വിക്കിപീഡിയയും ആധുനികവൈദ്യവും

വിക്കിപീഡിയ നിരോധിക്കുക എന്നത് പലരുടെയും ആഗ്രഹമാണ്. സ്വന്തം ഭൂതകാലത്തെ ഭയപ്പെടുന്നവരും, അശാസ്ത്രീയ രീതികളിലൂടെ പ്രവർത്തിക്കുന്നവർക്കുമാണ് വിക്കിപീഡിയ എതിരാളിയാകുന്നത്. ഇലക്ഷനു നിൽക്കുന്ന സ്ഥാനാർത്ഥി അഞ്ച് വർഷം മുൻപ് നടത്തിയ അഴിമതിയെക്കുറിച്ചൊക്കെ വിക്കിപീഡിയയിൽ ഉണ്ടാകും. ഇത് അവരുടെ വിജയസാധ്യതയെ ബാധിച്ചേക്കാം. എത്ര പണവും, അധികാരവും ഉപയോഗിച്ചാലും വിക്കിപീഡിയയിലെ ഈ ഭാഗം നീക്കം ചെയ്യാൻ കഴിയുകയുമില്ല. അഴിമതിയുടെ ചരിത്രം വിക്കിപീഡിയയിലെ ഇദ്ദേഹത്തിൻ്റെ പേജിൽ കാലാകാലം നിലനിൽക്കും. ഇങ്ങനെ, തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം വിവരങ്ങളുടെ ആധികാരികത തീരുമാനിക്കുന്ന വിക്കിപീഡിയയുടെ നയം പലരെയും ചൊടിപ്പിച്ചിട്ടുണ്ട്. തുർക്കിയിലെ ഭരണകൂടം ഒരുദാഹരണമാണ്. തുർക്കി ഭരണകൂടത്തിന് ഇഷ്ടമില്ലാത്ത വസ്തുതകൾ വിക്കിപീഡിയയിൽ പ്രസിദ്ധീകരിച്ചു വന്നപ്പോൾ അവർ തുർക്കി രാജ്യത്തിൽ വിക്കിപീഡിയ നിരോധിച്ചു. ഇതുപോലെ ചൈനയും, ഉത്തരകൊറിയയുമൊക്കെ പണ്ടേ വിക്കിപീഡിയ നിരോധിച്ചിരിക്കുകയാണ്.

ഇത് ഓർമ്മ വരാൻ കാരണം, ഹോമിയോ ഡോക്ടർമാർ വിക്കിപീഡിയ ഇന്ത്യയിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം കൊടുത്തു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ കേട്ടു (മുഖ്യധാരാ മാധ്യമങ്ങൾ സ്ഥിതീകരിച്ചിട്ടില്ല). ഹോമിയോപ്പതി കപടശാസ്ത്രമാണെന്ന സത്യം വിക്കിപീഡിയയിൽ തുറന്നെഴുതിയതാണ് ഇവരെ ചൊടിപ്പിച്ചത്. ഈ നിവേദനം വിക്കിപീഡിയയ്ക്ക് കിട്ടിയ അംഗീകാരമായിട്ടാണ് ഞാൻ കണക്കാക്കുന്നത്. ഒരു പ്രൊഫഷണൽ ബോഡി കിണിഞ്ഞു ശ്രമിച്ചിട്ടും, വിക്കിപീഡിയയിൽ നിന്ന് അവർ പ്രാക്ടീസ് ചെയ്യുന്ന വൈദ്യത്തെ സംബന്ധിച്ച ഒരു വാക്യം എടുത്ത് മാറ്റാൻ കഴിയാത്തത്ര കെട്ടുറപ്പുള്ള നിയമങ്ങളാണ് വിക്കിപീഡിയയിലുള്ളത്. എല്ലാവർക്കും വിക്കിപീഡിയയിൽ കയറി എഴുതാമെങ്കിലും, എന്തും എഴുതാമെന്ന് വിചാരിക്കരുത്. തെളിവുകളുടെ പിൻബലമില്ലാതെ എഴുതുന്നതെന്തും, ചോദ്യം ചെയ്യുന്നതും, ഡിലീറ്റ് ചെയ്യുന്നതും സാധാരണമാണ്.

വിക്കിപീഡിയയിൽ കൊടുത്തിരിക്കുന്നതൊക്കെ തെറ്റാണ്, അതുകൊണ്ട് വിക്കിപീഡിയ ഉപയോഗയോഗ്യമല്ല എന്ന് പറയുന്നവരുണ്ട്. വിക്കിപീഡിയയിലുള്ളത് ആധികാരികമായ വിജ്ഞാനമാണ് എന്ന് വിക്കിപീഡിയ പോലും അവകാശപ്പെടുന്നില്ല. വിക്കിപീഡിയയിൽ തെറ്റുകൾ കടന്നു കൂടിയിട്ടുണ്ടാകാം. കുറവ് പേർ വായിക്കുന്ന പേജുകളിലാണ് തെറ്റുകൾ കൂടുതലുണ്ടാകാൻ സാധ്യത. കൂടുതൽ വായനക്കാരുള്ള പേജുകൾക്ക് പൊതുവിൽ കൂടുതൽ എഴുത്തുകാരും ഉണ്ടാകും. അതുകൊണ്ട് തെറ്റുകൾ കടന്നു കൂടിയാലും പെട്ടെന്ന് തന്നെ തിരുത്തപ്പെടും. അതേസമയം, അത്ര റെഫറൻസുകൾ ഉൾക്കൊള്ളാത്ത, അധികം ആളുകൾ വായിക്കാത്ത, കുറച്ച് എഴുത്തുകാർ ചേർന്ന് എഴുതിയ ലേഖനങ്ങളിൽ തെറ്റുകൾ കടന്നു കൂടാനുള്ള സാധ്യത കൂടുതലാണ്. വിക്കിപീഡിയ ആധികാരികമല്ലാത്ത എൻസൈക്ലോപീഡിയ ആണ് എന്ന് സമ്മതിക്കുമ്പോൾ, പിന്നെ വേറാരാണ് ആധികാരികം എന്ന സംശയം സ്വാഭാവികമായും വരാം. അപ്പോൾ പലരും പറയുന്ന ഉത്തരമാണ് എൻസൈക്ലോപീഡിയ ബ്രിട്ടാണിക്ക. വിക്കിപീഡിയയുമായി തുലനം ചെയ്ത് നോക്കുമ്പോൾ ബ്രിട്ടാണിക്കയും ഏതാണ്ട് അതേ ആധികാരികത മാത്രമേ പാലിക്കുന്നുള്ളൂ എന്നാണ് 2005-ൽ നേച്ചർ പ്രസിദ്ധീകരിച്ച പഠനം തെളിയിക്കുന്നത്. 2005-ൽ വിക്കിപീഡിയയ്ക്ക് വെറും അഞ്ച് വയസ്സ് മാത്രമേ ഉള്ളൂ. അതിനുശേഷം വിക്കിപീഡിയയിൽ കൂടുതൽ എഴുത്തുകാരും, പോളിസികളും, ടെക്നോളജിയും വന്നു. 2018-ൽ ഇത്തരം ഒരു പഠനം ആവർത്തിച്ചാൽ, ലേഖനങ്ങളുടെ വൈവിധ്യത്തിൻ്റെ കാര്യത്തിലും ആധികാരികതയുടെ കാര്യത്തിലും ബ്രിട്ടാണിക്കയെക്കാൾ മുന്നിൽ നിൽക്കുക വിക്കിപീഡിയയാണെന്നാണ് എനിക്ക് തോന്നുന്നത്. വിക്കിപീഡിയയോടും, മറ്റ് ഡിജിറ്റൽ മാധ്യമങ്ങളോടും കിടപിടിച്ച് നിൽക്കാൻ ആകാതെ, 2012-ൽ ബ്രിട്ടാണിക്ക തങ്ങളുടെ പ്രിൻ്റ് പതിപ്പ് നിർത്തലാക്കി. 244 വർഷങ്ങളോളം പ്രിൻ്റ് ചെയ്തിരുന്ന പുസ്തകമാണിതെന്നോർക്കണം.

