സ്വീഡനിൽ പി.എച്ച്.ഡി പ്രവേശനം

എം.ബി.ബി.എസ് കഴിഞ്ഞ ഉടനെത്തന്നെ എങ്ങനെ പി.എച്ച്.ഡി പ്രവേശനം സാധ്യമായി എന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. അവർക്കുള്ള ഉത്തരമാണ് ഈ പോസ്റ്റ്. ഇനി ഭാവിയിൽ ആരെങ്കിലും ഇതേ ചോദ്യവുമായി വന്നാൽ അവർക്ക് ഉത്തരമായി ഈ പോസ്റ്റിന്റെ ലിങ്ക് അയച്ചു കൊടുത്താൽ മതിയല്ലോ എന്ന സൗകര്യം കൂടിയുണ്ട്. 

ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് എം.ബി.ബി.എസ് പാസായത്. കോളേജ് പഠനകാലം മുതലേ ഗവേഷണത്തിൽ താല്പര്യമുണ്ടായിരുന്നു. ഐ.സി.എം.ആർ നടത്തുന്ന എസ്.ടി.എസ് പ്രോഗ്രാമിൽ എന്റെ അബ്സ്ട്രാക്റ്റ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു (എന്നാൽ, പ്രൊജക്ട് മുഴുവനാക്കിയിരുന്നില്ല). ഗവേഷണത്തിൽ താല്പര്യമുള്ള എല്ലാ മെഡിക്കൽ വിദ്യാർത്ഥികളും പങ്കെടുത്തിരിക്കേണ്ട സ്റ്റുഡന്റ്ഷിപ്പാണ് ഐ.സി.എം.ആറിന്റേത്. ഇതിൽ നിന്നും ലഭിക്കുന്ന ഗവേഷണപരിചയം ഭാവിയിൽ മുതൽക്കൂട്ടാകും. എനിക്ക് എം.ബി.ബി.എസിനു ശേഷം കമ്യൂണിറ്റി മെഡിസിനിൽ പി.ജി ചെയ്യാനായിരുന്നു ആഗ്രഹം. ശേഷം പൊതുജനാരോഗ്യത്തിൽ ഗവേഷണവും അധ്യാപകവൃത്തിയുമായി കഴിഞ്ഞു കൂടാനായിരുന്നു താല്പര്യം. പി.എച്ച്.ഡിയെ കുറിച്ച് ചിന്തിച്ചിരുന്നതേ ഇല്ല.

എന്നാൽ Anver Hisham നെ പരിചയപ്പെട്ടതാണ് കരിയറിലെ (ജീവിതത്തിലെയും) വഴിത്തിരിവായത്. അൻവർ യൂറോപ്പിലെ സ്വീഡനിൽ പി.എച്ച്.ഡി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. എന്തുകൊണ്ട് എനിക്കും ഒരു വിദേശസർവ്വകലാശാലയിൽ നിന്നും പി.എച്ച്.ഡി എടുത്തുകൂടാ എന്നായിരുന്നു പിന്നീട് എന്റെ ചിന്ത. പല രാജ്യങ്ങളിലും ബിരുദാനന്തരബിരുദമില്ലാതെ പി.എച്ച്.ഡി ചെയ്യാൻ അവസരമില്ല. എന്നാൽ സ്വീഡനിൽ നാലര വർഷം കോളേജ് വിദ്യാഭ്യാസം ഉള്ളവർക്ക് പി.എച്ച്.ഡി ചെയ്യാനുള്ള യോഗ്യത ഉണ്ടെന്ന് ഞാൻ മനസിലാക്കി. അൻവറിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ, അദ്ദേഹത്തോടൊപ്പം സ്വീഡനിൽത്തന്നെ പി.എച്ച്.ഡി ചെയ്യാനുള്ള വിവരങ്ങൾ അന്വേഷിച്ചു കണ്ടെത്തി. അങ്ങനെ ഗോഥൻബർഗ് യൂണിവേഴ്സിറ്റിയിൽ വൈദ്യശാസ്ത്ര സംബന്ധിയായ പി.എച്ച്.ഡി വിഷയങ്ങൾക്ക് അപേക്ഷിച്ചു . ബിരുദാനന്തര ബിരുദമുള്ളവരും എന്നെപ്പോലെ പി.എച്ച്.ഡിക്ക് അപേക്ഷിക്കുമെന്നതിനാൽ വളരെ കടുപ്പമേറിയ മത്സരം നേരിടേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. ഡോക്ടറായി ജോലി ചെയ്യുമ്പോൾ ലഭിക്കുന്നതിന് തുല്യമായ ശമ്പളം പി.എച്ച്.ഡി വിദ്യാർത്ഥികൾക്ക് ലഭിക്കുമെന്നതുകൊണ്ട് സ്വീഡനിൽ നിന്നും, വിദേശങ്ങളിൽ നിന്നും ധാരാളം പേർ അപേക്ഷിക്കും.

