ലേഡി ഡോക്ടർ ഇല്ലാത്ത കാലം (ഭാഗം 1)

ഈ പോസ്റ്റ് മെഡിക്കൽ വിദ്യാർത്ഥികൾക്കു വേണ്ടിയിട്ടുള്ളതാണ്. പ്രത്യേകിച്ചും സ്ത്രീകൾക്കും പെൺകുട്ടികൾക്കും. മെഡിക്കൽ വിദ്യാഭ്യാസത്തിലുടനീളം ഒളിഞ്ഞും തെളിഞ്ഞും കാണപ്പെടുന്ന സ്ത്രീവിരുദ്ധതയെ എങ്ങനെ നേരിടാം എന്നതാണ് ഈ പോസ്റ്റിൻ്റെ കാതൽ. എൻ്റെ അനുഭവത്തിൽ നിന്നും, വായനയിൽ നിന്നും, യാത്രകളിൽ നിന്നും മനസിലാക്കിയ കാര്യങ്ങളാണ് ഈ പോസ്റ്റിൽ ഉള്ളത്. കോളേജിൽ പഠിക്കുന്ന സമയത്ത് ഈ ബ്ലോഗ് പോസ്റ്റ് എഴുതാനുള്ള ധൈര്യം എനിക്ക് ഉണ്ടാകില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഉരുളയ്ക്കുപ്പേരി മറുപടി കൊടുക്കാൻ അറിയാവുന്നതുകൊണ്ടും, ഈ വിഷയത്തിൽ കൂടുതൽ ക്ലാരിറ്റി ഉണ്ടായി വന്നതുകൊണ്ടും, പൊതുവിൽ സ്ത്രീകളോടുള്ള സമീപനത്തിൽ ചെറുതെങ്കിലും നല്ല മാറ്റങ്ങൾ വന്നതുകൊണ്ടും, ആവശ്യത്തിന് സമയം ഉള്ളതുകൊണ്ടും ഇത്തരം ഒരു പോസ്റ്റ് എഴുതുക ഇപ്പോൾ കുറച്ചുകൂടി എളുപ്പമാണ്.

ബേസിക്സിൽ നിന്നു തന്നെ തുടങ്ങാം. പെൺകുട്ടികളെ സ്വാതന്ത്ര്യം കൊടുക്കാതെ നിയന്ത്രിച്ച് നിർത്തുന്നവരിൽ സ്ത്രീകളും ഉണ്ടല്ലോ. അപ്പോൾ പുരുഷന്മാരല്ലല്ലോ യഥാർത്ഥ പ്രശ്നക്കാർ, സ്ത്രീകളും സ്ത്രീവിരുദ്ധത വളർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നില്ലേ? എന്നാണ് ചിലരുടെ മില്യൺ ഡോളർ ചോദ്യം. സ്ത്രീവിരുദ്ധതയെ സ്ത്രീകളുടെ തന്നെ പ്രശ്നമാക്കി അവതരിപ്പിച്ചാൽ ഇവർ നടത്തിവരുന്ന സ്ത്രീവിരുദ്ധതയെ റദ്ദ് ചെയ്യാമെന്നാണ് ഇവർ ചിന്തിച്ച് വച്ചിരിക്കുന്നത്. വർഷങ്ങളായി പാട്രിയാർക്കൽ സമൂഹത്തിൽ ജീവിച്ചതിൻ്റെ ഫലമായി ആ സിസ്റ്റത്തിനോട് യോജിച്ച് ജീവിക്കാൻ പഠിച്ച സ്ത്രീകൾ ഒന്നാന്തരം സ്ത്രീവിരുദ്ധരാകുന്നത് സ്വാഭാവികമാണ്. ഇവരിൽ ചിലർക്ക് സ്ത്രീവിരുദ്ധ ചട്ടങ്ങൾ പാലിച്ചതുകൊണ്ട് ആനുകൂല്യങ്ങളും കിട്ടിയിരിക്കണം. ഉദാഹരണത്തിന്, കുടുംബത്തിൻ്റെ തീരുമാനത്തിനു വഴങ്ങി വിവാഹം ചെയ്തതുകൊണ്ട് കുടുംബക്കാരുടെ മമതയും പ്രതിപത്തിയും കിട്ടിയിരിക്കണം. അതേസമയം, സ്വന്തം നിലയിൽ പങ്കാളിയെ കണ്ടെത്തിയ പെൺകുട്ടിക്ക് കുടുംബക്കാർ വരുത്തിവച്ച പ്രശ്നങ്ങൾ കണ്ട് അതിൽ നിന്ന് പാഠം ഉൾക്കൊണ്ടിട്ടുണ്ടാവണം. ഇങ്ങനെ, സമൂഹം തരുന്ന ‘സ്വഭാവ സർട്ടിഫിക്കറ്റ്’ കയ്യിലുള്ളതുകൊണ്ട് ഉണ്ടായ ഗുണങ്ങളുടെ പരിണിത ഫലം അനുഭവിച്ച് വരുന്ന ആരും സ്വന്തം വീട്ടിലെ പെൺകുട്ടികളെയും ഇത്തരത്തിൽ സ്വഭാവ സർട്ടിഫിക്കറ്റ് നേടാൻ ട്രെയിൻ ചെയ്തെടുക്കും എന്നതിൽ അതിശയോക്തിയൊന്നുമില്ല. ഇത്തരം സ്തീകളോട് പണ്ട് എനിക്ക് ദേഷ്യമായിരുന്നെങ്കിലും ഇപ്പോൾ സഹതാപമേ ഉള്ളൂ.

ഇങ്ങനെ സ്വഭാവസർട്ടിഫിക്കറ്റുകൾ വാരിക്കൂട്ടി കുലസ്ത്രീ ആകുന്നതാണോ, ആരെയും കൂസാതെ സ്വന്തം താല്പര്യങ്ങൾ മാത്രം പരിഗണിച്ച് ‘ചന്തപ്പെണ്ണ്’ ലേബൽ വാങ്ങിയെടുക്കുന്നതാണോ നല്ലത്*? കേരളത്തിൽ കുലസ്ത്രീകളാണ് കൂടുതലും. ഇക്കാര്യത്തിൽ ഞാൻ ഒരു മധ്യവർത്തി പാതയാണ് സ്വീകരിച്ചിട്ടുള്ളത്. നമുക്ക് മാറ്റങ്ങൾ വരുത്താൻ കഴിയുന്ന മേഖലകളിൽ മാറ്റങ്ങൾക്ക് വേണ്ടി പോരാടുകയും, ചെയ്യാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും, അറിയാതെയെങ്കിലും ചെയ്തുപോയ സ്ത്രീവിരുദ്ധ പ്രവർത്തികൾ തിരുത്തുകയും, സ്ത്രീപക്ഷചിന്തയെക്കുറിച്ച് പുതിയ കാര്യങ്ങൾ പഠിക്കുകയും, മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നതാണ് എൻ്റെ രീതി. ഇത് അത്ര എളുപ്പമുള്ള പണിയല്ല. ഇതിൻ്റെ പേരിൽ പലരും ഒറ്റപ്പെടുത്തുകയും, ‘ചന്തപ്പെണ്ണ്’ പട്ടം ചാർത്തിത്തരികയും ചെയ്യും. ഈയടുത്തായി എൻ്റെ മാനസികസ്വാസ്ഥ്യത്തെ അപഹരിക്കുന്ന രീതിയിലുള്ള ഒന്നും ഞാൻ ചെയ്യാറില്ല. അതുകൊണ്ട് തന്നെ, സ്വന്തം ആരോഗ്യത്തെയും, സ്വസ്ഥതയെയും അവഗണിച്ചും സ്ത്രീപക്ഷ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരോട് എനിക്ക് വലിയ ബഹുമാനമുണ്ട്.

കുലസ്ത്രീകൾ ലോകത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്ന് മാത്രമല്ല, പാട്രിയാർക്കൽ മൂല്യങ്ങൾ പിൻ തലമുറകൾക്ക് കൈമാറുന്നതിലൂടെ ലോകത്തെ പിന്നോട്ട് നടത്തിക്കുകയും ചെയ്തിട്ടുണ്ട്. ചന്തപ്പെണ്ണ് ലേബൽ വാങ്ങാത്ത ഒരു സ്ത്രീ പോലും ജീവിതത്തിൽ സ്വന്തം ആഗ്രഹങ്ങൾക്കൊത്ത് ജീവിച്ചിട്ടോ, സൃഷ്ടിപരമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടോ ഇല്ല. സാനിയ മിർസ മുതൽ റിമ കല്ലിങ്കൽ വരെയുള്ള സ്ത്രീകൾ ‘ചന്തപ്പെണ്ണ്’ ലേബലിനെ കൂസാതെ തങ്ങളുടെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞവരും, അതോടെ തങ്ങളുടെ പിൻതലമുറയിലുള്ള സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ തുറന്നു കൊടുത്തവരും ആണ്. പാട്രിയാർക്കിയുടെ മൂടും താങ്ങി നടക്കുന്ന കുലസ്ത്രീകളെ കാലക്രമേണ ചരിത്രം മായ്ച്ച് കളയുമ്പോൾ, പിൽക്കാലത്ത് ഓർക്കപ്പെടുന്നത് ഒറ്റയാൾ പോരാട്ടത്തിലൂടെയാണെങ്കിലും സ്ത്രീപക്ഷത്തിനു വേണ്ടി ഉറച്ച നിലപാട് എടുത്തവരെയായിരിക്കും. സതി നിർത്തലാക്കിയ രാജാ റാം മോഹൻ റോയ് ബഹുമാനത്തോടെ ഓർക്കപ്പെടുകയും, സതി തങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് സർക്കാറിന് പെറ്റീഷൻ കൊടുത്ത ഊളകളുടെ പേരുകൾ ഗൂഗിൾ സെർച്ചിലെ മുപ്പതാം പേജിൽ പോലും തിരഞ്ഞാൽ കിട്ടാതാകുകയും ചെയ്തല്ലോ. അതുകൊണ്ട്, ഇന്ന് നേരിടേണ്ടി വരുന്ന പ്രതിരോധം നാളെ നിങ്ങൾക്കുണ്ടാക്കാനാവുന്ന മാറ്റങ്ങളുമായി തുലനം ചെയ്ത് നോക്കുമ്പോൾ വളരെ ചെറുതാണെന്ന് ഓർക്കുക.

മെഡിക്കൽ എൻട്രൻസിൽ ഉയർന്ന റാങ്ക് നേടി എം.ബി.ബി.എസിനു അഡ്മിഷൻ നേടിയെടുക്കുക എന്നത് വളരെയധികം അധ്വാനം ആവശ്യമുള്ള കാര്യമാണെന്ന് അറിയാമല്ലോ. നമ്മളിൽ ചിലരെങ്കിലും ഇത്രയും അധ്വാനിക്കാൻ കാരണം ജീവിതാനുഭവങ്ങളായിരിക്കും. സ്വന്തമായി വരുമാനമില്ലാത്ത സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ അറിയുന്നതുകൊണ്ട് നമുക്കും ജോലിയില്ലാതാകുമോ എന്ന പേടി, അനിയന് എല്ലാ പരിഗണനയും കൊടുക്കുമ്പോൾ നമുക്കും എന്തെങ്കിലും ചെയ്ത് പരിഗണന പിടിച്ചു പറ്റണം എന്ന ആഗ്രഹം, മെഡിസിന് ചേർന്നാൽ വീട്ടുകാർ അത്ര പെട്ടെന്ന് ‘കെട്ടിച്ച് വിടാൻ’ വീട്ടുകാർ തയ്യാറാവില്ല എന്ന ബോധ്യം, സ്ത്രീകൾക്ക് ഏറ്റവും ബഹുമാനം കിട്ടുന്ന ജോലിയാണ് മെഡിസിൻ എന്ന വിചാരം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടാകാം നമ്മൾക്ക് മെഡിക്കൽ എൻട്രൻസിനു വേണ്ടി അധ്വാനിച്ച് പഠിക്കാൻ താല്പര്യമുണ്ടായത്. ഇതൊന്നും നമ്മൾ ബോധപൂർവ്വം ചിന്തിക്കുന്നതായിരിക്കില്ല. അബോധമനസ്സിലുള്ള ഇത്തരം ചിന്തകളായിരിക്കണം നമ്മെ പഠിക്കാൻ മുന്നോട്ട് നയിച്ച പ്രധാന ഘടകം. ഇനി അഡ്മിഷൻ കിട്ടി ജിപ്മർ, എയിംസ് എന്നിവിടങ്ങളിൽ സെലക്ഷൻ കിട്ടിയാൽ “പെൺകുട്ടിയെ എങ്ങനെ ദൂരേക്ക് വിടും” എന്ന ആധിയുള്ള കുടുംബക്കാർ കാരണം അവിടങ്ങളിൽ പഠിക്കാൻ പോകാൻ കഴിഞ്ഞെന്നു വരില്ല. എൻ്റെ അഭിപ്രായം എങ്ങനെയെങ്കിലും അവരെ സമ്മതിപ്പിച്ചോ, ഒരു രക്ഷയുമില്ലെങ്കിൽ പിണങ്ങിയോ അങ്ങോട്ട് പോകണം എന്നാണ്. ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കാനും, പുതിയ സംസ്കാരം മനസിലാക്കാനും, യാത്ര ചെയ്യാനുമൊക്കെ അവസരം കിട്ടുന്നത് പുറത്ത് പഠിക്കാൻ പോകുമ്പോഴാണ്. ക്ലാസിലുള്ള എല്ലാവരെയും ആവറേജ് സ്വഭാവത്തിലേക്ക് കൊണ്ടുവരാൻ മലയാളികൾക്കുള്ളത്ര ത്വര മറ്റ് സംസ്ഥാനക്കാർക്കില്ല. വസ്ത്രധാരണത്തിലുള്ള റെസ്ട്രിക്ഷനുകളും പുറത്ത് കുറവാണ്. പുറത്ത് പഠിച്ചതുകൊണ്ട് കിട്ടുന്ന ധൈര്യവും, ലോകപരിചയവും, സുഹൃദ്ബന്ധങ്ങളുമൊക്കെ ഭാവിയിലേക്കുള്ള മുതൽക്കൂട്ടാണ്. മറുനാട്ടിലെ കോളേജിൽ എത്തിക്കഴിഞ്ഞാൽ പുതിയ ഭാഷ, സംസ്കാരം ഒക്കെ ആദ്യമായി കാണുമ്പോൾ പെട്ടെന്ന് ഉൾക്കൊള്ളാനായി എന്നു വരില്ല. തിരിച്ച് പോയി നാട്ടിൽ തന്നെ പഠിക്കുന്നതായിരുന്നു ഭേദം എന്നും പലവട്ടം തോന്നിയേക്കാം. എങ്കിലും പിടിച്ചു നിൽക്കണം. ഈ അനുഭവങ്ങൾ പിൽക്കാലത്ത് നിങ്ങളെ ശക്തരാക്കും. എൻ്റെ അനുഭവം പറയാം. ആറാം ക്ലാസിൽ പോകുമ്പോൾ അത്തയുടെ (പിതാവിനെ അങ്ങനെയാണ് വിളിക്കുന്നത്) ജോലിസംബന്ധമായി കർണ്ണാടകത്തിൽ താമസിക്കേണ്ടി വന്നു. കന്നഡ ഒന്നാം ഭാഷയായി പഠിക്കേണ്ടിവന്നു. ഹിന്ദി മൂന്നാം ഭാഷയായും. അന്ന് വളരെ കഷ്ടപ്പെട്ടിട്ടാണെങ്കിലും രണ്ട് ഭാഷകളും പഠിച്ചെടുത്തു. പുതിയ കൂട്ടുകാരെ ഉണ്ടാക്കിയെടുത്തു. ഒൻപതാം ക്ലാസ് വരെ അവിടെ പഠിച്ചതുകൊണ്ട് കന്നഡ നന്നായും, ഹിന്ദി മോശമില്ലാതെയും വഴങ്ങും. അതിനു ശേഷം ഇന്ത്യയിൽ എവിടെച്ചെന്നും ജീവിക്കാമെന്ന ധൈര്യവും കൂടെ കിട്ടി. ഇപ്പോൾ സ്വീഡനിലായതുകൊണ്ട് സ്വീഡിഷ് ഭാഷ പഠിക്കുന്നുണ്ട്. പുതിയ ഒരു ഭാഷ സ്വായത്തമാക്കാൻ കഴിയും എന്ന ആത്മവിശ്വാസം ഇപ്പോൾ ഉള്ളത് പണ്ടത്തെ കന്നഡ അനുഭവത്തിൽ നിന്നും പഠിച്ചതുകൊണ്ടാണ്. സ്വീഡിഷ് വലുതായൊന്നും അറിയില്ലെങ്കിലും അറിയുന്ന വാക്കുകൾ ഒക്കെ വച്ച് സംസാരിക്കാൻ സങ്കോചമില്ലാതായതും ഇതേ അനുഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ്.

36277434_1958074157537641_2667984167597244416_o
സ്വീഡിഷ്. റിമ കല്ലിങ്കലിനെക്കുറിച്ചെഴുതിയ കുറിപ്പ്. സ്വീഡിഷ് ക്ലാസിലെ അസൈന്മെൻ്റിനു വേണ്ടി തയ്യാറാക്കിയത്.