വിക്കിപീഡിയ മെഡിക്കൽ പഠനത്തിന് ഉപയോഗിക്കരുത് എന്നതാണ് അടുത്ത വാദം. ആരോഗ്യമേഖലയിലുള്ളവരെ സംബന്ധിച്ചിടത്തോളം ഇത് ശരിയാണ്. വിക്കിപീഡിയ എഴുതിയിരിക്കുന്നത് സാധാരണക്കാർക്ക് വേണ്ടിയാണ്. ഉദാഹരണത്തിന്, റോക്കറ്റ് വിക്ഷേപണത്തെക്കുറിച്ച് എനിക്ക് ഒന്നും അറിഞ്ഞുകൂടാ. അതുകൊണ്ട് ഇതിനെക്കുറിച്ച് അടിസ്ഥാനപരമായ വിവരം ഉണ്ടാക്കാൻ ഞാൻ വിക്കിപീഡിയ ഉപയോഗിക്കും. അതേസമയം, മസ്തിഷ്കാഘാതത്തെക്കുറിച്ച് എനിക്ക് അക്കാദമിക തലത്തിൽ അറിയാം. അതുകൊണ്ട്, ഈ വിഷയത്തിൽ വിക്കിപീഡിയ എനിക്ക് ഉതകുന്ന വിവരസ്രോതസ്സല്ല. എങ്കിലും, പല പ്രാഥമിക മെഡിക്കൽ ലേഖനങ്ങളും ടെക്സ്റ്റ്ബുക്ക് ലേഖനങ്ങളെക്കാൾ ലളിതമായും, സമഗ്രമായും വിക്കിപീഡിയയിൽ എഴുതിയിട്ടുണ്ട്. അൾഷൈമേഴ്സിനെക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനം ഉദാഹരണം. അൾഷൈമേഴ്സിനെക്കുറിച്ച് എത്ര അഗാധ ജ്ഞാനമുണ്ടെങ്കിലും, അൾഷൈമേഴ്സ് ലേഖനത്തിലുള്ളത്ര കൃത്യതയോടെയും, സമഗ്രമായും ഒരൊറ്റ വ്യക്തിക്ക്  എഴുതാൻ കഴിയില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഒരുപാട് പേർ ചേർന്ന് എഴുതിയതുകൊണ്ടാണ് ഈ ലേഖനം വളരെ മികച്ചതാകുന്നത്. കേരളത്തിൽ അക്കാദമിക മേഖലയിലുള്ളവർ വിക്കിപീഡിയയോട് നിഷേധാത്മക സമീപനം എടുത്ത് കണ്ടിട്ടുണ്ട്. ഇവരോട് പറയാനുള്ളത് വിക്കിപീഡിയയെ അവഗണിച്ച് മുന്നോട്ട് പോകാനാവില്ല എന്നതാണ്. എന്തൊക്കെപ്പറഞ്ഞാലും വിദ്യാർത്ഥികൾ വിക്കിപീഡിയ നോക്കിയാണ് പല കാര്യങ്ങളും പഠിച്ചെടുക്കുന്നത്. ഇവർക്ക് മികച്ചരീതിയിൽ വിവരങ്ങൾ ലഭ്യമാകണമെങ്കിൽ വിക്കിപീഡിയയിലെ ലേഖനങ്ങളും നല്ല നിലവാരം പുലർത്തിയിരിക്കണം. അതുകൊണ്ട് അധ്യാപകർ വിക്കിപീഡിയയിൽ വിവരങ്ങൾ ചേർക്കാനും, നിലവിലുള്ള വിവരങ്ങൾ ക്രോഡീകരിക്കാനും മുന്നോട്ട് വരേണ്ടതായിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ വിദ്യാർത്ഥികളെ മാത്രമല്ല, ലോകം മുഴുവനുമുള്ള വിദ്യാർത്ഥികളെയാണ് സഹായിക്കുന്നത് എന്നും ഓർക്കുക. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിക്കിപീഡിയ മെച്ചപ്പെടുത്തുന്നതിൽ പങ്കെടുക്കാനായി വിക്കിപീഡിയ എഡ്യുക്കേഷൻ പ്രോഗ്രാമും നിലവിലുണ്ട്.

വിക്കിപീഡിയൻ ആയതുകൊണ്ട് എനിക്ക് ഏറ്റവുമധികം അഭിമാനം തോന്നിയത് നിപ്പ വൈറസ് രോഗത്തെക്കുറിച്ചുള്ള ലേഖനം എഴുതിയപ്പോഴാണ്. കേരളത്തിൽ നിപ്പ സ്ഥിതീകരിച്ചു എന്നറിഞ്ഞപ്പോൾ ഇതിനെക്കുറിച്ച് പഠിക്കാൻ വേണ്ടി ഒരുപാട് ശാസ്ത്രപ്രബന്ധങ്ങളിൽ പരതി. യൂണിവേഴ്സിറ്റിയുടെ അക്കൗണ്ട് ഉള്ളതുകൊണ്ട് എല്ലാ ശാസ്ത്രപ്രബന്ധങ്ങളും സൗജന്യമായി വായിക്കാൻ കഴിഞ്ഞു. ഒരു വൈകുന്നേരം മുഴുവൻ ഇതിനു വേണ്ടി മാറ്റിവച്ച്, പ്രബന്ധങ്ങൾ അരിച്ചു പെറുക്കി, രോഗത്തിൻ്റെ ലക്ഷണങ്ങളും, ചികിത്സയുമൊക്കെ കണ്ടെത്തി. പത്രവാർത്തകൾ തിരഞ്ഞ് മറ്റ് രാജ്യങ്ങളിൽ ഈ രോഗം ഉണ്ടാക്കിയ നാശനഷ്ടങ്ങളും അവിടെ ഉപയോഗിച്ച പ്രതിരോധ നടപടികളുമൊക്കെ വായിച്ച് പഠിച്ചു. പേജ് തുടങ്ങിയതിനു ശേഷം ലോകത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരും, ശാസ്ത്രജ്ഞരും കൂടി എഴുത്തിൽ പങ്കാളികളായി. മറ്റ് സംസ്ഥാനങ്ങളിലും, രാജ്യങ്ങളിലുമുള്ള സുഹൃത്തുക്കൾ ലേഖനം അവരവരുടെ ഭാഷകളിലേക്ക് തർജ്ജമ നടത്തി. നിങ്ങൾ ലാഘവത്തോടെ വായിച്ച് പോകുന്ന ഓരോ ലേഖനത്തിനും പിന്നിൽ ഒരുപാട് അധ്വാനമുണ്ട് എന്ന് മനസിലായല്ലോ.

nipahinfectionstats
നിപാ വൈറസ് രോഗത്തെക്കുറിച്ചുള്ള വിക്കിപീഡിയ താളിൻ്റെ സ്ഥിതിവിവരക്കണക്കുകൾ. നാല് ലക്ഷത്തിൽ പരം തവണ ഈ താൾ സന്ദർശിക്കപ്പെട്ടു. (കടപ്പാട്)

ഞാൻ വിക്കിപീഡിയയിൽ എന്താണ് ചെയ്യുന്നതെന്ന് പലരും ചോദിക്കാറുണ്ട്. സ്വതന്ത്രവിജ്ഞാനത്തെ പ്രോത്സാഹിപ്പിക്കുന്ന എന്തും ചെയ്യും എന്നാണ് ലളിതമായ ഉത്തരം. പങ്കെടുത്ത പ്രൊജക്ടുകളെക്കുറിച്ച് എൻ്റെ വിക്കിപീഡിയ ഉപയോക്തൃതാളിലുണ്ട്. ആധുനികവൈദ്യത്തെ കുറിച്ചാണ് ആദ്യം എഴുതിയിരുന്നത്. പിന്നീട്, വിക്കിപീഡിയയിൽ സ്ത്രീപ്രാതിനിധ്യം വളരെ കുറവാണെന്ന് മനസിലായപ്പോൾ സ്ത്രീകളെക്കുറിച്ച് എഴുതുന്നതിലും ശ്രദ്ധ ചെലുത്തി. അങ്ങനെയിരിക്കെയാണ് 2012-ൽ വിക്കിവുമൺ ക്യാമ്പ് നടക്കുന്നുണ്ടെന്ന് അറിഞ്ഞത്. വിക്കിമീഡിയ സംരംഭങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ കോൺഫറൻസായിരുന്നു ഇത്. അർജൻ്റീനയിലെ ബ്യൂണസ് എയഴ്സിൽ വച്ചായിരുന്നു പരിപാടി. എനിക്കാണെങ്കിൽ അർജൻ്റീന എന്ന രാജ്യത്തെക്കുറിച്ച് കേട്ടറിവ് മാത്രമേ ഉള്ളൂ. അതുവരെയും ഒരു വിദേശ രാജ്യത്തേക്ക് പോലും പോയിട്ടുമില്ല. എങ്കിലും പോകാൻ താല്പര്യമുണ്ട് എന്ന് സംഘാടകരെ അറിയിച്ചു. ഫുൾ സ്കോളർഷിപ്പോടുകൂടി അവർ എന്നെ അർജൻ്റീനയിലേക്ക് ക്ഷണിച്ചു. അങ്ങനെയാണ് ഞാൻ ആദ്യ വിദേശയാത്ര നടത്തുന്നതും, ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു വിദേശ കോൺഫറൻസിൽ പങ്കെടുക്കുന്നതും. അതിനു ശേഷം വിക്കിപീഡിയയിൽ ഞാൻ കൂടുതലായും പ്രവർത്തിച്ചിട്ടുള്ളത് വൈവിധ്യം (diversity), സ്ത്രീപ്രാതിനിധ്യം (gender gap) എന്നീ മേഖലകളിലാണ്. വിക്കിപീഡിയയ്ക്കകത്ത് ആധുനിക വൈദ്യത്തെക്കാൾ കൂടുതൽ പ്രവർത്തിപരിചയം ഉള്ളതും ഈ വിഷയങ്ങളിലാണ്. മെഡിക്കൽ മേഖലയിൽ നിന്നുള്ളവർക്ക് വിക്കിപീഡിയയിൽ പ്രവർത്തിക്കാൻ ഒരുപാട് സാധ്യതകളുണ്ട്. അവയിൽ ചിലതിനെപ്പറ്റി വിക്കിപ്രൊജക്ട് മെഡിസിനിൽ വായിക്കാം. വിക്കിപീഡിയയിൽ വെറും രണ്ട് തിരുത്തുകൾ നടത്തിയശേഷം, ഇനി വിദേശ കോൺഫറൻസിന് അപ്ലൈ ചെയ്യാമോ എന്ന് ചോദിക്കുന്നവരുണ്ട്. വിക്കിപീഡിയയിലെ ജോലി പൂർണ്ണമായും സന്നദ്ധപ്രവർത്തനമാണ്. നിങ്ങൾ നടത്തിയ പ്രവർത്തനങ്ങളിൽ നിന്നും ലോകത്തിലെ മറ്റു ഭാഗങ്ങളിലുള്ളവർക്ക് എന്തെങ്കിലും പഠിക്കാനുണ്ടെങ്കിൽ മാത്രമേ നിങ്ങളെ കോൺഫറൻസുകളിലേക്ക് ക്ഷണിക്കുകയുള്ളൂ. വിദേശയാത്രയ്ക്ക് വേണ്ടി വിക്കിപീഡിയയിൽ ലേഖനമെഴുതിത്തുടങ്ങിയാൽ ഒരുപക്ഷെ നിരാശപ്പെടേണ്ടി വരും.

