ബസ് യാത്രകളും അനുബന്ധ അനുഭവങ്ങളും

കഴിഞ്ഞ ദിവസം ബസ്സിൽ യാത്രചെയ്യുമ്പോൾ കണ്ടക്ടറെ സ്റ്റുഡ്ന്റ്സ് പാസ് കാണിക്കുവാൻ വേണ്ടി ബാഗ് തുറന്നതാണ്. പാസ് തിരക്കിട്ട് എടുക്കുമ്പോൾ ബാഗിലുണ്ടായിരുന്ന പെൻഡ്രൈവ് നിലത്തുവീണു. ഒരുപാട് ഫയലുകൾ അതിലുണ്ടായിരുന്നു. എന്റെ പെൻഡ്രൈവ് വീണു എന്നു പറഞ്ഞ് ഞാൻ കുമ്പിട്ട് തപ്പാൻ തുടങ്ങി. തിരക്കുള്ള ബസ്സിൽ സാധനം നിലത്തിട്ടതിന്റെ അമർഷം മറച്ച് വച്ച് അടുത്തുള്ളവരും തിരയാൻ സഹായിച്ചു. ഈ തിരഞ്ഞുകൊണ്ടിരിക്കുന്നവർക്കൊന്നും പെൻഡ്രൈവ് എന്താണെന്ന് അറിയില്ല. എന്റെ വെപ്രാളം കണ്ടപ്പോൾ എന്തോ വലിയ സാധനമാണെന്ന് അനുമാനിച്ച് തിരയുകയാണ്. അവസാനം സാധനം കിട്ടി. വളരെച്ചെറിയ പ്ളാസ്റ്റിക്കിന്റെ ഒരു കഷ്ണം ആണ് ഞാൻ ഇത്ര കാര്യപ്പെട്ട് തിരഞ്ഞെതെന്നറിഞ്ഞപ്പോൾ എല്ലാവരുടെയും മുഖത്ത് പുച്ഛം. അതിന്റെ വില എനിക്കേ അറിയുകയുള്ളല്ലോ.

ബസ്സ് യാത്രയ്ക്കിടയിലെഅനുഭവങ്ങളെക്കുറിച്ച് എഴുതണമെന്ന് കുറെ കാലമായി വിചാരിക്കുന്നെങ്കിലും സമയം ഒത്ത് വന്നിരുന്നില്ല. ഇപ്പോൾ പനിയും തലവേദനയും(വാർഡിലെ ഏതോ പേഷ്യന്റിന്റെ കയ്യിൽ നിന്ന് കിട്ടിയതായിരിക്കണം) സഹിക്കവയ്യാതെ വെറുതേ ഇരിക്കുകയായതുകൊണ്ട് അങ്ങ് എഴുതിക്കളയാം എന്ന് കരുതി.

ചിക്കമഗലൂരിലേക്ക് താമസം മാറിയ കാലം. താമസം തുടങ്ങി കഷ്ടിച്ച് ഒരാഴ്ചയായപ്പോൾ സ്കൂൾ തുറന്നു. പുതിയ സ്കൂളും, പരിചയമില്ലാത്ത നാടും ആളുകളും. ഭാഷയും തീരെ വശമില്ല. സ്കൂൾ ബസ്സിലാണ് പോകേണ്ടത്. രാവിലെ ബസ്സ് കയറി. എനിക്കന്ന് കഷ്ടിച്ച് പത്ത് വയസ്സാണ് പ്രായം. കൂടെ അഞ്ച് വയസ്സുള്ള അനിയത്തിയുമുണ്ട്. അവൾ ആദ്യമായാണ് ബസ്സിൽ കയറുന്നത്. അതുകൊണ്ട് തന്നെ ഓടുന്ന ബസ്സിൽ പിടിക്കാതെ നിന്നാൽ മൂക്കു കുത്തി വീഴുമെന്ന് അവൾക്കറിയില്ല.ഒരു കയ്യിൽ അവളേയും, മറ്റേ കയ്യിൽ ലഞ്ച് കിറ്റും, മുതുകത്ത് ബാഗും ഒക്കെയായി ഓരോ ബ്രേക്കിടലിനും മുന്നോട്ടാഞ്ഞ് കഷ്ടപ്പെട്ടാണ് സ്കൂളിലെത്തിയത്.

