൽ പങ്കാളിയുമൊത്ത് തുല്യത പാലിക്കാൻ അത്ര ആർജവം ഉള്ളതായി തോന്നുന്നില്ല. ഫെമിനിസം ഒക്കെ വീട്ടിനു പുറത്ത് നടക്കേണ്ട കാര്യങ്ങളാണെന്നാണ് പലരും ചിന്തിക്കുന്നത്. ഈ ചിന്തയിൽ നിന്ന് ഉടലെടുക്കുന്ന ചില പ്രശ്നങ്ങളെക്കുറിച്ചും, അവയ്ക്ക് സാധ്യമായ പരിഹാരങ്ങളെക്കുറിച്ചുമാണ് ഈ പോസ്റ്റിൽ എഴുതിയിട്ടുള്ളത്.
സ്തീകൾ വീട്ടിനു പുറത്തുള്ള ജോലികൾ ചെയ്യണോ? ബൗദ്ധികവളർച്ചയ്ക്കും, സ്വാതന്ത്ര്യത്തിനും, സാമ്പത്തികലാഭത്തിനും വേണ്ടി സ്ത്രീകൾ വരുമാനം ലഭിക്കുന്ന ജോലി ചെയ്യേണ്ടതുണ്ട്. കഷ്ടപ്പെട്ട് മെഡിസിൻ പാസായത് വെറുതേ ഇരിക്കാൻ വേണ്ടിയല്ലല്ലോ. വെറുതേ ഇരിക്കാനായിരുന്നു പ്ലാൻ എങ്കിൽ സേവനസന്നദ്ധയായ മറ്റൊരാൾക്ക് മെഡിസിൻ പഠിക്കാനുള്ള അവസരം ഇല്ലാതാക്കി, ആ മെഡിക്കൽ സീറ്റ് നിങ്ങൾ വാങ്ങിയെടുത്തത് എന്തിനാണ്? ഭർത്താവ് അധ്വാനിച്ച് പണിയെടുത്തോട്ടെ, ഞാൻ വീട്ടിൽ ‘വെറുതേ’ ഇരിക്കും എന്നൊക്കെ ഇപ്പോൾ പറയാൻ നല്ല സുഖമുണ്ടാകും. സാമ്പത്തികമായ പരാശ്രയത്വം കാരണമാണ് പല സ്ത്രീകളും മോശം വിവാഹബന്ധമാണെങ്കിലും അതിൽ കടിച്ച് തൂങ്ങി നിൽക്കേണ്ടി വരുന്നത്. ഞാൻ ഇപ്പോൾ ജോലിക്ക് പോകുന്നില്ല, പത്ത് വർഷം കഴിഞ്ഞ് ജോലിക്ക് പോകാം എന്ന് പറയുന്നവരുണ്ട്. അവരോട് പറയാനുള്ളത് നിങ്ങൾ പഠിച്ചതിൽ ഒരു നല്ല പങ്കും പത്ത് വർഷം കഴിഞ്ഞാൽ മറന്നോ, കാലഹരണപ്പെട്ടോ പോകും എന്നാണ്. ഇനി, വീട്ടിൽ ‘വെറുതേ’ ഇരിക്കാൻ പറ്റും എന്നൊന്നും വിചാരിക്കരുത്. ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ ചെയ്യേണ്ടതില്ലായിരുന്ന പല പണികളും ജോലി ഇല്ലാത്തതുകൊണ്ട് നിങ്ങളെ തേടി വരും. എല്ലാ നേരവും പുതിയ ഭക്ഷണം തന്നെ പാചകം ചെയ്യുക, ദിവസവും വീടിൻ്റെ മുറ്റം അടിക്കുക, ചമ്മന്തി അമ്മിയിൽ തന്നെ അരയ്ക്കുക തുടങ്ങി നിർബന്ധമല്ലാത്തതും, ആവശ്യമില്ലാത്തതുമായ പല പണികളും നിങ്ങൾക്ക് കിട്ടും. കാരണം നിങ്ങൾ ‘വെറുതേ’ ഇരിക്കുന്നവളാണല്ലോ.
ചില പുരുഷ ഡോക്ടർമാരുണ്ട്. ഭാവിവധുവിനെ കുറിച്ച് എല്ലാവർക്കും ഉള്ളതുപോലെ ഇവർക്കും സങ്കൽപ്പങ്ങളുണ്ട്. വധു ഇ.എൻ.ടി, ഒഫ്താല്മോളജി എന്നിവയിലെ സ്പെഷ്യലിസ്റ്റ് ആയിരിക്കണം എന്നതാണ് ഇവരുടെ സങ്കൽപ്പം. പക്ഷെ, ഇവർക്ക് സ്വയം സൂപ്പർ സ്പെഷ്യലിസ്റ്റ് ആകണമെന്നാണ് ആഗ്രഹം. ഇവരെ സൂക്ഷിക്കേണ്ടതുണ്ട്. ഇവർ പറയാതെ പറയുന്നത്, “എനിക്ക് കുടുംബത്തിനു വേണ്ടി ചിലവഴിക്കാൻ ഒട്ടും സമയമില്ല, അതുകൊണ്ട് എൻ്റെ ഭാര്യ ഘനമേറിയ സ്പെഷ്യാലിറ്റി എടുക്കാതെ, എനിക്കും കുടുംബത്തിനും വേണ്ടി സമയം കണ്ടെത്തുന്ന തരത്തിലുള്ള സ്പെഷ്യാലിറ്റി ആണ് എടുക്കേണ്ടത്” എന്നാണ്. അല്ലാതെ ഇവർക്ക് ഒഫ്താല്മോളജിയോട് ഭയങ്കര ഇഷ്ടം തോന്നിയിട്ടൊന്നുമല്ല ഈ ആഗ്രഹം ഉണ്ടായി വന്നത്. “എനിക്ക് ഫാമിലിക്ക് വേണ്ടി സമയം കണ്ടെത്തേണ്ടതുകൊണ്ട് ഞാൻ നോൺ-ക്ലിനിക്കൽ പി.ജിയേ എടുക്കുകയുള്ളൂ” എന്ന് പറയുന്ന അവിവാഹിതകളായ സ്ത്രീകളുണ്ട്. ഇവർ എന്തിനാണ് തങ്ങളുടെ ആഗ്രഹങ്ങളെ ഇപ്പോഴേ നിയന്ത്രിക്കുന്നത് എന്നെനിക്ക് മനസിലാകുന്നില്ല. ക്ലിനിക്കൽ പി.ജി എടുത്താലും ദിവസത്തിൽ എത്ര മണിക്കൂർ ജോലി ചെയ്യണമെന്ന് ഇവർക്ക് തീരുമാനിക്കാവുന്നതേ ഉള്ളല്ലോ. ഉദാഹരണത്തിന് നിങ്ങൾ ഒരു ഓർത്തോപീഡീഷ്യൻ ആണെങ്കിൽ ദിവസം എട്ട് മണിക്കൂർ മാത്രമേ ജോലി ചെയ്യൂ എന്ന് ഹോസ്പിറ്റൽ മാനേജ്മെൻ്റിനെ അറിയിച്ചാൽ അവർക്ക് സമ്മതിച്ച് തരികയേ നിവൃത്തിയുള്ളൂ. കുടുംബത്തിനു വേണ്ടി കൂടുതൽ സമയം മാറ്റിവയ്ക്കണം എന്ന ആഗ്രഹമുണ്ടെങ്കിൽ വർഷത്തിൽ നാല് മാസം ലീവ് എടുക്കുകയോ, പാർട്ട് ടൈമായി ജോലി ചെയ്യുകയോ, എമർജൻസികൾ കൈകാര്യം ചെയ്യാതിരിക്കുകയോ ആകാമല്ലോ. അതുകൊണ്ട്, ഭാവിയിൽ കുടുംബം നോക്കണമെന്നതുകൊണ്ട് പി.ജി സ്പെഷ്യാലിറ്റി തിരഞ്ഞെടുക്കുമ്പോൾ തന്നെ ചോയ്സുകൾക്ക് അതിർത്തി വയ്ക്കുന്നത് ആത്മഹത്യാപരമാണ്.
ഒരു സ്ത്രീയുടെ ഏറ്റവും വലിയ കരിയർ ചോയ്സ് വിവാഹമാണ്. ഇത് പറഞ്ഞത് ഞാനല്ല, ഷെറിൽ സാൻ്റ്ബർഗ് ആണ്. വിവാഹം വേണോ വേണ്ടയോ, ആരെയാണ് വിവാഹം കഴിക്കുന്നത്, ഭാവിവരൻ്റെ ജോലി എന്താണ്, അദ്ദേഹത്തിൻ്റെ സ്ത്രീകളോടുള്ള സമീപനം എന്താണ് എന്നതൊക്കെ ഒരു ഇന്ത്യൻ സ്ത്രീയുടെ കരിയറിനെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട് എന്നത് സങ്കടകരമായ വസ്തുതയാണ്. നാട്ടിലെ ജോലി രാജിവച്ച് ഭർത്താവ് ജോലി ചെയ്യുന്ന സ്ഥലത്തേക്ക് പോകുന്ന ഭാര്യമാരാണ് ഭൂരിഭാഗവും. വരനെക്കാൾ കുറഞ്ഞ ശമ്പളവും, വിദ്യാഭ്യാസവുമേ വധുവിന് പാടുള്ളൂ എന്ന അലിഖിത നിയമവുമുണ്ട്. വരൻ പീഡിയാട്രിക്സ് ആണെങ്കിൽ വധു പി.ജി തിരഞ്ഞെടുക്കുമ്പോൾ ഗൈനക്കോളജി തിരഞ്ഞെടുക്കുന്നതാണ് നല്ലത്, വരൻ സർജൻ ആണെങ്കിൽ വധു അനസ്തേഷ്യ എടുക്കണം എന്നീ പൊതുബോധങ്ങൾ ഒരുപാടുണ്ട്. ഇത്തരം പൊതുബോധങ്ങളെ അവഗണിക്കുന്ന ആളാണ് ഭാവിവരനും നിങ്ങളും എങ്കിൽ വളരെ നല്ലത്. പക്ഷെ, മിക്കപ്പോഴും ഇതായിരിക്കില്ല സ്ഥിതി. കൂടാതെ മെഡിക്കൽ പ്രൊഫഷനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്ത ബന്ധുക്കളും, നാട്ടുകാരും എല്ലാം ചേർന്ന് നിങ്ങളുടെ കരിയർ ചോയ്സിൽ സമ്മർദ്ദം ചെലുത്തും. ഭാര്യ ജോലി ചെയ്യുന്നതിൽ വലിയ താല്പര്യമൊന്നുമില്ലാത്ത ഭർത്താവാണെങ്കിൽ കരിയർ മുന്നോട്ട് കൊണ്ടുപോകാനുള്ള അവകാശത്തിനു വേണ്ടി നിങ്ങൾക്ക് നിരന്തരം പ്രയത്നിക്കേണ്ടി വരും. വിവാഹത്തിനു ശേഷം നിങ്ങൾ സ്വന്തം കാര്യത്തിൽ എടുക്കുന്ന തീരുമാനങ്ങളിൽ ഭർത്താവിൻ്റെ ഇഷ്ടാനിഷ്ടങ്ങളൂം വലിയ പങ്ക് വഹിക്കുന്നുണ്ട്. തിരിച്ചും. അതുകൊണ്ട് വീട്ടുകാർ കാണിച്ചു തരുന്ന ആളെ നേരേ ചെന്ന് കല്യാണം കഴിക്കാതെ, വരനോട് ഭാവിയെക്കുറിച്ച് നല്ലപോലെ സംസാരിച്ച് മനസിലാക്കിയ ശേഷമേ തീരുമാനമെടുക്കാൻ പാടുള്ളൂ. ഓർക്കുക, വിവാഹം ഒരു പേഴ്സണൽ ചോയ്സ് മാത്രമല്ല, കരിയർ ചോയ്സും കൂടി ആണ്.
“ഞങ്ങളുടേത് കഴിവുള്ള കുടുംബമാണ്, അതുകൊണ്ട് ഭാര്യ പ്രാക്ടീസ് ചെയ്ത് പൈസ സമ്പാദിക്കേണ്ട ഗതികേടൊന്നും ഞങ്ങൾക്കില്ല. പക്ഷെ, ഭാര്യയ്ക്ക് ഇഷ്ടമുണ്ടെങ്കിൽ പ്രാക്ടീസ് തുടങ്ങാവുന്നതേ ഉള്ളൂ” എന്ന് പറയുന്ന ഭാവിവരന്മാർ ഉണ്ട്. ഇവരുടെ വിചാരം പ്രാക്ടീസ് ചെയ്യുന്നത് വെറും പണം സമ്പാദിക്കാൻ വേണ്ടി മാത്രമാണ് എന്നാണ്. സ്വാതന്ത്ര്യബോധം, ആത്മവിശ്വാസം, ബൗദ്ധികനിലവാരം എന്നിവ ഉയർത്താൻ വേണ്ടിയും കൂടിയാണ് ജോലി ചെയ്യുന്നത് എന്ന് ഇവർക്ക് മനസിലായിട്ടില്ല. ചിലപ്പോൾ, “എൻ്റെ ഭാര്യയ്ക്ക് ഇത്തരം ഗുണങ്ങളൊന്നും ഉണ്ടാവുന്നത് എനിക്കിഷ്ടമല്ല, അവൾ എപ്പോഴും എൻ്റെ ചൊൽപ്പടിയിൽ തന്നെ നിൽക്കണമെങ്കിൽ കുറഞ്ഞ ബുദ്ധിയും, ആത്മവിശ്വാസവും മതി” എന്ന നിലപാടായിരിക്കും ഇവരുടേത്. ഇവരെയാണ് കൂടുതൽ സൂക്ഷിക്കേണ്ടത്. ഇവർ നമ്മുടെ ആത്മവിശ്വാസം കാലക്രമേണ ചോർത്തിക്കളയും. വീട്ടിലെ പണിയൊക്കെ കൃത്യമായി ചെയ്തിട്ട് ബാക്കി സമയം ജോലി ചെയ്താൽ മതി എന്നതായിരിക്കും ഇവരുടെ നിലപാട്. ആദ്യമൊക്കെ വലിയ കുഴപ്പമില്ലാതെ വീട്ടുകാര്യങ്ങളും ജോലിയും നിങ്ങൾക്ക് ഒറ്റയ്ക്ക് മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞേക്കാം. പ്രശ്നം വരുന്നത് കുഞ്ഞുണ്ടാകുമ്പോഴാണ്. “നോക്കൂ, നമുക്ക് പണം ആവശ്യത്തിനുണ്ടല്ലോ, അതുകൊണ്ട് കുഞ്ഞിനു വേണ്ടി വീട്ടിലിരിക്കൂ” എന്ന് ഇവർ നിരന്തരം ധ്വനിപ്പിച്ചുകൊണ്ടിരിക്കും. പ്രാക്ടീസിൽ നിന്ന് വലിയ വരുമാനമൊന്നും ഇല്ലാത്തതുകൊണ്ട് നമ്മൾ പണി നിർത്തും. എനിക്ക് തോന്നുന്നത് വലിയ വരുമാനമൊന്നും കിട്ടിയില്ലെങ്കിലും ജോലിക്ക് പോയേ തീരൂ എന്നതാണ്. ഇപ്പോൾ ലക്ചറർ ആയി ജോലി ചെയ്യുമ്പോൾ വലിയ വരുമാനമൊന്നും കാണുകയില്ല. കുറച്ച് വർഷങ്ങൾക്കു ശേഷം അസിസ്റ്റൻ്റ് പ്രൊഫസർ, പിന്നീട് പ്രൊഫസർ, ഡിപ്പാർട്ട്മെൻ്റ് ഹെഡ് എന്നിങ്ങനെ പ്രവൃത്തി പരിചയം കൂടുമ്പോൾ കരിയറിൽ വളർച്ച ഉണ്ടാകുമെന്ന് പലരും ഓർക്കാറില്ല. സ്വന്തം ക്ലിനിക്കാണെങ്കിൽ വർഷങ്ങളുടെ പ്രാക്ടീസിനു ശേഷം കൂടുതൽ എസ്റ്റാബ്ലിഷ്ഡ് ആകാൻ കഴിയും. അതുകൊണ്ട് ഇപ്പോൾ ലാഭകരമല്ല എന്ന ഒറ്റ കാരണം കൊണ്ട് കരിയർ അവസാനിപ്പിക്കാതിരിക്കുക. ഇപ്പോഴത്തെ മുഴുവൻ ശമ്പളവും ഡൊമസ്റ്റിക് ഹെൽപ്പിനെ വയ്ക്കാനേ തികയുന്നുള്ളൂ എങ്കിലും, ശമ്പളം കൊടുത്ത് ജോലിക്കാരിയെ വീട്ടിൽ നിർത്തിയിട്ട് നിങ്ങൾ പ്രാക്ടീസ് തുടരുകയാണ് വേണ്ടത്. ഭാവിയിൽ പ്രവൃത്തിപരിചയം കൂടുന്നതിനനുസരിച്ച് നിങ്ങളുടെ വരുമാനം കൂടാനേ സാധ്യതയുള്ളൂ.
കുഞ്ഞുണ്ടായശേഷം എത്ര കാലം കുഞ്ഞിനെ പരിചരിക്കാൻ വേണ്ടി വീട്ടിലിരിക്കണം? കുഞ്ഞ് ജനിച്ച് വെറും ദിവസങ്ങൾക്ക് ശേഷം ജോലിക്ക് തിരിച്ചു വരുന്നവരെയും, വർഷങ്ങൾക്ക് ശേഷം തിരിച്ചു വരുന്നവരെയും അറിയാം. ഇതൊക്കെ അവരവരുടെ സാഹചര്യങ്ങൾക്കനുസരിച്ച് എടുക്കേണ്ട തീരുമാനമാണ്. നിങ്ങൾ ജോലിക്ക് തയ്യാറാണ് എന്ന് തോന്നുമ്പോൾ ഉടൻ ജോലിക്ക് കയറുക. ഇത്ര നേരത്തേ ജോലിക്ക് പോയാൽ വീട്ടുകാർ എന്തു വിചാരിക്കും, നാട്ടുകാർ എന്ത് പറയും എന്നൊന്നും ചിന്തിച്ച് വ്യാകുലപ്പെടേണ്ടതില്ല. എല്ലാവരുടെയും പ്രഗ്നൻസി ഒരുപോലെയായിരിക്കില്ല. സ്വന്തം ആരോഗ്യത്തിനും, സന്തോഷത്തിനും മുൻഗണന കൊടുക്കുക. നിങ്ങൾ സന്തോഷത്തോടെയും, ആരോഗ്യത്തോടെയും ഇരുന്നാൽ കുഞ്ഞിനും ആരോഗ്യം ഉണ്ടാകും. തിരിച്ചും. ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്നുവച്ചാൽ, ഭർത്താക്കന്മാരെ കുഞ്ഞിനെ പരിചരിക്കുന്നതിന് പ്രോത്സാഹിപ്പിക്കണം. ചില സ്ത്രീകൾ “അയ്യോ, അതിയാന് ഡയപ്പർ മാറ്റലും, മാമു (ഭക്ഷണം) കൊടുക്കലും ഒന്നും അറിയില്ലന്നേ, എല്ലാം ഞാൻ തന്നെ ചെയ്താലേ ഭംഗിയാകുകയുള്ളൂ” എന്ന് പറയാറുണ്ട്. മാമു കൊടുക്കാനുള്ള സിദ്ധി നിങ്ങൾക്ക് ജന്മനാ കിട്ടിയതൊന്നുമല്ല. നിങ്ങൾ പഠിച്ചെടുത്തതു പോലെ ഭർത്താവിനും പഠിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കുക. ഭേദപ്പെട്ട രീതിയിൽ അദ്ദേഹം മാമു കൊടുത്തിട്ടുണ്ടെങ്കിൽ, ചെയ്ത ജോലിയിലെ ചെറിയ ചെറിയ കുറ്റങ്ങൾ കണ്ടുപിടിച്ച് ശകാരിക്കാതിരിക്കുക. കുഞ്ഞിന് അച്ഛനോടും മാനസികമായ അടുപ്പം വരണമെങ്കിൽ അവരും കുഞ്ഞിനെ പരിചരിക്കുന്നതിൽ പങ്കെടുക്കേണ്ടതുണ്ട്. അച്ഛനെ കുഞ്ഞിൽ നിന്ന് അകറ്റി നിർത്തി, എന്തിനും ഏതിനും അമ്മയെ സമീപിക്കുന്ന ‘അമ്മക്കുട്ടികളെ’ ഉണ്ടാക്കിയെടുക്കാതിരിക്കുക. കുഞ്ഞ് അമ്മയോട് മാത്രമേ അടുക്കൂ എന്നൊന്നുമില്ല. പ്രീസ്കൂളിൽ കൂടുതൽ സമയം ചിലവഴിക്കുന്ന കുട്ടി ടീച്ചറോടായിരിക്കും ഏറ്റവും അടുക്കുന്നത്. അച്ഛൻ്റെ ഒപ്പം കൂടുതൽ സമയം ചിലവഴിച്ചാൽ അച്ഛനോടും. അമ്മയായിപ്പോയതുകൊണ്ട് മാത്രം ഒരു സ്ത്രീയോട് കുഞ്ഞിന് പ്രത്യേക പ്രതിപത്തിയൊന്നും ഉണ്ടായി വരുന്നില്ല. മാതാപിതാക്കൾ ഗൾഫിൽ ജോലി ചെയ്യുന്നതുകൊണ്ട് മുത്തച്ഛൻ-മുത്തശ്ശിയുടെ കൂടെ നാട്ടിൽ വളർന്ന കുട്ടികളുണ്ട്. അമ്മ ഗൾഫിൽ നിന്ന് നാട്ടിൽ വരുമ്പോൾ ഇത്തരം കുഞ്ഞുങ്ങൾ (നാല്-അഞ്ച് വയസ്സ് പ്രായം) അപരിചിതരെ കണ്ടതു പോലെ ഓടിയൊളിക്കുന്നതും കണ്ടിട്ടുണ്ട്.
കുഞ്ഞിന് ശ്രദ്ധ കൊടുക്കാൻ വേണ്ടിയും, കുഞ്ഞിൻ്റെ ഭാവി ശോഭനമാക്കാൻ വേണ്ടിയും കരിയർ ഉപേക്ഷിച്ച് വീട്ടിലിരിക്കുന്നവരുണ്ട്. ഇവർ കുഞ്ഞിനോട് ചെയ്യുന്നത് ദ്രോഹമാണെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. അമ്മ ജോലിക്ക് പോകുന്നുണ്ടെങ്കിൽ കുഞ്ഞുങ്ങൾ വേഗം സ്വയം പര്യാപ്തരാകുകയും, അമ്മയെപ്പോലെ ജോലി നേടണം എന്ന ആഗ്രഹമുള്ളവരാകുകയും, ചുമതലകൾ നിർവ്വഹിക്കാൻ വേഗം പഠിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള കുഞ്ഞുങ്ങളാണ് വളർന്ന് വന്ന് കൂടുതൽ ഉയർന്ന ഡിഗ്രികൾ കരസ്ഥമാക്കുന്നതും, കുറവ് മാനസികപ്രശ്നങ്ങൾ ഉള്ളവരാകുന്നതും, നേതൃത്വനിരയിൽ എത്തുന്നതും എന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. കുഞ്ഞിൻ്റെ മുന്നിൽ താലവും പിടിച്ച് സദാസമയവും വേലക്കാരിയുടെ ജോലി ചെയ്ത് കൊടുത്താൽ ‘അങ്ങനെ ചെയ്യേണ്ട’ എന്ന് കുഞ്ഞ് ഒരിക്കലും പറയില്ല. കൂടുതൽ കൂടുതൽ ആവശ്യങ്ങളുമായി അവർ നിങ്ങളെ സമീപിക്കുകയേ ഉള്ളൂ. ഇന്ന് രണ്ട് കൂട്ടം കറികൾ ഉണ്ടാക്കിയാൽ, നാളെ രുചി പോരാ എന്ന് പറഞ്ഞ് നാലു കൂട്ടത്തിന് വേണ്ടി വാശിപിടിക്കും. ഇത്തരം വീടുകളിൽ വളർന്ന് വന്ന ആൺകുട്ടികൾ വിവാഹം കഴിക്കുമ്പോൾ, തൻ്റെ അമ്മയിൽ നിന്ന് മാതൃക ഉൾക്കൊണ്ട്, ഭാര്യയും അതുപോലെ വീട്ടുകാര്യങ്ങൾ ചെയ്യണം എന്ന നിലപാട് ഉള്ളയാളായിത്തീരും. ഇത്തരം പഴഞ്ചൻ നിലപാടുകൾ ഇവരുടെ ഭാവി വൈവാഹിക ജീവിതത്തെയും ബാധിക്കും. ഇത്തരം വീടുകളിൽ വളർന്ന പെൺകുട്ടികൾ അമ്മയിൽ നിന്ന് മാതൃക ഉൾക്കൊണ്ട് ജോലി നേടണമെന്നോ, ഉപരിപഠനം നടത്തണമെന്നോ ഉള്ള ആഗ്രഹമില്ലാത്തവരായിത്തീരും. അതുകൊണ്ട് കുഞ്ഞുങ്ങൾ നല്ല പൗരന്മാരായി വളരാൻ വേണ്ടി അമ്മമാർക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം ജോലിക്ക് പോകുക എന്നതാണ്.
സ്ത്രീ ഡോക്ടർമാർ വിവേചനം നേരിടുന്നു എന്ന് പറയുമ്പോൾ പ്ലേറ്റ് മാറ്റാൻ വേണ്ടി ചിലർ ഉപയോഗിക്കുന്ന ടെക്നിക്ക് ആണ് സ്ത്രീ കൂലിപ്പണിക്കാർ അതിലും വലിയ വിവേചനം നേരിടുന്നില്ലേ എന്നത്. കേരളത്തിലെ സ്ത്രീകൾ വിവേചനം അനുഭവിക്കുന്നുണ്ടെന്ന് പറഞ്ഞാൽ, അങ്ങ് സൊമാലിയയിലേക്ക് നോക്കൂ, അവിടെ ഇതിലും കൂടുതൽ വിവേചനമാണ്, ഇത്രയൊക്കെ അവകാശങ്ങൾ നിങ്ങൾക്ക് കേരളത്തിൽ കിട്ടിയതുകൊണ്ട് നന്ദികാണിക്കണം എന്ന് പറയും. ഡോക്ടർമാരായ നമുക്ക് മറ്റ് പലരെക്കാളും മികച്ച ജീവിതസാഹചര്യങ്ങൾ കിട്ടി എന്നത് ശരിതന്നെ. എന്നാൽ സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കാതെ എങ്ങനെ മറ്റുള്ളവരുടെ പ്രശ്നം കൂടി പരിഹരിക്കാൻ പറ്റും? എല്ലാവർക്കും സ്വന്തം പ്രശ്നങ്ങളായിരിക്കുമല്ലോ വലുത്. ഒരു നാട്ടിലെ ഒരു കൂട്ടം ആളുകളുടെ പ്രശ്നം തീർത്തിട്ടേ അടുത്തതിലേക്ക് പോകാവൂ എന്ന നിർബന്ധബുദ്ധി എന്തിനാണ്? എല്ലാ കൂട്ടരുടെയും പ്രശ്നങ്ങളും ഒരുമിച്ച് പരിഹരിക്കാൻ ശ്രമിക്കാവുന്നതുമാണല്ലോ. ജെൻ്റർ ഈക്വാലിറ്റി ഇൻ്റക്സിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന സ്വീഡനിൽ പോലും, ഇപ്പോഴും സ്ത്രീപുരുഷ സമത്വത്തിന് വേണ്ടി സർക്കാറും, ജനങ്ങളും ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഇതേ ഇൻ്റെക്സിൽ 130-താം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിലിരുന്നാണ് അങ്ങ് സൊമാലിയയെ നോക്കി ആശ്വസിക്കാൻ പറയുന്നത്.
ടിവിയിൽ കാണുന്ന ‘ഉത്തമ ഭാര്യ’ എന്ന വാർപ്പുമാതൃകയിൽ വീണുപോകരുത്. ഉത്തമ ഭാര്യ രാവിലെ എഴുന്നേൽക്കും. ഭർത്താവിനെ എഴുന്നേൽപ്പിച്ച് ബെഡ് കോഫി കൊടുക്കും. രണ്ട് കുഞ്ഞുങ്ങൾക്ക് വേണ്ടി വിഭവസമൃദ്ധമായ പ്രാതൽ തയ്യാറാക്കി കഴിപ്പിക്കും. ഉച്ചയ്ക്കത്തേക്കുള്ള ചോറും കറികളും പൊതിഞ്ഞുകൊടുക്കും. അമ്മായിയമ്മയെ മരുന്ന് കഴിക്കാൻ ഫോൺ വിളിച്ച് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കും. ക്ലിനിക്കിലെ ചിരിച്ചുകൊണ്ടിരിക്കുന്ന രോഗികളോട് സഹാനുഭൂതിയോടെ പെരുമാറും. ക്യാൻസർ ഉള്ള കുട്ടി കൺസൾട്ടേഷനു വരുമ്പോൾ ഡയറി മിൽക്ക് സമ്മാനമായി കൊടുക്കും. വൈകുന്നേരം ഭർത്താവ് കൂട്ടിക്കൊണ്ടുപോകാൻ വരുന്ന അതേ നിമിഷം ഡ്യൂട്ടി കഴിയും. വീട്ടിൽ എത്തുമ്പോൾ കുട്ടികൾ നൂറിൽ നൂറ് മാർക്ക് വാങ്ങിയതിൻ്റെ സർട്ടിഫിക്കറ്റ് കാണിക്കും. കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് തമാശ പറഞ്ഞുകൊണ്ട് ഭക്ഷണം കഴിക്കും. എന്ത് നല്ല കിണാശേരി! ഇത്തരം ഐഡിയൽ സ്ത്രീകൾ സ്ക്രീനിൽ മാത്രമേ ജീവിക്കുന്നുള്ളൂ എന്ന് മനസിലാക്കുക. എല്ലാ കാര്യങ്ങളും പെർഫക്ട് ആയി ചെയ്യാൻ ഒരിക്കലും പറ്റില്ല എന്നത് മനസിലാക്കുക. ഒരു ജോലി ചെയ്യാൻ അറിയുന്നതു കൊണ്ട് മാത്രം ആ ജോലി ചെയ്യേണ്ട ബാധ്യത നിങ്ങൾക്കില്ല. വീട്ടുജോലി ചെയ്യാനാണ് താല്പര്യമെങ്കിൽ ക്ലിനിക്കിലെ ജോലി പാർട്ട് ടൈം ആക്കുക. തിരിച്ചാണെങ്കിൽ, വീട്ടുജോലി ചെയ്യാൻ മറ്റാരെയെങ്കിലും നിയോഗിക്കുക. ഒരു നല്ല ഒപ്ഷൻ വീട്ടുജോലി പങ്കാളിയുമായി ഷെയർ ചെയ്യുക എന്നതാണ്. സ്ത്രീകൾ മൾട്ടി ടാസ്ക് ചെയ്യാനും, സമയബന്ധിതമായ വീട്ടുകാര്യങ്ങൾ ചെയ്യാനും നിർബന്ധിതരാകുന്നതുകൊണ്ട് അവരുടെ മാനസികാരോഗ്യം ക്രമേണ മോശമാകാനും സാധ്യതയുണ്ട്.
ഇതും ഇവിടെ കിടക്കട്ടെ. മെൻ്റൽ ലോഡ് എന്ന കാണാപ്പണിയെക്കുറിച്ചുള്ള മുഴുവൻ കോമിക് ഇവിടെ വായിക്കുക.
“ഞാൻ ഇപ്പോഴത്തെ ജീവിതത്തിൽ സന്തുഷ്ടയാണ്, ഞാൻ എന്തിനു വേണ്ടി ഫെമിനിസ്റ്റാകണം?” എന്ന് ചോദിക്കുന്നവരുണ്ട്. നിങ്ങൾക്ക് ഭാഗ്യം കൊണ്ട് സന്തുഷ്ടമായ ജീവിതം ലഭിച്ചെങ്കിലും, മറ്റുള്ളവരുടെ സ്ഥിതി അതല്ല. ചിലപ്പോൾ നിങ്ങൾ പാട്രിയാർക്കൽ രീതികൾ സ്വാംശീകരിച്ചിട്ടുള്ളതുകൊണ്ടായിരിക്കാം സന്തോഷം ഉണ്ടാകുന്നത്. നിങ്ങൾക്ക് പ്രിയപ്പെട്ട പലരും പാട്രിയാർക്കൽ സംസ്കാരത്തിൻ്റെ ദൂഷ്യഫലങ്ങൾ അനുഭവിക്കുന്നവരായിരിക്കും. പാട്രിയാർക്കിയെ തകർക്കാൻ നമ്മൾ ഇന്ന് തന്നെ ശ്രമിച്ചാലേ അടുത്ത തലമുറയ്ക്ക് കൂടുതൽ അവകാശങ്ങളും, സ്വാതന്ത്ര്യങ്ങളും ലഭ്യമാകൂ. നമ്മുടെ പൂർവ്വ തലമുറ നേടിയെടുത്ത അവകാശങ്ങളാണ് നാം ഇന്ന് ആസ്വദിക്കുന്നത്. അമേരിക്കയിൽ സ്ത്രീകൾ വോട്ട് ചെയ്യാനുള്ള അവകാശം നേടിയെടുത്തിട്ട് 100 വർഷങ്ങളേ ആയിട്ടുള്ളൂ. സൗദിയിൽ ഏഴു വർഷങ്ങളും. സ്ത്രീകൾക്ക് എല്ലാ രീതിയിലും തുല്യ അവകാശങ്ങളോടും, സ്വാതന്ത്ര്യങ്ങളോടും കൂടി ജീവിക്കാൻ കഴിയുന്ന ലോകമാണ് ഫെമിനിസ്റ്റുകൾ കാണുന്ന സ്വപ്നം. ഞാൻ ഒരു ഫെമിനിസ്റ്റാണെന്നത് പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ.
അധിക വായനയ്ക്ക്: ഡോ. ബീന കയിലൂരിൻ്റെ ഫെമിനിസത്തെക്കുറിച്ചുള്ള പ്രസംഗങ്ങളൊക്കെ മികച്ചതാണ്. ഇവ കണ്ടുനോക്കുക. സ്ത്രീകൾ ജോലിസ്ഥലങ്ങളിൽ പിന്തള്ളപ്പെട്ടു പോകുന്നതിൻ്റെ കാരണങ്ങൾ പ്രതിപാദിക്കുന്ന ഡോ. അരുൺ കുമാറിൻ്റെ പ്രസംഗവും കേൾക്കുക. ഫേസ്ബുക്കിൻ്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആയ ഷെറിൽ സാൻ്റ്ബർഗ് എഴുതിയ ലീൻ ഇൻ എന്ന പുസ്തകവും വായിക്കുക. കർശനമായും അക്കാദമികമായ രീതിയിൽ എടുത്താൽ ഫെമിനിസ്റ്റ് തത്വങ്ങളോട് മുഴുവനായും നീതി പുലർത്താത്ത പുസ്തകമാണ് ഷെറിലിൻ്റേത്. എങ്കിലും, പാട്രിയാർക്കി കൊണ്ടുണ്ടാവുന്ന ദൈനംദിന പ്രശ്നങ്ങൾക്കുള്ള പരിഹാരം എങ്ങനെ സ്വയം കണ്ടെത്താം എന്നതിനുള്ള മാർഗരേഖകൾ ഈ പുസ്തകത്തിലുണ്ട്. പാട്രിയാർക്കൽ ആങ്ങളമാരുടെ ശല്യം അനുഭവിക്കുന്നുണ്ടെങ്കിൽ ഇവരുടെ വാദങ്ങൾക്ക് എങ്ങനെ മറുപടി കൊടുക്കാം എന്നത് ഗീക്ക് ഫെമിനിസം വിക്കിയിൽ വായിക്കാം. ഫെമിനിസത്തെക്കുറിച്ച് ഒരു സീരീസ് എഴുതാൻ അതിയായ ആഗ്രഹമുണ്ട്. സമയക്കുറവ് കാരണമാണ് നടക്കാതെ പോകുന്നത്. ഫെമിനിസത്തെക്കുറിച്ച് മലയാളി എഴുത്തുകാർ കൂടുതലായി എഴുതിക്കൊണ്ടിരിക്കുന്നു എന്നതും സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്.
പിൻകുറിപ്പ്: ഈ പോസ്റ്റുകളിൽ ഒന്നടങ്കം ‘പുരുഷൻ’ എന്നത് ഹെറ്ററോസെക്ഷ്വൽ പുരുഷനെ വിശേഷിപ്പിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്. ഹോമോസെക്ഷ്വാലിറ്റിയെക്കുറിച്ച് പിന്നീട് എഴുതാം.
ഈ പോസ്റ്റ് മെഡിക്കൽ വിദ്യാർത്ഥികൾക്കു വേണ്ടിയിട്ടുള്ളതാണ്. പ്രത്യേകിച്ചും സ്ത്രീകൾക്കും പെൺകുട്ടികൾക്കും. മെഡിക്കൽ വിദ്യാഭ്യാസത്തിലുടനീളം ഒളിഞ്ഞും തെളിഞ്ഞും കാണപ്പെടുന്ന സ്ത്രീവിരുദ്ധതയെ എങ്ങനെ നേരിടാം എന്നതാണ് ഈ പോസ്റ്റിൻ്റെ കാതൽ. എൻ്റെ അനുഭവത്തിൽ നിന്നും, വായനയിൽ നിന്നും, യാത്രകളിൽ നിന്നും മനസിലാക്കിയ കാര്യങ്ങളാണ് ഈ പോസ്റ്റിൽ ഉള്ളത്. കോളേജിൽ പഠിക്കുന്ന സമയത്ത് ഈ ബ്ലോഗ് പോസ്റ്റ് എഴുതാനുള്ള ധൈര്യം എനിക്ക് ഉണ്ടാകില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഉരുളയ്ക്കുപ്പേരി മറുപടി കൊടുക്കാൻ അറിയാവുന്നതുകൊണ്ടും, ഈ വിഷയത്തിൽ കൂടുതൽ ക്ലാരിറ്റി ഉണ്ടായി വന്നതുകൊണ്ടും, പൊതുവിൽ സ്ത്രീകളോടുള്ള സമീപനത്തിൽ ചെറുതെങ്കിലും നല്ല മാറ്റങ്ങൾ വന്നതുകൊണ്ടും, ആവശ്യത്തിന് സമയം ഉള്ളതുകൊണ്ടും ഇത്തരം ഒരു പോസ്റ്റ് എഴുതുക ഇപ്പോൾ കുറച്ചുകൂടി എളുപ്പമാണ്.
ബേസിക്സിൽ നിന്നു തന്നെ തുടങ്ങാം. പെൺകുട്ടികളെ സ്വാതന്ത്ര്യം കൊടുക്കാതെ നിയന്ത്രിച്ച് നിർത്തുന്നവരിൽ സ്ത്രീകളും ഉണ്ടല്ലോ. അപ്പോൾ പുരുഷന്മാരല്ലല്ലോ യഥാർത്ഥ പ്രശ്നക്കാർ, സ്ത്രീകളും സ്ത്രീവിരുദ്ധത വളർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നില്ലേ? എന്നാണ് ചിലരുടെ മില്യൺ ഡോളർ ചോദ്യം. സ്ത്രീവിരുദ്ധതയെ സ്ത്രീകളുടെ തന്നെ പ്രശ്നമാക്കി അവതരിപ്പിച്ചാൽ ഇവർ നടത്തിവരുന്ന സ്ത്രീവിരുദ്ധതയെ റദ്ദ് ചെയ്യാമെന്നാണ് ഇവർ ചിന്തിച്ച് വച്ചിരിക്കുന്നത്. വർഷങ്ങളായി പാട്രിയാർക്കൽ സമൂഹത്തിൽ ജീവിച്ചതിൻ്റെ ഫലമായി ആ സിസ്റ്റത്തിനോട് യോജിച്ച് ജീവിക്കാൻ പഠിച്ച സ്ത്രീകൾ ഒന്നാന്തരം സ്ത്രീവിരുദ്ധരാകുന്നത് സ്വാഭാവികമാണ്. ഇവരിൽ ചിലർക്ക് സ്ത്രീവിരുദ്ധ ചട്ടങ്ങൾ പാലിച്ചതുകൊണ്ട് ആനുകൂല്യങ്ങളും കിട്ടിയിരിക്കണം. ഉദാഹരണത്തിന്, കുടുംബത്തിൻ്റെ തീരുമാനത്തിനു വഴങ്ങി വിവാഹം ചെയ്തതുകൊണ്ട് കുടുംബക്കാരുടെ മമതയും പ്രതിപത്തിയും കിട്ടിയിരിക്കണം. അതേസമയം, സ്വന്തം നിലയിൽ പങ്കാളിയെ കണ്ടെത്തിയ പെൺകുട്ടിക്ക് കുടുംബക്കാർ വരുത്തിവച്ച പ്രശ്നങ്ങൾ കണ്ട് അതിൽ നിന്ന് പാഠം ഉൾക്കൊണ്ടിട്ടുണ്ടാവണം. ഇങ്ങനെ, സമൂഹം തരുന്ന ‘സ്വഭാവ സർട്ടിഫിക്കറ്റ്’ കയ്യിലുള്ളതുകൊണ്ട് ഉണ്ടായ ഗുണങ്ങളുടെ പരിണിത ഫലം അനുഭവിച്ച് വരുന്ന ആരും സ്വന്തം വീട്ടിലെ പെൺകുട്ടികളെയും ഇത്തരത്തിൽ സ്വഭാവ സർട്ടിഫിക്കറ്റ് നേടാൻ ട്രെയിൻ ചെയ്തെടുക്കും എന്നതിൽ അതിശയോക്തിയൊന്നുമില്ല. ഇത്തരം സ്തീകളോട് പണ്ട് എനിക്ക് ദേഷ്യമായിരുന്നെങ്കിലും ഇപ്പോൾ സഹതാപമേ ഉള്ളൂ.
ഇങ്ങനെ സ്വഭാവസർട്ടിഫിക്കറ്റുകൾ വാരിക്കൂട്ടി കുലസ്ത്രീ ആകുന്നതാണോ, ആരെയും കൂസാതെ സ്വന്തം താല്പര്യങ്ങൾ മാത്രം പരിഗണിച്ച് ‘ചന്തപ്പെണ്ണ്’ ലേബൽ വാങ്ങിയെടുക്കുന്നതാണോ നല്ലത്*? കേരളത്തിൽ കുലസ്ത്രീകളാണ് കൂടുതലും. ഇക്കാര്യത്തിൽ ഞാൻ ഒരു മധ്യവർത്തി പാതയാണ് സ്വീകരിച്ചിട്ടുള്ളത്. നമുക്ക് മാറ്റങ്ങൾ വരുത്താൻ കഴിയുന്ന മേഖലകളിൽ മാറ്റങ്ങൾക്ക് വേണ്ടി പോരാടുകയും, ചെയ്യാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും, അറിയാതെയെങ്കിലും ചെയ്തുപോയ സ്ത്രീവിരുദ്ധ പ്രവർത്തികൾ തിരുത്തുകയും, സ്ത്രീപക്ഷചിന്തയെക്കുറിച്ച് പുതിയ കാര്യങ്ങൾ പഠിക്കുകയും, മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നതാണ് എൻ്റെ രീതി. ഇത് അത്ര എളുപ്പമുള്ള പണിയല്ല. ഇതിൻ്റെ പേരിൽ പലരും ഒറ്റപ്പെടുത്തുകയും, ‘ചന്തപ്പെണ്ണ്’ പട്ടം ചാർത്തിത്തരികയും ചെയ്യും. ഈയടുത്തായി എൻ്റെ മാനസികസ്വാസ്ഥ്യത്തെ അപഹരിക്കുന്ന രീതിയിലുള്ള ഒന്നും ഞാൻ ചെയ്യാറില്ല. അതുകൊണ്ട് തന്നെ, സ്വന്തം ആരോഗ്യത്തെയും, സ്വസ്ഥതയെയും അവഗണിച്ചും സ്ത്രീപക്ഷ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരോട് എനിക്ക് വലിയ ബഹുമാനമുണ്ട്.
കുലസ്ത്രീകൾ ലോകത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്ന് മാത്രമല്ല, പാട്രിയാർക്കൽ മൂല്യങ്ങൾ പിൻ തലമുറകൾക്ക് കൈമാറുന്നതിലൂടെ ലോകത്തെ പിന്നോട്ട് നടത്തിക്കുകയും ചെയ്തിട്ടുണ്ട്. ചന്തപ്പെണ്ണ് ലേബൽ വാങ്ങാത്ത ഒരു സ്ത്രീ പോലും ജീവിതത്തിൽ സ്വന്തം ആഗ്രഹങ്ങൾക്കൊത്ത് ജീവിച്ചിട്ടോ, സൃഷ്ടിപരമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടോ ഇല്ല. സാനിയ മിർസ മുതൽ റിമ കല്ലിങ്കൽ വരെയുള്ള സ്ത്രീകൾ ‘ചന്തപ്പെണ്ണ്’ ലേബലിനെ കൂസാതെ തങ്ങളുടെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞവരും, അതോടെ തങ്ങളുടെ പിൻതലമുറയിലുള്ള സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ തുറന്നു കൊടുത്തവരും ആണ്. പാട്രിയാർക്കിയുടെ മൂടും താങ്ങി നടക്കുന്ന കുലസ്ത്രീകളെ കാലക്രമേണ ചരിത്രം മായ്ച്ച് കളയുമ്പോൾ, പിൽക്കാലത്ത് ഓർക്കപ്പെടുന്നത് ഒറ്റയാൾ പോരാട്ടത്തിലൂടെയാണെങ്കിലും സ്ത്രീപക്ഷത്തിനു വേണ്ടി ഉറച്ച നിലപാട് എടുത്തവരെയായിരിക്കും. സതി നിർത്തലാക്കിയ രാജാ റാം മോഹൻ റോയ് ബഹുമാനത്തോടെ ഓർക്കപ്പെടുകയും, സതി തങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് സർക്കാറിന് പെറ്റീഷൻ കൊടുത്ത ഊളകളുടെ പേരുകൾ ഗൂഗിൾ സെർച്ചിലെ മുപ്പതാം പേജിൽ പോലും തിരഞ്ഞാൽ കിട്ടാതാകുകയും ചെയ്തല്ലോ. അതുകൊണ്ട്, ഇന്ന് നേരിടേണ്ടി വരുന്ന പ്രതിരോധം നാളെ നിങ്ങൾക്കുണ്ടാക്കാനാവുന്ന മാറ്റങ്ങളുമായി തുലനം ചെയ്ത് നോക്കുമ്പോൾ വളരെ ചെറുതാണെന്ന് ഓർക്കുക.
മെഡിക്കൽ എൻട്രൻസിൽ ഉയർന്ന റാങ്ക് നേടി എം.ബി.ബി.എസിനു അഡ്മിഷൻ നേടിയെടുക്കുക എന്നത് വളരെയധികം അധ്വാനം ആവശ്യമുള്ള കാര്യമാണെന്ന് അറിയാമല്ലോ. നമ്മളിൽ ചിലരെങ്കിലും ഇത്രയും അധ്വാനിക്കാൻ കാരണം ജീവിതാനുഭവങ്ങളായിരിക്കും. സ്വന്തമായി വരുമാനമില്ലാത്ത സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ അറിയുന്നതുകൊണ്ട് നമുക്കും ജോലിയില്ലാതാകുമോ എന്ന പേടി, അനിയന് എല്ലാ പരിഗണനയും കൊടുക്കുമ്പോൾ നമുക്കും എന്തെങ്കിലും ചെയ്ത് പരിഗണന പിടിച്ചു പറ്റണം എന്ന ആഗ്രഹം, മെഡിസിന് ചേർന്നാൽ വീട്ടുകാർ അത്ര പെട്ടെന്ന് ‘കെട്ടിച്ച് വിടാൻ’ വീട്ടുകാർ തയ്യാറാവില്ല എന്ന ബോധ്യം, സ്ത്രീകൾക്ക് ഏറ്റവും ബഹുമാനം കിട്ടുന്ന ജോലിയാണ് മെഡിസിൻ എന്ന വിചാരം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടാകാം നമ്മൾക്ക് മെഡിക്കൽ എൻട്രൻസിനു വേണ്ടി അധ്വാനിച്ച് പഠിക്കാൻ താല്പര്യമുണ്ടായത്. ഇതൊന്നും നമ്മൾ ബോധപൂർവ്വം ചിന്തിക്കുന്നതായിരിക്കില്ല. അബോധമനസ്സിലുള്ള ഇത്തരം ചിന്തകളായിരിക്കണം നമ്മെ പഠിക്കാൻ മുന്നോട്ട് നയിച്ച പ്രധാന ഘടകം. ഇനി അഡ്മിഷൻ കിട്ടി ജിപ്മർ, എയിംസ് എന്നിവിടങ്ങളിൽ സെലക്ഷൻ കിട്ടിയാൽ “പെൺകുട്ടിയെ എങ്ങനെ ദൂരേക്ക് വിടും” എന്ന ആധിയുള്ള കുടുംബക്കാർ കാരണം അവിടങ്ങളിൽ പഠിക്കാൻ പോകാൻ കഴിഞ്ഞെന്നു വരില്ല. എൻ്റെ അഭിപ്രായം എങ്ങനെയെങ്കിലും അവരെ സമ്മതിപ്പിച്ചോ, ഒരു രക്ഷയുമില്ലെങ്കിൽ പിണങ്ങിയോ അങ്ങോട്ട് പോകണം എന്നാണ്. ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കാനും, പുതിയ സംസ്കാരം മനസിലാക്കാനും, യാത്ര ചെയ്യാനുമൊക്കെ അവസരം കിട്ടുന്നത് പുറത്ത് പഠിക്കാൻ പോകുമ്പോഴാണ്. ക്ലാസിലുള്ള എല്ലാവരെയും ആവറേജ് സ്വഭാവത്തിലേക്ക് കൊണ്ടുവരാൻ മലയാളികൾക്കുള്ളത്ര ത്വര മറ്റ് സംസ്ഥാനക്കാർക്കില്ല. വസ്ത്രധാരണത്തിലുള്ള റെസ്ട്രിക്ഷനുകളും പുറത്ത് കുറവാണ്. പുറത്ത് പഠിച്ചതുകൊണ്ട് കിട്ടുന്ന ധൈര്യവും, ലോകപരിചയവും, സുഹൃദ്ബന്ധങ്ങളുമൊക്കെ ഭാവിയിലേക്കുള്ള മുതൽക്കൂട്ടാണ്. മറുനാട്ടിലെ കോളേജിൽ എത്തിക്കഴിഞ്ഞാൽ പുതിയ ഭാഷ, സംസ്കാരം ഒക്കെ ആദ്യമായി കാണുമ്പോൾ പെട്ടെന്ന് ഉൾക്കൊള്ളാനായി എന്നു വരില്ല. തിരിച്ച് പോയി നാട്ടിൽ തന്നെ പഠിക്കുന്നതായിരുന്നു ഭേദം എന്നും പലവട്ടം തോന്നിയേക്കാം. എങ്കിലും പിടിച്ചു നിൽക്കണം. ഈ അനുഭവങ്ങൾ പിൽക്കാലത്ത് നിങ്ങളെ ശക്തരാക്കും. എൻ്റെ അനുഭവം പറയാം. ആറാം ക്ലാസിൽ പോകുമ്പോൾ അത്തയുടെ (പിതാവിനെ അങ്ങനെയാണ് വിളിക്കുന്നത്) ജോലിസംബന്ധമായി കർണ്ണാടകത്തിൽ താമസിക്കേണ്ടി വന്നു. കന്നഡ ഒന്നാം ഭാഷയായി പഠിക്കേണ്ടിവന്നു. ഹിന്ദി മൂന്നാം ഭാഷയായും. അന്ന് വളരെ കഷ്ടപ്പെട്ടിട്ടാണെങ്കിലും രണ്ട് ഭാഷകളും പഠിച്ചെടുത്തു. പുതിയ കൂട്ടുകാരെ ഉണ്ടാക്കിയെടുത്തു. ഒൻപതാം ക്ലാസ് വരെ അവിടെ പഠിച്ചതുകൊണ്ട് കന്നഡ നന്നായും, ഹിന്ദി മോശമില്ലാതെയും വഴങ്ങും. അതിനു ശേഷം ഇന്ത്യയിൽ എവിടെച്ചെന്നും ജീവിക്കാമെന്ന ധൈര്യവും കൂടെ കിട്ടി. ഇപ്പോൾ സ്വീഡനിലായതുകൊണ്ട് സ്വീഡിഷ് ഭാഷ പഠിക്കുന്നുണ്ട്. പുതിയ ഒരു ഭാഷ സ്വായത്തമാക്കാൻ കഴിയും എന്ന ആത്മവിശ്വാസം ഇപ്പോൾ ഉള്ളത് പണ്ടത്തെ കന്നഡ അനുഭവത്തിൽ നിന്നും പഠിച്ചതുകൊണ്ടാണ്. സ്വീഡിഷ് വലുതായൊന്നും അറിയില്ലെങ്കിലും അറിയുന്ന വാക്കുകൾ ഒക്കെ വച്ച് സംസാരിക്കാൻ സങ്കോചമില്ലാതായതും ഇതേ അനുഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ്.
സ്വീഡിഷ്. റിമ കല്ലിങ്കലിനെക്കുറിച്ചെഴുതിയ കുറിപ്പ്. സ്വീഡിഷ് ക്ലാസിലെ അസൈന്മെൻ്റിനു വേണ്ടി തയ്യാറാക്കിയത്.
