മലയാളികൾക്ക് ഏതു തരം രോഗങ്ങളെക്കുറിച്ചാണ് അവബോധം ആവശ്യമുള്ളത് എന്നത് അറിയാൻ എനിക്ക് വളരെ അധികം ആഗ്രഹമുണ്ട്. ഒരു ഡോക്ടർ എന്ന നിലയിലും, ഇൻ്റർനെറ്റിൽ ആരോഗ്യത്തെ സംബന്ധിച്ച ലേഖനങ്ങൾ എഴുതുന്ന വ്യക്തി എന്ന നിലയിലും എനിക്ക് ഈ ചോദ്യത്തിന് ഉത്തരം ലഭിക്കണം എന്ന ആഗ്രഹവുമുണ്ട്. ഉത്തരം കിട്ടാനായി ഞാൻ ആദ്യം ചെന്ന് നോക്കിയത് ഗൂഗിളിൽ തന്നെയാണ്.
രോഗം മാറാൻ മതത്തിൽ എന്തൊക്കെ ചെയ്യാം എന്ന സെർച്ച് ആണ് ഹൈലൈറ്റ്. ഇത് കൂടാതെ, രോഗം വരാതിരിക്കാൻ എന്തു ചെയ്യാമെന്നും, രോഗം പരത്തുന്നവ എന്താണെന്നുമൊക്കെ ആളുകൾ തിരഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. മോശമില്ല. അടുത്തതായി തിരഞ്ഞത് ആരോഗ്യം എന്ന വാക്കായിരുന്നു.
ആരോഗ്യ വാർത്തയും, ആരോഗ്യ പ്രസംഗങ്ങളും, മലയാളത്തിൽ ആരോഗ്യവിഷയങ്ങളും കേൾക്കാൻ താല്പര്യമുള്ള ജനത. നല്ല കാര്യം. ഇനി മരുന്ന് എന്ന് തിരഞ്ഞ് നോക്കിയാലോ?
മരുന്ന് മാഫിയ, മരുന്ന് വില, മരുന്ന് പരീക്ഷണം എന്നിവയൊക്കെ ഒരു ശരാശരി ഓൺലൈൻ മലയാളിയെ വല്ലാതെ ആകുലപ്പെടുത്തുന്നുണ്ട് എന്നത് വ്യക്തമാണ്. ഇനി, ശരീരത്തെക്കുറിച്ച് മലയാളി എന്തറിയാനാണ് ആഗ്രഹിക്കുന്നത്?
റേസിസ്റ്റ് മലയാളി ഇവിടെ തലപൊക്കുന്നു. ശരീരം വെളുക്കുന്നതിനാണ് ഏറ്റവും ഡിമാൻ്റ്. നീളം വയ്ക്കാനും, തടിക്കാനും ശ്രമിക്കുന്നവരുണ്ട്. സ്ത്രീകളെക്കുറിച്ച് മലയാളി അറിയാൻ ശ്രമിക്കുന്നുണ്ടോ?
സ്ത്രീക്ക് സുരക്ഷയും, ശാക്തീകരണവുമൊക്കെ വേണ്ടത് തന്നെ, എന്നാലും മലയാളികൾക്ക് കൗതുകം സ്ത്രീകളുടെ സ്ഖലനം, വശീകരണം, ശുക്ലം, മനശാസ്ത്രം എന്നിവയിലാണ്.
ഗൂഗിളിനെ കൂടാതെ, ഞാൻ വിക്കിപീഡിയയിലും തിരഞ്ഞു. ആരോഗ്യത്തെയും, മനുഷ്യശരീരത്തെയും കുറിച്ചുള്ള വിക്കിപീഡിയ താളുകളിൽ 2018 വർഷത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട താളുകൾ ക്രമത്തിൽ കൊടുത്തിരിക്കുന്നു. (അവലംബം)
സ്വയംഭോഗം
ഔഷധ സസ്യങ്ങളുടെ പട്ടിക
എലിപ്പനി
എയ്ഡ്സ്
യോനി
കഞ്ചാവ്
മഞ്ഞപ്പിത്തം
ഡെങ്കിപ്പനി
ക്ഷയം
ലിംഗം
അടുത്തതായി ഈ ബ്ലോഗിൽ നിന്നുള്ള തിരച്ചിൽ പദങ്ങൾ തന്നെയാണ് ഞാൻ പഠനവിധേയമാക്കിയത്. ബ്ലോഗിനകത്തുള്ള സെർച്ച് ബാറിൽ തിരഞ്ഞ പദങ്ങൾ എനിക്ക് കാണാനാവും. ബ്ലോഗിലെ 2018-വർഷത്തിലെ ആരോഗ്യസംബന്ധമായ തിരച്ചിൽ പദങ്ങൾ മാത്രം ഇവിടെ കൊടുക്കുന്നു.
പ്രസവശേഷം വയർ കുറയ്ക്കാൻ തുണി കെട്ടാമോ?
വെള്ളപ്പാണ്ട് അനുഭവങ്ങൾ
മൈലേജിന് ഉള്ള മരുന്ന്
സാധനം പവർഫുൾ മെഡിസിൻ
സിസേറിയൻ മൂത്രം ട്യൂബ്
പത്തോളജി വിഭാഗം എന്തിന്റെ
അങ്ങനെ ഈ ആശാന് പ്രജകളുടെ ഇംഗിതങ്ങൾ ഏകദേശമൊക്കെ മനസിലായി വരുന്നുണ്ട്. പ്രജാവൽസലയായ ആശാൻ എന്നെങ്കിലും ഈ ലിസ്റ്റുകളിലുള്ള വിഷയങ്ങളെക്കുറിച്ചൊക്കെ എഴുതുന്നതായിരിക്കും. എല്ലാവർക്കും ശുഭദിനം.
ലേഡി ഡോക്ടർ സീരീസ് ഞാൻ വിചാരിച്ചതിലുമധികം ജനപ്രിയമായി. വായിക്കുകയും, അഭിപ്രായം പറയുകയും ചെയ്ത എല്ലാവർക്കും നന്ദി. ഇത്തവണത്തെ പോസ്റ്റിൽ പ്രതിപാദിക്കുന്നത് ചില ന്യായവൈകല്യങ്ങളെക്കുറിച്ചും, അവ സ്ത്രീകളെയും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ടവരെയും ഏത് രീതിയിൽ ബാധിക്കുന്നു എന്നതിനെക്കുറിച്ചുമാണ്. നമ്മൾ ജീവിതത്തിൽ സാധാരണഗതിയിൽ കാണാതെ പോകുകയോ, കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്ന കാര്യങ്ങളാണ് ഇവിടെ ഊന്നി പറഞ്ഞിരിക്കുന്നത്.
1. പ്രശ്നമില്ലായ്മയാണിവിടുത്തെ പ്രശ്നം
സ്ത്രീകൾക്കെതിരായ ഏതെങ്കിലും തരത്തിലുള്ള വിവേചനം നടക്കുന്നുണ്ട് എന്ന് ഒരാൾ ചൂണ്ടിക്കാട്ടുമ്പോൾ മറ്റുള്ളവർ ഈ പ്രശ്നത്തെ A) നിഷേധിക്കുകയോ B) അവഗണിക്കുകയോ C) നിസ്സാരവൽക്കരിക്കുകയോ ചെയ്യുന്നത് സാധാരണമാണ്. അതുകൊണ്ട്, വിവേചനം ഒരു പ്രശ്നം അല്ല എന്ന് വിചാരിക്കുന്ന ജനതയാണ് ശരിക്കും പറഞ്ഞാൽ ഏറ്റവും വലിയ പ്രശ്നം. പ്രശ്നം ഉണ്ട് എന്ന് സമ്മതിക്കൽ തന്നെ പ്രശ്നപരിഹാരത്തിലേക്കുള്ള വലിയ കാൽവെപ്പാണ്.
വിവേചനം സർവ്വസാധാരണമാണെന്നറിഞ്ഞിട്ടും എന്താണ് പലരും ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ മടിക്കുന്നത്? പ്രശ്നമുണ്ടെന്ന് സമ്മതിച്ചാൽ ആ പ്രശ്നത്തെ പരിഹരിക്കാൻ വേണ്ടി എന്തെങ്കിലും ചെയ്യേണ്ടി വരുമോ എന്ന ആധി പലർക്കുമുള്ളതാണ്. അവരെ സംബന്ധിച്ചിടത്തോളം, തങ്ങളെ കാര്യമായൊന്നും ബാധിക്കാത്തെ പ്രശ്നത്തെ പരിഹരിക്കാൻ ഊർജ്ജം ചിലവഴിക്കുന്നത് പ്രയാസമാണ്. അതുകൊണ്ട്, ഏറ്റവുമെളുപ്പം ഇവിടെ പ്രശ്നമൊന്നുമില്ല എന്നങ്ങ് ഒഴുക്കിൽ പറഞ്ഞ് പോകുന്നതാണ്. വേറെയും ചിലർക്ക്, പ്രശ്നമുണ്ടെന്ന് അംഗീകരിക്കൽ വലിയ കുറച്ചിലാണ്. ഇത് കൂടുതലായും കണ്ടുവരുന്നത് അധികാരശ്രേണിയിലെ ഉന്നതങ്ങളിൽ ഇരിക്കുന്നവരിലാണ്. തങ്ങളുടെ അധികാരപരിധിയിൽ പ്രശ്നമുണ്ടെന്ന് സമ്മതിച്ചാൽ, തങ്ങളുടെ ഭരണം പരാജയമായിരുന്നോ എന്ന് മറ്റുള്ളവർ ചിന്തിക്കുമോ എന്ന പേടി ഇവരെ അലട്ടും. അതുകൊണ്ട് പ്രശ്നം ഉന്നയിക്കുന്നവരുടെ ശബ്ദങ്ങൾ ഉയരാതിരിക്കാൻ ഇവർ പരമാവധി ശ്രമിക്കും. അധികവായനയ്ക്ക് : The No-Problem problem
2. അതല്ലല്ലോ എൻ്റെ പ്രശ്നം
വേറെയും ചിലരുണ്ട്. ഉദാഹരണത്തിന്, കോളേജ് യൂണിയനിൽ സ്ത്രീപ്രാതിനിധ്യം കുറവാണെന്ന് പറയുമ്പോൾ, ദേ കോളേജിലെ പെൺകുട്ടികൾ ബൈക്ക് ഓടിക്കുന്നുണ്ടല്ലോ, അത് സ്ത്രീ ശാക്തീകരണമല്ലേ എന്ന് പറയും. ഇങ്ങനെ, പരിഹാരം ആവശ്യമായിട്ടുള്ള പ്രശ്നത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ വേണ്ടി, മറ്റേതെങ്കിലും വിഷയം എടുത്തിടും. ഇത്തരക്കാർ ഒരുക്കുന്ന കുരുക്കിൽ വീണുപോകരുത്. യൂണിയനിൽ സ്ത്രീപ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതും, പെൺകുട്ടികൾ ബൈക്ക് ഓടിക്കുന്നതും വേറെ വേറെ വിഷയങ്ങളാണെന്നും, ചക്ക് എന്ന് പറയുമ്പോൾ കൊക്ക് എന്ന് തിരിച്ച് പറയുന്ന പരിപാടിയുടെ പേര് വാട്ടെബൗട്ടിസം എന്നാണെന്നും പറഞ്ഞു കൊടുക്കുക.
3. പ്രശ്നം പുറത്തറിയുന്നത് നാണക്കേടല്ലേ, മോളേ
തങ്ങളുടെ സ്ഥാപനത്തിൽ സ്ത്രീകൾ വിവേചനം അനുഭവിക്കുന്നു എന്ന് മറ്റാരെങ്കിലും പറയുന്നത് ചില വ്യക്തികൾ വൈകാരികമായി എടുക്കും. വിവേചനം ഉണ്ട് എന്ന പറഞ്ഞവർ സ്ഥാപനത്തിൻ്റെ അന്തസ്സും പേരും കളങ്കപ്പെടുത്തുകയാണെന്നാണ് ഇവരുടെ ഭാഷ്യം. അതുകൊണ്ട് വിവേചനത്തെപ്പറ്റി മിണ്ടരുതത്രെ. വിവേചനം അനുഭവിച്ചവർ മുഖ്യധാരയിലേക്ക് വന്ന് പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ, “ഈ പ്രശ്നം നമുക്ക് പറഞ്ഞു തീർക്കാവുന്നതല്ലേ ഉള്ളൂ, ഇത് പുറത്തുള്ളവരെ അറിയിക്കുന്നതെന്തിനാണ്” എന്നൊക്കെയായിരിക്കും ഇവരുടെ ന്യായം. തൻ്റെ പ്രശ്നം ആരോട്, എപ്പോൾ, എവിടെവച്ച് പറയണം എന്നത് പൂർണ്ണമായും വിവേചനമനുഭവിച്ച സ്ത്രീയുടെ ചോയ്സ് ആണെന്നിരിക്കെയാണ് ഇവരുടെ സ്നേഹത്തിൽ ചാലിച്ചുള്ള ഉപദേശം. അതുകൊണ്ട് ഇത്തരക്കാരുടെ പ്രധാന ലക്ഷ്യം പ്രശ്നം പരിഹരിക്കലല്ല, പ്രശ്നം മൂടിവയ്ക്കലാണെന്നാണ് നമ്മൾ മനസിലാക്കേണ്ടത്. പണ്ടുകാലത്ത് റേപ്പ് നടന്നാലും, അഭിമാനക്ഷതം ഭയന്ന് പലരും പുറത്തുപറയാറുണ്ടായിരുന്നില്ല. അഭിമാനം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി, അക്രമവും വിവേചനവും മൂടിവയ്ക്കാൻ ആരെങ്കിലും നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ അവരെ വകവയ്ക്കാതിരിക്കുക.
അഭിമാനത്തിൻ്റെ പേരിൽ ചൂഷണം മറച്ചു വയ്ക്കാൻ പ്രേരിപ്പിക്കുന്നവർ ചിലപ്പോൾ ഒരു പടി കൂടി കടന്ന്, നിങ്ങളുടെ പ്രശ്നം പുറത്തറിയുന്നത് സ്ഥാപനത്തിലെ എല്ലാ സ്ത്രീകളുടെയും അഭിമാനപ്രശ്നമാണ് എന്ന രീതിയിൽ അവതരിപ്പിക്കും. അതോടെ, ഇവരുടെ അധികാരത്തിനോട് വിധേയത്വം കാണിക്കുന്ന എല്ലാവരും, സ്ത്രീകളടക്കം, നിങ്ങൾക്കെതിരാവും. സിസ്റ്റർ ജെസ്മി താനനുഭവിച്ച ചൂഷണങ്ങൾ തുറന്നു പറഞ്ഞപ്പോൾ സഭയിലെ പുരുഷന്മാർ മാത്രമല്ല, അത്രയും കാലം കൂടെ ജീവിച്ച കന്യാസ്ത്രീകൾ പോലും ഒരക്ഷരം മിണ്ടിയില്ല. ഇവർക്കൊക്കെ സ്ഥാപനത്തോടുള്ള ഭയം ഒരു വശത്തുണ്ടാകാം, മറുവശത്ത് ചൂഷണത്തെക്കുറിച്ച് തുറന്ന് പറഞ്ഞാൽ അഭിമാനക്ഷതം സംഭവിക്കുമോ എന്ന പേടിയും ഉണ്ടാവാം. പ്രശ്നമാണ് യഥാർത്ഥ നാണക്കെടെന്നും, പ്രശ്നം തുറന്ന് പറയുന്നത് നാണക്കെടല്ലെന്നും മലയാളിസമൂഹം അടുത്ത കാലത്തൊന്നു പഠിക്കും എന്ന് എനിക്ക് പ്രതീക്ഷയില്ല.
4. ഇതൊരു ഒറ്റപ്പെട്ട പ്രശ്നമാണ്
ഈ വാദവും അധികാരവർഗ്ഗത്തിലുള്ളവർ തന്നെയാണ് കൂടുതലായും എടുത്തിടുന്നത്. സ്ത്രീകളോടുള്ള വിവേചനവും, ചൂഷണവും ഒറ്റപ്പെട്ടതല്ലതന്നെ. പലപ്പോഴും, നിരന്തരമായ വിവേചനങ്ങൾക്ക് വിധേയരായശേഷം ഗതികേടുകൊണ്ടാവും അവസാനം സ്ത്രീകൾ പ്രതിഷേധത്തിനിറങ്ങുന്നത്. കാലാകാലങ്ങളായി നിലനിന്നിരുന്ന അനീതികൾ ഒക്കെ പുറത്തറിയുമ്പോൾ മാത്രം അവയെ ഒറ്റപ്പെട്ട സംഭവങ്ങളായി തള്ളിക്കളയുന്നത് യാഥാർത്ഥ്യത്തെ നിരസിക്കുന്നതിന് തുല്യമാണ്. ഇനി നടന്നത് ഒറ്റപ്പെട്ട സംഭവം തന്നെയാണെങ്കിൽ പോലും, ചൂഷണത്തിന് വിധേയയായ സ്ത്രീക്ക് നീതി ലഭിക്കേണ്ടതുണ്ട് എന്നതിൽ തർക്കമില്ലല്ലോ.
