നിയമസഭ അംഗങ്ങളെക്കുറിച്ചുള്ള വിക്കിപീഡിയ താളുകൾ

2016-ൽ തുടങ്ങിവച്ച ഒരു പ്രൊജക്ട് ഇന്നത്തോടെ തീർന്നു. കേരള നിയമസഭയിലെ എല്ലാ അംഗങ്ങൾക്കും ഇംഗ്ലിഷ് വിക്കിപീഡിയയിൽ പേജുണ്ടാക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. പല അംഗങ്ങൾക്കും ആദ്യമേ വിക്കിപീഡിയ പേജുകൾ ഉണ്ടായിരുന്നു. എന്നാൽ പേജുകളില്ലാതിരുന്ന 32 പേരുടെ വിക്കിപീഡിയ താളുകളിൽ അവസാനത്തേതും ഇന്ന് എഴുതിത്തീർത്തു. കേരള സർക്കാറിന്റെ വെബ്സൈറ്റിൽ പോലും എം.എൽ.എമാരുടെ ജീവചരിത്രമില്ലാത്തതുകൊണ്ട് ഇന്റർനെറ്റിൽ നിന്നും വിവരങ്ങൾ ശേഖരിക്കുക ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട്, പല ലേഖനങ്ങളും മൂന്നോ, നാലോ വരികളിൽ ഒതുക്കേണ്ടി വന്നു. ഇപ്പോഴും പല എം.എൽ.എ മാരെക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനങ്ങളിലും ചിത്രങ്ങളോ, പ്രാഥമിക വിവരങ്ങളോ ഇല്ല.

ഈ ലിങ്കിൽ നിന്നും നിങ്ങളുടെ നിയോജകമണ്ഡലത്തിലെ എം.എൽ.എയുടെ പേജ് കണ്ടുപിടിച്ച്, നിങ്ങൾക്കറിയാവുന്ന കൂടുതൽ വിവരങ്ങൾ അവരുടെ വിക്കിപീഡിയ താളിൽ ചേർക്കുകയാണെങ്കിൽ അത് വിക്കിപീഡിയയ്ക്ക് ഒരു മുതൽക്കൂട്ടായിരിക്കും. വിവരങ്ങൾ ചേർക്കുമ്പോൾ അവലംബം (references) ചേർക്കാൻ മറക്കരുത്. സംശയങ്ങളുണ്ടെങ്കിൽ ഇവിടെ കമന്റായി ചോദിക്കുമല്ലോ.

 

ടെഡ് പ്രസംഗങ്ങൾ തർജമ ചെയ്യുന്നതെങ്ങനെ?

റിമ കല്ലിങ്കലിന്റെ ടെഡ്-എക്സ് പ്രസംഗം വൈറലായിക്കൊണ്ടിരിക്കുകയാണല്ലോ. എന്താണീ ടെഡ്-എക്സ് എന്നറിയാമോ?

ടെഡ് എന്നത് ഒരു സംഘടനയാണ്. ടെക്നോളജി (T), എന്റർടെയ്ന്മെന്റ് (E), ഡിസൈൻ (D) എന്നതിന്റെ ചുരുക്കെഴുത്താണ് . ഈ സംഘടന നടത്തുന്ന കോൺഫറൻസുകൾ ലോകപ്രസിദ്ധമാണ്. ടെഡ് കോൺഫറൻസുകളിൽ സംസാരിക്കാൻ ക്ഷണം കിട്ടുന്നത് ഏതെങ്കിലും മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കാണ്. ബിൽ ഗേറ്റ്സ്, സ്റ്റീഫൻ ഹോക്കിങ്, മിഷേൽ ഒബാമ എന്നീ പ്രമുഖരൊക്കെ ടെഡ് ടോക്കുകൾ നടത്തിയിട്ടുണ്ട്. ഗഹനമായ ആശയങ്ങളെ സാധാരണക്കാർക്ക് മനസിലാകുന്ന വിധത്തിൽ ലഘൂകരിച്ച്, രസകരമായ രീതിയിലാണ് ടെഡ് ടോക്കുകൾ അവതരിപ്പിക്കുന്നത്. ശാസ്ത്ര-സാങ്കേതിക വിദ്യയിലെ പുതിയ കണ്ടുപിടുത്തങ്ങൾ മുതൽ നൂറ്റാണ്ടുകൾക്കു മുൻപ് നടന്ന സംഭവങ്ങൾ വരെ ടെഡ് ടോക്കുകളിൽ കടന്നു വരാറുണ്ട്. ഒരോ ടെഡ് ടോക്കിനും പതിനെട്ടു മിനിറ്റിൽ താഴെ ദൈർഘ്യമേ ഉണ്ടാകുകയുള്ളൂ. ഈ ചെറിയ ഇടവേളയ്ക്കുള്ളിൽ ഒരു പ്രധാനപ്പെട്ട ആശയം കഴിയുന്നതും ലളിതമായി പറയുക എന്നതാണ് ടെഡ് പ്രാസംഗികരുടെ രീതി. ഏതാണ്ട് 2600 ടെഡ് ടോക്കുകൾ ഇപ്പോൾ നിലവിലുണ്ട്. തീരെ അറിവില്ലാത്ത ഒരു വിഷയത്തെക്കുറിച്ച് പെട്ടെന്ന് ഒരു ധാരണ ഉണ്ടാക്കിയെടുക്കാൻ ടെഡ് ടോക്കുകളെക്കാൾ നല്ല ഉപാധി വേറെയില്ല.

ടെഡ് എന്ന സംഘടന മാത്രം വിചാരിച്ചാൽ ലോകത്തിലെ എല്ലാ വിഷയങ്ങളെക്കുറിച്ചും ടോക്കുകൾ നിർമ്മിക്കാൻ പറ്റില്ല. അതുകൊണ്ടാണ് ടെഡ്-എക്സ് എന്ന ആശയം തുടങ്ങിയത്. ടെഡ് മാതൃസംഘടന നൽകുന്ന ലൈസൻസ് ലഭിച്ച ആർക്കും ടെഡ്-എക്സ് ടോക്കുകൾ സംഘടിപ്പിക്കാവുന്നതാണ്. ഇങ്ങനെ ലോകമെമ്പാടും പ്രാദേശികമായി ടെഡ്-എക്സ് ടോക്കുകൾ നടക്കുന്നുണ്ട്. ഇങ്ങനെ തിരുവനന്തപുരത്ത് നടന്ന ടെഡ് എക്സ് ടോക്കിലാണ് റിമ കല്ലിങ്കൽ സംസാരിച്ചത്.

ടെഡ് ടോക്കുകൾക്ക് മലയാളം സബ്ടൈറ്റിലുണ്ടായിരുന്നെങ്കിൽ എന്തെളുപ്പമായേനേ എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? നിങ്ങൾക്കും ടെഡ് ടോക്കുകൾക്ക് മലയാളം സബ്ടൈറ്റിലുകൾ നിർമ്മിക്കാം. നിലവിൽ വിരലിലെണ്ണാവുന്നത്ര ടെഡ് തർജ്ജമകർ മാത്രമേ മലയാളത്തിലുള്ളൂ. കൂടുതൽ പേർ സന്നദ്ധപ്രവർത്തകരായി ടെഡ്/ടെഡ്-എക്സ് ടോക്കുകൾ തർജ്ജമ ചെയ്യാൻ മുന്നോട്ടു വന്നാൽ ഇംഗ്ലിഷ് അറിയാത്തവർക്കും ടെഡ് ടോക്കുകൾ പ്രാപ്യമാകും. ഒരുപക്ഷെ, നിങ്ങൾ ചെയ്യുന്ന ഓരോ ടെഡ് തർജ്ജമയും ഒരുപാടുപേരെ പഠനത്തിൽ സഹായിച്ചേക്കാം.

എല്ലാ വർഷവും നടക്കുന്ന ആഗോള ടെഡ് കോൺഫറൻസുകളിൽ മുപ്പതോളം ടെഡ് തർജ്ജമകരെയും ക്ഷണിക്കാറുണ്ട്. ഞാൻ ക്യാനഡയിലെ വിസ്ലറിലും (2015), ബാൻഫിലും (2016) നടന്ന ടെഡ് കോൺഫറൻസുകളിൽ പങ്കെടുത്തിട്ടുണ്ട്. വിമാനയാത്രയും, താമസച്ചിലവുമൊക്കെ ടെഡ് വഹിക്കും. ടെഡ് കോൺഫറൻസിൽ പങ്കെടുക്കുന്നത് മറക്കാനാവാത്ത അനുഭവമാണ്. അതിപ്രശസ്തരായ പല വ്യക്തികളും ടെഡ് കോൺഫറൻസുകളിൽ കാഴ്ചക്കാരായും, പ്രാസംഗികരായും വരാറുണ്ട്. ഇവരെയൊക്കെ പരിചയപ്പെടാനും, ടെഡ് ആക്റ്റിവിറ്റികളിൽ പങ്കെടുക്കാനുമൊക്കെ സാധിക്കും. ചിലപ്പോൾ അടുത്ത ടെഡ് കോൺഫറൻസിൽ നിങ്ങൾക്കും പങ്കെടുക്കാൻ സാധിച്ചേക്കാം!

ടെഡ്.കോം എന്ന വെബ്സൈറ്റിൽ ചെന്ന് എല്ലാ ടെഡ് ടോക്കുകളും സൗജന്യമായി കാണാവുന്നതാണ്. ടെഡ് ടോക്കുകൾ തർജ്ജമ ചെയ്യുന്നതിനെപ്പറ്റി കൂടുതലറിയാൻ താൾ കാണുക. ഈ താളിലെ ‘അപ്ലൈ നൗ’ എന്ന ബട്ടൺ ഞെക്കി, ടെഡ് അക്കൗണ്ട് എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ താഴെ കമന്റായോ, നേരിട്ട് ഈ-മെയിൽ വഴിയോ ചോദിക്കുമല്ലോ.

വിസ കിട്ടാനുള്ള മുന്നൊരുക്കങ്ങൾ

ഇന്ത്യക്ക് പുറത്തേക്ക് കോൺഫറൻസിൽ പങ്കെടുക്കാനും പരീക്ഷകൾ എഴുതാനും പോകുന്ന മലയാളി മെഡിക്കൽ വിദ്യാർത്ഥികളുടെ എണ്ണം കൂടിവരികയാണ്. യാത്രയ്ക്ക് ആവശ്യമുള്ള ഡോക്യുമെന്റുകൾ സംഘടിപ്പിക്കുന്നതെങ്ങനെ, വിസ കിട്ടാൻ എന്തൊക്കെ ചെയ്യണം എന്ന ചോദ്യങ്ങളുമായി പലരും എന്നെ സമീപിക്കാറുമുണ്ട്. ഇത്തരക്കാർക്ക് വേണ്ടിയാണ് ഈ പോസ്റ്റ്.

ഏതാണ്ട് ഒട്ടുമിക്ക രാജ്യങ്ങളിലേക്കും ഇന്ത്യക്കാർക്ക് വിസയോടെയേ യാത്ര ചെയ്യാൻ പറ്റൂ. ഇനി വിസ ആവശ്യമില്ലാത്ത രാജ്യമാണെങ്കിലും കൂടി കോൺഫറൻസ് നടത്തുന്നവരുടെ കയ്യിൽ നിന്നും എത്രയും പെട്ടെന്ന് ഇൻവൈറ്റ് ലെറ്റർ വാങ്ങി കയ്യിൽ വയ്ക്കണം. ഫ്ലൈറ്റ് ഇറങ്ങിക്കഴിഞ്ഞാൽ കസ്റ്റംസ്/ബോർഡർ പ്രൊട്ടക്ഷൻ ഓഫീസറോട് നമ്മുടെ യാത്രയുടെ ഉദ്ദേശം മനസിലാക്കിക്കൊടുക്കാൻ വേണ്ടിയാണിത്. ഈ ഇൻവൈറ്റ് ലെറ്റർ ഈ-മെയിലിലോ, തപാൽ വഴിയോ കിട്ടിക്കഴിഞ്ഞാൽ ഉടനെത്തന്നെ വിസ സംഘടിപ്പിക്കാനുള്ള പണികൾ ചെയ്ത് തുടങ്ങണം. പല കോൺഫറൻസുകളും നടക്കുന്നതിന് ഒന്നോ രണ്ടോ മാസം മുൻപാണ് ഇൻവൈറ്റ് ലെറ്റർ അയച്ചു തരാറ്. നമ്മളെ ക്ഷണിച്ച വ്യക്തിയുടെ തിരിച്ചറിയൽ രേഖകളോ, ക്ഷണിച്ച സംഘടനയുടെ ബാങ്ക് സ്റ്റേറ്റ്മെന്റോ ഒക്കെ ചില രാജ്യങ്ങൾ ആവശ്യപ്പെടാറുണ്ട്. ഇത്തരത്തിൽ ഏതെങ്കിലും ഡോക്യുമെന്റ് ആവശ്യമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ചോദിക്കണം. കോൺഫറൻസ് നടത്തിപ്പുകാർ എല്ലാം കണ്ടറിഞ്ഞ് അയച്ച് തന്നോളും എന്നൊന്നും വിചാരിക്കരുത്. ആവശ്യങ്ങൾ എത്രയും ചുരുക്കി ഈ-മെയിലായി അയച്ച് കൊടുക്കുക. മറുപടി ഇല്ലെങ്കിൽ, നിങ്ങളുടെ അടിയന്തര സാഹചര്യം വ്യക്തമാക്കി വീണ്ടും മെയിൽ അയയ്ക്കുക. മിക്ക രാജ്യങ്ങളും അപേക്ഷാർത്ഥിയുടെ (അല്ലെങ്കിൽ രക്ഷിതാവിന്റെ) ബാങ്ക് സ്റ്റേറ്റ്മെന്റ്, മെഡിക്കൽ ഇൻഷുറൻസ്, ഹോട്ടൽ ബുക്കിങ്, ഫ്ലൈറ്റ് ബുക്കിങ് എന്നിവയും കൂടി ചോദിക്കാറുണ്ട്.

ഏതാണ്ടെല്ലാ രാജ്യങ്ങളും proof of employment/study യും leave sanction letter ഉം ചോദിക്കാറുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിച്ച എനിക്ക് ഏറ്റവും നൂലാമാലയായിട്ടുള്ളത് ഈ സാധനമാണ്. ഏറ്റവും ദ്രോഹിച്ചിട്ടുള്ളത് ഇവിടുത്തെ ഓഫീസ് സ്റ്റാഫും. നമ്മൾ ആദ്യം പോസ്റ്റിങ് ഉള്ള യൂണിറ്റിൽ പോയി ലീവ് ചോദിക്കണം. യൂണിറ്റ് ചീഫ് ലീവ് തന്നാൽ അത് ഡിപ്പാർട്ട്മെന്റ് HOD യെക്കൊണ്ട് അപ്രൂവ് ചെയ്യിപ്പിക്കണം. ഹൗസ് സർജൻ ആണെങ്കിൽ കോർഡിനേറ്ററുടെ ഒപ്പാണ് വേണ്ടത്. ഇതെല്ലാം കൊണ്ട് വേണം പ്രിൻസിപ്പാളുടെ ഓഫീസിൽ ചെല്ലാൻ. ഒരു കാരണവശാലും leave letter request തപ്പാൽ പെട്ടിയിൽ ഇടരുത്. നേരേ പ്രിൻസിപ്പാളിനെക്കണ്ട് കാരണം ബോധിപ്പിച്ച് സമ്മതം വാങ്ങിക്കുക. ശേഷം യഥാ തസ്തികയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥനെ കണ്ട് സംസാരിച്ച് ആവശ്യം ബോധ്യപ്പെടുത്തുക. കോൺഫറൻസ് നടക്കുന്നതിന് ഒരു മാസം മുൻപൊക്കെയായിരിക്കും ഈ നെട്ടോട്ടം എന്നതിനാൽ പ്രിൻസിപ്പാളിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരുടെ കയ്യും കാലും പിടിച്ചിട്ടാണെങ്കിലും സർട്ടിഫിക്കറ്റ് എത്രയും പെട്ടെന്ന് ശരിയാക്കണം. സാധാരണ ഗതിയിൽ ഇവരുടെ ആട്ടും തുപ്പും കേൾക്കേണ്ടി വരും. അല്പം സഹനശക്തിയൊക്കെ ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഈയടുത്ത് ഒരു പ്രൈവറ്റ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി യു.എൻ യൂത്ത് കോൺഫറൻസിൽ പങ്കെടുക്കാൻ പോയതായി അറിഞ്ഞു. എത്ര അഭിമാനത്തോടുകൂടിയാണ് ആ കോളേജിന്റെ ഡീൻ ഈ കുട്ടിയെപ്പറ്റി സംസാരിക്കുന്നത്! അതേസമയം, എന്റെ കോളേജിൽ, വിദേശയാത്ര പോകാൻ താല്പര്യമുള്ളവരെക്കൂടി ചടപ്പിക്കുന്ന നയമാണുള്ളത്. ഈ ബ്യൂറോക്രസി കാരണം നെതർലാന്റ്സിലേക്ക് പോകാനുള്ള എന്റെ വിസ അപ്ലിക്കേഷൻ വൈകുകയും, പോകാൻ ഉദ്ദേശിച്ചതിന്റെ പിറ്റേദിവസം മാത്രം വിസ കിട്ടുകയും ചെയ്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. അന്ന്, എംബസിയോട് സംസാരിച്ച് വിസ വേഗം കയ്യിൽ എത്തിച്ചുതന്നതും, ഏതാണ്ട് ഇരട്ടിയോളം പണം ചിലവാക്കി പുതിയ ടിക്കറ്റ് ബുക്ക് ചെയ്തതും സ്പോൺസറിങ്ങ് സംഘടനയാണ്.

