വീണ്ടും തല്ലിനെക്കുറിച്ച് തന്നെ. തല്ല് ഉണ്ടാക്കാൻ സാദ്ധ്യതയുള്ള ചില കൂട്ടിരിപ്പുകാരെ നമ്മൾ മുന്നേ പരിചയപ്പെട്ടു. ഈ പോസ്റ്റിൽ തല്ല് അല്ലെങ്കിൽ സൈബർ ലിഞ്ചിങ് കിട്ടിയ ശേഷം ഡോക്ടർമാർ എന്ത് ചെയ്യണം എന്നതിനെക്കുറിച്ചാണ് പരാമർശിക്കുന്നത്. പതിവുപോലെ ഡിസ്ക്ലൈമർ വച്ച് തന്നെ തുടങ്ങാം. എനിക്ക് കോൺഫ്ലിക്റ്റ് റിസൊല്യൂഷനിലോ, സൈബർ നിയമത്തിലോ യാതൊരു പരിചയവും ഇല്ല. യുക്തിസഹവും, പ്രായോഗികവും ആണെന്ന് തോന്നുന്ന കാര്യങ്ങൾ പറയുന്നു എന്നേ ഉള്ളൂ. അതുകൊണ്ട് സ്വാഭാവികമായും തെറ്റുണ്ടാവാം. ഞാൻ പരാമർശിക്കാൻ വിട്ടുപോയ കാര്യങ്ങളും, തെറ്റായി പരാമർശിച്ച കാര്യങ്ങളും കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുകയാണെങ്കിൽ വായനക്കാർക്ക് ഉപകാരമായേക്കും.
സൈബർ ലിഞ്ചിങ് വച്ച് തന്നെ തുടങ്ങാം. ഇത് പുതിയ വാക്കാണ്. സൈബർ ഹറാസ്മെൻ്റിനെക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്ന കുറ്റകൃത്യമാണിത്. ആൾക്കൂട്ടം വ്യക്തിയെ(കളെ) ആക്രമിക്കാൻ വേണ്ടി സൈബർ സ്പേസിൽ അനിയന്ത്രിതമായി വ്യക്തിഹത്യയും, അസഭ്യം വിളിയും, ഭീഷണികളും നടത്തുന്നതിനെയാണ് സൈബർ ലിഞ്ചിങ് എന്ന് വിളിക്കുന്നത്. നേരിട്ട് വന്ന് തല്ലുന്നതിനെക്കാൾ എളുപ്പവും, പൊലീസിനു പോലും കാര്യമായി ഇടപെടാൻ കഴിയാത്തതും ആയ വിഷയമായതുകൊണ്ട് കേരളത്തിൽ സൈബർ ലിഞ്ചിങ് ഇനിയും കൂടാനേ സാദ്ധ്യതയുള്ളൂ. വരും വർഷങ്ങളിൽ കേരളത്തിൽ ഇൻ്റർനെറ്റ് ഉപഭോഗം കേരളത്തിൽ ഇനിയും കൂടും. ഇതുകൊണ്ട് ഭാവിയിൽ കൂടുതൽ പേർ സോഷ്യൽ മീഡിയയിലേക്ക് കടന്നുവരാം. ഇവരിൽ പലർക്കും ഇൻ്റർനെറ്റിൽ ഇടപഴകുമ്പോൾ പാലിക്കേണ്ട സാമാന്യമര്യാദകൾ അറിയണമെന്നില്ല. യഥാർത്ഥ ലോകത്തിൽ മറ്റുള്ളവരോട് ഇടപഴകുന്നത് എങ്ങനെയാണെന്നത് നമ്മളെ മുതിർന്നവർ പഠിപ്പിച്ചു തന്നിട്ടുണ്ട്. പക്ഷെ, വിർച്വൽ ലോകത്തിൽ ഇത് എങ്ങനെ നടപ്പാക്കുമെന്ന് ആരും പഠിപ്പിച്ചിട്ടില്ല, ആർക്കും സ്വയം പഠിക്കാൻ താല്പര്യവുമില്ല. പലരും യാതൊരു ഉത്തരവാദിത്വവും ഇല്ലാതെയാണ് സോഷ്യൽ മീഡിയയിൽ ഇടപെടുന്നത്. ഇവിടെ സ്വന്തം പേരിലും, ഫേക്ക് ഐഡികളിലും വന്ന് വായിൽ തോന്നിയത് വിളിച്ചുപറയുകയും, നടിമാരെ ‘മര്യാദ’ പഠിപ്പിക്കുകയും, ഫാൻസ് അസോസിയേഷനു വേണ്ടി അപരനെ തെറി വിളിക്കുകയും, അന്യരെ മതപ്രബോധനം നടത്തുകയും, വിദ്വേഷരാഷ്ട്രീയം ഉൾക്കൊള്ളുന്ന പോസ്റ്റുകൾ ഷെയർ ചെയ്യുകയും, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്നത് വലിയ സാമൂഹ്യവിപത്ത് തന്നെയാണ്. ഇത്തരത്തിലുള്ള സൈബർ ക്രൈമുകളെ നേരിടാൻ ശക്തമായ ബോധവൽക്കരണം മാത്രമാണ് പ്രതിവിധി. സ്കൂൾ ടെക്സ്റ്റുബുക്കുകളിൽ ‘സൈബർ മര്യാദ’യും, ‘സൈബർ അച്ചടക്ക’വും പാഠ്യവിഷയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
