പ്രശ്നവും, പ്രശ്നമില്ലായ്മയും ചില ന്യായവൈകല്യങ്ങളും

ലേഡി ഡോക്ടർ സീരീസ് ഞാൻ വിചാരിച്ചതിലുമധികം ജനപ്രിയമായി. വായിക്കുകയും, അഭിപ്രായം പറയുകയും ചെയ്ത എല്ലാവർക്കും നന്ദി. ഇത്തവണത്തെ പോസ്റ്റിൽ പ്രതിപാദിക്കുന്നത് ചില ന്യായവൈകല്യങ്ങളെക്കുറിച്ചും, അവ സ്ത്രീകളെയും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ടവരെയും ഏത് രീതിയിൽ ബാധിക്കുന്നു എന്നതിനെക്കുറിച്ചുമാണ്. നമ്മൾ ജീവിതത്തിൽ സാധാരണഗതിയിൽ കാണാതെ പോകുകയോ, കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്ന കാര്യങ്ങളാണ് ഇവിടെ ഊന്നി പറഞ്ഞിരിക്കുന്നത്.

1. പ്രശ്നമില്ലായ്മയാണിവിടുത്തെ പ്രശ്നം

സ്ത്രീകൾക്കെതിരായ ഏതെങ്കിലും തരത്തിലുള്ള വിവേചനം നടക്കുന്നുണ്ട് എന്ന് ഒരാൾ ചൂണ്ടിക്കാട്ടുമ്പോൾ മറ്റുള്ളവർ ഈ പ്രശ്നത്തെ A) നിഷേധിക്കുകയോ B) അവഗണിക്കുകയോ C) നിസ്സാരവൽക്കരിക്കുകയോ ചെയ്യുന്നത് സാധാരണമാണ്. അതുകൊണ്ട്, വിവേചനം ഒരു പ്രശ്നം അല്ല എന്ന് വിചാരിക്കുന്ന ജനതയാണ് ശരിക്കും പറഞ്ഞാൽ ഏറ്റവും വലിയ പ്രശ്നം. പ്രശ്നം ഉണ്ട് എന്ന് സമ്മതിക്കൽ തന്നെ പ്രശ്നപരിഹാരത്തിലേക്കുള്ള വലിയ കാൽവെപ്പാണ്.

വിവേചനം സർവ്വസാധാരണമാണെന്നറിഞ്ഞിട്ടും എന്താണ് പലരും ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ മടിക്കുന്നത്? പ്രശ്നമുണ്ടെന്ന് സമ്മതിച്ചാൽ ആ പ്രശ്നത്തെ പരിഹരിക്കാൻ വേണ്ടി എന്തെങ്കിലും ചെയ്യേണ്ടി വരുമോ എന്ന ആധി പലർക്കുമുള്ളതാണ്. അവരെ സംബന്ധിച്ചിടത്തോളം, തങ്ങളെ കാര്യമായൊന്നും ബാധിക്കാത്തെ പ്രശ്നത്തെ പരിഹരിക്കാൻ ഊർജ്ജം ചിലവഴിക്കുന്നത് പ്രയാസമാണ്. അതുകൊണ്ട്, ഏറ്റവുമെളുപ്പം ഇവിടെ പ്രശ്നമൊന്നുമില്ല എന്നങ്ങ് ഒഴുക്കിൽ പറഞ്ഞ് പോകുന്നതാണ്. വേറെയും ചിലർക്ക്, പ്രശ്നമുണ്ടെന്ന് അംഗീകരിക്കൽ വലിയ കുറച്ചിലാണ്. ഇത് കൂടുതലായും കണ്ടുവരുന്നത് അധികാരശ്രേണിയിലെ ഉന്നതങ്ങളിൽ ഇരിക്കുന്നവരിലാണ്. തങ്ങളുടെ അധികാരപരിധിയിൽ പ്രശ്നമുണ്ടെന്ന് സമ്മതിച്ചാൽ, തങ്ങളുടെ ഭരണം പരാജയമായിരുന്നോ എന്ന് മറ്റുള്ളവർ ചിന്തിക്കുമോ എന്ന പേടി ഇവരെ അലട്ടും. അതുകൊണ്ട് പ്രശ്നം ഉന്നയിക്കുന്നവരുടെ ശബ്ദങ്ങൾ ഉയരാതിരിക്കാൻ ഇവർ പരമാവധി ശ്രമിക്കും. അധികവായനയ്ക്ക് : The No-Problem problem

2. അതല്ലല്ലോ എൻ്റെ പ്രശ്നം

വേറെയും ചിലരുണ്ട്. ഉദാഹരണത്തിന്, കോളേജ് യൂണിയനിൽ സ്ത്രീപ്രാതിനിധ്യം കുറവാണെന്ന് പറയുമ്പോൾ, ദേ കോളേജിലെ പെൺകുട്ടികൾ ബൈക്ക് ഓടിക്കുന്നുണ്ടല്ലോ, അത് സ്ത്രീ ശാക്തീകരണമല്ലേ എന്ന് പറയും. ഇങ്ങനെ, പരിഹാരം ആവശ്യമായിട്ടുള്ള പ്രശ്നത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ വേണ്ടി, മറ്റേതെങ്കിലും വിഷയം എടുത്തിടും. ഇത്തരക്കാർ ഒരുക്കുന്ന കുരുക്കിൽ വീണുപോകരുത്. യൂണിയനിൽ സ്ത്രീപ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതും, പെൺകുട്ടികൾ ബൈക്ക് ഓടിക്കുന്നതും വേറെ വേറെ വിഷയങ്ങളാണെന്നും, ചക്ക് എന്ന് പറയുമ്പോൾ കൊക്ക് എന്ന് തിരിച്ച് പറയുന്ന പരിപാടിയുടെ പേര് വാട്ടെബൗട്ടിസം എന്നാണെന്നും പറഞ്ഞു കൊടുക്കുക.

3. പ്രശ്നം പുറത്തറിയുന്നത് നാണക്കേടല്ലേ, മോളേ

തങ്ങളുടെ സ്ഥാപനത്തിൽ സ്ത്രീകൾ വിവേചനം അനുഭവിക്കുന്നു എന്ന് മറ്റാരെങ്കിലും പറയുന്നത് ചില വ്യക്തികൾ വൈകാരികമായി എടുക്കും. വിവേചനം ഉണ്ട് എന്ന പറഞ്ഞവർ സ്ഥാപനത്തിൻ്റെ അന്തസ്സും പേരും കളങ്കപ്പെടുത്തുകയാണെന്നാണ് ഇവരുടെ ഭാഷ്യം. അതുകൊണ്ട് വിവേചനത്തെപ്പറ്റി മിണ്ടരുതത്രെ. വിവേചനം അനുഭവിച്ചവർ മുഖ്യധാരയിലേക്ക് വന്ന് പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ, “ഈ പ്രശ്നം നമുക്ക് പറഞ്ഞു തീർക്കാവുന്നതല്ലേ ഉള്ളൂ, ഇത് പുറത്തുള്ളവരെ അറിയിക്കുന്നതെന്തിനാണ്” എന്നൊക്കെയായിരിക്കും ഇവരുടെ ന്യായം. തൻ്റെ പ്രശ്നം ആരോട്, എപ്പോൾ, എവിടെവച്ച് പറയണം എന്നത് പൂർണ്ണമായും വിവേചനമനുഭവിച്ച സ്ത്രീയുടെ ചോയ്സ് ആണെന്നിരിക്കെയാണ് ഇവരുടെ സ്നേഹത്തിൽ ചാലിച്ചുള്ള ഉപദേശം. അതുകൊണ്ട് ഇത്തരക്കാരുടെ പ്രധാന ലക്ഷ്യം പ്രശ്നം പരിഹരിക്കലല്ല, പ്രശ്നം മൂടിവയ്ക്കലാണെന്നാണ് നമ്മൾ മനസിലാക്കേണ്ടത്. പണ്ടുകാലത്ത് റേപ്പ് നടന്നാലും, അഭിമാനക്ഷതം ഭയന്ന് പലരും പുറത്തുപറയാറുണ്ടായിരുന്നില്ല. അഭിമാനം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി, അക്രമവും വിവേചനവും മൂടിവയ്ക്കാൻ ആരെങ്കിലും നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ അവരെ വകവയ്ക്കാതിരിക്കുക.

അഭിമാനത്തിൻ്റെ പേരിൽ ചൂഷണം മറച്ചു വയ്ക്കാൻ പ്രേരിപ്പിക്കുന്നവർ ചിലപ്പോൾ ഒരു പടി കൂടി കടന്ന്, നിങ്ങളുടെ പ്രശ്നം പുറത്തറിയുന്നത് സ്ഥാപനത്തിലെ എല്ലാ സ്ത്രീകളുടെയും അഭിമാനപ്രശ്നമാണ് എന്ന രീതിയിൽ അവതരിപ്പിക്കും. അതോടെ, ഇവരുടെ അധികാരത്തിനോട് വിധേയത്വം കാണിക്കുന്ന എല്ലാവരും, സ്ത്രീകളടക്കം, നിങ്ങൾക്കെതിരാവും. സിസ്റ്റർ ജെസ്മി താനനുഭവിച്ച ചൂഷണങ്ങൾ തുറന്നു പറഞ്ഞപ്പോൾ സഭയിലെ പുരുഷന്മാർ മാത്രമല്ല, അത്രയും കാലം കൂടെ ജീവിച്ച കന്യാസ്ത്രീകൾ പോലും ഒരക്ഷരം മിണ്ടിയില്ല. ഇവർക്കൊക്കെ സ്ഥാപനത്തോടുള്ള ഭയം ഒരു വശത്തുണ്ടാകാം, മറുവശത്ത് ചൂഷണത്തെക്കുറിച്ച് തുറന്ന് പറഞ്ഞാൽ അഭിമാനക്ഷതം സംഭവിക്കുമോ എന്ന പേടിയും ഉണ്ടാവാം. പ്രശ്നമാണ് യഥാർത്ഥ നാണക്കെടെന്നും, പ്രശ്നം തുറന്ന് പറയുന്നത് നാണക്കെടല്ലെന്നും മലയാളിസമൂഹം അടുത്ത കാലത്തൊന്നു പഠിക്കും എന്ന് എനിക്ക് പ്രതീക്ഷയില്ല.

4. ഇതൊരു ഒറ്റപ്പെട്ട പ്രശ്നമാണ്

ഈ വാദവും അധികാരവർഗ്ഗത്തിലുള്ളവർ തന്നെയാണ് കൂടുതലായും എടുത്തിടുന്നത്. സ്ത്രീകളോടുള്ള വിവേചനവും, ചൂഷണവും ഒറ്റപ്പെട്ടതല്ലതന്നെ. പലപ്പോഴും, നിരന്തരമായ വിവേചനങ്ങൾക്ക് വിധേയരായശേഷം ഗതികേടുകൊണ്ടാവും അവസാനം സ്ത്രീകൾ പ്രതിഷേധത്തിനിറങ്ങുന്നത്. കാലാകാലങ്ങളായി നിലനിന്നിരുന്ന അനീതികൾ ഒക്കെ പുറത്തറിയുമ്പോൾ മാത്രം അവയെ ഒറ്റപ്പെട്ട സംഭവങ്ങളായി തള്ളിക്കളയുന്നത് യാഥാർത്ഥ്യത്തെ നിരസിക്കുന്നതിന് തുല്യമാണ്. ഇനി നടന്നത് ഒറ്റപ്പെട്ട സംഭവം തന്നെയാണെങ്കിൽ പോലും, ചൂഷണത്തിന് വിധേയയായ സ്ത്രീക്ക് നീതി ലഭിക്കേണ്ടതുണ്ട് എന്നതിൽ തർക്കമില്ലല്ലോ.

5. ഇത് പ്രശ്നമല്ലെന്ന് ഭാര്യ പറഞ്ഞിട്ടുണ്ട്

ഒരു സ്ത്രീ ഉന്നയിക്കുന്ന പ്രശ്നത്തെ പ്രശ്നമല്ലാതാക്കിത്തീർക്കാൻ, അതേ പ്രശ്നം മറ്റൊരു സ്ത്രീക്ക് പ്രശ്നമേ അല്ല എന്ന് പറഞ്ഞ് ന്യായീകരിക്കുന്നവരുണ്ട്. സ്ത്രീവിരുദ്ധമായ തമാശകൾ ആവോളം പറയുന്ന ഒരു സുഹൃത്തുണ്ട്. ഇതിൻ്റെ പേരിൽ ചോദ്യം ചെയ്താൽ അദ്ദേഹം പറയുന്ന ന്യായം, “എൻ്റെ ഭാര്യയും, പെൺമക്കളും ഇതേ തമാശ ആസ്വദിക്കുന്നുണ്ടല്ലോ, പക്ഷെ മറ്റ് സ്ത്രീകൾ എന്തിനാണ് ഇതിൽ പ്രശ്നം കാണുന്നത്” എന്നാണ്. ചിലപ്പോൾ ഇദ്ദേഹത്തിൻ്റെ ഭാര്യയ്ക്കും സ്ത്രീവിരുദ്ധത ഉള്ളതുകൊണ്ടാവാം അവർക്ക് തമാശ ആസ്വദിക്കാൻ പറ്റിയത്. അല്ലെങ്കിൽ ഭർത്താവിനോടുള്ള വിധേയത്വം കൊണ്ട് തമാശ ആസ്വദിക്കുന്നതായി ഭാവിച്ചതാവാം. ഇവിടെ മനസിലാക്കേണ്ടത്, ചില സ്ത്രീകൾ കയ്യടിച്ച് പാസാക്കിയതുകൊണ്ട് മാത്രം സ്ത്രീവിരുദ്ധത സ്ത്രീവിരുദ്ധതയല്ലാതാവുന്നില്ല. എല്ലാ സ്ത്രീകൾക്കും ഒരേ അനുഭവങ്ങളുമല്ല. ചില സ്ത്രീകൾക്ക് ചില അനുഭവങ്ങൾ സ്ത്രീവിരുദ്ധമാണെന്ന് തോന്നിയേക്കാം, അതേ അനുഭവങ്ങൾ മറ്റ് ചില സ്ത്രീകൾക്ക് സ്ത്രീവിരുദ്ധമാണെന്ന് തോന്നണം എന്നില്ല. സ്ത്രീവിരുദ്ധതയുടെ തോത് സ്കെയിലുകൊണ്ട് അളന്ന് താരതമ്യപ്പെടുത്താനും കഴിയില്ല.

6. പ്രശ്നം സ്വയം പരിഹരിച്ചുകൂടായിരുന്നോ?

പ്രശ്നപരിഹാരത്തിന് മറ്റൊരാളുടെ സഹായം തേടുമ്പോൾ കേൾക്കേണ്ടി വരുന്ന ചോദ്യമാണിത്. ഒരു പുരുഷൻ ഒരു സ്ത്രീയുടെ മുഖത്തടിച്ചു. പുരുഷനെതിരെ പരാതിയുമായി വന്ന സ്ത്രീയോട് അധികാരികൾ ചോദിക്കുന്ന ചോദ്യമാണ്, “നിനക്ക് അപ്പോൾ തന്നെ തിരിച്ചടിച്ചു കൂടായിരുന്നോ”, എന്ന്. അപ്പോഴത്തെ മാനസികാവസ്ഥ കാരണമോ, തിരിച്ചടിച്ചാൽ കൂടുതൽ ആക്രമണം ഉണ്ടാകുമെന്ന് ഭയന്നോ, അടിപിടി തൻ്റെ സംസ്കാരത്തിനു ചേർന്നതല്ലെന്ന് ഓർത്തുകൊണ്ടോ ഒക്കെയാവണം ആ സ്ത്രീ അപ്പോൾ തിരിച്ച് അടിക്കാൻ തുനിയാത്തത്. കൂടാതെ, ഒരു നിയമലംഘനത്തിന് പകരം ചോദിക്കുന്നത് മറ്റൊരു നിയമലംഘനം നടത്തിക്കൊണ്ടല്ല. ഒരു പ്രായപൂർത്തിയായ വ്യക്തി സഹായം ചോദിക്കുന്നത്, അവർക്ക് ആ പ്രശ്നം സ്വയം പരിഹരിക്കാൻ കഴിയാത്തതുകൊണ്ടാണെന്ന് അനുമാനിച്ച്, പ്രശ്നപരിഹാരത്തിന് വേണ്ടത് ചെയ്തുകൊടുക്കുകയാണ് ചുറ്റുമുള്ളവർ ചെയ്യേണ്ടത്.