കേരളത്തിൽ അഡ്മിഷൻ നേടി വരുന്നത് സമത്വസുന്ദരമായ കോളേജിലേക്കാണെന്നൊന്നും വിചാരിക്കരുത്. ഞാൻ പഠിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജിലാണ്. ഏതൊരു സ്ഥാപനത്തിലും സ്ത്രീകൾക്ക് തുല്യപരിഗണന കിട്ടുന്നുണ്ടോ എന്നതിൻ്റെ പരോക്ഷസൂചകം അവിടത്തെ അധികാരശ്രേണിയിൽ സ്ത്രീകൾക്ക് എത്രമാത്രം പ്രാതിനിധ്യം ഉണ്ട് എന്നത് നോക്കുകയാണ്. ഒരു തൊടിയിൽ നിന്ന് എത്ര തേങ്ങകൾ കിട്ടും എന്നതിൻ്റെ പരോക്ഷസൂചകമായി അവിടത്തെ തെങ്ങുകളുടെ എണ്ണം എടുക്കുന്നതുപോലെയാണിത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ വൈസ് പ്രസിഡൻ്റ്, ജോയിൻ്റ് സെക്രട്ടറി എന്നീ സ്ത്രീകൾക്ക് സംവരണം ചെയ്തിട്ടുള്ള പോസ്റ്റുകൾ ഒഴിച്ചാൽ ബാക്കി എല്ലാ പോസ്റ്റുകളും ആൺകുട്ടികൾ തന്നെയാണ് പിടിച്ചടക്കാറ്. ഇതിന് ആകെയുള്ള അപവാദം കോളേജിൻ്റെ അറുപത് വർഷത്തെ ചരിത്രത്തിൽ ആദ്യമായി ശ്രേയ സലീം എന്ന പെൺകുട്ടി മാഗസിൻ എഡിറ്ററായി വിജയിച്ചതാണ്. പെൺകുട്ടികൾക്ക് ജോലി അറിയില്ല എന്നതാണ് അവരെ അധികാരസ്ഥാനങ്ങളിൽ നിന്ന് മാറ്റി നിർത്താൻ വേണ്ടി സ്ഥിരം ഉപയോഗിക്കുന്ന വാദം. അവസരം കൊടുത്താലല്ലേ ജോലി ചെയ്ത് കാണിക്കാൻ പറ്റുകയുള്ളൂ എന്നതാണ് എൻ്റെ മറുചോദ്യം. സ്ത്രീകൾക്ക് പ്രവർത്തിക്കാൻ അറിയാത്തതാണോ, അതോ സ്ത്രീയായതുകൊണ്ട് അവരെ പ്രവർത്തിക്കാൻ അനുവദിക്കാത്തതാണോ എന്നതും ചിന്തിക്കേണ്ടതാണ്. ശ്രേയ എഡിറ്ററായി പുറത്തിറക്കിയ തുടൽ എന്ന കോളേജ് മാഗസിൻ മനോരമയുടെ അവാർഡ് നേടി. ആർത്തവശുചിത്വത്തിനും, സ്ത്രീപക്ഷ ചിന്തകൾക്കും ക്യാമ്പസിൽ സ്വീകാര്യത വാങ്ങിക്കൊടുത്തത് ശ്രേയയാണ്. കോളേജിലും, ഹോസ്റ്റലിലും പെൺകുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ‘വെറും സ്ത്രീപ്രശ്നങ്ങൾ’ എന്ന രീതിയിൽ തഴയപ്പെടാതെ, മുഖ്യധാരാ പ്രശ്നങ്ങളാക്കി അവതരിപ്പിക്കാനും ശ്രേയയ്ക്ക് സാധിച്ചു. ലക്ചർ ഹാളിൽ മൈക്കുമെടുത്ത്, “ഗേൾസിനെ ബാച്ച് റെപ്രസൻ്റേറ്റീവ് ആയി വിജയിപ്പിക്കാൻ ഞങ്ങളെന്താ ശിഖണ്ഡികളാണോ” എന്നൊക്കെ വലിയവായിൽ ട്രാൻസ്-സ്ത്രീ വിരുദ്ധത പറയുന്ന ആൺസിംഹങ്ങളുടെ കുറ്റിയറ്റു. ഒരൊറ്റ പെൺകുട്ടി അധികാരസ്ഥാനത്തിലെത്തിയപ്പോൾ തന്നെ ഇത്തരം ആശാവാഹമായ മാറ്റങ്ങൾ ഉണ്ടായെങ്കിൽ, കൂടുതൽ സ്ത്രീകൾക്ക് അധികാരം കൊടുക്കേണ്ടതിൻ്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. കാലാകാലങ്ങളായി അധികാരശ്രേണിയിൽ പിന്തള്ളപ്പെട്ടുപോയ പെൺകുട്ടികൾ തങ്ങളുടെ സർഗാത്മകതയും ഊർജ്ജവും മൈലാഞ്ചിയിടലിലും, റെക്കോർഡെഴുത്തിലും, പാചകത്തിലും, വിക്കിപീഡിയയിലും, നൃത്തത്തിലുമൊക്കെ ചിലവഴിക്കുന്നതുകൊണ്ട് അവർക്ക് അതുമാത്രമേ കഴിയൂ എന്നും വിചാരിക്കരുത്. ഒരു ഏകദേശക്കണക്കെടുത്ത് നോക്കിയാൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ വോട്ടർമാരിൽ പകുതിയിൽ അധികവും പെൺകുട്ടികളായിരിക്കും. അതുകൊണ്ട് പെൺകുട്ടികൾ, സ്ത്രീകളായ സ്ഥാനാർത്ഥികൾക്ക് മാത്രമേ വോട്ട് ചെയ്യുകയുള്ളൂ എന്ന നിലപാട് എടുത്താൽ ഈസിയായി സ്ത്രീകളെ യൂണിയനിലേക്ക് വിജയിപ്പിക്കാവുന്നതേ ഉള്ളൂ. സ്ത്രീ സ്ഥാനാർത്ഥികൾക്ക് വേണ്ടി ശക്തമായ ആവശ്യം ബാച്ചുകൾക്കകത്ത് നിന്ന് ഉണ്ടായാൽ മനസില്ലാമനസോടെയാണെങ്കിലും പാർട്ടികളും കൂടുതൽ പെൺകുട്ടികളെ സ്ഥാനാർത്ഥികളാക്കും. ഒരു പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് യൂണിയൻ ചെയർപേഴ്സൺ ആകുന്ന കാലമാണ് എൻ്റെ സ്വപ്നം. ഇങ്ങനെ സംഭവിച്ചാൽ കോളേജ് പൊളിറ്റിക്സിൻ്റെ പേരിൽ നടക്കുന്ന അടിപിടി, പൊതുമുതൽ നശിപ്പിക്കൽ എന്നിവ ഇല്ലാതാകും എന്നത് ഉറപ്പാണ്. ഈ സ്ത്രീനേതാക്കളിൽ നിന്ന് മാതൃക ഉൾക്കൊണ്ട് കൂടുതൽ പെൺകുട്ടികൾ നേതൃത്വരംഗത്തേക്ക് വരികയും, അതുവഴി നേതൃസ്ഥാനങ്ങളിൽ സ്ത്രീകൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുകയും ചെയ്യും. കോളേജ് പൊളിറ്റിക്സിലൊക്കെ എന്തിരിക്കുന്നു, പെൺകുട്ടികളും ആൺകുട്ടികളും ഇതിൻ്റെ പേരിൽ സമയം കളയണോ എന്നൊക്കെ വേണമെങ്കിൽ അമ്മാവന്മാർക്ക് ചോദിക്കാം. വിദ്യാർത്ഥിരാഷ്ട്രീയത്തിൽ നിന്നും പഠിച്ച ജീവിത പാഠങ്ങൾ ഭാവിജീവിതത്തിൽ വിലപ്പെട്ടതാണെന്നും, കുട്ടികളെ ആട്ടിൻപറ്റം കണക്കെ വളർത്തിയാൽ അവർ ഭാവിജീവിതത്തിൽ സാമൂഹ്യബോധമില്ലാത്തവരും, സ്വന്തം കാര്യം മാത്രം നോക്കി കഴിഞ്ഞ് കൂടുന്നവരും, ജീവിതത്തിൽ നിർണ്ണായക തീരുമാനങ്ങൾ എടുക്കാൻ കഴിവില്ലാത്തവരും, പ്രതിസന്ധികളെ അതിജീവിക്കാൻ പറ്റാത്തവരും ആയി മാറുമെന്നാണ് എനിക്ക് തോന്നുന്നത്. കോളേജ് രാഷ്ട്രീയം എന്നാൽ വെട്ടും കുത്തുമാണെന്ന ഇമേജ് ഇല്ലാതാവണമെങ്കിൽ സ്ത്രീകൾ രാഷ്ട്രീയത്തിലിറങ്ങേണ്ടത് അനിവാര്യമാണ്.
ഇനിയും ഉദാഹരണങ്ങളുണ്ട്. നിപ്പ വൈറസ് പ്രതിരോധപ്രവർത്തനങ്ങളുടെ ഏകോപനത്തിൽ നിർണ്ണായകമായ നേതൃത്വനിരയിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ആരോഗ്യമന്ത്രി ഷൈലജ ടീച്ചർ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. സരിത, നോഡൽ ഓഫീസർ ഡോ. ചാന്ദ്നി എന്നിവരിൽ തുടങ്ങി, നേഴ്സുമാർ, നഴ്സിങ് അസിസ്റ്റൻ്റുമാർ എന്നിവരിലൊക്കെയും ഭൂരിപക്ഷം സ്ത്രീകൾ തന്നെയായിരുന്നു**. ജീവൻ പണയം വച്ചും ഇത്രയൊക്കെ ഭംഗിയായി കർത്തവ്യം നിർവ്വഹിക്കുന്ന സ്ത്രീകൾ ഉണ്ടായിട്ടും പലർക്കും സ്ത്രീകളെ നേതൃത്വനിരയിൽ കാണുന്നത് അലർജിയാകുന്നത് ഇതുവരെ അവർ ആൺമേൽക്കോയ്മയിലൂടെ അനുഭവിച്ച സൗകര്യങ്ങൾ തകർന്ന് തരിപ്പണമാകുമോ എന്ന് ഭയന്നിട്ടാണ്. സ്ത്രീകൾ മാറ്റിനിർത്തപ്പെട്ടതുകൊണ്ട് വലിയ കഴിവില്ലാത്ത ആണുങ്ങൾക്കും നേതാക്കളാകാനുള്ള അവസരം ഉണ്ട്. ഇങ്ങനെ ഉള്ളിൻ്റെയുള്ളിൽ തങ്ങൾ കഴിവില്ലാത്തവരാണോ എന്ന പേടിയും കൊണ്ട് നടക്കുന്നവരാണ് സ്ത്രീകളെ പാർശ്വവൽക്കരിക്കുന്ന പുരുഷന്മാരിൽ പ്രധാനികൾ. ഇനി പൊതുപരിപാടികളുടെ കാര്യമെടുക്കാം. സ്റ്റേജിൽ ഇരിക്കുന്നവർ മുഴുവൻ പുരുഷന്മാരായിരിക്കും. പ്രാർത്ഥന പാടാനും, താലം പിടിക്കാനും, ബൊക്ക കൊടുക്കാനും പെൺകുട്ടികളും. സ്റ്റേജിലിരിക്കാനുള്ള അർഹത നേടിയ ഒരു സ്ത്രീ പോലുമില്ലല്ലോ എന്നൊക്കെ വേണമെങ്കിൽ വെല്ലുവിളിക്കാം. സ്റ്റേജിലിരിക്കാൻ സ്ത്രീക്ക് അർഹത നേടാൻ കഴിഞ്ഞില്ല എന്നത് ശരിയല്ല, സ്ത്രീ ആയിപ്പോയതുകൊണ്ട് സ്റ്റേജിൽ അവർക്ക് സ്ഥാനം ലഭിച്ചില്ല എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി. “നീ സ്റ്റേജിലിരിക്കണ്ട” എന്ന് പുരുഷന്മാർ കടുപ്പിച്ച് പറഞ്ഞതുകൊണ്ട് അർഹത നേടാൻ കഴിയാത്തവർ ചുരുക്കമേ ഉണ്ടാകുകയുള്ളൂ. എന്നാൽ പ്രത്യക്ഷവും പരോക്ഷവുമായി സ്ത്രീകളെ നേതൃത്വനിരയിൽ വരുന്നതിൽ നിന്നും തടയുന്ന ചെറിയ ചെറിയ കാര്യങ്ങളുടെ ആകെത്തുകയായി സംഭവിക്കുന്നതാണ് വേദിയിലെ സ്ത്രീകളുടെ അസാന്നിധ്യം. ചെറുപ്പം മുതൽ കിട്ടിവരുന്ന സോഷ്യൽ കണ്ടീഷനിങ്ങിൻ്റെ ഭാഗമായി സംഭവിക്കുന്നതാണിത്. പെൺകുട്ടികൾക്ക് ആവശ്യമില്ലാത്ത നിയന്ത്രണങ്ങൾ വച്ചും, അവരെ രണ്ടാം കിട പൗരന്മാരായി കാണുന്ന സംസ്കാരം അടിച്ചേൽപ്പിച്ചും, അസൗകര്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കാൻ പഠിപ്പിച്ചും ഒതുക്കിയെടുക്കുന്നത് കൊണ്ടാണ് ചില പെൺകുട്ടികൾക്ക് നേതൃനിരയിലേക്ക് വരാനുള്ള ആർജവവും, ആഗ്രഹവും ഇല്ലാത്തത്. അതുകൊണ്ടുതന്നെ, പെൺകുട്ടികൾക്ക് നേതൃത്വനിരയിലേക്ക് വരാൻ താല്പര്യമില്ല എന്ന് പലരും ഒഴുക്കിൽ അങ്ങ് പറഞ്ഞ് വിടുന്നത് ഈ പ്രശ്നത്തിനെ സമഗ്രമായ രീതിയിൽ കാണാൻ സാധിക്കാത്തതുകൊണ്ടാണ്. ഇവർ വിചാരിക്കുന്നത് ഒറ്റയടിക്ക് പക്ഷിയുടെ ചിറകരിഞ്ഞ് വിടുന്നതുപോലെയാണ് പാട്രിയാർക്കൽ സംസ്കാരം പ്രവർത്തിക്കുന്നത് എന്നാണ്. അത് ശരിയല്ല. ചിറക് ഇഞ്ചിഞ്ചായി ദിവസവും ട്രിം ചെയ്തെടുക്കുന്ന പോലെയാണ് പാട്രിയാർക്കിയുടെ പ്രവർത്തനം. അതുകൊണ്ട് ആഗ്രഹമില്ലാതായിപ്പോയ പെണ്ണുങ്ങൾ ഉണ്ടാവുന്നത് അവർ വ്യവസ്ഥിതിയുടെ ഇരകളായതുകൊണ്ട് മാത്രമാണ്. ആഗ്രഹമില്ലായ്മ ഞങ്ങളുടെ ചോയ്സാണ് എന്നൊക്കെ ശക്തിയുക്തം വാദിക്കുന്ന സ്ത്രീകളോട് സഹതാപമേ എനിക്കുള്ളൂ. റെഡി റ്റു വെയിറ്റുകാർ ഈ കാറ്റഗറിയിൽ പെടുന്നവരാണ്. നിങ്ങളുടെ ചോയ്സുകൾ ഉണ്ടായി വന്നത് ഏത് സാമൂഹിക പശ്ചാത്തലത്തിലാണെന്നതും ആലോചിച്ച് നോക്കിയാൽ പിടികിട്ടുന്ന കാര്യമാണ്. ഉദാഹരണത്തിന്, മുസ്ലീം സ്ത്രീകളല്ലാത്ത ആരും പർദ്ദ എന്ന ചോയ്സിനെക്കുറിച്ച് ചിന്തിക്കുന്നുപോലുമുണ്ടാവില്ലല്ലോ.
പാട്രിയാർക്കി രണ്ട് രീതിയിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് നാം കണ്ടു. കഴിവുള്ള സ്ത്രീകളെ അധികാരത്തിൽ നിന്നും മാറ്റിനിർത്തിയും, മറ്റ് സ്ത്രീകളെ നിരന്തരമുള്ള ചിറകരിയലിലൂടെ ആഗ്രഹവും, ആർജ്ജവവും, നൈപുണ്യവും ഇല്ലാത്തവരാക്കി മാറ്റിയും. പക്ഷെ പറഞ്ഞ് വന്നത് പല വേദികളിലും സ്ത്രീസാന്നിധ്യമില്ലാത്തതിനെക്കുറിച്ചാണ്. സ്ത്രീകളുടെ നിലപാടുകളും കൂടി കേഴ്വിക്കാർ പരിഗണനയിൽ എടുക്കണമെങ്കിൽ സ്ത്രീകളും വേദികളിൽ ഇരിക്കണം. അവർ മൈക്കിൽ സംസാരിച്ച് തുടങ്ങണം. പക്ഷെ, സ്റ്റേജിൽ ആരൊക്കെ ഇരിക്കണം എന്ന തീരുമാനം എടുക്കുന്നത് മിക്കപ്പോഴും പുരുഷനേതാക്കൾ തന്നെയായിരിക്കും. അതുകൊണ്ട് ഒരു സ്ത്രീ എങ്കിലും ഇരിക്കാത്ത വേദിയിൽ പൂച്ചെണ്ട് കൊടുക്കാനും, പ്രാർഥന ചൊല്ലാനും, ഓഡിയൻസിൽ ഇരുന്ന് കയ്യടിക്കാനും ഞങ്ങൾ വരില്ല എന്ന് പെൺകുട്ടികൾ കൃത്യമായ നിലപാടെടുക്കണം. വേണമെങ്കിൽ ബാക്കിയുള്ളവർ ചേർന്ന് ഒരു ആൺകൂട്ട പരിപാടി നടത്തിക്കോട്ടെ. സ്ത്രീകളെ എത്ര ശ്രമിച്ചിട്ടും ക്ഷണിക്കാൻ കഴിയാത്ത പരിപാടിയായിപ്പോയെങ്കിൽ ആൺകുട്ടിയായ സ്റ്റുഡൻ്റ് യൂണിയൻ ചെയർമാനു പകരം പെൺകുട്ടിയായ വൈസ് ചെയർമാൻ കോളേജിൻ്റെ പ്രതിനിധിയായി വേദിയിലിരിക്കട്ടെ. ഇതിനെക്കുറിച്ച് മുരളി തുമ്മാരുകുടി എഴുതിയതും വായിക്കുക.
പെൺകുട്ടിക്ക് കോളേജ് അഡ്മിഷൻ കിട്ടിയാൽ വീട്ടുകാർ അടുത്ത ലക്ഷ്യമായി കാണുന്നത് വിവാഹമാണ്. ഒരു വ്യക്തിയുടെ ജീവിതത്തിൽ എന്തൊക്കെ കാരങ്ങൾ, എപ്പോഴൊക്കെ സംഭവിക്കണം എന്നതിന് സമൂഹം ഉണ്ടാക്കിത്തന്ന ഒരു ടൈംലൈൻ ഉണ്ട്. ഈ ടൈംലൈനിലെ ഒരു മൈൽകുറ്റിയിൽ എത്തിക്കഴിഞ്ഞാൽ വീട്ടുകാരും നാട്ടുകാരും അടുത്തതായി ചിന്തിക്കുന്നത് അടുത്ത മൈൽക്കുറ്റിയിലേക്ക് ഇയാളെ എപ്പോൾ, എങ്ങനെ എത്തിക്കാം എന്നാണ്. മെഡിക്കൽ വിദ്യാർത്ഥികളായ ആൺകുട്ടികളുടെ കാര്യത്തിൽ അടുത്ത മൈൽക്കുറ്റി പി.ജി ആണെങ്കിൽ, പെൺകുട്ടികളുടെ കാര്യത്തിൽ അത് വിവാഹമാണ്. എന്നും ‘കല്യാണം.. കല്യാണം’ എന്ന് കേട്ട് ശീലമായാൽ അത് നമ്മുടെ ചിന്താഗതിയെയും ബാധിക്കും. നമ്മൾ ഭാവിയിലെ കല്യാണത്തിനു വേണ്ടി ഇപ്പോഴേ മനസ്സിനെ പാകപ്പെടുത്തും. കോളേജ് ഇലക്ഷനിൽ മത്സരിച്ചാൽ വിവാഹമാർക്കറ്റിൽ വില ഇടിയുമോ? ഡെൽഹിയിൽ പി.ജിക്ക് പോയാൽ ഭാവിവരൻ്റെ കുടുംബത്തിന് ഇഷ്ടപ്പെടാതാകുമോ? സുഹൃത്തിനെ പ്രണയിച്ചത് വിവാഹത്തിൽ കലാശിച്ചില്ലെങ്കിൽ ഭാവിവരൻ ഉപേക്ഷിക്കുമോ? പൊതുപ്രവർത്തനത്തിൻ്റെ ഭാഗമായി ആരോഗ്യക്ലാസുകൾ എടുത്താൽ അഴിഞ്ഞാട്ടക്കാരിയാണെന്ന് ഭാവിഭർതൃകുടുംബം വിചാരിക്കുമോ? എന്നീ നൂറു കൂട്ടം ചിന്തകൾ തലയിൽ തെളിയും. ഇത്തരം പേടികളെ ഊതി വീർപ്പിച്ച് തരാൻ “കല്യാണമായില്ലേ മോളേ” എന്ന് സ്നേഹപൂർവ്വം ചോദിക്കുന്ന ബന്ധുക്കളും, “അവൾ സ്മാർട്ടാണ് കെട്ടോ, സൂക്ഷിക്കണം” എന്ന് അടക്കം പറയുന്ന, സൗഹൃദം അഭിനയിക്കുന്ന കൂട്ടുകാരും ഉണ്ടാകും. സ്ഥാനാർത്ഥി ആയതുകൊണ്ടോ, പ്രണയിച്ചതുകൊണ്ടോ, ഡൽഹിയിൽ പോയതുകൊണ്ടോ വിവാഹം കഴിക്കാനാകാതെ പോയ ഒരു ഡോക്ടറെപ്പോലും ഞാൻ കണ്ടിട്ടില്ല. ഇനി ഇത്തരം ചീള് കാര്യങ്ങളൊക്കെ നോക്കി കല്യാണം കഴിക്കുന്ന ഭാവിവരന്മാരുണ്ടെങ്കിൽ അവരെ ആദ്യമേ അടുപ്പിക്കാതിരിക്കുന്നതാണ് നല്ലത്. ഇത്തരം ഭർത്താക്കന്മാർ ഭാവിയിൽ നിങ്ങളുടെ ഉയർച്ചയ്ക്ക് കടിഞ്ഞാണിടുകയും, പാട്രിയാർക്കൽ മൂല്യബോധം നിങ്ങളിൽ അടിച്ചേൽപ്പിക്കുകയും ചെയ്യും. ഇത്തരം പിന്തിരിപ്പന്മാരെ വിവാഹം ചെയ്യുന്നതിലും ഭേദം വിവാഹമേ കഴിക്കാത്തതായിരിക്കും. എൻ്റെ ഭർത്താവ് എന്നെ പരിചയപ്പെടുന്നതിനു മുൻപേ എന്നെ മനസിലാക്കിയത് ഈ ബ്ലോഗ് അടക്കമുള്ള എൻ്റെ എഴുത്തിലൂടെയായിരുന്നു. അതുകൊണ്ട്, നിങ്ങളുടെ നിലപാടുകൾ എഴുതാനും പറയാനും സങ്കോചിച്ച് നിൽക്കേണ്ട കാര്യമില്ല. നിലപാടുകൾ വ്യക്തമാക്കിയാൽ സമാന നിലപാടുള്ള ചെത്ത് പയ്യന്മാരെ കണ്ടുമുട്ടാൻ കൂടുതൽ അവസരങ്ങൾ ഉണ്ടായി വരികയും ചെയ്യും 🙂
ഇത്രയും വായിച്ചിട്ട് സ്ത്രീകളുടെ പ്രധാന ലക്ഷ്യം നല്ല വ്യക്തിയുമായുള്ള വിവാഹമാണ് എന്ന തോന്നൽ വരുന്നുണ്ടെങ്കിൽ ക്ഷമിക്കണം. ഒരിക്കലും അങ്ങനെയല്ല. പെൺകുട്ടികളെ വിവാഹത്തിലേക്ക് വലിച്ചഴിക്കാതെ അതും ഒരു ചോയ്സായി മാത്രം കാണുന്നതും, വിവാഹം കഴിക്കുകയാണെങ്കിൽ തന്നെ പങ്കാളിയെ സ്വതന്ത്രമായി തീരുമാനിക്കാൻ കഴിയുന്നതുമായ സാഹചര്യമാണ് എൻ്റെ സ്വപ്നം. വിവാഹം കഴിക്കാതെയും സന്തുഷ്ടമായി ജീവിക്കുന്ന എത്രയോ പേരെ എനിക്കറിയാം. മെഡിസിന് പഠിക്കുന്ന സമയത്ത് നല്ലൊരു ശതമാനം പെൺകുട്ടികളും വിവാഹത്തെക്കുറിച്ച് ആവശ്യമില്ലാതെ ബേജാറാവുന്നത് കണ്ടിട്ടുള്ളതുകൊണ്ടാണ് എനിക്ക് ഇത്രയും എഴുതേണ്ടി വരുന്നത്. ഇതിനെക്കുറിച്ച് കൂടുതലാരും എഴുതിക്കണ്ടിട്ടില്ലാത്തതുകൊണ്ട് ഇനിയും എഴുതാനാണ് പ്ലാൻ. 🙂 ഈ വിഷയത്തിൽ പെൺകുട്ടികളെ ഭാവിജീവിതത്തെക്കുറിച്ച് കൂടുതൽ ധൈര്യവതികളാക്കിത്തീർക്കേണ്ടതും, തങ്ങളുടെ ചോയ്സുകൾക്ക് വേണ്ടി ശബ്ദമുയർത്താൻ പ്രേരിപ്പിക്കേണ്ടതും കാലഘട്ടത്തിൻ്റെ ആവശ്യകതയാണ്.
ഇരട്ടത്താപ്പിന് ഒരു ഉദാഹരണം. കടപ്പാട്: xkcd, സി.സി-ബൈ-എസ്.എ
പല ആൺകുട്ടികളും ‘ആങ്ങള’ റോൾ ആണ് ക്ലാസ്മേറ്റ്സ് ആയ പെൺകുട്ടികളോട് എടുക്കുന്നത്. ക്ലാസ്മേറ്റിനെ സുരക്ഷിതമായി ഹോസ്റ്റലിൽ എത്തിക്കുന്ന ആങ്ങള, ക്ലാസ്മേറ്റിന് അസുഖമുണ്ടാകുമ്പോൾ മരുന്ന് എത്തിച്ചുകൊടുക്കുന്ന ആങ്ങള എന്നിങ്ങനെ. ഇതിൽ എന്താ പ്രശ്നം എന്ന് ചോദിച്ചാൽ ഒരു പ്രശ്നവുമില്ല എന്നാണ് ഉത്തരം. ഇവർ ചെയ്യുന്ന കാര്യങ്ങൾ മുഴുവനും കരുതലുള്ളതുകൊണ്ടാണ് ചെയ്യുന്നതെങ്കിലും, അത് ആങ്ങളയുടെ കരുതലാകുമ്പോളാണ് പ്രശ്നകരമാകുന്നത്. പെൺകുട്ടികൾ ദുർബലരായതുകൊണ്ട് അവരെ സംരക്ഷിക്കേണ്ടതുണ്ട് എന്ന മെസേജ് ആണ് അവിടെ ആൺകുട്ടികൾക്ക് കിട്ടുന്നത്. പക്ഷെ, പെൺകുട്ടികൾ നൈസർഗികമായി ദുർബലരല്ല എന്നും, അവർ പെണ്ണായിപ്പോയതിൻ്റെ പാരതന്ത്ര്യം ഉള്ളതുകൊണ്ട് ദൗർബല്യം അനുഭവിക്കുന്നതാണെന്നുമുള്ള മെസേജ് ആണ് ഇവർക്ക് ശരിക്കും കിട്ടേണ്ടത്. പെൺകുട്ടിയുടെ അവസ്ഥ മറ്റേത് വൈകല്യം പോലെയും ആണ്. കാഴ്ചയില്ലാത്ത കുട്ടിയെ കൈപിടിച്ച് നടത്തേണ്ടി വരുമല്ലോ. കാഴ്ചയില്ലാത്തതുകൊണ്ട് ഈ കുട്ടിക്ക് നോവൽ വായിക്കാനോ, ഫുട്ബോൾ കളിക്കാനോ, ഒറ്റയ്ക്ക് യാത്ര ചെയ്യാനോ ഒക്കെ ബുദ്ധിമുട്ടുള്ളതുകൊണ്ട് അവർ സമൂഹത്തിൽ പിന്തള്ളപ്പെട്ടു പോയേക്കാം. ഇവർക്ക് ചുറ്റുമുള്ള കാഴ്ചയുള്ളവരുടെ സഹായം വേണ്ടിവന്നേക്കാം. അതുപോലെ, ഒരു വ്യക്തി കേരളത്തിൽ പെൺകുട്ടിയായി ജനിച്ചതുകൊണ്ട് മാത്രം അവർക്ക് യാത്ര ചെയ്യാനും, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, മൂത്രശങ്ക വരുമ്പോൾ മൂത്രമൊഴിക്കാനും, പൊരിച്ച മീൻ കഴിക്കാനും മുതൽ ഓരോ കുഞ്ഞ് കുഞ്ഞ് കാര്യങ്ങളിൽ വരെ വിവേചനം അനുഭവിക്കുന്നുണ്ട്. ഈ വിവേചനം കൊണ്ടുണ്ടായ ‘സാമൂഹികമായ വൈകല്യം’ കാരണം ദുരിതം അനുഭവിക്കുന്നവരാണ് നമ്മുടെ പെൺകുട്ടികൾ. ഈ യാഥാർത്ഥ്യം മനസിലാക്കി, അവരെ സഹജീവികളായി കാണുകയും, അവരോടുള്ള വിവേചനങ്ങൾ കണ്ടറിഞ്ഞ് അതിനുള്ള പരിഹാരങ്ങൾ ഉണ്ടാക്കിക്കൊടുക്കുകയും ആണ് ചെയ്യേണ്ടത്. രാത്രി പെൺകുട്ടിയെ ഡ്രോപ്പ് ചെയ്യുമ്പോൾ ആങ്ങളയെന്നുള്ള കരുതലിൽ കവിഞ്ഞ്, പെൺകുട്ടികൾ അനുഭവിക്കുന്ന സ്വാതന്ത്ര്യമില്ലായ്മ ഇപ്രകാരത്തിലുള്ളതാണെന്ന് മനസിലാക്കുകയും, അതിനു മാറ്റങ്ങൾ വരുത്താൽ വേണ്ടി പ്രവർത്തിക്കുകയും ചെയ്യുകയാണ് വേണ്ടത്. ആങ്ങളയാകുന്നതിൻ്റെ മറ്റൊരു പ്രശ്നം എന്താണെന്നു വച്ചാൽ, ഒരിക്കൽ പെങ്ങളുമായി അടിയുണ്ടാക്കിയാൽ, “ഇന്ന് രാത്രി നീ ഒറ്റയ്ക്ക് ഹോസ്റ്റലിൽ പോകുന്നതൊന്ന് കാണണമല്ലോ” എന്നായിരിക്കും വെല്ലുവിളിക്കുന്നത്. കാഴ്ചയില്ലാത്ത സുഹൃത്തുമായി കലഹമുണ്ടാക്കിയശേഷം “ഇന്ന് താൻ ഒറ്റയ്ക്ക് റോഡ് ക്രോസ് ചെയ്ത് പൊയ്ക്കോ” എന്ന് ഒരിക്കലും പറയില്ലല്ലോ. ഒരു പെൺകുട്ടിയെ ഹോസ്റ്റലിൽ ഡ്രോപ്പ് ചെയ്യുമ്പോൾ നിങ്ങൾ അവർക്ക് സാമൂഹികപരമായുണ്ടായ വൈകല്യത്തിന് താൽക്കാലികമായ പരിഹാരം ചെയ്യുകയാണ്. അത് ചെയ്ത് കൊടുക്കേണ്ടത് ആങ്ങളയുടെ കരുതൽ കാരണമല്ല, സ്ത്രീകൾക്ക് സമൂഹം പരിമിതികൾ ഉണ്ടാക്കിവച്ചിട്ടുണ്ട് എന്ന അറിവിന്മേൽ സഹജീവിയോട് കാണിക്കേണ്ട ബാധ്യതയാണ്. ഹോസ്റ്റലിലേക്ക് കൂടെച്ചെല്ലൽ താൽക്കാലിക പരിഹാരം മാത്രമേ ആകുന്നുള്ളൂ. അതേസമയം, ഹോസ്റ്റലിലേക്കുള്ള റോഡിൽ സ്ട്രീറ്റ്ലൈറ്റ് കൊണ്ടുവരികയും, ചുറ്റുമുള്ള കാട് വെട്ടുകയും ചെയ്ത് ശാശ്വതമായ പരിഹാരവും ചെയ്യാവുന്നതാണ്. ശാശ്വതപരിഹാരങ്ങൾ ഉണ്ടായിവരണമെങ്കിൽ, ഈ പ്രശ്നത്തിൻ്റെ ആഴം മനസിലാക്കുന്നവർ അധികാരസ്ഥാനങ്ങളിൽ ഉണ്ടാകണം. ഇതുകൊണ്ടാണ് സ്ത്രീകൾ അധികാരസ്ഥാനങ്ങളിലേക്ക് മത്സരിക്കണമെന്ന് ഞാൻ ആവർത്തിച്ച് പറയുന്നത്. കൂടെ സതീഷ് എളയിടത്ത് എഴുതിയ ആങ്ങള എന്ന പോസ്റ്റും വായിക്കുക.
സ്ട്രീറ്റ്ലൈറ്റ് ഉദാഹരണം തന്നെ എടുക്കാം. ചില ആൺകുട്ടികൾക്ക് എപ്പോഴും ആങ്ങളയായി നടക്കുന്നതാണ് ഇഷ്ടം. ഇവർക്ക് പെൺകുട്ടികളുടെ കൂടെ നടക്കാനും, ഇടയ്ക്കിടയ്ക്ക് അവർക്ക് മുന്നിൽ ആളാകാനും അവസരം കിട്ടണമെങ്കിൽ സ്ട്രീറ്റ് ലൈറ്റ് വരാൻ പാടില്ല. ലൈറ്റ് വന്നാൽ പെൺകുട്ടികൾ ഇവരെ കൂസാതെ സ്വയം ഹോസ്റ്റലിലേക്ക് നടന്ന് പൊയ്ക്കൊള്ളും എന്നതു കൊണ്ടാണിത്. ലൈറ്റ് വരുന്നതോടു കൂടി ‘പെൺകുട്ടികളെ സംരക്ഷിക്കുന്ന കരുണാമയനായ ജ്യേഷ്ഠൻ’ എന്ന റോൾ ഏറ്റെടുക്കാൻ പറ്റാതെ വരും എന്ന് ഇവർക്കറിയാം. പക്ഷെ, പുരോഗമനം നടിക്കാൻ വേണ്ടി, സ്ട്രീറ്റ് ലൈറ്റ് വേണം എന്ന അഭിപ്രായമാണ് ഇവർ ജനസമക്ഷം പറയുക. എന്നാൽ ഉള്ളിൻ്റെയുള്ളിൽ സ്ട്രീറ്റ് ലൈറ്റ് വരരുതേ എന്ന് മുട്ടിപ്പായി പ്രാർത്ഥിക്കും. നമ്മുടെ കമ്പ്ലീറ്റ് ആക്ടറെപ്പോലെ. സ്ട്രീറ്റ് ലൈറ്റ് വിഷയം കോളേജിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്നായി മാറാതിരിക്കാൻ പിൻവാതിൽ ശ്രമങ്ങൾ ഒക്കെ നടത്തും. അതുകൊണ്ട് തന്നെ സ്ട്രീറ്റ് ലൈറ്റ് കൊണ്ടുവരാൻ നേതൃത്വം നൽകുന്ന ആൺസുഹൃത്തുക്കളാണ്, ഹോസ്റ്റലിൽ ഡ്രോപ്പ് ചെയ്യുന്ന ആൺസുഹൃത്തിനെക്കാൾ കൂടുതൽ ബഹുമാനം അർഹിക്കുന്നതെന്ന് മനസിലായല്ലോ. ഇവിടെ സ്ട്രീറ്റ് ലൈറ്റിൻ്റെ കാര്യം ഭാവാർത്ഥത്തിൽ പറഞ്ഞതാണ്. ഈ തത്വം മറ്റ് പ്രശ്നങ്ങളിലും ബാധകമാണ്. യഥാർത്ഥ സ്ത്രീപക്ഷത്ത് നിൽക്കുന്നവർ സ്ത്രീകളെ നിരന്തരമായി സഹായിക്കാനല്ല, മറിച്ച് സ്വതന്ത്രരാക്കാനാണ് ശ്രമിക്കുക എന്നത് മനസിലാക്കേണ്ടതാണ്.
ആണുങ്ങൾ അവരുടെ ജോലിയും പെണ്ണുങ്ങൾ അവരുടെ ജോലിയും ചെയ്തോട്ടെ, എന്തിനാണ് നിങ്ങൾ ആണുങ്ങളുടെ ജോലി ചെയ്യണമെന്ന് വാശി പിടിക്കുന്നത് എന്ന് പ്രൊഫസർമാർ വരെ പെൺകുട്ടികളോട് ചോദിച്ചിട്ടുള്ള ചോദ്യമാണ്. എനിക്ക് പറയാനുള്ളത് എല്ലാവരും അവർക്കിഷ്ടമുള്ള ജോലികൾ ചെയ്യുന്നതിന് ജെൻ്റർ ഒരു മാനദണ്ഡമാകേണ്ടതില്ല എന്നാണ്. മൈക്ക് കെട്ടുന്ന ജോലി ഒരു പെൺകുട്ടിക്ക് ഇഷ്ടമാണെങ്കിൽ അവർ അത് ചെയ്യട്ടെ. പായസമുണ്ടാക്കുന്ന ജോലി ഒരു ആൺകുട്ടിക്ക് ഇഷ്ടമാണെങ്കിൽ അതും അവർ ചെയ്യട്ടെ. ആണിൻ്റെ ജോലി ഇത്, പെണ്ണിൻ്റെ ജോലി ഇത് എന്ന് വേർതിരിച്ച് വയ്ക്കുന്ന പക്ഷം അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് പരിധി നിശ്ചയിക്കുകയാണ് ചെയ്യുന്നത്. ജനിക്കുമ്പോഴേ മൈക്ക് കെട്ടാനുള്ള സ്കില്ലുമായല്ല ഒരാണും ജനിക്കുന്നത്. പായസമുണ്ടാക്കുന്നത് ഒരു സ്ത്രീയുടെയും ജന്മവാസനയല്ല. അതുകൊണ്ട് നമ്മൾ സ്വയം ജെൻ്റർ റോളുകളിൽ തളയ്ക്കപ്പെട്ട് പോകരുത്. ലോകത്തുള്ള ജോലികളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ മനസിലാകുന്നത് പണവും, അധികാരവും, പ്രശസ്തിയും ഉള്ള ജോലികൾ ‘ആൺജോലികൾ’ ആയും, ഇതൊന്നുമില്ലാത്തവ ‘പെൺജോലികൾ’ ആയും തരംതിരിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. 1960-കളിൽ സോഫ്റ്റ്വേർ എഞ്ചിനീറിങ് ഒരു പെൺജോലിയായിരുന്നു. ലോകത്തിലെ ആദ്യത്തെ പ്രോഗ്രാമർ എഡാ ലൗലേസ് അടക്കം ഒരുപാട് സ്ത്രീകൾ പ്രോഗ്രാമിങ്ങിന് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ഈ മേഖലയിൽ കൂടുതൽ ജോലിസാധ്യതയും, അതോടു കൂടി പണവും, പദവിയും ഉണ്ടായതോടു കൂടി ഇത് പതിയെ ആൺജോലിയായി മാറി. തിരിച്ചും സംഭവിക്കാം. ടെലിഫോൺ ബൂത്ത് ഓപ്പറേറ്ററുടേത് ആദ്യം ആൺജോലിയും, പിന്നെ പെൺജോലിയും, പിന്നെ ജോലിയേ അല്ലാതെയും ആയി. എഞ്ചിനിയറിങ് പഠിച്ചാൽ പെട്ടെന്ന് പഠനം പൂർത്തിയാക്കി ജോലിക്ക് കയറാം എന്നതുകൊണ്ടും, വിദേശത്തേക്ക് പോകാനുള്ള സാധ്യത ഉള്ളതുകൊണ്ടും, നല്ല ശമ്പളം ലഭിക്കുന്നതുകൊണ്ടും ആൺകുട്ടികൾ മെഡിസിന് ചേരാൻ പണ്ടത്തത്ര താല്പര്യപ്പെടുന്നില്ല. പയ്യെപ്പയ്യെ ഡോക്ടർ എന്നത് ഒരു പെൺജോലിയായി മാറാനുള്ള സാദ്ധ്യതയുണ്ട്. അടുത്ത പത്ത് വർഷങ്ങൾക്കുള്ളിൽ ഒഫ്താല്മോളജി, ഇ.എൻ.ടി എന്നിവ ഏതാണ്ട് തീർത്തും പെൺജോലികളായി മാറാനാണ് സാദ്ധ്യത.
ചില ഒന്നാം വർഷ ആൺകുട്ടികളെ കണ്ടിട്ടുണ്ട്. ജില്ലയ്ക്ക് പുറത്തേക്ക് പോലും യാത്ര ചെയ്തിട്ടില്ലാത്തതുകൊണ്ടോ, പുരുഷാധിപത്യബോധം കൂടുതലുള്ള വീടുകളിൽ നിന്നും വരുന്നതുകൊണ്ടോ, പെൺകുട്ടികൾ ഇവർ പറയുന്നത് അനുസരിക്കണം എന്ന് വിചാരിക്കുന്നവരാണിവർ. കൂട്ടുകാരികളെ തട്ടമിടീക്കാനും, തട്ടമിട്ടവരെ മുഖമക്കന ഇടീക്കാനും, മുഖമക്കന ഇട്ടവരെ മതക്ലാസിനു കൊണ്ടുപോകാനും, മതക്ലാസിനു പോകുന്നവരെ അവരുടെ കൂട്ടുകാരെ മതക്ലാസിലേക്ക് റിക്രൂട്ട് ചെയ്യിക്കാനും ഒക്കെ വേണ്ടി അവർ നിങ്ങളോട് ആവശ്യപ്പെടും. ഇവർ പറയുന്നത് ഒരിക്കൽ അനുസരിച്ചാൽ, പുതിയ ആജ്ഞകൾ വന്നുകൊണ്ടിരിക്കും. ഒന്ന് രണ്ട് വർഷം മെഡിക്കൽ കോളേജിൽ പഠിച്ച് കഴിഞ്ഞാൽ ലോകം ഇവർക്ക് ചുറ്റുമല്ല കറങ്ങുന്നത് എന്ന് ഇവർക്ക് മനസിലായിക്കോളും. അതോടെ ഈ നിർബന്ധബുദ്ധി ഇല്ലാതായിക്കോളും. ഇത്തരക്കാരെ ആദ്യമേ അവഗണിക്കുന്നതാണ് നിങ്ങളുടെ സ്വൈര്യത്തിന് നല്ലത്.
കോളേജിൽ നമുക്കുള്ള ഇമേജ് എന്താണെന്നതിനെക്കുറിച്ച് വളരെ ശ്രദ്ധാലുക്കളാണ് നമ്മൾ. കോളേജിൽ ‘നല്ല പെൺകുട്ടി’ എന്ന ഒരു ഇമേജ് ഉണ്ട്. നന്നായി പഠിക്കുക, എല്ലാവരെയും സഹായിക്കുക, ചുരിദാറും സാരിയും മാത്രം ധരിക്കുക, എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുക, രാഷ്ട്രീയത്തിൽ കാര്യമായി ഇടപെടാതിരിക്കുക, പാട്ട് പാടുകയോ ഡാൻസ് കളിക്കുകയോ ചെയ്യുക, പൂക്കളമിടാനും നിലവിളക്ക് കത്തിക്കാനും (മാത്രം) നേതൃത്വം കൊടുക്കുക, ടെഡി ബിയറിനെ ഇഷ്ടപ്പെടുക, രോഗികളുടെ ദുരിതം കണ്ട് കണ്ണീർ തുടയ്ക്കുക, പത്രം വായിക്കാതിരിക്കുക, സഹപാഠികൾക്ക് വൈവയ്ക്ക് പഠിപ്പിച്ചു കൊടുക്കുക എന്നിങ്ങനെയുള്ളതാണ് ‘നല്ല പെൺകുട്ടി’ ഇമേജ്. തൊലിവെളുപ്പും, നീണ്ട മുടിയും, മിതമായ മതവിശ്വാസവുമുണ്ടെങ്കിൽ പൂർണ്ണമായി. ഈ ഇമേജ് ഉള്ള പെൺകുട്ടികളെ എല്ലാവരും ഇഷ്ടപ്പെടുകയും, ആൺകുട്ടികൾ അവരോട് അകമഴിഞ്ഞ് ‘ആങ്ങളത്വം’ കാണിക്കുകയും ചെയ്യും. അതേസമയം, ഈ വാർപ്പുമാതൃകകളിൽ നിന്ന് അല്പം പോലും വിട്ട് നടക്കുന്നവരെ ആർക്കും വലിയ ഇഷ്ടമില്ല. ഇത്തരക്കാർക്ക് ‘ജാഡ’, ‘അഹങ്കാരി’, ‘തന്നിഷ്ടക്കാരി’ എന്നീ ലേബലുകൾ കിട്ടും. ഈ ലേബലുകളെ പേടിച്ച് ജീവിക്കാൻ തുടങ്ങിയാൽ കോളേജ് കാലഘട്ടം മുഴുവനും ആങ്ങളമാർക്ക് വേണ്ടി ജീവിക്കേണ്ടി വരും. അഞ്ചാറ് കൊല്ലം കഴിഞ്ഞാൽ ഈ ലേബലിട്ടു തരുന്നവരൊക്കെ അവരവരുടെ വഴിക്ക് പോകും. അതുകൊണ്ട് ഇപ്പോൾ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ ആരെയും പേടിക്കേണ്ടതില്ല. ഇന്ത്യൻ നിയമസംഹിതയിൽ പൗരന്മാർക്ക് അനുവദിച്ചിട്ടുള്ളതെല്ലാം നിങ്ങൾ പെൺകുട്ടികൾക്ക് ഹലാലാണ്. 🙂
വേറൊരു പ്രതിഭാസവും കണ്ടിട്ടുണ്ട്. പ്രതിഭയുള്ള പെൺകുട്ടികളെ ആദ്യം അവഗണിക്കുകയും, പിന്നീട് കുറ്റപ്പെടുത്തുകയും, ശേഷം കളിയാക്കുകയും (അല്ലെങ്കിൽ ആക്രമിക്കുകയും), അവസാനം ഗത്യന്തരമില്ലാതെ അംഗീകരിക്കുകയും ആണ് പാട്രിയാർക്കി ചെയ്യുക. പാട്രിയാർക്കിയെ പൊരുതിത്തോൽപ്പിക്കണമെങ്കിൽ സ്ത്രീകൾക്ക് എല്ലാ സ്റ്റേജിലൂടെയും കടന്നു പോകേണ്ടി വന്നേക്കാം. സാങ്കൽപ്പിക ഉദാഹരണം പറയാം. നിങ്ങൾക്ക് നീന്തലിൽ പ്രാഗൽഭ്യം നേടണമെന്നുണ്ട്. നിങ്ങൾക്ക് നീന്താൻ താല്പര്യമുണ്ട് എന്ന് യൂണിയൻ മുതൽ ഡീൻ വരെയുള്ളവരോട് പറഞ്ഞാൽ അവർ അതിനുള്ള സൗകര്യങ്ങൾ ഒന്നും ഒരുക്കിത്തരാൻ പോകില്ല. അവർ നിങ്ങളെ അവഗണിക്കുകയേ ഉള്ളൂ. എന്തിനാണ് പെൺകുട്ടികൾ നീന്തുന്നതെന്നായിരിക്കും ഇവർ ആലോചിക്കുന്നത്. അതേസമയം, അമേരിക്കയിലെ ‘വിമൻ സ്വിം മൂവ്മെൻ്റി’നെ സപ്പോർട്ട് ചെയ്ത് ഇവർ ഫേസ്ബുക്കിൽ പോസ്റ്റിടും. അമേരിക്കയിലെ സിനിമാനടിമാർ ചെയ്യുന്നത് സ്ത്രീവിമോചനം, പക്ഷെ നാട്ടിലെ പെണ്ണൊരുത്തി അതേ കാര്യം ചെയ്താൽ അത് അധികപ്രസംഗം എന്നതാണ് ഇവരുടെ ലൈൻ. ഇതൊന്നും വകവയ്ക്കാതെ നിങ്ങൾ നീന്തി പരിശീലിച്ച് തുടങ്ങിയെന്നിരിക്കട്ടെ. അപ്പോൾ അനാവശ്യമായ ഹോബികൾ ഒക്കെ കൊണ്ടു നടക്കുന്നതിന് എല്ലാവരും നിങ്ങളെ കുറ്റപ്പെടുത്തുകയും പേടിപ്പിക്കുകയും ചെയ്യും. പണ്ട് നീന്താൻ ഒരുമ്പെട്ട ഒരു സീനിയർ വെള്ളത്തിൽ മുങ്ങി മരിച്ചുപോയ കഥയും, നീന്തലുകാരെ പ്രൊഫസർ പരീക്ഷയിൽ തോൽപ്പിക്കാറുള്ള കഥയും ഒക്കെ പലരും നിങ്ങൾക്ക് പറഞ്ഞു തരും. ഒരുമാതിരിപ്പെട്ടവരൊക്കെ ഈ സ്റ്റേജിൽ തന്നെ നീന്തൽ നിർത്തും. ഇതും അതിജീവിച്ച് വീണ്ടും നിങ്ങൾ നീന്തൽ പരിശീലിച്ചുകൊണ്ടിരിക്കുകയാണെന്നിരിക്കട്ടെ. അടുത്തതായി വരുന്നത് കളിയാക്കലും പരിഹാസവുമാണ്. സ്വിം സ്യൂട്ട് ധരിക്കാൻ വേണ്ടിയാണ് നിങ്ങൾ നീന്തുന്നതെന്നും, നീന്തലിനിടയിൽ നിങ്ങൾ അനാശ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും കമ്പിക്കഥകൾ പരക്കും. ചിലപ്പോൾ തീവ്ര ഷോവനിസ്റ്റുകൾ നിങ്ങളുടെ സ്വിമ്മിങ് പൂളിൽ മഷി കലക്കിയെന്നിരിക്കും. ഇവിടെയും തകർന്നില്ലെങ്കിൽ നിങ്ങൾ ഏതാണ്ട് ജയിച്ചു. നിങ്ങളെ പയ്യെപ്പയ്യെ അംഗീകരിക്കാൻ സമൂഹം നിർബന്ധിതരാകും. അവസാനം നിങ്ങൾ നീന്തൽ മത്സരത്തിൽ മെഡൽ വാങ്ങുമ്പോൾ ആദ്യം അവഗണിച്ച യൂണിയൻ മുതൽ ഡീൻ വരെയുള്ളവർ നിങ്ങളെ അഭിനന്ദിക്കാൻ വരും. പ്രതിസന്ധികൾ തരണം ചെയ്തും നീന്തിയതിന് നിങ്ങൾക്ക് പുരസ്കാരം തരും. ഈ പ്രതിസന്ധികൾ ഉണ്ടാക്കി വച്ചത് പുരസ്കാരം തന്നവരടക്കം ഉള്ള സമൂഹമാണെന്ന് അപ്പോൾ ആരും ഓർക്കില്ല. അതുകൊണ്ട് എനിക്ക് പറയാനുള്ളത്, തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പൊരുതുന്ന ഒരു സ്ത്രീയെ, അത് എത്ര ചെറിയ അവകാശമായാലും കൂടി, അവരെ അവഗണിക്കുകയോ, കുറ്റപ്പെടുത്തുകയോ, കളിയാക്കുകയോ ചെയ്യാതെ കൂടെ നിൽക്കണം എന്നാണ്. എത്ര വൈകിയാണെങ്കിലും ഭാവിയിൽ അവരായിരുന്നു ശരി എന്നത് സമൂഹം അംഗീകരിക്കും. ഇന്ന് കിട്ടുന്ന കുലസ്ത്രീ പട്ടത്തിനു വേണ്ടി, നാളെ ലഭിക്കാൻ പോകുന്ന അവകാശങ്ങളും അവസരങ്ങളും വേണ്ടന്ന് വയ്ക്കരുത്.
പഠിക്കുന്ന കാലത്ത് ഞാൻ വർഷത്തിൽ രണ്ടോ മൂന്നോ തവണ വിദേശരാജ്യങ്ങളിലേക്ക് പോകുമായിരുന്നു. അതുകൊണ്ട് ഞാനും മുകളിൽ പറഞ്ഞ എല്ലാ സ്റ്റേജുകളിലൂടെയും കടന്ന് പോയിട്ടുണ്ട്. ഗോസിപ്പുകൾ ഇറക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും ഇത് ഒഴിവുസമയ വിനോദം മാത്രമാണ്. അന്ന് എൻ്റെ പേരിൽ ഇറങ്ങിയിരുന്ന കമ്പിക്കഥകൾ കേട്ട് യാത്ര നിർത്തിയിരുന്നെങ്കിൽ നഷ്ടം എനിക്ക് മാത്രമായിരുന്നേനെ. പല മേഖലകളിലും പ്രതിഭയുള്ള പെൺകുട്ടികൾ കോളേജിൽ ചേരുന്നതോടുകൂടി പഠനത്തിൽ മാത്രം ഒതുങ്ങിപ്പോയതായും അറിയാം.
തുല്യതയ്ക്ക് വേണ്ടി സംസാരിക്കുമ്പോൾ, “ആണും പെണ്ണും ഒരുപോലെയാണെന്ന് കരുതുന്നുണ്ടോ?” എന്ന ക്ലീഷേ ചോദ്യം മെഡിക്കൽ വിദ്യാർത്ഥികൾ ഇപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇതിന് മറുപടി പറഞ്ഞ് മടുത്തു. ഇവർക്ക് ‘ആൺബുദ്ധി പെൺബുദ്ധി’ എന്ന ഡോ. കെ. പി അരവിന്ദൻ്റെ പ്രസംഗത്തിൻ്റെ ലിങ്ക് അയച്ചു കൊടുക്കുക.
(തുടരും)
* ജെ. ദേവികയുടെ “കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടാകുന്നതെങ്ങനെ?” എന്ന ദ്വന്ദ്വത്തിൽ നിന്നും കടമെടുത്ത ആശയം. മുഴുവൻ പുസ്തകം വിക്കിഗ്രന്ഥശാലയിൽ ഇവിടെ വായിക്കാം.
** കൃത്യനിർവ്വഹണത്തിനിടെ നിപ്പ ബാധയേറ്റ് മരണമടഞ്ഞ നേഴ്സ് ലിനിയെയും ബഹുമാനപൂർവ്വം സ്മരിക്കുന്നു. (ഇത് ശ്രദ്ധയിൽ പെടുത്തിയതിന് സ്റ്റീഫൻ ജോസിന് നന്ദി)
സോഷ്യൽ മീഡിയയിൽ സ്ഥിരം കാണാറുള്ള കാഴ്ചയാണ് കാര്യകാരണബന്ധം (causation) ആരോപിക്കൽ. കോഴി കൂവിയതുകൊണ്ടാണ് നേരം വെളുത്തത്, ഹലുവ തിന്നതുകൊണ്ടാണ് തടി വച്ചത്, ചക്ക തിന്നതുകൊണ്ടാണ് ഷുഗർ കുറഞ്ഞത്, ഏലസ്സ് കെട്ടിയതുകൊണ്ടാണ് രോഗം മാറിയത്, കീടനാശിനി അടിച്ച പച്ചക്കറി കഴിച്ചതുകൊണ്ടാണ് ക്യാൻസർ വന്നത് എന്നിങ്ങനെ ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും ഒക്കെ കാര്യകാരണബന്ധം ആരോപിക്കൽ മലയാളികളുടെ ഹോബിയാണ്. ഇതിനിടയ്ക്ക് ചിലർ ‘Correlation does not imply causation’ എന്നൊക്കെ പറയുന്നതും കേട്ടു. ‘പരസ്പരബന്ധം ഉണ്ടെന്നതുകൊണ്ട് മാത്രം കാര്യകാരണബന്ധം ആരോപിക്കാനാവില്ല’ എന്ന് ഇതിനെ മലയാളീകരിച്ച് പറയാം. ഇത് ശരിയാണ്. അപ്പോൾ സ്വാഭാവികമായും വരുന്ന ചോദ്യം, പിന്നെ എങ്ങനെയാണ് കാര്യകാരണബന്ധം തെളിയിക്കുക എന്നതാണ്. കോഴി കൂവിയതിനു ശേഷമാണ് നേരം വെളുക്കുന്നത് എന്ന് കൃത്യമായി നമുക്ക് അറിയാമെങ്കിലും, കോഴി കൂവിയതുകൊണ്ടല്ല നേരം വെളുക്കുന്നത് എന്ന് തെളിയിക്കുന്നതെങ്ങനെ? തിരിച്ച് പറഞ്ഞാൽ, സിഗററ്റ് വലിക്കുന്നതുകൊണ്ടാണ് ശ്വാസകോശ ക്യാൻസർ ഉണ്ടാവുന്നതെന്ന് തെളിയിക്കുന്നതെങ്ങനെ? ഐ.സി.യുവിൽ പ്രവേശിപ്പിച്ചതുകൊണ്ടല്ല മരിച്ചു പോകുന്നത് എന്ന് തെളിയിക്കുന്നതെങ്ങനെ?
മുകളിലുള്ളത് ചീള് ഉദാഹരണങ്ങൾ മാത്രം. പത്രമാധ്യമങ്ങൾ ഇത്തരം അനവസരമായ ഫലനിർണ്ണയം നടത്തുന്നതിൽ മുൻപന്തിയിലാണ്, പ്രത്യേകിച്ചും ഗവേഷണഫലങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ. വാക്സിനുകൾ ഓട്ടിസം ഉണ്ടാക്കുന്നു, ഇതരസംസ്ഥാന തൊഴിലാളികൾ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു, മൊബൈൽ ടവർ അടുത്തുള്ളതുകൊണ്ട് ക്യാൻസർ വരുന്നു, കിണറിൻ്റെ സ്ഥാനം ശരിയല്ലാത്തതുകൊണ്ട് അത്യാഹിതം സംഭവിക്കുന്നു എന്നീ വാർത്തകൾക്ക് വല്ലാത്ത മൈലേജ് ഇപ്പോഴും ഉണ്ട്. ഇത്തരം അടിസ്ഥാനരഹിതമായ കാര്യകാരണബന്ധങ്ങൾ മൂലം വ്യക്തികൾക്കും സമൂഹത്തിനും വളരെയധികം നാശനഷ്ടം ഉണ്ടാകുന്നുമുണ്ട്.