5. ഇത് പ്രശ്നമല്ലെന്ന് ഭാര്യ പറഞ്ഞിട്ടുണ്ട്
ഒരു സ്ത്രീ ഉന്നയിക്കുന്ന പ്രശ്നത്തെ പ്രശ്നമല്ലാതാക്കിത്തീർക്കാൻ, അതേ പ്രശ്നം മറ്റൊരു സ്ത്രീക്ക് പ്രശ്നമേ അല്ല എന്ന് പറഞ്ഞ് ന്യായീകരിക്കുന്നവരുണ്ട്. സ്ത്രീവിരുദ്ധമായ തമാശകൾ ആവോളം പറയുന്ന ഒരു സുഹൃത്തുണ്ട്. ഇതിൻ്റെ പേരിൽ ചോദ്യം ചെയ്താൽ അദ്ദേഹം പറയുന്ന ന്യായം, “എൻ്റെ ഭാര്യയും, പെൺമക്കളും ഇതേ തമാശ ആസ്വദിക്കുന്നുണ്ടല്ലോ, പക്ഷെ മറ്റ് സ്ത്രീകൾ എന്തിനാണ് ഇതിൽ പ്രശ്നം കാണുന്നത്” എന്നാണ്. ചിലപ്പോൾ ഇദ്ദേഹത്തിൻ്റെ ഭാര്യയ്ക്കും സ്ത്രീവിരുദ്ധത ഉള്ളതുകൊണ്ടാവാം അവർക്ക് തമാശ ആസ്വദിക്കാൻ പറ്റിയത്. അല്ലെങ്കിൽ ഭർത്താവിനോടുള്ള വിധേയത്വം കൊണ്ട് തമാശ ആസ്വദിക്കുന്നതായി ഭാവിച്ചതാവാം. ഇവിടെ മനസിലാക്കേണ്ടത്, ചില സ്ത്രീകൾ കയ്യടിച്ച് പാസാക്കിയതുകൊണ്ട് മാത്രം സ്ത്രീവിരുദ്ധത സ്ത്രീവിരുദ്ധതയല്ലാതാവുന്നില്ല. എല്ലാ സ്ത്രീകൾക്കും ഒരേ അനുഭവങ്ങളുമല്ല. ചില സ്ത്രീകൾക്ക് ചില അനുഭവങ്ങൾ സ്ത്രീവിരുദ്ധമാണെന്ന് തോന്നിയേക്കാം, അതേ അനുഭവങ്ങൾ മറ്റ് ചില സ്ത്രീകൾക്ക് സ്ത്രീവിരുദ്ധമാണെന്ന് തോന്നണം എന്നില്ല. സ്ത്രീവിരുദ്ധതയുടെ തോത് സ്കെയിലുകൊണ്ട് അളന്ന് താരതമ്യപ്പെടുത്താനും കഴിയില്ല.
6. പ്രശ്നം സ്വയം പരിഹരിച്ചുകൂടായിരുന്നോ?
പ്രശ്നപരിഹാരത്തിന് മറ്റൊരാളുടെ സഹായം തേടുമ്പോൾ കേൾക്കേണ്ടി വരുന്ന ചോദ്യമാണിത്. ഒരു പുരുഷൻ ഒരു സ്ത്രീയുടെ മുഖത്തടിച്ചു. പുരുഷനെതിരെ പരാതിയുമായി വന്ന സ്ത്രീയോട് അധികാരികൾ ചോദിക്കുന്ന ചോദ്യമാണ്, “നിനക്ക് അപ്പോൾ തന്നെ തിരിച്ചടിച്ചു കൂടായിരുന്നോ”, എന്ന്. അപ്പോഴത്തെ മാനസികാവസ്ഥ കാരണമോ, തിരിച്ചടിച്ചാൽ കൂടുതൽ ആക്രമണം ഉണ്ടാകുമെന്ന് ഭയന്നോ, അടിപിടി തൻ്റെ സംസ്കാരത്തിനു ചേർന്നതല്ലെന്ന് ഓർത്തുകൊണ്ടോ ഒക്കെയാവണം ആ സ്ത്രീ അപ്പോൾ തിരിച്ച് അടിക്കാൻ തുനിയാത്തത്. കൂടാതെ, ഒരു നിയമലംഘനത്തിന് പകരം ചോദിക്കുന്നത് മറ്റൊരു നിയമലംഘനം നടത്തിക്കൊണ്ടല്ല. ഒരു പ്രായപൂർത്തിയായ വ്യക്തി സഹായം ചോദിക്കുന്നത്, അവർക്ക് ആ പ്രശ്നം സ്വയം പരിഹരിക്കാൻ കഴിയാത്തതുകൊണ്ടാണെന്ന് അനുമാനിച്ച്, പ്രശ്നപരിഹാരത്തിന് വേണ്ടത് ചെയ്തുകൊടുക്കുകയാണ് ചുറ്റുമുള്ളവർ ചെയ്യേണ്ടത്.
7. അവൾ സ്ഥിരം പ്രശ്നക്കാരിയാണ്
വിവേചനവും ചൂഷണവും തുറന്നു പറയുന്നവരെയും, അതിനെതിരെ പ്രതികരിക്കുന്നവരെയും “സ്ഥിരം പ്രശ്നക്കാരി” ആയിട്ടാണ് ചുറ്റുമുള്ളവർ വിലയിരുത്താറ്. മോഷണമോ, പിടിച്ചുപറിയോ നടത്തിയവർക്ക് പോലും ഇത്രയ്ക്കധികം ദുഷ്പേര് ഉണ്ടാകുമോ എന്ന് സംശയമാണ്. “പ്രശ്നക്കാരി”കളെ എങ്ങനെയെങ്കിലും അകറ്റി നിർത്താനോ, അവരെ എങ്ങനെയെങ്കിലും പാഠം പഠിപ്പിക്കാനോ ആണ് പുരുഷാധിപത്യസമൂഹം കിണിഞ്ഞ് പരിശ്രമിക്കുന്നത്. തന്നെ പ്രശ്നക്കാരിയായി നാട്ടുകാർ ചിത്രീകരിക്കുന്നതൊന്നും വകവയ്ക്കാതെ, തൻ്റെയും ചുറ്റുമുള്ളവരുടെയും പ്രശ്നങ്ങൾ ധൈര്യത്തോടെ പുറത്തു പറയുന്ന സ്ത്രീകളാണ് എൻ്റെ ഹീറോസ്. കൂടുതൽ സ്ത്രീകൾ വിവേചനത്തിനെതിരായി സംസാരിക്കാൻ ധൈര്യം കാണിക്കുന്നു എന്നതു തന്നെ വളരെ സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. പ്രശ്നം തുറന്ന് പറയുന്നവരോട് യാതൊരു മുൻവിധിയും കാണിക്കാതെ, പ്രശ്നത്തിൻ്റെ ആഴം മനസിലാക്കി, പരിഹാരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരിലേ നമുക്ക് പ്രതീക്ഷയ്ക്ക് വകയുള്ളൂ.
ഈ പോസ്റ്റ് എഴുതുമ്പോൾ ഞാൻ ബെൽജിയത്തിലെ ബ്രസ്സൽസിലാണ്. ഇന്ന് പകൽ മുഴുവനും സിറ്റിയിൽ തെണ്ടിനടന്നതുകൊണ്ട്, ക്ഷീണിച്ച് റൂമിൽ വന്ന് ഇരിക്കുകയാണിപ്പോൾ. അതുകൊണ്ട് യാത്രചെയ്യുമ്പോൾ ഞാൻ സാധാരണയായി എടുക്കാറുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് ഒരു ബ്ലോഗ് പോസ്റ്റ് എഴുതിയേക്കാമെന്ന് വച്ചു. വർഷങ്ങളായി യാത്ര ചെയ്തുള്ള പരിചയമുള്ളതുകൊണ്ട് ഇപ്പോൾ യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ ചിന്തിക്കേണ്ടി വരാറില്ല, എങ്കിലും ചിലപ്പോഴൊക്കെ അബദ്ധങ്ങൾ പറ്റാറുണ്ട്. ചിലപ്പോൾ പ്രധാനപ്പെട്ട കാര്യങ്ങൾ മറന്നു പോകാറും ഉണ്ട്. ആദ്യത്തെ കുറച്ച് തവണകൾ യാത്ര ചെയ്തപ്പൊൾ വരുത്തി വച്ച പല അബദ്ധങ്ങളും ഓർമ്മയിലുണ്ട്. ഞാൻ യാത്രകളിൽ നിന്ന് പഠിച്ച പാഠങ്ങൾ ഒരു പോസ്റ്റായി ഇവിടെ എഴുതിയിടുന്നു.
ഇവിടെ “യാത്ര” എന്ന് ഉദ്ദേശിക്കുന്നത് ഫ്ലൈറ്റിൽ വിദേശരാജ്യങ്ങളിലേക്ക് പോകുന്ന യാത്രയാണ് കെട്ടോ. ബാഗ് തയ്യാറാക്കുന്നത് മുതലുള്ള വിശേഷങ്ങൾ പറയാം. മൂന്നോ നാലോ ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന യാത്രയാണെങ്കിൽ ഞാൻ കഴിവതും ചെക്ക്-ഇൻ ലഗേജ് ഒഴിവാക്കുകയാണ് പതിവ്. ഒരു ട്രോളി ബാഗ് മാത്രം കയ്യിൽ കരുതും. ഈ ട്രോളി ക്യാരി-ഓൺ ലഗേജ് ആയി ഫ്ലൈറ്റിൽ ഒപ്പം കൊണ്ടുപോകും. വിലയല്പം കൂടുതലാണെങ്കിലും ഗുണമേന്മയുള്ള ട്രോളി ബാഗാണ് ഞാൻ കൊണ്ടുനടക്കാറ്. യാത്രയ്ക്കിടയിൽ ബാഗിൻ്റെ വീൽ പൊട്ടുകയോ, സിബ്ബ് കേടുവരികയോ, ഹാൻ്റിൽ പൊളിയുകയോ ചെയ്താൻ മുട്ടൻ പണി കിട്ടും എന്നതുകൊണ്ടാണ് ഗുണമേന്മയുള്ള ബാഗ് തന്നെ വേണം എന്ന് ആവർത്തിച്ച് പറയുന്നത്. നിർഭാഗ്യവശാൽ ബാഗ് കേടു വന്നാൽ അത് പൊക്കിയെടുത്തോ, തലച്ചുമടായോ കൊണ്ടു നടക്കേണ്ടി വരും. അല്ലെങ്കിൽ പുതിയതൊരെണ്ണം വാങ്ങേണ്ടി വരും. എൻ്റെ കയ്യിലുള്ളത് അമേരിക്കൻ ടൂറിസ്റ്റർ എന്ന കമ്പനിയുടെ ട്രോളി ബാഗാണ്. ഈ കമ്പനിയുടെ ട്രോളി ബാഗുകൾ പൊതുവിൽ നല്ലതാണെന്നാണ് എൻ്റെ അഭിപ്രായം. ഇതിന് 360 ഡിഗ്രി തിരിയുന്ന ചക്രങ്ങളുണ്ട്. ഫ്ലൈറ്റിലെ ഓവർഹെഡ് ക്യാബിനിലൊതുങ്ങുന്ന വലിപ്പമേ ഉള്ളൂ. ഞാൻ ഈ ബാഗും ഉരിട്ടിക്കൊണ്ട് കിലോമീറ്ററുകൾ നടന്നിട്ടുണ്ട്. ബാഗ് അനായാസമായി കൊണ്ട് നടക്കാവുന്നതുകൊണ്ട് ടാക്സിയുടെ പൈസ ഒരുപാട് തവണ ലാഭിക്കാൻ പറ്റി. ഈ ബാഗിൽ തൂങ്ങിക്കിടക്കുന്ന ഒരു നെയിം ടാഗും പിടിപ്പിച്ചുവച്ചിട്ടുണ്ട്. എന്തെങ്കിലും കാരണവശാൽ ബാഗ് ചെക്ക് ഇൻ ചെയ്യേണ്ടി വന്നാൽ ഒരേപോലെ ഇരിക്കുന്ന ബാഗുകൾക്കിടയിൽ നിന്ന് എൻ്റെ ബാഗ് തിരിച്ചറിയാനുള്ള എളുപ്പത്തിനു വേണ്ടിയാണിത്. ബാഗ് കാണാതെപോയാൽ തിരിച്ചു കിട്ടാനുള്ള എളുപ്പത്തിന് നെയിം ടാഗിൽ സ്വന്തം പേരും, നമ്പറും, ഈമെയിൽ ഐഡിയും എഴുതിച്ചേർത്തിട്ടുണ്ട്.
ഞാൻ ഉപയോഗിക്കുന്ന ട്രാവൽ ബാഗ്, ഒറിജിനലിൽ ചക്രങ്ങളുണ്ട്.
എന്തൊക്കെ സാധനങ്ങളാണ് പാക്ക് ചെയ്യേണ്ടത്?
ക്യാരി-ഓൺ ലഗേജ് പരമാവധി 8 കിലോയേ പല എയർലൈനുകളും അനുവദിക്കാറുള്ളൂ. അതുകൊണ്ട് വലിച്ചുവാരി പാക്ക് ചെയ്യാൻ പറ്റില്ല. വസ്ത്രങ്ങൾ മൂന്നോ നാലോ ജോഡി കയ്യിൽ കരുതും. ഇസ്തിരി ഇടേണ്ട ആവശ്യമില്ലാത്ത വസ്ത്രങ്ങളേ ഞാൻ യാത്രയിൽ ഉപയോഗിക്കാറുള്ളൂ. ഇസ്തിരിയിട്ട് കുട്ടപ്പനാക്കി വച്ച ഡ്രസ്സൊക്കെ വിമാനത്തിലെ കുലുക്കത്തിലും, പിന്നീടുള്ള നെട്ടോട്ടത്തിലും ചുളുങ്ങിപ്പോകും. ഇസ്തിരിയിടേണ്ട ആവശ്യമില്ലാത്ത ഡ്രസ്സാണെങ്കിൽ എത്ര കുലുങ്ങി മറിഞ്ഞാലും കുഴപ്പമില്ലല്ലോ. സ്ലീവ്-ലെസ് ഷർട്ടുകൾ, മുട്ടിനു മുകളിൽ വരെ മാത്രം നീളമുള്ള ട്രൗസറുകൾ, വയറ് കാണിക്കുന്ന സാരി എന്നിവ യാത്രയിൽ ഉപയോഗിക്കാതിരിക്കുന്നതാണ് ബുദ്ധി എന്നാണ് എനിക്ക് മനസിലായിട്ടുള്ളത്. പല ഏഷ്യൻ – അറബ് രാജ്യങ്ങളിലും ഇത്തരം വസ്ത്രങ്ങൾ അത്ര സാധാരണമല്ലാത്തതുകൊണ്ട് നാട്ടുകാർ തുറിച്ചു നോക്കും. ജീൻസ് പാൻ്റ് ആണെങ്കിൽ രണ്ടോ മൂന്നോ ദിവസം മുഷിയാതെ ഉപയോഗിക്കാവുന്നതുകൊണ്ട് രണ്ട് ടോപ്പിന് ഒരു പാൻ്റ് എന്ന രീതിയിലേ ഞാൻ പാക്ക് ചെയ്യാറുള്ളൂ. ഏത് രാജ്യത്തേക്കാണോ പോകുന്നത്, അവിടുത്ത വസ്ത്രസംസ്കാരത്തെക്കുറിച്ച് അല്പം വായിച്ചിട്ട് പോകുന്നത് നല്ലതാണ്. ജീൻസും, പ്ലെയിൻ ടോപ്പും മിക്കവാറും രാജ്യങ്ങളിൽ ഉപയോഗിക്കുന്ന വസ്ത്രങ്ങളാണ്. ചെരിപ്പിനു പകരം റണ്ണിങ് ഷൂസാണ് ഞാൻ ഉപയോഗിക്കാറ്. കാല് കടയാതെ കിലോമീറ്ററൂകളോളം നടക്കാനോ, ആവശ്യമെങ്കിൽ ഓടാനോ റണ്ണിങ് ഷൂസ് നല്ലതാണ്. യാത്ര പ്രധാനമായും കോൺഫറൻസിനു വേണ്ടിയും, ശേഷം സ്ഥലങ്ങൾ കാണാനും ആണെങ്കിൽ രണ്ട് അവസരങ്ങൾക്കും ഈ ഷൂസ് തന്നെ ഉപയോഗിക്കാം എന്ന മെച്ചവുമുണ്ട്.
റണ്ണിങ് ഷൂസ്. മല കയറാൻ വരെ ഉപയോഗിക്കാം.
ടൂത്ത് ബ്രഷ്, ചെറിയ പേസ്റ്റ്, ചീപ്പ്, റബ്ബർ ബാൻ്റുകൾ, പിന്നുകൾ, സ്ലൈഡുകൾ, ലിപ് ബാം, ചെറിയ പെർഫ്യൂം, മെൻസ്ട്രുവൽ കപ്പ്/പാഡ് എന്നിവ ഒരു സിപ്പ്-ലോക്ക് കവറിലാക്കി സൂക്ഷിക്കും. യാത്രയിൽ പാഡിനെക്കാൾ എളുപ്പം മെൻസ്ട്രുവൽ കപ്പാണ്. പാഡ് എവിടെ കളയും എന്നതോർത്ത് ടെൻഷൻ അടിക്കേണ്ടതില്ല എന്നതുതന്നെയാണ് മെച്ചം. പാക്ക് ചെയ്യുന്നത് സിപ്പ് ലോക്ക് കവറിൽ ആയതുകൊണ്ട് എന്തെങ്കിലും വസ്തു ലീക്ക് ആയാൽ പുറത്ത് ചാടുകയില്ല. അബദ്ധവശാൽ പെർഫ്യൂം ലീക്ക് ആയാൽ എല്ലാ വസ്ത്രങ്ങൾക്കും ഒടുക്കത്തെ മണമായിരിക്കും. അത്തരം “പരിമളമുള്ള” വസ്ത്രങ്ങൾ ധരിച്ച് നടക്കുന്നതും ദുസ്സഹമായിരിക്കും. അതുകൊണ്ട് ഇവയെല്ലാം സിപ്പ് ലോക്കിൽ കരുതുക. യാത്ര പോകുമ്പോൾ ഒരു നേർത്ത വെള്ളിമാലയും, വെള്ളി കമ്മലും മാത്രമേ ആഭരണങ്ങളായി ഞാൻ ഉപയോഗിക്കാറുള്ളൂ. വില കൂടിയ ആഭരണങ്ങൾ ധരിച്ചാൽ കളവു പോകാൻ സാധ്യത അധികമാണെന്ന് പറയേണ്ടതില്ലല്ലോ.
സുതാര്യമായ സിപ്പ് ലോക്ക് കവറുകൾ. ഇടതുവശത്ത് ബോഡി വൈപ്പും, വലതുവശത്ത് ചെറിയ കുപ്പിയും.