7. അവൾ സ്ഥിരം പ്രശ്നക്കാരിയാണ്

വിവേചനവും ചൂഷണവും തുറന്നു പറയുന്നവരെയും, അതിനെതിരെ പ്രതികരിക്കുന്നവരെയും “സ്ഥിരം പ്രശ്നക്കാരി” ആയിട്ടാണ് ചുറ്റുമുള്ളവർ വിലയിരുത്താറ്. മോഷണമോ, പിടിച്ചുപറിയോ നടത്തിയവർക്ക് പോലും ഇത്രയ്ക്കധികം ദുഷ്പേര് ഉണ്ടാകുമോ എന്ന് സംശയമാണ്. “പ്രശ്നക്കാരി”കളെ എങ്ങനെയെങ്കിലും അകറ്റി നിർത്താനോ, അവരെ എങ്ങനെയെങ്കിലും പാഠം പഠിപ്പിക്കാനോ ആണ് പുരുഷാധിപത്യസമൂഹം കിണിഞ്ഞ് പരിശ്രമിക്കുന്നത്. തന്നെ പ്രശ്നക്കാരിയായി നാട്ടുകാർ ചിത്രീകരിക്കുന്നതൊന്നും വകവയ്ക്കാതെ, തൻ്റെയും ചുറ്റുമുള്ളവരുടെയും പ്രശ്നങ്ങൾ ധൈര്യത്തോടെ പുറത്തു പറയുന്ന സ്ത്രീകളാണ് എൻ്റെ ഹീറോസ്. കൂടുതൽ സ്ത്രീകൾ വിവേചനത്തിനെതിരായി സംസാരിക്കാൻ ധൈര്യം കാണിക്കുന്നു എന്നതു തന്നെ വളരെ സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. പ്രശ്നം തുറന്ന് പറയുന്നവരോട് യാതൊരു മുൻവിധിയും കാണിക്കാതെ, പ്രശ്നത്തിൻ്റെ ആഴം മനസിലാക്കി, പരിഹാരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരിലേ നമുക്ക് പ്രതീക്ഷയ്ക്ക് വകയുള്ളൂ.

അധികവായനയ്ക്ക്: ഗീക്ക് ഫെമിനിസം വിക്കിയിലെ Excuses for sexists incidents എന്ന കാറ്റഗറി കാണുക.

ആൺ-സിസ്റ്റർ ഇല്ലാത്ത കാലം

ഒരിക്കൽ ഐ.സി.യുവിൽ പോസ്റ്റിങ് ഉണ്ടായിരുന്ന സമയത്ത് കൂടെ ജോലി ചെയ്തിരുന്നത് പുരുഷനായ നേഴ്സായിരുന്നു. നേഴ്സിങ് മേഖലയിൽ പുരുഷന്മാർ തുലോം കുറവാണെന്നത് അറിയാമല്ലോ. ഒരു രോഗി എന്തുകൊണ്ടോ ഇദ്ദേഹത്തെ ‘ആൺ സിസ്റ്റർ’ എന്നാണ് വിളിച്ചിരുന്നത്. പുരുഷനായ ഒരു നേഴ്സിനെ ഇവർ കണ്ടിട്ടില്ലാത്തതുകൊണ്ട് എന്ത് വിളിക്കണം എന്ന് അറിഞ്ഞുകൂടാത്തതുകൊണ്ടാകണം ഇത്. അല്ലെങ്കിൽ അങ്ങനെ വിളിക്കുന്നതിൻ്റെ ശരികേട് അറിഞ്ഞുകൂടാത്തതുകൊണ്ടാവാം. നേഴ്സ് എന്നാൽ സ്ത്രീ ആയിരിക്കണം എന്നും, ഈ ജോലി പുരുഷന്മാർക്ക് പറ്റിയതല്ല എന്നുമുള്ള പൊതുബോധം ശക്തമായി തന്നെ നിലവിലുണ്ട്.

പാട്രിയാർക്കി മൂലം പ്രശ്നങ്ങൾ അനുഭവിക്കുന്നത് സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരെയും ഇത് പല വിധത്തിലും ബാധിക്കുന്നുണ്ട് എന്നതിന് ഒരു ഉദാഹരണമാണ് മുകളിലുള്ളത്. ഫെമിനിസം എന്നാൽ, സ്ത്രീകൾക്ക് മേൽക്കോയ്മ കിട്ടാൻ വേണ്ടിയുള്ള, കൂളിങ് ഗ്ലാസും പട്ടിയും ഉള്ള വരേണ്യ സ്ത്രീകൾ നടത്തുന്ന ജല്പനങ്ങളാണെന്ന ചിന്ത നമ്മുടെയിടയിൽ പ്രബലമായി ഉണ്ട്. ഇത് തെറ്റാണ്. ഫെമിനിസ്റ്റുകൾ എതിർക്കുന്നത് പാട്രിയാർക്കിയെയാണ്, പുരുഷന്മാരെയല്ല. സ്ത്രീകൾക്ക് മേൽക്കോയ്മയുള്ള സമൂഹത്തിനു വേണ്ടിയല്ല ഫെമിനിസ്റ്റുകൾ പ്രവർത്തിക്കുന്നത്. സ്ത്രീകളും, പുരുഷന്മാരും, ഇതര ജെൻ്ററുകളിൽ പെട്ടവരും തുല്യ അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഐക്യത്തോടും കൂടി  സഹവർത്തിക്കുന്ന സമൂഹമാണ് ഫെമിനിസ്റ്റുകളുടെ ലക്ഷ്യം. പാട്രിയാർക്കി, പുരുഷന്മാരെയും സ്ത്രീകളെയും വെവ്വേറെ കള്ളികളിൽ നിർത്തുകയും, ട്രാൻസ് ജെൻ്റർ വ്യക്തികളെ പാടെ അവഗണിക്കുകയും, ജെൻ്റർ മാത്രം അടിസ്ഥാനമാക്കി വ്യക്തികൾക്ക് ധർമ്മങ്ങൾ കൽപ്പിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്. ഞാനറിയുന്ന ചില മികച്ച ഫെമിനിസ്റ്റുകൾ പുരുഷന്മാരാണ്. പാട്രിയാർക്കി കാരണം സ്ത്രീകൾ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിക്കുന്നുണ്ടെങ്കിലും, പുരുഷന്മാരും ഇതിൻ്റെ ഇരകളാണ് എന്നതും കൂടി വ്യക്തമാക്കുക എന്നതാണ് ഈ പോസ്റ്റിൻ്റെ ലക്ഷ്യം.

feminist
മീഡിയ നിർമ്മിച്ചു വച്ച ഫെമിനിസ്റ്റ് സങ്കൽപ്പം. (കടപ്പാട്)

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, പാട്രിയാർക്കി പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളെയാണ് വളരെയധികം അടിച്ചമർത്തുന്നത്. സ്ത്രീകൾ പാട്രിയാർക്കി കൊണ്ട് അനുഭവിക്കുന്ന പ്രശ്നങ്ങളുടെ ഒരു അംശം പോലും പുരുഷന്മാർ അനുഭവിക്കുന്നില്ല. അതുകൊണ്ട്, പുരുഷന്മാരും സ്ത്രീകളും പാട്രിയാർക്കി മൂലം തുല്യ ദുരിതം അനുഭവിക്കുന്നില്ലേ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. പാട്രിയാർക്കൽ രീതി കാരണം സ്ത്രീകൾ വേതനമുള്ള ജോലികളിൽ നിന്നും, നേതൃസ്ഥാനങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെടുന്നതുകൊണ്ട് കൂടുതൽ പുരുഷന്മാർക്ക് ഇവ ചെയ്യാനുള്ള അവസരങ്ങൾ ഉണ്ടായി വരുന്നുണ്ട്. നിങ്ങളോടൊപ്പം സ്കൂളിൽ ഒരുമിച്ച് പഠിച്ച എത്ര സ്ത്രീകൾ ഉന്നതപഠനത്തിനു പോയിട്ടുണ്ട്, അതിൽ തന്നെ എത്ര പേർ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട് എന്നൊക്കെ അന്വേഷിച്ചു വന്നാൽ വലിയൊരു ശതമാനം വീട്ടമ്മമാരായി ഒതുങ്ങിപ്പോയതായി കാണാനാകും. മെഡിക്കൽ കോളേജിൽ ഒരുമിച്ച് പഠിച്ച പെൺകുട്ടികളിൽ എത്ര ശതമാനം പേർ പി.ജി കോഴ്സുകൾക്ക് ചേർന്നു, അതിൽ എത്ര പേർ സൂപ്പർ സ്പെഷ്യാലിറ്റി എടുത്തു എന്നതും ചിന്തിച്ച് നോക്കുന്നത് നന്നായിരിക്കും. ഫാഷനു വേണ്ടിയും, സമൂഹത്തിൽ കൂടുതൽ സ്വീകാര്യത  കിട്ടാനും വേണ്ടിയാണ് പലരും പാട്രിയാർക്കിക്കെതിരെ സംസാരിക്കുന്നത് എന്ന ആക്ഷേപവും ഉണ്ട്. ഇത് കേൾക്കുമ്പോൾ വിഷമം തോന്നാറുണ്ട്. ഗതികേടുകൊണ്ടാണ് ഞാനടക്കം ഉള്ളവർക്ക് ഫെമിനിസം സംസാരിക്കേണ്ടി വരുന്നത്. കേരളത്തിലെ മെഡിക്കൽ കോളേജുകളിലെങ്കിലും ഫെമിനിസ്റ്റാകുക എന്നത് എന്തോ മോശം പരിപാടിയായിട്ടാണ് ഭൂരിഭാഗം വിദ്യാർത്ഥികളും കാണുന്നത്. കോളേജിൽ പെൺകുട്ടികൾ സ്വന്തം അവകാശങ്ങൾക്ക് വേണ്ടി സംസാരിച്ചാൽ ഉള്ള സ്വീകാര്യത കൂടി നഷ്ടപ്പെടുകയേ ഉള്ളൂ എന്നാണ് എന്നെ അനുഭവം പഠിപ്പിച്ചിട്ടുള്ളത്. കോളേജിനകത്തും പുറത്തും ഒരുപാട് വിവേചനങ്ങൾ സഹിക്കേണ്ടി വന്നിട്ടും, ധൈര്യമില്ലാത്തതുകൊണ്ട് തുറന്നെഴുതാനോ, പറയാനോ കഴിയാത്ത നിരവധി പെൺകുട്ടികൾ (ആൺകുട്ടികളും) ഇപ്പോഴും ഉണ്ടാകും എന്നത് ഉറപ്പാണ്. അവർക്ക് എഴുതാൻ കഴിയാതെ പോകുന്ന കാര്യങ്ങളാണ് ഞാൻ എഴുതാൻ ശ്രമിക്കുന്നത്.

“ഇന്ന് മിനിമം അഞ്ച് സ്ത്രീവിരുദ്ധ പ്രവൃത്തികൾ ചെയ്യണം” എന്ന് രാവിലെ എണീക്കുമ്പോൾ വിചാരിച്ച് ഉറപ്പിച്ചിട്ടൊന്നുമല്ല പലരും സ്ത്രീവിരുദ്ധ പ്രവൃത്തികൾ ചെയ്യുന്നത്. നാട്ടുനടപ്പ് പ്രകാരം കാര്യങ്ങൾ എങ്ങനെയാണോ, അതുപോലെ ഇവരും കാര്യങ്ങൾ ചെയ്യുന്നു എന്നേ ഉള്ളൂ. പാട്രിയാർക്കൽ സംസ്കാരം നമ്മുടെ ദൈനംദിന ജീവിതത്തിൽ ആഴ്ന്നിറങ്ങിയിട്ടുള്ളതുകൊണ്ട്, സ്ത്രീകളെ നിയന്ത്രിക്കുന്നതും, അടിച്ചമർത്തുന്നതും ഒക്കെ സാധാരണമായതുകൊണ്ട് ഇവരും അതേ രീതി കണ്ട് പഠിക്കുന്നു. ഇങ്ങനെയുണ്ടാവുന്ന പൊതുബോധത്തെ ഊട്ടിയുറപ്പിക്കുന്നതിൽ മതവിശ്വാസത്തിനും നല്ല പങ്കുണ്ട്. സഹജീവിക്ക് തുല്യ പരിഗണന കൊടുക്കണോ എന്നത് തീരുമാനിക്കാൻ പോലും മതപുസ്തകം എടുത്ത് നോക്കേണ്ട ഗതികേടുള്ളവരോട് കഷ്ടം എന്നേ പറയാനുള്ളൂ.