കോളേജിൽ നിന്ന് ലെറ്റർ കിട്ടിക്കഴിഞ്ഞാൽ ഉടനെ വിസയ്ക്ക് അപ്ലൈ ചെയ്യുക. യൂറോപ്പ്-അമേരിക്ക എന്നിവിടങ്ങളിലേക്കാണെങ്കിൽ നേരിട്ട് കോൺസുലേറ്റിലോ വിസ ഓഫീസിലോ പോയി അപ്ലൈ ചെയ്യേണ്ടി വരും. യു.എസിലേക്കാണെങ്കിൽ ഇന്റർവ്യൂ ഉണ്ടാകും. വിസ ഫീസ് അടച്ച്, ഫിങ്കർപ്രിന്റ്, ഫോട്ടോ എന്നിവ എടുത്ത്, ഡോക്യുമെന്റുകളും പാസ്പോർട്ടും ഏൽപ്പിച്ച് മടങ്ങാം. എംബസികൾ പൊതുവേ 10-15 ദിവസങ്ങൾക്കുള്ളിൽ വിസ പതിച്ചു തരാറുണ്ട്. അനിശ്ചിതമായി വൈകുന്നതും സാധാരണമാണ്. യു.എസിലേക്ക് പൊതുവേ 10 വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി വിസ കിട്ടാറുണ്ട്, ക്യാനഡയിലേക്ക് അഞ്ചും. സൗത്ത് അമേരിക്കൻ രാജ്യങ്ങൾ പൊതുവേ മൂന്ന് മുതൽ ആറ് മാസം വരെയുള്ള വിസ അനുവദിക്കാറുണ്ട്. യൂറോപ്പിലെ ഷെങ്കൻ രാജ്യങ്ങൾ ഒന്നോ രണ്ടോ ആഴ്ചത്തേക്കൊക്കെയേ വിസ തരാറുള്ളൂ. കോൺഫറൻസ് കഴിഞ്ഞ് യൂറോപ്യൻ രാജ്യങ്ങൾ ചുറ്റാൻ താല്പര്യമുള്ളവർ ഇതും കണക്കിലെടുക്കണം. യു.കെ ആറു മാസത്തേക്ക് മൾട്ടിപ്പിൾ എൻട്രി ജനറൽ പർപ്പസ് വിസ തരാറുണ്ട്.

കൂടുതൽ അറിയണമെങ്കിൽ ഈ-മെയിലിൽ ചോദിച്ചാൽ കഴിയാവുന്നതുപോലെയൊക്കെ സഹായിക്കാം. “എനിക്ക് വിസ കിട്ടുമോ?” തുടങ്ങിയ ചോദ്യങ്ങൾ ചോദിച്ചിട്ടു കാര്യമില്ല. അത് കൃത്യമായി പറയാൻ അതാത് കോൺസുലേറ്റുകൾക്ക് മാത്രമേ കഴിയൂ.

ഡി.എൻ.എ ഘടന ചിത്രീകരിച്ച ശാസ്ത്രപ്രതിഭ

ശരീരത്തിലെ കോശങ്ങളിൽ അടങ്ങിയിട്ടുള്ള ഡി.എൻ.എ എന്ന പദാർഥം ആണ് ശരീരഘടന നിർണ്ണയിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണെല്ലോ. എന്നാൽ, ഈ ഡി.എൻ.എയുടെ ഘടന എന്താണ്? എങ്ങനെയാണ് ഡി.എൻ.എ യുടെ പല കോപ്പികൾ ഉണ്ടാവുന്നത്? ഏതാണ്ട് അര നൂറ്റാണ്ടോളം ഉത്തരമില്ലാതെ കിടന്നിരുന്ന ചോദ്യങ്ങളാണിവ. ഡി.എൻ.എയെ അതിന്റെ മൂലപദാർത്ഥങ്ങളായി വേർതിരിച്ചെടുത്താൽ അവയുടെ ഘടനയ്ക്ക് സാരമായ മാറ്റം സംഭവിക്കും എന്നതുകൊണ്ട് ഡി.എൻ.എയുടെ ഘടനയും, അവ പിളർന്ന് പുതിയ ഡി.എൻ.എകൾ ഉണ്ടാവുന്ന പ്രക്രിയയെയുമൊന്നും വളരെക്കാലത്തേക്ക് ശാസ്ത്രലോകത്തിന് കണ്ടുപിടിക്കാനായിരുന്നില്ല. ഈ ചോദ്യത്തിന്റെ ചുരുളഴിച്ച പ്രധാന ശാസ്ത്രജ്ഞരിലൊരാളാണ് റോസലിന്റ് ഫ്രാങ്ക്ലിൻ.

1920-ൽ റോസലിന്റ് ജനിച്ചത് പുരോഗമന ആശയങ്ങൾ പിന്തുടരുന്ന ഒരു ധനികകുടൂംബത്തിലായിരുന്നു. അതുകൊണ്ടു തന്നെ സ്ത്രീകൾ ഉന്നതവിദ്യാഭ്യാസം നടത്തുന്നതിനോട് കുടുംബത്തിൽ വലിയ എതിർപ്പുകളൊന്നുമില്ലായിരുന്നു. എന്നാൽ, റോസയുടെ അച്ഛൻ അവരെ വിദ്യാഭ്യാസത്തിൽ നിന്നും നിരുത്സാഹപ്പെടുത്തിയിരുന്നെന്നും, സ്ത്രീവിമോചകപ്രവർത്തകയായ അവരുടെ അമ്മായിയുടെ പ്രയത്നഫലമായാണ് റോസയ്ക്ക് പഠനം സാധ്യമായതെന്നും ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ശാസ്ത്രവിഷയങ്ങളിൽ ഉന്നത ഗ്രേഡുകൾ കരസ്ഥമാക്കിയ റോസലിന്റ്, ക്യാംബ്രിഡ്ജിലെ ന്യൂഹാം കോളേജിൽ ബിരുദപഠനം നടത്തി. അക്കാലത്ത്, സ്ത്രീകൾക്ക് ഉന്നതപഠനത്തിനായി പ്രത്യേകം വനിതാകോളേജുകൾ ഉണ്ടായിരുന്നു. ഇത്തരം കോളേജുകളിൽ പരീക്ഷ ജയിച്ചാലും ഔദ്യോഗികമായി ഡിഗ്രി നൽകുന്നത് പതിവില്ലായിരുന്നു. 1941-ൽ പഠനം പൂർത്തിയാക്കിയ റോസയ്ക്ക് ഉടനടി ഗവേഷണം ചെയ്യാൻ അനുമതിയുണ്ടായിരുന്നെങ്കിലും, ഔദ്യോഗികമായി ഡിഗ്രി ലഭിക്കാൻ വീണ്ടും ആറു വർഷം കൂടി കാത്തിരിക്കേണ്ടി വന്നു. കൽക്കരിക്കട്ടകളിലെ സുഷിരങ്ങളുടെ സ്വഭാവങ്ങളും, സാന്ദ്രതയും പഠനവിഷയമാക്കി 1945-ൽ റോസലിന്റ് പി.എച്ച്.ഡി നേടി. ശാസ്ത്രസാങ്കേതിക രംഗത്ത് സ്ത്രീകൾ വളരെ കുറവായിരുന്ന 1950-കളിൽ സ്ത്രീ ശാസ്ത്രജ്ഞർ വളരെയധികം അവഗണനകൾ നേരിടേണ്ടി വന്നിരുന്നു. സ്ത്രീ ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തങ്ങളെ അംഗീകരിക്കാൻ വിസമ്മതിക്കുകയും, അവരോട് സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്യുന്നവരായിരുന്നു റോസാലിന്റിന്റെ സഹപ്രവർത്തകരിൽ പലരും. ധൈര്യത്തോടെ സംസാരിക്കുകയും, സ്വന്തം ആശയങ്ങളെ മുറുകെപ്പിടിക്കുകയും ചെയ്യുന്ന റോസലിനെ തങ്ങൾക്ക് ഭയമായിരുന്നെന്ന് ചില സഹപ്രവർത്തകർ പിൽക്കാലത്ത് എഴുതിയിട്ടുണ്ട്. അതേസമയം, തന്റെ കണ്ടുപിടുത്തങ്ങളിൽ അവകാശം സ്ഥാപിക്കാനാവാത്ത ദുർബലയായിരുന്ന റോസലിന്റ് ചൂഷണം ചെയ്യപ്പെടുകയായിരുന്നെന്ന് മറ്റ് ചിലരും എഴുതുകയുണ്ടായി.

ഡി.എൻ.എയുടെ ഘടന നിർവ്വചിക്കാൻ റോസലിന്റ് ഉപയോഗിച്ച സങ്കേതമാണ് എക്സ്-റേ ക്രിസ്റ്റലോഗ്രാഫി. ഡി.എൻ.എ എന്നത് അദൃശ്യമായ ഒരു വിമാനമാണെന്നിരിക്കട്ടെ. ഈ വിമാനത്തിലേക്ക് അസംഖ്യം റബ്ബർ പന്തുകൾ പല ദിക്കുകളിൽ നിന്നായി ഒരേ രീതിയിൽ എറിയുകയാണെന്നിരിക്കട്ടെ. വിമാനത്തിൽ വ്യത്യസ്ഥ ഭാഗങ്ങളിൽ തട്ടി തിരിച്ചു വരുന്ന റബ്ബർ പന്തുകളുടെ സ്വഭാവം പഠിക്കുന്നതിലൂടെ വിമാനത്തിന്റെ ഘടന മനസിലാക്കാൻ സാധിക്കും. ഇതേ രീതിയാണ് ഡി.എൻ.എയുടെ ഘടന പഠിക്കാൻ റോസലിന്റ് അവലംബിച്ചത്, റബ്ബർ പന്തുകൾക്കു പകരം അസംഘ്യം എക്സ്-റേ കണങ്ങളായിരുന്നതെന്ന് മാത്രം. ഡി.എൻ.എയുടെ ഘടന മനസിലാക്കുന്നതിന് സുപ്രധാന വഴിത്തിരിവായത് റോസലിന്റ് സൂക്ഷ്മതയോടെ പകർത്തിയ എക്സ്-റേ ചിത്രങ്ങളായിരുന്നു. റോസലിന്റിന്റെ സഹപ്രവർത്തകരായിരുന്നു ക്യാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഫ്രാൻസിസ്, ക്രിക്ക് എന്നീ ശാസ്ത്രജ്ഞർ. ഇവർക്ക് ഡി.എൻ.എയുടെ മോഡൽ നിർമിക്കാൻ പ്രചോദനമായത് റോസലിന്റെ എക്സ്-റേ ചിത്രങ്ങളാണ്. എന്നാൽ, മതിയായ വിവരങ്ങൾ പരീക്ഷണത്തിലൂടെ ലഭിച്ച ശേഷം മാത്രമേ ഡി.എൻ.എയുടെ മോഡൽ നിർമ്മിക്കാനാകൂ എന്നും, അല്ലാത്തപക്ഷം തെറ്റുകൾ സംഭവിക്കാമെന്നുമായിരുന്നു റോസലിന്റിന്റെ പക്ഷം. ഈ കണ്ടുപിടുത്തത്തിൽ റോസലിന്റിന്റെ പങ്ക് അംഗീകരിക്കാനും വാട്ട്സണും ക്രിക്കും തയ്യാറായില്ല. ഡി.എൻ.എയുടെ ഫ്രാൻസിസ്-ക്രിക്ക് മോഡൽ പ്രസിദ്ധീകരിച്ചതിനു വർഷങ്ങൾക്കു ശേഷമാണ് ശാസ്ത്രലോകം കൂടുതൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ മോഡൽ ശാസ്ത്രീയമാണെന്ന് അംഗീകരിച്ചത്. 1962-ൽ ഡി.എൻ.എയുടെ ഘടന കണ്ടുപിടിച്ചതിന് ഫ്രാൻസിസ്, ക്രിക്ക്, വിൽക്കിൻസ് എന്നിവർക്ക് നൊബേൽ സമ്മാനം ലഭിച്ചു.

മുപ്പത്തിയാറാം വയസ്സിൽ റോസലിന്റിനു അണ്ഡാശയ ക്യാൻസർ ഉള്ളതായി കണ്ടുപിടിച്ചു. ക്യാൻസറിനു ചികിത്സ നടത്തിക്കൊണ്ടിരിക്കുമ്പോൾ തന്നെ റോസലിന്റ് ഗവേഷണത്തിൽ സജീവമായി പങ്കെടുത്തിരുന്നു. ഒരു വർഷത്തിനു ശേഷം അവർ മരണമടഞ്ഞു. 1958-ൽ മരണം വരെയും റോസലിന്റിനു നൊബേൽ നാമനിർദ്ദേശം ലഭിച്ചിരുന്നില്ല. റോസലിന്റിന്റെ ഗവേഷണം തുടർന്ന സഹപ്രവർത്തകന് 1982-ൽ രസതന്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ചു. ജീവിച്ചിരുന്നെങ്കിൽ റോസലിന്റ് രണ്ട് തവണ നൊബേൽ പുരസ്കാരം നേടിയിരുന്നേക്കാം എന്ന് പല ശാസ്ത്രജ്ഞരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

2016 ഒക്ടോബറിലെ സംഘടിതയിൽ പ്രസിദ്ധീകരിച്ച കുറിപ്പിന്റെ പുനഃപ്രസിദ്ധീകരണമാണിത്. ചിത്രത്തിന്റെ അവലംബം : തോമസ് സ്പ്ലെറ്റോസെറ്റർ, വിക്കിമീഡിയ കോമൺസ്, സി.സി.ബൈ.എസ്-എ 3.0.

സ്വീഡനിൽ പി.എച്ച്.ഡി പ്രവേശനം

എം.ബി.ബി.എസ് കഴിഞ്ഞ ഉടനെത്തന്നെ എങ്ങനെ പി.എച്ച്.ഡി പ്രവേശനം സാധ്യമായി എന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. അവർക്കുള്ള ഉത്തരമാണ് ഈ പോസ്റ്റ്. ഇനി ഭാവിയിൽ ആരെങ്കിലും ഇതേ ചോദ്യവുമായി വന്നാൽ അവർക്ക് ഉത്തരമായി ഈ പോസ്റ്റിന്റെ ലിങ്ക് അയച്ചു കൊടുത്താൽ മതിയല്ലോ എന്ന സൗകര്യം കൂടിയുണ്ട്. 

ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് എം.ബി.ബി.എസ് പാസായത്. കോളേജ് പഠനകാലം മുതലേ ഗവേഷണത്തിൽ താല്പര്യമുണ്ടായിരുന്നു. ഐ.സി.എം.ആർ നടത്തുന്ന എസ്.ടി.എസ് പ്രോഗ്രാമിൽ എന്റെ അബ്സ്ട്രാക്റ്റ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു (എന്നാൽ, പ്രൊജക്ട് മുഴുവനാക്കിയിരുന്നില്ല). ഗവേഷണത്തിൽ താല്പര്യമുള്ള എല്ലാ മെഡിക്കൽ വിദ്യാർത്ഥികളും പങ്കെടുത്തിരിക്കേണ്ട സ്റ്റുഡന്റ്ഷിപ്പാണ് ഐ.സി.എം.ആറിന്റേത്. ഇതിൽ നിന്നും ലഭിക്കുന്ന ഗവേഷണപരിചയം ഭാവിയിൽ മുതൽക്കൂട്ടാകും. എനിക്ക് എം.ബി.ബി.എസിനു ശേഷം കമ്യൂണിറ്റി മെഡിസിനിൽ പി.ജി ചെയ്യാനായിരുന്നു ആഗ്രഹം. ശേഷം പൊതുജനാരോഗ്യത്തിൽ ഗവേഷണവും അധ്യാപകവൃത്തിയുമായി കഴിഞ്ഞു കൂടാനായിരുന്നു താല്പര്യം. പി.എച്ച്.ഡിയെ കുറിച്ച് ചിന്തിച്ചിരുന്നതേ ഇല്ല.