വൈകുന്നേരം തിരിച്ചു പോകാനായിരുന്നു അതിലേറെ വിഷമം. ഒരേ പോലുള്ള ഒരുപാട് ബസ്സുകൾ നിർത്തിയിട്ടിരിക്കുന്നു. രാവിലെ കയറിയ ബസ്സ് ഏതാണെന്ന് നിശ്ചയമില്ല. തിരിച്ചുപോയി ക്ളാസ് ടീച്ചറോട് വിവരം പറഞ്ഞു. ടീച്ചർ ഓഫീസിൽ കൂട്ടിക്കൊണ്ടുപോയി കയറേണ്ട ബസ്സിന്റെ നമ്പർ പറഞ്ഞു തന്നു. ബസ്സിൽ കയറിയപ്പോൾ വീണ്ടും പ്രശ്നം. പുതിയ സ്ഥലമായതുകൊണ്ട് ഇറങ്ങേണ്ട സ്ഥലമെത്തിയാൽ മനസിലായി എന്നുവരില്ല. സ്ഥലമെത്തുമ്പോൾ വിളിക്കണം എന്നു പറയാനാണെങ്കിൽ കന്നഡയും നിശ്ചയമില്ല. ആരോടെങ്കിലും ഒന്നു ചോദിക്കാമെന്നു വച്ചാൽ ക്ളാസിൽ കണ്ട് പരിചയമുള്ള ആരെയും കാണുന്നുമില്ല.പേടിച്ച് ഒരു മൂലയിൽ നിൽക്കുകയായിരുന്ന എന്നെയും അനിയത്തിയെയും നയനച്ചേച്ചിയാണ് വിവരം ഇംഗ്ളീഷിൽ ചോദിച്ച് ഇറങ്ങേണ്ടിടത്തു തന്നെ ഇറക്കിവിട്ടത്. പിന്നീട് ഒൻപതാം ക്ളാസിൽ സ്കൂൾ ലീഡറായപ്പോൾ ഓരോ പുതിയ കുട്ടിയുടെയും ബസ് നമ്പറും ബസ് റൂട്ടും പറഞ്ഞ് കൊടുക്കാൻ ഞാൻ തന്നെയാണ് മുൻകൈ എടുത്തത്.

മെല്ലെ മെല്ലെ ഞാൻ ബസ് യാത്ര ഇഷ്ടപ്പെട്ടു തുടങ്ങി. വീട് സ്കൂളിനടുത്താണെങ്കിലും ടൗണിലെ എം.ജി റോഡ് ചുറ്റിയ ശേഷമേ വീട്ടിലെത്താനാവൂ. ബസ്സിന്റെ സൈഡ് സീറ്റിലിരുന്ന് കാഴ്ച കാണുന്നതും, പുസ്തകം വായിക്കുന്നതും, കൂട്ടുകാരോട് സംസാരിക്കുന്നതും ഒക്കെ കാലക്രമേണ ഇഷ്ടമായി. രാവിലെ ബസ്സ് വരുന്നതിന് കൃത്യം ഒരു മിനിറ്റ് മുൻപേ റെഡിയാവൂ. ബസ്സ് വരുന്നു എന്ന് ടെറെസിനു മുകളിൽ നിൽക്കുന്ന അമ്മ പറയുമ്പോഴാകും സ്റ്റോപ്പിലേക്ക് ഇറങ്ങിയോടുക.

പത്താം ക്ളാസിൽ സിൽവർ ഹിൽസിൽ ചേർന്നപ്പോഴാണ് കെ.എസ്.ആർ.ടി.സി ബസ്സിനെ ആശ്രയിക്കേണ്ടി വന്നത്. എനിക്ക് പോകേണ്ട കുന്ദമംഗലം-മാനാഞ്ചിറ റൂട്ടിൽ പ്രൈവറ്റ് ബസ്സുകൾ ഓടാറില്ല. നല്ല തിരക്കുണ്ടാകും. പല യാത്രക്കാരും ഫൂട്ട്ബോഡിൽ കയറി നിന്നാണ് യാത്രചെയ്യാറ്. തിരക്കുള്ള ബസ്സിൽ ഞരമ്പുരോഗികളും കൂടുതലുണ്ടാകും. ഒന്നു രണ്ട് തവണ ഇറങ്ങേണ്ട പാറോപ്പടി സ്റ്റോപ്പെത്തിയതറിയാതെ ഒന്നു രണ്ട് സ്റ്റോപ്പ് അപ്പുറം ഇറങ്ങിയതു കാരണം ക്ളാസിൽ വൈകി എത്തിയിട്ടുണ്ട്.