ആങ്ങള മനോഭാവത്തിൽ നിന്ന് തന്നെ തുടങ്ങാം. ഒരു ആൺകുട്ടിക്ക്  പെൺകുട്ടികളോട് സൗഹൃദം ഉണ്ടാക്കാൻ കഴിയാത്ത വിധം പാട്രിയാർക്കി നമ്മുടെ സമൂഹത്തെ മാറ്റിയെടുത്തിട്ടുണ്ട്. ഇത് കാരണം, രണ്ട് വിധത്തിൽ മാത്രമേ ആൺകുട്ടിക്ക് പെൺകുട്ടികളെ കാണാൻ പറ്റുന്നുള്ളൂ : പെങ്ങളായോ, അല്ലെങ്കിൽ കാമുകിയായോ. ഈ രണ്ട് കാറ്റഗറിയിലും പെടാത്ത സാധാരണ സൗഹൃദം ഉണ്ടെങ്കിൽ തന്നെയും, അത് ആങ്ങള അഥവാ കാമുകൻ എന്നീ ഒപ്ഷനുകളിലേക്ക് ഒതുക്കിത്തീർക്കാൻ ചുറ്റുമുള്ളവർ ശ്രമിക്കും. ഇങ്ങനെ, ആരോഗ്യകരമായ സ്ത്രീ-പുരുഷ സൗഹൃദം ഇല്ലാതാകുന്നുണ്ട്. ഇങ്ങനെ സൗഹൃദങ്ങൾ ഇല്ലാതാകുമ്പോൾ, സ്ത്രീകൾ എങ്ങനെയാണ് ചിന്തിക്കുന്നതെന്നോ, അവർക്ക് എന്തെല്ലാം ആവശ്യങ്ങളും അഭിപ്രായങ്ങളും ഉണ്ടെന്നോ പുരുഷന്മാർക്ക് മനസിലാക്കാൻ കഴിയാതെ വരും. സ്ത്രീകളുമായി സൗഹൃദം ഇല്ലാത്ത പുരുഷന്മാർ, സ്ത്രീകളെക്കുറിച്ച് മനസിലാക്കാൻ ഉപയോഗിക്കുന്നത് സ്വന്തം അമ്മയുടെ സ്വഭാവവും, സിനിമയും, കൊച്ചുപുസ്തകങ്ങളും, കേട്ടുകേഴ്വികളുമൊക്കെയാണ്. ഇങ്ങനെ മനസിലാക്കിയ വികലസത്യങ്ങളും, തെറ്റുകളും, അയാഥാർത്ഥ്യമായ കാര്യങ്ങളും കൂടി ഉൾക്കൊണ്ടാണ് ഇവർ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. വിവാഹശേഷം, തങ്ങൾ പ്രതീക്ഷിച്ചതുപോലെയല്ല കാര്യങ്ങൾ എന്നത് മനസിലാകുമ്പോൾ നിരാശയായിരിക്കും ഫലം. പണ്ട് പ്രതീക്ഷിച്ചിരുന്നതുപോലെ, എന്നും കുളിച്ച് സാരിയുടുത്ത്, മുല്ലപ്പൂ ചൂടി, ഒരു ഗ്ലാസ് ചൂടുപാലുമായി വാതിൽക്കൽ കാത്ത് നിൽക്കുന്ന സീരിയൽ നടിയെപ്പോലെത്തെ ഭാര്യയല്ല കൂടെയുള്ളത് എന്നറിയുമ്പോൾ നിരാശ തോന്നുന്നത് സ്വാഭാവികമാണല്ലോ. തനിക്ക് ചേർന്ന പങ്കാളി എങ്ങനെയുള്ളയാൾ ആയിരിക്കണം എന്നതിനെക്കറിച്ച് പുരുഷന്മാർക്ക് അയാഥാർത്ഥ്യമായ പ്രതീക്ഷകൾ ഉണ്ടാവുന്നത് ചെറുപ്പത്തിൽ സ്ത്രീകളുമായി സൗഹൃദം ഇല്ലാത്തതുകൊണ്ടായിരിക്കണം. തിരിച്ചും. പലർക്കും തങ്ങൾക്ക് ചേർന്ന പങ്കാളിയെ കണ്ടെത്താൻ കഴിയാതെ വരുന്നത് എതിർലിംഗത്തിൽ പെട്ടവരെക്കുറിച്ച് യാതൊരു അറിവും ഇല്ലാത്തതുകൊണ്ടാണ്. അഭിപ്രായത്തിൽ യാതൊരു ചേർച്ചയുമില്ലാത്തവർ പോലും വിവാഹം കഴിക്കുന്നത് കണ്ടിട്ടുണ്ട്. ഇങ്ങനെ ചേർച്ചയില്ലാത്ത പങ്കാളിയുമൊത്ത് ജീവിക്കേണ്ടി വരുന്നത് ഭാവിയിൽ കുടുംബപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് വിവാഹം കഴിക്കാൻ തയ്യാറെടുക്കുന്നതിനു മുൻപേ ചെയ്യേണ്ടത് എതിർലിംഗത്തിൽ പെട്ട സുഹൃത്തുക്കളെ ഉണ്ടാക്കിയെടുക്കുകയും, അവരെ മനസിലാക്കാൻ ശ്രമിക്കുകയുമാണ്.

‘ആണത്തം’ എന്നത് പുരുഷൻ ജനനം മുതൽ മരണം വരെ സൂക്ഷിക്കേണ്ട സാധനമാണ് (അതേസമയം, പെണ്ണത്തം എന്ന ഒരു സാധനം ഇല്ല). ആണത്തമുള്ള പുരുഷൻ കരയാറില്ല എന്ന് മാത്രമല്ല, സങ്കടം പ്രകടിപ്പിക്കാറേ ഇല്ല. സങ്കടം വരേണ്ട അവസരങ്ങളിലൊക്കെ അത് ദേഷ്യമായി മാത്രമേ പുറത്ത് കാണിക്കാറുള്ളൂ. ആണത്തം കൂടിയ പുരുഷന്മാർ, ആണത്തം കുറഞ്ഞ പുരുഷന്മാരെ റാഗ് ചെയ്തും, കളിയാക്കിയുമൊക്കെ അവരുടെ ആണത്തം വളർത്താൻ സഹായിക്കും. ഇവർ പെങ്ങന്മാരുടെ സംരക്ഷകനായതുകൊണ്ട്, അവരുടെ ചാരിത്ര്യം സംരക്ഷിക്കാൻ വേണ്ടി മറ്റ് ആണുങ്ങളെ തല്ലാനും കൊല്ലാനും വരെ തയ്യാറാകും. അതേസമയം, ഫെമിനിസ്റ്റുകളെ വാചകക്കസർത്തിലൂടെയും ചിലപ്പോൾ ആക്രമിച്ചും ഒരു പാഠം പഠിപ്പിക്കും. വേണമെന്നു വച്ചിരുന്നെങ്കിൽ സിവിൽ സർവീസ് നേടാമായിരുന്നെങ്കിലും, അതിലൊന്നും താല്പര്യമില്ലാത്തതുകൊണ്ട്, നാട്ടിൽ തന്നെ നാടൻ തല്ലുമായി നടക്കലാണ് എല്ലാം തികഞ്ഞ ഈ പുരുഷൻ്റെ ജോലി. ഗ്രാമത്തിലെ ഉത്സവം നടന്നുകൊണ്ടിരിക്കുന്നതിനിടെ പെങ്ങളെ തുറിച്ചു നോക്കിയ വില്ലന്മാരെ ഒതുക്കുക എന്നതാണ് ഇദ്ദേഹത്തിൻ്റെ ഏറ്റവും വലിയ ജീവിതപ്രശ്നം. എന്തൊരു കഷ്ടമാണ് ഇത്തരം വാർപ്പുമാതൃകകൾ എന്ന് നോക്കൂ. നമ്മുടെ ആൺകുഞ്ഞുങ്ങൾ ഇത്തരം ‘ആണത്തമുള്ള’ പുരുഷന്മാരെ സിനിമയിലും ടിവിയിലും കണ്ടാണ് വളരുന്നത്. പ്രമുഖ നടന്മാരുടെ ഫാൻസ് അസോസിയേഷനുകളിൽ കൂട്ടം കൂട്ടമായി ചേരുന്ന യുവാക്കളും ഒരു പരിധി വരെ സിനിമയിലെ ഈ വിഷലിപ്തവും, അപ്രാപ്ര്യവുമായ ആണത്തത്തെ ആഘോഷിക്കുകയും, മാതൃകയാക്കുകയും ചെയ്യുന്നുണ്ട്. മനുഷ്യരുടെയിടയിൽ ആൽഫാ മെയിലുകൾ ഇല്ല എന്നത് രസകരമായി അവതരിപ്പിക്കുന്ന ഈ വീഡിയോയും കണ്ടുനോക്കൂ.

എന്ത് തരം പുരുഷന്മാരെയാണ് സ്ത്രീകൾ ഇഷ്ടപ്പെടുന്നത്? ആരോഗ്യദാർഢ്യരുംകുറ്റിത്താടിയുള്ളവരും, പ്രായക്കൂടുതലുള്ളവരോടുമാണ് സ്ത്രീകൾക്ക് കൂടുതൽ ആകർഷണം തോന്നുന്നത് എന്നാണ് പഠനങ്ങൾ പറയുന്നത്*. ഇത്തരക്കാരോട് ആകർഷണം തോന്നാനുള്ളതിന് പരിണാമ-മനഃശാസ്ത്രപരമായ കാരണങ്ങളുണ്ടായിരിക്കണം. ആകർഷണം തോന്നുന്നത് ഇത്തരക്കാരോടാണെങ്കിലും, സന്തുഷ്ടമായ ജീവിതം ഉണ്ടാകണമെങ്കിൽ വേറെ ചില ഗുണങ്ങളുള്ള പുരുഷന്മാരെ വിവാഹം കഴിക്കുന്നതാകും ബുദ്ധി എന്നും ഗവേഷണങ്ങൾ പറയുന്നുണ്ട്. കൂടുതൽ വീട്ടുജോലി ഏറ്റെടുക്കുന്ന പുരുഷന്മാരുള്ള കുടുംബങ്ങളിലാണ് കൂടുതൽ സന്തോഷം ഉണ്ടാകുന്നതത്രെ. വീട്ടുജോലി പങ്കിട്ടെടുക്കുന്ന പങ്കാളികൾ തമ്മിൽ ഡൈവോഴ്സിനുള്ള സാധ്യത കുറവായിരിക്കുമെന്നും കണ്ടെത്തലുകളുണ്ട്. രസകരമായ കാര്യം, ഭാര്യയും ഭർത്താവും വേതനമുള്ള ജോലി ചെയ്യുകയും, വീട്ടുജോലി പങ്കിട്ടെടുക്കുകയും ചെയ്യുന്ന കുടുംബങ്ങളിലാണ് ഇവർ തമ്മിൽ സെക്സ് കൂടുതലായി നടക്കുന്നത് എന്നാണ്. അതുകൊണ്ട്, ജിമ്മിൽ പോയി സിക്സ് പാക്ക് ഉണ്ടാക്കിയാൽ ഒറ്റനോട്ടത്തിൽ സ്ത്രീകൾക്ക് നിങ്ങളെ ഇഷ്ടപ്പെട്ടേക്കാം എങ്കിലും, കാര്യത്തിലേക്ക് കടക്കണമെങ്കിൽ മുറ്റമടിക്കുകയോ, പാത്രം കഴുകുകയോ ചെയ്യുന്നതാകും ബുദ്ധി എന്ന് സാരം.  🙂

പഠിക്കേണ്ട കാലത്ത് ക്ലാസിൽ പോകാനൊന്നും മെനക്കെടാതെ ബൈക്കിൽ അമിതവേഗത്തിൽ സഞ്ചരിക്കുക, പിനൈൽ സൈസ് കൂട്ടാൻ ലേപനങ്ങൾ തേക്കുക, രാത്രി കടലിലിറങ്ങുക, ഹെല്മെറ്റ് ഇടാതിരിക്കുക, ലഹരി ഉപയോഗിക്കുക, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിൽ ഏർപ്പെടുക എന്നിവയൊക്കെ ചിലർ ചെയ്യുന്നത് ആണെന്ന സ്വത്വത്തെ കാക്കാൻ വേണ്ടിയാണ്. യുക്തിസഹമായി ചിന്തിക്കുന്ന ആരും ഇത്തരം കാര്യങ്ങൾ ചെയ്യില്ല എന്നിരിക്കെ, ആണത്തം ഊട്ടിയുറപ്പിക്കാനുള്ള ത്വരയാണ് ഇവരെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്. ഡ്രൈവിങ് പഠിച്ചു വരുന്നതേ ഉള്ളുവെങ്കിലും ആണായതുകൊണ്ട് വണ്ടിയോടിക്കാൻ നിർബന്ധിതനായ ആൺ സുഹൃത്തിനെ അറിയാം. വണ്ടി ഇടിച്ച് മരിച്ചാലും കുഴപ്പമില്ല, ആണത്തം നഷ്ടപ്പെടാതിരുന്നാൽ മതി എന്ന തോന്നലായിരിക്കാം ഇദ്ദേഹത്തെ ഈ സാഹസത്തിനു പ്രേരിപ്പിച്ചത്. വണ്ടി ഓടിക്കാൻ അറിയില്ലെന്ന് പറഞ്ഞാൽ ‘ആണത്തം’ കുറഞ്ഞതിൻ്റെ പേരിൽ സുഹൃത്തുക്കൾ കളിയാക്കുമെന്ന ഭയവും ഉണ്ടായിരിക്കണം. സൗമ്യമായ സ്വഭാവമുള്ള ആൺകുട്ടികളെ ആണത്തം കുറഞ്ഞവരായി കണക്കാക്കി, നിരന്തരം ബുള്ളിയിങ്ങിന് വിധേയമാക്കി, സമൂഹം അവരെ കഠിനഹൃദയരായി അഭിനയിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ കഠിനഹൃദയരായി മാറിയ പുരുഷന്മാർ, തങ്ങളുടെ യഥാർത്ഥമായ സൗമ്യ സ്വത്വം വെളിവാകുമോ എന്ന പേടിയും കൊണ്ടാണ് നടക്കുന്നത്. ഇങ്ങനെ നിരന്തരമായ ആന്തരിക സംഘർഷങ്ങൾ അനുഭവിക്കുന്നതുകൊണ്ടായിരിക്കാം പല പുരുഷന്മാരും മദ്യത്തിനും, മയക്കുമരുന്നിനും, പുകവലിക്കുമൊക്കെ അടിമപ്പെട്ട് പോകുന്നത്.

ഭാര്യയെക്കാൾ (അല്ലെങ്കിൽ കുടുംബത്തിലെ മറ്റ് സ്ത്രീകളെക്കാൽ) പുരുഷൻ ഒരുപടി മുന്നിൽ നിൽക്കണമെന്ന അലിഖിത നിയമമുണ്ട്. ക്ലിനിക്കൽ പി.ജി ചെയ്യുന്ന ഭാര്യയുള്ള, നോൺ-ക്ലിനിക്കൽ പി.ജി ചെയ്യുന്ന ഭർത്താവിനോട് സഹപാഠികൾ പരിഹാസത്തോടെ അർത്ഥം വച്ച് സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. ഭാര്യയ്ക്ക് തന്നെക്കാളും ഉയർന്ന ശമ്പളമുള്ള ജോലി ഉണ്ടായാൽ എല്ലാവരും തന്നെ കളിയാക്കുമല്ലോ എന്ന ടെൻഷൻ കൊണ്ടുനടക്കുന്നവരും ഉണ്ട്. ഇങ്ങനെ, സദാസമയവും സ്ത്രീകളെക്കാൽ മികച്ച് നിൽക്കാൻ നിർബന്ധിതരാകുന്നതുകൊണ്ട് പുരുഷന്മാർ വലിയ തോതിൽ സംഘർഷം അനുഭവിക്കുന്നുണ്ട്. പല പുരുഷന്മാരെയും വിഷാദരോഗത്തിലേക്ക് തള്ളിവിടുന്നതിന് ഈ സ്ട്രെസ് കാരണമാകാം. ഇത് വായിക്കുന്ന നിങ്ങൾ ഒരു പുരുഷനാണെങ്കിൽ ഒരു ചെറിയ ചിന്താപരീക്ഷണം തരാം. നിങ്ങൾ വീട്ടിൽ ചെന്ന്, അടുത്ത ഒരു വർഷം ജോലിയിൽ നിന്ന് ശമ്പളരഹിത ലീവ് എടുക്കുകയാണെന്നും, എന്നിട്ട് ഒരു ജോലിയും ചെയ്യാതെ വീട്ടിൽ ഇരിക്കുകയാണെന്നും പറയുന്നതായി സങ്കൽപ്പിക്കുക. ഒരുമാതിരിപ്പെട്ട വീട്ടുകാരൊക്കെ ഈ ഐഡിയയെ ഉറപ്പായും എതിർക്കും. നിങ്ങൾക്ക് പത്ത് വർഷങ്ങൾ ജീവിക്കാനുള്ള സമ്പാദ്യം കയ്യിലുണ്ടെങ്കിൽ കൂടിയും നിങ്ങളെ വാലിനു തീപിടിച്ചതുപോലെ പണിയെടുപ്പിക്കാനാണ് പാട്രിയാർക്കിക്ക് താല്പര്യം. അതേസമയം, സ്ത്രീകൾക്ക് ഇത്തരത്തിൽ പ്രശ്നങ്ങളൊന്നുമില്ല. ജീവിതകാലം മുഴുവനും ജോലി ചെയ്യുന്നില്ല എന്ന് തീരുമാനിക്കുകയാണെങ്കിൽ കൂടിയും വീട്ടുകാർ അവരുടെ തീരുമാനങ്ങളെ അംഗീകരിക്കുകയോ, ചിലപ്പോൾ സ്വാഗതം ചെയ്യുകയോ ചെയ്യും.