സോപ്പിനു പകരം ബോഡി വാഷ് ആണ് ഞാൻ കരുതാറ്. സോപ്പ് ഒരിക്കൽ ഉപയോഗിച്ച് കഴിഞ്ഞാൽ നനഞ്ഞിരിക്കും. അതുകൊണ്ട് ഉപയോഗശേഷം തിരിച്ച് കൊണ്ടുപോകാൻ പ്രത്യേകം പാക്ക് ചെയ്യേണ്ടിവരും. ബോഡി വാഷിന് ഈ പ്രശ്നമില്ല. ബോഡി വാഷ് 75 മില്ലി വലിപ്പമുള്ള സുതാര്യമായ കുപ്പിയിലാണ് കരുതാറ്. ആവശ്യമെങ്കിൽ ഇത് ഷാമ്പൂവായും ഉപയോഗിക്കാം. താമസിക്കുന്ന ഹോട്ടലിൽ സോപ്പൊക്കെ ഉണ്ടാവുമെങ്കിലും, ചിലതരം സോപ്പ് തേച്ചാൽ മേലാകെ ചൊറിയാൻ സാധ്യതയുണ്ട്. ഇതുകൊണ്ടാണ് ബോഡി ലോഷൻ കയ്യിൽ കരുതുന്നത്. ഡോവ് എന്ന കമ്പനിയുടെ ബോഡി ലോഷൻ ആണ് ഞാൻ ഉപയോഗിക്കാറ്. ഇതുപോലെ എണ്ണയും ഒരു സുതാര്യമായ കുപ്പിയിൽ കരുതും. വീട്ടിലാണെങ്കിൽ സാധാരണ വെളിച്ചെണ്ണയാണ് ഞാൻ തലയിൽ തേക്കാൻ ഉപയോഗിക്കുന്നത്. പക്ഷെ, തണുപ്പുള്ള രാജ്യങ്ങളിൽ വെളിച്ചെണ്ണ ഉറഞ്ഞു പോകും. ഉറഞ്ഞാൽ കുപ്പിയിൽ നിന്നും പുറത്തെടുക്കാൻ കിട്ടിയെന്ന് വരില്ല. അതുകൊണ്ട് സാധാരണഗതിയിൽ ഉറഞ്ഞു പോകാത്ത, പാരഷ്യൂട്ട് ജാസ്മിൻ ഹെയർ ഓയിൽ ആണ് ഞാൻ കയ്യിൽ കരുതാറ്. ഡിയോഡറൻ്റ് കരുതുകയാണെങ്കിൽ സ്പ്രേ പോലെ അടിക്കുന്ന ചെറിയ കുപ്പി കരുതണം. റോളർ ബോൾ ഉള്ള ഡിയോഡറൻ്റുകൾ കൊണ്ടുപോയാൽ വിമാനയാത്രയിൽ ഇത് ലീക്ക് ആകും. അതുകൊണ്ട് ഞാൻ ഡിയോഡറൻ്റിനു പകരം പെർഫ്യൂമാണ് കരുതാറ്. ചില ബോൾ പോയൻ്റ് പേനകളിലും റോളർ ബോൾ ആണുള്ളത്. ഇവയും ലീക്ക് ആകും. അതുകൊണ്ട് അടപ്പുള്ള പെന്നുകൾ ഉപയോഗിക്കുക. സാധാരണ ബോൾ പോയിൻ്റ് പെന്നുകളെക്കാൽ ജെൽ പെന്നുകൾക്കാണ് ലീക്ക് ചെയ്യാൻ സാധ്യത കൂടുതലുള്ളത്. പൈലറ്റ് എന്ന ബ്രാൻ്റിൻ്റെ ബോൾ പോയൻ്റ് പേനകളാണ് ഞാൻ പൊതുവേ കൊണ്ടുപോകാറ്. പാരസെറ്റമോൾ മാത്രമേ മരുന്നായി കയ്യിൽ കരുതാറുള്ളൂ.
എണ്ണയും, ബോഡി വാഷും ഇത്തരം കുപ്പികളിൽ കരുതുന്നു.
എണ്ണ, ബോഡി വാഷ് മുതലായവ കരുതുന്ന കുപ്പി 100 മില്ലിയിൽ വലുത് ഉപയോഗിക്കാറില്ല. ക്യാരി-ഓൺ ചെയ്യാവുന്ന ദ്രാവകങ്ങളുടെ പരമാവധി അളവ് 100 മില്ലി ആണെന്നതുകൊണ്ടാണിത്. കുപ്പിയും, കുപ്പികൾ അടങ്ങിയ സിപ്പ് ലോക്ക് കവറൂം സുതാര്യമായതാണ് ഉപയോഗിക്കാറ്. അകത്തുള്ളത് എന്താണെന്ന് എളുപ്പത്തിലറിയാൻ ഇത് സഹായിക്കും. കൂടാതെ, സെക്യൂരിറ്റി ബെൽറ്റിൽ ഇവ പുറത്തെടുത്ത് വയ്ക്കുമ്പോൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്ക് ജോലി എളുപ്പമാകാൻ ഇവർ ചിലപ്പോൾ സുതാര്യമായ കവറുകൾ നിഷ്കർഷിക്കുകയും, അവ എയർപോർട്ടിൽ തന്നെ സജ്ജീകരിക്കുകയും ചെയ്യാറുണ്ട്. ഞാൻ ഒരു ചെറിയ ഒഴിഞ്ഞ കുപ്പിയും കയ്യിൽ കരുതാറുണ്ട്. പല യൂറോപ്യൻ രാജ്യങ്ങളിലും ടാപ്പുവെള്ളം നേരിട്ട് കുടിക്കാൻ പറ്റും. ഇത് കുപ്പിയിലാക്കി കൊണ്ടുനടന്നാൽ കുപ്പിവെള്ളം വാങ്ങുന്നത് ലാഭിക്കാം. റസ്റ്റൊറൻ്റുകളിൽ കഴിക്കാൻ ചെല്ലുമ്പോഴും കുപ്പി കയ്യിലുണ്ടെങ്കിൽ വെള്ളം റീഫിൽ ചെയ്ത് കൊണ്ടുനടക്കാം. കൂടാതെ, ബോഡി വൈപ്പിൻ്റെ രണ്ട് പാക്കറ്റും, രണ്ട് പ്ലാസ്റ്റിക് കവറുകളും, അന്നത്തെ പത്രവും ഞാൻ കയ്യിൽ കരുതും. പ്ലാസ്റ്റിക് കവറിന് പല ഉപകാരങ്ങളുമുണ്ട്. വഴിയരികിൽ നിന്ന് സാധനങ്ങൾ വാങ്ങിയാൽ അവ കൊണ്ടുനടക്കാനും, വേസ്റ്റ് കളയാനും, മുഷിഞ്ഞ വസ്ത്രങ്ങൾ പ്രത്യേകം പാക്ക് ചെയ്യാനും, നനഞ്ഞ കുട ഇട്ടുവയ്ക്കാനുമൊക്കെ കവർ ഉപയോഗിക്കാം. പത്രം കയ്യിൽ വച്ചാൽ ഫ്ലൈറ്റിലിരുന്ന് വായിക്കാം, ചെളി തുടയ്ക്കാൻ ഉപയോഗിക്കാം, വൃത്തിയില്ലാത്ത ബെഞ്ചുകളിലോ പുല്ലിലോ ഇരിക്കുമ്പോൾ വിരിക്കാനും ഭക്ഷണം പൊതിയാനും ഉപയോഗിക്കാം.
മൊബൈൽ ഫോണും, നീളത്തിലുള്ള കോർഡുള്ള ചാർജ്ജറും, പവർ ബാങ്കും, ട്രാവൽ അഡാപ്റ്ററും കയ്യിൽ കരുതും. കോർഡിനു നീളമുണ്ടെങ്കിൽ ചാർജ് ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ ഫോൺ ഉപയോഗിക്കാം. പല യൂറോപ്യൻ രാജ്യങ്ങളിലെയും പവർ പ്ലഗ്ഗ് ചുവരിൻ്റെ താഴെയായിരിക്കും. കോർഡിനു നീളമില്ലെങ്കിൽ നിലത്തിരുന്ന് ഫോൺ നോക്കേണ്ട ഗതികേട് വരും. മൊബൈൽ ഡേറ്റയും, ഡേറ്റാ റോമിങ്ങും ഫ്ലൈറ്റിൽ കയറുന്നതിനു മുൻപ് തന്നെ ഞാൻ ഓഫാക്കിയിടും. ഇത് രണ്ടും ഓണാണെങ്കിൽ ഫോൺ ചിലപ്പോൾ ഡേറ്റ വലിക്കുകയും, പിന്നീട് ഫോൺ ബില്ല് അടയ്ക്കണമെങ്കിൽ കിടപ്പാടം വിൽക്കണം എന്ന അവസ്ഥയിലെത്തിക്കുകയും ചെയ്യും. ട്രാവൽ അഡാപ്റ്റർ ഓൾ-ഇൻ-വൺ മോഡൽ വാങ്ങുന്നതാണ് ബുദ്ധി. ഇത് കയ്യിലുണ്ടെങ്കിൽ ഓരോ രാജ്യത്തിനും വേണ്ട പ്ലഗ് പോയൻ്റുകൾ പ്രത്യേകം വാങ്ങിക്കേണ്ട കാര്യമില്ല. യു.എസ്.ബി പോർട്ടുകൾ കൂടി ഉള്ള ചാർജ്ജർ ആണെങ്കിൽ കൂടുതൽ നന്ന് – ഒരേസമയം ലാപ്പ്ടോപ്പും മൊബൈൽ ഫോണും, പവർ ബാങ്കും ചാർജ് ചെയ്യാം.
ഓൾ-ഇൻ-വൺ ട്രാവൽ അഡാപ്റ്റർ
6 മണിക്കൂറിൽ കൂടുതലുള്ള യാത്രയാണെങ്കിൽ ഞാൻ പില്ലോ കയ്യിൽ കരുതും. ഫ്ലൈറ്റിൽ ഉറങ്ങുന്നതിനിടയിൽ കഴുത്ത്/പുറം വേദന വരാതിരിക്കാൻ ഇവലൂഷൻ പില്ലോ എന്ന തരം പില്ലോയാണ് ഞാൻ ഉപയോഗിക്കുന്നത്. ഇത് ഉപയോഗിച്ച ശേഷം ഒരു പന്തുപോലെ ചുരുട്ടി ബാഗിൻ്റെ സിബ്ബിൽ കോർത്ത് തൂക്കിയിടാം എന്നതുകൊണ്ടാണിത്. കഴിയുന്നതും വിൻഡോ സീറ്റാണ് ഫ്ലൈറ്റിൽ ബുക്ക് ചെയ്യാറ്. തല വിൻഡോയിലേക്ക് ചെരിച്ച് ഉറങ്ങാം എന്നതുകൊണ്ടാണിത്. നടുവിലെ സീറ്റിലൊക്കെ ഇരുന്നാൽ അടുത്തിരിക്കുന്ന ആളുടെ സീറ്റിലേക്ക് ചാഞ്ഞ് വീണ് ഉറങ്ങിപ്പോവാം. വിൻഡോ സീറ്റ് ആകുമ്പോൾ പുറത്തുള്ള കാഴ്ചകളും കാണാം.
ഇവലൂഷൻ നെക്ക് പില്ലോ
അടുത്തതായി ഏറ്റവും പ്രധാനപ്പെട്ട ഐറ്റങ്ങൾ പറയാം. പാസ്പോർട്ട്, വിസ അല്ലെങ്കിൽ റെസിഡൻസ് പെർമിറ്റ്, ബോർഡിങ് പാസ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, കറൻസി എന്നിവയാണിത്. ഇവയെല്ലാം സ്ലിങ് ബാഗിലാക്കി തൂക്കിയിടുകയാണ് പതിവ്. സ്ലിങ് ബാഗിൽ ഇത് കൂടാതെ, മൊബൈൽ ഫോൺ, ചാർജർ കേബിൾ, ഇയർഫോൺ എന്നിവയും കൂടി ഉണ്ടാകും. ഈ സ്ലിങ് ബാഗ് ഒരിക്കലും അഴിച്ച് വയ്ക്കാറില്ല. സ്ലിങ് ബാഗ് കൂടാതെ മറ്റൊരു ഹാൻ്റ് ബാഗുകൂടി കയ്യിൽ കരുതും. ഈ ഹാൻ്റ് ബാഗ് ക്യാരി-ഓൺ ലഗേജിൽ മടക്കി വയ്ക്കാൻ കഴിയണം എന്നതുകൊണ്ട് തുണിയുടെ ബാഗാണ് ഉപയോഗിക്കാറ്. ക്യാരി ഓൺ ലഗേജ് ഹോട്ടലിൽ വച്ചശേഷം സ്ഥലങ്ങൾ കാണാനിറങ്ങുമ്പോൾ വെള്ളം, സ്നാക്സ്, കുട, പവർബാങ്ക് എന്നിവ കരുതാൻ സ്ലിങ് ബാഗ് മതിയാവില്ല എന്നതുകൊണ്ടാണ് കുറച്ചുകൂടി വലിപ്പമുള്ള മറ്റൊരു ബാഗ് കയ്യിൽ വയ്ക്കുന്നത്. പാസ്പോർട്ട്, ഡെബിറ്റ് കാർഡ് എന്നിവയൊക്കെ പാക്ക് ചെയ്യുമ്പോൾ എക്സ്പയറി ഡേറ്റ് കൂടെ നോക്കണം. വെടി തീർന്ന പാസ്പോർട്ടും കൊണ്ട് ചെന്നാൽ യാത്ര ക്യാൻസൽ ആകും എന്നത് പറയേണ്ടതില്ലല്ലോ. ഫ്ലൈറ്റിലിരുന്ന് ബോറടിക്കുമ്പോൾ പാട്ട് കേൾക്കാനും, വീഡിയോ കാണാനുമാണ് ഇയർഫോൺ സ്ലിങ് ബാഗിൽ തന്നെ കരുതുന്നത്.
ഹാൻ്റ് ബാഗും സ്ലിങ് ബാഗും
പോകുന്നതിനു മുൻപ് എന്തൊക്കെ ചെയ്തിരിക്കണം?
പോകുന്ന രാജ്യത്തെക്കുറിച്ചും, അവിടെ കാണാൻ പോകാവുന്ന സ്ഥലങ്ങളെക്കുറിച്ചും, അവിടുത്തെ യാത്രാസൗകര്യങ്ങളെക്കുറിച്ചും വായിക്കും. ഓരോ ദിവസവും എങ്ങോട്ടൊക്കെ പോകണമെന്ന ഒരു ഏകദേശ പ്ലാൻ ഉണ്ടാക്കിവയ്ക്കും. ഈ പ്ലാനിനും, മറ്റ് വഴിച്ചിലവുകൾക്കുമൊക്കെയായി ഏതാണ്ട് എത്ര പണം ചിലവാകും എന്ന് കണക്കുകൂട്ടും. ഇതെല്ലാം ഗൂഗിൾ കീപ്പിലാണ് സൂക്ഷിക്കാറ്. പോകുന്ന സ്ഥലത്തിൻ്റെ ഓഫ്ലൈൻ മാപ്പ് ഗൂഗിൾ മാപ്സിൽ ഡൗൺലോഡ് ചെയ്തു വയ്ക്കും. പോകുന്ന നഗരത്തിൻ്റെ വിക്കിവോയേജ് പേജ് പ്രിൻ്റെടുത്ത് കയ്യിൽ വയ്ക്കും. നഗരത്തിലെ പ്രധാന കാഴ്ചകൾ, എമർജൻസി ഫോൺ നമ്പറുകൾ, റെസ്റ്റൊറൻ്റുകൾ, ടൂറിസ്റ്റുകൾ കബളിപ്പിക്കപ്പെട്ടേക്കാവുന്ന ചതിക്കുഴികൾ എന്നിങ്ങനെ ഒരുപാട് വിവരങ്ങൾ വിക്കിവോയേജ് പേജിലുണ്ടാകും. പോകുന്ന രാജ്യത്ത് ഇൻ്റർനെറ്റ് കണക്റ്റിവിറ്റി ഉണ്ടാകുന്നത് വളരെ നല്ലതാണ്. ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്യാനും, തൊട്ടടുത്തുള്ള കടകളെക്കുറിച്ചുള്ള വിവരങ്ങളറിയാനും, ടാക്സി വിളിക്കാനും, ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുമൊക്കെ ഇൻ്റർനെറ്റ് ഉള്ളത് നല്ലതാണ്. പോകുന്നതിനു മുൻപേ അവിടുത്തെ സിം കാർഡിനെയും, ഡേറ്റ പ്ലാനുകളെയും കുറിച്ച് ഇൻ്റർനെറ്റിൽ വായിക്കും. ചെറിയ സമയപരിധിയുള്ള ഡേറ്റാ പ്ലാനിന് എത്ര ചിലവാകുമെന്നതിൻ്റെ ഒരു ഏകദേശ ധാരണ ഉണ്ടാക്കിവയ്ക്കും. ഏതാണ്ടെല്ലാ എയർപോർട്ടുകളിലും സിം കാർഡ് വില്പനയ്ക്കുണ്ടാകും. നേരത്തേ കണ്ടുവച്ച വിലയോട് അടുത്ത് നിൽക്കുന്ന വിലയാണെങ്കിൽ എയർപോർട്ടിൽ വച്ച് തന്നെ സിം കാർഡ് വാങ്ങും. അല്ലെങ്കിൽ, ഹോട്ടലിൽ എത്തിയശേഷവും. യാത്ര ചെയ്യുന്ന ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനം നോക്കണം. ഈ വെബ്സൈറ്റിൽ ഒട്ടുമിക്ക പ്രദേശങ്ങളിലെയും കാലാവസ്ഥാ പ്രവചനം കാണാം. ഒരു പതിനഞ്ച് ഡിഗ്രി വരെയൊക്കെയേ താപനില ഉള്ളൂ എങ്കിൽ സാധാരണ ജാക്കറ്റ് കൊണ്ടുപോകും. മഴയത്ത് നനയാത്ത ജാക്കറ്റ് ആണ് കൊണ്ടുപോകാറ്. സിപ്പുള്ള പോക്കറ്റുകൾ ഉള്ള ജാക്കറ്റ് ആണെങ്കിൽ കൂടുതൽ നല്ലത്, പോക്കറ്റടിക്കാരെ കുഴക്കാം. പതിനഞ്ച് ഡിഗ്രിയിലും കുറവ് താപനിലയാണെങ്കിൽ ഹെവി ജാക്കറ്റ് തന്നെ കൊണ്ടുപോകും. ഡെബിറ്റ് കാർഡുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലുള്ള പണം ഭൂരിഭാഗവും സേവിങ്സ് അക്കൗണ്ടിലേക്ക് മാറ്റും. യാത്രയ്ക്കിടയിൽ ആരെങ്കിലും കഴുത്തിന് പിടിച്ച് ഏ.ടി.എമ്മിൽ കൊണ്ടുപോയി കാർഡിലുള്ള മുഴുവൻ പണവും അടിച്ചുമാറ്റിയാലും വലിയ കോട്ടം തട്ടാതിരിക്കാനാണിത്.