സൈബർ ലിഞ്ചിങ് നേരിട്ടാൽ രണ്ട് കൂട്ടരെയാണ് ആദ്യം അറിയിക്കേണ്ടത്: പൊലീസിനെയും, ഐ.എം.എ അഥവാ നിങ്ങൾ അംഗമായിട്ടുള്ള മറ്റേതെങ്കിലും ഡോക്ടർമാരുടെ സംഘടനയെയും. നിങ്ങളെ ലിഞ്ച് ചെയ്തുകൊണ്ടിരിക്കുന്ന അതേ പോസ്റ്റിൽ വിശദീകരണവുമായി ഒരിക്കലും ഇടപെടരുത്. അവിടെ ഇടപെട്ടാൽ നിങ്ങൾ കൂടുതൽ ലിഞ്ചിങ് ഏറ്റുവാങ്ങുകയേ ഉള്ളൂ. ലിഞ്ചിങ്ങിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗവും നിങ്ങളെക്കുറിച്ചോ, നടന്ന സംഭവത്തെക്കുറിച്ചോ ഒന്നും അറിയാത്തവരാകും. ഇവർ തങ്ങളുടെ മനസ്സിലുള്ള മാലിന്യം അതേപടി ഫേസ്ബുക്ക് ചുമരിൽ ഒട്ടിച്ച് വയ്ക്കുകയാണ് ചെയ്യുന്നത്. നിങ്ങൾ ഇവിടെ ഇടപെട്ടാൽ ഇവർ വളഞ്ഞിട്ട് ആക്രമിക്കുകയേ ഉള്ളൂ. സൈബറിടത്തിൽ ബുള്ളിയിങ് നടത്തുന്ന ‘സൈബർ ബുള്ളി’കളെ കുറിച്ച് അധികം പഠനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, ഉള്ള അറിവും, പരിചയവും വച്ച് മനസിലാകുന്നത് ഇപ്രകാരമാണ്: ടീനേജ് പ്രായത്തിലുള്ളവരും, യുവാക്കളുമാണ് ബുള്ളിയിങ്ങിൽ കൂടുതലായും പങ്കെടുക്കുന്നത്. ഇവർക്ക് സ്വന്തം കഴിവിൽ അത്ര വിശ്വാസം പോരാ. മറ്റുള്ളവരെ ഇകഴ്ത്തിയാലാണ് തങ്ങൾക്ക് കൂടുതൽ ശ്രദ്ധയും, പരിഗണനയും കിട്ടുന്നതെന്നാണ് ഇവർ ചിന്തിക്കുന്നത്. എന്ത് കോപ്രായം കാണിച്ചിട്ടാണെങ്കിലും ‘ആളാകണം’ എന്നതാണ് ഇവരുടെ തത്വം. ഇവരിൽ പലരും ചിന്തിക്കുന്നത് ഇൻ്റർനെറ്റ് ഒരു അരാജക ഇടമാണെന്നാണ്. ഇൻ്റർനെറ്റിൽ വന്ന് എന്ത് വിളിച്ച് പറഞ്ഞാലും ഒരു പ്രത്യാഘാതവും ഉണ്ടാകില്ല എന്നാണ് ഇവർ വിചാരിക്കുന്നത്. മറ്റുള്ളവർ, പ്രത്യേകിച്ചും, പണവും, പ്രശസ്തിയും, വിദ്യാഭ്യാസവും ഉള്ളവർ, അന്യായമായാണ് ഇവയൊക്കെ സമ്പാദിച്ചതെന്നും, അതുകൊണ്ട് ഇവരെ കുത്തിനോവിക്കുന്നതിൽ തെറ്റില്ല എന്നും ഇവർ വിശ്വസിക്കുന്നുണ്ടാവാം. എനിക്ക് തോന്നുന്നത്, ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ ചെയ്താൽ ശക്തമായ നിയമനടപടിയുണ്ടാകും എന്ന് ഇവർക്ക് ബോധ്യമായാൽ ഒരു പരിധി വരെ സൈബർ ലിഞ്ചിങ് നിയന്ത്രിക്കാവുന്നതേ ഉള്ളൂ.