പാട്രിയാർക്കി കാരണം ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ കൂടുതൽ കൂടുതൽ പുരുഷന്മാർ മനസിലാക്കി വരുന്നുണ്ട്. പക്ഷെ, പരസ്യമായി ഫെമിനിസം പറയാൻ ഇവർക്കാകുന്നില്ല. ഫെമിനിസം സംസാരിക്കുന്ന പുരുഷന്മാർ സ്ത്രീകളുടെ അടിപ്പാവാട കഴുകുന്നവരാണെന്നും, ഭാര്യമാർക്ക് കീഴ്പ്പെട്ട് ജീവിക്കുന്നവരാണെന്നും ഉള്ള ധാരണ സമൂഹം ഉണ്ടാക്കിവച്ചിട്ടുള്ളതുകൊണ്ടാണിത്. അതുകൊണ്ട് തന്നെ, ബുദ്ധിജീവി ഇമേജ് ഉള്ള പുരുഷന്മാർക്ക് മാത്രമേ ഫെമിനിസം സംസാരിക്കാൻ പറ്റൂ എന്ന അവസ്ഥയുണ്ട്. ഫെമിനിസത്തെ പുരുഷന്മാരുടെ ഇടയിലും പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. പലർക്കും പാട്രിയാർക്കി ഒരു പ്രശ്നമാണെന്നു പോലും അറിയില്ല എന്നതുകൊണ്ടാണിത്. കഴിഞ്ഞ പോസ്റ്റുകളിൽ പറഞ്ഞത് പോലെ, അധികാരസ്ഥാനങ്ങളിൽ ഭൂരിഭാഗവും പുരുഷന്മാരുടെ കയ്യിലാണെന്നതുകൊണ്ട്, പുരുഷന്മാരുടെ സഹവർത്തിത്വത്തോടു കൂടി മാത്രമേ പാട്രിയാർക്കൽ സംസ്കാരത്തെ തുടച്ച് നീക്കാനാകൂ.

 

* പൾപ്പ് ഗവേഷണങ്ങളെ ഞാൻ സാധാരണ അവഗണിക്കാറാണ് പതിവ്. എങ്കിലും ഈ അവസരത്തിൽ അല്പം ശാസ്ത്രം നല്ലതായിരിക്കും എന്ന് തോന്നി എന്നതുകൊണ്ട് ഉപയോഗിച്ചു എന്ന് മാത്രം. സ്ത്രീ-പുരുഷ ആകർഷണത്തെക്കുറിച്ച് ആധികാരികമായ പഠനങ്ങൾ വളരെ കുറച്ച് മാത്രമേ നടന്നിട്ടുള്ളൂ എന്നതുകൊണ്ട് ഒന്നും ഉപസംഹരിച്ചെടുക്കാൻ കഴിയില്ല എന്ന് ഓർക്കുമല്ലോ.


ഈ സീരീസിലെ വെടി തീർന്ന പോസ്റ്റുകൾ :

1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?

2. ഏത് വിഷയത്തിൽ പി.ജി എടുക്കണം?

3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്?

4. ഡോക്ടർ ചിന്തിക്കുന്നത് എങ്ങനെയാണ്?

5. വ്യാജഡോക്ടർമാർ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?

6. ഡോക്ടർമാർക്ക് ചില വ്യത്യസ്ത ജോലിസാധ്യതകൾ

7. ആരെയാണ് ശരിക്കും സൂക്ഷിക്കേണ്ടത്?

8. ഫയാസിനു ബ്ലഡ് കൊടുക്കണോ ഡോക്ടർ? 

9. ഇന്ന് തലവേദനയാണ് ചേട്ടാ!

10. ഐ.സി.യു വിൽ പ്രവേശിപ്പിച്ചതുകൊണ്ടാണോ മരിച്ചു പോകുന്നത്?

11. ലേഡി ഡോക്ടർ ഇല്ലാത്ത കാലം (ഭാഗം 1), (ഭാഗം 2)

ലേഡി ഡോക്ടർ ഇല്ലാത്ത കാലം (ഭാഗം 1)

ഈ പോസ്റ്റ് മെഡിക്കൽ വിദ്യാർത്ഥികൾക്കു വേണ്ടിയിട്ടുള്ളതാണ്. പ്രത്യേകിച്ചും സ്ത്രീകൾക്കും പെൺകുട്ടികൾക്കും. മെഡിക്കൽ വിദ്യാഭ്യാസത്തിലുടനീളം ഒളിഞ്ഞും തെളിഞ്ഞും കാണപ്പെടുന്ന സ്ത്രീവിരുദ്ധതയെ എങ്ങനെ നേരിടാം എന്നതാണ് ഈ പോസ്റ്റിൻ്റെ കാതൽ. എൻ്റെ അനുഭവത്തിൽ നിന്നും, വായനയിൽ നിന്നും, യാത്രകളിൽ നിന്നും മനസിലാക്കിയ കാര്യങ്ങളാണ് ഈ പോസ്റ്റിൽ ഉള്ളത്. കോളേജിൽ പഠിക്കുന്ന സമയത്ത് ഈ ബ്ലോഗ് പോസ്റ്റ് എഴുതാനുള്ള ധൈര്യം എനിക്ക് ഉണ്ടാകില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഉരുളയ്ക്കുപ്പേരി മറുപടി കൊടുക്കാൻ അറിയാവുന്നതുകൊണ്ടും, ഈ വിഷയത്തിൽ കൂടുതൽ ക്ലാരിറ്റി ഉണ്ടായി വന്നതുകൊണ്ടും, പൊതുവിൽ സ്ത്രീകളോടുള്ള സമീപനത്തിൽ ചെറുതെങ്കിലും നല്ല മാറ്റങ്ങൾ വന്നതുകൊണ്ടും, ആവശ്യത്തിന് സമയം ഉള്ളതുകൊണ്ടും ഇത്തരം ഒരു പോസ്റ്റ് എഴുതുക ഇപ്പോൾ കുറച്ചുകൂടി എളുപ്പമാണ്.

ബേസിക്സിൽ നിന്നു തന്നെ തുടങ്ങാം. പെൺകുട്ടികളെ സ്വാതന്ത്ര്യം കൊടുക്കാതെ നിയന്ത്രിച്ച് നിർത്തുന്നവരിൽ സ്ത്രീകളും ഉണ്ടല്ലോ. അപ്പോൾ പുരുഷന്മാരല്ലല്ലോ യഥാർത്ഥ പ്രശ്നക്കാർ, സ്ത്രീകളും സ്ത്രീവിരുദ്ധത വളർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നില്ലേ? എന്നാണ് ചിലരുടെ മില്യൺ ഡോളർ ചോദ്യം. സ്ത്രീവിരുദ്ധതയെ സ്ത്രീകളുടെ തന്നെ പ്രശ്നമാക്കി അവതരിപ്പിച്ചാൽ ഇവർ നടത്തിവരുന്ന സ്ത്രീവിരുദ്ധതയെ റദ്ദ് ചെയ്യാമെന്നാണ് ഇവർ ചിന്തിച്ച് വച്ചിരിക്കുന്നത്. വർഷങ്ങളായി പാട്രിയാർക്കൽ സമൂഹത്തിൽ ജീവിച്ചതിൻ്റെ ഫലമായി ആ സിസ്റ്റത്തിനോട് യോജിച്ച് ജീവിക്കാൻ പഠിച്ച സ്ത്രീകൾ ഒന്നാന്തരം സ്ത്രീവിരുദ്ധരാകുന്നത് സ്വാഭാവികമാണ്. ഇവരിൽ ചിലർക്ക് സ്ത്രീവിരുദ്ധ ചട്ടങ്ങൾ പാലിച്ചതുകൊണ്ട് ആനുകൂല്യങ്ങളും കിട്ടിയിരിക്കണം. ഉദാഹരണത്തിന്, കുടുംബത്തിൻ്റെ തീരുമാനത്തിനു വഴങ്ങി വിവാഹം ചെയ്തതുകൊണ്ട് കുടുംബക്കാരുടെ മമതയും പ്രതിപത്തിയും കിട്ടിയിരിക്കണം. അതേസമയം, സ്വന്തം നിലയിൽ പങ്കാളിയെ കണ്ടെത്തിയ പെൺകുട്ടിക്ക് കുടുംബക്കാർ വരുത്തിവച്ച പ്രശ്നങ്ങൾ കണ്ട് അതിൽ നിന്ന് പാഠം ഉൾക്കൊണ്ടിട്ടുണ്ടാവണം. ഇങ്ങനെ, സമൂഹം തരുന്ന ‘സ്വഭാവ സർട്ടിഫിക്കറ്റ്’ കയ്യിലുള്ളതുകൊണ്ട് ഉണ്ടായ ഗുണങ്ങളുടെ പരിണിത ഫലം അനുഭവിച്ച് വരുന്ന ആരും സ്വന്തം വീട്ടിലെ പെൺകുട്ടികളെയും ഇത്തരത്തിൽ സ്വഭാവ സർട്ടിഫിക്കറ്റ് നേടാൻ ട്രെയിൻ ചെയ്തെടുക്കും എന്നതിൽ അതിശയോക്തിയൊന്നുമില്ല. ഇത്തരം സ്തീകളോട് പണ്ട് എനിക്ക് ദേഷ്യമായിരുന്നെങ്കിലും ഇപ്പോൾ സഹതാപമേ ഉള്ളൂ.

ഇങ്ങനെ സ്വഭാവസർട്ടിഫിക്കറ്റുകൾ വാരിക്കൂട്ടി കുലസ്ത്രീ ആകുന്നതാണോ, ആരെയും കൂസാതെ സ്വന്തം താല്പര്യങ്ങൾ മാത്രം പരിഗണിച്ച് ‘ചന്തപ്പെണ്ണ്’ ലേബൽ വാങ്ങിയെടുക്കുന്നതാണോ നല്ലത്*? കേരളത്തിൽ കുലസ്ത്രീകളാണ് കൂടുതലും. ഇക്കാര്യത്തിൽ ഞാൻ ഒരു മധ്യവർത്തി പാതയാണ് സ്വീകരിച്ചിട്ടുള്ളത്. നമുക്ക് മാറ്റങ്ങൾ വരുത്താൻ കഴിയുന്ന മേഖലകളിൽ മാറ്റങ്ങൾക്ക് വേണ്ടി പോരാടുകയും, ചെയ്യാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും, അറിയാതെയെങ്കിലും ചെയ്തുപോയ സ്ത്രീവിരുദ്ധ പ്രവർത്തികൾ തിരുത്തുകയും, സ്ത്രീപക്ഷചിന്തയെക്കുറിച്ച് പുതിയ കാര്യങ്ങൾ പഠിക്കുകയും, മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നതാണ് എൻ്റെ രീതി. ഇത് അത്ര എളുപ്പമുള്ള പണിയല്ല. ഇതിൻ്റെ പേരിൽ പലരും ഒറ്റപ്പെടുത്തുകയും, ‘ചന്തപ്പെണ്ണ്’ പട്ടം ചാർത്തിത്തരികയും ചെയ്യും. ഈയടുത്തായി എൻ്റെ മാനസികസ്വാസ്ഥ്യത്തെ അപഹരിക്കുന്ന രീതിയിലുള്ള ഒന്നും ഞാൻ ചെയ്യാറില്ല. അതുകൊണ്ട് തന്നെ, സ്വന്തം ആരോഗ്യത്തെയും, സ്വസ്ഥതയെയും അവഗണിച്ചും സ്ത്രീപക്ഷ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരോട് എനിക്ക് വലിയ ബഹുമാനമുണ്ട്.

കുലസ്ത്രീകൾ ലോകത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്ന് മാത്രമല്ല, പാട്രിയാർക്കൽ മൂല്യങ്ങൾ പിൻ തലമുറകൾക്ക് കൈമാറുന്നതിലൂടെ ലോകത്തെ പിന്നോട്ട് നടത്തിക്കുകയും ചെയ്തിട്ടുണ്ട്. ചന്തപ്പെണ്ണ് ലേബൽ വാങ്ങാത്ത ഒരു സ്ത്രീ പോലും ജീവിതത്തിൽ സ്വന്തം ആഗ്രഹങ്ങൾക്കൊത്ത് ജീവിച്ചിട്ടോ, സൃഷ്ടിപരമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടോ ഇല്ല. സാനിയ മിർസ മുതൽ റിമ കല്ലിങ്കൽ വരെയുള്ള സ്ത്രീകൾ ‘ചന്തപ്പെണ്ണ്’ ലേബലിനെ കൂസാതെ തങ്ങളുടെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞവരും, അതോടെ തങ്ങളുടെ പിൻതലമുറയിലുള്ള സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ തുറന്നു കൊടുത്തവരും ആണ്. പാട്രിയാർക്കിയുടെ മൂടും താങ്ങി നടക്കുന്ന കുലസ്ത്രീകളെ കാലക്രമേണ ചരിത്രം മായ്ച്ച് കളയുമ്പോൾ, പിൽക്കാലത്ത് ഓർക്കപ്പെടുന്നത് ഒറ്റയാൾ പോരാട്ടത്തിലൂടെയാണെങ്കിലും സ്ത്രീപക്ഷത്തിനു വേണ്ടി ഉറച്ച നിലപാട് എടുത്തവരെയായിരിക്കും. സതി നിർത്തലാക്കിയ രാജാ റാം മോഹൻ റോയ് ബഹുമാനത്തോടെ ഓർക്കപ്പെടുകയും, സതി തങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് സർക്കാറിന് പെറ്റീഷൻ കൊടുത്ത ഊളകളുടെ പേരുകൾ ഗൂഗിൾ സെർച്ചിലെ മുപ്പതാം പേജിൽ പോലും തിരഞ്ഞാൽ കിട്ടാതാകുകയും ചെയ്തല്ലോ. അതുകൊണ്ട്, ഇന്ന് നേരിടേണ്ടി വരുന്ന പ്രതിരോധം നാളെ നിങ്ങൾക്കുണ്ടാക്കാനാവുന്ന മാറ്റങ്ങളുമായി തുലനം ചെയ്ത് നോക്കുമ്പോൾ വളരെ ചെറുതാണെന്ന് ഓർക്കുക.