കേരളത്തിൽ അഡ്മിഷൻ നേടി വരുന്നത് സമത്വസുന്ദരമായ കോളേജിലേക്കാണെന്നൊന്നും വിചാരിക്കരുത്. ഞാൻ പഠിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജിലാണ്. ഏതൊരു സ്ഥാപനത്തിലും സ്ത്രീകൾക്ക് തുല്യപരിഗണന കിട്ടുന്നുണ്ടോ എന്നതിൻ്റെ പരോക്ഷസൂചകം അവിടത്തെ അധികാരശ്രേണിയിൽ സ്ത്രീകൾക്ക് എത്രമാത്രം പ്രാതിനിധ്യം ഉണ്ട് എന്നത് നോക്കുകയാണ്. ഒരു തൊടിയിൽ നിന്ന് എത്ര തേങ്ങകൾ കിട്ടും എന്നതിൻ്റെ പരോക്ഷസൂചകമായി അവിടത്തെ തെങ്ങുകളുടെ എണ്ണം എടുക്കുന്നതുപോലെയാണിത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ വൈസ് പ്രസിഡൻ്റ്, ജോയിൻ്റ് സെക്രട്ടറി എന്നീ സ്ത്രീകൾക്ക് സംവരണം ചെയ്തിട്ടുള്ള പോസ്റ്റുകൾ ഒഴിച്ചാൽ ബാക്കി എല്ലാ പോസ്റ്റുകളും ആൺകുട്ടികൾ തന്നെയാണ് പിടിച്ചടക്കാറ്. ഇതിന് ആകെയുള്ള അപവാദം കോളേജിൻ്റെ അറുപത് വർഷത്തെ ചരിത്രത്തിൽ ആദ്യമായി ശ്രേയ സലീം എന്ന പെൺകുട്ടി മാഗസിൻ എഡിറ്ററായി വിജയിച്ചതാണ്. പെൺകുട്ടികൾക്ക് ജോലി അറിയില്ല എന്നതാണ് അവരെ അധികാരസ്ഥാനങ്ങളിൽ നിന്ന് മാറ്റി നിർത്താൻ വേണ്ടി സ്ഥിരം ഉപയോഗിക്കുന്ന വാദം. അവസരം കൊടുത്താലല്ലേ ജോലി ചെയ്ത് കാണിക്കാൻ പറ്റുകയുള്ളൂ എന്നതാണ് എൻ്റെ മറുചോദ്യം. സ്ത്രീകൾക്ക് പ്രവർത്തിക്കാൻ അറിയാത്തതാണോ, അതോ സ്ത്രീയായതുകൊണ്ട് അവരെ പ്രവർത്തിക്കാൻ അനുവദിക്കാത്തതാണോ എന്നതും ചിന്തിക്കേണ്ടതാണ്. ശ്രേയ എഡിറ്ററായി പുറത്തിറക്കിയ തുടൽ എന്ന കോളേജ് മാഗസിൻ മനോരമയുടെ അവാർഡ് നേടി. ആർത്തവശുചിത്വത്തിനും, സ്ത്രീപക്ഷ ചിന്തകൾക്കും ക്യാമ്പസിൽ സ്വീകാര്യത വാങ്ങിക്കൊടുത്തത് ശ്രേയയാണ്. കോളേജിലും, ഹോസ്റ്റലിലും പെൺകുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ‘വെറും സ്ത്രീപ്രശ്നങ്ങൾ’ എന്ന രീതിയിൽ തഴയപ്പെടാതെ, മുഖ്യധാരാ പ്രശ്നങ്ങളാക്കി അവതരിപ്പിക്കാനും ശ്രേയയ്ക്ക് സാധിച്ചു. ലക്ചർ ഹാളിൽ മൈക്കുമെടുത്ത്, “ഗേൾസിനെ ബാച്ച് റെപ്രസൻ്റേറ്റീവ് ആയി വിജയിപ്പിക്കാൻ ഞങ്ങളെന്താ ശിഖണ്ഡികളാണോ” എന്നൊക്കെ വലിയവായിൽ ട്രാൻസ്-സ്ത്രീ വിരുദ്ധത പറയുന്ന ആൺസിംഹങ്ങളുടെ കുറ്റിയറ്റു. ഒരൊറ്റ പെൺകുട്ടി അധികാരസ്ഥാനത്തിലെത്തിയപ്പോൾ തന്നെ ഇത്തരം ആശാവാഹമായ മാറ്റങ്ങൾ ഉണ്ടായെങ്കിൽ, കൂടുതൽ സ്ത്രീകൾക്ക് അധികാരം കൊടുക്കേണ്ടതിൻ്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. കാലാകാലങ്ങളായി അധികാരശ്രേണിയിൽ പിന്തള്ളപ്പെട്ടുപോയ പെൺകുട്ടികൾ തങ്ങളുടെ സർഗാത്മകതയും ഊർജ്ജവും മൈലാഞ്ചിയിടലിലും, റെക്കോർഡെഴുത്തിലും, പാചകത്തിലും, വിക്കിപീഡിയയിലും, നൃത്തത്തിലുമൊക്കെ ചിലവഴിക്കുന്നതുകൊണ്ട് അവർക്ക് അതുമാത്രമേ കഴിയൂ എന്നും വിചാരിക്കരുത്. ഒരു ഏകദേശക്കണക്കെടുത്ത് നോക്കിയാൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ വോട്ടർമാരിൽ പകുതിയിൽ അധികവും പെൺകുട്ടികളായിരിക്കും. അതുകൊണ്ട് പെൺകുട്ടികൾ, സ്ത്രീകളായ സ്ഥാനാർത്ഥികൾക്ക് മാത്രമേ വോട്ട് ചെയ്യുകയുള്ളൂ എന്ന നിലപാട് എടുത്താൽ ഈസിയായി സ്ത്രീകളെ യൂണിയനിലേക്ക് വിജയിപ്പിക്കാവുന്നതേ ഉള്ളൂ. സ്ത്രീ സ്ഥാനാർത്ഥികൾക്ക് വേണ്ടി ശക്തമായ ആവശ്യം ബാച്ചുകൾക്കകത്ത് നിന്ന് ഉണ്ടായാൽ മനസില്ലാമനസോടെയാണെങ്കിലും പാർട്ടികളും കൂടുതൽ പെൺകുട്ടികളെ സ്ഥാനാർത്ഥികളാക്കും. ഒരു പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് യൂണിയൻ ചെയർപേഴ്സൺ ആകുന്ന കാലമാണ് എൻ്റെ സ്വപ്നം. ഇങ്ങനെ സംഭവിച്ചാൽ കോളേജ് പൊളിറ്റിക്സിൻ്റെ പേരിൽ നടക്കുന്ന അടിപിടി, പൊതുമുതൽ നശിപ്പിക്കൽ എന്നിവ ഇല്ലാതാകും എന്നത് ഉറപ്പാണ്. ഈ സ്ത്രീനേതാക്കളിൽ നിന്ന് മാതൃക ഉൾക്കൊണ്ട് കൂടുതൽ പെൺകുട്ടികൾ നേതൃത്വരംഗത്തേക്ക് വരികയും, അതുവഴി നേതൃസ്ഥാനങ്ങളിൽ സ്ത്രീകൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുകയും ചെയ്യും. കോളേജ് പൊളിറ്റിക്സിലൊക്കെ എന്തിരിക്കുന്നു, പെൺകുട്ടികളും ആൺകുട്ടികളും ഇതിൻ്റെ പേരിൽ സമയം കളയണോ എന്നൊക്കെ വേണമെങ്കിൽ അമ്മാവന്മാർക്ക് ചോദിക്കാം. വിദ്യാർത്ഥിരാഷ്ട്രീയത്തിൽ നിന്നും പഠിച്ച ജീവിത പാഠങ്ങൾ ഭാവിജീവിതത്തിൽ വിലപ്പെട്ടതാണെന്നും, കുട്ടികളെ ആട്ടിൻപറ്റം കണക്കെ വളർത്തിയാൽ അവർ ഭാവിജീവിതത്തിൽ സാമൂഹ്യബോധമില്ലാത്തവരും, സ്വന്തം കാര്യം മാത്രം നോക്കി കഴിഞ്ഞ് കൂടുന്നവരും, ജീവിതത്തിൽ നിർണ്ണായക തീരുമാനങ്ങൾ എടുക്കാൻ കഴിവില്ലാത്തവരും, പ്രതിസന്ധികളെ അതിജീവിക്കാൻ പറ്റാത്തവരും ആയി മാറുമെന്നാണ് എനിക്ക് തോന്നുന്നത്. കോളേജ് രാഷ്ട്രീയം എന്നാൽ വെട്ടും കുത്തുമാണെന്ന ഇമേജ് ഇല്ലാതാവണമെങ്കിൽ സ്ത്രീകൾ രാഷ്ട്രീയത്തിലിറങ്ങേണ്ടത് അനിവാര്യമാണ്.

ഇനിയും ഉദാഹരണങ്ങളുണ്ട്. നിപ്പ വൈറസ് പ്രതിരോധപ്രവർത്തനങ്ങളുടെ ഏകോപനത്തിൽ നിർണ്ണായകമായ നേതൃത്വനിരയിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ആരോഗ്യമന്ത്രി ഷൈലജ ടീച്ചർ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. സരിത, നോഡൽ ഓഫീസർ ഡോ. ചാന്ദ്നി എന്നിവരിൽ തുടങ്ങി, നേഴ്സുമാർ, നഴ്സിങ് അസിസ്റ്റൻ്റുമാർ എന്നിവരിലൊക്കെയും ഭൂരിപക്ഷം സ്ത്രീകൾ തന്നെയായിരുന്നു**. ജീവൻ പണയം വച്ചും ഇത്രയൊക്കെ ഭംഗിയായി കർത്തവ്യം നിർവ്വഹിക്കുന്ന സ്ത്രീകൾ ഉണ്ടായിട്ടും പലർക്കും സ്ത്രീകളെ നേതൃത്വനിരയിൽ കാണുന്നത് അലർജിയാകുന്നത് ഇതുവരെ അവർ ആൺമേൽക്കോയ്മയിലൂടെ അനുഭവിച്ച സൗകര്യങ്ങൾ തകർന്ന് തരിപ്പണമാകുമോ എന്ന് ഭയന്നിട്ടാണ്. സ്ത്രീകൾ മാറ്റിനിർത്തപ്പെട്ടതുകൊണ്ട് വലിയ കഴിവില്ലാത്ത ആണുങ്ങൾക്കും നേതാക്കളാകാനുള്ള അവസരം ഉണ്ട്.  ഇങ്ങനെ ഉള്ളിൻ്റെയുള്ളിൽ തങ്ങൾ കഴിവില്ലാത്തവരാണോ എന്ന പേടിയും കൊണ്ട് നടക്കുന്നവരാണ് സ്ത്രീകളെ പാർശ്വവൽക്കരിക്കുന്ന പുരുഷന്മാരിൽ പ്രധാനികൾ. ഇനി പൊതുപരിപാടികളുടെ കാര്യമെടുക്കാം. സ്റ്റേജിൽ ഇരിക്കുന്നവർ മുഴുവൻ പുരുഷന്മാരായിരിക്കും. പ്രാർത്ഥന പാടാനും, താലം പിടിക്കാനും, ബൊക്ക കൊടുക്കാനും പെൺകുട്ടികളും. സ്റ്റേജിലിരിക്കാനുള്ള അർഹത നേടിയ ഒരു സ്ത്രീ പോലുമില്ലല്ലോ എന്നൊക്കെ വേണമെങ്കിൽ വെല്ലുവിളിക്കാം. സ്റ്റേജിലിരിക്കാൻ സ്ത്രീക്ക് അർഹത നേടാൻ കഴിഞ്ഞില്ല എന്നത് ശരിയല്ല, സ്ത്രീ ആയിപ്പോയതുകൊണ്ട് സ്റ്റേജിൽ അവർക്ക് സ്ഥാനം ലഭിച്ചില്ല എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി. “നീ സ്റ്റേജിലിരിക്കണ്ട” എന്ന് പുരുഷന്മാർ കടുപ്പിച്ച് പറഞ്ഞതുകൊണ്ട് അർഹത നേടാൻ കഴിയാത്തവർ  ചുരുക്കമേ ഉണ്ടാകുകയുള്ളൂ. എന്നാൽ പ്രത്യക്ഷവും പരോക്ഷവുമായി സ്ത്രീകളെ നേതൃത്വനിരയിൽ വരുന്നതിൽ നിന്നും തടയുന്ന ചെറിയ ചെറിയ കാര്യങ്ങളുടെ ആകെത്തുകയായി സംഭവിക്കുന്നതാണ് വേദിയിലെ സ്ത്രീകളുടെ അസാന്നിധ്യം. ചെറുപ്പം മുതൽ കിട്ടിവരുന്ന സോഷ്യൽ കണ്ടീഷനിങ്ങിൻ്റെ ഭാഗമായി സംഭവിക്കുന്നതാണിത്. പെൺകുട്ടികൾക്ക് ആവശ്യമില്ലാത്ത നിയന്ത്രണങ്ങൾ വച്ചും, അവരെ രണ്ടാം കിട പൗരന്മാരായി കാണുന്ന സംസ്കാരം അടിച്ചേൽപ്പിച്ചും, അസൗകര്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കാൻ പഠിപ്പിച്ചും ഒതുക്കിയെടുക്കുന്നത് കൊണ്ടാണ് ചില പെൺകുട്ടികൾക്ക് നേതൃനിരയിലേക്ക് വരാനുള്ള ആർജവവും, ആഗ്രഹവും ഇല്ലാത്തത്. അതുകൊണ്ടുതന്നെ, പെൺകുട്ടികൾക്ക് നേതൃത്വനിരയിലേക്ക് വരാൻ താല്പര്യമില്ല എന്ന് പലരും ഒഴുക്കിൽ അങ്ങ് പറഞ്ഞ് വിടുന്നത് ഈ പ്രശ്നത്തിനെ സമഗ്രമായ രീതിയിൽ കാണാൻ സാധിക്കാത്തതുകൊണ്ടാണ്. ഇവർ വിചാരിക്കുന്നത് ഒറ്റയടിക്ക് പക്ഷിയുടെ ചിറകരിഞ്ഞ് വിടുന്നതുപോലെയാണ് പാട്രിയാർക്കൽ സംസ്കാരം പ്രവർത്തിക്കുന്നത് എന്നാണ്. അത് ശരിയല്ല. ചിറക് ഇഞ്ചിഞ്ചായി ദിവസവും ട്രിം ചെയ്തെടുക്കുന്ന പോലെയാണ് പാട്രിയാർക്കിയുടെ പ്രവർത്തനം. അതുകൊണ്ട് ആഗ്രഹമില്ലാതായിപ്പോയ പെണ്ണുങ്ങൾ ഉണ്ടാവുന്നത് അവർ വ്യവസ്ഥിതിയുടെ ഇരകളായതുകൊണ്ട് മാത്രമാണ്. ആഗ്രഹമില്ലായ്മ ഞങ്ങളുടെ ചോയ്സാണ് എന്നൊക്കെ ശക്തിയുക്തം വാദിക്കുന്ന സ്ത്രീകളോട് സഹതാപമേ എനിക്കുള്ളൂ. റെഡി റ്റു വെയിറ്റുകാർ ഈ കാറ്റഗറിയിൽ പെടുന്നവരാണ്. നിങ്ങളുടെ ചോയ്സുകൾ ഉണ്ടായി വന്നത് ഏത് സാമൂഹിക പശ്ചാത്തലത്തിലാണെന്നതും ആലോചിച്ച് നോക്കിയാൽ പിടികിട്ടുന്ന കാര്യമാണ്. ഉദാഹരണത്തിന്, മുസ്ലീം സ്ത്രീകളല്ലാത്ത ആരും പർദ്ദ എന്ന ചോയ്സിനെക്കുറിച്ച് ചിന്തിക്കുന്നുപോലുമുണ്ടാവില്ലല്ലോ.

പാട്രിയാർക്കി രണ്ട് രീതിയിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് നാം കണ്ടു. കഴിവുള്ള സ്ത്രീകളെ അധികാരത്തിൽ നിന്നും മാറ്റിനിർത്തിയും, മറ്റ് സ്ത്രീകളെ നിരന്തരമുള്ള ചിറകരിയലിലൂടെ ആഗ്രഹവും, ആർജ്ജവവും, നൈപുണ്യവും ഇല്ലാത്തവരാക്കി മാറ്റിയും. പക്ഷെ പറഞ്ഞ് വന്നത് പല വേദികളിലും സ്ത്രീസാന്നിധ്യമില്ലാത്തതിനെക്കുറിച്ചാണ്. സ്ത്രീകളുടെ നിലപാടുകളും കൂടി കേഴ്വിക്കാർ പരിഗണനയിൽ എടുക്കണമെങ്കിൽ സ്ത്രീകളും വേദികളിൽ ഇരിക്കണം. അവർ മൈക്കിൽ സംസാരിച്ച് തുടങ്ങണം. പക്ഷെ, സ്റ്റേജിൽ ആരൊക്കെ ഇരിക്കണം എന്ന തീരുമാനം എടുക്കുന്നത് മിക്കപ്പോഴും പുരുഷനേതാക്കൾ തന്നെയായിരിക്കും. അതുകൊണ്ട് ഒരു സ്ത്രീ എങ്കിലും ഇരിക്കാത്ത വേദിയിൽ പൂച്ചെണ്ട് കൊടുക്കാനും, പ്രാർഥന ചൊല്ലാനും, ഓഡിയൻസിൽ ഇരുന്ന് കയ്യടിക്കാനും ഞങ്ങൾ വരില്ല എന്ന് പെൺകുട്ടികൾ കൃത്യമായ നിലപാടെടുക്കണം. വേണമെങ്കിൽ ബാക്കിയുള്ളവർ ചേർന്ന് ഒരു ആൺകൂട്ട പരിപാടി നടത്തിക്കോട്ടെ. സ്ത്രീകളെ എത്ര ശ്രമിച്ചിട്ടും ക്ഷണിക്കാൻ കഴിയാത്ത പരിപാടിയായിപ്പോയെങ്കിൽ ആൺകുട്ടിയായ സ്റ്റുഡൻ്റ് യൂണിയൻ ചെയർമാനു പകരം പെൺകുട്ടിയായ വൈസ് ചെയർമാൻ കോളേജിൻ്റെ പ്രതിനിധിയായി വേദിയിലിരിക്കട്ടെ. ഇതിനെക്കുറിച്ച് മുരളി തുമ്മാരുകുടി എഴുതിയതും വായിക്കുക.

പെൺകുട്ടിക്ക് കോളേജ് അഡ്മിഷൻ കിട്ടിയാൽ വീട്ടുകാർ അടുത്ത ലക്ഷ്യമായി കാണുന്നത് വിവാഹമാണ്. ഒരു വ്യക്തിയുടെ ജീവിതത്തിൽ എന്തൊക്കെ കാരങ്ങൾ, എപ്പോഴൊക്കെ സംഭവിക്കണം എന്നതിന് സമൂഹം ഉണ്ടാക്കിത്തന്ന ഒരു ടൈംലൈൻ ഉണ്ട്. ഈ ടൈംലൈനിലെ ഒരു മൈൽകുറ്റിയിൽ എത്തിക്കഴിഞ്ഞാൽ വീട്ടുകാരും നാട്ടുകാരും അടുത്തതായി ചിന്തിക്കുന്നത് അടുത്ത മൈൽക്കുറ്റിയിലേക്ക് ഇയാളെ എപ്പോൾ, എങ്ങനെ എത്തിക്കാം എന്നാണ്. മെഡിക്കൽ വിദ്യാർത്ഥികളായ ആൺകുട്ടികളുടെ കാര്യത്തിൽ അടുത്ത മൈൽക്കുറ്റി പി.ജി ആണെങ്കിൽ, പെൺകുട്ടികളുടെ കാര്യത്തിൽ അത് വിവാഹമാണ്. എന്നും ‘കല്യാണം.. കല്യാണം’ എന്ന് കേട്ട് ശീലമായാൽ അത് നമ്മുടെ ചിന്താഗതിയെയും ബാധിക്കും. നമ്മൾ ഭാവിയിലെ കല്യാണത്തിനു വേണ്ടി ഇപ്പോഴേ മനസ്സിനെ പാകപ്പെടുത്തും. കോളേജ് ഇലക്ഷനിൽ മത്സരിച്ചാൽ വിവാഹമാർക്കറ്റിൽ വില ഇടിയുമോ? ഡെൽഹിയിൽ പി.ജിക്ക് പോയാൽ ഭാവിവരൻ്റെ കുടുംബത്തിന് ഇഷ്ടപ്പെടാതാകുമോ? സുഹൃത്തിനെ പ്രണയിച്ചത് വിവാഹത്തിൽ കലാശിച്ചില്ലെങ്കിൽ ഭാവിവരൻ ഉപേക്ഷിക്കുമോ? പൊതുപ്രവർത്തനത്തിൻ്റെ ഭാഗമായി ആരോഗ്യക്ലാസുകൾ എടുത്താൽ അഴിഞ്ഞാട്ടക്കാരിയാണെന്ന് ഭാവിഭർതൃകുടുംബം വിചാരിക്കുമോ?  എന്നീ നൂറു കൂട്ടം ചിന്തകൾ തലയിൽ തെളിയും. ഇത്തരം പേടികളെ ഊതി വീർപ്പിച്ച് തരാൻ “കല്യാണമായില്ലേ മോളേ” എന്ന് സ്നേഹപൂർവ്വം ചോദിക്കുന്ന ബന്ധുക്കളും, “അവൾ സ്മാർട്ടാണ് കെട്ടോ, സൂക്ഷിക്കണം” എന്ന് അടക്കം പറയുന്ന, സൗഹൃദം അഭിനയിക്കുന്ന കൂട്ടുകാരും ഉണ്ടാകും. സ്ഥാനാർത്ഥി ആയതുകൊണ്ടോ, പ്രണയിച്ചതുകൊണ്ടോ, ഡൽഹിയിൽ പോയതുകൊണ്ടോ വിവാഹം കഴിക്കാനാകാതെ പോയ ഒരു ഡോക്ടറെപ്പോലും ഞാൻ കണ്ടിട്ടില്ല. ഇനി ഇത്തരം ചീള് കാര്യങ്ങളൊക്കെ നോക്കി കല്യാണം കഴിക്കുന്ന ഭാവിവരന്മാരുണ്ടെങ്കിൽ അവരെ ആദ്യമേ അടുപ്പിക്കാതിരിക്കുന്നതാണ് നല്ലത്. ഇത്തരം ഭർത്താക്കന്മാർ ഭാവിയിൽ നിങ്ങളുടെ ഉയർച്ചയ്ക്ക് കടിഞ്ഞാണിടുകയും, പാട്രിയാർക്കൽ മൂല്യബോധം നിങ്ങളിൽ അടിച്ചേൽപ്പിക്കുകയും ചെയ്യും. ഇത്തരം പിന്തിരിപ്പന്മാരെ വിവാഹം ചെയ്യുന്നതിലും ഭേദം വിവാഹമേ കഴിക്കാത്തതായിരിക്കും. എൻ്റെ ഭർത്താവ് എന്നെ പരിചയപ്പെടുന്നതിനു മുൻപേ എന്നെ മനസിലാക്കിയത് ഈ ബ്ലോഗ് അടക്കമുള്ള എൻ്റെ എഴുത്തിലൂടെയായിരുന്നു. അതുകൊണ്ട്, നിങ്ങളുടെ നിലപാടുകൾ എഴുതാനും പറയാനും സങ്കോചിച്ച് നിൽക്കേണ്ട കാര്യമില്ല. നിലപാടുകൾ വ്യക്തമാക്കിയാൽ സമാന നിലപാടുള്ള ചെത്ത് പയ്യന്മാരെ കണ്ടുമുട്ടാൻ കൂടുതൽ അവസരങ്ങൾ ഉണ്ടായി വരികയും ചെയ്യും 🙂