എന്നാൽ Anver Hisham നെ പരിചയപ്പെട്ടതാണ് കരിയറിലെ (ജീവിതത്തിലെയും) വഴിത്തിരിവായത്. അൻവർ യൂറോപ്പിലെ സ്വീഡനിൽ പി.എച്ച്.ഡി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. എന്തുകൊണ്ട് എനിക്കും ഒരു വിദേശസർവ്വകലാശാലയിൽ നിന്നും പി.എച്ച്.ഡി എടുത്തുകൂടാ എന്നായിരുന്നു പിന്നീട് എന്റെ ചിന്ത. പല രാജ്യങ്ങളിലും ബിരുദാനന്തരബിരുദമില്ലാതെ പി.എച്ച്.ഡി ചെയ്യാൻ അവസരമില്ല. എന്നാൽ സ്വീഡനിൽ നാലര വർഷം കോളേജ് വിദ്യാഭ്യാസം ഉള്ളവർക്ക് പി.എച്ച്.ഡി ചെയ്യാനുള്ള യോഗ്യത ഉണ്ടെന്ന് ഞാൻ മനസിലാക്കി. അൻവറിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ, അദ്ദേഹത്തോടൊപ്പം സ്വീഡനിൽത്തന്നെ പി.എച്ച്.ഡി ചെയ്യാനുള്ള വിവരങ്ങൾ അന്വേഷിച്ചു കണ്ടെത്തി. അങ്ങനെ ഗോഥൻബർഗ് യൂണിവേഴ്സിറ്റിയിൽ വൈദ്യശാസ്ത്ര സംബന്ധിയായ പി.എച്ച്.ഡി വിഷയങ്ങൾക്ക് അപേക്ഷിച്ചു . ബിരുദാനന്തര ബിരുദമുള്ളവരും എന്നെപ്പോലെ പി.എച്ച്.ഡിക്ക് അപേക്ഷിക്കുമെന്നതിനാൽ വളരെ കടുപ്പമേറിയ മത്സരം നേരിടേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. ഡോക്ടറായി ജോലി ചെയ്യുമ്പോൾ ലഭിക്കുന്നതിന് തുല്യമായ ശമ്പളം പി.എച്ച്.ഡി വിദ്യാർത്ഥികൾക്ക് ലഭിക്കുമെന്നതുകൊണ്ട് സ്വീഡനിൽ നിന്നും, വിദേശങ്ങളിൽ നിന്നും ധാരാളം പേർ അപേക്ഷിക്കും.

പി.എച്ച്.ഡിക്ക് അപേക്ഷിക്കുന്നത് അതാത് യൂണിവേഴ്സിറ്റികളുടെ വെബ്സൈറ്റിൽ തന്നെയാണ്. അപേക്ഷാ ഫീ ഇല്ല. ഡിഗ്രി കാലത്തെ വൈദ്യവിദ്യാഭ്യാസം ഇംഗ്ലിഷിലായതുകൊണ്ട് TOEFL പോലുള്ള ഇംഗ്ലിഷ് പ്രാവീണ്യ പരീക്ഷകളൊന്നും എഴുതേണ്ടിവന്നില്ല. മാർക്ക് ലിസ്റ്റുകളോടൊപ്പം സി.വിയും, ലെറ്റർ ഓഫ് മോട്ടിവേഷനും കൂടി തയ്യാറാക്കി അപ്ലോഡ് ചെയ്യണം. പ്രൊഫസമാർ അപ്ലിക്കേഷൻ വായിച്ച ശേഷം മികച്ച നാലോ അഞ്ചോ പേരെ ഇന്റർവ്യൂവിനു ക്ഷണിക്കും. രണ്ട് റൗണ്ട് ഇന്റർവ്യൂകൾക്കു ശേഷം ഇതിൽനിന്ന് ഒരാളെ പി.എച്ച്.ഡിക്ക് തിരഞ്ഞെടുക്കുക എന്നതാണ് എന്റെ ഡിപ്പാർട്ട്മെന്റിലെ രീതി.

പി.എച്ച്.ഡി മോഹം സഫലമായില്ലെങ്കിൽ സ്വീഡനിൽ നിന്നും പബ്ലിക്ക് ഹെൽത്തിൽ മാസ്റ്റേഴ്സ് ചെയ്ത ശേഷം വീണ്ടും പി.എച്ച്.ഡിക്ക് അപേക്ഷിക്കാനായിരുന്നു പ്ലാൻ. അതുകൊണ്ടുതന്നെ, മാസ്റ്റേഴ്സ് കോഴ്സിനും (പബ്ലിക്ക് ഹെൽത്ത്) അപ്ലൈ ചെയ്തിട്ടിരുന്നു. അങ്ങനെയിരിക്കെ, ക്ലിനിക്കൽ ന്യൂറോളജി വിഭാഗത്തിലെ പ്രൊഫസർ എന്നെ ഇന്റർവ്യൂവിനു ക്ഷണിച്ചു. അപ്പോഴേക്കും അൻവറിനെ ഞാൻ വിവാഹം കഴിച്ചിരുന്നു. സി.വി.യും ലെറ്റർ ഓഫ് മോട്ടിവേഷനുമൊക്കെ പ്രൊഫസർമാർ നേരത്തേ വായിച്ചിട്ടുണ്ടാകും. അതുകൊണ്ടുതന്നെ, ഇന്റർവ്യൂവിൽ പ്രധാനമായും അഭിരുചിയും, സാമൂഹികശേഷിയുമൊക്കെ അളക്കുന്ന രീതിയിലുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. ഇന്റർവ്യൂ കഴിഞ്ഞ പിറ്റേ ആഴ്ച തന്നെ നാലു വർഷത്തെ പി.എച്ച്.ഡിക്കായി എന്നെ തിരഞ്ഞെടുത്ത വിവരവും പ്രൊഫസർ അറിയിച്ചു. എൻ്റെ ഗവേഷണവിഷയത്തെക്കുറിച്ച് ഇവിടെ വായിക്കാം.

2017 ജനവരിയിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണിത്.

 

ഇലക്ഷനാണത്രെ ഇലക്ഷൻ!

 

പണ്ടൊക്കെ (എന്നുവച്ചാൽ അത്ര പണ്ടല്ല, പതിനെട്ട് കഴിഞ്ഞിട്ടും വോട്ടൊന്നും ചെയ്യാതെ തേരാപാര നടന്നിരുന്ന കാലം) ഇലക്ഷൻ എന്ന് കേൾക്കുമ്പോഴേ ഒരു നിർവ്വികാരതയായിരുന്നു. വോട്ടേഴ്സ് ഐ.ഡി കാർഡുപോലും ഈ ഇരുപത്തഞ്ചാം വയസ്സുവരെ കൈവശമുണ്ടായിരുന്നില്ല. വേണ്ടാന്ന് വെച്ചിട്ടല്ല, ഇലക്ഷൻ കമ്മീഷൻ തരാത്തതോണ്ടാണ്. സിവിൽ സ്റ്റേഷനിൽ പറയുന്ന സമയത്ത് ചെന്നാലേ വോട്ടേഴ്സ് ഐ.ഡി. കിട്ടുകയൊള്ളൂ എന്നായിരുന്നു ആദ്യത്തെ ഡിമാന്റ്. പാവപ്പെട്ട വൈദ്യവിദ്യാർത്ഥിയായ എനിക്ക് എല്ലാ ദിവസവും ഒഴിവാക്കാനാവാത്ത ക്ലാസ്സും, ജോലിയും ഉണ്ടായിരുന്നത് കൊണ്ട് ആ വഴിക്ക് ചിന്തിക്കുവാനേ കഴിഞ്ഞിരുന്നില്ല. കോളേജിൽ വന്ന് ഫോട്ടം പിടിച്ച്, രണ്ടീസത്തിനുള്ളിൽ കാർഡ് കയ്യിൽ തരും എന്നതായിരുന്നു എന്നെ പോലുള്ള ഹതഭാഗ്യർക്ക് വേണ്ടി ഇലക്ഷൻ കമ്മീഷൻ കണ്ടുപിടിച്ച മറ്റൊരു എളുപ്പപ്പണി. അങ്ങനെ ഞാനും വിജൃംഭിച്ച് ഐ.ഡി. ഉണ്ടാക്കാൻ ചെന്നു. സമയനിഷ്ഠയുടെ കാര്യത്തിൽ നുമ്മ പുലിയാണ്. കമ്മീഷന്റാൾക്കാര് പടമെടുക്കാൻ എത്തുന്നതിനു മുൻപ്, അന്ന് പരീക്ഷയായിട്ടും ഞാൻ എത്തിപ്പെട്ടത് കണ്ടിട്ട് വൈസ് പ്രിൻസിപ്പാൾ വരെ എന്നെ അഭിനന്ദിച്ചു. കോളേജിലെ അരാഷ്ട്രീയരായ മറ്റ് പിള്ളരെയൊക്കെ കണ്ണുരുട്ടി പേടിപ്പിച്ചാണ് ഐ.ഡി എടുക്കാൻ വേണ്ടി നിർബന്ധിച്ചത്, എന്നാൽ ഞാൻ പ്രബുദ്ധത മൂത്ത് സ്വയം തയ്യാറായി വരികയായിരുന്നു. എന്നെപ്പോലെ വൻ രാഷ്ട്രീയ സാക്ഷരത ഉള്ളവരായി എല്ലാവരും മാറട്ടെ എന്നൊക്കെ വൈസ് പ്രി. പബ്ലിക്കായി വച്ചു കാച്ചി. അങ്ങനെ, ഫോട്ടം പിടിച്ച ശേഷം, ജനത്തിയതി ചോദിച്ചപ്പോൾ, 1993-ന് ശേഷം ജനിച്ചവർക്ക് (എന്നുവച്ചാൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക്) മാത്രമേ ഇത്തരത്തിൽ കാർഡ് കൊടുക്കുകയുള്ളൂ എന്ന് അവര് കട്ടായം പറഞ്ഞു. ഞാനാകട്ടെ, രണ്ടാം വർഷക്കാരിയും. എല്ലാ അരാഷ്ട്രീയക്കാർക്കും കാർഡ് കിട്ടി, എനിക്ക് മാത്രം കിട്ടീല. അങ്ങനെ, എന്റെ രാഷ്ട്രീയ പ്രബുദ്ധത കൊണ്ടുപോയി ചവറ്റു കുട്ടയിലെറിഞ്ഞ് ഞാൻ പരീക്ഷയെഴുതാൻ പോയി.

കാലം പിന്നെയും കടന്നുപോയി. പുസ്തകം-യാത്ര-വിക്കിമീഡിയ-ജോലി എന്നിവയിൽ പെട്ട് നടു നിവർത്താൻ പറ്റാതായി. അവസാനമായി നടന്ന, ഞാൻ വോട്ടു ചെയ്യാത്ത ഇലക്ഷൻ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള കഴിഞ്ഞ തിരഞ്ഞെടുപ്പായിരുന്നു. അന്ന് ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൗസ് സർജനായിരുന്നു. ഉന്തും തള്ളും തല്ലുമൊക്കെ വാങ്ങി ക്യാഷ്വാലിറ്റിയിൽ എത്തുന്ന പാർട്ടി പ്രവർത്തകർ ധാരാളമായിരുന്നു. ബോംബ് നിർമ്മിക്കുന്നതിനിടയിൽ അറിയാതെ പൊട്ടി പരിക്കേറ്റ ആളുകളെ വരെ ചികിത്സിച്ചിട്ടുണ്ട്. “ദേ, ഇലക്ഷന്റെ പാട്ടുവണ്ടി പോകുന്നുണ്ട്, ഇപ്പോൾ നടക്കുന്നത് കേന്ദ്രത്തിലേക്കുള്ള തിരഞ്ഞെടുപ്പാണോ, കേരളത്തിലേക്കുള്ള തിരഞ്ഞെടുപ്പാണോ” എന്ന് നിഷ്കളങ്കമായി ചോദിച്ച ഒരു സഹ-പി.ജി ഉണ്ടായിട്ടുണ്ട്.

ഇലക്ഷൻ പ്രഖ്യാപിച്ച ദിവസം മുതൽ അത് തീരുന്ന വരെയ്ക്കും സംഘട്ടനങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് താരതമ്യേന കൂടുതലായിരിക്കും. തിരഞ്ഞെടുപ്പിൽ ജയിച്ച പാർട്ടിയുടെ അണികൾ പടക്കം പൊട്ടിച്ചും, ബിരിയാണി ഉണ്ടാക്കിയും പൊള്ളലേറ്റ് ക്യാഷ്വാൽറ്റിയിലെത്തും. പാർട്ടി ജയിച്ച സന്തോഷത്തിൽ, കൊടിപിടിച്ച് ഓവർസ്പീഡിൽ ബൈക്കോടിച്ച് പരിക്ക് പറ്റിയവർ വേറെ. മറുപാർട്ടിക്കാരുടെ അടി വാങ്ങിയശേഷം അടിച്ചവരെ കേസിൽ കുടുക്കാനായി ആശുപത്രിയിൽ അഡ്മിഷൻ വേണമേ എന്ന് നിർബന്ധിക്കുന്ന മറ്റുചിലര്. അടിവാങ്ങിയിട്ട്, ക്രൂരമർദ്ദനം നേരിട്ടതായി വരുത്തിത്തീർക്കാൻ ഗ്ലൂക്കോസ് ഡ്രിപ്പിടാൻ നിർബന്ധിക്കുന്ന വേറെ ചിലര്. വിജയാഹ്ലാദ പ്രകടനങ്ങൾക്കിടയിൽ കുഴഞ്ഞ് വീണവര് ചിലര്. ഇത്രയൊക്കെ പേരെ ചികിത്സിക്കുന്ന ഡോക്ടർക്ക് പറഞ്ഞിട്ടുള്ള സാധനമല്ല വോട്ട്. അതുകൊണ്ട് തന്നെ നേരത്തെ ചവറ്റുകൊട്ടയിലിട്ട ആ പ്രബുദ്ധതെയെ തിരിച്ച് പിടിക്കാനും ശ്രമിച്ചതില്ല.

അങ്ങനെ എം.ബി.ബി.എസ് പാസ്സായി സ്വീഡനിലേക്ക് വലിഞ്ഞ് കേറാൻ തയ്യാറായി നിൽക്കുന്ന കാലം വന്നു. പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തതുകൊണ്ട് ഇന്റർനെറ്റിൽ അപേക്ഷ നൽകി വോട്ടേഴ്സ് ഐ.ഡി. സമ്പാദിച്ചു. ജീവിതത്തിലാദ്യമായി സ്ഥാനാർത്ഥികളെയും, മുന്നണികളെയും കുറിച്ച് മനസിലാക്കാനും ആവശ്യത്തിന് സമയം കിട്ടി. ഇലക്ഷൻ സംബന്ധിച്ച കുറേ വിവരങ്ങൾ വിക്കിപീഡിയയിൽ കയറ്റി. കഴിഞ്ഞ നിയമസഭയിലെ മുഴുവൻ അംഗങ്ങൾക്കും വേണ്ടി വിക്കിപീഡിയ ലേഖനം ഉണ്ടാക്കുന്ന തിരുത്തൽ യജ്ഞം നടത്തി. കലാശക്കൊട്ടിന്റെ സമയത്ത് കൈപ്പമംഗലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചരണ പരിപാടിയുടെ സമാപനം നേരിട്ട് കണ്ടു. വളരെ ഉത്സാഹിച്ച് ആദ്യ വോട്ട് ചെയ്തു. വോട്ട് ചെയ്തതിന്റെ ഓർമ്മയ്ക്കായി മരം നട്ടു.

 

13235487_1181560148522383_2055119183491914827_o
ഓർമ്മ മരം. വോട്ട് ചെയ്തതിന്റെ ഓർമ്മയ്ക്കായി.

 

ഇലക്ഷൻ ഫലം പുറത്ത് വന്ന ദിവസം മുഴുവൻ സമയവും ടി.വിയിൽ വാർത്തകൾ കേട്ടുകൊണ്ടിരുന്നു. ഇലക്ഷൻ അവലോകനവും, സ്ഥാനാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങളുമൊക്കെ ഫേസ്ബുക്ക്/വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ ചർച്ച ചെയ്തു. പല ലേഖകരുടെയും ഇലക്ഷൻ സംബന്ധിച്ചുള്ള അവലോകനമൊക്കെ വായിച്ച് തൃപ്തിപ്പെട്ടു. ഇന്നലെ, സത്യപ്രതിജ്ഞയുടെ പ്രസക്തഭാഗങ്ങളും, എറനാട് മണ്ഡലത്തിലെ വിജയാഹ്ലാദ പ്രകടനങ്ങളും കണ്ട് ബോധിച്ചു.

