മദാമ്മയുടെ ഭാഷയിൽ കപ്പൽ സ്ത്രീയാണ്. കപ്പലുകൾക്ക് പരമ്പരാഗതമായി സ്ത്രീനാമങ്ങളാണ് കൊടുക്കാറും. എന്നിരുന്നാലും പണ്ടുകാലത്ത് സ്ത്രീകളെ കപ്പലിൽ കയറ്റുകയില്ലായിരുന്നു. കപ്പലിൽ സ്ത്രീകളുണ്ടെങ്കിൽ കടൽ ക്ഷോഭിക്കുമെന്നും, കപ്പൽ മുങ്ങിപ്പോകുമെന്നുമായിരുന്നു വിശ്വാസം. കാലം മാറിയപ്പോൾ ഇവിടെ സ്വീഡനിൽ പായ്ക്കപ്പലിൻ്റെ പായ മാറ്റുന്ന ജോലി വരെ സ്ത്രീകൾ ചെയ്തുതുടങ്ങി. ഏതാണ്ട് അൻപത് മീറ്റർ ഉയരത്തിലുള്ള കയറിൽ ചവിട്ടി നിന്നു വേണം പായ അഴിച്ചെടുക്കാൻ. അതേസമയം കേരളത്തിൽ, സ്ത്രീകൾ ഇത്തരം ജോലികൾ ചെയ്താൽ അന്യപുരുഷന്മാർ ഔറത്ത് കാണില്ലേ എന്ന ലെവലിലാണ് ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

ഫിൻലാൻ്റ്, എസ്റ്റോണിയ, റഷ്യ എന്നീ രാജ്യങ്ങൾ വെറും നാല് ദിവസങ്ങൾക്കുള്ളിൽ കാണിച്ചു തരും എന്ന സുന്ദരമോഹന വാഗ്ദാനം കണ്ടാണ് ഞങ്ങൾ കപ്പൽ യാത്ര ബുക്ക് ചെയ്യുന്നത്. ക്രിസ്മസ് സമയമായതുകൊണ്ട് ലീവുണ്ട്. വീട്ടിൽ വെറുതേ ചൊറിയും കുത്തി ഇരിക്കുന്നതിനു പകരം വേഗം മൂന്ന് രാജ്യം കണ്ടുവരാം എന്ന യുക്തിപരമായ തീരുമാനം എടുത്തതിന് ഞങ്ങൾ ഞങ്ങളെത്തന്നെ അഭിനന്ദിച്ചു. സ്റ്റോക്ക്ഹോമിലെത്തി കപ്പൽ കയറണം. പകൽ സമയത്താണ് രാജ്യങ്ങൾ സന്ദർശിക്കുന്നത്. രാത്രി കപ്പൽയാത്രയാണ്. അങ്ങനെ ഓരോ ദിവസവും ഓരോ നഗരം വീതം മൂന്ന് നഗരങ്ങൾ കാണുക എന്നതാണ് ലക്ഷ്യം.
ഇത്തവണ കപ്പലിൽ കയറുമ്പോൾ ‘ഇതൊക്കെ നുമ്മ എത്ര കണ്ടതാ’ എന്ന ലൈനായിരുന്നു എനിക്ക് (എന്തുകൊണ്ടാണെന്ന് തികച്ചും സൗജന്യമായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ). കപ്പലിൽ ഓരോ യാത്രക്കാരിക്കും ഇരിക്കാൻ പ്രത്യേകം സീറ്റുകളൊന്നുമില്ലെന്നത് ഇതിനോടകം നോം മനസിലാക്കിയിട്ടുണ്ട്. എന്നാൽ രാത്രി ഉറങ്ങുന്നത് എവിടെയാണെന്ന് അത്ര നിശ്ചയല്ല്യ. ഇനി നീണ്ട് നിവർന്ന് നിലത്തു കിടന്നോളാൻ പറയുമോ എന്നായിരുന്നു ആശങ്ക. പക്ഷെ, ക്യാബിൻ തുറന്നു നോക്കിയപ്പോൾ ഞങ്ങൾ രോമാഞ്ചപുളകിതരായി.