മെഡിക്കൽ എൻട്രൻസിൽ ഉയർന്ന റാങ്ക് നേടി എം.ബി.ബി.എസിനു അഡ്മിഷൻ നേടിയെടുക്കുക എന്നത് വളരെയധികം അധ്വാനം ആവശ്യമുള്ള കാര്യമാണെന്ന് അറിയാമല്ലോ. നമ്മളിൽ ചിലരെങ്കിലും ഇത്രയും അധ്വാനിക്കാൻ കാരണം ജീവിതാനുഭവങ്ങളായിരിക്കും. സ്വന്തമായി വരുമാനമില്ലാത്ത സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ അറിയുന്നതുകൊണ്ട് നമുക്കും ജോലിയില്ലാതാകുമോ എന്ന പേടി, അനിയന് എല്ലാ പരിഗണനയും കൊടുക്കുമ്പോൾ നമുക്കും എന്തെങ്കിലും ചെയ്ത് പരിഗണന പിടിച്ചു പറ്റണം എന്ന ആഗ്രഹം, മെഡിസിന് ചേർന്നാൽ വീട്ടുകാർ അത്ര പെട്ടെന്ന് ‘കെട്ടിച്ച് വിടാൻ’ വീട്ടുകാർ തയ്യാറാവില്ല എന്ന ബോധ്യം, സ്ത്രീകൾക്ക് ഏറ്റവും ബഹുമാനം കിട്ടുന്ന ജോലിയാണ് മെഡിസിൻ എന്ന വിചാരം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടാകാം നമ്മൾക്ക് മെഡിക്കൽ എൻട്രൻസിനു വേണ്ടി അധ്വാനിച്ച് പഠിക്കാൻ താല്പര്യമുണ്ടായത്. ഇതൊന്നും നമ്മൾ ബോധപൂർവ്വം ചിന്തിക്കുന്നതായിരിക്കില്ല. അബോധമനസ്സിലുള്ള ഇത്തരം ചിന്തകളായിരിക്കണം നമ്മെ പഠിക്കാൻ മുന്നോട്ട് നയിച്ച പ്രധാന ഘടകം. ഇനി അഡ്മിഷൻ കിട്ടി ജിപ്മർ, എയിംസ് എന്നിവിടങ്ങളിൽ സെലക്ഷൻ കിട്ടിയാൽ “പെൺകുട്ടിയെ എങ്ങനെ ദൂരേക്ക് വിടും” എന്ന ആധിയുള്ള കുടുംബക്കാർ കാരണം അവിടങ്ങളിൽ പഠിക്കാൻ പോകാൻ കഴിഞ്ഞെന്നു വരില്ല. എൻ്റെ അഭിപ്രായം എങ്ങനെയെങ്കിലും അവരെ സമ്മതിപ്പിച്ചോ, ഒരു രക്ഷയുമില്ലെങ്കിൽ പിണങ്ങിയോ അങ്ങോട്ട് പോകണം എന്നാണ്. ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കാനും, പുതിയ സംസ്കാരം മനസിലാക്കാനും, യാത്ര ചെയ്യാനുമൊക്കെ അവസരം കിട്ടുന്നത് പുറത്ത് പഠിക്കാൻ പോകുമ്പോഴാണ്. ക്ലാസിലുള്ള എല്ലാവരെയും ആവറേജ് സ്വഭാവത്തിലേക്ക് കൊണ്ടുവരാൻ മലയാളികൾക്കുള്ളത്ര ത്വര മറ്റ് സംസ്ഥാനക്കാർക്കില്ല. വസ്ത്രധാരണത്തിലുള്ള റെസ്ട്രിക്ഷനുകളും പുറത്ത് കുറവാണ്. പുറത്ത് പഠിച്ചതുകൊണ്ട് കിട്ടുന്ന ധൈര്യവും, ലോകപരിചയവും, സുഹൃദ്ബന്ധങ്ങളുമൊക്കെ ഭാവിയിലേക്കുള്ള മുതൽക്കൂട്ടാണ്. മറുനാട്ടിലെ കോളേജിൽ എത്തിക്കഴിഞ്ഞാൽ പുതിയ ഭാഷ, സംസ്കാരം ഒക്കെ ആദ്യമായി കാണുമ്പോൾ പെട്ടെന്ന് ഉൾക്കൊള്ളാനായി എന്നു വരില്ല. തിരിച്ച് പോയി നാട്ടിൽ തന്നെ പഠിക്കുന്നതായിരുന്നു ഭേദം എന്നും പലവട്ടം തോന്നിയേക്കാം. എങ്കിലും പിടിച്ചു നിൽക്കണം. ഈ അനുഭവങ്ങൾ പിൽക്കാലത്ത് നിങ്ങളെ ശക്തരാക്കും. എൻ്റെ അനുഭവം പറയാം. ആറാം ക്ലാസിൽ പോകുമ്പോൾ അത്തയുടെ (പിതാവിനെ അങ്ങനെയാണ് വിളിക്കുന്നത്) ജോലിസംബന്ധമായി കർണ്ണാടകത്തിൽ താമസിക്കേണ്ടി വന്നു. കന്നഡ ഒന്നാം ഭാഷയായി പഠിക്കേണ്ടിവന്നു. ഹിന്ദി മൂന്നാം ഭാഷയായും. അന്ന് വളരെ കഷ്ടപ്പെട്ടിട്ടാണെങ്കിലും രണ്ട് ഭാഷകളും പഠിച്ചെടുത്തു. പുതിയ കൂട്ടുകാരെ ഉണ്ടാക്കിയെടുത്തു. ഒൻപതാം ക്ലാസ് വരെ അവിടെ പഠിച്ചതുകൊണ്ട് കന്നഡ നന്നായും, ഹിന്ദി മോശമില്ലാതെയും വഴങ്ങും. അതിനു ശേഷം ഇന്ത്യയിൽ എവിടെച്ചെന്നും ജീവിക്കാമെന്ന ധൈര്യവും കൂടെ കിട്ടി. ഇപ്പോൾ സ്വീഡനിലായതുകൊണ്ട് സ്വീഡിഷ് ഭാഷ പഠിക്കുന്നുണ്ട്. പുതിയ ഒരു ഭാഷ സ്വായത്തമാക്കാൻ കഴിയും എന്ന ആത്മവിശ്വാസം ഇപ്പോൾ ഉള്ളത് പണ്ടത്തെ കന്നഡ അനുഭവത്തിൽ നിന്നും പഠിച്ചതുകൊണ്ടാണ്. സ്വീഡിഷ് വലുതായൊന്നും അറിയില്ലെങ്കിലും അറിയുന്ന വാക്കുകൾ ഒക്കെ വച്ച് സംസാരിക്കാൻ സങ്കോചമില്ലാതായതും ഇതേ അനുഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ്.

36277434_1958074157537641_2667984167597244416_o
സ്വീഡിഷ്. റിമ കല്ലിങ്കലിനെക്കുറിച്ചെഴുതിയ കുറിപ്പ്. സ്വീഡിഷ് ക്ലാസിലെ അസൈന്മെൻ്റിനു വേണ്ടി തയ്യാറാക്കിയത്.

കേരളത്തിൽ അഡ്മിഷൻ നേടി വരുന്നത് സമത്വസുന്ദരമായ കോളേജിലേക്കാണെന്നൊന്നും വിചാരിക്കരുത്. ഞാൻ പഠിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജിലാണ്. ഏതൊരു സ്ഥാപനത്തിലും സ്ത്രീകൾക്ക് തുല്യപരിഗണന കിട്ടുന്നുണ്ടോ എന്നതിൻ്റെ പരോക്ഷസൂചകം അവിടത്തെ അധികാരശ്രേണിയിൽ സ്ത്രീകൾക്ക് എത്രമാത്രം പ്രാതിനിധ്യം ഉണ്ട് എന്നത് നോക്കുകയാണ്. ഒരു തൊടിയിൽ നിന്ന് എത്ര തേങ്ങകൾ കിട്ടും എന്നതിൻ്റെ പരോക്ഷസൂചകമായി അവിടത്തെ തെങ്ങുകളുടെ എണ്ണം എടുക്കുന്നതുപോലെയാണിത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ വൈസ് പ്രസിഡൻ്റ്, ജോയിൻ്റ് സെക്രട്ടറി എന്നീ സ്ത്രീകൾക്ക് സംവരണം ചെയ്തിട്ടുള്ള പോസ്റ്റുകൾ ഒഴിച്ചാൽ ബാക്കി എല്ലാ പോസ്റ്റുകളും ആൺകുട്ടികൾ തന്നെയാണ് പിടിച്ചടക്കാറ്. ഇതിന് ആകെയുള്ള അപവാദം കോളേജിൻ്റെ അറുപത് വർഷത്തെ ചരിത്രത്തിൽ ആദ്യമായി ശ്രേയ സലീം എന്ന പെൺകുട്ടി മാഗസിൻ എഡിറ്ററായി വിജയിച്ചതാണ്. പെൺകുട്ടികൾക്ക് ജോലി അറിയില്ല എന്നതാണ് അവരെ അധികാരസ്ഥാനങ്ങളിൽ നിന്ന് മാറ്റി നിർത്താൻ വേണ്ടി സ്ഥിരം ഉപയോഗിക്കുന്ന വാദം. അവസരം കൊടുത്താലല്ലേ ജോലി ചെയ്ത് കാണിക്കാൻ പറ്റുകയുള്ളൂ എന്നതാണ് എൻ്റെ മറുചോദ്യം. സ്ത്രീകൾക്ക് പ്രവർത്തിക്കാൻ അറിയാത്തതാണോ, അതോ സ്ത്രീയായതുകൊണ്ട് അവരെ പ്രവർത്തിക്കാൻ അനുവദിക്കാത്തതാണോ എന്നതും ചിന്തിക്കേണ്ടതാണ്. ശ്രേയ എഡിറ്ററായി പുറത്തിറക്കിയ തുടൽ എന്ന കോളേജ് മാഗസിൻ മനോരമയുടെ അവാർഡ് നേടി. ആർത്തവശുചിത്വത്തിനും, സ്ത്രീപക്ഷ ചിന്തകൾക്കും ക്യാമ്പസിൽ സ്വീകാര്യത വാങ്ങിക്കൊടുത്തത് ശ്രേയയാണ്. കോളേജിലും, ഹോസ്റ്റലിലും പെൺകുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ‘വെറും സ്ത്രീപ്രശ്നങ്ങൾ’ എന്ന രീതിയിൽ തഴയപ്പെടാതെ, മുഖ്യധാരാ പ്രശ്നങ്ങളാക്കി അവതരിപ്പിക്കാനും ശ്രേയയ്ക്ക് സാധിച്ചു. ലക്ചർ ഹാളിൽ മൈക്കുമെടുത്ത്, “ഗേൾസിനെ ബാച്ച് റെപ്രസൻ്റേറ്റീവ് ആയി വിജയിപ്പിക്കാൻ ഞങ്ങളെന്താ ശിഖണ്ഡികളാണോ” എന്നൊക്കെ വലിയവായിൽ ട്രാൻസ്-സ്ത്രീ വിരുദ്ധത പറയുന്ന ആൺസിംഹങ്ങളുടെ കുറ്റിയറ്റു. ഒരൊറ്റ പെൺകുട്ടി അധികാരസ്ഥാനത്തിലെത്തിയപ്പോൾ തന്നെ ഇത്തരം ആശാവാഹമായ മാറ്റങ്ങൾ ഉണ്ടായെങ്കിൽ, കൂടുതൽ സ്ത്രീകൾക്ക് അധികാരം കൊടുക്കേണ്ടതിൻ്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. കാലാകാലങ്ങളായി അധികാരശ്രേണിയിൽ പിന്തള്ളപ്പെട്ടുപോയ പെൺകുട്ടികൾ തങ്ങളുടെ സർഗാത്മകതയും ഊർജ്ജവും മൈലാഞ്ചിയിടലിലും, റെക്കോർഡെഴുത്തിലും, പാചകത്തിലും, വിക്കിപീഡിയയിലും, നൃത്തത്തിലുമൊക്കെ ചിലവഴിക്കുന്നതുകൊണ്ട് അവർക്ക് അതുമാത്രമേ കഴിയൂ എന്നും വിചാരിക്കരുത്. ഒരു ഏകദേശക്കണക്കെടുത്ത് നോക്കിയാൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ വോട്ടർമാരിൽ പകുതിയിൽ അധികവും പെൺകുട്ടികളായിരിക്കും. അതുകൊണ്ട് പെൺകുട്ടികൾ, സ്ത്രീകളായ സ്ഥാനാർത്ഥികൾക്ക് മാത്രമേ വോട്ട് ചെയ്യുകയുള്ളൂ എന്ന നിലപാട് എടുത്താൽ ഈസിയായി സ്ത്രീകളെ യൂണിയനിലേക്ക് വിജയിപ്പിക്കാവുന്നതേ ഉള്ളൂ. സ്ത്രീ സ്ഥാനാർത്ഥികൾക്ക് വേണ്ടി ശക്തമായ ആവശ്യം ബാച്ചുകൾക്കകത്ത് നിന്ന് ഉണ്ടായാൽ മനസില്ലാമനസോടെയാണെങ്കിലും പാർട്ടികളും കൂടുതൽ പെൺകുട്ടികളെ സ്ഥാനാർത്ഥികളാക്കും. ഒരു പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് യൂണിയൻ ചെയർപേഴ്സൺ ആകുന്ന കാലമാണ് എൻ്റെ സ്വപ്നം. ഇങ്ങനെ സംഭവിച്ചാൽ കോളേജ് പൊളിറ്റിക്സിൻ്റെ പേരിൽ നടക്കുന്ന അടിപിടി, പൊതുമുതൽ നശിപ്പിക്കൽ എന്നിവ ഇല്ലാതാകും എന്നത് ഉറപ്പാണ്. ഈ സ്ത്രീനേതാക്കളിൽ നിന്ന് മാതൃക ഉൾക്കൊണ്ട് കൂടുതൽ പെൺകുട്ടികൾ നേതൃത്വരംഗത്തേക്ക് വരികയും, അതുവഴി നേതൃസ്ഥാനങ്ങളിൽ സ്ത്രീകൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുകയും ചെയ്യും. കോളേജ് പൊളിറ്റിക്സിലൊക്കെ എന്തിരിക്കുന്നു, പെൺകുട്ടികളും ആൺകുട്ടികളും ഇതിൻ്റെ പേരിൽ സമയം കളയണോ എന്നൊക്കെ വേണമെങ്കിൽ അമ്മാവന്മാർക്ക് ചോദിക്കാം. വിദ്യാർത്ഥിരാഷ്ട്രീയത്തിൽ നിന്നും പഠിച്ച ജീവിത പാഠങ്ങൾ ഭാവിജീവിതത്തിൽ വിലപ്പെട്ടതാണെന്നും, കുട്ടികളെ ആട്ടിൻപറ്റം കണക്കെ വളർത്തിയാൽ അവർ ഭാവിജീവിതത്തിൽ സാമൂഹ്യബോധമില്ലാത്തവരും, സ്വന്തം കാര്യം മാത്രം നോക്കി കഴിഞ്ഞ് കൂടുന്നവരും, ജീവിതത്തിൽ നിർണ്ണായക തീരുമാനങ്ങൾ എടുക്കാൻ കഴിവില്ലാത്തവരും, പ്രതിസന്ധികളെ അതിജീവിക്കാൻ പറ്റാത്തവരും ആയി മാറുമെന്നാണ് എനിക്ക് തോന്നുന്നത്. കോളേജ് രാഷ്ട്രീയം എന്നാൽ വെട്ടും കുത്തുമാണെന്ന ഇമേജ് ഇല്ലാതാവണമെങ്കിൽ സ്ത്രീകൾ രാഷ്ട്രീയത്തിലിറങ്ങേണ്ടത് അനിവാര്യമാണ്.