ഇത്രയും വായിച്ചിട്ട് സ്ത്രീകളുടെ പ്രധാന ലക്ഷ്യം നല്ല വ്യക്തിയുമായുള്ള വിവാഹമാണ് എന്ന തോന്നൽ വരുന്നുണ്ടെങ്കിൽ ക്ഷമിക്കണം. ഒരിക്കലും അങ്ങനെയല്ല. പെൺകുട്ടികളെ വിവാഹത്തിലേക്ക് വലിച്ചഴിക്കാതെ അതും ഒരു ചോയ്സായി മാത്രം കാണുന്നതും, വിവാഹം കഴിക്കുകയാണെങ്കിൽ തന്നെ പങ്കാളിയെ സ്വതന്ത്രമായി തീരുമാനിക്കാൻ കഴിയുന്നതുമായ സാഹചര്യമാണ് എൻ്റെ സ്വപ്നം. വിവാഹം കഴിക്കാതെയും സന്തുഷ്ടമായി ജീവിക്കുന്ന എത്രയോ പേരെ എനിക്കറിയാം. മെഡിസിന് പഠിക്കുന്ന സമയത്ത് നല്ലൊരു ശതമാനം പെൺകുട്ടികളും വിവാഹത്തെക്കുറിച്ച് ആവശ്യമില്ലാതെ ബേജാറാവുന്നത് കണ്ടിട്ടുള്ളതുകൊണ്ടാണ് എനിക്ക് ഇത്രയും എഴുതേണ്ടി വരുന്നത്. ഇതിനെക്കുറിച്ച് കൂടുതലാരും എഴുതിക്കണ്ടിട്ടില്ലാത്തതുകൊണ്ട് ഇനിയും എഴുതാനാണ് പ്ലാൻ. 🙂 ഈ വിഷയത്തിൽ പെൺകുട്ടികളെ ഭാവിജീവിതത്തെക്കുറിച്ച് കൂടുതൽ ധൈര്യവതികളാക്കിത്തീർക്കേണ്ടതും, തങ്ങളുടെ ചോയ്സുകൾക്ക് വേണ്ടി ശബ്ദമുയർത്താൻ പ്രേരിപ്പിക്കേണ്ടതും കാലഘട്ടത്തിൻ്റെ ആവശ്യകതയാണ്.

ഇരട്ടത്താപ്പിന് ഒരു ഉദാഹരണം. കടപ്പാട്: xkcd, സി.സി-ബൈ-എസ്.എ

പല ആൺകുട്ടികളും ‘ആങ്ങള’ റോൾ ആണ് ക്ലാസ്മേറ്റ്സ് ആയ പെൺകുട്ടികളോട് എടുക്കുന്നത്. ക്ലാസ്മേറ്റിനെ സുരക്ഷിതമായി ഹോസ്റ്റലിൽ എത്തിക്കുന്ന ആങ്ങള, ക്ലാസ്മേറ്റിന് അസുഖമുണ്ടാകുമ്പോൾ മരുന്ന് എത്തിച്ചുകൊടുക്കുന്ന ആങ്ങള എന്നിങ്ങനെ. ഇതിൽ എന്താ പ്രശ്നം എന്ന് ചോദിച്ചാൽ ഒരു പ്രശ്നവുമില്ല എന്നാണ് ഉത്തരം. ഇവർ ചെയ്യുന്ന കാര്യങ്ങൾ മുഴുവനും കരുതലുള്ളതുകൊണ്ടാണ് ചെയ്യുന്നതെങ്കിലും, അത് ആങ്ങളയുടെ കരുതലാകുമ്പോളാണ് പ്രശ്നകരമാകുന്നത്. പെൺകുട്ടികൾ ദുർബലരായതുകൊണ്ട് അവരെ സംരക്ഷിക്കേണ്ടതുണ്ട് എന്ന മെസേജ് ആണ് അവിടെ ആൺകുട്ടികൾക്ക് കിട്ടുന്നത്. പക്ഷെ, പെൺകുട്ടികൾ നൈസർഗികമായി ദുർബലരല്ല എന്നും, അവർ പെണ്ണായിപ്പോയതിൻ്റെ പാരതന്ത്ര്യം ഉള്ളതുകൊണ്ട് ദൗർബല്യം അനുഭവിക്കുന്നതാണെന്നുമുള്ള മെസേജ് ആണ് ഇവർക്ക് ശരിക്കും കിട്ടേണ്ടത്. പെൺകുട്ടിയുടെ അവസ്ഥ മറ്റേത് വൈകല്യം പോലെയും ആണ്. കാഴ്ചയില്ലാത്ത കുട്ടിയെ കൈപിടിച്ച് നടത്തേണ്ടി വരുമല്ലോ. കാഴ്ചയില്ലാത്തതുകൊണ്ട് ഈ കുട്ടിക്ക് നോവൽ വായിക്കാനോ, ഫുട്ബോൾ കളിക്കാനോ, ഒറ്റയ്ക്ക് യാത്ര ചെയ്യാനോ ഒക്കെ ബുദ്ധിമുട്ടുള്ളതുകൊണ്ട് അവർ സമൂഹത്തിൽ പിന്തള്ളപ്പെട്ടു പോയേക്കാം. ഇവർക്ക് ചുറ്റുമുള്ള കാഴ്ചയുള്ളവരുടെ സഹായം വേണ്ടിവന്നേക്കാം. അതുപോലെ, ഒരു വ്യക്തി കേരളത്തിൽ പെൺകുട്ടിയായി ജനിച്ചതുകൊണ്ട് മാത്രം അവർക്ക് യാത്ര ചെയ്യാനും, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, മൂത്രശങ്ക വരുമ്പോൾ മൂത്രമൊഴിക്കാനും, പൊരിച്ച മീൻ കഴിക്കാനും മുതൽ ഓരോ കുഞ്ഞ് കുഞ്ഞ് കാര്യങ്ങളിൽ വരെ വിവേചനം അനുഭവിക്കുന്നുണ്ട്. ഈ വിവേചനം കൊണ്ടുണ്ടായ ‘സാമൂഹികമായ വൈകല്യം’ കാരണം ദുരിതം അനുഭവിക്കുന്നവരാണ് നമ്മുടെ പെൺകുട്ടികൾ. ഈ യാഥാർത്ഥ്യം മനസിലാക്കി, അവരെ സഹജീവികളായി കാണുകയും, അവരോടുള്ള വിവേചനങ്ങൾ കണ്ടറിഞ്ഞ് അതിനുള്ള പരിഹാരങ്ങൾ ഉണ്ടാക്കിക്കൊടുക്കുകയും ആണ് ചെയ്യേണ്ടത്. രാത്രി പെൺകുട്ടിയെ ഡ്രോപ്പ് ചെയ്യുമ്പോൾ ആങ്ങളയെന്നുള്ള കരുതലിൽ കവിഞ്ഞ്, പെൺകുട്ടികൾ അനുഭവിക്കുന്ന സ്വാതന്ത്ര്യമില്ലായ്മ ഇപ്രകാരത്തിലുള്ളതാണെന്ന് മനസിലാക്കുകയും, അതിനു മാറ്റങ്ങൾ വരുത്താൽ വേണ്ടി പ്രവർത്തിക്കുകയും ചെയ്യുകയാണ് വേണ്ടത്. ആങ്ങളയാകുന്നതിൻ്റെ മറ്റൊരു പ്രശ്നം എന്താണെന്നു വച്ചാൽ, ഒരിക്കൽ പെങ്ങളുമായി അടിയുണ്ടാക്കിയാൽ, “ഇന്ന് രാത്രി നീ ഒറ്റയ്ക്ക് ഹോസ്റ്റലിൽ പോകുന്നതൊന്ന് കാണണമല്ലോ” എന്നായിരിക്കും വെല്ലുവിളിക്കുന്നത്. കാഴ്ചയില്ലാത്ത സുഹൃത്തുമായി കലഹമുണ്ടാക്കിയശേഷം “ഇന്ന് താൻ ഒറ്റയ്ക്ക് റോഡ് ക്രോസ് ചെയ്ത് പൊയ്ക്കോ” എന്ന് ഒരിക്കലും പറയില്ലല്ലോ. ഒരു പെൺകുട്ടിയെ ഹോസ്റ്റലിൽ ഡ്രോപ്പ് ചെയ്യുമ്പോൾ നിങ്ങൾ അവർക്ക് സാമൂഹികപരമായുണ്ടായ വൈകല്യത്തിന് താൽക്കാലികമായ പരിഹാരം ചെയ്യുകയാണ്. അത് ചെയ്ത് കൊടുക്കേണ്ടത് ആങ്ങളയുടെ കരുതൽ കാരണമല്ല, സ്ത്രീകൾക്ക് സമൂഹം പരിമിതികൾ ഉണ്ടാക്കിവച്ചിട്ടുണ്ട് എന്ന അറിവിന്മേൽ സഹജീവിയോട് കാണിക്കേണ്ട ബാധ്യതയാണ്. ഹോസ്റ്റലിലേക്ക് കൂടെച്ചെല്ലൽ താൽക്കാലിക പരിഹാരം മാത്രമേ ആകുന്നുള്ളൂ. അതേസമയം, ഹോസ്റ്റലിലേക്കുള്ള റോഡിൽ സ്ട്രീറ്റ്ലൈറ്റ് കൊണ്ടുവരികയും, ചുറ്റുമുള്ള കാട് വെട്ടുകയും ചെയ്ത് ശാശ്വതമായ പരിഹാരവും ചെയ്യാവുന്നതാണ്. ശാശ്വതപരിഹാരങ്ങൾ ഉണ്ടായിവരണമെങ്കിൽ, ഈ പ്രശ്നത്തിൻ്റെ ആഴം മനസിലാക്കുന്നവർ അധികാരസ്ഥാനങ്ങളിൽ ഉണ്ടാകണം. ഇതുകൊണ്ടാണ് സ്ത്രീകൾ അധികാരസ്ഥാനങ്ങളിലേക്ക് മത്സരിക്കണമെന്ന് ഞാൻ ആവർത്തിച്ച് പറയുന്നത്. കൂടെ സതീഷ് എളയിടത്ത് എഴുതിയ ആങ്ങള എന്ന പോസ്റ്റും വായിക്കുക.

സ്ട്രീറ്റ്ലൈറ്റ് ഉദാഹരണം തന്നെ എടുക്കാം. ചില ആൺകുട്ടികൾക്ക് എപ്പോഴും ആങ്ങളയായി നടക്കുന്നതാണ് ഇഷ്ടം. ഇവർക്ക് പെൺകുട്ടികളുടെ കൂടെ നടക്കാനും, ഇടയ്ക്കിടയ്ക്ക് അവർക്ക് മുന്നിൽ ആളാകാനും അവസരം കിട്ടണമെങ്കിൽ സ്ട്രീറ്റ് ലൈറ്റ് വരാൻ പാടില്ല. ലൈറ്റ് വന്നാൽ പെൺകുട്ടികൾ ഇവരെ കൂസാതെ സ്വയം ഹോസ്റ്റലിലേക്ക് നടന്ന് പൊയ്ക്കൊള്ളും എന്നതു കൊണ്ടാണിത്. ലൈറ്റ് വരുന്നതോടു കൂടി ‘പെൺകുട്ടികളെ സംരക്ഷിക്കുന്ന കരുണാമയനായ ജ്യേഷ്ഠൻ’ എന്ന റോൾ ഏറ്റെടുക്കാൻ പറ്റാതെ വരും എന്ന് ഇവർക്കറിയാം. പക്ഷെ, പുരോഗമനം നടിക്കാൻ വേണ്ടി, സ്ട്രീറ്റ് ലൈറ്റ് വേണം എന്ന അഭിപ്രായമാണ് ഇവർ ജനസമക്ഷം പറയുക. എന്നാൽ ഉള്ളിൻ്റെയുള്ളിൽ സ്ട്രീറ്റ് ലൈറ്റ് വരരുതേ എന്ന് മുട്ടിപ്പായി പ്രാർത്ഥിക്കും. നമ്മുടെ കമ്പ്ലീറ്റ് ആക്ടറെപ്പോലെ. സ്ട്രീറ്റ് ലൈറ്റ് വിഷയം കോളേജിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്നായി മാറാതിരിക്കാൻ പിൻവാതിൽ ശ്രമങ്ങൾ ഒക്കെ നടത്തും. അതുകൊണ്ട് തന്നെ സ്ട്രീറ്റ് ലൈറ്റ് കൊണ്ടുവരാൻ നേതൃത്വം നൽകുന്ന ആൺസുഹൃത്തുക്കളാണ്, ഹോസ്റ്റലിൽ ഡ്രോപ്പ് ചെയ്യുന്ന ആൺസുഹൃത്തിനെക്കാൾ കൂടുതൽ ബഹുമാനം അർഹിക്കുന്നതെന്ന് മനസിലായല്ലോ. ഇവിടെ സ്ട്രീറ്റ് ലൈറ്റിൻ്റെ കാര്യം ഭാവാർത്ഥത്തിൽ പറഞ്ഞതാണ്. ഈ തത്വം മറ്റ് പ്രശ്നങ്ങളിലും ബാധകമാണ്. യഥാർത്ഥ സ്ത്രീപക്ഷത്ത് നിൽക്കുന്നവർ സ്ത്രീകളെ നിരന്തരമായി സഹായിക്കാനല്ല, മറിച്ച് സ്വതന്ത്രരാക്കാനാണ് ശ്രമിക്കുക എന്നത് മനസിലാക്കേണ്ടതാണ്.

ആണുങ്ങൾ അവരുടെ ജോലിയും പെണ്ണുങ്ങൾ അവരുടെ ജോലിയും ചെയ്തോട്ടെ, എന്തിനാണ് നിങ്ങൾ ആണുങ്ങളുടെ ജോലി ചെയ്യണമെന്ന് വാശി പിടിക്കുന്നത് എന്ന് പ്രൊഫസർമാർ വരെ പെൺകുട്ടികളോട് ചോദിച്ചിട്ടുള്ള ചോദ്യമാണ്. എനിക്ക് പറയാനുള്ളത് എല്ലാവരും അവർക്കിഷ്ടമുള്ള ജോലികൾ ചെയ്യുന്നതിന് ജെൻ്റർ ഒരു മാനദണ്ഡമാകേണ്ടതില്ല എന്നാണ്. മൈക്ക് കെട്ടുന്ന ജോലി ഒരു പെൺകുട്ടിക്ക് ഇഷ്ടമാണെങ്കിൽ അവർ അത് ചെയ്യട്ടെ. പായസമുണ്ടാക്കുന്ന ജോലി ഒരു ആൺകുട്ടിക്ക് ഇഷ്ടമാണെങ്കിൽ അതും അവർ ചെയ്യട്ടെ. ആണിൻ്റെ ജോലി ഇത്, പെണ്ണിൻ്റെ ജോലി ഇത് എന്ന് വേർതിരിച്ച് വയ്ക്കുന്ന പക്ഷം അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് പരിധി നിശ്ചയിക്കുകയാണ് ചെയ്യുന്നത്. ജനിക്കുമ്പോഴേ മൈക്ക് കെട്ടാനുള്ള സ്കില്ലുമായല്ല ഒരാണും ജനിക്കുന്നത്. പായസമുണ്ടാക്കുന്നത് ഒരു സ്ത്രീയുടെയും ജന്മവാസനയല്ല. അതുകൊണ്ട് നമ്മൾ സ്വയം ജെൻ്റർ റോളുകളിൽ തളയ്ക്കപ്പെട്ട് പോകരുത്. ലോകത്തുള്ള ജോലികളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ മനസിലാകുന്നത് പണവും, അധികാരവും, പ്രശസ്തിയും ഉള്ള ജോലികൾ ‘ആൺജോലികൾ’ ആയും, ഇതൊന്നുമില്ലാത്തവ ‘പെൺജോലികൾ’ ആയും തരംതിരിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. 1960-കളിൽ സോഫ്റ്റ്വേർ എഞ്ചിനീറിങ് ഒരു പെൺജോലിയായിരുന്നു. ലോകത്തിലെ ആദ്യത്തെ പ്രോഗ്രാമർ എഡാ ലൗലേസ് അടക്കം ഒരുപാട് സ്ത്രീകൾ പ്രോഗ്രാമിങ്ങിന് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ഈ മേഖലയിൽ കൂടുതൽ ജോലിസാധ്യതയും, അതോടു കൂടി പണവും, പദവിയും ഉണ്ടായതോടു കൂടി ഇത് പതിയെ ആൺജോലിയായി മാറി. തിരിച്ചും സംഭവിക്കാം. ടെലിഫോൺ ബൂത്ത് ഓപ്പറേറ്ററുടേത് ആദ്യം ആൺജോലിയും, പിന്നെ പെൺജോലിയും, പിന്നെ ജോലിയേ അല്ലാതെയും ആയി. എഞ്ചിനിയറിങ് പഠിച്ചാൽ പെട്ടെന്ന് പഠനം പൂർത്തിയാക്കി ജോലിക്ക് കയറാം എന്നതുകൊണ്ടും, വിദേശത്തേക്ക് പോകാനുള്ള സാധ്യത ഉള്ളതുകൊണ്ടും, നല്ല ശമ്പളം ലഭിക്കുന്നതുകൊണ്ടും ആൺകുട്ടികൾ മെഡിസിന് ചേരാൻ പണ്ടത്തത്ര താല്പര്യപ്പെടുന്നില്ല. പയ്യെപ്പയ്യെ ഡോക്ടർ എന്നത് ഒരു പെൺജോലിയായി മാറാനുള്ള സാദ്ധ്യതയുണ്ട്. അടുത്ത പത്ത് വർഷങ്ങൾക്കുള്ളിൽ ഒഫ്താല്മോളജി, ഇ.എൻ.ടി എന്നിവ ഏതാണ്ട് തീർത്തും പെൺജോലികളായി മാറാനാണ് സാദ്ധ്യത.