ഒരു ത്രില്ലിനു വേണ്ടി, കൂട്ടുകാരെയും വിളിച്ചുവരുത്തി പോസ്റ്റുകൾക്ക് കീഴെ ചെന്ന് തെറി വിളിക്കുന്നവരുമുണ്ട്. കൂട്ടുകാരുടെ സപ്പോർട്ട് ഉണ്ടാകുമ്പോൾ, ഒറ്റയ്ക്കായിരുന്നാൽ ചെയ്യാൻ പേടിയുള്ള കാര്യങ്ങൾ കൂടി ചെയ്യാനുള്ള ധൈര്യം ഉണ്ടായി വരും. സുഹൃദ് വൃന്ദത്തിൽ ആരാണ് കൂടുതൽ കേമൻ എന്ന് തമ്മിൽ തമ്മിൽ തെളിയിക്കേണ്ട അലിഖിത നിയമം ഉള്ളതുകൊണ്ട് ഇതിൽ ഒരുത്തൻ പിതാമഹന്മാരെ സ്മരിച്ചാൽ അടുത്തവൻ ഒരു ലെവൽ കൂടി കൂട്ടി ബലാത്സംഗത്തിന് ആഹ്വാനം ചെയ്യും. ഇങ്ങനെ ലിഞ്ചിങ് നടക്കുന്ന പോസ്റ്റിലെ കമൻ്റുകൾ കൂടുതൽ കൂടുതൽ വിഷലിപ്തമായി വരും. കേരളത്തിൽ ഭീകരമായ ലൈംഗിക ദാരിദ്ര്യം ഉള്ളതുകൊണ്ട്, ഇര സ്ത്രീയാണെങ്കിൽ ഗ്രാഫിക് സെക്ഷ്വൽ വയലൻസും, റേപ്പ് ചെയ്യുമെന്ന ഭീഷണികളും, ഗുഹ്യാവയവങ്ങളെ എങ്ങനെ സമീപിക്കും എന്ന വർണ്ണനയും ഒക്കെ കാണാം.
നിങ്ങൾക്കെതിരെ സൈബർ ലിഞ്ചിങ് നടക്കുന്നുണ്ട് എന്ന് അറിഞ്ഞാൽ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് ആദ്യം വേണ്ടത്. പൊലീസ് കുറ്റക്കാരെ കണ്ടെത്തി എന്തെങ്കിലും നടപടിയെടുക്കും എന്ന വിശ്വാസമുള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. പലപ്പോഴും കുറ്റവാളികളെ കണ്ടുപിടിക്കാൻ പൊലീസിനു കഴിയാറില്ല, പിടിച്ചാൽ തന്നെയും പ്രതിക്ക് തക്കതായ ശിക്ഷ കിട്ടാറുമില്ല. എങ്കിലും, പ്രതീക്ഷ കൈവെടിയാതെ ക്രൈം റിപ്പോർട്ട് ചെയ്യുക തന്നെ വേണം. നിങ്ങൾക്കുനേരെ അങ്ങേയറ്റം ഹീനമായ വാക്കുകൾ ഉപയോഗിച്ചിട്ടുള്ള കമൻ്റുകളുടെ സ്ക്രീൻഷോട്ടുകൾ, ലിങ്കുകൾ എന്നിവയാണ് ശേഖരിക്കേണ്ടത് എന്നതുകൊണ്ട് ഈ പണി സ്വയം ചെയ്യാതെ, നിങ്ങളുടെ വിശ്വസ്ത സുഹൃത്തുക്കളെയാരെങ്കിലും ഏൽപ്പിക്കുന്നതാണ് മനസമാധാനത്തിന് നല്ലത്. ലിഞ്ചിങ് കാരണം മനപ്രയാസം നേരിടുന്നുണ്ടെങ്കിൽ ലീവെടുത്ത് മറ്റെന്തെങ്കിലും ഹോബിയിൽ വ്യാപൃതരാകുക. ആവശ്യമെങ്കിൽ ഒരു സൈക്യാട്രിസ്റ്റിൻ്റെ സഹായവും തേടുക. ലിഞ്ചിങ് നിങ്ങളുടെ മാനസിക സ്വാസ്ഥ്യത്തെ ബാധിക്കുന്നതായി കരുതുന്നില്ലെങ്കിൽ സാധാരണ പോലെ ഡ്യൂട്ടിക്ക് പോകുകയും, രോഗിപരിചരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്താൽ, സൈബർ ലിഞ്ചിങ് നിങ്ങളെ ഒരു തരത്തിലും ബാധിച്ചിട്ടില്ല എന്ന അറിവ്, നിങ്ങളെ ലിഞ്ച് ചെയ്യാൻ ആഹ്വാനം ചെയ്ത എല്ലാ വ്യക്തികൾക്കും എതിരെയുള്ള ശക്തമായ തിരിച്ചടിയാണ്.