ഫേക്ക് കാര്യകാരണബന്ധങ്ങൾ ആരോപിച്ച് നടക്കുന്നവർ പണ്ടും ഉണ്ടായിരുന്നു. ഇത്തരക്കാരെ തിരിച്ചറിയാനും, കാര്യകാരണബന്ധങ്ങൾ ആരോപിക്കപ്പെടുമ്പോൾ നെല്ലും പതിരും തിരിച്ചറിയാനും വേണ്ടി ബ്രാഡ്ഫോഡ് ഹിൽ എന്ന ശാസ്ത്രജ്ഞൻ ചില മാർഗരേഖകൾ അവതരിപ്പിച്ചു. ഇദ്ദേഹത്തിന്റെ ‘ഹിൽ മാനദണ്ഡങ്ങളാണ്’കാര്യകാരണബന്ധം ആരോപിക്കാനായി ശാസ്ത്രജ്ഞർ ഉപയോഗിക്കുന്നത്. കാര്യകാരണബന്ധം നിശ്ചയിക്കാൻ കഴിയുന്ന കൃത്യമായ സ്റ്റാറ്റിസ്റ്റിക്കൽ മെത്തേഡുകൾ ഇല്ലാത്തതുകൊണ്ട് ഹിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന ഗവേഷകയുടെ വസ്തുനിഷ്ഠ തീരുമാനത്തിനാണ് എപ്പോഴും മുൻതൂക്കം. അതുകൊണ്ട് ശാസ്ത്രപ്രബന്ധങ്ങൾ എഴുതുമ്പോൾ വെറും കോറിലേഷൻ മാത്രം സ്ഥാപിച്ചാൽ പോര. ഈ കോറിലേഷൻ ഉണ്ടായിവരാനുള്ള കാരണങ്ങൾ വസ്തുനിഷ്ഠമായി അവതരിപ്പിക്കുകയും ചെയ്താലേ ശാസ്ത്രസമൂഹം അംഗീകരിക്കുകയുള്ളൂ. പണ്ട് വാക്സിനുകൾ ഓട്ടിസം ഉണ്ടാക്കുന്നു എന്ന ഗവേഷണം ഇല്ലാക്കഥകൾ ചേർത്തും, സാങ്കൽപ്പികമായ കാര്യകാരണ ബന്ധങ്ങൾ കണ്ടെത്തിയും, സംഖ്യകളിൽ തിരിമറി നടത്തിയും അവതരിപ്പിച്ചപ്പോൾ ശാസ്ത്രസമൂഹം ആദ്യം അംഗീകരിച്ചുവെങ്കിലും പിന്നീട് കള്ളി വെളിച്ചത്തായപ്പോൾ ഗവേഷണപ്രബന്ധം പിൻവലിക്കുകയും, അവതരിപ്പിച്ച ശാസ്ത്രജ്ഞന് വിലക്കുകൾ ഏർപ്പെടുത്തുകയും ചെയ്യുകയുണ്ടായി. ഒന്ന് ആഞ്ഞ് ശ്രമിച്ചാൽ ഏതെങ്കിലുമൊക്കെ ഡേറ്റ ചേർത്ത് വച്ച് കോറിലേഷൻ പ്രസ്താവിക്കാവുന്നതാണ്. സ്വീഡനിലെ പൂച്ചകളുടെ എണ്ണത്തിൻ്റെ വർദ്ധനവും, കേരളത്തിലെ താപനിലയുടെ വർദ്ധനവും ചിലപ്പോൾ വൃത്തിയായി കോറിലേറ്റ് ചെയ്യുന്നുണ്ടാവാം. പക്ഷെ അതുകൊണ്ട് മാത്രം സ്വീഡനിൽ പൂച്ചകൾ ഉണ്ടാകുന്നതിനനുസരിച്ചാണ് കേരളത്തിൽ താപനില കൂടുന്നത് എന്ന നിഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ലല്ലോ. അതുകൊണ്ട്, കാര്യകാരണം ആരോപിക്കുന്നതിനു മുൻപ് താഴെക്കൊടുത്തിരിക്കുന്ന ഹിൽ മാനദണ്ഡങ്ങൾ കൂടി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടത് നിർബന്ധമാണ് :
ബ്രാഡ്ഫോർഡ് ഹിൽ. കടപ്പാട്: വെൽക്കം കളക്ഷൻ, സി.സി.-ബൈ-എസ്.എ 4.0, വിക്കിമീഡിയ കോമൺസ്
ബന്ധത്തിലെ ദൃഢത : കാര്യകാരണബന്ധം ആരോപിക്കണമെങ്കിൽ ഹേതുവും (cause) ഫലവും (effect) തമ്മിൽ ദൃഢമായ ബന്ധം ഉണ്ടായിരിക്കണം. ബാലരമ വായിച്ചാൽ ഐ.ക്യു കൂടും എന്ന വാദം ആരെങ്കിലും ഉന്നയിച്ചു എന്നിരിക്കട്ടെ. കുറേ കുട്ടികൾ ബാലരമ വായിച്ചിട്ടും പലർക്കും കാര്യമായിട്ട് ഐ.ക്യു കൂടുന്നില്ലെങ്കിൽ ഹേതുവും (ബാലരമ) ഫലവും (ഐ.ക്യു) തമ്മിൽ ദൃഢബന്ധം ഇല്ല എന്ന് അനുമാനിക്കാം. അതേസമയം, ബാലരമ വായിച്ച മിക്കവാറും കുട്ടികൾക്ക് ഐ.ക്യുവും കൂടുതലാണെങ്കിൽ ദൃഢബന്ധം ഉണ്ട് എന്നാണ് അനുമാനിക്കുക.
കാലഗതി : കാര്യകാരണബന്ധം ആരോപിക്കണമെങ്കിൽ ഹേതു ആദ്യവും, ഫലം പിന്നീടുമാണ് സംഭവിക്കേണ്ടത്. ചക്ക വീണതുകൊണ്ടാണ് മുയൽ ചത്തത് എന്ന് സ്ഥാപിക്കണമെങ്കിൽ ആദ്യം ചക്ക വീണിരിക്കുകയും, മുയൽ ശേഷം ചത്തിരിക്കുകയും വേണം. ചത്ത മുയലിനു മേലെ ചക്കയിട്ട ശേഷം, ചക്ക വീണതുകൊണ്ടാണ് മുയൽ ചത്തത് എന്ന് കാര്യകാരണബന്ധം ആരോപിക്കാൻ കഴിയില്ലല്ലോ.
കാരണ-പ്രതികരണ ബന്ധം : ഹേതുവിൻ്റെ തോത് കൂടുമ്പോൾ ഫലത്തിൻ്റെ തോതും കൂടുകയോ, വേഗത്തിലാകുകയോ ചെയ്യണം. മൊബൈൽ റേഡിയേഷൻ ക്യാൻസർ ഉണ്ടാക്കുന്നു എന്നതാണ് ആരോപണം. ഇവിടെ കാര്യകാരണബന്ധം ആരോപിക്കണമെങ്കിൽ, കൂടുതൽ റേഡിയേഷൻ കിട്ടിയ ആൾക്ക് കൂടുതൽ ഗുരുതരമായ ക്യാൻസർ വന്നിരിക്കണം. അല്ലെങ്കിൽ ഇയാൾക്ക് കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ ക്യാൻസർ വന്നിരിക്കണം. ഹേതുവായി പ്രവർത്തിക്കുന്ന ഘടകം കൂടിയ അളവിൽ ഏൽക്കുമ്പോൾ ഫലമായി കിട്ടുന്ന ഘടകവും കൂടുതലായി ഉണ്ടാകണം എന്ന ലളിതമായ യുക്തിയാണിത്.
ഫലസ്ഥിരത : ഒരേ ഹേതു പല സമയത്തായി പല ഫലങ്ങളാണ് നൽകുന്നതെങ്കിൽ കാര്യകാരണബന്ധം ആരോപിക്കാൻ പറ്റില്ല. തവളക്കല്യാണം മഴ ഉണ്ടാക്കുന്നു എന്നതാണ് വാദം എന്നിരിക്കട്ടെ. ഒന്നോ രണ്ടോ തവണ തവളക്കല്യാണം നടത്തിയതിനു ശേഷം ചിലപ്പോൾ ആകസ്മികമായി മഴ ഉണ്ടായേക്കാം. എന്നാൽ, എല്ലാ തവണയും, എല്ലാ കാലത്തും, എല്ലാ പ്രദേശത്തും ഇത് സംഭവിക്കുന്നില്ല. ഹേതു സ്ഥിരമായും, സ്ഥായിയായും ഫലം തരാത്തപക്ഷം കാര്യകാരണബന്ധം ആരോപിക്കാൻ പറ്റില്ല.
സഹജയുക്തിപരമായ ബന്ധം : ഹേതുവും ഫലവും തമ്മിലുള്ള ബന്ധം സഹജയുക്തിക്ക് നിരക്കുന്നതായിരിക്കണം. കാലാട്ടിയാൽ കുടുംബാംഗം മരണപ്പെടും എന്നതാണ് വാദം എന്നിരിക്കട്ടെ. എൻ്റെ കാലിൻ്റെ ചലനവും, മറ്റൊരു വ്യക്തിയുടെ ആയുസ്സും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ട് എന്ന വാദം യുക്തിക്ക് നിരക്കുന്നതല്ല. രണ്ട് ഘടകങ്ങൾ തമ്മിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത കാരണങ്ങളാണ് ഉന്നയിക്കുന്നതെങ്കിൽ, ഉദാഹരണത്തിന്, കാല് ആട്ടുമ്പോൾ ഉണ്ടാവുന്ന നെഗറ്റീവ് എനർജി മുതിർന്നവരിൽ ഏറ്റാൽ ഹൃദയത്തിൻ്റെ പ്രവർത്തനം കുറയും എന്നതുപോലെയുള്ള ഉടായിപ്പുകൾ ആണെങ്കിൽ, കാര്യകാരണബന്ധം ആരോപിക്കാൻ പറ്റില്ല. പൂച്ച കുറുകെ ചാടിയാൽ ദോഷമാണ്, ഏകാദശി വ്രതമെടുത്താൽ നല്ല ഭർത്താവിനെ കിട്ടും എന്നിങ്ങനെ ഭൂരിഭാഗം അന്ധവിശ്വാസങ്ങളും ഇപ്രകാരം തള്ളിക്കളയാൻ പറ്റും.
പരീക്ഷണത്തിലൂടെ സ്ഥിതീകരിക്കൽ : ഹലുവ കഴിച്ചാൽ തടി വയ്ക്കും എന്നതാണ് ആരോപണം എന്നിരിക്കട്ടെ. അങ്ങനെയാണെങ്കിൽ പണ്ട് സ്ഥിരമായി ഹലുവ കഴിച്ചുകൊണ്ടിരുന്ന ഒരു വ്യക്തി ഹലുവ കഴിക്കുന്നത് നിർത്തിയാൽ തടി കൂടുന്നതും നിൽക്കണമല്ലോ. ഹേതുവാണെന്ന് സംശയിക്കുന്ന വസ്തു നീക്കം ചെയ്യുന്നതോടു കൂടി ഫലം കുറഞ്ഞ് വരുന്നുണ്ടോ എന്നത് പരീക്ഷണം വഴി സ്ഥിതീകരിക്കുന്ന രീതിയാണിത്.
ഇതര ഹൈപോതസസുകൾ : ഒരേ ഫലം കിട്ടുന്നത് പല ഹേതുക്കൾ മൂലമാകാം. സൂര്യപ്രകാശം കിട്ടുന്നതുകൊണ്ടാണ് ചെടി വളരുന്നത് എന്ന പ്രസ്താവന പരിശോധിക്കാം. ചെടി വളരാൻ സൂര്യപ്രകാശം മാത്രം പോരാ, വളക്കൂറുള്ള മണ്ണും, വെള്ളവും, അനുകൂലമായ കാലാവസ്ഥയും വേണം. അതുകൊണ്ട്, ഒരു ഫലത്തിന് കാരണമായി ഒരു ഹേതു കിട്ടിക്കഴിഞ്ഞാൽ അവിടെ പഠനം നിർത്തിപ്പോകാൻ പാടില്ല. ഫലത്തിനു കാരണമായ പല ഹേതുക്കൾ ഏതാണെന്നും, അവ ഏതൊക്കെ അളവിലാണ് ഫലത്തിൽ പ്രഭാവം ചെലുത്തുന്നതെന്നും കൂടി കണ്ടെത്തേണ്ടതുണ്ട്.
മുൻ വിജ്ഞാനശൃംഗലയുമായുള്ള യോജിപ്പ് : നമ്മൾ പ്രസ്താവിക്കുന്ന കാര്യകാരണബന്ധം മുൻപുള്ള ശാസ്ത്രീയ വിജ്ഞാനവുമായി യോജിപ്പുള്ളതായിരിക്കണം. ഉദാഹരണത്തിന്, ഭൂമിയാണ് സൂര്യനു ചുറ്റും കറങ്ങുന്നത് എന്ന പ്രസ്താവന ശരിയാണെന്ന് തെളിയിക്കണമെങ്കിൽ, ഇതുവരെ മനുഷ്യകുലം കണ്ടുപിടിച്ച ഗണിതശാത്രം, ഖഗോളശാസ്ത്രം എന്നിവയിലെ വിജ്ഞാനം തെറ്റാണെന്നും കൂടി തെളിയിക്കേണ്ടി വരും. ഇതൊന്നും ചെയ്യാത്തപക്ഷം കാര്യകാരണബന്ധം സാധുവല്ല.
ഇത്രയൊക്കെ മാനദണ്ഡങ്ങൾ ശരിയായി വന്നാലേ കാര്യകാരണബന്ധം ആരോപിക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ട് ശാസ്ത്രജ്ഞർ ഗവേഷണഫലങ്ങൾ പുറത്തിറക്കുമ്പോൾ കാര്യകാരണബന്ധം പ്രസ്താവിക്കാൻ വേണ്ടി മുകളിലുള്ള മാനദണ്ഡങ്ങൾ എല്ലാം സംബോധന ചെയ്തിരിക്കണം. ഇനി, ഇതൊന്നുമില്ലാതെ തന്നെ കാര്യകാരണബന്ധം കണ്ടെത്താൻ ചെയ്യാവുന്ന ഒരു കിടു ടെക്നിക്ക് ഉണ്ട്. അതാണ് റാൻഡമൈസ്ഡ് കണ്ട്രോൾ ട്രയൽ അഥവാ ആർ.സി.ടി. പുതിയ ഒരു മരുന്ന് പഴയ മരുന്നിനെക്കാൾ നന്നായി രോഗം മാറ്റുമോ എന്ന രീതിയിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നത് ആർ.സി.ടി യിലൂടെയാണ്. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. ഐ.സി.യു വിൽ പ്രവേശിപ്പിച്ചതുകൊണ്ടാണോ മരിച്ച് പോകുന്നത് എന്നതാണ് നമ്മുടെ ചോദ്യം എന്നിരിക്കട്ടെ. നമ്മൾ ഐ.സി.യു പ്രവേശനം ആവശ്യമുള്ള കുറേ പേരെ കണ്ടെത്തുന്നു. ഇവരെ തികച്ചും റാൻഡം ആയി രണ്ട് ഗ്രൂപ്പുകളായി തിരിക്കുന്നു. ഇതിൽ ഒരു ഗ്രൂപ്പിനെ ഐ.സി.യുവിൽ പ്രവേശിപ്പിക്കുന്നു. മറ്റേ ഗ്രൂപ്പിനെ ഐ.സി.യുവിൽ പ്രവേശിപ്പിക്കുന്നില്ല. ഐ.സി.യു പ്രവേശനത്തിലുള്ള വ്യത്യാസം ഒഴികെ മറ്റൊരു വ്യത്യാസവും ഈ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ ഉണ്ടാകാൻ പാടില്ല. മരുന്നിൻ്റെ കാര്യത്തിലോ, മോണിറ്ററിങ്ങിൻ്റെ കാര്യത്തിലോ ഒന്നും ഒന്നും ഒരു വ്യത്യാസവും ഉണ്ടാവരുത്. പഠനത്തിൻ്റെ അവസാനം രണ്ട് ഗ്രൂപ്പുകളിലും എത്ര പേർ വീതം മരിച്ചു എന്ന് കണ്ടെത്തണം. എന്നിട്ട് രണ്ട് ഗ്രൂപ്പുകളും തമ്മിൽ മരണസംഖ്യയിൽ ഉള്ള വ്യത്യാസം അർത്ഥപൂർണം (significant) ആണോ എന്നത് സ്റ്റാറ്റിസ്റ്റിക്സ് ഉപയോഗിച്ച് കണ്ടെത്തണം. ഒരു ഗ്രൂപ്പിൽ 10 പേരും മറ്റേതിൽ 11 പേരും ആണ് മരണപ്പെട്ടതെങ്കിൽ ചിലപ്പോൾ ഈ ചെറിയ വ്യത്യാസം അർത്ഥപൂർണ്ണമായിക്കൊള്ളണമെന്നില്ല, ആകസ്മികമാകാനേ സാധ്യതയുള്ളൂ. ഇങ്ങനെ, ആർ.സി.ടി. വഴി സ്ഥിതീകരിച്ച കാര്യകാരണബന്ധം സാധുവാണ്. അല്ലാത്തപക്ഷം, കാര്യകാരണബന്ധം ആരോപിക്കാൻ മുകളിൽ പറഞ്ഞ മാനദണ്ഡങ്ങൾ ഉപയോഗിക്കുക മാത്രമേ നിവൃത്തിയുള്ളൂ.
അപ്പോൾ പുതിയ മരുന്ന് കണ്ടുപിടിച്ച് പരീക്ഷിക്കുമ്പോൾ ആർ.സി.ടി നടത്തുന്നപക്ഷം, ആദ്യ ഗ്രൂപ്പിന് മരുന്ന് കൊടുക്കുകയും, രണ്ടാം ഗ്രൂപ്പിന് മരുന്ന് കൊടുക്കാതെയും ഇരിക്കുകയാണോ ചെയ്യുന്നത്? ഒരിക്കലുമല്ല. രണ്ടാം ഗ്രൂപ്പിന് ഇതുവരെ ലഭ്യമായതിൽ വച്ച് ഏറ്റവും നല്ല മരുന്ന് കൊടുക്കുകയാണ് ചെയ്യുന്നത്. ആദ്യ ഗ്രൂപ്പ് കഴിച്ച പുതിയ മരുന്ന്, രണ്ടാമത്തെ ഗ്രൂപ്പ് കഴിച്ച നിലവിലെ നല്ല മരുന്നിനെക്കാൾ ഉപയോഗപ്രദമാണെന്ന് തെളിഞ്ഞാലേ പുതിയ മരുന്ന് വിപണിയിൽ ഇറക്കാനാവൂ. ഇത്തരം ആർ.സി.ടികൾ മനുഷ്യരിൽ നടത്തുന്നതിനു മുൻപേ ഇവ ആദ്യം കമ്പ്യൂട്ടർ മോഡലുകൾ ഉപയോഗിച്ചും, പിന്നീട് കോശങ്ങൾ ഉപയോഗിച്ചും, ശേഷം മൃഗങ്ങളെ ഉപയോഗിച്ചും പരീക്ഷിച്ച് ഫലസിദ്ധി ഉറപ്പു വരുത്തിയിരിക്കണം. ഇതിനെല്ലാം ശേഷമേ മനുഷ്യരിൽ പരീക്ഷിക്കാവൂ. ഈ കാരണം കൊണ്ട് പുതിയ മരുന്നുകൾ കണ്ടുപിടിക്കാൻ ദശലക്ഷക്കണക്കിന് ഡോളറുകൾ ചിലവഴിക്കേണ്ടി വരികയും, ഒരുപാട് വർഷങ്ങൾ എടുക്കുകയും ചെയ്യും. ഒരുപാട് ആർ.സി.ടി കൾ പരാജയപ്പെടുന്നുമുണ്ട്. ആർ.സി.ടിയുടെ അവസാനം, പരീക്ഷിച്ച പുതിയ മരുന്നിന് കൂടുതൽ ഫലസിദ്ധി ഒന്നും ഇല്ല എന്ന് കണ്ടുപിടിക്കാറുമുണ്ട്. ഇങ്ങനെ ട്രയൽ പരാജയപ്പെടുന്നതുകൊണ്ട് കമ്പനിക്ക് ഉണ്ടാകുന്ന നഷ്ടം കൂടി, വിജയിച്ച ട്രയലിലെ മരുന്നിൻ്റെ വിലയ്ക്കൊപ്പം ചേർക്കും. അതുകൊണ്ട് കമ്പനികൾ റിസർച്ചിനു വേണ്ടി ചിലവാക്കിയ പണം തിരിച്ച് പിടിക്കണമെങ്കിൽ ഓരോ മരുന്നുകുപ്പിക്കും ഭീമമായ വില ഈടാക്കേണ്ടി വരും. പുതിയതായി വിപണിയിൽ ഇറങ്ങിയ മരുന്നുകൾക്ക് വില കൂടുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ മനസിലായല്ലോ. എങ്കിലും, ചില കമ്പനികൾ മരുന്നുകൾക്ക് മുടക്കുമുതലിനപ്പുറവും വില കൂട്ടിയിട്ട്, അന്യായ ലാഭം ഉണ്ടാക്കുന്നുണ്ടാവാം എന്നതും തള്ളിക്കളയാനാവില്ല.
ആർ.സി.ടികൾ നടത്തുന്നത് ചിലവേറിയ പ്രക്രിയയാണെന്ന് പറഞ്ഞുവല്ലോ. ചില അവസരങ്ങളിൽ ആർ.സി.ടി കൾ നടത്തുന്നത് നൈതികവും ആയിരിക്കില്ല. ഓക്സിജൻ കൊടുത്താൽ ആസ്ത്മ അറ്റാക്ക് നിയന്ത്രിക്കാമോ എന്ന ഗവേഷണത്തിന്, ഓക്സിജൻ കൊടുക്കാതെ ഒരു ഗ്രൂപ്പിനെ വച്ച് താരതമ്യം ചെയ്യുന്നത് നൈതികമല്ലല്ലോ. കൂടാതെ, ചരിത്രത്തിലുള്ള, സംഭവിച്ച് കഴിഞ്ഞ, പല സംഭവങ്ങളുടെയും കാര്യകാരണബന്ധവും ഇപ്രകാരം കണ്ടെത്താൻ സാധിക്കില്ല. ഉദാഹരണത്തിന്, അബോർഷൻ നിയമവിധേയമാക്കിയതുകൊണ്ടാണ് മുപ്പത് വർഷങ്ങൾക്കു ശേഷം ക്രൈം റേറ്റ് കുറഞ്ഞത് എന്ന വാദം. ഇത് ശരിയാണോ എന്ന് പരിശോധിക്കണമെങ്കിൽ ചരിത്രത്തിൽ പിന്നോട്ട് പോയി, അബോർഷൻ നിയമവിധേയമല്ലാതിരുന്ന സാഹചര്യം പുനഃസൃഷ്ടിക്കേണ്ടി വരും. എന്നിട്ട് മുപ്പത് കൊല്ലങ്ങൾ കഴിഞ്ഞ് എന്തെല്ലാം മാറ്റങ്ങളാണ് നിയമവിധേയമായ അവസ്ഥയിൽ നിന്ന് വ്യത്യസ്ഥമായത് എന്ന് പരിശോധിക്കേണ്ടി വരും. ചരിത്രത്തിലേക്ക് ഒരു തിരിച്ചുപോക്ക് സാധ്യമല്ലാത്തതുകൊണ്ട് ഇത്തരം കാര്യകാരണബന്ധങ്ങൾ സ്ഥാപിക്കാൻ ഹില്ലപ്പൂപ്പനെ കൂട്ട് പിടിക്കുകയേ നിവൃത്തിയുള്ളൂ.
അടുത്ത തവണ ആരെങ്കിലും ‘ക’ എന്ന സംഭവം നടന്നതുകൊണ്ടാണ് ‘ഭ’ എന്ന ഫലം ലഭിച്ചത് എന്ന മാതൃകയിൽ വാദങ്ങളുമായി വരുമ്പോൾ ഹില്ലപ്പൂപ്പനെ മനസിൽ ധ്യാനിക്കുക. ഈ വാദം ഹിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ചിന്തിക്കുക. പാലിക്കുന്നില്ലെങ്കിൽ ചോദ്യം ചെയ്യുക. യുക്തിരഹിതമായ ആരോപണങ്ങൾ ഇത്തരത്തിൽ തുടച്ച് നീക്കുക.
പിൻകുറിപ്പ് 1: ഹിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത കാര്യകാരണബന്ധങ്ങളും ആധുനികവൈദ്യത്തിൽ ഉണ്ട്. രേഖീയത (linearity) പാലിക്കാത്ത ബന്ധങ്ങളും ഒരുപാട് ഉണ്ട്. ഇവ സ്വല്പം സങ്കീർണ്ണമായതുകൊണ്ട് വിശദീകരണത്തിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ്.
പിൻകുറിപ്പ് 2: ശ്വേതാംബരി ബ്ലോഗിലെ ആധുനിക വൈദ്യം സീരീസ് ഇന്ന് പത്ത് പോസ്റ്റുകൾ പിന്നിട്ടു. ആധുനിക വൈദ്യത്തെക്കുറിച്ചുള്ള ചിന്തകളും, ചിലപ്പോൾ ശാസ്ത്രീയ വിശദീകരണങ്ങളുമാണ് എഴുതുന്നത്. ഈ ലേഖനങ്ങൾ, ഹൈപ്പർലിങ്കുകളും ചിത്രങ്ങളും പിൻകുറിപ്പുകളും ഉപയോഗിച്ച് ഡെക്കറേറ്റ് ചെയ്തിട്ടുണ്ട് എന്നതിനാൽ ഫേസ്ബുക്കിൽ കോപ്പി ചെയ്ത് ഷെയർ ചെയ്യാൻ പരിമിതികളുണ്ട്. കൂടാതെ, ഫേസ്ബുക്ക് പോസ്റ്റുകളെ അപേക്ഷിച്ച് നീളം കൂടിയ ലേഖനങ്ങളാണ് ബ്ലോഗിൽ ഉള്ളത്. അതുകൊണ്ടാണ് പോസ്റ്റുകൾ ഫേസ്ബുക്കിൽ എഴുതുന്നതിനു പകരം ബ്ലോഗിൽ എഴുതുന്നത് ഞാൻ താല്പര്യപ്പെടുന്നത്. കൂടാതെ, ബ്ലോഗിലെ പോസ്റ്റുകൾ എളുപ്പത്തിൽ തിരയാനും, പഴയ പോസ്റ്റുകൾ വേഗം കണ്ടെത്താനും പറ്റും എന്ന സൗകര്യം കൂടി ഉണ്ട്. ആഴ്ചയിൽ ഒരു പോസ്റ്റ് എന്ന രീതിയിൽ പബ്ലിഷ് ചെയ്യുക എന്നതാണ് ആഗ്രഹം. ആധുനിക വൈദ്യം സീരീസിൽ ഇനിയും പോസ്റ്റുകൾ എഴുതിയ ശേഷം, സ്വീഡൻ, യാത്ര, ഗവേഷണം, വിക്കിപീഡിയ, ശാസ്ത്രീയമനോവൃത്തി, ഫെമിനിസം എന്നിവയെക്കുറിച്ചും സീരീസ് എഴുതണം എന്നതാണ് അത്യാഗ്രഹം. എത്ര കാലം പോകുമെന്ന് കണ്ടറിയണം. 🙂
ഈ സീരീസിലുള്ള പോസ്റ്റുകൾ എല്ലാം പബ്ലിക് ഡൊമൈനിൽ (cc-0) ആണ്. എന്നുവച്ചാൽ, ഈ പോസ്റ്റുകൾ ഭാഗികമായും പൂർണ്ണമായും ഷെയർ ചെയ്യുന്നതിനോ, തിരുത്തിയെഴുതി പ്രസിദ്ധീകരിക്കുന്നതിനോ, തർജമ ചെയ്യുന്നതിനോ, പുസ്തകമാക്കി അടിച്ചിറക്കി പണം സമ്പാദിക്കുന്നതിനോ യാതൊരു വിലക്കുമില്ല. ഇങ്ങനെ ചെയ്യുമ്പോൾ ലേഖികയായ എൻ്റെ പേര് പരാമർശിക്കേണ്ടതുമില്ല. പിന്നീട് ഇവയുടെ ഉടമസ്ഥാവകാശം ചോദിച്ച് ഞാൻ ഒരിക്കലും വരില്ല. അതേസമയം ഞാൻ ഉദ്ദേശിക്കാത്ത അർത്ഥതലങ്ങൾ എൻ്റേതെന്ന രീതിയിൽ അവതരിപ്പിക്കാൻ ഇവ ഉപയോഗിക്കരുത് എന്ന അഭ്യർത്ഥനയേ ഉള്ളൂ. പോസ്റ്റുകൾ പുനരുപയോഗിക്കുമ്പോൾ എന്നെ അറിയിക്കുകയാണെങ്കിൽ വളരെ സന്തോഷം. പക്ഷെ, അറിയിക്കണം എന്ന നിബന്ധനയും ഇല്ല.
ഈ സീരീസ് എഴുതാൻ എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന എല്ലാവർക്കും നന്ദി. ബ്ലോഗിലെ പോസ്റ്റുകൾ പബ്ലിഷ് ചെയ്യുന്ന മുറയ്ക്ക് ഇൻബോക്സിൽ ലഭ്യമാകണമെങ്കിൽ വലതു വശത്തെ കോളത്തിൽ ചെന്ന് ‘വരിക്കാരാകുക’ എന്ന ബട്ടൺ ഞെക്കി വരിക്കാരാകാവുന്നതാണ്. ബ്ലോഗിലെ പോസ്റ്റുകൾ കിട്ടാൻ വേണ്ടി മാത്രം എൻ്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഫോളോ ചെയ്യേണ്ടതില്ല.
1990-കളിൽ അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലെ കുറ്റകൃത്യനിരക്ക് കുത്തനെ ഇടിഞ്ഞു. ഇതിന് കാരണമെന്താണെന്ന് കണ്ടെത്തിയത് സാമ്പത്തികശാസ്ത്രജ്ഞരാണ്. 1970-കളിൽ അബോർഷൻ നിയമവിധേയമാക്കിയതാണ് കുറ്റകൃത്യങ്ങളുടെ എണ്ണം കുറയാൻ കാരണം എന്നാണ് ഇവർ കണ്ടെത്തിയത്. (ഗർഭച്ഛിദ്രം, ഭ്രൂണഹത്യ എന്നീ ആളുകളെ പേടിപ്പെടുത്തുന്ന വാക്കുകൾ ഉപയോഗിക്കുന്നതിനു പകരം ലളിതമായ ‘അബോർഷൻ’ എന്ന വാക്ക് ഉപയോഗിച്ച് പ്രചാരത്തിലാക്കണം എന്നാണ് എൻ്റെ അഭിപ്രായം. ഈ ലേഖനത്തിൽ തുടർന്നും അബോർഷൻ എന്ന വാക്കാണ് ഉപയോഗിക്കുന്നത്). 1970-കളിൽ അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും ആദ്യമായി അബോർഷൻ നിയമവിധേയമാക്കിയപ്പോൾ, ഒരുപാട് സ്ത്രീകൾ ഈ അവസരം വിനിയോഗിച്ചു. കുട്ടികളെ വളർത്താൻ കെൽപ്പില്ലാത്തവരും, സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവരും, ലൈംഗികപീഡനത്തിനിരയായി ഗർഭിണികളായവരുമൊക്കെ അബോർഷൻ ചെയ്യാൻ മുന്നോട്ടു വന്നു. അബോർഷൻ നിയമവിധേയമാക്കിയിരുന്നില്ലെങ്കിൽ 1990-കളിൽ ഇവർക്ക് ജനിച്ച കുട്ടികൾക്ക് 20-30 വയസ്സ് ഉണ്ടായിരുന്നേനെ. ഈ കുട്ടികളെ വേണ്ടാഞ്ഞിട്ടും ജന്മം കൊടുത്തതാണെന്നതുകൊണ്ട് ഇവർക്ക് നല്ല വിദ്യാഭ്യാസവും, സന്തോഷകരമായ ചുറ്റുപാടുകളും കിട്ടിയിട്ടുണ്ടായിരിക്കില്ല. ഇത്തരം കുട്ടികൾ പഠനത്തിൽ പിന്നോട്ടാകുകയും, മാനസികപ്രശ്നങ്ങൾക്ക് അടിമപ്പെടുകയും, അകാരണമായ ഭയമോ വിദ്വേഷമോ ദേഷ്യമോ പ്രകടിപ്പിക്കുകയും, ദുർഗുണങ്ങൾ കാണിക്കുകയും ചെയ്യാനുള്ള സാധ്യത മറ്റു കുട്ടികളെക്കാൽ കൂടുതലാണ്. വളർന്നതിനു ശേഷവും ഈ കുട്ടികൾ കുറ്റകൃത്യങ്ങൾ ചെയ്യാനും, സാമൂഹ്യവിരുദ്ധ സ്വഭാവം കാണിക്കാനുമുള്ള സാധ്യതയുണ്ട്. അമേരിക്കയിൽ അബോർഷൻ നിയമവിധേയമാക്കിയതോടെ ഇത്തരം കുട്ടികൾ ജനിക്കാതായി. നിയമം വന്ന് 20-30 കൊല്ലങ്ങൾ കഴിഞ്ഞതിനു ശേഷം (ജനിച്ചിരുന്നെങ്കിൽ ഇവർ മുതിർന്നവരാകേണ്ട സമയപരിധിക്ക് ശേഷം) അതോടെ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. അബോർഷനും കുറ്റകൃത്യങ്ങളൂം തമ്മിലുള്ള ഈ ബന്ധം അമേരിക്കയിൽ മാത്രമല്ല, മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ പഠനങ്ങളിലും തെളിയിക്കപ്പെട്ടിട്ടുള്ളതാണ് (അധികവായനയ്ക്ക്: ഫ്രീക്കണോമിക്സ്). പള്ളിയുടെ ഫ്ലക്സ് ബോർഡിൽ പത്താമതായി ജനിച്ച് ഡോക്ടറായ കുട്ടിയുടെ വിജയഗാഥ മാത്രമേ കാണുകയുള്ളൂ. ലക്ഷക്കണക്കിനു വരുന്ന നിരാലംബരായ കുട്ടികളുടെയും, അവരുടെ കുടുംബത്തിൻ്റെയും കഥകൾ അവർ പറഞ്ഞുകേട്ടിട്ടില്ല. ഇത്തരം കുട്ടികളുടെ ജീവിതച്ചെലവ് ഏറ്റെടുത്ത് കണ്ടിട്ടുമില്ല.
നല്ല ബുക്കാണ്. വായിച്ചു നോക്കുക. (ഫെയർ യൂസ് ചിത്രം)
അബോർഷൻ നിഷേധിക്കപ്പെടുന്ന സ്ത്രീകൾ വളരെ ദയനീയരാണ്. ഈ കുഞ്ഞിനെ പോറ്റിവളർത്താൻ കഴിയുമോ എന്ന ആധി അവരെ മാനസിക സമ്മർദ്ദത്തിലേക്കും, വിഷാദരോഗത്തിലേക്കും തള്ളിവിടും. കുഞ്ഞ് ജനിച്ചശേഷം വളർത്തി വലുതാക്കാനുള്ള ബുദ്ധിമുട്ട് വേറെ. നിയമപരമായി അബോർഷൻ ചെയ്യാനുള്ള അവകാശം പല കാരണങ്ങൾ കൊണ്ട് വിനിയോഗിക്കാൻ കഴിയാതെ വരുമ്പോളാണ് ജീവൻ പണയം വച്ചും അബോർഷൻ വീട്ടിൽ വച്ച് ചെയ്യാൻ പലരും നിർബന്ധിതരാകുന്നത്. ഇന്ത്യയിൽ 78% അബോർഷനുകളും ആശുപത്രികൾക്ക് പുറത്താണ് ചെയ്യപ്പെടുന്നത് എന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഞാനറിയുന്ന ആരും ഇതുവരെ അബോർഷൻ നടത്തിയിട്ടില്ല എന്ന് ചിലർ അടിച്ചുവിടുന്ന കമൻ്റുകളൊക്കെ വെറും ഉടായിപ്പാണ്. കണക്കിലൂടെ തെളിയിച്ചു തരാം. ഇന്ത്യയിൽ ഒരു വർഷം 130 മില്ല്യൺ ജനനങ്ങൾ നടക്കുന്നുണ്ട്, 15.6 മില്ല്യൺ അബോർഷനുകളും. എന്നു വച്ചാൽ, ഓരോ എട്ട് കുഞ്ഞുങ്ങൾ ജനിക്കുമ്പോഴും ഒരു കുഞ്ഞ് അബോർഷൻ്റെ ഫലമായി ജനിക്കപ്പെടാതെ പോകുന്നുണ്ട്. അബോർഷനുകളുടെ കണക്കെടുക്കുമ്പോൾ പെൺഭ്രൂണഹത്യകൾ അതിൽ പെടുന്നില്ലേ, ഇവയിൽ ഭൂരിഭാഗവും അങ്ങ് നോർത്തിന്ത്യയിലല്ലേ നടക്കുന്നത് എന്നൊക്കെ ചോദിച്ച് പിടിച്ച് നിൽക്കാമെന്നേ ഉള്ളൂ. കേരളത്തിലെ സമഗ്രമായ ഡേറ്റ ഇല്ലാത്തതുകൊണ്ട് അറിയാവുന്ന കണക്കുകൾ വച്ച് ഊഹിക്കുകയേ നിവൃത്തിയുള്ളൂ. എനിക്ക് തോന്നുന്നത്, നിങ്ങൾ പത്ത് കുഞ്ഞുങ്ങൾ ജനിച്ച വാർത്ത കേട്ടിട്ടുണ്ടെങ്കിൽ, നിങ്ങൾ അറിയുന്ന ഒരു കുടുംബത്തിൽ എങ്കിലും അബോർഷൻ നടന്നുകാണണം എന്നാണ്. ഭ്രൂണം തനിയേ അബോർട്ട് ആയി പോകുന്ന അവസ്ഥയെയല്ല ഇവിടെ പ്രതിപാദിക്കുന്നത്, മാതാവ് തീരുമാനിച്ച ശേഷം അബോർഷൻ നടത്തുന്നതിനെക്കുറിച്ചാണ് പറയുന്നത്. കുഞ്ഞ് ജനിക്കുമ്പോൾ ഫെയ്സ്ബുക്കിൽ പോസ്റ്റിടുന്നതുപോലെ, അബോർഷൻ നടത്തിയ ശേഷം ആരും പോസ്റ്റിടുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. സ്വന്തം ബന്ധുക്കളിൽ നിന്നുപോലും മറച്ചു വയ്ക്കപ്പെടുന്നതുകൊണ്ട് ഇതൊന്നും നിങ്ങൾ അറിയുന്നില്ലന്നേ ഉള്ളൂ, അതുകൊണ്ട് അബോർഷൻ നടക്കുന്നില്ല എന്നർത്ഥമില്ല. അബോർഷനു വിധേയമായ സ്ത്രീയും, അത് പൂർണ്ണസമ്മതത്തോടു കൂടിയാണ് ചെയ്തതെങ്കിലും, വളരെയധികം മാനസികസംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അബോർഷനു ശേഷം ഇവരുടെ സൗഖ്യം ഉറപ്പാക്കുന്നതിലുപരി, വിവരം മറച്ചുവയ്ക്കാനുള്ള ആകുലതയാണ് മിക്ക കുടുംബങ്ങൾക്കും എന്നതുകൊണ്ട്, മാനസിക സമ്മർദ്ദം സഹിച്ചും എല്ലാവരുടെയും മുന്നിൽ സന്തോഷം അഭിനയിക്കേണ്ടി വരുന്ന ദയനീയാവസ്ഥയും ഉണ്ട്.
അബോർഷൻ ആവശ്യപ്പെട്ട് വരുന്നവർക്ക് സദാചാര ക്ലാസുകൾ കൊടുത്ത് പിന്തിരിപ്പിക്കുന്ന ഡോക്ടർമാരും ഉണ്ട്. കുഞ്ഞുങ്ങളില്ലാത്ത മറ്റ് സ്ത്രീകളുടെ വിഷമങ്ങളാണ് സ്ഥിരം പറഞ്ഞു കൊടുക്കുന്ന കഥകൾ. സ്വന്തം കുഞ്ഞിനെ ഒരുപാട് കഷ്ടപ്പാട് സഹിച്ച് വളർത്തിയെടുത്ത കഥകളാണ് അടുത്തത്. എപ്പോൾ വേണമെങ്കിലും ജോലിക്ക് തിരിച്ചുകയറാം എന്ന ആത്മവിശ്വാസവും, വീട്ടുജോലി ചെയ്യാൻ ജോലിക്കാരും, ‘വയ്യ’ എന്ന് പറയുമ്പോഴേക്കും സഹായത്തിന് ഓടിയെത്തുന്ന മാതാപിതാക്കളും, ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഭർത്താവും, താമസിക്കാൻ ദന്തഗോപുരവുമുള്ളവർക്ക് വേണമെങ്കിൽ എട്ടോ പത്തോ കുഞ്ഞുങ്ങളെ നല്ലരീതിയിൽ വളർത്താം. ഇത്തരം പ്രിവിലേജുകൾ ഇല്ലാത്തവർക്ക് ഒരു കുഞ്ഞിനെ വളർത്തുക എന്നത് സാധ്യമല്ലായിരിക്കാം. ഓരോരുത്തരുടെയും അനുഭവങ്ങളും, ജീവിതസാഹചര്യങ്ങളും വ്യത്യസ്തമാണ്. അബോർഷനു വേണ്ടി ആശുപത്രിയിൽ വരുന്നവർ അതിന് ഒരുമ്പെടുന്നത് ഗത്യന്തരമില്ലാഞ്ഞിട്ടാണ്. അവരുടെ മുന്നിൽ സദാചാരപ്രസംഗം നടത്തുന്നതും, അവരുടെ ജീവിതയാഥാർത്ഥ്യങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നതും ലജ്ജാവാഹമാണ്. അവളവളുടെ ജീവിതത്തിന് ഉതകുന്ന തീരുമാനം എന്താണെന്ന് നിർണ്ണയിക്കാനുള്ള അധികാരം അവളവൾക്കു മാത്രമാണ്. ചില സ്ത്രീകൾ കൂസലില്ലാതെ ക്ലിനിക്കിൽ വന്ന് ‘ഇതിനെ ഒഴിവാക്കിത്തരണം’ എന്നൊക്കെ പറയാറുണ്ടെന്ന് കേട്ടിട്ടുണ്ട്. ഞാൻ ഇതുവരെ അത്തരം സ്ത്രീകളെ കണ്ടിട്ടില്ല. കൂസൽ ഉണ്ടോ ഇല്ലയോ എന്നതൊക്കെ വിധിക്കുന്നത് നമ്മുടെ ഉള്ളിൽ തന്നെയുള്ള കാലഹരണപ്പെട്ട സദാചാരബോധമാണ്. അബോർഷനു വേണ്ടി സമീപിക്കുന്ന സ്ത്രീയെ, ഇതുകൊണ്ടുണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ മാത്രം എന്താണെന്ന് ഭാവനയും, ഗുണപാഠകഥകളും ചേർക്കാതെ യുക്തിസഹമായി പറഞ്ഞ് മനസിലാക്കിക്കൊടുക്കുക. ഇതു മനസിലാക്കിയ ശേഷവും അബോർഷനുവേണ്ടി അവർ തയ്യാറാകുകയാണെങ്കിൽ അതിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയാണ് വേണ്ടത്. ഇവരെ അബോർഷൻ അനുവദിക്കാതെ തിരിച്ചുവിട്ടാൽ, അമേരിക്കയിൽ സംഭവിച്ചതുപോലെ, ഇവർക്കുണ്ടായ കുഞ്ഞുങ്ങൾ ക്രിമിനൽ പശ്ചാത്തലത്തിലേക്ക് നീങ്ങാനും, അവർ നിങ്ങളുടെ കാറിൻ്റെ ചില്ല് തന്നെ അടിച്ച് പൊളിക്കാനുമുള്ള സാധ്യതയും ഇല്ലാതില്ല.
എന്തുകൊണ്ടാണ് അളുകൾക്ക് അബോർഷൻ ചെയ്യേണ്ടിവരുന്നത്? ഫാമിലി പ്ലാനിങ് ചെയ്യുന്നതല്ലേ ഇതിനെക്കാൾ എളുപ്പമുള്ള രീതി? ഫാമിലി പ്ലാനിങ് തന്നെയാണ് എളുപ്പം എന്നതിൽ സംശയമില്ല. എന്നാൽ, ഇത് ഒഴുക്കിൽ അങ്ങ് പറയുന്നതുപോലെ പ്രാവർത്തികമാക്കാൻ ലേശം ബുദ്ധിമുട്ടാണ്. ഗർഭനിരോധന മാർഗ്ഗങ്ങൾ 100% ഗർഭങ്ങളും തടയുന്നില്ല. പുരുഷ കോണ്ടത്തിൻ്റെ പരാജയനിരക്ക് പ്രതിവർഷം 18% ആണെങ്കിൽ ഗർഭനിരോധനഗുളികയുടേത് 9% ആണ് (അവലംബം). രണ്ടും കൂടി ഒരുമിച്ചുപയോഗിച്ചാലും ഗർഭധാരണത്തിന് പ്രതിവർഷം 1.6% സാധ്യത ഉണ്ട്*. മതസ്ഥാപനങ്ങൾ നടത്തുന്ന വിവാഹപൂർവ്വ ക്ലാസുകളിലൊക്കെ ഫാമിലി പ്ലാനിങ്ങ് കൊടിയ പാപം എന്നതുപോലെയാണ് അവതരിപ്പിക്കുന്നത്. ഇനി, ഫാമിലി പ്ലാനിങ് ചെയ്യുന്നവർ മാക്സിമം പോയാൽ സേഫ് പിര്യഡ് മാർഗ്ഗം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് ഇവർ പറഞ്ഞ് ഫലിപ്പിക്കും. ഇതും വിശ്വസിച്ച് പോകുന്ന നവദമ്പതികളിൽ നൂറിൽ 24 പേരും ആദ്യ ഒരു വർഷത്തിൽ തന്നെ ഗർഭിണികളാവും, അടുത്ത പതിനെട്ട് പേർ രണ്ടാം വർഷത്തിലും. വിവാഹത്തിനു മുൻപ്, പോട്ടെ, വിവാഹത്തിനു ശേഷമെങ്കിലും ഫാമിലി പ്ലാനിങ്ങിനെക്കുറിച്ച് വിശദമായി സംസാരിച്ച്, ഏത് കോൺട്രാസെപ്ഷൻ രീതി ഉപയോഗിക്കണമെന്നും, എത്ര കുഞ്ഞുങ്ങൾ വേണമെന്നും, ആദ്യ കുഞ്ഞ് എത്ര വർഷത്തിനു ശേഷം വേണമെന്നുമെല്ലാം തീരുമാനിക്കുന്നവർ ചുരുക്കമാണ്. ഇന്ന് സെക്സ് വേണ്ട എന്നതിന് “ചേട്ടാ, തലവേദനയാണ്” എന്ന കോഡുഭാഷ ഉപയോഗിക്കേണ്ടത്ര ഗതികേടുള്ളവരാണ് മലയാളിസ്ത്രീകൾ. ഫാമിലി പ്ലാനിങ്ങിൻ്റെ മുഴുവൻ ചുമതലയും സ്ത്രീകളുടെ തലയിൽ കെട്ടിവയ്ക്കുന്ന പുരുഷന്മാരാണ് ഭൂരിഭാഗവും. വാസക്ടമി എളുപ്പത്തിൽ ഓ.പിയിൽ ചെയ്യാവുന്ന ചെറിയ സർജറിയാണെന്നിരിക്കെ, ഇവർ സ്ത്രീകളെ സ്നേഹപൂർവ്വം നിർബന്ധിച്ച് വയറിൽ മുറിവിടുന്ന, സങ്കീർണ്ണതകൾ കൂടുതലുള്ള ട്യൂബെക്ടമി ചെയ്യിപ്പിക്കും. അഭ്യസ്തവിദ്യർ ഏറെയുള്ള ബെംഗളൂരുവിൽ വരെ 59% സ്ത്രീകളും ട്യൂബെക്ടമി ചെയ്യുമ്പോൾ വെറും 0.4 ശതമാനം പുരുഷന്മാർ മാത്രമേ വാസക്ടമി ചെയ്യുന്നുള്ളൂ എന്നാണ് കണക്കുകൾ കാണിക്കുന്നത്. നോ-സ്കാൽപ്പൽ വാസക്ടമിയെക്കുറിച്ച് 2013-ൽ ഞാൻ ഒരു വിക്കിപീഡിയ ലേഖനം തുടങ്ങിവച്ചിരുന്നു. ഇത് വായിക്കുന്ന സർജന്മാർ ആരെങ്കിലുമുണ്ടെങ്കിൽ ഈ ലേഖനം വികസിപ്പിക്കാൻ എന്നെ സഹായിക്കണം. വാസക്ടമി ചെയ്ത അനുഭവം പങ്കുവച്ച ചങ്ക് ബ്രോ ഹബീബിൻ്റെ ലേഖനവും വായിക്കുക.
ഐസ്ലാൻ്റിൽ ഡൗൺസ് സിൻഡ്രോം എന്ന രോഗത്തെ ഏതാണ്ട് നിർമ്മാർജ്ജനം ചെയ്തു. യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലും ഡൗൺസ് സിൻഡ്രോം കുത്തനെ കുറഞ്ഞു വരികയാണ്. ഇതിന് കാരണം ഈ രോഗത്തിനു മരുന്ന് കണ്ടുപിടിച്ചതൊന്നുമല്ല കെട്ടോ. കുഞ്ഞ് ജനിക്കുന്നതിനു മുൻപ് തന്നെ സ്കാനിങ്ങിലൂടെ കണ്ടെത്തി അബോർഷൻ ചെയ്യുന്നതുകൊണ്ട് ഇവിടെ ഡൗൺസ് സിൻഡ്രോം ഉള്ള കുഞ്ഞുങ്ങൾ ജനിക്കുന്നില്ല. ഇനി ഡൗൺസ് സിൻഡ്രോം ഉള്ള കുഞ്ഞ് ജനിച്ചാൽ തന്നെ, ഇവരുടെ വളർച്ചയ്ക്കാവശ്യമുള്ള സഹായങ്ങളെല്ലാം തന്നെ സർക്കാർ ചെയ്തുകൊടുക്കുന്നുമുണ്ട്. സ്വീഡനിൽ ഇവരുടെ സ്പെഷ്യൽ സ്കൂൾ വിദ്യാഭ്യാസം, സാധാരണ കുട്ടികളുടെ വിദ്യാഭ്യാസം പോലെത്തന്നെ സൗജന്യമാണ്. നിരാലംബരായ ഇത്തരം കുട്ടികളെ, മാതാപിതാക്കളുടെ കാലശേഷം സർക്കാർ സംരക്ഷണത്തിലാക്കും എന്നതുകൊണ്ട്, മരണശേഷം ഇവരെ ആരു നോക്കും എന്ന ആധിയും മാതാപിതാക്കൾക്ക് വേണ്ട. നമ്മുടെ നാട്ടിൽ ഇത്തരം സംവിധാനങ്ങളൊന്നും ഇല്ലാത്തതുകൊണ്ടുതന്നെ, വൈകല്യങ്ങൾ കണ്ടെത്തിയാൽ അബോർഷൻ ചെയ്യുന്നതാണ് മാനവികമായ പരിഹാരം. വൈകല്യമുള്ള കുട്ടികൾ ജനിച്ചാൽ അത് കുടുംബത്തിനും, കുട്ടിക്കുതന്നെയും ദുരിതമാണ്. സമൂഹത്തിന് അധികഭാരമാണ്. ജനനം നിഷേധിക്കുന്നതാണോ, ജനിപ്പിച്ചിട്ട് ജീവപര്യന്തം പീഡിപ്പിക്കുന്നതാണോ ഭേദം എന്ന് തലയിൽ ആൾത്താമസമുള്ള ആർക്കും ചിന്തിച്ചാൽ മനസിലാക്കാവുന്നതേ ഉള്ളൂ. ദൈവം തന്ന കുഞ്ഞുങ്ങളെ അബോർട്ട് ചെയ്യുന്നത് പാപമാണ് എന്നൊക്കെ മതങ്ങൾ പറയും. ഇതിൽ വീഴാതിരിക്കുക. മതങ്ങളുടെ അജണ്ട കൂടുതൽ അനുയായികളെ ഉണ്ടാക്കിയെടുക്കുക എന്നതാണ്. പ്രമുഖ മതങ്ങൾ പെട്ടെന്ന് വളരുന്നത് കുറേപ്പേർ ഈ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതുകൊണ്ടൊന്നുമല്ല, ആ മതവിശ്വാസികൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ കുട്ടികൾ ഉണ്ടാകുന്നതുകൊണ്ടാണ് എന്നത് മനസിലാക്കുക. മതത്തെ വളർത്താനുള്ള ഏറ്റവും ഫലവത്തായ ആയുധം പ്രസവമാണെന്ന് മതനേതാക്കൾക്ക് നന്നായി അറിയുന്നതുകൊണ്ടാണ് അവർ വിശ്വാസികളെ കൂടുതൽ കുഞ്ഞുങ്ങളുണ്ടാക്കാൻ നിർബന്ധിക്കുന്നത്.
കുഞ്ഞുണ്ടാകുക എന്നതാണ് ജീവിതത്തിൻ്റെ ലക്ഷ്യം എന്ന് കരുതി നടക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. കുഞ്ഞിനു ജന്മം കൊടുക്കാൻ പ്രാപ്തിയുണ്ട് എന്നത് തെളിയിക്കേണ്ട ബാധ്യത സമൂഹം നവദമ്പതികളുടെ തലയിൽ കെട്ടിവച്ചിട്ടുമുണ്ട്. സ്ത്രീജന്മം പൂർണ്ണമാകണമെങ്കിൽ കുഞ്ഞുണ്ടായേ തീരൂ എന്ന പൊതുബോധം ശക്തമായി നിലവിലുണ്ട്. പക്ഷെ, 132 കോടി ജനങ്ങളുള്ള രാജ്യമാണ് നമ്മുടേത്. ഇവിടെ ജനിച്ചു വീഴുന്ന വലിയൊരു വിഭാഗം കുഞ്ഞുങ്ങൾക്കും സമയത്തിന് ഭക്ഷണം പോലും കിട്ടുന്നില്ല. അതിനിടയിൽ ഒരു കുഞ്ഞിനെയും കൂടി വളർത്താനുള്ള പക്വതയും, കഴിവും, താല്പര്യവും, സാമ്പത്തികവും, സമയവുമുണ്ടെങ്കിലേ ഗർഭധാരണത്തെക്കുറിച്ച് ചിന്തിക്കാവൂ. ജനസംഘ്യയ്ക്കാനുപാതികമായി നോക്കിയാൽ ഏറ്റവും കൂടുതൽ ദത്തുകുട്ടികൾ ഉള്ള രാജ്യം സ്വീഡനാണ്. ഇവിടെ ആരും വെറുതേ കുട്ടികളെ ജനിപ്പിച്ച് ഉപേക്ഷിക്കാറില്ലാത്തതുകൊണ്ട്, ദത്തെടുക്കാൻ സ്വീഡിഷ് കുട്ടികളെ കിട്ടില്ല. അതുകൊണ്ട്, രാജ്യത്തിനു പുറത്ത് ചെന്നു വേണം ദത്തെടുക്കാൻ. ഒരു കുഞ്ഞിന് ജന്മം കൊടുത്ത ശേഷം, തങ്ങൾക്ക് മറ്റൊരു കുഞ്ഞിനെക്കൂടി വളർത്താനുള്ള കഴിവുണ്ടെങ്കിൽ, രണ്ടാമത്തെ കുഞ്ഞിനെ ദത്തെടുക്കുന്ന സ്വീഡിഷുകാരും ഉണ്ട്. ഇങ്ങനെ ഏഷ്യയിലും, ആഫ്രിക്കയിലും ചെന്ന് ദത്തെടുക്കപ്പെട്ട കുട്ടികൾ, മാതാപിതാക്കളിൽ നിന്നും വളരെ വ്യത്യസ്തമായ മുഖച്ഛായയും തൊലിനിറവുമാണെങ്കിലും കൂടി ആരും ഇവരെപ്പറ്റി ഗോസിപ്പുകൾ ഇറക്കാറില്ല. കേരളത്തിൽ ആയിരുന്നെങ്കിൽ ഇതിനകം കുട്ടിയുടെ അമ്മയുടെ ചാരിത്ര്യത്തെക്കുറിച്ച്, അല്ലെങ്കിൽ ദമ്പതികളുടെ വന്ധ്യതയെക്കുറിച്ച് കമ്പിക്കഥകൾ പാറിനടന്നേനെ.