റൂമിൽ അറ്റാച്ച്ഡ് ബാത്രൂമും, ടി.വിയും, കുടിവെള്ളവും ഒക്കെ ഉണ്ട്. പകൽസമയം ബെഡ്ഡ് മടക്കിവച്ച് ഇരിപ്പിടമാക്കി മാറ്റാവുന്നതുമാണ്. പട്ടിയേയും പൂച്ചയേയുമൊക്കെ ഒപ്പം കൊണ്ടുവന്നവർക്ക് അവരെ പരിചരിക്കാൻ ഡോഗ് ലോഞ്ചും ഉണ്ട്. ഞങ്ങളെ നഗരം കാണിക്കാൻ കൊണ്ടുപോകുന്ന ബസ്സുകളെ പാർപ്പിച്ചിരിക്കുന്നത് കപ്പലിലെ വെഹിക്കിൾ ലൗഞ്ചിലാണ്. ഭക്ഷണം ഒക്കെ കുശാലാണ്, പക്ഷെ വിലയല്പം കൂടുതലാണ്. ബുഫേ ഡിന്നറിന് വെറും മുപ്പത് യൂറോ മാത്രം (2400 രൂപയോളം വരും). കൊടുത്ത പൈസ മുതലാക്കാൻ വേണ്ടി ആക്രാന്തം കാണിച്ച് വെട്ടി വിഴുങ്ങാൻ ചെറിയ പേടി ഉണ്ടായിരുന്നു. രാത്രി ഉറങ്ങുമ്പോൾ കപ്പൽ നല്ലവണ്ണം കുലുങ്ങിയാൽ കഴിച്ചതെല്ലാം അതേപടി പുറത്തെത്തുമോ എന്ന പേടി. പക്ഷെ, കപ്പൽ കുലുങ്ങിയതുമില്ല, വയർ കലങ്ങിയതുമില്ല. ഉറക്കമെഴുന്നേൽക്കുമ്പോൾ കപ്പൽ ഫിൻലാൻ്റിൽ എത്തിയിരുന്നു.

ഫിൻലാൻ്റിൽ സമയം ഒരു മണിക്കൂർ പിന്നിലാണെന്നത് ഓർക്കാതെ ഞങ്ങൾ കിടന്നുറങ്ങിയതുകൊണ്ട് അലാറം ഒരു മണിക്കൂർ മുൻപേ അടിക്കുകയും അതിരാവിലെ എട്ടു മണിക്ക് തന്നെ എഴുന്നേൽക്കേണ്ടി വരികയും ചെയ്തു. തലസ്ഥാനനഗരമായ ഹെൽസിങ്കിയിൽ ഞങ്ങൾ ഇറങ്ങി. അവിടെ കണ്ട കാര്യങ്ങളെപ്പറ്റി വിശദമായി എഴുതുന്നില്ല, കാരണം ഈ പഹയൻ ഓൾറെഡി എഴുതിക്കഴിഞ്ഞതുകൊണ്ടുതന്നെ. പക്ഷെ, സ്റ്റോൺ ചർച്ചിനെക്കുറിച്ച് പറയാതെ വയ്യ. ഒറ്റക്കല്ലിൽ തീർത്ത പള്ളിയാണിത്.

ഹെൽസിങ്കി കണ്ടശേഷം ഞങ്ങളുടെ മുന്നോട്ടുള്ള യാത്ര പ്രിൻസസ് അനസ്താസ്യ എന്ന റഷ്യൻ കപ്പലിലാണ്. പേരു കേൾക്കുമ്പോൾ കൊച്ചു കുട്ടിയാണെന്നൊക്കെ തോന്നുമെങ്കിലും ഇവൾ ഭീകരിയാണ്. ഇവളെ മുഴുവനായും ഒരു ഫ്രൈമിൽ ഒതുക്കാൻ പറ്റാത്തതുകൊണ്ട് ഒരു സാമ്പിൾ മാത്രം താഴെ ചേർക്കുന്നു.