കോഴിക്കോട് മെഡിക്കൽ കോളേജിലെ പത്തോളജി വിഭാഗം ഗുണമേന്മയുള്ള ചിത്രങ്ങളും, അവയുടെ വിവരണങ്ങളും വിക്കിമീഡിയ കോമൺസിലേക്ക് സംഭാവന ചെയ്യുകയുണ്ടായി. വിക്കിമീഡിയ കോമൺസ് എന്നത് വിക്കിപീഡിയയുടെ സഹോദര സംരംഭമാണ്. വിക്കിപീഡിയയിൽ കാണുന്ന ചിത്രങ്ങൾ കോമൺസിൽ നിന്നാണ് എടുക്കുന്നത്. ഈ പത്തോളജി ചിത്രങ്ങൾ പിന്നീട് പല പത്രങ്ങളും, ടെക്സ്റ്റ്ബുക്കുകളും, ശാസ്ത്രപ്രബന്ധങ്ങളും, വിക്കിപീഡിയ ലേഖനങ്ങളും പുനരുപയോഗിക്കുകയുണ്ടായി. ഇത്തരം ചിത്രങ്ങൾ പുനരുപയോഗിക്കുമ്പോൾ സംഭാവന ചെയ്ത വ്യക്തിക്ക്/സ്ഥാപനത്തിന് കടപ്പാട് നൽകണമെന്നുള്ള നിബന്ധനയുണ്ട്. ഇതുകൊണ്ട് കോളേജിൻ്റെ പേരും പലയിടങ്ങളിലും അറിയപ്പെട്ടു. പത്തോളജിയിൽ മെഡിക്കൽ കോളേജ് സംഭാവന ചെയ്ത ചിത്രങ്ങൾ ഇവിടെ കാണാം. മെഡിക്കൽ വിദ്യാഭ്യാസത്തിനുതകുന്ന ഏതാണ്ട് 50 ചിത്രങ്ങളെങ്കിലും കയ്യിലുണ്ടെങ്കിൽ നിങ്ങളുടെ ഡിപ്പാർട്ട്മെൻ്റിനു വേണ്ടിയും ഇത്തരം പ്രൊജക്ടുകൾ സൗജന്യമായി ചെയ്ത് തരാൻ ഞാൻ ഒരുക്കമാണ്. ചിത്രങ്ങൾ വെറുതേ അയച്ച് തന്നാൽ മതി.  ചിത്രങ്ങൾക്ക് അനുയോജ്യമായ തലക്കെട്ടുകൾ ഉണ്ടെങ്കിൽ വളരെ നല്ലത്. വ്യക്തികളും ഇത്തരത്തിൽ ചിത്രങ്ങൾ നൽകാറുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോ. റോഷൻ നസീമുദ്ദീൻ സംഭാവന ചെയ്ത ചിത്രങ്ങൾ ഇവിടെ കാണാം. മെഡിക്കൽ വിദ്യാർത്ഥികൾക്കും ചിത്രങ്ങൾ നൽകാവുന്നതാണ്. ഒഫ്താല്മോളജി, ഡെർമറ്റോളജി, ഓർത്തോപീഡിക്സ് വിഷയങ്ങളിൽ പ്രത്യേകിച്ചും കൂടുതൽ ചിത്രങ്ങൾ വിക്കിപീഡിയയ്ക്കാവശ്യമുണ്ട്. രോഗിയുടെ സ്വകാര്യതയെ ഹനിക്കുന്ന ചിത്രങ്ങൾ ഒഴികെ എന്തും വിക്കിമീഡിയ കോമൺസിലേക്ക് ചേർക്കാവുന്നതാണ്. രോഗിയുടെ ഐഡൻ്റിറ്റി വ്യക്തമാക്കാത്തതുകൊണ്ട്, രോഗിയുടെ സമ്മതപത്രവും ആവശ്യമില്ല. കോളേജിലെ മെഡിക്കൽ മ്യൂസിയങ്ങളിൽ നിന്നെടുത്ത ചിത്രങ്ങളും സംഭാവന ചെയ്യാവുന്നതാണ്. കോഴിക്കോട് മെഡിക്കൽ കോളെജിൽ നടന്ന പ്രൊജക്ടിനെക്കുറിച്ച് നെതർലാൻഡ്സിലെ ഹേഗിൽ നടന്ന ഗ്ലാം-വിക്കി 2015 കോൺഫറൻസിൽ അവതരിപ്പിച്ച പ്രസൻ്റേഷൻ താഴെ കൊടുക്കുന്നു.

വൈദ്യശാസ്ത്രത്തിലെ മാത്രമല്ല, മറ്റിടങ്ങളിൽ നിന്നുമുള്ള ചിത്രങ്ങൾ ഉണ്ടെങ്കിലും അത് ഉപയോഗപ്രദമാണ്. ഉദാഹരണത്തിന്, നിങ്ങളുടെ വീട്ടിനടുത്തുള്ള മ്യൂസിയത്തിലെ വസ്തുക്കളുടെ ചിത്രങ്ങൾ നിങ്ങൾ എടുക്കുകയാണെങ്കിൽ, അവ വിക്കിമീഡിയ കോമൺസിൽ ചേർത്ത് സൂക്ഷിക്കാവുന്നതാണ്. നിലമ്പൂർ തേക്ക് മ്യൂസിയത്തിൽ ചെന്നപ്പോൾ അവിടെയുള്ള വസ്തുക്കളുടെ ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിൽ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനേ എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. ഇത്തരം ചിത്രങ്ങൾ കയ്യിലുണ്ടെങ്കിലും എന്നെ അറിയിച്ചാൽ ഇത് എങ്ങനെ ഒരു വിക്കിമീഡിയ പ്രൊജക്ടായി രൂപാന്തരം ചെയ്യാം എന്നത് നമുക്ക് ഒരുമിച്ച് ചിന്തിക്കാവുന്നതാണ്. കേരളത്തിൻ്റെ പൈതൃകം ലോകം മുഴുവൻ അറിയിക്കാനുള്ള ഒരു അവസരം കൂടിയാകും അത്. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലെ ഒരുപാട് കളക്ഷനുകൾ വിക്കിമീഡിയ കോമൺസിൽ എത്തിക്കഴിഞ്ഞു. ലോകമെമ്പാടുമുള്ള പല മ്യൂസിയങ്ങളും, ആർക്കൈവുകളും, ലൈബ്രറികളും തങ്ങളുടെ വിവരസമ്പത്ത് വിക്കിമീഡിയയിലൂടെ ഓൺലൈനിൽ എത്തിച്ചുകഴിഞ്ഞു. നമ്മൾ മലയാളികൾ മാത്രം ഇക്കാര്യത്തിൽ പിന്നിലാകാൻ പാടില്ല.

വിക്കിജേണൽ ഓഫ് മെഡിസിൻ എന്ന ശാസ്ത്രജേണൽ ഉണ്ട്. വിക്കിപീഡിയ ലേഖനത്തിൻ്റെ മാതൃകയിൽ എഴുതിയ ലേഖനങ്ങളാണ് ഈ ജേണൽ സ്വീകരിക്കുന്നത്. ആധുനികവൈദ്യത്തിലെ നിലവിലുള്ള വിക്കിപീഡിയ ലേഖനം മെച്ചപ്പെടുത്തി, ആധികാരികമായ അവലംബങ്ങൾ ചേർത്ത് നിങ്ങൾക്കും വിക്കിജേണൽ ഓഫ് മെഡിസിനിലേക്ക് അയയ്ക്കാം. ഇതുവരെ നിലവിലില്ലാത്ത പുതിയൊരു ലേഖനം എഴുതുകയുമാവാം. പിയർ റിവ്യൂവിനു ശേഷം മികച്ചതാണെങ്കിൽ ലേഖനം ജേണലിൽ പ്രസിദ്ധീകരിക്കും. മെഡിക്കൽ വിദ്യാർത്ഥികളും ഈ ജേണലിൽ പ്രസിദ്ധീകരിക്കാറുണ്ട്. പ്രസിദ്ധീകരണം പൂർണ്ണമായും സൗജന്യവുമാണ്. മെഡിക്കൽ വിദ്യാർത്ഥികൾക്ക് അസൈന്മെൻ്റുകൾ കൊടുക്കുമ്പോൾ അവർ പലപ്പോഴും വിക്കിപീഡിയ കോപ്പിയടിച്ച് കൊണ്ടുവരാറുണ്ട്. ഇത് ആശാസ്യമായ പരിപാടിയല്ല. അതുകൊണ്ട് ഇവരെ ഗ്രൂപ്പുകളായി തിരിച്ച് വിക്കിജേണലിനു വേണ്ടി പ്രബന്ധം എഴുതാൻ ആവശ്യപ്പെടാം. ജേണലിനു വേണ്ടി നിലവിലുള്ള വിക്കിപീഡിയ ലേഖനം തന്നെയാണ് വികസിപ്പിക്കേണ്ടത് എന്നതുകൊണ്ട് ഇവർ മറ്റ് സ്രോതസ്സുകൾ വായിക്കാൻ നിർബന്ധിതരാകും. അവസാനം ഇവർ തയ്യാറാക്കിയ പ്രബന്ധം വിക്കിജേണലിന് അയച്ചുകൊടുത്ത്,  പബ്ലിഷ് ചെയ്യുകയുമാകാം. വിദേശരാജ്യങ്ങളിലൊക്കെ പബ്ലിക്കേഷനുകൾ ഉണ്ടാക്കാൻ മെഡിക്കൽ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതേസമയം ഇന്ത്യയിൽ എങ്ങനെയെങ്കിലും വേഗം പാസായി സർട്ടിഫിക്കെറ്റ് നേടാനാണ് എല്ലാവർക്കും താല്പര്യം. അസൈന്മെൻ്റുകൾ ഇൻ്റേണൽ മാർക്ക് വാങ്ങാനുള്ള കാട്ടിക്കൂട്ടലുകൾ ആണെന്നതുകൊണ്ട് പാസായി വരുന്ന വിദ്യാർത്ഥികൾക്ക് ശാസ്ത്രീയമനോവൃത്തിയും, ഗവേഷണത്തിൽ താല്പര്യവും ഉണ്ടായി വരുന്നില്ല.