ഇനിയും ഉദാഹരണങ്ങളുണ്ട്. നിപ്പ വൈറസ് പ്രതിരോധപ്രവർത്തനങ്ങളുടെ ഏകോപനത്തിൽ നിർണ്ണായകമായ നേതൃത്വനിരയിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ആരോഗ്യമന്ത്രി ഷൈലജ ടീച്ചർ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. സരിത, നോഡൽ ഓഫീസർ ഡോ. ചാന്ദ്നി എന്നിവരിൽ തുടങ്ങി, നേഴ്സുമാർ, നഴ്സിങ് അസിസ്റ്റൻ്റുമാർ എന്നിവരിലൊക്കെയും ഭൂരിപക്ഷം സ്ത്രീകൾ തന്നെയായിരുന്നു**. ജീവൻ പണയം വച്ചും ഇത്രയൊക്കെ ഭംഗിയായി കർത്തവ്യം നിർവ്വഹിക്കുന്ന സ്ത്രീകൾ ഉണ്ടായിട്ടും പലർക്കും സ്ത്രീകളെ നേതൃത്വനിരയിൽ കാണുന്നത് അലർജിയാകുന്നത് ഇതുവരെ അവർ ആൺമേൽക്കോയ്മയിലൂടെ അനുഭവിച്ച സൗകര്യങ്ങൾ തകർന്ന് തരിപ്പണമാകുമോ എന്ന് ഭയന്നിട്ടാണ്. സ്ത്രീകൾ മാറ്റിനിർത്തപ്പെട്ടതുകൊണ്ട് വലിയ കഴിവില്ലാത്ത ആണുങ്ങൾക്കും നേതാക്കളാകാനുള്ള അവസരം ഉണ്ട്.  ഇങ്ങനെ ഉള്ളിൻ്റെയുള്ളിൽ തങ്ങൾ കഴിവില്ലാത്തവരാണോ എന്ന പേടിയും കൊണ്ട് നടക്കുന്നവരാണ് സ്ത്രീകളെ പാർശ്വവൽക്കരിക്കുന്ന പുരുഷന്മാരിൽ പ്രധാനികൾ. ഇനി പൊതുപരിപാടികളുടെ കാര്യമെടുക്കാം. സ്റ്റേജിൽ ഇരിക്കുന്നവർ മുഴുവൻ പുരുഷന്മാരായിരിക്കും. പ്രാർത്ഥന പാടാനും, താലം പിടിക്കാനും, ബൊക്ക കൊടുക്കാനും പെൺകുട്ടികളും. സ്റ്റേജിലിരിക്കാനുള്ള അർഹത നേടിയ ഒരു സ്ത്രീ പോലുമില്ലല്ലോ എന്നൊക്കെ വേണമെങ്കിൽ വെല്ലുവിളിക്കാം. സ്റ്റേജിലിരിക്കാൻ സ്ത്രീക്ക് അർഹത നേടാൻ കഴിഞ്ഞില്ല എന്നത് ശരിയല്ല, സ്ത്രീ ആയിപ്പോയതുകൊണ്ട് സ്റ്റേജിൽ അവർക്ക് സ്ഥാനം ലഭിച്ചില്ല എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി. “നീ സ്റ്റേജിലിരിക്കണ്ട” എന്ന് പുരുഷന്മാർ കടുപ്പിച്ച് പറഞ്ഞതുകൊണ്ട് അർഹത നേടാൻ കഴിയാത്തവർ  ചുരുക്കമേ ഉണ്ടാകുകയുള്ളൂ. എന്നാൽ പ്രത്യക്ഷവും പരോക്ഷവുമായി സ്ത്രീകളെ നേതൃത്വനിരയിൽ വരുന്നതിൽ നിന്നും തടയുന്ന ചെറിയ ചെറിയ കാര്യങ്ങളുടെ ആകെത്തുകയായി സംഭവിക്കുന്നതാണ് വേദിയിലെ സ്ത്രീകളുടെ അസാന്നിധ്യം. ചെറുപ്പം മുതൽ കിട്ടിവരുന്ന സോഷ്യൽ കണ്ടീഷനിങ്ങിൻ്റെ ഭാഗമായി സംഭവിക്കുന്നതാണിത്. പെൺകുട്ടികൾക്ക് ആവശ്യമില്ലാത്ത നിയന്ത്രണങ്ങൾ വച്ചും, അവരെ രണ്ടാം കിട പൗരന്മാരായി കാണുന്ന സംസ്കാരം അടിച്ചേൽപ്പിച്ചും, അസൗകര്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കാൻ പഠിപ്പിച്ചും ഒതുക്കിയെടുക്കുന്നത് കൊണ്ടാണ് ചില പെൺകുട്ടികൾക്ക് നേതൃനിരയിലേക്ക് വരാനുള്ള ആർജവവും, ആഗ്രഹവും ഇല്ലാത്തത്. അതുകൊണ്ടുതന്നെ, പെൺകുട്ടികൾക്ക് നേതൃത്വനിരയിലേക്ക് വരാൻ താല്പര്യമില്ല എന്ന് പലരും ഒഴുക്കിൽ അങ്ങ് പറഞ്ഞ് വിടുന്നത് ഈ പ്രശ്നത്തിനെ സമഗ്രമായ രീതിയിൽ കാണാൻ സാധിക്കാത്തതുകൊണ്ടാണ്. ഇവർ വിചാരിക്കുന്നത് ഒറ്റയടിക്ക് പക്ഷിയുടെ ചിറകരിഞ്ഞ് വിടുന്നതുപോലെയാണ് പാട്രിയാർക്കൽ സംസ്കാരം പ്രവർത്തിക്കുന്നത് എന്നാണ്. അത് ശരിയല്ല. ചിറക് ഇഞ്ചിഞ്ചായി ദിവസവും ട്രിം ചെയ്തെടുക്കുന്ന പോലെയാണ് പാട്രിയാർക്കിയുടെ പ്രവർത്തനം. അതുകൊണ്ട് ആഗ്രഹമില്ലാതായിപ്പോയ പെണ്ണുങ്ങൾ ഉണ്ടാവുന്നത് അവർ വ്യവസ്ഥിതിയുടെ ഇരകളായതുകൊണ്ട് മാത്രമാണ്. ആഗ്രഹമില്ലായ്മ ഞങ്ങളുടെ ചോയ്സാണ് എന്നൊക്കെ ശക്തിയുക്തം വാദിക്കുന്ന സ്ത്രീകളോട് സഹതാപമേ എനിക്കുള്ളൂ. റെഡി റ്റു വെയിറ്റുകാർ ഈ കാറ്റഗറിയിൽ പെടുന്നവരാണ്. നിങ്ങളുടെ ചോയ്സുകൾ ഉണ്ടായി വന്നത് ഏത് സാമൂഹിക പശ്ചാത്തലത്തിലാണെന്നതും ആലോചിച്ച് നോക്കിയാൽ പിടികിട്ടുന്ന കാര്യമാണ്. ഉദാഹരണത്തിന്, മുസ്ലീം സ്ത്രീകളല്ലാത്ത ആരും പർദ്ദ എന്ന ചോയ്സിനെക്കുറിച്ച് ചിന്തിക്കുന്നുപോലുമുണ്ടാവില്ലല്ലോ.

പാട്രിയാർക്കി രണ്ട് രീതിയിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് നാം കണ്ടു. കഴിവുള്ള സ്ത്രീകളെ അധികാരത്തിൽ നിന്നും മാറ്റിനിർത്തിയും, മറ്റ് സ്ത്രീകളെ നിരന്തരമുള്ള ചിറകരിയലിലൂടെ ആഗ്രഹവും, ആർജ്ജവവും, നൈപുണ്യവും ഇല്ലാത്തവരാക്കി മാറ്റിയും. പക്ഷെ പറഞ്ഞ് വന്നത് പല വേദികളിലും സ്ത്രീസാന്നിധ്യമില്ലാത്തതിനെക്കുറിച്ചാണ്. സ്ത്രീകളുടെ നിലപാടുകളും കൂടി കേഴ്വിക്കാർ പരിഗണനയിൽ എടുക്കണമെങ്കിൽ സ്ത്രീകളും വേദികളിൽ ഇരിക്കണം. അവർ മൈക്കിൽ സംസാരിച്ച് തുടങ്ങണം. പക്ഷെ, സ്റ്റേജിൽ ആരൊക്കെ ഇരിക്കണം എന്ന തീരുമാനം എടുക്കുന്നത് മിക്കപ്പോഴും പുരുഷനേതാക്കൾ തന്നെയായിരിക്കും. അതുകൊണ്ട് ഒരു സ്ത്രീ എങ്കിലും ഇരിക്കാത്ത വേദിയിൽ പൂച്ചെണ്ട് കൊടുക്കാനും, പ്രാർഥന ചൊല്ലാനും, ഓഡിയൻസിൽ ഇരുന്ന് കയ്യടിക്കാനും ഞങ്ങൾ വരില്ല എന്ന് പെൺകുട്ടികൾ കൃത്യമായ നിലപാടെടുക്കണം. വേണമെങ്കിൽ ബാക്കിയുള്ളവർ ചേർന്ന് ഒരു ആൺകൂട്ട പരിപാടി നടത്തിക്കോട്ടെ. സ്ത്രീകളെ എത്ര ശ്രമിച്ചിട്ടും ക്ഷണിക്കാൻ കഴിയാത്ത പരിപാടിയായിപ്പോയെങ്കിൽ ആൺകുട്ടിയായ സ്റ്റുഡൻ്റ് യൂണിയൻ ചെയർമാനു പകരം പെൺകുട്ടിയായ വൈസ് ചെയർമാൻ കോളേജിൻ്റെ പ്രതിനിധിയായി വേദിയിലിരിക്കട്ടെ. ഇതിനെക്കുറിച്ച് മുരളി തുമ്മാരുകുടി എഴുതിയതും വായിക്കുക.

പെൺകുട്ടിക്ക് കോളേജ് അഡ്മിഷൻ കിട്ടിയാൽ വീട്ടുകാർ അടുത്ത ലക്ഷ്യമായി കാണുന്നത് വിവാഹമാണ്. ഒരു വ്യക്തിയുടെ ജീവിതത്തിൽ എന്തൊക്കെ കാരങ്ങൾ, എപ്പോഴൊക്കെ സംഭവിക്കണം എന്നതിന് സമൂഹം ഉണ്ടാക്കിത്തന്ന ഒരു ടൈംലൈൻ ഉണ്ട്. ഈ ടൈംലൈനിലെ ഒരു മൈൽകുറ്റിയിൽ എത്തിക്കഴിഞ്ഞാൽ വീട്ടുകാരും നാട്ടുകാരും അടുത്തതായി ചിന്തിക്കുന്നത് അടുത്ത മൈൽക്കുറ്റിയിലേക്ക് ഇയാളെ എപ്പോൾ, എങ്ങനെ എത്തിക്കാം എന്നാണ്. മെഡിക്കൽ വിദ്യാർത്ഥികളായ ആൺകുട്ടികളുടെ കാര്യത്തിൽ അടുത്ത മൈൽക്കുറ്റി പി.ജി ആണെങ്കിൽ, പെൺകുട്ടികളുടെ കാര്യത്തിൽ അത് വിവാഹമാണ്. എന്നും ‘കല്യാണം.. കല്യാണം’ എന്ന് കേട്ട് ശീലമായാൽ അത് നമ്മുടെ ചിന്താഗതിയെയും ബാധിക്കും. നമ്മൾ ഭാവിയിലെ കല്യാണത്തിനു വേണ്ടി ഇപ്പോഴേ മനസ്സിനെ പാകപ്പെടുത്തും. കോളേജ് ഇലക്ഷനിൽ മത്സരിച്ചാൽ വിവാഹമാർക്കറ്റിൽ വില ഇടിയുമോ? ഡെൽഹിയിൽ പി.ജിക്ക് പോയാൽ ഭാവിവരൻ്റെ കുടുംബത്തിന് ഇഷ്ടപ്പെടാതാകുമോ? സുഹൃത്തിനെ പ്രണയിച്ചത് വിവാഹത്തിൽ കലാശിച്ചില്ലെങ്കിൽ ഭാവിവരൻ ഉപേക്ഷിക്കുമോ? പൊതുപ്രവർത്തനത്തിൻ്റെ ഭാഗമായി ആരോഗ്യക്ലാസുകൾ എടുത്താൽ അഴിഞ്ഞാട്ടക്കാരിയാണെന്ന് ഭാവിഭർതൃകുടുംബം വിചാരിക്കുമോ?  എന്നീ നൂറു കൂട്ടം ചിന്തകൾ തലയിൽ തെളിയും. ഇത്തരം പേടികളെ ഊതി വീർപ്പിച്ച് തരാൻ “കല്യാണമായില്ലേ മോളേ” എന്ന് സ്നേഹപൂർവ്വം ചോദിക്കുന്ന ബന്ധുക്കളും, “അവൾ സ്മാർട്ടാണ് കെട്ടോ, സൂക്ഷിക്കണം” എന്ന് അടക്കം പറയുന്ന, സൗഹൃദം അഭിനയിക്കുന്ന കൂട്ടുകാരും ഉണ്ടാകും. സ്ഥാനാർത്ഥി ആയതുകൊണ്ടോ, പ്രണയിച്ചതുകൊണ്ടോ, ഡൽഹിയിൽ പോയതുകൊണ്ടോ വിവാഹം കഴിക്കാനാകാതെ പോയ ഒരു ഡോക്ടറെപ്പോലും ഞാൻ കണ്ടിട്ടില്ല. ഇനി ഇത്തരം ചീള് കാര്യങ്ങളൊക്കെ നോക്കി കല്യാണം കഴിക്കുന്ന ഭാവിവരന്മാരുണ്ടെങ്കിൽ അവരെ ആദ്യമേ അടുപ്പിക്കാതിരിക്കുന്നതാണ് നല്ലത്. ഇത്തരം ഭർത്താക്കന്മാർ ഭാവിയിൽ നിങ്ങളുടെ ഉയർച്ചയ്ക്ക് കടിഞ്ഞാണിടുകയും, പാട്രിയാർക്കൽ മൂല്യബോധം നിങ്ങളിൽ അടിച്ചേൽപ്പിക്കുകയും ചെയ്യും. ഇത്തരം പിന്തിരിപ്പന്മാരെ വിവാഹം ചെയ്യുന്നതിലും ഭേദം വിവാഹമേ കഴിക്കാത്തതായിരിക്കും. എൻ്റെ ഭർത്താവ് എന്നെ പരിചയപ്പെടുന്നതിനു മുൻപേ എന്നെ മനസിലാക്കിയത് ഈ ബ്ലോഗ് അടക്കമുള്ള എൻ്റെ എഴുത്തിലൂടെയായിരുന്നു. അതുകൊണ്ട്, നിങ്ങളുടെ നിലപാടുകൾ എഴുതാനും പറയാനും സങ്കോചിച്ച് നിൽക്കേണ്ട കാര്യമില്ല. നിലപാടുകൾ വ്യക്തമാക്കിയാൽ സമാന നിലപാടുള്ള ചെത്ത് പയ്യന്മാരെ കണ്ടുമുട്ടാൻ കൂടുതൽ അവസരങ്ങൾ ഉണ്ടായി വരികയും ചെയ്യും 🙂

ഇത്രയും വായിച്ചിട്ട് സ്ത്രീകളുടെ പ്രധാന ലക്ഷ്യം നല്ല വ്യക്തിയുമായുള്ള വിവാഹമാണ് എന്ന തോന്നൽ വരുന്നുണ്ടെങ്കിൽ ക്ഷമിക്കണം. ഒരിക്കലും അങ്ങനെയല്ല. പെൺകുട്ടികളെ വിവാഹത്തിലേക്ക് വലിച്ചഴിക്കാതെ അതും ഒരു ചോയ്സായി മാത്രം കാണുന്നതും, വിവാഹം കഴിക്കുകയാണെങ്കിൽ തന്നെ പങ്കാളിയെ സ്വതന്ത്രമായി തീരുമാനിക്കാൻ കഴിയുന്നതുമായ സാഹചര്യമാണ് എൻ്റെ സ്വപ്നം. വിവാഹം കഴിക്കാതെയും സന്തുഷ്ടമായി ജീവിക്കുന്ന എത്രയോ പേരെ എനിക്കറിയാം. മെഡിസിന് പഠിക്കുന്ന സമയത്ത് നല്ലൊരു ശതമാനം പെൺകുട്ടികളും വിവാഹത്തെക്കുറിച്ച് ആവശ്യമില്ലാതെ ബേജാറാവുന്നത് കണ്ടിട്ടുള്ളതുകൊണ്ടാണ് എനിക്ക് ഇത്രയും എഴുതേണ്ടി വരുന്നത്. ഇതിനെക്കുറിച്ച് കൂടുതലാരും എഴുതിക്കണ്ടിട്ടില്ലാത്തതുകൊണ്ട് ഇനിയും എഴുതാനാണ് പ്ലാൻ. 🙂 ഈ വിഷയത്തിൽ പെൺകുട്ടികളെ ഭാവിജീവിതത്തെക്കുറിച്ച് കൂടുതൽ ധൈര്യവതികളാക്കിത്തീർക്കേണ്ടതും, തങ്ങളുടെ ചോയ്സുകൾക്ക് വേണ്ടി ശബ്ദമുയർത്താൻ പ്രേരിപ്പിക്കേണ്ടതും കാലഘട്ടത്തിൻ്റെ ആവശ്യകതയാണ്.