അബോർഷൻ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ ഇത്തരത്തിലുള്ള ചിത്രങ്ങൾ ഉപയോഗിക്കുക. സ്ത്രീ കരയുന്ന ബ്ലാക്ക്-ആൻ്റ് വൈറ്റ് ഫോട്ടോകൾ, ഭ്രൂണത്തിൻ്റെ അവശിഷ്ടങ്ങൾ മുതലായ ഭീതിയും, വിഷാദവുമുണ്ടാക്കുന്ന ചിത്രങ്ങൾ ഉപയോഗിക്കാതിരിക്കുക. ചിത്രത്തിന് കടപ്പാട്: ഡെബ്ര സ്വീറ്റ്, സി.സി-ബൈ-എസ്.എ 2.0, വിക്കിമീഡിയ കോമൺസ്.
മകൾക്ക് ഒരു കുഞ്ഞിക്കാല് കണ്ടിട്ട് മരിച്ചാൽ മതി എന്ന് പറയുന്ന വയോധികരുണ്ട്. ഇവരോട് നാഷണൽ ഹൈവേ സൈഡിലെ ആ ഒന്നരയേക്കർ പാടം പേരിൽ എഴുതിത്തന്നാൽ കുഞ്ഞിക്കാല് കാണിച്ചു തരാം എന്ന് പറഞ്ഞേക്കുക. അല്ലെങ്കിൽ കുഞ്ഞിനെ അഞ്ച് വയസ്സുവരെ വളർത്താൻ തയ്യാറാണോ എന്ന് ചോദിക്കുക. തനിനിറം അപ്പോൾ കാണാം. സ്വന്തം മരണം എന്ന യാഥാർത്ഥ്യത്തെ ഉപയോഗിച്ചുകൊണ്ട് മക്കളെയും, പേരമക്കളെയും ഇമോഷണൽ ബ്ലാക്ക്മെയിൽ ചെയ്യുന്നത് എന്തൊരു ചീപ്പ് പരിപാടിയാണെന്ന് ചിന്തിച്ചുനോക്കൂ. ഇതേ മുത്തച്ഛൻ പണ്ട് പറഞ്ഞ് നടന്നിരുന്നത് മോൾടെ കല്യാണം കഴിഞ്ഞിട്ട് കണ്ണടച്ചാൽ മതി എന്നായിരിക്കും. കല്യാണം കഴിയുന്നതോടുകൂടിയാണ് കുഞ്ഞിക്കാല് ചോദിച്ചു തുടങ്ങുക. അതിനു ശേഷം അടുത്ത കുഞ്ഞിക്കാല് ചോദിക്കും. അയ്യോ രണ്ട് കുഞ്ഞിക്കാലുകളും പെൺകാലുകളായിരുന്നേ, ഇനി ഒരു ആൺകാല് കൂടി വേണമെന്ന് പറയും. അങ്ങനെ അക്ഷയപാത്രം പോലെ ഇവരുടെ ആവശ്യങ്ങൾ ഒന്നിനു പിറകേ ഒന്നായി വന്നുകൊണ്ടേ ഇരിക്കും. ഇവരുടെ വാക്കും അനുസരിച്ച് നടക്കുകയാണെങ്കിൽ ജീവിതാന്ത്യം വരേയ്ക്കും അവർക്കു വേണ്ടി ജീവിക്കേണ്ടി വരും. ഇവരുടെ ആഗ്രഹങ്ങൾക്ക് വേണ്ടി ഒരിക്കലും സ്വന്തം ജീവിതം പന്താടിക്കളിക്കരുത്. കുഞ്ഞിനെ വളർത്തി വലുതാക്കാൻ ഇവരിൽ നിന്നും യാതൊരു സഹായവും ലഭിക്കാനും സാധ്യതയുമില്ല. കുഞ്ഞിക്കാല് വിഷയത്തിൽ നമ്മൾ ഇവരുടെ അഭിപ്രായം മൈൻ്റ് ചെയ്യുന്നില്ല എന്നത് ബോധ്യപ്പെട്ടാൽ അവർ വേറെ ഇരയെ തിരഞ്ഞ് പൊയ്ക്കോളും. നമ്മളെ സത്യസന്ധമായി സ്നേഹിക്കുന്നവരാകട്ടെ, ഇത്തരം ആവശ്യങ്ങളൊന്നും വയ്ക്കാതെ, പരിധിയില്ലാതെ സ്നേഹിക്കുകയാണ് ചെയ്യുക. ഒന്നരയേക്കർ പാടം വെറുതേ എഴുതിത്തന്നുവെന്നും വരും 🙂
വേറെയൊരു ടീമിന് ഭയങ്കര തിരക്കാണ്. മുപ്പത്തഞ്ച് കഴിഞ്ഞാൽ പിന്നെ എത്ര ശ്രമിച്ചാലും കുട്ടികളുണ്ടാവില്ല എന്നാണ് ഇവരുടെ വാദം. തെറ്റാണിത്. ഈ വിഷയത്തിൽ ഞാൻ കേട്ടതിൽ വച്ച് ഏറ്റവും ലളിതമായ വിശദീകരണം ആഡം ഇവിടെ പറയുന്നുണ്ട്. സ്ത്രീകളിൽ നാല്പത് വയസ്സിനു ശേഷമേ കാര്യമായ രീതിയിൽ ഫെർട്ടിലിറ്റി കുറയുന്നുള്ളൂ എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പണ്ടൊക്കെ, എട്ടും, പത്തും കുഞ്ഞുങ്ങളെ പ്രസവിച്ച അമ്മമാർക്ക് അവസാനത്തെ കുഞ്ഞ് അവരുടെ നാല്പതുകളിലാണല്ലോ ജനിച്ചിരുന്നത്. അടുത്ത ഭീതി ഡൗൺസ് സിൻഡ്രോം ആണ്. അമ്മയ്ക്ക് മുപ്പത്തഞ്ച് വയസ്സിനു ശേഷം കുഞ്ഞു ജനിക്കുമ്പോളാണ് ഡൗൺസ് സിൻഡ്രോമിനുള്ള ചാൻസ് കുത്തനെ കൂടുന്നത് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കുത്തനെ എന്നാൽ 25-29 വയസ്സുവരെയുള്ള അമ്മമാർക്ക് 0.001% ആണ് ചാൻസ് എങ്കിൽ 35 വയസ്സിൽ 0.002% വും, നാൽപ്പത് വയസ്സിൽ 0.01% വും ആണ്. കുത്തനെ കൂടി എന്നത് ശരിയാണെങ്കിലും സംഖ്യകൾ വളരെ ചെറുതാണെന്നതുകൊണ്ട് സംഭവ്യത വളരെ കുറവാണെന്ന് ഇപ്പോൾ മനസിലായല്ലോ. ഇനി സ്കാനിങ് വഴി ഡൗൺസ് സിൻഡ്രോം കണ്ടെത്തിക്കഴിഞ്ഞാലും അബോർഷനു വിധേയയായി, വീണ്ടും ഗർഭിണിയാകുക എന്ന മാനവികമായ തീരുമാനവും എടുക്കാവുന്നതേ ഉള്ളൂ. കേരളത്തിലെ ഡൗൺസ് സിൻഡ്രോം ബാധിതരെക്കുറിച്ച് ആധികാരികമായ പഠനങ്ങളൊന്നും നടന്നിട്ടില്ല എന്ന് തോന്നുന്നു. സ്കാനിങ് വഴി ഇത്തരം ജന്മവൈകല്യങ്ങൾ കണ്ടുപിടിക്കാമെന്നതുകൊണ്ട് കേരളത്തിൽ ഇത്തരം കുഞ്ഞുങ്ങളുടെ സംഖ്യ കുറഞ്ഞു വരുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്, കണക്കുകൾ അറിയില്ലെങ്കിലും.
വികസിത രാജ്യങ്ങളിൽ ഒക്കെ ആദ്യ കുഞ്ഞിനെ പ്രസവിക്കുമ്പോൾ അമ്മമാരുടെ ശരാശരി പ്രായം മുപ്പത് വയസ്സ് ആണ്. ഈ പ്രായം ആഫ്രിക്കയിലെ ചാഡിൽ 17 ഉം, ബംഗ്ലാദേശിലും ഉഗാണ്ടയിലും 18 ഉം, അഫ്ഗാനിസ്ഥാനിൽ 19 ഉമാണ്. ആദ്യ പ്രസവം വളരെ നേരത്തെ നടത്തുന്ന രാജ്യങ്ങളെല്ലാം ദരിദ്രരാജ്യങ്ങളാണ്. വികസിത രാജ്യങ്ങളിൽ കുഞ്ഞിനെ വളർത്താനുള്ള ഭൂരിഭാഗം സൗകര്യങ്ങളും സ്റ്റേറ്റ് ചെയ്തുകൊടുത്തിട്ടും, പൗരന്മാർ ഒന്നോ, രണ്ടോ കുഞ്ഞുങ്ങളെ വളർത്താനാണ് താല്പര്യപ്പെടുന്നത്. ഇതൊന്നും ഇല്ലാത്ത ഇന്ത്യയിലാണ് പതിനെട്ടിൽ കല്യാണം കഴിപ്പിച്ചുവിട്ട്, പത്തൊമ്പതിൽ ആദ്യ കുഞ്ഞിനെ ജനിപ്പിച്ച്, മുപ്പത് ആകുമ്പോഴേക്കും നാലു കുട്ടികളുടെ അമ്മയാക്കിവിടുന്നത്. സ്വീഡനിൽ കുഞ്ഞുങ്ങൾ ഉള്ളവർക്ക് മുന്തിയ പരിഗണനയാണ് സർക്കാർ കൊടുക്കുന്നത്. 480 ദിവസങ്ങളാണ് പേരൻ്റൽ ലീവ്. ഇത് കുഞ്ഞിന് എട്ട് വയസ്സ് തികയുന്നതിനുള്ളിൽ എടുത്ത് തീർത്താൽ മതി. ഇതിൽ 90 ദിവസങ്ങളെങ്കിലും അച്ഛൻ എടുക്കണമെന്നത് നിർബന്ധമാണ്. പേരൻ്റൽ ലീവ് കാലഘട്ടത്തിൽ ശമ്പളത്തിൻ്റെ 80% ആണ് കിട്ടുക. മാതാവിനോ പിതാവിനോ ജോലിയില്ലെങ്കിൽ ദിവസം 150 ക്രോണറാണ് (ഏതാണ്ട് 1200 രൂപ) ലഭിക്കുക. 12 വയസ്സ് തികയുന്നത് വരെ കുഞ്ഞിന് അസുഖങ്ങൾ ഉണ്ടായാൽ പരിചരിക്കാൻ കൂടെ നിൽക്കുന്ന മാതാപിതാക്കൾക്ക് വർഷം 120 ദിവസങ്ങൾ ലീവ് കൂടി അധികം ലഭിക്കും. ഒന്നര വയസ്സുമുതൽ കുഞ്ഞിനെ സൗജന്യമായി ഡേ കെയറിൽ ചേർക്കുകയുമാവാം. ആത്യന്തികമായി കുഞ്ഞിനെ വളർത്തേണ്ട ചുമതല സ്റ്റേറ്റിൻ്റേതാണെന്നും, അതുകൊണ്ട് കുഞ്ഞിനു വേണ്ടി മാതാപിതാക്കൾ ചിലവഴിക്കുന്ന സമയത്തിന് സ്റ്റേറ്റ് തന്നെ പ്രതിഫലം നൽകണമെന്നുമുള്ള ആശയമാണ് പേരൻ്റൽ ബെനിഫിറ്റുകൾക്ക് പിന്നിൽ ഉള്ളത്. അതേസമയം ഇവിടെ കേരളത്തിൽ, കുഞ്ഞിനെ വളർത്തുക എന്ന ഭാരിച്ച ചുമതല എന്തോ മഹത്തരമായ ജോലിയായി കണക്കാക്കി, ആ വേതനമില്ലാജോലി നൂറു ശതമാനവും അമ്മയുടെ തലയിൽ കെട്ടിവച്ച്, അവർക്ക് സർഗ്ഗാത്മകമായി മറ്റെന്തെങ്കിലും ചെയ്യാനുള്ള അവസരം കൂടി ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.
അമ്മയുടെ കൊല്ലാനുള്ള അവകാശമാണോ, കുഞ്ഞിൻ്റെ ജീവിക്കാനുള്ള അവകാശമാണോ വലുത് എന്നാണ് ‘പ്രോ ലൈഫു’കാർ ചോദിക്കുന്നത്. ഒറ്റനോട്ടത്തിൽ അമ്മ ഭീകരിയായ കൊലപാതകിയും, ഭ്രൂണം എന്നത് ജീവനുവേണ്ടി കേണപേക്ഷിക്കുന്ന കുഞ്ഞുമാണെന്ന തോന്നലാണ് ഈ വാദപ്രതിവാദത്തിൽ കുഞ്ഞിനോടൊപ്പം ഉറച്ച് നിൽക്കാൻ ചിലരെ പ്രേരിപ്പിക്കുന്നത്. കൃത്യമായി പറഞ്ഞാൽ ഭ്രൂണം ഒരു പരാദമാണ്. അമ്മയുടെ ശരീരത്തിൽ നിന്നും പോഷകങ്ങൾ ഊറ്റിയെടുക്കുന്ന പരാദം. അതിൽ കവിഞ്ഞ് ഭ്രൂണത്തിന് മനുഷ്യക്കോലമോ, പ്രജ്ഞയോ ഇല്ല. അബോർഷനെ എതിർക്കുന്ന ഗ്രൂപ്പ് പലപ്പോഴും സ്റ്റിൽബോൺ (ചാപിള്ള) യുടെ ചിത്രം ഉപയോഗിച്ചാണ് അബോർഷൻ പാപമാണെന്ന് പ്രചരിപ്പിക്കാറ്. ഗർഭധാരണത്തിനു ശേഷം ഇരുപത്തിനാലാം ആഴ്ച വരെ ഒരു തരത്തിലും വേദന അറിയാനുള്ള കഴിവ് ഭ്രൂണത്തിനില്ല. മസ്തിഷ്കവും ഞരമ്പുകളും തമ്മിലുള്ള ബന്ധം സ്ഥാപിക്കപ്പെട്ടിട്ടില്ലാത്തതുകൊണ്ടാണിത്. സാധാരണഗതിയിൽ അബോർഷൻ നടത്തുന്നത് 24 ആഴ്ചയിലും വളരെ മുന്നെയാണെന്നോർക്കണം. അതുകൊണ്ട്, അബോർഷൻ വിരോധികളെ പ്രോ ലൈഫുകാർ (ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി പോരാടുന്നവർ) എന്ന് വിളിക്കുന്നതേ തെറ്റാണ്. ജീവിതത്തിലേക്ക് കാലുവച്ചിട്ടേ ഇല്ലാത്ത ഭ്രൂണത്തിന് എങ്ങനെയാണ് ജീവിക്കാനുള്ള അവകാശം നിഷേധിക്കാനാവുക! കുഞ്ഞിനോട് സമ്മതം ചോദിക്കാതെയല്ലേ അബോർഷൻ ചെയ്തതത് എന്ന് ചോദിച്ചാൽ, കുഞ്ഞിനോട് സമ്മതം ചോദിച്ചിട്ടല്ല അതിനെ സൃഷ്ടിച്ചതും എന്നാണ് ഉത്തരം. എൻ്റെ സഹാനുഭൂതി മുഴുവനും ജനിച്ച ശേഷം ദുരിതം അനുഭവിച്ച് ജീവിക്കുന്ന കുഞ്ഞുങ്ങളോടാണ്, വയറ്റിലിരിക്കുന്ന ഭ്രൂണത്തോടല്ല.
അല്പബുദ്ധികൾക്ക് വേണ്ടി മുകളിൽ പറഞ്ഞ കാര്യങ്ങൾ വ്യക്തിപരമായ വീക്ഷണകോണിലൂടെ സമ്മറൈസ് ചെയ്ത് പറയാം. അല്പബുദ്ധികളോട് “ഇന്ത്യയിലെ ജനസാന്ദ്രത സ്ക്വയർ കിലോമീറ്ററിൽ 382 ആണ് എന്നതുകൊണ്ട് ജനപ്പെരുപ്പം ഉണ്ട്” എന്ന് പറഞ്ഞുകൊടുത്താൽ മനസിലാകണം എന്നില്ല. പക്ഷെ, നിങ്ങളുടെ വീടിനു ചുറ്റുപാടും കെട്ടിടങ്ങളല്ലേ, മാർക്കറ്റിൽ ഭയങ്കര തിരക്കല്ലേ, ബസ്സിൽ സൂചി കുത്താൻ ഇടമില്ലല്ലോ, അതുകൊണ്ട് ജനപ്പെരുപ്പം ഇല്ലേ എന്ന് ചോദിച്ചാൽ ചിലപ്പോൾ അംഗീകരിച്ചേക്കാം. ഇത്തരം അല്പബുദ്ധികൾ നിങ്ങളുടെ ചുറ്റിലും ഉള്ളതുകൊണ്ട് ഫാമിലി പ്ലാനിങ്ങിനെക്കുറിച്ച് നിങ്ങൾക്കുള്ള നിലപാട് ഇവർക്ക് വിശദീകരിച്ച് കൊടുക്കേണ്ടി വന്നേക്കാം. അവർക്കു പറഞ്ഞു കൊടുക്കാൻ വേണ്ടിയാണ് ഇനിപ്പറയുന്ന വിശദീകരണം.
“എനിക്ക് നിയമപ്രകാരം പ്രായപൂർത്തിയായതുകൊണ്ട് കുഞ്ഞ് വേണോ അഥവാ വേണ്ടയോ എന്ന തീരുമാനം ആദ്യം എടുക്കും. കുഞ്ഞ് വേണമെങ്കിൽ, കുഞ്ഞിനെ ഒരു നല്ല വ്യക്തിയായി വളർത്താനുള്ള കഴിവുണ്ടോ എന്ന് വീണ്ടും ചിന്തിച്ച് തീരുമാനമെടുക്കും. കഴിവുണ്ടെങ്കിൽ കുഞ്ഞിന് ജന്മം കൊടുക്കണോ അതോ ദത്തെടുക്കണോ എന്ന് തീരുമാനിക്കും. ഈ തീരുമാനം പൂർണ്ണമായും എൻ്റേതും, പങ്കാളിയുണ്ടെങ്കിൽ അവരുടേതും കൂടിയായിരിക്കും. കുടുംബക്കാരുടെയോ, പരിചയക്കാരുടെയോ, മതനേതാക്കളുടെയോ നിർബന്ധത്തിനു വഴങ്ങിയല്ല ഞങ്ങൾ കുഞ്ഞിൻ്റെ കാര്യത്തിൽ തീരുമാനമെടുക്കുന്നത്. അതുപോലെ, മറ്റുള്ളവരെ കുഞ്ഞുണ്ടാക്കാൻ ഞാനും നിർബന്ധിക്കുകയില്ല. കുഞ്ഞില്ലാത്തവരെ മുൻവിധിയോടുകൂടി കാണുകയുമില്ല. ഗർഭനിരോധനമാർഗ്ഗങ്ങൾ 100% ഫലപ്രദമല്ല എന്നെനിക്ക് അറിയാം. ഗർഭിണിയായാൽ, കുഞ്ഞിനെ വളർത്താൻ സാധിക്കാത്തപക്ഷം മാനവികമായ പരിഹാരം അബോർഷനാണ്. മറ്റുള്ളവർ അബോർഷൻ ചെയ്യുന്നത് അവരുടെ വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്ന് മനസിലാക്കി, അവരോട് ഞാൻ അനുകമ്പ കാണിക്കും. അവരുടെ ഈ തീരുമാനത്തിൽ ഞാൻ ഇടപെടുകയോ, അഭിപ്രായം പറയുകയോ ഇല്ല. ഞാൻ അബോർഷൻ ചെയ്യുന്നില്ല/ചെയ്തിട്ടില്ല എന്നതുകൊണ്ട് മറ്റുള്ളവരിൽ ഇതേ പൊതുബോധം അടിച്ചേൽപ്പിക്കാനുള്ള അവകാശം എനിക്കില്ല.”
* Assuming that both are independent events. Hence, 0.18*0.09 becomes 0.016.
ഈയടുത്തായി ഡോക്ടർമാർ സാധരണ ജനങ്ങളിൽ നിന്നും അകന്നതോടു കൂടിയാണ് കൂട്ടിരിപ്പുകാരുടെ കയ്യിൽ നിന്ന് ഡോക്ടർമാർക്ക് തല്ല് കിട്ടുന്ന സംഭവങ്ങൾ കൂടുതലായി ഉണ്ടാവാൻ തുടങ്ങിയത് എന്ന് ഒരു സുഹൃത്ത് സംസാരത്തിനിടയിൽ പറഞ്ഞിരുന്നു. ഇത് മുഴുവനായും ശരിയല്ല എന്നാണ് തോന്നുന്നത്. പണ്ട് ഡോക്ടറെ തല്ലാൻ ചെന്ന കാര്യം, വാട്ട്സാപ്പും ഫേസ്ബുക്കും ഒന്നും ഇല്ലാത്തതുകൊണ്ട് തല്ല് വാങ്ങിയ ആളും കിട്ടിയ ആളും ഒഴികെ ആരും അറിയില്ലായിരുന്നു. തല്ലിയതിനു ശേഷവും കാര്യങ്ങൾ വ്യക്തമായി പറഞ്ഞ് മനസിലാക്കിയാൽ, തെറ്റ് തങ്ങളുടെ ഭാഗത്താണെങ്കിൽ കൂട്ടിരിപ്പുകാർക്ക് സത്യാവസ്ഥ പിടികിട്ടുകയും, മനസ്താപം വന്ന് മാപ്പ് പറയുകയും ചെയ്യുമായിരുന്നു. ഇപ്പോൾ അങ്ങനെയല്ലല്ലോ. ഉടനടി ലൈവായിട്ട് തല്ലുന്നതിൻ്റെ വീഡിയോ അപ്ലോഡ് ചെയ്താൽ മിനിറ്റുകൾക്കകം അത് ആയിരക്കണക്കിന് ആളുകൾ ഷെയർ ചെയ്യും. അപ്ലോഡ് ചെയ്തയാൾക്ക് പിന്നീട് മനം മാറ്റം ഉണ്ടായാലും, ഷെയർ ചെയ്തവർ ഏറ്റെടുത്ത് പ്രശ്നം ഗുരുതരമാക്കിത്തരും. കമൻ്റിലൂടെ സപ്പോട്ട ചെയ്തവരുടെ വാക്കും കേട്ട് പുളകം കൊണ്ട രോഗി പിന്നീട് ഡോക്ടറുടെ അടുത്തേക്ക് ചർച്ചയ്ക്ക് പോകില്ല. ഓൺലൈൻ പോർട്ടലുകൾ ഡോക്ടറുടെ ജാതകം വരെ ചികഞ്ഞ്, ഡോക്ടറുടെ പൂർവ്വജീവിതത്തെക്കുറിച്ച് മഞ്ഞമൂല്യം ഉള്ള വാർത്തകൾ ഉണ്ടാക്കിയെടുക്കും. അവസാനം ഡോക്ടർ ഫേസ്ബുക്കിൽ ലൈവ് വന്ന് നിരപരാധിത്വം തെളിയിക്കേണ്ട ദയനീയ അവസ്ഥയാണുള്ളത്. ഡോക്ടറുടെ പോസ്റ്റ് മാക്സിമം നൂറാൾ ഷെയർ ചെയ്യുമ്പോൾ രോഗിയുടേത് രണ്ടായിരം പേർ ഷെയർ ചെയ്ത് കാണും. ഡോക്ടറെ തല്ലുന്നത് കാണാൻ നല്ല ശേലായതുകൊണ്ട് വാട്ട്സാപ്പിലും ക്ലിപ്പ് കറങ്ങിനടക്കും. ചെയ്യാത്ത കുറ്റത്തിന് തല്ലും വാങ്ങി, അതിൻ്റെ വീഡിയോ വയറലും ആയി, സത്യാവസ്ഥ ബോധിപ്പിക്കാൻ കഴിയാതെയും ആയി, കേരളം മുഴുവനുമുള്ള ആളുകൾ ഡോക്ടറെ തല്ലുന്ന സീൻ ക്ലിപ്പായി കണ്ടശേഷം സത്യം തെളിയിച്ചാൽ തന്നെ അത് ആർക്കും വേണ്ടാതെയും ആകുന്ന അവസ്ഥ എന്ത് പരിതാപകരമാണെന്ന് ആലോചിച്ച് നോക്കൂ.
രോഗി രാത്രി ഉറങ്ങിയില്ലെങ്കിലും ബൈസ്റ്റാൻ്റർ ഉറങ്ങിയിരിക്കണം എന്ന് ഹൗസ് സർജന്മാർ കളിയായി പറയാറുണ്ട്. ഇതിൽ സത്യം ഇല്ലാതില്ല. രാത്രി ഉറങ്ങാൻ കഴിയാത്ത ബൈസ്റ്റാൻ്റർ കുറച്ച് കലിപ്പിലായിരിക്കും. ഇവർ രോഗിക്ക് പ്രത്യേകിച്ച് കുഴപ്പമില്ലെങ്കിലും എന്തെങ്കിലും കാരണം കണ്ടുപിടിച്ച് രാത്രി ഡോക്ടറെ എഴുന്നേൽപ്പിച്ച് വരുത്തും. ഞാൻ ഉറങ്ങാത്തതുകൊണ്ട് ഡോക്ടറും ഉറങ്ങണ്ട എന്ന ലൈൻ. അതേസമയം രോഗിക്ക് ശരിക്കും പ്രശ്നമുണ്ടെങ്കിലും, ഡോക്ടറെ എഴുന്നേൽപ്പിക്കുന്നത് മോശമല്ലേ എന്ന് വിചാരിക്കുന്ന കൂട്ടിരിപ്പുകാരും ഉണ്ട്. ഏറെ ദയനീയം, ചില സാമൂഹികമായി പിന്നോക്കം നിൽക്കുന്ന രോഗികളുടെ കാര്യമാണ്. രാത്രി എന്തെങ്കിലും എമർജൻസി ഉണ്ടെങ്കിൽ ഡോക്ടറെ വിളിക്കാമെന്നു പോലും ഇവർക്കറിഞ്ഞുകൂടാ. അതുകൊണ്ട് അല്പം സീരിയസ് ആയ രോഗി ആണെങ്കിൽ, ഡോക്ടർ പച്ച കതകുള്ള റൂമിൽ ഉണ്ടാകും, രോഗിക്ക് ശ്വാസം മുട്ടൽ വന്നാൽ കതക് മുട്ടി വന്ന് പറയണം എന്നൊക്കെ പറഞ്ഞ് മനസിലാക്കി കൊടുക്കേണ്ടി വരും.
രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് രോഗിയുടെ കാര്യത്തിൽ ശ്രദ്ധയുണ്ടോ എന്നത് നോക്കാൻ ഞാൻ ചില സൂത്രപ്പണികൾ ചെയ്യാറുണ്ട്. രാത്രി കൃത്യം എട്ട് മണിക്ക് തന്നെ യൂറിൻ ബാഗിലെ മൂത്രത്തിൻ്റെ അളവ് നോക്കി പറഞ്ഞുതരണം എന്ന് പറയും. കൃത്യം എട്ട് മണിക്ക് അളവ് റിപ്പോർട്ട് ചെയ്യാൻ വരുന്ന കൂട്ടിരിപ്പുകാരി, രോഗിയുടെ കാര്യത്തിൽ നല്ല ശ്രദ്ധ കൊടുക്കുന്ന ആളായിരിക്കും. എട്ടുമണിയിൽ നിന്നും വ്യതിചലിക്കുന്ന മിനിറ്റുകളോരോന്നും ശ്രദ്ധയില്ലായ്മയുടെ മാനകം ആയി കണക്കാക്കാം. ശ്രദ്ധയുള്ള കൂട്ടിരിപ്പുകാരി നല്ലവണ്ണം പരിചരിക്കുന്നതുകൊണ്ടും, രോഗിയിൽ ഉണ്ടായ ചെറിയ മാറ്റങ്ങൾ വരെ കണ്ടുപിടിക്കുന്നതുകൊണ്ടും രോഗം വേഗത്തിൽ മാറാൻ വലിയ പങ്കു വഹിക്കുന്നുണ്ട്. വെൻ്റിലേറ്ററിലുള്ള രോഗികൾക്കും, മസ്തിഷ്കസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും സ്വയം തീരുമാനങ്ങൾ എടുക്കാൻ കഴിയാത്തതുകൊണ്ട് കൂട്ടിരിപ്പുകാരായിരിക്കും തീരുമാനങ്ങൾ എടുക്കുന്നത്. ചിലവേറിയ ചികിത്സ വേണ്ടിവരുമെന്ന് പറയുമ്പോൾ, കിടപ്പാടം പണയം വച്ചും ചികിത്സിക്കാം ഡോക്ടറേ എന്നു പറയുന്ന കൂട്ടിരിപ്പുകാരനും, ഇത്രയൊക്കെ ചെലവുള്ള ചികിത്സ ചെയ്യേണ്ടതുണ്ടോ എന്ന് പറയുന്ന കൂട്ടിരിപ്പുകാരനും തമ്മിൽ രോഗിയെ സംബന്ധിച്ചിടത്തോളം വലിയ വ്യത്യാസമുണ്ട്. “എല്ലാം മാറും, ഞാനില്ലേ കൂടെ” എന്ന് പറയുന്ന കൂട്ടിരിപ്പുകാരിയും, “നാളെയെങ്കിലും ഡിസ്ചാർജ്ജ് ആയില്ലെങ്കിൽ ഞാൻ വീട്ടിൽ പോകും” എന്ന് പറയുന്ന കൂട്ടിരിപ്പുകാരിയും രോഗിയെ മാനസിക തലത്തിൽ സ്വാധീനിക്കുന്നത് വ്യത്യസ്ഥമായാണ്. അതുകൊണ്ട് ഏറ്റവും അടുപ്പമുള്ളവരെ മാത്രം കൂട്ടിരിപ്പിനായി കൂടെ കൊണ്ടുപോകുക. കൂട്ടിരിപ്പുകാരുടെ പ്രവൃത്തികളും, മാനസികനിലയും, സാഹചര്യങ്ങളും നിങ്ങൾ വിചാരിക്കുന്നതിലധികം നിങ്ങളുടെ രോഗമുക്തിയെ സ്വാധീനിക്കുന്നുണ്ട്.
ചില ആളുകൾ ഉണ്ട്. രോഗി ‘കോളേജി’ലാണെന്ന് നാട്ടിൽ വിവരം അറിഞ്ഞാൽ മുഴുവൻ കൂട്ടുകാരെയും കൂട്ടി ജീപ്പിൽ കോഴിക്കോട്ടങ്ങാടിയിലേക്ക് വരും. രോഗിയേയും കാണാം, പാരഗണിൽ പോയി ബിരിയാണിയും അടിക്കാം, ബീച്ചിൽ പോയി ആർമ്മാദിക്കുകയും ചെയ്യാം എന്നതാണ് ഇവരുടെ ലൈൻ. ചങ്ക് ബ്രോയെ നേരിൽ കണ്ട് കോൺഫിഡൻസ് കൊടുക്കാൻ വേണ്ടിയാണ് ഇവരുടെ വരവ്. ബൈക്കിൽ നിന്ന് വീണതോ, ഡങ്കു വന്ന് അഡ്മിറ്റായതോ, അപ്പൻഡിസൈറ്റിസിന് ഓപ്പറേഷൻ കഴിഞ്ഞതോ ഒക്കെ ആയ യുവാക്കൾക്കാണ് ഇത്തരം ബൈസ്റ്റാൻ്റർമാർ കടന്നൽക്കൂട്ടം പോലെ വന്നെത്തുന്നത്. ചങ്കിൻ്റെ കൂടെ ഗ്രൂപ്പ് ഫോട്ടോ, സെൽഫി ഒക്കെ എടുക്കും. അതിലൊരുത്തൻ വന്നിട്ട്, “ഞാൻ ഫയാസ് എന്ന പത്താം ബെഡ്ഡിലെ രോഗിയുടെ ഫ്രണ്ട്സ് ആണ്, ഇപ്പോൾ ഫയാസിൻ്റെ കണ്ടീഷൻ എന്താണ്, അവനെ ഐസിയുവിൽ അഡ്മിറ്റ് ആക്കേണ്ടിവരുമോ, ഞാൻ ബ്ലഡ് തരേണ്ടിവരുമോ” എന്നൊക്കെ ഡോക്ടറോടും, നേഴ്സിനോടും മാറി മാറി ചോദിക്കും. പയറുപോലെ കിടക്കുന്ന ഫയാസിനെ പിറ്റേ ദിവസം ഡിസ്ചാർജ് ആക്കാൻ പ്ലാൻ ചെയ്യുമ്പോഴായിരിക്കും ഈ ചോദ്യം. ഫയാസിന് നാടകീയമായ കോമ്പ്ലിക്കേഷനുകൾ വരുമ്പോൾ സഹായത്തിനെത്തുന്ന ഹീറോ ആകാൻ ഇവർക്ക് വലിയ ആക്രാന്തമാണ്. ഇവർക്ക് എന്തെങ്കിലുമൊക്കെ ഉത്തരം കൊടുത്ത്, എങ്ങനെയെങ്കിലും പറഞ്ഞു വിടുന്നതാണ് നല്ലത് എന്ന് ഡോക്ടർക്കും, നേഴ്സിനും അറിയാം. ഇതിൽ ഒരാളുടെ ചോദ്യങ്ങളോട് ഡോക്ടർ കൃത്യമായി പ്രതികരിച്ചില്ലെങ്കിൽ സംശയം വ്യക്തമായി ക്ലിയർ ആക്കാൻ വേണ്ടി അടുത്തവൻ വരും. അതിനു പിറകെ അടുത്തവൻ. അതുകൊണ്ട് ആദ്യം വരുന്നവനെ അനുഭാവപൂർവ്വം കൈകാര്യം ചെയ്ത് പറഞ്ഞ് വിടുന്നതാണ് നല്ലത്. ബ്ലഡ് വേണമെങ്കിൽ ഉടനെ വിളിക്കാം എന്നൊക്കെ പറഞ്ഞാൽ ഇവർക്ക് സന്തോഷമാകും. മൊട്ടയിൽ നിന്നും വിരിയാത്ത പയ്യന്മാരാണെങ്കിലും ഇവർക്ക് സ്ത്രീ ഡോക്ടർമാരോട് പ്രത്യേകം അനുഭാവവുമുണ്ട്. അതുകൊണ്ട് ഫയാസിൻ്റെ ഡീറ്റെയിൽസ് അറിയാൻ ഫോൺ നമ്പർ തരുമോ എന്നൊക്കെ ചോദിക്കും. നമ്പർ കൊടുത്താൽ ദിവസവും ഇയാളുടെ വക ഗുഡ് മോണിങ്, ഗുണപാഠകഥകൾ, ഫലിതബിന്ദുക്കൾ എന്നിവ കേൾക്കേണ്ടി വരും. ഒരാവശ്യവുമില്ലാതെ വിളിച്ചെന്നും വരും. അതുകൊണ്ട് ആശുപത്രി നിയമങ്ങൾ പ്രകാരം ആർക്കും പേഴ്സണൽ നമ്പർ കൊടുക്കാൻ പാടില്ല എന്ന് പറഞ്ഞ് ഇവരെ ഒഴിവാക്കിവിടണം. അങ്ങനെ ഒരു നിയമം ആശുപത്രിയിൽ ഇല്ലെങ്കിൽ പോലും.
അടുത്ത ഗ്രൂപ്പിനെ പരിചയപ്പെടാം. ഇവർ കുടുംബക്കാരാണ്. കാറിലോ, ഓട്ടോയിലോ ഒക്കെയാണ് വരുന്നത്. മെഡിക്കൽ കോളേജ് സർക്കിളിൽ നിന്നും ഒരുകിലോ ഓറഞ്ചും, ഒരു കിലോ മുന്തിരിയും വാങ്ങിയിട്ടാണ് വരവ്. രോഗി മിക്കവാറും ഹൃദയാഘാതം കഴിഞ്ഞ മധ്യവയസ്കനോ, ഓപ്പറേഷൻ കഴിഞ്ഞ സ്ത്രീയോ ഒക്കെ ആയിരിക്കും. പൊടിക്കുഞ്ഞുങ്ങളെ വരെ കയ്യിലെടുത്തുകൊണ്ടാണ് വരവ്. വന്നിട്ട് എല്ലാവരും കൂടി രോഗിയുടെ ബെഡ്ഡിൽ രോഗിയായ വലിയച്ഛൻ്റെ ചുറ്റും ഇരിക്കും. ചിലപ്പോൾ അവർ കൊണ്ടുവന്ന ഓറഞ്ച് അവർ തന്നെ തൊലിച്ച് തിന്നും. എന്നിട്ട് സൊറ പറച്ചിലാണ്. ഹോസ്പിറ്റലിൽ ആയിപ്പോയതുകൊണ്ട് വലിയച്ഛന് മിസ്സായ കുടുംബത്തിലെ ലേറ്റസ്റ്റ് ഗോസിപ്പുകൾ ഒക്കെ ഇവർ അപ്ഡേറ്റ് ചെയ്തുകൊടുക്കും. അടുത്തവീട്ടിലെ ചേച്ചിയുടെ അമ്മായി അറ്റാക്ക് വന്നപ്പോൾ മരിച്ചു പോയി, പക്ഷെ വലിയച്ഛൻ അറ്റാക്കിൽ നിന്ന് രക്ഷപെട്ടത് മഹാഭാഗ്യം എന്ന മോഡലിൽ ഡയലോഗ് പുരോഗമിക്കും. അറ്റാക്ക് വന്നവർ കഴിക്കേണ്ട ആഹാരക്രമം (വാട്ട്സാപ്പിൽ കണ്ടത്), അറ്റാക്കിനെ ചെറുക്കാനുള്ള ഒറ്റമൂലി (അയൽക്കാരൻ പറഞ്ഞത്) എന്നിവയൊക്കെ കാര്യമായി ഇരുന്ന് ചർച്ച ചെയ്യും. കേട്ടിരിക്കുന്ന രോഗിയായ വലിയച്ഛന്, അറ്റാക്ക് വന്ന് തട്ടിപ്പോകുന്നതായിരുന്നു ഈ വെറുപ്പിക്കലിനെക്കാൾ ഭേദം എന്ന തോന്നൽ ഉണ്ടായില്ലെങ്കിലേ അദ്ഭുതമുള്ളൂ. അതിൻ്റെ ഇടയിൽ ഡോക്ടർ വന്നാൽ എല്ലാ ചുറ്റിരിപ്പുകാരും എഴുന്നേറ്റ് നിന്ന് ബഹുമാനിക്കും. പരിശോധന കഴിഞ്ഞാൽ കൂട്ടത്തിലെ ഒരാൾ വന്ന് “കുഴപ്പമൊന്നുമില്ലല്ലോ ഡോക്ടർ” എന്ന് വെറുതേ കുശലം ചോദിക്കും. ഇവർക്ക് ചോദിച്ചു എന്ന് വരുത്തിത്തീർക്കുക എന്നതാണ് ഉത്തരം കിട്ടുക എന്നതിനെക്കാൾ പ്രധാനം. അതുകൊണ്ട്, “കുഴപ്പമൊന്നുമില്ല” എന്ന് ഒറ്റവാക്കിൽ ഉത്തരം പറഞ്ഞാൽ സമാധാനമായി.
വേറൊരു ഗ്രൂപ്പുണ്ട്. ഇവർ ലോക്കൽ നേതാക്കളോ, അനീതിക്കെതിരെ ചോര തിളപ്പിക്കുന്ന സിംഹങ്ങളോ ആയിരിക്കും. മൂന്നോ നാലോ പേരുള്ള ഗ്രൂപ്പുകളായിട്ടാണ് ഇവർ രോഗിയെ സന്ദർശിക്കാൻ എത്തുക. കുറച്ചുകൂടി വലിയ ഗ്രൂപ്പാണെങ്കിൽ കൂടെ ക്യാമറാമാനും കാണും. നഴ്സിങ് സ്റ്റേഷനിൽ നേരേ പോയി മാസ്കെടുത്ത് കെട്ടുന്നവരും, ആശുപത്രിയെ സ്വന്തം വീടുപോലെ കാണുന്നവരും, ഐസിയുവിലേക്ക് ഇരച്ച് കേറുന്നവരും ഈ ഗ്രൂപ്പിൽ പെട്ടവരാണ്. ഇവർക്ക് ആകെ പരവേശമാണ്. ഞങ്ങളുടെ രോഗിയുടെ റിസൾട്ട് കിട്ടുന്നില്ല, വൈകുന്നേരത്തെ റൗണ്ട്സിൽ ബി.പി നോക്കിയില്ല എന്നൊക്കെ ഡോക്ടറോട് പരാതി പറയും. സൗകര്യക്കുറവുകൾ ഉണ്ടെങ്കിൽ സൂപ്രണ്ടിനോടാണ് പരാതി പറയേണ്ടത് എന്ന് നമ്മൾ പറയും. സൂപ്രണ്ട് ഇവരുടെ പാർട്ടിവഴി ബന്ധത്തിലെ സ്വന്തം ആളാണ് എന്നൊക്കെ ഇവർ നമ്മളെ പറഞ്ഞ് മനസിലാക്കിത്തരും. നഴ്സിനെ ഇവർക്ക് പുച്ഛമാണ്. നുമ്മടെ സ്റ്റാൻ്റേർഡ് അനുസരിച്ച് ഡോക്ടറോട് മാത്രമേ സംസാരിക്കുകയുള്ളൂ എന്നതാണ് ഇവരുടെ ലൈൻ. രോഗിയുടെ മുന്നിൽ നിന്ന് നിർത്താതെ ഫോൺ വിളിക്കുന്നതും ഇവരുടെ പ്രത്യേകതയാണ്. വെള്ളമുണ്ടും ഷർട്ടുമാണ് ഇവരുടെ സ്ഥിരം വേഷമെങ്കിലും മറ്റ് വേഷക്കാരെയും കാണാറുണ്ട്. ഇവർ ചൂടായാലും നമ്മൾ സംയമനം പാലിക്കണം. ഇവരുടെ അഹങ്കാരം കണ്ടിട്ട് നമ്മളും കൂടി ചൂടായിക്കഴിഞ്ഞാൽ ഇവരുടെ അനുയായികൾ എല്ലാം ക്യാമറയിൽ പകർത്തി വാട്ട്സാപ്പിലിടും. അപമര്യാദയായി പെരുമാറുന്ന ഡോക്ടറെ ഡിസ്മിസ് ചെയ്യാൻ വേണ്ടി ഷെയർ മാക്സിമം എന്ന ക്യാപ്ഷനും കൊടുത്ത് ഈ വീഡിയോ ഷെയർ ചെയ്യാൻ വേറെയും കുറെ ഊളകളും കാണും. അതുകൊണ്ട് എല്ലാത്തിനും പുഞ്ചിരിച്ചുകൊണ്ട് മറുപടി പറയുക. ചെയ്യാൻ കഴിയാത്ത കാര്യം, “നടക്കില്ല” എന്ന് കട്ടായം പറയരുത്. വിഷയം സൂപ്രണ്ടിൻ്റെ ശ്രദ്ധയിൽ പെടുത്താം, ചർച്ച ചെയ്യാം എന്നൊക്കെ മാത്രമേ പറയാവൂ. സൂപ്രണ്ടിനോട് സംസാരിക്കേണ്ട വിഷയമൊക്കെ ഇവരാണ് ഉന്നയിച്ചത് എന്ന് ആലോചിക്കുമ്പോൾ ഇവർക്ക് സ്വയം മതിപ്പൊക്കെ തോന്നും. അങ്ങനെ, ഇവരുടെ പൊങ്ങച്ചത്തിന് വെയിറ്റിട്ട് വെയിറ്റിട്ട് വേണം പയ്യെ ഇവരെ ഒതുക്കിയെടുക്കാൻ. ഇവരുടെ എല്ലാ പൊങ്ങച്ചങ്ങളും ഡോക്ടർ അംഗീകരിച്ചു എന്ന തോന്നൽ വന്നാൽ പിന്നെ ഇവർ ഡീസൻ്റ് ആയിക്കോളും. ചിലപ്പോൾ നിങ്ങൾക്ക് പ്രൊമോഷൻ റെഡിയാക്കാൻ സൂപ്രണ്ടിനോട് പറയാം എന്നൊക്കെ പറഞ്ഞ് കളയും 🙂
രോഗിയുടെ കൂടെ പ്രാർത്ഥിക്കാൻ വരുന്നവരുണ്ട്. ഇത്തരക്കാർ ചുരുക്കമാണെങ്കിലും നമ്മുടെ ട്രീറ്റ്മെൻ്റിൻ്റെ ക്രെഡിറ്റ് ഇവർ അടിച്ചുമാറ്റും. പ്രാർത്ഥനക്കാർ ചിലപ്പോൾ ഡോക്ടറെയും കണ്ട് അനുഗ്രഹിക്കും. പ്രാർത്ഥനകളുള്ള പുസ്തകം ഫ്രീയായി തരും. മെഡിസിനും, വിശ്വാസവും തമ്മിലുള്ള അഭേദ്യ ബന്ധത്തെക്കുറിച്ച് വാചാലരാകും. തമാശയിലൂടെ ഇത്തരക്കാരുടെ പൊള്ളത്തരം ഈ വീഡിയോയിൽ (9:00-12:00 sec) ചിത്രീകരിച്ചിട്ടുണ്ട്. എൻ്റെ ക്ലാസ്മേറ്റ്സ് ചേർന്ന് പണ്ട് എടുത്ത പടമാണ്. എല്ലാവരും കണ്ട് വിജയിപ്പിക്കണം 🙂
വാർഡിലെ കൂട്ടിരിപ്പുകാരെ നമ്മൾ പരിചയപ്പെട്ടു. ഇനി എമർജൻസി മെഡിസിനിലെ ബൈസ്റ്റാൻ്റർമാരെ പരിചയപ്പെടാം. ഇവർ താരതമ്യേനെ കൂടുതൽ ആക്ടീവ് ആയിരിക്കും. എന്താ ഇവിടെ ഒന്നും നടക്കാത്തത്, എൻ്റെ കൈ തരിക്കുന്നു എന്ന സീൻ. ബ്ലഡ് ടെസ്റ്റിൻ്റെ റിസൾട്ട് വന്നാലേ ഇനിയെന്തെങ്കിലും ചെയ്യാൻ പറ്റൂ എന്നൊക്കെ നമ്മൾ പറഞ്ഞു നോക്കും. പക്ഷെ, ഇവർ പ്രക്ഷുബ്ദരാകും. രോഗി വെറുതേ കിടക്കുന്നത് കണ്ടിട്ട് ഇവർക്ക് സഹിക്കുന്നുണ്ടാവില്ല. സീൻ ഡാർക്കാണെന്ന് മനസിലായാൽ യുക്തിപരമായി ഇവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കരുത്. പറഞ്ഞു തീരുന്നതിനു മുൻപ് അടി വീഴും എന്നതുകൊണ്ടാണിത്. ഇവിടെ ചെയ്യേണ്ട സ്ട്രാറ്റജി രോഗിയുടെ അടുത്ത് ചെന്ന് ബി.പി നോക്കുക എന്നതാണ്. ബി.പി എത്രയാണെന്ന് കൂട്ടിരിപ്പുകാരനോട് പറഞ്ഞുകൊടുക്കുക. ആ ബി.പി നോർമൽ ആണെന്നും പറയുക. ബി.പി നോർമൽ ആകാനുള്ള കാരണങ്ങളെക്കുറിച്ച് മുപ്പത് സെക്കൻ്റ് സംസാരിക്കുക. എന്നിട്ട് നേരത്തേ പറഞ്ഞ ബ്ലഡ് ടെസ്റ്റിൻ്റെ കാര്യം ഒന്നുകൂടി മയത്തിൽ പറയുക. ഇങ്ങനെ ചെയ്താൽ അടി വരുന്നത് തടയാം. ഒരാവശ്യവുമില്ലാതെയാണ് ബി.പി നോക്കുന്നതെങ്കിലും, വല്ലതും ചെയ്യുന്നുണ്ട് എന്ന തോന്നൽ വരുത്തി തീർക്കുക എന്നതാണ് ഇവിടെ പ്രധാനം. രോഗിക്ക് പുരോഗതിയുണ്ടോ എന്നതല്ല, ഡോക്ടർ എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നതാണ് ഈ കൂട്ടിരിപ്പുകാർ പെർഫോമൻസ് മെട്രിക്കാക്കി കണക്കാക്കുന്നത്.
ചില കാഷ്വാലിറ്റി കൂട്ടിരിപ്പുകാർക്ക് ബോറടിയാണ്. ഇവർ ഇവിടെ നാടകീയത കാണാൻ വന്നതാണ്. അമ്മമാരുടെ അലറിക്കരച്ചിൽ, രക്തത്തിൽ കുളിച്ചു കൊണ്ടുവന്ന രോഗികളുടെ പ്രാണവേദന എന്നിവയൊക്കെ കൂടി കണ്ട്, കഴിയുമെങ്കിൽ വീഡിയോയും എടുത്ത്, എൻ്റർടൈന്മെൻ്റ് ഉണ്ടാക്കാം എന്ന് വിചാരിച്ചാണ് ഇവർ ക്യാഷ്വാലിറ്റിയിലേക്ക് രോഗിയെയും കൊണ്ട് വരുന്നത്. ഇവർക്ക് കണ്ടുനിൽക്കാനുള്ള നാടകീയതയൊന്നും പലപ്പോഴും സംഭവിക്കില്ല. സംഭവിച്ചാൽ തന്നെ ഇവർക്ക് കാണാൻ പാകത്തിൽ രോഗിയെ തുറന്ന് വച്ച് കൊടുക്കുകയുമില്ല. നാടകീയത ഇല്ലാത്തതുകൊണ്ട് ഇവർക്ക് ബോറടിക്കും. അപ്പോൾ ഡോക്ടറോട് എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാം എന്ന് വിചാരിച്ച് അടുത്ത് കൂടാൻ ശ്രമിക്കും. ഡോക്ടർ ഡ്യൂട്ടിയിലാണെങ്കിൽ നിർത്താതെ പണി ചെയ്തുകൊള്ളണം എന്നാണ് ഇവർ വിചാരിക്കുന്നത്. പന്ത്രണ്ട് മണിക്കൂർ തുടർച്ചയായി ജോലി ചെയ്യുന്നത് സാധ്യമല്ല എന്നത് ഇവർ ചിന്തിക്കുന്നില്ല. എമർജൻസിക്ക് തയ്യാറെടുത്ത് ഇരിക്കുമ്പോൾ ശ്രദ്ധ വേണമെന്നും ഇവർക്കറിയില്ല. അതുകൊണ്ട് പണിയൊന്ന് കുറയുമ്പോൾ ഡോക്ടർ വിശ്രമിക്കുമ്പോൾ ഇവർ ഒപ്പം കൂടും. ചിലപ്പോൾ പൊതുവിൽ ആരോഗ്യകാര്യങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ ചോദിക്കും. അല്ലെങ്കിൽ കയ്യിലെ ചൊറി, കഴുത്തിലെ കുരു ഒക്കെ ചികിത്സിക്കുന്നതിനെക്കുറിച്ച് വിദഗ്ദാഭിപ്രായം ചോദിക്കും. ഇത്തരം ചെറിയ രോഗങ്ങൾ ചികിത്സിക്കുന്നത് അടുത്ത ദിവസത്തെ ലോക്കൽ ഓപ്പിയിലാണെന്നും, ഡ്യൂട്ടി സമയത്ത് തടസ്സം ഉണ്ടാക്കരുതെന്നും നമ്മൾ സംയമനം പാലിച്ചുകൊണ്ട് പറയും. അതോടെ ഇവർ ഇഷ്ടക്കേടോടുകൂടി എണീറ്റുപോകും. വെറുതേ ഇരിക്കുമ്പോൾ പോലും ഡോക്ടർക്ക് എന്തൊരു ജാഡ എന്നൊക്കെയായിരിക്കണം ഇവർ അപ്പോൾ ചിന്തിക്കുന്നത്. നമ്മുടെ പ്രശ്നങ്ങൾ നമുക്ക് മാത്രമല്ലേ അറിയൂ. അതുകൊണ്ട് ഇവരെ എത്രയും പെട്ടെന്ന് എണീപ്പിച്ച് വിടുന്നതാണ് നല്ലത്. അല്ലെങ്കിൽ നേരം പുലരും വരെ ഇവരുടെ കൊച്ചുവർത്തമാനം കേൾക്കേണ്ടി വരും.
ഇനിയും വേറെ ചിലരുണ്ട്. ഞാൻ രോഗിയുടെ ബന്ധുവാണ്, രോഗിക്കുള്ള എല്ലാ കോമ്പ്ലിക്കേഷനുകളും എന്നോട് തുറന്ന് പറഞ്ഞോളൂ, എല്ലാം സഹിക്കാൻ എനിക്കറിയാം, പക്ഷെ അവിടെ നിൽക്കുന്ന പച്ച ഷർട്ടിട്ടവനോട് പറയരുത്, അവൻ ലോലഹൃദയനാണ് എന്ന് നമ്മളോട് വന്ന് പറയും. കുറച്ച് നേരം കഴിഞ്ഞ് പച്ച ഷർട്ടുകാരൻ വരും. എന്നോട് എല്ലാ വിവരങ്ങളും പറയൂ, പക്ഷെ നാളെ വരുന്ന അമ്മാവനോട് വിവരങ്ങൾ ഒന്നും പറയരുത് എന്ന് അയാൾ പറയും. പച്ച ഷർട്ടിട്ടതാരാണ്, അമ്മാവൻ ആരാണ് എന്നൊന്നും നോക്കിയിരിക്കാൻ നമുക്ക് സമയമില്ലാത്തതുകൊണ്ട്, “രോഗിയുടെ അടുത്ത ബന്ധുക്കളോട് മാത്രം വിവരം പറയും, ആ വിവരം ആരെ അറിയിക്കണം എന്ന് അവർ തന്നെ തീരുമാനിക്കട്ടേ” എന്ന് നമ്മൾ കടുപ്പിച്ച് പറയും. രോഗിയിൽ നിന്നും രോഗവിവരം മറച്ചുവയ്ക്കുന്ന കൂട്ടിരിപ്പുകാരുണ്ട്. വല്യച്ഛന് ഒന്നുമില്ല, വെറുതേ ചെക്കപ്പിന് കൊണ്ടുവന്നതല്ലേ എന്നൊക്കെ രോഗിയോട് പറഞ്ഞ് വയ്ക്കും. നമ്മൾ സർജറിയുടെ തലേനാൾ ആമാശയത്തിൽ ഓപ്പറേഷൻ ചെയ്യാനുള്ള സമ്മതപത്രം ഒപ്പിടീക്കാൻ വല്ല്യച്ഛൻ്റെയടുത്ത് കൊണ്ടുചെല്ലും. അതിൽ “ആമാശയത്തിലെ മുഴ നീക്കം ചെയ്യുന്ന ഓപ്പറേഷന് സമ്മതമാണ്” എന്നൊക്കെ എഴുതിക്കാണും. അത് വായിച്ച വല്യച്ഛൻ പേടിച്ചരണ്ടുപോകും. ചെക്കപ്പിനു വന്നിട്ട് ഓപ്പറേഷൻ ചെയ്യുന്നോ എന്നൊക്കെയായിരിക്കും ആ പാവം വിചാരിക്കുന്നത്. എത്ര കാലമാണ് ഇങ്ങനെ രോഗവിവരം രോഗിയിൽ നിന്നു മറച്ചുവയ്ക്കാനാകുക! നേരത്തേ രോഗവിവരം അറിഞ്ഞാൽ അസുഖത്തെ നേരിടാനും, ഭാവി പരിപാടികൾ ചിന്തിക്കാനുമുള്ള അവസരമാണ് രോഗിക്ക് കിട്ടുക. സ്വന്തം രോഗത്തെക്കുറിച്ച് അറിയുക എന്നത് മനുഷ്യാവകാശവുമാണ്.