മലയാളത്തിലും വിക്കിപീഡിയ ഉണ്ട് കെട്ടോ. മലയാളം വിക്കിപീഡിയയിൽ ആധുനിക വൈദ്യത്തെക്കുറിച്ചുള്ള ലേഖനങ്ങളും ഉണ്ട്. എന്നാൽ വളരെ കുറച്ച് എഴുത്തുകാർ മാത്രമേ മലയാളം വിക്കിപീഡിയയിൽ ഉള്ളൂ എന്നതുകൊണ്ട് പല ലേഖനങ്ങളും ചെറുതും, അധികം അവലംബങ്ങളില്ലാത്തവയും ആണ്. നിങ്ങൾ ശാസ്ത്രലേഖനങ്ങൾ ഫേസ്ബുക്കിലോ ബ്ലോഗിലോ എഴുതുന്നവരാണെങ്കിൽ ഇവയും വിക്കിപീഡിയയിലേക്ക് ചേർക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട കാര്യം, വിക്കിപീഡിയ ലേഖനങ്ങളുടെ പൊതുശൈലിക്കനുസരിച്ചും, അവലംബങ്ങൾ ചേർത്തും വേണം എഴുതാൻ. ഒരു എൻസൈക്ലോപീഡിയയിൽ എങ്ങനെയുണ്ടാകുമോ, അതുപോലെ വേണം വിവരങ്ങൾ ക്രോഡീകരിക്കാൻ. തുടക്കത്തിൽ എഴുത്തുശൈലിയിൽ അല്പസ്വല്പം തെറ്റൊക്കെ വരുന്നത് സ്വാഭാവികമാണ്. മുതിർന്ന വിക്കിപീഡിയർ നിങ്ങളെ സഹായിച്ചോളും.

ചരിത്രത്തിൽ നടന്ന കാര്യങ്ങൾ നാം എങ്ങനെയാണ് മനസിലാക്കുന്നത്? പണ്ടത്തെ ആളുകൾ ഗുഹയുടെ ചുമരുകൾ മുതൽ ഇന്ന് ഇൻ്റർനെറ്റ് വരെയുള്ള ഇടങ്ങളിൽ രേഖപ്പെടുത്തി വച്ച വിവരങ്ങൾ ഇന്ന് നമ്മൾ ചരിത്രമായി പഠിക്കുന്നു. അങ്ങനെ നോക്കുകയാണെങ്കിൽ, വിക്കിപീഡിയയും ഒരു ചരിത്ര രേഖയാണ്. നൂറു വർഷങ്ങൾക്കു ശേഷം നമ്മളെക്കുറിച്ച് പഠിക്കുന്ന മനുഷ്യർ നമ്മുടെ ജീവിതത്തെ വിലയിരുത്താൻ ഇൻ്റർനെറ്റും, അതിൽ പ്രധാനമായും വിക്കിപീഡിയയുമായിരിക്കും ഉപയോഗിക്കുക. ചരിത്രം മായ്ക്കേണ്ടതും, തിരുത്തി എഴുതേണ്ടതും ചില സ്ഥാപിത താല്പര്യക്കാരുടെ ആവശ്യമാണ്. ഇന്ത്യക്കാർ പുഷ്പകവിമാനം പറപ്പിച്ചിരുന്നുവെന്നും, ഹിറ്റ്ലർ കരുണാമയനായ നേതാവായിരുന്നെന്നും, മാവോ സേതുങിൻ്റെ പോളിസികൾ കാരണം ആരും മരിച്ചിട്ടില്ലെന്നുമൊക്കെ വാദിക്കുന്ന കോടിക്കണക്കിനു പേർക്ക് സത്യസന്ധമായ ചരിത്രപുസ്തകങ്ങളെ എന്നും പേടിയാണ്. അത്തരക്കാർക്ക് മായ്ക്കാനോ വളച്ചൊടിക്കാനോ ആകാത്ത, സത്യസന്ധമായ ഒരു ചരിത്രരേഖ ഉണ്ടാക്കുക എന്നതും കൂടി വിക്കിപീഡിയ ചെയ്യുന്നുണ്ട്. വിക്കിപീഡിയയിൽ ചേർക്കപ്പെട്ട ഓരോരോ തെറ്റും കണ്ടുപിടിച്ച് തിരുത്തുന്നതിലൂടെ നിങ്ങൾ ചരിത്രത്തിൻ്റെ കാവലാൾ കൂടിയായി മാറുകയാണ് എന്ന് ഓർക്കുക. പുതിയ വിവരങ്ങൾ ചേർക്കുന്നതിലൂടെ ചരിത്രരേഖ നിർമ്മിക്കുകയാണെന്നും ഓർക്കുക.

ഗവേഷണത്തിൽ താല്പര്യമുള്ള മെഡിക്കൽ വിദ്യാർത്ഥിയാണ് നിങ്ങൾ എങ്കിൽ ഇപ്പോഴേ വിക്കിപീഡിയയിൽ എഴുതിത്തുടങ്ങുക. തുടക്കത്തിൽ വരുത്തുന്ന തെറ്റുകളൊക്കെ പരിചയസമ്പന്നരായ വിക്കിപീഡിയന്മാർ തിരുത്തിത്തരും. ക്രമേണ എഴുത്ത് ആയാസരഹിതമാകും. വിക്കിപീഡിയ ലേഖനങ്ങൾക്ക് വേണ്ടി ഗവേഷണപ്രബന്ധങ്ങൾ വായിച്ച് പരിചയമുണ്ടായിരുന്നതുകൊണ്ട്, പിന്നീട് ഗവേഷണം മുഴുവൻ സമയ ജോലിയാക്കി മാറ്റിയപ്പോഴും എനിക്ക് തീരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല. ചിലപ്പോൾ പരസ്പര വിരുദ്ധമായ നിഗമനങ്ങൾ ഉള്ള ശാസ്ത്രപ്രബന്ധങ്ങൾ വായിക്കുമ്പോൾ, ഇതിൽ ഏത് നിഗമനത്തിനാണ് കൂടുതൽ ശാസ്ത്രീയത ഉള്ളത് എന്ന ചോദ്യം വരും. ഇത്തരം സന്ദർഭങ്ങളെ കൈകാര്യം ചെയ്യാൻ വിക്കിപീഡിയയിലെ പ്രവൃത്തിപരിചയം ഉപകാരപ്രദമായിരുന്നു.

എല്ലാ വായനക്കാർക്കും വിക്കിപീഡിയയിലേക്ക് സ്വാഗതം. വിക്കിപീഡിയയിൽ ലേഖനമെഴുതുന്നതിനെക്കുറിച്ച് സംശയങ്ങൾ ഉണ്ടെങ്കിൽ എനിക്ക് നേരിട്ട് എഴുതുമല്ലോ.

ഈ സീരീസിലെ പഴയ പോസ്റ്റുകൾ:

1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?

2. ഏത് വിഷയത്തിൽ പി.ജി എടുക്കണം?

3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്?

4. ഡോക്ടർ ചിന്തിക്കുന്നത് എങ്ങനെയാണ്?

5. വ്യാജഡോക്ടർമാർ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?

6. ഡോക്ടർമാർക്ക് ചില വ്യത്യസ്ത ജോലിസാധ്യതകൾ

7. ആരെയാണ് ശരിക്കും സൂക്ഷിക്കേണ്ടത്?

8. ഫയാസിനു ബ്ലഡ് കൊടുക്കണോ ഡോക്ടർ? 

9. ഇന്ന് തലവേദനയാണ് ചേട്ടാ!

10. ഐ.സി.യു വിൽ പ്രവേശിപ്പിച്ചതുകൊണ്ടാണോ മരിച്ചു പോകുന്നത്?

11. ലേഡി ഡോക്ടർ ഇല്ലാത്ത കാലം (ഭാഗം 1), (ഭാഗം 2)

12. ആൺ-സിസ്റ്റർ ഇല്ലാത്ത കാലം

വൈവിധ്യങ്ങൾ പ്രതിനിധീകരിക്കുന്ന വിക്കിപീഡിയ

വിക്കിപീഡിയയുടെ ലക്ഷ്യം എന്തായിരിക്കണം?

