അവയവദാനത്തിൽ കേരളം പുറകോട്ട്

മൃതസംജീവിനി കേരളത്തിലെ അവയവദാനങ്ങളുടെ കണക്കുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നു. 2016-ൽ നിന്നും 2017-ലേക്ക് കടക്കുമ്പോൾ അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണത്തിൽ വൻ ഇടിവണുണ്ടായിരിക്കുന്നത്. മൃതസൊജീവിനി വെബ്സൈറ്റിൽ നിന്നുമുള്ള ഡേറ്റ കടമെടുത്താണ് താഴെയുള്ള ഗ്രാഫ് വരച്ചിരിക്കുന്നത്.

Kerala Organ Donor data
ചിത്രം വ്യക്തമായി കാണുവാൻ ‘Open image in a new tab’ എന്ന ഒപ്ഷൻ ബ്രൗസറിൽ എടുക്കുക. ഡേറ്റയ്ക്ക് കടപ്പാട് : മൃതസഞ്ജീവിനി.

മതമില്ലാത്ത ജീവൻ ഏത് സ്കൂളിലാണ് പഠിക്കുന്നത്?

ജാതിയും മതവും സ്കൂൾ രേഖകളിൽ രേഖപ്പെടുത്താത്ത കുട്ടികളുടെ കണക്കുക്കൾ കേരള സർക്കാർ പുറത്തുവിട്ടു. ഈ ഡാറ്റ സർക്കാറിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാം. ഈ ഫയൽ പി.ഡി.എഫ് ആയിട്ടാണ് ഉള്ളത്, അതിൽ ഹയർ സെക്കന്ററിയുടെ കണക്കുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്തതാണെന്ന് തോന്നുന്നു. ഈ ഡേറ്റയെ സ്പ്രഡ്ഷീറ്റിലേക്ക് മാറ്റിയാലേ അനലൈസ് ചെയ്യാൻ പറ്റുകയുള്ളൂ. ഹയർ സെക്കന്ററി ഡേറ്റയ്ക്ക് വ്യക്തത കുറവായതുകൊണ്ട് ഒന്നു മുതൽ പത്ത് വരെ പഠിക്കുന്ന ജാതി-മതം രേഖപ്പെടുത്താത്ത കുട്ടികളുടെ ഡേറ്റ മാത്രമേ സ്പ്രെഡ്ഷീറ്റിലേക്കു മാറ്റി, അനാലിസിസിൽ ഉൾപ്പെടുത്താൽ സാധിച്ചുള്ളൂ.

കേരളത്തിലെ 9209 കേരള സിലബസ് സ്കൂളുകളിൽ നിന്നുമുള്ള ഡേറ്റയാണ് ലഭ്യമായിട്ടുള്ളത്. ആകെ 123,630 കുട്ടികളാണ് ജാതി-മതം കോളം രേഖപ്പെടുത്താതായി ഉള്ളത്. അതിൽ 40,057 (32.4 ശതമാനം) പേരും പഠിക്കുന്നത് 200 സ്കൂളുകളിലായാണ്. ജാതി-മതം രേഖപ്പെടുത്താത്ത 100 കുട്ടികളെങ്കിലും ഉള്ള സ്കൂളുകൾ ഈ 200 എണ്ണം മാത്രമാണ്. ബാക്കിയുള്ള 9009 സ്കൂളുകളിലും 100-ൽ താഴെ കുട്ടികൾ മാത്രമേ ജാതി-മതം രേഖപ്പെടുത്താതിരുന്നിട്ടുള്ളൂ.

ഈ ഡേറ്റ കണ്ടപ്പോൾ എനിക്ക് കൗതുകം തോന്നി. ചില സ്കൂളുകളിലെ കുട്ടികൾ കൂടുതലായി മതം ഉപേക്ഷിക്കാൻ താല്പര്യപ്പെടുന്നു. ജാതിമതരഹിതരായ കുട്ടികളുടെ എണ്ണത്തിൽ ഒന്നാമത് നിൽക്കുന്നത് കണ്ണൂർ സീനിയർ സെക്കന്ററി സ്കൂൾ ആണ് – 1079 പേർ. തുറയ്ക്കൽ അൽ-ഹിദായത്ത് സ്കൂൾ 1011 കുട്ടികളുമായി തൊട്ടു പിറകിലുണ്ട്. എന്തുകൊണ്ടാണ് ചില സ്കൂളുകളിൽ മാത്രം കുട്ടികൾ കൂടുതലായി മതം ഉപേക്ഷിക്കുന്നത്? എന്റെ ചെറിയ ബുദ്ധിയിൽ തെളിഞ്ഞ ചില കാരണങ്ങൾ പറയാം:

1. ഈ സ്കൂളുകൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിൽ ജാതി-മത ചിന്ത കുറഞ്ഞവർ തിങ്ങിപ്പാർക്കുന്നുണ്ട്.