ഈ തുടക്കം മുതൽ അവസാനം വരെ ഇലക്ഷൻ സംഭവവികാസങ്ങൾ ഫോളോ ചെയ്യാൻ കഴിയുന്നതിന്റെ സുഖമുണ്ടല്ലോ, അത് ഒന്നൊന്നര സുഖമാണ്!

പൂച്ചജീവിതം

ഞാനൊരു പൂച്ചസ്നേഹിയാണ്!

എന്നെ അടുത്തറിയുന്നവർക്ക് ഇത് പുതിയ വിവരമൊന്നുമല്ല. പൂച്ചസ്നേഹം തലയ്ക്ക് പിടിച്ചതിന് പലപ്പോഴും സ്നേഹപൂർവ്വം ശകാരിച്ചിട്ടുമുണ്ട്. പഠനാവശ്യത്തിനായി കുഷ്ഠരോഗാശുപത്രിയിൽ പോയപ്പോൾ അവിടെ കണ്ട പൂച്ചയെ താലോലിക്കുന്നത് കണ്ട് കൂട്ടുകാർ മൂക്കത്ത് വിരൽ വച്ചിട്ടുണ്ട്. ഫേസ്ബുക്കിലെ പൂച്ചപ്പോസ്റ്റുകളും, ബ്ലോഗിലെ പൂച്ചവിശേഷങ്ങളും കേട്ട് വേറെ പണിയൊന്നുമില്ലേ എന്ന് ചോദിച്ചവരുണ്ട്. ഓർമ്മ വച്ച കാലം മുതൽ പൂച്ചകളുമായാണ് സഹവാസം എന്നതുകൊണ്ട് ആർക്കും ഇന്നേവരെ എന്റെ പൂച്ചസ്നേഹത്തിൽ വെള്ളം ചേർക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ പൂച്ചകളെ വച്ചുള്ള പല (കു)പ്രസിദ്ധമായ പരീക്ഷണങ്ങളും ഞാൻ നടത്തി നോക്കിയിട്ടുമുണ്ട്. ചത്ത പൂച്ചകൾ സംസാരിക്കാറില്ലാത്തതുകൊണ്ട് എന്റെ പരീക്ഷണ-ക്രൂരതകൾ ലോകമറിയുന്നില്ല എന്നാണ് ദോഷൈകദൃക്കുകളുടെ വാദം. എന്നാൽ പൂച്ചകളെ വേദനിപ്പിക്കുന്ന പരീക്ഷണങ്ങൾ ഒന്നും നടത്തിയിട്ടില്ല എന്ന് ഞാന്. പിടിക്കപ്പെടുന്നത് വരെ ഹിറ്റ്ലറും ഇങ്ങനെയൊക്കെത്തന്നെയാണ് പറഞ്ഞിരുന്നതെന്ന് അവര്.

466719_591943124150758_653872341_o
സിൽസിയോടൊപ്പം. കോഴിക്കോട് കുഷ്ഠരോഗാശുപത്രിയിൽ നിന്ന്.

എന്റെ ഗവേഷണ ചോദ്യങ്ങൾ ഇത്തരത്തിലുള്ളവയാണ്. പൂച്ചയ്ക്ക് പച്ചമീനാണോ ഉണക്കമീനാണോ കൂടുതൽ ഇഷ്ടം? പച്ചമീനുകളിൽ തന്നെ അയലയാണോ മത്തിയാണോ കൂടുതൽ ഇഷ്ടം? മത്തിയുടെ തന്നെ തലയാണോ വാലാണോ കൂടുതലിഷ്ടം? രണ്ട് മീറ്റർ നീളമുള്ള വരയുടെ ഒരറ്റത്ത് മത്തിയുടെ തല വയ്ക്കുന്നു. മറ്റേയറ്റത്ത് വാൽ ഭാഗവും. എന്നിട്ട് നടുക്ക് പൂച്ചയെ നിർത്തുന്നു. ഏത് ഭാഗത്തേക്കാണ് പൂച്ച ആദ്യം പോകുന്നത് എന്ന് നോക്കുന്നു (കൺസ്ട്രക്ട് വാലിഡിറ്റി ഇല്ല എന്നൊന്നും പറഞ്ഞ് വരരുത്. എന്റെ ഗവേഷണം, എന്റെ രീതി. പീർ റിവ്യൂ ആവശ്യമില്ല). അങ്ങനെ മൂന്നാല് പൂച്ചകളെ വച്ച് പലതവണ ഈ ടെസ്റ്റ് നടത്തുന്നു. വളരെ ചെറിയ സാമ്പിൾ സൈസിൽ നടത്തിയ ഈ പഠനങ്ങളിൽ നിന്ന് മനസിലാവുന്നത് പൂച്ചകളുടെ ഇഷ്ടവിഭവം പച്ച മത്തിയുടെ തലയാണെന്നതാണ്. 

എത്ര ഉയരത്തിൽ നിന്നു വരെ പൂച്ച നാലുകാലിൽ വീഴാൻ തയ്യാറാവും എന്നറിയാനാണ് അടുത്ത പഠനം. പൂച്ചയെയും കയ്യിലെടുത്ത് വീടിന്റെ പുറകു വശത്ത് ചാരി വച്ചിരിക്കുന്ന കോണി കയറുന്നു. രണ്ട് സ്റ്റെപ്പ് കയറിയ ശേഷം അവിടെത്തന്നെ നിൽക്കുന്നു. നാലഞ്ച് സെക്കന്റിനുള്ളിൽ തന്നെ പൂച്ച കുതറിച്ചാടി താഴെ നാലുകാലിൽ ലാന്റ് ചെയ്യുന്നു. അടുത്തദിവസം ഇതേ പൂച്ചയെയും കൊണ്ട് നാലാമത്തെ കോണിപ്പടിയിൽ കയറി നിൽക്കുന്നു. “ഇതൊക്കെ എത്ര കണ്ടതാ” എന്ന ആത്മഗതത്തോടുകൂടി പൂച്ച വീണ്ടും ചാടുന്നു. അടുത്ത ദിവസം രണ്ട് സ്റ്റെപ്പുകൾ അധികം കയറുന്നു. പത്ത് സ്റ്റെപ്പ് കയറിയ ദിവസം പൂച്ച താഴോട്ട് ചാടാതെ എന്റെ ഡ്രസ്സിൽ അള്ളിപ്പിടിക്കുന്നു. ഈ സ്റ്റെപ്പിൽ നിന്നും താഴോട്ടുള്ള വെർട്ടിക്കൽ ഹൈറ്റ് ഞാൻ രേഖപ്പെടുത്തുന്നു. ഇങ്ങനെ പോകുന്നു എന്റെ ഗവേഷണ താല്പര്യങ്ങൾ. 

ചെറുപ്പത്തിൽ ഞാൻ മീൻകറിയിൽ നിന്നും മീനെടുത്ത് ആരും കാണാതെ പൂച്ചകൾക്ക് കൊടുക്കാറുണ്ടായിരുന്നെന്ന് വിശ്വസിനീയമായ സ്രോതസ്സുകളിൽ നിന്നും റിപ്പോർട്ടുകളുണ്ട്. ഞാൻ പൂച്ചകളെ സ്വന്തം ബെഡ്ഡിൽ കൊണ്ടുപോയി കിടത്തുമായിരുന്നു എന്നും പറയുന്നുണ്ട്. (അതേ സ്രോതസ്സുകൾ തന്നെ ഞാൻ പൂച്ചയെ തൊഴിച്ചതായും പറയുന്നുണ്ട്, അത് നിങ്ങൾ കാര്യമായി എടുക്കേണ്ടതില്ല). തെളിവിനായി താഴെ ഒരു പടം കൊടുക്കുന്നു.

Untitled-17
കുറിഞ്ഞിയോടൊപ്പം മൂന്ന് വയസ്സുള്ള ഞാൻ

പ്രായമേറി വന്നതോടെ പൂച്ചയെ കൂടപ്പിറപ്പായി കൊണ്ട് നടക്കുന്ന ശീലം ഉപേക്ഷിച്ചു. പൂച്ച തോഴനും സഹചാരിയും മാത്രമായി മാറി. പല സ്ഥലങ്ങളിലായി മാറി താമസിച്ചപ്പോഴും ആ പരിസരങ്ങളിലുള്ള പൂച്ചകളെ ‘വളച്ചെടുത്ത്’ സ്വന്തം ആളാക്കി മാറ്റി കൂടെ കൊണ്ടുനടക്കുമായിരുന്നു. അപ്പോഴും പരീക്ഷണ നിരീക്ഷണങ്ങൾ തുടർന്നു പോന്നു. കൂടുതൽ ശാസ്ത്രീയവും, സൂക്ഷ്മവുമായ പരീക്ഷണങ്ങളിലേക്ക് മാറി എന്ന് മാത്രം. പരീക്ഷണമൊക്കെ പൂച്ചരോമത്തിൽ ചെയ്ത് നോക്കിയിട്ടുണ്ട്. ക്രമേണ ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചതിനു ശേഷം ബാക്കി വരുന്ന ഭക്ഷണമൊക്കെ പൂച്ചകൾക്ക് വേണ്ടി പൊതിഞ്ഞ് വീട്ടിലെത്തിക്കാൻ തുടങ്ങി. മീൻകടയിൽ നിന്നും പൂച്ചകൾക്കായി പ്രത്യേകം മീൻ തലയും, മീൻ അവശിഷ്ടങ്ങളുമൊക്കെ ഞാൻ വാങ്ങാൻ തുടങ്ങി. പൂച്ച മരിച്ച ദിവസം കരച്ചിൽ മഹാമഹം നടത്തുന്ന ചടങ്ങൊക്കെ പയ്യെപ്പയ്യെ ഇല്ലാതായി. പൂച്ചയുടെ പിറന്നാൾ ആഘോഷിക്കുന്നതൊക്കെ നിർത്തി. ഇതിനിടയിൽ ഒരുപാട് പൂച്ചകൾ എന്റെ കൂടെ വന്നു. ഓരോ പൂച്ചയ്ക്കും വ്യത്യസ്ഥ സ്വഭാവങ്ങളാണുള്ളതെന്ന് മനസിലാക്കി. അംഗപരിമിതരായ പൂച്ചകളോടും, നിസ്സഹായരായ പൂച്ചക്കുഞ്ഞുങ്ങളോടും പ്രത്യേക സ്നേഹമൊക്കെ തോന്നിത്തുടങ്ങി. വീട്ടിലേക്ക് കയറുമ്പോൾ ഉടനെ കാലും കയ്യും നക്കിത്തോർത്തിത്തരുന്ന പീലു മുതൽ പുറത്തിറങ്ങിയാൽ കഴിയാവുന്ന അത്രയും ദൂരം പിന്തുടരുന്ന പുഷ്കു വരെ എന്റെ സുഹൃത്തുക്കളായി. 

പൂച്ചസ്നേഹത്തിൽ വലിയ വഴിത്തിരിവുണ്ടാക്കിത്തന്നത് ഭർത്താവ് അൻവറാണ്. പ്രേമിച്ച് നടന്നിരുന്ന കാലത്ത് പൂച്ചസ്നേഹം പരിശോധിക്കാനുള്ള താത്വിക ചോദ്യങ്ങളൊക്കെ ഞാൻ പരോക്ഷമായി ചോദിക്കും. അൻവർ എല്ലാത്തിനും തൃപ്തികരമായ ഉത്തരങ്ങൾ തരും. അൻവർ ഐ.ഐ.ടി യിൽ പഠിക്കുന്ന കാലത്ത്, സ്വന്തം ഹോസ്റ്റൽ റൂമിന് തൊട്ടടുത്ത് പ്രാവുകൾ കൂടുകൂട്ടിയതും, ദുർഗന്ധം സഹിച്ചുകൊണ്ടും അവരെ ഭക്ഷണം കൊടുത്ത് വളർത്തിയതുമൊക്കെ കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. വീട്ടിൽ സ്ഥിരമായി വരുന്ന നായയെ ഭക്ഷണം കൊടുത്ത് വളർത്തിയ കഥയും കൂടി കേട്ടപ്പോൾ ഞാൻ മുടിഞ്ഞ അൻവർ ഫാനായി മാറി.

എത്രയൊക്കെ പൂച്ചസ്നേഹം ഉള്ളിലുണ്ടെങ്കിലും ഞാൻ പൂച്ചയ്ക്ക് വിലകൂടിയ ഭക്ഷണമൊന്നും വാങ്ങിക്കൊടുക്കാറുണ്ടായിരുന്നില്ല. അൻവർ ഒരു മടിയുമില്ലാതെ ഷവർമ്മയും, അയക്കൂറ പൊരിച്ചതുമൊക്കെ പൂച്ചയുമായി ഷെയർ ചെയ്യുന്നത് കണ്ട് ഞാൻ ആകെ വല്ലാതായി. അൻവർ സ്വീഡനിലെ പെറ്റ് ഷോപ്പുകളിൽ കയറിയിറങ്ങി പൂച്ചയ്ക്ക് കൊറിക്കാനുള്ള ബിസ്കറ്റ് വാങ്ങി നാട്ടിലേക്കയച്ചു തന്നിരുന്നു. പൂച്ചബിസ്കറ്റ് സ്വയം അകത്താക്കാനുള്ള മോട്ടിവേഷൻ ഉണ്ടായിട്ടും, അൻവറിനെ മനസിൽ ധ്യാനിച്ച്, മുഴുവനും പൂച്ചയ്ക്ക് തന്നെ കൊടുത്തുതീർത്തൂ. പൂച്ചയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്നും, ചെളി പുരണ്ട പാത്രത്തിൽ പൂച്ചയ്ക്ക് ഭക്ഷണം സെർവ് ചെയ്യരുതെന്നും അൻവർ വാദിച്ചു. ഞാൻ അച്ചാർ കഴിക്കുന്ന പാത്രം അങ്ങനെ അൻവർ പൂച്ചപ്ലേറ്റാക്കി മാറ്റി. ഞങ്ങൾ കിടക്കുന്ന മുറിയുടെ പിന്നിലുള്ള സ്ഥലത്തിന്റെ പട്ടയവും, കിടന്നുറങ്ങാൻ ഒരു പെട്ടിയും അൻവർ പിങ്കുവിന് നൽകി. അങ്ങനെ അൻവർ പൂച്ചകളുടെ കൺകണ്ട ദൈവമായി. പീലു ദിവസേന മൂന്ന് നേരം അൻവറിനെ നക്കിത്തുടയ്ക്കാൻ വരാൻ തുടങ്ങി. നല്ല ജീവിതസാഹചര്യങ്ങൾ നിങ്ങളുടെ അവകാശമാണെന്നും, നിങ്ങൾക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങൾ താൻ തിരിച്ചു തരുന്നെന്ന് മാത്രമേ ഉള്ളൂ എന്നും, അതുകൊണ്ട് തന്നോട് പ്രത്യേക വിധേയത്വമൊന്നും കാണിക്കേണ്ടതില്ലെന്നും അൻവർ പൂച്ചകളെ ഉദ്ബോധിപ്പിച്ചു. പൂച്ചപരിപാലനത്തിൽ ഞാൻ ഇടതുപക്ഷമാണെങ്കിൽ, അൻവർ വിപ്ലവകാരിയാണെന്ന് തെളിയിച്ചു. 

IMG_20160505_111107
പൂച്ചബിസ്ക്കറ്റിന്റെ ഒഴിഞ്ഞ ടിന്നിനോടൊപ്പം പീലു. ഒഴിഞ്ഞ ടിന്നുകൾ ഇപ്പോൾ പൂച്ചയ്ക്ക് വെള്ളം കൊടുക്കാൻ ഉപയോഗിക്കുന്നു

ജീവിതം അല്പം കൂടി സിസ്റ്റമാറ്റിക്കായത് അൻവറിന്റെ കൂടെ കൂടിയതിൽ പിന്നെയാണ്. പൂച്ചകൾക്കായി പുതിയ നേമിങ് സിസ്റ്റം (പേരിടൽ രീതി) ഗവേഷകനും പ്രോഗ്രാമറുമായ അൻവർ അവതരിപ്പിച്ചു. വഴിയിൽ കൂടെ പോകുന്ന പൂച്ചകൾക്കൊക്കെ വെറുതേ പുതിയ പേര് കണ്ടുപിടിച്ച് മെനക്കെടേണ്ടതില്ലെന്നും, പൂച്ച സുഹൃത്താകുന്നതുവരെ അതിനെ പൂച്ച-0 എന്ന് വിളിച്ചാൽ മതിയെന്നും അൻവർ ഉപദേശിച്ചു. അത്ര വലിയ അടുപ്പമൊന്നുമില്ലാത്ത പൂച്ചകളെ പൂച്ച-1, പൂച്ച-2 എന്നിങ്ങനെ വിളിച്ചാൽ മതിയെന്നും, താല്പര്യമുണ്ടെങ്കിൽ ഡെസിമൽ സിസ്റ്റം ഒഴിവാക്കി ബൈനറിയിൽ നമ്പറിങ് നടത്താമെന്നുമൊക്കെ പറഞ്ഞുതന്നു.