ക്യാഷ്വാൽറ്റിയിൽ രോഗിയോടൊപ്പം കൂട്ടമായി കയറി വരുന്ന കൂട്ടിരിപ്പുകാരുണ്ട്. രോഗിയെ നമ്മൾ സ്റ്റെബിലൈസ് ചെയ്തതിനു ശേഷം ഇവർ പത്ത് പേർ, നിങ്ങൾ പറയുന്നത് കേൾക്കാൻ ചുറ്റും ആകാംക്ഷയോടെ നിൽക്കും. നല്ല വാർത്തയാണെങ്കിലും മോശം വാർത്തയാണെങ്കിലും കൂട്ടത്തിൽ സാമാന്യബോധം ഉണ്ടെന്ന് തോന്നുന്ന ഒരാളെ മാത്രം മാറ്റി നിർത്തി കാര്യങ്ങൾ വിശദീകരിച്ച് കൊടുക്കുന്നതാണ് നല്ലത്. എല്ലാവരോടും കൂടി ഒരുമിച്ച് വിശദീകരിക്കാൻ നിന്നാൽ ചിലപ്പോൾ അതിൽ ഒരാൾക്ക് അനിഷ്ടം തോന്നി ഒച്ചവയ്ക്കും. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അടുത്ത ആൾ കൂടുതൽ ഒച്ച വയ്ക്കും. അങ്ങനെ വാക്കേറ്റത്തിൽ എത്തും. അപ്പോൾ മൂന്നാമത്തെ ആൾ തല്ലും. ഒരു ഗ്രൂപ്പ് കൂടെയുണ്ടെന്ന തോന്നൽ ഉണ്ടാകുമ്പോൾ ആളുകൾക്ക് ആവേശം കൂടും. ചിലപ്പോൾ എല്ലാവരും ചേർന്ന് വളഞ്ഞിട്ട് തല്ലിയെന്നും വരും. സീൻ കണ്ട്, കാര്യമറിയാത്ത അപ്പുറത്തെ ബെഡ്ഡിലെ രോഗിയുടെ ആളുകളും തല്ലാൻ കൂടിയെന്ന് വരാം. അതുകൊണ്ട് ഒരു സമയം ഒരാളോടെ സംസാരിക്കാവൂ. കണ്ണിലേക്ക് നോക്കി, വ്യക്തമായി, ആത്മാർഥതയോടു കൂടി വേണം സംസാരിക്കാൻ.
വിവരം കേട്ട് ബോധം കെടുന്ന കൂട്ടിരിപ്പുകാരും ഉണ്ട് കെട്ടോ. “ഓപ്പറേഷൻ സമയത്തോ ശേഷമോ, രക്തസ്രാവം, ഹൃദയസ്തംഭനം, കൂടാതെ മരണം വരെ സംഭവിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് മനസിലാക്കുന്നു” എന്നൊക്കെ രോഗിയുടെ സമ്മതപത്രത്തിൽ ഉണ്ടാകും. സർജറിക്കിടയിൽ രോഗിക്ക് ആകസ്മികമായി എന്തെങ്കിലും പ്രശ്നമുണ്ടായാലും ആശുപത്രിയെ പ്രതിയാക്കാതിരിക്കാനുള്ള നിയമപരമായ ഔദ്യോഗിക രേഖ ആണിത്. പക്ഷെ ഇത് വായിച്ച കൂട്ടിരിപ്പുകാരൻ ശരിക്കും മരണം സംഭവിച്ചേക്കാം എന്ന് പേടിക്കും. ഓപ്പറേഷനിടയിൽ മരണം, രക്തസ്രാവം ഒക്കെ വളരെ അപൂർവ്വമായി നടക്കുന്നതാണ്, കഴിഞ്ഞ രണ്ട് മൂന്ന് വർഷത്തിനിടയ്ക്ക് ഇത്തരം എമർജൻസി സംഭവിച്ചിട്ടേ ഇല്ല എന്നൊക്കെ പറഞ്ഞ് നമ്മൾ ധൈര്യം കൊടുത്താലേ ഇവർ സമ്മതപത്രം ഒപ്പിടുകയുള്ളൂ. അതുപോലെ സിസേറിയൻ ചെയ്യാനുള്ള സമ്മതപത്രം ഒപ്പിടാൻ വീട്ടുകാരെ കാണിക്കുമ്പോൾ അവർക്ക് ഭയങ്കര സംശയമാണ്. സിസേറിയൻ ഒക്കെ അനാവശ്യമല്ലേ എന്നതാണ് ഇവരുടെ ചിന്ത. ഇവർ ലേബർ റൂമിന് പുറത്ത് നിന്നുകൊണ്ട് അറിയാവുന്ന എല്ലാ ബന്ധുക്കളെയും, നാട്ടുകാരെയും ഫോണിൽ വിളിച്ച് അഭിപ്രായം ചോദിക്കും. അതേസമയം ലേബർ റൂമിന് അകത്തുള്ള ഗർഭിണി വേദനകൊണ്ട് പുളയുകയാകും. സമയം വൈകിക്കാതെ ഒപ്പിട്ടു തരൂ എന്ന് നമ്മൾ തിരക്കു കൂട്ടും. അവസാനം, ഓപ്പറേഷൻ ചെയ്യേണ്ടത് ഡോക്ടറുടെ ആവശ്യമാണെന്നപോലെ മനസില്ലാമനസ്സോടെയാണ് കൂട്ടിരിപ്പുകാരൻ സമ്മതപത്രം ഒപ്പിട്ടു തരിക. സർജറികൾക്ക് രോഗിയോടൊപ്പം ബന്ധുവിനെക്കൊണ്ടും സമ്മതപത്രം ഒപ്പിടീക്കുന്നതിൻ്റെ സാംഗത്യം എനിക്ക് ഇനിയും മനസിലായിട്ടില്ല. രോഗിക്ക് സ്വബുദ്ധിയാലേ തീരുമാനമെടുക്കാവുന്ന പക്ഷം ബന്ധു കൂടി സമ്മതം എഴുതിത്തന്നാലേ സമ്മതപത്രം നിയമപരമായി നിലനിൽക്കൂ എന്നും തോന്നുന്നില്ല. ഈ വിഷയത്തിൽ വിവരമുള്ളവരുടെ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.
അടുത്ത ഗ്രൂപ്പിനെ പരിചയപ്പെടാം. ഇവർ നേഴ്സിനോട് വാക്കുതർക്കം ഉണ്ടാക്കിയിട്ടാണ് വരുന്നത്. രാവിലെ റൗണ്ട്സിനു ചെല്ലുമ്പോൾ ഇവർ ഒരു നേഴ്സിൻ്റെ പേര് പറഞ്ഞിട്ട്, “ആ #&%!@$ മോൾക്ക് ഒരു ഇഞ്ചക്ഷൻ വച്ച് തരാൻ പറ്റുന്നില്ല” എന്നൊക്കെ അസഭ്യം വർഷിക്കും. ഇവിടെ സംയമനം വിടാതെ പ്രവർത്തിക്കണം. തെറ്റ് രോഗിയുടെ ഭാഗത്താണോ, നേഴ്സിൻ്റെ ഭാഗത്താണോ എന്നൊന്നും ഒരിക്കലും ചാടിക്കേറി പറയരുത്. നേഴ്സിൻ്റെ സൈഡ് പിടിച്ചാൽ നിങ്ങൾക്കും, രോഗിയുടെ സൈഡ് പിടിച്ചാൽ നേഴ്സിനും അടുത്ത മിനിറ്റിൽ അടി പൊട്ടും. അതുകൊണ്ട്, ഇവർ പറയുന്നത് മുഴുവനും അനുകമ്പയോടെ കേട്ട് നിന്നതിനു ശേഷം തല കുലുക്കിക്കൊണ്ട് കുറച്ച് നേരം നിശബ്ദമായി ആലോചിക്കുക. ശേഷം ഒരു എഫക്റ്റ് വരുത്താൻ വേണ്ടി കണ്ണട മുഖത്ത് നിന്ന് എടുത്ത് പോക്കറ്റിലിടുകയോ, കോട്ടിൻ്റെ പോക്കറ്റിൽ കയ്യിടുകയോ ഒക്കെ ആവാം. ഇത്ര ചെയ്യുന്നതോടു കൂടി ഇവർ അല്പം തണുക്കും. ശേഷം കാര്യങ്ങൾ നേഴ്സുമായി സംസാരിക്കാം എന്നും, നടപടി എടുക്കേണ്ട സാഹചര്യമുണ്ടെങ്കിൽ സൂപ്രണ്ടിനെ അറിയിക്കാം എന്നും ശാന്തമായി പറയുക. കൂടെ കുറച്ച് ആശ്വാസവാക്കുകളും. അതോടെ ഇവർ തൽക്കാലത്തേക്ക് അടങ്ങിക്കോളും.
തല്ലാൻ വരുന്നവർ ഇങ്ങനെത്തന്നെ ആയിരിക്കണമെന്നില്ല. സന്തോഷത്തോടു കൂടി സംസാരിക്കുമ്പോഴും ചിലപ്പോൾ വികാരത്തള്ളിച്ച വന്ന് അടിയിൽ കലാശിക്കാം. ചിത്രത്തിനു കടപ്പാട്: റോബർട്ട് കൂസ് ബെക്കർ, സി.സി-ബൈ-എസ്.എ, വിക്കിമീഡിയ കോമൺസ്.
ജീവിതത്തിൽ ഇതുവരെ പരിചയപ്പെട്ടിട്ടില്ലാത്തവരും മെഡിക്കൽ കോളേജിൽ നിങ്ങൾക്ക് സഹായവുമായി വരും. ഇവർ ക്യാഷ്വാലിറ്റിയിൽ രോഗികളെ ആംബുലൻസിൽ നിന്നും പുറത്തെടുക്കാനും, സ്ട്രെച്ചറുകൾ ഉന്തിക്കയറ്റാനും മുന്നിൽ ഉണ്ടാകും. അഡ്മിഷൻ ആയി വാർഡിലെത്തിയാൽ ക്ഷേമം അന്വേഷിക്കാൻ പിന്നാലെ വരും. രോഗികൾക്ക് ലാബിലേക്കുള്ള വഴി പറഞ്ഞു കൊടുക്കുന്നതും, രോഗിയുടെ വീൽചെയർ ഉന്തുന്നതും ഒക്കെ ഇവരായിരിക്കും. പ്രത്യക്ഷത്തിൽ ഇവർ ലാഭേച്ഛയില്ലാതെ സന്നദ്ധപ്രവർത്തനം ചെയ്യുകയാണെന്ന തോന്നൽ ഉണ്ടാകും. പക്ഷെ, ഇവരിൽ ചിലരുടെ തനിനിറം മനസിലായത് എൻ്റെതന്നെ ഒരു ബന്ധു മെഡിക്കൽ കോളേജിൽ ആക്സിഡൻ്റ് വന്ന് അഡ്മിറ്റ് ആയ ശേഷമാണ്. അത്യാവശ്യം പൈസയുള്ള രോഗിയാണെങ്കിൽ ഇവർ നമ്മുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷം മറ്റ് പ്രൈവറ്റ് ആശുപത്രികളുടെ ഗുണങ്ങൾ വർണ്ണിച്ച്, അങ്ങോട്ട് പോകാനുള്ള സഹായങ്ങൾ വാഗ്ദാനം ചെയ്യും. ഇവർ തന്നെ വക്കീലന്മാരുടെ ക്യാന്വാസിങ് ഏജൻ്റായും ജോലി ചെയ്യുന്നുണ്ട്. ആക്സിഡൻ്റ് കേസാണെങ്കിൽ രോഗിക്ക് ഇൻഷുറൻസ് കമ്പനിയുമായി കേസ് നടത്തേണ്ടി വരുമല്ലോ. ഇവർ രോഗിയെ കണ്ട് ഇൻഷുറൻസിൻ്റെ കാര്യങ്ങൾ സംസാരിച്ച്, വക്കീലുമായി ബന്ധപ്പെടുത്തിക്കൊടുക്കും. ‘കേസുപിടുത്തത്തിന്’ ഇവർക്ക് കമ്മീഷൻ കിട്ടുകയും ചെയ്യും. ഇത്തരക്കാർ ഓർത്തോ, സർജറി വാർഡുകളിലാണ് സ്ഥിരം കയറിയിറങ്ങാറ്. കാഷ്വാലിറ്റിയാണ് ഇവരുടെ കളിക്കളം. ഇവർ തരുന്ന സഹായം സ്വീകരിക്കുകയും, അതേസമയം ഉപദേശം തള്ളിക്കളയുകയും ചെയ്യുന്നതാണ് രോഗിക്ക് നല്ലത്. ഇത്തരം ‘വ്യാജ’സന്നദ്ധസേവകരെ ഇല്ലാതാക്കാൻ സർക്കാറിന് ചെയ്യാൻ കഴിയുന്നത് ആവശ്യത്തിന് സ്ട്രെച്ചറുകൾ ലഭ്യമാക്കുക, ക്യാഷ്വാലിറ്റിയിൽ വരുന്ന രോഗികളെ ആംബുലൻസിൽ നിന്നും പുറത്തേക്കെടുക്കാൻ എമർജൻസി മെഡിക്കൽ ടെക്നീഷ്യന്മാരെ നിയമിക്കുക എന്നിവയാണ്.
നിങ്ങളുടെ അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മുഴുവൻ പേര് നിങ്ങൾക്ക് കൃത്യമായി അറിയണമെന്നില്ല. കുടുംബത്തിനകത്ത് അമ്മു, അച്ചു, കുഞ്ഞു, ആമി മുതലായ പേരുകളായിരിക്കും ഉപയോഗിക്കുന്നത്. എൻ്റെ തന്നെ ചില ബന്ധുക്കളുടെ മുഴുവൻ പേര് ഞാൻ പഠിച്ചത് ഫേസ്ബുക്കിൽ ഇവരുടെ ഫുൾ നെയിം കണ്ടിട്ടാണ്. കൂട്ടുകാരുടെ ഇടയിൽ ശശി എന്ന് വിളിക്കപ്പെടുന്ന ആളുടെ മുഴുവൻ പേര് ശശികുമാർ എന്നായിരിക്കും. ഫയാസിൻ്റെ മുഴുവൻ പേര് മുഹമ്മദ് ഫയാസ് എന്നായിരിക്കും. റഹ്മാൻ, അബ്ദുൽ റഹ്മാനും. (റഹ്മാൻ്റെ കാര്യത്തിൽ ഞാൻ ബെറ്റ് വയ്ക്കാനും തയ്യാറാണ്. മതപരമായ കാരണങ്ങൾ കൊണ്ട് റഹ്മാൻ, ലത്തീഫ് മുതലായ പേരുകൾക്ക് മുന്നിൽ ഒരു അബ്ദു കൂടെ കാണും). ഇത് പ്രശ്നകരമാകുന്നത് മെഡിക്കോ ലീഗൽ കേസുകളിൽ എമർജൻസി ആയി രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോഴാണ്. ഓ.പി ടിക്കറ്റെടുക്കാൻ വന്ന റഹ്മാൻ്റെ സുഹൃത്ത് അറിയാത്തതുകൊണ്ടോ, ഓർമ്മയില്ലാത്തതുകൊണ്ടോ മുഴുവൻ പേര് പറഞ്ഞ് കൊടുക്കില്ല. ഹോസ്പിറ്റലിൽ റജിസ്റ്റർ ചെയ്ത പേരും, രേഖകളിലുള്ള പേരും വ്യത്യസ്തമായതുകൊണ്ട് പിന്നീട് ഇൻഷൂറൻസ് കിട്ടാനുള്ള കേസ് കൊടുക്കുമ്പോൾ, രണ്ടും ഒരേ ആളാണ് എന്ന് തെളിയിക്കേണ്ട പൊല്ലാപ്പ് കൂടി ഉണ്ടായിവരും.
അവസാനമായി ഏറ്റവും പ്രധാനപ്പെട്ട കാര്യം കൂടി പറയാം. രോഗിയെ കാണാൻ ചെന്നില്ലെങ്കിൽ അവരും വീട്ടുകാരും എന്തുവിചാരിക്കും എന്ന് കരുതി കഷ്ടപ്പെട്ട് സമയമുണ്ടാക്കി രോഗിയെ കാണാൻ ചെല്ലുന്നവരുണ്ട്. എനിക്ക് പറയാനുള്ളത് ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കുക എന്നതാണ്. നിങ്ങൾ രോഗിക്ക് പുതിയ രോഗങ്ങൾ കൊണ്ട് കൊടുക്കുന്നതും, ആശുപത്രിയിൽ നിന്ന് പുതിയ രോഗങ്ങൾ നിങ്ങൾക്ക് കിട്ടുന്നതും ഇങ്ങനെ തടയാം. വൈറൽ രോഗങ്ങൾ എത്ര എളുപ്പത്തിലാണ് പകരുന്നതെന്ന് നിപ്പ രംഗപ്രവേശം ചെയ്തതോടുകൂടി എല്ലാവർക്കും മനസിലായിക്കാണുമല്ലോ. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം രോഗി വീട്ടിൽ വിശ്രമിക്കുമ്പോളും കാണാൻ പോകേണ്ട കാര്യമില്ല. നിങ്ങൾ രോഗിയുടെ കാര്യത്തിൽ ശ്രദ്ധ കാണിക്കുന്നുണ്ട് എന്നതിന് ഫോൺ വഴി വിവരം അന്വേഷിച്ചാൽ മതി. മച്ചാൻ കാലൊടിഞ്ഞ് പ്ലാസ്റ്ററിട്ട് കിടക്കുന്നത് കാണണം എന്നത് നിർബന്ധമാണെങ്കിൽ നേരിട്ട് പോകുന്നതിനു പകരം വീഡിയോ കോൾ വഴി കണ്ടാൽ മതി. ഓറഞ്ചും മുന്തിരിയും കൊണ്ട് കൊടുക്കുന്നതിനു പകരം, ആവശ്യമുള്ള മറ്റെന്തെങ്കിലും ആമസോൺ വഴി ഓർഡർ ചെയ്ത് എത്തിച്ചു കൊടുത്താലും മതിയാകും. രോഗി ഒരു ചങ്ക് ബ്രോ ആണെങ്കിൽ ബോറടിച്ച് ബെഡ്ഡിൽ കിടക്കുന്ന സമയത്ത് കാണാൻ പറ്റിയ സിനിമകൾ വല്ലതും ഗൂഗിൾ പ്ലേയിലോ മറ്റോ ഓർഡർ ചെയ്ത് കൊടുക്കാം.
ഇത്രയും വായിച്ചതിനു ശേഷം കൂട്ടിരുപ്പുകാരൊക്കെ ശല്യക്കാരാണെന്ന തോന്നൽ സ്വാഭാവികമായും ഉണ്ടായേക്കാം. അത് ശരിയല്ല എന്നാണ് എനിക്ക് പറയാനുള്ളത്. ഭൂരിഭാഗം കൂട്ടിരുപ്പുകരും ക്ഷമയോടെ പെരുമാറുന്നവരാണ്. ഡോക്ടർക്ക് തിരക്കാണെന്നത് വാർഡിൽ നമ്മൾ പണിയുന്നത് കണ്ട് സ്വയം മനസിലാക്കുന്നവരാണ്. ഡോക്ടർ ഭക്ഷണം കഴിച്ചില്ലെങ്കിൽ പുറത്ത് നിന്നും വാങ്ങിക്കൊണ്ടുവരാം എന്നും, ഡോക്ടർ ക്ഷീണിച്ചു കാണുമെന്നതുകൊണ്ട് വേദന വന്നപ്പോൾ അറിയിക്കാൻ തോന്നിയില്ല എന്നൊക്കെ പറയുന്ന രോഗികൾ ഉണ്ട്. പ്രശ്നക്കാരായ കൂട്ടിരിപ്പുകാരെ എങ്ങനെ നേരിടണം എന്നതാണ് ഈ പോസ്റ്റിൻ്റെ കാതൽ എന്നതുകൊണ്ട് അത്തരക്കാരെക്കുറിച്ച് കൂടുതൽ പറഞ്ഞൂ എന്നേ ഉള്ളൂ.
അപ്പോൾ മനസിലായല്ലോ. യുക്തിസഹമായ സംസാരം ശാന്തരായ കൂട്ടിരിപ്പുകാരോട് മാത്രമേ ആകാവൂ. തല്ലാനോങ്ങുന്ന കൂട്ടിരിപ്പുകാരെ പലപ്പോഴായി കാണേണ്ടിവരും. നിങ്ങൾ ഇവരുടെ മുന്നിൽ സംയമനം പാലിക്കുക എന്നതാണ് പ്രധാനം. എടുത്ത് ചാടി ഒന്നും പറയാതിരിക്കുക. ഉറപ്പ് കൊടുക്കാതിരിക്കുക. പറയുന്നത് മുഴുവൻ അനുകമ്പയോടെ കേൾക്കുക. എവിടെയും തൊടാതെ സംസാരിക്കുക. ആവശ്യമുള്ള സന്ദർഭങ്ങളിൽ സെക്യൂരിറ്റിയെ കണ്ണ് കാണിച്ച് അടിപിടി ഉണ്ടാവാൻ സാദ്ധ്യതയുണ്ട് എന്ന സൂചന കൊടുക്കുക. ഒന്നും നടന്നില്ലെങ്കിൽ ഇടം വലം നോക്കാതെ ഇറങ്ങി ഓടുക. ഓൾ ദ ബെസ്റ്റ്.
പിൻകുറിപ്പ്: മെഡിക്കൽ സയൻസിനും പരിമിതികളുണ്ട്. മെഡിസിൻ്റെ പരിമിതികൾ ഡോക്ടറുടെ പരിമിതികളാണെന്ന് തെറ്റിദ്ധരിച്ചുകൊണ്ട് ഡോക്ടറെ തല്ലാനോങ്ങുന്ന രോഗികൾ ഉണ്ട്. ഇതിനെക്കുറിച്ച് മറ്റൊരു പോസ്റ്റിൽ എഴുതാം.
2015-ലെ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ക്യാമ്പൈനിൽ അരീക്കോട്-കൊണ്ടോട്ടി ഭാഗങ്ങളിലേക്ക് ലോകാരോഗ്യ സംഘടനയുടെ എക്സ്റ്റേണൽ മോണിറ്റർ ആയി പോയിരുന്നത് ഞാനായിരുന്നു. പണി എന്താണെന്നുവച്ചാൽ പൾസ് പോളിയോ ഇമ്യൂണൈസേഷൻ പ്രോഗ്രാം കൃത്യമായി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കലാണ്. ഇതിൻ്റെ ഭാഗമായി നാടോടികളെ കണ്ടെത്തി, അവരുടെ കുഞ്ഞുങ്ങൾ പോളിയോ തുള്ളിമരുന്ന് കഴിച്ചിട്ടുണ്ടോ എന്നത് കയ്യിലെ മഷിയടയാളം നോക്കി ഉറപ്പുവരുക, പോളിയോ മരുന്ന് കൊടുത്തിട്ടില്ലെങ്കിൽ ഉടൻ തന്നെ മരുന്ന് കൊടുക്കുകയും ചെയ്യുക എന്നതാണ് ഒരു ജോലി. നാടോടികൾ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കും എന്നതിനാൽ, ഇവർക്ക് പ്രദേശത്തെ പോളിയോ ബൂത്ത് ഏതാണെന്നോ, കുഞ്ഞിന് പോളിയോ വാക്സിൻ കൊടുക്കണമെന്നുപോലുമോ അറിയുന്നുണ്ടാവില്ല. ഇതുകൊണ്ടാണ്, നാടോടികളുടെ കാര്യത്തിൽ പൾസ് പോളിയോ ഇമ്യൂണൈസേഷൻ പ്രോഗ്രാം പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. എൻ്റെ മോണിറ്ററിങ് ജോലി തീരണമെങ്കിൽ, നിർബന്ധമായും നാലോ, അഞ്ചോ നാടോടിസമൂഹങ്ങളെ കണ്ടെത്തി, ഇവർക്ക് വാക്സിൻ കിട്ടിയതാണോ എന്നത് ഉറപ്പുവരുത്തേണ്ടതുണ്ട്. എനിക്കാണെങ്കിൽ ആ ഏരിയ പരിചയമില്ലാത്തതുകൊണ്ട് അവിടത്തെ ഹെൽത്ത് ഇൻസ്പെക്ടറെയും കൂട്ടിയാണ് പോകുന്നത്. സ്ഥലത്തിൻ്റെ പേര് ഓർമ്മയില്ല, കാവനൂർ ഭാഗത്താണെന്നാണ് ഓർമ്മ. ഹെൽത്ത് ഇൻസ്പെക്ടർക്ക് നാടോടികൾ താമസിക്കുന്ന സ്ഥലമറിയാം. കുത്തനെയുള്ള മലയിലെ, ടാർ റോഡില്ലാത്ത പ്രദേശത്താണ് ഇവർ താമസിക്കുന്നത് എന്നതുകൊണ്ട് കാറെടുക്കാൻ പറ്റില്ല. അതുകൊണ്ട് ജീപ്പിൽ പോകാൻ തീരുമാനമായി.
അങ്ങനെ മല കയറി ഞങ്ങൾ പോയി. ചെറിയ ഒന്നോ-രണ്ടോ മുറികളുള്ള ഷെഡ്ഡുകൾ അടുപ്പിച്ചടുപ്പിച്ച് പണിതുവച്ചിരിക്കുന്നു. ആസ്ബെസ്റ്റോസ് ഷീറ്റുകൊണ്ടാണ് മേൽക്കൂര മൂടിയിരിക്കുന്നത്. വെള്ളം വീടിനു പുറത്ത് വീപ്പക്കുറ്റികളിലായാണ് നിറച്ച് വച്ചിരിക്കുന്നത്. പാത്രം കഴുകുന്നതും അലക്കുന്നതും ഈ വീപ്പകൾക്കടുത്തു നിന്നാണ്. വീടിനിപ്പുറം ഒരു ക്വാറിയാണ്. കണ്ണൊന്നു തെറ്റിയാൽ വീടിൻ്റെ പരിസരത്ത് കളിക്കുന്ന കുട്ടികൾ ക്വാറിയിലേക്ക് വീണുപോയേക്കാം. ഞങ്ങളുടെ ജീപ്പ് വന്നു നിന്നപ്പോൾ വീടുകൾക്ക് പുറത്തുണ്ടായിരുന്നവരും കൂടി പേടിച്ച് ഓടി അകത്ത് കയറി ഇരിപ്പായി. ഹെൽത്ത് ഇൻസ്പെക്ടർ വാതിലുകളിൽ മുട്ടി, ഞങ്ങൾ പോളിയോ വാക്സിനിൻ്റെ ആളുകളാണെന്ന് പറഞ്ഞു മനസിലാക്കി. കുട്ടികളെ കാണണം എന്ന് പറഞ്ഞു. അതോടു കൂടി മെലിഞ്ഞ, സാരിത്തുമ്പ് തലവഴി ചുറ്റിയ സ്ത്രീകൾ വീടുകൾക്കകത്തു നിന്നും കുട്ടികളെയും ഒക്കത്തേറ്റി പുറത്തു വന്നു തുടങ്ങി. എൻ്റെ മുന്നിൽ അമ്മമാരുടെ ഒരു ചെറിയ ക്യൂ തനിയെ രൂപപ്പെട്ടു. തോളത്തുറങ്ങുന്നതും, വിരൽത്തുമ്പ് പിടിച്ചു നിൽക്കുന്നതും, ഒക്കത്തിരിക്കുന്നതുമായ കുട്ടികളുടെ ഇടത്തേ കൈവിരലുകൾ ഞാൻ പരിശോധിച്ചു. എല്ലാവരും വാക്സിൻ എടുത്തിട്ടുണ്ട്. അച്ചടക്കത്തോടും, ക്ഷമയോടും കൂടിയാണ് ഇവർ ക്യൂ നിൽക്കുന്നത്. മലയാളികൾ ഇങ്ങനെ അച്ചടക്കത്തോടുകൂടി ക്യൂ നിൽക്കുന്നത് ബിവറേജസിൽ മാത്രമേ കണ്ടിട്ടുള്ളൂ. ഈ സ്ത്രീകളുടെ ഭർത്താക്കന്മാർ കൽപ്പണി ചെയ്യുന്നവരാണ്. ഒരിടത്ത് പണി കഴിഞ്ഞാൽ ഇവർ പണിയുള്ള മറ്റൊരിടത്തേക്ക് പോകും. അതുകൊണ്ട് ഇവർ യഥാർത്ഥത്തിൽ നാടോടികളല്ലെങ്കിലും, ജോലിസംബന്ധമായി പലയിടങ്ങളിൽ മാറി മാറി താമസിക്കുന്നവരാണ്. ഇതിൽ ഒരു സ്ത്രീയോട് ഞാൻ എന്തിനാണ് കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് കൊടുക്കുന്നത് എന്ന് അറിയാമോ എന്ന് മുറി ഹിന്ദിയിൽ ചോദിച്ചു. ആദ്യം നിശബ്ദത. പിന്നെ, അവർ പതിഞ്ഞ സ്വരത്തിൽ ‘പോളിയോ’ എന്ന് പറഞ്ഞു. അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇവർക്കും പോളിയോ തുള്ളിമരുന്നിനെക്കുറിച്ച് അറിയാം. പക്ഷെ, ഇവർക്ക് ഭാഷയറിയാത്തതുകൊണ്ട് മലയാളികളുമായി ഇടപഴകാൻ പറ്റുന്നില്ല. ഭാഷ അറിയുമെങ്കിലും മലയാളികൾ നേരേ വന്ന് ഇടപഴകും എന്ന് തോന്നുന്നുമില്ല. എങ്കിലും, ബസ്സിൻ്റെ ബോർഡ് വായിക്കാനും, കടയിൽ ചെന്ന് സാധനങ്ങൾ വാങ്ങാനും, ചുറ്റുപാടും നടക്കുന്ന വാർത്തകൾ അറിയാനും മലയാളം അറിഞ്ഞേ പറ്റൂ. ഇവർക്ക് വേണ്ടി സൗജന്യമായി സ്പോക്കൺ മലയാളം ക്ലാസുകൾ തുടങ്ങിയാലെന്താ എന്നാണ് ഞാൻ ചിന്തിക്കുന്നത്. മലയാളം എഴുതാനും വായിക്കാനും അറിയുന്ന ആർക്കും സ്പോക്കൺ മലയാളം പഠിപ്പിക്കാൻ കഴിയുന്നതേ ഉള്ളൂ. എല്ലാ പഞ്ചായത്തിലും ഒരു സ്പോക്കൺ മലയാളം ക്ലാസാവാം. താല്പര്യമുള്ള സന്നദ്ധസേവകർക്ക് ടീച്ചർമാരുമാവാം. ഇങ്ങനെ പഠിച്ചു വന്ന കുറച്ച് സ്ത്രീകളെങ്കിലും പത്താം ക്ലാസ് പരീക്ഷ പാസാകുകയും, ജോലി ചെയ്ത് പണം സമ്പാദിക്കുകയും ചെയ്യുന്ന ഭാവി കേരളത്തെയാണ് ഞാൻ സ്വപ്നം കാണുന്നത്.
മോണിറ്ററിങ്ങിൻ്റെ ഭാഗമായി പോളിയോ തുള്ളിമരുന്ന് നിഷേധിച്ച മാതാപിതാക്കളുള്ള വീടുകളിലും പോകണം. വാക്സിൻ എടുക്കാത്തവർ എല്ലാം മലയാളികളുടെ കുഞ്ഞുങ്ങളായിരുന്നു. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന, പ്രത്യക്ഷത്തിൽ വിദ്യാഭ്യാസമുള്ളവരെന്നു തോന്നുന്ന ഒരു അമ്മ പറഞ്ഞത്, ഗൾഫിലുള്ള ഭർത്താവ് സമ്മതിക്കാത്തതുകൊണ്ടാണ് മകൾക്ക് പോളിയോ വാക്സിൻ കൊടുക്കാത്തതെന്നാണ്. ഭർത്താവിനു കുട്ടിയുടെ ആരോഗ്യത്തിൽ ശ്രദ്ധയൊന്നുമില്ലേ എന്ന് ചോദിച്ചപ്പോൾ, അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള കുട്ടികൾകൾക്കൊന്നും പാരമ്പര്യമായി വാക്സിൻ കൊടുക്കാറില്ലെന്നും, അതേ ‘പാരമ്പര്യ’ത്തിൽ തന്നെ തങ്ങളുടെ മക്കളെയും വളർത്തിയാൽ മതിയെന്നുമായിരുന്നത്രെ ഭർത്താവിന്റെ നിലപാട്. അന്ന് പല വീടുകളിൽ നിന്നായി എനിക്ക് കേൾക്കേണ്ടി വന്ന ബാക്കി ആരോപണങ്ങൾ ഇവിടെ വായിക്കാം. എന്നാൽ അടുത്തകാലത്തായി പല മതനേതാക്കളും വാക്സിനുകൾക്ക് അനുകൂലമായുള്ള നിലപാട് എടുക്കുകയും, പ്രചരിപ്പിക്കുകയും ചെയ്തു. മാധ്യമങ്ങളിലും ഇപ്പോൾ വാക്സിൻ വിരുദ്ധ റിപ്പോർട്ടുകൾ കാണാനില്ല. ഫലത്തിൽ കഴിഞ്ഞ മൂന്ന് വർഷങ്ങൾ കൊണ്ട് വാക്സിൻ വിരുദ്ധരുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ഇതല്ല പറഞ്ഞു വന്ന വിഷയം. വിദ്യാഭ്യാസമുള്ള മലയാളികളാണ് യഥാർത്ഥ വാക്സിൻ വിരുദ്ധർ. വിദ്യാഭ്യാസം കുറഞ്ഞ ഇതരസംസ്ഥാനക്കാർ വരെ ഈ വിഷയത്തിൽ മലയാളികളെക്കാൾ മുന്നിലാണ്. ഇവർക്ക് പോളിയോ ബൂത്ത് എവിടെയാണെന്നോ, ഇമ്യൂണൈസേഷൻ ഡേ എന്നാണെന്നോ ഒന്നും അറിവില്ലായിരിക്കാം. ആരോഗ്യപ്രവർത്തകർ നേരിട്ട് ചെന്ന് വാക്സിൻ കൊടുക്കേണ്ടിവന്നേക്കാം. എങ്കിലും ഇവർക്ക് പോളിയോയെ പ്രതിരോധിക്കാനുള്ള ആർജവമുണ്ട്. 1989-ൽ പോളിയോ തുടച്ചു നീക്കിയ രാജ്യമാണ് വെനേസ്വല. ഇപ്പോൾ അവർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇവിടെ പോളിയോ തിരിച്ചുവന്നു എന്ന വാർത്ത കേട്ടു. കേരളത്തിലും വാക്സിൻ കവറേജ് കുറഞ്ഞുകൊണ്ടിരുന്നാൽ വെനേസ്വലയുടെ അവസ്ഥ വന്നുകൂടായ്കയില്ല. പണ്ട് കേട്ടുകേഴ്വിയില്ലാതിരുന്ന ഡിഫ്തീരിയയൊക്കെ ഇപ്പോൾ എല്ലാ വർഷവും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
കഴിഞ്ഞ പ്രാവശ്യം നാട്ടിൽ ചെന്നപ്പോൾ ഒരു കൂറ്റൻ ബോർഡ് കണ്ടു. ഇവരെ സൂക്ഷിക്കുക എന്ന് എഴുതിയ ബോർഡിൽ നൂറോളം ഇതരസംസ്ഥാനക്കാരുടെ ഫോട്ടോകൾ കൊടുത്തിട്ടുണ്ട്. ഇവർ കുട്ടികളെ തട്ടിക്കൊണ്ടുപോകും എന്നാണ് ആരോപണം. ഈ ആരോപണത്തിൽ വസ്തുതയുണ്ടോ എന്ന് പരിശോധിക്കാം. കഴിഞ്ഞ വർഷം കേരളത്തിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളിൽ പിടിയിലായ 199 പേരിൽ 188 പേരും മലയാളികൾ തന്നെയാണ്. അങ്ങനെയാണ് കാര്യങ്ങൾ എന്നിരിക്കെ, ബോർഡ് വച്ചവർ എങ്ങനെയായിരിക്കാം 100 ഇതരസംസ്ഥാനക്കാരുടെ ഫോട്ടോകൾ സംഘടിപ്പിച്ചത് എന്നാണ് ഞാൻ ആലോചിക്കുന്നത്. വഴിയിലൂടെ പോകുന്ന നിരപരാധികളായ ബീഹാറിയുടെയും, ബംഗാളിയുടെയും ചിത്രങ്ങൾ എടുത്ത്, പിള്ളേരെപിടുത്തക്കാർ എന്ന തലക്കെട്ടും കൊടുത്ത്, തിരക്കുള്ള ജങ്ഷനിൽ ബോർഡ് വയ്ക്കുന്ന മലയാളികൾ എത്ര ക്രൂരന്മാരായിരിക്കണം എന്ന് ആലോചിച്ച് നോക്കൂ. ഇതെഴുതുന്ന ഞാനും വിദേശത്താണ് ജോലി ചെയ്യുന്നത്. എൻ്റെ പടം വച്ച് ബോർഡ് അടിച്ചിറക്കി, “കുട്ടികളെ ഇവളിൽ നിന്നും സൂക്ഷിക്കുക” എന്ന തലക്കെട്ടും കൊടുത്ത് ഗോഥൻബർഗ് നഗരത്തിൽ തൂക്കിയിടുന്ന അവസ്ഥയൊന്ന് ആലോചിച്ചു നോക്കുമ്പോൾ തന്നെ എനിക്ക് അസ്വാസ്ഥ്യം തോന്നുന്നു. കുഞ്ഞുങ്ങളെ പിടിച്ചുകൊണ്ടുപോകാൻ കുറെ ഇന്ത്യക്കാർ ഇറങ്ങിയിട്ടുണ്ട് എന്ന മെസേജ് സ്വീഡനിൽ വാട്ട്സാപ്പിൽ കറങ്ങി നടക്കുന്നുണ്ടെങ്കിൽ ഞാനൊക്കെ ഇതുവരെ സമ്പാദിച്ച സൽപ്പേര് അവിടെ തീരും**. പക്ഷെ, സ്വീഡിഷുകാർക്ക് വിവരവും വകതിരിവും ഉള്ളതുകൊണ്ട് ഇത്തരം പ്രവൃത്തികളൊന്നും ചെയ്യുകയോ, മറ്റുള്ളവരെ ചെയ്യാൻ അനുവദിക്കുകയോ ഇല്ല. ഞാൻ സ്വീഡനിലാണെന്ന് പറയുമ്പോൾ പലരും ആദ്യം ചോദിക്കുന്ന ചോദ്യമാണ് അവിടെ റേസിസം ഉണ്ടോ എന്നത്. നമ്മൾ ഇതരസംസ്ഥാനക്കാരോട് പെരുമാറുന്നതുപോലെ, സ്വീഡിഷുകാർ ഇന്ത്യക്കാരോട് പെരുമാറുമോ എന്നതാണ് സംശയത്തിൻ്റെ കാതൽ. കഷ്ടമെന്ന് പറയട്ടെ, ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ റേസിസ്റ്റുകൾ ഇന്ത്യക്കാർ തന്നെയാണ്. മലയാളികൾ ഇതരസംസ്ഥാനക്കാരോട് പെരുമാറുന്നതു പോലെ സ്വീഡിഷുകാരാരും ഇന്ത്യക്കാരോട് പെരുമാറുന്നുണ്ടാവില്ല. ആരെങ്കിലും മോശമായി പെരുമാറിയാൽ തന്നെ, തൂക്കിയെടുത്ത് ജയിലിൽ അടയ്ക്കാവുന്ന നിയമങ്ങളും, ഇവ പ്രാവർത്തികമാക്കാൻ പൊലീസും ഇവിടെയുണ്ട്.
മെഡിക്കൽ കോളേജിലെ ഓർത്തോപീഡിക്സ് വാർഡിൽ ഹിന്ദി അറിയാതെ ഡ്യൂട്ടി എടുക്കാൻ കഴിയില്ല എന്ന അവസ്ഥ ഉണ്ടായിവരുന്നുണ്ട്. കെട്ടിടനിർമ്മാണമേഖലയിൽ ഏതാണ്ടെല്ലാ ശാരീരികാധ്വാനം വേണ്ട പണികളും ചെയ്യുന്നത് ഇതരസംസ്ഥാനക്കാരാണ്. മതിയായ സുരക്ഷിതത്വമില്ലാതെയും, വിശ്രമമില്ലാതെയും ജോലിചെയ്യേണ്ടിവരുന്ന ഇവർക്ക് അപകടങ്ങൾ സംഭവിക്കുക സ്വാഭാവികം. ഇങ്ങനെ ഗുരുതരമായ പരിക്കുകൾ പറ്റിയ ഇവരെ കൊണ്ടുവരുന്നത് മെഡിക്കൽ കോളേജിലേക്കാണ്. ഞാൻ ജോലിചെയ്തിരുന്ന സമയത്തൊന്നും ഇവർക്ക് സർക്കാറിൻ്റെ ആരോഗ്യപരിരക്ഷ ഇല്ലായിരുന്നു. 2017-ൽ ഇവർക്ക് 15,000 രൂപയുടെ ചികിത്സ സൗജന്യമായി നൽകാൻ തീരുമാനമായി. നല്ല കാര്യം. മകൻ വെൻ്റിലേറ്ററിൽ ആയതിനുശേഷം പണമില്ലാതെയും, ഭാഷയറിയാതെയും കഷ്ടപ്പെടുന്ന ഒരു തമിഴ് കുടുംബത്തെക്കുറിച്ച് ഇവിടെ എഴുതിയിട്ടുണ്ട്. എമർജൻസി മെഡിസിൻ വിഭാഗത്തിലും ഇത് തന്നെ സ്ഥിതി. സാംക്രമിക രോഗങ്ങൾ ബാധിച്ചും, അപകടങ്ങളിൽ പെട്ടും കൂടുതൽ മറുനാട്ടുകാർ വന്നു തുടങ്ങിയിരിക്കുന്നു. ഇവരുടെ കുടുംബങ്ങൾ ദൂരെയാണെന്നതിനാൽ ഇവരെ ആശുപത്രിയിൽ എത്തിക്കുന്നത് സുഹൃത്തുക്കളായിരിക്കും. അഡ്മിറ്റ് ആയാൽ യൂറിൻ ബാഗ് മാറ്റാനും, വസ്ത്രം മാറ്റിക്കൊടുക്കാനും, കുളിപ്പിക്കാനും വരെ സുഹൃത്തുക്കളാണ് ആശ്രയം. പലപ്പോഴും ഈ സുഹൃത്തുക്കൾക്ക് രോഗിയുമായി ആറു മാസത്തെ പരിചയമൊക്കെയേ ഉണ്ടാകുകയുള്ളൂ. വളരെയധികം കരുതൽ വേണ്ട സമയമാണല്ലോ ആശുപത്രിവാസം. ഇത്തരം അവസരങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടവർക്കാണ് കരുതലോടും, ശ്രദ്ധയോടും കൂടി പരിചരിക്കാനുള്ള മനസ്സും, ആഗ്രഹവും, ക്ഷമയും ഉണ്ടാകുക. ഇത്തരം അവസരങ്ങളിൽ അത്ര പരിചയമില്ലാത്തവരാണ് രോഗിയുടെ കൂട്ടിരിപ്പുകാരെങ്കിൽ, പ്രത്യേകിച്ചും മെഡിക്കൽ കോളേജ് പോലെ എല്ലാ കാര്യങ്ങൾക്കും കൂട്ടിരുപ്പുകാർ ഓടിനടക്കേണ്ട അവസ്ഥയിൽ, ഇവർ രോഗിയെ പരിചരിക്കുന്നതിൽ വീഴ്ച വരുത്തുന്നത് സ്വാഭാവികം മാത്രമാണ്. ഭാഷയും ആശുപത്രിയിലെ രീതികളും ഒന്നും അറിയാത്തതുകൊണ്ട് കൂട്ടിരിപ്പുകാർക്കും ആശുപത്രിവാസം വളരെ ബുദ്ധിമുട്ടാണ്. ഡോക്ടറും, നേഴ്സും എന്താണ് പറയുന്നത് എന്നതുപോലും ഇവർക്ക് പൂർണ്ണമായി മനസിലാകാറില്ല. പണത്തിനും ഭക്ഷണത്തിനും മറ്റു രോഗികളുടെ കൂട്ടിരിപ്പുകാർ സഹായിക്കേണ്ട അവസ്ഥയും കണ്ടിട്ടുണ്ട്. എൻ്റെ സംശയം ഇവരുടെയൊക്കെ തൊഴിൽദാതാക്കൾ എവിടെപ്പോയി എന്നതാണ്. ഇതുവരെയും ഇവരുടെ കോൺട്രാക്ടറോ, മാനേജറോ ഒന്നും വന്നതായി കണ്ടിട്ടില്ല. ഒരു തവണ കോൺട്രാക്ടറോട് ഫോണിൽ സംസാരിച്ചതായി മാത്രം ഓർക്കുന്നുണ്ട്. പട്ടികവർഗ്ഗ വിഭാഗക്കാർക്ക് പ്രൊമോട്ടർമാർ ഉള്ളതുപോലെ, ഇതരസംസ്ഥാനക്കാർക്കും പ്രൊമോട്ടറോ, കുറഞ്ഞത് ഒരു ഹെല്പ് ഡെസ്കോ വേണം എന്നാണ് എൻ്റെ അഭിപ്രായം. അപകടങ്ങളിൽ ഇവർക്ക് ന്യായമായ നഷ്ടപരിഹാരം കിട്ടാനുള്ള നടപടികളും, ആശുപത്രിയിൽ ലഭിക്കുന്ന സേവനങ്ങളും, ചികിത്സയുടെ പുരോഗതിയുമൊക്കെ ഇവർക്ക് പ്രൊമോട്ടർ മുഖാന്തരം അറിയാൻ കഴിയണം.
മലയാളികൾക്ക് മറുനാട്ടുകാരെക്കുറിച്ച് എന്തറിയാം? ഞാനടക്കമുള്ള മലയാളികൾക്ക് ഒരു ചുക്കും അറിയില്ല എന്നാണ് ഇതുവരെയുള്ള അനുഭവത്തിൽ നിന്നും മനസിലാകുന്നത്*. മലയാളികളുടെ ഇഷ്ട വിഷയം കക്ഷിരാഷ്ട്രീയമാണ്. രണ്ട് മലയാളികൾ കണ്ടുമുട്ടിയാൽ സംസാരം ചെന്നെത്തുന്നത് മാണി സാറിലോ, മോഡി മാമനിലോ ആയിരിക്കും. പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞുകൊണ്ടിരുന്നും, എവിടന്നോ കേട്ട കാര്യങ്ങൾ ആവർത്തിച്ചും, ചാക്രികമായാണ് മലയാളികൾ സംസാരിക്കുന്നത്. അപ്പുറത്തിരിക്കുന്ന ആൾ കേൾക്കുന്നുണ്ടോ എന്നതൊന്നും ചിലർക്ക് വിഷയമേ അല്ല. ശ്രദ്ധിച്ചു കേൾക്കുക എന്നതിൽ കവിഞ്ഞ്, പറഞ്ഞ് തീർക്കുക എന്നതാണ് ഇവരുടെ പ്രിയോരിറ്റി. ചിലപ്പോൾ രണ്ട് മണിക്കൂർ ചർച്ചയ്ക്ക് ശേഷം തുടങ്ങിയിടത്ത് തന്നെ ചർച്ച തിരിച്ചെത്തും. കക്ഷിരാഷ്ട്രീയം ചർച്ച ചെയ്യുന്നത് നല്ലതാണ് എന്നതുതന്നെയാണ് എൻ്റെയും അഭിപ്രായം. നമ്മൾ ഭരണത്തിലേറ്റുന്നവരുടെ നിലപാടുകൾ നമ്മളെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. പക്ഷെ, മരത്തിനു ചുറ്റും ഓടുന്ന പോലെ, തുടങ്ങിയിടത്ത് തന്നെ നിൽക്കുന്ന കക്ഷിരാഷ്ട്രീയ ചർച്ചകൾ സൃഷ്ടിപരമാണെന്ന് തോന്നുന്നില്ല. മറുനാട്ടുകാർ കേരളത്തിൽ എന്തെല്ലാം പ്രശ്നങ്ങൾ നേരിടുന്നു? എന്ന ചോദ്യം ഒരു രാഷ്ട്രീയപ്രശ്നം തന്നെയാണ്. പരിസരശുചിത്വത്തിനു വേണ്ടി നമുക്ക് എന്ത് ചെയ്യാൻ പറ്റും? എന്നതും രാഷ്ട്രീയപ്രശ്നം തന്നെ. ദൈനംദിനജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ കൂടി കൂടുതൽ ചർച്ചകൾ ഉണ്ടായിവന്നാലേ അത്തരം പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുകയുള്ളൂ. ഇത്തരം പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനിടയിൽ, അത് നൈസർഗികമായി കക്ഷിരാഷ്ട്രീയത്തിൽ ചെന്നെത്തുമ്പോളേ സാമൂഹികപ്രസക്തിയുണ്ടാകുന്നുള്ളൂ. മാണിസാറിൽ തുടങ്ങി മാണിസാറിൽ തീരുന്ന ചർച്ചകൾ കൊണ്ട് വലിയ കാര്യമൊന്നുമില്ല. ഇതുപോലെ അന്താരാഷ്ട്ര പ്രശ്നങ്ങളെക്കുറിച്ചും മലയാളികൾക്ക് ക്ലീഷേ സങ്കല്പങ്ങളാണുള്ളത്. ഗൾഫ് ഒഴികെ ബാക്കിയുള്ള ലോകരാജ്യങ്ങളിൽ എന്തൊക്കെ നടക്കുന്നു എന്ന് മനസിലാക്കുവാൻ മലയാളികൾക്ക് വലിയ താല്പര്യമൊന്നുമില്ല. ♫ നല്ല നാട് ചൈന 𝄞, പോളണ്ടിനെക്കുറിച്ചാണെങ്കിൽ ഒന്നും മിണ്ടരുത്, നേപ്പാളിൽ എരപ്പാളികളുണ്ട് എന്ന രീതിയിലുള്ള സിനിമ നൽകുന്ന വിജ്ഞാനശകലങ്ങളാണ് ആകെ കയ്യിലുള്ളത്. വെനേസ്വലയെന്നാൽ ഹ്യൂഗോ ചാവേസ്, ഹ്യൂഗോ നുമ്മടെ ചുവപ്പൻ മുത്ത് എന്ന നിലയിലുള്ള വിവരമേ കേരളത്തിന് വെനേസ്വലയെക്കുറിച്ചുള്ളൂ. ഹ്യൂഗോ ചാവേസ് മരിച്ചുപോയിട്ട് അഞ്ച് വർഷങ്ങളായി. വെനേസ്വല ഇപ്പോൾ നേരിടുന്ന പ്രതിസന്ധി സമാനതകളില്ലാത്തതാണ്. നമ്മൾ മനോരമയുടെ അവസാനപേജിൽ വായിച്ച രണ്ട് കോളം വാർത്ത ഓർമ്മിച്ചെടുത്താണ് രാജ്യങ്ങളെക്കുറിച്ച് അഭിപ്രായം ഉണ്ടാക്കുന്നത്. പലപ്പോഴും ഇത് സമഗ്രമായ വീക്ഷണമാകണമെന്നില്ല. ചൈനയുടെ ‘നല്ല നാട്’ ഇമേജ് എൻ്റെ മനസിൽ നിന്നും പോയത് ഇവിടുത്തെ സ്വേച്ഛാധിപത്യ ഗവണ്മെൻ്റിനെക്കുറിച്ചും, സെൻസർഷിപ്പിനെക്കുറിച്ചും അറിഞ്ഞതോടെയാണ്. അതുപോലെ, ബംഗ്ലാദേശിൽ നിന്ന് രണ്ട് കോടി ജനങ്ങൾ ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയിട്ടുണ്ട് എന്ന വിവരം എന്നെ ഞെട്ടിപ്പിച്ചിട്ടുണ്ട്. എല്ലാ സമ്പാദ്യവും കെട്ടിപ്പെറുക്കി ഇന്ത്യയിലേക്ക് കുടിയേറാൻ ആളുകൾ തീരുമാനിക്കുന്നുണ്ടെങ്കിൽ, ബംഗ്ലാദേശിലെ അവരുടെ ജീവിതം എത്രമാത്രം ദുരിതപൂർണ്ണമായിരിക്കുമെന്നത് ആലോചിക്കാവുന്നതേ ഉള്ളൂ. കേരളത്തിലെ റേസിസം സഹിച്ചും, ഇവിടെ തുടരാൻ മറുനാട്ടുകാർ താല്പര്യപ്പെടുന്നുണ്ടെങ്കിൽ അവരുടെ ജന്മനാട്ടിൽ എത്രമാത്രം ദാരിദ്ര്യം ഉണ്ടായിരിക്കണം എന്നതും ചിന്തനീയം തന്നെ. എത്രയൊക്കെ മലയാളികളെ കുറ്റം പറഞ്ഞാലും, തൊട്ടുകൂടായ്മയും, ജന്മിത്തവ്യവസ്ഥയും, ശൈശവവിവാഹങ്ങളുമൊക്കെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ തുലോം കുറവ് തന്നെയാണ്, ശാരീരികാധ്വാനം വേണ്ടുന്ന ജോലികളിൽ വേതനം രണ്ടിരട്ടിയും. ഇതായിരിക്കണം കേരളത്തിലേക്ക് വരാൻ മറുനാട്ടുകാരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.