ഒരു റൗണ്ട് ലിഞ്ചിങ് നടന്ന്, ലിഞ്ചിങ് നടക്കുന്ന പോസ്റ്റിന് അത്യാവശ്യം റീച്ച് ഒക്കെ കിട്ടിയാൽ, പിന്നെ രണ്ടാം റൗണ്ട് ലിഞ്ചിങ്ങുകാർ വന്നെത്തുകയായി. ഇവർ നിങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഒക്കെ തിരഞ്ഞ് പിടിച്ച്, നിങ്ങളുടെ ഫോട്ടോകൾ കണ്ടെത്തി, ഉപയോഗിക്കും. നിങ്ങളുടെയും, ചിലപ്പോൾ നിങ്ങളുടെ പങ്കാളി, കുഞ്ഞുങ്ങൾ എന്നിവരുടെയും ഫോട്ടോകൾ വികൃതമാക്കി, വൃത്തികെട്ട കമൻ്റുകളും ചേർത്ത് പ്രചരിപ്പിക്കും. ചിലർ നിങ്ങളുടെ സോഷ്യൽ മീഡിയ ഇൻബോക്സ്, ടൈംലൈൻ എന്നിവിടങ്ങളിൽ തെറിയഭിഷേകം നടത്തും. ഈ സാദ്ധ്യത മുന്നിൽ കണ്ട്, പ്രൊഫൈൽ സെറ്റിങ്ങുകൾ പ്രൈവറ്റ് ആക്കി വയ്ക്കുകയോ, അക്കൗണ്ട് കുറച്ച് ദിവസങ്ങളിലേക്ക് ഡീ ആക്റ്റിവേറ്റ് ചെയ്യുകയോ ചെയ്യുന്നതാകും നല്ലത്. ഓൺലൈൻ മഞ്ഞപ്പത്രങ്ങളും സോഷ്യൽ മീഡിയയിൽ നിങ്ങൾ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ അനധികൃതമായി ഉപയോഗിച്ച് കണ്ടിട്ടുണ്ട്.
നിങ്ങൾ പ്രതികരിച്ചാലും ഇല്ലെങ്കിലും സൈബർ ലിഞ്ചിങ് തനിയെ കെട്ടടങ്ങും. എങ്കിലും നിങ്ങളുടെ പ്രതികരണം എന്താണെന്നത് ജനസമക്ഷം അറിയിക്കേണ്ടതുണ്ട്. “ഇൻ്റർനെറ്റ് ഒന്നും മറക്കാറില്ല” എന്നുള്ളത് വളരെ സത്യമാണ്. പത്ത് വർഷങ്ങൾ കഴിഞ്ഞ് ചെന്ന് നോക്കിയാലും, ലിഞ്ചിങ് നടന്ന പോസ്റ്റുകൾ, ഓൺലൈൻ മാധ്യമങ്ങളിലെ മഞ്ഞവാർത്തകൾ എന്നിവ സെർച്ച് എഞ്ചിനിൽ പൊങ്ങിവരും. ഇത്തരം പോസ്റ്റുകൾ മുൻപേ തന്നെ ഉണ്ടെന്നിരിക്കേ നിങ്ങളുടെ ഭാഗം വിശദീകരിക്കുന്ന പോസ്റ്റുകളും ഇല്ലാത്തപക്ഷം, ഇൻ്റർനെറ്റിൽ നിന്ന് പ്രശ്നത്തിൻ്റെ മുഴുവൻ ചിത്രം കിട്ടുന്നില്ല. ഇൻ്റർനെറ്റ് മാത്രം നോക്കുന്ന ഒരാൾ നിങ്ങൾ തെറ്റുകാരിയാണെന്ന് വിധിക്കാനും സാദ്ധ്യതയുണ്ട്. നിങ്ങളെ പിന്തുണയ്ക്കുന്ന അനേകം പേർ, പ്രത്യേകിച്ചും ഡോക്ടർമാർ, ഉണ്ടാകും. ലിഞ്ചിങ് പോസ്റ്റ് വൈറലാകുമ്പോൾ തെറ്റ് നിങ്ങളുടെ ഭാഗത്തല്ല എന്നതിന് നിങ്ങൾ കൃത്യമായ വിശദീകരണം കൊടുത്താൽ ഇവർക്ക് നിങ്ങളുടെ കൂടെ നിൽക്കാൻ മറിച്ച് ആലോചിക്കേണ്ടി വരില്ല. ഇത്തരം വിശദീകരണം നൽകാത്ത പക്ഷം, മുഴുവൻ വിവരങ്ങളും അറിയാത്തതുകൊണ്ട്, പലർക്കും നിങ്ങളെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ എഴുതാൻ കഴിയാത്ത സാഹചര്യം വരും.