അങ്ങനെ ഒരു ദിവസം അൻവർ സ്വീഡനിലേക്ക് തിരിച്ചുപോയി. റെസിഡൻസ് പെർമിറ്റ് ഉടനെ ശരിയാവാത്തതിനാൽ ഞാൻ നാട്ടിൽ ബാക്കിയായി. പിങ്കുവിന്റെ പണ്ടത്തെ വാസസ്ഥലമായ മച്ചിൻ പുറത്തേക്ക് തന്നെ ഞാൻ കണ്ണുരുട്ടി തിരിച്ച് പറഞ്ഞയച്ചു. പൂച്ചബിസ്കറ്റ് തീർന്നതോടെ ഇവർ മത്തിത്തലയും, കോഴിവേസ്റ്റും തിന്ന് ജീവിക്കാൻ തുടങ്ങി. എന്നാലും അൻവറിന്റെ പ്രേരണയുടെ പുറത്ത് വല്ലപ്പോഴുമൊക്കെ പൊരിച്ച മീനിന്റെ കഷ്ണവും, പ്ലം കേക്കുമൊക്കെ കൊടുക്കാൻ തുടങ്ങി. 

സ്വീഡനിൽ ചെന്നിട്ട് ഒരു പൂച്ചയെ ദത്തെടുക്കണോ എന്ന ചോദ്യമാണിപ്പോൾ അവശേഷിക്കുന്നത്. ഈ വിഷയത്തിൽ ഇടതുപക്ഷക്കാരിയും വിപ്ലവകാരിയും തമ്മിൽ പ്രഥമദൃഷ്ട്യാ അകൽച്ചയിലാണ്. അന്തർധാര സജീവമാവാതിരുന്നാൽ ഒരു സ്വീഡിഷ് പൂച്ച കൂടി ഞങ്ങളുടെ കയ്യിൽ നിന്നും രക്ഷപെട്ടേനേ!

വാൽക്കഷ്ണം : ഇത് കേട്ടപാടെ വീട്ടുപരിസരത്ത് നിന്നും നിങ്ങൾ ചവിട്ടി പുറത്താക്കിയ പൂച്ചയെ ദത്തെടുക്കൊമോ എന്നും ചോദിച്ച് ഇങ്ങോട്ട് വരരുത്. അവരവരുടെ ചുറ്റുപാടുകളിൽ വളരുന്ന മൃഗങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത അവരവർക്കു തന്നെയാണെന്ന് വിശ്വസിക്കുന്നു. വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞതുപോലെ ഭൂമി എല്ലാവരുടേതുമാണ്. 

 

 

 

 

വെന്റിലേറ്ററിൽ നിന്ന് ജീവിതത്തിലേക്ക്

രമേശിനെ (പേര് സാങ്കല്പികം) ഞാൻ ആദ്യമായി കാണുന്നത് ഓർത്തോപീഡിക്സ് ക്യാഷ്വാലിറ്റിയിൽ വച്ചാണ്. ഞാൻ ഹൗസ് സർജനായി* ഓർത്തോപീഡിക്സ് വിഭാഗത്തിൽ ജോലി ചെയ്യുന്ന കാലം. ദൃക്സാക്ഷിയുടെ മൊഴി പ്രകാരം, റോഡരികിൽ മുറിവേറ്റ് ചോരയൊലിച്ച നിലയിലാണ് രമേശിനെ കണ്ടെത്തിയത്. നേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മറ്റ് രണ്ട് രോഗികളെ ഓപ്പറേഷനു കൊണ്ടുപോകാൻ തയ്യാറാക്കി  നിർത്തിയിരിക്കുന്ന സമയത്താണ് രമേശ് എത്തുന്നത്. സുമാർ രാത്രി 8 മണി സമയമായിട്ടുണ്ടാകും. ക്യാഷ്വാലിറ്റി ഡ്യൂട്ടിയായതുകൊണ്ട് എനിക്ക് 24 മണിക്കൂറും ജോലിയെടുക്കണം. രമേശിനെ കൊണ്ടുവന്നവർക്കൊന്നും അദ്ദേഹത്തിന്റെ പേരറിയില്ല. അവരുടെ നാട്ടിലെ മീൻ മാർക്കറ്റിന്റെ പിന്നിലുള്ള പണിതീരാത്ത കെട്ടിടത്തിൽ താമസക്കാരനായ തമിഴനാണെന്നേ അവർക്കറിയൂ. മെഡിക്കോ ലീഗൽ കേസാണെന്നതിനാൽ, രോഗിയെപ്പറ്റി അറിയാവുന്നത്ര വിവരങ്ങൾ ഓ.പി. ടിക്കറ്റിൽ രേഖപ്പെടുത്തി. പോാക്കറ്റിൽ നിന്ന് കിട്ടിയ ഫോണിൽ തിരഞ്ഞ് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളെയാരെയെങ്കിലും വിളിച്ചു വരുത്താൻ ഉപദേശിച്ചു. വലത്തെ കാലിന്റെ തുടയെല്ലിൽ പൊട്ടുണ്ട്. ഭാഗ്യത്തിന് ഓപ്പൺ ഫ്രാക്ചർ അല്ല. കാലിലും കയ്യിലും പലയിടത്തായി ചെറിയ മുറിവുകളിൽ നിന്നും ചോരയൊലിക്കുന്നുണ്ട്. ഉടനെ പ്ലാസ്റ്റർ ചെയ്യണമെന്നും, എമർജൻസിയായി ഓപ്പറേഷൻ ആവശ്യമില്ലെന്നും, എന്നാൽ അഡ്മിറ്റ് ആവണമെന്നും പി.ജി ഡോക്ടർ രമേശിന്റെ കൂടെ വന്നവരെ പറഞ്ഞു മനസിലാക്കി. തലയ്ക്കും, വയറിനും, സുഷ്മുനയ്ക്കും, നെഞ്ചിൻകൂടിനും കുഴപ്പമൊന്നുമില്ലെന്നത് ഒന്നുകൂടി പി.ജി. ഡോക്ടർ തീർച്ചപ്പെടുത്തി. എക്സ്-റേ എടുത്ത് മറ്റ് എല്ലുകൾക്കൊന്നും പൊട്ടലില്ല എന്ന് തീർച്ചപ്പെടുത്തി.

പ്ലാസ്റ്റർ റൂമിൽ കയറ്റി, പ്ലാസ്റ്റർ ചെയ്ത്, തുന്നേണ്ട മുറിവുകൾ തുന്നിയശേഷം, രമേശിനെ ഒബ്സർവേഷൻ റൂമിൽ കിടത്തി. ‘കിടത്തി’ എന്നൊക്കെ അലങ്കാരത്തിനു പറയുന്നതാണ്. രമേശിന്റെ ട്രോളി, രോഗികളുടെ തിക്കും തിരക്കുമുള്ള ഒബ്സർവേഷൻ റൂമിലേക്ക് തള്ളി വച്ചു എന്ന് പറയുന്നതാകും ശരി. മുറിവ് തുന്നുമ്പോൾ പാതി ബോധമുള്ള അവസ്ഥയിലായിരുന്ന രമേശ് നിർത്താതെ പിച്ചും, പേയും പറയുന്നുണ്ട്. ഇടയ്ക്ക് കയ്യുയർത്തി എന്റെ ശരീരത്തിൽ പിടിക്കാൻ ശ്രമിക്കുന്നുണ്ട്. മദ്യത്തിന്റെയും വിയർപ്പിന്റെയും ദുഷിച്ച ഗന്ധം മൂക്കിലേക്ക് ഇടിച്ചു കയറുന്നുമുണ്ട്. രമേശിനെ അടക്കി നിർത്താനായി, അദ്ദേഹത്തിന്റെ  കൂടെ വന്ന ആളെ പ്ലാസ്റ്റർ റൂമിലേക്ക് കയറ്റി. രണ്ട് മിനിറ്റ് ഉള്ളിൽ നിന്നപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതുകൊണ്ട് അയാളെ പുറത്തേക്ക് തന്നെ പറഞ്ഞയയ്ക്കേണ്ടി വന്നു. കുറച്ചധികം കഷ്ടപ്പെട്ടിട്ടാണെങ്കിലും ഞാൻ ഏൽപ്പിച്ച പണി കൃത്യമായി ചെയ്തു എന്ന് വരുത്തി.

ഓർത്തോപീഡിക്സ് വാർഡിൽ ഒരേസമയം സ്ത്രീകളും പുരുഷന്മാരുമായി ഏതാണ്ട് 60 രോഗികളെങ്കിലും ഉണ്ടാകും. അടുത്ത രണ്ട് ദിവസത്തേക്ക് എനിക്ക് രമേശും അതിലൊരാൾ മാത്രമായിരുന്നു. തമിഴ്നാട്ടിൽ നിന്നും അദ്ദേഹത്തിന്റെ അച്ഛനമ്മമ്മാർ എത്തിയിട്ടുണ്ട് എന്ന് വാർഡിലെ സിസ്റ്റർ പറഞ്ഞിരുന്നു. തമിഴ്നാട് സ്വദേശിയായതുകൊണ്ട് കേരള സർക്കാറിന്റെ ആരോഗ്യ ഇൻഷൂറൻസ് പോലെയുള്ള ആനുകൂല്യങ്ങളൊന്നും രമേശിന് ഇല്ല. രമേശിന്റെ സ്ഥിതി മെച്ചപ്പെട്ടു വരികയായിരുന്നെന്നാണ് ഡോക്ടർമാർ എല്ലാവരും കരുതിയിരുന്നത്. ഫാറ്റ് എംബോളിസം ഉണ്ടാകും വരെ.

എല്ലുകൾക്കുള്ളിൽ മജ്ജയും കൊഴുപ്പുമാണുള്ളത്. എല്ലുകൾക്ക് ക്ഷതം സംഭവിച്ചാൽ, വളരെ അപൂർവ്വമായി ഈ കൊഴുപ്പ് രക്തത്തിൽ പ്രവേശിക്കുകയും, ചെറിയ രക്തക്കുഴലുകളായ ക്യാപ്പില്ലറികളിൽ ബ്ലോക്ക് സൃഷ്ടിക്കുകയും ചെയ്യും. ഈ അവസ്ഥയെയാണ് ഫാറ്റ് എംബോളിസം എന്ന് വിളിക്കുന്നത്. ഇത്തരം ബ്ലോക്കുകൾ ശ്വാസകോശത്തിലാണ് സംഭവിക്കുന്നതെങ്കിൽ ശ്വാസതടസ്സം സംഭവിച്ച് രോഗി ഉടനടി മരണപ്പെടാം. അപൂർവ്വമായി മാത്രമേ എംബോളിസം സംഭവിക്കാറുള്ളെങ്കിലും, ഇത് മൂലമുള്ള മരണനിരക്ക് വളരെ അധികമാണ്. (ഹൗസ് എം.ഡി എന്ന ഇംഗ്ലിഷ് സീരിയലിൽ, ‘ഹെൽപ്പ് മി‘ എന്ന എപ്പിസോഡിൽ ഹന്ന എന്ന രോഗി ഫാറ്റ് എംബോളിസം മൂലം മരണപ്പെടുന്നത് കാണിക്കുന്നുണ്ട്.)

മൂന്നാം ദിവസം രാവിലെ, സഹ-ഹൗസ് സർജന്റെ ഫോൺ വിളി കേട്ടാണ് ഞാൻ ഉണർന്നത്. രമേശ് ശ്വാസം കിട്ടാതെ അത്യാസന്ന നിലയിലായതുകൊണ്ട് വേഗം വരണം എന്ന് പറയാനായിരുന്നു വിളിച്ചിരുന്നത്. ബാഗ്-മാസ്ക് വെന്റിലേഷൻ കൊടുത്തുകൊണ്ടാണ് രമേശിന്റെ ഓക്സിജൻ സാച്ചുറേഷൻ 70-ൽ താഴാതെ നിലനിർത്തിക്കൊണ്ടിരുന്നത്. ബാഗ്, മാസ്ക് എന്നൊക്കെ കേൾക്കുമ്പോൾ ഇത് വലിയ സംഭവമാണെന്നൊന്നും വിചാരിക്കരുത്. താഴെക്കാണുന്ന ചിത്രത്തിൽ ഉള്ള സാധനമാണ് ബാഗ്-ആന്റ്-മാസ്ക്. ഇതിലെ ചുവപ്പ് സാധനം മിനിറ്റിൽ 12 തവണ ഞെക്കിക്കൊടുത്താണ് രോഗിയുടെ രക്തത്തിലെ ഓക്സിജനളവ് കൂട്ടുന്നത്.

ballon_ventilation_1
ബാഗ്-വാല്വ്-മാസ്ക് അഥവാ ആംബു ബാഗ്. കടപ്പാട്: വിക്കിമീഡിയ കോമൺസ്

ഫാറ്റ് എംബോളിസം സ്ഥിതീകരിക്കാനും, മറ്റ് അവയവങ്ങളുടെ പ്രവർത്തനം പഠിക്കാനും വേണ്ടി ഉടനെ തന്നെ ടെസ്റ്റുകൾ നടത്തി. പെട്ടെന്ന്, ഓക്സിജൻ സാച്ചുറേഷൻ താഴ്ന്ന് 35 വരെയൊക്കെ എത്തി. ഉടനടി വെന്റിലേറ്റർ സഹായം കൊടുത്തില്ലെങ്കിൽ രോഗി രക്ഷപെടില്ല. മെഡിസിൻ ക്യാഷ്വാലിറ്റിയിലെ വെന്റിലേറ്ററുകൾ മുഴുവനും ഉപയോഗത്തിലാണ് എന്നതുകൊണ്ട് രോഗിയെ സ്വീകരിക്കാൻ മെഡിസിൻ വിഭാഗം തയ്യാറായില്ല. സർജറി ഡിപ്പാർട്ട്മെന്റിന്റെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചാൽ, രോഗിയെ മെഡിസിനിലെ ഒരു ഡോക്ടർ ദിവസവും വന്ന് നോക്കിക്കോളാം എന്ന ധാരണയുടെ പുറത്ത് ഞങ്ങൾ രമേശിനെ സർജറി വിഭാഗത്തിന്റെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. രമേശിന്റെ ടെസ്റ്റ് റിസൾട്ടുകൾ ഭൂരിഭാഗവും ഫാറ്റ് എംബോളിസമാണെന്ന് രോഗകാരണം എന്ന് തെളിയിക്കും വിധത്തിലുള്ളതായിരുന്നു.

രോഗി സർജറി വിഭാഗത്തിന്റെ വെന്റിലേറ്ററിലായാൽ ഒരു പ്രശ്നമുണ്ട്. രോഗിക്കല്ല, ഹൗസ് സർജനാണ് പ്രശ്നം. 24 മണിക്കൂറും ഒരു ഹൗസ് സർജൻ വെന്റിലേറ്ററിലുള്ള രോഗിയോടൊപ്പം ഉണ്ടാവണം എന്നാണ് അലിഖിത നിയമം. വെന്റിലേറ്റർ വച്ചിരിക്കുന്ന മുറി പ്രത്യേകം ക്യാബിനിനകത്താണെന്നും, ഐ.സി.യു ഡ്യൂട്ടി ചെയ്യുന്ന നേഴ്സിങ് സ്റ്റാഫ് എണ്ണത്തിൽ കുറവായതുകൊണ്ട് അവർക്ക് വെന്റിലേറ്ററിലുള്ള രോഗിയെ മുഴുവൻ സമയവും പരിചരിക്കാനാവില്ല എന്നതാണ് ഈ നിയമമുണ്ടാവാനുള്ള കാരണം. അങ്ങനെ മൂന്ന് ഹൗസ് സർജന്മാരുള്ള ഞങ്ങളുടെ വിഭാഗത്തിൽ, 8 മണിക്കൂർ വീതമുള്ള ഷിഫ്റ്റുകളിലായി വെന്റിലേറ്ററിൽ രമേശിനു കാവലിരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. വാർഡിലും, ഓപ്പറേഷൻ തിയേറ്ററിലും, ക്യാഷ്വാലിറ്റിയിലുമുള്ള (അ)സാധാരണ ജോലിക്ക് പുറമെയാണിത്.