റെയിൻ കോട്ട് കം ജാക്കറ്റ്.
പോകുന്നതിനു തലേദിവസം ഫ്ലൈറ്റിലേക്ക് ഓൺലൈൻ ചെക്കിൻ ചെയ്യും. ബോർഡിങ് പാസ് വാങ്ങാനുള്ള ക്യൂ ഇങ്ങനെ ബൈപാസ് ചെയ്യും. ട്രാവൽ ഇൻഷൂറൻസ് കാർഡ്, ലോക്കൽ ട്രാവലിനുള്ള ടിക്കറ്റുകൾ, രണ്ടാം ഡെബിറ്റ് കാർഡ്, കുറച്ച് കറൻസി, ഹോട്ടൽ ബുക്കിങ് കൺഫർമേഷൻ, വിക്കിവോയേജ് പ്രിൻ്റൗട്ട്, പാസ്പോർട്ട് സൈസ് ഫോട്ടോകൾ, എ4 പേപ്പറുകൾ എന്നിവ ഒരു ഫയലിലാക്കി ബാഗിലിടും. രണ്ട് ഡെബിറ്റ് കാർഡ് കയ്യിൽ കൊണ്ട് നടക്കുന്നതും, പണം രണ്ട് വ്യത്യസ്ഥ സ്ഥലങ്ങളിൽ സൂക്ഷിക്കുന്നതും ഒരെണ്ണം അടിച്ചുമാറ്റപ്പെട്ടാൽ ബാക്കപ്പിനു വേണ്ടിയാണ്. പോകുന്നതിനു മുൻപ് ബാങ്കിനെ ഫോൺ വിളിച്ച് യാത്ര ചെയ്യുന്ന രാജ്യവും, ദിവസങ്ങളും പറയും. ചില രാജ്യങ്ങളിൽ നിന്നും നമ്മുടെ ഡെബിറ്റ് കാർഡ് വഴി ട്രാൻസാക്ഷൻ നടന്നുവെന്ന് കണ്ടാൽ, ബാങ്ക് അത് സംശയാസ്പദമായ ട്രാൻസാക്ഷനാണെന്നു കരുതി, കാർഡ് ബ്ലോക്ക് ചെയ്യാറുണ്ട്. ഈ പുലിവാല് ഒഴിവാക്കാൻ വേണ്ടിയാന് നേരത്തേ വിളിച്ച് പറയുന്നത്. പോകുന്ന രാജ്യത്തെ കുറച്ച് കറൻസി, അല്ലെങ്കിൽ യൂറോയോ ഡോളറോ കയ്യിൽ വയ്ക്കും. യൂറോയോ ഡോളറോ ആണ് കയ്യിലുള്ളതെങ്കിൽ എയർപോർട്ടിൽ വച്ച് ലോക്കൽ കറൻസിയാക്കി മാറ്റും. കറൻസി കയ്യിൽ വയ്ക്കുന്നത്, കാർഡ് ട്രാൻസാക്ഷൻ ലഭ്യമല്ലാത്ത ഇടങ്ങളിൽ ഉപയോഗിക്കാൻ വേണ്ടിയാണ്.
അപ്പോൾ ശുഭയാത്ര!
ഇതെഴുതുമ്പോൾ ഞാൻ ബെൽജിയത്തിലെ ബ്രസൽസിലാണ്. ഇവിടെ വന്നതിൻ്റെ ഓർമ്മയ്ക്കായി ഒരു ചിത്രം ചേർക്കുന്നു.
മദാമ്മയുടെ ഭാഷയിൽ കപ്പൽ സ്ത്രീയാണ്. കപ്പലുകൾക്ക് പരമ്പരാഗതമായി സ്ത്രീനാമങ്ങളാണ് കൊടുക്കാറും. എന്നിരുന്നാലും പണ്ടുകാലത്ത് സ്ത്രീകളെ കപ്പലിൽ കയറ്റുകയില്ലായിരുന്നു. കപ്പലിൽ സ്ത്രീകളുണ്ടെങ്കിൽ കടൽ ക്ഷോഭിക്കുമെന്നും, കപ്പൽ മുങ്ങിപ്പോകുമെന്നുമായിരുന്നു വിശ്വാസം. കാലം മാറിയപ്പോൾ ഇവിടെ സ്വീഡനിൽ പായ്ക്കപ്പലിൻ്റെ പായ മാറ്റുന്ന ജോലി വരെ സ്ത്രീകൾ ചെയ്തുതുടങ്ങി. ഏതാണ്ട് അൻപത് മീറ്റർ ഉയരത്തിലുള്ള കയറിൽ ചവിട്ടി നിന്നു വേണം പായ അഴിച്ചെടുക്കാൻ. അതേസമയം കേരളത്തിൽ, സ്ത്രീകൾ ഇത്തരം ജോലികൾ ചെയ്താൽ അന്യപുരുഷന്മാർ ഔറത്ത് കാണില്ലേ എന്ന ലെവലിലാണ് ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
ചിത്രത്തിൽ സൂക്ഷിച്ചു നോക്കിയാൽ പായ പിടിപ്പിക്കുന്ന തട്ടിൽ കയറി നിൽക്കുന്ന മൂന്നു പേരെ കാണാം. ഇതിൽ രണ്ടു പേർ സ്ത്രീകളാണ്. ഗോഥൻബർഗ് കപ്പൽ എക്സിബിഷൻ കാണാൻ പോയപ്പോൾ പകർത്തിയ ചിത്രം.
ഫിൻലാൻ്റ്, എസ്റ്റോണിയ, റഷ്യ എന്നീ രാജ്യങ്ങൾ വെറും നാല് ദിവസങ്ങൾക്കുള്ളിൽ കാണിച്ചു തരും എന്ന സുന്ദരമോഹന വാഗ്ദാനം കണ്ടാണ് ഞങ്ങൾ കപ്പൽ യാത്ര ബുക്ക് ചെയ്യുന്നത്. ക്രിസ്മസ് സമയമായതുകൊണ്ട് ലീവുണ്ട്. വീട്ടിൽ വെറുതേ ചൊറിയും കുത്തി ഇരിക്കുന്നതിനു പകരം വേഗം മൂന്ന് രാജ്യം കണ്ടുവരാം എന്ന യുക്തിപരമായ തീരുമാനം എടുത്തതിന് ഞങ്ങൾ ഞങ്ങളെത്തന്നെ അഭിനന്ദിച്ചു. സ്റ്റോക്ക്ഹോമിലെത്തി കപ്പൽ കയറണം. പകൽ സമയത്താണ് രാജ്യങ്ങൾ സന്ദർശിക്കുന്നത്. രാത്രി കപ്പൽയാത്രയാണ്. അങ്ങനെ ഓരോ ദിവസവും ഓരോ നഗരം വീതം മൂന്ന് നഗരങ്ങൾ കാണുക എന്നതാണ് ലക്ഷ്യം.
ഇത്തവണ കപ്പലിൽ കയറുമ്പോൾ ‘ഇതൊക്കെ നുമ്മ എത്ര കണ്ടതാ’ എന്ന ലൈനായിരുന്നു എനിക്ക് (എന്തുകൊണ്ടാണെന്ന് തികച്ചും സൗജന്യമായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ). കപ്പലിൽ ഓരോ യാത്രക്കാരിക്കും ഇരിക്കാൻ പ്രത്യേകം സീറ്റുകളൊന്നുമില്ലെന്നത് ഇതിനോടകം നോം മനസിലാക്കിയിട്ടുണ്ട്. എന്നാൽ രാത്രി ഉറങ്ങുന്നത് എവിടെയാണെന്ന് അത്ര നിശ്ചയല്ല്യ. ഇനി നീണ്ട് നിവർന്ന് നിലത്തു കിടന്നോളാൻ പറയുമോ എന്നായിരുന്നു ആശങ്ക. പക്ഷെ, ക്യാബിൻ തുറന്നു നോക്കിയപ്പോൾ ഞങ്ങൾ രോമാഞ്ചപുളകിതരായി.
ഇത് വേറാരോ എടുത്ത പടമാണ്. പക്ഷെ, ഞങ്ങളുടെ ക്യാബിൻ കിറുകിറുത്യം ഇതുപോലെത്തന്നെയായിരുന്നു. ചിത്രത്തിനു കടപ്പാട് : JIP, CC-BY-SA 3.0, വിക്കിമീഡിയ കോമൺസ്. സ്വതന്ത്ര ലൈസൻസിലുള്ള ചിത്രങ്ങൾ ഇസ്കുമ്പോൾ ഞാൻ സ്ഥിരമായി കടപ്പാട് വയ്ക്കാറുണ്ട്. നിങ്ങളും ഇതുപോലെ ചെയ്യുക.
റൂമിൽ അറ്റാച്ച്ഡ് ബാത്രൂമും, ടി.വിയും, കുടിവെള്ളവും ഒക്കെ ഉണ്ട്. പകൽസമയം ബെഡ്ഡ് മടക്കിവച്ച് ഇരിപ്പിടമാക്കി മാറ്റാവുന്നതുമാണ്. പട്ടിയേയും പൂച്ചയേയുമൊക്കെ ഒപ്പം കൊണ്ടുവന്നവർക്ക് അവരെ പരിചരിക്കാൻ ഡോഗ് ലോഞ്ചും ഉണ്ട്. ഞങ്ങളെ നഗരം കാണിക്കാൻ കൊണ്ടുപോകുന്ന ബസ്സുകളെ പാർപ്പിച്ചിരിക്കുന്നത് കപ്പലിലെ വെഹിക്കിൾ ലൗഞ്ചിലാണ്. ഭക്ഷണം ഒക്കെ കുശാലാണ്, പക്ഷെ വിലയല്പം കൂടുതലാണ്. ബുഫേ ഡിന്നറിന് വെറും മുപ്പത് യൂറോ മാത്രം (2400 രൂപയോളം വരും). കൊടുത്ത പൈസ മുതലാക്കാൻ വേണ്ടി ആക്രാന്തം കാണിച്ച് വെട്ടി വിഴുങ്ങാൻ ചെറിയ പേടി ഉണ്ടായിരുന്നു. രാത്രി ഉറങ്ങുമ്പോൾ കപ്പൽ നല്ലവണ്ണം കുലുങ്ങിയാൽ കഴിച്ചതെല്ലാം അതേപടി പുറത്തെത്തുമോ എന്ന പേടി. പക്ഷെ, കപ്പൽ കുലുങ്ങിയതുമില്ല, വയർ കലങ്ങിയതുമില്ല. ഉറക്കമെഴുന്നേൽക്കുമ്പോൾ കപ്പൽ ഫിൻലാൻ്റിൽ എത്തിയിരുന്നു.
കപ്പലിൽ ഡിസ്പ്ലേക്ക് വച്ചിരിക്കുന്ന ഫുഡ്ഡിൻ്റെ പടം.
ഫിൻലാൻ്റിൽ സമയം ഒരു മണിക്കൂർ പിന്നിലാണെന്നത് ഓർക്കാതെ ഞങ്ങൾ കിടന്നുറങ്ങിയതുകൊണ്ട് അലാറം ഒരു മണിക്കൂർ മുൻപേ അടിക്കുകയും അതിരാവിലെ എട്ടു മണിക്ക് തന്നെ എഴുന്നേൽക്കേണ്ടി വരികയും ചെയ്തു. തലസ്ഥാനനഗരമായ ഹെൽസിങ്കിയിൽ ഞങ്ങൾ ഇറങ്ങി. അവിടെ കണ്ട കാര്യങ്ങളെപ്പറ്റി വിശദമായി എഴുതുന്നില്ല, കാരണം ഈ പഹയൻ ഓൾറെഡി എഴുതിക്കഴിഞ്ഞതുകൊണ്ടുതന്നെ. പക്ഷെ, സ്റ്റോൺ ചർച്ചിനെക്കുറിച്ച് പറയാതെ വയ്യ. ഒറ്റക്കല്ലിൽ തീർത്ത പള്ളിയാണിത്.
കല്ലുപള്ളിക്കുള്ളിൽ. വെളിച്ചം കുറവായിരുന്നു. മുന്നിൽ കാണുന്ന ആ കറൂത്ത രൂപം അൻവറാണ്.
ഹെൽസിങ്കി കണ്ടശേഷം ഞങ്ങളുടെ മുന്നോട്ടുള്ള യാത്ര പ്രിൻസസ് അനസ്താസ്യ എന്ന റഷ്യൻ കപ്പലിലാണ്. പേരു കേൾക്കുമ്പോൾ കൊച്ചു കുട്ടിയാണെന്നൊക്കെ തോന്നുമെങ്കിലും ഇവൾ ഭീകരിയാണ്. ഇവളെ മുഴുവനായും ഒരു ഫ്രൈമിൽ ഒതുക്കാൻ പറ്റാത്തതുകൊണ്ട് ഒരു സാമ്പിൾ മാത്രം താഴെ ചേർക്കുന്നു.
അങ്ങനെ അനസ്താസ്യയുടെ പള്ളയിൽ കയറി ഞങ്ങൾ പോകുന്നത് സെൻ്റ്. പീറ്റർസ്ബർഗിലേക്കാണ്. പിറ്റേന്ന് രാവിലെ എഴുന്നേറ്റതിനു ശേഷം ഞങ്ങൾ സാവകാശം ഡെക്കിൽ കയറി പടം പിടിച്ചും, കാറ്റുകൊണ്ടും ഒക്കെ വരുമ്പോഴേക്കും കപ്പലിൻ്റെ മുൻവശത്ത് ഒരു വലിയ ക്യൂ രൂപപ്പെട്ടു വന്നിരുന്നു. റഷ്യയിലെ ഇമിഗ്രേഷൻ കൗണ്ടറുകളിലെ നീണ്ട ഇമിഗ്രേഷൻ ചോദ്യംചെയ്യൽ കാരണം, ക്യൂവിൽ പിന്നിലായാൽ മൂന്നോ നാലോ മണിക്കൂറുകൾ ഇമിഗ്രേഷൻ ക്യൂവിൽ ചിലവഴിക്കേണ്ടി വരും എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഒടുക്കം റഷ്യക്കാര് വലിയ ചോദ്യങ്ങളൊന്നുമില്ലാതെതന്നെ ഞങ്ങൾക്ക് 72-മണിക്കൂർ വിസ പതിച്ചു തന്നു. എനിക്ക് ഒരു കള്ളലക്ഷണം ഉള്ളതുകൊണ്ടാണെന്നു തോന്നുന്നു, അവർ നാലു പ്രാവശ്യം എൻ്റെ മുഖത്തേക്കും, പാസ്പോർട്ടിലേക്കും മാറി മാറി നോക്കി, ഞാൻ ഞാൻ തന്നെയാണെന്ന് അവർ ഉറപ്പുവരുത്തി.
ഡെക്കിൽ നിന്ന് എടുത്ത ഫോട്ടോ
തുറമുഖത്ത് നിന്നും സെൻ്റ്. പീറ്റർസ്ബർഗ് നഗരമധ്യത്തിലേക്ക് ഞങ്ങളെ കൊണ്ടുപോകുന്നത് മിനി ബസ്സിലാണ്. പുറത്തേക്കു നോക്കിയപ്പോൾ റോട്ടിലൂടെ നടക്കുന്ന എല്ലാവരും ആവശ്യത്തിലധികം ഔറത്ത് മറച്ചിരിക്കുന്നു. ബസ്സിറങ്ങിയപ്പോഴാണ് ഇതിൻ്റെ ഗുട്ടൻസ് പിടികിട്ടിയത്. പുറത്ത് മരം കോച്ചുന്ന തണുപ്പാണ്. മുട്ടുവരെയുള്ള ബൂട്ട്സും, നീളൻ കയ്യുള്ള ജാക്കറ്റും, തലവഴി തൊപ്പിയും ഇട്ടില്ലെങ്കിൽ മരവിച്ചു പോകും. വഴിയരികിൽ കുട്ടികൾ മഞ്ഞുകൊണ്ട് പന്തുണ്ടാക്കി തട്ടിക്കളിക്കുന്നുണ്ട്. സ്വീഡനിലെ -10 ഡിഗ്രി തണുപ്പൊക്കെ പുല്ലാണെന്ന തിരിച്ചറിവു കിട്ടിയ ദിവസമായിരുന്നന്ന്. വിശാലമായ നഗരമാണ് സെൻ്റ് പീറ്റർസ്ബർഗ്. കൂറ്റൻ ബിൽഡിങ്ങുകൾ. ആകാശം മുട്ടുന്ന സ്തൂപങ്ങൾ. വീതിയുള്ള റോഡുകൾ. ഇവിടുത്തെ വിളക്കുകാലുകൾക്കു വരെ പത്തുമുപ്പത് മീറ്റർ ഉയരം കാണും. ദിവസത്തിൻ്റെ നല്ല ഭാഗവും ക്യൂവിൽ ചിലവഴിച്ചതിനാൽ അധികമൊന്നും കാണാൻ പറ്റിയില്ല. പല്ല് കടിച്ച് വിറച്ച് നിൽക്കുന്ന ഞങ്ങളുടെ ഫോട്ടോ ഇടുന്നതിനു പകരം മറ്റൊരു മനോഹരമായ ഫോട്ടോ താഴെ ഇടുന്നു.
