അല്ല എന്നാണ് ഒറ്റവാക്കിലെ ഉത്തരം.
പല രാജ്യങ്ങളും കോവിഡ് മരണങ്ങൾ പല രീതിയിലാണ് റിപ്പോർട്ട് ചെയ്യുന്നത്. ചിലയിടങ്ങളിൽ വണ്ടിയിടിച്ച് മരിച്ച ആളുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയാൽ അതും കോവിഡ് മരണമായി ആണ് കണക്കാക്കുന്നത്. മറ്റ് ചിലയിടങ്ങളിൽ ആശുപത്രിമരണങ്ങൾ മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ. കോവിഡ് ബാധിച്ച് വീട്ടിലോ നേഴ്സിങ് ഹോമിലോ മരണപ്പെട്ടാൽ അവ ചിലപ്പോൾ ടെസ്റ്റ് ചെയ്യപ്പെടാതെ പോയേക്കാം, ടെസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യപ്പെടാതെയും പോയേക്കാം. അതുകൊണ്ട് രാജ്യങ്ങൾ തമ്മിൽ മരണസംഖ്യ താരതമ്യപ്പെടുത്തുന്നതിൽ പ്രസക്തിയില്ല.
എത്രയൊക്കെ കൃത്യമായി റിപ്പോർട്ട് ചെയ്യാൻ പരിശ്രമിച്ചാലും പല മരണങ്ങളും കണക്കിൽ പെടുത്താൻ കഴിഞ്ഞെന്നു വരില്ല. അതുപോലെ, കോവിഡിലേക്ക് എല്ലാ ശ്രദ്ധയും തിരിഞ്ഞിരിക്കുന്നത് കാരണം മറ്റ് രോഗങ്ങൾക്ക് അർഹിക്കുന്ന ശ്രദ്ധ കിട്ടാതെ പോകുന്നത് കാരണം മരണങ്ങൾ ഉണ്ടായേക്കാം. ഉദാഹരണത്തിന്, സാധാരണഗതിയിൽ ഐ.സി.യു സംവിധാനം ലഭ്യമായ അസുഖങ്ങളിൽ കോവിഡ് കാരണം ഐ.സി.യു ലഭ്യമല്ലാതെ വന്നേക്കാം. അതു കാരണം, മറ്റ് അസുഖങ്ങൾ ബാധിച്ച വ്യക്തികൾ ഐ.സി.യു സംവിധാനം ലഭിക്കാതെ മരണപ്പെട്ടേക്കാം. ഇത്തരത്തിലുള്ള കണക്കിൽ പെടാത്ത മരണങ്ങളെ എങ്ങനെ കണക്കിൽ പെടുത്താം എന്ന ആലോചനയിൽ രൂപപ്പെട്ട ഒരു ആശയമാണ് ഈ പോസ്റ്റിൽ പങ്കുവയ്ക്കുന്നത്.
രാജ്യത്ത് എത്ര പേർ പ്രതിവർഷം മരണപ്പെടുന്നു എന്നത് ഒരുവിധം എല്ലാ രാജ്യങ്ങളും സൂക്ഷിക്കുന്ന കണക്കാണ്. ചില രാജ്യങ്ങൾ മാസം തിരിച്ചുള്ള മരണനിരക്കും രേഖപ്പെടുത്താറുണ്ട് (കേരളത്തിൽ മഴക്കാലമുള്ള മാസങ്ങളിലെ മരണങ്ങൾ കൂടുതലായിരിക്കും). അങ്ങനെ, കഴിഞ്ഞ പത്തിരുപത് വർഷങ്ങളിലെ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടന്ന മരണങ്ങളുടെ കണക്ക് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടാകുമല്ലോ. അതുമായി, ഈ വർഷത്തെ മാർച്ച്-ഏപ്രിൽ മരണനിരക്ക് താരതമ്യം ചെയ്ത് നോക്കുക. കോവിഡ് മൂലം, ഈ വർഷം മറ്റ് വർഷങ്ങളെക്കാൽ കൂടുതൽ മരണങ്ങൾ ഉണ്ടായിരിക്കാനാണ് സാധ്യത. ഇതിനെ നമുക്ക് ‘അധിക മരണ സംഖ്യ’ എന്ന് വിളിക്കാം. ഈ അധിക മരണങ്ങളെ, രാജ്യങ്ങൾ പുറത്തുവിടുന്ന കോവിഡ് മരണസംഖ്യയുമായി താരതമ്യം ചെയ്തു നോക്കാം.