ചില ഒന്നാം വർഷ ആൺകുട്ടികളെ കണ്ടിട്ടുണ്ട്. ജില്ലയ്ക്ക് പുറത്തേക്ക് പോലും യാത്ര ചെയ്തിട്ടില്ലാത്തതുകൊണ്ടോ, പുരുഷാധിപത്യബോധം കൂടുതലുള്ള വീടുകളിൽ നിന്നും വരുന്നതുകൊണ്ടോ, പെൺകുട്ടികൾ ഇവർ പറയുന്നത് അനുസരിക്കണം എന്ന് വിചാരിക്കുന്നവരാണിവർ. കൂട്ടുകാരികളെ തട്ടമിടീക്കാനും, തട്ടമിട്ടവരെ മുഖമക്കന ഇടീക്കാനും, മുഖമക്കന ഇട്ടവരെ മതക്ലാസിനു കൊണ്ടുപോകാനും, മതക്ലാസിനു പോകുന്നവരെ അവരുടെ കൂട്ടുകാരെ മതക്ലാസിലേക്ക് റിക്രൂട്ട് ചെയ്യിക്കാനും ഒക്കെ വേണ്ടി അവർ നിങ്ങളോട് ആവശ്യപ്പെടും. ഇവർ പറയുന്നത് ഒരിക്കൽ അനുസരിച്ചാൽ, പുതിയ ആജ്ഞകൾ വന്നുകൊണ്ടിരിക്കും. ഒന്ന് രണ്ട് വർഷം മെഡിക്കൽ കോളേജിൽ പഠിച്ച് കഴിഞ്ഞാൽ ലോകം ഇവർക്ക് ചുറ്റുമല്ല കറങ്ങുന്നത് എന്ന് ഇവർക്ക് മനസിലായിക്കോളും. അതോടെ ഈ നിർബന്ധബുദ്ധി ഇല്ലാതായിക്കോളും. ഇത്തരക്കാരെ ആദ്യമേ അവഗണിക്കുന്നതാണ് നിങ്ങളുടെ സ്വൈര്യത്തിന് നല്ലത്.

കോളേജിൽ നമുക്കുള്ള ഇമേജ് എന്താണെന്നതിനെക്കുറിച്ച് വളരെ ശ്രദ്ധാലുക്കളാണ് നമ്മൾ. കോളേജിൽ ‘നല്ല പെൺകുട്ടി’ എന്ന ഒരു ഇമേജ് ഉണ്ട്. നന്നായി പഠിക്കുക, എല്ലാവരെയും സഹായിക്കുക, ചുരിദാറും സാരിയും മാത്രം ധരിക്കുക, എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുക, രാഷ്ട്രീയത്തിൽ കാര്യമായി ഇടപെടാതിരിക്കുക, പാട്ട് പാടുകയോ ഡാൻസ് കളിക്കുകയോ ചെയ്യുക, പൂക്കളമിടാനും നിലവിളക്ക് കത്തിക്കാനും (മാത്രം) നേതൃത്വം കൊടുക്കുക, ടെഡി ബിയറിനെ ഇഷ്ടപ്പെടുക, രോഗികളുടെ ദുരിതം കണ്ട് കണ്ണീർ തുടയ്ക്കുക, പത്രം വായിക്കാതിരിക്കുക, സഹപാഠികൾക്ക് വൈവയ്ക്ക് പഠിപ്പിച്ചു കൊടുക്കുക എന്നിങ്ങനെയുള്ളതാണ് ‘നല്ല പെൺകുട്ടി’ ഇമേജ്. തൊലിവെളുപ്പും, നീണ്ട മുടിയും, മിതമായ മതവിശ്വാസവുമുണ്ടെങ്കിൽ പൂർണ്ണമായി. ഈ ഇമേജ് ഉള്ള പെൺകുട്ടികളെ എല്ലാവരും ഇഷ്ടപ്പെടുകയും, ആൺകുട്ടികൾ അവരോട് അകമഴിഞ്ഞ് ‘ആങ്ങളത്വം’ കാണിക്കുകയും ചെയ്യും. അതേസമയം, ഈ വാർപ്പുമാതൃകകളിൽ നിന്ന് അല്പം പോലും വിട്ട് നടക്കുന്നവരെ ആർക്കും വലിയ ഇഷ്ടമില്ല. ഇത്തരക്കാർക്ക് ‘ജാഡ’, ‘അഹങ്കാരി’, ‘തന്നിഷ്ടക്കാരി’ എന്നീ ലേബലുകൾ കിട്ടും. ഈ ലേബലുകളെ പേടിച്ച് ജീവിക്കാൻ തുടങ്ങിയാൽ കോളേജ് കാലഘട്ടം മുഴുവനും ആങ്ങളമാർക്ക് വേണ്ടി ജീവിക്കേണ്ടി വരും. അഞ്ചാറ് കൊല്ലം കഴിഞ്ഞാൽ ഈ ലേബലിട്ടു തരുന്നവരൊക്കെ അവരവരുടെ വഴിക്ക് പോകും. അതുകൊണ്ട് ഇപ്പോൾ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ ആരെയും പേടിക്കേണ്ടതില്ല. ഇന്ത്യൻ നിയമസംഹിതയിൽ പൗരന്മാർക്ക് അനുവദിച്ചിട്ടുള്ളതെല്ലാം നിങ്ങൾ പെൺകുട്ടികൾക്ക് ഹലാലാണ്. 🙂

വേറൊരു പ്രതിഭാസവും കണ്ടിട്ടുണ്ട്. പ്രതിഭയുള്ള പെൺകുട്ടികളെ ആദ്യം അവഗണിക്കുകയും, പിന്നീട് കുറ്റപ്പെടുത്തുകയും, ശേഷം കളിയാക്കുകയും (അല്ലെങ്കിൽ ആക്രമിക്കുകയും), അവസാനം ഗത്യന്തരമില്ലാതെ അംഗീകരിക്കുകയും ആണ് പാട്രിയാർക്കി ചെയ്യുക. പാട്രിയാർക്കിയെ പൊരുതിത്തോൽപ്പിക്കണമെങ്കിൽ സ്ത്രീകൾക്ക് എല്ലാ സ്റ്റേജിലൂടെയും കടന്നു പോകേണ്ടി വന്നേക്കാം. സാങ്കൽപ്പിക ഉദാഹരണം പറയാം. നിങ്ങൾക്ക് നീന്തലിൽ പ്രാഗൽഭ്യം നേടണമെന്നുണ്ട്. നിങ്ങൾക്ക് നീന്താൻ താല്പര്യമുണ്ട് എന്ന് യൂണിയൻ മുതൽ ഡീൻ വരെയുള്ളവരോട് പറഞ്ഞാൽ അവർ അതിനുള്ള സൗകര്യങ്ങൾ ഒന്നും ഒരുക്കിത്തരാൻ പോകില്ല. അവർ നിങ്ങളെ അവഗണിക്കുകയേ ഉള്ളൂ. എന്തിനാണ് പെൺകുട്ടികൾ നീന്തുന്നതെന്നായിരിക്കും ഇവർ ആലോചിക്കുന്നത്. അതേസമയം, അമേരിക്കയിലെ ‘വിമൻ സ്വിം മൂവ്മെൻ്റി’നെ സപ്പോർട്ട് ചെയ്ത് ഇവർ ഫേസ്ബുക്കിൽ പോസ്റ്റിടും. അമേരിക്കയിലെ സിനിമാനടിമാർ ചെയ്യുന്നത് സ്ത്രീവിമോചനം, പക്ഷെ നാട്ടിലെ പെണ്ണൊരുത്തി അതേ കാര്യം ചെയ്താൽ അത് അധികപ്രസംഗം എന്നതാണ് ഇവരുടെ ലൈൻ. ഇതൊന്നും വകവയ്ക്കാതെ നിങ്ങൾ നീന്തി പരിശീലിച്ച് തുടങ്ങിയെന്നിരിക്കട്ടെ. അപ്പോൾ അനാവശ്യമായ ഹോബികൾ ഒക്കെ കൊണ്ടു നടക്കുന്നതിന് എല്ലാവരും നിങ്ങളെ കുറ്റപ്പെടുത്തുകയും പേടിപ്പിക്കുകയും ചെയ്യും. പണ്ട് നീന്താൻ ഒരുമ്പെട്ട ഒരു സീനിയർ വെള്ളത്തിൽ മുങ്ങി മരിച്ചുപോയ കഥയും, നീന്തലുകാരെ പ്രൊഫസർ പരീക്ഷയിൽ തോൽപ്പിക്കാറുള്ള കഥയും ഒക്കെ പലരും നിങ്ങൾക്ക് പറഞ്ഞു തരും. ഒരുമാതിരിപ്പെട്ടവരൊക്കെ ഈ സ്റ്റേജിൽ തന്നെ നീന്തൽ നിർത്തും. ഇതും അതിജീവിച്ച് വീണ്ടും നിങ്ങൾ നീന്തൽ പരിശീലിച്ചുകൊണ്ടിരിക്കുകയാണെന്നിരിക്കട്ടെ. അടുത്തതായി വരുന്നത് കളിയാക്കലും പരിഹാസവുമാണ്. സ്വിം സ്യൂട്ട് ധരിക്കാൻ വേണ്ടിയാണ് നിങ്ങൾ നീന്തുന്നതെന്നും, നീന്തലിനിടയിൽ നിങ്ങൾ അനാശ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും കമ്പിക്കഥകൾ പരക്കും. ചിലപ്പോൾ തീവ്ര ഷോവനിസ്റ്റുകൾ നിങ്ങളുടെ സ്വിമ്മിങ് പൂളിൽ മഷി കലക്കിയെന്നിരിക്കും. ഇവിടെയും തകർന്നില്ലെങ്കിൽ നിങ്ങൾ ഏതാണ്ട് ജയിച്ചു. നിങ്ങളെ പയ്യെപ്പയ്യെ അംഗീകരിക്കാൻ സമൂഹം നിർബന്ധിതരാകും. അവസാനം നിങ്ങൾ നീന്തൽ മത്സരത്തിൽ മെഡൽ വാങ്ങുമ്പോൾ ആദ്യം അവഗണിച്ച യൂണിയൻ മുതൽ ഡീൻ വരെയുള്ളവർ നിങ്ങളെ അഭിനന്ദിക്കാൻ വരും. പ്രതിസന്ധികൾ തരണം ചെയ്തും നീന്തിയതിന് നിങ്ങൾക്ക് പുരസ്കാരം തരും. ഈ പ്രതിസന്ധികൾ ഉണ്ടാക്കി വച്ചത് പുരസ്കാരം തന്നവരടക്കം ഉള്ള സമൂഹമാണെന്ന് അപ്പോൾ ആരും ഓർക്കില്ല. അതുകൊണ്ട് എനിക്ക് പറയാനുള്ളത്, തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പൊരുതുന്ന ഒരു സ്ത്രീയെ, അത് എത്ര ചെറിയ അവകാശമായാലും കൂടി, അവരെ അവഗണിക്കുകയോ, കുറ്റപ്പെടുത്തുകയോ, കളിയാക്കുകയോ ചെയ്യാതെ കൂടെ നിൽക്കണം എന്നാണ്. എത്ര വൈകിയാണെങ്കിലും ഭാവിയിൽ അവരായിരുന്നു ശരി എന്നത് സമൂഹം അംഗീകരിക്കും. ഇന്ന് കിട്ടുന്ന കുലസ്ത്രീ പട്ടത്തിനു വേണ്ടി, നാളെ ലഭിക്കാൻ പോകുന്ന അവകാശങ്ങളും അവസരങ്ങളും വേണ്ടന്ന് വയ്ക്കരുത്.

പഠിക്കുന്ന കാലത്ത് ഞാൻ വർഷത്തിൽ രണ്ടോ മൂന്നോ തവണ വിദേശരാജ്യങ്ങളിലേക്ക് പോകുമായിരുന്നു. അതുകൊണ്ട് ഞാനും മുകളിൽ പറഞ്ഞ എല്ലാ സ്റ്റേജുകളിലൂടെയും കടന്ന് പോയിട്ടുണ്ട്. ഗോസിപ്പുകൾ ഇറക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും ഇത് ഒഴിവുസമയ വിനോദം മാത്രമാണ്. അന്ന് എൻ്റെ പേരിൽ ഇറങ്ങിയിരുന്ന കമ്പിക്കഥകൾ കേട്ട് യാത്ര നിർത്തിയിരുന്നെങ്കിൽ നഷ്ടം എനിക്ക് മാത്രമായിരുന്നേനെ. പല മേഖലകളിലും പ്രതിഭയുള്ള പെൺകുട്ടികൾ കോളേജിൽ ചേരുന്നതോടുകൂടി പഠനത്തിൽ മാത്രം ഒതുങ്ങിപ്പോയതായും അറിയാം.

തുല്യതയ്ക്ക് വേണ്ടി സംസാരിക്കുമ്പോൾ, “ആണും പെണ്ണും ഒരുപോലെയാണെന്ന് കരുതുന്നുണ്ടോ?” എന്ന ക്ലീഷേ ചോദ്യം മെഡിക്കൽ വിദ്യാർത്ഥികൾ ഇപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇതിന് മറുപടി പറഞ്ഞ് മടുത്തു. ഇവർക്ക് ‘ആൺബുദ്ധി പെൺബുദ്ധി’ എന്ന ഡോ. കെ. പി അരവിന്ദൻ്റെ പ്രസംഗത്തിൻ്റെ ലിങ്ക് അയച്ചു കൊടുക്കുക.

(തുടരും)

* ജെ. ദേവികയുടെ “കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടാകുന്നതെങ്ങനെ?” എന്ന ദ്വന്ദ്വത്തിൽ നിന്നും കടമെടുത്ത ആശയം. മുഴുവൻ പുസ്തകം വിക്കിഗ്രന്ഥശാലയിൽ ഇവിടെ വായിക്കാം.

** കൃത്യനിർവ്വഹണത്തിനിടെ നിപ്പ ബാധയേറ്റ് മരണമടഞ്ഞ നേഴ്സ് ലിനിയെയും ബഹുമാനപൂർവ്വം സ്മരിക്കുന്നു. (ഇത് ശ്രദ്ധയിൽ പെടുത്തിയതിന് സ്റ്റീഫൻ ജോസിന് നന്ദി)

ഈ സീരീസിലെ മറ്റു പോസ്റ്റുകൾ:

1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?

2. ഏത് വിഷയത്തിൽ പി.ജി എടുക്കണം?

3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്?

4. ഡോക്ടർ ചിന്തിക്കുന്നത് എങ്ങനെയാണ്?

5. വ്യാജഡോക്ടർമാർ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?

6. ഡോക്ടർമാർക്ക് ചില വ്യത്യസ്ത ജോലിസാധ്യതകൾ

7. ആരെയാണ് ശരിക്കും സൂക്ഷിക്കേണ്ടത്?

8. ഫയാസിനു ബ്ലഡ് കൊടുക്കണോ ഡോക്ടർ? 

9. ഇന്ന് തലവേദനയാണ് ചേട്ടാ!

10. ഐ.സി.യു വിൽ പ്രവേശിപ്പിച്ചതുകൊണ്ടാണോ മരിച്ചു പോകുന്നത്?

ഐ.സി.യുവിൽ പ്രവേശിപ്പിച്ചതുകൊണ്ടാണോ മരിച്ചുപോകുന്നത്?

സോഷ്യൽ മീഡിയയിൽ സ്ഥിരം കാണാറുള്ള കാഴ്ചയാണ് കാര്യകാരണബന്ധം (causation) ആരോപിക്കൽ. കോഴി കൂവിയതുകൊണ്ടാണ് നേരം വെളുത്തത്, ഹലുവ തിന്നതുകൊണ്ടാണ് തടി വച്ചത്, ചക്ക തിന്നതുകൊണ്ടാണ് ഷുഗർ കുറഞ്ഞത്, ഏലസ്സ് കെട്ടിയതുകൊണ്ടാണ് രോഗം മാറിയത്, കീടനാശിനി അടിച്ച പച്ചക്കറി കഴിച്ചതുകൊണ്ടാണ് ക്യാൻസർ വന്നത് എന്നിങ്ങനെ ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും ഒക്കെ കാര്യകാരണബന്ധം ആരോപിക്കൽ മലയാളികളുടെ ഹോബിയാണ്. ഇതിനിടയ്ക്ക് ചിലർ ‘Correlation does not imply causation’ എന്നൊക്കെ പറയുന്നതും കേട്ടു. ‘പരസ്പരബന്ധം ഉണ്ടെന്നതുകൊണ്ട് മാത്രം കാര്യകാരണബന്ധം ആരോപിക്കാനാവില്ല’ എന്ന് ഇതിനെ മലയാളീകരിച്ച് പറയാം. ഇത് ശരിയാണ്. അപ്പോൾ സ്വാഭാവികമായും വരുന്ന ചോദ്യം, പിന്നെ എങ്ങനെയാണ് കാര്യകാരണബന്ധം തെളിയിക്കുക എന്നതാണ്. കോഴി കൂവിയതിനു ശേഷമാണ് നേരം വെളുക്കുന്നത് എന്ന് കൃത്യമായി നമുക്ക് അറിയാമെങ്കിലും, കോഴി കൂവിയതുകൊണ്ടല്ല നേരം വെളുക്കുന്നത് എന്ന് തെളിയിക്കുന്നതെങ്ങനെ? തിരിച്ച് പറഞ്ഞാൽ, സിഗററ്റ് വലിക്കുന്നതുകൊണ്ടാണ് ശ്വാസകോശ ക്യാൻസർ ഉണ്ടാവുന്നതെന്ന് തെളിയിക്കുന്നതെങ്ങനെ? ഐ.സി.യുവിൽ പ്രവേശിപ്പിച്ചതുകൊണ്ടല്ല മരിച്ചു പോകുന്നത് എന്ന് തെളിയിക്കുന്നതെങ്ങനെ?

മുകളിലുള്ളത് ചീള് ഉദാഹരണങ്ങൾ മാത്രം. പത്രമാധ്യമങ്ങൾ ഇത്തരം അനവസരമായ ഫലനിർണ്ണയം നടത്തുന്നതിൽ മുൻപന്തിയിലാണ്, പ്രത്യേകിച്ചും ഗവേഷണഫലങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ. വാക്സിനുകൾ ഓട്ടിസം ഉണ്ടാക്കുന്നു, ഇതരസംസ്ഥാന തൊഴിലാളികൾ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു, മൊബൈൽ ടവർ അടുത്തുള്ളതുകൊണ്ട് ക്യാൻസർ വരുന്നു, കിണറിൻ്റെ സ്ഥാനം ശരിയല്ലാത്തതുകൊണ്ട് അത്യാഹിതം സംഭവിക്കുന്നു എന്നീ വാർത്തകൾക്ക് വല്ലാത്ത മൈലേജ് ഇപ്പോഴും ഉണ്ട്. ഇത്തരം അടിസ്ഥാനരഹിതമായ കാര്യകാരണബന്ധങ്ങൾ മൂലം വ്യക്തികൾക്കും സമൂഹത്തിനും വളരെയധികം നാശനഷ്ടം ഉണ്ടാകുന്നുമുണ്ട്.