അടുത്ത ദിവസം പോകേണ്ടത് എസ്റ്റോണിയയുടെ തലസ്ഥാനമായ താലിനിലേക്കാണ്. ഇവിടത്തെ ഓൾഡ് ടൗൺ ആണ് ഹൈലൈറ്റ്. എസ്റ്റോണിയ റഷ്യൻ അധീനതയിലായിരുന്നപ്പോൾ നിർമ്മിച്ച അലക്സാണ്ടർ നെവാസ്കി പള്ളി പ്രസിദ്ധമാണ്. അന്ന് ക്രിസ്മസ് ദിനമായതുകൊണ്ട് പള്ളിയ്ക്കകത്ത് പ്രത്യേകം പരിപാടികൾ ഉണ്ടായിരുന്നു. ഞങ്ങൾ മൂക്കുമുട്ടെ ഭക്ഷണം കഴിച്ചത് ഓൾഡ് ടൗണിലെ ഇന്ത്യൻ റെസ്റ്ററൻ്റിൽ നിന്നായിരുന്നു. ദോഷം പറയരുതല്ലോ, നാട്ടിൽ നിന്നും കിട്ടുന്ന ഭക്ഷണത്തിൻ്റെ രുചിയുണ്ടായിരുന്നു.
താലിനിലെ അലക്സാണ്ടർ നെവാസ്കി കത്തീഡ്രൽ. ഫോട്ടോയ്ക്ക് കടപ്പാട്: ബെൻ ബെൻ്റർ, CC-BY-SA 3.0, വിക്കിമീഡിയ കോമൺസ്.
അങ്ങനെ അവസാനം അനസ്താസ്യ രാജകുമാരി ഞങ്ങളെ തിരിച്ച് സ്റ്റോക്ക്ഹോമിൽ കൊണ്ടെത്തിച്ചു. സ്റ്റോക്ക് ഹോം ഇടയ്ക്കിടെ പോകുന്ന സ്ഥലമാണെങ്കിലും അവിടെ കാര്യമായിട്ടൊന്നും ഞാൻ കറങ്ങിയിട്ടില്ലാത്തതുകൊണ്ട് കൂടുതൽ എഴുതാൻ കഴിയില്ല. നിങ്ങൾ എല്ലാവരും നിർബന്ധിച്ചാൽ നോർവെയിൽ പോയതിനെക്കുറിച്ച് ഞാൻ മറ്റൊരു ബ്ലോഗ് പോസ്റ്റ് എഴുതാം.
പക്ഷെ നിർബന്ധിക്കണം.
ഈ പോസ്റ്റ് എഴുതാൻ ഒരു തവണ നിർബന്ധിച്ച നിഖിലിനും, കപ്പലിൽ സഹയാത്രികരായിരുന്ന ശരത് (താങ്കൾക്ക് വിവാഹമംഗളാശംസകൾ), കൃഷ്ണ, രാഹുൽ എന്നിവർക്കും നന്ദി രേഖപ്പെടുത്താൻ ഈ അവസരം ഉപയോഗിക്കുന്നു.
റിമ കല്ലിങ്കലിന്റെ ടെഡ്-എക്സ് പ്രസംഗം വൈറലായിക്കൊണ്ടിരിക്കുകയാണല്ലോ. എന്താണീ ടെഡ്-എക്സ് എന്നറിയാമോ?
ടെഡ് എന്നത് ഒരു സംഘടനയാണ്. ടെക്നോളജി (T), എന്റർടെയ്ന്മെന്റ് (E), ഡിസൈൻ (D) എന്നതിന്റെ ചുരുക്കെഴുത്താണ് . ഈ സംഘടന നടത്തുന്ന കോൺഫറൻസുകൾ ലോകപ്രസിദ്ധമാണ്. ടെഡ് കോൺഫറൻസുകളിൽ സംസാരിക്കാൻ ക്ഷണം കിട്ടുന്നത് ഏതെങ്കിലും മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കാണ്. ബിൽ ഗേറ്റ്സ്, സ്റ്റീഫൻ ഹോക്കിങ്, മിഷേൽ ഒബാമ എന്നീ പ്രമുഖരൊക്കെ ടെഡ് ടോക്കുകൾ നടത്തിയിട്ടുണ്ട്. ഗഹനമായ ആശയങ്ങളെ സാധാരണക്കാർക്ക് മനസിലാകുന്ന വിധത്തിൽ ലഘൂകരിച്ച്, രസകരമായ രീതിയിലാണ് ടെഡ് ടോക്കുകൾ അവതരിപ്പിക്കുന്നത്. ശാസ്ത്ര-സാങ്കേതിക വിദ്യയിലെ പുതിയ കണ്ടുപിടുത്തങ്ങൾ മുതൽ നൂറ്റാണ്ടുകൾക്കു മുൻപ് നടന്ന സംഭവങ്ങൾ വരെ ടെഡ് ടോക്കുകളിൽ കടന്നു വരാറുണ്ട്. ഒരോ ടെഡ് ടോക്കിനും പതിനെട്ടു മിനിറ്റിൽ താഴെ ദൈർഘ്യമേ ഉണ്ടാകുകയുള്ളൂ. ഈ ചെറിയ ഇടവേളയ്ക്കുള്ളിൽ ഒരു പ്രധാനപ്പെട്ട ആശയം കഴിയുന്നതും ലളിതമായി പറയുക എന്നതാണ് ടെഡ് പ്രാസംഗികരുടെ രീതി. ഏതാണ്ട് 2600 ടെഡ് ടോക്കുകൾ ഇപ്പോൾ നിലവിലുണ്ട്. തീരെ അറിവില്ലാത്ത ഒരു വിഷയത്തെക്കുറിച്ച് പെട്ടെന്ന് ഒരു ധാരണ ഉണ്ടാക്കിയെടുക്കാൻ ടെഡ് ടോക്കുകളെക്കാൾ നല്ല ഉപാധി വേറെയില്ല.
ടെഡ് എന്ന സംഘടന മാത്രം വിചാരിച്ചാൽ ലോകത്തിലെ എല്ലാ വിഷയങ്ങളെക്കുറിച്ചും ടോക്കുകൾ നിർമ്മിക്കാൻ പറ്റില്ല. അതുകൊണ്ടാണ് ടെഡ്-എക്സ് എന്ന ആശയം തുടങ്ങിയത്. ടെഡ് മാതൃസംഘടന നൽകുന്ന ലൈസൻസ് ലഭിച്ച ആർക്കും ടെഡ്-എക്സ് ടോക്കുകൾ സംഘടിപ്പിക്കാവുന്നതാണ്. ഇങ്ങനെ ലോകമെമ്പാടും പ്രാദേശികമായി ടെഡ്-എക്സ് ടോക്കുകൾ നടക്കുന്നുണ്ട്. ഇങ്ങനെ തിരുവനന്തപുരത്ത് നടന്ന ടെഡ് എക്സ് ടോക്കിലാണ് റിമ കല്ലിങ്കൽ സംസാരിച്ചത്.
ടെഡ് ടോക്കുകൾക്ക് മലയാളം സബ്ടൈറ്റിലുണ്ടായിരുന്നെങ്കിൽ എന്തെളുപ്പമായേനേ എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? നിങ്ങൾക്കും ടെഡ് ടോക്കുകൾക്ക് മലയാളം സബ്ടൈറ്റിലുകൾ നിർമ്മിക്കാം. നിലവിൽ വിരലിലെണ്ണാവുന്നത്ര ടെഡ് തർജ്ജമകർ മാത്രമേ മലയാളത്തിലുള്ളൂ. കൂടുതൽ പേർ സന്നദ്ധപ്രവർത്തകരായി ടെഡ്/ടെഡ്-എക്സ് ടോക്കുകൾ തർജ്ജമ ചെയ്യാൻ മുന്നോട്ടു വന്നാൽ ഇംഗ്ലിഷ് അറിയാത്തവർക്കും ടെഡ് ടോക്കുകൾ പ്രാപ്യമാകും. ഒരുപക്ഷെ, നിങ്ങൾ ചെയ്യുന്ന ഓരോ ടെഡ് തർജ്ജമയും ഒരുപാടുപേരെ പഠനത്തിൽ സഹായിച്ചേക്കാം.
എല്ലാ വർഷവും നടക്കുന്ന ആഗോള ടെഡ് കോൺഫറൻസുകളിൽ മുപ്പതോളം ടെഡ് തർജ്ജമകരെയും ക്ഷണിക്കാറുണ്ട്. ഞാൻ ക്യാനഡയിലെ വിസ്ലറിലും (2015), ബാൻഫിലും (2016) നടന്ന ടെഡ് കോൺഫറൻസുകളിൽ പങ്കെടുത്തിട്ടുണ്ട്. വിമാനയാത്രയും, താമസച്ചിലവുമൊക്കെ ടെഡ് വഹിക്കും. ടെഡ് കോൺഫറൻസിൽ പങ്കെടുക്കുന്നത് മറക്കാനാവാത്ത അനുഭവമാണ്. അതിപ്രശസ്തരായ പല വ്യക്തികളും ടെഡ് കോൺഫറൻസുകളിൽ കാഴ്ചക്കാരായും, പ്രാസംഗികരായും വരാറുണ്ട്. ഇവരെയൊക്കെ പരിചയപ്പെടാനും, ടെഡ് ആക്റ്റിവിറ്റികളിൽ പങ്കെടുക്കാനുമൊക്കെ സാധിക്കും. ചിലപ്പോൾ അടുത്ത ടെഡ് കോൺഫറൻസിൽ നിങ്ങൾക്കും പങ്കെടുക്കാൻ സാധിച്ചേക്കാം!
ടെഡ്.കോം എന്ന വെബ്സൈറ്റിൽ ചെന്ന് എല്ലാ ടെഡ് ടോക്കുകളും സൗജന്യമായി കാണാവുന്നതാണ്. ടെഡ് ടോക്കുകൾ തർജ്ജമ ചെയ്യുന്നതിനെപ്പറ്റി കൂടുതലറിയാൻ ഈ താൾ കാണുക. ഈ താളിലെ ‘അപ്ലൈ നൗ’ എന്ന ബട്ടൺ ഞെക്കി, ടെഡ് അക്കൗണ്ട് എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ താഴെ കമന്റായോ, നേരിട്ട് ഈ-മെയിൽ വഴിയോ ചോദിക്കുമല്ലോ.
പണ്ടൊക്കെ (എന്നുവച്ചാൽ അത്ര പണ്ടല്ല, പതിനെട്ട് കഴിഞ്ഞിട്ടും വോട്ടൊന്നും ചെയ്യാതെ തേരാപാര നടന്നിരുന്ന കാലം) ഇലക്ഷൻ എന്ന് കേൾക്കുമ്പോഴേ ഒരു നിർവ്വികാരതയായിരുന്നു. വോട്ടേഴ്സ് ഐ.ഡി കാർഡുപോലും ഈ ഇരുപത്തഞ്ചാം വയസ്സുവരെ കൈവശമുണ്ടായിരുന്നില്ല. വേണ്ടാന്ന് വെച്ചിട്ടല്ല, ഇലക്ഷൻ കമ്മീഷൻ തരാത്തതോണ്ടാണ്. സിവിൽ സ്റ്റേഷനിൽ പറയുന്ന സമയത്ത് ചെന്നാലേ വോട്ടേഴ്സ് ഐ.ഡി. കിട്ടുകയൊള്ളൂ എന്നായിരുന്നു ആദ്യത്തെ ഡിമാന്റ്. പാവപ്പെട്ട വൈദ്യവിദ്യാർത്ഥിയായ എനിക്ക് എല്ലാ ദിവസവും ഒഴിവാക്കാനാവാത്ത ക്ലാസ്സും, ജോലിയും ഉണ്ടായിരുന്നത് കൊണ്ട് ആ വഴിക്ക് ചിന്തിക്കുവാനേ കഴിഞ്ഞിരുന്നില്ല. കോളേജിൽ വന്ന് ഫോട്ടം പിടിച്ച്, രണ്ടീസത്തിനുള്ളിൽ കാർഡ് കയ്യിൽ തരും എന്നതായിരുന്നു എന്നെ പോലുള്ള ഹതഭാഗ്യർക്ക് വേണ്ടി ഇലക്ഷൻ കമ്മീഷൻ കണ്ടുപിടിച്ച മറ്റൊരു എളുപ്പപ്പണി. അങ്ങനെ ഞാനും വിജൃംഭിച്ച് ഐ.ഡി. ഉണ്ടാക്കാൻ ചെന്നു. സമയനിഷ്ഠയുടെ കാര്യത്തിൽ നുമ്മ പുലിയാണ്. കമ്മീഷന്റാൾക്കാര് പടമെടുക്കാൻ എത്തുന്നതിനു മുൻപ്, അന്ന് പരീക്ഷയായിട്ടും ഞാൻ എത്തിപ്പെട്ടത് കണ്ടിട്ട് വൈസ് പ്രിൻസിപ്പാൾ വരെ എന്നെ അഭിനന്ദിച്ചു. കോളേജിലെ അരാഷ്ട്രീയരായ മറ്റ് പിള്ളരെയൊക്കെ കണ്ണുരുട്ടി പേടിപ്പിച്ചാണ് ഐ.ഡി എടുക്കാൻ വേണ്ടി നിർബന്ധിച്ചത്, എന്നാൽ ഞാൻ പ്രബുദ്ധത മൂത്ത് സ്വയം തയ്യാറായി വരികയായിരുന്നു. എന്നെപ്പോലെ വൻ രാഷ്ട്രീയ സാക്ഷരത ഉള്ളവരായി എല്ലാവരും മാറട്ടെ എന്നൊക്കെ വൈസ് പ്രി. പബ്ലിക്കായി വച്ചു കാച്ചി. അങ്ങനെ, ഫോട്ടം പിടിച്ച ശേഷം, ജനത്തിയതി ചോദിച്ചപ്പോൾ, 1993-ന് ശേഷം ജനിച്ചവർക്ക് (എന്നുവച്ചാൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക്) മാത്രമേ ഇത്തരത്തിൽ കാർഡ് കൊടുക്കുകയുള്ളൂ എന്ന് അവര് കട്ടായം പറഞ്ഞു. ഞാനാകട്ടെ, രണ്ടാം വർഷക്കാരിയും. എല്ലാ അരാഷ്ട്രീയക്കാർക്കും കാർഡ് കിട്ടി, എനിക്ക് മാത്രം കിട്ടീല. അങ്ങനെ, എന്റെ രാഷ്ട്രീയ പ്രബുദ്ധത കൊണ്ടുപോയി ചവറ്റു കുട്ടയിലെറിഞ്ഞ് ഞാൻ പരീക്ഷയെഴുതാൻ പോയി.
കാലം പിന്നെയും കടന്നുപോയി. പുസ്തകം-യാത്ര-വിക്കിമീഡിയ-ജോലി എന്നിവയിൽ പെട്ട് നടു നിവർത്താൻ പറ്റാതായി. അവസാനമായി നടന്ന, ഞാൻ വോട്ടു ചെയ്യാത്ത ഇലക്ഷൻ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള കഴിഞ്ഞ തിരഞ്ഞെടുപ്പായിരുന്നു. അന്ന് ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൗസ് സർജനായിരുന്നു. ഉന്തും തള്ളും തല്ലുമൊക്കെ വാങ്ങി ക്യാഷ്വാലിറ്റിയിൽ എത്തുന്ന പാർട്ടി പ്രവർത്തകർ ധാരാളമായിരുന്നു. ബോംബ് നിർമ്മിക്കുന്നതിനിടയിൽ അറിയാതെ പൊട്ടി പരിക്കേറ്റ ആളുകളെ വരെ ചികിത്സിച്ചിട്ടുണ്ട്. “ദേ, ഇലക്ഷന്റെ പാട്ടുവണ്ടി പോകുന്നുണ്ട്, ഇപ്പോൾ നടക്കുന്നത് കേന്ദ്രത്തിലേക്കുള്ള തിരഞ്ഞെടുപ്പാണോ, കേരളത്തിലേക്കുള്ള തിരഞ്ഞെടുപ്പാണോ” എന്ന് നിഷ്കളങ്കമായി ചോദിച്ച ഒരു സഹ-പി.ജി ഉണ്ടായിട്ടുണ്ട്.
ഇലക്ഷൻ പ്രഖ്യാപിച്ച ദിവസം മുതൽ അത് തീരുന്ന വരെയ്ക്കും സംഘട്ടനങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് താരതമ്യേന കൂടുതലായിരിക്കും. തിരഞ്ഞെടുപ്പിൽ ജയിച്ച പാർട്ടിയുടെ അണികൾ പടക്കം പൊട്ടിച്ചും, ബിരിയാണി ഉണ്ടാക്കിയും പൊള്ളലേറ്റ് ക്യാഷ്വാൽറ്റിയിലെത്തും. പാർട്ടി ജയിച്ച സന്തോഷത്തിൽ, കൊടിപിടിച്ച് ഓവർസ്പീഡിൽ ബൈക്കോടിച്ച് പരിക്ക് പറ്റിയവർ വേറെ. മറുപാർട്ടിക്കാരുടെ അടി വാങ്ങിയശേഷം അടിച്ചവരെ കേസിൽ കുടുക്കാനായി ആശുപത്രിയിൽ അഡ്മിഷൻ വേണമേ എന്ന് നിർബന്ധിക്കുന്ന മറ്റുചിലര്. അടിവാങ്ങിയിട്ട്, ക്രൂരമർദ്ദനം നേരിട്ടതായി വരുത്തിത്തീർക്കാൻ ഗ്ലൂക്കോസ് ഡ്രിപ്പിടാൻ നിർബന്ധിക്കുന്ന വേറെ ചിലര്. വിജയാഹ്ലാദ പ്രകടനങ്ങൾക്കിടയിൽ കുഴഞ്ഞ് വീണവര് ചിലര്. ഇത്രയൊക്കെ പേരെ ചികിത്സിക്കുന്ന ഡോക്ടർക്ക് പറഞ്ഞിട്ടുള്ള സാധനമല്ല വോട്ട്. അതുകൊണ്ട് തന്നെ നേരത്തെ ചവറ്റുകൊട്ടയിലിട്ട ആ പ്രബുദ്ധതെയെ തിരിച്ച് പിടിക്കാനും ശ്രമിച്ചതില്ല.