കേരളത്തിൽ അടി വാങ്ങിക്കുന്നവർ രണ്ട് തരത്തിൽ പെട്ടവരാണ്: മറുനാട്ടുകാരും, ഡോക്ടർമാരും. ഒരു പൊടിക്ക് കൂടുതൽ റിസ്ക് ഇപ്പോൾ മറുനാട്ടുകാർക്ക് തന്നെയാണെങ്കിലും, ഡോക്ടർമാരും തലനാരിഴ വ്യത്യാസത്തിൽ പിന്നിലുണ്ട്. രോഗം കേരളത്തിലേക്ക് കൊണ്ടുവന്നത് മറുനാട്ടുകാരും, രോഗമുള്ള ആളെ കൊന്നത് ഡോക്ടറും ആണെന്നാണെല്ലോ വെപ്പ്. കേരളത്തിൽ പടർന്നു പിടിച്ച നിപ്പാ വൈറസ് ബംഗ്ലാദേശ് സ്ട്രെയിനാണെന്ന് അറിഞ്ഞതിൽ പിന്നെ ബംഗാളികളെ അടിച്ചോടിക്കാൻ ആഹ്വാനം ചെയ്യുന്ന വാട്ട്സാപ്പ് മെസേജുകൾ ഇറങ്ങുമോ എന്നായിരുന്നു എൻ്റെ പേടി. ഭാഗ്യത്തിന് അത് ഉണ്ടായില്ല. ബംഗാളിൽ നിന്നാണ് രോഗം പിടിപെട്ടതെങ്കിൽ ആദ്യം അസുഖം വന്ന വ്യക്തി ബംഗാൾ സ്വദേശിയായിരിക്കണമല്ലോ. രോഗലക്ഷണങ്ങൾ തീവ്രമായ പനിയും, മസ്തിഷ്കവീക്കവുമാണെന്നിരിക്കെ കൂടെയുള്ളവർ എന്തായാലും ഈ രോഗിയെ ആശുപത്രിയിലെത്തിച്ചിരിക്കുകയും ചെയ്യും. കേരളത്തിൽ നിപ്പ ഉണ്ടായിരുന്ന സമയത്ത് ബംഗാളിൽ നിപ്പ ബാധ ഉണ്ടായിട്ടില്ലതാനും. ഇതൊന്നും സംഭവിക്കാത്തപക്ഷം ബംഗാൾ സ്വദേശികളെ ഒരിക്കലും നിപ്പ വിഷയത്തിൽ പ്രതിസ്ഥാനത്ത് നിർത്താൻ കഴിയില്ല. കോളറ, മലേറിയ എന്നീ സാംക്രമിക രോഗങ്ങൾ അടുത്തകാലത്തായി ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുന്നത് മറുനാട്ടുകാർ താമസിക്കുന്ന ഇടങ്ങളിലാണ്. ഇതുകൊണ്ട് തന്നെ, കേരളത്തിൽ ഇല്ലാത്ത അസുഖങ്ങൾ ഇങ്ങോട്ട് കയറ്റുമതി ചെയ്യുന്നവരെന്ന രീതിയിൽ മറുനാട്ടുകാരെ സമീപിക്കുന്നവരുണ്ട്. ഇതിൽ വലിയ കഴമ്പില്ല. ഡിഫ്തീരിയ, മീസിൽസ് മുതലായ സാംക്രമിക രോഗങ്ങൾ ഉണ്ടാവുന്നത് മലയാളികളുടെ വാക്സിൻ വിരോധം ഒന്നുകൊണ്ടു മാത്രമാണ്. ഇനി സാംക്രമിക രോഗങ്ങൾ പകരാനുള്ള സാഹചര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ഇതിന് രോഗകാരിയായ ഒരു രോഗാണു വേണം, രോഗം വരാൻ സാദ്ധ്യതയുള്ള ഒരു വ്യക്തി വേണം, രോഗം ഉണ്ടാകാൻ അനുകൂലമായ ചുറ്റുപാടുകൾ വേണം. ഇവ മൂന്നും ഒത്തുവന്നാലേ രോഗം ഉണ്ടാകുകയുള്ളൂ. രോഗാണു മാത്രമോ, വ്യക്തി മാത്രമോ പോര.
സാംക്രമികരോഗശാസ്ത്രത്തിലെ അടിസ്ഥാന ത്രയം. ഇവ മൂന്നുമില്ലാതെ രോഗം ഉണ്ടാകില്ല. ഇത്ര ലളിതമായ ചിത്രങ്ങൾ പോലും പകർപ്പുപേക്ഷയോടു കൂടി ലഭ്യമല്ല. നിങ്ങൾ വരയ്ക്കുന്നതും എടുക്കുന്നതുമായ ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലേക്ക്സി.സി ലൈസൻസിൽ അപ്ലോഡ് ചെയ്ത് മറ്റുള്ളവർക്ക് പുനരുപയോഗപ്രദമാക്കി മാറ്റുക.
മലേറിയയുടെ കാര്യം എടുക്കാം. മലേറിയ ബാധിച്ച വ്യക്തി മറുനാട്ടിൽ നിന്നും കേരളത്തിൽ എത്തി എന്നിരിക്കട്ടെ. കേരളത്തിൽ പരിസരശുചിത്വം ഇല്ലാത്തതുകൊണ്ട് അനോഫലിസ് കൊതുകുകൾ ധാരാളമായുണ്ട്. ഇവ രോഗം ബാധിച്ച വ്യക്തിയെ കടിച്ചശേഷമാണ് മറ്റുള്ളവർക്ക് കൂടി മലേറിയ പകർത്തുന്നത്. വ്യക്തിയും, രോഗാണുവും മറ്റിടങ്ങളിൽ നിന്നും വന്നതാണെങ്കിൽ കൂടിയും, രോഗപ്പകർച്ചയ്ക്ക് അനുകൂലമായ പരിസരം ഉള്ളതുകൊണ്ടാണ് ഇവിടെ മലേറിയ പോലുള്ള രോഗങ്ങൾ പകരുന്നത്. ധാരാളം മലയാളികളും മറുനാടുകളിൽ ജോലി ചെയ്യുന്നുണ്ട്. അവരും ഇതുപോലെ രോഗാണുക്കളെയും കൊണ്ടാവാം കേരളത്തിലേക്ക് വരുന്നത്. അവർ രോഗലക്ഷണങ്ങൾ കാണിച്ച് തുടങ്ങുമ്പോൾ തന്നെ ആശുപത്രിയിലെത്തുകയും, രോഗനിർണ്ണയം നടത്തുകയും, ചികിത്സ തുടങ്ങുകയും ചെയ്യുന്നതുകൊണ്ടാണ് അവരിൽ നിന്നും രോഗപ്പകർച്ച താരതമ്യേനെ കുറവായി കാണുന്നത്. മറുനാട്ടുകാർ പക്ഷെ പലപ്പോഴും വൃത്തിഹീനമായ സാഹചര്യങ്ങളിൽ തിങ്ങിനിറഞ്ഞാണ് ജീവിക്കുന്നത്. ഇവർക്ക് ആശുപത്രിയിൽ പോയി ചികിത്സിക്കാനുള്ള സാഹചര്യങ്ങളും, പണവും ഉണ്ടായെന്നു വരില്ല. നല്ല ഭക്ഷണവും, വെള്ളവും കിട്ടാത്തതുകൊണ്ട് പ്രതിരോധശക്തിയും കുറവായിരിക്കും. ഇതുകൊണ്ടാണ് ഇവർക്ക് വേഗത്തിൽ രോഗം വരുന്നതും, പകരുന്നതും. അതുകൊണ്ട്, മലയാളികൾക്ക് മെച്ചപ്പെട്ട ആരോഗ്യം ഉണ്ടാകണമെങ്കിൽ മറുനാട്ടുകാരുടെ ആരോഗ്യവും, ജീവിതസാഹചര്യങ്ങളും കൂടി മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ഇപ്പോൾ മനസിലായിക്കാണുമല്ലോ. പരിസരശുചിത്വം ഇല്ലാത്തപക്ഷം രോഗപ്പകർച്ചയുടെ സ്രോതസ്സായി മറുനാട്ടുകാരെ കാണുന്നത് യഥാർത്ഥ പ്രശ്നത്തിൽ നിന്നുള്ള മുഖംതിരിക്കലാണെന്നതും മനസിലായിക്കാണുമല്ലോ. അതിഥികളായി നമ്മുടെ സംസ്ഥാനത്ത് വന്ന് ജോലി ചെയ്യുന്നവരോട് മാനുഷിക പരിഗണനയെങ്കിലും കാണിച്ച് നല്ല മനുഷ്യരും, ആതിഥേയരുമായി മാറുക എന്നേ എനിക്ക് അവസാനമായി പറയാനുള്ളൂ.
* ഇതെല്ലാം കേട്ട് എനിക്ക് അന്താരാഷ്ട്ര വിഷയങ്ങളിൽ അഗാധമായ ജ്ഞാനമാണെന്നൊന്നും തെറ്റിദ്ധരിക്കരുത്. അന്താരാഷ്ട്രതലത്തിൽ ആരോഗ്യമേഖലയെ ബാധിക്കുന്ന വിഷയങ്ങൾ വായിക്കാൻ ഇഷ്ടമാണ്. വേറെ ഒന്നിനെക്കുറിച്ചും കാര്യമായ വിവരമൊന്നുമില്ല.
**ഇത് എഴുതി തീർന്നപ്പോഴേക്കും ഒരു മലയാളി സ്ത്രീഡോക്ടറെ കുറേപ്പേർ ചേർന്ന് സ്ലട്ട് ഷേമിങ് നടത്തുന്ന പോസ്റ്റ് കണ്ടു (ലിങ്ക് തരില്ല). ഇപ്പോൾ ഫേസ്ബുക്കിലാണ് സൈബർകൂട്ടം ഡോക്ടറെ വളഞ്ഞിരിക്കുന്നത്. പച്ചത്തെറികളാണ് പലരും കമൻ്റുകളിൽ എടുത്ത് പ്രയോഗിക്കുന്നത്. വൈകാതെ, ഈ വാനരക്കൂട്ടം നാൽക്കവലയിലും ഡോക്ടറെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ബോർഡ് വച്ചാൽ അദ്ഭുതമൊന്നും തോന്നേണ്ടതില്ല.
തല്ലുകൊള്ളാൻ ഡോക്ടറുടെയും, മറുനാട്ടുകാരുടെയും ജീവിതം ഇനിയും ബാക്കി. നാട്ടുകാർക്ക് നിങ്ങളെ വേണ്ടെങ്കിൽ ഡോക്ടർമാർ വിദേശത്തേക്ക് വരിക. സ്വീഡനിൽ ഉപരിപഠനം നടത്തുന്നതിനെക്കുറിച്ച് ഇവിടെ വായിക്കാം. തലക്കെട്ടിലെ ചോദ്യത്തിന് ഇപ്പോൾ ഉത്തരമായല്ലോ. മലയാളി ആൾക്കൂട്ടത്തെയാണ് ശരിക്കും സൂക്ഷിക്കേണ്ടത്. ഭയക്കേണ്ടത്.
ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിൽ ഏറ്റവും ജോലിസാദ്ധ്യതയുള്ളത് ഡോക്ടർക്കു തന്നെ എന്നതിൽ എനിക്ക് സംശയമില്ല. എന്നാൽ, ജോലി മാത്രം പോരല്ലോ. അർഹിക്കുന്ന ശമ്പളവും, നല്ല ജോലിസാഹചര്യങ്ങളും, പഠിച്ച കാര്യങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള സാഹചര്യങ്ങളും, നൈറ്റ് ഡ്യൂട്ടിക്ക് തക്കതായ പ്രതിഫലവർദ്ധനയും ഒക്കെ വേണം. ചെയ്യുന്ന ജോലിയിൽ സംതൃപ്തി കിട്ടുന്നില്ലെങ്കിലും, മോശം ജോലിസാഹചര്യങ്ങളാണെങ്കിലുമൊക്കെ ചിലപ്പോൾ ജോലി ഉപേക്ഷിക്കേണ്ടി വന്നേക്കാം. കൂണുപോലെ മെഡിക്കൽ കോളേജുകൾ അനുവദിക്കുകയാണെങ്കിൽ നമ്മൾ തൊഴിൽരഹിതരായേക്കാം. അതുകൊണ്ട് ഡോക്ടർമാർ ശോഭിക്കാൻ സാധ്യതയുള്ള മറ്റ് ജോലികളാണ് ഈ പോസ്റ്റിൽ പരിചയപ്പെടുത്തുന്നത്. ഗവേഷണം, സിവിൽ സർവീസ്, ഹോസ്പിറ്റൽ മാനേജ്മെൻ്റ്, ഇൻഷുറൻസ് – ലീഗൽ കമ്പനികളിൽ മെഡിക്കൽ അഡ്വൈസിങ്, ഹെൽത്ത് ബിസ്നസ് അനാലിസിസ്, ക്ലിനിക്കൽ ട്രയൽ മാനേജ്മെൻ്റ്, ഹെൽത്ത് ജേണലിസം, പുസ്തകമെഴുത്ത് എന്നിവയൊക്കെ പലരും പയറ്റിത്തെളിഞ്ഞ ഏരിയകളാണ്. ഇതിൽ നിന്നൊക്കെ വിട്ട്, അല്പം വ്യത്യസ്തമായ മേഖലകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഈ ലിസ്റ്റിലെ ഒരു ജോലി തിരഞ്ഞെടുത്തശേഷം നിങ്ങൾക്ക് ധനനഷ്ടമോ, ശാരീരിക-മാനസിക പ്രശ്നങ്ങളോ ഉണ്ടായാൽ ഞാൻ ഉത്തരവാദിയായിരിക്കുന്നതല്ല 🙂
1. കൊട്ടേഷൻ ടീം ലീഡർ : കേരളത്തിൽ വളരെ സ്കോപ്പുള്ള ജോലിയാണ്. മെഡുല്ല ഒബ്ളങ്കാറ്റ നോക്കി തലയ്ക്കടിക്കാനും, സ്പ്ലീൻ നോക്കി ചവിട്ടാനും, ലിവറിൽ കത്തി കുത്തിയിറക്കാനുമൊക്കെ അറിയുന്നവരെ കൊട്ടേഷൻ സംഘങ്ങൾ റിക്രൂട്ട് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഇതിനുള്ള തയ്യാറെടുപ്പ് ഒന്നാം വർഷം അനാട്ടമി മുതൽ തുടങ്ങിയിരിക്കണം. രണ്ടാം വർഷം ഫോറൻസിക് മെഡിസിൻ, പിന്നീട് സർജറി എന്നിവയൊക്കെ കൃത്യമായി പഠിച്ചിരിക്കണം. ഏതൊരു സ്പെഷ്യലിസ്റ്റിനെക്കാളും കൂടുതൽ ആകർഷകമായ ശമ്പള പാക്കേജ് ഈ ജോലിക്ക് ലഭിക്കും. മെഡിസിൻ പഠിക്കുന്നതിനൊപ്പം തന്നെ നാടൻ തല്ലും പഠിക്കാൻ പോകുന്നത് നല്ലതാണ് – ഇരയെ അടിച്ച് നിരപ്പാക്കാൻ ഇത് അത്യാവശ്യവുമാണ്. ജോലി കിട്ടിയാൽ പിന്നെ മാസത്തിൽ ഒന്നോ രണ്ടോ ദിവസം മാത്രം പണിക്ക് പോയാൽ മതിയാവും. കൂടാതെ, മുൻനിര നേതാക്കൾ, പോലീസുകാർ, ദിലീപേട്ടൻ എന്നിവരുമായി സുഹൃദ്ബന്ധവും ഉണ്ടാക്കിയെടുക്കാം. ഈ ആശയം കടമെടുത്തിരിക്കുന്നത് കുഞ്ഞാലി കുട്ടിയുടെ പോസ്റ്റിൽ നിന്നാണ്.
2. പ്രസവരക്ഷ, ബേബി സിറ്റിങ്, വയറ്റാട്ടി : നല്ല ഡിമാൻ്റുള്ള പ്രൊഫഷനാണ്. നാചുറൽ ബർത്ത് എന്ന് കേൾക്കേണ്ട താമസം ജനം ഓടിക്കൂടിക്കോളും. ഗൈനക്കോളജി/ഒബ്സ്റ്റട്രിക്സ് ഒക്കെ പഠിച്ചതായതുകൊണ്ട് ലേബർ സമയത്ത് കോമ്പ്ലിക്കേഷനുകൾ മുന്നിൽ കണ്ട് നേരത്തേ റെഫർ ചെയ്യാൻ പറ്റും. പ്രസവരക്ഷ എന്നൊരു പരിപാടിയുണ്ട്. പ്രസവശേഷം 40 മുതൽ 90 ദിവസം വരെ ഉള്ള കാലഘട്ടത്തിൽ അമ്മയെയും കുഞ്ഞിനെയും വീട്ടിൽ വച്ച് പരിചരിക്കുന്ന പരിപാടിയാണിത്. കുഞ്ഞിന് തേനും വയമ്പും കലക്കിക്കൊടുക്കുക, അമ്മയുടെ വയറ് ചാടാതിരിക്കാൻ തുണി മുറുക്കി ചുറ്റി കെട്ടി കൊടുക്കുക, ലേഹ്യമെന്ന പേരിൽ നെയ്യിൽ കലക്കിയ പച്ചമരുന്നുകൾ കൊടുക്കുക, അമ്മയെയും കുഞ്ഞിനെയും കുഴമ്പു തേപ്പിച്ച് കിടത്തുക, സ്വർണ്ണമോതിരം ഉരച്ച് കുഞ്ഞിനെ കഴിപ്പിക്കുക, നവജാതശിശുവിനെ പുണ്യജലം കുടിപ്പിക്കുക എന്നീ അശാസ്ത്രീയ പ്രവർത്തനങ്ങൾ ചെയ്തുകൊടുക്കുക എന്നതാണ് പ്രധാന ജോലികൾ. കുഞ്ഞിനെ പരിചരിക്കുന്ന ബേബിസിറ്റിങ്ങും ട്രൈ ചെയ്യാവുന്നതാണ്. പീഡിയാട്രിക്സ് നന്നായി പഠിച്ചിരിക്കണം എന്നു മാത്രം.
3. അന്തിച്ചർച്ച തൊഴിലാളി : സീരിയൽ കാണാത്ത മലയാളികൾക്ക് സീരിയലിനോട് ഒപ്പത്തിനൊപ്പം നിൽക്കുന്ന എൻ്റർടൈന്മെൻ്റ് നൽകുന്നത് അന്തിച്ചർച്ചകളാണ്. പൈസ കിട്ടുന്ന ജോലിയല്ലെങ്കിലും ഭാവിയിൽ ഇലക്ഷനിൽ മത്സരിക്കണമെങ്കിലോ, ബുദ്ധിജീവിയായി പേരെടുക്കണമെങ്കിലോ ഈ ജോലിസാധ്യത പരിഗണിക്കാവുന്നതാണ്. ഈ ജോലി ചെയ്യണമെങ്കിൽ പ്രത്യേകിച്ച് ഒരു വിഷയത്തിലും വിവരം ഉണ്ടാവേണ്ടതില്ല. വികാരഭരിതനായി സംസാരിക്കാനും, ആക്രോശിക്കാനും, സിനിമാ സ്റ്റൈൽ ഡയലോഗുകൾ പറയാനും അറിഞ്ഞിരിക്കണം. പ്രത്യേകിച്ച് ന്യൂസ് ഒന്നും ഇല്ലാത്ത ദിവസങ്ങളിൽ വിവാദപ്രസ്താവനകൾ നടത്താൻ അറിയുന്നവർക്ക് മുൻഗണനയുണ്ട്. എന്നാൽ ഡോ. ജിനേഷ് പി.എസ്, പ്രൊഫ. മോഹൻ ദാസ് എന്നിവരെപ്പോലെ ചാനലുകളിൽ യുക്തിസഹവും, ശാന്തവുമായി സംസാരിക്കുന്നവർക്ക് ജോലിസാധ്യത തീരെ ഇല്ല.
4. മരുന്ന് മാഫിയ : മരുന്ന് മാഫിയ എന്ന ചെളിവെള്ളത്തിൽ എല്ലാ ഡോക്ടർമാരുടെയും കാല് ഒരിക്കലെങ്കിലും നനഞ്ഞിട്ടുണ്ടാകും. ഇനി മുതൽ ശരിക്കും മരുന്ന് മാഫിയയായി കുളിച്ച് കയറാം. സ്വന്തം മരുന്നുഷാപ്പ്, ലാബ് എന്നിവയൊക്കെ നടത്താം. ‘ബൈ വൺ ഗെറ്റ് വൺ ഫ്രീ’ ഓഫർ കൊടുക്കാം. പനിയുള്ള നാല് പേരെ ക്ലിനിക്കിലെത്തിച്ചാൽ നൂറു രൂപയുടെ മരുന്നുകൾ ഫ്രീ ആയി നൽകുന്ന ഓഫർ കൊടുക്കാം. ഇംഗ്ലിഷ് വായിക്കാൻ അറിയാത്തവർക്ക് എക്സ്പയറി ഡേറ്റ് കഴിഞ്ഞ മരുന്നുകൾ കൊടുത്തുവിടാം. ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട മരുന്നുകൾ കടലാസുപെട്ടിയിലാക്കി തട്ടിൻ പുറത്ത് കയറ്റി വച്ചിട്ട് ഫ്രിഡ്ജ് ഓഫാക്കിയിട്ട് കരണ്ട് ലാഭിക്കാം. കമ്യൂണിസ്റ്റ് പച്ച കലക്കി മുടി വളരാനുള്ള ഷാമ്പുവും, ഉരുളക്കിഴങ്ങും മഞ്ഞളും അരച്ചെടുത്ത് വെളുക്കാനുള്ള ക്രീമും ഉണ്ടാക്കി വിൽക്കാം. പ്രകൃതിയിൽ നിന്നും നേരിട്ട് കിട്ടിയതാണെന്ന രീതിയിലുള്ള പേരും പ്രൊഡക്റ്റിന് ഇടണം എന്നത് നിർബന്ധമാണ്. ചാണകം കലക്കി ഹെൽത്ത് ഡ്രിങ്കായി വിറ്റ് പണം ഉണ്ടാക്കുന്നവരെ പൊതുജനത്തിനു ബഹുമാനവും, ചെയ്യുന്ന ജോലിക്ക് മാന്യമായ ഫീസ് മേടിക്കുന്ന ഡോക്ടർമാരെ പൊതുജനത്തിന് വെറുപ്പും ആണ് എന്നത് അറിയാമല്ലോ.
5. ചവറ് പെറുക്കൽ : ചിരിച്ചു തള്ളാൻ വരട്ടെ. നിപ്പാ വൈറസ് ബാധയുണ്ടായപ്പോൾ വാർഡിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് മാസ്ക് കൊടുത്തിരുന്നു. ഇവര് വഴിയിലൊക്കെ തങ്ങളുടെ മാസ്ക് വലിച്ചെറിഞ്ഞതിൻ്റെ ഫോട്ടോ കണ്ട് എനിക്ക് ഒട്ടും അൽഭുതം തോന്നിയില്ല. ഇതുപോലെ മരുന്നുകുപ്പികൾ, രോഗികളുടെ രക്തവും വിസർജ്യങ്ങളും തുടച്ച തുണികൾ എന്നിവയൊക്കെ ലാവിഷായി വലിച്ചെറിയുന്നവരാണ് മലയാളികൾ. നിപ്പ രോഗികളുടേത് പോലെയുള്ള അപകടമേറിയ വേസ്റ്റ്, ഡിസ്പോസ് ചെയ്യാൻ ആരും തയ്യാറായെന്ന് വരില്ല. നിപ്പ രോഗികളെ പരിശോധിക്കുന്ന ഡോക്ടർക്ക് ഇത് പകരുന്നത് തടയുന്നതെങ്ങനെ എന്ന് കൃത്യമായി അറിയാവുന്നതുകൊണ്ട് ചവറു പെറുക്കുന്ന ജോലി ഏറ്റെടുക്കാം. നിപ്പ പകർച്ചയുടെ പ്രത്യേക അടിയന്തരാവസ്ഥ കണക്കിലെടുത്ത് ഡോക്ടർമാർക്ക് ശവമടക്ക് തൊഴിലാളികളായും പ്രവർത്തിക്കാവുന്നതാണ്. സാധാരണ മരണങ്ങൾ പോലും നിപ്പ ഭീതികാരണം അടക്കം ചെയ്യാൻ തൊഴിലാളികളെ കിട്ടുന്നില്ല എന്നു കേട്ടു. (നിപ്പ ഭീഷണിയിലും ഊണും, ഉറക്കവും മാറ്റിവച്ച് രോഗികളെ പരിചരിച്ച്, കൃത്യമായ ചികിത്സാവിധി ഇല്ലാഞ്ഞിട്ടും രോഗബാധിതരായ രണ്ടു പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ ജീവനക്കാരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല). ചവറു പെറുക്കൽ ജോലിക്ക് ഏറ്റവും ജോലിസാധ്യതയുള്ളത് ജെ.എൻ.യുവിലാണ്. ഇവിടെ കോണ്ടം പെറുക്കുന്നതിൻ്റെ കണക്കെടുത്ത് കൊടുത്താൽ നാഗ്പൂരിലോ മറ്റോ സ്ഥിരജോലി കിട്ടുമെന്ന് ഒരു കരക്കമ്പി കേട്ടു.
പൊതുസ്ഥലത്തെ മാലിന്യവർഗ്ഗീകരണപ്പെട്ടികൾ. കേരളത്തിൽ ഇത്തരം സംരംഭങ്ങൾ അത്യാവശ്യമാണ്. കടപ്പാട്: ഇപ്സോസ്, സി.സി-ബൈ-എസ്.എ. വിക്കിമീഡിയ കോമൺസ്
6. കല്യാണമുണ്ണി : ഡോക്ടർമാർക്ക് സൈഡ് ബിസ്നസ് ആയി കല്യാണമുണ്ണിയാകാവുന്നതാണ്. ഡോക്ടർമാരെ നേരിട്ടറിയുക എന്നത് പലർക്കും ഇപ്പോഴും അഭിമാനമാണ്. ചെറിയ പരിചയം മാത്രം ഉള്ളവരിൽ നിന്ന് പോലും വിവാഹക്ഷണക്കത്ത് കിട്ടും. പാലുകാച്ചൽ, നൂലുകെട്ട് പരിപാടികൾക്കും ഡോക്ടർ ചെന്നാൽ വലിയ സ്വീകാര്യതയാണ്. വേണമെങ്കിൽ ചെല്ലുമ്പോൾ ഒരു സ്റ്റെതസ്കോപ്പും കഴുത്തിൽ തൂക്കിയിടാം. എന്നാൽ, പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ നേരവും, ചുറ്റുമുള്ളവരുടെ ചൊറിക്കുത്തും ചെന്നിക്കുത്തുമൊക്കെ ഫ്രീയായി ചികിത്സിച്ച് കൊടുക്കേണ്ട ബാധ്യതയുണ്ടാകും. പിരുപിരുപ്പുള്ള കുട്ടികളെ അടക്കി നിർത്താൻ വേണ്ടി, “വഴക്കാളിക്കുട്ടികളെ ഈ ഡോക്ടറാൻ്റി സൂചിവയ്ക്കും” എന്നൊക്കെ നമ്മളെ ചൂണ്ടിക്കാണിച്ചിട്ട് അമ്മമ്മാർ പറയും. എൻ്റെ ഒരു ലുക്ക് കണ്ടാൽ തീരെ ‘ഗെറ്റപ്പ്’ ഇല്ലാത്തതുകൊണ്ട് ഇതുവരെ ഒരു ഇത്തിരിക്കുഞ്ഞ് പോലും പേടിച്ചിട്ടില്ല എന്നത് വേറെ കാര്യം.
കല്യാണത്തിനു പോകുന്നത് എനിക്ക് പൊതുവേ ഇഷ്ടമുള്ള പരിപാടിയാണ്. നാട്ടിലെ ഏറ്റവും പുതിയ പരോപകാരകിംവദന്തികൾ എന്താണെന്ന് കല്യാണവീട്ടിൽ ചെന്നാൽ അറിയാം. കുട്ടികളെ പിടിച്ചുകൊണ്ടുപോകുന്ന നാടോടിസ്ത്രീകൾ ആരൊക്കെയാണ്, ചന്ദനമഴ സീരിയലിലെ നായിക ഇപ്പോൾ ആരെയാണ് പ്രണയിക്കുന്നത്, പുതിയ മരുമകൾ ബിരിയാണിയിൽ എത്ര ഇറച്ചിമസാല ചേർത്തു, അയൽവക്കത്തെ അമ്മായി കുശുമ്പ് കാണിക്കുന്നത് എന്തിനാണ്, എൽ.കെ.ജിയിൽ പഠിക്കുന്ന കൊച്ചുമോന് എത്ര മാർക്കിൻ്റെ വ്യത്യാസത്തിലാണ് റാങ്ക് നഷ്ടമായത്, ഗൾഫിലുള്ള മരുമോൻ എത്ര പൈസ ഉണ്ടാക്കുന്നുണ്ട്, നാട്ടിലെ റിയൽ എസ്റ്റേറ്റ് മാർക്കറ്റ് ഇപ്പോൾ ലാഭത്തിലാണോ, പിണറായി സർക്കാർ അടുത്ത പ്രാവശ്യം അധികാരത്തിൽ വരുമോ എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുന്നത് കല്യാണവീടുകളിൽ മാത്രമാണ്. ഹെൽത്ത് എഡ്യുക്കേഷന് ഏറ്റവും അധികം സാധ്യത ഉള്ളത് ഇവിടങ്ങളിലായതുകൊണ്ട്, ആരെങ്കിലും എന്തെങ്കിലും രോഗത്തെക്കുറിച്ച് സംശയം ചോദിച്ചാൽ ഒരു ഹെൽത്ത് ക്ലാസ് നടത്തിയിട്ടേ ഞാൻ അവരെ വെറുതേ വിടാറുള്ളൂ. ഇപ്പോൾ സ്വീഡിഷ് പരിഷ്കാരിയായി മാറിയതിൽ പിന്നെ, വർഷത്തിൽ ഒരു തവണ മാത്രം നാട്ടിൽ വരുന്നതുകൊണ്ട് എനിക്ക് നാട്ടിലുള്ള കല്യാണങ്ങളിൽ പങ്കെടുക്കാൻ പറ്റുന്നില്ല. അതുകൊണ്ട് പരോപകാരകിംവദന്തികൾ അറിയാൻ ഇപ്പോൾ വാട്ട്സാപ്പ് ആണ് ഉപയോഗിക്കുന്നത്.
7. കോൺഫ്ലിക്റ്റ് മാനേജർ : ചികിത്സയ്ക്ക് വന്ന രോഗി ഡോക്ടറെ തല്ലുന്നത് സ്ഥിരം ചടങ്ങായി മാറിയിട്ടുണ്ടല്ലോ. ഇവിടെയാണ് കോൺഫ്ലിക്റ്റ് മാനേജറുടെ പ്രസക്തി. തല്ലു കിട്ടും എന്ന് സംശയിക്കുന്ന വേളയിൽ ഡ്യൂട്ടി ഡോക്ടർ കോൺഫ്ലിക്റ്റ് മാനേജറെ വിളിക്കുന്നു. കോൺഫ്ലിക്റ്റ് മാനേജർ രോഗിയോട് അനുനയത്തിൽ സംസാരിച്ച്, ഡാർക്കായിരുന്ന സീൻ ലൈറ്റാക്കി മാറ്റുന്നു. മോബ് വയലൻസിൽ നിന്നും ഡോക്ടറുടെ തടി കേടാകാതെ രക്ഷപെടുത്തുന്ന വളരെ സെൻസിറ്റീവ് ആയ ജോലിയാണിത്.
8. കൊതുകുപിടുത്തം : മലയാളികൾ വേസ്റ്റ് ഒരു പ്ലാസ്റ്റിക് കവറിൽ ആക്കി, തലയിൽ മുണ്ടും ഇട്ട്, രാത്രി ബൈക്കിൽ പുറത്തിറങ്ങും. ആരെയും പുറത്ത് കാണാത്ത ഇടം നോക്കി കവർ എറിഞ്ഞ് കളയും. ഒരാൾ വേസ്റ്റ് എറിഞ്ഞാൽ ബാക്കിയുള്ളവരും കൂടി അവിടെത്തന്നെ വേസ്റ്റ് എറിയും. അങ്ങനെ അവിടം ഒരു ചവറുകൂന രൂപപ്പെട്ടുവരും. ഇവിടെ കൊതുക് വളർന്നും, പട്ടി നക്കിയും, ദുർഗന്ധം വമിപ്പിച്ചും വേസ്റ്റ് കുറേക്കാലം കിടക്കും. ഈ വേസ്റ്റിൽ വളർന്ന കൊതുക് ഡെങ്കു പരത്തുമ്പോൾ ആളുകൾ കൂട്ടം കൂട്ടമായി ആശുപത്രിയിലേക്ക് വരും. ഇവരെ ചികിത്സിക്കുന്നതിലും സമയലാഭം ഡോക്ടർമാർ നേരിട്ട് ഫീൽഡിൽ ഇറങ്ങി കൊതുകുനിർമാർജനം നടത്തുന്നതാണ്. അതിലും എളുപ്പം നേരത്തെ പറഞ്ഞതുപോലെ വേസ്റ്റ് പെറുക്കുന്നതാണ്. അതിലും എളുപ്പം നാട്ടുകാരെ ബോധവൽക്കരിക്കുന്നതാണ് എന്ന് കൂടി ഞാൻ പറയുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത് – ഈ വിഷയത്തിൽ മലയാളികളെ ബോധവൽക്കരിച്ച് നന്നാക്കാൻ ഒരിക്കലും കഴിയില്ല.
9. കല്യാണബ്രോക്കർ : മെഡിക്കൽ കോളേജിൽ പഠിക്കുമ്പോഴേ ചെയ്യാവുന്ന സൈഡ് ബിസിനസ് ആണിത്. സീനിയർ ചേട്ടന്മാർ ജൂനിയർ പെൺകുട്ടികളെ ഭാവി വധുവാക്കാൻ കണ്ണുവയ്ക്കും. പക്ഷെ, ഈ പെൺകുട്ടിക്ക് ‘അടക്കവും ഒതുക്കവും’ ഉണ്ടോ, സദാചാരിയാണോ എന്നൊക്കെയുള്ള സംശയം ബാക്കിയുള്ളതുകൊണ്ട് അതേ ക്ലാസിൽ പഠിക്കുന്ന ഒരു ‘കല്യാണബ്രോക്കറെ’ വിളിച്ച് ഈ കുട്ടിയുടെ സദാചാരചരിത്രം ചോദിക്കും. അതും പോരാഞ്ഞ്, ഈ പെൺകുട്ടിക്ക് കഷണ്ടിത്തലയുള്ളവരെ ഇഷ്ടമാണോ, സർജറി പി.ജി ഉള്ളവരെ ഇഷ്ടമാണോ മുതലായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ട ഡ്യൂട്ടി ഈ കല്യാണബ്രോക്കറുടേതാണ്. സീനിയറും, ജൂനിയറും തമ്മിലെ അന്തർധാര സജീവമാകുന്നതുവരെ അവർ തമ്മിലുള്ള സന്ദേശങ്ങൾ കൈമാറുന്ന ഹംസമായി പ്രവർത്തിക്കുന്നതും ഈ കല്യാണബ്രോക്കർ ആണ്. സീനിയർ-ജൂനിയർ ബന്ധങ്ങളിലാണ് ബ്രോക്കറെ ആവശ്യമുള്ളത്. ഒരേ ബാച്ചിൽ നിന്നും വിവാഹം കഴിക്കുന്നവർക്ക് തമ്മിൽത്തമ്മിൽ എല്ലാ ചരിത്രവും അറിയാമെന്നതുകൊണ്ട് ബ്രോക്കറുടെ ആവശ്യമില്ല. ബ്രോക്കർ ജോലി ചെയ്യുന്നതിന് പണം കിട്ടില്ലെങ്കിലും ലക്ഷ്വറി റെസ്റ്ററൻ്റിൽ നിന്നും ഭക്ഷണം കിട്ടും.
10. ഡിഫൻസീവ് മെഡിസിൻ കൺസൾട്ടൻ്റ് : ഡോക്ടർകെതിരെ രോഗി കേസുകൊടുത്തു എന്ന വാർത്ത സാധാരണമായി വരുന്നുണ്ടല്ലോ. ഇവിടെയാണ് ഡിഫൻസീവ് മെഡിസിൻ കൺസൾട്ടൻ്റിൻ്റെ ജോലി. അപൂർവ്വമായ സിറ്റുവേഷനുകളിൽ പ്രത്യേകിച്ച് ഗൈഡ്ലൈൻസ് ഒന്നും ഇല്ലാത്ത അവസ്ഥയിൽ തങ്ങളുടെ സാമാന്യബോധം ഉപയോഗിച്ച് ചികിത്സിക്കുന്നതിനു മുൻപ് ഡിഫൻസീവ് മെഡിസിൻ കൺസൾട്ടേഷൻ നടത്തേണ്ടതാണ്. ഇങ്ങനെ ചെയ്യാത്തപക്ഷം, രോഗിയുടെ അസുഖം ഭേദപ്പെട്ടില്ലെങ്കിൽ, കോടതി കയറേണ്ടി വരും. ഏത് പുസ്തകം റെഫർ ചെയ്തിട്ടാണ് നിപ്പാവൈറസിന് m102.4 ആൻ്റീബോഡി കൊടുക്കാൻ തീരുമാനിച്ചത് എന്നൊക്കെ വക്കീൽ ചോദിക്കും. പ്രത്യേകിച്ച് ഗൈഡ്ലൈൻസ് ഒന്നും ഇല്ലാത്തതുകൊണ്ട് കോമൺ സെൻസ് ഉപയോഗിച്ച് അറ്റകൈ പ്രയോഗം നടത്തിയതാണെന്ന് നുമ്മ പറയും. തോന്നിയപോലെ ചികിത്സിച്ചതിന് ചികിത്സാപിഴവ് ആരോപിച്ച് നമ്മളെക്കൊണ്ട് പിഴയടപ്പിക്കും. ചികിത്സിക്കുന്നതിനേക്കാൾ പ്രധാനം ഡോക്യുമെൻ്റേഷനാണെന്നും, ഡോക്യുമെൻ്റ് ചെയ്തില്ലെങ്കിൽ പണികിട്ടുമെന്നുമൊക്കെ ഉദാഹരണസഹിതം പഠിപ്പിച്ചുതരുന്നതും ഡിഫൻസീവ് മെഡിസിൻ കൺസൾട്ടൻ്റ് ആണ്.
11. സദാചാര അപ്പൂപ്പൻ : അറുപതിനോടടുത്ത പുരുഷഡോക്ടർമാർക്ക് പറ്റിയ പണിയാണ്. സ്കൂളുസ്കൂളാന്തരം നടന്ന് പിഞ്ചുകുട്ടികളിൽ സദാചാരബോധം വളർത്തുന്ന ജോലിയാണിത്. ഡോക്ടർ എന്ന ടൈറ്റിൽ ഉള്ളതുകൊണ്ട്, ജീൻസിട്ടാൽ യൂട്രസ് ചാടിപ്പോകും എന്ന കല്ലുവച്ച നുണകളൊക്കെ ഇറക്കിയാലും നാട്ടുകാർ വിശ്വസിച്ചോളും. ലളിതവസ്ത്രധാരികളും, സ്ഥിരബുദ്ധി ഇല്ലാത്തവരും, തലനരച്ചവരും, ഇല്ലാക്കഥ നിമിഷനേരം കൊണ്ട് ഉണ്ടാക്കാൻ കഴിയുന്നവരുമാണ് ഈ ജോലിയിൽ ശോഭിക്കുക (വിവരണം കേട്ടിട്ട് ആരെയെങ്കിലും ഓർമ്മ വരുന്നുണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികമല്ല). ഇതേരീതിയിൽ ആത്മീയ നേതാവും ആകാവുന്നതാണ്. ഭർത്താാവ് നാല് നിക്കാഹ് കഴിക്കുന്നത് അനുവദിച്ച് കൊടുക്കാത്ത പെണ്ണുങ്ങളെ പരലോകം കാണിക്കാൻ നീ എയിഡ്സ് വൈറസിനെ ദുനിയാവിലേക്കയച്ചുവല്ലോാാാാാ..(വയള് ട്യൂണിൽ വായിക്കുക) എന്നൊക്കെ തള്ളിവിടാവുന്നതാണ്. ചികിത്സയോടൊപ്പം കെട്ടിപ്പിടിക്കുകയും ഉമ്മ കൊടുക്കുകയും ചെയ്യുന്ന പരിപാടിയും പയറ്റിനോക്കാവുന്നതാണ്.
12. ആട് മേയ്ക്കൽ : ഐസിസിൽ ചേരാനായി പോയവരിൽ ഡോക്ടറും ഉണ്ടായിരുന്നു എന്ന വാർത്ത കേട്ടുകാണുമല്ലോ. വിവരവും വിദ്യാഭ്യാസവും ഉള്ള ഡോക്ടർ എങ്ങനെ ഇത്തരം ബുദ്ധിശൂന്യമായ തീരുമാനങ്ങൾ എടുക്കുന്നു എന്ന് നിങ്ങൾ അൽഭുതപ്പെട്ടേക്കാം. മെഡിസിൻ പഠിക്കുന്ന/പഠിപ്പിക്കുന്ന രീതി ശാസ്ത്രീയമനോവൃത്തി ഉണ്ടാക്കാൻ ഒന്നും ചെയ്യുന്നില്ല എന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഉദാഹരണം പറയാം. ഒരു പ്രീ സ്കൂൾ കുട്ടിയെ ഒരു ദിവസം കുട്ടികൾ കളിക്കുന്ന പാർക്കിൽ കൊണ്ടുപോയി. പാർക്കിൽ എത്തിയതും കുട്ടി, കൊച്ചു ടി.വിയിൽ കേട്ടുപഠിച്ച ഡയലോഗ് ഉടൻ എടുത്ത് പ്രയോഗിച്ചു : “നോക്കൂ അമ്മേ, ഈ ഉദ്യാനത്തിൽ അതാ കുട്ടികൾ സന്തോഷത്തോടെ കളിച്ചുകൊണ്ടിരിക്കുന്നു”, എന്ന്. (ഗൂഗിൾ പ്ലസ്സിൽ പണ്ട് കേട്ട തമാശയാണ്. ആരാണ് ഷെയർ ചെയ്തത് എന്നത് ഓർമ്മയില്ലാത്തതുകൊണ്ട് കടപ്പാട് വയ്ക്കാൻ കഴിയുന്നില്ല) ഇതുപോലെയാണ് മെഡിക്കൽ വിദ്യാഭ്യാസത്തിൻ്റെ അവസ്ഥ. പാർക്കിലെ കുട്ടി പറഞ്ഞത് മുഴുവനും തത്വത്തിൽ ശരിയാണെങ്കിലും, അത് എങ്ങനെയാണ് പഠിച്ചെടുത്തത് എന്നതിലാണ് കുഴപ്പം കിടക്കുന്നത്. ലാബ് പഠനവും, ക്ലിനിക്കൽ പോസ്റ്റിങ്ങുകളും ആവോളമുണ്ടെങ്കിലും അവസാനം പരീക്ഷയുടെ തലേദിവസങ്ങളിൽ വിദ്യാർത്ഥികൾ തലയ്ക്കകത്ത് വിവരം സ്റ്റോർ ചെയ്യുന്നത് കാഴ്ച്ചക്കുറവിനുള്ള അഞ്ച് കാരണങ്ങളെന്തെല്ലാം എന്ന രീതിയിൽ കാണാപ്പാഠം പഠിച്ചുകൊണ്ടാണ്. ക്ലിനിക്കൽ പോസ്റ്റിങ്ങിൽ കാണുന്നതും, പുസ്തകത്തിൽ പഠിക്കുന്നതുമായി കൃത്യമായി കോറിലേറ്റ് ചെയ്യാൻ പലർക്കും കഴിയാറില്ല. ഇങ്ങനെ കേവലബുദ്ധി പ്രയോഗിച്ച് ശാസ്ത്രം പഠിച്ചെടുക്കുമ്പോൾ ശാസ്ത്രീയമനോവൃത്തി ഉണ്ടായി വരുന്നില്ല. ഇത്തരക്കാർ, ഏതെങ്കിലും ഐഡിയോളജിയിൽ ആകൃഷ്ടരാകുന്നത് സ്വാഭാവികം മാത്രമാണ്.
13. മിസ് വേൾഡ് : ഇത്തവണത്തെ മിസ് വേൾഡ് മെഡിക്കൽ വിദ്യാർത്ഥിനിയായ ഇന്ത്യക്കാരിയാണല്ലോ. മെഡിസിൽ പഠിക്കുന്നതിനിടയിൽ ഒരു വർഷം കോഴ്സ് നിർത്തിവച്ച് മിസ് ഇന്ത്യയാകാൻ ട്രൈനിങ് എടുത്തു എന്നൊക്കെ കേൾക്കുമ്പോൾ എനിക്ക് അൽഭുതമാണ്. സമൂഹത്തിന് എന്തെങ്കിലും ഉപകാരമുണ്ടാക്കുന്ന ജോലി ചെയ്ത് ജീവിക്കാൻ അവസരം കിട്ടിയിട്ടും, പ്രത്യേകിച്ച് യാതൊരു ഗുണവുമില്ലാത്ത സുന്ദരിപ്പട്ടം കരസ്ഥമാക്കുന്നത് കൂടി പ്രിയോരിറ്റിയാക്കാൻ പെൺകുട്ടികൾ ശ്രമിക്കുന്നുണ്ടെങ്കിൽ കഷ്ടം എന്നേ പറയാനുള്ളൂ. മിസ് വേൾഡ് ആകണമെങ്കിൽ ബുദ്ധി വേണ്ടേ, ഇവർ ചാരിറ്റിക്ക് വേണ്ടി പണം ശേഖരിക്കുന്നില്ലേ എന്നെല്ലാം മറുചോദ്യമായി ചോദിക്കാവുന്നതാണ്. പഠിച്ചുവച്ച ടെമ്പ്ലേറ്റ് ഉത്തരങ്ങളോ, ചിലപ്പോഴൊക്കെ മണ്ടത്തരങ്ങളോ ആണ് മിസ് വേൾഡ്/മിസ് യൂണിവേഴ്സ് പരിപാടികളിൽ കേൾക്കുന്നത് എന്നത് മനസിലാക്കാൻ, കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ പരിപാടികളിലെ ഫൈനൽ റൗണ്ട് കണ്ട് നോക്കിയാൽ മതിയാവും. മെലിഞ്ഞ് നീണ്ട, ചിരിക്കുന്ന, പ്രായം കുറഞ്ഞ സ്ത്രീ ചോദിച്ചാൽ മാത്രമേ കോടീശ്വരന്മാരും, കമ്പനികളുമൊക്കെ ചാരിറ്റിക്ക് വേണ്ടി പണം കൊടുക്കുകയുള്ളോ എന്നതാണ് എനിക്ക് തിരിച്ച് ചോദിക്കാനുള്ളത്. സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കാൻ ഒരുപാട് പണം വേണമെന്നതുകൊണ്ട് സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവർക്കേ പങ്കെടുക്കാൻ കഴിയുകയുള്ളൂ. സച്ചിൻ എന്ന താരം ഒരു തലമുറയിലെ കുട്ടികളെ മുഴുവൻ മറ്റ് പണികൾ മാറ്റിവച്ച് ക്രിക്കറ്റ് കളിക്കാൻ പ്രേരിപ്പിച്ചതും, ഈ മൈലേജ് ഉപയോഗിച്ച് ബൂസ്റ്റ്, പെപ്സി മുതലായ ഒരു ഉപകാരവുമില്ലാത്ത സാധനങ്ങളുടെ പരസ്യങ്ങളിൽ നിന്ന് വരുമാനമുണ്ടാക്കിയതും, സമ്പാദിച്ച പണത്തിൻ്റെ ഒരു ചെറിയ ഭാഗം കൊണ്ട് ചാരിറ്റി പ്രവർത്തനം നടത്തിയും വീണ്ടും ജനപ്രീതി പിടിച്ചുപറ്റിയതും പോലെ ഈ മിസ് വേൾഡ്, പെൺകുട്ടികൾക്ക് അയാഥാർത്ഥ്യമായ സ്വപ്നങ്ങൾ നൽകി, അനീമിയ ഉണ്ടാക്കുന്നത്ര പട്ടിണി കിടക്കാൻ പ്രോത്സാഹിപ്പിച്ച്, ശരീരവടിവും തൊലിനിറവും വരുത്താനുള്ള സാധനങ്ങളുടെ വിൽപ്പന കൂട്ടാൻ സഹായിക്കുന്നത് കാണാൻ ഇടവരാതിരിക്കട്ടേ എന്നേ പറയാനുള്ളൂ. ഓരോ വിജയിച്ച മിസ് വേൾഡിനും പുറകിൽ പട്ടിണി കിടന്നും, ക്രീമുകൾ തേച്ചും, മേക്കപ്പ് ചെയ്തും മിസ് വേൾഡ് ആകാൻ മോഹിക്കുന്ന കോടിക്കണക്കിന് പെൺകുട്ടികൾ ഉണ്ടാകുമെന്ന് ഓർമ്മവേണം. സച്ചിനെ വിമർശിച്ചാൽ ഫാനരന്മാർ എൻ്റെ നെഞ്ചത്ത് കേറി പൊങ്കാലയിടും എന്നറിയാം. പൊങ്കാലയിടൽ പരിപാടി ഇവിടെ നടക്കില്ല ബ്രോക്കളേ. ഈ മൂത്തമ്മ കുറേ പെരുന്നാള് കൂടിയിട്ടുള്ളതാണ്. കൂടാതെ, സച്ചിൻ എന്ന സ്പോർട്ട്സ്പേഴ്സണയല്ല ഞാൻ വിമർശിക്കുന്നത്, സച്ചിൻ എന്ന താരത്തെയാണ്. ഒരു സ്പോർട്ട്സ്പേഴ്സൺ എന്ന നിലയിൽ അദ്ദേഹം ഗംഭീര വിജയമായിരുന്നു എന്നത് അംഗീകരിക്കുന്നു.
14. കൊച്ചുവെബ്സൈറ്റ് എഴുത്ത് : നല്ല ഭാവിയുള്ള ഫീൽഡാണ്. ഇന്ത്യക്കാരുടെ പോൺ ഉപയോഗം കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ 121% ആണ് വർദ്ധിച്ചത്. കുറഞ്ഞ വിലയ്ക്ക് ഇൻ്റർനെറ്റ് ലഭ്യമാകുന്നതോടെയും, മൊബൈൽ ഫോൺ ഉപയോഗിച്ച് സ്വകാര്യതയിൽ ക്ലിപ്പ് കാണാമെന്നതോടുകൂടിയും പോൺ വെബ്സൈറ്റുകളുടെ സ്വീകാര്യത കൂടിക്കൂടിവരികയാണ്. പണ്ട് കലുങ്കിലിരുന്ന് പെൺകുട്ടികളെ ശല്യം ചെയ്തിരുന്ന പൂവാലന്മാർക്കൊന്നും ഇപ്പോൾ തീരെ സമയമില്ല. ഇവരൊക്കെ ഇപ്പോൾ മൊബൈലിൽ കൊച്ചുവെബ്സൈറ്റുകൾ കുത്തുന്ന തിരക്കിലാണ്. അല്പം ഭാവനയൊക്കെയുള്ള ഡോക്ടർമാർക്ക് ഈ മേഖലയിലെ പണി പയറ്റി നോക്കാവുന്നതാണ്. അനാട്ടമി ഒക്കെ കൃത്യമായി പഠിച്ചിട്ടുള്ളതുകൊണ്ട് ഈസിയായി കൊച്ചുകഥകൾ എഴുതി വിടാൻ പറ്റും. മലയാളം ന്യൂസ് പോർട്ടലുകളിലും ജോലി നോക്കാവുന്നതാണ്. “ഭർത്താവ് ബെഡ്രൂമിൻ്റെ വാതിൽ തുറന്നപ്പോൾ ഭാര്യയോടൊപ്പം കണ്ടത് ആരെയാണ്? ഞെട്ടിപ്പിക്കുന്ന വാർത്ത അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ” എന്ന രീതിയിൽ ത്രസിപ്പിക്കുന്ന ടൈറ്റിലുകൾ ഇടണമെന്ന് മാത്രം.
15. വ്യാജഡോക്ടർ : മുകളിൽ കൊടുത്ത എല്ലാ ജോലികളെക്കാലും ആകർഷകമായതും, എളുപ്പമുള്ളതുമായ ജോലിയാണ് വ്യാജഡോക്ടർ ആകുക എന്നത്. കഷ്ടപ്പെട്ട് പഠിച്ച് നേടിയ മെഡിക്കൽ ലൈസൻസ് ഒക്കെ അങ്ങ് കത്തിച്ച് കളഞ്ഞേക്കുക. എല്ലാ രോഗങ്ങൾക്കുമുള്ള ഒരൊറ്റ ഒറ്റമൂലി പച്ചില അരച്ചും, കായ ഉടച്ചുമൊക്കെ ഉണ്ടാക്കിയെടുക്കുക. ജലദോഷം മുതൽ ക്യാൻസർ വരെയുള്ള രോഗങ്ങൾക്ക് ഈ ഒറ്റമൂലി കൊടുക്കുക. ശിഷ്ടജീവിതം എളുപ്പത്തിൽ ഒരുപാട് പണം സമ്പാദിച്ചും, വിദേശയാത്ര നടത്തിയും, കെമിക്കൽ ചികിത്സയ്ക്കെതിരെ ഗർജ്ജിച്ചും കഴിഞ്ഞുകൂടാം.
പുതിയതായി പ്രാക്ടീസ് തുടങ്ങുന്ന ഡോക്ടർമാർക്ക് കുറച്ച് ഉപദേശങ്ങൾ പറഞ്ഞു തരാം.
നിങ്ങൾ വീട്ടിൽ പ്രാക്ടീസ് തുടങ്ങുമ്പോൾ ദിവസക്കൂലി കൊടുത്ത് പത്ത് പതിനഞ്ചാളെ റോഡിൽ നിന്ന് നോക്കിയാൽ കാണുന്ന വിധത്തിൽ വെറുതേ ക്യൂവിൽ നിർത്തുക. ക്യൂ കണ്ട് കൂടുതൽ രോഗികൾ നിങ്ങളെത്തേടി വന്നോളും (പക്ഷെ ഇതരസംസ്ഥാന തൊഴിലാളികളെ ക്യൂ നിർത്തിയാൽ പണി പാളും. ‘ബംഗാളി’ കാണിക്കുന്ന ഡോക്ടറെപ്പോലും മലയാളിക്ക് പുച്ഛമാണ്).
സ്വന്തം വീടിന് അത്ര വലിപ്പമില്ലെങ്കിൽ മണിമാളിക പോലെയിരിക്കുന്ന, പോർച്ചിൽ നിർത്തിയിട്ട കാറുള്ള ഏതെങ്കിലും വീടിൻ്റെ ഒരു റൂം വാടകയ്ക്ക് എടുത്ത് പ്രാക്ടീസ് തുടങ്ങിയാലും മതി. ചെറിയ വീട്ടിൽ താമസിക്കുന്ന, കാറിൽ യാത്ര ചെയ്യാത്ത ഡോക്ടർമാരെ രോഗികൾക്ക് അത്ര ഇഷ്ടമില്ല എന്നതുകൊണ്ടാണിത്.
ഇത് കൂടാതെ സ്വന്തം പേരിൽ ഫ്ലക്സ് അടിച്ച് നഗരത്തിൻ്റെ പലഭാഗത്തും, ബസ്സിൽ നിന്നും നോക്കിയാൽ കാണുംവിധം തൂക്കുക. ഒരു ഉദാഹരണം ഇതാ:
പ്രൈവറ്റ് കോളേജിലാണ് പഠിച്ചതെങ്കിൽ മരുന്ന് മാഫിയ ബന്ധം ആരോപിക്കാതിരിക്കാൻ കോളേജിൻ്റെ പേര് ചേർക്കാതിരിക്കുന്നതാണ് നല്ലത്.
ന്യൂ ജെനറേഷനെ ആകർഷിക്കാനായി, മലയാളം വിക്കിപീഡിയയിൽ നിന്നും കോപ്പിയടിച്ച, രോഗങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ ഫേസ്ബുക്കിൽ എഴുതി പോസ്റ്റൊന്നിന് അഞ്ഞൂറ് രൂപ കൊടുത്ത് സ്പോൺസർഡ് ആക്കുക. ജനകീയ ആരോഗ്യം എന്നോ മറ്റോ പേരിട്ട് വാട്ട്സാപ്പ് ഗ്രൂപ്പ് തുടങ്ങി, അറിയാവുന്ന നാട്ടുകാരെയൊക്കെ ചേർത്ത് ഇതേ പോസ്റ്റുകളൊക്കെത്തന്നെ ഷെയർ ചെയ്യുക.
ഫ്രീ പബ്ലിസിറ്റി കൊടുക്കാൻ സാധ്യതയുള്ള രാഷ്ട്രീയനേതാക്കൾ, ചായക്കടക്കാർ, പത്രം-പാൽ വിതരണം ചെയ്യുന്നവർ എന്നിവർക്ക് കുറഞ്ഞ ചിലവിൽ ചികിത്സ നൽകുക. പരിസരത്തുള്ള സ്വർണ്ണക്കടയിൽ ചെന്ന് ആഭരണങ്ങൾ വാങ്ങിയിട്ട് പ്രത്യുപകാരമായി നിങ്ങൾക്ക് അവാർഡ് തരാൻ പറയുക. അങ്ങനെ, “ജനകീയ ഡോക്ടർക്ക് മേലകത്ത് ജ്വല്ലറി സ്പോൺസർ ചെയ്യുന്ന പൊന്നാട” എം.എൽ.എയെക്കൊണ്ട് അണിയിപ്പിക്കുക. പൊന്നാട വാങ്ങിയതിനു ശേഷം പ്രധാനമന്ത്രി സ്റ്റൈലിൽ സന്തോഷാശ്രു തുടയ്ക്കുക. പ്രാദേശിക പത്രക്കാരെ വിളിച്ചുകൂട്ടി ഈ ഇവെൻ്റ് നന്നായി കവർ ചെയ്യിക്കുക.