ഫേക്ക് കാര്യകാരണബന്ധങ്ങൾ ആരോപിച്ച് നടക്കുന്നവർ പണ്ടും ഉണ്ടായിരുന്നു. ഇത്തരക്കാരെ തിരിച്ചറിയാനും, കാര്യകാരണബന്ധങ്ങൾ ആരോപിക്കപ്പെടുമ്പോൾ നെല്ലും പതിരും തിരിച്ചറിയാനും വേണ്ടി ബ്രാഡ്ഫോഡ് ഹിൽ എന്ന ശാസ്ത്രജ്ഞൻ ചില മാർഗരേഖകൾ അവതരിപ്പിച്ചു. ഇദ്ദേഹത്തിന്റെ ‘ഹിൽ മാനദണ്ഡങ്ങളാണ്’കാര്യകാരണബന്ധം ആരോപിക്കാനായി ശാസ്ത്രജ്ഞർ ഉപയോഗിക്കുന്നത്. കാര്യകാരണബന്ധം നിശ്ചയിക്കാൻ കഴിയുന്ന കൃത്യമായ സ്റ്റാറ്റിസ്റ്റിക്കൽ മെത്തേഡുകൾ ഇല്ലാത്തതുകൊണ്ട് ഹിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന ഗവേഷകയുടെ വസ്തുനിഷ്ഠ തീരുമാനത്തിനാണ് എപ്പോഴും മുൻതൂക്കം. അതുകൊണ്ട് ശാസ്ത്രപ്രബന്ധങ്ങൾ എഴുതുമ്പോൾ വെറും കോറിലേഷൻ മാത്രം സ്ഥാപിച്ചാൽ പോര. ഈ കോറിലേഷൻ ഉണ്ടായിവരാനുള്ള കാരണങ്ങൾ വസ്തുനിഷ്ഠമായി അവതരിപ്പിക്കുകയും ചെയ്താലേ ശാസ്ത്രസമൂഹം അംഗീകരിക്കുകയുള്ളൂ. പണ്ട് വാക്സിനുകൾ ഓട്ടിസം ഉണ്ടാക്കുന്നു എന്ന ഗവേഷണം ഇല്ലാക്കഥകൾ ചേർത്തും, സാങ്കൽപ്പികമായ കാര്യകാരണ ബന്ധങ്ങൾ കണ്ടെത്തിയും, സംഖ്യകളിൽ തിരിമറി നടത്തിയും അവതരിപ്പിച്ചപ്പോൾ ശാസ്ത്രസമൂഹം ആദ്യം അംഗീകരിച്ചുവെങ്കിലും പിന്നീട് കള്ളി വെളിച്ചത്തായപ്പോൾ ഗവേഷണപ്രബന്ധം പിൻവലിക്കുകയും, അവതരിപ്പിച്ച ശാസ്ത്രജ്ഞന് വിലക്കുകൾ ഏർപ്പെടുത്തുകയും ചെയ്യുകയുണ്ടായി. ഒന്ന് ആഞ്ഞ് ശ്രമിച്ചാൽ ഏതെങ്കിലുമൊക്കെ ഡേറ്റ ചേർത്ത് വച്ച് കോറിലേഷൻ പ്രസ്താവിക്കാവുന്നതാണ്. സ്വീഡനിലെ പൂച്ചകളുടെ എണ്ണത്തിൻ്റെ വർദ്ധനവും, കേരളത്തിലെ താപനിലയുടെ വർദ്ധനവും ചിലപ്പോൾ വൃത്തിയായി കോറിലേറ്റ് ചെയ്യുന്നുണ്ടാവാം. പക്ഷെ അതുകൊണ്ട് മാത്രം സ്വീഡനിൽ പൂച്ചകൾ ഉണ്ടാകുന്നതിനനുസരിച്ചാണ് കേരളത്തിൽ താപനില കൂടുന്നത് എന്ന നിഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ലല്ലോ. അതുകൊണ്ട്, കാര്യകാരണം ആരോപിക്കുന്നതിനു മുൻപ് താഴെക്കൊടുത്തിരിക്കുന്ന ഹിൽ മാനദണ്ഡങ്ങൾ കൂടി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടത് നിർബന്ധമാണ് :

Austin_Bradford_Hill
ബ്രാഡ്ഫോർഡ് ഹിൽ. കടപ്പാട്: വെൽക്കം കളക്ഷൻ, സി.സി.-ബൈ-എസ്.എ 4.0, വിക്കിമീഡിയ കോമൺസ്

ബന്ധത്തിലെ ദൃഢത : കാര്യകാരണബന്ധം ആരോപിക്കണമെങ്കിൽ ഹേതുവും (cause) ഫലവും (effect) തമ്മിൽ ദൃഢമായ ബന്ധം ഉണ്ടായിരിക്കണം. ബാലരമ വായിച്ചാൽ ഐ.ക്യു കൂടും എന്ന വാദം ആരെങ്കിലും ഉന്നയിച്ചു എന്നിരിക്കട്ടെ. കുറേ കുട്ടികൾ ബാലരമ വായിച്ചിട്ടും പലർക്കും കാര്യമായിട്ട് ഐ.ക്യു കൂടുന്നില്ലെങ്കിൽ ഹേതുവും (ബാലരമ) ഫലവും (ഐ.ക്യു) തമ്മിൽ ദൃഢബന്ധം ഇല്ല എന്ന് അനുമാനിക്കാം. അതേസമയം, ബാലരമ വായിച്ച മിക്കവാറും കുട്ടികൾക്ക് ഐ.ക്യുവും കൂടുതലാണെങ്കിൽ ദൃഢബന്ധം ഉണ്ട് എന്നാണ് അനുമാനിക്കുക.

കാലഗതി : കാര്യകാരണബന്ധം ആരോപിക്കണമെങ്കിൽ ഹേതു ആദ്യവും, ഫലം പിന്നീടുമാണ് സംഭവിക്കേണ്ടത്. ചക്ക വീണതുകൊണ്ടാണ് മുയൽ ചത്തത് എന്ന് സ്ഥാപിക്കണമെങ്കിൽ ആദ്യം ചക്ക വീണിരിക്കുകയും, മുയൽ ശേഷം ചത്തിരിക്കുകയും വേണം. ചത്ത മുയലിനു മേലെ ചക്കയിട്ട ശേഷം, ചക്ക വീണതുകൊണ്ടാണ് മുയൽ ചത്തത് എന്ന് കാര്യകാരണബന്ധം ആരോപിക്കാൻ കഴിയില്ലല്ലോ.

കാരണ-പ്രതികരണ ബന്ധം : ഹേതുവിൻ്റെ തോത് കൂടുമ്പോൾ ഫലത്തിൻ്റെ തോതും കൂടുകയോ, വേഗത്തിലാകുകയോ ചെയ്യണം. മൊബൈൽ റേഡിയേഷൻ ക്യാൻസർ ഉണ്ടാക്കുന്നു എന്നതാണ് ആരോപണം. ഇവിടെ കാര്യകാരണബന്ധം ആരോപിക്കണമെങ്കിൽ, കൂടുതൽ റേഡിയേഷൻ കിട്ടിയ ആൾക്ക് കൂടുതൽ ഗുരുതരമായ ക്യാൻസർ വന്നിരിക്കണം. അല്ലെങ്കിൽ ഇയാൾക്ക് കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ ക്യാൻസർ വന്നിരിക്കണം. ഹേതുവായി പ്രവർത്തിക്കുന്ന ഘടകം കൂടിയ അളവിൽ ഏൽക്കുമ്പോൾ ഫലമായി കിട്ടുന്ന ഘടകവും കൂടുതലായി ഉണ്ടാകണം എന്ന ലളിതമായ യുക്തിയാണിത്.

ഫലസ്ഥിരത : ഒരേ ഹേതു പല സമയത്തായി പല ഫലങ്ങളാണ് നൽകുന്നതെങ്കിൽ കാര്യകാരണബന്ധം ആരോപിക്കാൻ പറ്റില്ല. തവളക്കല്യാണം മഴ ഉണ്ടാക്കുന്നു എന്നതാണ് വാദം എന്നിരിക്കട്ടെ. ഒന്നോ രണ്ടോ തവണ തവളക്കല്യാണം നടത്തിയതിനു ശേഷം ചിലപ്പോൾ ആകസ്മികമായി മഴ ഉണ്ടായേക്കാം. എന്നാൽ, എല്ലാ തവണയും, എല്ലാ കാലത്തും, എല്ലാ പ്രദേശത്തും ഇത് സംഭവിക്കുന്നില്ല. ഹേതു സ്ഥിരമായും, സ്ഥായിയായും ഫലം തരാത്തപക്ഷം കാര്യകാരണബന്ധം ആരോപിക്കാൻ പറ്റില്ല.

സഹജയുക്തിപരമായ ബന്ധം : ഹേതുവും ഫലവും തമ്മിലുള്ള ബന്ധം സഹജയുക്തിക്ക് നിരക്കുന്നതായിരിക്കണം. കാലാട്ടിയാൽ കുടുംബാംഗം മരണപ്പെടും എന്നതാണ് വാദം എന്നിരിക്കട്ടെ. എൻ്റെ കാലിൻ്റെ ചലനവും, മറ്റൊരു വ്യക്തിയുടെ ആയുസ്സും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ട് എന്ന വാദം യുക്തിക്ക് നിരക്കുന്നതല്ല. രണ്ട് ഘടകങ്ങൾ തമ്മിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത കാരണങ്ങളാണ് ഉന്നയിക്കുന്നതെങ്കിൽ, ഉദാഹരണത്തിന്, കാല് ആട്ടുമ്പോൾ ഉണ്ടാവുന്ന നെഗറ്റീവ് എനർജി മുതിർന്നവരിൽ ഏറ്റാൽ ഹൃദയത്തിൻ്റെ പ്രവർത്തനം കുറയും എന്നതുപോലെയുള്ള ഉടായിപ്പുകൾ ആണെങ്കിൽ, കാര്യകാരണബന്ധം ആരോപിക്കാൻ പറ്റില്ല. പൂച്ച കുറുകെ ചാടിയാൽ ദോഷമാണ്, ഏകാദശി വ്രതമെടുത്താൽ നല്ല ഭർത്താവിനെ കിട്ടും എന്നിങ്ങനെ ഭൂരിഭാഗം അന്ധവിശ്വാസങ്ങളും ഇപ്രകാരം തള്ളിക്കളയാൻ പറ്റും.

പരീക്ഷണത്തിലൂടെ സ്ഥിതീകരിക്കൽ  : ഹലുവ കഴിച്ചാൽ തടി വയ്ക്കും എന്നതാണ് ആരോപണം എന്നിരിക്കട്ടെ. അങ്ങനെയാണെങ്കിൽ പണ്ട് സ്ഥിരമായി ഹലുവ കഴിച്ചുകൊണ്ടിരുന്ന ഒരു വ്യക്തി ഹലുവ കഴിക്കുന്നത് നിർത്തിയാൽ തടി കൂടുന്നതും നിൽക്കണമല്ലോ. ഹേതുവാണെന്ന് സംശയിക്കുന്ന വസ്തു നീക്കം ചെയ്യുന്നതോടു കൂടി ഫലം കുറഞ്ഞ് വരുന്നുണ്ടോ എന്നത് പരീക്ഷണം വഴി സ്ഥിതീകരിക്കുന്ന രീതിയാണിത്.

ഇതര ഹൈപോതസസുകൾ : ഒരേ ഫലം കിട്ടുന്നത് പല ഹേതുക്കൾ മൂലമാകാം. സൂര്യപ്രകാശം കിട്ടുന്നതുകൊണ്ടാണ് ചെടി വളരുന്നത് എന്ന പ്രസ്താവന പരിശോധിക്കാം. ചെടി വളരാൻ സൂര്യപ്രകാശം മാത്രം പോരാ, വളക്കൂറുള്ള മണ്ണും, വെള്ളവും, അനുകൂലമായ കാലാവസ്ഥയും വേണം. അതുകൊണ്ട്, ഒരു ഫലത്തിന് കാരണമായി ഒരു ഹേതു കിട്ടിക്കഴിഞ്ഞാൽ അവിടെ പഠനം നിർത്തിപ്പോകാൻ പാടില്ല. ഫലത്തിനു കാരണമായ പല ഹേതുക്കൾ ഏതാണെന്നും, അവ ഏതൊക്കെ അളവിലാണ് ഫലത്തിൽ പ്രഭാവം ചെലുത്തുന്നതെന്നും കൂടി കണ്ടെത്തേണ്ടതുണ്ട്.

മുൻ വിജ്ഞാനശൃംഗലയുമായുള്ള യോജിപ്പ് : നമ്മൾ പ്രസ്താവിക്കുന്ന കാര്യകാരണബന്ധം മുൻപുള്ള ശാസ്ത്രീയ വിജ്ഞാനവുമായി യോജിപ്പുള്ളതായിരിക്കണം. ഉദാഹരണത്തിന്, ഭൂമിയാണ് സൂര്യനു ചുറ്റും കറങ്ങുന്നത് എന്ന പ്രസ്താവന ശരിയാണെന്ന് തെളിയിക്കണമെങ്കിൽ, ഇതുവരെ മനുഷ്യകുലം കണ്ടുപിടിച്ച ഗണിതശാത്രം, ഖഗോളശാസ്ത്രം എന്നിവയിലെ വിജ്ഞാനം തെറ്റാണെന്നും കൂടി തെളിയിക്കേണ്ടി വരും. ഇതൊന്നും ചെയ്യാത്തപക്ഷം കാര്യകാരണബന്ധം സാധുവല്ല.

ഇത്രയൊക്കെ മാനദണ്ഡങ്ങൾ ശരിയായി വന്നാലേ കാര്യകാരണബന്ധം ആരോപിക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ട് ശാസ്ത്രജ്ഞർ ഗവേഷണഫലങ്ങൾ പുറത്തിറക്കുമ്പോൾ കാര്യകാരണബന്ധം പ്രസ്താവിക്കാൻ വേണ്ടി മുകളിലുള്ള മാനദണ്ഡങ്ങൾ എല്ലാം സംബോധന ചെയ്തിരിക്കണം. ഇനി, ഇതൊന്നുമില്ലാതെ തന്നെ കാര്യകാരണബന്ധം കണ്ടെത്താൻ ചെയ്യാവുന്ന ഒരു കിടു ടെക്നിക്ക് ഉണ്ട്. അതാണ് റാൻഡമൈസ്ഡ് കണ്ട്രോൾ ട്രയൽ അഥവാ ആർ.സി.ടി. പുതിയ ഒരു മരുന്ന് പഴയ മരുന്നിനെക്കാൾ നന്നായി രോഗം മാറ്റുമോ എന്ന രീതിയിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നത് ആർ.സി.ടി യിലൂടെയാണ്. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. ഐ.സി.യു വിൽ പ്രവേശിപ്പിച്ചതുകൊണ്ടാണോ മരിച്ച് പോകുന്നത് എന്നതാണ് നമ്മുടെ ചോദ്യം എന്നിരിക്കട്ടെ. നമ്മൾ ഐ.സി.യു പ്രവേശനം ആവശ്യമുള്ള കുറേ പേരെ കണ്ടെത്തുന്നു. ഇവരെ തികച്ചും റാൻഡം ആയി രണ്ട് ഗ്രൂപ്പുകളായി തിരിക്കുന്നു. ഇതിൽ ഒരു ഗ്രൂപ്പിനെ ഐ.സി.യുവിൽ പ്രവേശിപ്പിക്കുന്നു. മറ്റേ ഗ്രൂപ്പിനെ ഐ.സി.യുവിൽ പ്രവേശിപ്പിക്കുന്നില്ല. ഐ.സി.യു പ്രവേശനത്തിലുള്ള വ്യത്യാസം ഒഴികെ മറ്റൊരു വ്യത്യാസവും ഈ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ ഉണ്ടാകാൻ പാടില്ല. മരുന്നിൻ്റെ കാര്യത്തിലോ, മോണിറ്ററിങ്ങിൻ്റെ കാര്യത്തിലോ ഒന്നും ഒന്നും ഒരു വ്യത്യാസവും ഉണ്ടാവരുത്. പഠനത്തിൻ്റെ അവസാനം രണ്ട് ഗ്രൂപ്പുകളിലും എത്ര പേർ വീതം മരിച്ചു എന്ന് കണ്ടെത്തണം. എന്നിട്ട് രണ്ട് ഗ്രൂപ്പുകളും തമ്മിൽ മരണസംഖ്യയിൽ ഉള്ള വ്യത്യാസം അർത്ഥപൂർണം (significant) ആണോ എന്നത് സ്റ്റാറ്റിസ്റ്റിക്സ് ഉപയോഗിച്ച് കണ്ടെത്തണം. ഒരു ഗ്രൂപ്പിൽ 10 പേരും മറ്റേതിൽ 11 പേരും ആണ് മരണപ്പെട്ടതെങ്കിൽ ചിലപ്പോൾ ഈ ചെറിയ വ്യത്യാസം അർത്ഥപൂർണ്ണമായിക്കൊള്ളണമെന്നില്ല, ആകസ്മികമാകാനേ സാധ്യതയുള്ളൂ. ഇങ്ങനെ, ആർ.സി.ടി. വഴി സ്ഥിതീകരിച്ച കാര്യകാരണബന്ധം സാധുവാണ്. അല്ലാത്തപക്ഷം, കാര്യകാരണബന്ധം ആരോപിക്കാൻ മുകളിൽ പറഞ്ഞ മാനദണ്ഡങ്ങൾ ഉപയോഗിക്കുക മാത്രമേ നിവൃത്തിയുള്ളൂ.

അപ്പോൾ പുതിയ മരുന്ന് കണ്ടുപിടിച്ച് പരീക്ഷിക്കുമ്പോൾ ആർ.സി.ടി നടത്തുന്നപക്ഷം, ആദ്യ ഗ്രൂപ്പിന് മരുന്ന് കൊടുക്കുകയും, രണ്ടാം ഗ്രൂപ്പിന് മരുന്ന് കൊടുക്കാതെയും ഇരിക്കുകയാണോ ചെയ്യുന്നത്? ഒരിക്കലുമല്ല. രണ്ടാം ഗ്രൂപ്പിന് ഇതുവരെ ലഭ്യമായതിൽ വച്ച് ഏറ്റവും നല്ല മരുന്ന് കൊടുക്കുകയാണ് ചെയ്യുന്നത്. ആദ്യ ഗ്രൂപ്പ് കഴിച്ച പുതിയ മരുന്ന്, രണ്ടാമത്തെ ഗ്രൂപ്പ് കഴിച്ച നിലവിലെ നല്ല മരുന്നിനെക്കാൾ ഉപയോഗപ്രദമാണെന്ന് തെളിഞ്ഞാലേ പുതിയ മരുന്ന് വിപണിയിൽ ഇറക്കാനാവൂ. ഇത്തരം ആർ.സി.ടികൾ മനുഷ്യരിൽ നടത്തുന്നതിനു മുൻപേ ഇവ ആദ്യം കമ്പ്യൂട്ടർ മോഡലുകൾ ഉപയോഗിച്ചും, പിന്നീട് കോശങ്ങൾ ഉപയോഗിച്ചും, ശേഷം മൃഗങ്ങളെ ഉപയോഗിച്ചും പരീക്ഷിച്ച് ഫലസിദ്ധി ഉറപ്പു വരുത്തിയിരിക്കണം. ഇതിനെല്ലാം ശേഷമേ മനുഷ്യരിൽ പരീക്ഷിക്കാവൂ. ഈ കാരണം കൊണ്ട് പുതിയ മരുന്നുകൾ കണ്ടുപിടിക്കാൻ ദശലക്ഷക്കണക്കിന് ഡോളറുകൾ ചിലവഴിക്കേണ്ടി വരികയും, ഒരുപാട് വർഷങ്ങൾ എടുക്കുകയും ചെയ്യും. ഒരുപാട് ആർ.സി.ടി കൾ പരാജയപ്പെടുന്നുമുണ്ട്. ആർ.സി.ടിയുടെ അവസാനം, പരീക്ഷിച്ച പുതിയ മരുന്നിന് കൂടുതൽ ഫലസിദ്ധി ഒന്നും ഇല്ല എന്ന് കണ്ടുപിടിക്കാറുമുണ്ട്. ഇങ്ങനെ ട്രയൽ പരാജയപ്പെടുന്നതുകൊണ്ട് കമ്പനിക്ക് ഉണ്ടാകുന്ന നഷ്ടം കൂടി, വിജയിച്ച ട്രയലിലെ മരുന്നിൻ്റെ വിലയ്ക്കൊപ്പം ചേർക്കും. അതുകൊണ്ട് കമ്പനികൾ റിസർച്ചിനു വേണ്ടി ചിലവാക്കിയ പണം തിരിച്ച് പിടിക്കണമെങ്കിൽ ഓരോ മരുന്നുകുപ്പിക്കും ഭീമമായ വില ഈടാക്കേണ്ടി വരും. പുതിയതായി വിപണിയിൽ ഇറങ്ങിയ മരുന്നുകൾക്ക് വില കൂടുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ മനസിലായല്ലോ. എങ്കിലും, ചില കമ്പനികൾ മരുന്നുകൾക്ക് മുടക്കുമുതലിനപ്പുറവും വില കൂട്ടിയിട്ട്, അന്യായ ലാഭം ഉണ്ടാക്കുന്നുണ്ടാവാം എന്നതും തള്ളിക്കളയാനാവില്ല.