അങ്ങനെ എം.ബി.ബി.എസ് പാസ്സായി സ്വീഡനിലേക്ക് വലിഞ്ഞ് കേറാൻ തയ്യാറായി നിൽക്കുന്ന കാലം വന്നു. പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തതുകൊണ്ട് ഇന്റർനെറ്റിൽ അപേക്ഷ നൽകി വോട്ടേഴ്സ് ഐ.ഡി. സമ്പാദിച്ചു. ജീവിതത്തിലാദ്യമായി സ്ഥാനാർത്ഥികളെയും, മുന്നണികളെയും കുറിച്ച് മനസിലാക്കാനും ആവശ്യത്തിന് സമയം കിട്ടി. ഇലക്ഷൻ സംബന്ധിച്ച കുറേ വിവരങ്ങൾ വിക്കിപീഡിയയിൽ കയറ്റി. കഴിഞ്ഞ നിയമസഭയിലെ മുഴുവൻ അംഗങ്ങൾക്കും വേണ്ടി വിക്കിപീഡിയ ലേഖനം ഉണ്ടാക്കുന്ന തിരുത്തൽ യജ്ഞം നടത്തി. കലാശക്കൊട്ടിന്റെ സമയത്ത് കൈപ്പമംഗലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചരണ പരിപാടിയുടെ സമാപനം നേരിട്ട് കണ്ടു. വളരെ ഉത്സാഹിച്ച് ആദ്യ വോട്ട് ചെയ്തു. വോട്ട് ചെയ്തതിന്റെ ഓർമ്മയ്ക്കായി മരം നട്ടു.
ഓർമ്മ മരം. വോട്ട് ചെയ്തതിന്റെ ഓർമ്മയ്ക്കായി.
ഇലക്ഷൻ ഫലം പുറത്ത് വന്ന ദിവസം മുഴുവൻ സമയവും ടി.വിയിൽ വാർത്തകൾ കേട്ടുകൊണ്ടിരുന്നു. ഇലക്ഷൻ അവലോകനവും, സ്ഥാനാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങളുമൊക്കെ ഫേസ്ബുക്ക്/വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ ചർച്ച ചെയ്തു. പല ലേഖകരുടെയും ഇലക്ഷൻ സംബന്ധിച്ചുള്ള അവലോകനമൊക്കെ വായിച്ച് തൃപ്തിപ്പെട്ടു. ഇന്നലെ, സത്യപ്രതിജ്ഞയുടെ പ്രസക്തഭാഗങ്ങളും, എറനാട് മണ്ഡലത്തിലെ വിജയാഹ്ലാദ പ്രകടനങ്ങളും കണ്ട് ബോധിച്ചു.
ഈ തുടക്കം മുതൽ അവസാനം വരെ ഇലക്ഷൻ സംഭവവികാസങ്ങൾ ഫോളോ ചെയ്യാൻ കഴിയുന്നതിന്റെ സുഖമുണ്ടല്ലോ, അത് ഒന്നൊന്നര സുഖമാണ്!
രമേശിനെ (പേര് സാങ്കല്പികം) ഞാൻ ആദ്യമായി കാണുന്നത് ഓർത്തോപീഡിക്സ് ക്യാഷ്വാലിറ്റിയിൽ വച്ചാണ്. ഞാൻ ഹൗസ് സർജനായി* ഓർത്തോപീഡിക്സ് വിഭാഗത്തിൽ ജോലി ചെയ്യുന്ന കാലം. ദൃക്സാക്ഷിയുടെ മൊഴി പ്രകാരം, റോഡരികിൽ മുറിവേറ്റ് ചോരയൊലിച്ച നിലയിലാണ് രമേശിനെ കണ്ടെത്തിയത്. നേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മറ്റ് രണ്ട് രോഗികളെ ഓപ്പറേഷനു കൊണ്ടുപോകാൻ തയ്യാറാക്കി നിർത്തിയിരിക്കുന്ന സമയത്താണ് രമേശ് എത്തുന്നത്. സുമാർ രാത്രി 8 മണി സമയമായിട്ടുണ്ടാകും. ക്യാഷ്വാലിറ്റി ഡ്യൂട്ടിയായതുകൊണ്ട് എനിക്ക് 24 മണിക്കൂറും ജോലിയെടുക്കണം. രമേശിനെ കൊണ്ടുവന്നവർക്കൊന്നും അദ്ദേഹത്തിന്റെ പേരറിയില്ല. അവരുടെ നാട്ടിലെ മീൻ മാർക്കറ്റിന്റെ പിന്നിലുള്ള പണിതീരാത്ത കെട്ടിടത്തിൽ താമസക്കാരനായ തമിഴനാണെന്നേ അവർക്കറിയൂ. മെഡിക്കോ ലീഗൽ കേസാണെന്നതിനാൽ, രോഗിയെപ്പറ്റി അറിയാവുന്നത്ര വിവരങ്ങൾ ഓ.പി. ടിക്കറ്റിൽ രേഖപ്പെടുത്തി. പോാക്കറ്റിൽ നിന്ന് കിട്ടിയ ഫോണിൽ തിരഞ്ഞ് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളെയാരെയെങ്കിലും വിളിച്ചു വരുത്താൻ ഉപദേശിച്ചു. വലത്തെ കാലിന്റെ തുടയെല്ലിൽ പൊട്ടുണ്ട്. ഭാഗ്യത്തിന് ഓപ്പൺ ഫ്രാക്ചർ അല്ല. കാലിലും കയ്യിലും പലയിടത്തായി ചെറിയ മുറിവുകളിൽ നിന്നും ചോരയൊലിക്കുന്നുണ്ട്. ഉടനെ പ്ലാസ്റ്റർ ചെയ്യണമെന്നും, എമർജൻസിയായി ഓപ്പറേഷൻ ആവശ്യമില്ലെന്നും, എന്നാൽ അഡ്മിറ്റ് ആവണമെന്നും പി.ജി ഡോക്ടർ രമേശിന്റെ കൂടെ വന്നവരെ പറഞ്ഞു മനസിലാക്കി. തലയ്ക്കും, വയറിനും, സുഷ്മുനയ്ക്കും, നെഞ്ചിൻകൂടിനും കുഴപ്പമൊന്നുമില്ലെന്നത് ഒന്നുകൂടി പി.ജി. ഡോക്ടർ തീർച്ചപ്പെടുത്തി. എക്സ്-റേ എടുത്ത് മറ്റ് എല്ലുകൾക്കൊന്നും പൊട്ടലില്ല എന്ന് തീർച്ചപ്പെടുത്തി.
പ്ലാസ്റ്റർ റൂമിൽ കയറ്റി, പ്ലാസ്റ്റർ ചെയ്ത്, തുന്നേണ്ട മുറിവുകൾ തുന്നിയശേഷം, രമേശിനെ ഒബ്സർവേഷൻ റൂമിൽ കിടത്തി. ‘കിടത്തി’ എന്നൊക്കെ അലങ്കാരത്തിനു പറയുന്നതാണ്. രമേശിന്റെ ട്രോളി, രോഗികളുടെ തിക്കും തിരക്കുമുള്ള ഒബ്സർവേഷൻ റൂമിലേക്ക് തള്ളി വച്ചു എന്ന് പറയുന്നതാകും ശരി. മുറിവ് തുന്നുമ്പോൾ പാതി ബോധമുള്ള അവസ്ഥയിലായിരുന്ന രമേശ് നിർത്താതെ പിച്ചും, പേയും പറയുന്നുണ്ട്. ഇടയ്ക്ക് കയ്യുയർത്തി എന്റെ ശരീരത്തിൽ പിടിക്കാൻ ശ്രമിക്കുന്നുണ്ട്. മദ്യത്തിന്റെയും വിയർപ്പിന്റെയും ദുഷിച്ച ഗന്ധം മൂക്കിലേക്ക് ഇടിച്ചു കയറുന്നുമുണ്ട്. രമേശിനെ അടക്കി നിർത്താനായി, അദ്ദേഹത്തിന്റെ കൂടെ വന്ന ആളെ പ്ലാസ്റ്റർ റൂമിലേക്ക് കയറ്റി. രണ്ട് മിനിറ്റ് ഉള്ളിൽ നിന്നപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതുകൊണ്ട് അയാളെ പുറത്തേക്ക് തന്നെ പറഞ്ഞയയ്ക്കേണ്ടി വന്നു. കുറച്ചധികം കഷ്ടപ്പെട്ടിട്ടാണെങ്കിലും ഞാൻ ഏൽപ്പിച്ച പണി കൃത്യമായി ചെയ്തു എന്ന് വരുത്തി.
ഓർത്തോപീഡിക്സ് വാർഡിൽ ഒരേസമയം സ്ത്രീകളും പുരുഷന്മാരുമായി ഏതാണ്ട് 60 രോഗികളെങ്കിലും ഉണ്ടാകും. അടുത്ത രണ്ട് ദിവസത്തേക്ക് എനിക്ക് രമേശും അതിലൊരാൾ മാത്രമായിരുന്നു. തമിഴ്നാട്ടിൽ നിന്നും അദ്ദേഹത്തിന്റെ അച്ഛനമ്മമ്മാർ എത്തിയിട്ടുണ്ട് എന്ന് വാർഡിലെ സിസ്റ്റർ പറഞ്ഞിരുന്നു. തമിഴ്നാട് സ്വദേശിയായതുകൊണ്ട് കേരള സർക്കാറിന്റെ ആരോഗ്യ ഇൻഷൂറൻസ് പോലെയുള്ള ആനുകൂല്യങ്ങളൊന്നും രമേശിന് ഇല്ല. രമേശിന്റെ സ്ഥിതി മെച്ചപ്പെട്ടു വരികയായിരുന്നെന്നാണ് ഡോക്ടർമാർ എല്ലാവരും കരുതിയിരുന്നത്. ഫാറ്റ് എംബോളിസം ഉണ്ടാകും വരെ.
എല്ലുകൾക്കുള്ളിൽ മജ്ജയും കൊഴുപ്പുമാണുള്ളത്. എല്ലുകൾക്ക് ക്ഷതം സംഭവിച്ചാൽ, വളരെ അപൂർവ്വമായി ഈ കൊഴുപ്പ് രക്തത്തിൽ പ്രവേശിക്കുകയും, ചെറിയ രക്തക്കുഴലുകളായ ക്യാപ്പില്ലറികളിൽ ബ്ലോക്ക് സൃഷ്ടിക്കുകയും ചെയ്യും. ഈ അവസ്ഥയെയാണ് ഫാറ്റ് എംബോളിസം എന്ന് വിളിക്കുന്നത്. ഇത്തരം ബ്ലോക്കുകൾ ശ്വാസകോശത്തിലാണ് സംഭവിക്കുന്നതെങ്കിൽ ശ്വാസതടസ്സം സംഭവിച്ച് രോഗി ഉടനടി മരണപ്പെടാം. അപൂർവ്വമായി മാത്രമേ എംബോളിസം സംഭവിക്കാറുള്ളെങ്കിലും, ഇത് മൂലമുള്ള മരണനിരക്ക് വളരെ അധികമാണ്. (ഹൗസ് എം.ഡി എന്ന ഇംഗ്ലിഷ് സീരിയലിൽ, ‘ഹെൽപ്പ് മി‘ എന്ന എപ്പിസോഡിൽ ഹന്ന എന്ന രോഗി ഫാറ്റ് എംബോളിസം മൂലം മരണപ്പെടുന്നത് കാണിക്കുന്നുണ്ട്.)
മൂന്നാം ദിവസം രാവിലെ, സഹ-ഹൗസ് സർജന്റെ ഫോൺ വിളി കേട്ടാണ് ഞാൻ ഉണർന്നത്. രമേശ് ശ്വാസം കിട്ടാതെ അത്യാസന്ന നിലയിലായതുകൊണ്ട് വേഗം വരണം എന്ന് പറയാനായിരുന്നു വിളിച്ചിരുന്നത്. ബാഗ്-മാസ്ക് വെന്റിലേഷൻ കൊടുത്തുകൊണ്ടാണ് രമേശിന്റെ ഓക്സിജൻ സാച്ചുറേഷൻ 70-ൽ താഴാതെ നിലനിർത്തിക്കൊണ്ടിരുന്നത്. ബാഗ്, മാസ്ക് എന്നൊക്കെ കേൾക്കുമ്പോൾ ഇത് വലിയ സംഭവമാണെന്നൊന്നും വിചാരിക്കരുത്. താഴെക്കാണുന്ന ചിത്രത്തിൽ ഉള്ള സാധനമാണ് ബാഗ്-ആന്റ്-മാസ്ക്. ഇതിലെ ചുവപ്പ് സാധനം മിനിറ്റിൽ 12 തവണ ഞെക്കിക്കൊടുത്താണ് രോഗിയുടെ രക്തത്തിലെ ഓക്സിജനളവ് കൂട്ടുന്നത്.
ബാഗ്-വാല്വ്-മാസ്ക് അഥവാ ആംബു ബാഗ്. കടപ്പാട്: വിക്കിമീഡിയ കോമൺസ്
ഫാറ്റ് എംബോളിസം സ്ഥിതീകരിക്കാനും, മറ്റ് അവയവങ്ങളുടെ പ്രവർത്തനം പഠിക്കാനും വേണ്ടി ഉടനെ തന്നെ ടെസ്റ്റുകൾ നടത്തി. പെട്ടെന്ന്, ഓക്സിജൻ സാച്ചുറേഷൻ താഴ്ന്ന് 35 വരെയൊക്കെ എത്തി. ഉടനടി വെന്റിലേറ്റർ സഹായം കൊടുത്തില്ലെങ്കിൽ രോഗി രക്ഷപെടില്ല. മെഡിസിൻ ക്യാഷ്വാലിറ്റിയിലെ വെന്റിലേറ്ററുകൾ മുഴുവനും ഉപയോഗത്തിലാണ് എന്നതുകൊണ്ട് രോഗിയെ സ്വീകരിക്കാൻ മെഡിസിൻ വിഭാഗം തയ്യാറായില്ല. സർജറി ഡിപ്പാർട്ട്മെന്റിന്റെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചാൽ, രോഗിയെ മെഡിസിനിലെ ഒരു ഡോക്ടർ ദിവസവും വന്ന് നോക്കിക്കോളാം എന്ന ധാരണയുടെ പുറത്ത് ഞങ്ങൾ രമേശിനെ സർജറി വിഭാഗത്തിന്റെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. രമേശിന്റെ ടെസ്റ്റ് റിസൾട്ടുകൾ ഭൂരിഭാഗവും ഫാറ്റ് എംബോളിസമാണെന്ന് രോഗകാരണം എന്ന് തെളിയിക്കും വിധത്തിലുള്ളതായിരുന്നു.
രോഗി സർജറി വിഭാഗത്തിന്റെ വെന്റിലേറ്ററിലായാൽ ഒരു പ്രശ്നമുണ്ട്. രോഗിക്കല്ല, ഹൗസ് സർജനാണ് പ്രശ്നം. 24 മണിക്കൂറും ഒരു ഹൗസ് സർജൻ വെന്റിലേറ്ററിലുള്ള രോഗിയോടൊപ്പം ഉണ്ടാവണം എന്നാണ് അലിഖിത നിയമം. വെന്റിലേറ്റർ വച്ചിരിക്കുന്ന മുറി പ്രത്യേകം ക്യാബിനിനകത്താണെന്നും, ഐ.സി.യു ഡ്യൂട്ടി ചെയ്യുന്ന നേഴ്സിങ് സ്റ്റാഫ് എണ്ണത്തിൽ കുറവായതുകൊണ്ട് അവർക്ക് വെന്റിലേറ്ററിലുള്ള രോഗിയെ മുഴുവൻ സമയവും പരിചരിക്കാനാവില്ല എന്നതാണ് ഈ നിയമമുണ്ടാവാനുള്ള കാരണം. അങ്ങനെ മൂന്ന് ഹൗസ് സർജന്മാരുള്ള ഞങ്ങളുടെ വിഭാഗത്തിൽ, 8 മണിക്കൂർ വീതമുള്ള ഷിഫ്റ്റുകളിലായി വെന്റിലേറ്ററിൽ രമേശിനു കാവലിരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. വാർഡിലും, ഓപ്പറേഷൻ തിയേറ്ററിലും, ക്യാഷ്വാലിറ്റിയിലുമുള്ള (അ)സാധാരണ ജോലിക്ക് പുറമെയാണിത്.
ആദ്യ 8 മണിക്കൂർ ഷിഫ്റ്റ് കഴിഞ്ഞപ്പോൾ തന്നെ കൂടെയുള്ള ഒരു ഹൗസ് സർജൻ ജോലിഭാരം സഹിക്കാനാവാതെ ലീവെടുത്ത് പോയി. ബാക്കിയുള്ളത് ഞങ്ങൾ രണ്ട് പേർ മാത്രം. ഞങ്ങൾ ഒരു ദിവസം 12 മണിക്കൂർ വാർഡിൽ ഡ്യൂട്ടി എടുത്ത ശേഷം, മറ്റേ 12 മണിക്കൂർ വെന്റിലേറ്ററിൽ രമേശിനൊപ്പം ഇരിക്കണം. രമേശിന്റെ അവസ്ഥ ഭേദപ്പെട്ട് വെന്റിലേറ്ററിൽ നിന്ന് ഇറക്കുന്നത് വരേയ്ക്കും ഇതായിരിക്കും ഞങ്ങളുടെ ഷെഡ്യൂൾ. ഇടയ്ക്ക് കുളിക്കാനും, കഴിക്കാനുമൊക്കെ പോകണമെങ്കിൽ ഡ്യൂട്ടി നേഴ്സിനെ രോഗിയെ ഏൽപ്പിച്ച ശേഷം പെട്ടെന്ന് തിരിച്ചുവരണം. ഹോസ്പിറ്റലിനു പുറത്ത് ഒരു ലോകമുണ്ടെന്നതൊക്കെ മറന്ന കാലമായിരുന്നു അത്. രമേശ് വെന്റിലേറ്ററിലായിരുന്ന ആ ഒരാഴ്ചക്കാലം ഞാനും സഹ-ഹൗസ് സർജനും സൂര്യപ്രകാശം കണ്ടിട്ടില്ല. ഡ്യൂട്ടിക്കിടയിൽ പലതവണ ഉറങ്ങിപ്പോകും. ഒരുപാട് നേരം ഉറങ്ങിയാൽ പ്രശ്നമാകുമെന്നതുകൊണ്ട് മൂന്ന് മണിക്കൂർ ഇടവേളയിൽ അലാറം വയ്ക്കും. ഞെട്ടിയെഴുന്നേറ്റ് രമേശിന് കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പിക്കും. വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീഴും.