നിങ്ങളുടെ ഭാഗം വിശദീകരിച്ച് ഒരു കുറിപ്പോ, വീഡിയോയോ തയ്യാറാക്കാം. അല്പബുദ്ധികളായ ലിഞ്ചിങ്ങിൽ പങ്കെടുത്ത ആൾക്കൂട്ടമാണ് കേഴ്വിക്കാരിൽ കൂടുതലും എന്നതുകൊണ്ട് വീഡിയോ ആയിരിക്കും കൂടുതൽ അഭികാമ്യം. ഈ വീഡിയോയിൽ നിങ്ങൾ സ്വയം സംസാരിക്കുന്നതിലും നല്ലത്, നിങ്ങളുടെ മേലുദ്യോഗസ്ഥയോ, ഐ.എം.എ പോലുള്ള സംഘടനകളിൽ അംഗമാണെങ്കിൽ സംഘടനയുടെ ലോക്കൽ പ്രസിഡണ്ടോ മറ്റോ നിങ്ങൾക്ക് വേണ്ടി സംസാരിക്കുന്നതായിരിക്കും നല്ലത് എന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങൾ തന്നെയാണ് വീഡിയോയിൽ സംസാരിക്കുന്നതെങ്കിൽ ലിഞ്ചിങ്ങുകാർ, ഈ വീഡിയോ ഉപയോഗിച്ച് കൂടുതൽ ഹറാസ്മെൻ്റ് നടത്താൻ സാദ്ധ്യതയുണ്ട് എന്നതുകൊണ്ടാണിത്. കൂടാതെ, സ്വന്തം നിലപാട് പറയേണ്ടി വരുമ്പോൾ വികാരഭരിതരായി സംസാരിച്ചു പോകാനുള്ള സാദ്ധ്യതയും ഉണ്ട്. ഇതും ലിഞ്ചിങ്ങുകാരെ പ്രകോപിപ്പിക്കും. വീഡിയോ ഒന്നും ചെയ്ത് ഇതുവരെ പരിചയമില്ലാത്ത ആളാണെങ്കിൽ പ്രത്യേകിച്ചും ഈ ജോലി പരിചയമുള്ള മറ്റൊരാൾക്ക് വിട്ടു കൊടുക്കുന്നതാണ് നല്ലത്. നമുക്കുവേണ്ടി നിഷ്പക്ഷനായ മറ്റൊരാൾ, തെളിവുകൾ സഹിതം സംസാരിക്കുമ്പോൾ കൂടുതൽ ആധികാരിതയും ഉണ്ടാകും. ആരോപണവിധേയനായ ഡോക്ടർ ചെയ്ത ചികിത്സയെക്കുറിച്ച് വിശദീകരിക്കുമ്പോൾ ഏതെങ്കിലും ഗമണ്ടൻ പുസ്തകം തുറന്ന് വച്ച ശേഷം, “ഈ പുസ്തകത്തിൽ കൊടുത്തിരിക്കുന്നത് പ്രകാരമാണ് ചികിത്സിച്ചത്” എന്നൊക്കെയും വേണമെങ്കിൽ പറയാം. തടിയുള്ള പുസ്തകം വേണം എന്നത് നിർബന്ധമാണ്. പുസ്തകത്തിലുള്ള ആശയങ്ങളുടെ ആധികാരികതയ്ക്കുപരി, പുസ്തകത്തിൻ്റെ വലിപ്പമാണ് അല്പബുദ്ധികൾ പെട്ടെന്ന് നോട്ട് ചെയ്യുക. ഉദാഹരണത്തിന്, താഴത്തെ വീഡിയോയിൽ ജേക്കബ് വടക്കാഞ്ചേരി പറയുന്നത് മുഴുവൻ നുണയും, കോൺസ്പിരസി തിയറികളും ആണെങ്കിലും സീറ്റിനു പിറകിൽ കെട്ടുകണക്കിനുള്ള തടിച്ച ആധുനിക വൈദ്യപുസ്തകങ്ങളും, വേഷവിധാനവും, നിർത്തി നിർത്തി സ്പഷ്ടമായി പറയുന്ന ഭാഷയുമൊക്കെ അദ്ദേഹത്തിന് ഒരു ആധികാരികത ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഇദ്ദേഹത്തിൻ്റെ അപാര തൊലിക്കട്ടിയും, കോൺഫിഡൻസും, ആളുകളെ കയ്യിലെടുക്കാനുള്ള കഴിവും (മാത്രം) നമ്മൾ മാതൃകയാക്കേണ്ടതാണ്. ഇയാളെപ്പോലെവേണം ലിഞ്ചിങ് നേരിടാൻ.