ആർ.സി.ടികൾ നടത്തുന്നത് ചിലവേറിയ പ്രക്രിയയാണെന്ന് പറഞ്ഞുവല്ലോ. ചില അവസരങ്ങളിൽ ആർ.സി.ടി കൾ നടത്തുന്നത് നൈതികവും ആയിരിക്കില്ല. ഓക്സിജൻ കൊടുത്താൽ ആസ്ത്മ അറ്റാക്ക് നിയന്ത്രിക്കാമോ എന്ന ഗവേഷണത്തിന്, ഓക്സിജൻ കൊടുക്കാതെ ഒരു ഗ്രൂപ്പിനെ വച്ച് താരതമ്യം ചെയ്യുന്നത് നൈതികമല്ലല്ലോ. കൂടാതെ, ചരിത്രത്തിലുള്ള, സംഭവിച്ച് കഴിഞ്ഞ, പല സംഭവങ്ങളുടെയും കാര്യകാരണബന്ധവും ഇപ്രകാരം കണ്ടെത്താൻ സാധിക്കില്ല. ഉദാഹരണത്തിന്, അബോർഷൻ നിയമവിധേയമാക്കിയതുകൊണ്ടാണ് മുപ്പത് വർഷങ്ങൾക്കു ശേഷം ക്രൈം റേറ്റ് കുറഞ്ഞത് എന്ന വാദം. ഇത് ശരിയാണോ എന്ന് പരിശോധിക്കണമെങ്കിൽ ചരിത്രത്തിൽ പിന്നോട്ട് പോയി, അബോർഷൻ നിയമവിധേയമല്ലാതിരുന്ന സാഹചര്യം പുനഃസൃഷ്ടിക്കേണ്ടി വരും. എന്നിട്ട് മുപ്പത് കൊല്ലങ്ങൾ കഴിഞ്ഞ് എന്തെല്ലാം മാറ്റങ്ങളാണ് നിയമവിധേയമായ അവസ്ഥയിൽ നിന്ന് വ്യത്യസ്ഥമായത് എന്ന് പരിശോധിക്കേണ്ടി വരും. ചരിത്രത്തിലേക്ക് ഒരു തിരിച്ചുപോക്ക് സാധ്യമല്ലാത്തതുകൊണ്ട് ഇത്തരം കാര്യകാരണബന്ധങ്ങൾ സ്ഥാപിക്കാൻ ഹില്ലപ്പൂപ്പനെ കൂട്ട് പിടിക്കുകയേ നിവൃത്തിയുള്ളൂ.

അടുത്ത തവണ ആരെങ്കിലും ‘ക’ എന്ന സംഭവം നടന്നതുകൊണ്ടാണ് ‘ഭ’ എന്ന ഫലം ലഭിച്ചത് എന്ന മാതൃകയിൽ വാദങ്ങളുമായി വരുമ്പോൾ ഹില്ലപ്പൂപ്പനെ മനസിൽ ധ്യാനിക്കുക. ഈ വാദം ഹിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ചിന്തിക്കുക. പാലിക്കുന്നില്ലെങ്കിൽ ചോദ്യം ചെയ്യുക. യുക്തിരഹിതമായ ആരോപണങ്ങൾ ഇത്തരത്തിൽ തുടച്ച് നീക്കുക.

ഈ സീരീസിലെ മറ്റ് പോസ്റ്റുകൾ:

1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?

2. ഏത് വിഷയത്തിൽ പി.ജി എടുക്കണം?

3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്?

4. ഡോക്ടർ ചിന്തിക്കുന്നത് എങ്ങനെയാണ്?

5. വ്യാജഡോക്ടർമാർ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?

6. ഡോക്ടർമാർക്ക് ചില വ്യത്യസ്ത ജോലിസാധ്യതകൾ

7. ആരെയാണ് ശരിക്കും സൂക്ഷിക്കേണ്ടത്?

8. ഫയാസിനു ബ്ലഡ് കൊടുക്കണോ ഡോക്ടർ?

9. ഇന്ന് തലവേദനയാണ് ചേട്ടാ!

 


 

പിൻകുറിപ്പ് 1: ഹിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത കാര്യകാരണബന്ധങ്ങളും ആധുനികവൈദ്യത്തിൽ ഉണ്ട്. രേഖീയത (linearity) പാലിക്കാത്ത ബന്ധങ്ങളും ഒരുപാട് ഉണ്ട്. ഇവ സ്വല്പം സങ്കീർണ്ണമായതുകൊണ്ട് വിശദീകരണത്തിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. 

പിൻകുറിപ്പ് 2:  ശ്വേതാംബരി ബ്ലോഗിലെ ആധുനിക വൈദ്യം സീരീസ് ഇന്ന് പത്ത് പോസ്റ്റുകൾ പിന്നിട്ടു. ആധുനിക വൈദ്യത്തെക്കുറിച്ചുള്ള ചിന്തകളും, ചിലപ്പോൾ ശാസ്ത്രീയ വിശദീകരണങ്ങളുമാണ് എഴുതുന്നത്. ഈ ലേഖനങ്ങൾ, ഹൈപ്പർലിങ്കുകളും ചിത്രങ്ങളും പിൻകുറിപ്പുകളും ഉപയോഗിച്ച് ഡെക്കറേറ്റ് ചെയ്തിട്ടുണ്ട് എന്നതിനാൽ ഫേസ്ബുക്കിൽ കോപ്പി ചെയ്ത് ഷെയർ ചെയ്യാൻ പരിമിതികളുണ്ട്. കൂടാതെ, ഫേസ്ബുക്ക് പോസ്റ്റുകളെ അപേക്ഷിച്ച് നീളം കൂടിയ ലേഖനങ്ങളാണ് ബ്ലോഗിൽ ഉള്ളത്. അതുകൊണ്ടാണ് പോസ്റ്റുകൾ ഫേസ്ബുക്കിൽ എഴുതുന്നതിനു പകരം ബ്ലോഗിൽ എഴുതുന്നത് ഞാൻ താല്പര്യപ്പെടുന്നത്. കൂടാതെ, ബ്ലോഗിലെ പോസ്റ്റുകൾ എളുപ്പത്തിൽ തിരയാനും, പഴയ പോസ്റ്റുകൾ വേഗം കണ്ടെത്താനും പറ്റും എന്ന സൗകര്യം കൂടി ഉണ്ട്. ആഴ്ചയിൽ ഒരു പോസ്റ്റ് എന്ന രീതിയിൽ പബ്ലിഷ് ചെയ്യുക എന്നതാണ് ആഗ്രഹം. ആധുനിക വൈദ്യം സീരീസിൽ ഇനിയും പോസ്റ്റുകൾ എഴുതിയ ശേഷം, സ്വീഡൻ, യാത്ര, ഗവേഷണം, വിക്കിപീഡിയ, ശാസ്ത്രീയമനോവൃത്തി, ഫെമിനിസം എന്നിവയെക്കുറിച്ചും സീരീസ് എഴുതണം എന്നതാണ് അത്യാഗ്രഹം. എത്ര കാലം പോകുമെന്ന് കണ്ടറിയണം. 🙂

ഈ സീരീസിലുള്ള പോസ്റ്റുകൾ എല്ലാം പബ്ലിക് ഡൊമൈനിൽ (cc-0) ആണ്. എന്നുവച്ചാൽ, ഈ പോസ്റ്റുകൾ ഭാഗികമായും പൂർണ്ണമായും ഷെയർ ചെയ്യുന്നതിനോ, തിരുത്തിയെഴുതി പ്രസിദ്ധീകരിക്കുന്നതിനോ, തർജമ ചെയ്യുന്നതിനോ, പുസ്തകമാക്കി അടിച്ചിറക്കി പണം സമ്പാദിക്കുന്നതിനോ യാതൊരു വിലക്കുമില്ല. ഇങ്ങനെ ചെയ്യുമ്പോൾ ലേഖികയായ എൻ്റെ പേര് പരാമർശിക്കേണ്ടതുമില്ല. പിന്നീട് ഇവയുടെ ഉടമസ്ഥാവകാശം ചോദിച്ച് ഞാൻ ഒരിക്കലും വരില്ല. അതേസമയം ഞാൻ ഉദ്ദേശിക്കാത്ത അർത്ഥതലങ്ങൾ എൻ്റേതെന്ന രീതിയിൽ അവതരിപ്പിക്കാൻ ഇവ ഉപയോഗിക്കരുത് എന്ന അഭ്യർത്ഥനയേ ഉള്ളൂ. പോസ്റ്റുകൾ പുനരുപയോഗിക്കുമ്പോൾ എന്നെ അറിയിക്കുകയാണെങ്കിൽ വളരെ സന്തോഷം. പക്ഷെ, അറിയിക്കണം എന്ന നിബന്ധനയും ഇല്ല.

ഈ സീരീസ് എഴുതാൻ എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന എല്ലാവർക്കും നന്ദി. ബ്ലോഗിലെ പോസ്റ്റുകൾ പബ്ലിഷ് ചെയ്യുന്ന മുറയ്ക്ക് ഇൻബോക്സിൽ ലഭ്യമാകണമെങ്കിൽ വലതു വശത്തെ കോളത്തിൽ ചെന്ന്  ‘വരിക്കാരാകുക’ എന്ന ബട്ടൺ ഞെക്കി വരിക്കാരാകാവുന്നതാണ്. ബ്ലോഗിലെ പോസ്റ്റുകൾ കിട്ടാൻ വേണ്ടി മാത്രം എൻ്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഫോളോ ചെയ്യേണ്ടതില്ല. 

 

 

വൈവിധ്യങ്ങൾ പ്രതിനിധീകരിക്കുന്ന വിക്കിപീഡിയ

വിക്കിപീഡിയയുടെ ലക്ഷ്യം എന്തായിരിക്കണം?

2001-ൽ വിക്കിപീഡിയ സ്ഥാപിച്ചതുമുതൽ പലരും ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണിത്. മനുഷ്യരാശിയുടെ മുഴുവൻ വിജ്ഞാനവും എല്ലാവർക്കും സ്വതന്ത്രമായി ലഭ്യമാക്കുക എന്നതാണ് വിക്കിപീഡിയയുടെ സ്ഥാപകൻ ജിമ്മി വേൽസ് മുന്നിൽ കണ്ട ലക്ഷ്യം (ആംഗലേയം: Imagine a world in which every single person on the planet is given free access to the sum of all human knowledge)കാലക്രമേണ ഇതു തന്നെ വിക്കിമീഡിയയുടെ അപ്രഖ്യാപിത ലക്ഷ്യവുമായി മാറി. ഈ ലക്ഷ്യത്തിൻ്റെ അടുത്തെങ്കിലും എത്തണമെങ്കിൽ വൈവിധ്യപൂർണ്ണമായ വിജ്ഞാനസ്രോതസ്സുകളെ ഉൾക്കൊള്ളിക്കാൻ വിക്കിപീഡിയ തയ്യാറാവണം. ഇത്രയും ശ്രമകരമായ ഒരു ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ ഇന്നത്തെ സാഹചര്യത്തിൽ വിക്കിമീഡിയ പ്രാപ്തമാണോ?

അല്ല എന്നാണ് എനിക്ക് തോന്നുന്നത്. എല്ലാതരം വിജ്ഞാനങ്ങളും ഉൾക്കൊള്ളിക്കുവാനുള്ള കഴിവ് വിക്കിമീഡിയയ്ക്കില്ല. വിക്കിമീഡിയയിൽ നാം കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് തെളിവുകളെ അടിസ്ഥാനമാക്കിയും, എഴുത്തുരൂപത്തിലുമുള്ള വിജ്ഞാനത്തെയാണ്. ഇത്തരം വിജ്ഞാനം സുപ്രധാനമായതുതന്നെ എന്ന് സമ്മതിക്കുന്നു. എന്നാൽ, മറ്റ് വിജ്ഞാനസ്രോതസ്സുകളെ ഉൾക്കൊള്ളാൻ നമുക്ക് പരിമിതികളുണ്ട്. ഉദാഹരണത്തിന്, ടിൻ്റുമോനെ അറിയാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ, ഇംഗ്ലിഷ് വിക്കിപീഡിയയുടെ നയങ്ങൾക്കനുസരിച്ച് ടിൻ്റുമോൻ (diff) എന്ന ലേഖനത്തിന് ശ്രദ്ധേയതയില്ല. ടിൻ്റുമോനെക്കുറിച്ച് ആധികാരികമായ അവലംബങ്ങളൊന്നും ഇല്ലാത്തതു തന്നെ കാരണം. ആഫ്രിക്കയിലെ പല പൈതൃക വിജ്ഞാനങ്ങളും ഇത്തരത്തിൽ അവലംബങ്ങൾ ഇല്ലാത്തതുകൊണ്ട് വിക്കിപീഡിയയുടെ ഭാഗവാക്കാവാൻ കഴിയാത്തവയാണ്. കൊച്ചിക്കോയ (കോഴിക്കോട് ഭാഗത്തെ ഒരു ഭക്ഷണം) എന്ന ലേഖനം മലയാളം വിക്കിപീഡിയയിൽ കൃത്യമായ അവലംബങ്ങളോടു കൂടി എഴുതാൻ കഴിയുമോ എന്നത് സംശയമാണ്.  ആമാടപ്പെട്ടി  എന്ന ലേഖനത്തിന് ഇപ്പോഴും ആവശ്യത്തിനു തെളിവുകളില്ല (diff), എന്നാൽ ആമാടപ്പെട്ടി എന്നൊരു വസ്തു ഉള്ളതായി നമുക്കാർക്കും സംശയവുമില്ല. മറ്റൊരു പ്രശ്നം വിക്കിപീഡിയ മൂന്നാം കക്ഷി സ്രോതസ്സുകളെ അമിതമായി ആശ്രയിക്കുന്നു എന്നതാണ്. ഒരു നർത്തകിയുടെ ജനനത്തിയതി വിശ്വസിനീയമായ ഒരു പത്രത്തിൽ തെറ്റായി രേഖപ്പെടുത്തി എന്നിരിക്കട്ടെ. പിന്നീട് ഈ നർത്തകി സ്വന്തം ഫേസ്ബുക്ക് ലൈവിലൂടെ വന്ന് ജനനസർട്ടിഫിക്കറ്റിൻ്റെ കോപ്പി കാണിച്ചാലും വിക്കിപീഡിയയ്ക്ക് വിശ്വസിനീയമായിട്ടുള്ളത് പത്രത്തെയായിരിക്കും. ഒരു വ്യക്തി നേരിട്ട് പറയുന്നതിനേക്കാൾ ആധികാരികത, സ്വതന്ത്രവും വിശ്വസിനീയവുമായ മൂന്നാം കക്ഷി പറയുമ്പോൾ ഉണ്ട് എന്നതാണ് വിക്കിപീഡിയയുടെ നയം.

aamaadappetty
ആമാടപ്പെട്ടിയെക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനം.

മറ്റൊരു പ്രശ്നം വാമൊഴികളെ അടിസ്ഥാനമാക്കാൻ കഴിയാത്തതാണ്. “മാവേലി നാടു വാണീടും കാലം, മാനുഷ്യരെല്ലാരുമൊന്നുപോലെ” എന്ന വാമൊഴിയെ അടിസ്ഥാനമാക്കി “മഹാബലി എന്ന പുരാണങ്ങളിൽ പരാമർശിച്ചിരിക്കുന്ന രാജാവ് നീതിമാനും, പ്രജാവത്സലനുമായിരുന്നു” എന്ന് വിക്കിപീഡിയയിൽ എഴുതാൻ പറ്റില്ല. ഉണ്ണിയാർച്ച ധീരയായ വനിതയായിരുന്നു എന്നതിന് അവലംബം വേണമെങ്കിൽ വടക്കൻ പാട്ടിനെ നേരിട്ട് അവലംബമാക്കാൻ കഴിയില്ല. എന്നാൽ വടക്കൻ പാട്ടിനെക്കുറിച്ച് നടത്തിയ ആധികാരികമായ പഠനത്തെ ആസ്പദമാക്കി ലേഖനമെഴുതാവുന്നതാണ്. പല രാജ്യങ്ങളിലും, പ്രത്യേകിച്ച് വികസ്വരരാജ്യങ്ങളിൽ വാമൊഴികളെക്കുറിച്ച് വിശദമായ പഠനങ്ങളൊന്നും നടക്കാത്തതുകൊണ്ടുതന്നെ, ഇവയെ ആധികാരികമായ അവലംബങ്ങളാക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ, ചുള്ളിക്കാടിൻ്റെ കവിത തലങ്ങും വിലങ്ങും വായിച്ച് തല്ലിക്കൂട്ടി തീസിസ് എഴുതുന്നതിലുപരി, മലബാറിൻ്റെ ഭക്ഷ്യസംസ്കാരത്തെക്കുറിച്ചോ, തിരുവതാംകൂറിലെ വാമൊഴികളെക്കുറിച്ചോ, ദളിത് കലാരൂപങ്ങളിലെ സംഗീതത്തെക്കുറിച്ചോ ഒക്കെയാണ് കേരളത്തിൽ ഗവേഷണങ്ങൾ ഉണ്ടാകേണ്ടത്.

വിക്കിമീഡിയയ്ക്ക് അവലംബസ്രോതസ്സുകളുടെ കാര്യത്തിൽ ന്യൂനത ഉണ്ട് എന്ന് നമ്മൾ മനസിലാക്കി. അതുകൊണ്ട് അവലംബസ്രോതസ്സുകൾ പരിധികളില്ലാതെ ഉദാരവൽക്കരിക്കുകയാണോ നമ്മുടെ ലക്ഷ്യമാകേണ്ടത്? തീർച്ചയായും അല്ല. അങ്ങനെ ചെയ്താൽ അശാസ്ത്രീയമായതും, തെറ്റായതുമായ വിവരങ്ങൾ വിക്കിമീഡിയയിൽ കയറിക്കൂടും. വേണ്ടത് അവലംബങ്ങളുടെ പ്രാധാന്യത്തെ ക്രമീകരിക്കുകയാണ്. ആമാടപ്പെട്ടിയെക്കുറിച്ച് എഴുതുകയാണെങ്കിൽ ഗവേഷണപ്രബന്ധങ്ങൾ ഇല്ലാത്ത പക്ഷം പത്രവാർത്തകളെയോ (അന്താരാഷ്ട്ര പത്രം > ദേശീയ പത്രം > പ്രാദേശിക പത്രം എന്ന ക്രമത്തിൽ), അതും ഇല്ലെങ്കിൽ വാമൊഴിയോ, അതും ഇല്ലെങ്കിൽ ആമാടപ്പെട്ടി ഉപയോഗിക്കുന്ന ഒരു മുത്തശ്ശിയുമായുള്ള വീഡിയോ ഇൻ്റർവ്യൂവോ, അതും ഇല്ലെങ്കിൽ ഓഡിയോ ഇൻ്റർവ്യൂവോ, അതും ഇല്ലാത്തപക്ഷം ആമാടപ്പെട്ടിയുടെ ചിത്രങ്ങളെയോ ആശ്രയിക്കാവുന്നതാണ്. എന്നാൽ ഇതേ മാനദണ്ഡം ശ്രദ്ധേയതയില്ലാത്ത ഒരു ലോക്കൽ കമ്മിറ്റി മെമ്പറെപ്പറ്റിയുള്ള ലേഖനം എഴുതാൻ ഉപയോഗിക്കാൻ പാടില്ല. അശാസ്ത്രീയത പ്രചരിപ്പിക്കാനും ഉപയോഗിക്കാൻ പാടില്ല. ഉദാഹരണത്തിന് ക്യാൻസറിനുള്ള ഹോമിയോ മരുന്ന് ഫലപ്രദമാണെന്നതിന് അവലംബം നൽകാനായി, മരുന്ന് ഉപയോഗിച്ച ഏതെങ്കിലും വ്യക്തിയുടെ അനുഭവസാക്ഷ്യം അടങ്ങുന്ന വീഡിയോ ഉപയോഗിക്കാൻ പാടുള്ളതല്ല. ഇത്തരം പ്രശ്നങ്ങളുള്ളതുകൊണ്ടുതന്നെ ഓരോ ലേഖനത്തിൻ്റെയും ശ്രദ്ധേയത പ്രത്യേകം പ്രത്യേകം നിർണ്ണയിക്കേണ്ടി വരും. അതിനാൽ, ഈ പ്രക്രിയ ശ്രമകമാണ്. ഇത്തരം സംവിധാനങ്ങൾ നടപ്പിലാക്കാനുള്ള ആൾബലവും, ആർജ്ജവവും മലയാളം പോലുള്ള ചെറിയ ഭാഷകൾക്കില്ല. ഈ പ്രശ്നത്തിന് മറ്റ് പരിഹാരമാർഗങ്ങൾ ഞാൻ കാണുന്നുമില്ല. വൈവിധ്യപരമായ വിജ്ഞാനം ഉൾക്കൊള്ളിക്കുവാനായി വിക്കിമീഡിയയുടെ നയങ്ങൾ അല്പമൊക്കെ വളച്ചൊടിച്ചാലും തെറ്റില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്.