രമേശിനെ കാണാനായി അദ്ദേഹത്തിന്റെ അമ്മയും, അച്ഛനും, ജ്യേഷ്ഠനും ദിവസം മൂന്ന് വട്ടം ഐ.സി.യുവിലേക്ക് വരുമായിരുന്നു. എനിക്ക് തമിഴും, അവർക്ക് മലയാളവും തീരെ അറിയില്ല. എന്നിട്ടും, രമേശിന്റെ അവസ്ഥ ഗുരുതരമാണ്, കൂടുതൽ ശ്രദ്ധ വേണം എന്നൊക്കെ ഞാൻ അറിയാവുന്ന പോലെ പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു. രമേശിന് ഇന്നെങ്ങനെയുണ്ട് എന്ന് അമ്മ എല്ലാ നേരവും ചോദിക്കും. ഭേദപ്പെട്ട് വരുന്നുണ്ടെന്ന് പറഞ്ഞാൽ കടവുളൈയെ വിളിച്ച് നന്ദി പറയും. മോശപ്പെട്ടു എന്ന് പറഞ്ഞാൽ വാവിട്ട് കരയും. ഐ.സി.യുവിന് മുൻപിൽ പായയിട്ടാണ് മൂന്നുപേരും ഇരിക്കുന്നത്. കിടന്നുറങ്ങുന്നതും അവിടെ തന്നെ. ഞാൻ ഐ.സി.യുവിൽ നിന്ന് പുറത്തിറങ്ങുമ്പോഴും, അകത്ത് കയറുമ്പോഴും ഉടനെ ബഹുമാനത്തോടെ എഴുന്നേറ്റ് നിൽക്കും. ചിലപ്പോൾ എന്തെങ്കിലും ആവശ്യത്തിന് ഇവരെ വിളിച്ചു വരുത്തേണ്ടി വരുമ്പോൾ ആരെയും കാണില്ല. ഇവരെ തേടി നടക്കുന്നത് പ്രായോഗികമല്ലാത്തതുകൊണ്ട് രമേശിന്റെ അച്ഛന്റെ ഫോൺ നമ്പർ വാങ്ങിവച്ചു. ഒന്ന് രണ്ട് പ്രാവശ്യം ഇവരെ കാണാതായപ്പോൾ ഫോണിൽ വിളിച്ചാണ് ഐ.സി.യുവിലേക്ക് വരുത്തിച്ചത്.
മധുരൈക്കടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് രമേശിന്റെ കുടുംബം താമസിക്കുന്നത്. എല്ലാവരും കൃഷിപ്പണിക്കാരാണ്. ചെറിയ തോതിൽ പച്ചക്കറി കച്ചവടവുമുണ്ട്. തുച്ഛമായ വരുമാനമേ ലഭിക്കുന്നുള്ളൂ. രമേശ് നാട്ടിൽ വരുമ്പോഴൊക്കെ പണം കൊടുക്കാറുണ്ട്. ഇവരെല്ലാവരും അമ്മയുടെ (ജയലളിത) ഭക്തരാണ്. രമേശിന്റെ അപകടവാർത്തയറിഞ്ഞപ്പോൾ കയ്യിലുള്ളതും കടം വാങ്ങിയതുമായ 3000 രൂപയുമായാണ് കേരളത്തിലേക്ക് വണ്ടികയറിയത്. ഇത്ര കുറവ് പണം കൊണ്ട് എന്താവാൻ? അനുകമ്പ തോന്നിയ മറ്റ് രോഗികൾ കുറച്ചൊക്കെ പണം കൊടുത്ത് സഹായിക്കുന്നുണ്ട്. അടുത്തുള്ള അമ്പലത്തിൽ പോയപ്പോൾ ഒരാൾ 500 രൂപ കൊടുത്ത് സഹായിച്ചു. ദിവസവും കഞ്ഞി സൗജന്യമായി കിട്ടുന്നുണ്ട്.
വെന്റിലേറ്ററിൽ കിടന്ന ഒരാഴ്ച കാലയളവിൽ രമേശിന്റെ തൊണ്ടയിലുള്ള ശ്വാസക്കുഴൽ രണ്ട് തവണ പുറത്തുചാടി. ഒരിക്കൽ ചുമച്ചപ്പോൾ കുഴൽ പുറത്ത് ചാടിയതാണെങ്കിൽ, മറ്റൊരിക്കൽ വിഭ്രാന്തിയിൽ രമേശ് തന്നെ വലിച്ച് പുറത്തിടുകയായിരുന്നു. അന്ന് ഉടനടി ക്യാഷ്വാലിറ്റിയിൽ നിന്നും എമർജൻസി മെഡിസിൻ ഡോക്ടറെ കൊണ്ടുവന്ന് റീ-ഇൻട്യുബേറ്റ് ചെയ്യിക്കുകയായിരുന്നു. രമേശിന്റെ സ്ഥിതി മെച്ചപ്പെട്ടു വന്നപ്പോൾ ഈ ട്യൂബ് മാറ്റാനും, വായിലൂടെ ചെറിയ രീതിയിൽ ദ്രാവക ഭക്ഷണം കൊടുക്കാനും നിർദ്ദേശം കിട്ടി. കുറേ ദിവസങ്ങൾക്കു ശേഷമാണ് ഭക്ഷണം കഴിക്കുന്നതെന്നതുകൊണ്ട് ആദ്യം വളരെ കുറച്ച് മാത്രം ഭക്ഷണം കൊടുത്ത്, ക്രമേണ അളവ് കൂട്ടിക്കൊണ്ട് വരികയാണ് ചെയ്യുക. രമേശിനു കൊടുക്കാനായി ഒരു ഗ്ലാസ് ജ്യൂസ് വാങ്ങിക്കൊണ്ടുവരാൻ സഹ-ഹൗസ് സർജൻ അദ്ദേഹത്തിന്റെ അച്ഛനോട് പറഞ്ഞു. തങ്ങൾ വിദ്യാഭ്യാസമില്ലാത്തവരാണെന്നും, എന്താണ് വാങ്ങേണ്ടതെന്ന് എഴുതി തരണമെന്നുമായി ആ അച്ഛൻ. രാത്രിയാണ് സമയം. എല്ലാ തരം ജ്യൂസും അപ്പോൾ കിട്ടാൻ സാധ്യത ഇല്ലാത്തതുകൊണ്ട് ഏതെങ്കിലും ഒരു ജ്യൂസെങ്കിലും കൊണ്ടുവന്നോട്ടേ എന്ന് വിചാരിച്ച് സഹ-ഹൗസ് സർജൻ ഇങ്ങനെ എഴുതിക്കൊടുത്തു:
അല്പസമയം കഴിഞ്ഞ് വന്ന അച്ഛൻ, ഒന്നിനു പകരം നാലു കൂട്ടം ജ്യൂസുമായാണ് തിരിച്ചുവന്നത്! എല്ലാത്തിനും കൂടി 350 രൂപയും കൊടുത്തത്രേ. വാങ്ങിയതിലെ ഏതെങ്കിലും ഒരു ജ്യൂസ് മാത്രം അര ഗ്ലാസ് കൊടുത്താൽ മതിയെന്ന് നിർദ്ദേശിച്ചിട്ട്, സഹ-ഹൗസ് സർജൻ വാർഡിലേക്ക് പോയി. അടുത്ത ഷിഫ്റ്റിൽ ഐ.സി.യുവിലെത്തിയ ഞാൻ ഞെട്ടി. നാലു ഗ്ലാസ് ജ്യൂസ് മുഴുവനും രമേശിനെ കുടിപ്പിച്ചിരിക്കുന്നു! മകൻ വിശക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ രമേശിന്റെ അമ്മ സ്നേഹത്തോടെ നാലു ഗ്ലാസ് ജ്യൂസും കുടിപ്പിച്ചതാണത്രെ. ഇനി എന്തു വേണമെങ്കിലും സംഭവിക്കാം എന്നതുകൊണ്ട് ജാഗരൂകത കൈവെടിയാതെ അന്ന് രാത്രി രമേശിനു കൂട്ടിരുന്നു. എങ്കിലും പേടിച്ചതൊന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല, പിറ്റേ ദിവസം മുതൽ രമേശ് കഞ്ഞി കുടിക്കാനും തുടങ്ങി. സുഖമായതിനു ശേഷം രമേശിനെ വാർഡിലേക്ക് മാറ്റി.
പിന്നീടൊരിക്കൽ ഹോസ്പിറ്റലിൽ വച്ച് തന്നെ രമേശിനെയും അച്ഛനെയും കണ്ടു. ആദ്യം എനിക്ക് മനസിലായില്ലെങ്കിലും പറഞ്ഞു വന്നപ്പോൾ ആളെ പിടി കിട്ടി. ഫോളോ അപ്പ് വിസിറ്റിനു വന്നതായിരുന്നു അവർ. നല്ല പുരോഗതിയുണ്ടെന്നു പറഞ്ഞു.
ഇപ്പോൾ ഇത് എഴുതാൻ കാരണം, രമേശിന്റെ അച്ഛൻ കഴിഞ്ഞ ദിവസം എന്നെ ഫോണിൽ വിളിച്ചു. അറിയാവുന്ന കുറച്ച് തമിഴ് വച്ച്, രമേശിന്റെ ജ്യേഷ്ഠന്റെ കല്യാണത്തിന് എന്നെ ക്ഷണിക്കാനാണ് വിളിച്ചത് എന്ന് ഞാൻ മനസിലാക്കി. മംഗളങ്ങൾ ആശംസിച്ചു.
(2015 നവംബർ മാസം എഴുതിയ അനുഭവക്കുറിപ്പ്)
*പഠനത്തിന്റെ ഭാഗമായി ഒരു വർഷം സീനിയർ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിത്സ നടത്തുന്ന ജൂനിയർ ഡോക്ടർ
“താനിപ്പോൾ എവിടാ?,” ഫേസ്ബുക്കിൽ പിങ് ചെയ്ത അത്ര പരിചയമൊന്നുമില്ലാത്ത ഒരു സുഹൃത്തിന്റേതാണ് ചോദ്യം.
“ഞാൻ..ഞാൻ കഴിഞ്ഞ ആഴ്ച ഇന്ത്യയിലുണ്ടാർന്നു,” സത്യസന്ധമായി ഞാൻ ഉത്തരം പറഞ്ഞു.
“ഇന്ത്യയോ..അതുശരി. ഇപ്പോൾ അങ്ങ് അമേരിക്കയിലായിരിക്കുമല്യോ?”
അതെ എന്നായിരുന്നു എന്റെ ഉത്തരം. കാരണം ഞാനപ്പോൾ ശരിക്കും അമേരിക്കയിലായിരുന്നു. കൃത്യമായി പറഞ്ഞാൽ വാഷിങ്ടൺ ഡി.സിയിലെ ഡ്യുപോണ്ട് സർക്കിളിൽ. കഴിക്കാൻ വല്ലതും കിട്ടുമോ എന്ന് അന്വേഷിച്ചിറങ്ങിയപ്പോഴാണ് ഈ പരിചയക്കുറവുള്ള സുഹൃത്ത് ഫേസ്ബുക്കിൽ മെസേജിടുന്നത്. (അപ്പപ്പോൾ മറുപടി പറഞ്ഞിരുന്ന ആ കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ സൗകര്യമുള്ളപ്പോൾ മാത്രമേ മെസേജുകൾക്ക് റിപ്ലൈ കൊടുക്കാറുള്ളൂ)
വാഷിങ്ടണിൽ ഞാനെത്തിയത് സ്വതന്ത്രവിജ്ഞാന സംരംഭങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ കോൺഫറൻസായ അഡാ ക്യാമ്പിൽ പങ്കെടുക്കാനാണ്. അന്ന് ഇന്നത്തെപ്പോലെ ഒരുപാട് യാത്രചെയ്തുള്ള പരിചയമൊന്നുമില്ല. കൂടയുള്ളത് വിക്കിമാനിയയിൽ പങ്കെടുക്കാൻ വന്ന വിശ്വേട്ടനും. വിശ്വേട്ടൻ എന്നത്തെയും പോലെ നല്ല ഫോമിലായിരുന്നു. ‘അമേരിക്ക വലിയ സംഭവമാണ്, ഇമ്മിഗ്രേറ്റ് ചെയ്യാൻ പറ്റിയ കണ്ട്രി ആണ്, എനിക്ക് തിരിച്ചു പോകാനേ തോന്നില്ല’ എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നു. കോൺഫറൻസ് വിസയുമായി വന്ന ഞങ്ങളുടെ ഈ പറച്ചിൽ കസ്റ്റംസ് ഓഫീസർ കേട്ടിരുന്നെങ്കിൽ ഞങ്ങളെ രണ്ടിനേം അടുത്ത വണ്ടിക്ക് നാട്ടിലേക്ക് കേറ്റിവിട്ടേനെ. വർഷം 2012 ആണ്. ഡിങ്കന്റെ മഹത്വം ബോധ്യപ്പെട്ടിട്ടില്ലാതിരുന്ന കാലമായതുകൊണ്ട് ബാക്കിയുള്ള എല്ലാ ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിച്ചു. അവസാനം, പ്രാർത്ഥനയ്ക്ക് ഫലമുണ്ടായി. ക്വ്യൂവിൽ പിന്നിലായിരുന്നത് കൊണ്ട് വിശ്വേട്ടൻ എന്റെയൊപ്പം എത്തിയില്ല. ചില്ലുകൂട്ടിലിരിക്കുന്ന മദാമ്മച്ചേച്ചി ‘നാട്ടിൽ നിന്നും കുറ്റിയും പറിച്ച് അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ വേണ്ടി വന്നതാണോ ബ്ലഡി ഫൂൾ’ എന്ന് ചോദിച്ചതുമില്ല. ആറു മാസത്തെ സ്റ്റേയും, സീലും പതിച്ചു തന്ന് അപ്രത്തേക്ക് കടത്തിവിട്ടു.
വെൽക്കം റ്റു അമേരിക്ക. നൈസ് റ്റു മീറ്റ് ജ്യോതിസേട്ടൻ (ജ്യോതിസ്+ഏട്ടൻ).
അറൈവൽ ഹാളിൽ ജ്യോതിസേട്ടനുണ്ട്. വിക്കിമീഡിയയിൽ സ്റ്റെവാർഡും, മലയാളം വിക്കിപീഡിയയിൽ അഡ്മിനുമാണ് ജ്യോതിസേട്ടൻ. ആദ്യമായാണ് പുള്ളിയെ കാണാൻ പോകുന്നത്. ഐപാഡിൽ വിക്കിപീഡിയയുടെ ഗ്ലോബ് എംബ്ലം കാണിച്ചാണ് ജ്യോതിസേട്ടൻ ഇര പിടിക്കുന്നത്. ഞാൻ വന്ന് നോക്കിയപ്പോഴേക്കും എംബ്ലം കണ്ട വേറെയും കുറേ വിക്കിപീഡിയക്കാര് ജ്യോതിസേട്ടന്റെ കൂടെ കൂടിയിട്ടുണ്ട്. വിശ്വേട്ടൻ എന്ന സ്പെഷ്യൽ ഗസ്റ്റിനെ കൊണ്ടുപോകാൻ വേണ്ടി പുള്ളിയുടെ ഒരു പഴയകാല സുഹൃത്ത് ലോറിയും വിളിച്ച് എത്തിയിട്ടുണ്ട്. വിക്കിപീഡിയക്കാരെയൊക്കെ ലോറിയിലേക്ക് കയറ്റി വിട്ട്, എഡാ ക്യാമ്പർ ആയ ഞാനും, അമേരിക്കക്കാരനായ ജ്യോതിസേട്ടനും, ഇറാൻകാരനും ഇസ്ലാമിക തീവ്രവാദിയുമല്ലാത്ത ഷഹീദിനെ കാത്ത് ഇരിപ്പായി (സ്വദേശം ഇറാനാണെങ്കിൽ, താൻ തീവ്രവാദിയല്ല എന്ന് തെളിയിക്കേണ്ട burden of proof ഇറാൻകാരനു തന്നെയാണ്. ഇത്തവണത്തേക്ക് മാത്രം ആ ബർഡൻ ഞാൻ ഏറ്റെടുക്കുന്നു).
അര മണിക്കൂറിനകം ഷഹീദ് സ്റ്റൈലായിട്ട് വന്നു. ജ്യോതിസേട്ടൻ ഞങ്ങളെ രണ്ടാളെയും അവരവരുടെ ഹോട്ടലുകളിലേക്ക് കൊണ്ടുവിട്ടു. വണ്ടിയിലിരുന്ന സമയം മുഴുവനും ഷഹീദ് ഇറാനെയും അവിടത്തെ കരിനിയമങ്ങളെയും തെറിവിളിച്ചുകൊണ്ടിരുന്നു. കുറച്ചൊക്കെ മയത്തിൽ ആകാമെന്നും, ഇറാൻ കുറച്ചൊക്കെ മോശപ്പെട്ട രാജ്യമാണെങ്കിലും, ഇത്രയ്ക്കങ്ങട് മോശമല്ല എന്ന് ഇറാനെപ്പറ്റി ഒരു ചുക്കും അറിയാത്ത ഞാനും ജ്യോതിസേട്ടനും പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ ഇറാനിൽ വളരെ ഭംഗിയുള്ള സ്ഥലങ്ങളുണ്ടെന്നും, അവിടത്തെ ആളുകളൊക്കെ സുന്ദരന്മാരുമാണെന്ന് ഷഹീദ് പറഞ്ഞപ്പോൾ, ഞങ്ങൾ മലയാളികളുടെ ദേശസ്നേഹം ഉണർന്നു. ‘കേരളത്തിനു മുന്നിലൊക്കെ ഇറാൻ മുട്ടുകുത്തി നിൽക്കുമെടോ തീവ്രവാദീ’ എന്നൊക്കെ പറയാനാണ് തോന്നിയതെങ്കിലും വളരെ തന്ത്രപൂർവ്വം ഭാഷയ്ക്കൊരു മയം വരുത്തി കേരളവും ഭംഗിയുള്ള സ്ഥലമാണെന്നൊക്കെ പറഞ്ഞു നോക്കി.