അങ്ങനെ അനസ്താസ്യയുടെ പള്ളയിൽ കയറി ഞങ്ങൾ പോകുന്നത് സെൻ്റ്. പീറ്റർസ്ബർഗിലേക്കാണ്. പിറ്റേന്ന് രാവിലെ എഴുന്നേറ്റതിനു ശേഷം ഞങ്ങൾ സാവകാശം ഡെക്കിൽ കയറി പടം പിടിച്ചും, കാറ്റുകൊണ്ടും ഒക്കെ വരുമ്പോഴേക്കും കപ്പലിൻ്റെ മുൻവശത്ത് ഒരു വലിയ ക്യൂ രൂപപ്പെട്ടു വന്നിരുന്നു. റഷ്യയിലെ ഇമിഗ്രേഷൻ കൗണ്ടറുകളിലെ നീണ്ട ഇമിഗ്രേഷൻ ചോദ്യംചെയ്യൽ കാരണം, ക്യൂവിൽ പിന്നിലായാൽ മൂന്നോ നാലോ മണിക്കൂറുകൾ ഇമിഗ്രേഷൻ ക്യൂവിൽ ചിലവഴിക്കേണ്ടി വരും എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഒടുക്കം റഷ്യക്കാര് വലിയ ചോദ്യങ്ങളൊന്നുമില്ലാതെതന്നെ ഞങ്ങൾക്ക് 72-മണിക്കൂർ വിസ പതിച്ചു തന്നു. എനിക്ക് ഒരു കള്ളലക്ഷണം ഉള്ളതുകൊണ്ടാണെന്നു തോന്നുന്നു, അവർ നാലു പ്രാവശ്യം എൻ്റെ മുഖത്തേക്കും, പാസ്പോർട്ടിലേക്കും മാറി മാറി നോക്കി, ഞാൻ ഞാൻ തന്നെയാണെന്ന് അവർ ഉറപ്പുവരുത്തി.

തുറമുഖത്ത് നിന്നും സെൻ്റ്. പീറ്റർസ്ബർഗ് നഗരമധ്യത്തിലേക്ക് ഞങ്ങളെ കൊണ്ടുപോകുന്നത് മിനി ബസ്സിലാണ്. പുറത്തേക്കു നോക്കിയപ്പോൾ റോട്ടിലൂടെ നടക്കുന്ന എല്ലാവരും ആവശ്യത്തിലധികം ഔറത്ത് മറച്ചിരിക്കുന്നു. ബസ്സിറങ്ങിയപ്പോഴാണ് ഇതിൻ്റെ ഗുട്ടൻസ് പിടികിട്ടിയത്. പുറത്ത് മരം കോച്ചുന്ന തണുപ്പാണ്. മുട്ടുവരെയുള്ള ബൂട്ട്സും, നീളൻ കയ്യുള്ള ജാക്കറ്റും, തലവഴി തൊപ്പിയും ഇട്ടില്ലെങ്കിൽ മരവിച്ചു പോകും. വഴിയരികിൽ കുട്ടികൾ മഞ്ഞുകൊണ്ട് പന്തുണ്ടാക്കി തട്ടിക്കളിക്കുന്നുണ്ട്. സ്വീഡനിലെ -10 ഡിഗ്രി തണുപ്പൊക്കെ പുല്ലാണെന്ന തിരിച്ചറിവു കിട്ടിയ ദിവസമായിരുന്നന്ന്. വിശാലമായ നഗരമാണ് സെൻ്റ് പീറ്റർസ്ബർഗ്. കൂറ്റൻ ബിൽഡിങ്ങുകൾ. ആകാശം മുട്ടുന്ന സ്തൂപങ്ങൾ. വീതിയുള്ള റോഡുകൾ. ഇവിടുത്തെ വിളക്കുകാലുകൾക്കു വരെ പത്തുമുപ്പത് മീറ്റർ ഉയരം കാണും. ദിവസത്തിൻ്റെ നല്ല ഭാഗവും ക്യൂവിൽ ചിലവഴിച്ചതിനാൽ അധികമൊന്നും കാണാൻ പറ്റിയില്ല. പല്ല് കടിച്ച് വിറച്ച് നിൽക്കുന്ന ഞങ്ങളുടെ ഫോട്ടോ ഇടുന്നതിനു പകരം മറ്റൊരു മനോഹരമായ ഫോട്ടോ താഴെ ഇടുന്നു.