2001-ൽ വിക്കിപീഡിയ സ്ഥാപിച്ചതുമുതൽ പലരും ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണിത്. മനുഷ്യരാശിയുടെ മുഴുവൻ വിജ്ഞാനവും എല്ലാവർക്കും സ്വതന്ത്രമായി ലഭ്യമാക്കുക എന്നതാണ് വിക്കിപീഡിയയുടെ സ്ഥാപകൻ ജിമ്മി വേൽസ് മുന്നിൽ കണ്ട ലക്ഷ്യം (ആംഗലേയം: Imagine a world in which every single person on the planet is given free access to the sum of all human knowledge)കാലക്രമേണ ഇതു തന്നെ വിക്കിമീഡിയയുടെ അപ്രഖ്യാപിത ലക്ഷ്യവുമായി മാറി. ഈ ലക്ഷ്യത്തിൻ്റെ അടുത്തെങ്കിലും എത്തണമെങ്കിൽ വൈവിധ്യപൂർണ്ണമായ വിജ്ഞാനസ്രോതസ്സുകളെ ഉൾക്കൊള്ളിക്കാൻ വിക്കിപീഡിയ തയ്യാറാവണം. ഇത്രയും ശ്രമകരമായ ഒരു ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ ഇന്നത്തെ സാഹചര്യത്തിൽ വിക്കിമീഡിയ പ്രാപ്തമാണോ?

അല്ല എന്നാണ് എനിക്ക് തോന്നുന്നത്. എല്ലാതരം വിജ്ഞാനങ്ങളും ഉൾക്കൊള്ളിക്കുവാനുള്ള കഴിവ് വിക്കിമീഡിയയ്ക്കില്ല. വിക്കിമീഡിയയിൽ നാം കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് തെളിവുകളെ അടിസ്ഥാനമാക്കിയും, എഴുത്തുരൂപത്തിലുമുള്ള വിജ്ഞാനത്തെയാണ്. ഇത്തരം വിജ്ഞാനം സുപ്രധാനമായതുതന്നെ എന്ന് സമ്മതിക്കുന്നു. എന്നാൽ, മറ്റ് വിജ്ഞാനസ്രോതസ്സുകളെ ഉൾക്കൊള്ളാൻ നമുക്ക് പരിമിതികളുണ്ട്. ഉദാഹരണത്തിന്, ടിൻ്റുമോനെ അറിയാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ, ഇംഗ്ലിഷ് വിക്കിപീഡിയയുടെ നയങ്ങൾക്കനുസരിച്ച് ടിൻ്റുമോൻ (diff) എന്ന ലേഖനത്തിന് ശ്രദ്ധേയതയില്ല. ടിൻ്റുമോനെക്കുറിച്ച് ആധികാരികമായ അവലംബങ്ങളൊന്നും ഇല്ലാത്തതു തന്നെ കാരണം. ആഫ്രിക്കയിലെ പല പൈതൃക വിജ്ഞാനങ്ങളും ഇത്തരത്തിൽ അവലംബങ്ങൾ ഇല്ലാത്തതുകൊണ്ട് വിക്കിപീഡിയയുടെ ഭാഗവാക്കാവാൻ കഴിയാത്തവയാണ്. കൊച്ചിക്കോയ (കോഴിക്കോട് ഭാഗത്തെ ഒരു ഭക്ഷണം) എന്ന ലേഖനം മലയാളം വിക്കിപീഡിയയിൽ കൃത്യമായ അവലംബങ്ങളോടു കൂടി എഴുതാൻ കഴിയുമോ എന്നത് സംശയമാണ്.  ആമാടപ്പെട്ടി  എന്ന ലേഖനത്തിന് ഇപ്പോഴും ആവശ്യത്തിനു തെളിവുകളില്ല (diff), എന്നാൽ ആമാടപ്പെട്ടി എന്നൊരു വസ്തു ഉള്ളതായി നമുക്കാർക്കും സംശയവുമില്ല. മറ്റൊരു പ്രശ്നം വിക്കിപീഡിയ മൂന്നാം കക്ഷി സ്രോതസ്സുകളെ അമിതമായി ആശ്രയിക്കുന്നു എന്നതാണ്. ഒരു നർത്തകിയുടെ ജനനത്തിയതി വിശ്വസിനീയമായ ഒരു പത്രത്തിൽ തെറ്റായി രേഖപ്പെടുത്തി എന്നിരിക്കട്ടെ. പിന്നീട് ഈ നർത്തകി സ്വന്തം ഫേസ്ബുക്ക് ലൈവിലൂടെ വന്ന് ജനനസർട്ടിഫിക്കറ്റിൻ്റെ കോപ്പി കാണിച്ചാലും വിക്കിപീഡിയയ്ക്ക് വിശ്വസിനീയമായിട്ടുള്ളത് പത്രത്തെയായിരിക്കും. ഒരു വ്യക്തി നേരിട്ട് പറയുന്നതിനേക്കാൾ ആധികാരികത, സ്വതന്ത്രവും വിശ്വസിനീയവുമായ മൂന്നാം കക്ഷി പറയുമ്പോൾ ഉണ്ട് എന്നതാണ് വിക്കിപീഡിയയുടെ നയം.

aamaadappetty
ആമാടപ്പെട്ടിയെക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനം.

മറ്റൊരു പ്രശ്നം വാമൊഴികളെ അടിസ്ഥാനമാക്കാൻ കഴിയാത്തതാണ്. “മാവേലി നാടു വാണീടും കാലം, മാനുഷ്യരെല്ലാരുമൊന്നുപോലെ” എന്ന വാമൊഴിയെ അടിസ്ഥാനമാക്കി “മഹാബലി എന്ന പുരാണങ്ങളിൽ പരാമർശിച്ചിരിക്കുന്ന രാജാവ് നീതിമാനും, പ്രജാവത്സലനുമായിരുന്നു” എന്ന് വിക്കിപീഡിയയിൽ എഴുതാൻ പറ്റില്ല. ഉണ്ണിയാർച്ച ധീരയായ വനിതയായിരുന്നു എന്നതിന് അവലംബം വേണമെങ്കിൽ വടക്കൻ പാട്ടിനെ നേരിട്ട് അവലംബമാക്കാൻ കഴിയില്ല. എന്നാൽ വടക്കൻ പാട്ടിനെക്കുറിച്ച് നടത്തിയ ആധികാരികമായ പഠനത്തെ ആസ്പദമാക്കി ലേഖനമെഴുതാവുന്നതാണ്. പല രാജ്യങ്ങളിലും, പ്രത്യേകിച്ച് വികസ്വരരാജ്യങ്ങളിൽ വാമൊഴികളെക്കുറിച്ച് വിശദമായ പഠനങ്ങളൊന്നും നടക്കാത്തതുകൊണ്ടുതന്നെ, ഇവയെ ആധികാരികമായ അവലംബങ്ങളാക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ, ചുള്ളിക്കാടിൻ്റെ കവിത തലങ്ങും വിലങ്ങും വായിച്ച് തല്ലിക്കൂട്ടി തീസിസ് എഴുതുന്നതിലുപരി, മലബാറിൻ്റെ ഭക്ഷ്യസംസ്കാരത്തെക്കുറിച്ചോ, തിരുവതാംകൂറിലെ വാമൊഴികളെക്കുറിച്ചോ, ദളിത് കലാരൂപങ്ങളിലെ സംഗീതത്തെക്കുറിച്ചോ ഒക്കെയാണ് കേരളത്തിൽ ഗവേഷണങ്ങൾ ഉണ്ടാകേണ്ടത്.