ലിഞ്ചിങ് നടക്കുന്നുണ്ട് എന്ന വാർത്ത കേട്ട് പലരും നിങ്ങളുടെ ക്ഷേമം അന്വേഷിക്കാനെത്തും. ഇവർ രണ്ട് കാറ്റഗറിയിൽ പെടുന്നവരാണ്. നിങ്ങളെ ഇഷ്ടപ്പെടുന്നതുകൊണ്ട് നിങ്ങൾക്കുണ്ടായ പ്രശ്നത്തിൽ കൂടെ നിൽക്കുന്നവരാണ് ഒന്നാം വിഭാഗം. നിങ്ങളെ ഇഷ്ടമില്ലാത്തതുകൊണ്ട് ഒന്ന് കുത്തിനോവിച്ചേക്കാം (“ഞങ്ങളും വിവരം അറിഞ്ഞൂ ട്ടോ” എന്ന ലൈൻ) എന്നു കരുതി കപടമായി അനുകമ്പ പ്രകടിപ്പിക്കുന്നവരാണ് രണ്ടാം വിഭാഗം. പ്രത്യക്ഷത്തിൽ ഈ രണ്ട് ഗ്രൂപ്പുകാരെയും തിരിച്ചറിയാൻ ആകില്ല. അതുകൊണ്ട് നിങ്ങൾ ചെയ്യേണ്ടത്, ക്ഷേമം അന്വേഷിച്ചെത്തുന്ന എല്ലാവർക്കും നിങ്ങളുടെ ഭാഗം വിശദീകരിക്കുന്ന, മുൻപേ തയ്യാറാക്കിയ ആ വീഡിയോ വാട്ട്സാപ്പ് വഴിയോ മറ്റോ അയച്ചു കൊടുക്കുക എന്നതാണ്. എന്നിട്ട് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാൻ പറയുക. നിങ്ങളെ ഇഷ്ടപ്പെടുന്നവർ, നിങ്ങളുടെ ഭാഗത്ത് സത്യമുണ്ട് എന്ന് ബോധ്യപ്പെടുന്ന പക്ഷം, തീർച്ചയായും വീഡിയോ ഷെയർ ചെയ്തിരിക്കും എന്നത് ഊഹിക്കാവുന്നതേ ഉള്ളല്ലോ. വിവരം അന്വേഷിച്ചെത്തുന്ന എല്ലാവർക്കും ഒരേ വീഡിയോ മാത്രം ഷെയർ ചെയ്യുന്നതിലൂടെ ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം മെസേജ് എഴുതേണ്ട പണിയും ഒഴിവായിക്കിട്ടും. ചോദിച്ച് വരുന്നവർക്ക് വേണ്ടി ഒരുപാട് പ്രാവശ്യം നിങ്ങളുടെ ഭാഗം വിശദീകരിക്കേണ്ടി വരുന്നത് മാനസികസ്വാസ്ഥ്യത്തെ ബാധിക്കും എന്നത് ഓർക്കുക. ഏറ്റവും പ്രിയപ്പെട്ടവരെ മാത്രം ഫോണിൽ വിളിച്ച്, നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലെന്ന് ബോധ്യപ്പെടുത്തുക. സുഹൃത്തുക്കളോട് ലിഞ്ചിങ് നടക്കുന്ന പോസ്റ്റ്, അത് ഫേസ്ബുക്കിലാണെങ്കിൽ, അബ്യൂസ് റിപ്പോർട്ട് ചെയ്യാനും പറയാവുന്നതാണ്. അബ്യൂസീവ് ആയ പോസ്റ്റ് ആണെന്ന് ഫേസ്ബുക്കിനു മനസിലായാൽ, അവർ പിൻവലിക്കാനുള്ള സാദ്ധ്യത ഉണ്ട്.
സൈബർ ലിഞ്ചിങ് നേരിട്ടതുകൊണ്ട് ഇന്നുവരെ ഒരു ഡോക്ടറുടെയും റെജിസ്ട്രേഷൻ പോയിട്ടില്ല. എൻ്റെ അറിവിൽ ആരുടെയും ജോലിയും പോയിട്ടില്ല. എന്നാൽ ജോലി പോകില്ല എന്ന കാര്യത്തിൽ ഗ്യാരണ്ടി ഒന്നും ഇല്ല. കാരണം, പ്രൈവറ്റ് ആശുപത്രികൾ ലാഭേച്ഛയോടെയാണ് പ്രവർത്തിക്കുന്നത്. നിങ്ങൾക്ക് കുപ്രസിദ്ധി ഉണ്ട് എന്നറിഞ്ഞാൽ ഇവർ ശമ്പളം കുറയ്ക്കാനോ, പിരിച്ചു വിടാനോ തന്നെയോ ഒരുമ്പെട്ടേക്കാം. സർക്കാറിൻ്റെ കാര്യവും വ്യത്യസ്ഥമല്ല. ജനവികാരം നിങ്ങൾക്കെതിരെ ആണെങ്കിൽ മുഖം രക്ഷിക്കാൻ സർക്കാർ നിങ്ങൾക്ക് സസ്പെൻഷൻ സമ്മാനിച്ചുകൂടായ്കയില്ല. സിസ്റ്റത്തിൻ്റെ തകരാറുകൾക്ക് വ്യക്തികളെ ശിക്ഷിക്കുന്ന പരിപാടിയാണ് സർക്കാർ പോലും വർഷങ്ങളായി ചെയ്തുവരുന്നത്. ഭരണപ്പാർട്ടി പ്രവർത്തകരാണ് ലിഞ്ചിങ്ങിന് നേതൃത്വം നൽകുന്നതെങ്കിൽ ഇവർ സർക്കാറിനെ സ്വാധീനിച്ച് നിങ്ങളുടെ ജോലി തെറിപ്പിക്കാനും സാദ്ധ്യതയുണ്ട്. വെർച്വൽ ലോകത്തിൽ നടക്കുന്ന കാര്യങ്ങൾ യഥാർത്ഥ ലോകത്തെ സ്വാധീനിക്കുന്നതിൻ്റെ അളവ് കൂടിക്കൂടി വരുന്നതേ ഉള്ളൂ. പല കോളേജുകളിലും നടക്കുന്ന അടിപിടികളുടെ തുടക്കം വാട്ട്സാപ്പ് തർക്കങ്ങളാണെന്നതും വെർച്വൽ ലോകത്തിൻ്റെ പ്രസക്തി നമ്മളെ ഓർമ്മിപ്പിക്കുന്നു.