ആദ്യ 8 മണിക്കൂർ ഷിഫ്റ്റ് കഴിഞ്ഞപ്പോൾ തന്നെ കൂടെയുള്ള ഒരു ഹൗസ് സർജൻ ജോലിഭാരം സഹിക്കാനാവാതെ ലീവെടുത്ത് പോയി. ബാക്കിയുള്ളത് ഞങ്ങൾ രണ്ട് പേർ മാത്രം. ഞങ്ങൾ ഒരു ദിവസം 12 മണിക്കൂർ വാർഡിൽ ഡ്യൂട്ടി എടുത്ത ശേഷം, മറ്റേ 12 മണിക്കൂർ വെന്റിലേറ്ററിൽ രമേശിനൊപ്പം ഇരിക്കണം. രമേശിന്റെ അവസ്ഥ ഭേദപ്പെട്ട് വെന്റിലേറ്ററിൽ നിന്ന് ഇറക്കുന്നത് വരേയ്ക്കും ഇതായിരിക്കും ഞങ്ങളുടെ ഷെഡ്യൂൾ. ഇടയ്ക്ക് കുളിക്കാനും, കഴിക്കാനുമൊക്കെ പോകണമെങ്കിൽ ഡ്യൂട്ടി നേഴ്സിനെ രോഗിയെ ഏൽപ്പിച്ച ശേഷം പെട്ടെന്ന് തിരിച്ചുവരണം. ഹോസ്പിറ്റലിനു പുറത്ത് ഒരു ലോകമുണ്ടെന്നതൊക്കെ മറന്ന കാലമായിരുന്നു അത്. രമേശ് വെന്റിലേറ്ററിലായിരുന്ന ആ ഒരാഴ്ചക്കാലം ഞാനും സഹ-ഹൗസ് സർജനും സൂര്യപ്രകാശം കണ്ടിട്ടില്ല. ഡ്യൂട്ടിക്കിടയിൽ പലതവണ ഉറങ്ങിപ്പോകും. ഒരുപാട് നേരം ഉറങ്ങിയാൽ പ്രശ്നമാകുമെന്നതുകൊണ്ട് മൂന്ന് മണിക്കൂർ ഇടവേളയിൽ അലാറം വയ്ക്കും. ഞെട്ടിയെഴുന്നേറ്റ് രമേശിന് കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പിക്കും. വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീഴും.

രമേശിനെ കാണാനായി അദ്ദേഹത്തിന്റെ അമ്മയും, അച്ഛനും, ജ്യേഷ്ഠനും ദിവസം മൂന്ന് വട്ടം ഐ.സി.യുവിലേക്ക് വരുമായിരുന്നു. എനിക്ക് തമിഴും, അവർക്ക് മലയാളവും തീരെ അറിയില്ല. എന്നിട്ടും, രമേശിന്റെ അവസ്ഥ ഗുരുതരമാണ്, കൂടുതൽ ശ്രദ്ധ വേണം എന്നൊക്കെ ഞാൻ അറിയാവുന്ന പോലെ പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു. രമേശിന് ഇന്നെങ്ങനെയുണ്ട് എന്ന് അമ്മ എല്ലാ നേരവും ചോദിക്കും. ഭേദപ്പെട്ട് വരുന്നുണ്ടെന്ന് പറഞ്ഞാൽ കടവുളൈയെ വിളിച്ച് നന്ദി പറയും. മോശപ്പെട്ടു എന്ന് പറഞ്ഞാൽ വാവിട്ട് കരയും. ഐ.സി.യുവിന് മുൻപിൽ പായയിട്ടാണ് മൂന്നുപേരും ഇരിക്കുന്നത്. കിടന്നുറങ്ങുന്നതും അവിടെ തന്നെ. ഞാൻ ഐ.സി.യുവിൽ നിന്ന് പുറത്തിറങ്ങുമ്പോഴും, അകത്ത് കയറുമ്പോഴും ഉടനെ ബഹുമാനത്തോടെ എഴുന്നേറ്റ് നിൽക്കും. ചിലപ്പോൾ എന്തെങ്കിലും ആവശ്യത്തിന് ഇവരെ വിളിച്ചു വരുത്തേണ്ടി വരുമ്പോൾ ആരെയും കാണില്ല. ഇവരെ തേടി നടക്കുന്നത് പ്രായോഗികമല്ലാത്തതുകൊണ്ട് രമേശിന്റെ അച്ഛന്റെ ഫോൺ നമ്പർ വാങ്ങിവച്ചു. ഒന്ന് രണ്ട് പ്രാവശ്യം ഇവരെ കാണാതായപ്പോൾ ഫോണിൽ വിളിച്ചാണ് ഐ.സി.യുവിലേക്ക് വരുത്തിച്ചത്. 

മധുരൈക്കടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് രമേശിന്റെ കുടുംബം താമസിക്കുന്നത്. എല്ലാവരും കൃഷിപ്പണിക്കാരാണ്. ചെറിയ തോതിൽ പച്ചക്കറി കച്ചവടവുമുണ്ട്. തുച്ഛമായ വരുമാനമേ ലഭിക്കുന്നുള്ളൂ. രമേശ് നാട്ടിൽ വരുമ്പോഴൊക്കെ പണം കൊടുക്കാറുണ്ട്. ഇവരെല്ലാവരും അമ്മയുടെ (ജയലളിത) ഭക്തരാണ്. രമേശിന്റെ അപകടവാർത്തയറിഞ്ഞപ്പോൾ കയ്യിലുള്ളതും കടം വാങ്ങിയതുമായ 3000 രൂപയുമായാണ്  കേരളത്തിലേക്ക് വണ്ടികയറിയത്. ഇത്ര കുറവ് പണം കൊണ്ട് എന്താവാൻ? അനുകമ്പ തോന്നിയ മറ്റ് രോഗികൾ കുറച്ചൊക്കെ പണം കൊടുത്ത് സഹായിക്കുന്നുണ്ട്. അടുത്തുള്ള അമ്പലത്തിൽ പോയപ്പോൾ ഒരാൾ 500 രൂപ കൊടുത്ത് സഹായിച്ചു. ദിവസവും കഞ്ഞി സൗജന്യമായി കിട്ടുന്നുണ്ട്.

വെന്റിലേറ്ററിൽ കിടന്ന ഒരാഴ്ച കാലയളവിൽ രമേശിന്റെ തൊണ്ടയിലുള്ള ശ്വാസക്കുഴൽ രണ്ട് തവണ പുറത്തുചാടി. ഒരിക്കൽ ചുമച്ചപ്പോൾ കുഴൽ പുറത്ത് ചാടിയതാണെങ്കിൽ, മറ്റൊരിക്കൽ വിഭ്രാന്തിയിൽ രമേശ് തന്നെ വലിച്ച് പുറത്തിടുകയായിരുന്നു. അന്ന് ഉടനടി ക്യാഷ്വാലിറ്റിയിൽ നിന്നും എമർജൻസി മെഡിസിൻ ഡോക്ടറെ കൊണ്ടുവന്ന് റീ-ഇൻട്യുബേറ്റ് ചെയ്യിക്കുകയായിരുന്നു. രമേശിന്റെ സ്ഥിതി മെച്ചപ്പെട്ടു വന്നപ്പോൾ ഈ ട്യൂബ് മാറ്റാനും, വായിലൂടെ ചെറിയ രീതിയിൽ ദ്രാവക ഭക്ഷണം കൊടുക്കാനും നിർദ്ദേശം കിട്ടി. കുറേ ദിവസങ്ങൾക്കു ശേഷമാണ് ഭക്ഷണം കഴിക്കുന്നതെന്നതുകൊണ്ട് ആദ്യം വളരെ കുറച്ച് മാത്രം ഭക്ഷണം കൊടുത്ത്, ക്രമേണ അളവ് കൂട്ടിക്കൊണ്ട് വരികയാണ് ചെയ്യുക. രമേശിനു കൊടുക്കാനായി ഒരു ഗ്ലാസ് ജ്യൂസ് വാങ്ങിക്കൊണ്ടുവരാൻ സഹ-ഹൗസ് സർജൻ അദ്ദേഹത്തിന്റെ അച്ഛനോട് പറഞ്ഞു. തങ്ങൾ വിദ്യാഭ്യാസമില്ലാത്തവരാണെന്നും, എന്താണ് വാങ്ങേണ്ടതെന്ന് എഴുതി തരണമെന്നുമായി ആ അച്ഛൻ. രാത്രിയാണ് സമയം. എല്ലാ തരം ജ്യൂസും അപ്പോൾ കിട്ടാൻ സാധ്യത ഇല്ലാത്തതുകൊണ്ട് ഏതെങ്കിലും ഒരു ജ്യൂസെങ്കിലും കൊണ്ടുവന്നോട്ടേ എന്ന് വിചാരിച്ച് സഹ-ഹൗസ് സർജൻ ഇങ്ങനെ എഴുതിക്കൊടുത്തു:

Juiceഅല്പസമയം കഴിഞ്ഞ് വന്ന അച്ഛൻ, ഒന്നിനു പകരം നാലു കൂട്ടം ജ്യൂസുമായാണ് തിരിച്ചുവന്നത്! എല്ലാത്തിനും കൂടി 350 രൂപയും കൊടുത്തത്രേ. വാങ്ങിയതിലെ ഏതെങ്കിലും ഒരു ജ്യൂസ് മാത്രം അര ഗ്ലാസ് കൊടുത്താൽ മതിയെന്ന് നിർദ്ദേശിച്ചിട്ട്, സഹ-ഹൗസ് സർജൻ വാർഡിലേക്ക് പോയി. അടുത്ത ഷിഫ്റ്റിൽ ഐ.സി.യുവിലെത്തിയ ഞാൻ ഞെട്ടി. നാലു ഗ്ലാസ് ജ്യൂസ് മുഴുവനും രമേശിനെ കുടിപ്പിച്ചിരിക്കുന്നു! മകൻ വിശക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ രമേശിന്റെ അമ്മ സ്നേഹത്തോടെ നാലു ഗ്ലാസ് ജ്യൂസും കുടിപ്പിച്ചതാണത്രെ. ഇനി എന്തു വേണമെങ്കിലും സംഭവിക്കാം എന്നതുകൊണ്ട് ജാഗരൂകത കൈവെടിയാതെ അന്ന് രാത്രി രമേശിനു കൂട്ടിരുന്നു. എങ്കിലും പേടിച്ചതൊന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല, പിറ്റേ ദിവസം മുതൽ രമേശ് കഞ്ഞി കുടിക്കാനും തുടങ്ങി. സുഖമായതിനു ശേഷം രമേശിനെ വാർഡിലേക്ക് മാറ്റി.

പിന്നീടൊരിക്കൽ ഹോസ്പിറ്റലിൽ വച്ച് തന്നെ രമേശിനെയും അച്ഛനെയും കണ്ടു. ആദ്യം എനിക്ക് മനസിലായില്ലെങ്കിലും പറഞ്ഞു വന്നപ്പോൾ ആളെ പിടി കിട്ടി. ഫോളോ അപ്പ് വിസിറ്റിനു വന്നതായിരുന്നു അവർ. നല്ല പുരോഗതിയുണ്ടെന്നു പറഞ്ഞു.

ഇപ്പോൾ ഇത് എഴുതാൻ കാരണം, രമേശിന്റെ അച്ഛൻ കഴിഞ്ഞ ദിവസം എന്നെ ഫോണിൽ വിളിച്ചു. അറിയാവുന്ന കുറച്ച് തമിഴ് വച്ച്, രമേശിന്റെ ജ്യേഷ്ഠന്റെ കല്യാണത്തിന് എന്നെ ക്ഷണിക്കാനാണ് വിളിച്ചത് എന്ന് ഞാൻ മനസിലാക്കി. മംഗളങ്ങൾ ആശംസിച്ചു.

(2015 നവംബർ മാസം എഴുതിയ അനുഭവക്കുറിപ്പ്)

*പഠനത്തിന്റെ ഭാഗമായി ഒരു വർഷം സീനിയർ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിത്സ നടത്തുന്ന  ജൂനിയർ ഡോക്ടർ

 

ഹലോ, വാഷിങ്ടൺ!

“താനിപ്പോൾ എവിടാ?,” ഫേസ്ബുക്കിൽ പിങ് ചെയ്ത അത്ര പരിചയമൊന്നുമില്ലാത്ത ഒരു സുഹൃത്തിന്റേതാണ് ചോദ്യം.

“ഞാൻ..ഞാൻ കഴിഞ്ഞ ആഴ്ച ഇന്ത്യയിലുണ്ടാർന്നു,” സത്യസന്ധമായി ഞാൻ ഉത്തരം പറഞ്ഞു.

“ഇന്ത്യയോ..അതുശരി. ഇപ്പോൾ അങ്ങ് അമേരിക്കയിലായിരിക്കുമല്യോ?”

അതെ എന്നായിരുന്നു എന്റെ ഉത്തരം. കാരണം ഞാനപ്പോൾ ശരിക്കും അമേരിക്കയിലായിരുന്നു. കൃത്യമായി പറഞ്ഞാൽ വാഷിങ്ടൺ ഡി.സിയിലെ ഡ്യുപോണ്ട് സർക്കിളിൽ. കഴിക്കാൻ വല്ലതും കിട്ടുമോ എന്ന് അന്വേഷിച്ചിറങ്ങിയപ്പോഴാണ് ഈ പരിചയക്കുറവുള്ള സുഹൃത്ത് ഫേസ്ബുക്കിൽ മെസേജിടുന്നത്. (അപ്പപ്പോൾ മറുപടി പറഞ്ഞിരുന്ന ആ കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ സൗകര്യമുള്ളപ്പോൾ മാത്രമേ മെസേജുകൾക്ക് റിപ്ലൈ കൊടുക്കാറുള്ളൂ)

വാഷിങ്ടണിൽ ഞാനെത്തിയത് സ്വതന്ത്രവിജ്ഞാന സംരംഭങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ കോൺഫറൻസായ അഡാ ക്യാമ്പിൽ പങ്കെടുക്കാനാണ്. അന്ന് ഇന്നത്തെപ്പോലെ ഒരുപാട് യാത്രചെയ്തുള്ള പരിചയമൊന്നുമില്ല. കൂടയുള്ളത് വിക്കിമാനിയയിൽ പങ്കെടുക്കാൻ വന്ന വിശ്വേട്ടനും. വിശ്വേട്ടൻ എന്നത്തെയും പോലെ നല്ല ഫോമിലായിരുന്നു. ‘അമേരിക്ക വലിയ സംഭവമാണ്, ഇമ്മിഗ്രേറ്റ് ചെയ്യാൻ പറ്റിയ കണ്ട്രി ആണ്, എനിക്ക് തിരിച്ചു പോകാനേ തോന്നില്ല’ എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നു. കോൺഫറൻസ് വിസയുമായി വന്ന ഞങ്ങളുടെ ഈ പറച്ചിൽ കസ്റ്റംസ് ഓഫീസർ കേട്ടിരുന്നെങ്കിൽ ഞങ്ങളെ രണ്ടിനേം അടുത്ത വണ്ടിക്ക് നാട്ടിലേക്ക് കേറ്റിവിട്ടേനെ. വർഷം 2012 ആണ്. ഡിങ്കന്റെ മഹത്വം ബോധ്യപ്പെട്ടിട്ടില്ലാതിരുന്ന കാലമായതുകൊണ്ട് ബാക്കിയുള്ള എല്ലാ ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിച്ചു. അവസാനം, പ്രാർത്ഥനയ്ക്ക് ഫലമുണ്ടായി. ക്വ്യൂവിൽ പിന്നിലായിരുന്നത് കൊണ്ട് വിശ്വേട്ടൻ എന്റെയൊപ്പം എത്തിയില്ല. ചില്ലുകൂട്ടിലിരിക്കുന്ന മദാമ്മച്ചേച്ചി ‘നാട്ടിൽ നിന്നും കുറ്റിയും പറിച്ച് അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ വേണ്ടി വന്നതാണോ ബ്ലഡി ഫൂൾ’ എന്ന് ചോദിച്ചതുമില്ല. ആറു മാസത്തെ സ്റ്റേയും, സീലും പതിച്ചു തന്ന് അപ്രത്തേക്ക് കടത്തിവിട്ടു.

വെൽക്കം റ്റു അമേരിക്ക. നൈസ് റ്റു മീറ്റ് ജ്യോതിസേട്ടൻ (ജ്യോതിസ്+ഏട്ടൻ).