വിക്കിമീഡിയയ്ക്ക് അവലംബസ്രോതസ്സുകളുടെ കാര്യത്തിൽ ന്യൂനത ഉണ്ട് എന്ന് നമ്മൾ മനസിലാക്കി. അതുകൊണ്ട് അവലംബസ്രോതസ്സുകൾ പരിധികളില്ലാതെ ഉദാരവൽക്കരിക്കുകയാണോ നമ്മുടെ ലക്ഷ്യമാകേണ്ടത്? തീർച്ചയായും അല്ല. അങ്ങനെ ചെയ്താൽ അശാസ്ത്രീയമായതും, തെറ്റായതുമായ വിവരങ്ങൾ വിക്കിമീഡിയയിൽ കയറിക്കൂടും. വേണ്ടത് അവലംബങ്ങളുടെ പ്രാധാന്യത്തെ ക്രമീകരിക്കുകയാണ്. ആമാടപ്പെട്ടിയെക്കുറിച്ച് എഴുതുകയാണെങ്കിൽ ഗവേഷണപ്രബന്ധങ്ങൾ ഇല്ലാത്ത പക്ഷം പത്രവാർത്തകളെയോ (അന്താരാഷ്ട്ര പത്രം > ദേശീയ പത്രം > പ്രാദേശിക പത്രം എന്ന ക്രമത്തിൽ), അതും ഇല്ലെങ്കിൽ വാമൊഴിയോ, അതും ഇല്ലെങ്കിൽ ആമാടപ്പെട്ടി ഉപയോഗിക്കുന്ന ഒരു മുത്തശ്ശിയുമായുള്ള വീഡിയോ ഇൻ്റർവ്യൂവോ, അതും ഇല്ലെങ്കിൽ ഓഡിയോ ഇൻ്റർവ്യൂവോ, അതും ഇല്ലാത്തപക്ഷം ആമാടപ്പെട്ടിയുടെ ചിത്രങ്ങളെയോ ആശ്രയിക്കാവുന്നതാണ്. എന്നാൽ ഇതേ മാനദണ്ഡം ശ്രദ്ധേയതയില്ലാത്ത ഒരു ലോക്കൽ കമ്മിറ്റി മെമ്പറെപ്പറ്റിയുള്ള ലേഖനം എഴുതാൻ ഉപയോഗിക്കാൻ പാടില്ല. അശാസ്ത്രീയത പ്രചരിപ്പിക്കാനും ഉപയോഗിക്കാൻ പാടില്ല. ഉദാഹരണത്തിന് ക്യാൻസറിനുള്ള ഹോമിയോ മരുന്ന് ഫലപ്രദമാണെന്നതിന് അവലംബം നൽകാനായി, മരുന്ന് ഉപയോഗിച്ച ഏതെങ്കിലും വ്യക്തിയുടെ അനുഭവസാക്ഷ്യം അടങ്ങുന്ന വീഡിയോ ഉപയോഗിക്കാൻ പാടുള്ളതല്ല. ഇത്തരം പ്രശ്നങ്ങളുള്ളതുകൊണ്ടുതന്നെ ഓരോ ലേഖനത്തിൻ്റെയും ശ്രദ്ധേയത പ്രത്യേകം പ്രത്യേകം നിർണ്ണയിക്കേണ്ടി വരും. അതിനാൽ, ഈ പ്രക്രിയ ശ്രമകമാണ്. ഇത്തരം സംവിധാനങ്ങൾ നടപ്പിലാക്കാനുള്ള ആൾബലവും, ആർജ്ജവവും മലയാളം പോലുള്ള ചെറിയ ഭാഷകൾക്കില്ല. ഈ പ്രശ്നത്തിന് മറ്റ് പരിഹാരമാർഗങ്ങൾ ഞാൻ കാണുന്നുമില്ല. വൈവിധ്യപരമായ വിജ്ഞാനം ഉൾക്കൊള്ളിക്കുവാനായി വിക്കിമീഡിയയുടെ നയങ്ങൾ അല്പമൊക്കെ വളച്ചൊടിച്ചാലും തെറ്റില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്.

അടുത്ത പ്രശ്നം നമ്മുടെ പെരുമാറ്റച്ചട്ടങ്ങളും, ധാരണകളുമാണ്. വിക്കിപീഡിയയിലെ അഡ്മിൻ മറ്റ് ഉപയോക്താക്കളെക്കാൽ മുകളിലാണെന്ന വിശ്വാസം ഒരുദാഹരണം. ഏറ്റവും കൂടുതൽ എഡിറ്റുകൾ ഉള്ള വ്യക്തി ചെയ്യുന്നതെല്ലാം ശരിയായിരിക്കുമെന്ന വിശ്വാസം മറ്റൊരുദാഹരണം. അഡ്മിന്മാർ വിക്കിപീഡിയ നിയമിച്ച ഉദ്യോഗസ്ഥരാണെന്ന വിചാരം വേറൊന്ന്. വിക്കിപീഡിയയിൽ എഴുതാൻ സാങ്കേതിക പരിജ്ഞാനവും ഉന്നതവിദ്യാഭ്യാസവും വേണമെന്ന ധാരണ മറ്റൊരുദാഹരണം. സ്ത്രീകൾക്ക് അഭിപ്രായപ്രകടനത്തിന് പറ്റിയ സ്ഥലമല്ല വിക്കിപീഡിയ എന്നത് മറ്റൊരു ധാരണ. വിക്കിപീഡിയയിൽ എഴുതിയാൽ പൈസ കിട്ടുമെന്നത് വേറൊന്ന്. ഇത്തരം ധാരണകൾ നമുക്കോ, മറ്റുള്ളവർക്കോ ഉള്ളതുകൊണ്ട് പലരും വിക്കിമീഡിയ സംരംഭങ്ങളിലേക്ക് വരാതിരിക്കുകയോ, വന്നാൽ തന്നെ അധികകാലം ചിലവഴിക്കാതിരിക്കുകയോ ചെയ്യുന്നു. ചില ധാരണകൾ ശരിയുമാണ് : വിക്കിപീഡിയയിൽ സ്ത്രീകൾ കുറവാണെന്നത്, വിക്കിപീഡിയയിലെ ലേഖനങ്ങളുടെ ആധികാരികത സംശയാതീതമല്ല എന്നിവ ഉദാഹരണം. ഇത്തരം ധാരണകളും (യാഥാർഥ്യങ്ങളും) കാരണം പലരും വിക്കിമീഡിയയിൽ നിന്ന് അകന്നു നിൽക്കുകയും, അതുമൂലം വൈവിധ്യപരമായ വിജ്ഞാനം ശേഖരിക്കാൻ കഴിയാതെയും വരുന്നു. ആധികാരികതയില്ല എന്ന കാരണം കൊണ്ട് വിക്കിപീഡിയയിൽ നിന്നും മാറിനിൽക്കുന്ന പക്ഷിശാസ്ത്രജ്ഞയെയും, തൻ്റെ സ്വത്വം വെളിവാകുമെന്ന് ഭയന്ന് ലൈംഗികന്യൂനപക്ഷങ്ങളെക്കുറിച്ച് എഴുതാൻ മടിക്കുന്ന വ്യക്തിയെയും എങ്ങനെയാണ് നമുക്ക് വിക്കിമീഡിയയിലേക്കെത്തിക്കാനാവുക?

എനിക്ക് തോന്നുന്നത് പ്രചരണ പരിപാടികൾ നടത്തുന്നതിലൂടെ ഈ പ്രശ്നം കുറച്ചൊക്കെ പരിഹരിക്കാം എന്നാണ്. തിരുത്തൽ യജ്ഞങ്ങളും, മീറ്റപ്പുകളും, സെമിനാറുകളും, പഠനക്ലാസുകളുമൊക്കെ നടത്തുന്നതിലൂടെ കുറേയേറെ ആളുകളുടെ തെറ്റിദ്ധാരണ മാറ്റാൻ കഴിയും. കൂടാതെ, വിക്കിപീഡിയ എന്താണ്? എന്തല്ല? എന്നതിനെക്കുറിച്ചും, വിക്കിപീഡിയയുടെ നയങ്ങളെക്കുറിച്ചും ലളിതമായ ഭാഷയിൽ ചെറിയ ലേഖനങ്ങൾ ഉണ്ടാകണം. വിക്കിപീഡിയയിൽ പ്രാതിനിധ്യം കുറവുള്ള സ്ത്രീകൾ, ഗവേഷകർ, സീനിയർ സിറ്റിസൺസ് എന്നിവരെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടികളും നടത്താവുന്നതാണ്. വിക്കിമീഡിയയെക്കുറിച്ചുള്ള ലേഖനങ്ങൾ പത്രമാധ്യമങ്ങളിൽ എഴുതാവുന്നതാണ്. സ്കൂളുകളിൽ ‘വിക്കിക്ലബ്ബുകൾ’ തുടങ്ങി വിദ്യാർത്ഥികളെ വിക്കിമീഡിയയിലേക്ക് ആകർഷിക്കാൻ പറ്റും. വിക്കിപീഡിയയിൽ ഒരു നല്ല ലേഖനം എഴുതിയാൽ അരക്കൊല്ലപ്പരീക്ഷയ്ക്ക് ഗ്രേസ് മാർക്ക് കൊടുക്കുകയാവാം (കൂടുതലറിയാൻ വിക്കിപീഡിയ എഡ്യുക്കേഷൻ പ്രോഗ്രാമിനെ കുറിച്ച് വായിക്കുക). ഓസ്ട്രേലിയയിലെ സന്നദ്ധപ്രവർത്തകർ ‘വിക്കിബസ്സ്’ ഓടിച്ച് ഗ്രാമങ്ങളിൽ ചെല്ലുകയും, അവിടുത്തെ ആളുകളോട് വിക്കിപീഡിയയെക്കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. നേപ്പാളിലെ വിക്കിപ്രവർത്തകർ ‘വിക്കിപീഡിയ റോഡ് ഷോ നടത്തുകയും’, പശ്ചിമ ബംഗാളിലെ പ്രവർത്തകർ അന്താരാഷ്ട്ര ബുക്ക്ഫെയറും മറ്റും നടക്കുമ്പോൾ ‘വിക്കി-സ്റ്റാളുകൾ’ നടത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരം സർഗ്ഗാത്മകമായ പരിപാടികൾ നമുക്കും നടത്താവുന്നതാണ്.