ഇരട്ടത്താപ്പിന് ഒരു ഉദാഹരണം. കടപ്പാട്: xkcd, സി.സി-ബൈ-എസ്.എ

പല ആൺകുട്ടികളും ‘ആങ്ങള’ റോൾ ആണ് ക്ലാസ്മേറ്റ്സ് ആയ പെൺകുട്ടികളോട് എടുക്കുന്നത്. ക്ലാസ്മേറ്റിനെ സുരക്ഷിതമായി ഹോസ്റ്റലിൽ എത്തിക്കുന്ന ആങ്ങള, ക്ലാസ്മേറ്റിന് അസുഖമുണ്ടാകുമ്പോൾ മരുന്ന് എത്തിച്ചുകൊടുക്കുന്ന ആങ്ങള എന്നിങ്ങനെ. ഇതിൽ എന്താ പ്രശ്നം എന്ന് ചോദിച്ചാൽ ഒരു പ്രശ്നവുമില്ല എന്നാണ് ഉത്തരം. ഇവർ ചെയ്യുന്ന കാര്യങ്ങൾ മുഴുവനും കരുതലുള്ളതുകൊണ്ടാണ് ചെയ്യുന്നതെങ്കിലും, അത് ആങ്ങളയുടെ കരുതലാകുമ്പോളാണ് പ്രശ്നകരമാകുന്നത്. പെൺകുട്ടികൾ ദുർബലരായതുകൊണ്ട് അവരെ സംരക്ഷിക്കേണ്ടതുണ്ട് എന്ന മെസേജ് ആണ് അവിടെ ആൺകുട്ടികൾക്ക് കിട്ടുന്നത്. പക്ഷെ, പെൺകുട്ടികൾ നൈസർഗികമായി ദുർബലരല്ല എന്നും, അവർ പെണ്ണായിപ്പോയതിൻ്റെ പാരതന്ത്ര്യം ഉള്ളതുകൊണ്ട് ദൗർബല്യം അനുഭവിക്കുന്നതാണെന്നുമുള്ള മെസേജ് ആണ് ഇവർക്ക് ശരിക്കും കിട്ടേണ്ടത്. പെൺകുട്ടിയുടെ അവസ്ഥ മറ്റേത് വൈകല്യം പോലെയും ആണ്. കാഴ്ചയില്ലാത്ത കുട്ടിയെ കൈപിടിച്ച് നടത്തേണ്ടി വരുമല്ലോ. കാഴ്ചയില്ലാത്തതുകൊണ്ട് ഈ കുട്ടിക്ക് നോവൽ വായിക്കാനോ, ഫുട്ബോൾ കളിക്കാനോ, ഒറ്റയ്ക്ക് യാത്ര ചെയ്യാനോ ഒക്കെ ബുദ്ധിമുട്ടുള്ളതുകൊണ്ട് അവർ സമൂഹത്തിൽ പിന്തള്ളപ്പെട്ടു പോയേക്കാം. ഇവർക്ക് ചുറ്റുമുള്ള കാഴ്ചയുള്ളവരുടെ സഹായം വേണ്ടിവന്നേക്കാം. അതുപോലെ, ഒരു വ്യക്തി കേരളത്തിൽ പെൺകുട്ടിയായി ജനിച്ചതുകൊണ്ട് മാത്രം അവർക്ക് യാത്ര ചെയ്യാനും, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, മൂത്രശങ്ക വരുമ്പോൾ മൂത്രമൊഴിക്കാനും, പൊരിച്ച മീൻ കഴിക്കാനും മുതൽ ഓരോ കുഞ്ഞ് കുഞ്ഞ് കാര്യങ്ങളിൽ വരെ വിവേചനം അനുഭവിക്കുന്നുണ്ട്. ഈ വിവേചനം കൊണ്ടുണ്ടായ ‘സാമൂഹികമായ വൈകല്യം’ കാരണം ദുരിതം അനുഭവിക്കുന്നവരാണ് നമ്മുടെ പെൺകുട്ടികൾ. ഈ യാഥാർത്ഥ്യം മനസിലാക്കി, അവരെ സഹജീവികളായി കാണുകയും, അവരോടുള്ള വിവേചനങ്ങൾ കണ്ടറിഞ്ഞ് അതിനുള്ള പരിഹാരങ്ങൾ ഉണ്ടാക്കിക്കൊടുക്കുകയും ആണ് ചെയ്യേണ്ടത്. രാത്രി പെൺകുട്ടിയെ ഡ്രോപ്പ് ചെയ്യുമ്പോൾ ആങ്ങളയെന്നുള്ള കരുതലിൽ കവിഞ്ഞ്, പെൺകുട്ടികൾ അനുഭവിക്കുന്ന സ്വാതന്ത്ര്യമില്ലായ്മ ഇപ്രകാരത്തിലുള്ളതാണെന്ന് മനസിലാക്കുകയും, അതിനു മാറ്റങ്ങൾ വരുത്താൽ വേണ്ടി പ്രവർത്തിക്കുകയും ചെയ്യുകയാണ് വേണ്ടത്. ആങ്ങളയാകുന്നതിൻ്റെ മറ്റൊരു പ്രശ്നം എന്താണെന്നു വച്ചാൽ, ഒരിക്കൽ പെങ്ങളുമായി അടിയുണ്ടാക്കിയാൽ, “ഇന്ന് രാത്രി നീ ഒറ്റയ്ക്ക് ഹോസ്റ്റലിൽ പോകുന്നതൊന്ന് കാണണമല്ലോ” എന്നായിരിക്കും വെല്ലുവിളിക്കുന്നത്. കാഴ്ചയില്ലാത്ത സുഹൃത്തുമായി കലഹമുണ്ടാക്കിയശേഷം “ഇന്ന് താൻ ഒറ്റയ്ക്ക് റോഡ് ക്രോസ് ചെയ്ത് പൊയ്ക്കോ” എന്ന് ഒരിക്കലും പറയില്ലല്ലോ. ഒരു പെൺകുട്ടിയെ ഹോസ്റ്റലിൽ ഡ്രോപ്പ് ചെയ്യുമ്പോൾ നിങ്ങൾ അവർക്ക് സാമൂഹികപരമായുണ്ടായ വൈകല്യത്തിന് താൽക്കാലികമായ പരിഹാരം ചെയ്യുകയാണ്. അത് ചെയ്ത് കൊടുക്കേണ്ടത് ആങ്ങളയുടെ കരുതൽ കാരണമല്ല, സ്ത്രീകൾക്ക് സമൂഹം പരിമിതികൾ ഉണ്ടാക്കിവച്ചിട്ടുണ്ട് എന്ന അറിവിന്മേൽ സഹജീവിയോട് കാണിക്കേണ്ട ബാധ്യതയാണ്. ഹോസ്റ്റലിലേക്ക് കൂടെച്ചെല്ലൽ താൽക്കാലിക പരിഹാരം മാത്രമേ ആകുന്നുള്ളൂ. അതേസമയം, ഹോസ്റ്റലിലേക്കുള്ള റോഡിൽ സ്ട്രീറ്റ്ലൈറ്റ് കൊണ്ടുവരികയും, ചുറ്റുമുള്ള കാട് വെട്ടുകയും ചെയ്ത് ശാശ്വതമായ പരിഹാരവും ചെയ്യാവുന്നതാണ്. ശാശ്വതപരിഹാരങ്ങൾ ഉണ്ടായിവരണമെങ്കിൽ, ഈ പ്രശ്നത്തിൻ്റെ ആഴം മനസിലാക്കുന്നവർ അധികാരസ്ഥാനങ്ങളിൽ ഉണ്ടാകണം. ഇതുകൊണ്ടാണ് സ്ത്രീകൾ അധികാരസ്ഥാനങ്ങളിലേക്ക് മത്സരിക്കണമെന്ന് ഞാൻ ആവർത്തിച്ച് പറയുന്നത്. കൂടെ സതീഷ് എളയിടത്ത് എഴുതിയ ആങ്ങള എന്ന പോസ്റ്റും വായിക്കുക.

സ്ട്രീറ്റ്ലൈറ്റ് ഉദാഹരണം തന്നെ എടുക്കാം. ചില ആൺകുട്ടികൾക്ക് എപ്പോഴും ആങ്ങളയായി നടക്കുന്നതാണ് ഇഷ്ടം. ഇവർക്ക് പെൺകുട്ടികളുടെ കൂടെ നടക്കാനും, ഇടയ്ക്കിടയ്ക്ക് അവർക്ക് മുന്നിൽ ആളാകാനും അവസരം കിട്ടണമെങ്കിൽ സ്ട്രീറ്റ് ലൈറ്റ് വരാൻ പാടില്ല. ലൈറ്റ് വന്നാൽ പെൺകുട്ടികൾ ഇവരെ കൂസാതെ സ്വയം ഹോസ്റ്റലിലേക്ക് നടന്ന് പൊയ്ക്കൊള്ളും എന്നതു കൊണ്ടാണിത്. ലൈറ്റ് വരുന്നതോടു കൂടി ‘പെൺകുട്ടികളെ സംരക്ഷിക്കുന്ന കരുണാമയനായ ജ്യേഷ്ഠൻ’ എന്ന റോൾ ഏറ്റെടുക്കാൻ പറ്റാതെ വരും എന്ന് ഇവർക്കറിയാം. പക്ഷെ, പുരോഗമനം നടിക്കാൻ വേണ്ടി, സ്ട്രീറ്റ് ലൈറ്റ് വേണം എന്ന അഭിപ്രായമാണ് ഇവർ ജനസമക്ഷം പറയുക. എന്നാൽ ഉള്ളിൻ്റെയുള്ളിൽ സ്ട്രീറ്റ് ലൈറ്റ് വരരുതേ എന്ന് മുട്ടിപ്പായി പ്രാർത്ഥിക്കും. നമ്മുടെ കമ്പ്ലീറ്റ് ആക്ടറെപ്പോലെ. സ്ട്രീറ്റ് ലൈറ്റ് വിഷയം കോളേജിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്നായി മാറാതിരിക്കാൻ പിൻവാതിൽ ശ്രമങ്ങൾ ഒക്കെ നടത്തും. അതുകൊണ്ട് തന്നെ സ്ട്രീറ്റ് ലൈറ്റ് കൊണ്ടുവരാൻ നേതൃത്വം നൽകുന്ന ആൺസുഹൃത്തുക്കളാണ്, ഹോസ്റ്റലിൽ ഡ്രോപ്പ് ചെയ്യുന്ന ആൺസുഹൃത്തിനെക്കാൾ കൂടുതൽ ബഹുമാനം അർഹിക്കുന്നതെന്ന് മനസിലായല്ലോ. ഇവിടെ സ്ട്രീറ്റ് ലൈറ്റിൻ്റെ കാര്യം ഭാവാർത്ഥത്തിൽ പറഞ്ഞതാണ്. ഈ തത്വം മറ്റ് പ്രശ്നങ്ങളിലും ബാധകമാണ്. യഥാർത്ഥ സ്ത്രീപക്ഷത്ത് നിൽക്കുന്നവർ സ്ത്രീകളെ നിരന്തരമായി സഹായിക്കാനല്ല, മറിച്ച് സ്വതന്ത്രരാക്കാനാണ് ശ്രമിക്കുക എന്നത് മനസിലാക്കേണ്ടതാണ്.

ആണുങ്ങൾ അവരുടെ ജോലിയും പെണ്ണുങ്ങൾ അവരുടെ ജോലിയും ചെയ്തോട്ടെ, എന്തിനാണ് നിങ്ങൾ ആണുങ്ങളുടെ ജോലി ചെയ്യണമെന്ന് വാശി പിടിക്കുന്നത് എന്ന് പ്രൊഫസർമാർ വരെ പെൺകുട്ടികളോട് ചോദിച്ചിട്ടുള്ള ചോദ്യമാണ്. എനിക്ക് പറയാനുള്ളത് എല്ലാവരും അവർക്കിഷ്ടമുള്ള ജോലികൾ ചെയ്യുന്നതിന് ജെൻ്റർ ഒരു മാനദണ്ഡമാകേണ്ടതില്ല എന്നാണ്. മൈക്ക് കെട്ടുന്ന ജോലി ഒരു പെൺകുട്ടിക്ക് ഇഷ്ടമാണെങ്കിൽ അവർ അത് ചെയ്യട്ടെ. പായസമുണ്ടാക്കുന്ന ജോലി ഒരു ആൺകുട്ടിക്ക് ഇഷ്ടമാണെങ്കിൽ അതും അവർ ചെയ്യട്ടെ. ആണിൻ്റെ ജോലി ഇത്, പെണ്ണിൻ്റെ ജോലി ഇത് എന്ന് വേർതിരിച്ച് വയ്ക്കുന്ന പക്ഷം അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് പരിധി നിശ്ചയിക്കുകയാണ് ചെയ്യുന്നത്. ജനിക്കുമ്പോഴേ മൈക്ക് കെട്ടാനുള്ള സ്കില്ലുമായല്ല ഒരാണും ജനിക്കുന്നത്. പായസമുണ്ടാക്കുന്നത് ഒരു സ്ത്രീയുടെയും ജന്മവാസനയല്ല. അതുകൊണ്ട് നമ്മൾ സ്വയം ജെൻ്റർ റോളുകളിൽ തളയ്ക്കപ്പെട്ട് പോകരുത്. ലോകത്തുള്ള ജോലികളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ മനസിലാകുന്നത് പണവും, അധികാരവും, പ്രശസ്തിയും ഉള്ള ജോലികൾ ‘ആൺജോലികൾ’ ആയും, ഇതൊന്നുമില്ലാത്തവ ‘പെൺജോലികൾ’ ആയും തരംതിരിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. 1960-കളിൽ സോഫ്റ്റ്വേർ എഞ്ചിനീറിങ് ഒരു പെൺജോലിയായിരുന്നു. ലോകത്തിലെ ആദ്യത്തെ പ്രോഗ്രാമർ എഡാ ലൗലേസ് അടക്കം ഒരുപാട് സ്ത്രീകൾ പ്രോഗ്രാമിങ്ങിന് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ഈ മേഖലയിൽ കൂടുതൽ ജോലിസാധ്യതയും, അതോടു കൂടി പണവും, പദവിയും ഉണ്ടായതോടു കൂടി ഇത് പതിയെ ആൺജോലിയായി മാറി. തിരിച്ചും സംഭവിക്കാം. ടെലിഫോൺ ബൂത്ത് ഓപ്പറേറ്ററുടേത് ആദ്യം ആൺജോലിയും, പിന്നെ പെൺജോലിയും, പിന്നെ ജോലിയേ അല്ലാതെയും ആയി. എഞ്ചിനിയറിങ് പഠിച്ചാൽ പെട്ടെന്ന് പഠനം പൂർത്തിയാക്കി ജോലിക്ക് കയറാം എന്നതുകൊണ്ടും, വിദേശത്തേക്ക് പോകാനുള്ള സാധ്യത ഉള്ളതുകൊണ്ടും, നല്ല ശമ്പളം ലഭിക്കുന്നതുകൊണ്ടും ആൺകുട്ടികൾ മെഡിസിന് ചേരാൻ പണ്ടത്തത്ര താല്പര്യപ്പെടുന്നില്ല. പയ്യെപ്പയ്യെ ഡോക്ടർ എന്നത് ഒരു പെൺജോലിയായി മാറാനുള്ള സാദ്ധ്യതയുണ്ട്. അടുത്ത പത്ത് വർഷങ്ങൾക്കുള്ളിൽ ഒഫ്താല്മോളജി, ഇ.എൻ.ടി എന്നിവ ഏതാണ്ട് തീർത്തും പെൺജോലികളായി മാറാനാണ് സാദ്ധ്യത.