അറൈവൽ ഹാളിൽ ജ്യോതിസേട്ടനുണ്ട്. വിക്കിമീഡിയയിൽ സ്റ്റെവാർഡും, മലയാളം വിക്കിപീഡിയയിൽ അഡ്മിനുമാണ് ജ്യോതിസേട്ടൻ. ആദ്യമായാണ് പുള്ളിയെ കാണാൻ പോകുന്നത്. ഐപാഡിൽ വിക്കിപീഡിയയുടെ ഗ്ലോബ് എംബ്ലം കാണിച്ചാണ് ജ്യോതിസേട്ടൻ ഇര പിടിക്കുന്നത്. ഞാൻ വന്ന് നോക്കിയപ്പോഴേക്കും എംബ്ലം കണ്ട വേറെയും കുറേ വിക്കിപീഡിയക്കാര് ജ്യോതിസേട്ടന്റെ കൂടെ കൂടിയിട്ടുണ്ട്. വിശ്വേട്ടൻ എന്ന സ്പെഷ്യൽ ഗസ്റ്റിനെ കൊണ്ടുപോകാൻ വേണ്ടി പുള്ളിയുടെ ഒരു പഴയകാല സുഹൃത്ത് ലോറിയും വിളിച്ച് എത്തിയിട്ടുണ്ട്. വിക്കിപീഡിയക്കാരെയൊക്കെ ലോറിയിലേക്ക് കയറ്റി വിട്ട്, എഡാ ക്യാമ്പർ ആയ ഞാനും, അമേരിക്കക്കാരനായ ജ്യോതിസേട്ടനും, ഇറാൻകാരനും ഇസ്ലാമിക തീവ്രവാദിയുമല്ലാത്ത ഷഹീദിനെ കാത്ത് ഇരിപ്പായി (സ്വദേശം ഇറാനാണെങ്കിൽ, താൻ തീവ്രവാദിയല്ല എന്ന് തെളിയിക്കേണ്ട burden of proof  ഇറാൻകാരനു തന്നെയാണ്. ഇത്തവണത്തേക്ക് മാത്രം ആ ബർഡൻ ഞാൻ ഏറ്റെടുക്കുന്നു).

അര മണിക്കൂറിനകം ഷഹീദ് സ്റ്റൈലായിട്ട് വന്നു. ജ്യോതിസേട്ടൻ ഞങ്ങളെ രണ്ടാളെയും അവരവരുടെ ഹോട്ടലുകളിലേക്ക് കൊണ്ടുവിട്ടു. വണ്ടിയിലിരുന്ന സമയം മുഴുവനും ഷഹീദ് ഇറാനെയും അവിടത്തെ കരിനിയമങ്ങളെയും തെറിവിളിച്ചുകൊണ്ടിരുന്നു. കുറച്ചൊക്കെ മയത്തിൽ ആകാമെന്നും, ഇറാൻ കുറച്ചൊക്കെ മോശപ്പെട്ട രാജ്യമാണെങ്കിലും, ഇത്രയ്ക്കങ്ങട് മോശമല്ല എന്ന് ഇറാനെപ്പറ്റി ഒരു ചുക്കും അറിയാത്ത ഞാനും ജ്യോതിസേട്ടനും പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ ഇറാനിൽ വളരെ ഭംഗിയുള്ള സ്ഥലങ്ങളുണ്ടെന്നും, അവിടത്തെ ആളുകളൊക്കെ സുന്ദരന്മാരുമാണെന്ന് ഷഹീദ് പറഞ്ഞപ്പോൾ, ഞങ്ങൾ മലയാളികളുടെ ദേശസ്നേഹം ഉണർന്നു. ‘കേരളത്തിനു മുന്നിലൊക്കെ ഇറാൻ മുട്ടുകുത്തി നിൽക്കുമെടോ തീവ്രവാദീ’ എന്നൊക്കെ പറയാനാണ് തോന്നിയതെങ്കിലും വളരെ തന്ത്രപൂർവ്വം ഭാഷയ്ക്കൊരു മയം വരുത്തി കേരളവും ഭംഗിയുള്ള സ്ഥലമാണെന്നൊക്കെ പറഞ്ഞു നോക്കി.

കൊച്ചു കുട്ടിയായ എനിക്ക് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യാൻ അറിയില്ല എന്ന് അനുമാനിച്ച ജ്യോതിസേട്ടൻ, എന്നെയും കൂട്ടി ഹോട്ടലിലെത്തി. അപ്പോഴാണ് എനിക്ക് വേണ്ടി ഗൂഗിൾ റൂം ബുക്ക് ചെയ്ത ക്രെഡിറ്റ് കാർഡ് എക്സ്പയർ ആയതാണ് എന്ന നഗ്ന സത്യം റിസപ്ഷനിസ്റ്റ് പറയുന്നത്. ജ്യോതിസേട്ടൻ അപ്പോൾ തന്നെ സ്വന്തം ക്രെഡിറ്റ് കാർഡ് എടുത്ത് കൊടുത്തു. ഗൂഗിളിന്റെ ട്രാവൽ ഏജൻസിയിലേക്ക് വിളിച്ച് ഞാനും സംസാരിച്ചു. അപ്പോൾ തന്നെ ഏജൻസി ഇടപെട്ട് കാർഡ് പ്രശ്നം പരിഹരിച്ചു.

100_5665.JPG
ഞാൻ താമസിച്ച ഹോട്ടൽ

അങ്ങനെ ഹോട്ടലിലെത്തി. മുറിയുടെ ലുക്ക് കണ്ട് ഞെട്ടി. ഒരു മിനി ലൈബ്രറി വരെ ഒരുക്കിയിരിക്കുന്നത് കണ്ട് കണ്ണ് നിറഞ്ഞുപോയി. ചുവരിൽ ധാരാളം പെയിന്റിങ്ങുകളുമുണ്ട്. നുള്ളി നോക്കിയപ്പോൾ വേദനയുണ്ട്. ഭാഗ്യം. സ്വപ്നമല്ല. പിന്നീട് മനസിലാക്കിയത് 1835-ലാണ് ഈ ഹോട്ടൽ പണികഴിപ്പിച്ചതെന്നാണ്. അന്നുള്ള പോലെത്തന്നെ മുറികളുടെ അകത്തളം നിലനിർത്തിയിട്ടുണ്ടെന്നാണ് ഹോട്ടലുകാരുടെ അവകാശവാദം.  ഹോട്ടലിനു ചുറ്റും 1800-കളിൽ പണികഴിപ്പിച്ച സ്വകാര്യ വസതികളുമുണ്ട്. ആദ്യം പണികഴിപ്പിച്ചത് 1800-കളിൽ ആണെങ്കിലും കാലാനുസൃതമായ മാറ്റങ്ങൾ എന്തായാലും വരുത്തിക്കാണണം. ഇവിടന്ന് വൈറ്റ് ഹൗസിലേക്ക് നടക്കാനുള്ള ദൂരമേ ഉള്ളൂ. എന്നു വച്ച് നേരെ നടന്നങ്ങ് കയറിയാൽ പിന്നെ പുറം ലോകം കാണേണ്ടിവരില്ല എന്നായിരുന്നു ധാരണ. അതുകൊണ്ടു തന്നെ അങ്ങട് പോയതുമില്ല. പിന്നീട്, കൂടെയുള്ള ചിലരൊക്കെ വൈറ്റ് ഹൗസിനു മുന്നിൽ നിന്ന് ചിത്രമെടുത്ത് ഫേസ്ബുക്കിലിട്ടപ്പോഴാണ് നഷ്ടബോധം വന്നത്.

100_5643.JPG
ഹോട്ടൽ റൂമിന്റെ അകത്തളം. (കണ്ണ് നിറയുന്നുണ്ടോ?)

രാവിലത്തെ ഭക്ഷണം ഹോട്ടലിൽ തന്നെയുള്ള റെസ്റ്ററെണ്ടിലായിരുന്നു. ഭക്ഷണം ഫ്രീ ആണെങ്കിലും 0.00 ഡോളറിന്റെ ബില്ല് അടിച്ചു കിട്ടും. നമ്മൾ ടിപ്പ് കൊടുക്കാതെ പോകാതിരിക്കാനുള്ള ടെക്നിക് ആണിത്. ഒരു ഡോളർ ടിപ്പും വച്ച് എഡാ ക്യാമ്പ് നടക്കുന്ന വാഷിങ്ടൺ പോസ്റ്റിന്റെ ഓഫീസിലേക്ക് വച്ചടിച്ചു. അവിടെ വച്ച് സംഭവിച്ചതെല്ലാം ദേ ഇവിടെ ഉണ്ട്.

അങ്ങനെ എഡാ ക്യാമ്പിനു ശേഷം വാഷിങ്ടണിൽ തെണ്ടിത്തിരിയാൻ ആകെ കിട്ടിയത് ഒരു ദിവസമാണ്. വിശ്വേട്ടനടക്കമുള്ള മലയാളി പുലികളൊക്കെ വിക്കിമാനിയക്ക് പോയതുകൊണ്ട് ഒറ്റയ്ക്ക് പോകൽ മാത്രമേ നിവൃത്തിയുള്ളൂ. ഹോട്ടലിൽ നിന്നും ഒരു മാപ്പും (map) സംഘടിപ്പിച്ച് ടാസ്കി വിളിച്ച് നേരെ ലിങ്കൺ മെമ്മോറിയലിലേക്ക് വച്ചടിച്ചു. അവിടെ എത്തിയപ്പോൾ എനിക്ക് പെരുത്ത് സന്തോഷമായി. കാരണമെന്തെന്നോ? മാപ്പിൽ കാണിക്കുന്ന പോലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളൊക്കെ രണ്ട് മൈൽ ചുറ്റളവിൽ ആണുള്ളത്. വൈകുന്നേരത്തിനുള്ളിൽ എല്ലായിടത്തും കയറിയിറങ്ങി തീർക്കുകയെങ്കിലും വേണമെന്ന് ഉറപ്പിച്ചു. ലീവ് കിട്ടിയ ഹൗസ് സർജനെപ്പോലെ ഞാൻ തുള്ളിച്ചാടി.

100_5749.JPG
ലിങ്കണും ഞാനും. ഇങ്ങേർ ഇത്ര വലിയ സംഭവമാണെന്ന് നേരിട്ട് കണ്ടപ്പോഴാണ് മനസിലായത്.

തൊട്ടടുത്ത് തന്നെ ജഫേഴ്സൺ മെമ്മോറിയലും, യുദ്ധ സ്മാരകങ്ങളും, വാഷിങ്ടൺ സ്തൂപവുമൊക്കെ ഉണ്ട്. എല്ലായിടത്തും ഓടിക്കേറി എന്ന് വരുത്തി. തുരുതുരാ ചിത്രങ്ങളുമെടുത്തു.

എല്ലാം കഴിഞ്ഞപ്പോഴേക്കും ഉച്ചയായി. വഴിയിലുള്ള ഫുഡ് ട്രക്കിൽ നിന്നും ഹോട്ട് ഡോഗ് വാങ്ങി കഴിച്ചു. അടുത്തുള്ള ഗിഫ്റ്റ് ഷോപ്പിൽ നിന്ന് കുറച്ച് ഷോപ്പിങ്ങും ചെയ്തു. പിന്നീട് പോയത് സ്മിത്സോണിയൻ ന്യാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലേക്കാണ്. നാലാൾ പൊക്കമുണ്ട് ഇവിടുത്തെ വൂളി മാമ്മത്തിന്റെ പ്രതിമയ്ക്ക്. ഗലാക്കാ മരതകവും, ഹോപ്പ് ഡയമണ്ടും ഇവിടെയാണുള്ളത്. മ്യൂസിയം കാണാൻ വന്നവരിൽ അധികവും സ്കൂൾ വിദ്യാർത്ഥികളും അവരുടെ ടീച്ചർമാരുമാണ്. ഓരോ എക്സിബിറ്റും കാണിച്ച് കൊടുത്ത് വിശദമായി തന്നെ പറഞ്ഞു കൊടുക്കുന്ന ടീച്ചർമാർ. വർത്തമാനം പറഞ്ഞതിന് തല്ലു വാങ്ങിയിരുന്ന സ്വന്തം കുട്ടിക്കാലം ഓർത്തുപോയി. മ്യൂസിയത്തിൽ ഗവേഷണത്തിനുള്ള സൗകര്യവുമുണ്ട്.

അതിനുശേഷം എയർ ആന്റ് സ്പേസ് മ്യൂസിയത്തിലും, അമേരിക്കൻ ഹിസ്റ്ററി മ്യൂസിയത്തിലും കയറി എന്ന് വരുത്തി. അഞ്ച് മണിക്ക് ഫോട്ടോഷൂട്ട് ഉണ്ടായിരുന്നതുകൊണ്ട് വേഗം വഴിയിൽ കണ്ട ടാക്സി പിടിച്ച് വിക്കിമാനിയ നടക്കുന്ന മാർവിൻ സെന്ററിലെത്തി. അവിടെ ഫോട്ടോ എടുക്കാനുള്ള എല്ലാ സന്നാഹങ്ങളുമായി ആഡം നോവക്ക് കാത്തിരിക്കുന്നുണ്ടായിരുന്നു. ഫോട്ടോ എടുക്കുമ്പോൾ എന്നെ ചിരിപ്പിക്കാൻ വേണ്ടി ജ്യോതിസേട്ടനെയും ഏർപ്പാടാക്കി.

640px-Netha_Hussain-925
ആഡം നോവക്ക് എടുത്ത പടം. സി.സി-ബൈ-എസ്.എ. വിക്കിമീഡിയ കോമൺസ്.

അങ്ങനെ, നാട്ടിലേക്ക് തിരിച്ചു പോകാൻ സമയമായി. ഷൂട്ട് ഒക്കെ കഴിഞ്ഞ് സമയം കുറേ ആയതുകൊണ്ട് ജ്യോതിസേട്ടൻ സ്പീഡിൽ വണ്ടി വിട്ടു. ഭാഗ്യത്തിന് ഫ്ലൈറ്റ് പോകുന്നതിനു ഒന്നര മണിക്കൂർ മുൻപ് തന്നെ എയർപോർട്ടിൽ എത്താൻ പറ്റി. ഖത്തർ എയർവേസിന്റെ ഫ്ലൈറ്റിലുള്ള അമേരിക്കൻ യാത്രയെപ്പറ്റി ഇവിടെ എഴുതിയിട്ടുണ്ട്. വാഷിങ്ടൺ മുഴുവനായി കാണണമെങ്കിൽ ദിവസങ്ങളോ, മാസങ്ങൾ തന്നെയോ വേണ്ടി വന്നേക്കാം. കുറച്ച് കാശൊക്കെ ഉണ്ടാക്കിയ ശേഷം ഭർത്താവിനേം കൂട്ടി ഒന്നുകൂടി പോകണം എന്ന് ആഗ്രഹമുണ്ട്. നടക്കുമോന്നറിയില്ല.

 

മഞ്ഞുമലകൾ മാടിവിളിക്കുമ്പോൾ

ടെഡ് എന്ന് ചുരുക്കപ്പേരുള്ള ടെക്നോളജി, എന്റർടെയിന്മെന്റ്, ഡിസൈൻ എന്ന സംഘടനയാണ് എന്നെ കാനഡയിലെ വിസ്ലറിൽ നടക്കുന്ന ടെഡ്-ആക്ടീവ് സമ്മിറ്റിലേക്ക് ക്ഷണിച്ചത്. ആതിഥ്യ മര്യാദയുടെ കാര്യത്തിൽ കാനഡ മുൻപന്തിയിലാണെന്ന് പണ്ടേ കേട്ടറിവുണ്ടായിരുന്നു. ഇത് ശരിവയ്ക്കാനെന്നപോലെ, കനേഡിയൻ എംബസ്സി എനിക്ക്  ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ബിസിനസ് വിസ അനുവദിച്ചു തന്നു. ഈ വിസ ഉപയോഗിച്ച് ആറു വർഷത്തിനുള്ളിൽ എത്ര പ്രാവശ്യം വേണമെങ്കിലും കാനഡ സന്ദർശിക്കാനാവും.

യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ തന്നെ കോൺഫറൻസ് സംഘാടകർ, കട്ടിയുള്ള ജാക്കറ്റും, വിസ്താരമുള്ള കുടയും, കയ്യുറകളും, മഞ്ഞിനിണങ്ങുന്ന ഷൂസും കരുതണമെന്ന് അറിയിച്ചിരുന്നു. ഈ നിർദ്ദേശങ്ങൾ കേട്ടതുകൊണ്ടാണോ എന്നറിയില്ല, കാനഡയെക്കുറിച്ചുള്ള എന്റെ സങ്കല്പങ്ങളിൽ മഞ്ഞ് പുതച്ച മലകളും, വിജനമായ തടാകതീരങ്ങളും, ഇടതൂർന്നു നിൽക്കുന്ന മരങ്ങളും മാത്രമായിരുന്നു.