Wiki_padanashibiram_ekm_2
എറണാകുളത്ത് നടന്ന വിക്കിപീഡിയ പഠനശിബിരം. ചിത്രത്തിനു കടപ്പാട്: ശിവഹരി, സി.സി.ബൈ.എസ്.എ, വിക്കിമീഡിയ കോമൺസ്

മറ്റൊരു ആശയം തൽപരകക്ഷികളുമായി സഹകരിച്ച് വിജ്ഞാനം പങ്കുവയ്ക്കുക എന്നതാണ് (ഉദാഹരണം). കേരളത്തിലെ മ്യൂസിയങ്ങൾ, പുരാതന പുസ്തകങ്ങളുള്ള വായനശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള രേഖകളും, ചിത്രങ്ങളും, അവലംബങ്ങളും വിക്കിമീഡിയയിൽ ഉൾക്കൊള്ളിച്ചാൽ വൈവിധ്യപൂർണ്ണമായ വിജ്ഞാനസമ്പത്ത് വിക്കിമീഡിയയിലേക്കെത്തിക്കാൻ പറ്റും. ഇത്തരം പ്രവർത്തനങ്ങൾക്ക് സർക്കാരിൻ്റെ സഹായം വളരെ പ്രധാനമാണ്. ഒഡീഷ സർക്കാർ തങ്ങൾ ഡിജിറ്റലായി പ്രസിദ്ധീകരിക്കുന്ന പ്രമാണങ്ങൾ സ്വതന്ത്ര ലൈസൻസിൽ പുറത്തിറക്കിയതു മൂലം മന്ത്രിമാരുടെയും മറ്റും പുതിയ ചിത്രങ്ങൾ വിക്കിപീഡിയയിൽ ലഭ്യമായി. സർക്കാർ പുറത്തിറക്കുന്ന വിജ്ഞാനശേഖരങ്ങൾക്ക് (ഉദാഹരണത്തിന് : സർക്കുലാറുകൾ, സ്ഥിതിവിവരക്കണക്കുകൾ, പാഠപുസ്തകങ്ങൾ, ചിത്രങ്ങൾ, വെബ്സൈറ്റിലെ വിവരങ്ങൾ) പകർപ്പുപേക്ഷ തീർച്ചയായും ഉണ്ടായിരിക്കണം എന്നാണ് എൻ്റെ അഭിപ്രായം. ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള സംഘടനകളുമായി ചേർന്നും വിജ്ഞാന സ്രോതസ്സുകൾ വിക്കിമീഡിയയിലേക്കെത്തിക്കാവുന്നതാണ്. നേപ്പിയർ മ്യൂസിയത്തിലെ മുഴുവൻ ഗാലറികളും വീട്ടിലിരുന്നുകൊണ്ടുതന്നെ പനോരമയായി കാണാൻ കഴിയുന്ന സാഹചര്യം ഒന്നോർത്തുനോക്കൂ. കേരളത്തിലങ്ങോളമിങ്ങോളമുള്ള താളിയോലഗ്രന്ഥങ്ങൾ ഡിജിറ്റൈസ് ചെയ്ത്, ഇൻ്റർനെറ്റിലൂടെ സൗജന്യമായി വായിക്കാൻ കഴിയുകയാണെങ്കിൽ അത് ചരിത്രഗവേഷകർക്ക് വലിയ മുതൽക്കൂട്ടാകില്ലേ? നിയമസഭയിലെ മുൻ എം.എൽ.എ മാരുടെ വിവരങ്ങൾ ഫോട്ടോകൾ അടക്കം സ്വതന്ത്ര ലൈസൻസിൽ പ്രസിദ്ധീകരിക്കുകയാണെങ്കിൽ അവ വിക്കിപീഡിയയിലും ഉപയോഗിക്കാൻ കഴിയും.

വിജ്ഞാനവൈവിധ്യവൽക്കരണത്തിന് വിലങ്ങുതടിയായി നിൽക്കുന്ന മറ്റൊരു കാര്യം ഇൻ്റർനെറ്റിൻ്റെ ലഭ്യതക്കുറവ്, മൊബൈൽ ഫോണിൽ വിക്കിപീഡിയ തിരുത്താനുള്ള സൗകര്യക്കുറവ്, മലയാളത്തിൽ ടൈപ്പ് ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നീ പ്രശ്നങ്ങളാണ്. മലയാളത്തിൽ ടൈപ്പ് ചെയ്യാനറിയുന്നവർ ഇപ്പോഴും ചുരുക്കമാണെങ്കിലും, കൂടുതൽ കൂടുതൽ പേർ ഇത് സ്വയം പഠിച്ചെടുക്കുന്നുണ്ട് എന്നത് ആശാവാഹമായ മാറ്റമാണ്. വിക്കിപീഡിയയ്ക്കുള്ളിലെ മലയാളം ടൈപ്പ് ചെയ്യാനുള്ള എഴുത്തുപകരണം ഉപയോഗിക്കാൻ വളരെ എളുപ്പമാണെങ്കിലും പലരും സ്വന്തം സിസ്റ്റത്തിലെ എഴുത്തുപകരണം (ഗൂഗിൾ കീബോഡ്, ട്രാൻസ്ലിറ്ററേറ്റർ മുതലായവ) ഉപയോഗിക്കുന്നതായിട്ടാണ് അറിയാൻ കഴിഞ്ഞത്. കേരളത്തിൽ ഇൻ്റർനെറ്റ് ലഭ്യത കൂടിവരുന്നതുകൊണ്ട് വരും കാലങ്ങളിൽ കൂടുതൽ മലയാളികൾ വിക്കിപീഡിയയെ കണ്ടെത്തും എന്നാണ് എനിക്ക് തോന്നുന്നത്. അതേസമയം, ഈ വരുന്ന പുതിയ ഉപയോക്താക്കളിൽ ഭൂരിഭാഗവും മൊബൈൽ ഫോൺ വഴിയാണ് ഇൻ്റർനെറ്റ് ഉപയോഗിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വിക്കിപീഡിയയിൽ എഴുതുന്നത് വളരെ ബുദ്ധിമുട്ടാണ്. പ്രധാനമായും മൊബൈൽ വഴി ഇൻ്റർനെറ്റ് ഉപയോഗിക്കുന്ന യുവജനത അതുകൊണ്ടുതന്നെ വിക്കിപീഡിയ തിരുത്തുവാൻ ആർജ്ജവം കാണിക്കുന്നില്ല എന്നാണ് ഞാൻ സംശയിക്കുന്നത്. 2010 കാലഘട്ടത്തിൽ മലയാളം വിക്കിപീഡിയ പ്രവർത്തകരുടെ ശരാശരി വയസ്സ് 25-30 ആയിരുന്നെങ്കിൽ 2018-ൽ അത് 30-35 ആണ് എന്നാണ് എനിക്ക് തോന്നുന്നത്. വിക്കിപീഡിയയിൽ എഴുതുന്നതിൽ നിന്ന് യുവാക്കളും, വയോധികരും, സ്തീകളും മാറിനിന്നാൽ (അഥവാ മാറ്റിനിർത്തപ്പെട്ടാൽ) വൈവിധ്യപരമായ വിജ്ഞാനം ഉൽപ്പാദിപ്പിക്കാൻ സാധിക്കുകയില്ല. ആദിവാസി ആരാധനാരൂപങ്ങളെക്കുറിച്ച് അറിയാവുന്ന കുറിച്യമൂപ്പൻ്റെ വിജ്ഞാനം എങ്ങനെയാണ് വിക്കിമീഡിയയിലെത്തിക്കുന്നത്? മലയാളത്തിൽ ടൈപ്പ് ചെയ്യാൻ അറിയാത്തതുകൊണ്ട് അറബ്-മലയാളി സംസ്കാരത്തെക്കുറിച്ചെഴുതാൻ കഴിയാത്ത ഗൾഫ് മലയാളിയെ നാം എങ്ങനെ വിക്കിമീഡിയയുടെ ഭാഗവാക്കാക്കും? അറബിമലയാളത്തിലെഴുതിയ പുസ്തകങ്ങൾ എങ്ങനെ വിക്കിമീഡിയയിൽ ചേർക്കും? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം വിക്കിപീഡിയ സന്നദ്ധപ്രവർത്തകർ മാത്രമല്ല, നമ്മൾ ഓരോരുത്തരും ചോദിക്കേണ്ടതാണ്.

എനിക്കറിയാവുന്ന ചില ഉത്തരങ്ങൾ പറയാം. വിക്കിപീഡിയയുടെ user interface വിപുലീകരിച്ചാൽ കൂടുതൽ ഉപയോക്താക്കൾക്ക് (പ്രത്യേകിച്ചും മൊബൈൽ ഉപയോക്തക്കൾക്ക്) തിരുത്തൽ എളുപ്പമായേക്കാം. ആദ്യ തിരുത്തൽ എളുപ്പത്തിൽ ചെയ്യാൻ സാധിച്ചാൽ കൂടുതൽ പേർ വീണ്ടും തിരുത്താൻ ശ്രമിക്കും എന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ പരിചയപ്പെട്ട പല മുതിർന്ന വിക്കിപീഡിയ പ്രവർത്തകരും ആദ്യമായി വിക്കിപീഡിയയിലെത്തിയത് തങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന ഒരു ലേഖനത്തിൽ പിഴവ് കണ്ടെത്തിയപ്പോൾ അത് തിരുത്തുവാൻ വേണ്ടിയാണ്. പിന്നീട് തിരുത്തൽ പ്രക്രിയ ഇഷ്ടപ്പെട്ടപ്പോൾ കൂടുതൽ ലേഖനങ്ങളെഴുതിത്തുടങ്ങി സജീവ പ്രവർത്തകരായി മാറിയവരാണ്. ഇൻ്റർനെറ്റ്, ലാപ്ടോപ്പ് എന്നിവ ഇല്ലാത്ത സന്നദ്ധപ്രവർത്തകർക്ക് സൗജന്യമായി ലപ്ടോപ്പ്, നെറ്റ് കണക്ഷൻ എന്നീ സൗകര്യങ്ങൾ നൽകുന്ന പരിപാടി വിക്കിപീമീഡിയ ഫൗണ്ടേഷനും ഗൂഗിളും സംയുക്തമായി നടത്തുകയുണ്ടായി. ഇത്തരം പരിപാടികളെ സർക്കാർ പ്രോത്സാഹിപ്പിക്കേണ്ടതും, വിദ്യാർത്ഥികൾക്ക് സർക്കാർ വക ലാപ്ടോപ് വിതരണം നടത്തുമ്പോൾ പകരമായി ഓരോ വിദ്യാർത്ഥിയും നിശ്ചിത എണ്ണം വിക്കിപീഡിയ ലേഖനങ്ങളെങ്കിലും എഴുതിയിരിക്കണം എന്ന നിബന്ധന വയ്ക്കേണ്ടതുമാണ്.