2. ഈ സ്കൂളുകളിലെ സെക്യുലാർ വിദ്യാഭ്യാസം കാരണം കൂടുതൽ കുട്ടികളൂം അവരുടെ രക്ഷകർത്താക്കളും ജാതി-മതത്തിന് അതീതമായി ചിന്തിക്കുന്നു.

3. ഈ സ്കൂളുകൾ കൃത്യമായ ജാതി-മത കണക്കുകൾ വയ്ക്കുന്നില്ല.

ഇതിൽ ആദ്യത്തെ ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കുവാൻ അത്ര ബുദ്ധിമുട്ടില്ല. ഈ സ്കൂളുകൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളെ മാപ്പിൽ അടയാളപ്പെടുത്തിയാൽ മതി. ഏതെങ്കിലും ഏരിയകളിൽ ഇത്തരം സ്കൂളുകൾ കൂടുതലായി ഉണ്ടെങ്കിൽ അവിടെ ജീവിക്കുന്ന ആളുകൾ ജാതി-മത പരിഗണനകൾ കുറഞ്ഞവരാണെന്ന് കാണാം. അതേസമയം, ഒറ്റപ്പെട്ട ഒരു സ്കൂളിൽ മാത്രം ജാതി രേഖപ്പെടുത്താത്ത കുട്ടികൾ പഠിക്കുന്നുണ്ടെങ്കിൽ അതിനു കാരണം (2), (3) എന്നിവയിൽ ഏതെങ്കിലും ആവാം. ഈ കാര്യത്തിൽ വ്യക്തത വരുത്താനായി ഞാൻ ഈ 200 സ്കൂളുകളുടെ ലൊക്കേഷൻ ഗൂഗിൾ മാപ്പിൽ ലെയർ ചെയ്തു. സ്കൂളുകളുടെ കോർഡിനേറ്റുകൾ കണ്ടെത്താനായി ജി.പി.എസ് വിഷ്വലൈസർ ഉപയോഗിച്ചു. ഏതാണ്ട് പകുതിയോളം സ്കൂളുകളുടെ ലൊക്കേഷൻ സ്കൂളിന്റെ പേരു മാത്രം ഉപയോഗിച്ചുകൊണ്ട് കണ്ടെത്താനായില്ല. ഡേറ്റയിലെ സ്കൂളുകളുടെ പേരുകളിൽ സ്ഥലപ്പേര് കൃത്യമായി കൊടുക്കാത്തതായിരിക്കാം കാരണമെന്ന് തോന്നുന്നു. അതുകൊണ്ട് ബാക്കിയുള്ള സ്കൂളുകൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളുടെ പേര് മാന്വലായി ഗൂഗിൾ മാപ്പിൽ നോക്കി കണ്ടുപിടിക്കുകയാണ് ചെയ്തത്. ഈ ഡേറ്റ ഉൾക്കൊള്ളുന്ന സ്പ്രെഡ്ഷീറ്റ് ഇവിടെ കാണാം. താഴെ കൊടുത്ത മാപ്പിൽ സ്കൂളുകളുടെ ലൊക്കേഷനും, അവിടെ പഠിക്കുന്ന ജാതി-മതരഹിതരായ കുട്ടികളുടെ എണ്ണവും കാണാം. നൂറ് കുട്ടികളെങ്കിലും ജാതി-മത രഹിതരായി രേഖപ്പെടുത്തിയ സ്കൂളുകൾ മാത്രമേ മാപ്പിൽ കാണിക്കുന്നുള്ളൂ എന്ന് ഓർക്കുമല്ലോ.

 

 

മാപ്പിലെ ഓരോ പിന്നും ലേബൽ ചെയ്തിരിക്കുന്നത് റാങ്കാണ്. കണ്ണൂർ സീനിയർ സെക്കന്ററി സ്കൂളിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ ഉള്ളതെന്നതുകൊണ്ട് ഒന്നാം റാങ്ക് കൊടുത്തിരിക്കുന്നു. ഹിദായത്ത് സ്കൂളിന് രണ്ടാം റാങ്ക് എന്നിങ്ങനെ. കോഴിക്കോട്-മലപ്പുറം ഭാഗത്താണ് കൂടുതൽ സ്കൂളുകൾ ഉള്ളതെന്ന് കാണാം. ഇതിനു കാരണം ഈ ഭാഗങ്ങളിൽ ജനസാന്ദ്രത കൂടുതലായതിനാൽ ആകെ സ്കൂളൂകൾ കൂടുതലുള്ളതുകൊണ്ടാണോ, അതോ ഇവിടത്തുകാർ മാത്രം ജാതി-മത രഹിതരായതുകൊണ്ടാണോ എന്നത് അറിയില്ല.

ഡേറ്റയിൽ എന്തെങ്കിലും തെറ്റുകൾ കണ്ടെത്തുകയാണെങ്കിൽ കമന്റ് ഇടുക. കഴിയുന്നത്ര വേഗം തെറ്റുകൾ തിരുത്താൻ ശ്രമിക്കുന്നതായിരിക്കും.