16870583641_86ecc75408_z
വിസ്ലറിലേക്ക് സ്വാഗതം! കടപ്പാട്: ടെഡ് കോൺഫറൻസസ്. സി.സി-ബൈ-എൻ.സി. ഫ്ലിക്കർ.

ടെഡ് കോൺഫറൻസിൽ മലയാളത്തെ പ്രതിനിധീകരിച്ചാണ് ഞാൻ പങ്കെടുത്തത്. ടെഡ് പുറത്തിറക്കുന്ന പ്രഭാഷണങ്ങൾ മലയാളത്തിലേക്കു തർജ്ജമ ചെയ്യുന്നതിനു മേൽനോട്ടം വഹിക്കുക, വിക്കിമീഡിയയും ടെഡും തമ്മിലുള്ള സഹപ്രവർത്തനം സാധ്യമാക്കുക എന്നിവയായിരുന്നു എന്റെ ജോലി. സന്നദ്ധ സേവനമായി ഈ ജോലിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നതിനാലാണ് കാനഡയിലെ വിസ്ലറിൽ നടക്കുന്ന ഈ സമ്മേളനത്തിന് എന്നെ ക്ഷണിച്ചത്.

വിസ്ലറിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം വാൻകൂവറിലാണ്. ഇവിടെ വിമാനമിറങ്ങിയതിനു ശേഷം മൂന്ന് മണിക്കൂറോളം റോഡ് മാർഗ്ഗം സഞ്ചരിച്ചാലേ വിസ്ലറിലെത്താനാകൂ. പാക്കിസ്താൻ സ്വദേശി ഉമറും, ദുബായ് സ്വദേശി സനായുമായിരുന്നു എന്റെ സഹയാത്രികർ. ഉർദുവിന് ഹിന്ദിയോടുള്ള സമാനതകളെക്കുറിച്ചും, ഇന്റിക് ഭാഷകൾ ഡിജിറ്റൽ യുഗത്തിൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഞങ്ങൾ ഏറെനേരം സംസാരിച്ചു. വഴിയരികിൽ കണ്ട തടാകങ്ങളുടെയും, കാടിന്റെയും ഭംഗി ആസ്വദിച്ചുകൊണ്ടായിരുന്നു ഞങ്ങളുടെ കാർയാത്ര.

വിസ്ലറിൽ വർഷത്തിന്റെ ഏറിയഭാഗവും 10 ഡിഗ്രിയിൽ താഴെയാണ് താപനില. കമ്പിളി വസ്ത്രങ്ങൾ കരുതണമെന്ന് സംഘാടകർ പറഞ്ഞതിന്റെ സാംഗത്യം കാറിൽ നിന്നിറങ്ങിയപ്പോൾ മനസിലായി. എല്ലു കോച്ചുന്ന തണുപ്പ്. ഇടയ്ക്കിടെ തണുത്ത കാറ്റും വീശുന്നുണ്ട്. ബ്ലാക്ക് കൂംബ് എന്ന മലനിരകളുടെ താഴ്വാരത്താണ് ഞങ്ങൾക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്ന ഹിൽട്ടൺ ഹോട്ടൽ. 

പിറ്റേ ദിവസം പ്രഭാതഭക്ഷണത്തിനായി പുറത്തിറങ്ങിയപ്പോൾ കണ്ടത് ഒരുപറ്റം കുട്ടികൾ ബ്ലാക്ക്കൂംബ് മലനിരകൾക്ക് താഴെ വരി നിൽക്കുന്നതാണ്. കുറഞ്ഞത് 200 കുട്ടികളെങ്കിലും സ്കേറ്റിങ് ബോർഡോ, സ്കീയിങ് ഷൂസോ കയ്യിലേന്തി വരിയിലുണ്ട്. ഇവരെല്ലാം സ്കീയിങോ, സ്കേറ്റിങോ പഠിക്കാനായി കാനഡയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും വിസ്ലറിലേക്ക് എത്തിച്ചേർന്നതാണെന്ന് പിന്നീട് അറിയാൻ കഴിഞ്ഞു. മഞ്ഞുകാല പർവ്വത വിനോദങ്ങൾ പഠിപ്പിക്കുന്ന ഒട്ടേറെ അക്കാദമികളും വിസ്ലറിൽ പ്രവർത്തിക്കുന്നുണ്ട്. വളരെച്ചെറിയ ഗ്രാമമാണെങ്കിലും വിസ്ലർ ജനനിബിഡമാകുന്നത് വാരാന്ത്യങ്ങളിൽ സ്കീയിങ് സ്കൂളുകൾ തുറന്നു പ്രവർത്തിക്കുമ്പോഴാണ്.

DSC_0090
പ്രഭാതത്തിൽ വിസ്ലറിലെ തിരക്ക്

കോൺഫറൻസിന്റെ ആദ്യ ദിവസം ഭാഷാസമ്മേളനമായിരുന്നു. ടെഡിന്റെ സഹസംരംഭമായ ‘ഓപ്പൺ ട്രാൻസ്ലേഷൻ പ്രൊജക്ടിനെക്കുറിച്ചായിരുന്നു ചർച്ച. തർജ്ജമ ദുഷ്കരമായ വാക്കുകൾ, ഭാഷാ ടൈപ്പിങ് നേരിടുന്ന വെല്ലുവിളികൾ, ഭാഷാ സമൂഹവും സന്നദ്ധസേവക പ്രാതിനിധ്യവും എന്നിങ്ങനെ നാനാവിധ വിഷയങ്ങളിൽ ചർച്ചകൾ അരങ്ങേറി. പരിപാടി സമാപിച്ചത് തീക്കൂനയ്ക്ക് ചുറ്റുമിരുന്നുള്ള വിരുന്നു സൽക്കാരത്തോടെയാണ്.

വിസ്ലറിൽ വരുന്നവർ ബ്ലാക്ക്കൂംബ് പർവ്വതം കയറാതെ തിരിച്ചു പോകാറില്ല. ഗോണ്ടൊല എന്ന റോപ്പ്-വേ കാറുകളിലാണ് മല കയറുക. ലോകത്തിലെ ഏറ്റവും നീളമേറിയ താങ്ങുകാലുകളില്ലാത്ത റോപ്പ്-വേ കാറുകൾ എന്ന ഖ്യാതി ബ്ലാക്ക്കൂംബിലെ ഗോണ്ടൊലകൾക്ക് സ്വന്തം. കാറുകൾക്കകത്ത് നല്ല തണുപ്പായിരുന്നതുകൊണ്ട് പുതയ്ക്കാൻ കമ്പിളിപ്പുതപ്പും, കുടിക്കാൻ ചൂടു കാപ്പിയും കിട്ടും. സഞ്ചാരികൾക്കിടയിൽ ഡോക്ടർമാർ ഉണ്ടെങ്കിൽ സെൽഫ്-ഐഡന്റിഫൈ ചെയ്യുന്നത് അധികൃതർ പ്രോത്സാഹിപ്പിക്കുന്നു. മറ്റ് യാത്രക്കാർക്ക് ഗോണ്ടൊലയിൽ വച്ചോ, മലമുകളിലെത്തിയശേഷമോ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയാണെങ്കിൽ സഹായത്തിനെത്താനാണിത്. കൊടും തണുപ്പുകൊണ്ട് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ചികിത്സിച്ച് ഒരു പരിചയവുമില്ലായിരുന്നിട്ടും തന്നാലാവുന്നത് ചെയ്യാമെന്ന ശുഭാപ്തിവിശ്വാസത്തോടെ ഞാനും ഡോക്ടറാണെന്നും, സേവനസന്നദ്ധയാണെന്നും പ്രഖ്യാപിച്ചു. ഭാഗ്യം കൊണ്ട് അന്നേ ദിവസം ആർക്കും ചികിത്സയൊന്നും വേണ്ടി വന്നില്ല.

ബ്ലാക് കൂംബിലേക്കുള്ള ഗോണ്ടൊല യാത്ര. (1) ഗോണ്ടൊല (2) ഗോണ്ടൊലയ്ക്കകത്തിരുന്ന് കാപ്പി കുടിക്കുന്ന സഹയാത്രികർ (3) ഗോണ്ടൊലയിൽ കയറാൻ ആളുകൾ ക്യൂ നിൽക്കുന്നു. എല്ലാം സി.സി-ബൈ-എൻ.സി, ടെഡ് കോൺഫറൻസ്, ഫ്ലിക്കർ.

16845716426_ceb5caaba3_z
ബ്ലാക്ക്കൂംബിനു മുകളിൽ. സി.സി-ബൈ-എൻ.സി 2.0. ടെഡ് കോൺഫറൻസ്. ഫ്ലിക്കർ.

റോപ്പ്-വേ കാറുകളിൽ നിന്ന് താഴോട്ട് നോക്കുമ്പോൾ മഞ്ഞു പുതച്ച് നിൽക്കുന്ന കോൺമരങ്ങൾ കാണാം. ഇവിടങ്ങളിൽ തവിട്ടുകരടികൾ ഉണ്ടെന്ന് ഗൈഡ് പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ ഞങ്ങൾക്ക് തവിട്ടു കരടികളെ പ്രകോപിപ്പിക്കാതിരിക്കാനുള്ള മുൻകരുതലുകൾ പറഞ്ഞു തന്നിരുന്നു. പക്ഷെ, ഒരാഴ്ചത്തെ സന്ദർശനത്തിനിടയ്ക്ക് എനിക്ക് ഒരു കരടിയെപ്പോലും കാണാൻ സാധിച്ചിരുന്നില്ല.

ബ്ലാക്ക്കൂംബ് മല കയറുന്നത് ഗോണ്ടൊലയിലാണെങ്കിൽ ഇറങ്ങുന്നത് സ്കീയിങ് ചെയ്തിട്ടാണ്. സ്കീയിങ്ങിനുള്ള മിനുസമുള്ള പ്രതലമുണ്ടാക്കുന്നതിനു വേണ്ടി, രാത്രിസമയങ്ങളിൽ മഞ്ഞുനീക്കിയന്ത്രങ്ങൾ ബ്ലാക്ക്കൂംബിൽ പ്രവർത്തിക്കുന്നു. സ്കീയിങ് പരിചയമില്ലാത്തവർക്ക് ഗോണ്ടൊലയിൽ തന്നെ മലയിറങ്ങാം.

ഒരു ദിവസം അത്താഴസൽക്കാരം നടന്നത് മലമുകളിലെ റെസ്റ്റൊറണ്ടിലാണ്. ഭക്ഷണശാലയ്ക്കകത്തിരിക്കാൻ സൗകര്യമുണ്ടായിരുന്നെങ്കിലും, പുറത്ത് പ്രത്യേകം തയ്യാറാക്കിയ ഊണ്മേശയ്ക്ക് ചുറ്റുമിരുന്നാണ് ഞാനും സുഹൃത്തുക്കളും ഭക്ഷണം കഴിച്ചത്. മഞ്ഞുവീഴ്ച ഉണ്ടായാൽ അകത്തേക്ക പോകണമെന്ന് നിർദ്ദേശം കിട്ടിയിരുന്നു. ഭക്ഷണശേഷം ഞങ്ങൾ മഞ്ഞുമനുഷ്യനെ നിർമ്മിച്ചു. വിസ്ലർ കാണാനെത്തുന്ന സഞ്ചാരികൾ മഞ്ഞു മനുഷ്യനെ ഉണ്ടാക്കാതെ മടങ്ങുന്നത് അപൂർവ്വമാണത്രെ. ഞങ്ങളെപ്പോലെ മറ്റ് പലരും സംഘങ്ങളായി മഞ്ഞുമനുഷ്യനെ ഉണ്ടാക്കുന്നുണ്ടായിരുന്നു.

ആദ്യമായി മഞ്ഞുവീഴ്ച കണ്ടത് ഒരു വൈകുന്നേരത്തിലായിരുന്നു. കോൺഫറൻസിൽ ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കെ ജനാലയിലൂടെ തൂവലു കണക്കെ മഞ്ഞ് വീണുകൊണ്ടിരിക്കുന്നത് ഞാൻ കണ്ടു. തായ്വാനിൽ നിന്നുള്ള സുഹൃത്ത് മേസിയ്ക്കും ഇത് ആദ്യത്തെ മഞ്ഞുവീഴ്ച അനുഭവമായിരുന്നു. ഞങ്ങൾ രണ്ടുപേരും പുറത്തിറങ്ങി, മഞ്ഞുപെയ്യുന്നത് ആസ്വദിച്ച് ഏറെസമയം ചിലവഴിച്ചു.

7xtozs0340
ടെഡ് പരിഭാഷകർ. കടപ്പാട്: സ്മൈൽ ബൂത്ത്

കാനഡയുടെ മുഖമുദ്രയാണ് മേപ്പിൾ സിറപ്പും, സാല്മൺ മീനും. മേപ്പിൾ ഇലയുടെ ചിത്രമാണ് കാനഡയുടെ പതാകയിലുള്ളത്. ഈ മരത്തിൽ നിന്നും വരുന്ന കറ ശുദ്ധീകരിച്ച ശേഷം സിറപ്പ് രൂപത്തിലാക്കി ഭക്ഷണത്തിൽ ചേർക്കാൻ ഉപയോഗിക്കുന്നു. ഓരോ നഗരത്തിലും ഉണ്ടാക്കുന്ന സിറപ്പിന് മറ്റ് നഗരങ്ങളിൽ നിന്നുള്ളവയെ അപേക്ഷിച്ച് നിറത്തിലും രുചിയിലും വ്യത്യാസമുണ്ടായിരിക്കും. മേപ്പിൾ സത്ത ഉൾക്കൊള്ളുന്ന ജാമുകളും, സ്ക്വാഷുകളും, മറ്റ് ആഹാരപദാർത്ഥങ്ങളും സുലഭമായി സൂപ്പർമാർക്കറ്റിൽ നിന്നും ലഭിക്കും. സാല്മൺ മത്സ്യം വറുത്തോ, സ്മോക്ക് ചെയ്തോ ആണ് പാകം ചെയ്യുക. എയർ കാനഡയുടെ വിമാനങ്ങളിൽ വിശേഷ വിഭവമായി വിളമ്പുന്നതും സാല്മൺ അടങ്ങിയ ഊൺ തന്നെ. അമേരിക്കൻ റെഡ് ഇന്ത്യൻ കരകൗശലവസ്തുക്കൾ വിസ്ലറിലെ ഗിഫ്റ്റ് ഷോപ്പുകളിൽ വില്പനയ്ക്കുണ്ട്. വീഞ്ഞുഗ്ലാസുകളിലും, ഭക്ഷണപ്പാത്രങ്ങളിലും ഗോത്രകലാചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. പഴക്കടകളിൽ ആപ്പിൾ, വിവിധതരം മുന്തിരികൾ, സ്ടോബറികൾ എന്നിവയാണ് സുലഭമായി കിട്ടാനുള്ളത്. 

7xsi0r0010
സുഹൃത്ത് സുഹൈലയോടൊപ്പം ടെഡ് ആക്ടീവ് സ്മൈൽ ബൂത്തിൽ

വളരെച്ചെറിയ ഗ്രാമമായതുകൊണ്ട് വിസ്ലറിൽ സബ്വേ ട്രൈനുകളോ, ട്രാമുകളോ ഇല്ല. എന്നാൽ വാൻകൂവറിലേക്കുള്ള ബസ്സ് സർവ്വീസ് ഇടയ്ക്കിടയ്ക്കുണ്ട്. 2010-ലെ ശീതകാല ഒളിമ്പിക്സ് നടന്നത് വിസ്ലറിലും വാൻകൂവറിലുമായിട്ടായിരുന്നു. ഒളിമ്പിക്സിനോടനുബന്ധിച്ച് വിസ്ലർ-വാൻകൂവർ പാതയിൽ ഉരുൾപ്പൊട്ടൽ തടയാനുള്ള സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിരുന്നു.

കനേഡിയൻ ചോക്ലേറ്റിന്റെ രുചിയും, ചെറിപ്പൂക്കളുടെ ഗന്ധവും, കനേഡിയൻ ആതിഥേയരുടെ ഊഷ്മളതയും, മഞ്ഞിന്റെ തണുപ്പും, സുഹൃത്തുക്കളുമൊത്തുള്ള സായാഹ്നങ്ങളും എന്റെ കനേഡിയൻ യാത്ര അവിസ്മരണീയമാക്കി. 2016 ജൂണിൽ ടെഡ് സമ്മിറ്റിൽ പങ്കെടുക്കാൻ കാനഡയിലെ ബാനഫിൽ എത്തും വരെയും വിട.

കൂടുതൽ ടെഡ് ആക്ടീവ് കോൺഫറൻസ് ചിത്രങ്ങൾ ഫ്ലിക്കറിൽ ഇവിടെ കാണാം.