തല്ലിൽ നിന്ന് ആശുപത്രികളെയും ഡോക്ടർമാരെയും രക്ഷിക്കാൻ ഹോസ്പിറ്റൽ ആക്റ്റ് കേരള (ആക്റ്റ് 14, 2012) ഉണ്ട്. എന്നാൽ സൈബർ ലിഞ്ചിങ്ങിൽ നിന്ന് സംരക്ഷിക്കാൻ ഈ ആക്റ്റ് മതിയാവുമോ എന്നറിയില്ല. ഈ ആക്റ്റിലെ ‘വയലൻസ്’ എന്ന വാക്ക് വിട്ടുവീഴ്ചയില്ലാതെ നിർവ്വചിച്ചാൽ സൈബർ ലിഞ്ചിങ്ങും ആക്റ്റിൻ്റെ പരിധിയിൽ പെടേണ്ടതാണ്. തിരുവനന്തപുരത്തെ ഡോക്ടറെ ലിഞ്ച് ചെയ്ത സംഭവത്തിൽ ഈ ആക്റ്റ് പ്രകാരമാണോ അറസ്റ്റ് നടത്തിയത് എന്നതിനെക്കുറിച്ച് മാധ്യമങ്ങളിൽ വിവരമൊന്നുമില്ല. ഈ ആക്റ്റ് പ്രകാരം ആശുപത്രികൾക്കും, ഡോക്ടർമാർക്കും എതിരെ വയലൻസ് നടത്തുന്നവരെ 50,000 രൂപയിൽ കൂടാത്ത പിഴയും, മൂന്ന് വർഷങ്ങളിൽ കൂടാത്ത തടവും അഥവാ രണ്ടും കൂടിയും നൽകി ശിക്ഷിക്കാവുന്നതാണ്.
സൈബർ ലിഞ്ചിങ്ങിനെക്കുറിച്ച് നമ്മൾ പറഞ്ഞു. അടുത്തതായി തല്ലിനെക്കുറിച്ച് പറയാം. തല്ല് തുടങ്ങിയാൽ ഉടൻ പൊലീസിനെ വിളിക്കുക എന്നത് മാത്രമാണ് പോംവഴി. തല്ല് വാങ്ങിയ വ്യക്തിക്ക് ഉടനെ പൊലീസിനെ വിളിക്കാനുള്ള മനസ്സാന്നിദ്ധ്യം ഉണ്ടാകില്ല എന്നത് മുൻകൂട്ടി കണ്ട്, സ്ഥലത്തുള്ള മറ്റാരെങ്കിലും പൊലീസിനെ വിളിക്കുന്നതാണ് നല്ലത്. അടി വാങ്ങിയവരെല്ലാം എത്രയും പെട്ടെന്ന് വൈദ്യസഹായം തേടിയിരിക്കണം. താനൊരു ഡോക്ടറാണല്ലോ എന്ന് വിചാരിച്ച്, സ്വയം എക്സാമിൻ ചെയ്ത് ഫ്രാക്ചർ, ബ്ലീഡിങ് ഒന്നും ഇല്ല എന്ന് വിധിയെഴുതരുത്. മറ്റൊരു ഡോക്ടറെ വിളിച്ചു വരുത്തി നിങ്ങളെ പരിശോധിപ്പിക്കുകയാണ് വേണ്ടത്. ഉണ്ടായ മുറിവുകളും, ചെയ്ത ചികിത്സകളും വൃത്തിയായി ഈ ഡോക്ടറെക്കൊണ്ട് ഡോക്യുമെൻ്റ് ചെയ്യിക്കണം. ഈ രേഖകൾ സൂക്ഷിച്ച് വയ്ക്കുകയും ചെയ്യണം. പലപ്പോഴും പൊലീസ് എത്തിച്ചേരുന്നതിനു മുൻപേ തല്ലുകാർ രക്ഷപെട്ടിരിക്കും. തല്ലിയവർ കലിപ്പ് അടക്കാൻ വയ്യാതെ ആശുപത്രി മുതലും കൂടി നശിപ്പിച്ചിട്ടേ പോകാറുള്ളൂ. ഇത്തരം സാഹചര്യത്തെളിവുകൾ എല്ലാം പൊലീസ് വരുന്നതു വരേയ്ക്കും നിലനിർത്തണം. എല്ലാ ആശുപത്രികളിലെയും ക്യാഷ്വാലിറ്റികളിൽ വീഡിയോ സർവൈലൻസ് ക്യാമറ ഉണ്ടായിരിക്കുന്നത് നല്ലതാണ്. ക്യാഷ്വാലിറ്റിയിലാണ് തല്ലുകൾ കൂടുതലും നടക്കുന്നത് എന്നതുകൊണ്ടാണിത്. ക്യാമറ ഉണ്ടെങ്കിൽ സി.