രാജ്യം സ്ഥലം | കോവിഡ് മരണങ്ങൾ | അധിക മരണങ്ങൾ | % |
---|---|---|---|
ഇംഗ്ളണ്ടും വേൽസും | 19,088 | 27,035 | 71% |
സ്പെയിൻ | 18,021 | 26,844 | 67% |
ഫ്രാൻസ് | 14,937 | 17,398 | 86% |
ന്യൂ യോർക്ക് നഗരം | 10,263 | 10,994 | 93% |
ബെൽജിയം | 4,519 | 4,877 | 93% |
ഇസ്തംബൂൾ | 1,343 | 3,067 | 44% |
സ്വീഡൻ | 1,509 | 1,677 | 90% |
ജക്കാർത്ത | 84 | 1,543 | 5% |
ഈ കണക്ക് മുകളിൽ പറഞ്ഞവിധം അത്ര ലളിതമല്ല കെട്ടോ. 50 ആമത്തെ മരണം സംഭവിച്ചതു മുതലുള്ള സമയത്തുള്ള കോവിഡ് മരണങ്ങളാണ് കണക്കിലെടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലെ മരണങ്ങളുടെ ഹിസ്റ്റോറിക്കൽ ആവറേജ് ആണ് പരിഗണിച്ചിരിക്കുന്നത്. വിസ്താരഭയം മൂലം ഇതിനെക്കുറിച്ച് പരാമർശിക്കുന്നില്ല.
സ്വീഡൻ്റെ കാര്യം എടുക്കാം. സ്വീഡനിൽ ഈ വർഷം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് 1,677 കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പക്ഷെ, കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ആകെ 1,509 മരണങ്ങൾ മാത്രം, എന്നുവച്ചാൽ അധികമരണങ്ങളുടെ 90% മാത്രം. ബാക്കി 10% പേർ എങ്ങനെ മരിച്ചു? രണ്ട് വിശദീകരണങ്ങൾ ആണ് ഉള്ളത്. ഇവർ കോവിഡ് വന്ന് മരിച്ചതാവാം, പക്ഷെ ഇവരെ സർക്കാർ കോവിഡ് മരണങ്ങളുടെ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. അല്ലെങ്കിൽ ഇവർ കോവിഡ് കാരണം ഉണ്ടായ പ്രതിസന്ധിയിൽ മരിച്ചതാവാം, കോവിഡിനു വേണ്ടി വെൻ്റിലേറ്റർ ഉപയോഗിക്കേണ്ടി വന്നതുകൊണ്ട് വെൻ്റിലേറ്റർ കിട്ടാതെ മറ്റ് അസുഖങ്ങൾ കാരണം മരിച്ചവർ, സാമ്പത്തിക മാന്ദ്യം മൂലം ജോലി നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്തവർ എന്നിവരൊക്കെ ഈ ഗണത്തിൽ പെടും.
90 ശതമാനവും കൊറോണ മരണങ്ങൾ ആയി റിപ്പോർട്ട് ചെയ്യുന്ന സ്വീഡൻ മികച്ച രീതിയിലാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് കരുതാം. അതേസമയം ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ ഇത് വെറും 5% ആണ്. അവിടങ്ങളിൽ സർക്കാർ കുറേ കൊറോണ മരണങ്ങൾ മറച്ചുവയ്ക്കുകയോ, കൃത്യമായ സ്റ്റാറ്റിസ്റ്റിക്സ് ശേഖരിക്കാൻ കഴിയാതിരിക്കുകയോ, ടെസ്റ്റിങ് നടത്താത്തതുകൊണ്ട് കുറേ കൊറോണ മരണങ്ങൾ സ്ഥിതീകരിക്കതെ പോകുകയോ ചെയ്യുന്നുണ്ടാവണം. ചിലപ്പോൾ ആശുപത്രികൾ എല്ലാം കൊറോണയ്ക്ക് വേണ്ടി സജ്ജമാക്കി, മറ്റ് അസുഖങ്ങളെ അവഗണിക്കുന്നുണ്ടാവണം. യാത്രകൾക്കും മറ്റും നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് വാഹനാപകട മരണങ്ങൾ കുറവായിരിക്കുമല്ലോ, ആ കുറവും കൂടി പരിഗണിച്ചാൽ ജക്കാർത്ത ചെയ്യുന്ന റിപ്പോർട്ടിങ് തീരെ വിശ്വസിനീയമല്ല എന്നാണ് തോന്നുന്നത്.
സത്യാവസ്ഥ എന്തുതന്നെയാണെങ്കിലും, രാജ്യങ്ങൾ പുറത്ത് വിടുന്ന കണക്കുകൾ അതേ പടി വിശ്വസിക്കാൻ ആവില്ല എന്നും, മരണനിരക്കിൽ താരതമ്യങ്ങൾ നടത്താൻ സാധിക്കില്ല എന്നും കാണിക്കുവാൻ വേണ്ടിയാണ് ഇത്രയും എഴുതിയത്.