കഴിഞ്ഞ ഒരു വർഷമായി തുർക്കിയിൽ വിക്കിപീഡിയ നിരോധിച്ചിരിക്കുകയാണ്. കൂടാതെ, ചൈനയിലും, ഉത്തര കൊറിയയിലും വിക്കിപീഡിയ വായിക്കാനോ എഴുതാനോ കഴിയില്ല. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിക്കിപീഡിയ തിരുത്താൻ കഴിയാത്തതുകൊണ്ട് അവിടത്തെ കലയും, സംസ്കാരവും, രാഷ്ട്രീയവുമൊന്നും വിക്കിപീഡിയയിൽ എത്തുന്നില്ല. ഇത്തരം നിരോധനങ്ങൾ നീക്കം ചെയ്യാനുള്ള പ്രതിഷേധങ്ങൾ ഉണ്ടാവേണ്ടതും അതിന് അന്താരാഷ്ട്ര വിക്കിമീഡിയ സമൂഹം നേതൃത്വം നൽകേണ്ടതുമാണ്. ഐക്യരാഷ്ട്രസഭയും, ആമ്നെസ്റ്റി ഇൻ്റർനാഷണലും പോലുള്ള സംഘടനകൾ വിക്കിപീഡിയ നിരോധനത്തിനെതിരെ പ്രവർത്തിക്കേണ്ടതാണ്.

വിവരസാങ്കേതികവിദ്യ മെച്ചപ്പെട്ടുകൊണ്ടിരിക്കുമ്പോൾ വിക്കിമീഡിയ അതിനൊപ്പം നടക്കണം. വെർച്വൽ റിയാലിറ്റി ചിത്രങ്ങളെയും, ത്രീ.ഡി പ്രിൻ്റിങ് കോഡുകളെയും സന്നിവേശിപ്പിക്കാൻ വിക്കിപീഡിയയ്ക്കാവണം. കാഴ്ചയില്ലാത്തവർക്ക് വിക്കിപീഡിയ വായിക്കാൻ സ്പീച്ച്-റ്റു-ടെക്സ്റ്റ് സംവിധാനം ഉണ്ടാവണം. പണ്ടൊക്കെ പുസ്തകം വായിച്ചാണ് നാം വിജ്ഞാനം നേടിയിരുന്നതെങ്കിൽ, ഇന്നത്തെ വിദ്യാർത്ഥികളിൽ പലരും വീഡിയോകൾ കണ്ടാണ് വിജ്ഞാനമുണ്ടാക്കുന്നത്. ഓരോ വിക്കിപീഡിയ ലേഖനത്തിനും തത്തുല്യമായ ഒരു ‘വിക്കിവീഡിയോ’ കൂടിയുള്ള കിണാശേരിയാണ് ഞാൻ സ്വപ്നം കാണുന്നത്. ചെറിയ കുട്ടികൾക്ക് വായിക്കാനായി സരളമായ ഭാഷയിൽ എഴുതിയ ‘കളിപ്പീഡിയ’ പോലുള്ള പ്രൊജക്ടുകളും തുടങ്ങാവുന്നതാണ്. മനുഷ്യർക്ക് മാത്രമല്ല, മെഷീനുകൾക്കും വായിച്ച് ‘മനസിലാക്കാൻ’ പറ്റുന്ന വിക്കിപീഡിയകൾ വരണം (വിക്കിഡേറ്റ എന്ന സംരംഭം ഏതാണ്ട് ഇതാണ് ചെയ്തുകൊണ്ടിരിക്കുന്നത്). ഫേക്ക് ന്യൂസുകൾ ചേർക്കുന്നത് തടയാൻ ഉചിതമായ ആൽഗോരിതങ്ങൾ വിക്കിപീഡിയയിൽ ഉണ്ടായിരിക്കണം. ആർക്കും സ്വന്തം പ്രൊഫൈൽ വിക്കി ഫോർമാറ്റിൽ ചേർക്കാൻ പറ്റുന്ന ‘അഹം-പീഡിയകളും’ വരട്ടെ (ഭാവിയിൽ സോഷ്യൽ മീഡിയയ്ക്ക് പകരമായും, സി.വി നിർമ്മിക്കാൻ വേണ്ടിയുമൊക്കെ ഇവ ഉപയോഗിക്കാം) . ആധികാരിക പഠനങ്ങൾ സൗജന്യമായി പ്രസിദ്ധീകരിക്കാനായി വിക്കിജേണലുകൾ ഇപ്പോൾ തന്നെ നിലവിലുണ്ട്, പക്ഷെ പ്രചാരം കുറവാണ്. വിദൂരഭാവിയിൽ ബ്രെയിൻ-കമ്പ്യൂട്ടിങ് ഇൻ്റർഫേസ് സാങ്കേതികവിദ്യ വരുമ്പോൾ, തലച്ചോറിൽ നിന്നും വരുന്ന സിഗ്നലുകൾ മനസിലാക്കി, വിവരങ്ങൾ തിരിച്ച് തലച്ചോറിലേക്ക് നേരിട്ട് ഫീഡ് ചെയ്യാവുന്ന വിക്കിപീഡിയയെക്കുറിച്ചുപോലും ഞാൻ ഇന്നേ ചിന്തിക്കുന്നുണ്ട്. ഉദാഹരണത്തിന് “കായംകുളം കൊച്ചുണ്ണി ആരാണ്?” എന്ന് നിങ്ങൾ ചിന്തിക്കുമ്പോൾ ഉടനെ തന്നെ കൊച്ചുണ്ണിയെക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനം നിങ്ങളുടെ തലച്ചോറിലേക്ക് നേരിട്ട് ഫീഡ് ചെയ്ത് തരുന്ന വിക്കിപീഡിയ!

കൂടുതലറിയണമെങ്കിൽ വിക്കിമീഡിയ ഫൗണ്ടേഷനു വേണ്ടി ഡൈവേഴ്സിറ്റി കോൺഫറൻസിൽ തയ്യാറാക്കിയ വൈവിധ്യതാനയം ഇവിടെ വായിക്കാം. 2017-ലെ  Knowledge Equity എന്ന ആശയം ഉൾക്കൊള്ളുന്ന വിക്കിമീഡിയ ഫൗണ്ടേഷൻ്റെ നയം ഇവിടെ കാണാം. ഈ രണ്ട് നയങ്ങളുടെയും ഡ്രാഫ്റ്റിങ് കമ്മിറ്റികളിൽ ഞാൻ ഭാഗമായിട്ടുണ്ട്. 

 

 

നിയമസഭ അംഗങ്ങളെക്കുറിച്ചുള്ള വിക്കിപീഡിയ താളുകൾ

2016-ൽ തുടങ്ങിവച്ച ഒരു പ്രൊജക്ട് ഇന്നത്തോടെ തീർന്നു. കേരള നിയമസഭയിലെ എല്ലാ അംഗങ്ങൾക്കും ഇംഗ്ലിഷ് വിക്കിപീഡിയയിൽ പേജുണ്ടാക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. പല അംഗങ്ങൾക്കും ആദ്യമേ വിക്കിപീഡിയ പേജുകൾ ഉണ്ടായിരുന്നു. എന്നാൽ പേജുകളില്ലാതിരുന്ന 32 പേരുടെ വിക്കിപീഡിയ താളുകളിൽ അവസാനത്തേതും ഇന്ന് എഴുതിത്തീർത്തു. കേരള സർക്കാറിന്റെ വെബ്സൈറ്റിൽ പോലും എം.എൽ.എമാരുടെ ജീവചരിത്രമില്ലാത്തതുകൊണ്ട് ഇന്റർനെറ്റിൽ നിന്നും വിവരങ്ങൾ ശേഖരിക്കുക ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട്, പല ലേഖനങ്ങളും മൂന്നോ, നാലോ വരികളിൽ ഒതുക്കേണ്ടി വന്നു. ഇപ്പോഴും പല എം.എൽ.എ മാരെക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനങ്ങളിലും ചിത്രങ്ങളോ, പ്രാഥമിക വിവരങ്ങളോ ഇല്ല.

ഈ ലിങ്കിൽ നിന്നും നിങ്ങളുടെ നിയോജകമണ്ഡലത്തിലെ എം.എൽ.എയുടെ പേജ് കണ്ടുപിടിച്ച്, നിങ്ങൾക്കറിയാവുന്ന കൂടുതൽ വിവരങ്ങൾ അവരുടെ വിക്കിപീഡിയ താളിൽ ചേർക്കുകയാണെങ്കിൽ അത് വിക്കിപീഡിയയ്ക്ക് ഒരു മുതൽക്കൂട്ടായിരിക്കും. വിവരങ്ങൾ ചേർക്കുമ്പോൾ അവലംബം (references) ചേർക്കാൻ മറക്കരുത്. സംശയങ്ങളുണ്ടെങ്കിൽ ഇവിടെ കമന്റായി ചോദിക്കുമല്ലോ.