സി.ടി.വി ഫൂട്ടേജിൽ തല്ലുകാരുടെ ചിത്രങ്ങളും പതിഞ്ഞോളും. ഇവരെ പിന്നീട് ട്രാക്ക് ചെയ്യാൻ എളുപ്പമാകുകയും ചെയ്യും. പുതിയ ഒരു ആശുപത്രിയിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ആയി ചേരുമ്പോൾ, നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി വീഡിയോ സർവൈലൻസിനുള്ള ആവശ്യം ഉന്നയിക്കുക. ഈ അവസരത്തിൽ നിങ്ങളുടെ പ്രൈവസിയെക്കാൾ പ്രധാനം സുരക്ഷയാണെന്നതുകൊണ്ടാണിത്.
തല്ലിയവർ ഓടിരക്ഷപെട്ടാലും, തല്ലിയവരുടെ കൂടെ വന്ന രോഗി ആശുപത്രിയിൽ തന്നെ ഉണ്ടായിരിക്കാനുള്ള അപൂർവ്വ സാദ്ധ്യതയും ഉണ്ട്. ഇത്തരം സാഹചര്യങ്ങളിൽ, ഈ രോഗിയുടെ പരിചരണം മറ്റൊരു ഡോക്ടറെ ഏൽപ്പിക്കുന്നതാണ് നല്ലത്. നിങ്ങൾ അടി വാങ്ങിയതുകൊണ്ട് പൂർണ്ണ ആരോഗ്യവതി അല്ലാത്തതിനാലും, രോഗിയുടെ ബന്ധുക്കളാൽ അടി കിട്ടിയ അനുഭവം കാരണം രോഗിയെ പരിചരിക്കുന്നതിൽ ബയാസ് ഉണ്ടാകുമെന്നതിനാലുമാണിത്. നിങ്ങളാണ് ആശുപത്രിയിലെ ഒരേയൊരു ഡോക്ടർ എങ്കിൽ, രോഗിയെ ഫസ്റ്റ് എയിഡ് കൊടുത്ത്, ആവശ്യമെങ്കിൽ സ്റ്റെബിലൈസ് ചെയ്ത്, മറ്റൊരു ആശുപത്രിയിലേക്ക് പറഞ്ഞു വിടുകയാണ് ചെയ്യേണ്ടത്. രോഗിയുടെ കൂട്ടിരിപ്പുകാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിൽ, കേസിനെ ബാധിക്കാതിരിക്കാൻ വേണ്ടിയും ഈ രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യാവുന്നതുമാണ്.
എല്ലാവർക്കും സംഘർഷഭരിതമല്ലാത്ത ഒരു ആശുപത്രിജോലിക്കാലം ആശംസിക്കുന്നു.
ഈ വിഷയത്തിലെ മറ്റ് പോസ്റ്റുകൾ:
1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?
2. ഏത് വിഷയത്തിൽ പി.ജി എടുക്കണം?
3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്?
4. ഡോക്ടർ ചിന്തിക്കുന്നത് എങ്ങനെയാണ്?
5. വ്യാജഡോക്ടർമാർ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?
6. ഡോക്ടർമാർക്ക് ചില വ്യത്യസ്ത ജോലിസാധ്യതകൾ
7. ആരെയാണ് ശരിക്കും സൂക്ഷിക്കേണ്ടത്?
8. ഫയാസിനു ബ്ലഡ് കൊടുക്കണോ ഡോക്ടർ?
10. ഐ.സി.യു വിൽ പ്രവേശിപ്പിച്ചതുകൊണ്ടാണോ മരിച്ചു പോകുന്നത്?