അടുത്ത പ്രശ്നം നമ്മുടെ പെരുമാറ്റച്ചട്ടങ്ങളും, ധാരണകളുമാണ്. വിക്കിപീഡിയയിലെ അഡ്മിൻ മറ്റ് ഉപയോക്താക്കളെക്കാൽ മുകളിലാണെന്ന വിശ്വാസം ഒരുദാഹരണം. ഏറ്റവും കൂടുതൽ എഡിറ്റുകൾ ഉള്ള വ്യക്തി ചെയ്യുന്നതെല്ലാം ശരിയായിരിക്കുമെന്ന വിശ്വാസം മറ്റൊരുദാഹരണം. അഡ്മിന്മാർ വിക്കിപീഡിയ നിയമിച്ച ഉദ്യോഗസ്ഥരാണെന്ന വിചാരം വേറൊന്ന്. വിക്കിപീഡിയയിൽ എഴുതാൻ സാങ്കേതിക പരിജ്ഞാനവും ഉന്നതവിദ്യാഭ്യാസവും വേണമെന്ന ധാരണ മറ്റൊരുദാഹരണം. സ്ത്രീകൾക്ക് അഭിപ്രായപ്രകടനത്തിന് പറ്റിയ സ്ഥലമല്ല വിക്കിപീഡിയ എന്നത് മറ്റൊരു ധാരണ. വിക്കിപീഡിയയിൽ എഴുതിയാൽ പൈസ കിട്ടുമെന്നത് വേറൊന്ന്. ഇത്തരം ധാരണകൾ നമുക്കോ, മറ്റുള്ളവർക്കോ ഉള്ളതുകൊണ്ട് പലരും വിക്കിമീഡിയ സംരംഭങ്ങളിലേക്ക് വരാതിരിക്കുകയോ, വന്നാൽ തന്നെ അധികകാലം ചിലവഴിക്കാതിരിക്കുകയോ ചെയ്യുന്നു. ചില ധാരണകൾ ശരിയുമാണ് : വിക്കിപീഡിയയിൽ സ്ത്രീകൾ കുറവാണെന്നത്, വിക്കിപീഡിയയിലെ ലേഖനങ്ങളുടെ ആധികാരികത സംശയാതീതമല്ല എന്നിവ ഉദാഹരണം. ഇത്തരം ധാരണകളും (യാഥാർഥ്യങ്ങളും) കാരണം പലരും വിക്കിമീഡിയയിൽ നിന്ന് അകന്നു നിൽക്കുകയും, അതുമൂലം വൈവിധ്യപരമായ വിജ്ഞാനം ശേഖരിക്കാൻ കഴിയാതെയും വരുന്നു. ആധികാരികതയില്ല എന്ന കാരണം കൊണ്ട് വിക്കിപീഡിയയിൽ നിന്നും മാറിനിൽക്കുന്ന പക്ഷിശാസ്ത്രജ്ഞയെയും, തൻ്റെ സ്വത്വം വെളിവാകുമെന്ന് ഭയന്ന് ലൈംഗികന്യൂനപക്ഷങ്ങളെക്കുറിച്ച് എഴുതാൻ മടിക്കുന്ന വ്യക്തിയെയും എങ്ങനെയാണ് നമുക്ക് വിക്കിമീഡിയയിലേക്കെത്തിക്കാനാവുക?

എനിക്ക് തോന്നുന്നത് പ്രചരണ പരിപാടികൾ നടത്തുന്നതിലൂടെ ഈ പ്രശ്നം കുറച്ചൊക്കെ പരിഹരിക്കാം എന്നാണ്. തിരുത്തൽ യജ്ഞങ്ങളും, മീറ്റപ്പുകളും, സെമിനാറുകളും, പഠനക്ലാസുകളുമൊക്കെ നടത്തുന്നതിലൂടെ കുറേയേറെ ആളുകളുടെ തെറ്റിദ്ധാരണ മാറ്റാൻ കഴിയും. കൂടാതെ, വിക്കിപീഡിയ എന്താണ്? എന്തല്ല? എന്നതിനെക്കുറിച്ചും, വിക്കിപീഡിയയുടെ നയങ്ങളെക്കുറിച്ചും ലളിതമായ ഭാഷയിൽ ചെറിയ ലേഖനങ്ങൾ ഉണ്ടാകണം. വിക്കിപീഡിയയിൽ പ്രാതിനിധ്യം കുറവുള്ള സ്ത്രീകൾ, ഗവേഷകർ, സീനിയർ സിറ്റിസൺസ് എന്നിവരെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടികളും നടത്താവുന്നതാണ്. വിക്കിമീഡിയയെക്കുറിച്ചുള്ള ലേഖനങ്ങൾ പത്രമാധ്യമങ്ങളിൽ എഴുതാവുന്നതാണ്. സ്കൂളുകളിൽ ‘വിക്കിക്ലബ്ബുകൾ’ തുടങ്ങി വിദ്യാർത്ഥികളെ വിക്കിമീഡിയയിലേക്ക് ആകർഷിക്കാൻ പറ്റും. വിക്കിപീഡിയയിൽ ഒരു നല്ല ലേഖനം എഴുതിയാൽ അരക്കൊല്ലപ്പരീക്ഷയ്ക്ക് ഗ്രേസ് മാർക്ക് കൊടുക്കുകയാവാം (കൂടുതലറിയാൻ വിക്കിപീഡിയ എഡ്യുക്കേഷൻ പ്രോഗ്രാമിനെ കുറിച്ച് വായിക്കുക). ഓസ്ട്രേലിയയിലെ സന്നദ്ധപ്രവർത്തകർ ‘വിക്കിബസ്സ്’ ഓടിച്ച് ഗ്രാമങ്ങളിൽ ചെല്ലുകയും, അവിടുത്തെ ആളുകളോട് വിക്കിപീഡിയയെക്കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. നേപ്പാളിലെ വിക്കിപ്രവർത്തകർ ‘വിക്കിപീഡിയ റോഡ് ഷോ നടത്തുകയും’, പശ്ചിമ ബംഗാളിലെ പ്രവർത്തകർ അന്താരാഷ്ട്ര ബുക്ക്ഫെയറും മറ്റും നടക്കുമ്പോൾ ‘വിക്കി-സ്റ്റാളുകൾ’ നടത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരം സർഗ്ഗാത്മകമായ പരിപാടികൾ നമുക്കും നടത്താവുന്നതാണ്.

Wiki_padanashibiram_ekm_2
എറണാകുളത്ത് നടന്ന വിക്കിപീഡിയ പഠനശിബിരം. ചിത്രത്തിനു കടപ്പാട്: ശിവഹരി, സി.സി.ബൈ.എസ്.എ, വിക്കിമീഡിയ കോമൺസ്

മറ്റൊരു ആശയം തൽപരകക്ഷികളുമായി സഹകരിച്ച് വിജ്ഞാനം പങ്കുവയ്ക്കുക എന്നതാണ് (ഉദാഹരണം). കേരളത്തിലെ മ്യൂസിയങ്ങൾ, പുരാതന പുസ്തകങ്ങളുള്ള വായനശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള രേഖകളും, ചിത്രങ്ങളും, അവലംബങ്ങളും വിക്കിമീഡിയയിൽ ഉൾക്കൊള്ളിച്ചാൽ വൈവിധ്യപൂർണ്ണമായ വിജ്ഞാനസമ്പത്ത് വിക്കിമീഡിയയിലേക്കെത്തിക്കാൻ പറ്റും. ഇത്തരം പ്രവർത്തനങ്ങൾക്ക് സർക്കാരിൻ്റെ സഹായം വളരെ പ്രധാനമാണ്. ഒഡീഷ സർക്കാർ തങ്ങൾ ഡിജിറ്റലായി പ്രസിദ്ധീകരിക്കുന്ന പ്രമാണങ്ങൾ സ്വതന്ത്ര ലൈസൻസിൽ പുറത്തിറക്കിയതു മൂലം മന്ത്രിമാരുടെയും മറ്റും പുതിയ ചിത്രങ്ങൾ വിക്കിപീഡിയയിൽ ലഭ്യമായി. സർക്കാർ പുറത്തിറക്കുന്ന വിജ്ഞാനശേഖരങ്ങൾക്ക് (ഉദാഹരണത്തിന് : സർക്കുലാറുകൾ, സ്ഥിതിവിവരക്കണക്കുകൾ, പാഠപുസ്തകങ്ങൾ, ചിത്രങ്ങൾ, വെബ്സൈറ്റിലെ വിവരങ്ങൾ) പകർപ്പുപേക്ഷ തീർച്ചയായും ഉണ്ടായിരിക്കണം എന്നാണ് എൻ്റെ അഭിപ്രായം. ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള സംഘടനകളുമായി ചേർന്നും വിജ്ഞാന സ്രോതസ്സുകൾ വിക്കിമീഡിയയിലേക്കെത്തിക്കാവുന്നതാണ്. നേപ്പിയർ മ്യൂസിയത്തിലെ മുഴുവൻ ഗാലറികളും വീട്ടിലിരുന്നുകൊണ്ടുതന്നെ പനോരമയായി കാണാൻ കഴിയുന്ന സാഹചര്യം ഒന്നോർത്തുനോക്കൂ. കേരളത്തിലങ്ങോളമിങ്ങോളമുള്ള താളിയോലഗ്രന്ഥങ്ങൾ ഡിജിറ്റൈസ് ചെയ്ത്, ഇൻ്റർനെറ്റിലൂടെ സൗജന്യമായി വായിക്കാൻ കഴിയുകയാണെങ്കിൽ അത് ചരിത്രഗവേഷകർക്ക് വലിയ മുതൽക്കൂട്ടാകില്ലേ? നിയമസഭയിലെ മുൻ എം.എൽ.എ മാരുടെ വിവരങ്ങൾ ഫോട്ടോകൾ അടക്കം സ്വതന്ത്ര ലൈസൻസിൽ പ്രസിദ്ധീകരിക്കുകയാണെങ്കിൽ അവ വിക്കിപീഡിയയിലും ഉപയോഗിക്കാൻ കഴിയും.

വിജ്ഞാനവൈവിധ്യവൽക്കരണത്തിന് വിലങ്ങുതടിയായി നിൽക്കുന്ന മറ്റൊരു കാര്യം ഇൻ്റർനെറ്റിൻ്റെ ലഭ്യതക്കുറവ്, മൊബൈൽ ഫോണിൽ വിക്കിപീഡിയ തിരുത്താനുള്ള സൗകര്യക്കുറവ്, മലയാളത്തിൽ ടൈപ്പ് ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നീ പ്രശ്നങ്ങളാണ്. മലയാളത്തിൽ ടൈപ്പ് ചെയ്യാനറിയുന്നവർ ഇപ്പോഴും ചുരുക്കമാണെങ്കിലും, കൂടുതൽ കൂടുതൽ പേർ ഇത് സ്വയം പഠിച്ചെടുക്കുന്നുണ്ട് എന്നത് ആശാവാഹമായ മാറ്റമാണ്. വിക്കിപീഡിയയ്ക്കുള്ളിലെ മലയാളം ടൈപ്പ് ചെയ്യാനുള്ള എഴുത്തുപകരണം ഉപയോഗിക്കാൻ വളരെ എളുപ്പമാണെങ്കിലും പലരും സ്വന്തം സിസ്റ്റത്തിലെ എഴുത്തുപകരണം (ഗൂഗിൾ കീബോഡ്, ട്രാൻസ്ലിറ്ററേറ്റർ മുതലായവ) ഉപയോഗിക്കുന്നതായിട്ടാണ് അറിയാൻ കഴിഞ്ഞത്. കേരളത്തിൽ ഇൻ്റർനെറ്റ് ലഭ്യത കൂടിവരുന്നതുകൊണ്ട് വരും കാലങ്ങളിൽ കൂടുതൽ മലയാളികൾ വിക്കിപീഡിയയെ കണ്ടെത്തും എന്നാണ് എനിക്ക് തോന്നുന്നത്. അതേസമയം, ഈ വരുന്ന പുതിയ ഉപയോക്താക്കളിൽ ഭൂരിഭാഗവും മൊബൈൽ ഫോൺ വഴിയാണ് ഇൻ്റർനെറ്റ് ഉപയോഗിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വിക്കിപീഡിയയിൽ എഴുതുന്നത് വളരെ ബുദ്ധിമുട്ടാണ്. പ്രധാനമായും മൊബൈൽ വഴി ഇൻ്റർനെറ്റ് ഉപയോഗിക്കുന്ന യുവജനത അതുകൊണ്ടുതന്നെ വിക്കിപീഡിയ തിരുത്തുവാൻ ആർജ്ജവം കാണിക്കുന്നില്ല എന്നാണ് ഞാൻ സംശയിക്കുന്നത്. 2010 കാലഘട്ടത്തിൽ മലയാളം വിക്കിപീഡിയ പ്രവർത്തകരുടെ ശരാശരി വയസ്സ് 25-30 ആയിരുന്നെങ്കിൽ 2018-ൽ അത് 30-35 ആണ് എന്നാണ് എനിക്ക് തോന്നുന്നത്. വിക്കിപീഡിയയിൽ എഴുതുന്നതിൽ നിന്ന് യുവാക്കളും, വയോധികരും, സ്തീകളും മാറിനിന്നാൽ (അഥവാ മാറ്റിനിർത്തപ്പെട്ടാൽ) വൈവിധ്യപരമായ വിജ്ഞാനം ഉൽപ്പാദിപ്പിക്കാൻ സാധിക്കുകയില്ല. ആദിവാസി ആരാധനാരൂപങ്ങളെക്കുറിച്ച് അറിയാവുന്ന കുറിച്യമൂപ്പൻ്റെ വിജ്ഞാനം എങ്ങനെയാണ് വിക്കിമീഡിയയിലെത്തിക്കുന്നത്? മലയാളത്തിൽ ടൈപ്പ് ചെയ്യാൻ അറിയാത്തതുകൊണ്ട് അറബ്-മലയാളി സംസ്കാരത്തെക്കുറിച്ചെഴുതാൻ കഴിയാത്ത ഗൾഫ് മലയാളിയെ നാം എങ്ങനെ വിക്കിമീഡിയയുടെ ഭാഗവാക്കാക്കും? അറബിമലയാളത്തിലെഴുതിയ പുസ്തകങ്ങൾ എങ്ങനെ വിക്കിമീഡിയയിൽ ചേർക്കും? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം വിക്കിപീഡിയ സന്നദ്ധപ്രവർത്തകർ മാത്രമല്ല, നമ്മൾ ഓരോരുത്തരും ചോദിക്കേണ്ടതാണ്.

എനിക്കറിയാവുന്ന ചില ഉത്തരങ്ങൾ പറയാം. വിക്കിപീഡിയയുടെ user interface വിപുലീകരിച്ചാൽ കൂടുതൽ ഉപയോക്താക്കൾക്ക് (പ്രത്യേകിച്ചും മൊബൈൽ ഉപയോക്തക്കൾക്ക്) തിരുത്തൽ എളുപ്പമായേക്കാം. ആദ്യ തിരുത്തൽ എളുപ്പത്തിൽ ചെയ്യാൻ സാധിച്ചാൽ കൂടുതൽ പേർ വീണ്ടും തിരുത്താൻ ശ്രമിക്കും എന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ പരിചയപ്പെട്ട പല മുതിർന്ന വിക്കിപീഡിയ പ്രവർത്തകരും ആദ്യമായി വിക്കിപീഡിയയിലെത്തിയത് തങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന ഒരു ലേഖനത്തിൽ പിഴവ് കണ്ടെത്തിയപ്പോൾ അത് തിരുത്തുവാൻ വേണ്ടിയാണ്. പിന്നീട് തിരുത്തൽ പ്രക്രിയ ഇഷ്ടപ്പെട്ടപ്പോൾ കൂടുതൽ ലേഖനങ്ങളെഴുതിത്തുടങ്ങി സജീവ പ്രവർത്തകരായി മാറിയവരാണ്. ഇൻ്റർനെറ്റ്, ലാപ്ടോപ്പ് എന്നിവ ഇല്ലാത്ത സന്നദ്ധപ്രവർത്തകർക്ക് സൗജന്യമായി ലപ്ടോപ്പ്, നെറ്റ് കണക്ഷൻ എന്നീ സൗകര്യങ്ങൾ നൽകുന്ന പരിപാടി വിക്കിപീമീഡിയ ഫൗണ്ടേഷനും ഗൂഗിളും സംയുക്തമായി നടത്തുകയുണ്ടായി. ഇത്തരം പരിപാടികളെ സർക്കാർ പ്രോത്സാഹിപ്പിക്കേണ്ടതും, വിദ്യാർത്ഥികൾക്ക് സർക്കാർ വക ലാപ്ടോപ് വിതരണം നടത്തുമ്പോൾ പകരമായി ഓരോ വിദ്യാർത്ഥിയും നിശ്ചിത എണ്ണം വിക്കിപീഡിയ ലേഖനങ്ങളെങ്കിലും എഴുതിയിരിക്കണം എന്ന നിബന്ധന വയ്ക്കേണ്ടതുമാണ്.

കഴിഞ്ഞ ഒരു വർഷമായി തുർക്കിയിൽ വിക്കിപീഡിയ നിരോധിച്ചിരിക്കുകയാണ്. കൂടാതെ, ചൈനയിലും, ഉത്തര കൊറിയയിലും വിക്കിപീഡിയ വായിക്കാനോ എഴുതാനോ കഴിയില്ല. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിക്കിപീഡിയ തിരുത്താൻ കഴിയാത്തതുകൊണ്ട് അവിടത്തെ കലയും, സംസ്കാരവും, രാഷ്ട്രീയവുമൊന്നും വിക്കിപീഡിയയിൽ എത്തുന്നില്ല. ഇത്തരം നിരോധനങ്ങൾ നീക്കം ചെയ്യാനുള്ള പ്രതിഷേധങ്ങൾ ഉണ്ടാവേണ്ടതും അതിന് അന്താരാഷ്ട്ര വിക്കിമീഡിയ സമൂഹം നേതൃത്വം നൽകേണ്ടതുമാണ്. ഐക്യരാഷ്ട്രസഭയും, ആമ്നെസ്റ്റി ഇൻ്റർനാഷണലും പോലുള്ള സംഘടനകൾ വിക്കിപീഡിയ നിരോധനത്തിനെതിരെ പ്രവർത്തിക്കേണ്ടതാണ്.