കൊച്ചു കുട്ടിയായ എനിക്ക് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യാൻ അറിയില്ല എന്ന് അനുമാനിച്ച ജ്യോതിസേട്ടൻ, എന്നെയും കൂട്ടി ഹോട്ടലിലെത്തി. അപ്പോഴാണ് എനിക്ക് വേണ്ടി ഗൂഗിൾ റൂം ബുക്ക് ചെയ്ത ക്രെഡിറ്റ് കാർഡ് എക്സ്പയർ ആയതാണ് എന്ന നഗ്ന സത്യം റിസപ്ഷനിസ്റ്റ് പറയുന്നത്. ജ്യോതിസേട്ടൻ അപ്പോൾ തന്നെ സ്വന്തം ക്രെഡിറ്റ് കാർഡ് എടുത്ത് കൊടുത്തു. ഗൂഗിളിന്റെ ട്രാവൽ ഏജൻസിയിലേക്ക് വിളിച്ച് ഞാനും സംസാരിച്ചു. അപ്പോൾ തന്നെ ഏജൻസി ഇടപെട്ട് കാർഡ് പ്രശ്നം പരിഹരിച്ചു.
ഞാൻ താമസിച്ച ഹോട്ടൽ
അങ്ങനെ ഹോട്ടലിലെത്തി. മുറിയുടെ ലുക്ക് കണ്ട് ഞെട്ടി. ഒരു മിനി ലൈബ്രറി വരെ ഒരുക്കിയിരിക്കുന്നത് കണ്ട് കണ്ണ് നിറഞ്ഞുപോയി. ചുവരിൽ ധാരാളം പെയിന്റിങ്ങുകളുമുണ്ട്. നുള്ളി നോക്കിയപ്പോൾ വേദനയുണ്ട്. ഭാഗ്യം. സ്വപ്നമല്ല. പിന്നീട് മനസിലാക്കിയത് 1835-ലാണ് ഈ ഹോട്ടൽ പണികഴിപ്പിച്ചതെന്നാണ്. അന്നുള്ള പോലെത്തന്നെ മുറികളുടെ അകത്തളം നിലനിർത്തിയിട്ടുണ്ടെന്നാണ് ഹോട്ടലുകാരുടെ അവകാശവാദം. ഹോട്ടലിനു ചുറ്റും 1800-കളിൽ പണികഴിപ്പിച്ച സ്വകാര്യ വസതികളുമുണ്ട്. ആദ്യം പണികഴിപ്പിച്ചത് 1800-കളിൽ ആണെങ്കിലും കാലാനുസൃതമായ മാറ്റങ്ങൾ എന്തായാലും വരുത്തിക്കാണണം. ഇവിടന്ന് വൈറ്റ് ഹൗസിലേക്ക് നടക്കാനുള്ള ദൂരമേ ഉള്ളൂ. എന്നു വച്ച് നേരെ നടന്നങ്ങ് കയറിയാൽ പിന്നെ പുറം ലോകം കാണേണ്ടിവരില്ല എന്നായിരുന്നു ധാരണ. അതുകൊണ്ടു തന്നെ അങ്ങട് പോയതുമില്ല. പിന്നീട്, കൂടെയുള്ള ചിലരൊക്കെ വൈറ്റ് ഹൗസിനു മുന്നിൽ നിന്ന് ചിത്രമെടുത്ത് ഫേസ്ബുക്കിലിട്ടപ്പോഴാണ് നഷ്ടബോധം വന്നത്.
ഹോട്ടൽ റൂമിന്റെ അകത്തളം. (കണ്ണ് നിറയുന്നുണ്ടോ?)
രാവിലത്തെ ഭക്ഷണം ഹോട്ടലിൽ തന്നെയുള്ള റെസ്റ്ററെണ്ടിലായിരുന്നു. ഭക്ഷണം ഫ്രീ ആണെങ്കിലും 0.00 ഡോളറിന്റെ ബില്ല് അടിച്ചു കിട്ടും. നമ്മൾ ടിപ്പ് കൊടുക്കാതെ പോകാതിരിക്കാനുള്ള ടെക്നിക് ആണിത്. ഒരു ഡോളർ ടിപ്പും വച്ച് എഡാ ക്യാമ്പ് നടക്കുന്ന വാഷിങ്ടൺ പോസ്റ്റിന്റെ ഓഫീസിലേക്ക് വച്ചടിച്ചു. അവിടെ വച്ച് സംഭവിച്ചതെല്ലാം ദേ ഇവിടെ ഉണ്ട്.
അങ്ങനെ എഡാ ക്യാമ്പിനു ശേഷം വാഷിങ്ടണിൽ തെണ്ടിത്തിരിയാൻ ആകെ കിട്ടിയത് ഒരു ദിവസമാണ്. വിശ്വേട്ടനടക്കമുള്ള മലയാളി പുലികളൊക്കെ വിക്കിമാനിയക്ക് പോയതുകൊണ്ട് ഒറ്റയ്ക്ക് പോകൽ മാത്രമേ നിവൃത്തിയുള്ളൂ. ഹോട്ടലിൽ നിന്നും ഒരു മാപ്പും (map) സംഘടിപ്പിച്ച് ടാസ്കി വിളിച്ച് നേരെ ലിങ്കൺ മെമ്മോറിയലിലേക്ക് വച്ചടിച്ചു. അവിടെ എത്തിയപ്പോൾ എനിക്ക് പെരുത്ത് സന്തോഷമായി. കാരണമെന്തെന്നോ? മാപ്പിൽ കാണിക്കുന്ന പോലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളൊക്കെ രണ്ട് മൈൽ ചുറ്റളവിൽ ആണുള്ളത്. വൈകുന്നേരത്തിനുള്ളിൽ എല്ലായിടത്തും കയറിയിറങ്ങി തീർക്കുകയെങ്കിലും വേണമെന്ന് ഉറപ്പിച്ചു. ലീവ് കിട്ടിയ ഹൗസ് സർജനെപ്പോലെ ഞാൻ തുള്ളിച്ചാടി.
ലിങ്കണും ഞാനും. ഇങ്ങേർ ഇത്ര വലിയ സംഭവമാണെന്ന് നേരിട്ട് കണ്ടപ്പോഴാണ് മനസിലായത്.
തൊട്ടടുത്ത് തന്നെ ജഫേഴ്സൺ മെമ്മോറിയലും, യുദ്ധ സ്മാരകങ്ങളും, വാഷിങ്ടൺ സ്തൂപവുമൊക്കെ ഉണ്ട്. എല്ലായിടത്തും ഓടിക്കേറി എന്ന് വരുത്തി. തുരുതുരാ ചിത്രങ്ങളുമെടുത്തു.
വാഷിങ്ടൺ സ്തൂപം
ലിങ്കൺ മെമ്മോറിയൽ
ജെഫേഴ്സൺ മെമ്മോറിയയിൽൻ നിന്നും
ജെഫേഴ്സൺ മെമ്മോറിയൽ
നാഷണൽ മാളിലെ പാർക്ക്
പോട്ടോമാക്ക് നദി
എല്ലാം കഴിഞ്ഞപ്പോഴേക്കും ഉച്ചയായി. വഴിയിലുള്ള ഫുഡ് ട്രക്കിൽ നിന്നും ഹോട്ട് ഡോഗ് വാങ്ങി കഴിച്ചു. അടുത്തുള്ള ഗിഫ്റ്റ് ഷോപ്പിൽ നിന്ന് കുറച്ച് ഷോപ്പിങ്ങും ചെയ്തു. പിന്നീട് പോയത് സ്മിത്സോണിയൻ ന്യാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലേക്കാണ്. നാലാൾ പൊക്കമുണ്ട് ഇവിടുത്തെ വൂളി മാമ്മത്തിന്റെ പ്രതിമയ്ക്ക്. ഗലാക്കാ മരതകവും, ഹോപ്പ് ഡയമണ്ടും ഇവിടെയാണുള്ളത്. മ്യൂസിയം കാണാൻ വന്നവരിൽ അധികവും സ്കൂൾ വിദ്യാർത്ഥികളും അവരുടെ ടീച്ചർമാരുമാണ്. ഓരോ എക്സിബിറ്റും കാണിച്ച് കൊടുത്ത് വിശദമായി തന്നെ പറഞ്ഞു കൊടുക്കുന്ന ടീച്ചർമാർ. വർത്തമാനം പറഞ്ഞതിന് തല്ലു വാങ്ങിയിരുന്ന സ്വന്തം കുട്ടിക്കാലം ഓർത്തുപോയി. മ്യൂസിയത്തിൽ ഗവേഷണത്തിനുള്ള സൗകര്യവുമുണ്ട്.
വൂളി മാമ്മത്തിന്റെ പ്രതിമ
ഹോപ്പ് ഡയമണ്ട്
ഗിഫ്റ്റ് ഷോപ്പ്
മ്യൂസിയത്തിനുള്ളിൽ
ഒരു എക്സിബിറ്റ്
അതിനുശേഷം എയർ ആന്റ് സ്പേസ് മ്യൂസിയത്തിലും, അമേരിക്കൻ ഹിസ്റ്ററി മ്യൂസിയത്തിലും കയറി എന്ന് വരുത്തി. അഞ്ച് മണിക്ക് ഫോട്ടോഷൂട്ട് ഉണ്ടായിരുന്നതുകൊണ്ട് വേഗം വഴിയിൽ കണ്ട ടാക്സി പിടിച്ച് വിക്കിമാനിയ നടക്കുന്ന മാർവിൻ സെന്ററിലെത്തി. അവിടെ ഫോട്ടോ എടുക്കാനുള്ള എല്ലാ സന്നാഹങ്ങളുമായി ആഡം നോവക്ക് കാത്തിരിക്കുന്നുണ്ടായിരുന്നു. ഫോട്ടോ എടുക്കുമ്പോൾ എന്നെ ചിരിപ്പിക്കാൻ വേണ്ടി ജ്യോതിസേട്ടനെയും ഏർപ്പാടാക്കി.
ആഡം നോവക്ക് എടുത്ത പടം. സി.സി-ബൈ-എസ്.എ. വിക്കിമീഡിയ കോമൺസ്.
അങ്ങനെ, നാട്ടിലേക്ക് തിരിച്ചു പോകാൻ സമയമായി. ഷൂട്ട് ഒക്കെ കഴിഞ്ഞ് സമയം കുറേ ആയതുകൊണ്ട് ജ്യോതിസേട്ടൻ സ്പീഡിൽ വണ്ടി വിട്ടു. ഭാഗ്യത്തിന് ഫ്ലൈറ്റ് പോകുന്നതിനു ഒന്നര മണിക്കൂർ മുൻപ് തന്നെ എയർപോർട്ടിൽ എത്താൻ പറ്റി. ഖത്തർ എയർവേസിന്റെ ഫ്ലൈറ്റിലുള്ള അമേരിക്കൻ യാത്രയെപ്പറ്റി ഇവിടെ എഴുതിയിട്ടുണ്ട്. വാഷിങ്ടൺ മുഴുവനായി കാണണമെങ്കിൽ ദിവസങ്ങളോ, മാസങ്ങൾ തന്നെയോ വേണ്ടി വന്നേക്കാം. കുറച്ച് കാശൊക്കെ ഉണ്ടാക്കിയ ശേഷം ഭർത്താവിനേം കൂട്ടി ഒന്നുകൂടി പോകണം എന്ന് ആഗ്രഹമുണ്ട്. നടക്കുമോന്നറിയില്ല.
4 ജനുവരി 2013-ന് ഗൂഗിൾ പ്ലസ്സിൽ പ്രസിദ്ധീകരിച്ച പോസ്റ്റിന്റെ പുനഃപ്രസിദ്ധീകരണമാണിത്.
മാവൂർ ജി.യു.പി സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് എടുക്കാൻ പോയിരുന്നു. വ്യക്തിശുചിത്വവും, സാംക്രമിക രോഗങ്ങളും, കുത്തിവെപ്പുകളും ഒക്കെയായിരുന്നു വിഷയങ്ങൾ. 30 ഓളം കുട്ടികളുള്ള ആറാം ക്ലാസിലാണ് പഠിപ്പിക്കേണ്ടിയിരുന്നത്. പ്രൊജക്ടർ സൗകര്യം ഇല്ലാത്തതിനാൽ ചാർട്ടുകൾ വരച്ച് കൊണ്ടുപോകുകയാണ് ചെയ്തത്. ക്ലാസ് കേൾക്കാൻ കുട്ടികൾക്കൊക്കെ ഭയങ്കര ഉത്സാഹം. ചിലര് നോട്ട്സ് എഴുതി എടുക്കുന്നുമുണ്ട്. പറഞ്ഞു കൊടുത്തു കൊണ്ടിരിക്കുന്നതിനിടയിൽ തന്നെ യാതൊരു സങ്കോചവും കൂടാതെ ചോദ്യങ്ങൾ ചോദിക്കും. ചിലപ്പോൾ നമ്മൾ പറയുന്ന കാര്യത്തെപ്പറ്റി ഒരു ബന്ധവുമില്ലാത്ത ചോദ്യങ്ങളാവും ചോദിക്കുക. “ക്രിക്കറ്റുകാർ മുഖത്ത് ടൂത്ത്പേസ്റ്റ് തേക്കുന്നതെന്തിനാണ്” എന്നതായിരുന്നു ഒരു വിരുതന്റെ ചോദ്യം. ഡോക്ടറാവാൻ പഠിക്കുന്ന ചേച്ചിയാണെന്ന് പറഞ്ഞപ്പോൾ രണ്ട് കുട്ടികൾ കൺസൾട്ടേഷന് വന്നു. പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ, “ടീച്ചറേ, എന്റെ കയ്യിൽ ഒരു ചൊറിയുണ്ട്, നോക്കിക്കേ?” എന്ന് പറഞ്ഞാണ് ബെഞ്ച് ചാടി വരുന്നത്. മറ്റെയാൾക്ക് നെറ്റിയിൽ മുറിവുണ്ട്, അത് ഉണങ്ങുന്നില്ല എന്നതാണ് പരാതി. രണ്ട് ദിവസം മുൻപ് ക്രിക്കറ്റ് കളിക്കാൻ പോയപ്പോൾ വീണ് മുറിഞ്ഞതാണ്. ആദ്യത്തെയാളെ തൊട്ടടുത്ത പി.എച്ച്.സിയിലേക്ക് റെഫർ ചെയ്തു. രണ്ടാമത്തെയാൾക്ക് മുറിവ് ഉണങ്ങുന്നതെങ്ങനെ, മുറിവ് അണുബാധ വരാതെ സൂക്ഷിക്കേണ്ടതെങ്ങനെ എന്നൊക്കെ കഴിയാവുന്നത്ര സിമ്പിളാക്കി പറഞ്ഞുകൊടുത്തു. പ്രൊജക്ട് ചെയ്യാൻ വേണ്ടി ശാസ്ത്ര പുസ്തകത്തിലുള്ള ഒരു ചോദ്യത്തിന്റെ ഉത്തരമാണ് മറ്റ് രണ്ട് പേർക്ക് അറിയേണ്ടിയിരുന്നത്. ക്ലാസ് കഴിഞ്ഞപ്പോൾ ലീഡർ മുന്നോട്ട് വന്ന് നന്ദി പറഞ്ഞു. അടുത്തത് ഇന്റർവെൽ ആയിരുന്നു. അപ്പോൾ നാലഞ്ച് കുട്ടികൾ ഞങ്ങളെ ഫോളോ ചെയ്ത് സ്റ്റാഫ് റൂമിൽ എത്തി, ടീച്ചറുടെ വീടെവിടെയാണ്, പഠിക്കുന്നതെവിടെയാണ്, നാളെയും ക്ലാസ് എടുക്കാൻ വരുമോ എന്നൊക്കെ ചോദിച്ചു. എല്ലാം കഴിഞ്ഞ് തിരിച്ചു പോകുമ്പോഴും നാലഞ്ച് പിള്ളേർ ‘ടീച്ചർ റ്റാറ്റാ, ടീച്ചർ റ്റാറ്റാ” എന്ന് പറഞ്ഞ് രണ്ടാമത്തെ നിലയിലുള്ള ക്ലാസ് റൂമിന്റെ ജനലിലൂടെ കൈവീശുകയാണ്.
മാവൂർ ജി.യു.പി സ്കൂളിന്റെ പ്രവേശനകവാടത്തിനരികെ
ഞാൻ യു.പി സ്കൂളിൽ പഠിച്ചിരുന്ന കാലം ഓർത്തുപോയി. കർണ്ണാടകയിലെ ഒരു പ്രൈവറ്റ് സ്കൂളിലാണ് പഠിച്ചത്. ക്ലാസിൽ ടീച്ചർ വന്ന് എന്തെങ്കിലുമൊക്കെ പറയും. എല്ലാവരും മിണ്ടാതെ അത് കേൾക്കും. ടീച്ചർ പാഠത്തിന്റെ അവസാനം കൊടുത്തിട്ടുള്ള നാലഞ്ച് ചോദ്യങ്ങളുടെ ഉത്തരം ബോർഡിൽ എഴുതും. അത് അതേപോലെ നോട്ടുബുക്കിൽ പകർത്തി വയ്ക്കും. പരീക്ഷയ്ക്ക് വരാൻ സാധ്യത ഉള്ള ചോദ്യങ്ങൾ മാർക്ക് ചെയ്തു തരും. അത് മാത്രം പഠിക്കും. ഒരൊറ്റ സംശയം പോലും ചോദിച്ചതായി ഓർമ്മയില്ല. ആറു മാസം കൂടുമ്പോൾ ഡോക്ടർ പരിശോധിക്കാൻ വരും. ചിലപ്പോൾ ക്ലാസും എടുക്കും. ആരും ചോദ്യമൊന്നും ചോദിക്കില്ല.
ഇപ്പഴത്തെ കുട്ടികളെയൊക്കെ പഠിപ്പിച്ചും, കളിപ്പിച്ചും, പ്രൊജെക്ട് ചെയ്യിച്ചും കൊണ്ടുനടക്കുന്ന ടീച്ചർമാരെയൊക്കെ നമിച്ചു പോയി. എന്നാലും ഇവർ ചോദ്യങ്ങൾ ചോദിച്ചും, ചുറ്റുപാടുമുള്ള കാര്യങ്ങൾ മനസിലാക്കിയും വളരുന്നുണ്ട് എന്നത് എന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്.