നിങ്ങൾ ഒരു ഡോക്ടറാണെങ്കിൽ, ഇതൊന്നും നൈതികമല്ലല്ലോ എന്നല്ലേ ചിന്തിക്കുന്നത്? തീർച്ചയായും അല്ല എന്നാണ് ഉത്തരം. പക്ഷെ വർഷങ്ങളായി വ്യാജവൈദ്യന്മാർ ചെയ്തുകൊണ്ടിരിക്കുന്നത് ഇതൊക്കെത്തന്നെയാണ്.
വാട്ട്സാപ്പിൽ കയറിയാൽ തോന്നുക ശരിക്കും ഡോക്ടർമാരെക്കാൾ എണ്ണത്തിൽ കൂടുതലുള്ളത് വ്യാജഡോക്ടർമാരാണോ എന്നാണ്. മൊബൈലെടുത്തവരൊക്കെ വൈദ്യരാവുന്ന കാലമാണിത്. മുള്ളാത്ത കഴിച്ച് ക്യാൻസർ മാറ്റാനും, പഴം തിന്ന് ഡയബെറ്റിസ് ഇല്ലാതാക്കാനുമൊക്കെയുള്ള ഉപദേശങ്ങൾ തലങ്ങും വിലങ്ങും ഫോർവേഡുകൾ ആയി ഡോക്ടറായ എനിക്ക് പോലും കിട്ടുന്നുണ്ട്. ഒരു ഡോക്ടർക്ക് മുള്ളാത്തയുടെ മാഹാത്മ്യം ഉപദേശിച്ചു കൊടുക്കാനുള്ള കോൺഫിഡൻസ്, അകന്ന ബന്ധത്തിലുള്ള, സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള ബന്ധുക്കൾക്ക് വരെ ഉണ്ടെങ്കിൽ നമ്മൾ വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്. പണ്ടൊക്കെ ഇൻ്റർനെറ്റിലൂടെയുള്ള വ്യാജപ്രചാരങ്ങൾ ഒരു പരിധിവരെ നിയന്ത്രിച്ച് നിർത്തിയിരുന്നത് വിക്കിപീഡിയയായിരുന്നു. ഇപ്പോൾ അതും അതിജീവിച്ച്, വാട്ട്സാപ്പും, ഫേസ്ബുക്കും വഴി വ്യാജവാർത്തകളും, വ്യാജ ആരോഗ്യ മുന്നറിയിപ്പുകളും, ഭീതിപ്പെടുത്തുന്ന ക്ലിപ്പുകളുമൊക്കെ പറന്ന് കളിച്ചുകൊണ്ടിരിക്കുകയാണ്. വ്യാജവാർത്തകളുടെ പ്രശ്നം കേരളത്തിൽ മാത്രമല്ല ഉള്ളത്. ലോകമൊന്നടങ്കം നേരിടുന്ന പ്രശ്നമാണിത്. ഓരോ രാജ്യത്തിൻ്റെയും സാമൂഹിക പശ്ചാത്തലം അനുസരിച്ച് വ്യാജവാർത്തകളുടെ തോതും, മാധ്യമവും, വിഷയവും മാറിക്കൊണ്ടിരിക്കും എന്നേ ഉള്ളൂ. സയൻസിനു വേണ്ടി മാർച്ച് നടത്തേണ്ട ഗതികേട് വികസിത രാജ്യങ്ങളിൽ പോലും ഉണ്ടായി.
കടപ്പാട്: സ്വെൻ എബർലിൻ, ഡെയ്ലി കോസ്. സാൻ ഫ്രാൻസിസ്കോ സയൻസ് മാർച്ചിൽ നിന്നും.
അല്പബുദ്ധി ആളെ കൊല്ലും എന്ന് പറയുന്നത് വെറുതെയല്ല. ഒരു വിഷയത്തെപ്പറ്റി അല്പം മാത്രം വിവരമുള്ളവർ തങ്ങൾ എല്ലാം മനസിലാക്കി എന്ന മിഥ്യാബോധത്തിലാണ് ജീവിക്കുക. ഈ പ്രതിഭാസത്തിന് ഒരു പേരുണ്ട് : ഡണ്ണിങ്-ക്രൂഗർ പ്രതിഭാസം. അതേസമയം, വിഷയത്തിൽ അഗാധ ജ്ഞാനമുള്ളവർക്ക് തങ്ങൾക്ക് അറിയാത്തതെത്ര എന്നതിനെക്കുറിച്ചുള്ള കൃത്യമായ ബോധ്യമുണ്ട്. ജ്ഞാനമുള്ളവർ വിചാരിക്കുന്നത് ബാക്കിയുള്ളവർക്കും തങ്ങളുടേതിന് സമാനമായത്ര വിവരമുണ്ടെന്നും, അതുകൊണ്ട് തന്നെ പ്രാഥമികമായ കാര്യങ്ങൾ ആരെയും ഇരുത്തി പഠിപ്പിച്ചുകൊടുക്കേണ്ടതില്ല എന്നുമാണ്. തങ്ങൾക്ക് പൂർണ്ണബോധ്യമില്ലാത്ത വിഷയങ്ങളെക്കുറിച്ച് അവർ സംസാരിക്കുകയില്ലതാനും. സയൻ്റിസ്റ്റുകൾ എഴുതി വിടുന്ന പ്രബന്ധങ്ങളൊന്നും വായിച്ചാൽ മനസിലാകാത്തത് എന്തുകൊണ്ടാണെന്നതിന് ഇപ്പോൾ ഉത്തരമായല്ലോ. ശാസ്ത്രത്തെ ജനകീയവൽക്കരിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിൻ്റെ ആവശ്യകതയാണ്. ഇതിനെക്കുറിച്ച് മറ്റൊരു അവസരത്തിൽ എഴുതാം.
മുള്ളാത്ത ക്യാൻസർ മാറ്റുമോ എന്ന് ക്യാൻസർ സയൻ്റിസ്റ്റിനോട് ചോദിച്ചാൽ : “ഇതുവരെ നടന്ന പരീക്ഷണങ്ങളിലെ തെളിവുകൾ അടിസ്ഥാനമാക്കിയാൽ, മനുഷ്യരിലെ ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ കാരണമായിട്ടുള്ളതൊന്നും തന്നെ മുള്ളാത്തയിൽ കണ്ടുപിടിക്കപ്പെട്ടിട്ടില്ല” എന്ന് മാത്രമേ അദ്ദേഹത്തിന് പറയാൻ കഴിയൂ. അങ്ങനെയാണെങ്കിൽ പിന്നീടെപ്പൊഴെങ്കിലും മുള്ളാത്തയുടെ ഗുണങ്ങൾ കണ്ടുപിടിക്കപ്പെട്ടേക്കാം എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ എന്ന് തിരിച്ച് ചോദിച്ചാൽ ശാസ്ത്രത്തിൻ്റെ രീതിയനുസരിച്ച് ‘അറിയില്ല’ എന്ന് ഉത്തരം പറയുകയേ ശാസ്ത്രജ്ഞയ്ക്ക് നിവൃത്തിയുള്ളൂ. അതേസമയം, വ്യാജവൈദ്യൻ രോഗിക്ക് മുള്ളാത്ത കൊടുക്കുകയും, ഇത് കഴിച്ചാൽ രോഗം മാറും എന്ന് ഉറപ്പിച്ച് പറയുകയും, ആശ്വസിപ്പിക്കുകയും ചെയ്യുന്നു. പേവിഷബാധയ്ക്ക് വരെ മരുന്നുണ്ടെന്ന് പറഞ്ഞുകളയും. രോഗിക്ക് കൂടുതൽ ആശ്വാസം കിട്ടുന്നത് വ്യാജവൈദ്യൻ്റെ ഉറപ്പിലായിരിക്കും. വ്യാജന്മാരിലേക്ക് ഉള്ള ഒഴുക്ക് തടയാനായി ഡോക്ടർമാർ രോഗവിവരങ്ങൾ സാമാന്യവൽക്കരിച്ച് പറയുന്നതിൽ തെറ്റില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഉദാഹരണത്തിന്, മുള്ളാത്ത കഴിച്ചാൽ ക്യാൻസർ മാറില്ല എന്ന് ഉറപ്പിച്ച് പറഞ്ഞു കൊടുക്കുന്നതിൽ തെറ്റില്ല. ഡോക്ടർമാർ ശാസ്ത്രമെന്ന ഫുട്ബോൾ കോർട്ടിൽ മാത്രം കളിക്കുന്നവരാണെങ്കിൽ, വ്യാജവൈദ്യന്മാർ ഗ്യാലറിയിലിരുന്ന് ഗോളടിക്കുന്നവരാണ്. വ്യാജവൈദ്യന്മാരെ പോലെ ‘ഇപ്പ ശര്യാക്കിത്തരാം’ എന്ന് ഡോക്ടർക്ക് കോൺഫിഡൻ്റായി പറയാൻ കഴിയില്ലെന്ന് രോഗികൾ മനസിലാക്കി, അയാഥാർത്ഥ്യമായ ഉറപ്പുകൾ തരുന്നവരെ അകറ്റി നിർത്തുകയാണ് വേണ്ടത്. യാഥാർത്ഥ്യബോധമില്ലാത്ത ജനത ഡോക്ടർമാരെ സംബന്ധിച്ചിടത്തോളം പ്രശ്നകരമാണ്. ഡോക്ടർ അല്ലെങ്കിൽ വ്യാജഡോക്ടർ എന്തോ മാജിക്ക് കാണിച്ച് മരണാസന്നയായ രോഗിയെ ഉയർത്തെണീപ്പിക്കും എന്ന് അവസാനം വരെയും ബന്ധുക്കൾ വിശ്വസിക്കുന്നുണ്ട്. ചികിത്സകൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ലാത്ത അവസ്ഥയിൽ പാലിയേറ്റീവ് കെയറിലേക്ക് അയയ്ക്കുന്നതൊക്കെ രോഗികൾക്ക് തീരേ ഇഷ്ടമില്ലാത്ത കാര്യമാണ്. പ്രതീക്ഷ കൈവെടിയാതെ ഇവർ അടുത്ത ഡോക്ടറുടെ അടുത്തേക്ക് ചെല്ലും. അവിടെന്നും മടക്കുമ്പോൾ മൂന്നാമത്തെ ഡോക്ടറുടെ അടുത്തേക്ക്. അവസാനം ഏതെങ്കിലും ഒരു ഡോക്ടർ പരീക്ഷണാടിസ്ഥാനത്തിൽ ചികിത്സ ചെയ്ത് നോക്കാം എന്ന് സമ്മതിക്കും. അങ്ങനെ സമാധാനമായി മരിക്കേണ്ടിയിരുന്ന അപ്പൂപ്പനെ കീമോതെറാപ്പി കൊടുത്ത്, വെൻ്റിലേറ്ററിലും കിടത്തി, രണ്ട് ലക്ഷത്തിൻ്റെ ബില്ലും അടച്ച് മരണത്തിലേക്ക് തന്നെ തള്ളിവിടും. ഒരു ഡോക്ടറും രോഗിയെ സ്വീകരിച്ചില്ലെങ്കിൽ കൂടിയും വ്യാജഡോക്ടർ സ്വീകരിച്ചിരിക്കും. ഇവർ കറുകപ്പുല്ലും, വെള്ളവും മാത്രം കൊടുത്ത് അപ്പൂപ്പനെ പട്ടിണി കിടത്തി കൊന്നോളും. വിദ്യാഭ്യാസമുണ്ടെങ്കിലും ശാസ്ത്രീയമനോവൃത്തിയോ, യാഥാർഥ്യബോധമോ ഇല്ലാത്തതുകൊണ്ട് മലയാളികൾ നല്ലവണ്ണം അനുഭവിക്കുന്നത് പലപ്പോഴായി കാണാൻ ഇടവന്നിട്ടുണ്ട്. ഇതേക്കുറിച്ച് ഡോ. വിശ്വനാഥൻ എഴുതിയതും വായിക്കുക.
മലയാളിയായ പ്രൊഫ. നളിനി അമ്പാടി അമേരിക്കയിൽ നടത്തിയ ഒരു പരീക്ഷണമുണ്ട്. രോഗിയും ഡോക്ടറും തമ്മിലുള്ള സംഭാഷണം കേട്ടതിനു ശേഷം ആ ഡോക്ടർക്കെതിരെ രോഗികൾ അനാസ്ഥയ്ക്ക് കേസ് കൊടുക്കാനുള്ള ചെയ്യാനുള്ള സാധ്യത ഏറെക്കുറെ കൃത്യമായി പ്രവചിക്കാൻ കഴിയും എന്നാണ് ഇവർ കണ്ടുപിടിച്ചത്. അടുത്ത ഗവേഷണത്തിൽ ഇവർ ഒരു പടി കൂടി കടന്ന്, സംഭാഷണത്തിലെ വാക്കുകൾ മറച്ചുവച്ച്, സംഭാഷണത്തിൻ്റെ സ്വരഭേദം മാത്രം കേട്ടുനോക്കിയും രോഗി കേസ് കൊടുക്കാനുള്ള സാധ്യത ഏറെക്കുറെ കൃത്യമായി കണ്ടെത്തി. രോഗി കേസ് കൊടുക്കാനുള്ള സാധ്യതയും ഡോക്ടറുടെ വൈദഗ്ധ്യവുമായി യാതൊരു ബന്ധവും ഇല്ലതാനും. ഇത്തരം പഠനങ്ങളിൽ നിന്നും മനസിലാകുന്നത്, രോഗി താല്പര്യപ്പെടുന്നത് തങ്ങൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ സംസാരിക്കുന്ന ഡോക്ടറെയാണെന്നാണ്. രോഗം മാറാൻ മരുന്നിൻ്റെ കൂടെ വിശുദ്ധ ഗ്രന്ഥങ്ങളിലെ സൂക്തങ്ങളൊക്കെ ഓതിക്കൊടുക്കുന്ന ഡോക്ടമാർ പെട്ടെന്ന് ജനപ്രിയരാകുന്നതിൻ്റെ കാരണം ഇതാണ്. രോഗം മാറാൻ ‘ഇംഗ്ലിഷ് മരുന്നിൻ്റെ’ കൂടെ അല്പം നറുനെയ്യ് തുളസിനീരിൽ ചാലിച്ച് ഉറങ്ങുന്നതിനു മുൻപ് സേവിച്ചോളൂ എന്നൊക്കെ അടിച്ചു വിടുന്ന ഡോക്ടർമാരെയും രോഗികൾക്ക് ഇഷ്ടമാണ്. പ്രകൃതിചികിത്സയിലൊക്കെ വലിയ വിവരമുള്ള ഡോക്ടറാണെന്ന് ജനം ധരിച്ചോളും. ‘സൈഡ് എഫക്റ്റ് ഉള്ള കെമിക്കലുകൾക്ക്’ പകരം നാടൻ ചികിത്സ കുറിച്ച് തരാൻ പാണ്ഡിത്യമുള്ള ഡോക്ടർക്ക് വേണമെങ്കിൽ നാട്ടുകാർ ചേർന്ന് അവാർഡും കൊടുക്കും. ആധുനികവൈദ്യവും, നാടൻ ചികിത്സയും ഒരുമിച്ച് ഉപയോഗിച്ച് രോഗം മാറ്റി എന്ന് പറയുന്നത്, ഞാനും ദാവൂദ് ഇബ്രാഹിമും ചേർന്ന് പത്ത് പേരെ തട്ടി എന്ന് പറയുന്നത് പോലെയാണ്. ഉപമയിലെ ദാവൂദ് ഇബ്രാഹിം ആധുനികവൈദ്യമാണെന്ന് മാത്രം 🙂
എത്ര നല്ല ചികിത്സ നൽകിയാലും, ആശ്വാസവാക്കുകൾ പറഞ്ഞില്ലെങ്കിൽ, സ്റ്റെതസ്കോപ്പ് എടുത്ത് നെഞ്ചിൽ വെച്ചില്ലെങ്കിൽ, രോഗിയുടെ ഫസ്റ്റ് ഇമ്പ്രഷൻ പോയിക്കിട്ടും. പിന്നീടങ്ങോട്ട് എന്തൊക്കെ ചെയ്താലും ഡോക്ടറുടെ കുറ്റങ്ങൾ എണ്ണിക്കണ്ടുപിടിക്കാനായിരിക്കും രോഗി ശ്രമിക്കുന്നത്. ഫേസ്ബുക്കിലൊക്കെ പലരും ഡോക്ടർമാരുടെ അഹങ്കാരത്തെക്കുറിച്ച് പോസ്റ്റിടാറുണ്ട്. ഒരു ലിസ്റ്റ് കുറ്റങ്ങൾ ഉണ്ടാകും. ഇത്രയധികം കുറ്റങ്ങൾ വെറും പത്ത് മിനിറ്റ് കൺസൾട്ടേഷൻ സമയത്തിൽ സംഭവിച്ചോ എന്ന് ഞാൻ അൽഭുതപ്പെടാറുണ്ട്. പലപ്പോഴും സംസാരത്തിനിടയിൽ ഡോക്ടർ മൊബൈൽ ഫോൺ നോക്കിയതോ, രോഗിയുടെ അനാരോഗ്യകരമായ ശീലങ്ങളെ ഗുണദോഷിച്ചതോ, ഓപ്പറേഷൻ സമയത്ത് സഹ-ഡോക്ടറോട് കുശലം പറഞ്ഞതോ, ഡോക്ടറുടെ സംസാരരീതി ഇഷ്ടമില്ലാത്തതോ ഒക്കെയായിരിക്കും രോഗിയെ ചൊടിപ്പിക്കുന്ന പ്രാഥമിക കാരണം. പിന്നെയങ്ങോട്ട് ഡോക്ടർ ചെയ്യുന്നതൊക്കെ പ്രശ്നകരമാണെന്ന രീതിയിലേ രോഗി കാണൂ. എങ്കിലും, എല്ലാം കഴിഞ്ഞ് ഡോക്ടറോട് ചിരിച്ചും, നന്ദിപറഞ്ഞും ഒക്കെ രോഗി തിരിച്ചു പോകും. പക്ഷെ, അന്ന് രാത്രി വാട്ട്സാപ്പിൽ കയറി ഡോക്ടറുടെ അനാസ്ഥയ്ക്കെതിരെ ഗർജ്ജിക്കുന്ന സിംഹമാകും. ഡോക്ടറുമായി ഇത്തരം പ്രശ്നങ്ങളുണ്ടെങ്കിൽ നിങ്ങൾ ഇതേക്കുറിച്ച് സത്യസന്ധമായി നേരിട്ട് സംസാരിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. അങ്ങനെ ചെയ്യുകയാണെങ്കിൽ തെറ്റായോ, ശ്രദ്ധിക്കാതെയോ ചെയ്ത കാര്യം തിരുത്താനുള്ള സാഹചര്യം ഡോക്ടർക്കുണ്ട്. രോഗിയെ നോക്കുന്നതിനിടയ്ക് ഫോൺ നോക്കിയതിന് മതിയായ കാരണമുണ്ടെങ്കിൽ ഡോക്ടർക്ക് അത് പറഞ്ഞ് തന്ന് തെറ്റിദ്ധാരണ മാറ്റാവുന്നതേ ഉള്ളൂ. ഓപ്പറേഷൻ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഡോക്ട്രർ ഓപ്പറേഷനെക്കുറിച്ചല്ലാതെ വേറൊന്നും സംസാരിക്കരുത് എന്നൊക്കെ വാശിപിടിക്കരുത് എന്നാണ് എൻ്റെ അഭിപ്രായം. ഒബ്സർവേഷനു വേണ്ടി അഡ്മിറ്റ് ചെയ്ത രോഗികൾക്കാണ് കൂടുതൽ അസംതൃപ്തി എന്ന് തോന്നിയിട്ടുണ്ട്. ചികിത്സ നടക്കുന്നുമില്ല, എന്നാൽ ആരോഗ്യത്തിന് പ്രത്യേക കുഴപ്പവും ഇല്ല, രോഗം കണ്ടുപിടിച്ചിട്ടും ഇല്ല എന്ന അവസ്ഥയിൽ രോഗി ഡോക്ടറെ ശല്യപ്പെടുത്താൻ സാധ്യത കൂടുതലാണ്. ഈ രോഗി കൂടെക്കൂടെ ജോലി തടസ്സപ്പെടുത്തുമ്പോൾ ഡോക്ടർ ശകാരിക്കും. അത് കേട്ട രോഗി ഡോക്ടറെ ഒരു പാഠം പഠിപ്പിക്കാനായി ഇറങ്ങിത്തിരിക്കുകയും ചെയ്യും. അതിനാൽ, മെഡിക്കൽ വിദ്യാഭ്യാസ കറിക്കുലത്തിൽ കമ്യൂണിക്കേഷൻ സ്കില്ലും, പേഷ്യൻ്റ് മാനേജ്മെൻ്റും പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇത് പഠിപ്പിക്കാൻ ഏറ്റവും കഴിവുള്ള വ്യക്തികൾ വ്യാജഡോക്ടർമാർ തന്നെയാണെന്നതിൽ എനിക്ക് സംശയമില്ല!
കേരളത്തിൽ മറ്റൊരു പ്രതിഭാസം കൂടിയുണ്ട്. ഏറ്റവും കൂടുതൽ ആളുകൾ ക്യൂ നിൽക്കുന്ന, മണിമാളികയുണ്ടാക്കിയ ഡോക്ടറുടെ വീട്ടിൽ പോയി ക്യൂ നിന്നും ചികിത്സിക്കാനാണ് മലയാളികൾക്ക് താല്പര്യം. ഈ ഡോക്ടർ തീർച്ചയായും രോഗങ്ങൾ എളുപ്പത്തിൽ ചികിത്സിച്ച് ഭേദമാക്കിത്തരുന്നതുകൊണ്ടാണല്ലോ എല്ലാവരും അങ്ങോട്ട് പോകുന്നത് എന്നതാണ് അവരുടെ നിഗമനം. വലിയ വീടുള്ള ഡോക്ടർ വിജയകരമായ പ്രാക്ടീസിലൂടെയായിരിക്കുമല്ലോ അത്രയും പണം സമ്പാദിച്ചിട്ടുണ്ടാകുക എന്നതാണ് മറ്റൊരു കാരണം. പലപ്പോഴും ഈ ഊഹം ശരിയാകണമെന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഡോക്ടറുടെ ജാതിയും മതവും ദേശവും ലിംഗവും ഒക്കെ നോക്കിയിട്ടാണ് പല രോഗികളും ഇഷ്ടപ്പെട്ട ഡോക്ടറെ തിരഞ്ഞെടുക്കുന്നത്. മുസ്ലീം സ്ത്രീകൾ മുസ്ലീം ഗൈനക്കോളജിസ്റ്റിനെയേ കാണാൻ പാടുള്ളൂ എന്ന് നേതാവ് പറയുമ്പോൾ അതിന് കയ്യടിക്കുന്ന ജനത ജീവിക്കുന്നത് ഇവിടെ കേരളത്തിൽ തന്നെയാണ്. അത്യാവശ്യം കുടവയറും, കഷണ്ടിയുമുള്ള, കണ്ണടവച്ച, തൊലിവെളുപ്പുള്ള, എപ്പോഴും ചിരിക്കുന്ന, കൊച്ചുവർത്തമാനം പറയുന്ന, ഉയർന്ന ജാതിയിലുള്ള, ലോറിപോലത്തെ കാറിൽ സഞ്ചരിക്കുന്ന, അൻപതിനോടടുത്ത പുരുഷ ഡോക്ടറെയാണ് രോഗികൾക്ക് കാണാൻ താല്പര്യം എന്നത് എന്നെ അനുഭവം പഠിപ്പിച്ചതാണ് (തെറ്റാവാം). രോഗിയെ സംസാരിച്ച് ‘വളച്ചെടുക്കാൻ’ കഴിയുന്നതും, അപ്രിയ സത്യങ്ങൾ തുറന്ന് പറയാത്തതും, അനുഭാവപൂർവ്വം പെരുമാറുന്നതുമൊക്കെയായ ഡോക്ടർമാരുടെ വീട്ടിനു മുൻപിലാണ് പലപ്പോഴും നീണ്ട ക്യൂ ഉണ്ടാവാറ്. വ്യാജവൈദ്യന്മാരുടെ കാര്യത്തിൽ, മരുന്ന് ഫലിക്കില്ലെങ്കിലും വാചകമടിച്ച് പിടിച്ച് നിൽക്കാൻ കഴിവുണ്ടെങ്കിൽ ഏറെക്കാലം ആളെപ്പറ്റിച്ച് കഴിഞ്ഞുകൂടാം.
മാതൃകാഡോക്ടർ ഏകദേശം കാഴ്ചയിൽ ഇതുപോലെയിരിക്കും.
മലയാളികളുടെ മറ്റൊരു പ്രശ്നം ആരെയും വിശ്വസിക്കാത്തതാണ്. രോഗി മരുന്ന് വാങ്ങാൻ പണം മുടക്കണ്ട എന്ന് കരുതി സാമ്പിൾ മരുന്നുകൾ സൗജന്യമായി കൊടുക്കുമ്പോൾ അവരുടെ വിചാരം ഏതോ മരുന്ന് കമ്പനിക്ക് പരസ്യം ഉണ്ടാക്കാനായി ഡോക്ടർ ചെയ്യുന്ന പണിയാണിതെന്നാണ്. സ്വന്തം പഠനവും, ജോലിയും, ഹോബിയുമൊക്കെ മാറ്റിവച്ച് ആളുകളെ ബോധവൽക്കരിച്ചു കളയാം എന്ന നല്ല ഉദ്ദേശത്തിലാണ് ലാഭേച്ഛയില്ലാതെ എട്ടു വർഷങ്ങൾക്ക് മുൻപ് വിക്കിപീഡിയയിൽ ആരോഗ്യസംബന്ധമായ ലേഖനങ്ങൾ ഞാൻ എഴുതാൻ തുടങ്ങിയത്. ഇതാണ് ഒഴിവുസമയത്തെ പണി എന്ന് പറയുമ്പോൾ പലരും ചോദിക്കുന്നത് ‘ലേഖനമെഴുതിയാൽ വിക്കിപീഡിയ കാശ് തരുമോ?’, ‘മരുന്ന് കമ്പനി പൈസ തരുമോ?’ എന്നൊക്കെയാണ്. രോഗിക്ക് മരുന്നുകൾ എഴുതിക്കൊടുക്കാതെ, “രോഗം കൂടുകയാണെങ്കിൽ വീണ്ടും വരൂ” എന്ന് പറഞ്ഞാൽ നിങ്ങൾ ഫോളോ അപ്പ് ചെയ്യിപ്പിച്ച് പണം പിടുങ്ങുന്ന ഡോക്ടറായി മാറും. എല്ലാ മരുന്നുകളും ഒറ്റയിരുപ്പിൽ എഴുതിക്കൊടുത്താൽ മരുന്ന് മാഫിയയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഡോക്ടറായും മാറും. എന്നാൽ, രോഗി ഉദ്ദേശിക്കുന്ന അത്ര വിലയുള്ള മരുന്നുകൾ, അത്ര അളവിൽ, അത്ര ദിവസങ്ങൾ തന്നെ കഴിക്കാൻ പറഞ്ഞാൽ രോഗം മാറിയില്ലെങ്കിലും രോഗി ഹാപ്പി തന്നെ. “കൈപ്പുണ്യമുള്ള ഡോക്ടറാണ്, പക്ഷെ ഇത്തവണ മാത്രം മരുന്ന് കഴിച്ചിട്ടും ചെറിയ ആശ്വാസമേ കിട്ടിയുള്ളൂ” എന്ന് വിചാരിച്ച് രോഗി സമാധാനിക്കും. പക്ഷെ, ആധുനികവൈദ്യം രോഗിയുടെ ഇംഗിതം നോക്കിയല്ല പ്രവർത്തിക്കുന്നത്. ഇവിടെയാണ് വ്യാജന്മാർ സ്കോർ ചെയ്യുന്നത്. ഇവർ രോഗിയുടെ സാഹചര്യങ്ങളും മടിശ്ശീലയുടെ കനവും ഒക്കെ നോക്കി, രോഗിയോട് ആശ്വസിപ്പിക്കാനെന്നേന സംസാരിച്ച് അവരുടെ ഇംഗിതങ്ങൾ മനസിലാക്കിയെടുത്ത്, രോഗിക്കിഷ്ടപ്പെട്ട രീതിയിൽ ചികിത്സ തുടങ്ങും. ഒറിജിനൽ ഡോക്ടർ എഴുതുന്ന ‘കെമിക്കലുകൾ’ കഴിച്ചാൽ ഉടനെ രോഗം മാറണം എന്നാണ് രോഗിയുടെ ശാഠ്യം എങ്കിൽ പ്രകൃതിചികിത്സ ചെയ്യുന്ന വ്യാജഡോക്ടറുടെ അടുക്കലെത്തുമ്പോൾ ഇവർക്ക് ഇത്തരം പ്രതീക്ഷകളൊന്നുമില്ല. ചികിത്സ പരാജയപ്പെട്ടാലും കെമിക്കലുകൾ കഴിക്കേണ്ടി വന്നില്ലല്ലോ എന്നതാണ് അവരുടെ ആശ്വാസം. ആധുനികവൈദ്യത്തിൽ ഡോക്ടറുടെ അഭിപ്രായം എന്താണെങ്കിലും അത് വിലയ്ക്കെടുക്കുകയും, ചികിത്സാരീതിയിൽ വിശ്വാസമർപ്പിക്കുകയും ചെയ്തില്ലെങ്കിൽ, മരുന്ന് സമയത്തിന് കഴിക്കാനും, ജീവിതശൈലി മാറ്റാനുമൊന്നും താല്പര്യമില്ലാതെവരും. ഫലത്തിൽ ചികിത്സ വിജയിക്കുകയുമില്ല.
മലയാളിയുടെ കീമോഫോബിയയും, പ്രകൃതിദത്തം എന്ന പേരിൽ വിൽക്കുന്ന എന്തിനോടുമുള്ള വിധേയത്വവും പലതരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. പച്ചക്കറിയിൽ കീടനാശിനി അടിച്ചിട്ടുണ്ടാവുമെന്നതുകൊണ്ട് കുട്ടികൾക്ക് പച്ചക്കറികൾ കൊടുക്കില്ല. ഇത്തരം കുട്ടികൾക്ക് പലതരം വിറ്റാമിനുകളുടെ കുറവുണ്ടാകുന്നതുകൊണ്ട് ക്ഷീണം, ശ്രദ്ധക്കുറവ്, വളർച്ച മുരടിപ്പ് എന്നിവയെല്ലാം ഉണ്ടാകാം. കീടനാശിനി അടിച്ച പച്ചക്കറി കഴിക്കുന്നതിലും പല മടങ്ങ് അധികം അപകടമാണ് പച്ചക്കറി കഴിക്കാതയേ ഇരിക്കുന്ന ആവസ്ഥ എന്ന് പലരും മനസിലാക്കുന്നില്ല. നന്നായി കഴുകിയെടുത്താൽ പോകാത്ത കീടനാശിനികളുമില്ല. 1950 കാലഘട്ടത്തിലെ പട്ടിണിമരണങ്ങളിൽ നിന്നും ആധുനിക കാലത്തെ ഭക്ഷ്യസമ്പന്നതയിലേക്ക് നമ്മളെ എത്തിച്ചതിൽ കീടനാശിനികൾക്കും പങ്കുണ്ട് എന്ന കാര്യം വിസ്മരിക്കാനുമാകില്ല. അതേ സമയം, കഷായം, ലേഹ്യം, ലേപനം എന്നൊക്കെ പേരുള്ള തികച്ചും പ്രകൃതിദത്തമാണെന്ന് അവകാശപ്പെടുന്ന മരുന്നുകൾ സേവിച്ചതിനു ശേഷം കരളിൽ വിഷബാധ ഉണ്ടാകുന്നത് സാധാരണമാണ്. പ്രകൃതിയിൽ നിന്ന് നേരിട്ട് പറിച്ചെടുക്കുന്ന പല ചെടികളും, കായ്കനികളും കൊടിയ വിഷങ്ങളാണ്. ഒതളങ്ങ തന്നെ ഉദാഹരണം.
ഒതളങ്ങ. തികച്ചും പ്രകൃതിദത്തം, പക്ഷെ കഴിച്ചാൽ പണികിട്ടും. കടപ്പാട്: വെങ്ങോളിസ്, സി.സി-ബൈ-എസ്.എ 4.0, വിക്കിമീഡിയ കോമൺസ്.
ആധുനികവൈദ്യം വർഷങ്ങൾ നീണ്ടുനിൽക്കുന്ന പരീക്ഷണങ്ങൾക്കു ശേഷം കഴിയാവുന്നത്ര സൈഡ് എഫക്റ്റുകളും കണ്ടെത്തി, സത്യസന്ധമായി റിപ്പോർട്ട് ചെയ്യുന്നതുകൊണ്ട് ‘ഇംഗ്ലിഷ്’ മരുന്നിന് മാത്രമേ സൈഡ് എഫക്റ്റ് ഉള്ളൂ എന്നാണ് പൊതുജനത്തിൻ്റെ ധാരണ. അതുകൊണ്ട് തന്നെ, വ്യാജവൈദ്യന്മാരുടെ ചികിത്സയ്ക്കിടയിൽ എന്തെങ്കിലും സങ്കീർണ്ണതകൾ ഉണ്ടായാൽ ഉടനെ അവർ പറയുന്ന കാരണം, നിങ്ങൾ പണ്ട് കഴിച്ച ഇംഗ്ലിഷ് മരുന്നിൻ്റെ സൈഡ് എഫക്റ്റ് ആണിതെന്നാണ്. എന്നെങ്കിലുമൊക്കെ നമ്മളെല്ലാവരും ‘ഇംഗ്ലിഷ്’ മരുന്ന് കഴിച്ചിട്ടുണ്ടാകും എന്നതിനാൽ ഇത്തരം ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ ബുദ്ധിമുട്ടാണ്.
പ്രകൃതിദത്തത്തോട് സോഫ്റ്റ് കോർണ്ണർ ഉള്ള മലയാളി പൊതുജനതാല്പര്യാർത്ഥം വാട്ട്സാപ്പിൽ ഷെയർ ചെയ്യുന്ന മെസേജുകളൊക്കെ, “ഡോക്ചർ രാമൻ വൈദ്യർ പറയുന്നു: ഷുഗറിന് നാടൻ ചികിത്സ, ഇംഗ്ലിഷ് മരുന്ന് നിർത്തൂ 😡 , ദിവസവും പാവയ്ക്കാനീരും മുളകും സേവിക്കൂ ❗ ” എന്ന തരത്തിലുള്ളതായിരിക്കും. അതേസമയം, ഡയബറ്റിസ് ചികിത്സയെക്കുറിച്ച് ഒറിജിനൽ ഡോക്ടർ എഴുതുന്ന ശാസ്ത്രീയ ലേഖനം ആരും ഷെയർ ചെയ്യുകയോ, വായിച്ച് നോക്കുകയോ പോലുമില്ല. ഇതുകൊണ്ട് വ്യാജന്മാരുടെ പോസ്റ്റുകൾക്ക് എപ്പോഴും ഒറിജിനലിനെക്കാൾ കൂടുതൽ റീച്ച് ഉണ്ടാകും. ഈ സത്യാനന്തര കാലത്ത് വ്യാജവാർത്തകളെ സത്യം കൊണ്ട് ഒരിക്കലും നേരിടാൻ കഴിയില്ല എന്നാണ് എനിക്ക് തോന്നുന്നത്. നിപ്പ വൈറസ് ബാധ സ്ഥിതീകരിച്ച ഉടനെ പരിഭ്രാന്തി പരത്തുന്ന മെസേജുകളായിരുന്നു വാട്ട്സാപ്പ് നിറയെ. ഒന്നു രണ്ട് ദിവസം കഴിഞ്ഞപ്പോൾ വാട്ട്സാപ്പ് തൊഴിലാളികൾക്ക് അത് മടുത്തു. അതിനുശേഷം നിപ്പയെക്കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങൾ സർക്കാർ അടക്കം ഷെയർ ചെയ്ത് തുടങ്ങിയപ്പോൾ അത് ആർക്കും പ്രചരിപ്പിക്കാൻ താല്പര്യമില്ലാതായി. ത്രില്ലടിപ്പിക്കുന്നതും, പരിഭ്രാന്തി പരത്തുന്നതും, പൊതുബോധത്തെ പ്രീണിപ്പിക്കുന്നതും, വികാരപ്രകടനങ്ങൾ നടത്തുന്നതും, സ്ത്രീ-ദളിത് വിരുദ്ധ തമാശകൾ ഉൾക്കൊണ്ടതുമായ പോസ്റ്റുകൾക്കാണ് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കാൻ മൈലേജ് ഉള്ളത്. മതത്തിൻ്റെ ശാസ്ത്രീയവശങ്ങൾ, സെലബ്രിറ്റികളുടെ അപകടമരണങ്ങൾ, പെണ്ണുങ്ങളുടെ മണ്ടത്തരങ്ങൾ, അപകടങ്ങളുടെ വീഡിയോ റെക്കോർഡിങ്ങുകൾ എന്നിവയൊക്കെ കറങ്ങി നടക്കുമ്പോൾ ശാസ്ത്രസത്യങ്ങൾക്ക് ഇടം ഇല്ലാതെ വരുന്നു. വ്യാജ ആരോഗ്യപ്രചാരകരെ തടയാൻ ഞാനിനി ഒരു വഴിയേ കാണുന്നുള്ളൂ: കൂടുതൽ ഫേക്ക് ന്യൂസ് തള്ളിവിടുക. “അൽഭുതം കാണൂ! മരിച്ചയാളെ ഉയർത്തെണീപ്പിച്ച വടക്കാഞ്ചേരി ഡോക്ചർ പറയുന്നത് വായിക്കൂ”, “പച്ചില മാത്രം ഉപയോഗിച്ച് അഞ്ചു മിനിറ്റിൽ രക്തത്തിൽ കുളിച്ച ആളുടെ മുറിവുണക്കിയ വൈദ്യരുടെ രഹസ്യക്കൂട്ട് എന്താണ്?” എന്ന രീതിയിലുള്ള വമ്പൻ തള്ളുകൾ വാട്ട്സാപ്പിൽ ഇറക്കിവിടുക. വലിയ തള്ളുകൾക്കിടയിൽ ഇവരുടെ ചെറിയ തള്ളുകൾ നിഷ്പ്രഭമായിക്കോളും. കുറേ തള്ളുകൾ കേട്ട് മടുക്കുമ്പോൾ വാട്ട്സാപ്പിൽ വരുന്ന ഒന്നും വിശ്വസിക്കരുത് എന്ന മാനസികാവസ്ഥയിലേക്ക് ആളുകൾ മാറിക്കോളും. ചില തള്ളുകൾക്ക് മറുപടിയായി ശാസ്ത്രീയ വിശദീകരണം നൽകുന്നതിനു പകരം മറുതള്ള് ഇറക്കിയാലും മതി. ശാസ്ത്രീയ വിശദീകരണം മനസിലാകുകയോ, ഓർമ്മയിൽ നിൽക്കുകയോ ഇല്ല, പക്ഷെ തമാശയായ തള്ളോ, ട്രോളോ ഇറക്കിയാൽ കുറച്ചുകൂടി ഓർമ്മയിൽ നിൽക്കും, കൂടുതൽ റീച്ചും കിട്ടും. സുബ്രഹ്മണ്യൻ സ്വാമിയെയൊക്കെ പണ്ട് ഇങ്ങനെ അലക്കിയെടുത്തിട്ടുണ്ട്. സമം സമേന ശാന്തി (Similia Similibus Curentur) എന്ന ഹോമിയോ തത്വം മലയാളികളുടെ ഷെയറിങ് രോഗത്തിന് (മാത്രം) ഉള്ള ഉത്തമ ചികിത്സയാണ്.
പ്രകൃതിചികിത്സകൊണ്ട് ശരിക്കും പൊല്ലാപ്പിലായിരിക്കുന്നത് ആരോഗ്യപ്രവർത്തകരല്ല, കാട്ടുമൃഗങ്ങളാണ്. ഉടുമ്പിൻ്റെ ചോരയും, കരിങ്കുരങ്ങിൻ്റെ കരളും, കരടിനെയ്യും, വെള്ളിമൂങ്ങയുടെ ശരീരഭാഗങ്ങളും, കാട്ടുകോഴിയുടെ ഇറച്ചിയുമൊക്കെ കരിഞ്ചന്തയിൽ ചൂടുള്ള ഐറ്റങ്ങളാണ്. ഈ ജീവികൾ വംശമറ്റ് പോകാനുള്ള പ്രധാന കാരണവും ഇവരെ മരുന്നിനും, ആരോഗ്യ പുഷ്ടിക്കും വേണ്ടി മനുഷ്യർ കൊന്നൊടുക്കുന്നതാണ്. കണ്ടാമൃഗത്തിൻ്റെ കൊമ്പിന് ഔഷധഗുണമുണ്ടെന്ന വിശ്വാസം ചൈനയിൽ ശക്തമായതുകൊണ്ട്, ഇവയെ വ്യാപകമായി കൊമ്പിനു വേണ്ടി കൊലചെയ്യപ്പെട്ടു. ഇതിൻ്റെ പരിണിതഫലമായി ആഫ്രിക്കയിൽ റൈനോകളുടെ വളരെ എണ്ണം കുറഞ്ഞ് വന്നു. സുഡാൻ എന്ന് പേരുള്ള ആൺ റൈനോ രണ്ട് മാസം മുൻപ് മരിച്ചതോടെ വടക്കൻ വെള്ള റൈനോ എന്ന സബ്സ്പീഷീസ് തന്നെ ഉന്മൂലനം ചെയ്യപ്പെട്ടു. കരടിനെയ്യാണെന്ന് പറഞ്ഞ് പാമോയിൽ തന്നുവിടുന്ന വ്യാജരായ വ്യാജഡോക്ടർമാർ ഉണ്ടെങ്കിലും, ശരിക്കും കരടിനെയ്യ് നിയമവിരുദ്ധമായി സംഘടിപ്പിച്ചു തരുന്ന ഒറിജിനൽ വ്യാജഡോക്ടർമാരും ഉണ്ടായിരിക്കണം.
ശാസ്ത്രസത്യങ്ങൾ, പ്രത്യേകിച്ചും ആധുനിക കണ്ടുപിടുത്തങ്ങൾ വിശദീകരിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. ഇവിടെ വ്യാജൻ എന്തു ചെയ്യുന്നു എന്ന് നോക്കാം. നടന്ന കഥയാണ്. ചെവിവേദന എത്ര ചികിത്സിച്ചിട്ടും ഭേദമാകുന്നില്ല, കൂടാതെ ചെവിയിൽ നിന്ന് പഴുപ്പ് ഒലിച്ച് തുടങ്ങുകയും ചെയ്തു. രോഗിയോട് വ്യാജൻ പറഞ്ഞത്, തലയ്ക്കകത്തുള്ള പഴുപ്പൊക്കെ ചെവിയിലൂടെ പുറത്ത് വന്ന് തല ക്ലീൻ ആകുകയാണ്, ഇത് രോഗം മാറുന്നതിൻ്റെ ലക്ഷണമാണ് എന്നാണ്. എത്ര സിമ്പിളായ വിശദീകരണമാണിതെന്ന് നോക്കൂ! ഇത് കേട്ട് വിശ്വസിച്ച രോഗി അവസാനം ഗുരുതരനിലയിലാണ് പിന്നീട് മെഡിക്കൽ കോളേജിനെ സമീപിച്ചത്.
സ്വീഡനിൽ 1177.se എന്ന വെബ്സൈറ്റും, ആരോഗ്യത്തെ സംബന്ധിച്ച സംശയങ്ങൾ ചോദിക്കാനായി 1177 എന്ന മുഴുവൻ സമയ ഹെല്പ് ലൈൻ ഫോൺ നമ്പറും ഉണ്ട്. ആളുകൾക്ക് സർക്കാർ നൽകുന്ന വിവരങ്ങളെ വിശ്വാസമാണ്. അതുകൊണ്ട് വ്യാജന്മാർക്ക് ഇവിടെ യഥേഷ്ടം കയറിക്കളിക്കാനൊന്നും പറ്റില്ല. വാട്ട്സാപ്പ് തൊഴിലാളികൾ ഇവിടെയില്ലാത്തതുകൊണ്ട് വ്യാജവാർത്തകൾ പ്രചരിക്കുകയുമില്ല. ആറു മാസം മുൻപേ ഇവിടെ മീസിൽസ് ഔട്ട്ബ്രേക്ക് ഉണ്ടായപ്പോൾ എല്ലാ വാർത്തകളും വൈബ്സൈറ്റിലൂടെയും, സർക്കാർ ചാനലിലൂടെയും, റേഡിയോയിലൂടെയും പ്രക്ഷേപണം ചെയ്തു. വെബ്സൈറ്റിലും, സോഷ്യൽ മീഡിയയിലും പുതിയ വിവരങ്ങൾ അനുനിമിഷം ലഭ്യമാക്കി. കേരളത്തിലും ഇത്തരം സംവിധാനങ്ങൾ എളുപ്പത്തിൽ കൊണ്ടുവരാവുന്നതേ ഉള്ളൂ. പൊതുജനം എത്രമാത്രം വിശ്വസിക്കാൻ തയ്യാറാവും എന്നതിലേ സംശയമുള്ളൂ. ഏത് പാർട്ടിയാണ് അധികാരത്തിലിരിക്കുന്നത് എന്ന് നോക്കി സർക്കാർ തരുന്ന വാർത്ത വിശ്വസിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ആളുകളാണ് ഇവിടെയുള്ളതല്ലോ.
ചില അസുഖങ്ങൾ സ്വകാര്യമാക്കി വയ്ക്കാനും, ആരും അറിയാതെ ചികിത്സ തേടാനുമാണ് രോഗികൾക്ക് താല്പര്യം. പൈൽസ്, ലൈംഗിക രോഗങ്ങൾ, മാനസിക രോഗങ്ങൾ എന്നിവ പുറത്തു പറയാൻ കൊള്ളാത്തതും, നാണക്കേടുളവാക്കുന്നതുമായ രോഗങ്ങളാണെന്നാണ് പൊതുജനം ചിന്തിക്കുന്നത്. ഇവിടെ വ്യാജന്മാർ ഒറ്റ ദിവസത്തിനുള്ളിൽ പൂർണ്ണ സൗഖ്യം വാഗ്ദാനം ചെയ്ത് ചികിത്സയ്ക്കിറങ്ങും. കടകളുടെ രണ്ടാം നിലകളിൽ അനേകായിരം ഡോ. ഭത്രമാർ പൈൽസ് ചികിത്സ ക്ലിനിക്കുകൾ തുറക്കുന്നുണ്ടെങ്കിൽ ആളുകൾ അവിടെ ചികിത്സയ്ക്കായി ചെല്ലുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. മാനസിക രോഗങ്ങൾക്ക് കൂട്ടപ്രാർത്ഥനയും, ഹോമവും, ഊതൽ ചികിത്സയും, ജാറം മുത്തലും, ചരട് കെട്ടലും, തകിട് കുഴിച്ചിടലുമൊക്കെയാണ് ഡിമാൻ്റിലുള്ളത്. മാനസികരോഗത്തിന് സൈക്യാട്രിസ്റ്റിനെ സമീപിക്കുകയാണെങ്കിൽ ആരും അറിയാതെയും, പ്രാർത്ഥനായോഗത്തിൽ ‘സുഖപ്പെടുത്തുകയാണെങ്കിൽ’ എല്ലാവരുടെയും മുൻപിൽ വച്ചുമാണ് (അതിൻ്റെ വീഡിയോ പിടിച്ചുമാണ്) ചികിത്സിക്കുന്നത്. ഒരേ രോഗത്തിന് ചെയ്യുന്ന ആധുനികവൈദ്യ ചികിത്സയെ മറച്ചുവയ്ക്കാൻ താല്പര്യപ്പെടുന്നതും, അതേസമയം വ്യാജചികിത്സ പൊതുജനസമക്ഷം ചെയ്യുന്നതുമായ രീതിയെ അൽഭുതത്തോടെയേ എനിക്ക് കാണാൻ കഴിയുന്നുള്ളൂ.
പ്രാർത്ഥനാചികിത്സ. കോപ്പിറൈറ്റഡ് ചിത്രം ആണെങ്കിലും പൊതുജനതാല്പര്യാർത്ഥം പ്രസിദ്ധീകരിക്കുന്നത്. (അവലംബം), ഫെയർ യൂസ്.
വ്യാജ വൈദ്യൻ്റെ അടുക്കൽ ചെല്ലാനുള്ള മറ്റൊരു കാരണമാണ് പിശുക്കും, സമയക്കുറവും. കയ്യൊടിഞ്ഞ കുട്ടിയുടെ മാതാപിതാക്കൾക്ക് രണ്ട് ഒപ്ഷനാണുള്ളത് : (a) ഉഴിച്ചിലിനു കൊണ്ടുപോകുക, (b) ഡോക്ടറെ കാണിക്കുക. ഡോക്ടറെ കാണിക്കണമെങ്കിൽ ക്യൂ നിൽക്കണം, എക്സ് റേ എടുക്കണം, ഫീസ് കൊടുക്കണം, മരുന്ന് മേടിക്കണം, പ്ലാസ്റ്റർ വെട്ടാൻ ചെല്ലണം. ഉഴിച്ചിലിനു പോകുകയാണെങ്കിൽ ഒറ്റയിരുപ്പിന് പണി തീർന്നുകിട്ടും, ചിലവും കുറവ്. ഫ്രീ ചികിത്സ കിട്ടുന്ന സർക്കാർ ആശുപത്രികളെ പുച്ഛവുമാണ്. ചിലരുടെ വിചാരം ഉഴിച്ചിൽ കൊണ്ട് മാറാത്ത ചതവുകൾക്ക് മാത്രമേ ഡോക്ടറെ കാണിക്കേണ്ടതുള്ളൂ എന്നാണ്. എന്നാൽ, ഉഴിച്ചിലിൽ എല്ലിൻ്റെ സ്ഥാനം തെറ്റിയാൽ ഉണക്കം സംഭവിക്കുമ്പോൾ എല്ല് രണ്ട് കഷ്ണമായിട്ടാണ് ഉണങ്ങുക. ഇത് പിന്നീട് നേരെയാക്കിയെടുക്കണമെങ്കിൽ സർജറി വേണ്ടിവരും. പിശുക്കാൻ വേണ്ടി ചെയ്തുവച്ചത് അവസാനം കൂടുതൽ ചിലവേറിയ പരിപാടിയായി മാറുകയാണ് ചെയ്യുക. വേറൊന്ന് പ്രതിഭയോട് സംസാരിച്ചപ്പോൾ അറിഞ്ഞ കാര്യമാണ് : സാമ്പത്തികാവസ്ഥ വളരെ കുറഞ്ഞവർക്ക് അന്നന്നത്തേക്കുള്ള അരി വാങ്ങണമെങ്കിൽ അന്നന്ന് അധ്വാനിച്ചേ പറ്റൂ. ഇവർ പണിക്ക് പോകുന്ന അതേ സമയത്താണ് അർബൻ ഹെൽത്ത് സെൻ്റർ പ്രവർത്തിക്കുന്നത്. സെൻ്ററിൽ ചികിത്സ സൗജന്യമാണെങ്കിൽ പോലും ജോലിയിൽ നിന്ന് ലീവെടുത്ത് ഡോക്ടറെ കാണിക്കാൻ വരാൻ രോഗികൾ താല്പര്യപ്പടില്ല. അതേസമയം ചേരിയുടെ മൂലയ്ക്ക് ഒരു വ്യാജൻ ഇരിപ്പുണ്ട്. ഇദ്ദേഹം എപ്പോൾ രോഗികൾ വന്നാലും ചികിത്സിക്കും, മരുന്നും അവിടെനിന്നു തന്നെ കൊടുക്കും. വെറും ഇരുപത് രൂപയാണ് ഫീസ്. ഇദ്ദേഹത്തിന് നാട്ടുകാരെ നേരിട്ടറിയാം. ഇത് കാരണം രോഗികൾ വ്യാജൻ്റെ അടുക്കൽ ചികിത്സിക്കാനാണ് താല്പര്യപ്പെടുന്നത്. രണ്ട് രൂപയ്ക്ക് ഓ.പി ടിക്കറ്റ് എടുത്ത് ചികിത്സിക്കാനുള്ള സംവിധാനം കേരളത്തിലുണ്ട്. ഇതു കാരണം ഉത്തരേന്ത്യയിലുള്ളതുപോലെ ദാരിദ്ര്യമാണ് വ്യാജന്മാരെ വളർത്തുന്നത് എന്നത് ഞാൻ വിശ്വസിക്കില്ല. വിദ്യാഭ്യാസമുണ്ടെങ്കിലും തലച്ചോറ് പണയം വച്ച ജനതയാണ് വ്യാജന്മാരെ വളർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് എന്ന് ഇതിനകം മനസിലായിക്കാണുമല്ലോ.
കുറിപ്പ്: ഈ ബ്ലോഗ് swethaambari.com എന്ന ഡൊമൈനിലേക്ക് മാറ്റിയിട്ടുണ്ട്. പഴയ ലിങ്കുകൾ മാറ്റമില്ലാതെ തുടരും. പുതിയ സബ്സ്ക്രിപ്ഷൻ പ്ലാനിലേക്ക് മാറിയതോടെ ഇനി മുതൽ വേഡ്പ്രസ് വക പരസ്യങ്ങൾ ബ്ലോഗിൽ ഉണ്ടായിരിക്കുന്നതല്ല.
ജോലിയുടെ ഭാഗമായി എഞ്ചിനിയർമാരുമായി സഹകരിക്കേണ്ടിവരും എന്ന് ജോലിക്ക് ചേർന്ന അന്ന് തന്നെ പ്രൊഫസർ പറഞ്ഞു തന്നിരുന്നു. കൂടെയുള്ള മറ്റ് ഡോക്ടർമാരുമായി ഇടപെട്ട് തുടങ്ങിയപ്പോൾ അവരുടെ സംസാരത്തിൽ നിന്നും, എഞ്ചിനിയറുമായുള്ള സഹകരണം അത്ര എളുപ്പമുള്ള പണിയല്ല എന്ന് മനസിലാക്കി. കൂടാതെ, വീട്ടിൽ തന്നെ സഹകരിക്കാൻ മുട്ടി നിൽകുന്ന ഒരു എഞ്ചിനിയർ ഉള്ളപ്പോൾ പുറത്തു നിന്നും ആരെയും എടുക്കുന്നില്ല എന്ന് തീരുമാനിച്ചു. എൻ്റെ റിസേർച്ച് പ്രൊജക്റ്റിന് ആവശ്യമുള്ള കമ്പ്യൂട്ടിങ് ജോലികൾ ചെയ്ത് തന്നത് വീട്ടിലെ എഞ്ചിനിയറാണ്. ഈ സഹായത്തിനു പകരമായി ഞാൻ ബിരിയാണി ഉണ്ടാക്കിക്കൊടുക്കും. അല്പമൊക്കെ കോഡിങ് പഠിച്ചതിൽപ്പിന്നെ ഇപ്പോൾ ആവശ്യമുള്ള സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് ഒക്കെ സ്വയമാണ് ചെയ്യുന്നത്.