വിവരസാങ്കേതികവിദ്യ മെച്ചപ്പെട്ടുകൊണ്ടിരിക്കുമ്പോൾ വിക്കിമീഡിയ അതിനൊപ്പം നടക്കണം. വെർച്വൽ റിയാലിറ്റി ചിത്രങ്ങളെയും, ത്രീ.ഡി പ്രിൻ്റിങ് കോഡുകളെയും സന്നിവേശിപ്പിക്കാൻ വിക്കിപീഡിയയ്ക്കാവണം. കാഴ്ചയില്ലാത്തവർക്ക് വിക്കിപീഡിയ വായിക്കാൻ സ്പീച്ച്-റ്റു-ടെക്സ്റ്റ് സംവിധാനം ഉണ്ടാവണം. പണ്ടൊക്കെ പുസ്തകം വായിച്ചാണ് നാം വിജ്ഞാനം നേടിയിരുന്നതെങ്കിൽ, ഇന്നത്തെ വിദ്യാർത്ഥികളിൽ പലരും വീഡിയോകൾ കണ്ടാണ് വിജ്ഞാനമുണ്ടാക്കുന്നത്. ഓരോ വിക്കിപീഡിയ ലേഖനത്തിനും തത്തുല്യമായ ഒരു ‘വിക്കിവീഡിയോ’ കൂടിയുള്ള കിണാശേരിയാണ് ഞാൻ സ്വപ്നം കാണുന്നത്. ചെറിയ കുട്ടികൾക്ക് വായിക്കാനായി സരളമായ ഭാഷയിൽ എഴുതിയ ‘കളിപ്പീഡിയ’ പോലുള്ള പ്രൊജക്ടുകളും തുടങ്ങാവുന്നതാണ്. മനുഷ്യർക്ക് മാത്രമല്ല, മെഷീനുകൾക്കും വായിച്ച് ‘മനസിലാക്കാൻ’ പറ്റുന്ന വിക്കിപീഡിയകൾ വരണം (വിക്കിഡേറ്റ എന്ന സംരംഭം ഏതാണ്ട് ഇതാണ് ചെയ്തുകൊണ്ടിരിക്കുന്നത്). ഫേക്ക് ന്യൂസുകൾ ചേർക്കുന്നത് തടയാൻ ഉചിതമായ ആൽഗോരിതങ്ങൾ വിക്കിപീഡിയയിൽ ഉണ്ടായിരിക്കണം. ആർക്കും സ്വന്തം പ്രൊഫൈൽ വിക്കി ഫോർമാറ്റിൽ ചേർക്കാൻ പറ്റുന്ന ‘അഹം-പീഡിയകളും’ വരട്ടെ (ഭാവിയിൽ സോഷ്യൽ മീഡിയയ്ക്ക് പകരമായും, സി.വി നിർമ്മിക്കാൻ വേണ്ടിയുമൊക്കെ ഇവ ഉപയോഗിക്കാം) . ആധികാരിക പഠനങ്ങൾ സൗജന്യമായി പ്രസിദ്ധീകരിക്കാനായി വിക്കിജേണലുകൾ ഇപ്പോൾ തന്നെ നിലവിലുണ്ട്, പക്ഷെ പ്രചാരം കുറവാണ്. വിദൂരഭാവിയിൽ ബ്രെയിൻ-കമ്പ്യൂട്ടിങ് ഇൻ്റർഫേസ് സാങ്കേതികവിദ്യ വരുമ്പോൾ, തലച്ചോറിൽ നിന്നും വരുന്ന സിഗ്നലുകൾ മനസിലാക്കി, വിവരങ്ങൾ തിരിച്ച് തലച്ചോറിലേക്ക് നേരിട്ട് ഫീഡ് ചെയ്യാവുന്ന വിക്കിപീഡിയയെക്കുറിച്ചുപോലും ഞാൻ ഇന്നേ ചിന്തിക്കുന്നുണ്ട്. ഉദാഹരണത്തിന് “കായംകുളം കൊച്ചുണ്ണി ആരാണ്?” എന്ന് നിങ്ങൾ ചിന്തിക്കുമ്പോൾ ഉടനെ തന്നെ കൊച്ചുണ്ണിയെക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനം നിങ്ങളുടെ തലച്ചോറിലേക്ക് നേരിട്ട് ഫീഡ് ചെയ്ത് തരുന്ന വിക്കിപീഡിയ!

കൂടുതലറിയണമെങ്കിൽ വിക്കിമീഡിയ ഫൗണ്ടേഷനു വേണ്ടി ഡൈവേഴ്സിറ്റി കോൺഫറൻസിൽ തയ്യാറാക്കിയ വൈവിധ്യതാനയം ഇവിടെ വായിക്കാം. 2017-ലെ  Knowledge Equity എന്ന ആശയം ഉൾക്കൊള്ളുന്ന വിക്കിമീഡിയ ഫൗണ്ടേഷൻ്റെ നയം ഇവിടെ കാണാം. ഈ രണ്ട് നയങ്ങളുടെയും ഡ്രാഫ്റ്റിങ് കമ്മിറ്റികളിൽ ഞാൻ ഭാഗമായിട്ടുണ്ട്. 

 

 

എത്ര ഡോക്ടർമാർക്ക് ഉന്നതബിരുദമുണ്ട്?

ഒറ്റവാക്കിൽ ഉത്തരം : ഏതാണ്ട് 60 ശതമാനം. വിശദമായി കണക്കുകൾ അറിയണമെങ്കിൽ തുടർന്ന് വായിക്കാം.

ബഹുഭൂരിപക്ഷം വരുന്ന ഡോക്ടർമാർക്ക് ഉന്നതബിരുദമില്ലെന്നും, എം.ബി.ബി.എസ് ഡിഗ്രി മാത്രമേ ഉള്ളൂ എന്നും പലയിടത്തു നിന്നും അഭിപ്രായം വന്നു കണ്ടു. ഇതിൽ എത്രമാത്രം ശരിയുണ്ടെന്നത് പരിശോധിക്കാൻ ഞാൻ ഒരു ചെറിയ പഠനം നടത്തി. 2009-10 അക്കാദമിക വർഷം പാസ് ആയതും, 2016-17, 2017-18 അക്കാദമിക വർഷങ്ങളിൽ പി.ജിക്ക് ചേർന്നതുമായ കേരളത്തിലെ ഗവണ്മെൻ്റ്-സ്വകാര്യ മെഡിക്കൽ കോളേജുകളിൽ നിന്നും പഠിച്ചിറങ്ങിയവരെ വച്ചാണ് പഠനം നടത്തിയിരിക്കുന്നത്. കൃത്യമായ കണക്കുകൾ പലപ്പോഴും ലഭ്യമല്ലാത്തതുകൊണ്ട് പലയിടത്തും guesstimation നടത്തിയിട്ടുണ്ട്. കൃത്യമായ ഡേറ്റ കയ്യിലുള്ളപക്ഷം ഷെയർ ചെയ്യുകയാണെങ്കിൽ കണക്കുകൾക്ക് കൂടുതൽ കൃത്യത വരുത്താൻ സാധിക്കും.

കോഴിക്കോട് മെഡിക്കൽ കോളേജിൽ 2009 ബാച്ചിൽ നിന്നും 2016-17, 2017-18 വർഷങ്ങളിൽ മാത്രം ഉന്നതപഠനത്തിനു ചേർന്നവർ 105 പേരാണ് (അവലംബം). ആകെ 200 വിദ്യാർത്ഥികൾ ഉള്ള ബാച്ചിൽ നിന്നാണിത്. 2018-19-ൽ ഏതാണ്ട് 20-30 പേരോളം കൂടി ചേരുമെന്നാണ് പ്രതീക്ഷ. പാസ് ആയി മൂന്ന് വർഷത്തിനുള്ളിൽ 130 പേരോളം ഉന്നതവിദ്യാഭ്യാസത്തിനു പോയിട്ടുണ്ടെങ്കിൽ 65% പേർ ഉന്നതപഠനത്തിനു അർഹത നേടി എന്ന് അനുമാനിക്കാം. കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ സമർത്ഥരാണെന്നും, അതുകൊണ്ട് അവരുടെയിടയിൽ പി.ജി അഡ്മിഷൻ റേറ്റ്  മറ്റ് കോളേജുകളെക്കാൽ കൂടുതലായിരിക്കും എന്നുള്ള വാദം ഉയർന്നു വന്നേക്കാം. എന്നാൽ ഇത് ശരിയല്ല എന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങൾ പഠിച്ചിറങ്ങിയ വർഷം ഒന്നാം റാങ്ക് നേടിയത് ജൂബിലി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയാണ്. ഫൈനൽ ഇയർ പരീക്ഷയിൽ തോൽവി നേരിട്ടവരുടെ ശതമാനം ഏതാണ്ട് 9 ശതമാനമായിരുന്നു – കോഴിക്കോടും, കെ.എം.സി.റ്റി മെഡിക്കൽ കോളേജിലും ഇത് ഒരേപോലെയായിരുന്നു എന്നാണ് ഓർമ്മ. ഡിസ്റ്റിങ്ഷൻ വാങ്ങിയവർ കെ.എം.സി.റ്റിയിൽ 6 ശതമാനമായിരുന്നപ്പോൾ കോഴിക്കോട് അത് 2 ശതമാനമോ മറ്റോ ആയിരുന്നു. കൂടാതെ പ്രൈവറ്റ് കോളേജുകൾ തങ്ങളുടെ പേര് നിലനിർത്താൻ വേണ്ടി കൂടുതൽ തിയറി ക്ലാസുകൾ എടുക്കുകയും, പി.ജി പരീക്ഷകൾക്ക് പഠിക്കാൻ കൂടുതലായി പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട് എന്നാണ് മനസിലാകുന്നത്.

ഇനി കണക്ക് വേറൊരു രീതിയിൽ ചെയ്ത് നോക്കാം. 2017-18 വർഷത്തിലെ നീറ്റ് കേരള അലോട്ട്മെൻ്റിൽ ആകെ 887 വിദ്യാർത്ഥികളാണ് അഡ്മിഷൻ നേടിയത് (അവലംബം: അഡ്മിഷൻ ലിസ്റ്റ്, വേക്കൻസി ലിസ്റ്റ്). 2009-ബാച്ചിലെ വിദ്യാർത്ഥികളാണ് ഈ ലിസ്റ്റിൽ ഭൂരിഭാഗവും*. ഓൾ ഇന്ത്യ ക്വാട്ടയിൽ അഡ്മിഷൻ നേടിയവരുടെ കണക്കും, ഡി.എൻ.ബി നേടിയവരുടെ കണക്കും, പ്രൈവറ്റ് കോളേജുകളിൽ ഡിപ്ലോമയ്ക്ക് ചേർന്നവരുടെ കണക്കും ഈ 887-ൽ പെടില്ല. ഇങ്ങനെ പോയവരുടെ കണക്ക് ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജ് 2009 ബാച്ചിൻ്റെ സംഖ്യകൾ വച്ച് extrapolate ചെയ്തെടുക്കുകയാണ് ചെയ്തത്. ഇതു പ്രകാരം, 2009-ബാച്ചിലെ 6.5 ശതമാനം കേരളത്തിനു പുറത്ത് പി.ജി ചെയ്യുന്നു. 14 ശതമാനം ഡി.എൻ.ബി അല്ലെങ്കിൽ പ്രൈവറ്റ് കോളേജിലെ ഡിപ്ലോമ ചെയ്യുന്നു.

2009-ൽ കേരളത്തിൽ എം.ബി.ബി.എസിനു 24 മെഡിക്കൽ കോളേജുകളിലായി 2350 സീറ്റുകൾ ഉണ്ടായിരുന്നു. ഇതിൽ 887/2350 പേരായിരിക്കണം കേരള അലോട്ട്മെൻ്റ് വഴി ഉപരിപഠനത്തിനു ചേർന്നിട്ടുണ്ടാകുക. ഇത് 37% ആണ്. അങ്ങനെ, ആകെ 37+14+6.5 = 57.5 ശതമാനം പേർ ഉപരിപഠനത്തിനു പോയിട്ടുണ്ട്.

ഈ കണക്കിൽ ഫെല്ലോഷിപ്പുകൾ ചെയ്യുന്നവരെയും, പി.എച്ച്.ഡി പ്രോഗ്രാം ചെയ്യുന്നവരെയും, വിദേശത്ത് പഠിക്കുന്നവരെയും, എം.എസ്.സി പ്രോഗ്രാം പഠിക്കുന്നവരെയും, മറ്റ് മേഖലകളിലേക്ക് പോയവരെയും (ഉദാ: എം.ബി.എ, സിവിൽ സർവീസ്) ഉൾപ്പെടുത്തിയിട്ടില്ല എന്നോർക്കണം. ഇവരെപ്പറ്റിയുള്ള കണക്കുകൾ തീരെ ലഭ്യമല്ല എന്നതുകൊണ്ടാണിത്. ഇവരെക്കൂടി കൂട്ടിയാൽ ശതമാനത്തിൽ ചെറിയ വർദ്ധന വരാം.

അടുത്തകാലത്തായി പഠിച്ചിറങ്ങുന്ന കേരളത്തിലെ ഭൂരിപക്ഷം ഡോക്ടർമാരും ഉന്നതബിരുദപഠനത്തിനു ചേർന്നിട്ടുണ്ടെന്നാണ് ഇത്രയും പഠിച്ചതിൽ നിന്നും എനിക്ക് മനസിലായിട്ടുള്ളത്.

* 887 പേരിൽ 2009-ബാച്ചിലെ വിദ്യാർത്ഥികളാണ് ഭൂരിഭാഗവും. എന്നാൽ മറ്റ് വർഷങ്ങളിൽ എം.ബി.ബി.എസ് പാസായവരും ലിസ്റ്റിൽ ഉണ്ടാകാം. എന്നാൽ, 2009-ബാച്ചിലെ, 2016-17, 2018-19 വർഷങ്ങളിൽ ഉപരിപഠനത്തിനു ചേർന്നവരുടെ സഖ്യ ഈ 887-ൽ പെടാത്തതുകൊണ്ട് കണക്കുകൾ ഏതാണ്ടൊക്കെ കൃത്യമാകാനാണ് സാധ്യത.

 

 

ടീച്ചറും കുട്ട്യോളും

4 ജനുവരി 2013-ന് ഗൂഗിൾ പ്ലസ്സിൽ പ്രസിദ്ധീകരിച്ച പോസ്റ്റിന്റെ പുനഃപ്രസിദ്ധീകരണമാണിത്.

മാവൂർ ജി.യു.പി സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് എടുക്കാൻ പോയിരുന്നു. വ്യക്തിശുചിത്വവും, സാംക്രമിക രോഗങ്ങളും, കുത്തിവെപ്പുകളും ഒക്കെയായിരുന്നു വിഷയങ്ങൾ. 30 ഓളം കുട്ടികളുള്ള ആറാം ക്ലാസിലാണ് പഠിപ്പിക്കേണ്ടിയിരുന്നത്. പ്രൊജക്ടർ സൗകര്യം ഇല്ലാത്തതിനാൽ ചാർട്ടുകൾ വരച്ച് കൊണ്ടുപോകുകയാണ് ചെയ്തത്. ക്ലാസ് കേൾക്കാൻ കുട്ടികൾക്കൊക്കെ ഭയങ്കര ഉത്സാഹം. ചിലര് നോട്ട്സ് എഴുതി എടുക്കുന്നുമുണ്ട്. പറഞ്ഞു കൊടുത്തു കൊണ്ടിരിക്കുന്നതിനിടയിൽ തന്നെ യാതൊരു സങ്കോചവും കൂടാതെ ചോദ്യങ്ങൾ ചോദിക്കും. ചിലപ്പോൾ നമ്മൾ പറയുന്ന കാര്യത്തെപ്പറ്റി ഒരു ബന്ധവുമില്ലാത്ത ചോദ്യങ്ങളാവും ചോദിക്കുക. “ക്രിക്കറ്റുകാർ മുഖത്ത് ടൂത്ത്പേസ്റ്റ് തേക്കുന്നതെന്തിനാണ്” എന്നതായിരുന്നു ഒരു വിരുതന്റെ ചോദ്യം. ഡോക്ടറാവാൻ പഠിക്കുന്ന ചേച്ചിയാണെന്ന് പറഞ്ഞപ്പോൾ രണ്ട് കുട്ടികൾ കൺസൾട്ടേഷന് വന്നു. പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ, “ടീച്ചറേ, എന്റെ കയ്യിൽ ഒരു ചൊറിയുണ്ട്, നോക്കിക്കേ?” എന്ന് പറഞ്ഞാണ് ബെഞ്ച് ചാടി വരുന്നത്. മറ്റെയാൾക്ക് നെറ്റിയിൽ മുറിവുണ്ട്, അത് ഉണങ്ങുന്നില്ല എന്നതാണ് പരാതി. രണ്ട് ദിവസം മുൻപ് ക്രിക്കറ്റ് കളിക്കാൻ പോയപ്പോൾ വീണ് മുറിഞ്ഞതാണ്. ആദ്യത്തെയാളെ തൊട്ടടുത്ത പി.എച്ച്.സിയിലേക്ക് റെഫർ ചെയ്തു. രണ്ടാമത്തെയാൾക്ക് മുറിവ് ഉണങ്ങുന്നതെങ്ങനെ, മുറിവ് അണുബാധ വരാതെ സൂക്ഷിക്കേണ്ടതെങ്ങനെ എന്നൊക്കെ കഴിയാവുന്നത്ര സിമ്പിളാക്കി പറഞ്ഞുകൊടുത്തു. പ്രൊജക്ട് ചെയ്യാൻ വേണ്ടി ശാസ്ത്ര പുസ്തകത്തിലുള്ള ഒരു ചോദ്യത്തിന്റെ ഉത്തരമാണ് മറ്റ് രണ്ട് പേർക്ക് അറിയേണ്ടിയിരുന്നത്. ക്ലാസ് കഴിഞ്ഞപ്പോൾ ലീഡർ മുന്നോട്ട് വന്ന് നന്ദി പറഞ്ഞു. അടുത്തത് ഇന്റർവെൽ ആയിരുന്നു. അപ്പോൾ നാലഞ്ച് കുട്ടികൾ ഞങ്ങളെ ഫോളോ ചെയ്ത് സ്റ്റാഫ് റൂമിൽ എത്തി, ടീച്ചറുടെ വീടെവിടെയാണ്, പഠിക്കുന്നതെവിടെയാണ്, നാളെയും ക്ലാസ് എടുക്കാൻ വരുമോ എന്നൊക്കെ ചോദിച്ചു. എല്ലാം കഴിഞ്ഞ് തിരിച്ചു പോകുമ്പോഴും നാലഞ്ച് പിള്ളേർ ‘ടീച്ചർ റ്റാറ്റാ, ടീച്ചർ റ്റാറ്റാ” എന്ന് പറഞ്ഞ് രണ്ടാമത്തെ നിലയിലുള്ള ക്ലാസ് റൂമിന്റെ ജനലിലൂടെ കൈവീശുകയാണ്.

09122011236
മാവൂർ ജി.യു.പി സ്കൂളിന്റെ പ്രവേശനകവാടത്തിനരികെ

ഞാൻ യു.പി സ്കൂളിൽ പഠിച്ചിരുന്ന കാലം ഓർത്തുപോയി. കർണ്ണാടകയിലെ ഒരു പ്രൈവറ്റ് സ്കൂളിലാണ് പഠിച്ചത്. ക്ലാസിൽ ടീച്ചർ വന്ന് എന്തെങ്കിലുമൊക്കെ പറയും. എല്ലാവരും മിണ്ടാതെ അത് കേൾക്കും. ടീച്ചർ പാഠത്തിന്റെ അവസാനം കൊടുത്തിട്ടുള്ള നാലഞ്ച് ചോദ്യങ്ങളുടെ ഉത്തരം ബോർഡിൽ എഴുതും. അത് അതേപോലെ നോട്ടുബുക്കിൽ പകർത്തി വയ്ക്കും. പരീക്ഷയ്ക്ക് വരാൻ സാധ്യത ഉള്ള ചോദ്യങ്ങൾ മാർക്ക് ചെയ്തു തരും. അത് മാത്രം പഠിക്കും. ഒരൊറ്റ സംശയം പോലും ചോദിച്ചതായി ഓർമ്മയില്ല. ആറു മാസം കൂടുമ്പോൾ ഡോക്ടർ പരിശോധിക്കാൻ വരും. ചിലപ്പോൾ ക്ലാസും എടുക്കും. ആരും ചോദ്യമൊന്നും ചോദിക്കില്ല.

ഇപ്പഴത്തെ കുട്ടികളെയൊക്കെ പഠിപ്പിച്ചും, കളിപ്പിച്ചും, പ്രൊജെക്ട് ചെയ്യിച്ചും കൊണ്ടുനടക്കുന്ന ടീച്ചർമാരെയൊക്കെ നമിച്ചു പോയി. എന്നാലും ഇവർ ചോദ്യങ്ങൾ ചോദിച്ചും, ചുറ്റുപാടുമുള്ള കാര്യങ്ങൾ മനസിലാക്കിയും വളരുന്നുണ്ട് എന്നത് എന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്.