അടുത്ത ദിവസം പോകേണ്ടത് എസ്റ്റോണിയയുടെ തലസ്ഥാനമായ താലിനിലേക്കാണ്. ഇവിടത്തെ ഓൾഡ് ടൗൺ ആണ് ഹൈലൈറ്റ്. എസ്റ്റോണിയ റഷ്യൻ അധീനതയിലായിരുന്നപ്പോൾ നിർമ്മിച്ച അലക്സാണ്ടർ നെവാസ്കി പള്ളി പ്രസിദ്ധമാണ്. അന്ന് ക്രിസ്മസ് ദിനമായതുകൊണ്ട് പള്ളിയ്ക്കകത്ത് പ്രത്യേകം പരിപാടികൾ ഉണ്ടായിരുന്നു. ഞങ്ങൾ മൂക്കുമുട്ടെ ഭക്ഷണം കഴിച്ചത് ഓൾഡ് ടൗണിലെ ഇന്ത്യൻ റെസ്റ്ററൻ്റിൽ നിന്നായിരുന്നു. ദോഷം പറയരുതല്ലോ, നാട്ടിൽ നിന്നും കിട്ടുന്ന ഭക്ഷണത്തിൻ്റെ രുചിയുണ്ടായിരുന്നു.
- താലിനിലെ അലക്സാണ്ടർ നെവാസ്കി കത്തീഡ്രൽ. ഫോട്ടോയ്ക്ക് കടപ്പാട്: ബെൻ ബെൻ്റർ, CC-BY-SA 3.0, വിക്കിമീഡിയ കോമൺസ്.
അങ്ങനെ അവസാനം അനസ്താസ്യ രാജകുമാരി ഞങ്ങളെ തിരിച്ച് സ്റ്റോക്ക്ഹോമിൽ കൊണ്ടെത്തിച്ചു. സ്റ്റോക്ക് ഹോം ഇടയ്ക്കിടെ പോകുന്ന സ്ഥലമാണെങ്കിലും അവിടെ കാര്യമായിട്ടൊന്നും ഞാൻ കറങ്ങിയിട്ടില്ലാത്തതുകൊണ്ട് കൂടുതൽ എഴുതാൻ കഴിയില്ല. നിങ്ങൾ എല്ലാവരും നിർബന്ധിച്ചാൽ നോർവെയിൽ പോയതിനെക്കുറിച്ച് ഞാൻ മറ്റൊരു ബ്ലോഗ് പോസ്റ്റ് എഴുതാം.
പക്ഷെ നിർബന്ധിക്കണം.
ഈ പോസ്റ്റ് എഴുതാൻ ഒരു തവണ നിർബന്ധിച്ച നിഖിലിനും, കപ്പലിൽ സഹയാത്രികരായിരുന്ന ശരത് (താങ്കൾക്ക് വിവാഹമംഗളാശംസകൾ), കൃഷ്ണ, രാഹുൽ എന്നിവർക്കും നന്ദി രേഖപ്പെടുത്താൻ ഈ അവസരം ഉപയോഗിക്കുന്നു.