ഒരാൾ ചെയ്യുന്ന ജോലി അയാളുടെ ചിന്താരീതിയെ സ്വാധീനിക്കുന്നുണ്ടെന്ന് തോന്നിയിട്ടുണ്ട്. കമ്പ്യൂട്ടിങ്ങുകാർക്ക് ഡേറ്റ അടുക്കിപ്പെറുക്കി വയ്ക്കുന്നതിലും, മെറ്റാ-ലെവൽ സൊലൂഷനുകൾ ഉണ്ടാക്കുന്നതിലും ആസക്തിയുണ്ടെന്ന് തോന്നിയിട്ടുണ്ട്. ഡോക്ടർമാർക്ക് മെറ്റാ-തിയറികൾ ഇല്ല. ഇവിടെ ചികിത്സ തീരുമാനിക്കുന്നത് രോഗികളുടെയും, രോഗത്തിൻ്റെയും പ്രത്യേകതകളെയും, അവരുടെ സാമൂഹ്യസാഹചര്യങ്ങളെയും അടിസ്ഥാനമാക്കിയാണ്. ഒരേ രോഗമുള്ള രണ്ട് വ്യക്തികൾക്ക് ചിലപ്പോൾ രണ്ട് രീതിയിലാകാം ചികിത്സ. ടെക്നിക്കൽ മേഖലകളിൽ നിന്നും വരുന്നവർക്ക് ഡോക്ടർമാരുടെ ചിന്താരീതി മനസിലാകണമെന്നില്ല, തിരിച്ചും. ടെക്നിക്കൽ മേഖലയിലുള്ളവർ മെഡിക്കൽ സയൻസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രസക്തമായ വിഷയങ്ങളാണ് ഈ പോസ്റ്റിൽ പ്രതിപാദിച്ചിരിക്കുന്നത്. പതിവുപോലെ, ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ കൂടി ഒരു ഒഴുക്കിൽ എഴുതിവച്ചിട്ടുണ്ട്, ക്ഷമിക്കുക.
ഒരു ഫ്ലോചാർട്ട് നോക്കി കണ്ടുപിടിക്കുന്ന തരത്തിലുള്ളതല്ല പ്രക്രിയയല്ല രോഗനിർണ്ണയം. എന്നാൽ രോഗിയുടെ ലക്ഷണങ്ങൾ ഏതാണ്ടൊക്കെ കൃത്യമായി മനസിലാക്കാൻ കഴിഞ്ഞാൽ പിന്നെ, സംശയിക്കുന്ന നാലോ അഞ്ചോ രോഗങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി, അതിൽ നിന്നും ഓരോന്നും തള്ളിക്കളയാനുള്ള ടെസ്റ്റുകൾ ചെയ്യുകയുമാവാം. രോഗലക്ഷണങ്ങൾ മനസിലാക്കുന്നതും ബുദ്ധിമുട്ടുള്ള പ്രക്രിയയാണ്. താൻ എന്ത് പ്രശ്നമാണ് അനുഭവിക്കുന്നത് എന്ന് രോഗിക്ക് ഡോക്ടറോട് കൃത്യമായി പറഞ്ഞുതരാൻ തക്കവണ്ണം ഉള്ള യൂണിവേഴ്സൽ ടെർമിനോളജി ഇല്ല. എല്ലാ രോഗികളും ടെക്സ്റ്റ്ബുക്കുകളിൽ കൊടുത്തിരിക്കുന്ന രോഗലക്ഷണങ്ങൾ കൃത്യമായി പറഞ്ഞു തരണം എന്നാണ് എല്ലാ ഡോക്ടർമാരുടെയും ആഗ്രഹമെങ്കിലും അത് പലപ്പോഴും നടക്കാറില്ല. GERD എന്നൊരു അവസ്ഥയുണ്ട്. ഇതുള്ള രോഗികൾ പറയുന്ന പ്രധാന രോഗലക്ഷണങ്ങൾ നെഞ്ചുവേദന, നെഞ്ചിൽ പിരുപിരുപ്പ്, നെഞ്ചിൽ കാളിച്ച, വായിൽ പുളിപ്പ്, വയറ്റിൽ തുള്ളിക്കളിക്കൽ, ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട്, തൊണ്ടയിൽ മുഴ പോലെ തോന്നുന്നു, എടക്കനെ ചുമ, വായിലേക്ക് വരുന്ന ഛർദ്ദി, ഓക്കാനവും കയിപ്പും എന്നിങ്ങനെ നൂറുകണക്കിന് വ്യത്യസ്ഥമായ കാര്യങ്ങളായിരിക്കും. ഇതെല്ലാം കേട്ട് ഒരു ഡിറ്റക്റ്റീവിനെപ്പോലെ ചില ലക്ഷണങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ചോദിച്ചും, ഏത് സാഹചര്യങ്ങൾ മാറ്റിയപ്പോഴാണ് അസുഖം കൂടാനോ കുറയാനോ തുടങ്ങിയത് എന്ന് അന്വേഷിച്ചും, ഒരു സാധാരണ ദിവസം ചെയ്യുന്ന കാര്യങ്ങളെന്തൊക്കെയാണെന്ന് മനസിലാക്കിയും, ശരീരപരിശോധന ചെയ്തും ഒക്കെയാണ് സാധ്യതയുള്ള മൂന്നോ നാലോ ഡയഗ്നോസിസുകളിലേക്ക് ചുരുക്കുന്നത്. അസുഖങ്ങൾ ഫ്ലോചാർട്ട് ഉപയോഗിച്ച് കണ്ടുപിടിക്കാനാവുമായിരുന്നെങ്കിൽ ഈ ജോലി എത്ര ബോറിങ് ആകുമായിരുന്നെന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഒരു ഡിറ്റക്റ്റീവിൻ്റെ ജോലി പോലെ സംഭവബഹുലമായതുകൊണ്ടും, ഓരോ രോഗിയും വ്യത്യസ്തരായതുകൊണ്ടുമാണ് പല ഡോക്ടർമാർക്കും ജോലി ഒരിക്കലും മടുക്കാത്തതെന്നും തോന്നിയിട്ടുണ്ട്.
രോഗലക്ഷണങ്ങൾ പലപ്പോഴും സാമാന്യയുക്തിക്ക് നിരക്കുന്ന ഡയഗ്നോസിസുകൾ തരണമെന്നില്ല. തലകറക്കമുള്ള രോഗിയുടെ യഥാർത്ഥ പ്രശ്നം തലയിലല്ല, ചെവിയുടെ ഉള്ളിലായിരിക്കാം. ഭ്രാന്തിൻ്റെ ലക്ഷണങ്ങൾ കാണിക്കുന്നയാൾക്ക് തൈറോയിഡിനായിരിക്കാം തകരാറ്. തോൾവേദന ലിവറിലുള്ള തകരാറു മൂലമായിരിക്കാം. വെറുമൊരു തോൾവേദനയുമായി ചെന്ന എന്നെ ബില്ല് കൂടുതൽ അടപ്പിയ്കാൻ വേണ്ടി അഡ്മിറ്റ് ചെയ്തു എന്ന് കുടുംബക്കാർ പറയുമ്പോൾ, ആ ചർച്ച ഡോക്ടർമാരുടെ പണക്കൊതിയെക്കുറിച്ചുള്ള സൈദ്ധാന്തീകരണത്തിലേക്ക് തെന്നിനീങ്ങി പോകുന്നതു കാണുമ്പോൾ കഷ്ടം തോന്നാറുണ്ട്. അതുപോലെ, ഡോക്ടർ ഇഞ്ചക്ഷൻ എടുത്തതിനു ശേഷം വെള്ളപ്പാണ്ട് വന്നു, ഡോക്ടർ മരുന്ന് മാറി തന്നതിനു ശേഷം കാഴ്ച കുറഞ്ഞു, സിസേറിയന് അനസ്തേഷ്യ എടുത്തതിനു ശേഷം നടുവേദന വന്നു എന്നീ ആരോപണങ്ങൾ സാധാരണമാണ്. ഇത്തരക്കാരോട് പറയാനുള്ളത്, നിങ്ങളുടെ ആരോഗ്യം ഡോക്ടറുടെ അനാസ്ഥ മൂലമാണ് നഷ്ടപ്പെട്ടതെന്ന് അറിയാമെങ്കിൽ ആശുപത്രിക്കെതിരെ കേസുകൊടുത്ത് നഷ്ടപരിഹാരം വാങ്ങണം എന്നാണ്. ഇത്തരക്കാരോട് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചാൽ, കൃത്യസമയത്ത് ചികിത്സ എടുക്കാത്തതോ, സ്ത്രീകളിൽ സാധാരണമായ നടുവേദന ഓപ്പറേഷനു ശേഷം ശ്രദ്ധയിൽ പെട്ടതോ, വ്യാജവൈദ്യന്മാരെ കാണിച്ച് എല്ലാ സങ്കീർണ്ണതകളും വരുത്തി വച്ചതിനു ശേഷം ഡോക്ടറെ സമീപിച്ചതോ ഒക്കെയായിരിക്കാം യഥാർത്ഥ കാരണം. അതേപോലെ, നിങ്ങളുടെ ക്ലിനിക്കിലേക്ക്, മറ്റൊരു ഡോക്ടറുടെ അനാസ്ഥയുടെ കദനകഥയുമായി വരുന്നയാളെ, ‘ഇതൊക്കെ എത്ര കേട്ടതാ’ എന്ന ലൈനിൽ തള്ളിക്കളയാതെ, പ്രശ്നത്തിൻ്റെ നിജസ്ഥിതി ചോദിച്ചു മനസിലാക്കുകയും, ഡോക്ടറുടെ കൈപ്പിഴയല്ലെങ്കിൽ അത് എങ്ങനെ സംഭവിച്ചു എന്ന് വ്യക്തമാക്കിക്കൊടുക്കുകയും വേണം. രോഗികളെ വ്യാജവൈദ്യന്മാരുടെ അടുത്തെത്തിക്കുന്നതിൽ ഈ ‘ഡോക്ടറുടെ കൈപ്പിഴ’ എന്ന കിംവദന്തി വലിയ പങ്ക് വഹിക്കുന്നുണ്ട്. ഡോക്ടർക്ക് കൈപ്പിഴ സംഭവിച്ചു എന്ന് എങ്ങനെയെങ്കിലും വരുത്തിത്തീർക്കാൻ പൊതുജനത്തിന് ഉത്സാഹം അല്പം കൂടുതലാണെന്നും തോന്നിയിട്ടുണ്ട്. സത്യാവസ്ഥ മനസിലാകാൻ നേരത്തെ പറഞ്ഞതു പോലെ വിശദാംശങ്ങൾ ചോദിക്കുകയും, ഡോക്ടറുടെ അനാസ്ഥയാണെന്നത് സ്ഥിതീകരിച്ചത് ആരാണെന്ന് അവരോട് അന്വേഷിക്കുകയും, നിയമനടപടികൾ എടുക്കാത്തതിൻ്റെ കാരണം തിരക്കുകയും ചെയ്യുക.
മെഡിസിൻ പഠിച്ചതുകൊണ്ട് മറ്റ് മേഖലയിൽ നിന്നുള്ളവരിൽ നിന്നും വ്യത്യസ്തമായ ചില ഉൾക്കാഴ്ചകൾ ഉണ്ടാകുമെന്ന് തോന്നിയിട്ടുണ്ട്. സിനിമയിൽ തെറ്റായ രീതിയിൽ സി.പി.ആർ കൊടുത്തിട്ടും നായികയെ രക്ഷപെടുത്തുന്നതും, വയറ്റിൽ കുത്തിയ കത്തി സാഹസികമായി സ്വയം വലിച്ചൂരുന്നതും ഒക്കെ കാണുമ്പോൾ ആവേശത്തിലുപരി സിനിമാക്കാർക്ക് യാഥാർത്ഥ്യബോധമില്ലാത്തതിൻ്റെ നിരാശയാണ് തോന്നാറ്. ഒരിക്കൽ നവജാതശിശുവിന് പള്ളിയിൽ അഞ്ച് ബാങ്ക് കൊടുക്കുന്നതുവരെ പാല് നിഷേധിച്ച കുടുംബത്തിൻ്റെ വാർത്ത കൂട്ടുകാരുടെ കൂടെ ടി.വിയിൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ചുറ്റുമിരിക്കുന്നവർക്ക് ‘കഷ്ടം’ എന്ന രീതിയിലുള്ള വികാരമേ ഉള്ളൂ. നവജാത ശിശുവിന് പാല് കൊടുക്കാതിരുന്നാൽ ഹൈപ്പോഗ്ലൈസീമിയ വന്ന് ഉടൻ മരണം സംഭവിക്കാം എന്നത് കൂട്ടത്തിൽ എൻ്റെ തലയിൽ മാത്രമേ ഓടുന്നുള്ളൂ. അപസ്മാരം വന്ന് മരിച്ചു എന്നോ, പൊള്ളലേറ്റ് മരിച്ചു എന്നോ പറയുമ്പോൾ അതിൻ്റെ ഭീകരത മറ്റുള്ളവരേക്കാൾ കൂടുതൽ ഡോക്ടർക്ക് ഉൾക്കൊള്ളാൻ സാധിക്കും. വയറിളക്കം ബാധിച്ച് മരിച്ച ആദിവാസി ശിശുവിൻ്റെ യഥാർത്ഥ മരണകാരണം പോഷകാഹാരക്കുറവാണെന്ന് മനസിലാക്കാൻ ചിന്തിക്കേണ്ട ആവശ്യമില്ല. ഇതുപോലെ പല അവസരങ്ങളിലും ഒരു ഡോക്ടറായതിൻ്റെ അനുഭവങ്ങൾ കൈമുതലായിട്ടുള്ളതുകൊണ്ട് പ്രായോഗികജ്ഞാനവും, അവസരോചിതമായി ഇടപെടാനുള്ള കഴിവും ഉണ്ടാകുമെന്ന് തോന്നിയിട്ടുണ്ട്. ഓരോ പ്രാവശ്യവും ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ തല്ലി എന്നു കേൾക്കുമ്പോഴും, അവസരോചിതമായ ഇടപെടൽ മൂലം തല്ല് ഒഴിവാക്കിയ മറ്റ് നൂറ് ഡോക്ടർമാർ ഉണ്ടാകും എന്നോർക്കണം. നാലു മാസമായി വായയ്ക്ക് കയിപ്പ് ഉണ്ട് എന്നു പറഞ്ഞ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ വന്ന അമ്മൂമ്മയെ എമർജൻസി കേസല്ലാത്തതുകൊണ്ട് ലോക്കൽ ഒ.പിയിലേക്ക് പറഞ്ഞു വിട്ടതിന് കൂടെവന്ന മകൻ എന്നെ തല്ലിയില്ലന്നേ ഉള്ളൂ. സെക്യൂരിറ്റിയെ ഇടപെടുത്തിയാണ് അന്നയാളെ പുറത്താക്കിയത്. രാത്രി ഒരുമണി-രണ്ടുമണി സമയത്ത് കയ്യിലെ ചുണങ്ങും, കാലിലെ ചൊറിയും ഒക്കെ അത്യാഹിത വിഭാഗത്തിൽ കാണിക്കാൻ വരുന്നയാൾ ഏതോ രോഗിയുടെ കൂട്ടിരിപ്പുകാരനാണെന്ന് അറിയാൻ സവിശേഷ ബുദ്ധിയൊന്നും വേണ്ട.
അടുത്ത ചോദ്യം: രോഗങ്ങൾക്ക് വേണ്ടി ലാബ് പരിശോധനകൾ ചെയ്ത് ഉറപ്പാക്കിയിട്ട് പോരേ മരുന്നെഴുതൽ? ഉദാഹരണത്തിന്, വിളർച്ച ഉണ്ട് എന്ന് സംശയിക്കുന്ന പതിനാറു വയസ്സുകാരിക്ക് ഹീമോഗ്ലോബിൻ ടെസ്റ്റ് ചെയ്യാതെ തന്നെ അയേൺ ഗുളിക കൊടുത്തതെന്തിനാണ്? പലപ്പോഴും ലാബ് പരിശോധന നടത്തി സ്ഥിതീകരിച്ചാലേ ചികിത്സ നിർണ്ണയിക്കാനാവൂ എങ്കിലും ചിലപ്പോൾ അതിൻ്റെ ആവശ്യമുണ്ടായിരിക്കില്ല. ടീനേജ് പെൺകുട്ടികളിൽ അയേൺ കുറവുമൂലമുള്ള വിളർച്ച അതിസാധാരണമാണ്. കൺപോളകളിൽ നോക്കി അയേൺ കുറവാണെന്ന് മനസിലാക്കിയാൽ അയേൺ ഗുളികകൾ തുടങ്ങാവുന്നതാണ്. ഇവരിൽ ടെസ്റ്റുകൾ നടത്തിയാലും ഭൂരിഭാഗം പേർക്കും ഹീമോഗ്ലോബിൻ കുറവ് തന്നെയായിരിക്കും. ചുരുക്കം പേരിൽ ഹീമോഗ്ലോബിൻ നോർമ്മൽ ആണെങ്കിൽ തന്നെയും അയേൺ കഴിച്ചാൽ ആരോഗ്യത്തിന് നല്ലതുതന്നെയാണ്. പല രോഗങ്ങൾക്കും ലാബ് ടെസ്റ്റുകൾ ചിലവേറിയതാണ്. വിറ്റാമിൻ ഡിയുടെ കുറവ് സംശയിക്കുന്നുണ്ടെങ്കിൽ രക്തത്തിൽ ഇതിൻ്റെ അളവ് രക്തത്തിൽ പരിശോധിക്കുന്നതിലും ചിലവ് കുറവ് വിറ്റാമിൻ ഗുളികകൾ ഒരു മാസം കഴിച്ചിട്ട് രോഗാവസ്ഥയ്ക്ക് വ്യത്യാസമുണ്ടോ എന്ന് നോക്കുന്നതാണ്. നേരത്തേ പറഞ്ഞതുപോലെ അല്പം വിറ്റാമിൻ അധികം കഴിച്ചതുകൊണ്ട് ശരീരത്തിൽ പ്രശ്നമൊന്നുമുണ്ടാവുന്നില്ല. ത്വക്ക് രോഗങ്ങൾക്ക് പലതിനും ലാബ് പരിശോധനകൾ ആവശ്യമില്ലാതെതന്നെ രോഗനിർണ്ണയം നടത്താൻ കഴിയുന്നതുകൊണ്ട് പലപ്പോഴും ലാബ് പരിശോധനകൾ വേണ്ടിവരില്ല. ലാബ് ടെസ്റ്റ് ചെയ്യാത്തതുകൊണ്ട് മാത്രം ഡോക്ടർ പറഞ്ഞ രോഗം തെറ്റാകണമെന്നില്ല എന്ന് സാരം.
അടുത്ത ചോദ്യം: ഒരേ രോഗലക്ഷണങ്ങൾ ഉള്ള പലർക്ക് പലതരം ചികിത്സ നിർദ്ദേശിക്കുന്നത് എന്തുകൊണ്ടാണ്? കൂടെക്കൂടെ മൂത്രമൊഴിക്കാൻ തോന്നുന്നു എന്ന് നാല് പ്രസവം കഴിഞ്ഞ സ്ത്രീ പറഞ്ഞാൽ മൂത്രത്തിൽ പഴുപ്പോ, മൂത്രസഞ്ചി താഴ്ന്നതോ ഒക്കെയാകാം കാരണം. ഇതേ രോഗലക്ഷണം എഴുപത് വയസ്സുള്ള പുരുഷൻ പറഞ്ഞാൽ പ്രോസ്ട്രേറ്റ് ക്യാൻസർ സംശയിക്കണം. ഒച്ചയടപ്പ് സ്കൂൾ കുട്ടിയ്ക്കാണ് വരുന്നതെങ്കിൽ ഒരു പക്ഷെ ജലദോഷമായിക്കാമെങ്കിലും പ്രായം ചെന്ന വ്യക്തിയിൽ വന്നാൽ തൊണ്ടയിലെ ക്യാൻസർ സംശയിക്കണം. ആരോഗ്യവാനായ യുവാവ് പനി ചികിത്സയ്ക്ക് വന്നാൽ വൈറൽ പനിയാണെന്ന് അനുമാനിച്ച് പാരസറ്റമോളും, വിശ്രമവുമാണ് നിർദ്ദേശിക്കുക. എന്നാൽ ഇതേ വ്യക്തിയുടെ സഹോദരന് ഹെപ്പറ്റൈറ്റിസ് എ സ്ഥിതീകരിച്ചിട്ടുണ്ടെങ്കിൽ ഹെപ്പറ്റൈറ്റിസ് തന്നെ ആയിരിക്കും ആദ്യം സംശയിക്കുക. അതേസമയം, രക്താർബുദത്തിനു ചികിത്സ എടുത്തുകൊണ്ടിരിക്കുന്ന കുട്ടിയ്ക്കാണ് പനി എങ്കിൽ അഡ്മിറ്റ് ചെയ്ത് ആൻ്റിബയോട്ടിക് ചികിത്സ നൽകേണ്ടി വരും. പനിയോടൊപ്പം വെളിച്ചത്തേക്ക് നോക്കാൻ ബുദ്ധിമുട്ടും, തല കുനിക്കുമ്പോൾ വേദനയും ഉണ്ടെങ്കിൽ മെനിഞ്ചൈറ്റിസ് ആയിരിക്കും സംശയിക്കുക. രോഗി താമസിക്കുന്ന പ്രദേശത്ത് കാണപ്പെടാത്ത യെല്ലോ ഫീവർ, എബോള തുടങ്ങിയ രോഗങ്ങൾ തീരെ സംശയിക്കില്ല. നിപാ വൈറസ് രോഗം തീരെ കേട്ടുകേഴ്വിയില്ലാഞ്ഞിട്ടും, അസാധാരണമായി പനി ബാധിതരുടെ ആരോഗ്യം ക്ഷയിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് കൂടുതൽ അന്വേഷണം ഉണ്ടായതും, നിപാ വൈറൽ രോഗം സ്ഥിതീകരിക്കുന്നതും. രണ്ടാമത്തെ നിപാ കേസ് വന്നപ്പോൾ തന്നെ പനിയുടെ അസാധാരണത്വം മനസിലാക്കി രോഗനിർണ്ണയം നടത്തിയ ഡോക്ടർമാർ അഭിനന്ദനം അർഹിക്കുന്നുണ്ട്. ചില രോഗങ്ങൾ രോഗി കയറിവരുമ്പോൾ തന്നെ മനസിലാകാറുണ്ട്. അടിവയറ്റിൽ കൈവച്ച് സ്വല്പം മുന്നോട്ടാഞ്ഞ് വേദനകൊണ്ട് പുളഞ്ഞ്, മറ്റൊരാളുടെ സഹായത്തോടെ എമർജൻസി മെഡിസിൻ വിഭാഗത്തിലേക്ക് പയ്യെ നടന്നു വരുന്ന ആൾക്ക് മൂത്രത്തിൽ കല്ലാണെന്നാണ് ആദ്യം സംശയിക്കുക. പനിയും തലവേദനയുമായി വരുന്ന രോഗി ഡോക്ടറുടെ റൂമിലേക്ക് നേരെ നടന്നു കയറുകയാണെങ്കിൽ സാധാരണ രോഗങ്ങളേ സംശയിക്കുകയുള്ളൂ. എന്നാൽ ഇതേ ആളെ കിടത്തി കൊണ്ടുവരികയാണെങ്കിൽ കൂടുതൽ മാരകമായ രോഗങ്ങൾ സംശയിക്കും.
മുകളിലുള്ള കാരണങ്ങൾ കൊണ്ടുതന്നെ വീട്ടിനടുത്തുള്ള ആശുപത്രിയിൽ രോഗം ചികിത്സിക്കുന്നതാണ് ഏറ്റവും നല്ലത്. നിങ്ങളുടെ സംസാരരീതിയും, ജീവിതസാഹചര്യങ്ങളും, സംസ്കാരവും, ചുറ്റുവട്ടത്ത് കൂടുതലായി കാണുന്ന രോഗങ്ങളുമൊക്കെ ഏറ്റവും വിശദമായി അറിയുന്നത് പരിസരത്ത് തന്നെ ജോലി ചെയ്യുന്ന ഡോക്ടർക്കാണ്. ഇവർക്ക് രോഗം മനസിലാകാത്ത പക്ഷമോ, രോഗം ചികിത്സിക്കാൻ സൗകര്യമില്ലാത്ത പക്ഷമോ മാത്രമേ കൂടുതൽ സൗകര്യങ്ങളുള്ള മറ്റ് ആശുപത്രികളിലേക്ക് രോഗിയെ കൊണ്ടുപോകേണ്ടതുള്ളൂ. എത്രയോ ഡോക്ടർമാരെ കാണിച്ചിട്ടും, അപൂർവ്വ രോഗം എന്താണെന്ന് കണ്ടുപിടിക്കാത്തതുകൊണ്ട് അമേരിക്കയിലേക്ക് രോഗിയെ കൊണ്ടുപോകുകയാണ് എന്നൊക്കെ സിനിമകളിൽ കാണിക്കുന്നത് വെറും കോമഡിയാണ്. പ്രാദേശികമായി കണ്ടുപിടിക്കാൻ കഴിയാത്ത അസുഖം അമേരിക്കയിലെത്തിച്ചാലും കണ്ടുപിടിക്കാൻ കഴിയില്ല എന്നതാണ് വാസ്തവം. രോഗം എന്താണെന്നറിയാത്ത പക്ഷം, പകരുന്ന രോഗമാണോ എന്നതിൽ സംശയമുള്ളതുകൊണ്ട് വിദേശത്ത് പോകാൻ മെഡിക്കൽ വിസ കിട്ടുകയുമില്ല. എന്നാൽ, ഫലപ്രദമായ മരുന്നില്ലാത്ത അസുഖങ്ങൾക്ക് മരുന്ന് കണ്ടുപിടിക്കുന്നതിനായി അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഡ്രഗ് ട്രയലുകൾ നടക്കുന്നുണ്ട്. പരീക്ഷണഘട്ടത്തിലുള്ള പുതിയ മരുന്നുകൾ ഉപയോഗിച്ച് ചികിത്സ നൽകുകയും, മരുന്നിൻ്റെ പ്രവർത്തനത്തെക്കുറിച്ച് ഗവേഷണം നടത്തുകയും ചെയ്യുന്ന രീതിയാണിത്. ഇത്തരം ചികിത്സ ചെയ്താലും രോഗം മാറണമെന്ന് ഉറപ്പൊന്നുമില്ല. ഇത്തരം ഡ്രഗ് ട്രയലുകൾ നടത്തുന്നത് വിദേശ ഗവണ്മെൻ്റുകൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പുതിയ മരുന്നുകൾ കണ്ടുപിടിക്കുന്നത് ശാസ്ത്രത്തിൻ്റെ പുരോഗതിയ്ക്ക് നിർണ്ണായകമാണ്. എന്നാൽ കേരളത്തിൽ ഒരു ഡ്രഗ് ട്രയൽ പോലും നടക്കുന്നതായി അറിയില്ല. മരുന്ന് മാഫിയ പാവപ്പെട്ട രോഗികളുടെ മേൽ മരുന്ന് കുത്തി വച്ച് പരീക്ഷണം നടത്തുന്നു എന്ന ആരോപണം കേൾക്കേണ്ടി വരാതിരിക്കാനായിരിക്കണം ഇത്. ഗവേഷണത്തിനു വേണ്ടി ഗവണ്മെൻ്റുകൾ പണം വകയിരുത്താത്തതും ഒരു കാരണമായിരിക്കണം.
ഹൈ പ്രൊഫൈൽ രാഷ്ട്രീയനേതാക്കൾ സാധാരണ അസുഖങ്ങൾ വന്ന് മരണാസന്നരാകുമ്പോൾ അമേരിക്കയിൽ നിന്നും ടീമിനെ കൊണ്ടുവരുന്നത് എന്തിനാണെന്ന് എനിക്ക് ഇനിയും മനസിലായിട്ടില്ല. അമേരിക്കൻ ഡോക്ടർക്ക് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ റെക്കഗ്നിഷൻ ഇല്ലാത്തപക്ഷം ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ കഴിയുകയുമില്ല. ഇനി ഹൈ-പ്രൊഫൈൽ വ്യക്തികളുടെ മരണകാരണത്തെ സംബന്ധിച്ച് ദുരൂഹതകൾ ഇല്ലാതാക്കാനാണ് നിഷ്പക്ഷരായ ഒരു ടീമിനെ അമേരിക്കയിൽ നിന്നും കൊണ്ടുവരുന്നതെന്നാണെങ്കിൽ, അടുത്ത തവണ ഒരു ചെയിഞ്ചിന് ഞാനടങ്ങുന്ന സ്വീഡിഷ് ടീമിനെ വിളിച്ചോളൂ. എനിക്ക് ചുരുങ്ങിയത് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാനുള്ള സർട്ടിഫിക്കറ്റെങ്കിലുമുണ്ട്.
ഇതുപോലെ, അമേരിക്കയിലും ക്യാനഡയിലുമൊക്കെ ജോലി കിട്ടിയിട്ടും പോയില്ല എന്ന് പുളുവടിക്കുന്ന ഡോക്ടർമാരെയും സൂക്ഷിക്കുക. ഈ രാജ്യങ്ങളിലൊക്കെ കൂടുതൽ ഡോക്ടർമാരെ ആവശ്യമാണെങ്കിലും വളരെ സൂക്ഷിച്ചേ പുറത്തു നിന്നുള്ള ഡോക്ടർമാർക്ക് മെഡിക്കൽ ലൈസൻസ് കൊടുക്കുകയുള്ളൂ. അതിനു കാരണം മുകളിൽ പറഞ്ഞതുതന്നെ. രോഗിയുടെ ഭാഷയും, സംസ്കാരവും, ജീവിക്കുന്ന പ്രദേശത്തുള്ള പ്രധാന രോഗങ്ങളുമൊക്കെ അറിഞ്ഞാലേ രോഗനിർണ്ണയം സാധ്യമാകുകയുള്ളൂ എന്നതുകൊണ്ടാണിത്. യു.എസ്/ക്യാനഡയിൽ ആധുനിക വൈദ്യത്തിൽ നൈപുണ്യമുണ്ടെന്ന് തെളിയിക്കുന്നതിനു പര്യാപ്തമായ തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ എഴുതി പാസായി, റെസിഡൻസിയും പൂർത്തിയാക്കിയാലേ ഇന്ത്യൻ ഡോക്ടർക്ക് സ്വതന്ത്രമായി പ്രാക്ടീസ് ചെയ്യാൻ കഴിയുകയുള്ളൂ. സ്വീഡനിൽ ഇവയ്ക്കെല്ലാം പുറമേ സ്വീഡിഷ് ഭാഷയും അറിഞ്ഞിരിക്കണം. വർഷങ്ങൾ എടുത്തേക്കാവുന്ന പ്രക്രിയയാണിത്. ഇത്രയും സമയം ചിലവഴിച്ചും, അധ്വാനിച്ചും കഴിഞ്ഞതിനു ശേഷം അമേരിക്കയിൽ ജോലിക്ക് പോകുന്നില്ല എന്ന് ആരും തീരുമാനിക്കാൻ വഴിയില്ല. എഞ്ചിനിയറിങ് മേഖലയിൽ നിന്നുള്ളവർക്ക് നേരേ പോയി വിദേശ കമ്പനികളിൽ ജോലിക്ക് കയറാവുന്നതുപോലെ ഡോക്ടർക്ക് വെറുതേ ചെന്ന് പ്രാക്ടീസ് തുടങ്ങാൻ കഴിയില്ല എന്ന് സാരം. വിദേശത്തെ ജോലി ഇഷ്ടപ്പെടാത്തതുകൊണ്ട് തിരിച്ചു വന്നവരാകട്ടെ, ഇത്തരം പുളുവടി നടത്തുകയുമില്ല.
ഇന്ത്യയിലുള്ളതിനെക്കാൾ നല്ല ഡോക്ടർമാരാണോ വികസിത വിദേശരാജ്യങ്ങളിൽ ഉള്ളത്? ഒരു സാധാരണ ദിവസം കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് മെഡിസിൻ ഒ.പിയിൽ ഒരു ഡോക്ടർ ഏതാണ്ട് 75-100 രോഗികളെ കാണുന്നുണ്ട്. സ്വീഡനിൽ ഇത് 30-40 ആണ്. കൂടുതൽ രോഗികളെ കുറഞ്ഞ സമയ പരിധിക്കുള്ളിൽ നോക്കി പരിശീലിക്കുന്നതുകൊണ്ട് പരിചയസമ്പത്ത് കൂടുതലുള്ളത് ഇന്ത്യൻ ഡോക്ടർമാർക്കു തന്നെ എന്നാണ് എനിക്ക് തോന്നുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ചെയ്ത അത്രയും തൈറോയിഡ് സർജറികൾ സ്വീഡനിലെ ഒരു സർജനും ചെയ്തു കാണില്ല എന്നാണ് തോന്നുന്നത്. അതേ സമയം ഗവേഷണം ചെയ്യുന്നതിലും, പുതിയ ടെക്നോളജി ഉപയോഗിക്കുന്നതിലുമൊക്കെ വികസിത രാജ്യങ്ങളിലുള്ള ഡോക്ടർമാർ ഏറെ മുന്നിലാണ്. അതുകൊണ്ടുതന്നെ, എൻ.ആർ.ഐ മലയാളികൾ രോഗത്തിൻ്റെ ചികിത്സാസാധ്യതകളെക്കുറിച്ച് പ്രാഥമിക ജ്ഞാനം ഉണ്ടാക്കിയശേഷം മാത്രം വിദേശത്ത് ചികിത്സിക്കണോ, ഇന്ത്യയിൽ ചികിത്സിക്കണോ എന്ന് തീരുമാനിക്കുക.
ഡോക്ടർ കുടുംബവുമായി സമയം ചിലവഴിക്കുന്നതോ, ദീർഘ അവധിയിൽ പ്രവേശിക്കുന്നതോ രോഗികൾക്ക് ഇഷ്ടമുള്ള കാര്യമല്ല. തങ്ങൾക്ക് ആവശ്യമുള്ളപ്പോൾ, അത് പാതിരാത്രിയിലായാലും, ആവശ്യമുള്ളത് ചെയ്തുതരുന്ന ഡോക്ടറെയാണ് രോഗികൾക്കിഷ്ടം. ഫോളോ അപ്പ് വിസിറ്റിനു വരുമ്പോൾ ഡോക്ടർ അവധിയിലാണ് എന്ന് കേൾക്കാൻ ആർക്കും താല്പര്യമില്ല. തങ്ങളുടെ രോഗികൾക്ക് തങ്ങളോട് അസ്വാരസ്യം ഉണ്ടാകുമോ എന്നും, കുറച്ചു കാലം പ്രാക്ടീസിൽ നിന്നും വിട്ടു നിന്നാൽ ഇതുവരെ നേടിയെടുത്ത വിശ്വസ്തത നഷ്ടപ്പെടുമോ എന്ന് ഭയന്ന്, ലീവെടുക്കാൻ മടിക്കുന്ന ഡോക്ടർമാർ ധാരാളമുണ്ട്. അതുകൊണ്ട് പേഴ്സണൽ ആവശ്യങ്ങൾക്ക് അവധിയിൽ പോകുകയാണെങ്കിൽ തന്നെയും, ഉപരിപഠനത്തിനു പോയെന്നോ, കോൺഫറൻസുകൾക്ക് പോയെന്നോ ഒക്കെയേ പലപ്പോഴും ഡോക്ടർമാർ പറയാറുള്ളൂ. ഡോക്ടർക്കും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കണമെന്നും, രാത്രി സമാധാനമായി ഉറങ്ങണമെന്നും പൊതുജനത്തിന് ഇനിയും മനസിലായിട്ടില്ല. ഡോക്ടർ ഒരു പൊതുസ്വത്തോ, ദൈവമോ ആണെന്ന പരിഗണന വെടിഞ്ഞ്, അവർ എല്ലാവരെയും പോലെ തൊഴിലെടുത്ത് ജീവിക്കുന്ന സാധാരണക്കാരാണെന്ന മനോഭാവം ഉണ്ടാകാത്ത പക്ഷം ഡോക്ടർ-രോഗി ബന്ധം ആരോഗ്യകരമാകുമെന്ന് എനിക്ക് പ്രതീക്ഷയില്ല.
പല രോഗങ്ങൾക്കും പൂർണ്ണമായ ശമനമില്ല. ഉദാഹരണത്തിന് ഡയബെറ്റിസ്. ഇത്തരം രോഗങ്ങളെ നിയന്ത്രിച്ച് കൊണ്ടുനടക്കാനേ കഴിയുകയുള്ളൂ. ബ്ലഡ് ഷുഗർ കുറയ്ക്കാനായി ഡോക്ടർ മരുന്നു കൊടുക്കും. രണ്ടാഴ്ച മരുന്ന് കഴിച്ചതിനു ശേഷം രോഗി ഷുഗർ ടെസ്റ്റ് ചെയ്ത് നോക്കുമ്പോൾ സ്വാഭാവികമായും നോർമൽ ആയിക്കാണും. അതോടെ ഡയബെറ്റിസ് മാറി എന്ന് വിചാരിച്ച് മരുന്ന് നിർത്തുന്ന രോഗികളുണ്ട്. ‘ശരിക്കും ഉള്ള ഷുഗർ’ അറിയാൻ വേണ്ടി ടെസ്റ്റ് ചെയ്യുന്ന അന്ന് മാത്രം ഗുളിക കഴിക്കാതെ കൂടിയ ഗ്ലൂക്കോസ് ലെവലുകളുമായി വരുന്ന രോഗികളുണ്ട്. ഡോക്ടർ നോക്കുമ്പോൾ, മരുന്ന് എഴുതിക്കൊടുത്തിട്ടും കൂടിയ ഗ്ലൂക്കോസ് കാണുന്നതുകൊണ്ട്, മരുന്നിൻ്റെ ഡോസ് കൂട്ടുകയോ, ഇൻസുലിൻ തുടങ്ങുകയോ ഒക്കെ ചെയ്യും. രോഗിയാണെങ്കിൽ മരുന്ന് മുടക്കിയ കാര്യം ചോദിക്കാത്തതുകൊണ്ട് പറയുകയുമില്ല. പത്ത് മിനിറ്റ് മാത്രമാണ് ഓരോ രോഗിയ്ക്കും കിട്ടുന്നതെങ്കിൽ ഈ വിവരങ്ങൾ പ്രത്യേകം ചോദിക്കാൻ സമയമുണ്ടാകണമെന്നില്ല. ഇത്രയൊക്കെ പരിമിതികൾ ഉണ്ടായിട്ടും, ആരെയും ഹൈപ്പോഗ്ലൈസീമിയയിലേക്ക് തള്ളിവിടാതെ സർക്കാർ ആശുപത്രികൾ നടത്തിക്കൊണ്ടുപോകുന്ന ഡോക്ടർമരെ സമ്മതിച്ചു കൊടുക്കുക തന്നെ വേണം. ഇതേ പോലെ ചില രക്താർബുദങ്ങൾക്ക് പരിപൂർണ്ണ സൗഖ്യം ഉണ്ടാവുകയില്ല, remission (താൽകാലിക മുക്തി) മാത്രമേ ഉണ്ടാകുകയുള്ളൂ. Remission എന്നാൽ ക്യാൻസറിൻ്റെ ലക്ഷണങ്ങൾ സാധാരണ ടെസ്റ്റുകളിൽ കണ്ടുപിടിക്കാൻ കഴിയാത്ത അവസ്ഥയാണ്. ടെസ്റ്റെല്ലാം നെഗറ്റീവാകുമ്പോൾ രോഗിക്ക് എത്ര കൗൺസിലിങ് നൽകിയാലും ക്യാൻസർ മാറി എന്ന രീതിയിലാണ് അവർ ചിന്തിക്കുക. അതുകൊണ്ട് തന്നെ ഫോളോ അപ്പ് വിസിറ്റ് ചെയ്യുന്നത് ഡോക്ടർക്ക് പണമുണ്ടാക്കാനാണെന്നാണ് ഇവരുടെ ധാരണ. കുറച്ച് കാലം ഫോളോ അപ്പ് കഴിഞ്ഞാൽ പിന്നെ രോഗിയെ കാണാതാവും. നാലഞ്ച് കൊല്ലം കഴിഞ്ഞ് തിരിച്ച് വരുന്നത് ക്യാൻസർ മൂർച്ഛിച്ച അവസ്ഥയിലുമായിരിക്കും എന്ന് മാത്രം.
അപ്പൻഡിസൈറ്റിസ് ഉള്ള വ്യക്തിക്ക് സർജറി നിർദ്ദേശിക്കുന്നത് സാധാരണമാണ്. എന്നാൽ ഏതാണ്ട് 15 ശതമാനത്തോളം പേരിൽ സർജറി ചെയ്ത് വയറിൽ പ്രവേശിക്കുമ്പോൾ അപ്പൻഡിക്സ് നോർമ്മലാണെന്ന് കാണും. ഭൂരിഭാഗം സർജന്മാരും ഓപ്പറേഷൻ സമയത്ത് വയറ് തുറന്നതിനാൽ, ഇനിയൊരിക്കൽ അപ്പൻ്റിസൈറ്റിസ് ഉണ്ടാകാനുള്ള സാധ്യത മുൻകണ്ട് നോർമലായ അപ്പൻഡിക്സ് നീക്കം ചെയ്യും. അപ്പൻഡിക്സിന് ശരീരത്തിൽ പ്രത്യേകിച്ച് ധർമ്മങ്ങളൊന്നുമില്ല എന്നതുകൊണ്ട് അത് നീക്കം ചെയ്താൽ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല. എന്നാൽ അപ്പൻഡിസൈറ്റിസ് സർജറി ചെയ്തപ്പോൾ അപ്പൻഡിക്സ് നോർമൽ ആയിരുന്നു, എങ്കിലും അത് നീക്കം ചെയ്തു എന്ന് കേട്ടാൽ രോഗിക്ക് കലിപ്പാണ്. പണക്കൊതിയനായ ഡോക്ടർ ഒരു രോഗവുമില്ലാത്ത വ്യക്തിക്ക് വെറുതേ സർജറി നിർദ്ദേശിച്ച്, അപ്പൻഡിക്സ് മുറിച്ചെടുത്ത് അവയവമാഫിയയ്ക്ക് വേണ്ടി തട്ടിയെടുത്തു എന്നൊക്കെ പ്രചരിപ്പിച്ചുകളയും. അങ്ങനെയാണെങ്കിൽ ഡോക്ടർമാർ കുറച്ച് സമയം കൂടി കാത്തിരുന്ന് അപ്പൻഡിസൈറ്റിസ് ആണെന്ന് 100% ഉറപ്പിച്ച ശേഷം സർജറി ചെയ്താൽ പോരേ? അങ്ങനെ ചെയ്താൽ ശരിക്കും അപ്പൻഡിസൈറ്റിസ് ഉള്ളവരിൽ രോഗം മൂർച്ഛിച്ച്, അപ്പൻഡിക്സ് പിളരുകയും, മരണം വരെ സംഭവിക്കുകയും ചെയ്യാം.
അവ്യക്തമായ രോഗലക്ഷണങ്ങൾക്ക് പല ഡോക്ടർമാർ വ്യത്യസ്ഥമായ രോഗനിർണ്ണയങ്ങൾ പറയാൻ സാധ്യതയുണ്ട്. എല്ലാവർക്കും തങ്ങളുടെ അനുഭവജ്ഞാനത്തിലുള്ളതും, ഉപരിപഠനമേഖലയിലുള്ളതുമായ രോഗങ്ങളാണ് ആദ്യം മനസിൽ വരിക. പഠിച്ച് പഠിച്ച് വരുന്നതിനനുസരിച്ച്, അസന്ദിഗ്ദതകളെ കൂടുതൽ അറിയുകയും, അറിയാത്തതിനെക്കുറിച്ച് കൂടുതൽ ബോധവതികളാകുകയും ചെയ്യും. ഞാൻ സ്ട്രോക്കിൽ പി.എച്ച്. ഡിക്ക് ചേർന്നതിൽ പിന്നെ, ഈ അസുഖം പലരിലും എത്ര വ്യത്യസ്തമായ രീതികളിൽ കാണപ്പെടാം എന്ന അറിവ് ഉണ്ടായിവന്നു. അതുകൊണ്ട് തന്നെ, പണ്ട് പുല്ലുപോലെ ഡയഗ്നോസ് ചെയ്തിരുന്ന ഈ അസുഖം, ഇപ്പോൾ അതിൻ്റെ ആഴത്തോടും, പരപ്പിനോടും കൂടിയേ അഭിമുഖീകരിക്കാനാകുന്നുള്ളൂ.
തോൾവേദനയ്ക്ക് ചികിത്സിക്കാൻ ഓർത്തോപീഡീഷ്യൻ്റെ അടുത്ത് ചെന്ന്, ഹൃദയാഘാതം മൂലം മരണപ്പെട്ട ആളെക്കുറിച്ച് മുൻപൊരു പോസ്റ്റിൽ എഴുതിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, ആദ്യം അടുത്തുള്ള പി.എച്ച്.സിയിലോ, ഒരു ജനറൽ പ്രാക്ടീഷണറുടെ അടുത്തോ കാണിച്ചതിനു ശേഷം, ആവശ്യമുണ്ടെങ്കിൽ മാത്രം സ്പെഷ്യലിസ്റ്റിൻ്റെ സഹായം തേടുക. തലവേദന വന്നാൽ ന്യൂറോളജിസ്റ്റിനെ തന്നെ കാണിക്കാൻ ചെല്ലുന്ന മലയാളിയോട് എനിക്ക് സഹതാപമാണ്. ചില രോഗികൾക്ക് സർക്കാർ സൗജന്യമായി തരുന്ന മരുന്നുകളോട് പുച്ഛമാണ്. സർക്കാർ മരുന്നുകൾ നിലവാരം കുറഞ്ഞതും, മെഡിക്കൽ ഷാപ്പുകളിൽ നിന്നും വാങ്ങുന്ന മരുന്നുകൾ നിലവാരം കൂടിയതുമാണെന്നാണ് ഇവരുടെ വിചാരം. ഇത് തെറ്റായ ധാരണയാണ്. മരുന്ന് കമ്പനികൾ ലാഭേച്ഛയോടുകൂടി പ്രവർത്തിക്കുന്നവരാണ്. ഇന്ത്യയിൽ മരുന്നിന് ക്വാളിറ്റി കണ്ട്രോൾ കാര്യമായി ഇല്ലാത്തതുകൊണ്ട് 500 മൈക്രോഗ്രാം മരുന്ന് ഉണ്ടായിരിക്കേണ്ട ഗുളികയിൽ ചിലപ്പോൾ 450 മൈക്രോഗ്രാമേ കാണുകയുള്ളൂ (ഗുളികയുടെ വലിപ്പം ഒരേപോലെയായിരിക്കും, പക്ഷെ അതിലടങ്ങിയിരിക്കുന്ന മരുന്നിൻ്റെ അംശം കുറവായിരിക്കും. ഗുളികയിൽ മുഴുവനും മരുന്നല്ല. അതിൽ മറ്റ് പദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ടാകും. ഇതുകൊണ്ടാണ് 500 മൈക്രോഗ്രാം ഗുളികയും 250 മൈക്രോഗ്രാം ഗുളികയും ചിലപ്പോൾ ഒരേ വലിപ്പത്തിൽ ഇരിക്കുന്നത്). പക്ഷെ സർക്കാർ ലാഭമെടുക്കാനല്ല മരുന്ന് ഉണ്ടാക്കുന്നത് എന്നതുകൊണ്ട്, കൊടുക്കുന്ന ഗുളികകളിൽ കൃത്യം അളവ് മരുന്ന് ഉണ്ടാകും. ആശാ വർക്കർ കൊണ്ടുകൊടുക്കുന്ന അയേൺ ഗുളികകൾ വലിച്ചെറിഞ്ഞ്, മെഡിക്കൽ ഷാപ്പിൽ പോയി ഇതേ ഗുളിക വാങ്ങിച്ച് കഴിക്കുന്ന ഗർഭിണികളോടും എനിക്ക് സഹതാപമേ ഉള്ളൂ. മരുന്നു കമ്പനികളിൽ തന്നെ കൃത്യം അളവിൽ മരുന്നു കൊടുക്കുന്നവരും, അളവ് കുറച്ച് മരുന്ന് കൊടുക്കുന്നവരും ഉള്ളതുകൊണ്ട്, ഡോക്ടർമാർ ഫലപ്രദമാണെന്ന് തങ്ങൾ വിശ്വസിക്കുന്ന ബ്രാൻ്റ് മരുന്നാണ് എഴുതുക. മരുന്നിൻ്റെ ജനറിക് പേര് എഴുതണം എന്ന നിയമം ഫലത്തിൽ മരുന്ന് തിരഞ്ഞെടുക്കുന്നതിനുള്ള അധികാരം ഡോക്ടറുടെ അടുക്കൽ നിന്നും, ഫാർമസിസ്റ്റിൻ്റെയോ രോഗിയുടെയോ അടുക്കലേക്ക് പറിച്ചു നടുകയേ ചെയ്യുന്നുള്ളൂ. ഫാർമ്മസിസ്റ്റ് ലാഭം ഉള്ള മരുന്നുകളും, രോഗി വിലകുറഞ്ഞ മരുന്നുകളും തിരഞ്ഞെടുക്കാനാണ് സാധ്യത. ഡോക്ടർക്ക് രോഗം മാറാഞ്ഞാൽ അത് തങ്ങളുടെ റെപ്യൂട്ടേഷനെ ബാധിക്കും എന്നതുകൊണ്ട് ക്വാളിറ്റി കുറഞ്ഞ മരുന്നുകൾ എഴുതാൻ ഡോക്ടർമാർ ഒരുമ്പെടില്ല. പക്ഷെ, ഫാർമസിസ്റ്റിനോ, രോഗിക്കോ ക്വാളിറ്റിയുള്ള മരുന്നേതാണെന്ന് അറിയുകയും ഇല്ല. മരുന്ന് നിർമ്മാണമേഖലയിൽ ക്വാളിറ്റി കണ്ട്രോൾ കൊണ്ടുവരാത്തപക്ഷം ജനറിക് മരുന്ന് വിഷയത്തിൽ സർക്കാർ എടുക്കുന്ന നിലപാടുകളൊക്കെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമുള്ളതാണ്.
ഹീറോയിസം എന്താണെന്നതിന് പൊതുജനത്തിനും ഡോക്ടർമാർക്കും വ്യത്യസ്ത കാഴ്ചപ്പാടാണുള്ളത്. എമർജൻസി മെഡിസിൻ വിഭാഗത്തിൽ ഓടിനടന്ന് സി.പി.ആർ കൊടുത്തും, ഇൻജക്ഷൻ കൊടുത്തും ആക്ഷൻ കാണിക്കുന്ന ഡോക്ടറാണ് രോഗിയുടെ മനസിലെ വലിയ ഹീറോ. ഇതേസമയം, വിഷയത്തിൽ ഗാഢമായ ജ്ഞാനവും, പ്രവൃത്തിപരിചയവുമുള്ളവരെയും, തെളിഞ്ഞ ചിന്താരീതിയുള്ളവരെയും, രോഗി അവ്യക്തമായി പറഞ്ഞ കാര്യങ്ങളിൽ നിന്നും ‘ക്ലൂ’ കണ്ടുപിടിച്ച് അസാധാരണമായ രോഗങ്ങൾ കണ്ടുപിടിക്കുന്നവരെയും, യാതൊരു സൗകര്യങ്ങളുമില്ലാത്ത ആശുപത്രിയിലിരുന്നും സങ്കീർണ്ണമായ രോഗനിർണ്ണയങ്ങൾ നടത്തുന്നവരെയും, ഓപ്പറേഷനിടയിൽ രക്തസ്രാവം ഞൊടിയിടയിൽ നിർത്തിയ ഡോക്ടറെയുമൊക്കെയാണ് മെഡിക്കൽ കമ്യൂണിറ്റിയിൽ നിന്നുള്ളവർ ബഹുമാനത്തോടെ കാണുന്നതും, മാതൃകയാക്കുന്നതും. പരിശോധിക്കുന്നതിൻ്റെ ഇടയിൽ പുസ്തകം നോക്കുന്ന ഡോക്ടറെ രോഗികൾക്ക് പുച്ഛമാണെങ്കിലും, എനിക്ക് അത്തരക്കാരെ ബഹുമാനമാണ്. ഒരാളുടെ തലച്ചോറിൽ സൂക്ഷിക്കാവുന്നത്ര ചെറുതല്ല മെഡിക്കൻ സയൻസിലെ വിജ്ഞാനം. എവിടെയൊക്കെ തങ്ങളുടെ ജ്ഞാനം അപര്യാപ്തമാണെന്ന തോന്നൽ വരുന്നോ, അവിടെയൊക്കെ പുസ്തകം നോക്കി പഠിച്ച ശേഷം മാത്രമേ രോഗം നിർണ്ണയിക്കാൻ പാടുള്ളൂ എന്നാണ് എൻ്റെ അഭിപ്രായം. അതേസമയം എമർജൻസിയായി ചികിത്സിക്കേണ്ട അവസരങ്ങളിൽ പുസ്തകം നോക്കി വായിച്ചിരുന്ന് വിലപ്പെട്ട സമയം പാഴാക്കരുത് താനും.
മെഡിക്കൽ സയൻസിൽ കൃത്യമായ രോഗലക്ഷണങ്ങൾക്കേ രോഗനിർണ്ണയം നടത്താൻ കഴിയുകയുള്ളൂ എന്ന് നേരത്തേ പറഞ്ഞല്ലോ. രോഗിക്ക് ചിലപ്പോൾ അവ്യക്തമായ രോഗലക്ഷണങ്ങളായിരിക്കാം ഉള്ളത്. അതുകൊണ്ട് പ്രത്യേകിച്ച് അസുഖമൊന്നുമില്ല എന്ന് പറഞ്ഞ് ഡോക്ടർ പറഞ്ഞുവിടും. കുറച്ച് കാലത്തിനുശേഷം രോഗം അതിൻ്റെ മുഴുവൻ ശക്തിയോടും കൂടി പുറത്തുകാണുമ്പോൾ, പണ്ട് വെറും കയ്യോടെ പറഞ്ഞുവിട്ടതിന് രോഗി ഡോക്ടറെ ചീത്തവിളിക്കും. ഇത്തരം അവസരങ്ങളിൽ ഡോക്ടർ പലപ്പോഴും നിസ്സഹായയാണ് എന്നാണ് എനിക്ക് മനസിലായിട്ടുള്ളത്. വായിൽ കയിപ്പുമായി വരുന്ന അമ്മൂമ്മയ്ക്ക് ആമാശയ ക്യാൻസറിൻ്റെ തുടക്കമായേക്കാം എന്നത് ഡോക്ടറുടെ സാമാന്യബുദ്ധിയിൽ തെളിയുന്ന കാര്യമല്ല. നഖത്തിലുള്ള കറുത്ത വര ആന്തരാവയവങ്ങളിലെ മെലനോമയാണെന്നും ചിന്തിച്ചെന്നു വരില്ല. രോഗം നിർണ്ണയിക്കാൻ ചെയ്ത എല്ലാ ടെസ്റ്റുകളും നെഗറ്റീവ് ആയതുകൊണ്ട് വെറുതേ പൈസ പോയി എന്ന് വിചാരിക്കുന്ന രോഗികളുണ്ട്. ടെസ്റ്റ് ചെയ്യുന്നത് പോസിറ്റീവ് ആകാൻ വേണ്ടിയാണെന്നുള്ള മുൻധാരണ ഉള്ളതുകൊണ്ടാണ് ഈ പ്രശ്നം. എല്ലാ ടെസ്റ്റുകളൂം നെഗറ്റീവ് ആണ് മേഡം എന്ന് പറഞ്ഞ് സന്തോഷിച്ച് വരുന്നവരെയും കാണാറുണ്ട്. പൊതുവിൽ കാണാറുള്ള രോഗങ്ങൾക്കും, അത്യാസന്നമായി ഡയ്ഗ്നോസ് ചെയ്യേണ്ട രോഗങ്ങൾക്കുമുള്ള ടെസ്റ്റുകളാണ് ആദ്യം ചെയ്യുക. ഇവയെല്ലാം നെഗറ്റീവ് ആണെങ്കിൽ മാത്രമേ അപൂർവ്വമായ രോഗങ്ങൾക്കുള്ള ടെസ്റ്റുകൾ ചെയ്യാറുള്ളൂ. അദ്യ ടെസ്റ്റുകൾ എല്ലാം നെഗറ്റീവ് ആയാൽ സന്തോഷിക്കുകയല്ല, പകരം അപൂർവ്വമായ രോഗങ്ങൾ ഉണ്ടായിരിക്കാനുള്ള സാധ്യതയുണ്ട് എന്ന് മനസിലാക്കുകയാണ് വേണ്ടത്.
അപ്പോൾ അടുത്ത പോസ്റ്റിൽ കൂടുതൽ വിശേഷങ്ങളുമായി കാണാം.