പി.എച്ച്.ഡിക്ക് അപേക്ഷിക്കുന്നത് അതാത് യൂണിവേഴ്സിറ്റികളുടെ വെബ്സൈറ്റിൽ തന്നെയാണ്. അപേക്ഷാ ഫീ ഇല്ല. ഡിഗ്രി കാലത്തെ വൈദ്യവിദ്യാഭ്യാസം ഇംഗ്ലിഷിലായതുകൊണ്ട് TOEFL പോലുള്ള ഇംഗ്ലിഷ് പ്രാവീണ്യ പരീക്ഷകളൊന്നും എഴുതേണ്ടിവന്നില്ല. മാർക്ക് ലിസ്റ്റുകളോടൊപ്പം സി.വിയും, ലെറ്റർ ഓഫ് മോട്ടിവേഷനും കൂടി തയ്യാറാക്കി അപ്ലോഡ് ചെയ്യണം. പ്രൊഫസമാർ അപ്ലിക്കേഷൻ വായിച്ച ശേഷം മികച്ച നാലോ അഞ്ചോ പേരെ ഇന്റർവ്യൂവിനു ക്ഷണിക്കും. രണ്ട് റൗണ്ട് ഇന്റർവ്യൂകൾക്കു ശേഷം ഇതിൽനിന്ന് ഒരാളെ പി.എച്ച്.ഡിക്ക് തിരഞ്ഞെടുക്കുക എന്നതാണ് എന്റെ ഡിപ്പാർട്ട്മെന്റിലെ രീതി.

പി.എച്ച്.ഡി മോഹം സഫലമായില്ലെങ്കിൽ സ്വീഡനിൽ നിന്നും പബ്ലിക്ക് ഹെൽത്തിൽ മാസ്റ്റേഴ്സ് ചെയ്ത ശേഷം വീണ്ടും പി.എച്ച്.ഡിക്ക് അപേക്ഷിക്കാനായിരുന്നു പ്ലാൻ. അതുകൊണ്ടുതന്നെ, മാസ്റ്റേഴ്സ് കോഴ്സിനും (പബ്ലിക്ക് ഹെൽത്ത്) അപ്ലൈ ചെയ്തിട്ടിരുന്നു. അങ്ങനെയിരിക്കെ, ക്ലിനിക്കൽ ന്യൂറോളജി വിഭാഗത്തിലെ പ്രൊഫസർ എന്നെ ഇന്റർവ്യൂവിനു ക്ഷണിച്ചു. അപ്പോഴേക്കും അൻവറിനെ ഞാൻ വിവാഹം കഴിച്ചിരുന്നു. സി.വി.യും ലെറ്റർ ഓഫ് മോട്ടിവേഷനുമൊക്കെ പ്രൊഫസർമാർ നേരത്തേ വായിച്ചിട്ടുണ്ടാകും. അതുകൊണ്ടുതന്നെ, ഇന്റർവ്യൂവിൽ പ്രധാനമായും അഭിരുചിയും, സാമൂഹികശേഷിയുമൊക്കെ അളക്കുന്ന രീതിയിലുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. ഇന്റർവ്യൂ കഴിഞ്ഞ പിറ്റേ ആഴ്ച തന്നെ നാലു വർഷത്തെ പി.എച്ച്.ഡിക്കായി എന്നെ തിരഞ്ഞെടുത്ത വിവരവും പ്രൊഫസർ അറിയിച്ചു. എൻ്റെ ഗവേഷണവിഷയത്തെക്കുറിച്ച് ഇവിടെ വായിക്കാം.

2017 ജനവരിയിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണിത്.