ബസ്സിൽ കയറാൻ നോക്കുമ്പോൾ മുന്നിലെ വാതിലിലൂടെ കയറാം എന്ന വിചാരത്തിൽ മുന്നോട്ടോടും. മുന്നിലെത്തുമ്പോൾ അവിടെ വാതിലില്ലെന്ന് മനസിലാക്കി പിന്നോട്ടോടും. ഇറങ്ങേണ്ട സ്ഥലമെത്തുന്നതിനു ഒരു മൈൽ മുൻപേ ഇറങ്ങാൻ തയ്യാറായി നിൽക്കും. കണ്ടവരോടൊക്കെ പാറോപ്പടി എത്തുമ്പോൾ വിളിക്കണം എന്നു പറയും. കുറച്ചു കാലം അങ്ങനെ യാത്ര ചെയ്തതിനു ശേഷം ബുദ്ധിമുട്ട് സഹിക്കവയ്യാതെ പ്രൈവറ്റ് വണ്ടി ഏർപ്പാടാക്കുകയാണുണ്ടായത്.

പിന്നീട് മെഡിക്കൽ കോളേജിൽ ചേർന്നതിനു ശേഷമാണ് പ്രൈവറ്റ് ബസ്സിലെ സ്ഥിരം യാത്രക്കാരിയായത്. രണ്ട് രൂപകൊണ്ട് ഒരു ദിവസം പോയി വരാം – സ്റ്റുഡന്റ്സ് കൺസെഷൻ കിട്ടും. മെഡിസിനു പഠിക്കുന്നവർക്ക് 2 ആം സെമെസ്റ്ററിനു ശേഷം പിന്നെ ഫൈനൽ ഇയർ വരെ വെക്കേഷനില്ല. മറ്റു കോളേജുകൾക്കെല്ലാം വെക്കേഷനുള്ള സമയത്ത് എനിക്ക് കൺസെഷൻ അനുവദിച്ചു തരാൻ കണ്ടക്ടർമാർക്ക് മടിയാണ്.
“നിങ്ങൾക്കൊന്നും വെക്കേഷനില്ലേ” എന്നു ദേഷ്യത്തോടെ ചോദിക്കും. ഞാൻ കാര്യം പറയും. അല്പം വാദപ്രതിവാദമൊക്കെ നടക്കും. ഒരിക്കൽ നല്ലപോലെ ചൂടായ ഒരു കണ്ടക്ടറോട് “ഞങ്ങൾക്കൊക്കെ വെക്കേഷൻ തന്നാൽ നിങ്ങൾ ബസ്സിടിച്ച് പരിക്കുപറ്റി മെഡിക്കൽ കോളേജിൽ അഡ്മിറ്റാകുമ്പോൾ നോക്കാൻ ആളുണ്ടാവില്ല” എന്നു പറഞ്ഞിരുന്നു. “മെഡിക്കൽ വിദ്യാർത്ഥിനിയല്ലേ, കയ്യിൽ പൈസയുണ്ടാകുമല്ലോ, അഞ്ചു രൂപ മുടക്കി ഫുൾ ടിക്കറ്റ് എടുത്താലെന്താ”എന്ന് മറ്റൊരു കണ്ടക്ടർ ചോദിച്ചിരുന്നു.

കൺസഷന്റെ ആനുകൂല്യം പറ്റുന്നവർ സീറ്റിലിരിക്കരുത്, ഫുൾ ടിക്കറ്റ് കൊടുത്ത് കയറുന്നവർ കയറിയതിനുശേഷമേ കയറാവൂ എന്നൊക്കെ അലിഖിത നിയമങ്ങളുണ്ടെങ്കിലും ഞാൻ അതൊന്നും വകവയ്ക്കാറില്ല. ഫുൾ ടിക്കറ്റുകാർ കയറിയ ഉടനെ കിളി ഡോറടച്ച് ബെല്ലടിക്കും, പാവം കുട്ടികൾ പുറത്ത്. എന്റെ റൂട്ടിലോടുന്ന മിക്ക ബസ്സുകളും ഇങ്ങനെയാണ്. ഹ്രസ്വ യാത്രകൾ നടത്തുന്നവരെ കയറ്റാൻ പല ബസ്സുകൾക്കും മടിയാണ്. ബസ്സിലെ തിരക്ക് കണ്ട് ദൂരയാത്ര ചെയ്യുന്നവർ കയറാതിരിക്കും എന്നാണ് കാരണം. അതുകൊണ്ട് കിളികൾ ഇന്റർവ്യൂ ചെയ്താണ് കയറ്റാറ്. ഇറങ്ങുന്നതെവിടെയാണ്
എന്ന് കൃത്യമായി പറഞ്ഞ് കൊടുത്താലേ വണ്ടിയിൽ കയറ്റൂ. ഒരുവക ഇന്റർവ്യൂവിനും ഞാൻ ചെവി കൊടുക്കാറില്ല. അങ്ങനെ തട്ടിയും മുട്ടിയും യാത്ര ചെയ്താണ് പല ദിവസങ്ങളിലും വീട്ടിലെത്താറ്.