ചില ഒന്നാം വർഷ ആൺകുട്ടികളെ കണ്ടിട്ടുണ്ട്. ജില്ലയ്ക്ക് പുറത്തേക്ക് പോലും യാത്ര ചെയ്തിട്ടില്ലാത്തതുകൊണ്ടോ, പുരുഷാധിപത്യബോധം കൂടുതലുള്ള വീടുകളിൽ നിന്നും വരുന്നതുകൊണ്ടോ, പെൺകുട്ടികൾ ഇവർ പറയുന്നത് അനുസരിക്കണം എന്ന് വിചാരിക്കുന്നവരാണിവർ. കൂട്ടുകാരികളെ തട്ടമിടീക്കാനും, തട്ടമിട്ടവരെ മുഖമക്കന ഇടീക്കാനും, മുഖമക്കന ഇട്ടവരെ മതക്ലാസിനു കൊണ്ടുപോകാനും, മതക്ലാസിനു പോകുന്നവരെ അവരുടെ കൂട്ടുകാരെ മതക്ലാസിലേക്ക് റിക്രൂട്ട് ചെയ്യിക്കാനും ഒക്കെ വേണ്ടി അവർ നിങ്ങളോട് ആവശ്യപ്പെടും. ഇവർ പറയുന്നത് ഒരിക്കൽ അനുസരിച്ചാൽ, പുതിയ ആജ്ഞകൾ വന്നുകൊണ്ടിരിക്കും. ഒന്ന് രണ്ട് വർഷം മെഡിക്കൽ കോളേജിൽ പഠിച്ച് കഴിഞ്ഞാൽ ലോകം ഇവർക്ക് ചുറ്റുമല്ല കറങ്ങുന്നത് എന്ന് ഇവർക്ക് മനസിലായിക്കോളും. അതോടെ ഈ നിർബന്ധബുദ്ധി ഇല്ലാതായിക്കോളും. ഇത്തരക്കാരെ ആദ്യമേ അവഗണിക്കുന്നതാണ് നിങ്ങളുടെ സ്വൈര്യത്തിന് നല്ലത്.

കോളേജിൽ നമുക്കുള്ള ഇമേജ് എന്താണെന്നതിനെക്കുറിച്ച് വളരെ ശ്രദ്ധാലുക്കളാണ് നമ്മൾ. കോളേജിൽ ‘നല്ല പെൺകുട്ടി’ എന്ന ഒരു ഇമേജ് ഉണ്ട്. നന്നായി പഠിക്കുക, എല്ലാവരെയും സഹായിക്കുക, ചുരിദാറും സാരിയും മാത്രം ധരിക്കുക, എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുക, രാഷ്ട്രീയത്തിൽ കാര്യമായി ഇടപെടാതിരിക്കുക, പാട്ട് പാടുകയോ ഡാൻസ് കളിക്കുകയോ ചെയ്യുക, പൂക്കളമിടാനും നിലവിളക്ക് കത്തിക്കാനും (മാത്രം) നേതൃത്വം കൊടുക്കുക, ടെഡി ബിയറിനെ ഇഷ്ടപ്പെടുക, രോഗികളുടെ ദുരിതം കണ്ട് കണ്ണീർ തുടയ്ക്കുക, പത്രം വായിക്കാതിരിക്കുക, സഹപാഠികൾക്ക് വൈവയ്ക്ക് പഠിപ്പിച്ചു കൊടുക്കുക എന്നിങ്ങനെയുള്ളതാണ് ‘നല്ല പെൺകുട്ടി’ ഇമേജ്. തൊലിവെളുപ്പും, നീണ്ട മുടിയും, മിതമായ മതവിശ്വാസവുമുണ്ടെങ്കിൽ പൂർണ്ണമായി. ഈ ഇമേജ് ഉള്ള പെൺകുട്ടികളെ എല്ലാവരും ഇഷ്ടപ്പെടുകയും, ആൺകുട്ടികൾ അവരോട് അകമഴിഞ്ഞ് ‘ആങ്ങളത്വം’ കാണിക്കുകയും ചെയ്യും. അതേസമയം, ഈ വാർപ്പുമാതൃകകളിൽ നിന്ന് അല്പം പോലും വിട്ട് നടക്കുന്നവരെ ആർക്കും വലിയ ഇഷ്ടമില്ല. ഇത്തരക്കാർക്ക് ‘ജാഡ’, ‘അഹങ്കാരി’, ‘തന്നിഷ്ടക്കാരി’ എന്നീ ലേബലുകൾ കിട്ടും. ഈ ലേബലുകളെ പേടിച്ച് ജീവിക്കാൻ തുടങ്ങിയാൽ കോളേജ് കാലഘട്ടം മുഴുവനും ആങ്ങളമാർക്ക് വേണ്ടി ജീവിക്കേണ്ടി വരും. അഞ്ചാറ് കൊല്ലം കഴിഞ്ഞാൽ ഈ ലേബലിട്ടു തരുന്നവരൊക്കെ അവരവരുടെ വഴിക്ക് പോകും. അതുകൊണ്ട് ഇപ്പോൾ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ ആരെയും പേടിക്കേണ്ടതില്ല. ഇന്ത്യൻ നിയമസംഹിതയിൽ പൗരന്മാർക്ക് അനുവദിച്ചിട്ടുള്ളതെല്ലാം നിങ്ങൾ പെൺകുട്ടികൾക്ക് ഹലാലാണ്. 🙂

വേറൊരു പ്രതിഭാസവും കണ്ടിട്ടുണ്ട്. പ്രതിഭയുള്ള പെൺകുട്ടികളെ ആദ്യം അവഗണിക്കുകയും, പിന്നീട് കുറ്റപ്പെടുത്തുകയും, ശേഷം കളിയാക്കുകയും (അല്ലെങ്കിൽ ആക്രമിക്കുകയും), അവസാനം ഗത്യന്തരമില്ലാതെ അംഗീകരിക്കുകയും ആണ് പാട്രിയാർക്കി ചെയ്യുക. പാട്രിയാർക്കിയെ പൊരുതിത്തോൽപ്പിക്കണമെങ്കിൽ സ്ത്രീകൾക്ക് എല്ലാ സ്റ്റേജിലൂടെയും കടന്നു പോകേണ്ടി വന്നേക്കാം. സാങ്കൽപ്പിക ഉദാഹരണം പറയാം. നിങ്ങൾക്ക് നീന്തലിൽ പ്രാഗൽഭ്യം നേടണമെന്നുണ്ട്. നിങ്ങൾക്ക് നീന്താൻ താല്പര്യമുണ്ട് എന്ന് യൂണിയൻ മുതൽ ഡീൻ വരെയുള്ളവരോട് പറഞ്ഞാൽ അവർ അതിനുള്ള സൗകര്യങ്ങൾ ഒന്നും ഒരുക്കിത്തരാൻ പോകില്ല. അവർ നിങ്ങളെ അവഗണിക്കുകയേ ഉള്ളൂ. എന്തിനാണ് പെൺകുട്ടികൾ നീന്തുന്നതെന്നായിരിക്കും ഇവർ ആലോചിക്കുന്നത്. അതേസമയം, അമേരിക്കയിലെ ‘വിമൻ സ്വിം മൂവ്മെൻ്റി’നെ സപ്പോർട്ട് ചെയ്ത് ഇവർ ഫേസ്ബുക്കിൽ പോസ്റ്റിടും. അമേരിക്കയിലെ സിനിമാനടിമാർ ചെയ്യുന്നത് സ്ത്രീവിമോചനം, പക്ഷെ നാട്ടിലെ പെണ്ണൊരുത്തി അതേ കാര്യം ചെയ്താൽ അത് അധികപ്രസംഗം എന്നതാണ് ഇവരുടെ ലൈൻ. ഇതൊന്നും വകവയ്ക്കാതെ നിങ്ങൾ നീന്തി പരിശീലിച്ച് തുടങ്ങിയെന്നിരിക്കട്ടെ. അപ്പോൾ അനാവശ്യമായ ഹോബികൾ ഒക്കെ കൊണ്ടു നടക്കുന്നതിന് എല്ലാവരും നിങ്ങളെ കുറ്റപ്പെടുത്തുകയും പേടിപ്പിക്കുകയും ചെയ്യും. പണ്ട് നീന്താൻ ഒരുമ്പെട്ട ഒരു സീനിയർ വെള്ളത്തിൽ മുങ്ങി മരിച്ചുപോയ കഥയും, നീന്തലുകാരെ പ്രൊഫസർ പരീക്ഷയിൽ തോൽപ്പിക്കാറുള്ള കഥയും ഒക്കെ പലരും നിങ്ങൾക്ക് പറഞ്ഞു തരും. ഒരുമാതിരിപ്പെട്ടവരൊക്കെ ഈ സ്റ്റേജിൽ തന്നെ നീന്തൽ നിർത്തും. ഇതും അതിജീവിച്ച് വീണ്ടും നിങ്ങൾ നീന്തൽ പരിശീലിച്ചുകൊണ്ടിരിക്കുകയാണെന്നിരിക്കട്ടെ. അടുത്തതായി വരുന്നത് കളിയാക്കലും പരിഹാസവുമാണ്. സ്വിം സ്യൂട്ട് ധരിക്കാൻ വേണ്ടിയാണ് നിങ്ങൾ നീന്തുന്നതെന്നും, നീന്തലിനിടയിൽ നിങ്ങൾ അനാശ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും കമ്പിക്കഥകൾ പരക്കും. ചിലപ്പോൾ തീവ്ര ഷോവനിസ്റ്റുകൾ നിങ്ങളുടെ സ്വിമ്മിങ് പൂളിൽ മഷി കലക്കിയെന്നിരിക്കും. ഇവിടെയും തകർന്നില്ലെങ്കിൽ നിങ്ങൾ ഏതാണ്ട് ജയിച്ചു. നിങ്ങളെ പയ്യെപ്പയ്യെ അംഗീകരിക്കാൻ സമൂഹം നിർബന്ധിതരാകും. അവസാനം നിങ്ങൾ നീന്തൽ മത്സരത്തിൽ മെഡൽ വാങ്ങുമ്പോൾ ആദ്യം അവഗണിച്ച യൂണിയൻ മുതൽ ഡീൻ വരെയുള്ളവർ നിങ്ങളെ അഭിനന്ദിക്കാൻ വരും. പ്രതിസന്ധികൾ തരണം ചെയ്തും നീന്തിയതിന് നിങ്ങൾക്ക് പുരസ്കാരം തരും. ഈ പ്രതിസന്ധികൾ ഉണ്ടാക്കി വച്ചത് പുരസ്കാരം തന്നവരടക്കം ഉള്ള സമൂഹമാണെന്ന് അപ്പോൾ ആരും ഓർക്കില്ല. അതുകൊണ്ട് എനിക്ക് പറയാനുള്ളത്, തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പൊരുതുന്ന ഒരു സ്ത്രീയെ, അത് എത്ര ചെറിയ അവകാശമായാലും കൂടി, അവരെ അവഗണിക്കുകയോ, കുറ്റപ്പെടുത്തുകയോ, കളിയാക്കുകയോ ചെയ്യാതെ കൂടെ നിൽക്കണം എന്നാണ്. എത്ര വൈകിയാണെങ്കിലും ഭാവിയിൽ അവരായിരുന്നു ശരി എന്നത് സമൂഹം അംഗീകരിക്കും. ഇന്ന് കിട്ടുന്ന കുലസ്ത്രീ പട്ടത്തിനു വേണ്ടി, നാളെ ലഭിക്കാൻ പോകുന്ന അവകാശങ്ങളും അവസരങ്ങളും വേണ്ടന്ന് വയ്ക്കരുത്.

പഠിക്കുന്ന കാലത്ത് ഞാൻ വർഷത്തിൽ രണ്ടോ മൂന്നോ തവണ വിദേശരാജ്യങ്ങളിലേക്ക് പോകുമായിരുന്നു. അതുകൊണ്ട് ഞാനും മുകളിൽ പറഞ്ഞ എല്ലാ സ്റ്റേജുകളിലൂടെയും കടന്ന് പോയിട്ടുണ്ട്. ഗോസിപ്പുകൾ ഇറക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും ഇത് ഒഴിവുസമയ വിനോദം മാത്രമാണ്. അന്ന് എൻ്റെ പേരിൽ ഇറങ്ങിയിരുന്ന കമ്പിക്കഥകൾ കേട്ട് യാത്ര നിർത്തിയിരുന്നെങ്കിൽ നഷ്ടം എനിക്ക് മാത്രമായിരുന്നേനെ. പല മേഖലകളിലും പ്രതിഭയുള്ള പെൺകുട്ടികൾ കോളേജിൽ ചേരുന്നതോടുകൂടി പഠനത്തിൽ മാത്രം ഒതുങ്ങിപ്പോയതായും അറിയാം.

തുല്യതയ്ക്ക് വേണ്ടി സംസാരിക്കുമ്പോൾ, “ആണും പെണ്ണും ഒരുപോലെയാണെന്ന് കരുതുന്നുണ്ടോ?” എന്ന ക്ലീഷേ ചോദ്യം മെഡിക്കൽ വിദ്യാർത്ഥികൾ ഇപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇതിന് മറുപടി പറഞ്ഞ് മടുത്തു. ഇവർക്ക് ‘ആൺബുദ്ധി പെൺബുദ്ധി’ എന്ന ഡോ. കെ. പി അരവിന്ദൻ്റെ പ്രസംഗത്തിൻ്റെ ലിങ്ക് അയച്ചു കൊടുക്കുക.

(തുടരും)

* ജെ. ദേവികയുടെ “കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടാകുന്നതെങ്ങനെ?” എന്ന ദ്വന്ദ്വത്തിൽ നിന്നും കടമെടുത്ത ആശയം. മുഴുവൻ പുസ്തകം വിക്കിഗ്രന്ഥശാലയിൽ ഇവിടെ വായിക്കാം.

** കൃത്യനിർവ്വഹണത്തിനിടെ നിപ്പ ബാധയേറ്റ് മരണമടഞ്ഞ നേഴ്സ് ലിനിയെയും ബഹുമാനപൂർവ്വം സ്മരിക്കുന്നു. (ഇത് ശ്രദ്ധയിൽ പെടുത്തിയതിന് സ്റ്റീഫൻ ജോസിന് നന്ദി)

ഈ സീരീസിലെ മറ്റു പോസ്റ്റുകൾ:

1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?

2. ഏത് വിഷയത്തിൽ പി.ജി എടുക്കണം?

3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്?

4. ഡോക്ടർ ചിന്തിക്കുന്നത് എങ്ങനെയാണ്?

5. വ്യാജഡോക്ടർമാർ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?

6. ഡോക്ടർമാർക്ക് ചില വ്യത്യസ്ത ജോലിസാധ്യതകൾ

7. ആരെയാണ് ശരിക്കും സൂക്ഷിക്കേണ്ടത്?

8. ഫയാസിനു ബ്ലഡ് കൊടുക്കണോ ഡോക്ടർ? 

9. ഇന്ന് തലവേദനയാണ് ചേട്ടാ!

10. ഐ.സി.യു വിൽ പ്രവേശിപ്പിച്ചതുകൊണ്ടാണോ മരിച്ചു പോകുന്നത്?